സുലൈമാന്‍

>> Thursday, September 25, 2008

വീണ്ടും ഒരു റമദാന്‍മാസം കൂടി കടന്നുപോകുന്നു. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ കഠിനമായ വേനല്‍ ശമിക്കുന്നതിനു മുമ്പാണ് റമദാന്‍ മാസം വന്നെത്തിയിരിക്കുന്നത്. പക്ഷേ വര്‍ഷങ്ങളായി എന്റെ ഓര്‍മ്മകളിലെ റമദാന് ഒരു തണുപ്പുകാലത്തിന്റെ പ്രതീതിയാണ്. ഇതിനു കാരണമുണ്ട്. 1992 ല്‍ ഞാന്‍ സൌദി അറേബ്യയിലെ ദമാമില്‍ ആദ്യമായി ജോലിക്കെത്തുമ്പോള്‍, ആ വര്‍ഷത്തെ റമദാന്‍ ഫെബ്രുവരിമാസത്തില്‍ ആയിരുന്നു - ഗള്‍ഫ് രാജ്യങ്ങളിലെല്ലാം തണുപ്പുകാലം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുന്ന സമയം. അവിടുന്നിങ്ങോട്ട് ഓരോ വര്‍ഷവും പത്തുദിവസം വീതം കുറഞ്ഞ് കുറഞ്ഞ് ഇപ്പോഴിതാ സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തിലെത്തിനില്‍ക്കുന്നു റമദാന്‍ മാസാരംഭം.

റമദാന്‍ നോമ്പ് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ത്തന്നെ “ഫീല്‍” ചെയ്യണമെങ്കില്‍ സൌദി അറേബ്യയില്‍ തന്നെ താമസിക്കണം എന്നാണ് എനിക്കു അനുഭവത്തില്‍നിന്നും തോന്നിയിട്ടുള്ളത്. സൌദി അറേബ്യയിലെ കര്‍ശനനിയമങ്ങള്‍ കാരണം അത് മനുഷ്യവാസയോഗ്യമായ ഒരു സ്ഥലമല്ലെന്ന പലര്‍ക്കും ഒരു ധാരണയുള്ളതിനാല്‍, പതിനാലുവര്‍ഷത്തെ അനുഭവത്തില്‍ നിന്ന് ഒരു കാര്യം ആദ്യമേ ഞാന്‍ പറയട്ടെ. ഇത് വെറും അതിശയോക്തിപരമായ ഒരു പ്രസ്താവന മാത്രമാണ്! കര്‍ശന നിയമങ്ങളും വ്യവസ്ഥകളും ഉണ്ട് എന്നതു സത്യം - പക്ഷേ അത് അവിടെ ജീവിക്കുന്നതിന് അത്രവലിയ തടസ്സമായി എനിക്കു വ്യക്തിപരമായി തോന്നിയിട്ടില്ല.

നാം ജീവിക്കുന്ന രാജ്യത്തെ നിയമങ്ങളുമായി രീതികളുമായി ഒത്തുപോകുവാന്‍ മനസുള്ള ആര്‍ക്കും പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടുകളും കൂടാതെ, കുറഞ്ഞ ജീവിതച്ചെലവില്‍ ജീവിക്കാന്‍ സാധിക്കുന്ന ഒരു രാജ്യമാണ് സൌദി - പ്രത്യേകിച്ചും കുടുംബത്തോടൊപ്പം. മാത്രവുമല്ല, “സ്വാതന്ത്ര്യം” എന്നത് നാം ഓരോരുത്തരും എന്താഗ്രഹിക്കുന്നു, അത് നിവര്‍ത്തിച്ചുകിട്ടാന്‍ എത്രത്തോളം സാധിക്കും എന്നതിനെ ആശ്രയിച്ചായതിനാല്‍ ഇത് തികച്ചും വ്യക്തിപരവുമാണ്.

മറ്റു ആഘോഷങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത സൌദിയില്‍ റമദാന്റെ ഒരു മാസക്കാലം ശരിക്കും ഒരാഘോഷവേളയാണ്! കടകളിലൊക്കെ ഒരു ഷോപ്പിംഗ് ഫെസ്റ്റിവല്‍ പോലെ വിലക്കുറവ്, പ്രത്യേക ഓഫറുകള്‍ തുടങ്ങിയ പ്രത്യേകതകള്‍. ഈ അവസരത്തില്‍ റോഡുകളും, കോര്‍ണിഷും (കടല്‍ത്തീരം) ദീപാലംകൃതമാക്കിയിരിക്കും. കടകളുടെയെല്ലാം പ്രവര്‍ത്തനസമയം തന്നെ വ്യത്യാസമാണ്. ഇഷാ നമസ്കാരത്തിനു ശേഷം തുറക്കുന്ന കടകളും ഷോപ്പിംഗ് സെന്ററുകളും റെസ്റ്ററന്റുകളും രാവേറെ വൈകി രണ്ടു-മൂന്നു മണിവരെ തുറന്നിരിക്കും. ഈ സമയം മുഴുവന്‍ നഗരം സജീവമായിരിക്കും. അല്ലാത്ത അവസരങ്ങളില്‍ കൂടുതലും പുരുഷന്മാരെ മാത്രം കാണാവുന്ന ദമാം നഗരവീഥികളിലെല്ലാം ഷോപ്പിംഗിന് ഇറങ്ങുന്ന തദ്ദേശീയരായ കുടുംബങ്ങള്‍ - പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും - എല്ലാമായി ശബ്ദമുഖരിതമായിരിക്കും. അതോടൊപ്പം വിദേശികളും. ആകെ ഒരു ഉത്സവച്ഛായ. ഒരുവര്‍ഷത്തെ ആകെ കച്ചവടം നോക്കിയാല്‍, ബാക്കിയെല്ലാ മാസങ്ങളിലും കൂടിയുണ്ടാക്കുന്ന അത്ര വരുമാനം ഈ ഒരു മാസംകൊണ്ടു ഉണ്ടാക്കാം എന്ന് സ്വന്തമായി കടനടത്തുന്ന ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു.

മറ്റു ഗള്‍ഫ് നഗരങ്ങളെ അപേക്ഷിച്ച് സൌദിയിലെ മറ്റൊരു പ്രത്യേകത അവിടെയുള്ള മോസ്കുകളുടെ എണ്ണമാണ്. ഒരേ ചുറ്റുവട്ടത്തില്‍ തന്നെ ചെറുതും വലുതുമായി ഒരുപാടു പള്ളികള്‍. അതിനാല്‍ത്തന്നെ ബാങ്കുവിളിക്കുന്നത് ആരും കേള്‍ക്കാതെ പോകുന്ന പ്രശ്നമില്ല! പ്രാര്‍ത്ഥനാ സമയങ്ങളിലൊക്കെ കടകള്‍ അടവായിരിക്കുമെന്നതിനാല്‍ കൃത്യമായി ഈ സമയങ്ങള്‍ അവിടെ താമസിക്കുന്ന എല്ലാവര്‍ക്കും അറിയാം എന്ന പ്രത്യേകതയും ഉണ്ട്. റമദാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പബ്ലിക്കായി ഭക്ഷണം കഴിക്കുവാനോ, പുകവലിക്കുവാനോ അനുവാദമില്ല. റെസ്റ്ററന്റുകള്‍ പകല്‍ സമയം തുറക്കുകയുമില്ല.

റമദാനില്‍ അതിരാവിലെ സുബുഹി ബാങ്കുവിളിക്കുന്നതിനു മുമ്പായി ദമാമിലെ പ്രധാന മോസ്കില്‍നിന്നും ഒരു വെടിയൊച്ച മുഴങ്ങും. ഇത് സിറ്റിയുടെ എല്ലാഭാഗങ്ങളിലും പ്രതിധ്വനിക്കും. അതോടെ എല്ലാ പള്ളികളില്‍ നിന്നും ഒരേ സമയം ബാങ്കുവിളി മുഴങ്ങും. ജോലിസമയം പൊതുവേ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടുവരെയും, ചില കമ്പനികളില്‍ ഉച്ചയ്ക്ക് രണ്ടു വരെയും ആയിരിക്കും. റോഡില്‍ ട്രാഫിക് പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാല്‍ രണ്ടരയാവുമ്പോഴേക്ക് വീട്ടിലെത്തും. പിന്നെ വിശ്രമമാണ്, മഗ്രിബ് ബാങ്ക് വരെ. അപ്പോഴാണ് നോമ്പു തുറക്കുന്നത്. ഇതിനു മുമ്പുതന്നെ കൊച്ചുകൊച്ചു കഫറ്റേരിയകളും, റെസ്റ്ററന്റുകളും നോമ്പുതുറക്കാനുള്ള ലഘുഭക്ഷണങ്ങളുമായി പ്രത്യേക കൌണ്ടറുകള്‍ തന്നെ സജ്ജീകരിച്ചിരിക്കും. രണ്ടു റിയാല്‍ കൊടുത്താല്‍ ഇഷ്ടം പോലെ വിഭവങ്ങള്‍. മിക്ക ദിവസങ്ങളിലും ഇതേ സാധനങ്ങള്‍ വീട്ടില്‍ വാങ്ങി നോമ്പില്ലാതെയുള്ള ഒരു നോമ്പുതുറ ഞങ്ങളും നടത്തുമായിരുന്നു.


നോമ്പ് തുറക്കാനുള്ള സമയമായാല്‍, റോഡിലൊന്നും ഒരു മനുഷ്യരേയും കാണാനാവാത്ത ഗള്‍ഫ് നഗരങ്ങള്‍ പക്ഷേ സൌദിയുടെ മാത്രം പ്രത്യേകതയാവാം. എനിക്ക് അത് എന്നും ഒരു വിസ്മയക്കാഴ്ച തന്നെയായിരുന്നു. ഇത്രയും തിരക്കേറിയ ഒരു നഗരം, അരമണിക്കൂര്‍ നേരത്തേക്ക് മനുഷ്യവാസമുണ്ടോ എന്നു തോന്നുമാറ് നിശബ്ദം, ശാന്തം!

കൊച്ചു റെസ്റ്ററന്റുകളിലെല്ലാം, രണ്ടു റിയാല്‍ കൊടുത്താല്‍ അവിടെത്തന്നെ നോമ്പ് തുറക്കാനായി ഒരു ഇഫ്താര്‍ കിറ്റ് കൊടുത്തിരുന്നു - അവിടെയിരുന്നുതന്നെ കഴിക്കാം. മഗ്രിബ് ബാങ്കിനു മുമ്പുതന്നെ അവിടങ്ങളും ഫുള്‍ ആയിരിക്കും. ഇതുകൂടാതെ സൌദിയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും പള്ളികളോടൊപ്പം സമൂഹനോമ്പുതുറയ്ക്കുള്ള ടെന്റുകളും ഉണ്ടായിരുന്നു - ഇപ്പോഴും ഉണ്ട്. തറയില്‍ വിരിച്ചിരിക്കുന്ന വലിയ കാര്‍പ്പെറ്റുകളില്‍ നിരനിരയായി ഇരുന്ന് നോമ്പുനോക്കുന്നവരെല്ലാം ഒന്നിച്ചാണ് ഈ ടെന്റുകളില്‍ നോമ്പു തുറക്കുക. അവിടെ ഓരോ ഭാഷക്കാര്‍ക്കായി പ്രത്യേകം സെക്ഷനുകള്‍ ഏര്‍പ്പെടുത്തി, ചെറിയ പ്രഭാഷണങ്ങളും ഇതോടോപ്പം നല്‍കിയിരുന്നു.

സുലൈമാനെപ്പറ്റി തലക്കെട്ടില്‍ പറഞ്ഞെങ്കിലും ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ. ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയിലെ പെയ്ന്റര്‍ ആയിരുന്നു സുലൈമാന്‍. ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കമായി ഒരു മുതിര്‍ന്നയാള്‍ക്ക് എങ്ങനെ പെരുമാറാം എന്നതിന്റെ ആള്‍ രൂപം. തിരുവനന്തപുരത്തുകാരന്‍. വലിയ വിദ്യാഭ്യാസമൊന്നുമില്ല. ഗള്‍ഫില്‍ വന്ന് കഷ്ടപ്പെട്ട്, നാട്ടില്‍ കുടുംബത്തെ പരമാവധി നല്ലനിലയില്‍ താമസിപ്പിക്കാന്‍ പാടുപെടുന്ന ഒരു ശരാശരി പ്രവാസിയുടെ പ്രതിനിധി.

സുലൈമാന്റെ കഥകള്‍ ഏറെയാണ്. വീട്ടിലെ ദുരിതങ്ങള്‍, നാട്ടിലെ കഥകള്‍, ബാല്യകാലത്തെ വിശേഷങ്ങള്‍, ഉപ്പയുടെയും ഉമ്മയുടെയും കഥകള്‍ ഇങ്ങനെ എപ്പോള്‍ കണ്ടാലും സുലൈമാന് നൂറുകൂട്ടം പറയാനുണ്ടാവും. സുലൈമാന്‍ ഒരു ഡയബറ്റിക് പേഷ്യന്റ് ആയിരുന്നു. അതില്‍ മാത്രം ഡോക്ടര്‍മാര്‍ പറയുന്നതിലൊന്നും സുലൈമാന് ശ്രദ്ധയില്ല. എന്തുചെയ്യാം! “ഒരു കുഴപ്പവും ഇല്ല സാറേ.... എന്നായാലും മരിക്കും” സുലൈമാന്‍ പറയും.

റമാദിനിനോടനുബന്ധിച്ച് നോമ്പ് തുറക്കാനായി ടെന്റുകള്‍ ഉണ്ടാവും എന്നു പറഞ്ഞല്ലോ. വളരെ നല്ല മുന്തിയ ഇനം ഭക്ഷണമാണ് ഇത്തരം ടെന്റുകളില്‍ സൌദികള്‍ എത്തിക്കുന്നത്. എല്ലാവര്‍ക്കും വയറുനിറയെ തിന്നാന്‍ വിളമ്പിയാലും പിന്നെയും വളരെ ബാക്കിയാവും. തുച്ഛശമ്പളക്കാരായ ജോ‍ലിക്കാര്‍ക്ക് വലിയൊരു ആശ്വാസമാണ് ഇപ്രകാരമുള്ള ഇഫ്താര്‍ ടെന്റുകള്‍. അവിടെ മലയാളികള്‍ക്കായുള്ള സെക്ഷനിലെ സ്ഥിരം വോളന്റിയറായിരുന്നു സുലൈമാന്‍. മിക്ക ദിവസങ്ങളിലും നോമ്പുതുറയും കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന വഴി സുലൈമാന്‍ ഞങ്ങളുടെ താമസസ്ഥലത്ത് ഒന്നു കയറിയിട്ടേ പോകൂ. കൈയ്യില്‍ വലിയൊരു പൊതിയും കാണും - നല്ല ബിരിയാണി! എന്താ അതിന്റെ ഒരു മണവും രുചിയും! ടെന്റിലെ ഭക്ഷണങ്ങള്‍ക്കിടയില്‍ നിന്നും ആദ്യമേ മാറ്റിവയ്ക്കുന്നതാണത്.

ഞങ്ങള്‍ സൌദിയില്‍നിന്നും ദുബായിലേക്ക് വന്നതിനു ശേഷവും സുലൈമാനുമായുള്ള സ്നേഹബന്ധത്തിനു കുറവൊന്നും വന്നില്ല. ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഫോണില്‍ വിളിക്കും. ഓണത്തിനും ക്രിസ്മസിനും ഒക്കെ ആശംസകള്‍ നേരുവാന്‍. ഈദിന് ഞങ്ങള്‍ അങ്ങോട്ടും വിളിക്കും.


കഴിഞ്ഞ ഏപ്രിലില്‍ ഒരു ദിവസം, സൌദിയില്‍ നിന്നും ജാക്കിച്ചാന്‍ എന്നു ഞങ്ങള്‍ തമാശയ്ക്കു വിളിക്കുന്ന രാജന്‍ ചാക്കോച്ചായന്‍ വിളിച്ചു “എടാ, നമ്മുടെ സുലൈമാന്‍ മരിച്ചുപോയി..... “ ഒരു ഞെട്ടലോടെയാണതു കേട്ടത്. പ്രമേഹം വളരെ മോശമായ അവസ്ഥയിലെത്തി, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായത്രെ. ചികിത്സയും വിശ്രമവുമായി വീട്ടില്‍ കഴിയുകയായിരുന്നു. അന്ന് കൂടെ താമസിച്ചിരുന്നവര്‍ ജോലികഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ ശാന്തമായി കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നത്രേ. ഒരു ദിവസം എല്ലാവരും മരിക്കും, എങ്കിലും നാല്‍പ്പത്തിരണ്ടാം വയസില്‍തന്നെ മരണത്തിനു കീഴടങ്ങാനായിരുന്നുവല്ലോ സുലൈമാനേ നിന്റെ വിധി.

സുലൈമാനില്ലാത്ത ആദ്യ റമദാന്‍ കടന്നുപോകുന്നു. പക്ഷേ സൌദിയിലെ റമദാന്റെ ചിന്തകളോടൊപ്പം സുലൈമാനും എന്നും മനസ്സില്‍ മായാതെ ഉണ്ടാവും

Read more...

സഹ്യന്റെ മടിയിലൂടെ ഒരു യാത്ര - മൂന്ന്

>> Saturday, September 6, 2008

കഴിഞ്ഞപോസ്റ്റിന്റെ അവസാനം നമ്മള്‍ പാഞ്ചാലിമേട്ടിന്റെ മുകളിലെത്തി അവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരുമാസത്തോളം ആയി എന്നറിയാം. വായിക്കുവാന്‍ കാത്തിരുന്നവര്‍ ക്ഷമിക്കുക, കുറേ തിരക്കിലായിപ്പോയി.

ശരി
, അപ്പോള്‍ നിറുത്തിയിടത്തുനിന്നും തുടങ്ങാം.

പാഞ്ചാലിമേട്ടിലേക്കുള്ള കയറ്റത്തിന്റെ അവസാനം ഇങ്ങനെയായിരുന്നു. കയറ്റം കയറി, റോഡ് കുന്നിന്റെ നെറുകയിലെത്തി അല്പദൂരം നിരപ്പായി തന്നെ പോവുകയാണ്.

റോഡില്‍ നിന്നും അല്പം ഉയരത്തിലായി രണ്ടു കുന്നുകള്‍ കാണുന്നുണ്ട്; ഇതാണ് പാഞ്ചാലിമേടിന്റെ പ്രധാന ഭാഗം എന്ന് ന്യായമായും ഞങ്ങള്‍ ഊഹിച്ചു. ഞങ്ങള്‍ കാര്‍ ‍റോഡിന്റെ ഒരരികത്തേക്ക് ഒതുക്കി നിര്‍ത്തി. ആരോടെങ്കിലും ചോദിക്കാം എന്നുവച്ചാല്‍ പരിസരത്തെങ്ങും ഒരു കുഞ്ഞിനെപ്പോലും കാണുന്നില്ല. ഇങ്ങനെയൊരു കണ്‍ഫ്യൂഷന്‍ വരാന്‍ കാര്യം അവിടെനിന്ന് നാലു ചുറ്റിലേക്ക് നോക്കിയാലും കാണുന്ന കാഴ്ചകള്‍ നയനാനന്ദകരമായിരുന്നു എന്നതു തന്നെ. പക്ഷേ ടാര്‍ ചെയ്ത റോഡ് മുന്നോട്ട് തന്നെ പോവുകയാണ്. അതിനാല്‍ അല്പം കൂടെ മുന്നോട്ട് പോയി നോക്കുവാന്‍ തീരുമാനിച്ചു. താമസിയാതെ റോഡ് ഒരു ഇറക്കം ഇറങ്ങുവാന്‍ തുടങ്ങി. അതോടെ ഇനി മുകളിലേക്കല്ല, താഴേക്കുതന്നെയാണ് റോഡ് പോകുന്നതെന്ന് മനസ്സിലായി.

ആലോചിച്ചു നില്‍ക്കുമ്പോള്‍ അല്പം ദൂരത്തിലായി ഒരു ചേട്ടന്‍ നടന്നു വരുന്നത് കണ്ണില്‍ പെട്ടു. അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇതാവാം മേട് എന്നുദ്ദേശിച്ച മലകള്‍ തന്നെയാണ് പാഞ്ചാലിമേടെന്ന് പറഞ്ഞുതന്നു. അവിടേക്ക് കയറിപ്പോകുവാനുള്ള പാത തുടങ്ങുന്നിടത്തായി ഒരു കുരിശും, അതിനരികിലായിതന്നെ അമ്പലത്തിന്റെ വഞ്ചികയും കാണാം എന്നും അദ്ദേഹം പറഞ്ഞു. ഇത് ഞങ്ങള്‍ കടന്നു വന്ന വഴിയില്‍തന്നെ. കാറ് തിരികെ അങ്ങോട്ട് തന്നെ വിട്ടു.

ജീപ്പുകള്‍ കടന്നുപോകുന്ന വഴിത്താരകള്‍ അവിടെയുണ്ടായിരുന്നു. പക്ഷേ അവിടേക്ക് കൊച്ചുകാറുകള്‍ കയറ്റുക ബുദ്ധിയല്ല. മാത്രവുമല്ല കുത്തനെയുള്ള മലയൊന്നുമല്ല, ചെറുതായി ചരിഞ്ഞ് മുകളിലേക്ക് കയറുന്ന മലയായിരുന്നു അത്. ഏകദേശം ഒരു കിലോമീറ്ററോളം മുകളിലേക്ക് കയറേണ്ടി വരാം എന്ന് താഴെനിന്ന് തോന്നിച്ചു.

മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ നിരനിരയായി കുരിശുകള്‍ മലമുകളിലേക്ക് കയറ്റി സ്ഥാപിച്ചിരിക്കുന്നു. ഇതെന്താണെന്ന് എനിക്കു പെട്ടന്നു തന്നെ മനസ്സിലായി - ക്രിസ്ത്യാനികള്‍ക്കിടയില്‍ കത്തോലിക്കര്‍ക്ക് “കുരിശുമല കയറ്റം“ എന്നൊരു ചടങ്ങുണ്ട്. ഈസ്റ്ററിനോടനുബന്ധിച്ചുള്ള പീഡാനുഭവ വാരത്തിലാണ് ഇത് നടത്തുക. കിഴക്കന്‍ മലയോരപ്രദേശങ്ങളിലെ കത്തോലിക്കാ പള്ളികളൊക്കെയും അവരുടെ സമീപ പ്രദേശങ്ങളിലുള്ള ഏതെങ്കിലും ഒരു മലയില്‍ ഇതിനായി പതിനാലു കുരിശുകള്‍ സ്ഥാപിച്ചിരിക്കും. ഈ കുരിശുകള്‍ സ്ലീബാപാതയിലെ പതിനാലു സ്ഥലങ്ങളെ കുറിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവസ്മരണകളും, പാട്ടുകളും പ്രാര്‍ത്ഥനകളുമായി വിശ്വാസികള്‍ മലകയറുന്നു. ഇതിനാണു കുരിശുമലകയറ്റം എന്നു പറയുന്നത്. ഇവിടെ പാഞ്ചാലിമേട്ടിലെ ഒരു മല, ഏതോ പള്ളിയുടെ കുരിശുമലയാണെന്നു വ്യക്തം.

ഏതായാലും ഏറ്റവും താഴെയുള്ള കുരിശിനു സമീപമായി അവിടെയുള്ള മതസൌഹാര്‍ദ്ദത്തിന്റെ ലക്ഷണമായി മലമുകളിലുള്ള അമ്പലത്തിന്റെ വഞ്ചിയും ഉണ്ട്. രണ്ടുമലകള്‍ ഉണ്ട് എന്നു പറഞ്ഞല്ലോ, അതില്‍ ഇടതുവശത്തുള്ള മലയില്‍ ഈ പറഞ്ഞ കുരിശുകളും, വലതുവശത്തുള്ള മലയില്‍ പാഞ്ചാലീ ക്ഷേത്രവും ആണെന്നു അല്പം കയറിയപ്പോള്‍ കാണാറായി. ഭാഗ്യവശാല്‍ അതുവരെ ഉരുണ്ടുകൂടി വന്നുകൊണ്ടിരുന്ന കാര്‍മേഘങ്ങള്‍ക്കും അല്പം ശമനം വന്ന് വെയില്‍ തെളിഞ്ഞു. ഞങ്ങള്‍ പതിയെ മലകയറാന്‍ ആരംഭിച്ചു.

സത്യം പറയട്ടെ, ഇത്രയധികം പ്രകൃതിരമണീയമായ ഒരു മല ഞാനിതുവരെ കണ്ടിട്ടില്ല. മാത്രവുമല്ല, പടിഞ്ഞാറുദിശയിലേക്ക് ഇവിടെനിന്നുള്ള കാഴ്ച അതിമനോഹരം തന്നെ.



കാറ്റ് വളരെ ശക്തിയായി വീശിയടിക്കുന്നു. നല്ല തണുപ്പും. മഞ്ഞ് കാറ്റില്‍ പെട്ട് ചുഴിപോലെ താഴേക്ക് ഇറങ്ങുന്നു, കാറ്റിനോടൊപ്പം നമ്മെ തൊട്ടുതഴുകി കടന്നുപോകുന്നു. പടിഞ്ഞാറുനിന്നും വരുന്ന ഇടവപ്പാതികാറ്റ് ഈ മലകളുടെ താഴ്വാരങ്ങളില്‍ തട്ടി തടയപ്പെട്ട് ഒരു വലിയ തിരമാല അടിച്ചു മുകളിലേക്ക് ഉയരുന്നതുപോലെ മുകളിലേക്ക് ഉയരുന്നതിനാലാണ് ഇത്ര ശക്തമായ കാറ്റ് അവിടെ അനുഭവപ്പെടുന്നത്. ഇങ്ങനെ ഉയരുമ്പോള്‍, അത് തണുക്കുകയും, വായുവിലെ നീരാവി ഘനീഭവിച്ച് മേഘങ്ങളായി മാറുകയും ചെയ്യുന്നു. ഈ മേഘങ്ങളാണ് മലയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ നമുക്ക് മഞ്ഞുപോലെ തോന്നുന്നത്.


ഇത്ര ഉയര്‍ന്ന ഒരു മലയുടെ മുകളില്‍ നിന്നുകൊണ്ട് വായു സമുദ്രത്തിലുണ്ടാവുന്ന ഇത്തരം വന്‍ അലകള്‍ കാണുവാന്‍ ഒരു ഭംഗിതന്നെ - ഒരു തരം ഭയാനകമായ സൌന്ദര്യം എന്നു പറയാം. ഇങ്ങനെ വര്‍ഷത്തില്‍ എല്ലാസമയത്തും ഒരേ അളവില്‍, ഒരേ ശക്തിയില്‍, ഒരേ ദിശയില്‍ കാറ്റുവീശുന്ന സ്ഥലങ്ങളാണ് കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ അനുയോജ്യമത്രേ. മലമുകളിലായി കാറ്റിന്റെ ഗതി പഠിക്കുവാനുള്ള സെന്‍സറുകള്‍ ഘടിപ്പിച്ച ഒരു വലിയ ആന്റിനയും ഉണ്ട്.

സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തിയഞ്ഞൂറ് അടി ഉയരത്തിലാണ് പാഞ്ചാലിമേട് സ്ഥിതിചെയ്യുന്നത്. പാണ്ഡവര്‍ തങ്ങളുടെ അജ്ഞാതവാസത്തക്കാലത്ത് ചെറിയൊരു കാലയളവില്‍ ഈ ഭാഗത്ത് താമസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. മലയുടെ മുകളിലായി ഒരു പാഞ്ചാലീക്ഷേത്രം ഉണ്ടെന്ന് പറഞ്ഞല്ലോ. ഇതിന്റെ പരിസരത്തിലായി പാഞ്ചാലികുളം എന്നൊരു ജലതടാകവും ഉണ്ട്. രണ്ടായിരത്തഞ്ഞൂറ് അടി ഉയരത്തിലെ മലമുകളില്‍ ഒരു സ്വച്ഛജലതടാകം ! അത്ഭുതം തന്നെ.

ശബരിമലയില്‍ മകരസംക്രാന്തി നാളില്‍ തെളിയുന്ന മകരജ്യോതിസ് പാഞ്ചാലിമേട്ടില്‍നിന്നും ദൃശ്യമാകുമത്രെ! ഈ മലയുടെ അടിവാരത്തില്‍ വള്ളിനാന്‍‌കാവ് എന്ന ഒരു ഗ്രാമമുണ്ട്. അവിടെ മലയരയന്മാരുടെ വാസസ്ഥലവും, ക്ഷേത്രവും ഉണ്ടെന്നും, അവിടെനിന്ന് പാഞ്ചാലിമേട്ടിലേക്ക് മൂന്നുമണിക്കൂര്‍ ട്രെക്കിംഗിനുള്ള ദൂരമുണ്ടെന്നും പിന്നീട് ഇന്റര്‍നെറ്റില്‍ നിന്നും വായിച്ചറിഞ്ഞു.



മലയുടെ ഏകദേശം കാല്‍ഭാഗം കയറിയപ്പോഴേക്കും മുകളില്‍ കാണുന്ന രണ്ടു ഫോട്ടോകളിലെപ്പോലെയുള്ള പ്രകൃതി ദൃശ്യങ്ങള്‍ കാണാറായി. അപ്പോഴേക്കും ഷിജുവും ഷോബിയും “ഞങ്ങള്‍ ഇപ്പോ വരാമേ“ എന്നു പറഞ്ഞ് കാറിനടുത്തേക്ക് തിരികെ ഇറങ്ങിപ്പോകുന്നതുകണ്ടു. ദീപയും അവരോടൊപ്പം പോയി. മനുക്കുട്ടനാണെങ്കില്‍ ഒന്നാമത് നടക്കുകയില്ല, പോരാത്തതിന് ഇതൊരു മലയും. അവന്‍ പതിവുപോലെ എന്റെ തോളില്‍ തൂങ്ങിക്കിടക്കുകയാണ്. ഈ ശീലം കാരണം വേതാളം എന്നാണ് ഞാനവനെ വിളിക്കുന്നത് (കടപ്പാട് : വിക്രമാദിത്യ കഥകള്‍). മറ്റേത്തോളില്‍ കര്‍ണ്ണ കുണ്ഡലങ്ങള്‍ പോലെ വീഡിയോ ക്യാമറ, സ്റ്റില്‍ ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വേറെയും. ഈ ചെക്കനേയും ചുമന്നുകൊണ്ട് മലകയറിയാല്‍ എന്റെ നടുവ് ഒടിയും എന്നറിയാമായിരുന്നതിനാല്‍, അവര്‍ തിരികെ വരുന്നതുവരെ കാത്തുനില്‍ക്കുകയേ വഴിയുള്ളായിരുന്നു. എങ്കിലും എന്തിനാണാവോ ഇവര്‍ തിരികെ കാറിന്റെ അടുത്തേക്ക് പോയത് എന്ന് എനിക്ക് മനസ്സിലായില്ല.

ഇതിനിടെ മനുവിനെ ഒരു വിധത്തില്‍ താഴെ നിര്‍ത്തിയിട്ട് ഞാന്‍ നാലുചുറ്റിനുമുള്ള കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്താനാരംഭിച്ചു. (നല്ലൊരു പോസ്റ്റിനുള്ള വകുപ്പുണ്ടെന്ന് അപ്പോഴേ അറിയാമായിരുന്നു). ദേ കണ്ടോളൂ നാലുവശത്തേക്കുമുള്ള കാഴ്ചകള്‍.

മലഞ്ചെരുവില്‍ ഒരു പയ്യന്‍ ഒരു പറ്റം കൊഴുത്തുതടിച്ച പശുക്കളെ മേയിക്കുന്നുണ്ടായിരുന്നു. പശുക്കള്‍ക്കാണെങ്കില്‍ വളരെ സന്തോഷം, നല്ല ഇളം‌പച്ച പുല്ലല്ലേ നിരന്നങ്ങനെ നില്‍ക്കുന്നത്! അല്പസമയത്തിനുള്ളില്‍ ഒരു മേഘം വന്ന് പശുക്കളേയും പയ്യനേയും മറച്ചുകൊണ്ട് കടന്നുപോയി. ഈ കാഴ്ചകളൊക്കെയും നമ്മുടെ നഗ്നനേത്രങ്ങളാല്‍ കാണുന്നതിന്റെ നൂറിലൊന്നു ഭംഗിയില്‍ പോലും പകര്‍ത്തുവാന്‍ ഒരു ക്യാമറക്കാവില്ല എന്ന് ഇവിടെ പ്രത്യേകം പറയട്ടെ.

താഴെയുള്ള ചിത്രത്തില്‍ വലതുമൂലയ്ക്കായി കാണുന്ന ജലാശമാവണം പാഞ്ചാലികുളം എന്നു ഞാന്‍ അനുമാനിക്കുന്നു.



ഇതാണു കിഴക്കുഭാഗത്തേക്കുള്ള കാഴ്ചകള്‍. പടിഞ്ഞാറുഭാഗത്തേക്കുള്ള ദൃശ്യമാണ് ഈ പോസ്റ്റില്‍ മൂന്നാമതും നാലാമതും കാണുന്ന ഫോട്ടോകള്‍.



ഇത്രയും ഫോട്ടോകളൊക്കെ ഞാന്‍ പകര്‍ത്തിക്കഴിഞ്ഞപ്പോഴേക്ക് കാ‍റിലേക്ക് പോയവരൊക്കെ മടങ്ങിവരുന്നതു കണ്ടു. നവദമ്പതികള്‍ കാര്യമായിട്ടുതന്നെയാണ് - ഷര്‍വാണിയും, ഷാളും ഒക്കെയായി ഷിജുവും, അതിനു ചേരുന്ന ഒരു കളറിലെ ചുരിദാറും ആയി ഷോബിയും. ഒരു ഫോട്ടോഷൂട്ടിനുള്ള വരവാണെന്ന് എനിക്കുമനസ്സിലായി. ലൊക്കേഷന്‍ അതീവസുന്ദരം. ചേട്ടന്‍ ക്യാമറാമാന്‍ സ്റ്റില്‍‌സ് വേണോ അതോ വീഡിയോ വേണോ എന്ന മട്ടില്‍ നില്‍ക്കുന്നു. പിന്നെ കുറേ ഫോട്ടോ എടുത്താലെന്തെടേ .. എന്നാണു ഷിജുവിന്റെ മനോഗതം എന്നു മുഖത്ത് വ്യക്തമായിരുന്നു. ങാ.. പിള്ളേരുടെ ആഗ്രഹമല്ലേ, നടക്കട്ടെ എന്നു ഞാനും വിചാരിച്ചു. അങ്ങനെ പല ആംഗിളുകളില്‍, പോസുകളില്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ കുറേ ഫോട്ടോകളും, വീഡിയോ ഫുട്ടേജും എടുത്തു (അതൊന്നും ഇവിടെ ഇടുന്നില്ല കേട്ടോ..!!)


വീണ്ടും ഞങ്ങള്‍ മലകയറ്റം തുടര്‍ന്നു. കുരിശിന്റെ വഴിയിലെ ഒന്‍പതാം സ്ഥലമായപ്പോഴേക്കും അവരൊക്കെ ക്ഷീണിച്ചു. അപ്പോഴേക്കും മനുക്കുട്ടന്‍ എങ്ങനെയോ ദീപയുടെ കൈകളില്‍ എത്തിയിരുന്നു. മനുവിന്റെയൂം ഉണ്ണീയുടെയും കൈയ്യില്‍ കുടയും ഉണ്ട്. കുറച്ചുകഴിഞ്ഞപ്പോഴേക്ക് കാറ്റ് പിടിച്ച് മനുവിന്റെ കുട മൂടും ഇളകി വവ്വാലുപോലെ ആയി. അത് ഒരു വിധത്തില്‍ മടക്കി കൈയ്യില്‍ കൊടൂത്തപ്പോഴത്തെ ദേഷ്യമാണു താഴത്തെ ചിത്രത്തില്‍.

കുട ഒടിഞ്ഞതിന്റെ കാര്യം അവന്‍ ദീപയോടൂം ബാക്കിയുള്ളവരോടും പറഞ്ഞുകൊണ്ടുനിന്ന നേരത്തിനു ഞാനും ഉണ്ണിമോളും അവിടെനിന്ന് സ്കൂട്ടായി! വേതാളം തോളിലില്ലാത്തതിന്റെ ആശ്വാസത്തില്‍ വേഗത്തിലാണു മലകയറ്റം. അല്പം കൂടികയറിക്കഴിഞ്ഞപ്പോഴേക്ക് കാറ്റ് അതീവ ശക്തിയില്‍ അനുഭവപ്പെട്ടു തുടങ്ങി. വശങ്ങളിലുള്ള പുല്ലുകളൊക്കെ അടിച്ചു പറത്തുകയാണ്. ഉണ്ണി നിലത്തുനിന്നും പൊങ്ങിപ്പോകുമോ എന്നുപോലും അവള്‍ക്ക് പേടിയായി. തിരിച്ചുപോകണം അപ്പാ, എന്ന് അവള്‍ പറഞ്ഞപ്പോള്‍ പൊയ്കൊള്ളുവാന്‍ ഞാന്‍ അനുവദിച്ചു.


ഇത്രയുമായപ്പോഴേക്ക് “അപ്പാ.... അപ്പാ‍...” എന്നുള്ള വിളിയുടെ അകമ്പടിയോടെ മനുവിന്റെ കരച്ചില്‍ ചുറ്റിലുള്ള മലകളില്‍ പ്രതിധ്വനിച്ചുകൊണ്ട് പുറകില്‍ നിന്ന്എനിക്കു കേള്‍ക്കാറായി! ഞാന്‍ രക്ഷപെട്ടിരിക്കുന്നു എന്ന് മനുവിനു മനസ്സിലായതാണ്.

ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ആ വിജനമായ വലിയ മലയുടെ മുകളിലൂടെ, ഒടിഞ്ഞ കുടയും കൈയ്യില്‍ പിടിച്ച് ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് “ഒരേ ഒരു ലക്ഷ്യം ശബരിമാമല........” എന്നു പാട്ടില്‍ പറഞ്ഞതുപോലെ മനു ഞങ്ങളെ ലക്ഷ്യമാക്കി ഓടിവരുകയാണ്. ഈ കൊച്ചിനെ തനിയെ വിട്ടതിനു ദീപയെ മനസില്‍ ചീത്തപറഞ്ഞുകൊണ്ട് (അല്ല, ദീപ വിചാരിച്ചാലും അവന്‍ ഒന്നുദ്ദേശിച്ചാല്‍ പിന്നെ നില്‍ക്കുകയില്ല), ഞാന്‍ അവനെ എടുക്കാനായി വീണ്ടും താഴേക്ക് പോയി.

മലമുകളില്‍ നിന്ന് താഴേക്കുള്ള ദൃശ്യം. ചിത്രത്തില്‍ ഇടതുവശത്തായുള്ള മലമുകളില്‍ കാണുന്നത് പാഞ്ചാലീക്ഷേത്രം. അതിനു മുമ്പിലായി കാറ്റിനെപ്പറ്റി പഠിക്കുവാനുള്ള ആന്റിന കാണാം. താഴേക്ക് ഇറങ്ങിപ്പോകുന്നത് ഉണ്ണിമോള്‍. ഏറ്റവും മുമ്പിലായുള്ള കുരിശിന്റെ ഇടതു മുകള്‍ ഭാഗത്ത് കാണുന്ന കുഞ്ഞു പൊട്ട് കരഞ്ഞുകൊണ്ട് ഓടി വരുന്ന മനു!


തോളില്‍ വേതാളവുമായി മുകളിലേക്കുള്ള തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ഞാനും മനുവും ആ മലയുടെ മുകളറ്റം വരെ കയറി. കാറ്റിന്റെ വേഗതയാല്‍ അവന്‍ പേടിക്കുന്നുണ്ട്, അതുപോലെ തണുത്തുവിറയ്ക്കുന്നുമുണ്ട്. പേടികാരണം മലയുടെ മുകളില്‍ നിന്നുകൊണ്ട് അവന്റെ ഒരു ഫോട്ടോ എടുക്കുവാന്‍ അവന്‍ എന്നെ അനുവദിച്ചില്ല. എങ്കിലും അപ്പയുടെ ഒരു ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചപ്പോള്‍, വിറച്ചുകൊണ്ടാണെങ്കിലും അവന്‍ സമ്മതിക്കുക തന്നെ ചെയ്തു. അങ്ങനെ കുഞ്ഞിക്കൈയ്യില്‍ ഉറയ്ക്കാത്ത ക്യാമറയുമായി മനു എടുത്ത ചിത്രമാണ് താഴെ. ചിത്രത്തിലെ പുല്ലുകളുടെ നില്‍പ്പും എന്റെ പാന്റിലെ ചുളിവുകളും ശ്രദ്ധിച്ചാല്‍ കാറ്റിന്റെ വേഗതയുടെ ഒരു ഏകദേശരൂപം മനസ്സിലാ‍ക്കാം.



അങ്ങനെ പാഞ്ചാലിമേടിന്റെ മുകളില്‍ അല്പസമയം ചെലവഴിച്ച് ഞങ്ങള്‍ താഴേക്ക് ഇറങ്ങി. അപ്പോഴേക്കും കാര്‍മേഘങ്ങള്‍ വീണ്ടും ഉരുണ്ടുകൂടുന്നത് കാണായി. ഞാന്‍ ഇറക്കം കൂടുതല്‍ വേഗത്തിലാക്കി. കാറിലെത്തുന്നതിനു മുമ്പ് മഴവീണാല്‍ ആകെ നനയും. എങ്കിലും എങ്ങനെയാണ് ഒരു മഴമേഘം മലയുടെ മുകളിലേക്ക് അടുക്കുന്നത് എന്ന് എല്ലാവര്‍ക്കും കാണുവാനായി രണ്ടുചിത്രങ്ങള്‍ അതേ ലൈറ്റിംഗില്‍ എടുത്തിട്ടുണ്ട്.





(ഈ ചിത്രത്തില്‍ നടുവിലായി കാണുന്ന മലയ്ക്കും, ഞാന്‍ നില്‍ക്കുന്ന മലയ്ക്കും ഇടയില്‍ കിലോമീറ്ററുകള്‍ വീതിയുള്ള ഒരു അഗാധ ഗര്‍ത്തമാണ്. അവിടെനിന്നാണ് കാറ്റ് മുകളിലേക്ക് കയറിവരുന്നത്)

ഓടി കാറില്‍ എത്തിയപ്പോഴേക്കും മഴവീണിരുന്നു!.....

വല്ലാത്ത തണുപ്പ്. ഫ്ലാസ്ക് തുറന്ന് ഓരോ കപ്പ് ചൂടുകാപ്പിയും കുടിച്ച് ഞങ്ങള്‍ ഇരിക്കുമ്പോള്‍ പുറത്ത് മഴ തകര്‍ക്കുകയായിരുന്നു....

(തുടരും)

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP