മൂന്നു കുരങ്ങന്മാര്‍ പറഞ്ഞത്‌

>> Monday, April 30, 2007


കൊല്ലം ജില്ലയിലെ പ്രമുഖ പട്ടണങ്ങളില്‍ ഒന്നാണ്‌ പുനലൂര്‍. പുനലൂര്‍ പേപ്പര്‍ മില്ലും, പ്ലൈവുഡ്‌ ഫാക്ടറിയും പുനലൂര്‍ തൂക്കുപാലവും വളരെ പ്രശസ്തമാണല്ലോ? കല്ലടയാറിന്റെ സാമീപ്യവും, കിഴക്കന്‍ മലകളില്‍ യഥേഷ്ടം ലഭിച്ചിരുന്ന ഈറയും, തടിവ്യവസായത്തിന്‌ ആവശ്യമായ കാട്ടുമരങ്ങളും ഒക്കെയാവാം, ബ്രിട്ടീഷുകാരെ ഈ പ്രദേശത്തേക്ക്‌ ആകര്‍ഷിച്ചത്‌. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദങ്ങള്‍ മുതല്‍തന്നെ പുനലൂര്‍, കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ വികസിതമായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ തുടങ്ങി എണ്‍പതുകളുടെ തുടക്കം വരെ, അവരുടെ ജോലിയുടെ ഭാഗമായി എന്റെ മാതാപിതാക്കള്‍ പുനലൂരിലായിരുന്നു താമസിച്ചിരുന്നത്‌.

പുനലൂര്‍ ടൗണില്‍ നിന്നും രണ്ടുകിലോമീറ്ററോളം പടിഞ്ഞാറ്‌ മാറി, പേപ്പര്‍ മില്ലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും, ജോലിക്കാരുടെ ക്വാട്ടേഴ്സുകളും ഒക്കെ സ്ഥിതിചെയ്തിരുന്ന ഒരു പ്രദേശത്തായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്ന വാടക വീട്‌. റോഡില്‍ നിന്നും അല്‍പം മാറി, ഒരു വയലിന്റെ വശത്ത്‌ നിന്നിരുന്ന, രണ്ടുമുറിയും ഒരു വരാന്തയും ഉള്ള ഓലമേഞ്ഞ, വൈദ്യുതി എത്തിയിട്ടില്ലാത്ത ആ വീട്ടിലായിരുന്നു എന്റെ കുട്ടിക്കാലം. സമീപത്തു തന്നെയുള്ള ഒരു സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരായിരുന്നു എന്റെ അച്ഛനമ്മമാര്‍.

അന്നൊക്കെ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനും മറ്റുമായി, പുനലൂര്‍ ടൗണിലേക്ക്‌ പോകേണ്ടതുണ്ടായിരുന്നു. അവധി ദിനങ്ങളാണെങ്കില്‍ ടൗണിലേക്ക്‌ പോകുന്നത്‌ കുറച്ചുകൂടി നേരത്തേയായിരിക്കും, സന്ധ്യമയങ്ങുന്നതിനു മുമ്പ്‌, വീട്ടില്‍ തിരിച്ചെത്താവുന്ന തരത്തില്‍. ചിലപ്പോഴൊക്കെ അപ്പ ഞങ്ങള്‍ കുട്ടികളേയും കൂട്ടും, നഗരക്കാഴ്ചകള്‍ കാണാന്‍. ടൗണിലേക്ക്‌ പോകുന്ന വഴിയില്‍ "റിച്ചീസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌" എന്ന പേരിലുള്ള ഒരു ഹിന്ദി ഭാഷാപഠനകേന്ദ്രം ഉണ്ടായിരുന്നു. ഈ സ്ഥാപനത്തെ ഇന്നും ഞാന്‍ ഓര്‍ത്തിരിക്കാന്‍ ഒരു കാരണമുണ്ട്‌ - അതിന്റെ മതിലില്‍ ഉറപ്പിച്ചിരുന്ന മൂന്നു കുരങ്ങന്മാരുടെ പ്രതിമകള്‍ അന്നെനിക്ക്‌ വളരെ കൗതുകകരമായി തോന്നിയിരുന്നു. ഒരാള്‍ കണ്ണുപൊത്തിയിരിക്കുന്നു, അടുത്തയാള്‍ ചെവിപൊത്തിപ്പിടിച്ചിരിക്കുന്നു, മൂന്നാമത്തെയാള്‍ വായ പൊത്തിപ്പിടിച്ചിരിക്കുന്നു. കടുംകാവിനിറത്തിലുള്ള തൂണുകള്‍ക്കു മുകളില്‍, വെള്ളിനിറത്തില്‍ ഉണ്ടാക്കി ഉറപ്പിച്ചിരുന്ന ആ കുരങ്ങന്മാരുടെ പ്രതിമകള്‍ ടൗണിലേക്ക്‌ പോകുന്നവഴിയില്‍ എന്നും ഒരു വിസ്മയക്കാഴ്ചയായിരുന്നു.

ഈ കുരങ്ങന്മാര്‍ നമ്മോട്‌ എന്താണ്‌ പറയുന്നതെന്ന് അറിയാമോ എന്ന് എന്റെ അമ്മ ഒരിക്കല്‍ ചോദിച്ചു. "ഇല്ല" എന്ന എന്റെ മറുപടികേട്ട്‌ അമ്മ പറഞ്ഞു,

ഒന്നാമന്‍ പറയുന്നത്‌ "കുഞ്ഞേ, കുഞ്ഞേ, കാണണ്ടാത്തതു കാണേണ്ടാ... "
രണ്ടാമന്‍ പറയുന്നു "കുഞ്ഞേ കുഞ്ഞേ, കേള്‍ക്കണ്ടാത്തതു കേള്‍ക്കണ്ടാ..."
മൂന്നാമന്‍ പറയുന്നു "കുഞ്ഞേ, കുഞ്ഞേ, ചൊല്ലരുതാത്തതു ചൊല്ലണ്ടാ....."

ചെറുപ്പകാലത്ത്‌ ഇതിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും പിടികിട്ടിയില്ല എങ്കിലും, അറിവായപ്പോള്‍ അതിന്റെ വ്യാപ്തി മനസ്സിലായി. എത്ര അര്‍ത്ഥവത്തായ പഴമൊഴി! തിന്മയായ എന്തില്‍നിന്നും നോക്കിലും, വാക്കിലും, കേള്‍വിയിലും ഒഴിഞ്ഞിരിക്കുമെങ്കില്‍ സകല തിന്മകളില്‍ നിന്നും നാം മോചിതരായിരിക്കുമെന്ന മഹത്തായ ചിന്തയാണ്‌ ഈ മൂന്നു കുരങ്ങന്മാര്‍ പറഞ്ഞുതരുന്നതെന്ന അറിവ്‌ എനിക്ക്‌ അവരോടുള്ള സ്നേഹം വര്‍ദ്ധിപ്പിച്ചു.
ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ച, പറഞ്ഞുതന്ന ഈ ചിന്തകള്‍ എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്‌. ടി.വി.യും ഇന്റര്‍നെറ്റും തുടങ്ങി പലമാധ്യമങ്ങളും വളരെ പ്രചാരത്തിലുള്ള ഈ കാലഘട്ടത്തില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക്‌ അവരുടെ മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കേണ്ട പാഠവും ഇതുതന്നെ. ഗുണവും ദോഷവും വേര്‍തിരിച്ചറിഞ്ഞ്‌ വളരുവാന്‍ അവരെ പ്രാപ്തരാക്കുക. "കാഴ്ച" എന്നത്‌ ദൃശ്യമാധ്യമങ്ങളില്‍മാത്രം ഒതുങ്ങുന്നില്ല. നിലവാരമില്ലാത്തതും, യാതൊരുവിധ പാഠങ്ങളും നല്‍കാനില്ലാത്തതുമായ സീരിയലുകളും, സിനിമകളും കാണുവാന്‍ കുട്ടികളെ നിര്‍വിഘ്നം അനുവദിക്കാതെ, പ്രയോജനമുള്ള, നല്ല ഡോക്യുമെന്ററികള്‍, നല്ല കഥകള്‍, നോവലുകള്‍, ലേഖനങ്ങള്‍ (അത്‌ പുസ്തകമോ ഇന്റര്‍നെറ്റോ എന്തുമാകാം) തുടങ്ങിയവയൊക്കെ അവര്‍ക്കു നല്‍കുക. ഉപദേശം മാത്രം നല്‍കാതെ, നമ്മുടെ പ്രവര്‍ത്തിയിലൂടെയും അവര്‍ക്കത്‌ മനസ്സിലാവണം. മൂന്നുനാലു വയസ്സായ കൊച്ചുകുട്ടികള്‍, അവരുടെ ലോകത്താണെന്നു നമുക്ക്‌ തോന്നുന്നുണ്ടെങ്കിലും, അവര്‍ വളരെ വേഗം നമ്മില്‍ നിന്ന് പലകാര്യങ്ങളും ഗ്രഹിക്കുകയാണെന്നത്‌ പലര്‍ക്കും അറിയാത്ത സംഗതിയാണ്‌. ചെറുപ്പത്തില്‍ വീട്ടില്‍നിന്നു ശീലിക്കുന്ന നല്ല ഗുണങ്ങള്‍ കൗമാരത്തിലും യൗവ്വനത്തിലും നഷ്ടപ്പെട്ടുപോകാതെ ജീവിതാന്ത്യത്തോളം നിലനില്‍ക്കും എന്നത്‌ ഒരു യാഥാര്‍ഥ്യമത്രേ.

രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഒരവധിക്കാലത്ത്‌ അച്ഛനമ്മമാരേയുംകൂട്ടി പുനലൂരിലെ പഴയ വാസസ്ഥലവും, അന്നത്തെ അയല്‍ക്കാരെയുമൊക്കെ ഒന്നു കാണുവാന്‍ ഞങ്ങള്‍ പോയിരുന്നു. ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ വളരെ മാറ്റങ്ങള്‍ വരുത്തിയിരുന്നു ആ പ്രദേശങ്ങള്‍ക്ക്‌. പഴയ റിച്ചീസിനുമുന്‍പില്‍ക്കൂടി കാര്‍ പോകുമ്പോള്‍ ഞാന്‍ കുരങ്ങമ്മാരെപ്പറ്റി ഓര്‍ത്തു. അപ്പ അമ്മയോടു പറയുന്നതു കേട്ടു, "പണ്ട്‌ ഇതുവഴി എത്ര നടന്നതാ..." എന്ന്. ശരിയാണ്‌. വൈകുന്നേരങ്ങളില്‍ ടൗണിലേക്ക്‌ പോകുന്ന അപ്പ, ഒരു സഞ്ചിയില്‍ വീട്ടിലേക്കുള്ള സാധനങ്ങളും കൈയ്യിലേന്തി, എട്ടുമണിയോളമാവുമ്പോഴേക്ക്‌ തിരിച്ചെത്തും. റോഡില്‍നിന്ന് വയല്‍വരമ്പുവഴി ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയിലെ കൂരിരുട്ടില്‍ ഒരു മിന്നിക്കുന്ന ടോര്‍ച്ചോ, അല്ലെങ്കില്‍ ഒരു പേപ്പറില്‍ ചുരുട്ടി കത്തിച്ച മെഴുകുതിരിവെട്ടമോ കാണുമ്പോള്‍ അത്‌ അപ്പയാണോ എന്നു നോക്കി ഞങ്ങള്‍ നില്‍ക്കുമായിരുന്നു. അച്ഛനുള്ള വീട്‌ എത്ര സുരക്ഷിതമാണ്‌...അല്ലേ?

അവരുടെ പരിമിതമായ ചുറ്റുപാടുകളില്‍ ഒതുങ്ങിനിന്നുകൊണ്ട്‌ മക്കളെ നല്ല രീതിയില്‍ രൂപപ്പെടുത്തിയെടുത്തതിന്റെ സുകൃതമാണല്ലോ ഞങ്ങള്‍ ഇന്നനുഭവിക്കുന്നതെന്ന് ഹൃദയംനിറയുന്ന സന്തോഷത്തോടെ ഞാനപ്പോള്‍ ഓര്‍ത്തു.

****************** ***************

വാല്‍ക്കഷണം: മൂന്നുകുരങ്ങന്മാരുടെ "See no evil, hear no evil, speak no evil" എന്ന പഴമൊഴിക്ക്‌ എട്ടാം നൂറ്റാണ്ടാളം പഴക്കമുണ്ടത്രേ. ഇന്‍ഡ്യയില്‍നിന്ന് ജപ്പാനിലെത്തിയ ബുദ്ധമത സന്യാസിമാരാണിത്‌ ജപ്പാനില്‍ പ്രചരിപ്പിച്ചതെന്നു കരുതപ്പെടുന്നു. ജപ്പാനിലെ ടൊഷോഗു ആരാധനാലയത്തിന്റെ ഒരു വാതില്‍പ്പടിമേല്‍ കൊത്തിവച്ചിരിക്കുന്ന മൂന്നു കുരങ്ങന്മാരുടെ രൂപങ്ങള്‍ പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ്‌. വിവരങ്ങള്‍ക്കു കടപ്പാട്‌, വിക്കിപീഡിയയ്ക്ക്‌.

18 comments:

അപ്പു ആദ്യാക്ഷരി April 30, 2007 at 10:45 AM  

അതിന്റെ മതിലില്‍ ഉറപ്പിച്ചിരുന്ന മൂന്നു കുരങ്ങന്മാരുടെ പ്രതിമകള്‍ അന്നെനിക്ക്‌ വളരെ കൗതുകകരമായി തോന്നിയിരുന്നു. ഒരാള്‍ കണ്ണുപൊത്തിയിരിക്കുന്നു, അടുത്തയാള്‍ ചെവിപൊത്തിപ്പിടിച്ചിരിക്കുന്നു, മൂന്നാമത്തെയാള്‍ വായ പൊത്തിപ്പിടിച്ചിരിക്കുന്നു......

പുതിയ പോസ്റ്റ്.

മുസ്തഫ|musthapha April 30, 2007 at 11:59 AM  

“...ചെറുപ്പത്തില്‍ വീട്ടില്‍നിന്നു ശീലിക്കുന്ന നല്ല ഗുണങ്ങള്‍ കൗമാരത്തിലും യൗവ്വനത്തിലും നഷ്ടപ്പെട്ടുപോകാതെ ജീവിതാന്ത്യത്തോളം നിലനില്‍ക്കും എന്നത്‌ ഒരു യാഥാര്‍ഥ്യമത്രേ...”

ഒട്ടും ശാസിക്കാതെ, ഉപദേശിക്കാതെ മക്കളെ നല്ലശീലങ്ങള്‍ പഠിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം നമ്മുടെ നല്ല പ്രവര്‍ത്തികള്‍ തന്നേയാണ്.

എല്ലാം പെട്ടെന്ന് തന്നെ പിടിച്ചെടുക്കുന്ന മൂന്ന് വയസ്സ് മുതലുള്ള പ്രായത്തില്‍ തന്നെ നാം നല്ല പ്രവര്‍ത്തികളും സംസാരങ്ങളും മാത്രം അവര്‍ക്ക് മുന്നില്‍ കാഴ്ചവെച്ചാല്‍ പിന്നെ മറ്റൊരു പരിശീലനവും വേണ്ടി വരില്ല തന്നെ അവരെ നല്ല മക്കളായി വാര്‍ത്തെടുക്കാന്‍!

അപ്പു വളരെ നല്ല പോസ്റ്റ്!ആ മൂന്നു കുരങ്ങന്മാര്‍, എന്നെ, ഞാന്‍ പഠിച്ചിരുന്ന തൊഴിയൂര്‍ യു. പി. സ്കൂളിലേക്ക് (പള്ളിസ്കൂള്‍) കൊണ്ടു പോയി. അവിടെ പള്ളിയങ്കണത്തില്‍ ഒരു ഫൌണ്ടനു ചുറ്റുമായി വായും കണ്ണും, മൂക്കും, ചെവിയും പൊത്തിയ നാലു കുരങ്ങന്മാര്‍ ഇരുന്നിരുന്നു.

പിന്നെ പൊന്നാനി എം. ഇ. എസ്. കോളേജില്‍ ഞങ്ങളവതരിപ്പിച്ച ഒരു ടാബ്ലോയിലേക്കും ഞാന്‍ തിരിച്ചു നടന്നു.

കടപ്പുറത്ത് അടിച്ചിട്ടിരുന്ന കറുത്ത ചെളി മേലാകെ വാരിത്തേച്ച്, വായ പൊത്തി, മുന്‍ വരിയിലിരുന്നിരുന്ന ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടിയുടെ നേരെ മിഴികളും തറച്ച് വെച്ച് അനങ്ങാതിരുന്ന കുറച്ച് നിമിഷങ്ങള്‍!

സു | Su April 30, 2007 at 12:13 PM  

അപ്പൂ :) നല്ല കാര്യങ്ങള്‍. പഴയ കാലത്തെപ്പറ്റി ഓര്‍മ്മിച്ചതും, പുതിയ കാലത്തെപ്പറ്റി അഭിപ്രായപ്പെട്ടതും നന്നായിരിക്കുന്നു. അപ്പുവിന്റെ നല്ല പഴയകാലത്തെ അനുഭവങ്ങളും അറിവുകളും, അപ്പു, ഇനി വരുന്ന തലമുറയ്ക്ക് കൊടുക്കാന്‍ തീര്‍ച്ചയായും ശ്രമിക്കുമെന്ന് മനസ്സിലാക്കുന്നു.

Kaithamullu April 30, 2007 at 12:44 PM  

അപ്പൂ, നന്നായിരിക്കുന്നു.
അഗ്രജന്റെ കമെന്റ് കണ്ടപ്പോഴാണോര്‍ത്തത്. എന്റെ ഷോ കേസിലുമുണ്ട് കുരങ്ങന്മാര്‍, മൂന്നെണ്ണമല്ല, നാലെണ്ണം.

സിയോളില്‍ (കൊറിയ)ട്രേഡെക്സ്-ന് വേണ്ടി പോയപ്പോ (94 ലാണെന്നു തോന്നുന്നു)വാങ്ങിയതാ.

-see no evil (കണ്ണുകള്‍ പൊത്തിപ്പിടിച്ചിരിക്കുന്നു)
-hear no evil (ചെവികള്‍ അടച്ചിരിക്കുന്നു)
-tell no evil (വായ മൂടിയിരിക്കുന്നു)

നാലാമത്തെ:
-do no evil (വയറിനു താഴെ മുന്‍‌ഭാഗമാകെ പൊത്തിപ്പിടിച്ചിരിക്കുന്നു)

പ്രമോദ് കണ്ടിട്ടുണ്ടോ ആവോ ഈ കൊറിയന്‍ ശില്പം, അവിടെയെങ്ങാനും?

മുസ്തഫ|musthapha April 30, 2007 at 12:52 PM  

നാലാമത്തെ:
-do no evil (വയറിനു താഴെ മുന്‍‌ഭാഗമാകെ പൊത്തിപ്പിടിച്ചിരിക്കുന്നു)

ശരിയാ കൈതമുള്ളേ... പള്ളിയങ്കണത്തിലെ നാലാമന്‍ മൂക്കല്ല പൊത്തിപ്പിടിച്ചിരുന്നത്, താങ്കള്‍ പറഞ്ഞത് പോലെയായിരുന്നു :)

tk sujith April 30, 2007 at 1:47 PM  

നന്നായി അപ്പൂ..
സ്നേഹപൂര്‍വ്വം
സുജിത്

മിടുക്കന്‍ April 30, 2007 at 1:57 PM  

അപ്പൊ സുജിത്തേ,
ഇതാണല്ലേ..? ആ മിണ്ടാട്ടം മുട്ടീടെ പ്രചോദനം...?
ഞാന്‍ കരുതി, അത് സൈലന്റ് വാലീലേ, സിംഹവാലന്‍’കുരങ്ങനെ’ ആയിരിക്കുമെന്ന്..

അപ്പു, നല്ല ലേഖനം
ഇത് സുജിത്തിന്റെ വക ഒരു കിടിലന്‍ കാര്‍ട്ടൂണിന് കാരണ ഭൂതമാകയാല്‍ ...
കൊട് കൈ..!

സുല്‍ |Sul April 30, 2007 at 2:16 PM  

അപ്പു
വളരെ നല്ല പോസ്റ്റ്. കാര്യങ്ങള്‍ നല്ലരീതിയില്‍ അവതരിപ്പിക്കാന്‍ അപ്പുവിന് ഒരു പ്രത്യേക കഴിവുണ്ട്. നന്നായിരിക്കുന്നു.

ഓടോ : മിടുക്കാ സുജിത്തിന്റെ കാര്‍ട്ടൂന്‍ ഇന്നലെയിട്ടതാ :)

-സുല്‍

salim | സാലിം April 30, 2007 at 2:52 PM  

നന്നായിരിക്കുന്നു അപ്പൂ... നന്മ പകര്‍ന്നുനല്‍കാന്‍ അപ്പുവിന്റെ വാക്കുകള്‍ക്കും കാമറക്കും ഇനിയും കഴിയട്ടെ. ആശംസകള്‍!

Rasheed Chalil April 30, 2007 at 4:04 PM  

അപ്പൂ... ഒത്തിരി ഇഷ്ടമായി ഈ പോസ്റ്റും. മക്കളുടെ ഏറ്റവും വലിയ മാതൃകയും വഴികാട്ടികളും മാതാപിതാക്കള്‍ തന്നെ. അവരാണ് കടമകളും സംസ്കാരവും ജീവിതത്തിന്റെ ചിട്ടവട്ടങ്ങളും പകര്‍ന്ന് തരുന്നവരിലെ മുന്‍‌നിരക്കാര്‍.
വരാന്തയില്‍ കാല് നീട്ടിയിരുന്ന് മുത്തശ്ശിയോ, ശരീരത്തോട് അണച്ച് പിടിച്ച് മുത്തശ്ശനോ പറയുന്ന എല്ലാ കഥകളിലും ഒരു ഗുണപാഠമുണ്ടായിരുന്നു. ആ കുഞ്ഞ് വളരുന്നത് തന്നെ നന്മയും സംസ്കാരവും ആണ് ലോകത്ത് ഏറ്റവും ഉന്നതം എന്ന ബോധത്തോട് കൂടെയാണ്. മടിത്തട്ടിന്റെ ചൂടിനോടൊപ്പം കിട്ടുന്ന ആ വിദ്യാഭ്യാസത്തിന് ആ കുട്ടിയുടേ വ്യക്തിത്വത്തെ വല്ലാതെ സ്വാധീനിക്കാനാവും. അത്തരം അമ്മമാരുടെ കുറ്റിയറ്റു പോവുന്നതാണ് ഒരു പക്ഷേ ഇന്നിന്റെ പ്രധാന ശാപം.

ഓടോ: പാഠപുസ്ത്കങ്ങളില്‍ ഉണ്ടായിരുന്ന ഗുണപാഠകഥകളില്‍ പലതും (മഹാന്മാരുടെ ജീവിതം മുതല്‍ ഈസോപ്പ് കഥകള്‍ വരെ) ഇന്ന് നഷ്ടമായിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പറഞ്ഞ വാചകങ്ങള്‍ ഇവിടെ കുറിക്കുന്നു. ‘അത്യാഗ്രഹിയും അസൂയക്കാരനും‘ എന്നതില്‍ നിന്ന് ‘ഹാരിപോര്‍ട്ടറി’ ലേക്കുള്ള ഒരു കൂട് മാറ്റം നാം സ്വീകരിച്ചു കഴിഞ്ഞു. പഠനത്തിലും ജീവിതത്തിലും.

ദൃശ്യന്‍ April 30, 2007 at 4:17 PM  

വളരെ നല്ല പോസ്റ്റ്, അപ്പു !

സസ്നേഹം
ദൃശ്യന്‍

അപ്പു ആദ്യാക്ഷരി April 30, 2007 at 4:29 PM  

അഗ്രജന്‍, കൈതമുള്ള്, സുജിത്ത്, സുവേച്ചി, സുല്‍, മിടുക്കന്‍, ഇത്തിരി, സാലിം, ദൃശ്യന്‍ എല്ലാവര്‍ക്കും നന്ദി അഭിപ്രായങ്ങള്‍ പങ്കുവച്ചതിന്.

ഇത്തിരീ, താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. ഇന്നത്തെ പാഠപ്പുസ്തകങ്ങളില്‍ പോലും ഗുണപാഠ കഥകളില്ല. കലികാ‍ലം..!!

മിടുക്കാ, സുല്‍ പറഞ്ഞതുപോലെ, ഞാനും സുജിത്തും പരസ്പരം അറിഞ്ഞുകൊണ്ടിട്ട പോസ്റ്റല്ല ഇതു രണ്ടും. യാദൃശ്ചികമായി വന്നു എന്നു മാത്രം.

സാജന്‍| SAJAN May 1, 2007 at 3:22 AM  

സുല്‍ എഴുതിയതു പോലെ, വളരെ ലളിതമായി കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ അപ്പൂന് ഒരു പ്രത്യേക കഴിവുണ്ട്!!
വരും തലമുറയെ കുറിച്ചുള്ള അപ്പുവിന്റെ പ്രതിബദ്ധത ശ്ലാഘനീയം തന്നെ!!

അപ്പു ആദ്യാക്ഷരി May 1, 2007 at 7:57 AM  

നന്ദി സാജന്‍, അഭിനന്ദനങ്ങള്‍ക്ക്.

Manoj | മനോജ്‌ May 1, 2007 at 1:01 PM  

അപ്പു, നല്ല പോസ്റ്റ്. കൊച്ചു കേരളത്തിലെ കൊച്ചു ഗ്രാമത്തിലെ കൊച്ചു വീട്ടില്‍ അപ്പയെയും കാത്തിരിക്കുന്ന കുഞ്ഞു കുടുംബത്തിന്റെ ചിത്രം മനസ്സില്‍ തെളിയുന്നു...

തമനു May 1, 2007 at 4:44 PM  

അപ്പൂ വായിക്കാന്‍ വളരെ താമസിക്കുന്നു പല പോസ്റ്റുകളും. ഈ പോസ്റ്റ് ഇന്നലെ വായിച്ചിരുന്നു, പക്ഷേ കമന്റിടാന്‍ ഒത്തില്ല.

നല്ല ചിന്തകള്‍ അപ്പൂ.. കൂ‍ടുതല്‍ നല്ല കാഴ്ചകള്‍ അപ്പുവില്‍ നിന്നും ഉണ്ടാകട്ടെ.

ആശംസകള്‍...

അപ്പു ആദ്യാക്ഷരി May 2, 2007 at 7:50 AM  

സ്വപ്നാടകാ... ഇത്തരം കാഴ്ചകള്‍ ഗ്രാമങ്ങള്‍ക്കല്ലേ സ്വന്തം? തമനൂ, നന്ദി.

കുട്ടു | Kuttu May 23, 2007 at 12:03 PM  

അപ്പൂ, ജപ്പാനില്‍ പോയപ്പൊള്‍ ഞാന്‍ ഈ ആരാധാനാലയത്തില്‍ പോയിരുന്നു.ഇതു ഒരു ശവകുടീരമാണ്. പഴയ ഒരു സന്യാസിയുടെ.അവിടെ തന്നെ ഒരു അമ്പലവും ഉണ്ട്. നിക്കോ എന്നാണ് ഈ സ്ഥലത്തിനു പേര്. സൂര്യപ്രകാശം എന്നാണ് നിക്കൊ എന്ന വാക്കിന് അര്‍ത്ഥം.

അവിടെ ഈ ശില്‍പ്പങ്ങള്‍ കണ്ടു.

വേറെ ഒരുപാടു കാഴ്ചകള്‍ അവിടെ ഉണ്ട്. വഴിയേ ഞാന്‍ പോസ്റ്റ് ചെയ്യാം.

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP