വിദ്യാലയ മുറ്റത്തേക്കൊരു തീര്‍ത്ഥയാത്ര - മൂന്നാം ഭാഗം

>> Tuesday, June 12, 2007

(ഒന്നാം ഭാഗം ഇവിടെ)
(രണ്ടാം ഭാഗം ഇവിടെ)

അസൗകര്യങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും ഇടയിലും അന്നത്തെ പി.എം.ജി സ്കൂളിന്‌ മറ്റുചില നല്ല വശങ്ങള്‍ ഉണ്ടായിരുന്നു. സ്കൂള്‍ നിറയെ കുട്ടികള്‍, ഏതാണ്ട്‌ 1500 ഓളം, അര്‍പ്പണബോധമുള്ള ഒരു സംഘം അധ്യാപകര്‍,പഠിക്കുവാന്‍ മിടുക്കരായ കുറേ കുട്ടികളും. ഒരു യു.പി. സ്കൂളിനു വേണ്ടത്ര ലബോറട്ടറി സൗകര്യം, അത്യാവശ്യം ഒരു ലൈബ്രറി, പ്രവര്‍ത്തിപരിചയ വര്‍ക്ക്‌ ഷോപ്പ്‌ തുടങ്ങിയ സൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു. ഇതുകൊണ്ടുത്തന്നെ പേപ്പര്‍മില്ലിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ കുട്ടികളും ചുറ്റുപാടുമുള്ള സാധാരണക്കാരുടെ എല്ലാകുട്ടികളും ഈ സ്കൂളിനെത്തന്നെയാണ്‌ പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത്‌.

സ്കൂള്‍ ബാലകലോത്സവങ്ങളിലും, സ്പോര്‍ട്സ്‌ മത്സരങ്ങളിലും മറ്റും എത്ര "റോഫികളാണ്‌" ഞങ്ങള്‍ നേടിയത്‌ എന്നറിയാമോ? "നേടിയെടുത്തേ, നേടിയെടുത്തേ ട്രോഫി ഞങ്ങള്‍ നേടിയെടുത്തേ" എന്ന മുദ്രാവാക്യം വിളികളുമായി പി.എം.ജി.യിലെ കുട്ടികള്‍ ജാഥയായി നടന്നുപോകുന്നത്‌ അസൂയയോടെയാണ്‌ മറ്റു സ്കൂളുകള്‍ അന്ന് നോക്കിനിന്നിരുന്നത്‌.

അന്നൊക്കെ അധ്യാപകരെ എല്ലാവരേയും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ "സാര്‍" എന്നാണ്‌ വിളിക്കുന്നത്‌. ഒന്നാം ക്ലാസില്‍ എന്റെ ക്ലാസ്‌ടീച്ചര്‍ ലില്ലിക്കുട്ടിസാര്‍ ആയിരുന്നു. രണ്ടില്‍ സെബാസ്റ്റ്യന്‍ സാര്‍, മൂന്നില്‍ കേശവന്‍ സാര്‍, നാലില്‍ വിജയമ്മ സാര്‍, അഞ്ചില്‍ വിക്റ്റോറിയ സാര്‍, ആറില്‍ സുലോചന സാര്‍, ഏഴില്‍ തങ്കപ്പന്‍ സാര്‍ - ഇവരായിരുന്നു എന്റെ ക്ലാസ്‌ അധ്യാപകര്‍. മറ്റുള്ളവരെപ്പറ്റി ഇനിയൊരിക്കല്‍ എഴുതാം.

2004 ല്‍ അവധിക്കുപോയപ്പോള്‍ പഴയ വിദ്യാലയം ഒന്നു കാണുവാനായി ഞാന്‍ പി.എം.ജി.യിലേക്ക്‌ പോയി. ഒപ്പം കുടുംബവും, അവിടുത്തെ അദ്ധ്യാപകരായിരുന്ന എന്റെ മാതാപിതാക്കളും. ഒരു സേവനവാരത്തിന്‌ ഞങ്ങള്‍ ഉണ്ടാക്കിയെടുത്ത ചരിഞ്ഞ റോഡിലൂടെ, കാര്‍ സ്കൂള്‍മുറ്റത്തേയ്ക്ക്‌ ഇറക്കുമ്പോള്‍ എന്റെ ചിന്തകള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ പായുകയായിരുന്നു. അന്നൊക്കെ ഒരു കാര്‍ സ്കൂളില്‍ വന്നാല്‍ കുട്ടികള്‍ക്ക്‌ ഉത്സവമായിരുന്നു. പൂരപ്പറമ്പില്‍ ആനയ്ക്കുചുറ്റും കൂടുന്നതുപോലെ കാറിനു ചുറ്റും പിള്ളേര്‍ കൂടും. ഇന്നതൊക്കെ മാറി. നല്ല കാര്യം.

സ്കൂള്‍ മുത്തശ്ശിയായി വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നു. ഡിവിഷനുകളും കുട്ടികളും ഇപ്പോള്‍ നന്നെ കുറവ്‌. അല്ലെങ്കിലും നാട്ടില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ആര്‍ക്കുവേണം? എല്ലാവരും “മംഗ്ലീഷ് മീഡിയം” സ്കൂളുകളുടെ പിന്നാലെയല്ലേ പോക്ക്! ഉള്ള കുട്ടികളും അദ്ധ്യാപകരും പഠിപ്പില്‍ വ്യാപൃതരായിരിക്കുന്നു. എന്റെ മനസ്സില്‍ ഒരു ഫുഡ്ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പം ഉണ്ടായിരുന്ന പഴയ സ്കൂള്‍മുറ്റം വളരെ ചെറുതായി ഇപ്പോള്‍ തോന്നി. നെഞ്ചൊപ്പം ഉയരമുണ്ടായിരുന്ന ഷെഡ്ഡിന്റെ അരഭിത്തിയ്ക്ക്‌ ഇപ്പോള്‍ അരയറ്റം പോലും ഉയരമില്ല. അന്നു ഞങ്ങള്‍ നിറഞ്ഞിരുന്നു പഠിച്ചിരുന്ന ക്ലാസ് റൂമുകള്‍ക്കും മനസ്സിലുള്ളതിനേക്കാള്‍ വലിപ്പക്കുറവ്! കുട്ടികളായിരിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ പതിയുന്ന ചിത്രങ്ങള്‍, വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ് നമ്മള്‍ വീണ്ടും കാണുന്നതെങ്കില്‍ നമ്മുടെ മനസ്സിനു തോന്നുന്ന അന്തരം എത്രവലുതണെന്ന് അന്നെനിക്കു മനസ്സിലായി.

അന്നത്തെ പഴയ ചേങ്ങില ബെല്‍ മാത്രം അതുപോലെ ആ വരാന്തയില്‍ തൂങ്ങുന്നുണ്ട്‌. അതുപോലെ മറ്റൊരു സേവനവാരത്തിനുണ്ടാക്കിയെടുത്ത സ്റ്റേജും അരികും മൂലയും ഇടിഞ്ഞ് ഒരുവശത്തായി നില്‍ക്കുന്നു; പണ്ട് അവിടെ നടത്തിയ നാടകങ്ങളും, കലാപരിപാടികളും ആ സ്റ്റേജിലെ ഓരോകല്ലും ഇന്നും ഓര്‍ക്കുന്നുണ്ടാവണം! ഹെഡ്മാസ്റ്ററുടെ മുറിയില്‍ പഴയ ട്രോഫികളൊക്കെ സ്കൂളിന്റെ പണ്ടത്തെ സുവര്‍ണ്ണകാലത്തെ അയവിറക്കിക്കൊണ്ട്‌ പൊടിപിടിച്ച്‌ ഇരിക്കുന്നുണ്ടായിരുന്നു. അച്ഛനമ്മമാരുടെ പഴയ സഹപ്രവര്‍ത്തകരില്‍ അന്നത്തെ ചില ചെറുപ്പക്കാര്‍ മാത്രം ഇപ്പോഴുമുണ്ട്‌. അന്നത്തെ ചില വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അദ്ധ്യാപകരായി ജോലിനോക്കുന്നു. കുറേസമയം ഞങ്ങള്‍ അവിടെ ചെലവഴിച്ചു, ചിത്രങ്ങള്‍ എടുത്തു.

പഴയ താഴത്തെ ഷെഡ്ഡിന്റെ മുന്നിലൂടെ ഞാന്‍ ദീപയേയും ഉണ്ണിമോളേയും കൊണ്ടുപോയി, എന്റെ ഒന്നാം ക്ലാസ്‌ ഉണ്ണിമോള്‍ക്ക്‌ കാട്ടിക്കൊടുത്തു. അപ്പ പഠിച്ച ഒന്നാം ക്ലാസ്‌ അവള്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ക്കൂടി റാകിപ്പറക്കുന്ന ചെമ്പരുന്തും, മേരിയുടെ കുഞ്ഞാടുമൊക്കെ ഒന്നൊന്നായി കടന്നുപോവുകയായിരുന്നു.

പുലരിയോടൊത്തെന്നും പൂന്തോപ്പിലെത്തുന്ന
പൂമ്പാറ്റക്കുഞ്ഞുങ്ങള്‍ക്കെന്തു ചന്തം!
അവരുടുത്തീടുമാപ്പവാട വിറ്റീടും
കടയേതെന്നമ്മയ്ക്കറിഞ്ഞുകൂടേ?
അതുപോലെ ഒന്നമ്മേ തിരുവോണക്കോടിയായ്‌
അരുമമകള്‍ക്കു തരികയില്ലേ!


1291

20 comments:

അപ്പു ആദ്യാക്ഷരി June 7, 2007 at 6:13 PM  

ഒരു പേജിനിടയിലേക്ക്‌ ഒരു മയില്‍പ്പീലി വയ്ക്കും. മുഴുവന്‍ പീലിയൊന്നുമില്ല, ഒരു കുഞ്ഞുതണ്ടു മാത്രം. അതിന്റെ കൂടെ തെങ്ങിന്റെ ഇളം ഓലയുടെ വശത്തുനിന്നും ചുരണ്ടിയെടുത്ത ഒരു പൊടിയും വയ്ക്കും. കുറേ നാളുകള്‍ കഴിയുമ്പോള്‍ മയില്‍പീല്‍ പ്രസവിക്കുമത്രേ...

എന്റെ വിദ്യാലയം.... കുറേ മധുരിക്കുന്ന ഓര്‍മ്മകള്‍

സാജന്‍| SAJAN June 7, 2007 at 6:55 PM  

അപ്പൂ എത്ര മനോഹരമായി എഴുതിയിരിക്കുന്നു:):)
ഇങ്ങനെ ഓര്‍ക്കാന്‍ അപ്പൂന് കഴിയുമോ അത്ഭുദം തോന്നുന്നു.. ഒട്ടും മടുപ്പില്ലാതെ മുഴുവനും വായിച്ചു എന്റെ കണ്ണ് നിറഞ്ഞു കേട്ടോ:)

Pramod.KM June 7, 2007 at 7:03 PM  

ഹൃദയസ്പറ്ശിയായ വിവരണം.
സ്കൂള്‍ അന്തരീക്ഷത്തെ ഒരിക്കല്‍ കൂടി ഓറ്മ്മയില്‍ എത്തിച്ചതിന്‍ നന്ദി:)

ധ്വനി | Dhwani June 7, 2007 at 7:06 PM  

അപ്പൂ, നല്ല പൊക്കമുള്ള പോസ്റ്റ്!! ... ഓര്‍മ്മ മധുരിപ്പിച്ചപ്പോ പേനയും മനസ്സും കൈ വിട്ടു പോയല്ലേ? നന്നായിരിയ്ക്കുന്നു...
ഇടവപ്പാതിയില്‍ മഴവെള്ളം ചവിട്ടിത്തെറിപ്പിച്ച്, തണുപ്പാസ്വദിച്ച് താടിയെല്ലൊരല്‍പ്പമയച്ച് അവയെ കൂട്ടിയിടിയ്ക്കാന്‍ വിട്ട്.... എങ്ങനെ മറക്കും!!
ദേ ഇത്തിരിവെട്ടവും ഇതേ കാര്യം പങ്കു വയ്ക്കുന്നു!! എല്ലാവരും ഒരേ മൂഡിലാ! ഈ ജൂണിന്റെ ഒരു കാര്യം! :)

കുട്ടിച്ചാത്തന്‍ June 7, 2007 at 7:21 PM  

ചാത്തനേറ്:

എത്ര്യോ കുഞ്ഞു നൊമ്പരങ്ങള്‍ സന്തോഷങ്ങള്‍.. ഒന്നും മറക്കാതിരിക്കാന്‍ ദൈവം സഹായിക്കട്ടേ...

അപ്പു ആദ്യാക്ഷരി June 8, 2007 at 1:33 PM  

സാജന്‍, പ്രമോദ്, ധ്വനി, കുട്ടിച്ചാത്തന്‍....
നന്ദി ഈ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചതിന്. ഇത്തരം ഓര്‍മ്മകള്‍ നിങ്ങള്‍ക്കും ഉണ്ടാവുമല്ലോ? എഴുതുക.

മറ്റൊരാള്‍ | GG June 9, 2007 at 7:49 PM  

അപ്പുവേ... ഒന്നാംക്ലാസ്സിലെ പാഠപുസ്തകത്തിലൊള്ള മറ്റൊരുപാട്ട്‌ ഞങ്ങള്‍ പാടിയിരുന്നത്‌ ഇങ്ങനെയാണ്‌.

"കാട്ടുമരത്തിന്‍കൊമ്പുകള്‍ തോറും കയറാ മറിയാ സാറാ (കയറാം, മറിയാം, ചാടാം)."

പിന്നെ ഞങ്ങളുടെ സ്കൂളിലെ പ്രാര്‍ത്ഥനാഗാനം ഇങ്ങനെയായിരുന്നു. " ദൈവമേ കൈ തൊഴാം കേള്‍ക്കുമാറാകണം.
പാവമാമെന്നെ നീ കാക്കുമാറാകണം.
.......
.......
നേര്‍വഴിക്കെന്നെ നീ കൊണ്ടുപോയിടേണം.
നേര്‍വരും സങ്കടം ഭസ്മമായിടേണം.

ഭക്തി കൊണ്ടും, ഭയം കൊണ്ടുമിതൊക്കെ പാടുമ്പോള്‍ എന്തൊരു വിറയല്‍ ആയിരുന്നു അന്നൊക്കെ. എല്ലാവരികളും ഇപ്പോള്‍ ഓര്‍ക്കുന്നില്ല.
ഓര്‍മ്മകള്‍ ഓടികളിക്കും ആ സ്കൂള്‍ മുറ്റത്ത്‌ ഒന്നൂടെത്തുവാന്‍ എന്തൊരു മോഹം...!!!

അപ്പു ആദ്യാക്ഷരി June 10, 2007 at 11:28 AM  

മറ്റൊരാളേ... താങ്കളുടെ വിദ്യാലയസ്മരണകള്‍ പങ്കുവച്ചതിന് നന്ദി. ഇനി നാട്ടില്‍ പോകുമ്പോള്‍ ആ സ്കൂളില്‍ ഒന്നു പോയി നോക്കൂ.

Sathees Makkoth | Asha Revamma June 10, 2007 at 1:33 PM  

അപ്പു,
വളരെ ഇഷ്ടപ്പെട്ടു ഈ ഓര്‍മക്കുറിപ്പ്.
കാരണം സ്കൂള്‍ കാലത്തെ ഓരോ കാര്യങ്ങളും ഒന്നുപോലും വിട്ട് കളയാതെ ഈ ഓര്‍മ്മക്കുറിപ്പിലൂടെ അപ്പു വിവരിച്ചിരിക്കുന്നു.
വായനയില്‍ഊടെ കടന്നുപോകുമ്പോള്‍ ഞാനറിയാതെ തന്നെ എന്റെ കുട്ടിക്കാലത്തിലേയ്ക്കും വിദ്യാഭ്യാസകാലത്തേയ്ക്കും പൊയ്പ്പോയി.ഓര്‍മ്മക്കുരിപ്പുകള്‍ തുറ്റരട്ടെ.

വല്യമ്മായി June 10, 2007 at 1:57 PM  

നല്ല ഓര്‍മ്മകള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു.

സുല്‍ |Sul June 10, 2007 at 3:55 PM  

അപ്പു ഇത്രയും സൂക്ഷ്മമായി കാര്യങ്ങള്‍ എങ്ങനെ ഓര്‍ത്തു വെക്കുന്നു. വളരെ നന്നായി എഴുതിയിരിക്കുന്നു. നല്ല ഓര്‍മ്മകുറിപ്പ്.

-സുല്‍

അപ്പു ആദ്യാക്ഷരി June 11, 2007 at 8:34 AM  

സതീശന്‍, വല്യമ്മായി, സുല്‍..വായിച്ചതില്‍ സന്തോഷം, അഭിപ്രായങ്ങള്‍ പറഞ്ഞതിന് നന്ദി.

ആഷ | Asha June 11, 2007 at 9:12 AM  

അപ്പുവേ എല്ലാം ഓര്‍ത്തു വെച്ചിരിക്കുന്നല്ലോ.
എനിക്കു വളരെ കുറച്ചു ഓര്‍മ്മകളെയുള്ളു ചില കൂട്ടുകാരെ ഓര്‍മ്മയുണ്ട്. :)

നന്നായിരിക്കുന്നു

Rasheed Chalil June 11, 2007 at 10:22 AM  

ഓര്‍മ്മളുടെ തീരത്തൂടെയുള്ള ഈ യാത്ര ഒത്തിരി ഇഷ്ടമായി അപ്പൂ...

മുസ്തഫ|musthapha June 11, 2007 at 12:46 PM  

പോസ്റ്റിന് നീളം കൂടുതലായതോണ്ട് പ്രിന്‍റ് എടുത്താണ് വായിച്ചത്...

അപ്പുവിന്‍റെ വരികള്‍ വായിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഞാന്‍ മൂന്നാം ക്ലാസ്സ് വരെ പഠിച്ച വടക്കേക്കാട് തിരുവളയന്നൂര്‍ സ്കൂളായിരുന്നു...

ഒരോ തരിയും തിരിച്ചരിഞ്ഞു കൊണ്ടുള്ള ഒരു മനസ്സിന്‍റെ മടക്ക യാത്ര - ഈ പോസ്റ്റ് തന്നു - നന്ദി!

അപ്പു ആദ്യാക്ഷരി June 12, 2007 at 8:40 AM  

ആഷേ...നന്ദി. എനിക്ക് പ്രൈമറി സ്കൂളില്‍ (P.M.G.U.P.S)എന്നോടൊപ്പം പഠിച്ച പലരുടേയും പേരുകള്‍ ഓര്‍മ്മയില്ല! കുറേ പേരുകള്‍ ഓര്‍മ്മയുണ്ടുതാനും. പക്ഷേ ഇതിലെഴുതിയിരിക്കുന്ന കാര്യങ്ങള്‍/സംഭവങ്ങള്‍ ഒക്കെ മനസ്സിലിന്നും മായാതെ നില്‍ക്കുന്നു.

ഇത്തിരീ, നന്ദി.

അഗ്രജന്‍, വായിച്ചതിനു നന്ദി. (പോസ്റ്റിനു നീളം കൂടിപ്പോയി എന്ന അഭിപ്രായം മാനിച്ച് മൂന്നു ഭാഗങ്ങളായിത്തിരിച്ചു പബ്ലിഷ് ചെയ്തിട്ടുണ്ട്)

ഇടിവാള്‍ June 18, 2007 at 4:11 PM  

മാഷെ നൊസ്റ്റാള്‍ജിക് പോസ്റ്റ്.

1-4 വരെ പഠിച്ച പഴയ സ്കൂള്‍ കാണാന്‍ കഴിഞ്ഞ വെക്കേഷനു പോയിരുന്നു! അതൊരു പ്രത്യേക ഫീലിങ്ങ് തന്നെയാണേയ്

മിന്നാമിനുങ്ങുകള്‍ //സജി.!! June 23, 2007 at 3:55 PM  

കാലപ്രവാഹത്തില്‍പെട്ടു പലവഴി പിരിയേണ്ടിവന്ന ബാലകാലസുഹ്രുത്തുകള്‍ക്കായി കാത്തിരിക്കുന്ന പ്രിയ കൂട്ടുകാരാ... നിങ്ങള്‍ക്കു അവരെ കണ്ടെത്താനവട്ടെ......
ആശംസകളോടെ ...!!

മാഹിഷ്മതി October 16, 2008 at 7:35 PM  

ഒത്തിരി ഇഷ്ടപ്പെട്ടു ....പിന്നെ ഞാന്‍ സ്മൈലി ഇടുന്നത് പഠിച്ചു..ദേ ഇങ്ങനെ തന്നെ ആണൊ എന്നു നോക്കിയെ..:) :)

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP