ഓണവിളക്കിന്റെ പ്രഭയില്‍‌‌ ഒരോണ സന്ധ്യ

>> Sunday, August 26, 2007

ഓണത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക പൂക്കളം തന്നെ.

ഓണ സദ്യ, വള്ളം കളി, പൂവിളി, പുലികളി തുടങ്ങിയ ഇമേജുകളും ഓണവുമായി ബന്ധപ്പെട്ട് നമ്മുടെ മനസ്സില്‍ എത്താറുണ്ട്.
എന്നാല്‍ പുതിയ തലമുറയ്ക്ക് അത്ര പരിചയമുണ്ടാവാനിടയില്ലാത്ത ഒരു ഓണ പ്രതീകമാണ് ഓണദീപം.കേരളത്തിന്റെ പല പ്രദേശങ്ങളിലും ഇന്നും പ്രചാരത്തിലുള്ള ഒരു ചടങ്ങാണ് ഉത്രാട സന്ധ്യയില്‍ (തിരുവോണത്തിന്റെ തലേന്ന്)
വീടുകളില്‍ ഓണവിളക്ക് തെളിയിക്കുക എന്നത് (ഞങ്ങളുടെ ഗ്രാമത്തിലും ഉണ്ട്). ഓണം ഏറെ വാണിജ്യവത്കരിക്കപ്പെട്ടിരിക്കുന്ന ഇന്നും ഓണദീപം അതിന്റെ പാരമ്പര്യത്തെളിമയോടെ തെളിഞ്ഞുനില്‍ക്കുന്നു.

ഓണമെത്തുന്നതിന്റെ മുന്നോടിയായി വീടിന്റെ മുറ്റത്തും, വീട്ടിലേക്ക് കടന്നു വരുന്ന വഴിയിലുമുള്ള പുല്ല് ചെത്തി വെടിപ്പാക്കുന്ന രീതി ഉണ്ട്. ജാതി മത ഭേദമെന്യേ എല്ലാ വീടുകളിലും ഇന്നും ഇത് ചെയ്യുന്നു. ഓണത്തെ എതിരേല്‍ക്കാനാണിത്.ഉത്രാട സന്ധ്യയില്‍ വീട്ടിലേക്ക് കടന്നുവരുന്ന നടവഴിയുടെ തുടക്കത്തില്‍ ഒരു വാഴപ്പിണ്ടി നാട്ടുന്നു.അതില്‍ ഈര്‍ക്കിലി വളച്ചത് വച്ച്, അതില്‍ മണ്‍ചെരാതുകളില്‍ എണ്ണയൊഴിച്ച് തിരിതെളിയിച്ചാണ് ഓണദീപം ഒരുക്കുന്നത്. മണ്‍ചെരാതുകളുടെ വരവിനുമുമ്പ് മരോട്ടിക്കായായിരുന്നു ദീപം തെളിയിക്കാന്‍ ഉപയോഗിച്ചിരുന്നത്.

ഇതിന്റെ തുടര്‍ച്ചയായി നടവഴിയിലും വീടിന്റെ ഉമ്മറത്തും ചെറിയ ദീപങ്ങള്‍ വയ്ക്കും. സന്ധ്യയായി ഇരുട്ടുപരക്കുന്നതോടെ ഗ്രാമത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓണദീപങ്ങളുംടെ ഇത്തിരിവെട്ടം നിറയുകയായി. നാടുകാണാനെത്തുന്ന മാവേലിമന്നനെ വരവേല്‍ക്കാന്‍ പൊന്‍പ്രഭചൊരിഞ്ഞൂ നിരനിരയായി വീടുകള്‍ക്കുമുമ്പില്‍ നില്‍ക്കുന്ന ഓണവിളക്കുകള്‍ മനസ്സിനും കണ്ണിനും ഉന്മേഷമേകുന്ന കാഴ്ചയാണ്.


ബ്ലോഗിലെ എല്ലാ പ്രിയകൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

Read more...

നാട്ടില്‍നിന്നൊരു കുറിപ്പ് - രണ്ട്

>> Saturday, August 11, 2007

റോഡ് റിപ്പയര്‍:
കഴിഞ്ഞ ദിവസത്തെ ദിനപ്പത്രങ്ങള്‍ ഒരു “സന്തോഷ വാര്‍ത്ത“യുമായാണ് ഇറങ്ങിയത്. ലോകത്തിലേക്കും തല്ലിപ്പോളി റോഡുകളാണ് കേരളത്തിലേത് എന്നും, എത്രയും പെട്ടന്ന് അവ സഞ്ചാര യോഗ്യമാക്കാന്‍ ഗവര്‍മെന്റിന്റെ ഭാഗത്തുനിന്നും സത്വരനടപടികള്‍ തുടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു എന്നായിരുന്നു ആ സന്തോഷവാര്‍ത്ത. അതേ തുടര്‍ന്ന് ഗവര്‍മെന്റ് അടിയന്തിരമായി ക്വൊട്ടേഷനുകളും ക്ഷണിച്ചു. പക്ഷേ കോണ്ട്രാക്റ്റര്‍മാരുടെ നിസ്സഹകരണം കാരണം ഒരൊറ്റ ടെന്റര്‍പോലും ലഭിച്ചില്ലത്രേ! എന്തു ചെയ്യാം. കേരളത്തിന്റെ വിധി പൊട്ടിപ്പോളിഞ്ഞ റോഡുകള്‍ തന്നെ. പ്രവാസിയുടെ ചുരുങ്ങിയ അവധിദിവസങ്ങളുടെ ഭൂരിഭാഗം സമയവും നഷ്ടപ്പെടുന്നത് ഈ റോഡുകളിലൂടെ ഒച്ചിഴയുന്ന വേഗത്തിലുള്ള സഞ്ചാരമാണെന്നതില്‍ സംശയമില്ല.
കാര്യമിങ്ങനെയൊക്കെയായിരുന്നാലും, നല്ല രീതിയില്‍ ടാര്‍ചെയ്ത്, ഇതുവരെ പൊട്ടിപ്പൊളിയാത്ത ചില റോഡുകളും യാത്രകള്‍ക്കിടെ കണ്ടു. ശബരിമല - എരുമേലി റോഡ്, കായംകുളം - അടൂര്‍ റോഡ്, പുനലൂര്‍ - കുളത്തൂപ്പുഴ റോഡ് തുടങ്ങിയവ. ലെവലിംഗ് മെഷീന്‍ ഉപയോഗിച്ച് ടാര്‍ ലെവല്‍ ചെയ്ത് ഈ റോഡുകളിലൂടെയുള്ള യാത്ര, കേരളത്തിലെ മറ്റു റോഡുയാത്രകളെ അപേക്ഷിച്ച് വളരെ മെച്ചം തന്നെ.സീറ്റ് ബെല്‍റ്റ്:
ഓഗസ്റ്റ് ഒന്നു മുതല്‍ കേരളത്തില്‍ കാറുകളില്‍ (പുതിയ മോഡലുകളീല്‍ മാത്രം) മുന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്നു. നല്ലകാര്യം. പക്ഷേ പുതിയ എന്തു തീരുമാനം വരുമ്പോഴും അതിനു പുല്ലുവില കല്‍പ്പിച്ച് തള്ളുന്ന മലയാളികള്‍ ഈ തീരുമാനത്തിനും അത്രയും പ്രാധാന്യമേ നല്‍കിയിട്ടുള്ളൂ. പലര്‍ക്കും ഇതിന്റെ ഉപയോഗമോ, അപകടസമയത്ത് അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നോ അറിയില്ല. ബൈക്ക് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി നാളുകള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അതുപയോഗിക്കുന്ന ബൈക്ക് യാത്രക്കാരുടെ എണ്ണം തുലോം കുറവ്. അതുപോലെതന്നെയാവും ഈ സീറ്റ്ബെല്‍റ്റ് നിര്‍ബന്ധവും എന്നു തോന്നുന്നു.

വഴിമുടക്കി ജാഥകള്‍:
രണ്ടുമൂന്നു ദിവസം മുമ്പ്, ഒരു ദൂരയാത്രയ്ക്കിറങ്ങിയതാണ്. കാറിലാണ് യാത്ര. വഴിയില്‍ വച്ച് റോഡ് ബ്ലോക്ക്. മുന്പില്‍ കുറേ വാഹനങ്ങള്‍ മന്ദം മന്ദം നീങ്ങുന്നു. കൂട്ടത്തില്‍ വളരെ ദൂരം പോകേണ്ട ബസുകളുണ്ട്, പോലീസ് വാഹനങ്ങളുണ്ട്. കാര്യമന്വേഷിച്ച് കുറേ മുമ്പിലേക്ക് നടന്നു നീങ്ങിയപ്പോള്‍ കണ്ട കാഴ്ചയോ? അന്‍പതു പേരില്‍ താഴെ ആളുകളുള്ള ഒരു ജാഥാ കടന്നു പോകുന്നു. റോഡിന്റെ വീതി മുഴുവന്‍ അപഹരിച്ചുകൊണ്ടാണ് ഇവരുടെ യാത്ര.
മുഷ്ഠി ചുരുട്ടി വായുവിനെ വൃഥാ ഇടിച്ചുകൊണ്ട് മുദ്രാവാക്യങ്ങളും മുഴക്കുന്നുണ്ട്. നിയമപാലകര്‍ ലാത്തിയും, ചൂരല്‍ പരിചകളുമായി പിന്നാലെയും. ഒരു മണിക്കൂറ് അങ്ങനെ പോയിക്കിട്ടി. എന്തൊരു രാഷ്ട്രീയ അവബോധം! ജാഥകള്‍ ഒറ്റവരിയായി പോയാല്‍ എന്തെങ്കിലും അബധമുണ്ടോ? ആ...?


ഓണപ്പിരിവ്:
ഓണമായതോടുകൂടി പിരിവുകാരുടെ വരവും ആരംഭിച്ചു. ഗള്‍ഫ്കാരുടെ വീടൊക്കെയായാല്‍ പ്രതീക്ഷിക്കുന്ന തുകയും കൂടും. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പിരിവുകാര്‍ക്ക് തുകനല്‍കിയശേഷം രസീതുകുറ്റി എഴുതുന്ന ആള്‍ ചോദിച്ച ചോദ്യങ്ങള്‍ എന്നെ ചെറുതായി ഉലയ്ക്കുക തന്നെ ചെയ്തു. പേരും വീട്ടുപേരും പറയാന്‍...!! ഇതു പട്ടണത്തിലല്ല, ഒരു തനി ഗ്രാമപ്രദേശത്തു നടന്നതാണ്. ആളുകള്‍ പരസ്പരം ഗൃഹനാഥന്റെ പേരും വീട്ടുപേരുമൊക്കെ അറിയുന്ന ഗ്രാമത്തില്‍. പിരിവിനു വരുന്ന ആള്‍ക്കാരുടെ കൂട്ടത്തില്‍ വീട്ടുകാരെ പരിചയമുള്ള ഒരാളെങ്കിലും ഇല്ലെങ്കില്‍ പിരിവിനെത്തുന്നതെന്തിന് എന്ന ചോദ്യം അവരോട് ചോദിക്കുക തന്നെ ചെയ്തു, ഉത്തരമില്ലായിരുന്നുവെങ്കിലും.

Read more...

കല്ലറയില്‍ ഉറങ്ങുന്ന കുഞ്ഞുമാലാഖ

>> Wednesday, August 8, 2007

കോട്ടയം - കുമിളി റൂട്ടില്‍ കുട്ടിക്കാനം എന്നൊരു സ്ഥലമുണ്ട്. ഈ റൂട്ടിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണിത്. ഇവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞാണ് കട്ടപ്പന എന്ന സ്ഥലത്തേക്ക് പോകുന്നത്. ഇരുപതു കിലോമീറ്ററോളം ഈ റൂട്ടില്‍ സഞ്ചരിക്കുമ്പോള്‍ ഏലപ്പാറയിലെത്തും.
തേയില തോട്ടങ്ങളും, പച്ചപുതച്ച കുന്നുകളും, കുന്നുകളില്‍നിന്നു പുറപ്പെടുന്ന കൊച്ചരുവികളും ചേര്‍ന്ന് അതിമനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്ന ഈ മേഘല ദൈവത്തിന്റെ സ്വന്തം നാടുതന്നെ!! സദാ തണുപ്പു കാലാവസ്ഥയുള്ള ഈ പ്രദേശം മഴക്കാലത്ത് മഞ്ഞിന്റെ വീടായി മാറുന്നു. ഏലപ്പാറയക്കടുത്താണ് പള്ളിക്കുന്ന് എന്ന സ്ഥലം.ഇവിടെ റോഡ് അരികിലായി ബ്രിട്ടീഷ് കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ട ഒരു പുരാതന ക്രിസ്തീയ ദേവാലയമുണ്ട്. ഈ പള്ളിക്കു ചുറ്റുമുള്ള പുല്‍ത്തകിടിയും, പ്രകൃത്യാ ഉള്ള ഉദ്യാനവും, തണല്‍ വിരിക്കുന്ന മരങ്ങളും അതിനു ചേര്‍ന്ന തണുപ്പുള്ള കാലാവസ്ഥയും സന്ദര്‍ശകരെ ഭൂതകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ പര്യാപ്തമാണ്.


ഈ ദേവാലയത്തോടു ചേര്‍ന്നുള്ള സെമിത്തേരിയില്‍ വളരെ പഴയ കുറേ കല്ലറകള്‍ കാണാം. പലതും ഇടിഞ്ഞു പൊളിഞ്ഞിരിക്കുന്നു. ഉയര്‍ന്നു നില്‍ക്കുന്ന കുരിശുരൂപങ്ങളും ആ കല്ലറകളും എനിക്ക് എന്തുകൊണ്ടോ വളരെ ഇഷ്ടമായിരുന്നു, വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ.ഈ ആഴ്ച അതുവഴി കടന്നു പോയപ്പോള്‍ അവിടെ അല്പസമയം കാര്‍ നിര്‍ത്തി, കുറച്ചു ഫോട്ടോകള്‍ എടുത്തു.


സെമിത്തേരിയിലെ കല്ലറകളിലേക്ക് ക്യാമറ തിരിച്ചപ്പോള്‍, ഒരു കൊച്ചുമാലാഖയുടെ രൂപം പതിച്ച ഒരു കൊച്ചുകല്ലറ കണ്ണില്‍പ്പെട്ടു. കാലപ്പഴക്കത്തില്‍ മാലാഖയുടെ കൈ രണ്ടും ഒടിഞ്ഞുപോയിട്ടുണ്ട്.പായല്‍ നിറഞ്ഞ അതിലെ ഫലകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

In memory of a joy departed
BRIDGIT MARY
daughter of
Stanley and Eva Rowson
Born November 6th 1932
Died November 4th 1934

രണ്ടുവയസ്സു പ്രായമുള്ള ഒരു കുഞ്ഞിന്റേതാണ് ആ കല്ലറ. ജീവിച്ചിരുന്നുവെങ്കില്‍ ഇന്ന് 85 വയസ്സ് പ്രായമുള്ള ഒരു മുത്തശ്ശിയായിരുന്നേനെ ആ കുഞ്ഞ്.
1685

Read more...

നാട്ടില്‍നിന്നൊരു കുറിപ്പ് - ഒന്ന്

>> Sunday, August 5, 2007

തന്‍‌കാര്യം:

സമയം വെളുപ്പിന് 2:45. നാലുമണിക്കൂര്‍ നീണ്ട യാത്രയ്ക്കുശേഷം ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം ഇ.കെ 532 കൊച്ചി ഇന്റര്‍നാഷനണല്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യാന്‍ മിനിട്ടുകള്‍ മാത്രം അവശേഷിക്കുന്നു. കനത്ത മേഘപാളികള്‍ക്കിടയിലൂടെ ഊളിയിട്ട്, താഴ്ന്ന നിരപ്പിലെത്തി എയര്‍പോര്‍ട്ടിനു മുകളീലൂടെ ഒന്നു വാട്ടമിട്ട് വിമാനം റണ്‍ വേയിലേക്ക് അടുക്കുന്നു. റണ്‍‌വേയിലെ ലൈറ്റുകള്‍ക്കു മധ്യത്തിലേക്ക് വിമാനം ഇറങ്ങുന്നത്, വിമാനത്തിന്റെ മുന്‍ഭാഗത്തുറപ്പിച്ചിരിക്കുന്ന “ഫോര്‍വേര്‍ഡ് ക്യാമറയിലൂടെ“ ഓരൊ സീറ്റിനുമുമ്പിലുമുള്ള സ്ക്രീനില്‍കാണാം.

നീണ്ട ഒരു പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കെത്തുന്നതിന്റെ ആഹ്ലാദം എല്ലാ യാത്രക്കാരുടെ മുഖങ്ങളിലും ഉണ്ട്. വിമാനത്തിന്റെ ടയറുകള്‍ റണ്‍‌വേയില്‍ തൊട്ട നിമിഷം തന്നെ സീ‍റ്റ് ബെല്‍റ്റുകള്‍ അഴിയ്ക്കുന്ന ശബ്ദം പലസീറ്റുകളില്‍ നിന്നും ഉയര്‍ന്നുകേട്ടു.

ലാന്റിംഗിനുശേഷം വിമാനം പാര്‍ക്കുചെയ്തതിനുശേഷമേ സീ‍റ്റ് ബെല്‍റ്റുകള്‍ അഴിക്കാവൂ എന്നും, അതിനുശേഷം വളരെ ശ്രദ്ധിച്ചുമാത്രമെ സീറ്റുകള്‍ക്കു മുകളിലുള്ള ബാഗേജ് സ്റ്റോറുകള്‍ തുറക്കാവൂ എന്ന പതിവു അറിയിപ്പുകള്‍ പലരും അവഗണിച്ചിരിക്കുന്നു. മാത്രവുമല്ല, തറയിലൂടെ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ത്തന്നെ സീറ്റില്‍നിന്നു പലരും എഴുനേല്‍ക്കുന്നു, ബാഗേജ് സ്റ്റോറേജുകള്‍ തുറന്ന അവരുടെ ഹാന്റ് കാരിബാഗുകള്‍ എടുക്കാന്‍ തിടുക്കം കൂട്ടുന്നു.... !! ഇതൊക്കെ കണ്ട് വിമാന ജീവനക്കാര്‍ നല്‍കുന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ (സ്വസ്ഥാനങ്ങളില്‍ ഇരിക്കുവാന്‍) അവരൊന്നും കൂട്ടാകുന്നതേയില്ല.

എന്തൊരു കഷ്ടം. നാം, മലയാളികള്‍, ഇന്ത്യാക്കാര്‍, എന്തേ ഇങ്ങനെ? സുരക്ഷാ മുന്നറിയിപ്പുകളും, നിര്‍ദ്ദേശങ്ങളും നമുക്ക് ബാധകമല്ലേ? നമ്മുടെ സുരക്ഷയ്ക്കും, നമ്മോടുകൂടെ യാത്രചെയ്യുന്ന മറ്റുള്ളവരുടെ സുരക്ഷയും നാ അവഗണിക്കുന്നതെന്തിനാണ്? വേവുവോളം കാക്കാമെങ്കില്‍ ആറുവോളം ഒന്നു കാത്തുകൂടേ? പ്ലെയില്‍നില്‍ കയറാനായാലും ബസില്‍ കയറാനായാലും മലയാളി ഒരുപോലെതന്നെ. എല്ലാക്കാര്യങ്ങളിലുമുള്ള ധൃതിയും താന്‍പോരിമയും - അതല്ലാതെ എന്തു പറയാന്‍ !

മഴ മഴ:

ഓഗസ്റ്റ് ആദ്യവാരമായി. മഴയ്ക്ക് അല്പം ശമനമുണ്ട്. തോരാതെ പെയ്യുന്ന മഴയും, നിറഞ്ഞുകിടക്കുന്ന പാടശേഖരങ്ങളുമൊന്നും ഇപ്പോള്‍ കാണാനില്ല. എന്നാലും എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലേക്ക് വരുന്ന വഴി നല്ലോരു പെരുമഴ കാണാന്‍ സാധിച്ചു. ഫോട്ടോയെടുക്കാന്‍ പറ്റിയ ലൈറ്റ് ഉണ്ടായിരുന്നില്ല. മഴക്കാലമായതിനാല്‍ എഞൊരു പച്ചപ്പ്! സുന്ദരകേരളത്തിന്റെ പ്രകൃതിഭംഗി ആവോളം ആസ്വദിക്കാന്‍ പറ്റിയ കാലം.


കുളംതോണ്ടിയ റോഡുകള്‍:

മധ്യകേരളത്തിലെ റോഡുകളുടെ അവസ്ഥയൊന്നും പറയാതിരിക്കുകയാണ് ഭേദം. ഒരു മണിക്കൂറ് എം.സി. റോഡിലൂടെ യാത്ര ചെയ്താല്‍ പുറംവേദന ഉറപ്പ്. (എം.സി. റോഡ് മാത്രമല്ല, മിക്ക റോഡുകളും അങ്ങനെ തന്നെ). നടുവിന് കുഴമ്പിട്ട് കിഴിവെയ്ക്കണം. വെള്ളം മുങ്ങിക്കിടക്കുന്ന ഭാഗങ്ങളാണെങ്കില്‍ കുഴിയേത് റോഡ് ഏത് എന്ന് തിരിച്ചറിയാന്‍തന്നെ പ്രയാസം. കാറിനേക്കാള്‍ ഭേദം ബസ് യാത്രകളെന്നു തോന്നുന്നു. ആരുടെയൊക്കെയോ ഭാഗ്യംകൊണ്ട് ഈ റോഡ് യാത്രകള്‍ ഓരോദിവസവും എങ്ങനെയൊക്കെയോ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നു. പതി ബെല്‍ കമ്പനി എം.സി. റോഡ് പണിയും ഉപേക്ഷിച്ച് കേരളം വിട്ടു. ആദ്യം കോണ്‍ഗ്രസും അതിനുശേഷം വന്ന കമ്യൂണിസ്റ്റ് ഗവര്‍മെന്റും മാറിമാറി കൈക്കൂലി ആവശ്യപ്പെട്ടത്രേ; പാവം ലീ തുങ്ങിമരിച്ചു! എം.സി.റോഡ് എന്ന ശങ്കരന്‍ പിന്നെയും തെണില്‍ത്തന്നെ.

പനി എന്ന മാരണം:

പകര്‍ച്ചപ്പനിയെപ്പറ്റിയുള്ള ഭയത്തോടെയാണ് നാട്ടിലേക്കെത്തിയതുതന്നെ. വീട്ടിലെല്ലാവര്‍ക്കും പനി വന്ന് മാറിയിട്ട് മാസം ഒന്നിനുമേലായി. എന്നിട്ടും അതിന്റെ ബാക്കിപത്രങ്ങള്‍ എല്ലാവരിലും ഉണ്ട്. സന്ധികളില്‍ വേദന, വൈകുന്നേരമാവുന്നതോടെ മന്തുപോലെയാവുന്ന കാല്‍ പാദങ്ങള്‍, തളര്‍ച്ച, പേശികളില്‍ കഠിന വേദന ഇങ്ങനെ പലവിധ അസ്വാസ്ഥ്യങ്ങള്‍. ഹൃദ്രോഗം പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഒരു അയല്‍ക്കാരനെ സന്ദര്‍ശിക്കുവാന്‍ ഒന്നു പോകേണ്ടിവന്നു. ഫിസിഷ്യന്റെ മുറിയുടെ വാതില്‍ക്കല്‍ ഒരു സമ്മേളനത്തിനുള്ള ആള്‍ക്കൂട്ടം. എല്ലാം പനിരോഗികള്‍!! സന്ധ്യയായാല്‍ കൊതുകുകളുടെ കൂട്ടം ആക്രമിക്കാന്‍ വരികയായി. ഇതു കൊതുകോ, പനിയോ മറ്റെന്തിലും മഹാമാരിയോ? ആര്‍ക്കറിയാം? ഈശ്വരോ രക്ഷതു !

തുടരും..... (വേണോ?)

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP