കടലാസ്സു നക്ഷത്രം

>> Monday, December 17, 2007

മഞ്ഞും, കുളിരും, തണുപ്പും, പ്രഭതൂകുന്ന നക്ഷത്രവിളക്കുകളും, പുല്‍ക്കൂടും അതില്‍ കിടക്കുന്ന ലാളിത്യത്തിന്റെ പ്രതിരൂപമായ ഉണ്ണിയേശുവും, മാലാഖമാരും, ആട്ടിടയന്മാരുമൊക്കെ നമ്മുടെ മനസ്സിലേക്ക്‌ വീണ്ടുംവിരുന്നിനെത്തുന്ന ക്രിസ്മസ്‌ ഒരിക്കല്‍ക്കൂടി സമാഗതമായിരിക്കുന്നു. ഡിസംബര്‍മാസം ഇപ്രകാരം മനസ്സിനേകുന്ന കുളിരുതന്നെയാവാം, അതിനെ എനിക്കേറ്റവും പ്രിയപ്പെട്ടമാസമാക്കിമാറ്റിയത്‌. പണ്ട്‌ നാട്ടിലെ ഒരു കൊച്ചുഗ്രാമത്തില്‍, വീടിനുമുമ്പിലെ മരക്കൊമ്പില്‍ തൂക്കിയ ഒരു ചുവന്ന നക്ഷത്രവിളക്കിനുതാഴെ ആ കുളിര്‍കാറ്റുമേറ്റ്‌, അകലെയെങ്ങോ കേള്‍ക്കുന്ന കരോള്‍പാട്ടുകാരുടെ ഗാനങ്ങള്‍ക്കു കാതോര്‍ത്ത്‌ ക്രിസ്മസ്‌ ചിന്തകളുമായി നില്‍ക്കുന്ന കൊച്ചുപയ്യന്റെ ആ "ഫീല്‍" നല്‍കാന്‍ ഇന്ന് ഏറ്റവും വാണിജ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഒരു ആധുനികനഗരത്തിലെ ക്രിസ്മസിന്‌ ആവുന്നില്ലെങ്കില്‍ക്കൂടി, ഈ മാസം ഇന്നും എനിക്കു പ്രിയപ്പെട്ടതുതന്നെ.


അന്നൊക്കെ (പത്തുമുപ്പതു വര്‍ഷം മുമ്പ്‌) കേരളത്തിലെ കാലാവസ്ഥയില്‍, നവംബര്‍മാസം ആകുന്നതോടുകൂടി ആകാശം തെളിഞ്ഞ്‌ മേഘങ്ങളൊന്നുമില്ലാതെ വളരെ നിര്‍മ്മലമായി കാണപ്പെട്ടിരുന്നു. രാവിലെതന്നെ ഇളംതണുപ്പും. അതോടെ ഡിസംബറിനേയും ക്രിസ്മസിനേയും വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകളായി. വീടുകളില്‍ വൈദ്യുതി എത്തുന്നതിനുമുമ്പ്‌ ഈറകൊണ്ട്‌ ഒരു നക്ഷത്രത്തിന്റെ ചട്ടക്കൂട്‌ ഉണ്ടാക്കി അതില്‍ വര്‍ണ്ണക്കടലാസുകള്‍ ഒട്ടിച്ചായിരുന്നു ക്രിസ്മസ്‌ നക്ഷത്രങ്ങള്‍ ഉണ്ടാക്കിയിരുന്നത്‌. ഈ നക്ഷത്രത്തിനുള്ളില്‍ ഒരു ചിരട്ടയില്‍ മെഴുകുതിരി ഒട്ടിച്ചു നിര്‍ത്തിയാണ്‌ രാത്രിയില്‍ നക്ഷത്രം പ്രകാശിപ്പിക്കുക. വീടിനു പരിസരത്തുള്ള കുട്ടികളില്‍ മുതിര്‍ന്നത്‌ ഞാനായിരുന്നതിനാല്‍, ഈ നക്ഷത്രമൊട്ടിക്കല്‍ പരിപാടിയുടെ ചുമതല പലപ്പോഴും എനിക്കായിരുന്നു കിട്ടിയിരുന്നത്‌.

അതൊരു ചടങ്ങായിരുന്നു. അല്‍വീട്ടിലെ കുട്ടികളൊക്കെ പലകളറുകളിലുള്ള വര്‍ണ്ണക്കടലാസ്സുകളും, കഴിഞ്ഞവര്‍ഷത്തെ നക്ഷത്രത്തിന്റെ ചട്ടക്കൂടുമായി വരും. ഒരു ചെറിയ നക്ഷത്രത്തിന്‌ നാലുഷീറ്റ്‌ വര്‍ണ്ണപ്പേപ്പറായിരുന്നു വേണ്ടത്‌. അത്‌ നാലുകളറില്‍ത്തന്നെ കുട്ടികള്‍ വാങ്ങിക്കൊണ്ടുവരും. അതിനുശേഷം പശയുണ്ടാക്കലാണ്‌ അടുത്ത സ്റ്റെപ്പ്‌. അതിനായി പറമ്പില്‍നിന്നും ഒരു കപ്പക്കിഴങ്ങ്‌ (മരച്ചീനി) മാന്തിയെടുത്ത്‌, അത്‌ ഒരു കല്ലിലോ അരകല്ലിലോ അരയ്ക്കും. അത്‌ ഒരല്‍പ്പം വെള്ളത്തില്‍ കലക്കി, ഈ വെള്ളം അടുപ്പില്‍വച്ചു പാല്‍ കാച്ചിക്കുറുക്കുന്നതുപോലെ കുറുക്കിയെടുക്കണം. ഒന്നു തിളച്ചുകഴിഞ്ഞാല്‍ പശറെഡി. പിന്നെ പേപ്പറുകള്‍ ഓരോ വശത്തിനും ചേരുന്ന രീതിയില്‍ വെട്ടി ഒട്ടിച്ച്‌, നക്ഷത്രത്തിന്റെ അഞ്ചുമൂലകളിലും ഓരോ കിന്നരിയും വച്ചുകഴിഞ്ഞാല്‍ നക്ഷത്രവും റെഡിയായി. കൂടുതല്‍ ഭംഗിക്കായി, വെള്ളപ്പേപ്പര്‍ ചെറിയ റേന്തപോലെ മുറിച്ചു ഓരോ അരികുകളിലും പിടിപ്പിച്ചിരുന്നു.

ഡിസംബര്‍ ഒന്നിനു തന്നെ കഴിവതും നക്ഷത്രവിളക്കുകള്‍ എല്ലാവീട്ടിലും തൂക്കും. സന്ധ്യയായാല്‍ നക്ഷത്രത്തിനുള്ളില്‍ മെഴുകുതിരി കത്തിച്ച്‌ വയ്ക്കും. ടീവിയും മെഗാ സീരിയലുകളുമൊന്നും ഇല്ലാത്ത കാലം. അതിനാല്‍ അന്നൊക്കെ സന്ധ്യാപ്രാര്‍ത്ഥനയ്കുശേഷം, കുറേനേരം അന്നന്നു പഠിപ്പിച്ച പാഠങ്ങള്‍ വായിച്ചുപഠിക്കുന്ന ശീലം ഉണ്ടായിരുന്നു (ഇപ്പോഴത്തെകുട്ടികള്‍ക്ക്‌ അതില്ല എന്നല്ല!). ഈ വായനയ്ക്കിടക്കൊക്കെ ഒന്നു മുറ്റത്തേക്കിറങ്ങും. ഇരുളില്‍ മങ്ങിയവെളിച്ചത്തോടെ കത്തിനില്‍ക്കുന്ന നക്ഷത്രത്തെ കുറച്ചു നേരം സന്തോഷത്തോടെ നോക്കിനില്‍ക്കും. അപ്പോള്‍ അതിനും മേലെയായി ആകാശത്ത് ലക്ഷക്കണക്കിനു നക്ഷത്രങ്ങള്‍ പൂക്കള്‍വാരിയെറിഞ്ഞപോലെ പൂത്തിരികത്തിക്കുന്നുണ്ടാവും!

എണ്‍പതുകളിലെ ഏതോ ഒരു ഡിസംബറില്‍ നടന്ന ഒരു സംഭവം ഇന്നും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു. ഞങ്ങളുടെ വീട്ടില്‍നിന്നും അല്പം അകലെയായി, ഞങ്ങളുടെ ബന്ധുവായ ഒരമ്മയും മകളും താമസിക്കുന്നുണ്ടായിരുന്നു. അന്ന് അവര്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. ആവര്‍ഷം ക്രിസ്മസ്‌ എത്തിയപ്പോള്‍ അവിടുത്തെ ചേച്ചി എന്നോടു പറഞ്ഞു, "മോനെ, ഞങ്ങളുടെ വീട്ടിലും ഒരു ഈറ്റകൊണ്ടുള്ള സ്റ്റാറിന്റെ ചട്ടം ഇരിക്കുന്നുണ്ട്‌. അതൊന്നു ഒട്ടിച്ചുതരാമോ" എന്ന്. ചെയ്തുകൊടുക്കാം എന്നേറ്റിട്ട്‌, ആ നക്ഷത്രവുമായി ഞാന്‍ വീട്ടിലേക്ക്‌ പോരുകയും ചെയ്തു. കളര്‍പേപ്പര്‍ വങ്ങാന്‍ രണ്ടു രൂപ ചിലവാക്കാന്‍ ആ അമ്മയ്ക്കു ബുദ്ധിമുട്ടുണ്ടാവും എന്ന് നന്നായി അറിയാമായിരുന്നതിനാല്‍ ഞാനത്‌ ചോദിക്കാനും പോയില്ല. പക്ഷേ, അക്കാലത്ത് എനിക്ക് പോക്കറ്റ്മണിഒന്നും ഇല്ലായിരുന്നു. അതിനാല്‍ അവര്‍ക്കായി നാലുഷീറ്റ് പേപ്പര്‍വാങ്ങാനും എനിക്കാവുമായിരുന്നില്ല. ആലോചിച്ചപ്പോള്‍ ഒരു വഴിതോന്നി.

അന്നൊക്കെ ബുക്ക് സ്റ്റോറുകളീൽ നിന്ന് നോട്ടീസ് പേപ്പർ എന്നൊരിനം പേപ്പറുകൾ വാങ്ങാൻ കിട്ടുമായിരുന്നു നോട്ടീസ് അച്ചടിക്കാനുപയോഗിക്കുന്ന മങ്ങിയ നിറമുള്ള ഈ പേപ്പറുകൾ വെള്ള പേപ്പറുകളെക്കാൾ വിലകുറഞ്ഞവയായിരുന്നു, നോട്ടുകൾ എഴുതിപ്പഠിക്കാനായി ഈ പേപ്പറുകൾ ഞാൻ വാങ്ങാറുണ്ടായിരുന്നു. അങ്ങനെ ശേഖരിച്ചവയില്‍നിന്നും ഇളം പിങ്കുനിറത്തിലുള്ള കുറേപേപ്പറുകള്‍ എടുത്ത്‌  ആ നക്ഷത്രവിളക്കിലേക്ക്‌ ഒട്ടിച്ചുചേര്‍ത്തു. ഒട്ടിച്ചുകഴിഞ്ഞപ്പോള്‍ ആകെ ഒരു വല്ലായ്മ എനിക്കുതന്നെ തോന്നി, നല്ല വര്‍ണശബളമായ നക്ഷത്രവിളക്കിനു പകരം ആകെ നരച്ച ഒരു നക്ഷത്രം. ഏതായാലും, അതുകൊണ്ടുപോയി ആ ചേച്ചിയെ ഏല്‍പ്പിച്ചു. ഒരു നക്ഷത്രവിളക്കും ഇല്ലാതിരുന്ന ആ കൊച്ചുവീട്ടിന്റെ വരാന്തയിലും അങ്ങനെ ഒരു നക്ഷത്രവിളക്കായി!!

രണ്ടുദിവസത്തിനു ശേഷം, പള്ളിയില്‍നിന്നും കരോള്‍ഗാനസംഘം ഞങ്ങളുടെ ഏരിയയിലേക്ക്‌ വരവായി. അങ്ങനെവരുന്ന അവസരങ്ങളില്‍ ഞങ്ങള്‍ കുട്ടികളെല്ലാവരും സംഘമായി അടുത്തുള്ള വീടുകളിലേക്ക്‌ അവരോടൊപ്പം പോകും. സമയം രാത്രി ഒന്‍പതുകഴിഞ്ഞിരിക്കുന്നു. കരോള്‍ സംഘംവീടുകളിനിന്നു വീടുകളിലേക്ക്‌ നീങ്ങുകയാണ്‌. അങ്ങനെ ഞങ്ങള്‍ ആ അമ്മയും ചേച്ചിയും താമസിക്കുന്ന, ചെറിയകുന്നിന്‍‌മുകളിലെ വീട്ടിലും എത്തി. എനിക്ക്‌ ഒരുനിമിഷത്തേക്ക്‌ എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. പകല്‍വെളിച്ചത്തില്‍ നരച്ചുകാണപ്പെട്ട ആ നക്ഷത്രം അതാ അകത്തുവച്ച മെഴുകുതിരിയുടെ ഇളംവെളിച്ചത്തില്‍ നല്ല ചുമന്നനിറത്തില്‍ ആ കൊച്ചുവീടിന്റെ മുന്നിലുള്ള ഒരു നെല്ലിമരത്തിന്റെ താഴത്തെക്കൊമ്പില്‍ തൂങ്ങുന്നു!   അതിനു താഴെ കരോള്‍പാട്ടുകാരെ സ്വീകരിക്കാനായി അതിലും തെളിഞ്ഞമുഖത്തോടെ നില്‍ക്കുന്ന ആ അമ്മയും മകളും.

അവിടെനിന്നും പാട്ടുകഴിഞ്ഞ്‌ ഇറങ്ങുമ്പോള്‍ മനസ്സില്‍ എന്തോ ഒരു സന്തോഷം തോന്നി. ആ സന്തോഷം ഇന്നും എനിക്കനുഭവിക്കാന്‍ സാധിക്കുന്നുണ്ട്‌, ഈ മിന്നിത്തിളങ്ങുന്ന ദുബായ്‌ നഗരത്തില്‍ വീണ്ടുമൊരു ക്രിസ്മസ്‌ സീസണില്‍ നില്‍ക്കുമ്പോഴും!

എല്ലാവര്‍ക്കും ക്രിസ്മസ്‌ ആശംസകള്‍!

Read more...

‘രാക്ഷസ‘ കേരളത്തിലെ സാക്ഷരര്‍

>> Monday, October 29, 2007

കഴിഞ്ഞദിവസം ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജില്‍ നടന്ന വിദ്യാര്‍ത്ഥിസംഘട്ടനത്തിനിടെ തലയക്കടിയേറ്റ് ഒരു എ.എസ്.ഐ ദാരുണമായി കൊലചെയ്യപ്പെട്ട വാര്‍ത്ത ഞെട്ടലോടുകൂടിയാണു കേട്ടത്. എസ്.എഫ്.ഐ - എ.ബി.വി.പി സംഘട്ടനത്തിനിടെ, ചങ്ങനാശ്ശേരി എ.എസ്.ഐ. ഏലിയാസാണ് കൊല്ലപ്പെട്ടത്.

ബോംബ് സ്ഫോടനങ്ങളും, പെണ്‍‌വാണിഭവും, ആത്മഹത്യയുമൊക്കെ പതിവുവാര്‍ത്തകളായ ഇക്കാലത്ത് ഇതും ഒരു സാധാരണ വാര്‍ത്തയായി കണക്കാക്കി മലയാളിയും, മലയാളമാധ്യമങ്ങളും അടുത്ത തലക്കെട്ടുകളിലേക്ക് കടന്നു. അല്ലെങ്കിലും രാഷ്ട്രീയക്കാരും, സമൂഹത്തിലെ ഉന്നതന്മാരും പരസ്പരം നടത്തുന്ന ആരോപണ-പ്രത്യാരോപണങ്ങള്‍ക്കു പിന്നാലെ സമയം ചെലവാക്കാനാണല്ലോ നമുക്കു താത്പര്യം. വികസനവും, സ്വയം‌പര്യാപ്തതയും ഒന്നും ഒരു വിഷയമേഅല്ല ഭരണകൂടത്തിനും, അവിടേയ്ക്കേറാന്‍ മത്സരിക്കുന്ന പാര്‍ട്ടികള്‍ക്കും.

ബാക്കിയെല്ലാജനവിഭാഗങ്ങള്‍ക്കും, സംഘടനകള്‍ക്കും എന്തുസംഭവിച്ചാലും ചോദിക്കാനും പറയാനും ആളുള്ളതുപോലെ പോലീസുകാര്‍ക്കില്ലാത്തതിനാലാണോ ഏതു പാര്‍ട്ടികള്‍ മാറിമാറിഭരിച്ചാലും പോലിസിന് എപ്പോഴു ഏറും തല്ലും അടിയും കൊള്ളുന്നത്? ഇപ്പോളിതാ വന്നുവന്ന് നിയമം സംരക്ഷിക്കേണ്ട പോലീസിന്റെമേലും അക്രമങ്ങള്‍ അരങ്ങേറാന്‍ തുടങ്ങുംവിധം അധഃപ്പതിച്ചിരിക്കുന്നു നമ്മുടെ നാട്. ഈ വ്യവസ്ഥിതി കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കേ കാര്യങ്ങള്‍ എത്തിക്കുകയുള്ളൂ.

വിദ്യാര്‍ത്ഥിരാഷ്ട്രീയം വേണോ വേണ്ടയോ എന്നത് കുറേക്കാലങ്ങളായി കേള്‍ക്കാന്‍ തുടങ്ങിയ ചര്‍ച്ചയാണ്. കുട്ടിരാഷ്ട്രീയം വേണം എന്നാഗ്രഹിക്കുന്ന രാഷ്ട്രിയ നേതൃത്വങ്ങള്‍ പറയുന്നകാരണങ്ങളിലൊന്ന് ജനാധിപത്യ സംവിധാനം വളര്‍ന്നുവരുന്ന തലമുറയ്ക്ക് “മനസ്സിലാവാന്‍” ഇതത്യാവശ്യമാണ് എന്നതാണ്. ഇതിലെത്രത്തോളം ശരിയുണ്ട്? ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യങ്ങളീല്‍ വളര്‍ന്നുവരുന്ന കുട്ടീകള്‍ക്ക് ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ് എങ്ങനെയാണെന്നറീയാന്‍ ഇത്തരമൊരു ഡ്രസ് റിഹേഴ്സല്‍ വേണമോ? ഒരിക്കലുമില്ല.

പിന്നെ ആര്‍ക്കാണ് ഇവരെക്കൊണ്ട് ആവശ്യം? പാര്‍ട്ടികള്‍ക്കുതന്നെ. നേതൃത്വം പറയുന്നതെന്തും അപ്പടിപ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങിത്തിരിക്കുന്ന അണികളെ സൃഷ്ടിച്ചെടുക്കാനുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണ് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിനു പിന്നിലുള്ളതെന്ന് ആര്‍ക്കാണറിയാത്തത്?

ഏതായാലും ബഹളങ്ങള്‍ക്കിടയില്‍പ്പെട്ട് നിരപരാധിയായ ഒരു പോലീസുകാരന്റെ ജീവന്‍ പൊലിഞ്ഞു. മൂന്നുകുട്ടികള്‍ അച്ഛനില്ലാത്തവരായി. ഒരു കുടുംബം അനാഥമായി. നഷ്ടം ആ നിരപരാധികള്‍ക്കു മാത്രം. അവരുടെ തീരാനഷ്ടത്തിന് ആറുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി സര്‍ക്കാരും ബാധ്യതകള്‍ തീര്‍ത്തിരിക്കുന്നു. ശുഭം!!

രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഇനിയും തുടരും. നിരപരാധികള്‍ ഇനിയും മരിക്കും. രക്തസാക്ഷികളുടെ എണ്ണം കൂടും. അതില്‍ പ്രതിഷേധിക്കാന്‍ ഹര്‍ത്താലും ബന്ദും നടത്തും. അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ തെരഞ്ഞെടുപ്പുകളും നടത്തും..... റോഡുകള്‍ കുഴികളായി തുടരും...പവര്‍ക്കട്ടുകള്‍ ഒരിക്കലും അവസാനിക്കാത്ത ഒരു ചടങ്ങാകും...വികസനം വേണ്ട സര്‍വ്വ മേഘലകളും ശോച്യമായിത്തന്നെ തുടരുകയും ചെയ്യും..... അല്ലെങ്കില്‍ ആര്‍ക്കുവേണം ഈ വികസനം? കഴിവുള്ളവര്‍ മറ്റുനാടുകളില്‍പ്പോയി ജീവിക്കട്ടെ. അവിടൊക്കെ വികസനമുണ്ടല്ലോ.

“ജനാധിപത്യം“ എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്നോ, അതുവേണ്ടരീതിയില്‍ എങ്ങനെ ഉപയോഗിക്കാമെന്നോ ഇന്നും അറിയാത്ത സാക്ഷര, അല്ല രാക്ഷസ കേരളമേ, ലജ്ജിക്കൂ..... നിന്റെ തലയിലെഴുത്ത് എന്നും ഇങ്ങനെതന്നെയാവാ‍നാണ് സാധ്യത! സാക്ഷരമാവാതെ തുടരുന്നതായിരുന്നു ഇതിലും നല്ലത്.

Read more...

വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന ജന്മങ്ങള്‍

>> Wednesday, September 12, 2007

കഴിഞ്ഞയാഴ്ച്ചത്തെ പത്രങ്ങളില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പതിനൊന്നാം വാര്‍ഡില്‍ ഒരു അമ്മ, പൊക്കിള്‍കൊടിപോലും മുറിയാത്ത തന്റെ പിഞ്ചു കുഞ്ഞിനെ, ആശുപത്രിയില്‍ വന്ന മറ്റൊരു സ്ത്രീയുടെ കൈയ്യിലേല്‍പ്പിച്ചിട്ട് സ്ഥലം വിട്ടു എന്നതായിരുന്നു ആ വാര്‍ത്ത.

കുഞ്ഞിനേയുംകൊണ്ട് ഒറ്റയ്ക്ക് ആശുപത്രിയില്‍ വന്നതാണെന്നും, മൂത്രമൊഴിക്കാന്‍ പോയിട്ട് തിരികെ വരുന്നതുവരെ കുഞ്ഞിനെ ഒന്നു പിടിക്കാമോ എന്നുമുള്ള കളവുപറഞ്ഞിട്ടായിരുന്നത്രെ ആ അമ്മ കുഞ്ഞിനെ മറ്റേ സ്ത്രീയുടെ കൈയ്യിലേല്‍പ്പിച്ചത്. മണിക്കൂറൊന്നായിട്ടും അമ്മയെ കാണാതെ, കുഞ്ഞിനെ കൈപ്പറ്റിയ സ്ത്രീ ആശുപത്രി അധികൃതരെ വിവരമറിയിച്ചു, അവര്‍ പോലീസിനേയും. പത്രവാര്‍ത്തകളറിഞ്ഞ് കുഞ്ഞുങ്ങളില്ലാത്തവരും, സന്നദ്ധസംഘടനകളും മുന്നോട്ടു വന്നു, കുഞ്ഞിനെ ഏറ്റെടുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട്. അവസാനം ഇന്നലെ കോടതി ഇടപെട്ട് സര്‍ക്കാരിന്റെ ശിശുക്ഷേമ ഭവനിലെ അന്‍പത്തിനാലാമത്തെ അംഗമായി അവന്‍ കോടതിവരാന്തയിറങ്ങി, ഒരു വനിതാപോലീസ് കോണ്‍സ്റ്റബിളിന്റെ കൈയ്യില്‍ ഒന്നുമറിയാതെ വിരലുംനുണഞ്ഞ് ഉറങ്ങിക്കൊണ്ട്.

*********** ************ *************

കഴിഞ്ഞ അവധിക്കാലത്ത് കേരളത്തിലെ ഒരു സ്വകാര്യ അനാഥശാല സന്ദര്‍ശിക്കുവാനിടയായി. സേവന സന്നദ്ധരായ ഇരുപതോളം പേര്‍ ചേര്‍ന്ന്, ഒന്നു രണ്ടു സിസ്റ്റര്‍മാരുടെ സഹായത്തിലും മേല്‍നോട്ടത്തിലും, അശരണരായ വൃദ്ധര്‍ക്കും, അനാഥരായ കുട്ടികള്‍ക്കും വേണ്ടി നടത്തുന്ന ഒരു ചെറിയ സ്ഥാപനം. സ്നേഹഭവന്‍. അവിടെ വച്ചാണ് ഒരുവയസ്സുകാരി മരിയയെ കണ്ടത്. ജിജ്ഞാസ നിറഞ്ഞ കുഞ്ഞിക്കണ്ണുകളും, സദാ പുഞ്ചിരിക്കുന്ന മുഖവും ഉള്ള ഒരു മാലാഖക്കുഞ്ഞ്. ജനിച്ചപ്പോള്‍ മുതല്‍ മരിയയുടെ വീട് ഈ സ്നേഹഭവനാണ്.

അമ്മ വഴിയുലുപേക്ഷിച്ചുപോയ ഒരു അനാഥയല്ല അവള്‍. അവളുടെ അമ്മ റീന(ശരിയായ പേരല്ല) അവളോടൊപ്പം ഉണ്ട്, അതേ സ്ഥാപനത്തില്‍. സ്ഥാപനത്തിന്റെ നടത്തിപ്പുകാരില്‍ ഒരാളും എന്റെ ബന്ധുവുമായ ഒരു ചേച്ചിയോട് ചോദിച്ചാണ് മരിയയുടെ കഥ ഞാന്‍ അറിഞ്ഞത്.

റീനയുടെ സ്വദേശം, അവിടെനിന്നും കുറേ ദൂരെയാണ്. പ്ലസ് റ്റൂവിന് പഠിക്കുമ്പോഴാണ് അവളുടെ നാട്ടുകാരനായ ഒരു യുവാവ് അവളോട് പ്രണയാഭ്യര്‍ത്ഥനയുമായി വന്നത്. കൌമാരചാപല്യങ്ങള്‍ക്ക് പ്രണയാഭ്യര്‍ത്ഥനയുടെ വരുംവരായ്കകള്‍ അറിയണമെന്നില്ലല്ലോ. ഇവിടേയും അതുതനെ സംഭവിച്ചു. പ്രണയം അതിരുവിട്ടപ്പോള്‍ റീന ഗര്‍ഭിണിയായി. കാമുകന്‍ കൈയ്യൊഴിഞ്ഞു. അവളത് എല്ലാവരില്‍നിന്നും ഒളിച്ചുവച്ചു, അവളുടെ അമ്മയില്‍നിന്നുവരെ. പക്ഷേ എത്രനാള്‍ ഒരു ഗര്‍ഭം ഒളിച്ചുവയക്കാന്‍ പറ്റും? അഞ്ചാറുമാസം കഴിഞ്ഞപ്പോഴേക്ക് അമ്മ വിവരം അറിഞ്ഞു. നാടും നാട്ടാരും അറിയുന്നതിനുമുമ്പേ, അവര്‍ റീനയെ മറ്റെവിടെയോ അയച്ചു പഠിപ്പിക്കാനെന്ന വ്യാജേന, വീട്ടില്‍ നിന്നു മാറ്റി. പ്രസവം അടുക്കാറായപ്പോഴേക്ക് സ്നേഹഭവനിലെത്തിച്ചു. സമയമായപ്പോള്‍ അവള്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു.

പ്രസവം കഴിഞ്ഞയുടനെ റീനയുടെ അമ്മയെത്തി, കുട്ടിയെ കാണാനല്ല, മകളെ കൂട്ടിക്കൊണ്ടുപോകാന്‍. റീനയ്ക്ക് ആദ്യം സമ്മതമായിരുന്നു. പക്ഷേ സ്ഥാപനത്തിലെ സിസ്റ്റര്‍മാരും, നടത്തിപ്പുകാരും അവളെ ഉപദേശിച്ചു, കുഞ്ഞിനെ അനാഥയായി വിട്ടേച്ച് പോകരുതേയെന്ന്. അമ്മയ്ക്ക് തീരെ സമ്മതമല്ലായിരുന്നെങ്കിലും മനസ്സില്ലാമനസ്സോടെ റീന സമ്മതിച്ചു. എങ്കിലും പോകുമ്പോള്‍ ഒരു ഉപദേശം അമ്മ മകള്‍ക്കുനല്‍കാന്‍ മറന്നില്ല. “കുഞ്ഞിനെ മുലയൂട്ടരുത്, ഒന്നു രണ്ടുവര്‍ഷം കഴിഞ്ഞ് നീ വീട്ടിലേക്ക് പോരുക, മറ്റൊരു വിവാഹം അമ്മ നടത്തിത്തരും. ഈ പ്രസവക്കഥ ആരും അറിയുകപോലുമില്ല”

ശരിയായിരിക്കാം, മുലയൂട്ടാതെ സ്തനസൌന്ദര്യം നിലനിര്‍ത്തി, ആരെയും ഒന്നും അറിയിക്കാതെ “കന്യകയായി” റീനയ്ക്ക് ഒരു വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമായിരിക്കാം. പക്ഷേ ഒന്നുമറിയാത്ത ഈ പിഞ്ചുകുഞ്ഞ്? ഉത്തരമില്ല.

********** ************* *************

ദൃശ്യമാധ്യമങ്ങളിലൂടെയും, സമൂഹത്തില്‍ ആകപ്പടെ മാറിയ സാഹചര്യങ്ങളി‍ലൂടെയും കൌമാരക്കാരിലെ ലൈഗികാവബോധം വളരെ വര്‍ദ്ധിച്ചിരിക്കുന്നു ഈ കാലഘട്ടത്തില്‍ - പലതും നിറം‌പിടിപ്പിച്ച അറിവുകളാണെങ്കില്‍ത്തന്നെയും. അത്യന്താധുനിക സാഹിത്യവും ലൈകികതയുടെ ചുവടുപിടിച്ചുതന്നെ പോക്ക്. വിവാഹപൂര്‍വ്വിക ലൈംഗികത ഒരു ഫാഷനായും, “അതില്‍ വലിയ കുഴപ്പമില്ല” എന്ന മട്ടിലും കാണുന്ന ഇന്നത്തെ പുതുതലമുറയോട് ഉപദേശങ്ങള്‍ പറയുന്നതില്‍ വലിയ അര്‍ത്ഥമില്ല. പക്ഷേ അവര്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നെങ്കില്‍ - തങ്ങളുടെ ലീലാവിലാസങ്ങള്‍ക്കിടയില്‍‍ അറിയാതെപോലും മറ്റൊരു ജീവന്‍ ഉരുവാകാനിടയാവാതിരിക്കട്ടെ.


അല്ലെങ്കില്‍ തങ്ങളുടെ കുറ്റംകൊണ്ട് പിറന്നതല്ലാത്ത, പെറ്റമ്മയ്ക്കു പോലും വേണ്ടാതെ വഴിയിലുപേക്ഷിക്കപ്പെടുന്നവരുടെ എണ്ണം ഇനിയും ഇനിയും കൂടിയേക്കാം. അല്ലെങ്കിലും പെണ്‍‌വാണിഭവും, ബോംബു സ്ഫോടനവും, തട്ടിക്കൊണ്ടുപോകലും എല്ലാം ഒരു വാര്‍ത്തയേ അല്ലാത്ത ഇക്കാലത്ത് ഇങ്ങനെ കുറെ ജന്മങ്ങള്‍ ജനിച്ചാലും ആര്‍ക്കു ചേതം... ? നിസംഗതയോടെ നമ്മള്‍ മലയാളികള്‍ പറയും “ഇതൊന്നും നമ്മുടെ വീട്ടില്‍ നടക്കുന്നില്ല്ലല്ലോ, പിന്നെയെന്താ...”



1047

Read more...

പ്രവാസത്തിനൊരു മറുവശം

>> Tuesday, September 4, 2007

അഗ്രജന്റെ ഈ ആഴ്ചത്തെ "ആഴ്ചക്കുറിപ്പുകളില്‍", ഗള്‍ഫില്‍ എത്തിപ്പെട്ട, നിയമവിധേയമല്ലാഞ്ഞിട്ടുപോലും ഇവിടെത്തന്നെ പിടിച്ചുനില്‍ക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു തൊഴിലാളിയെപ്പറ്റി പറയുന്നുണ്ട്‌. നാട്ടിലുള്ള കുടുംബത്തെ സംരക്ഷിക്കുവാന്‍ മറുവഴികളില്ലാത്ത അനേകം മലയാളികളിലൊരുവന്‍.


ശരിയാണ്‌, നമ്മളില്‍ ഭൂരിഭാഗത്തിനും ഒരു തൊഴിലന്വേഷിച്ച്‌ മറുനാടുകളിലേക്ക്‌ ചേക്കേറേണ്ടിവരുന്നു. സ്വയംപര്യാപ്തമായ ഒരു സംസ്ഥാനമായി മാറാന്‍ കേരളത്തിന്‌ ഇനിയും അനേകം കാതങ്ങള്‍ മുന്നോട്ട്‌ പോകേണ്ടതുണ്ട്‌. ഇന്നത്തെ സ്ഥിതിവച്ചുനോക്കിയാല്‍ അത്‌ ഉടനേയൊന്നും ഉണ്ടാകാനും പോകുന്നില്ല - ഒരിക്കലും ഉണ്ടായില്ലെന്നും വരാം. നാട്ടില്‍ സാക്ഷരത വര്‍ദ്ധിച്ചപ്പോള്‍ വെള്ളക്കോളര്‍ ജോലികള്‍ക്കുള്ള ഡിമാന്റ്‌ വര്‍ദ്ധിച്ചു. പരമ്പരാഗത തൊഴില്‍ മേഖലകളില്‍ തൊഴിലാളികളെ കിട്ടാതായി. തന്മൂലം കൃഷിയും കൃഷി ഭൂമികളും നശിച്ചു. കൂടുതല്‍ തൊഴിലന്വേഷകര്‍ മറുനാടുകള്‍ തേടിപ്പോയി.


ഇങ്ങനെ തൊഴിലന്വേഷകരായി നാട്ടില്‍നിന്നു ഭൂരിഭാഗവും യാത്രയാകുന്നതിന്റെ ഒരു മറുവശം നാട്ടില്‍ ഇത്തവണ പോയപ്പോള്‍ കാണുവാന്‍ സാധിച്ചു.മിക്ക വീടുകളിലും പ്രായമായ മാതാപിതാക്കള്‍ മാത്രം. അച്ഛന്‍ മരിച്ചുപോയി, അമ്മമാര്‍ മാത്രമായ വീടുകള്‍ അതിലേറെ. കുടുംബസമേതം മറ്റു നാടുകളികളില്‍ താമസിക്കാന്‍ സൗകര്യമുള്ളവരുടെ വീടുകളിലാണ്‌ ഈ സ്ഥിതിയെങ്കില്‍, അതിനുള്ള സൗകര്യമില്ലാത്തവരുടെ വീടുകളില്‍ അമ്മമാരും കുറെ സ്കൂള്‍ കുട്ടികളും മാത്രം. ഇങ്ങനെ കൗമാരക്കാരും പ്രായമായവരും കൂടുതലുള്ള ഒരു സമൂഹമാണ്‌ ഇന്ന് കേരളത്തില്‍ പലസ്ഥലങ്ങളിലും കാണാന്‍ സാധിക്കുന്നത്‌. വീടുകളില്‍ ഒറ്റപ്പെട്ടുപോയ അച്ഛനമ്മമാര്‍ക്ക്‌ പരസ്പരം സംസാരിക്കുവാന്‍ അവര്‍ മാത്രം. ഒരു രോഗം വന്നാല്‍ ആശുപത്രിയില്‍ ഒന്നു കൊണ്ടുപോകാനോ കൂടെയൊന്നു പോകുവാനോ പോലും ആരുമില്ലാത്ത അവസ്ഥ. തൊണ്ണൂറും നൂറും വയസ്സെത്തി മരിച്ച അവരുടെ അച്ഛനമ്മമാരുടെ അത്രപോലും ആരോഗ്യം അറുപതാംവയസ്സില്‍ ഇല്ലാത്ത ഒരു പുതിയ അകാല വാര്‍ധക്യത്തിലെത്തിയ തലമുറ. ടി.വി.യ്ക്കു മുമ്പില്‍ അവരുടെ ദിവസങ്ങള്‍ എരിഞ്ഞുതീരുന്നു.


പണ്ട്‌ കൂട്ടുകുടുംബങ്ങള്‍ നിലവിലിരുന്നപ്പോള്‍, ഇങ്ങനെയൊരു അവസ്ഥാവിശേഷം ഇല്ലായിരുന്നു എന്നുവേണം കരുതാന്‍. ഇന്നാണെങ്കിലോ - അണുകുടുംബങ്ങളായി തന്‍കാര്യം മാത്രം നോക്കി അകന്നു ജീവിക്കുവാനാണ്‌ ഞാനുള്‍പ്പെടുന്ന തലമുറയ്ക്കു താല്‍പര്യം. ഇതിനിടയില്‍ അച്ഛനമ്മമാര്‍പോലും "വീതിക്കപ്പെടുന്നു". 'ആരുമില്ലാത്തവരെ നോക്കാന്‍ ഞങ്ങളുണ്ട്‌' എന്ന് ഭാവത്തില്‍ വൃദ്ധസദനങ്ങള്‍ ഒരു പുതിയ ബിസിനസ്സായി നമ്മുടെ നാട്ടിലും കടന്നുവന്നു കഴിഞ്ഞു.


ദുഃഖകരമാണ് ഈ ദുരവസ്ഥ. പക്ഷേ എന്തു ചെയ്യാന്‍? ജീവിച്ചുപോകാന്‍, സ്വപ്നങ്ങളെ യാഥാര്‍ഥ്യങ്ങളാക്കാന്‍ മറുനാടുകളെ ആശ്രയിക്കേണ്ടകാലത്തോളം നമുക്ക്‌ ഈ വിധി സഹിക്കാനല്ലേ സാധിക്കൂ. അഗ്രജന്റെ സഹയാത്രികന്‍ ചോ ദിച്ചതുപോലെ “ഇവിടെയാനേ കിട്ടണ ജോല്യെടുത്ത് എന്തേലും രണ്ട് കാശ് കുടുമത്തെത്തിക്കാം... നാട്ടില് ആരെടുത്ത് വെച്ചേക്കണ് ജോലി...? അവിടെ പോയിട്ട് എന്തോന്ന് ചെയ്യാന്‍...?“ പക്ഷേ, ഭാവിയില്‍ പ്രവാസജീവിതമൊക്കെ കഴിഞ്ഞ് നാട്ടില്‍ എത്തുന്ന നമ്മളെ കാത്തിരിക്കുന്ന വാര്‍ദ്ധക്യകാലം ഇതില്‍നിന്നും ഒട്ടും വിഭിന്നമായിരിക്കില്ല എന്ന യാഥാര്‍ത്ഥ്യം എന്തോ ഒരു അസ്വസ്ഥത ഉണ്ടാക്കുന്നു.

Read more...

ഓണവിളക്കിന്റെ പ്രഭയില്‍‌‌ ഒരോണ സന്ധ്യ

>> Sunday, August 26, 2007

ഓണത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക പൂക്കളം തന്നെ.

ഓണ സദ്യ, വള്ളം കളി, പൂവിളി, പുലികളി തുടങ്ങിയ ഇമേജുകളും ഓണവുമായി ബന്ധപ്പെട്ട് നമ്മുടെ മനസ്സില്‍ എത്താറുണ്ട്.
എന്നാല്‍ പുതിയ തലമുറയ്ക്ക് അത്ര പരിചയമുണ്ടാവാനിടയില്ലാത്ത ഒരു ഓണ പ്രതീകമാണ് ഓണദീപം.



കേരളത്തിന്റെ പല പ്രദേശങ്ങളിലും ഇന്നും പ്രചാരത്തിലുള്ള ഒരു ചടങ്ങാണ് ഉത്രാട സന്ധ്യയില്‍ (തിരുവോണത്തിന്റെ തലേന്ന്)
വീടുകളില്‍ ഓണവിളക്ക് തെളിയിക്കുക എന്നത് (ഞങ്ങളുടെ ഗ്രാമത്തിലും ഉണ്ട്). ഓണം ഏറെ വാണിജ്യവത്കരിക്കപ്പെട്ടിരിക്കുന്ന ഇന്നും ഓണദീപം അതിന്റെ പാരമ്പര്യത്തെളിമയോടെ തെളിഞ്ഞുനില്‍ക്കുന്നു.

ഓണമെത്തുന്നതിന്റെ മുന്നോടിയായി വീടിന്റെ മുറ്റത്തും, വീട്ടിലേക്ക് കടന്നു വരുന്ന വഴിയിലുമുള്ള പുല്ല് ചെത്തി വെടിപ്പാക്കുന്ന രീതി ഉണ്ട്. ജാതി മത ഭേദമെന്യേ എല്ലാ വീടുകളിലും ഇന്നും ഇത് ചെയ്യുന്നു. ഓണത്തെ എതിരേല്‍ക്കാനാണിത്.



ഉത്രാട സന്ധ്യയില്‍ വീട്ടിലേക്ക് കടന്നുവരുന്ന നടവഴിയുടെ തുടക്കത്തില്‍ ഒരു വാഴപ്പിണ്ടി നാട്ടുന്നു.അതില്‍ ഈര്‍ക്കിലി വളച്ചത് വച്ച്, അതില്‍ മണ്‍ചെരാതുകളില്‍ എണ്ണയൊഴിച്ച് തിരിതെളിയിച്ചാണ് ഓണദീപം ഒരുക്കുന്നത്. മണ്‍ചെരാതുകളുടെ വരവിനുമുമ്പ് മരോട്ടിക്കായായിരുന്നു ദീപം തെളിയിക്കാന്‍ ഉപയോഗിച്ചിരുന്നത്.

ഇതിന്റെ തുടര്‍ച്ചയായി നടവഴിയിലും വീടിന്റെ ഉമ്മറത്തും ചെറിയ ദീപങ്ങള്‍ വയ്ക്കും. സന്ധ്യയായി ഇരുട്ടുപരക്കുന്നതോടെ ഗ്രാമത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓണദീപങ്ങളുംടെ ഇത്തിരിവെട്ടം നിറയുകയായി. നാടുകാണാനെത്തുന്ന മാവേലിമന്നനെ വരവേല്‍ക്കാന്‍ പൊന്‍പ്രഭചൊരിഞ്ഞൂ നിരനിരയായി വീടുകള്‍ക്കുമുമ്പില്‍ നില്‍ക്കുന്ന ഓണവിളക്കുകള്‍ മനസ്സിനും കണ്ണിനും ഉന്മേഷമേകുന്ന കാഴ്ചയാണ്.


ബ്ലോഗിലെ എല്ലാ പ്രിയകൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

Read more...

നാട്ടില്‍നിന്നൊരു കുറിപ്പ് - രണ്ട്

>> Saturday, August 11, 2007

റോഡ് റിപ്പയര്‍:
കഴിഞ്ഞ ദിവസത്തെ ദിനപ്പത്രങ്ങള്‍ ഒരു “സന്തോഷ വാര്‍ത്ത“യുമായാണ് ഇറങ്ങിയത്. ലോകത്തിലേക്കും തല്ലിപ്പോളി റോഡുകളാണ് കേരളത്തിലേത് എന്നും, എത്രയും പെട്ടന്ന് അവ സഞ്ചാര യോഗ്യമാക്കാന്‍ ഗവര്‍മെന്റിന്റെ ഭാഗത്തുനിന്നും സത്വരനടപടികള്‍ തുടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു എന്നായിരുന്നു ആ സന്തോഷവാര്‍ത്ത. അതേ തുടര്‍ന്ന് ഗവര്‍മെന്റ് അടിയന്തിരമായി ക്വൊട്ടേഷനുകളും ക്ഷണിച്ചു. പക്ഷേ കോണ്ട്രാക്റ്റര്‍മാരുടെ നിസ്സഹകരണം കാരണം ഒരൊറ്റ ടെന്റര്‍പോലും ലഭിച്ചില്ലത്രേ! എന്തു ചെയ്യാം. കേരളത്തിന്റെ വിധി പൊട്ടിപ്പോളിഞ്ഞ റോഡുകള്‍ തന്നെ. പ്രവാസിയുടെ ചുരുങ്ങിയ അവധിദിവസങ്ങളുടെ ഭൂരിഭാഗം സമയവും നഷ്ടപ്പെടുന്നത് ഈ റോഡുകളിലൂടെ ഒച്ചിഴയുന്ന വേഗത്തിലുള്ള സഞ്ചാരമാണെന്നതില്‍ സംശയമില്ല.




കാര്യമിങ്ങനെയൊക്കെയായിരുന്നാലും, നല്ല രീതിയില്‍ ടാര്‍ചെയ്ത്, ഇതുവരെ പൊട്ടിപ്പൊളിയാത്ത ചില റോഡുകളും യാത്രകള്‍ക്കിടെ കണ്ടു. ശബരിമല - എരുമേലി റോഡ്, കായംകുളം - അടൂര്‍ റോഡ്, പുനലൂര്‍ - കുളത്തൂപ്പുഴ റോഡ് തുടങ്ങിയവ. ലെവലിംഗ് മെഷീന്‍ ഉപയോഗിച്ച് ടാര്‍ ലെവല്‍ ചെയ്ത് ഈ റോഡുകളിലൂടെയുള്ള യാത്ര, കേരളത്തിലെ മറ്റു റോഡുയാത്രകളെ അപേക്ഷിച്ച് വളരെ മെച്ചം തന്നെ.















സീറ്റ് ബെല്‍റ്റ്:
ഓഗസ്റ്റ് ഒന്നു മുതല്‍ കേരളത്തില്‍ കാറുകളില്‍ (പുതിയ മോഡലുകളീല്‍ മാത്രം) മുന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്നു. നല്ലകാര്യം. പക്ഷേ പുതിയ എന്തു തീരുമാനം വരുമ്പോഴും അതിനു പുല്ലുവില കല്‍പ്പിച്ച് തള്ളുന്ന മലയാളികള്‍ ഈ തീരുമാനത്തിനും അത്രയും പ്രാധാന്യമേ നല്‍കിയിട്ടുള്ളൂ. പലര്‍ക്കും ഇതിന്റെ ഉപയോഗമോ, അപകടസമയത്ത് അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നോ അറിയില്ല. ബൈക്ക് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി നാളുകള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അതുപയോഗിക്കുന്ന ബൈക്ക് യാത്രക്കാരുടെ എണ്ണം തുലോം കുറവ്. അതുപോലെതന്നെയാവും ഈ സീറ്റ്ബെല്‍റ്റ് നിര്‍ബന്ധവും എന്നു തോന്നുന്നു.

വഴിമുടക്കി ജാഥകള്‍:
രണ്ടുമൂന്നു ദിവസം മുമ്പ്, ഒരു ദൂരയാത്രയ്ക്കിറങ്ങിയതാണ്. കാറിലാണ് യാത്ര. വഴിയില്‍ വച്ച് റോഡ് ബ്ലോക്ക്. മുന്പില്‍ കുറേ വാഹനങ്ങള്‍ മന്ദം മന്ദം നീങ്ങുന്നു. കൂട്ടത്തില്‍ വളരെ ദൂരം പോകേണ്ട ബസുകളുണ്ട്, പോലീസ് വാഹനങ്ങളുണ്ട്. കാര്യമന്വേഷിച്ച് കുറേ മുമ്പിലേക്ക് നടന്നു നീങ്ങിയപ്പോള്‍ കണ്ട കാഴ്ചയോ? അന്‍പതു പേരില്‍ താഴെ ആളുകളുള്ള ഒരു ജാഥാ കടന്നു പോകുന്നു. റോഡിന്റെ വീതി മുഴുവന്‍ അപഹരിച്ചുകൊണ്ടാണ് ഇവരുടെ യാത്ര.




മുഷ്ഠി ചുരുട്ടി വായുവിനെ വൃഥാ ഇടിച്ചുകൊണ്ട് മുദ്രാവാക്യങ്ങളും മുഴക്കുന്നുണ്ട്. നിയമപാലകര്‍ ലാത്തിയും, ചൂരല്‍ പരിചകളുമായി പിന്നാലെയും. ഒരു മണിക്കൂറ് അങ്ങനെ പോയിക്കിട്ടി. എന്തൊരു രാഷ്ട്രീയ അവബോധം! ജാഥകള്‍ ഒറ്റവരിയായി പോയാല്‍ എന്തെങ്കിലും അബധമുണ്ടോ? ആ...?


ഓണപ്പിരിവ്:
ഓണമായതോടുകൂടി പിരിവുകാരുടെ വരവും ആരംഭിച്ചു. ഗള്‍ഫ്കാരുടെ വീടൊക്കെയായാല്‍ പ്രതീക്ഷിക്കുന്ന തുകയും കൂടും. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പിരിവുകാര്‍ക്ക് തുകനല്‍കിയശേഷം രസീതുകുറ്റി എഴുതുന്ന ആള്‍ ചോദിച്ച ചോദ്യങ്ങള്‍ എന്നെ ചെറുതായി ഉലയ്ക്കുക തന്നെ ചെയ്തു. പേരും വീട്ടുപേരും പറയാന്‍...!! ഇതു പട്ടണത്തിലല്ല, ഒരു തനി ഗ്രാമപ്രദേശത്തു നടന്നതാണ്. ആളുകള്‍ പരസ്പരം ഗൃഹനാഥന്റെ പേരും വീട്ടുപേരുമൊക്കെ അറിയുന്ന ഗ്രാമത്തില്‍. പിരിവിനു വരുന്ന ആള്‍ക്കാരുടെ കൂട്ടത്തില്‍ വീട്ടുകാരെ പരിചയമുള്ള ഒരാളെങ്കിലും ഇല്ലെങ്കില്‍ പിരിവിനെത്തുന്നതെന്തിന് എന്ന ചോദ്യം അവരോട് ചോദിക്കുക തന്നെ ചെയ്തു, ഉത്തരമില്ലായിരുന്നുവെങ്കിലും.

Read more...

കല്ലറയില്‍ ഉറങ്ങുന്ന കുഞ്ഞുമാലാഖ

>> Wednesday, August 8, 2007

കോട്ടയം - കുമിളി റൂട്ടില്‍ കുട്ടിക്കാനം എന്നൊരു സ്ഥലമുണ്ട്. ഈ റൂട്ടിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണിത്. ഇവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞാണ് കട്ടപ്പന എന്ന സ്ഥലത്തേക്ക് പോകുന്നത്. ഇരുപതു കിലോമീറ്ററോളം ഈ റൂട്ടില്‍ സഞ്ചരിക്കുമ്പോള്‍ ഏലപ്പാറയിലെത്തും.




തേയില തോട്ടങ്ങളും, പച്ചപുതച്ച കുന്നുകളും, കുന്നുകളില്‍നിന്നു പുറപ്പെടുന്ന കൊച്ചരുവികളും ചേര്‍ന്ന് അതിമനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്ന ഈ മേഘല ദൈവത്തിന്റെ സ്വന്തം നാടുതന്നെ!! സദാ തണുപ്പു കാലാവസ്ഥയുള്ള ഈ പ്രദേശം മഴക്കാലത്ത് മഞ്ഞിന്റെ വീടായി മാറുന്നു. ഏലപ്പാറയക്കടുത്താണ് പള്ളിക്കുന്ന് എന്ന സ്ഥലം.



ഇവിടെ റോഡ് അരികിലായി ബ്രിട്ടീഷ് കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ട ഒരു പുരാതന ക്രിസ്തീയ ദേവാലയമുണ്ട്. ഈ പള്ളിക്കു ചുറ്റുമുള്ള പുല്‍ത്തകിടിയും, പ്രകൃത്യാ ഉള്ള ഉദ്യാനവും, തണല്‍ വിരിക്കുന്ന മരങ്ങളും അതിനു ചേര്‍ന്ന തണുപ്പുള്ള കാലാവസ്ഥയും സന്ദര്‍ശകരെ ഭൂതകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ പര്യാപ്തമാണ്.


ഈ ദേവാലയത്തോടു ചേര്‍ന്നുള്ള സെമിത്തേരിയില്‍ വളരെ പഴയ കുറേ കല്ലറകള്‍ കാണാം. പലതും ഇടിഞ്ഞു പൊളിഞ്ഞിരിക്കുന്നു. ഉയര്‍ന്നു നില്‍ക്കുന്ന കുരിശുരൂപങ്ങളും ആ കല്ലറകളും എനിക്ക് എന്തുകൊണ്ടോ വളരെ ഇഷ്ടമായിരുന്നു, വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ.



ഈ ആഴ്ച അതുവഴി കടന്നു പോയപ്പോള്‍ അവിടെ അല്പസമയം കാര്‍ നിര്‍ത്തി, കുറച്ചു ഫോട്ടോകള്‍ എടുത്തു.


സെമിത്തേരിയിലെ കല്ലറകളിലേക്ക് ക്യാമറ തിരിച്ചപ്പോള്‍, ഒരു കൊച്ചുമാലാഖയുടെ രൂപം പതിച്ച ഒരു കൊച്ചുകല്ലറ കണ്ണില്‍പ്പെട്ടു. കാലപ്പഴക്കത്തില്‍ മാലാഖയുടെ കൈ രണ്ടും ഒടിഞ്ഞുപോയിട്ടുണ്ട്.



പായല്‍ നിറഞ്ഞ അതിലെ ഫലകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

In memory of a joy departed
BRIDGIT MARY
daughter of
Stanley and Eva Rowson
Born November 6th 1932
Died November 4th 1934

രണ്ടുവയസ്സു പ്രായമുള്ള ഒരു കുഞ്ഞിന്റേതാണ് ആ കല്ലറ. ജീവിച്ചിരുന്നുവെങ്കില്‍ ഇന്ന് 85 വയസ്സ് പ്രായമുള്ള ഒരു മുത്തശ്ശിയായിരുന്നേനെ ആ കുഞ്ഞ്.




1685

Read more...

നാട്ടില്‍നിന്നൊരു കുറിപ്പ് - ഒന്ന്

>> Sunday, August 5, 2007

തന്‍‌കാര്യം:

സമയം വെളുപ്പിന് 2:45. നാലുമണിക്കൂര്‍ നീണ്ട യാത്രയ്ക്കുശേഷം ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം ഇ.കെ 532 കൊച്ചി ഇന്റര്‍നാഷനണല്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യാന്‍ മിനിട്ടുകള്‍ മാത്രം അവശേഷിക്കുന്നു. കനത്ത മേഘപാളികള്‍ക്കിടയിലൂടെ ഊളിയിട്ട്, താഴ്ന്ന നിരപ്പിലെത്തി എയര്‍പോര്‍ട്ടിനു മുകളീലൂടെ ഒന്നു വാട്ടമിട്ട് വിമാനം റണ്‍ വേയിലേക്ക് അടുക്കുന്നു. റണ്‍‌വേയിലെ ലൈറ്റുകള്‍ക്കു മധ്യത്തിലേക്ക് വിമാനം ഇറങ്ങുന്നത്, വിമാനത്തിന്റെ മുന്‍ഭാഗത്തുറപ്പിച്ചിരിക്കുന്ന “ഫോര്‍വേര്‍ഡ് ക്യാമറയിലൂടെ“ ഓരൊ സീറ്റിനുമുമ്പിലുമുള്ള സ്ക്രീനില്‍കാണാം.

നീണ്ട ഒരു പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കെത്തുന്നതിന്റെ ആഹ്ലാദം എല്ലാ യാത്രക്കാരുടെ മുഖങ്ങളിലും ഉണ്ട്. വിമാനത്തിന്റെ ടയറുകള്‍ റണ്‍‌വേയില്‍ തൊട്ട നിമിഷം തന്നെ സീ‍റ്റ് ബെല്‍റ്റുകള്‍ അഴിയ്ക്കുന്ന ശബ്ദം പലസീറ്റുകളില്‍ നിന്നും ഉയര്‍ന്നുകേട്ടു.

ലാന്റിംഗിനുശേഷം വിമാനം പാര്‍ക്കുചെയ്തതിനുശേഷമേ സീ‍റ്റ് ബെല്‍റ്റുകള്‍ അഴിക്കാവൂ എന്നും, അതിനുശേഷം വളരെ ശ്രദ്ധിച്ചുമാത്രമെ സീറ്റുകള്‍ക്കു മുകളിലുള്ള ബാഗേജ് സ്റ്റോറുകള്‍ തുറക്കാവൂ എന്ന പതിവു അറിയിപ്പുകള്‍ പലരും അവഗണിച്ചിരിക്കുന്നു. മാത്രവുമല്ല, തറയിലൂടെ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ത്തന്നെ സീറ്റില്‍നിന്നു പലരും എഴുനേല്‍ക്കുന്നു, ബാഗേജ് സ്റ്റോറേജുകള്‍ തുറന്ന അവരുടെ ഹാന്റ് കാരിബാഗുകള്‍ എടുക്കാന്‍ തിടുക്കം കൂട്ടുന്നു.... !! ഇതൊക്കെ കണ്ട് വിമാന ജീവനക്കാര്‍ നല്‍കുന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ (സ്വസ്ഥാനങ്ങളില്‍ ഇരിക്കുവാന്‍) അവരൊന്നും കൂട്ടാകുന്നതേയില്ല.

എന്തൊരു കഷ്ടം. നാം, മലയാളികള്‍, ഇന്ത്യാക്കാര്‍, എന്തേ ഇങ്ങനെ? സുരക്ഷാ മുന്നറിയിപ്പുകളും, നിര്‍ദ്ദേശങ്ങളും നമുക്ക് ബാധകമല്ലേ? നമ്മുടെ സുരക്ഷയ്ക്കും, നമ്മോടുകൂടെ യാത്രചെയ്യുന്ന മറ്റുള്ളവരുടെ സുരക്ഷയും നാ അവഗണിക്കുന്നതെന്തിനാണ്? വേവുവോളം കാക്കാമെങ്കില്‍ ആറുവോളം ഒന്നു കാത്തുകൂടേ? പ്ലെയില്‍നില്‍ കയറാനായാലും ബസില്‍ കയറാനായാലും മലയാളി ഒരുപോലെതന്നെ. എല്ലാക്കാര്യങ്ങളിലുമുള്ള ധൃതിയും താന്‍പോരിമയും - അതല്ലാതെ എന്തു പറയാന്‍ !

മഴ മഴ:

ഓഗസ്റ്റ് ആദ്യവാരമായി. മഴയ്ക്ക് അല്പം ശമനമുണ്ട്. തോരാതെ പെയ്യുന്ന മഴയും, നിറഞ്ഞുകിടക്കുന്ന പാടശേഖരങ്ങളുമൊന്നും ഇപ്പോള്‍ കാണാനില്ല. എന്നാലും എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലേക്ക് വരുന്ന വഴി നല്ലോരു പെരുമഴ കാണാന്‍ സാധിച്ചു. ഫോട്ടോയെടുക്കാന്‍ പറ്റിയ ലൈറ്റ് ഉണ്ടായിരുന്നില്ല. മഴക്കാലമായതിനാല്‍ എഞൊരു പച്ചപ്പ്! സുന്ദരകേരളത്തിന്റെ പ്രകൃതിഭംഗി ആവോളം ആസ്വദിക്കാന്‍ പറ്റിയ കാലം.


കുളംതോണ്ടിയ റോഡുകള്‍:

മധ്യകേരളത്തിലെ റോഡുകളുടെ അവസ്ഥയൊന്നും പറയാതിരിക്കുകയാണ് ഭേദം. ഒരു മണിക്കൂറ് എം.സി. റോഡിലൂടെ യാത്ര ചെയ്താല്‍ പുറംവേദന ഉറപ്പ്. (എം.സി. റോഡ് മാത്രമല്ല, മിക്ക റോഡുകളും അങ്ങനെ തന്നെ). നടുവിന് കുഴമ്പിട്ട് കിഴിവെയ്ക്കണം. വെള്ളം മുങ്ങിക്കിടക്കുന്ന ഭാഗങ്ങളാണെങ്കില്‍ കുഴിയേത് റോഡ് ഏത് എന്ന് തിരിച്ചറിയാന്‍തന്നെ പ്രയാസം. കാറിനേക്കാള്‍ ഭേദം ബസ് യാത്രകളെന്നു തോന്നുന്നു. ആരുടെയൊക്കെയോ ഭാഗ്യംകൊണ്ട് ഈ റോഡ് യാത്രകള്‍ ഓരോദിവസവും എങ്ങനെയൊക്കെയോ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നു. പതി ബെല്‍ കമ്പനി എം.സി. റോഡ് പണിയും ഉപേക്ഷിച്ച് കേരളം വിട്ടു. ആദ്യം കോണ്‍ഗ്രസും അതിനുശേഷം വന്ന കമ്യൂണിസ്റ്റ് ഗവര്‍മെന്റും മാറിമാറി കൈക്കൂലി ആവശ്യപ്പെട്ടത്രേ; പാവം ലീ തുങ്ങിമരിച്ചു! എം.സി.റോഡ് എന്ന ശങ്കരന്‍ പിന്നെയും തെണില്‍ത്തന്നെ.

പനി എന്ന മാരണം:

പകര്‍ച്ചപ്പനിയെപ്പറ്റിയുള്ള ഭയത്തോടെയാണ് നാട്ടിലേക്കെത്തിയതുതന്നെ. വീട്ടിലെല്ലാവര്‍ക്കും പനി വന്ന് മാറിയിട്ട് മാസം ഒന്നിനുമേലായി. എന്നിട്ടും അതിന്റെ ബാക്കിപത്രങ്ങള്‍ എല്ലാവരിലും ഉണ്ട്. സന്ധികളില്‍ വേദന, വൈകുന്നേരമാവുന്നതോടെ മന്തുപോലെയാവുന്ന കാല്‍ പാദങ്ങള്‍, തളര്‍ച്ച, പേശികളില്‍ കഠിന വേദന ഇങ്ങനെ പലവിധ അസ്വാസ്ഥ്യങ്ങള്‍. ഹൃദ്രോഗം പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഒരു അയല്‍ക്കാരനെ സന്ദര്‍ശിക്കുവാന്‍ ഒന്നു പോകേണ്ടിവന്നു. ഫിസിഷ്യന്റെ മുറിയുടെ വാതില്‍ക്കല്‍ ഒരു സമ്മേളനത്തിനുള്ള ആള്‍ക്കൂട്ടം. എല്ലാം പനിരോഗികള്‍!! സന്ധ്യയായാല്‍ കൊതുകുകളുടെ കൂട്ടം ആക്രമിക്കാന്‍ വരികയായി. ഇതു കൊതുകോ, പനിയോ മറ്റെന്തിലും മഹാമാരിയോ? ആര്‍ക്കറിയാം? ഈശ്വരോ രക്ഷതു !

തുടരും..... (വേണോ?)

Read more...

പ്രകൃതി ദുരന്തങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍

>> Thursday, June 14, 2007

ലോകഭൂപടത്തില്‍ ഒന്നു കണ്ണോടിച്ചാല്‍ മനസ്സിലാവും ഇന്തോനേഷ്യമുതല്‍ ഇന്ത്യന്‍ ഉപഭൂഘണ്ഡംവരെയുള്ള ഭൂവിഭാഗം (കടല്‍) ഭൂമിയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്രയോ ചെറിയ ഒരു ഭാഗമാണെന്ന്. ഒരു “ട്ട” വട്ടം മാത്രം. എങ്കിലും 2004 ഡിസംബര്‍ 24 ന്‌ ആ കടല്‍ത്തട്ടൊന്നിളകി മറിഞ്ഞപ്പോഴുണ്ടായ സുനാമിയില്‍പ്പെട്ട്‌ മൂന്നുലക്ഷം ആള്‍ക്കാരാണ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ നാമാവശേഷമായത്‌. ഒപ്പം മറ്റനേകം ജീവജാലങ്ങളും മനുഷ്യന്‍ കെട്ടിപ്പടുത്ത സ്വപ്നങ്ങളും സൗധങ്ങളും! മതിലുപോലെ ഉയര്‍ന്നുപൊങ്ങി,മുമ്പില്‍ക്കണ്ടതെല്ലാം നക്കിത്തുടച്ചുകൊണ്ട്‌ രാക്ഷസത്തിരമാലകള്‍ കടന്നുപോയി.

"കട്രീന" എന്നൊരു ചുഴലിക്കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചപ്പോള്‍ ലോകശക്തിയായ അമേരിക്കയുടെ ആധുനിക ടെക്നോളജികളൊന്നും തന്നെ അതിനെ തടുത്തുനിര്‍ത്താന്‍ പര്യാപ്തമായിരുന്നില്ല. അവിടെയും പ്രകൃതിയുടെ സംഹാര താണ്ഡവത്തിനു മുമ്പില്‍, മനുഷ്യന്‍ നിസ്സഹായനാവുന്നത്‌ നാം കണ്ടു. വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകരാറിലായി, വൈദ്യുതവിതരണം ദിവസങ്ങളോളം ഇല്ലാതെയായി, എന്തിന്‌ ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും പോലും സുലഭമായി ലഭിക്കാത്ത സ്ഥിതിവന്നു.

ലത്തൂരില്‍ ഒരു ഗ്രാമം മുഴുവന്‍ സുഖസുഷുപ്തിയിലായിരുന്ന ഒരു പ്രഭാതത്തില്‍ ഭൂമിയൊന്നിളകിയപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടത്‌ ലക്ഷത്തോളം ആളുകള്‍ക്കായിരുന്നു. കുടിലുകളും, ബലമുള്ളതെന്ന് കരുതിയിരുന്ന കെട്ടിടങ്ങളും സെക്കന്റുകള്‍ക്കുള്ളില്‍ തകര്‍ന്നടിഞ്ഞു. അവയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനും മരണത്തിനും ഇടയില്‍ അനേകായിരങ്ങള്‍ മല്ലടിച്ചു. ഒമാനില്‍ "ഗോനു" എന്ന ചുഴലിക്കാറ്റ്‌ വന്‍ നാശനഷ്ടങ്ങളും ആള്‍നാശവും ഉണ്ടാക്കിയിട്ട്‌ ദിവസങ്ങള്‍മാത്രമേ ആയിട്ടുള്ളൂ. അതിശക്തമായ മഴയായിരുന്നു അവിടെ നാശനഷ്ടങ്ങള്‍ വരുത്തിവച്ചത്‌. പ്ലേഗ്‌ എന്ന മഹാമാരി ഇന്ത്യയില്‍ വന്‍ ദുരന്തം ഉണ്ടാക്കിവച്ചിട്ട്‌ അധികം നാളുകളായിട്ടില്ല.

ഈ ദുരന്തങ്ങള്‍ ഓരോന്നും ശ്രദ്ധിച്ചാല്‍ നമുക്ക്‌ ചില പാഠങ്ങള്‍ വ്യക്തമാവും. പ്രകൃതി ശക്തികളുടെ മുമ്പില്‍ നാം മനുഷ്യലോകം നമുക്കുണ്ടെന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന വികസനവും, ബുദ്ധിയും, ടെക്നോളജിയും ഒന്നുംതന്നെ ഒന്നുമല്ല എന്നതാണ്‌ ഒന്നാമത്തെ പാഠം. ആ ശക്തികള്‍ക്കു മുമ്പില്‍ വെള്ളക്കാരനും, ഏഷ്യക്കാരനും, ആഫ്രിക്കക്കാരനും, ക്രിസ്ത്യാനിയും, മുസല്‍മാനും, ഹിന്ദുവും, പണക്കാരനും, പാവപ്പെട്ടവനും ഒരുപോലെ; എന്തിനേറെ മനുഷ്യനും, മൃഗവും, പക്ഷിയും എല്ലാജീവജാലങ്ങളും ഒരുപോലെ. ഇത്‌ രണ്ടാമത്തെ പാഠം. നശ്വരമെന്ന് നാം കരുതുന്ന പലതും നിമിഷങ്ങള്‍കൊണ്ട്‌ ഇല്ലാതാക്കാന്‍ ഈ ശക്തികള്‍ക്കു നിമിഷങ്ങള്‍ മതി എന്നത്‌ മൂന്നാമത്തെ പാഠം.

ഇതൊക്കെ ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രം. അവിടെനിന്ന് പുറത്തേക്കൊന്നു കടന്നു ചിന്തിച്ചാലോ? അതിവേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഗോളങ്ങള്‍ (വസ്തുക്കള്‍) നിറഞ്ഞ ഒരു പ്രപഞ്ചം. ചിലവ സ്വയം കത്തിജ്വലിക്കുന്നു, ചിലവ മറ്റുചില സംവിധാനങ്ങളെ പ്രദക്ഷിണം ചെയ്യുന്നു. എല്ലാം നിശ്ചിതമെന്നു നാം കരുതുന്ന ഭ്രമണപഥങ്ങളിലൂടെ. ചില വസ്തുക്കള്‍ക്ക്‌ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു, അവയ്ക്കിടയില്‍ എവിടെയൊക്കെയോ തമോദ്വാരങ്ങള്‍ എന്നറിയപ്പെടുന്ന, അതിന്റെ പരിസരത്തെത്തുന്ന എന്തിനേയും വിഴുങ്ങിക്കളയുവാന്‍ ശേഷിയുള്ള അദൃശ്യ ചുഴികള്‍. ഈ ഭ്രമണപഥങ്ങളിലൊന്നില്‍ നമ്മുടെ കൊച്ചുഭൂമി എന്നെങ്കിലും എത്തിപ്പെട്ടാല്‍, മറ്റൊരു ആകാശ ഗോളം ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ മനുഷ്യലോകത്തിന്‌ അതു തടുക്കുവാന്‍ അധികമൊന്നും ചെയ്യുവാനുണ്ടാവില്ല. അത്തരതിലുള്ളതില്‍ വളരെ ചെറിയതൊന്ന് നമ്മുടെ മഹാസമുദ്രങ്ങളിലൊന്നില്‍ പതിച്ചാലുണ്ടാവുന്ന സുനാമിത്തിരകള്‍ എത്ര പ്രഹരശേഷിയുള്ളതായിരിക്കും! (ഭാഗ്യവശാല്‍ ഉടനെയൊന്നും ഭൂമി അത്തരം ഭീഷണികളിലല്ല എന്ന് ശാസ്ത്രലോകം നിലവിലുള്ള അറിവുകള്‍ വച്ച്‌ പറയുന്നു).

പിന്നെയെന്തിനാണ്‌ ഇത്ര നിസ്സാരനായ മനുഷ്യന്‍ പ്രകൃതിയെ ദ്രോഹിക്കുന്നത്‌? പരസ്പരം പോരടിക്കുന്നത്‌? രാജ്യങ്ങള്‍ തമ്മില്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്നത്‌? വര്‍ഗ്ഗീയ ലഹളകളുടെ പേരില്‍ പരസ്പരം വെട്ടി മരിക്കുന്നത്‌? കൊടിയ ഭീകരതയുടെ മുഖം ലോകത്തില്‍ അവിടവിടെയായി കാണിക്കുന്നത്‌? ആയുധങ്ങളും ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളേയും ഒറ്റയടിക്ക്‌ നശിപ്പിക്കുവാന്‍ ശേഷിയുള്ള അണുബോംബുകള്‍ കൈവശം വയ്ക്കുന്നത്‌? എല്ല്ലാത്തിന്റെയും ഉത്തരം ഒന്നുതന്നെ - പ്രകൃതിയുടെ മുമ്പില്‍ അവന്‍ എന്താണ്‌, എത്രത്തോളമുണ്ട്‌ എന്ന് അറിയാത്ത അജ്ഞത. അല്ലെങ്കിലും മനുഷ്യവംശം എന്നും ഇങ്ങനെയൊക്കെയായിരുന്നു. ഈ കാലഘട്ടത്തില്‍ അതല്‍പ്പം കൂടി എന്നു മാത്രം.

പ്രകൃതി ദുരന്തങ്ങള്‍ നല്‍കുന്ന നാലാമത്തെ ഗൃഹപാഠം അതാണ്‌. ഈ ജീവിതം അല്‍പകാലത്തേക്ക്‌ മാത്രമേയുള്ളു. ആ കാലഘട്ടം നമ്മളാല്‍ കഴിയുംവിധം നമുക്കും മറ്റുള്ളവര്‍ക്കും, ഈ പ്രകൃതിയ്ക്കും പ്രയോജനകരമാംവണ്ണം ജീവിച്ച്‌, ആനന്ദിക്കുക.

1393

Read more...

വിദ്യാലയ മുറ്റത്തേക്കൊരു തീര്‍ത്ഥയാത്ര - മൂന്നാം ഭാഗം

>> Tuesday, June 12, 2007

(ഒന്നാം ഭാഗം ഇവിടെ)
(രണ്ടാം ഭാഗം ഇവിടെ)

അസൗകര്യങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും ഇടയിലും അന്നത്തെ പി.എം.ജി സ്കൂളിന്‌ മറ്റുചില നല്ല വശങ്ങള്‍ ഉണ്ടായിരുന്നു. സ്കൂള്‍ നിറയെ കുട്ടികള്‍, ഏതാണ്ട്‌ 1500 ഓളം, അര്‍പ്പണബോധമുള്ള ഒരു സംഘം അധ്യാപകര്‍,പഠിക്കുവാന്‍ മിടുക്കരായ കുറേ കുട്ടികളും. ഒരു യു.പി. സ്കൂളിനു വേണ്ടത്ര ലബോറട്ടറി സൗകര്യം, അത്യാവശ്യം ഒരു ലൈബ്രറി, പ്രവര്‍ത്തിപരിചയ വര്‍ക്ക്‌ ഷോപ്പ്‌ തുടങ്ങിയ സൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു. ഇതുകൊണ്ടുത്തന്നെ പേപ്പര്‍മില്ലിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ കുട്ടികളും ചുറ്റുപാടുമുള്ള സാധാരണക്കാരുടെ എല്ലാകുട്ടികളും ഈ സ്കൂളിനെത്തന്നെയാണ്‌ പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത്‌.

സ്കൂള്‍ ബാലകലോത്സവങ്ങളിലും, സ്പോര്‍ട്സ്‌ മത്സരങ്ങളിലും മറ്റും എത്ര "റോഫികളാണ്‌" ഞങ്ങള്‍ നേടിയത്‌ എന്നറിയാമോ? "നേടിയെടുത്തേ, നേടിയെടുത്തേ ട്രോഫി ഞങ്ങള്‍ നേടിയെടുത്തേ" എന്ന മുദ്രാവാക്യം വിളികളുമായി പി.എം.ജി.യിലെ കുട്ടികള്‍ ജാഥയായി നടന്നുപോകുന്നത്‌ അസൂയയോടെയാണ്‌ മറ്റു സ്കൂളുകള്‍ അന്ന് നോക്കിനിന്നിരുന്നത്‌.

അന്നൊക്കെ അധ്യാപകരെ എല്ലാവരേയും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ "സാര്‍" എന്നാണ്‌ വിളിക്കുന്നത്‌. ഒന്നാം ക്ലാസില്‍ എന്റെ ക്ലാസ്‌ടീച്ചര്‍ ലില്ലിക്കുട്ടിസാര്‍ ആയിരുന്നു. രണ്ടില്‍ സെബാസ്റ്റ്യന്‍ സാര്‍, മൂന്നില്‍ കേശവന്‍ സാര്‍, നാലില്‍ വിജയമ്മ സാര്‍, അഞ്ചില്‍ വിക്റ്റോറിയ സാര്‍, ആറില്‍ സുലോചന സാര്‍, ഏഴില്‍ തങ്കപ്പന്‍ സാര്‍ - ഇവരായിരുന്നു എന്റെ ക്ലാസ്‌ അധ്യാപകര്‍. മറ്റുള്ളവരെപ്പറ്റി ഇനിയൊരിക്കല്‍ എഴുതാം.

2004 ല്‍ അവധിക്കുപോയപ്പോള്‍ പഴയ വിദ്യാലയം ഒന്നു കാണുവാനായി ഞാന്‍ പി.എം.ജി.യിലേക്ക്‌ പോയി. ഒപ്പം കുടുംബവും, അവിടുത്തെ അദ്ധ്യാപകരായിരുന്ന എന്റെ മാതാപിതാക്കളും. ഒരു സേവനവാരത്തിന്‌ ഞങ്ങള്‍ ഉണ്ടാക്കിയെടുത്ത ചരിഞ്ഞ റോഡിലൂടെ, കാര്‍ സ്കൂള്‍മുറ്റത്തേയ്ക്ക്‌ ഇറക്കുമ്പോള്‍ എന്റെ ചിന്തകള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ പായുകയായിരുന്നു. അന്നൊക്കെ ഒരു കാര്‍ സ്കൂളില്‍ വന്നാല്‍ കുട്ടികള്‍ക്ക്‌ ഉത്സവമായിരുന്നു. പൂരപ്പറമ്പില്‍ ആനയ്ക്കുചുറ്റും കൂടുന്നതുപോലെ കാറിനു ചുറ്റും പിള്ളേര്‍ കൂടും. ഇന്നതൊക്കെ മാറി. നല്ല കാര്യം.

സ്കൂള്‍ മുത്തശ്ശിയായി വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നു. ഡിവിഷനുകളും കുട്ടികളും ഇപ്പോള്‍ നന്നെ കുറവ്‌. അല്ലെങ്കിലും നാട്ടില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ആര്‍ക്കുവേണം? എല്ലാവരും “മംഗ്ലീഷ് മീഡിയം” സ്കൂളുകളുടെ പിന്നാലെയല്ലേ പോക്ക്! ഉള്ള കുട്ടികളും അദ്ധ്യാപകരും പഠിപ്പില്‍ വ്യാപൃതരായിരിക്കുന്നു. എന്റെ മനസ്സില്‍ ഒരു ഫുഡ്ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പം ഉണ്ടായിരുന്ന പഴയ സ്കൂള്‍മുറ്റം വളരെ ചെറുതായി ഇപ്പോള്‍ തോന്നി. നെഞ്ചൊപ്പം ഉയരമുണ്ടായിരുന്ന ഷെഡ്ഡിന്റെ അരഭിത്തിയ്ക്ക്‌ ഇപ്പോള്‍ അരയറ്റം പോലും ഉയരമില്ല. അന്നു ഞങ്ങള്‍ നിറഞ്ഞിരുന്നു പഠിച്ചിരുന്ന ക്ലാസ് റൂമുകള്‍ക്കും മനസ്സിലുള്ളതിനേക്കാള്‍ വലിപ്പക്കുറവ്! കുട്ടികളായിരിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ പതിയുന്ന ചിത്രങ്ങള്‍, വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ് നമ്മള്‍ വീണ്ടും കാണുന്നതെങ്കില്‍ നമ്മുടെ മനസ്സിനു തോന്നുന്ന അന്തരം എത്രവലുതണെന്ന് അന്നെനിക്കു മനസ്സിലായി.

അന്നത്തെ പഴയ ചേങ്ങില ബെല്‍ മാത്രം അതുപോലെ ആ വരാന്തയില്‍ തൂങ്ങുന്നുണ്ട്‌. അതുപോലെ മറ്റൊരു സേവനവാരത്തിനുണ്ടാക്കിയെടുത്ത സ്റ്റേജും അരികും മൂലയും ഇടിഞ്ഞ് ഒരുവശത്തായി നില്‍ക്കുന്നു; പണ്ട് അവിടെ നടത്തിയ നാടകങ്ങളും, കലാപരിപാടികളും ആ സ്റ്റേജിലെ ഓരോകല്ലും ഇന്നും ഓര്‍ക്കുന്നുണ്ടാവണം! ഹെഡ്മാസ്റ്ററുടെ മുറിയില്‍ പഴയ ട്രോഫികളൊക്കെ സ്കൂളിന്റെ പണ്ടത്തെ സുവര്‍ണ്ണകാലത്തെ അയവിറക്കിക്കൊണ്ട്‌ പൊടിപിടിച്ച്‌ ഇരിക്കുന്നുണ്ടായിരുന്നു. അച്ഛനമ്മമാരുടെ പഴയ സഹപ്രവര്‍ത്തകരില്‍ അന്നത്തെ ചില ചെറുപ്പക്കാര്‍ മാത്രം ഇപ്പോഴുമുണ്ട്‌. അന്നത്തെ ചില വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അദ്ധ്യാപകരായി ജോലിനോക്കുന്നു. കുറേസമയം ഞങ്ങള്‍ അവിടെ ചെലവഴിച്ചു, ചിത്രങ്ങള്‍ എടുത്തു.

പഴയ താഴത്തെ ഷെഡ്ഡിന്റെ മുന്നിലൂടെ ഞാന്‍ ദീപയേയും ഉണ്ണിമോളേയും കൊണ്ടുപോയി, എന്റെ ഒന്നാം ക്ലാസ്‌ ഉണ്ണിമോള്‍ക്ക്‌ കാട്ടിക്കൊടുത്തു. അപ്പ പഠിച്ച ഒന്നാം ക്ലാസ്‌ അവള്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ക്കൂടി റാകിപ്പറക്കുന്ന ചെമ്പരുന്തും, മേരിയുടെ കുഞ്ഞാടുമൊക്കെ ഒന്നൊന്നായി കടന്നുപോവുകയായിരുന്നു.

പുലരിയോടൊത്തെന്നും പൂന്തോപ്പിലെത്തുന്ന
പൂമ്പാറ്റക്കുഞ്ഞുങ്ങള്‍ക്കെന്തു ചന്തം!
അവരുടുത്തീടുമാപ്പവാട വിറ്റീടും
കടയേതെന്നമ്മയ്ക്കറിഞ്ഞുകൂടേ?
അതുപോലെ ഒന്നമ്മേ തിരുവോണക്കോടിയായ്‌
അരുമമകള്‍ക്കു തരികയില്ലേ!


1291

Read more...

വിദ്യാലയമുറ്റത്തേക്കൊരു തീര്‍ത്ഥയാത്ര - രണ്ടാം ഭാഗം

>> Monday, June 11, 2007

{ഒന്നാം ഭാഗം ഇവിടെ)

ഇന്റര്‍വെല്ലിന്‌ "പള്ളിക്കടയിലേക്ക്‌" ഒരോട്ടമാണ്‌. സ്കൂളിനു സമീപത്തുള്ള ചെറിയ മുസ്ലിം പള്ളിയോടു ചേര്‍ന്നുള്ള, ഷെരീഫിന്റെ കടയ്ക്കാണ്‌ പള്ളിക്കട എന്നു പറയുന്നത്‌. അവിടെ കുട്ടികല്‍ക്കിഷ്ടമാവുന്ന, പത്തുപൈസയ്ക്കു കിട്ടുന്ന പമ്പരം, ചെറിയ മൃഗങ്ങളുടെ രൂപങ്ങള്‍ തുടങ്ങി, ഗ്യാസ്‌ മുട്ടായി, നാരങ്ങ മുട്ടായി, കടുകുമുട്ടായി, ജീരകമുട്ടായി, പെന്‍സില്‍, പേന, ബുക്ക്‌ ഇങ്ങനെ എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു. പത്തുപൈസ കൈയ്യിലുള്ളവര്‍ ഇതൊക്കെ വാങ്ങി വരുമ്പോള്‍ കളിക്കാന്‍ അതില്ലാത്തവരെയും കൂട്ടും. മറ്റൊന്നുമില്ലെങ്കില്‍ ചീനി (കപ്പ) യുടെ കായയുടെ തൊലിയിളക്കിക്കളഞ്ഞ്‌ അതിലൊരു ചെറിയ ഈര്‍ക്കില്‍ തിരുകിയ പമ്പരമെങ്കിലും ചിലരൊക്കെ സ്കൂളില്‍ കൊണ്ടുവരുമായിരുന്നു.

ഇന്റര്‍വെല്ലാവുമ്പോള്‍ അടുത്തുള്ള, ഉണ്ണൂണ്ണിച്ചായന്റെ ചായക്കടയില്‍നിന്ന് അധ്യാപര്‍ക്ക് ചായ വരും. ആറു വളയങ്ങള്‍ ഒന്നിച്ചുചേര്‍ത്തിണക്കി, അതില്‍ റ പോലൊരു കൊളുത്തും ഉറപ്പിച്ച ഒരു കാരിയറിലാണ് കുപ്പിഗ്ലാസുകളില്‍ പകര്‍ന്ന ചായകൊണ്ടുവരുന്നത്. ഇടയ്ക്കൊക്കെ ചായ ഓര്‍ഡര്‍ കൊടുക്കാനായി കുട്ടികളും അങ്ങോട്ട് മെസഞ്ചര്‍മാരായി ഓടിയിരുന്നു.

ഉച്ചയായാല്‍ ഉപ്പുമാവിന്‌ സമയമായി. അന്നൊക്കെ അമേരിക്കയില്‍നിന്ന് വരുന്ന ഗോതമ്പും, എണ്ണയും, പിന്നീട്‌ പാല്‍പ്പൊടി കുറുക്കിയതും ഒാട്സും ഒക്കെ സ്കൂളുകളില്‍ ഉച്ചയ്ക്ക്‌ പാവപ്പെട്ട കുട്ടികളെ ഉദ്ദേശിച്ച്‌ നല്‍കിയിരുന്ന ഒരു പദ്ധതിയുണ്ടായിരുന്നല്ലോ. ("CARE" എന്നായിരുന്നു ഈ പദ്ധതിയുടെ പേര്‌). എന്നാലും വെന്ത ഉപ്പുമാവില്‍ ബട്ടര്‍ ഓയില്‍ ചേര്‍ക്കുമ്പോഴുള്ള മണം എല്ലാ കുട്ടികള്‍ക്കും വലിയ പ്രിയമായിരുന്നു. അതിനാല്‍ത്തന്നെ ഉപ്പുമാവുതിന്നാനുള്ള കൂട്ടത്തില്‍ ഞങ്ങളെല്ലാം ഉണ്ടാവും. വട്ടയിലയിലും, വീട്ടില്‍ നിന്നു കൊണ്ടുവരുന്ന പാത്രത്തിലുമൊക്കെയാണ്‌ തീറ്റി. സദ്യയുണ്ണാനിരിക്കുന്നതുപോലെ, രണ്ടോമൂന്നോ പന്തിയായി കുട്ടികള്‍ താഴത്തെ ഷെഡ്ഡില്‍ ഇരിക്കും. അഞ്ചാറു മാഷുമാരും പ്യൂണും ചേര്‍ന്ന് വിളമ്പും. എല്ലാം കഴിച്ചുകഴിഞ്ഞിട്ടേ എണീക്കാവൂ എന്ന കര്‍ശന നിര്‍ദ്ദേശം ഹെഡ്മാസ്റ്റര്‍ നല്‍കിയിരുന്നെങ്കിലും, പന്തി മുഴുവന്‍ വിളമ്പിക്കഴിയുന്നതിനു മുമ്പുതന്നെ ആദ്യം കിട്ടിയവര്‍ എഴുന്നേറ്റോടിയിരിക്കും.

ഉച്ചയ്ക്കുള്ള ഒരുമണിക്കൂര്‍ ബ്രേക്കിന്‌ ഞങ്ങള്‍ അമ്മയോടൊപ്പം വീട്ടിലേക്ക്‌ പോകും, ചോറുണ്ണാന്‍. തിരിച്ചെത്തുമ്പോഴേക്ക്‌ കൂട്ടുകാര്‍ സ്കൂള്‍ മുറ്റത്ത്‌ കുട്ടീംകോലും, ഗോലിയും, കബഡിയുമൊക്കെ കളിക്കുന്നുണ്ടാകും. പെണ്‍കുട്ടികള്‍ക്ക്‌ പ്രിയം അക്ക്‌ കളി എന്നറിയപ്പെട്ടിരുന്ന, കളത്തില്‍ ഒരു ഓട്ടു കഷണം എറിഞ്ഞ്‌ അതില്‍ ഒറ്റക്കാലില്‍ ചാടിച്ചാടി എത്തുന്ന കളിയിലായിരുന്നു. ചെറിയ കുപ്പിവളപ്പൊട്ടികള്‍ പെറുക്കിക്കൂട്ട് “സെറ്റ് കളി“ എന്നൊരു കളിയും അവരുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇതു കൂടാതെ സാറില്ലാത്ത പീരിഡുകളില്‍ കളിക്കാന്‍ ഈര്‍ക്കില്‍ (ഒരമ്മ ഈര്‍ക്കിലിയും പത്തു മക്കളും) കളംവെട്ട്‌ തുടങ്ങിയ ഇന്‍ഡോര്‍ ഗെയിമുകളും, പേപ്പര്‍ മടക്കിയുണ്ടാക്കുന്ന പ്ലെയിന്‍ പറത്തലുകളും ആണ്‍കുട്ടികള്‍ക്ക് വളരെ പ്രിയം. "അക്കുത്തിക്കുത്താന വരമ്പേല്‍ കല്ലേകുത്ത്‌ കരിങ്കുത്ത്‌.... (അത്തളപിത്തളയുടെ മറ്റൊരു രൂപം) പെണ്‍കുട്ടികളുടെ ഇടയിലായിരുന്നു പ്രശസ്തം.

തീപ്പെട്ടി പടം കളക്ഷന്‍, തിയേറ്ററുകളില്‍ നിന്നും വരുന്ന സിനിമ ഫിലിം ഓരോ ഫ്രെയിമായി മുറിച്ചതിന്റെ കളക്ഷന്‍ തുടങ്ങിയവയും വളരെ താല്‍പര്യമുള്ള കാര്യങ്ങളായിരുന്നു കുട്ടികള്‍ക്ക്‌. ഇത്രയും തീപ്പെട്ടി പടങ്ങള്‍ എവിടെനിന്നാവോ അക്കാലത്ത്‌ വന്നത്‌! അതും തീപ്പെട്ടിയില്‍ പശതേച്ച്‌ ഒട്ടിക്കാത്തവ. "ദേവി" തീപ്പെട്ടിയുടെ പടമായിരുന്നു ഏറ്റവും കൂടുതല്‍ കണ്ടിട്ടുണ്ടായിരുന്നത്‌. തീപ്പെട്ടി പടങ്ങള്‍ ഒട്ടിച്ചു ചേര്‍ത്ത ഒരു വലിയ ബുക്കുതന്നെ ഞങ്ങള്‍ക്കെല്ല്ലം സ്വന്തമായുണ്ടായിരുന്നു. . കടംകഥ ചോദിച്ച്‌ ഉത്തരം മുട്ടുമ്പോള്‍ "സുല്ലിട്ട്‌" ഉത്തരം വാങ്ങും. ഇടയ്ക്കൊക്കെ തൊട്ടതിനും പിടിച്ചതിനും പിണങ്ങുമ്പോള്‍ രണ്ടുകൈയ്യിലേയും ചൂണ്ടുവിരല്‍ കൊണ്ട്‌ വെട്ടി "ചണ്ട" (ശണ്ഠ??) പറയുകയും, കവിള്‍ വീര്‍പ്പിച്ച്‌ കൈചുരുട്ടി ഇടിച്ചുപൊട്ടിച്ച്‌ പിണക്കം അറിയിക്കുകയും ചെയ്തതൊന്നും അധികം നേരത്തേക്ക്‌ നീണ്ടുനില്‍ക്കുകയില്ലായിരുന്നു. പിള്ളമനസ്സില്‍ കള്ളമില്ലല്ലോ?

പുതിയ ക്ലാസിലെത്തി പുതിയ പുസ്തകങ്ങള്‍ കൈയ്യിലെത്തിയാലുടന്‍ തന്നെ നടുവിലുള്ള ഒരു പേജിനിടയിലേക്ക്‌ ഒരു മയില്‍പ്പീലി വയ്ക്കും. മുഴുവന്‍ പീലിയൊന്നുമില്ല, ഒരു കുഞ്ഞുതണ്ടു മാത്രം. അതിന്റെ കൂടെ തെങ്ങിന്റെ ഇളം ഓലയുടെ വശത്തുനിന്നും ചുരണ്ടിയെടുത്ത ഒരു പൊടിയും വയ്ക്കും. കുറേ നാളുകള്‍ കഴിയുമ്പോള്‍ മയില്‍പീല്‍ പ്രസവിക്കുമത്രേ. കൂടെക്കൂടെ തുറന്നു നോക്കിയാല്‍ പ്രസവിക്കില്ലാന്നും ഒരു വിശ്വാസമുണ്ടായിരുന്നു. ഏതായാലും എന്റെ പുസ്തകങ്ങളില്‍ വച്ച പീലികളൊന്നും പ്രസവിച്ചില്ല. അതിനാല്‍ വലിയ പീലിയുടെ ഒരറ്റം കുഞ്ഞായിമുറിച്ച്‌ അതായിരുന്നു കൂട്ടുകാരുടെ ഇടയില്‍ കൊണ്ടുപോയി പ്രദര്‍ശിപ്പിച്ചിരുന്നത്‌. രണ്ടാം ക്ലാസില്‍ വച്ച് അറുമുഖന്‍ ഒരു മുഴുവന്‍ പീലി കൊണ്ടുവന്നു. അവന്റെ അച്ച്ചന്‍ പളനിക്കുപോകാന്‍ കാവടി ഉണ്ടാക്കിയപ്പോള്‍ അതില്‍ നിന്നും അവന്‍ എടുത്തതായിരുന്നത്രേ!

(മൂന്നാം ഭാഗം ഇവിടെ)

Read more...

വിദ്യാലയ മുറ്റത്തേക്കൊരു തീര്‍ത്ഥയാത്ര - ഒന്നാം ഭാഗം

>> Sunday, June 10, 2007

വീണ്ടും ഒരു ജൂണ്‍ മാസം വന്നെത്തി. നാട്ടില്‍ വീണ്ടും സ്കൂള്‍ തുറന്നു; ഒപ്പം പതിവുപോലെ മഴക്കാലവും വന്നെത്തിയിരിക്കുന്നു. സ്കൂള്‍ തുറക്കുന്ന ഒാര്‍മ്മകളൊടൊപ്പം മഴയുടെ ഇരമ്പലും എന്റെ ഓര്‍മ്മകളെ ഇപ്പോഴും കുളിര്‍പ്പിക്കാറുണ്ട്‌. രാത്രിയിലും പകലും തോരാതെ ചന്നംപിന്നം പെയ്യുകയും ചിലപ്പോഴൊക്കെ തുള്ളിക്കൊരുകുടം വീതം ആര്‍ത്തലച്ചു പെയ്യുകയും ചെയ്യുന്ന മഴ. ആഴമുള്ളകിണറുകളും, കുളവും പറമ്പും വയലും നിറഞ്ഞു കിടക്കുന്ന മഴക്കാലം.

മഴയെ ഒഴിച്ചു നിര്‍ത്തിയ ഒരു സ്കൂള്‍വര്‍ഷാരംഭം, എന്റെ ഓര്‍മ്മയില്‍ 1980 കളിലെ ഏതോ ഒരു വര്‍ഷം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നു തോന്നുന്നു. പ്രൈമറി സ്കൂളിലായിരുന്നപ്പോള്‍, മഴയത്ത്‌ കുടയും പിടിച്ച്‌, പുതുവെള്ളം കുത്തിയൊഴുകുന്ന കൈത്തോട്‌ കടന്ന്, ഞങ്ങള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും വയല്‍ വരമ്പിലൂടെ നടന്ന് സ്കൂളിലെത്തുമ്പോഴേക്കും കാലുകള്‍ നന്നായി തണുക്കുന്നുണ്ടാവും. എങ്കിലും എന്ത്‌ രസമായിരുന്നു ആ യാത്ര. സ്ലെയിറ്റും പുസ്തകങ്ങളും വെച്ചുകൊണ്ടുപോകാന്‍ ഒരു പെട്ടിയുണ്ടായിരുന്നു എനിക്ക്‌.തകരപ്പെട്ടി പെയിന്റ്‌ ചെയ്ത്‌ ആ പെയിന്റില്‍ മെഴുകുതിരിയുടെ പുകയിലെഴുതിയ ചിത്രങ്ങള്‍ വരച്ച പെട്ടി സ്കൂള്‍ ബാഗുകളൊന്നും അത്ര പ്രചാരമാവുന്നതിനു മുമ്പ്‌ മാര്‍ക്കറ്റില്‍ കിട്ടിയിരുന്നു. പിന്നീട്‌ അതിനു പകരം അലൂമിനിയം പെട്ടിയായി. ഇടയ്കൊക്കെ പ്ലാസ്റ്റിക്‌ വയറുകൊണ്ട്‌ കട്ടകള്‍ കോര്‍ത്തിണക്കിയുണ്ടാക്കിയ ഒരു സഞ്ചിയും പുസ്തകങ്ങള്‍ കൊണ്ടുപോകാനായി അമ്മ ഉണ്ടാക്കിത്തന്നിട്ടുണ്ടായിരുന്നു.

ഞാന്‍ പ്രൈമറിസ്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചത്‌ പുനലൂര്‍ പേപ്പര്‍ മില്‍സ്‌ ഗവര്‍മന്റ്‌ യു.പി.സ്കൂളിലായിരുന്നു. ഒന്നുമുതല്‍ ഏഴാംക്ലാസ്‌ വരെ അവിടെത്തന്നെയാണ്‌ പഠിച്ചത്‌. എന്റെ മാതാപിതാക്കള്‍ അവിടുത്തെ അധ്യാപകരായിരുന്നു. പേപ്പര്‍മില്ലിന്റെ സമീപം സ്ഥിതിചെയ്യുന്നതിനാലാണ്‌ ഈ സ്കൂളിന്‌ പേപ്പര്‍മില്‍ സ്കൂള്‍ എന്നു പേരു വന്നത്‌. അക്കാലത്തെ ഗവര്‍മന്റ്‌ സ്കൂളുകള്‍ക്കുണ്ടായിരുന്ന പല സൗകര്യക്കുറവുകളും ഈ സ്കൂളിനും ഉണ്ടായിരുന്നു. ഓലമേഞ്ഞ രണ്ടു ഷെഡ്ഡുകള്‍. അരഭിത്തിമാത്രമുള്ള, ഓപ്പണ്‍ എയറായിക്കിടക്കുന്നവ. ഈ ഷെഡ്ഡുകളെ താഴത്തെ ഷെഡ്ഡെന്നും മുകളിലത്തെ ഷെഡ്ഡെന്നുമാണ്‌ അറിയപ്പെട്ടിരുന്നത്‌. താഴത്തെ ഷെഡ്ഡിലായിരുന്നു പ്രൈമറി ക്ലാസുകള്‍. ഇവിടെയായിരുന്നു ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്‌.

രണ്ടാമത്തെ ഷെഡ്ഡിനു മുമ്പില്‍ ഒരു മുറ്റം. അതായിരുന്നു ഞങ്ങള്‍ക്ക്‌ അസംബ്ലികൂടാനും, കളിക്കാനും, സ്പ്പോര്‍ട്ട്സ്‌ പ്രാക്ടീസിനും ഒക്കെയായുള്ള ഒരേയൊരു സ്ഥലം. ഈ മുറ്റത്തിനും അപ്പുറത്തായി സ്കൂളിന്റെ പ്രധാന കെട്ടിടം; ക്രീംകളറും പച്ചയും പെയിന്റടിച്ച ഗവര്‍മന്റ്‌ നിര്‍മ്മിതകെട്ടിടം. അവിടെയാണ്‌ ഹെഡ്മാസ്റ്റര്‍ സി.റ്റി. വര്‍ഗ്ഗീസ്‌ സാറിന്റെ ഓഫീസും, യൂ.പി. സ്കൂളിന്റെ ചില ക്ലാസുകളും പ്രവര്‍ത്തിച്ചിരുന്നത്‌. ഇതു കൂടാതെ മറ്റൊരു ചെറിയ കെട്ടിടവും ഉപ്പുമാവ്‌ പാചകം ചെയ്യാനുള്ള ഒരു ചെറിയ പാചകപ്പുരയും സ്കൂള്‍ കോമ്പൗണ്ടിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു.

ഷെഡ്ഡുകളുടെ അവസ്ഥ അന്ന് വളരെ പരിതാപകരമായിരുന്നു. അരഭിത്തി മാത്രമുള്ള ഈ ഷെഡ്ഡുകളില്‍ നല്ല വായു സഞ്ചാരം ഉണ്ടായിരുന്നുവെങ്കിലും, മഴക്കാലത്ത്‌ ഇവ ചോരും, കാറ്റുള്ളപ്പോള്‍ തൂവാനം അടിച്ച്‌ ക്ലാസിലേക്ക്‌ കയറ്റുകയും ചെയ്യും. പോരാത്തതിന്‌ വല്ലപ്പോഴുമൊക്കെ മേല്‍ക്കൂരയില്‍ വന്നിരിപ്പുറപ്പിക്കുന്ന കാക്കകളുടെ ശല്യവും. ഇവറ്റകള്‍ കുട്ടികളുടെ തലയില്‍ കാഷ്ടിക്കുന്നതു ശല്യമായിത്തീര്‍ന്നപ്പോള്‍ പേപ്പര്‍മില്‍ മാനേജ്‌മന്റ്‌ ഒരു സഹായം ചെയ്തു. നേരിയ ലോഹപ്പട്ടകള്‍ കൊണ്ട്‌, ഒരു ഗ്രില്ല് അരഭിത്തിക്കു മുകളില്‍ പതിച്ചുതന്നു.

പൊതുമരാമത്തു വകുപ്പിനായിരുന്നു സര്‍ക്കാര്‍ സ്കൂളുകള്‍ ഓലകെട്ടിമേയിക്കാനുള്ള ചുമതല അക്കാലത്ത്‌. പതിവു സര്‍ക്കാര്‍ പരിപാടികള്‍ പോലെ ഈ മേച്ചില്‍ പരിപാടി പലപ്പോഴും സമയത്തിനു പൂര്‍ത്തിയായിരുന്നില്ല. അങ്ങനെയുള്ള വര്‍ഷങ്ങളില്‍ ഇടവപ്പാതിക്ക് സ്കൂള്‍ തുറക്കുമ്പോള്‍ ക്ലാസുകള്‍ ചോര്‍ന്നൊലിക്കും. ആ വെള്ളത്തുള്ളികള്‍ക്കിടയില്‍ കുട്ടികള്‍ കലപിലകൂടും, അധ്യാപകരും അവിടെത്തന്നെ അവര്‍ക്കിടയില്‍ ഇടയ്ക്കൊക്കെ ശാസനയുമായി ഇരിക്കും. പിന്നീട്‌ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍നിന്ന് പിരിവെടുത്ത്‌ മേല്‍ക്കൂര ഓടാക്കി മാറ്റി. ഒന്നാം ക്ലാസുമുതല്‍ നാലുവരെയുള്ള ക്ലാസുകളില്‍ ബെഞ്ചോ ഡെസ്കോ ഉണ്ടായിരുന്നില്ല. ഞങ്ങളെല്ലാം തറയിലിരുന്നാണ് പഠിച്ചത്.

ക്ലാസുകള്‍ക്കിടയിലാണെങ്കില്‍ സ്ക്രീനുകളുമില്ല. പൊതുയോഗത്തിന്‌ ആളുകളിരിക്കുന്നതുപോലെ കുട്ടികള്‍ നിരന്നിരിക്കും, ഒരു ക്ലാസില്‍ നാല്‍പ്പതോ അന്‍പതോ കുട്ടികള്‍. സാറിന്‌ ഇരിക്കാന്‍ ഒരു സ്റ്റൂള്‍ അല്ലെങ്കില്‍ ആടുന്നതോ കാലൊടിയാറായതോ ആയ ഒരു കസേര. ചില ക്ലാസുകളില്‍ അതുമില്ലായിരുന്നു. A ആകൃതിയുലുള്ള ഒരു തടിസ്റ്റാന്റില്‍ ഉറപ്പിച്ചിരിക്കുന്ന കറുത്ത പെയിന്റടിച്ച ബോര്‍ഡില്‍ വെളുത്ത ചോക്കുപയോഗിച്ച്‌ അധ്യാപകന്‍ എഴുതുന്നത്‌ കല്ലുപെന്‍സില്‍കൊണ്ട്‌ സ്ലേറ്റിലേക്ക്‌ പകര്‍ത്തിയെഴുതും; എഴുതിയത്‌ മായിക്കാന്‍ മഷിത്തണ്ടു ചെടിയുടെ ഒരു തണ്ടോ അല്ലെങ്കില്‍ ഒരു കുഞ്ഞുകുപ്പിയില്‍ നിറച്ച വെള്ളമോ എപ്പോഴും കൈയ്യിലുണ്ടാവും.

സ്കൂള്‍ യൂണിഫോം പി.എം.ജിയിലെ കുട്ടികള്‍ക്ക് ഇല്ലായിരുന്നു. എന്നും ഇഷ്ടമുള്ള ഡ്രസ് ഇടാം. ഇടയ്ക്കൊരുവര്‍ഷം ക്രീം കളര്‍ ഷര്‍ട്ടും, പച്ചനിറത്തിലെ നിക്കര്‍ ആണ്‍കുട്ടികള്‍ക്ക് /പാവാട പെണ്‍കുട്ടികള്‍ക്ക് എന്നൊരു യൂണിഫോം നിലവില്‍ വന്നെങ്കിലും അധികകാലം അത് നീണ്ടുപോയില്ല. എന്നും രാവിലെ

"അഖിലാണ്‌ഡ മണ്‌ഠലമണിയിച്ചൊരുക്കി.....
അതിനുള്ളിനാന്ദ ദീപം കൊളുത്തി...."

എന്ന പ്രാര്‍ത്ഥനാ ഗാനത്തോടെയാണ്‌ സ്കൂള്‍ ആരംഭിച്ചിരുന്നത്‌. അതിനു മുമ്പ്‌ ഫസ്റ്റ്‌ ബെല്ലും, സെക്കന്റ്‌ ബെല്ലും തേര്‍ഡ്‌ ബെല്ലും അടിച്ചുകഴിഞ്ഞാലും, കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞപോലുള്ള കലപില അവസാനിച്ചിരുന്നില്ല. അവസാനം ഹെഡ്മാസ്റ്റര്‍ വര്‍ഗ്ഗീസ്‌ സാര്‍ ഒരു ചൂരലും കൈയ്യിലേന്തി എല്ലാ വരാന്തയിലൂടെയും ഒന്നോടി നടക്കും. അതോടെ സ്കൂളില്‍ "പിന്‍ ഡ്രോപ്‌ സയലന്‍സ്‌" ആവും. തുടര്‍ന്ന് ഒരു ബെല്ലടിക്കുകയും, പ്രാര്‍ത്ഥന ആരംഭിക്കുകയും ചെയ്യും. എല്ലാ ദിവസവും ഈ ഊരുചുറ്റല്‍ ഇല്ലാതെ പ്രാര്‍ത്ഥനയ്ക്കായി സ്കൂള്‍ നിശ്ശബ്ദമാവാറില്ലായിരുന്നു.


(രണ്ടാം ഭാഗം ഇവിടെ)

Read more...

നിശ്ശബ്ദരായ കൊലയാളികള്‍

>> Tuesday, May 22, 2007

നിഖിലും നിഷയും അവരുടെ രണ്ടരവയസ്സായ കുട്ടിയും - ദുബായ്‌ കരാമയില്‍ താമസിച്ചിരുന്ന ചെറിയ സന്തുഷ്ടകുടുംബം. പേരില്‍ മാത്രമല്ലായിരുന്നു അവരുടെ പൊരുത്തം. നിഖില്‍ ഒരു പ്രമുഖ കമ്പനിയില്‍ എന്‍ജിനീയര്‍. നിഷ അക്കൗണ്ടന്റ്‌, ഒരു ബാങ്കില്‍ ജോലിചെയ്യുന്നു. 2005 നവംബര്‍ മാസത്തിലെ ഒരു വ്യാഴാഴ്ച രാത്രിയില്‍ അവര്‍ പതിവു ഔട്ടിംഗും റെസ്റ്റോറന്റില്‍നിന്നു ഭക്ഷണവും ഒക്കെ കഴിഞ്ഞതിനു ശേഷം വൈകി ഉറങ്ങാന്‍ കിടന്നതാണ്‌. വെള്ളിയാഴ്ച നേരമേറെ പുലര്‍ന്നിട്ടും നിഖില്‍ എഴുന്നേറ്റില്ല. ഏറെവൈകാതെ നിഷ ആ നടുക്കുന്ന സത്യം മനസ്സിലാക്കി, നിഖില്‍ ഇനി ഉണരില്ല. ഉറക്കത്തില്‍ സംഭവിച്ച ഹൃദയസ്തംഭനമാണ്‌ മരണകാരണമെന്ന് പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌.

ഹൃദയസ്തംഭനവും, രക്തസമ്മര്‍ദ്ദവും, പ്രമേഹവും ഒക്കെ അന്‍പതിനുമേല്‍ പ്രായമായവര്‍ക്കു വരാവുന്ന അസുഖങ്ങളായിരുന്നു പണ്ടൊക്കെ. എന്നാലിന്ന് അതൊക്കെ മുപ്പതിലെത്തിയിട്ടില്ലാത്ത ചെറുപ്പക്കാരെയും പിടികൂടാവുന്ന അസുഖങ്ങളായി മാറിയിരിക്കുന്നു. മരിക്കുന്നവര്‍ മരിച്ചു, ലോകത്തിന്റെ സകല ആകുലതകളില്‍ നിന്നും അവര്‍ വിമോചിതരായി, എന്നാല്‍ അവരെ ആശ്രയിച്ചുകഴിയുന്നവരോ? അവര്‍ക്കല്ലേ ഒരു അകാല മരണത്തിന്റെ ആഘാതം മുഴുവന്‍ ഏല്‍ക്കേണ്ടിവരിക? മതങ്ങളിലും ദൈവത്തിലും വിശ്വസിക്കുന്നവര്‍ പറഞ്ഞേക്കാം, മരണവും ജനനവുമൊക്കെ ദൈവ നിശ്ചയമാണ്‌, വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല എന്നൊക്കെ. ശരിതന്നെ. പക്ഷേ നമുക്ക്‌ നമ്മുടെ ശരീരത്തോടും, ജീവിതത്തോടും, നമ്മെ ആശ്രയിച്ചുകഴിയുന്നവരോടും, സര്‍വ്വോപരി ഈ ജീവിതം തന്ന ദൈവത്തോടും പാലിക്കേണ്ട ചില പ്രതിബദ്ധതകളൊക്കെയില്ലേ? ആശ്രയിക്കുക എന്നവാക്കിന്‌ ഇവിടെ പണത്തിനു വേണ്ടി ആശ്രയിക്കുക എന്നു മാത്രമല്ല അര്‍ത്ഥം - ഒരു അച്ഛനു പകരമാവാന്‍, അമ്മയ്ക്കുപകരമാവാന്‍, ഭര്‍ത്താവിനു പകരമാവാന്‍, അവരുടെ വേര്‍പാടു നല്‍കുന്ന നഷ്ടം നികത്താന്‍ മറ്റൊന്നിനും സാധിക്കില്ല എന്ന വലിയ സത്യമാണ്‌ ഇവിടെ "ആശ്രയം" എന്ന വാക്കിലൂടെ ഞാന്‍ അര്‍ത്ഥമാക്കുന്നത്‌.

നാമോരുരുത്തരും "ആരോഗ്യത്തോടെ ജീവിക്കുന്നു", എനിക്കു "കുഴപ്പമൊന്നുമില്ല" എന്ന് സ്വയം തീരുമാനിക്കുമ്പോഴും എപ്പോഴും കരുതിയിരുന്നുകൊള്ളുക, നിശ്ശബ്ദ കൊലയാളികളായ അസുഖങ്ങള്‍ പതിയെ നമ്മുടെ ഉള്ളില്‍ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവാം. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ കൊലയാളി സമീപ ഭാവിയിത്തന്നെ വളര്‍ന്നുവലുതായി ഒരു നീരാളിയെപ്പോലെ നമ്മെ പിടികൂടിയേക്കാം. ഇത്തരം കൊലയാളികളില്‍ പ്രമുഖസ്ഥാനമാണ്‌ കൊളസ്ട്രോള്‍ എന്ന വില്ലനും, ഹൈപ്പര്‍ടെന്‍ഷന്‍ എന്ന ബ്ലഡ്പ്രഷറിനും ഉള്ളത്‌. പാരമ്പര്യം ഒരു ഘടകമാണെങ്കിലും പ്രമേഹത്തിനും ഇതേ സ്ഥാനമാണുള്ളത്‌. എല്ലാത്തിന്റേയും മൂലകാരണങ്ങള്‍ (അലസമായ) ജീവിതരീതിയും ഭക്ഷണക്രമവും ആണെന്നത്‌, ഇത്തരം രോഗാവസ്ഥകള്‍ മനുഷ്യരെ പിടികൂടുന്നതില്‍ അവര്‍ക്കുതന്നെയുള്ള പങ്ക്‌ വ്യക്തമാക്കുന്നു. അങ്ങനെ നോക്കുമ്പോള്‍, ഇങ്ങനെ സംഭവികുന്ന അകാലമരണങ്ങളുടെ പകുതി ബാധ്യത നാം തന്നെ ഏറ്റെടുക്കേണ്ടിവരുന്നു.

ദൈവം മറ്റെല്ലാ ജന്തുക്കള്‍ക്കും അവരവര്‍ക്കു അവശ്യം വേണ്ടതും ആരോഗ്യത്തിനു ദോഷമായി ഭവിക്കാത്തതുമായ ഭക്ഷണങ്ങളോടു മാത്രം താല്‍പര്യം കൊടുത്തിരിക്കുമ്പോള്‍ മനുഷ്യനു മാത്രമെന്താണ്‌ കണ്ണില്‍കണ്ടതെല്ലാം വാരിത്തിന്നാനുള്ള ആര്‍ത്തിയും രുചിയും കൊടുത്തിരിക്കുന്നത്‌ എന്നു ചിന്തിച്ചിട്ടുണ്ടോ? മനുഷ്യനു മാത്രമേ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും കൊടുത്തിട്ടുള്ളൂ എന്നതു തന്നെയാണ്‌ അതിന്റെ ഉത്തരം. മനുഷ്യശരീരം എന്ന അത്യന്തം ബൃഹത്തും വൈവിധ്യം നിറഞ്ഞതുമായ, ഏത്‌ അത്യന്താധുനിക മെഷീനറിയേക്കാളും സാങ്കേതികത്തികവും മേന്മകളും സ്വന്തമായുള്ളതുമായ ഒരു സൃഷ്ടിവൈഭവത്തെ നമ്മുടെതന്നെ ഉത്തരവാദിത്തമില്ലാത്ത കൈകാര്യം ചെയ്യല്‍ കാരണം ഗ്യാരന്റി കാലാവധിക്കുമുമ്പുതന്നെ പ്രവര്‍ത്തനശൂന്യമാക്കുന്ന രീതിയിലല്ലേ നാം പലപ്പോഴും കൈകാര്യം ചെയ്യുന്നത്‌!

വ്യായായാമക്കുറവ്‌ ഈ നിശ്ശബ്ദ കൊലയാളികള്‍ക്ക്‌ വളരുവാന്‍ അനുയോജ്യമായ മണ്ണ്‍ ഒരുക്കിക്കൊടുക്കുന്നു. സമയക്കുറവിനെയാണ്‌ നാം ഇതിന്‌ പഴിപറയുക. എന്തുകൊണ്ടാണ്‌ സമയം കുറഞ്ഞുപോകുന്നത്‌? വിവേകത്തോടെ സമയം വിനിയോഗിക്കുവാന്‍ നമുക്കറിയാത്തതുകൊണ്ടുതന്നെ. വലിയ വ്യായാമ മുറകളൊന്നും ചെയ്തില്ലെങ്കില്‍ത്തന്നെ, അത്യാവശ്യം നടന്നുപോകാവുന്ന ദൂരങ്ങളിലെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ കാറിനെ ആശ്രയിക്കാതെ നടന്നുപൊയ്ക്കൂടേ? ലിഫ്റ്റിനെ ആശ്രയിക്കാതെ, പടികള്‍ കയറി ഫ്ലാറ്റിലേക്ക്‌ കയറിക്കൂടേ? നമുക്ക്‌ ശരീരത്തിന്‌ അല്‍പം വ്യായാമം നല്‍കാം, നമുക്കുവേണ്ടിയല്ല, നമ്മുടെ കുടുംബത്തിനു വേണ്ടി.

നിസ്സാരമായി ചെയ്യാവുന്ന ഒരു മെഡിക്കല്‍ ചെക്കപ്പാണ്‌ ബ്ലഡ്‌ ഷുഗര്‍,റ്റോറ്റല്‍ കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം എന്നിവ. എങ്കിലും നമ്മളില്‍ എത്രപേര്‍ ഇത്‌ ആറുമാസത്തിലൊരിക്കലെങ്കിലും നോക്കാറുണ്ട്‌? ചിലര്‍പറയും, "എനിക്ക്‌ കൊളസ്ട്രോളും ഷുഗറും ഒന്നുമില്ല". "സ്നേഹിതാ, എന്നാണ്‌ താങ്കള്‍ അവസാനമായി ഇത്‌ പരിശോധിച്ചത്‌". "രണ്ടു വര്‍ഷം മുമ്പ്‌!!" അവിടെയാണു പിശക്‌. രണ്ടുവര്‍ഷം മുമ്പുണ്ടായിരുന്ന അവസ്ഥയിലല്ല, ഇന്നു നമ്മുടെ ശരീരം ഇരിക്കുന്നത്‌. അതറിയാന്‍ ഇടയ്ക്കിടെ ചെക്കപ്പ്‌ വേണം. അതൊരു ശീലമാക്കാം, നമുക്കുവേണ്ടിയല്ല, നമ്മുടെ കുടുംബത്തിനുവേണ്ടി.

ആഹാരനിയന്ത്രണത്തേക്കാള്‍ അവശ്യംവേണ്ട ഒരു സ്വഭാവഗുണമാണ്‌ ഭക്ഷണത്തോടുള്ള ആര്‍ത്തി നിയന്ത്രിക്കാന്‍ പഠിക്കുക എന്നത്‌. പലരും ധരിച്ചുവച്ചിരിക്കുന്നത്‌ "വയറുനിറയെ" തിന്നാല്‍ മാത്രമേ വിശപ്പടങ്ങൂ എന്നതാണ്‌. ഇതല്ല സത്യം. വിശക്കുമ്പോള്‍ പകുതിവയര്‍ നിറയെ കഴിച്ചാലും പത്തുമിനിറ്റിനുള്ളില്‍ "വിശക്കുന്നു" എന്ന തോന്നല്‍ ശരീരം അവസാനിപ്പിക്കും. മാത്രവുമല്ല "വയര്‍ നിറഞ്ഞു" എന്നു തോന്നുകയും ചെയ്യും. സംശയമുള്ളവര്‍ക്ക്‌ പരീക്ഷിക്കാം. അതുകൊണ്ട്‌ വിശന്നുമരിക്കും എന്നു ചിന്തിച്ചും, രുചിയേറിയത്‌ എന്ന് തോന്നല്‍ കൊണ്ടും, വാരിവലിച്ച്‌ തിന്നാതിരിക്കാന്‍ ആദ്യം നമുക്ക്‌ പരിശീലിക്കാം, നമുക്കുവേണ്ടിയല്ല, നമ്മുടെ കുടുംബത്തിനുവേണ്ടി.

"കൊളസ്ട്രോള്‍ ഫ്രീ" എന്ന മാര്‍ക്കുള്ള എണ്ണ വാങ്ങിപാചകം ചെയ്താല്‍ എല്ലാമായി എന്ന ചിന്തയുള്ളവരാണ്‌ അടുത്തകൂട്ടര്‍. ഏത്‌ എണ്ണയായാലും അമിതമായി അകത്തുചെല്ലുന്നത്‌ നന്നല്ല. കേരളത്തില്‍ പണ്ടേയുള്ള ഒരു വറുക്കല്‍ സങ്കല്‍പ്പമാണ്‌ "എണ്ണയില്‍ മുക്കിവറുക്കുക" എന്നത്‌. വാസ്തവത്തില്‍ ഈ മുങ്ങിക്കുളി വറുക്കലിലൂടെ ആവശ്യത്തിലുള്ളതിലും വളരെയധികം എണ്ണ നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്‌. ഒരു കഷണം വറുത്ത വാഴയ്ക്കാ ഉപ്പേരി (chips) എടുത്ത്‌ കത്തിച്ചുനോക്കൂ. കാണുമ്പോള്‍ എണ്ണമയമേ ഇല്ല എന്നു തോന്നുന്ന ചിപ്സില്‍നിന്നും കുറഞ്ഞത്‌ മൂന്നുതുള്ളി എണ്ണയെങ്കിലും ഇറ്റുവീഴുന്നത്‌ കാണാം!! അപ്പോള്‍ ഇത്തരം പത്തു കഷണങ്ങള്‍ തിന്നവരുടെ ഉള്ളില്‍ അവരറിയാതെ എത്ര തുള്ളി എണ്ണ പോയിരിക്കും? ഇറച്ചിവര്‍ഗ്ഗങ്ങള്‍ ആവിയില്‍ വേവിച്ചതിനു ശേഷം വറുത്താല്‍ എണ്ണയില്‍ കുളിപ്പിക്കാതെ തന്നെ, വളരെ കുറച്ച്‌ എണ്ണയില്‍ വറുത്തെടുക്കാവുന്നതാണ്‌. അതുപോലെ മത്സ്യം വറുക്കാന്‍ എണ്ണ ഒന്നു ബ്രഷ്ചെയ്താല്‍ മാത്രം മതി. വറുത്ത ആഹാരസാധനങ്ങളോടൊപ്പം, കുക്കുംബര്‍ പോലെ നാരുള്ള എന്തെങ്കിലും ഒരു സാലഡ്‌ ഉള്‍പ്പെടുത്തിയാല്‍, ദഹനത്തോടൊപ്പംതന്നെ, അമിതകൊഴുപ്പ്‌ ശരീരത്തില്‍ പിടിക്കാതെ പുറത്തുപൊയ്ക്കൊള്ളും. അതുകൊണ്ട്‌ ഭക്ഷണം കഴിക്കുമ്പോള്‍ നമുക്ക്‌ നിയന്ത്രണം പാലിക്കാം, നമുക്കുവേണ്ടിയല്ല, നമ്മുടെ കുടുംബത്തിനുവേണ്ടി.

ആരോഗ്യത്തിനനുയോജ്യമായ ഭക്ഷണക്രമങ്ങള്‍ ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ല. നമ്മുടെ ആരോഗ്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നാം നമ്മെ ആശ്രയിച്ചുകഴിയുന്ന കുടുംബത്തോടും, കുഞ്ഞുങ്ങളോടും ചെയ്യുന്ന നിരുത്തരവാദിത്തപരമായ ഒരു പ്രവര്‍ത്തിയായിരിക്കും എന്നു പറഞ്ഞു എന്നു മാത്രം. അമിത മദ്യപാനം, പുകവലി എന്നിവയിലൂടെ സ്വന്തം ശരീരത്തെ നിരന്തരം പീഡിപ്പിച്ച്‌ "ആത്മഹത്യ" വിലയ്ക്കുവാങ്ങുന്നവരുടെ കാര്യം ഇതിന്റെകൂടെ കൂട്ടിവായിക്കുകതന്നെ വേണം. ഒരുനിമിഷം ചിന്തിക്കുക, നാം ജീവിക്കുന്നത്‌ നമുക്കുവേണ്ടി മാത്രമല്ല. ജീവിതയാത്രയില്‍ നമ്മോടൊപ്പമുള്ള ഭാര്യയെ, ഭര്‍ത്താവിനെ, കുഞ്ഞുങ്ങളെ ഒരു കാലഘട്ടംവരെയെങ്കിലും സംരക്ഷിച്ചുനിര്‍ത്തുക എന്നത്‌ സൃഷ്ടികര്‍ത്താവ്‌ നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന ഒരു കര്‍ത്തവ്യമാണ്‌. അതിലേക്കാവശ്യമായ ആരോഗ്യവും ആയുസും അവന്‍ തരുമ്പോള്‍ നാമായിട്ട്‌ അത്‌ നശിപ്പിക്കതെയിരിക്കാം. കണ്ണില്ലാത്തവര്‍ക്കല്ലേ കണ്ണിന്റെ വിലയറിയൂ?

1145

Read more...

അമ്മമാരുടെ വഴിയേ ഒരു യാത്ര

>> Sunday, May 13, 2007

പ്രിയ വായനക്കാരേ, അമ്മമനസ്സിലേക്ക്‌ സ്വാഗതം.....

ഞാന്‍ വഴികാട്ടി, നിങ്ങള്‍ക്കൊപ്പം നടക്കുന്ന മറ്റൊരു യാത്രികന്‍. നമ്മള്‍ ഒരു നീണ്ട യാത്രപോവുകയാണ്‌. കാലവും സമയവും അതിര്‍വരമ്പുകള്‍ തീര്‍ക്കാത്ത ഒരു യാത്ര. ഈ യാത്രയില്‍ ഇരുവശത്തും നിങ്ങള്‍ക്ക്‌ കുറേ ദൃശ്യങ്ങള്‍ കാണാം, അവിടെയുള്ളവര്‍ സംസാരിക്കുന്നതു കേള്‍ക്കാം, പക്ഷേ നിങ്ങളെ അവര്‍ക്കു കാണാനോ, നിങ്ങള്‍ പറയുന്നത്‌ അവര്‍ക്ക്‌ കേള്‍ക്കാനോ സാധിക്കില്ല. കാരണം അവ വെറും ദൃശ്യങ്ങള്‍ മാത്രം.....

പച്ചവിരിച്ച ഈ നെല്‍പ്പാടത്തിന്റെ നടുവിലൂടെ കടന്നുപോകുന്ന ഈ വരമ്പിലൂടെ നമുക്ക്‌ യാത്രയാരംഭിക്കാം. ഈ വഴിയുടെ അങ്ങേയറ്റം ഒരു ചെറിയവീട്‌ അതാ. അവിടെ, ഇറയത്തിരുന്ന് ഒരു യുവതി വിശ്രമിക്കുന്നതു കണ്ടോ? അവളാണ്‌ ശാലിനി. അവളിതുവരെ ഒരു അമ്മയായിട്ടില്ല, എന്നാല്‍ മനസ്സുകൊണ്ട്‌ അവള്‍ എട്ടുമാസം മുമ്പുതന്നെ അമ്മയായിക്കഴിഞ്ഞിരിക്കുന്നു. നിറഞ്ഞവയറില്‍ കൈകള്‍ വച്ചുകൊണ്ട്‌ അവള്‍ ഒരു പുഞ്ചിരിയോടെ ഇരിക്കുന്നതു നോക്കൂ. അവളുടെ ഉള്ളില്‍ വളരുന്ന കുഞ്ഞിന്റെ ചലനങ്ങള്‍ അവള്‍ക്ക്‌ അനുഭവിച്ചറിയാം..ഒരമ്മയാവുക....ഒരു സ്ത്രീയുടെ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യമെന്ന് അവളുടെ മുഖം വിളിച്ചുപറയുന്നില്ലേ..? കാറ്റുംകൊണ്ട്‌ നില്‍ക്കുവാന്‍ അധികം സമയമില്ല നമുക്ക്‌, അതുകൊണ്ട്‌ വരൂ, നടക്കാം.

ഒരു താരാട്ടുപാട്ടു കേള്‍ക്കുന്നുണ്ടല്ലോ...? ഓ..ഈ മുറിയില്‍നിന്നാണത്‌. ഒരമ്മ കുഞ്ഞിനെ മുലപ്പാലൂട്ടി പാട്ടുപാടി ഉറക്കുകയാണ്‌. ആ കുഞ്ഞ്‌ എത്ര സുരക്ഷിത ബോധത്തോടെയാണ്‌ അമ്മയുടെ മാറിലെ ചൂടുംപറ്റിയുറങ്ങുന്നത്‌! അമ്മ പാട്ടിലൂടെ തന്റെ മനസ്സുതുറക്കുന്നതു കേള്‍ക്കൂ.

"ആറ്റുനോറ്റുണ്ടായൊരുണ്ണി
അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി
അമ്പോറ്റിക്കണ്ണന്റെ മുമ്പില്‍
അമ്മ കുമ്പിട്ടുകിട്ടിയ പുണ്യം
ചോടൊന്നുവയ്ക്കുമ്പോളമ്മയ്ക്കു നെഞ്ചില്‍
കുളിരാം കുരുന്നാകുമുണ്ണീ........."

കുഞ്ഞുറങ്ങിക്കോട്ടെ..നമുക്കു പോകാന്‍ സമയമായി.

ഇതൊരു റെയില്‍വേ സ്റ്റേഷനാണ്‌. രാത്രിയായതിനാല്‍ വെളിച്ചം കുറവാണ്‌. അങ്ങേയറ്റം ആ മരച്ചുവട്ടിലെ നിഴലില്‍മറഞ്ഞ്‌ നില്‍ക്കുന്ന സ്ത്രീയെ അറിയ്‌വോ? ഓര്‍മ്മയില്ലേ, മൃതോത്ഥാനത്തിലെ സെല്‍വിയെ? മുത്തുവിന്റെ അമ്മ സെല്‍വി? പാവം മുത്തു, മൂന്നുവയസ്സുകാരന്‍. അവന്‍ ഇവിടെയിതാ ഈ പഴന്തുണിക്കെട്ടില്‍ ഉറങ്ങുന്നു. സെല്‍വിയവിടെ നിന്നോട്ടെ, ജീവിക്കാനും, കുഞ്ഞിനെപ്പോറ്റാനും അവള്‍ കണ്ടവഴിയതാണ്‌.

ഈ വീട്ടില്‍ ആകെ ഒരു ബഹളമാണല്ലോ? കുട്ടികള്‍ സ്കൂളില്‍ പോകാനൊരുങ്ങുകയാണ്‌. സുമ രാവിലെ അഞ്ചുമണിക്കുണര്‍ന്നതാണ്‌.ഓടിനടന്ന് പ്രാതല്‍ തയ്യാറാക്കി. കുട്ടികളെ കുളിപ്പിക്കുന്ന തെരക്കിലാണിപ്പോള്‍. കുളിപ്പിക്കലും, ഒരുക്കലും, മുടിചീവലും എല്ലാം അമ്മതന്നെ ചെയ്യണം. അതാണീ ബഹളം. ഓ.. സ്കൂള്‍ ബസ്‌ വന്നുകഴിഞ്ഞല്ലോ. സുമ കുട്ടികളേയും വലിച്ചുകൊണ്ടോടിക്കഴിഞ്ഞു....!!

സുഹൃത്തേ, എന്താ മുഖം ചുളിക്കുന്നത്‌ ഉരുകുന്ന ടാറിന്റെ ഗന്ധവും പുകയുമേറ്റിട്ടാണോ? റോഡുപണി നടക്കുകയല്ലേ, ഇതൊക്കെ സാധാരണം. സാരമില്ല, നമുക്ക്‌ ഒരാളെ കണ്ടിട്ട്‌ പെട്ടന്നുതന്നെ ഇവിടുന്നുപോകാം. പുകയ്ക്കും പൊടിയ്ക്കുമുള്ളിലൂടെ പാറക്കഷണങ്ങള്‍ നിറച്ച കുട്ടയും തലയിലേറ്റി ഒരു സ്ത്രീ പോകുന്നതുകണ്ടോ? തമിഴത്തിയാണ്‌. അവളുടെ കുഞ്ഞാണ്‌ ഇവിടെ ഈ മണ്‍കൂനയില്‍ മുട്ടിലിഴഞ്ഞുനടക്കുന്ന ശിശു. പാവം, ഒരു കീറിയ കുഞ്ഞുടുപ്പും ഇട്ട്‌, ഈ പൊടിയും തിന്ന് കഴിയുന്ന ഇവന്‍ അമ്മയെ നോക്കിയിരിക്കുകയാണെന്ന് കണ്ടാലറിയാം. "വിശക്കുന്നമ്മേ....ഓടിവാ.." എന്ന ഭാവം കണ്ണുകളിലില്ലേ? എന്തുചെയ്യാം? വൈകിട്ട്‌ അടുപ്പുപുകയാന്‍ ഈ അമ്മ അധ്വാനിച്ചെങ്കിലേ പറ്റൂ. വരിക.

ഇതെന്താ ഇപ്പോ ഒരു മഴ? വന്നുവന്ന് മഴയ്ക്ക്‌ നേരവും കാലവുമൊന്നുമില്ലാണ്ടായിരിക്കുന്നു. ഈ കുട്ടികളെന്താ കാറ്റും മഴയുമൊന്നും കാര്യമാക്കതെ നനഞ്ഞുകൊണ്ടോടുന്നത്‌? "ഉണ്ണീ...വേഗം കയറിവാ..." ആരോ അവരെ വിളിക്കുന്നുണ്ടല്ലോ? ഉണ്ണീടെ അമ്മയാണ്‌. "എന്റെ ഉണ്ണീ...എത്രപ്രാവശ്യം നിന്നോടു പറഞ്ഞിട്ടുള്ളതാ മഴനനഞ്ഞ്‌ നടക്കരുതെന്ന്? എളുപ്പം വാ, അമ്മ തല തോര്‍ത്തിതരാം.....ജലദോഷം പിടിക്കും" കണ്ടോ? ഉണ്ണിയ്ക്ക്‌ എത്ര വാല്‍സല്യത്തോടെയാണ്‌ അമ്മ തല തുവര്‍ത്തി, കുരുമുളകു പൊടിച്ചത്‌ തലയില്‍ തിരുമ്മിക്കൊടുക്കുന്നതെന്ന്.

ഉച്ചനേരത്ത്‌ ആരോ പടികടന്നു വരുന്നുണ്ടല്ലോ. നാടോടികളാണെന്ന് തോന്നുന്നു. പതിവുപല്ലവിതന്നെയാവും. വെള്ളപ്പൊക്കം, കിടപ്പാടം ഒലിച്ചുപോയി, സഹായിക്കണം. ഓ...ഒക്കത്തൊരു കുഞ്ഞുമുണ്ട്‌. മൂക്കളയും ഒലിപ്പിച്ച്‌, വഴിയരികിലെവിടെയോനിന്ന് കിട്ടിയ പൊട്ടിയ കളിപ്പാട്ടത്തിന്റെ കഷണവും പിടിച്ചൊരു കൊച്ചു ചെക്കന്‍. "അമ്മാ...കൊളന്തയ്ക്ക്‌ പശിക്കിതമ്മാ..". ഉണ്ണിയുടെ അമ്മ കൊടുത്ത ചോറ്‌ കുഞ്ഞിന്‌ സംതൃപ്തിയോടെ വാരിക്കൊടുക്കുകയാണമ്മ. കാക്കയ്ക്കും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌..അല്ലേ?

ജാന്‍സി ഇന്ന് ഗള്‍ഫിലേക്ക്‌ തിരിച്ചുപോവുകയാണ്‌. നേഴ്സായിട്ട്‌ ജോലിചെയ്യുകയാണവളവിടെ. ഭര്‍ത്താവിന്‌ മറ്റൊരു സ്ഥലത്താണ്‌ ജോലി. ആദ്യപ്രസവത്തിനായി വന്നതാണ്‌ ലിസി. അവളുടെ അമ്മയുടെ കൈയ്യിലിരിക്കുന്ന ഒരുമാസം പ്രായമായ കുഞ്ഞിനെക്കണ്ടോ? അതാണവളുടെ കുഞ്ഞ്‌. കുഞ്ഞിനെ അച്ഛനമ്മമാരെ ഏല്‍പ്പിച്ചിട്ട്‌ വിങ്ങുന്ന ഹൃദയത്തോടെ ജാന്‍സി വീണ്ടും ജോലിസ്ഥലത്തേക്ക്‌ യാത്രയാകുന്നു, വീണ്ടും ഒരുവര്‍ഷത്തിനുശേഷം കുഞ്ഞിനെ കാണാം എന്ന പ്രതീക്ഷയോടെ. ജീവിതം ഒന്നു കരുപ്പിടിപ്പിക്കാന്‍ എന്തെല്ലാം പ്രയാസങ്ങള്‍!!

ലക്ഷ്മിടീച്ചര്‍ വരുന്നുണ്ട്‌. ദൂരെ ഒരു സ്കൂളിലാണു ടീചര്‍ ജോലിചെയ്യുന്നത്‌. ടീച്ചര്‍ പറഞ്ഞുകൊടുക്കുന്ന പാഠങ്ങള്‍ എല്ലാക്കുട്ടികള്‍ക്കും ഒന്നുപോലെ പ്രിയമാണ്‌. പാവം ടീച്ചര്‍, ഇത്രയും ദൂരെനിന്ന് ബസില്‍ യാത്രചെയ്ത്‌, പിന്നെയും ഒന്നര കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തുമ്പോഴേക്ക്‌ നേരം സന്ധ്യയാവും. ഇനിയും ജോലികള്‍ ബാക്കിയുണ്ട്‌, ഭക്ഷണം വയ്ക്കണം, മറ്റു വീട്ടുജോലികളൊക്കെയൊന്നു ഓടിച്ചുചെയ്യണം. ഈ ജോലികളെല്ലാം ചെയ്തു ക്ഷീണിക്കുമ്പോഴും റ്റീച്ചര്‍ക്ക്‌ മനസ്സില്‍ സന്തോഷമാണ്‌. ഒരു കൈ സഹായത്തിന്‌ ഭര്‍ത്താവും കുട്ടികളും സഹായത്തിനു വരുമല്ലോ! അതുമതി.

സുഹറാബി ഇതുവരെ ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു. മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം കാണുന്നില്ലേ? കട്ടിലില്‍ കിടക്കുന്ന അബൂനെ കണ്ടോ? അവരുടെ മകനാ, നാലാം ക്ലാസില്‍ പഠിക്കുന്നു. ഒരാഴ്ചയായി പനിപിടിച്ച്‌ കിടപ്പാണ്‌. മരുന്നുകൊടുത്തു, എന്നാലും ഇടയ്ക്കൊക്കെ നന്നായി പനിക്കുന്നു. അങ്ങനെവരുമ്പോഴൊക്കെ തുണിനനച്ച്‌ നെറ്റിയിലിടാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്‌. കുഞ്ഞ്‌ പനിപിടിച്ച്‌ കിടക്കുമ്പോള്‍ പെറ്റതള്ളയ്ക്കെങ്ങനെ സമാധാനമായിട്ടുറങ്ങാന്‍ കഴിയും?

മനു കോളേജില്‍ നിന്നെത്തിയല്ലോ? ബസിന്റെ ഫുട്ബോര്‍ഡില്‍ ഞാന്നുകിടാണ്‌ വന്നിരിക്കുന്നേ. അവനെ കുറ്റം പറയുന്നതെങ്ങനെ? അഞ്ചുമണിക്ക്‌ ടൗണിനിന്നു പുറപ്പെടുന്ന "പുലരി" ബസില്‍ കയറിയില്ലെങ്കില്‍ നടപ്പുതന്നെ ശരണം. ഈ വഴിയിലൂടെ കടന്നുപോകുന്ന അവസാന ബസ്സാണത്‌. ദാ വന്നുകയറിയപ്പോഴേ "വിശക്കുന്നമ്മേ" എന്ന വിളിയുമായി, അടുക്കളയിലേക്ക്‌ കയറിക്കഴിഞ്ഞു. രാവിലെ അമ്മ വാട്ടിയ വാഴയിലയില്‍ കെട്ടിക്കൊടുത്തയച്ച ചോറും, ചമ്മന്തിയും, മുട്ടപൊരിച്ചതും ഉച്ചയ്ക്ക്‌ ഭക്ഷിച്ചതൊക്കെ ദഹിച്ചിരിക്കുന്നു, അമ്മയ്ക്കതറിയാം. പലഹാരങ്ങളും ചായയും മനൂന്‌ കൊടുത്തിട്ട്‌ ഒരു പുഞ്ചിരിയോടെ അടുത്തുനിന്ന് അമ്മ വിശേഷങ്ങള്‍ ചോദിക്കുന്നതുകണ്ടോ?

നടന്നുമടുത്തോ? അല്‍പ ദൂരംകൂടി പോകേണ്ടതുണ്ടു സ്നേഹിതാ, ക്ഷമിക്കുക. അതാ, ആ പീടികത്തിണ്ണയിലിരുന്ന് തുണികള്‍ തുന്നുന്ന യുവതിയെ കണ്ടോ? അവളാണ്‌ സുബി. ഇരുപത്തേഴ്‌ വയസ്സേ ആയുള്ളൂ. ഒരുകുട്ടിയുമുണ്ടവള്‍ക്ക്‌. വിധി അവളെ ഒരു വിധവയാക്കി, ഇക്കഴിഞ്ഞവര്‍ഷം. മനുഷ്യജീതം...വയലിലെ പുല്ലുപോലെയേ ഉള്ളൂ. വയസ്സായ അച്ഛന്‍, അസുഖം ബാധിച്ച അമ്മ. ഒരു കൊച്ചുകുട്ടിയുമുണ്ട്‌. ചെലവുകഴിയേണ്ടേ? അതിനാണീ തയ്യല്‍ക്കാരിയുടെ വേഷം അവളണിഞ്ഞിരിക്കുന്നത്‌.

ഓ...ഞാനത്‌ പറയാന്‍ മറന്നു. ഇന്ന് റീനിയുടെ കല്ല്യാണമായിരുന്നു. ഇതാ ചടങ്ങുകളെല്ലാം കഴിഞ്ഞ്‌ വധൂവരന്മാര്‍ യാത്രയാവുന്നു. കാറിന്റെ അടുത്തായി ഇളം കളറിലുള്ള സാരിയുടുത്തു നില്‍ക്കുന്നതാണ്‌ റീനിയുടെ അമ്മ. ഈ സന്തോഷത്തിനിടയിലും ആ അമ്മ കരയുന്നതുകണ്ടോ? സന്തോഷാശ്രുക്കളാണ്‌. ഇരുപത്തിരണ്ടുകൊല്ലക്കാലം, കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച കുഞ്ഞിനെ സുരക്ഷിതമായി ഒരാണിന്റെ കൈയ്യിലേല്‍പ്പിച്ചതിന്റെ നിര്‍വൃതി.

ഈ വീടേതാണെന്നറിയാമോ? നമ്മുടെ റഷീദിന്റെ വീടാണിത്‌. ദുബായിലുള്ള റഷീദേ. ഇവിടെയാകെയൊരു ആഘോഷത്തിന്റെ മട്ടു കണ്ടോ? എന്താണെണറിയ്യ്യോ? ഇന്ന് റഷീദും കുടുംബവും അവധിക്ക്‌ വരുകയാണ്‌. മക്കളേയും കൊച്ചുമക്കളേയും സ്വീകരിക്കാനുള്ള ആവേശത്തിലാണ്‌ ഉമ്മയും ബാപ്പയും. നമ്മള്‍ യഥാസമയത്തു തന്നെയാണ്‌ എത്തിയത്‌. ദാ..എയര്‍പോര്‍ട്ടില്‍നിന്നും കാറെത്തിയല്ലോ. ഉമ്മ ഓടിപ്പോയി റഷീദിന്റെ നാലുമാസം പ്രായമായ മകനെ കൈയ്യിലേക്ക്‌ വാങ്ങി തുരുതുരെ ഉമ്മവയ്കുന്നതു കണ്ടോ? കൊച്ചുമകനെ ആദ്യമായിക്കാണുന്ന ഒരു വല്ല്യുമ്മായുടെ സന്തോഷം! സന്തോഷിക്കട്ടെ, ഇനി മുപ്പതുദിവസങ്ങള്‍ ഈ വീട്ടില്‍ ഉത്സവംതന്നെ. അതിനുശേഷം മകനും കുടുംബവും തിരിച്ചുപോകുമ്പോള്‍ തോരാത്ത കണ്ണുമായി ആ ഉമ്മാ അവരെ യാത്രയാക്കും.

ഇതാരാണീ റോഡില്‍ വഴിയൊഴിച്ചിടാതെ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത്‌? ഓ...ലിറ്റിയും റോസിയുമാണ്‌. ഫോര്‍ഡ്‌ ഐക്കണും ചാരിനില്‍ക്കുന്നതാ ലിറ്റി. സാന്റ്രോയുടെ ഉള്ളിലിരിക്കുന്നത്‌ റോസി. രണ്ടുപേരും മമ്മിമാരാണു കേട്ടോ, അമ്മമാരല്ല. ഒന്നര വയസ്സായ കുട്ടികളെ ബേബി സിറ്റിങ്ങില്‍ ഇരുത്തിയിട്ട്‌ കറങ്ങാനിറങ്ങിയതാണീ മമ്മികള്‍. കുട്ടികളെ കൂടെക്കൊണ്ടുനടക്കുന്നത്‌ അസൗകര്യവും, ബുദ്ധിമുട്ടുമാണീ മമ്മികള്‍ക്ക്‌. ബ്രസ്റ്റ്‌ ഫീഡിംഗ്‌ ചെയ്തിട്ടേയില്ലാത്ത, നേഴ്സറിക്ലാസില്‍ത്തന്നെ മക്കളെ ഐ.എ.എസ്‌ കാരാക്കണം എന്ന നിര്‍ബന്ധബുദ്ധിയുള്ള ആധുനിക മമ്മികള്‍. രണ്ടുപേര്‍മു ധൃതിപ്പെട്ട്‌ കാറുകള്‍ സൈഡിലേക്ക്‌ മാറ്റുന്നുണ്ടല്ലോ, എന്താണാവോ കാരണം?


ഓ...ഉരളും വലിച്ചുകൊണ്ട്‌ രണ്ട്‌ ഒട്ടിച്ചികള്‍ വരുന്നുണ്ട്‌. അവര്‍ വലിക്കുന്ന ഉരള്‍ കാറിലെങ്ങാനും ഉരസുമെന്നു പേടിച്ചിട്ടാണ്‌ മമ്മികള്‍ പെട്ടന്നു കാര്‍ മാറ്റിയത്‌. ഈ തമിഴത്തികളുടെ പുറത്ത്‌ ഒരു ഭാണ്ഡത്തില്‍ ബന്ധിച്ച്‌ ഒരോ രണ്ടുവയസ്സുകാരന്മാര്‍ സവാരിചെയ്യുന്നതു നോക്കുക. ഈ പൊരിവെയിലില്‍, ഉരലിന്റെ ഭാരവുംവലിച്ചുനീങ്ങുന്ന നഗ്നപാദരായ ഈ അമ്മമാര്‍ക്ക്‌ കുട്ടികളെ കൂടെക്കൊണ്ടുനടക്കാതെ മറ്റു നിവൃത്തിയില്ലല്ലോ?

ഈ പറമ്പിലൂടെ കയറി അപ്പുറത്തിറങ്ങിയാല്‍ സ്നേഹഭവനിലെത്താം. ഈ പറമ്പും വീടും പരിചയമുണ്ടോ? നമ്മുടെ ശങ്കരേട്ടന്റെ അമ്മയാണിവിടെ താമസിക്കുന്നത്‌. മക്കളും മരുമക്കളുമൊക്കെ മറ്റുസ്ഥലങ്ങളില്‍ ജോലിചെയ്യുകയാണ്‌. അമ്മയെ കൂടെ കൊണ്ടുപോകാന്‍ അവര്‍ തയ്യാറുമാണ്‌. പക്ഷേ അമ്മയ്ക്ക്‌ ഈ വീടും പറമ്പും വിട്ടെങ്ങും പോകാന്‍ മനസ്സില്ല. അതിനാല്‍ ഒറ്റയ്ക്കിവിടെ താമസിക്കുന്നു. ദാ..അവിടെ ഇറയത്ത്‌ അമ്മ ഇരിക്കുന്നുണ്ട്‌.

നടന്നുനടന്ന് സ്നേഹഭവനിലെത്തിയല്ലോ? അന്ധാളിക്കേണ്ടാ....വൃദ്ധസദനം തന്നെ. വെളിച്ചമല്‍പം കുറവുള്ള ഈ മുറിയില്‍ ഇരിക്കുന്ന കുറേ അമ്മമാരെക്കണ്ടോ? ആദ്യം ഇരിക്കുന്നത്‌ കാര്‍ത്യായനിയമ്മാ. അതിനടുത്തത്‌ ത്രേസ്യാമ്മച്ചി, അതിനടുത്തത്‌ സുലോചനേടത്തി. എല്ല്ലാരുടേയും മക്കള്‍ വിദേശങ്ങളിലാ. മക്കള്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ട ഹതഭാഗ്യരും കൂട്ടത്തിലുണ്ട്‌. ഒരു കണക്കിന്‌ വീട്ടില്‍ നോക്കാനാരും ഇല്ലെങ്കില്‍ എന്തുചെയ്യും? ത്രേസ്യാമ്മച്ചിക്ക്‌ തീരെ മനസ്സില്ലായിരുന്നു ഇവിടെ വരാന്‍. അമേരിക്കയിലുള്ള മകന്‍ നിര്‍ബന്ധമായി കൊണ്ടാക്കിയതാ അമ്മച്ചിയെ ഇവിടെ. പഴയകാല ഓര്‍മ്മകളും അയവിറക്കി ഇപ്പോള്‍ ഇവിടെ സമയം പോക്കുന്നു. ഇതു സ്നേഹഭവനിലെ പ്രാര്‍ത്ഥനാ മന്ദിരം. മൂന്ന് അമ്മമാര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടവിടെ. മൂന്നു മത വിശ്വാസങ്ങളില്‍പെട്ടവരാണെങ്കിലും പ്രാര്‍ത്ഥിക്കുന്നത്‌ ഒരേ ആവശ്യം തന്നെ, മക്കളുടെ നന്മ.

സന്ധ്യയായിരിക്കുന്നു. ദാ, നമുക്ക്‌ തിരിച്ചു പോകാനുള്ള വഴിയെത്തി. അതിനു മുമ്പ്‌ ഒരുവീട്ടില്‍ക്കൂടി കയറാനുണ്ട്‌. ഈ തറവാട്ടുവീട്ടില്‍ കുറേ ആളുകള്‍ കൂടിനില്‍ക്കുന്നതു കണ്ടോ? ഒരു മരണം നടന്നിരിക്കുന്നു ഇവിടെ, അല്‍പം മുമ്പ്‌. തൊണ്ണൂറു വയസ്സായ ഒരു അമ്മച്ചി കടന്നുപോയി. "ഭാഗ്യമരണം", മക്കളേയും അവരുടെ പേരക്കുട്ടികളേയും വരെ കണ്ടു, ആരോഗ്യത്തോടെ ഇത്രയും കാലം ഇരുന്നു. ഇളയമകനും കുടുംബവുമൊത്ത്‌ അന്ത്യകാലം വരെ സന്തോഷകരമായ ജീവിതം. ഇതില്‍പ്പരം എന്തു ഭാഗ്യമാണ്‌ ഒരു മാതാവിന്‌ ലഭിക്കാവുന്നത്‌. കത്തുന്ന മെഴുകുതിരികള്‍ക്കു നടുവില്‍ ശുഭ്രവസ്ത്രങ്ങള്‍ ധരിച്ച്‌ ശാന്തമായി ആ അമ്മ ഉറങ്ങുന്നതു നോക്കുക.

ഈ അമ്മയ്ക്ക്‌ വിടനല്‍കി,വന്നാലും സ്നേഹിതാ, നമുക്ക്‌ പിരിയാന്‍ സമയമായി.

ഉം...മിനിക്കുട്ടി നേഴ്സറിയില്‍ ഇന്നു പഠിച്ചപാട്ട്‌ പാടുന്നുണ്ടല്ലോ?

"ഓടിയെത്തും നേരമെന്നെ ഓമനിക്കും അമ്മ,
പാലുതരും പീപ്പിതരും പാവതരും അമ്മ
കുഞ്ഞുടുപ്പു തുന്നിത്തരും പൊട്ടുതൊടുവിക്കും
കുഞ്ഞിക്കഥ ചൊല്ലിത്തരും എന്നുമെന്റെ അമ്മ
അമ്മയാണീ പാരിടത്തില്‍ എന്നുമെന്റെ ദൈവം,
അമ്മയെ മറക്കുമോ ഞാന്‍ ജീവനുള്ള കാലം....."

ഹേയ്‌... പോകുന്നതിനു മുമ്പ്‌ ഒന്നു ചോദിച്ചോട്ടേ, നമ്മള്‍ നടന്ന വഴിയിലെവിടെയെങ്കിലും നിങ്ങളുടെ അമ്മയെ നിങ്ങള്‍ കണ്ടുവോ? കണ്ടുവെങ്കില്‍ ഈ യാത്ര ധന്യതയുള്ളതായി. വീണ്ടും കാണാം.

Read more...

ഒരു രൂപയുടെ വില

>> Monday, May 7, 2007

കഴിഞ്ഞയാഴ്ച ഷാര്‍ജയിലെ ഒരു A.T.M ല്‍നിന്ന് കുറച്ചുപണം എടുക്കുന്നതിനിടയില്‍, ഇതുവരെ ഒരു A.T.M ലും കണ്ടിട്ടില്ലാത്ത ഒരു ചോദ്യം ഏറ്റവും അവസ്സാനം സ്ക്രീനില്‍ തെളിഞ്ഞു. "Would you like to donate 1 dirham to unprevilaged children?" എന്നായിരുന്നു ആ ചോദ്യം. "സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ സഹായിക്കാന്‍ ഒരു ദിര്‍ഹം സംഭാവനചെയാമോ?" എന്ന ആ ചോദ്യം മനസ്സാക്ഷിയുള്ള ആരും അവഗണിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഇങ്ങനെയൊരു ആശയം ഒരു A.T.M ല്‍ ഉള്‍പ്പെടുത്തുന്നതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കാതിരിക്കാനാവുന്നില്ല. ഒരു ദിര്‍ഹം മാത്രമാണവര്‍ ചോദിച്ചത്‌. ഗള്‍ഫ്‌ നാടുകളില്‍ ഒരു ദിര്‍ഹത്തിന്‌ താഴെ വാങ്ങാവുന്ന സാധനങ്ങള്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണെന്ന് തോന്നുന്നു. പക്ഷേ പല ഒരു ദിര്‍ഹംസ്‌ ചേരുമ്പോള്‍ അതൊരു നല്ല തുകയായിത്തീരുന്നു എന്ന് നാം പലപ്പോഴും ഓര്‍ക്കാറുണ്ടോ? പലതുള്ളി പെരുവെള്ളം!!

ഒരുമണിക്കൂറിന്‌ മൂന്നു ദിര്‍ഹം മാത്രം ശമ്പളം കിട്ടുന്ന പാവം തൊഴിലാളികള്‍ മുതല്‍, ഒരു ദിവസത്തെ ശമ്പളം ആയിരം ദിര്‍ഹത്തിനു മുകളില്‍ കിട്ടുന്ന വലിയ ജോലിക്കാര്‍വരെ ഉള്‍പ്പെടുന്ന ഒരു സമൂഹത്തിലാണ്‌ നാം ഇന്ന് ജീവിക്കുന്നത്‌. വലിയവരുമാനക്കാരില്‍ ചിലരുടെ ഒരുദിവസത്തെ ചെലവുതന്നെ ആയിരത്തിനുമേല്‍ ദിര്‍ഹങ്ങള്‍ വരില്ലേ? വലുതോ ചെറുതോ ആയിക്കോട്ടെ, ഇതിന്റെ ഒരു ചെറിയപങ്കെങ്കിലും നമുക്കു ചുറ്റുമുള്ള പാവങ്ങളെ സഹായിക്കുവാന്‍ നമുക്ക്‌ നീക്കിവച്ചുകൂടേ?

മദര്‍ തെരേസയെപ്പറ്റി പണ്ടെങ്ങോ ഇങ്ങനെ വായിച്ചതായി ഓര്‍ക്കുന്നു. ആ മഹതി ഒരിക്കല്‍ ആഫ്രിക്കയിലെ ഏതോ ദരിദ്രരാജ്യം സന്ദര്‍ശിക്കുവാനായി പോവുകയായിരുന്നു. വിമാനത്തില്‍ ഭക്ഷണം നല്‍കിയപ്പോള്‍ അവരത്‌ നിരസ്സിച്ചു. അതിനു പകരം ഒരു ഡോളര്‍ സംഭാവന നല്‍കാമോ എന്നായിരുന്നു മദര്‍ ചോദിച്ചത്‌. വിമാനക്കമ്പനിയുടെ ഉന്നതോദ്യോഗസ്ഥരിലൊരാള്‍ മദറിനോടൊപ്പം യാത്രചെയ്തിരുന്നു. അദ്ദേഹം ഒരു ഡോളര്‍ നല്‍കുകയും ചെയ്തു. ഇങ്ങനെ, പലരോടും ചോദിച്ച്‌ ആ യാത്രയുടെ അവസാനം, തന്റെ ലക്ഷ്യസ്ഥാനത്ത്‌ എത്തുമ്പോഴേക്ക്‌, അവിടെയുള്ള പാവങ്ങള്‍ക്കായി മദര്‍ നല്ലൊരുതുക സമാഹരിച്ചുകഴിഞ്ഞിരുന്നു.

ആഫ്രിക്കയിലെ ചില പട്ടിണി രാജ്യങ്ങളില്‍ അസ്ഥികൂടം മാത്രമായ മനുഷ്യക്കോലങ്ങള്‍ മുട്ടിലിഴഞ്ഞ്‌ നടന്ന് ഒരു പച്ചിലയെങ്കിലും കിട്ടുമോ എന്നന്വേഷിക്കുന്ന, മൃഗങ്ങളുടെ വിസര്‍ജ്യങ്ങള്‍പോലും വിശപ്പടക്കാന്‍ മറ്റു നിവൃത്തിയില്ലാതെ ഭക്ഷിക്കുന്ന ദയനീയചിത്രങ്ങള്‍ ഇന്നും കാണുമ്പോള്‍ വിചാരിച്ചിട്ടുണ്ട്‌, സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ ആയുധങ്ങള്‍ക്കായും, യുദ്ധങ്ങള്‍ക്കയും ദിവസേനചെലവാക്കുന്നതിന്റെ ഒരു ശതമാനമെങ്കിലും വേണ്ടതുണ്ടോ ഈ ദരിദ്രരാജ്യങ്ങളിലെ പട്ടിണിമാറ്റാന്‍ എന്ന്. എന്നിട്ടും എന്തുകൊണ്ട്‌ മനുഷ്യരാശിക്ക്‌ അതിനു കഴിയുന്നില്ല?

നാമോരോരുത്തരും ഒരുദിവസം ചെലവാക്കുന്നതുകയില്‍ നിന്ന് ഒരു നാണയം നമുക്കുചുറ്റുമുള്ള പാവങ്ങള്‍ക്കായി നീക്കിവയ്ക്കാം. ചെയിന്‍ സ്മോകിംഗ്‌ ശീലമുള്ളവര്‍, ഒരു രസത്തിനുവേണ്ടി മദ്യപിക്കുന്നവര്‍, ഷോപ്പിംഗിനും, ഭക്ഷണത്തിനും, മറ്റ്‌ വിനോദങ്ങള്‍ക്കുമായി ഏറെ ചെലവിടുന്നവര്‍ അങ്ങനെ എത്രയെത്ര മുഖങ്ങള്‍ നമുക്കോരോരുത്തര്‍ക്കും? ശരിതന്നെ, ചെലവാക്കിക്കൊള്ളുക, നാം അധ്വാനിച്ചുണ്ടാക്കുന്നത്‌ ഇഷ്ടമുള്ള രീതിയില്‍ ചെലവാക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്‌. പക്ഷേ അതിലൊരു വളരെ ചെറിയപങ്ക്‌ സമൂഹത്തില്‍ ഈ സൗഭാഗ്യങ്ങള്‍ ഇല്ലാത്തവര്‍ക്ക്‌ നല്‍കിക്കൂടേ?

മേശപ്പുറത്ത്‌ വച്ചിരിക്കുന്ന ഒരു ഡബ്ബയില്‍ ഒരു നാണയം വീതം എല്ലാദിവസവും ഇട്ട്‌, അവധിക്കുപോകുമ്പോള്‍, നാട്ടില്‍ ആരെങ്കിലും പാവങ്ങള്‍ക്ക്‌ സംഭാവന നല്‍കിയിരുന്ന ഒരു സുഹൃത്ത്‌ എനിക്കുണ്ടായിരുന്നു. ഇദ്ദേഹം വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹം കഴിച്ചു. ഒരു മകനും ജനിച്ചു. ഈ കുട്ടിക്ക്‌ മൂന്നു വയസ്സായപ്പോഴേക്ക്‌ എപ്പോള്‍ പുറത്തേക്കിറങ്ങിയാലും കടയില്‍നിന്ന് ലോലിപോപ്പ്‌ (മിഠായി) വേണം എന്ന ശാഠ്യമായി. ഗള്‍ഫിലെ മിക്ക ഷോപ്പിംഗ്‌ സെന്ററുകളിലും ഒരു ദിര്‍ഹം ഇട്ടാല്‍ കിട്ടുന്ന ഒരു ചെറിയപന്തോ, മിഠായിയിയോ, ഭാഗ്യപരീക്ഷണം നടത്തി കിട്ടിയേക്കാവുന്ന ഒരു പാവയോ ഒക്കെ കിട്ടുന്ന മെഷീനുകള്‍ വച്ചിട്ടുണ്ടല്ലോ? ഇവന്‌ അതിലേതെങ്കിലും ഒന്നു വേണമെന്നകാര്യത്തിലും നിര്‍ബന്ധബുദ്ധിതന്നെ. വെറുതേ ഈ കുട്ടി ഓന്നോ രണ്ടോ ദിര്‍ഹം വീതം ചെലവാക്കുന്നതു കണ്ട്‌ അവസാനം എന്റെ സുഹൃത്ത്‌ ഒരു നല്ല കാര്യം ചെയ്തു. മേല്‍പ്പറഞ്ഞ മെഷീനുകളുടെ സമീപത്തായിത്തന്നെ charity box കളും എല്ലാ ഷോപ്പിംഗ്‌ സെന്ററുകളിലും വച്ചിട്ടുണ്ടല്ലോ? കുട്ടിയോട്‌ പറഞ്ഞു, ഇനി മിഠായി എടുക്കണം എന്നുണ്ടെങ്കില്‍, ഒരു ദിര്‍ഹം ആദ്യം "പാവം കുഞ്ഞുങ്ങള്‍ക്കുള്ള ബോക്സില്‍" ഇടണം, എന്നിട്ട്‌, മോന്‌ മിഠായി മെഷീനില്‍ നിന്ന് ഒരു മിഠായി എടുക്കാം എന്ന്. തീര്‍ച്ചയായും വളര്‍ന്നുവരുമ്പോള്‍ അവന്‌ അവന്റെ അച്ഛന്‍ പറഞ്ഞുകൊടുത്ത ഈ പാഠം എന്തായിരുന്നു എന്ന് മനസ്സിലാകാതിരിക്കില്ല.

ഈ വിഷയത്തെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കാനാണെങ്കില്‍ പേജുകള്‍ തന്നെ വേണ്ടിവരും. പക്ഷേ പറയുന്നതിനേക്കാള്‍ പ്രവൃത്തിയിലാണല്ലോ കാര്യം. അതിനാല്‍ ഇന്നുതന്നെ തുടങ്ങാം, ഒരോ ദിര്‍ഹംസ്‌, ഓരോ രൂപകള്‍, ഓരോ ഡോളര്‍ മാറ്റിവയ്ക്കുവാന്‍, നമ്മുടെ സഹജീവികള്‍ക്കായി. ഒരുദിവസം ഒന്നിച്ചൊരു തുക എടുക്കുന്നതിനേക്കാള്‍ നല്ലതല്ലേ, കുറേശ്ശെയായി സ്വരൂപിക്കുന്നത്‌?

Read more...

മൂന്നു കുരങ്ങന്മാര്‍ പറഞ്ഞത്‌

>> Monday, April 30, 2007


കൊല്ലം ജില്ലയിലെ പ്രമുഖ പട്ടണങ്ങളില്‍ ഒന്നാണ്‌ പുനലൂര്‍. പുനലൂര്‍ പേപ്പര്‍ മില്ലും, പ്ലൈവുഡ്‌ ഫാക്ടറിയും പുനലൂര്‍ തൂക്കുപാലവും വളരെ പ്രശസ്തമാണല്ലോ? കല്ലടയാറിന്റെ സാമീപ്യവും, കിഴക്കന്‍ മലകളില്‍ യഥേഷ്ടം ലഭിച്ചിരുന്ന ഈറയും, തടിവ്യവസായത്തിന്‌ ആവശ്യമായ കാട്ടുമരങ്ങളും ഒക്കെയാവാം, ബ്രിട്ടീഷുകാരെ ഈ പ്രദേശത്തേക്ക്‌ ആകര്‍ഷിച്ചത്‌. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദങ്ങള്‍ മുതല്‍തന്നെ പുനലൂര്‍, കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ വികസിതമായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ തുടങ്ങി എണ്‍പതുകളുടെ തുടക്കം വരെ, അവരുടെ ജോലിയുടെ ഭാഗമായി എന്റെ മാതാപിതാക്കള്‍ പുനലൂരിലായിരുന്നു താമസിച്ചിരുന്നത്‌.

പുനലൂര്‍ ടൗണില്‍ നിന്നും രണ്ടുകിലോമീറ്ററോളം പടിഞ്ഞാറ്‌ മാറി, പേപ്പര്‍ മില്ലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും, ജോലിക്കാരുടെ ക്വാട്ടേഴ്സുകളും ഒക്കെ സ്ഥിതിചെയ്തിരുന്ന ഒരു പ്രദേശത്തായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്ന വാടക വീട്‌. റോഡില്‍ നിന്നും അല്‍പം മാറി, ഒരു വയലിന്റെ വശത്ത്‌ നിന്നിരുന്ന, രണ്ടുമുറിയും ഒരു വരാന്തയും ഉള്ള ഓലമേഞ്ഞ, വൈദ്യുതി എത്തിയിട്ടില്ലാത്ത ആ വീട്ടിലായിരുന്നു എന്റെ കുട്ടിക്കാലം. സമീപത്തു തന്നെയുള്ള ഒരു സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരായിരുന്നു എന്റെ അച്ഛനമ്മമാര്‍.

അന്നൊക്കെ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനും മറ്റുമായി, പുനലൂര്‍ ടൗണിലേക്ക്‌ പോകേണ്ടതുണ്ടായിരുന്നു. അവധി ദിനങ്ങളാണെങ്കില്‍ ടൗണിലേക്ക്‌ പോകുന്നത്‌ കുറച്ചുകൂടി നേരത്തേയായിരിക്കും, സന്ധ്യമയങ്ങുന്നതിനു മുമ്പ്‌, വീട്ടില്‍ തിരിച്ചെത്താവുന്ന തരത്തില്‍. ചിലപ്പോഴൊക്കെ അപ്പ ഞങ്ങള്‍ കുട്ടികളേയും കൂട്ടും, നഗരക്കാഴ്ചകള്‍ കാണാന്‍. ടൗണിലേക്ക്‌ പോകുന്ന വഴിയില്‍ "റിച്ചീസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌" എന്ന പേരിലുള്ള ഒരു ഹിന്ദി ഭാഷാപഠനകേന്ദ്രം ഉണ്ടായിരുന്നു. ഈ സ്ഥാപനത്തെ ഇന്നും ഞാന്‍ ഓര്‍ത്തിരിക്കാന്‍ ഒരു കാരണമുണ്ട്‌ - അതിന്റെ മതിലില്‍ ഉറപ്പിച്ചിരുന്ന മൂന്നു കുരങ്ങന്മാരുടെ പ്രതിമകള്‍ അന്നെനിക്ക്‌ വളരെ കൗതുകകരമായി തോന്നിയിരുന്നു. ഒരാള്‍ കണ്ണുപൊത്തിയിരിക്കുന്നു, അടുത്തയാള്‍ ചെവിപൊത്തിപ്പിടിച്ചിരിക്കുന്നു, മൂന്നാമത്തെയാള്‍ വായ പൊത്തിപ്പിടിച്ചിരിക്കുന്നു. കടുംകാവിനിറത്തിലുള്ള തൂണുകള്‍ക്കു മുകളില്‍, വെള്ളിനിറത്തില്‍ ഉണ്ടാക്കി ഉറപ്പിച്ചിരുന്ന ആ കുരങ്ങന്മാരുടെ പ്രതിമകള്‍ ടൗണിലേക്ക്‌ പോകുന്നവഴിയില്‍ എന്നും ഒരു വിസ്മയക്കാഴ്ചയായിരുന്നു.

ഈ കുരങ്ങന്മാര്‍ നമ്മോട്‌ എന്താണ്‌ പറയുന്നതെന്ന് അറിയാമോ എന്ന് എന്റെ അമ്മ ഒരിക്കല്‍ ചോദിച്ചു. "ഇല്ല" എന്ന എന്റെ മറുപടികേട്ട്‌ അമ്മ പറഞ്ഞു,

ഒന്നാമന്‍ പറയുന്നത്‌ "കുഞ്ഞേ, കുഞ്ഞേ, കാണണ്ടാത്തതു കാണേണ്ടാ... "
രണ്ടാമന്‍ പറയുന്നു "കുഞ്ഞേ കുഞ്ഞേ, കേള്‍ക്കണ്ടാത്തതു കേള്‍ക്കണ്ടാ..."
മൂന്നാമന്‍ പറയുന്നു "കുഞ്ഞേ, കുഞ്ഞേ, ചൊല്ലരുതാത്തതു ചൊല്ലണ്ടാ....."

ചെറുപ്പകാലത്ത്‌ ഇതിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും പിടികിട്ടിയില്ല എങ്കിലും, അറിവായപ്പോള്‍ അതിന്റെ വ്യാപ്തി മനസ്സിലായി. എത്ര അര്‍ത്ഥവത്തായ പഴമൊഴി! തിന്മയായ എന്തില്‍നിന്നും നോക്കിലും, വാക്കിലും, കേള്‍വിയിലും ഒഴിഞ്ഞിരിക്കുമെങ്കില്‍ സകല തിന്മകളില്‍ നിന്നും നാം മോചിതരായിരിക്കുമെന്ന മഹത്തായ ചിന്തയാണ്‌ ഈ മൂന്നു കുരങ്ങന്മാര്‍ പറഞ്ഞുതരുന്നതെന്ന അറിവ്‌ എനിക്ക്‌ അവരോടുള്ള സ്നേഹം വര്‍ദ്ധിപ്പിച്ചു.
ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ച, പറഞ്ഞുതന്ന ഈ ചിന്തകള്‍ എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്‌. ടി.വി.യും ഇന്റര്‍നെറ്റും തുടങ്ങി പലമാധ്യമങ്ങളും വളരെ പ്രചാരത്തിലുള്ള ഈ കാലഘട്ടത്തില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക്‌ അവരുടെ മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കേണ്ട പാഠവും ഇതുതന്നെ. ഗുണവും ദോഷവും വേര്‍തിരിച്ചറിഞ്ഞ്‌ വളരുവാന്‍ അവരെ പ്രാപ്തരാക്കുക. "കാഴ്ച" എന്നത്‌ ദൃശ്യമാധ്യമങ്ങളില്‍മാത്രം ഒതുങ്ങുന്നില്ല. നിലവാരമില്ലാത്തതും, യാതൊരുവിധ പാഠങ്ങളും നല്‍കാനില്ലാത്തതുമായ സീരിയലുകളും, സിനിമകളും കാണുവാന്‍ കുട്ടികളെ നിര്‍വിഘ്നം അനുവദിക്കാതെ, പ്രയോജനമുള്ള, നല്ല ഡോക്യുമെന്ററികള്‍, നല്ല കഥകള്‍, നോവലുകള്‍, ലേഖനങ്ങള്‍ (അത്‌ പുസ്തകമോ ഇന്റര്‍നെറ്റോ എന്തുമാകാം) തുടങ്ങിയവയൊക്കെ അവര്‍ക്കു നല്‍കുക. ഉപദേശം മാത്രം നല്‍കാതെ, നമ്മുടെ പ്രവര്‍ത്തിയിലൂടെയും അവര്‍ക്കത്‌ മനസ്സിലാവണം. മൂന്നുനാലു വയസ്സായ കൊച്ചുകുട്ടികള്‍, അവരുടെ ലോകത്താണെന്നു നമുക്ക്‌ തോന്നുന്നുണ്ടെങ്കിലും, അവര്‍ വളരെ വേഗം നമ്മില്‍ നിന്ന് പലകാര്യങ്ങളും ഗ്രഹിക്കുകയാണെന്നത്‌ പലര്‍ക്കും അറിയാത്ത സംഗതിയാണ്‌. ചെറുപ്പത്തില്‍ വീട്ടില്‍നിന്നു ശീലിക്കുന്ന നല്ല ഗുണങ്ങള്‍ കൗമാരത്തിലും യൗവ്വനത്തിലും നഷ്ടപ്പെട്ടുപോകാതെ ജീവിതാന്ത്യത്തോളം നിലനില്‍ക്കും എന്നത്‌ ഒരു യാഥാര്‍ഥ്യമത്രേ.

രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഒരവധിക്കാലത്ത്‌ അച്ഛനമ്മമാരേയുംകൂട്ടി പുനലൂരിലെ പഴയ വാസസ്ഥലവും, അന്നത്തെ അയല്‍ക്കാരെയുമൊക്കെ ഒന്നു കാണുവാന്‍ ഞങ്ങള്‍ പോയിരുന്നു. ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ വളരെ മാറ്റങ്ങള്‍ വരുത്തിയിരുന്നു ആ പ്രദേശങ്ങള്‍ക്ക്‌. പഴയ റിച്ചീസിനുമുന്‍പില്‍ക്കൂടി കാര്‍ പോകുമ്പോള്‍ ഞാന്‍ കുരങ്ങമ്മാരെപ്പറ്റി ഓര്‍ത്തു. അപ്പ അമ്മയോടു പറയുന്നതു കേട്ടു, "പണ്ട്‌ ഇതുവഴി എത്ര നടന്നതാ..." എന്ന്. ശരിയാണ്‌. വൈകുന്നേരങ്ങളില്‍ ടൗണിലേക്ക്‌ പോകുന്ന അപ്പ, ഒരു സഞ്ചിയില്‍ വീട്ടിലേക്കുള്ള സാധനങ്ങളും കൈയ്യിലേന്തി, എട്ടുമണിയോളമാവുമ്പോഴേക്ക്‌ തിരിച്ചെത്തും. റോഡില്‍നിന്ന് വയല്‍വരമ്പുവഴി ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയിലെ കൂരിരുട്ടില്‍ ഒരു മിന്നിക്കുന്ന ടോര്‍ച്ചോ, അല്ലെങ്കില്‍ ഒരു പേപ്പറില്‍ ചുരുട്ടി കത്തിച്ച മെഴുകുതിരിവെട്ടമോ കാണുമ്പോള്‍ അത്‌ അപ്പയാണോ എന്നു നോക്കി ഞങ്ങള്‍ നില്‍ക്കുമായിരുന്നു. അച്ഛനുള്ള വീട്‌ എത്ര സുരക്ഷിതമാണ്‌...അല്ലേ?

അവരുടെ പരിമിതമായ ചുറ്റുപാടുകളില്‍ ഒതുങ്ങിനിന്നുകൊണ്ട്‌ മക്കളെ നല്ല രീതിയില്‍ രൂപപ്പെടുത്തിയെടുത്തതിന്റെ സുകൃതമാണല്ലോ ഞങ്ങള്‍ ഇന്നനുഭവിക്കുന്നതെന്ന് ഹൃദയംനിറയുന്ന സന്തോഷത്തോടെ ഞാനപ്പോള്‍ ഓര്‍ത്തു.

****************** ***************

വാല്‍ക്കഷണം: മൂന്നുകുരങ്ങന്മാരുടെ "See no evil, hear no evil, speak no evil" എന്ന പഴമൊഴിക്ക്‌ എട്ടാം നൂറ്റാണ്ടാളം പഴക്കമുണ്ടത്രേ. ഇന്‍ഡ്യയില്‍നിന്ന് ജപ്പാനിലെത്തിയ ബുദ്ധമത സന്യാസിമാരാണിത്‌ ജപ്പാനില്‍ പ്രചരിപ്പിച്ചതെന്നു കരുതപ്പെടുന്നു. ജപ്പാനിലെ ടൊഷോഗു ആരാധനാലയത്തിന്റെ ഒരു വാതില്‍പ്പടിമേല്‍ കൊത്തിവച്ചിരിക്കുന്ന മൂന്നു കുരങ്ങന്മാരുടെ രൂപങ്ങള്‍ പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ്‌. വിവരങ്ങള്‍ക്കു കടപ്പാട്‌, വിക്കിപീഡിയയ്ക്ക്‌.

Read more...

കുഞ്ഞിനെ എടുക്കുവാന്‍ മറന്ന അമ്മ

>> Tuesday, April 24, 2007

ബ്ലോഗര്‍ സുഹൃത്ത്‌ ഇടിവാള്‍ ഈയാഴ്ച എഴുതിയ "മടക്കയാത്ര" എന്ന ചെറുകഥയില്‍ ഗള്‍ഫിലേക്ക്‌ വിരുന്നുവന്ന മുത്തശ്ശിയുമായി രണ്ടുമാസമായിട്ടും ഇണങ്ങാത്ത കൊച്ചുമകളെപ്പറ്റി വിവരിക്കുന്നുണ്ട്‌. ഈ തലമുറയിലെ പല(പ്രവാസി)കുട്ടികളും എന്തേ ഇങ്ങനെ? ബന്ധങ്ങള്‍ അറിയാന്‍പാടില്ല്ലാത്ത കുട്ടികള്‍, മാതാപിതാക്കളോടുള്ളതിനേക്കാള്‍ കൂട്ടുകാരോട്‌ വിധേയത്വം കാണിക്കുന്ന കുട്ടികള്‍, ടി.വി.യിലും ഇന്റെനെറ്റിലും, ഗെയിമുകളിലും അഡിക്റ്റായ കുട്ടികള്‍, പത്തുപന്ത്രണ്ടു വയസ്സാവുമ്പോഴേക്കും കുട്ടിത്തം തന്നെ നഷ്ടപ്പെട്ടുപോകുന്ന കുട്ടികളല്ലാത്ത കുട്ടികള്‍.


പണ്ട വായിച്ച ഒരു കഥയുണ്ട്‌. പ്രണയബദ്ധരായിരുന്ന ഒരു യുവതിയും യുവാവും വിവാഹം കഴിച്ചു. സന്തോഷകരമായ അനുഭവങ്ങള്‍ സമ്മാനിച്ച ജീവിതം പക്ഷെ അധികകാലം നീണ്ടുനിന്നില്ല. അവരുടെ സ്നേഹത്തിന്റെ ശേഷിപ്പായി ഒരു കൊച്ചു ജന്മത്തെ അവളുടെ ഗര്‍ഭപാത്രത്തില്‍ വളരാന്‍ വിട്ടിട്ട്‌ അവന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയി. വളരെ ദുഃഖിതയും ഖിന്നയുമായിത്തീര്‍ന്ന ആ യുവതി യഥാകാലം ഒരു കുഞ്ഞിനെ പ്രസവിച്ചു. വരുമാനമാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാതിരുന്ന അവള്‍ ഒരു വീട്ടില്‍ ജോലിചെയ്ത്‌ കുഞ്ഞിനെ സംരക്ഷിച്ചുപോന്നു. തന്റെ ദുഃഖവും പ്രയാസങ്ങളും അവള്‍ ഈശ്വരനില്‍ സമര്‍പ്പിച്ച്‌ എന്നും പ്രാര്‍ഥിക്കുമായിരുന്നു. പക്ഷേ ഈശ്വരന്‍ മൗനം തുടര്‍ന്നു.


ഇതുകണ്ട സങ്കടം തോന്നിയ ഒരു മാലാഖ ഈശ്വരനോട്‌ ചോദിച്ചു, "അങ്ങെന്താണ്‌ ഇങ്ങനെ മൗനം പാലിക്കുന്നത്‌. ആ വിധവയായ സ്ത്രീയ്ക്ക്‌ കുഞ്ഞിനേയും വളര്‍ത്തി ശിഷ്ടകാലം കഴിയാനുള്ള ധനം അങ്ങേയ്ക്ക്‌ നല്‍കിക്കൂടേ" എന്ന്. ഈശ്വരന്‍ പ്രതിവചിച്ചു. "ശരി, നീ ആ സ്ത്രീയുടെ അടുത്തു ചെന്ന് നിനക്കു യുക്തമെന്നു തോന്നുന്നത്‌ നല്‍കിക്കൊള്ളുക. പക്ഷേ സൂക്ഷിക്കണം, അവള്‍ മനുഷ്യവര്‍ഗ്ഗത്തില്‍ പെട്ടവളാണ്‌".


മാലാഖയ്ക്ക്‌ സന്തോഷമായി. മാലാഖ അവളുടെ അടുത്തെത്തിയിട്ട്‌ പറഞ്ഞു, "നിന്റെ കഷ്ടപ്പാടുകളൊക്കെ മാറാന്‍ പോകുന്നു. ശിഷ്ടകാലം സന്തോഷത്തോടെ നിന്റെ കുഞ്ഞിനോടൊപ്പം കഴിയുവാനുള്ള ധനം നിനക്കു നല്‍കുവാന്‍ ഈശ്വരന്‍ അയച്ചതാണ്‌ എന്നെ". മാലാഖ അവളെ ഒരു മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. സ്വര്‍ണ്ണനാണയങ്ങള്‍ കൂട്ടിയിട്ടിരുന്ന ഒരു മുറിയായിരുന്നു അത്‌. മാലാഖ അവളോടുപറഞ്ഞു. "അരമണിക്കൂര്‍ സമയം ഞാന്‍ നിനക്കു തരുന്നു. നിനക്ക്‌ എടുക്കാവുന്നിടത്തോളം നാണയങ്ങള്‍ എടുത്തുകൊള്ളുക. പക്ഷേ ഓരോന്നായി മാത്രമേ എടുക്കാവൂ. അരമണിക്കൂര്‍ കഴിയുന്നതിനു മുമ്പ്‌ നീ മുറിക്ക്‌ പുറത്ത്‌ ഇറങ്ങിക്കൊള്ളുകയും വേണം, അല്ലെങ്കില്‍ ഈ മുറിയുടെ വാതില്‍ അടയും, പിന്നീടൊരിക്കലും നിനക്ക്‌ പുറത്തിറങ്ങാന്‍ കഴിയുകയുമില്ല" മുപ്പതു മിനിറ്റ്‌ സൂചിപ്പിക്കുന്ന ഒരു ക്ലോക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്തിട്ട്‌ മാലാഖ അപ്രത്യക്ഷമായി. തന്റെ കൊച്ചുകുഞ്ഞിനെ ഒരു വശത്തിരുത്തിയിട്ട്‌ ആ അമ്മ തന്റെ സാരിത്തലപ്പില്‍ ഓരോരോ സ്വര്‍ണ്ണനാണയങ്ങളായി പെറുക്കിയെടുക്കാന്‍ ആരംഭിച്ചു.


സമയം കടന്നുപോയി. "മതി, നിനക്കും നിന്റെ കുഞ്ഞിനും ജീവിതകാലം മുഴുവന്‍ സുഭിക്ഷമായിക്കഴിയുവാനുള്ള വകയായി" എന്ന് അവളുടെ മനസ്സാക്ഷി ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ അവളില്‍ ഉറങ്ങിക്കിടന്നിരുന്ന അത്യാഗ്രഹം സടകുടഞ്ഞെഴുന്നേറ്റ്‌ വീണ്ടും വീണ്ടും നാണയങ്ങള്‍ പെറുക്കുവാന്‍ അവളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. മുപ്പതു മിനിറ്റ്‌ അവസാനിക്കുവാന്‍ രണ്ടുസെക്കന്റ്‌ മാത്രം ബാക്കിയുള്ളപ്പോള്‍ അവള്‍ ആ ഭാരമേറിയ സ്വര്‍ണ്ണക്കൂമ്പാരവും വഹിച്ചുകൊണ്ട്‌ മുറിക്കുപുറത്തിറങ്ങി. വാതിലും അടഞ്ഞു. പക്ഷേ അവളുടെ കുഞ്ഞിനെ എടുക്കുവാന്‍ ആ തിരക്കിനിടയില്‍ അവള്‍ മറന്നുപോയിരുന്നു......


ഇതുതന്നെയല്ലേ ഇടിവാളിന്റെ കഥാപാത്രമായ കുഞ്ഞിനും പറ്റിയത്‌? ആരാണിതിനുത്തരവാദികള്‍? കുഞ്ഞുങ്ങളോ, അതോ ജീവിത തിരക്കുകള്‍ക്കിടയില്‍ അവരെ എടുക്കുവാന്‍ മറന്നുപോകുന്ന നമ്മള്‍ മാതാപിതക്കളോ? മേല്‍പ്പറഞ്ഞ കഥയിലെ നാണയങ്ങള്‍ പണത്തെ മാത്രമല്ല, നമ്മുടെ ഓരോ പ്രവൃത്തിയേയും ദൃശ്യവല്‍ക്കരിക്കുന്നു. കൊച്ചുകുട്ടികളുടെ മനസ്സ്‌ ഒരു ബ്ലാങ്ക്‌ പേപ്പറാണ്‌ എന്നു പറയാറുണ്ടല്ലോ? അതില്‍ മതാപിതാക്കള്‍ ചെറുപ്രായത്തില്‍ത്തന്നെ കുറിച്ചിടുന്ന "പോസ്റ്റുകളും കമന്റുകളുമാണ്‌" അവരുടെ മനസ്സില്‍ പതിഞ്ഞ്‌ വരുന്നത്‌. ഇതിന്റെ കൂടെ, "ചൊട്ടയിലെ ശീലം ചുടലവരെ" എന്ന പഴമൊഴിയും ചേര്‍ത്ത്‌ വായിക്കുമ്പോള്‍ ചിത്രം കുറേക്കൂടി വ്യക്തം.


നാട്ടില്‍ വളരുന്ന കുട്ടികള്‍ക്ക്‌ അവരുടെ വളര്‍ച്ചയില്‍ സ്വാഭാവികമായി പകര്‍ന്നുകിട്ടുന്ന അനുഭവങ്ങളിലൂടെ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യവും, സ്നേഹത്തിന്റെ ഊഷ്മളതയും മനസ്സിലാക്കുന്നു. പ്രവാസിയുടെ കുട്ടിയെ സംബന്ധിച്ചിടത്തോളം മാതാപിതാക്കള്‍ അവര്‍ക്ക്‌ പറഞ്ഞുകൊടുക്കേണ്ട ഒരു കടമയായി ഇത്‌ മാറുന്നു.മുത്തഛന്‍, മുത്തശ്ശീ, മറ്റു ബന്ധുക്കള്‍ തുടങ്ങിയവരെപ്പറ്റിയുള്ള അറിവും, അവര്‍ എന്ന വ്യക്തി എന്താണെന്നും ചെറുപ്പത്തില്‍ത്തന്നെ കുഞ്ഞുങ്ങള്‍ക്ക്‌ സ്വന്തം ജീവിതമാതൃകകളിലൂടെ, അവരുമായുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ കാണിച്ചു കൊടുക്കുവാന്‍ എത്ര മാതാപിതാക്കള്‍ക്ക്‌ കഴിയുന്നുണ്ട്‌? സമൂഹ്യ ബോധത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കേണ്ടത്‌ സ്വന്തം വീട്ടില്‍നിന്നു തന്നെയാണ്‌. വ്യക്തിബന്ധങ്ങളുടെ വില അറിയേണ്ടതും അവിടുന്നുതന്നെ. എത്ര തിരക്കു പിടിച്ച ജീവിതമായാലും, ഇതിനൊക്കെ നാം സമയം കണ്ടെത്തുന്നില്ലെങ്കില്‍ 'സ്വയംകൃതാനര്‍ത്ഥം' എന്നു ചിന്തിച്ച്‌ നാളെ ആശ്വസിക്കുകയേ വഴിയുള്ളൂ.


ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം, കുടുംബങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരുമായുള്ള ഇടപഴകലിന്റെ സമയക്രമം തന്നെ തകര്‍ക്കുന്നു എന്നത്‌ ഒരു സത്യമാണ്‌. അതിഥികള്‍ വീട്ടിലെത്തിയാല്‍പ്പോലും “നിര്‍ജ്ജീവങ്ങളായ കണ്ണുകള്‍“ ടി.വി.യിലുറപ്പിച്ച് ചുറ്റുപാടും യാതൊരു ശ്രദ്ധയുമില്ലാതെ മണിക്കൂറുകളോളം ഇരിക്കുന്ന കുട്ടികളേയും നമുക്ക് പരിചയമുണ്ടല്ലോ? കുട്ടികളുമായി സംസാരിക്കാന്‍ സമയം കണ്ടെത്തുക, നാടും വീടുമായി ബന്ധപ്പെട്ട കാര്യങ്ങളും, പഴയ അനുഭവങ്ങളും ഒഴിവുവേളകളില്‍ അവരുമായി പങ്കുവയ്ക്കുക, തുടങ്ങിയവയൊക്കെ പ്രവാസികള്‍ക്ക്‌ ചെയ്യാന്‍ പറ്റും. മറ്റൊരു പ്രധാന സംഗതി, നാം ഏതു മതവിശ്വാസത്തില്‍പ്പെട്ടവരുമായിക്കോട്ടെ, നമ്മുടെ കുഞ്ഞുങ്ങളെ ആ മതത്തില്‍ അടിയുറച്ച വിശ്വാസികളായി വളര്‍ത്തിയെടുക്കുക എന്നതാണ്‌. എങ്കില്‍, അടുത്ത തലമുറയിലും നന്മയുണ്ടാവും. എല്ലാ മതങ്ങളും ആത്യന്തികമായി മനുഷ്യ നന്മയാണല്ലോ ലക്ഷ്യമാക്കുന്നത്‌.


ബ്ലോഗര്‍ പ്രിയംവദ, സ്വപ്നങ്ങള്‍ കൈമോശം വന്നവര്‍“ എന്ന ലേഖനത്തില്‍ അഭിപ്രായപ്പെട്ടതുപോലെ, "എക്സ്‌പോര്‍ട്ട്‌ ക്വാളിറ്റി" യുള്ള തലമുറയായി അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനു എല്ലാം വാരിക്കോരിനല്‍കുമ്പോഴും ജീവിതത്തിന്റെ മൂല്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ സമയമില്ലാതെ വരുന്ന "പാവം" നമ്മള്‍! ഇതു തുടരുന്ന കാലത്തോളം "മടക്കയാത്രകള്‍" തുടരും. ഇന്നു ഞാന്‍ നാളെ നീ എന്ന വ്യത്യാസം മാത്രം.

Read more...

ഒരു ജന്മദിനത്തിന്റെ ഓര്‍മ്മയ്ക്ക്‌

>> Tuesday, April 10, 2007



ഇന്ന് ഏപ്രില്‍ പത്ത്. ഞങ്ങളുടെ ഉണ്ണിമോള്‍ക്ക്‌ എട്ടുവയസ്സ്‌ തികയുന്നു. നാട്ടില്‍നിന്ന് ഫോണിലൂടെ അപ്പച്ചനും അമ്മച്ചിയും സന്തോഷാശ്രുക്കളോടെ പറഞ്ഞ ജന്മദിനാശംസകളും, അപ്പയും അമ്മയും, ഉണര്‍ന്നെഴുന്നേറ്റപ്പോള്‍തന്നെ സ്നേഹപൂര്‍വ്വം നല്‍കിയ മുത്തങ്ങളും, മൂന്നുവയസ്സുകാരന്‍ ആങ്ങള പറഞ്ഞ "ഉന്നീ, ഹാപ്പി ബത്ഡേ ഉന്നീ" എന്ന ആശംസയും അവളെ വളരെ സന്തോഷിപ്പിച്ചിരിക്കുന്നു. ഇന്നു രാവിലെ പതിവു യൂണിഫോം മാറ്റിവച്ച്‌ പാര്‍ട്ടി ഡ്രസും ധരിച്ച്‌, കൈയ്യില്‍ കൂട്ടുകാര്‍ക്ക്‌ നല്‍കാന്‍ ചോക്ലേറ്റുകളും, ക്ലാസില്‍ വച്ച്‌ മുറിക്കാന്‍ ഒരു കേക്കും, പുസ്തകസഞ്ചിയുമായി സന്തോഷത്തോടെ അവള്‍ സ്കൂള്‍ബസ്സില്‍ കയറിപ്പോകുമ്പോള്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു, പണ്ട്‌ എന്റെ മാതാപിതാക്കള്‍ അവരുടെ പരിമിതമായ ചുറ്റുവട്ടങ്ങളില്‍ നിന്നുകൊണ്ട്‌ എന്റെ ജന്മദിനങ്ങള്‍ ആഘോഷിച്ചിരുന്നത്‌.


വീട്ടിലെ മൂത്ത മക്കളുടെ ജനനവും വളര്‍ച്ചയുടെ ഓരോപടവുകളും അച്ഛനമ്മമാര്‍ക്ക്‌ പ്രത്യേകിച്ച്‌ ഒരല്‍പം മധുരം കൂടുതലുള്ള ഓര്‍മ്മകളാണല്ലോ. ഞങ്ങള്‍ സഹോദരങ്ങളുടെ ജന്മദിനങ്ങള്‍ വരുമ്പോള്‍, അമ്മ ഉച്ചയ്ക്ക്‌ ഒരു അരിപ്പായസം വച്ച്‌ സമീപത്തുള്ള വീടുകളിലെ കുട്ടികളെ വീട്ടിലേക്ക്‌ വിളിച്ച്‌ കൊടുക്കും. വിളമ്പാനുള്ള വാഴയില വെട്ടുന്നതും, കുട്ടികളെ ക്ഷണിക്കാന്‍ പോകുന്നതും എന്റെ ജോലിയായിരുന്നു. വൈകിട്ട്‌ ഞങ്ങളുടെ അപ്പ ടൗണിലേക്ക്‌ പോകും. തിരിച്ചുവരുമ്പോള്‍ ഒരു പായ്ക്കറ്റില്‍ നിറയെ ബേക്കറിയില്‍ നിന്നും വാങ്ങിയ ആറേഴിനം ഇനം പലഹാരങ്ങളും ആയിട്ടാവും വരുന്നത്‌. ഇങ്ങനെയായിരുന്നു ഞങ്ങളുടെ ചെറുപ്പകാലത്തെ ജന്മദിനാഘോഷം.


നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണെന്നു തോന്നുന്നു, ഒരു മാര്‍ച്ച്‌ മാസത്തില്‍ ഏഷ്യാനെറ്റിലെ "കണ്ണാടി" എന്ന പരിപാടിയില്‍ വടക്കന്‍ കേരളത്തിലെവിടെയോ ഉള്ള സുമിത്ര എന്നൊരു പാവം പെണ്‍കുട്ടിയുടെ കഥ കാണിച്ചിരുന്നു. സുമിത്രയ്ക്ക്‌ അന്ന് ഏഴുവയസ്സു പ്രായം. അമ്മ മരിച്ചു. അച്ഛന്‍ കൂലിപ്പണിക്കാരന്‍. ഇളയ രണ്ടുകുട്ടികള്‍. മൂന്നും, ഒന്നരയും വയസ്സ്‌ പ്രായം. ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലിലാണ്‌ താമസം. സുമിത്രയ്ക്ക്‌ വീട്ടില്‍ പിടിപ്പത്‌ പണി. സ്കൂളില്‍ പോകുന്നില്ല. ഇളയ രണ്ടുകുട്ടികളെ പകല്‍മുഴുവന്‍ നോക്കണം, കുളിപ്പിക്കണം, ചോറ്‌ വയ്ക്കണം - അയലത്തുനിന്ന് ചിരവ കടംവാങ്ങിയാണ്‌ തേങ്ങ തിരുമ്മുന്നതും തന്നോളം പോന്ന ഒരമ്മിക്കല്ലില്‍ ചമ്മന്തിയരയ്കൂന്നതും. അവിശ്വസനീയം, അല്ലേ? പക്ഷേ സത്യമായ കാര്യങ്ങള്‍, അതിഭാവുകത്വങ്ങളില്ലതെ വീഡിയോ ചിത്രങ്ങളായി നമ്മുടെ മുമ്പില്‍ തെളിയുമ്പോള്‍ എന്തിനവിശസിക്കണം? ഒന്നരവയസ്സുകാരന്‍ അനുജനും, മൂന്നുവയസ്സുകാരി അനുജത്തിക്കും ഒരു ചിരട്ടയില്‍ പൊരിക്കടലയിട്ടികൊടുത്ത് ഒരിടത്തിരുത്തിയിട്ട് സുമിത്ര ഒരു കലത്തില്‍ കഞ്ഞിവയ്ക്കുന്ന രംഗം ടി.വി. യില്ലാതെതന്നെ എനിക്കിപ്പോഴും കാണാം. നോക്കുക, സുമിത്രയ്ക്ക്‌ ഏഴുവയസ്സേയുള്ളു, പക്ഷേ വിധിയവളെ ഒരു വീട്ടമ്മയുടെ റോളില്‍ ആക്കിയിരിക്കുന്നു. പത്തും പന്ത്രണ്ടും വയസ്സായിട്ടും സ്വയം മുടിചീകാന്‍ പോലുമറിയാത്ത നമ്മുടെയൊക്കെ വീടുകളിലെ കുട്ടികളെ ഞാനന്നോര്‍ത്തു.


കണ്ണാടി അതേ എപ്പിസോഡ്‌ റീ-ടെലിക്കാസ്റ്റ്‌ ചെയ്തപ്പോള്‍ ഞാനത്‌ റിക്കോഡ്‌ ചെയ്തുവച്ചു, എന്റെ കുട്ടികള്‍ വലുതാകുമ്പോള്‍ കാണിച്ചുകൊടുക്കുവാന്‍, ഇങ്ങനെയും ഈ ലോകത്ത്‌ ചില കുട്ടികളുണ്ടെന്ന്. ഉണ്ണിമോളുടെ മൂന്നാം ബര്‍ത്ത്‌ ഡേ ഒരാഴ്ചയ്ക്കു ശേഷം വരുന്നുണ്ടായിരുന്നു. അതോടനുബന്ധിച്ച്‌ കൂട്ടുകാരെയെല്ലാം വിളിച്ച്‌ ഒരു പാര്‍ട്ടിയും (ഗെറ്റ് റ്റുഗദര്‍) ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷേ സുമിത്രയുടെ കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചൂ, "ഈവര്‍ഷം ഉണ്ണീയുടെ ബര്‍ത്ത്ഡേയ്ക്ക്‌ പാര്‍ട്ടി വേണ്ടാ. പകരം അതിനു ചിലവാകുന്ന തുക, സുമിത്രയെ സഹായിക്കാനുള്ള ഫണ്ടിലേക്ക്‌ സംഭാവന ചെയ്യാം" എന്ന്. അങ്ങനെ ആ തുക ഏഷ്യാനെറ്റിന്‌ അയച്ചുകൊടുക്കുകയും ചെയ്തു. കണ്ണാടിയുടെ അനേകം പ്രേക്ഷകര്‍ സംഭാവനകള്‍ അയച്ചു കൊടുത്തു, പിന്നീട്‌ സുമിത്രയ്ക്ക്‌ ഒരു വീടുമായി. അത് കണ്ണാടിയുടെ മറ്റൊരു എപ്പിസോഡ്.


ഇന്നലെ ഞങ്ങള്‍ വീണ്ടും ആ കാസറ്റ്‌ പ്ലേചെയ്ത്‌ സുമിത്രയുടെ കഥ മോളെ കാണിച്ചു. "അപ്പ അന്നങ്ങനെ ചെയ്തപ്പോള്‍ സുമിത്രയ്ക്ക്‌ എത്ര സന്തോഷമായിക്കാണും" എന്ന് ഇന്നലെ ഉണ്ണീമോള്‍ പറഞ്ഞപ്പോള്‍ ഒരു എട്ടുവയസ്സുകാരിക്ക്‌ അത്യാവശ്യം വേണ്ട അറിവ്‌ അവള്‍ക്ക്‌ ആയിക്കഴിഞ്ഞല്ലോ എന്നോര്‍ത്ത്‌ ഞങ്ങള്‍ സന്തോഷിച്ചു.

Read more...

കടമകളുടെ കണക്കുപുസ്തകം

>> Tuesday, March 27, 2007

Font: Anjali Old lipi

പുൽക്കൊടിത്തുമ്പുകളില്‍‍ പറ്റിയിരുന്ന തുഷാരത്തുള്ളികള്‍ തട്ടിത്തെറിപ്പിച്ച് പാടവരമ്പിലൂടെ നടന്നപ്പോള്‍ ബാലന് ഒരു പുത്തനുണര്‍‍വ് അനുഭവപ്പെട്ടു. പുല്ലിലെ തണുപ്പും നനവും അവന്റെ ഉള്ളില്‍ ഒരു മഴയായി പെയ്തിറങ്ങി. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സൌദിഅറേബ്യയിലെ ചൂടില്‍,‍ ഇറുകിയ ഷൂവിനുള്ളില്‍ പാദങ്ങള്‍ വിങ്ങിയപ്പോള്‍ ഈ നടപ്പും തണുപ്പും എത്ര കൊതിച്ചതാണ്? രാവിലെ വീട്ടിൽ‍നിന്നിറങ്ങുമ്പോൾള്‍ രണ്ട് ഉദ്ദേശ്യങ്ങളാണ് മനസ്സിലുണ്ടായിരുന്നത്. ഒന്ന് ഈ പാടവരമ്പത്ത് തെങ്ങോലകൾള്‍ തീർ‍ത്ത തണലിൽ‍ കുളിർ‍കാറ്റുമേറ്റ് മതിയാവോളം നടക്കുക. അതുകൊണ്ടുതന്നെ അമ്മ പറഞ്ഞിട്ടും ബൈക്ക് എടുത്തില്ല. മരുഭൂമിയിലെ പൊടിനിറഞ്ഞ ഊഷരക്കാറ്റിൽ നിന്നും താമസസ്ഥലത്തെ എ.സി.യുടെ വീർപ്പുമുട്ടിക്കുന്ന കൃത്രിമ തണുപ്പിൽ നിന്നും ഒരു മോചനം; അതിന് ഈ പാടവരമ്പാ‍ണ് പറ്റിയത്. രണ്ടാമത് മായൻകുട്ടിക്കായെ ഒന്നു കാണണം. രണ്ടാഴ്ചയായി ഈ വഴി മൂപ്പര്‍ വന്നിട്ടെന്ന് അമ്മ പറഞ്ഞു.

പാവം മായൻകുട്ടിക്കാ. ഞങ്ങളൊക്കെ കുട്ടിക്കാ എന്നു വിളിക്കും. എഴുപതുവയസ്സിനുമേൽ പ്രായമുണ്ട്. അമ്മയുടെ വീടിനടുത്താണ് കുട്ടിക്കായുടെ വീട്. ഉണക്കമീൻകച്ചവടമാണ് ജോലി. അന്നത്തേക്കുള്ള അന്നത്തിന് വകയന്വേഷിക്കാൻവേണ്ടി കഷ്ടപ്പെടുന്ന ഒരു വൃദ്ധൻ‍. മെല്ലിച്ച ശരീരവും, കുഴിഞ്ഞുതാണ കണ്ണുകളും, മടങ്ങാൻ‍ ബുദ്ധിമുട്ടുള്ള ഒരു കാൽമുട്ടുമുള്ള ഇക്കാ, ദൈന്യതയുടെ പര്യായമായിരുന്നു. ടയറ് ട്യൂബ് അടിയിൽ‍ തുന്നിച്ചേർത്ത ചെറിയ കുട്ടയില്‍ ഉണക്കിയ മത്സ്യവും കൈയ്യിലൊരു വടിയുമായി പതിയെ നടന്നു നീങ്ങുന്ന കുട്ടീക്കാ അതുവഴി കടന്നുപോകുന്ന ദിവസങ്ങളിലൊക്കെ വീട്ടിൽ വരും. ചോദിക്കാതെതന്നെ അമ്മ നല്‍കുന്ന ഒരല്പം പ്രാതലും കഴിച്ച് മുറ്റത്തെ മാവിന്റെ ചുവട്ടില്‍ അല്പം വിശ്രമിച്ചിട്ട് ഇക്കാ യാത്രയാകും. വൈകുന്നേരത്തോടെ വീട്ടിലേക്ക് മടങ്ങും.

“കുട്ടീക്കായ്ക്ക് എന്നും കഷ്ടകാലം തന്നെ” ഒരിക്കൽ‍‍ അമ്മ പറയുന്നതു കേട്ടു.
“ഒരു മോനൊള്ളത് നേരായവഴിക്കല്ല പോക്ക്. ഒരു മോള് ഒണ്ടാരുന്നത് പ്രസവത്തോടെ മരിച്ചു. അതിന്റെ ഒരു കൊച്ചും എന്നും സൂക്കേടായിട്ടൊരു കെട്ട്യോളും വീട്ടിലൊണ്ട്. ഈ വയസ്സാംകാലത്തും ഇങ്ങേര്‍ അഞ്ചാറ് മൈല്‍ നടന്ന് മീൻ വിറ്റ് കിട്ടുന്നതും കൊണ്ട് വേണം അടുപ്പ് പൊകയാൻ‍...........“

കുട്ടീക്കയെ തന്നാലാവുംവിദ്ധം സഹായിക്കാനായിരുന്നിരിക്കണം, അമ്മ മറ്റുമീൻ കച്ചവടക്കാരുടെ കൈയ്യിൽനിന്ന് ഉണക്കമത്സ്യം വാങ്ങാറില്ലായിരുന്നു.

ചിന്തകളിൽ‍നിന്ന് ബാലന്റെ മനസ്സ് വീണ്ടും പരിസരങ്ങളിലേക്കെത്തി. നീണ്ടുകിടക്കുന്ന നെടുവൻവയൽ‍ . ഇരുവശങ്ങളിലും നിൽക്കുന്ന കുന്നുകൾക്കിടയിലൂടെ നീണ്ടുപരന്നു കിടക്കുന്നതിനാലാണ് ഈ പേരുവന്നത്. നെൽകൃഷി നഷ്ടമായതിനാൽപലരും പാടങ്ങൾ പാട്ടത്തിനു നല്‍കി, അവിടവിടെ വെറ്റക്കൊടിയും ഏത്തവാഴകളും പച്ചപിടിച്ചു നില്‍ക്കുന്നു. കൈത്തോടിലെ തെളിഞ്ഞ വെള്ളത്തിലൂടെ തെന്നിച്ചാടി പോകുന്ന പരൽ‍മീനുകൾ. കുട്ടിക്കാലത്ത് കൂട്ടുകാരോടൊപ്പം അവധി ദിവസങ്ങളിൽ‍ ഈ തോട്ടിൽ തുവർത്ത് വിരിച്ചുപിടിച്ച് പരലുകളെ പിടിക്കുന്നത് എന്തു രസമായിരുന്നു. തോട്ടുമീൻ‍ അമ്മ വീട്ടിൽ കയറ്റില്ല, എന്തോ ഉളുമ്പു വാടയാണത്രെ. അതുകൊണ്ട് പിടിക്കുന്ന മീനുകളൊക്കെ സതീശനു കൊടുക്കുകയായിരുന്നു പതിവ്. അവന്റെ അമ്മ പരൽ‍മീനുകൾ‍ ഉപ്പിട്ടുകഴുകി വെടിപ്പാക്കി, കുരുമുളകും വെളുത്തുള്ളീയും ചേർത്ത് വറുത്തത് പലപ്രാവശ്യം കഴിച്ചിട്ടുണ്ട്. എന്തു രുചിയാണ് അതിന്!

“ബാലൻ‌ കുഞ്ഞല്യോ ഇത്.........?’ ആരുടെയോ ശബ്ദം ബാലനെ ചിന്തകളിൽനിന്നുണർ‍ത്തി. നാരയണി പണിക്കത്തിയാണ്. ആയകാലത്ത് ഞാറുനടാനും, കൊയ്യാനും മെതിക്കാനുമൊക്കെ എന്നും മുമ്പിലുണ്ടായിരുന്ന നാരയണി പണിക്കത്തി. ഇപ്പോൾ‍ വയ്യാതായിരിക്കുന്നു.

“അതേ നാരായണിപ്പണിക്കത്തീ......, ഞാൻ ബാലനാ........”
“കുഞ്ഞ് പേർഷ്യായില്‍ പോയെന്നാരോ പറഞ്ഞുകേട്ടാരുന്നു........ എന്നാ വന്നേ?
“ഇന്നലെ വന്നതേയുള്ളൂ പണിക്കത്തീ. എന്തോണ്ട് വിശേഷങ്ങള്‍.....?”
“ഓ..... വയ്യാ കുഞ്ഞേ. പണിക്കൊന്നും പോകാൻവയ്യാ...വയസ്സു പത്തെഴുപതായില്യോ? ഇപ്പോ മോടെകൂടാ താമസം...അവത്തുങ്ങള്‍ പണിക്കുപോയേച്ച് വരുമ്പഴത്തേക്ക്, കന്നാ‍ലിക്ക് ഇച്ചിരി പോച്ചപറിക്കാമെന്നു വിചാരിച്ചിറങ്ങിയതാ.....“ നാരായണിപ്പണിക്കത്തി അവശതയോടെ പറഞ്ഞു.

“അമ്മേം അച്ഛനും ഒക്കെ സുഖമായിട്ടിരിക്കുന്നോ? ഈ വഴിക്കൊക്കെ കണ്ടിട്ട് ഒത്തീരി നാളായി. റോഡും ബസ്സുമൊക്കെ വന്നേപ്പിന്നെ ആരും പാടവരമ്പത്തൂടെവരാറില്ല....ങാ.. ഇപ്പോ നടക്കാനാരെക്കഴിയും ...?” പണിക്കത്തി പരിഭവിച്ചു.

“ഇതാ ഇതു വച്ചോളൂ പണിക്കത്തീ.....” നൂറു രൂപയുടെ നോട്ട് നൽകിയത് രണ്ടുകൈയ്യും നീട്ടി വാങ്ങുമ്പോൾ അവരുടെ കണ്ണുനിറഞ്ഞിരുന്നു. യാത്രപറഞ്ഞു നീങ്ങുമ്പോൾ‍ പണിക്കത്തി പുറകിൽ‍നിന്ന് ചോദിച്ചു:
“രണ്ടുമാസത്തെ അവധിയൊണ്ടോ കുഞ്ഞേ....?”
“ങാ‍... ഉണ്ട്....”
അവിടെനിന്നു നീങ്ങുമ്പോൾ ബാലന്റെ ചിന്തകൾ‍ വീണ്ടും പഴയ നാളുകളിലേക്ക് ഊളിയിട്ടു.

ബിരുദത്തിനുശേഷം ജോലിയില്ലാതെ നടന്ന നീണ്ട ആറു വർഷങ്ങൾ‍. ഏതൊക്കെ ടെസ്റ്റ് എഴുതി. അച്ഛനായിരുന്നു ഏറ്റവും സങ്കടം, തനിക്കൊരുജോലിയില്ലാത്തതിൽ
വീട്ടിലിരുന്ന് മടുക്കുമ്പോൾ കവലയിലേക്കിറങ്ങും. അവിടെ അഭ്യുദയകാഷികളുടെ അന്വേഷണങ്ങൾ “ഇതുവരെ ജോലിയൊന്നുമായില്യോ ബാലന്.....?“
ഈ ചോദ്യം തന്നെ ഒരു ശല്യമായി തോന്നിയപ്പോഴാണ്‍ മനസ്സില്ലാ മനസ്സോടെ അടുത്തുള്ള‌ ട്യൂഷൻ സെന്ററിൽ അദ്ധ്യാപകനായി ജോലി ഏറ്റെടുത്തത്. വലിയ തുകയൊന്നുമല്ലായിരുന്നെങ്കിലും അവർ എല്ലാമാസവും ശമ്പളമായിതന്നിരുന്ന എഴുനൂറ് രൂപ വലിയൊരാശ്വാസമായിരുന്നു.

അപ്പോഴൊക്കെ ഗൾ‍ഫിലൊരു ജോലി എന്നതായിരുന്നു സ്വപ്നം. സൌദിയിലുള്ള ദേവേട്ടനിലായിരുന്നു പ്രതീക്ഷ. അപ്പച്ചിയുടെ മകനാണ്‍ ദേവേട്ടൻ‍. ഏതോ കമ്പനിയിൽ നല്ല ജോലി. ചേച്ചിയും കുട്ടികളും അവിടെത്തന്നെ. എല്ലാവർഷവും അവർ അവധിക്ക് വന്നിട്ട് പോകുമ്പോൾ ഒരാവശ്യമേ തനിക്ക് പറയാനുള്ളായിരുന്നു. “ദേവേട്ടാ...എനിക്കൂടി ഒരു വിസ തരപ്പെടുത്തിത്തന്നാ‍ൽ......”

ഒരിക്കൽ ദേവേട്ടൻ‍ പറഞ്ഞു: “ബാലാ‍...ഈയിടെയായി ഇന്ത്യക്കാർ‍ക്കുള്ള വിസ തൽ‍ക്കാലത്തേക്ക് നിർത്തിയിരിക്കുകയാണ് ഗവർമെന്റ്. അതുമല്ല, ലിറ്ററേച്ചറില്‍ ബിരുദവുമായി നീ അവിടെ വന്നിട്ട് എന്തുജോലി കിട്ടാനാണെന്നും എനിക്കൊരു രൂപമില്ല”

“എവിടെയെങ്കിലും ഒരോഫീസിൽ, ഓഫീസ്‌ബോയ്, റ്റൈപ്പിസ്റ്റ്, ക്ലാർക്ക് തുടങ്ങിയ ജോലിയെന്തെങ്കിലും മതി. ” പറയുന്നതെന്തെന്നറിയാതെ പറഞ്ഞു.
ദേവേട്ടൻ ഒന്നു മൂളുകമാത്രം ചെയ്തു.

അച്ഛൻ ദേവേട്ടനോട് ഒരിക്കൽ ഫോണിൽപറയുന്നതു കേട്ടു.. “ദേവാ... എങ്ങനെയെങ്കിലും ബാലനെക്കൂടെ ഒന്നു കൊണ്ടുപോകാൻ ശ്രമിക്ക്. ഇവനിങ്ങനെ ഇവിടെ തെക്കുവടക്ക് നടന്നാല്‍ എന്തുപണിയാവാനാ.. വയസ്സ് പത്തിരുപത്തേഴായി. കുറച്ചുപൈസാ ആർക്കെങ്കിലും കൊടുത്താലെങ്കിലും‍ ഒരു വിസ കിട്ടുമോന്ന് നോക്ക്. ഞാനത് തന്നുകൊള്ളാം.” മറുപടി എന്തായിരുന്നു എന്നു കേട്ടില്ല.

ഒരു ദിവസം ഉച്ചയ്ക്ക് വീട്ടിൽ‍ വന്നു കയറിയപ്പോൾ കുട്ടീക്കാ ഒരു ബീഡിയും വലിച്ചുകൊണ്ട് മാവിൻ ചുവട്ടിൽ‍ ഇരിക്കുന്നുണ്ടായിരുന്നു. ഉരുകിത്തീരുന്ന ഒരു മെഴുകുതിരിപോലെ ശുഷ്കമായിരുന്നു ആ മുഖം. ഒന്നും ചോദിക്കുന്നതിനു മുമ്പുതന്നെ ഇക്കാ‍ പറഞ്ഞു: “വയ്യാ കുഞ്ഞേ.... രണ്ടുമൂന്നു മാസമായി ഒരു ചുമ. നെഞ്ചിനകത്ത് ഒരു അരപ്പ്. ഗവർമെന്റാശൂത്രീലെ ഡൊക്കട്ടറ് നോ‍ക്കീട്ട് ഏതാണ്ടൊക്കെ പേരറിയാന്മേലാത്ത ചികിത്സകള്‍ പറഞ്ഞു. ഇനി എനിക്കെതിനാ മരുന്നും ചികിത്സേം..... പോന്നിടത്തോളം ഇ‍ങ്ങനങ്ങു പോട്ടെ“.

“മോന് നല്ല ജോലിയൊന്നുമായില്ലെന്ന് അമ്മച്ചി പറഞ്ഞു. കുഞ്ഞൊന്നും വിഷമിക്കണ്ടാ. പടച്ചോൻ എല്ലാം കാണുന്നുണ്ട്. നല്ല മനസ്സ് ഉള്ളോർക്ക് നല്ലതേ വരൂ മോനെ. എല്ലാം ശരിയാവും...”
അല്പം നിർത്തിയിട്ട് കുട്ടീക്കാ തുടർന്നു. “മേട്ടുപ്പുറംകുന്ന് മഖമിലെ ഷെയ്ഖിന്റെ പള്ളീല് ഇക്കാ ഒരു കൂട് തിരി നേർന്നിട്ടുണ്ട്, കുഞ്ഞിനു വേണ്ടി. ജോലി കിട്ടിക്കഴിയുമ്പോ, ഒരു നൂറുരൂപ ഇക്കാടെ കയ്യില്‍ തരണം, അവിടെ നേർ‍ച്ച കൊടുക്കാനാ“ പോക്കറ്റിലുണ്ടായിരുന്ന അൻപതുരൂപ കൊടുക്കുമ്പോൾ‍ പ്രത്യേകം പറഞ്ഞു, “ഇക്കാ, ഇപ്പോഇത് മഖാമില്‍ നേർച്ച കൊടുക്കാനല്ല. ചുമയ്ക്ക് മരുന്നു വാങ്ങാനാ. പിന്നെ, നേർ‍ച്ചയുടെ കാര്യമൊന്നും അമ്മ കേൾക്കണ്ടാട്ടോ... വെറുതെ വഴക്കാ‍കും...... അതൊക്കെ ജോലികിട്ടിക്കഴിഞ്ഞ് നമ്മൾക്ക് ചെയ്യാം”. കുട്ടീക്കായുടെ വിശ്വാസത്തെ മാനിച്ച് അത്രയും പറഞ്ഞു.

ദിവസങ്ങളും, ആഴ്ചകളും മാസങ്ങളും ആർക്കുവേണ്ടിയും കാത്തുനില്‍ക്കാതെ പാഞ്ഞുപോയി. ഒരു ദിവസം ദേവേട്ടന്റെ ഫോൺ വന്നു: “ബാലന്‍ ഒരു ജോലി തരപ്പെടുത്തിയിട്ടുണ്ട്. അത്ര വലിയ ശമ്പളമൊന്നുമില്ല, എന്നാലും അവനിഷ്ടമെങ്കിൽ പോന്നോട്ടെ”.

പിന്നെയൊക്കെ പെട്ടന്നായിരുന്നു. ഒരു കമ്പനിയിലെ സ്‌റ്റോറില്‍ ഹെൽ‍പ്പറായി ജോലി. രണ്ടുവർഷത്തിലൊരിക്കൽ‍‍ ലീവ്. ക്യാമ്പിലെ താമസത്തിനിടയിൽ‍ നാടുമായുള്ള ബന്ധം അമ്മ എഴുതുന്ന കത്തുകളിലും, വല്ലപ്പോഴുമുള്ള ഫോൺ‍കോളുകളിലും ആയി ചുരുങ്ങി. സ്വപ്നങ്ങളിൽ‍ കണ്ട ഗൾഫല്ല യഥാർ‍ത്ഥ ഗൾഫെന്ന് യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടപ്പോൾ മനസ്സിലായി. രണ്ടുവർഷങ്ങൾ കഴിഞ്ഞുപോയതറിഞ്ഞില്ല. നാട്ടിലേക്ക് പുറപ്പെടും മുമ്പ് ഷോപ്പിംഗിന്‍ പോകുമ്പോൾ‍ ചില്ലറ സമ്മാനങ്ങൾ‍ വാങ്ങാനുള്ളവരുടെ ലിസ്റ്റിൽ കുട്ടീക്കയും മനസ്സിലുണ്ടായിരുന്നു. വന്നവഴികള്‍ മറക്കരുതല്ലോ. ഒരു കൈലിയും, വെളുത്ത ബനിയനും വാങ്ങി.

“ചേട്ടാ....സാമ്പ്രാണിത്തിരി വേണോ ചേട്ടാ....” കൈയ്യിലാരോ തൊട്ടപ്പോൾ ബാലൻ വീണ്ടും ചിന്തകളിൽ‍നിന്നുണർ‍ന്നു. ഓ..മേട്ടുപ്പുറം കുന്നിലേക്ക് കയറിപ്പോകുന്ന വഴിയായിരിക്കുന്നു. മഖാമിലേക്ക് കയറിപ്പോകുന്നവർ‍ക്ക് ചന്ദനത്തിരി വില്‍ക്കാൻ നിൽക്കുന്ന കുട്ടികളാണ്.
“വേണ്ട മോനേ...ഞാനാ വഴിക്കല്ല.” ബാലൻ പറഞ്ഞതുകേട്ട് കുട്ടികൾ അടുത്തയാളുടെ അടുത്തേക്ക് നടന്നു.

അല്പംകൂടി മുമ്പോട്ട് നടന്നാൽ ഭഗവതിപ്പടിയിലെത്തും. അവിടെ അഷ്രഫിന്റെ ചായപ്പീടികയുണ്ട്. അവനോടു ചോദിച്ചാൽ കുട്ടീക്കയുടെ വീട് കാണിച്ചുതരും. ഹൈസ്കൂളിൽ‍ കൂടെയുണ്ടായിരുന്ന സുഹൃത്താണ് അഷ്രഫ്. എട്ടാംക്ലാസിൽ പഠനം നിർ‍ത്തി, ബാപ്പാന്റെകൂടെ ചായക്കടേൽ കൂടിയതാ അവൻ.

“അഷ്രഫേ....എന്തൊണ്ടടേയ് വിശേഷങ്ങള്‍...”

“അല്ല...ഇതാര് ബാലനോ? നീയങ്ങ് വണ്ണം വച്ചല്ലോടാ.....അതെങ്ങനാ അവിടെപ്പോഴും കോഴിയല്ലേ ശാപ്പാട്. പിന്നെങ്ങനെ വണ്ണംവയ്ക്കാണ്ടിരിക്കും.....”

“നീയൊരു കടുപ്പമുള്ള ചാ‍യയും, കടി വല്ലതുമുണ്ടെങ്കില്‍ അതും ഇങ്ങോട്ടെട്. എത്രനാളായി ഇതൊക്കെ ഒന്നു കഴിച്ചിട്ട്....”

അഷ്രഫ് കൊണ്ടുവന്ന ചായയും, ഉഴുന്നുവടയും കഴിക്കുമ്പോൾ, റ്റീബാഗും എവാപ്പൊറേറ്റഡ് മിൽക്കും ചേർത്തുണ്ടാക്കുന്ന ചായയെപ്പറ്റി ബാലൻ ഓർത്തു. എന്തൊരു ചവർപ്പാണതിന്?
“എടാ അഷ്രഫേ..നമ്മുടെ മീൻകാരൻ കുട്ടീക്കാടെ വീട് വരെ ഒന്നു പോകണമല്ലോ, നീയുംകൂടെ ഒന്നു വാ, എനിക്ക് വീടറിയില്ല“ ചായകുടിക്കിടെ ബാലൻ ചോദിച്ചു.
“ഏത് കുട്ടീക്കാ..... മായൻകുട്ടിക്കാന്റെ കാര്യമാണോ നീ പറയുന്നേ?”
“അതേ”
“അയ്യോ...നീ രണ്ടു ദിവസം വൈകിപ്പോയി മോനേ....... മൂപ്പര്‍ മിനിയാന്ന് മരണപ്പെട്ടല്ലോ....” അഷ്രഫ് നിർവികാരനായി പറഞ്ഞു. ഒരു ഞെട്ടലോടയാണത് കേട്ടത്. അനന്തതയിലേക്ക് കണ്ണുകൾപായിച്ച് നിൽക്കുമ്പോൾ അഷ്രഫ് തുടർന്നു.

“രണ്ടാഴ്ച് മുമ്പ് ഒന്നു വീണുഎന്നു പറയുന്നകേട്ടു, പിന്നെ കിടപ്പായിപ്പോയി. ങാ.. കൂടുതല്‍ കിടന്ന് നരകിക്കാതെ പോയല്ലോ, അതുമതി........അല്ല, നീയെന്തിനാ മൂപ്പരെ കാണുന്നെ?”

“ഓ..വെറുതെ...”

സമീപത്തുള്ള പള്ളിയിൽ നിന്നും ദുഹുറ്‌ നമസ്കാരത്തിനുള്ള ബാങ്ക് വിളിയുയർ‍ന്നു.
“അള്ളാഹു അക്ബർ അള്ളാഹു അക്ബർ ............... “

അഷ്രഫിന്റെ കടയിൽനിന്നും വേഗം ഇറങ്ങി; വീട്ടിലേക്ക് തിരിച്ചുനടക്കുമ്പോൾ മനസ്സിൽ ഒരു നഷ്ടബോധം തളംകെട്ടിക്കിടന്നു. മേട്ടുപ്പുറം മഖാമിലേക്കുള്ള വഴിയിൽ കുട്ടികളപ്പോഴും ചന്ദനത്തിരി വില്‍ക്കുന്ന തിരക്കിലായിരുന്നു.

Read more...

>> Tuesday, February 20, 2007


തട്ടേക്കാട്ട്‌ പക്ഷിസങ്കേതത്തിനടുത്ത്‌ ഇന്നലെ (20-2-2007) യുണ്ടായ ബോട്ടപകടത്തില്‍പെട്ട്‌
മരണമടഞ്ഞ പതിനഞ്ച്‌ പിഞ്ചുകുഞ്ഞുങ്ങള്‍ക്കും മൂന്ന് അധ്യാപികമാര്‍ക്കും ഹൃദയത്തില്‍നിന്നുയരുന്ന
ആദരാഞ്ജലികള്‍.



ഇത്തരം അത്യാഹിതങ്ങള്‍ ഇനി ഒരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ. കേരള ജനതയും, മാറിമാറിവരുന്ന ഭരണാധികാരികളും ഇനിയെങ്കിലും കണ്ണുതുറക്കുമോ?





February 21, 2007 1:48 AM
ഇക്കാസ് ::ikkaas said...
പിഞ്ചു കുട്ടികള്‍ക്ക് നഷ്ടപ്പെട്ടത് അവര്‍ സ്വപ്നങ്ങളില്‍ കൊതിച്ചിരുന്ന ജീവിതം!
അച്ഛനമ്മമാര്‍ക്ക് നഷ്ടപ്പെട്ടത് കണ്ടു കൊതിതീരാത്ത അവരുടെ പിഞ്ചോമന മക്കള്‍!
വിധിയുടെ ക്രൂരതയെ പഴിക്കുക മാത്രം ചെയ്തിട്ട് കാര്യമില്ല. ബോട്ട് ജീവനക്കാരുടെ, ഈ കുഞ്ഞുമക്കളെയും കൊണ്ട് പുഴയിലിറങ്ങിയ അദ്ധ്യാപകരുടെ, സുരക്ഷാകാര്യങ്ങള്‍ നോക്കേണ്ടവരുടെ - ഇവരുടെയെല്ലാം ശ്രദ്ധക്കുറവുകൂടി ഈ ദുരന്തത്തിനു പിന്നിലുണ്ട്. വേര്‍പാടിന്റെ വേദന അനുഭവിക്കുന്നവരോടൊപ്പം ഈ എളിയവനും പങ്കു ചേരുന്നു.

February 21, 2007 1:56 AM
വേണു venu said...
ആദരാഞ്ജലികള്‍.

February 21, 2007 1:59 AM
വിശാല മനസ്കന്‍ said...
കൊടും ദു:ഖം. ന്യൂസ് കേട്ട് വളരെ വളരെ വളരെ ദുഖിച്ചു.

February 21, 2007 2:21 AM
നവാഗതന്‍ (ജാലകം) said...
നഷ്ടപ്പെടലുകള്‍ എല്ലായ്പോഴും വേദനകള്‍ മാത്രമാണ്‌ സമ്മാനിക്കാറുള്ളത്‌.ഇക്കാസ്‌ പറഞ്ഞതിനോട്‌ യോജിക്കുന്നു.എല്ലാ അപകടങ്ങളിലും വിധിയെ മാത്രം പഴിച്ചിട്ട്‌ കാര്യമില്ല,സുരക്ഷ പിഴവ്‌ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇനിയുമത്‌ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടി ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചാല്‍,നഷ്ടപ്പെടലുകള്‍ ഒരുപരിധി വരെ ഒഴിവാക്കാനാവില്ലേ?
ആദരാഞ്ജലികള്‍.....

February 21, 2007 2:22 AM
വക്കാരിമഷ്‌ടാ said...
ആദരാഞ്ജലികള്‍...

പറയാതിരിക്കാനാവുന്നില്ല. കേരളത്തിലെ ആദ്യത്തെ ബോട്ടപകടമല്ല ഇന്നലെ സംഭവിച്ചത്...
അനുഭവമാണ് ഏറ്റവും വലിയ ഗുരു എന്ന് പറയുന്നു. പക്ഷേ എത്ര അനുഭവങ്ങള്‍ വേണം നമുക്ക് പഠിക്കാന്‍?

ലൈസന്‍സ് പോലും ഇല്ലാതിരുന്ന ബോട്ടായിരുന്നു അത്രേ. ഇനി ഇതിന്റെ തുടര്‍ നടപടി എന്താവും? ഒന്നുകില്‍ കുറ്റം വേറേ ആരുടെയെങ്കിലും തലയില്‍, അല്ലെങ്കില്‍ പതിവുപോലെ കാത്തിരിക്കുക, കുറച്ച് കഴിയുമ്പോള്‍ നമ്മള്‍ എല്ലാം മറക്കും. കുമരകം ബോട്ടപകടം ഇപ്പോള്‍ നമ്മളില്‍ എത്രപേര്‍ ഓര്‍ത്തിരിക്കുന്നു?

ലൈസന്‍സ് കിട്ടാന്‍ മറ്റു ബോട്ടുകളിലെ ലൈഫ് ജാക്കറ്റും ഫയര്‍ എക്സ്റ്റിംഗ്‌ഗുഷറുകളും കൊണ്ടുവന്ന് കാണിച്ചാണത്രേ ലൈസന്‍സ് സമ്പാദിക്കുന്നത്. ലോകത്ത് ഒരിടത്തുമില്ലാത്ത രീതി. ഇതൊക്കെ ടെസ്റ്റ് ചെയ്യാനും അനുവാദം കൊടുക്കാനും കേരളത്തില്‍ ആകപ്പാടെ ഒരാളെ ഉള്ളത്രേ. ഇതൊക്കെ ഇങ്ങിനെയൊക്കെ പോകും. ഇടയ്ക്ക് ഇങ്ങിനെയൊക്കെ സംഭവിക്കും. പിന്നെയും ഇങ്ങിനെയൊക്കെത്തന്നെ പോകും.

പതിവുപോലെ വളരെ കടുത്ത കുറെ നിയമങ്ങളുമായി സര്‍ക്കാര്‍ ഇറങ്ങിയിട്ടുണ്ട്. ഉള്ള നിയമങ്ങള്‍ തന്നെ ധാരാളം. അത് നേരാംവണ്ണം ഒന്ന് നടത്താന്‍ പറ്റുമോ?

പിണറായിയുടെ ബാഗില്‍ എത്ര ഉണ്ട ഉണ്ടായിരുന്നു എന്ന് കണ്ടുപിടിക്കാന്‍ തിരുവനന്തപുരത്തും മദ്രാസിലും ആവേശത്തോടെ നടക്കുന്നവര്‍ നാട്ടിലെ ഇത്തരം ബോട്ടുകളില്‍ എത്ര ഓട്ടയുണ്ടെന്ന് കണ്ടുപിടിക്കാനും കൂടി ആവേശം കാണിച്ചിരുന്നുവെങ്കില്‍?

തൊടുപുഴയില്‍ ബസ്സിന് തീ പിടിച്ചപ്പോള്‍ എല്ലാ ബസ്സിനും എമര്‍ജന്‍സി വാതില്‍ വേണം എന്ന് നിയമമുണ്ടാക്കി. ഇപ്പോള്‍ എന്തായി? വാതില്‍ ഉണ്ടെങ്കില്‍ തന്നെ അത് ഉപകാരപ്രദമാണോ എന്ന് കാലാകലങ്ങളില്‍ ചെക്ക് ചെയ്യാറുണ്ടോ?

കാരണം എല്ലായ്പ്പോഴും ബോട്ട് മാത്രമായിരിക്കില്ലല്ലോ.

ശരിക്കും വിഷമം തോന്നുന്നു.

February 21, 2007 2:26 AM
കുറുമാന്‍ said...
അദരാഞ്ജലികള്‍

February 21, 2007 2:33 AM
ലോനപ്പന്‍ (Devadas) said...
ആദരാഞ്ജലികള്‍. ഇത്തരം അവസരങ്ങ്ലിലാണ് ഞാന്‍ ദൈവത്തെ തെറിവിളിക്കാറുള്ളത്.
ഭരണാധികാരികളോട് പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. കുമരകം കഴിഞ്ഞപ്പോഴെങ്കിലും ഉപരിതല ജലഗതാകത വകുപ്പ് നന്നാവിമെന്ന് വെറുതേ മോഹിച്ചു. എവിടെ?
ചാലനുകള്‍ക്കും, പത്രങ്ങള്‍ക്കും 2,3 ദിവസത്തെ ഭക്ഷണമായി അത്ര തന്നെ

February 21, 2007 2:35 AM
മഴത്തുള്ളി said...
ഇതൊരു വന്‍ ദുരന്തം തന്നെ. അച്ഛനമ്മമാര്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതിന്റെ ദുഖം എങ്ങനെ മറക്കാന്‍ സാധിക്കും. കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ദുഖിക്കുന്ന നിമിഷങ്ങള്‍. ചാനലുകളില്‍ മാറിമാറി കാണിക്കുന്ന വാര്‍ത്തകള്‍ ഹൃദയഭേദകമാണ്.

എന്റെ ആദരാഞ്ജലികള്‍.

February 21, 2007 2:39 AM
സുല്‍ | Sul said...
ആദരാഞ്ജലികള്‍.

February 21, 2007 2:40 AM
ദില്‍ബാസുരന്‍ said...
നമ്മള്‍ ഒന്നു കൊണ്ടും വിഷമിയ്ക്കേണ്ട കാര്യമില്ല. ബോട്ടപകടത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വരുന്നുണ്ട്. ആനന്ദ ലബ്ധിയ്ക്കിനി എന്ത് വേണം. കുറച്ച് കൂടി കാത്താല്‍ ഒരു അപകടം കൂടി ഉണ്ടാവും അപ്പോള്‍ രണ്ടും കൂടി ഒരു അന്വേഷണക്കമ്മീഷന്‍ അന്വേഷിച്ചാല്‍ മതിയാവും. കോസ്റ്റ് സേവ് ചെയ്യാമല്ലോ. പക്ഷെ ഇങ്ങനെയുള്ള ദുരന്തങ്ങള്‍ക്കിടയിലാണോ പണത്തെ പറ്റി ചിന്തിയ്കേണ്ടത്. രണ്ട് അപകടവും വെവ്വേറെ കമ്മീഷനുകള്‍ അന്വേഷിക്കും. നമ്മള്‍ പുണ്യം ചെയ്തവരാണ്. :-(

February 21, 2007 2:42 AM
കുട്ടന്മേനോന്‍ | KM said...
ആദരാഞ്ജലികള്‍.

February 21, 2007 2:47 AM
ദില്‍ബാസുരന്‍ said...
കായലുകളില്‍ ബോട്ട് എന്നൊരു സാധനമുണ്ടെന്നും അവ ഗതാഗതത്തിനുപയോഗിക്കാന്‍ ലൈസന്‍സ് എന്നൊരേര്‍പ്പാടുണ്ടെന്നും സര്‍ക്കാര്‍ രാവിലെ പത്രം വായിച്ചറിഞ്ഞിരിക്കുന്നു. ലൈസന്‍സ് മര്യാദയ്ക്കില്ലാതെ ബോട്ടുകള്‍ക്ക് ഓടാന്‍ സാധിയ്ക്കുമ്മത്രേ ശിവ ശിവ! എന്തായാലും അറിഞ്ഞ സ്ത്തിതിയ്ക്ക് ഇവര്‍ക്കെതിരെ പൊരിഞ്ഞ നടപടിയെടുക്കുന്നുണ്ടെന്ന് ഇവിടെ പറയുന്നു. സര്‍ക്കാര്‍ പത്രം വായിക്കുന്നത് കൊണ്ടും പത്രക്കാരുള്ളത് കൊണ്ടും രക്ഷപ്പെട്ടു.

February 21, 2007 2:48 AM
ഏറനാടന്‍ said...
ഒരു നിമിഷം എല്ലാരും കമന്റുകള്‍ നിറുത്തി മൗനം പാലിച്ച്‌ ദു:ഖമാചരിക്കാം..

ഞാന്‍ ഒരു മിനിറ്റ്‌ കമന്റിടല്‍ നിറുത്തിവെച്ചു

February 21, 2007 3:32 AM
തമനു said...
ഒന്നും എഴുതാന്‍ തോന്നുന്നില്ല..

ആ മാതാപിതാക്കള്‍ക്ക്‌ ആശ്വാസം ഉണ്ടാകട്ടെ ..

ഇത്ര നിസാരമായി അങ്ങനെ പറയുന്നതും ഒരു ക്രൂരതയാണെന്നറിയാം ... എന്നാലും .

February 21, 2007 3:43 AM
::സിയ↔Ziya said...
വിടരും മുമ്പേ കൊഴിഞ്ഞ പൊന്നോമനകള്‍ക്ക് ഒരുപിടി കണ്ണീര്‍പ്പൂക്കള്‍...
ഹൃദയം കണ്ണീരില്‍ കുതിര്‍ന്നിരിക്കുന്ന ഈ നേരത്ത് ഒന്നും പറയാനാവുന്നില്ല...
കുഞ്ഞുമക്കളെ ബലികൊടുത്ത ബോട്ടുകാരെ ശപിക്കാന്‍ പോലുമാവുന്നില്ല

February 21, 2007 3:52 AM
കൃഷ്‌ | krish said...
ആദരാജ്ഞലികള്‍.

February 21, 2007 5:05 AM
Nousher said...
അകാലത്തില്‍ പൊലിഞ്ഞ കുരുന്നുകളുടെയും അധ്യാപികമാരുടേയും ഉറ്റവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു.

February 21, 2007 8:37 PM
ദിവ (diva) said...
So bad, So bad
:((
Must be really really hard on those parents. really unbearable.
:((

Read more...

Archives

About me

My photo
വീട് പത്തനംതിട്ട ജില്ലയിലെ പന്തളത്ത്. ജോലി ദുബായ് നഗരത്തില്‍.

എന്റെ ബ്ലോഗാത്മകഥ
e-mail: appusviews@gmail.com

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP