നാട്ടില്‍നിന്നൊരു കുറിപ്പ് - ഒന്ന്

>> Sunday, August 5, 2007

തന്‍‌കാര്യം:

സമയം വെളുപ്പിന് 2:45. നാലുമണിക്കൂര്‍ നീണ്ട യാത്രയ്ക്കുശേഷം ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം ഇ.കെ 532 കൊച്ചി ഇന്റര്‍നാഷനണല്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യാന്‍ മിനിട്ടുകള്‍ മാത്രം അവശേഷിക്കുന്നു. കനത്ത മേഘപാളികള്‍ക്കിടയിലൂടെ ഊളിയിട്ട്, താഴ്ന്ന നിരപ്പിലെത്തി എയര്‍പോര്‍ട്ടിനു മുകളീലൂടെ ഒന്നു വാട്ടമിട്ട് വിമാനം റണ്‍ വേയിലേക്ക് അടുക്കുന്നു. റണ്‍‌വേയിലെ ലൈറ്റുകള്‍ക്കു മധ്യത്തിലേക്ക് വിമാനം ഇറങ്ങുന്നത്, വിമാനത്തിന്റെ മുന്‍ഭാഗത്തുറപ്പിച്ചിരിക്കുന്ന “ഫോര്‍വേര്‍ഡ് ക്യാമറയിലൂടെ“ ഓരൊ സീറ്റിനുമുമ്പിലുമുള്ള സ്ക്രീനില്‍കാണാം.

നീണ്ട ഒരു പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്കെത്തുന്നതിന്റെ ആഹ്ലാദം എല്ലാ യാത്രക്കാരുടെ മുഖങ്ങളിലും ഉണ്ട്. വിമാനത്തിന്റെ ടയറുകള്‍ റണ്‍‌വേയില്‍ തൊട്ട നിമിഷം തന്നെ സീ‍റ്റ് ബെല്‍റ്റുകള്‍ അഴിയ്ക്കുന്ന ശബ്ദം പലസീറ്റുകളില്‍ നിന്നും ഉയര്‍ന്നുകേട്ടു.

ലാന്റിംഗിനുശേഷം വിമാനം പാര്‍ക്കുചെയ്തതിനുശേഷമേ സീ‍റ്റ് ബെല്‍റ്റുകള്‍ അഴിക്കാവൂ എന്നും, അതിനുശേഷം വളരെ ശ്രദ്ധിച്ചുമാത്രമെ സീറ്റുകള്‍ക്കു മുകളിലുള്ള ബാഗേജ് സ്റ്റോറുകള്‍ തുറക്കാവൂ എന്ന പതിവു അറിയിപ്പുകള്‍ പലരും അവഗണിച്ചിരിക്കുന്നു. മാത്രവുമല്ല, തറയിലൂടെ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ത്തന്നെ സീറ്റില്‍നിന്നു പലരും എഴുനേല്‍ക്കുന്നു, ബാഗേജ് സ്റ്റോറേജുകള്‍ തുറന്ന അവരുടെ ഹാന്റ് കാരിബാഗുകള്‍ എടുക്കാന്‍ തിടുക്കം കൂട്ടുന്നു.... !! ഇതൊക്കെ കണ്ട് വിമാന ജീവനക്കാര്‍ നല്‍കുന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ (സ്വസ്ഥാനങ്ങളില്‍ ഇരിക്കുവാന്‍) അവരൊന്നും കൂട്ടാകുന്നതേയില്ല.

എന്തൊരു കഷ്ടം. നാം, മലയാളികള്‍, ഇന്ത്യാക്കാര്‍, എന്തേ ഇങ്ങനെ? സുരക്ഷാ മുന്നറിയിപ്പുകളും, നിര്‍ദ്ദേശങ്ങളും നമുക്ക് ബാധകമല്ലേ? നമ്മുടെ സുരക്ഷയ്ക്കും, നമ്മോടുകൂടെ യാത്രചെയ്യുന്ന മറ്റുള്ളവരുടെ സുരക്ഷയും നാ അവഗണിക്കുന്നതെന്തിനാണ്? വേവുവോളം കാക്കാമെങ്കില്‍ ആറുവോളം ഒന്നു കാത്തുകൂടേ? പ്ലെയില്‍നില്‍ കയറാനായാലും ബസില്‍ കയറാനായാലും മലയാളി ഒരുപോലെതന്നെ. എല്ലാക്കാര്യങ്ങളിലുമുള്ള ധൃതിയും താന്‍പോരിമയും - അതല്ലാതെ എന്തു പറയാന്‍ !

മഴ മഴ:

ഓഗസ്റ്റ് ആദ്യവാരമായി. മഴയ്ക്ക് അല്പം ശമനമുണ്ട്. തോരാതെ പെയ്യുന്ന മഴയും, നിറഞ്ഞുകിടക്കുന്ന പാടശേഖരങ്ങളുമൊന്നും ഇപ്പോള്‍ കാണാനില്ല. എന്നാലും എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലേക്ക് വരുന്ന വഴി നല്ലോരു പെരുമഴ കാണാന്‍ സാധിച്ചു. ഫോട്ടോയെടുക്കാന്‍ പറ്റിയ ലൈറ്റ് ഉണ്ടായിരുന്നില്ല. മഴക്കാലമായതിനാല്‍ എഞൊരു പച്ചപ്പ്! സുന്ദരകേരളത്തിന്റെ പ്രകൃതിഭംഗി ആവോളം ആസ്വദിക്കാന്‍ പറ്റിയ കാലം.


കുളംതോണ്ടിയ റോഡുകള്‍:

മധ്യകേരളത്തിലെ റോഡുകളുടെ അവസ്ഥയൊന്നും പറയാതിരിക്കുകയാണ് ഭേദം. ഒരു മണിക്കൂറ് എം.സി. റോഡിലൂടെ യാത്ര ചെയ്താല്‍ പുറംവേദന ഉറപ്പ്. (എം.സി. റോഡ് മാത്രമല്ല, മിക്ക റോഡുകളും അങ്ങനെ തന്നെ). നടുവിന് കുഴമ്പിട്ട് കിഴിവെയ്ക്കണം. വെള്ളം മുങ്ങിക്കിടക്കുന്ന ഭാഗങ്ങളാണെങ്കില്‍ കുഴിയേത് റോഡ് ഏത് എന്ന് തിരിച്ചറിയാന്‍തന്നെ പ്രയാസം. കാറിനേക്കാള്‍ ഭേദം ബസ് യാത്രകളെന്നു തോന്നുന്നു. ആരുടെയൊക്കെയോ ഭാഗ്യംകൊണ്ട് ഈ റോഡ് യാത്രകള്‍ ഓരോദിവസവും എങ്ങനെയൊക്കെയോ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നു. പതി ബെല്‍ കമ്പനി എം.സി. റോഡ് പണിയും ഉപേക്ഷിച്ച് കേരളം വിട്ടു. ആദ്യം കോണ്‍ഗ്രസും അതിനുശേഷം വന്ന കമ്യൂണിസ്റ്റ് ഗവര്‍മെന്റും മാറിമാറി കൈക്കൂലി ആവശ്യപ്പെട്ടത്രേ; പാവം ലീ തുങ്ങിമരിച്ചു! എം.സി.റോഡ് എന്ന ശങ്കരന്‍ പിന്നെയും തെണില്‍ത്തന്നെ.

പനി എന്ന മാരണം:

പകര്‍ച്ചപ്പനിയെപ്പറ്റിയുള്ള ഭയത്തോടെയാണ് നാട്ടിലേക്കെത്തിയതുതന്നെ. വീട്ടിലെല്ലാവര്‍ക്കും പനി വന്ന് മാറിയിട്ട് മാസം ഒന്നിനുമേലായി. എന്നിട്ടും അതിന്റെ ബാക്കിപത്രങ്ങള്‍ എല്ലാവരിലും ഉണ്ട്. സന്ധികളില്‍ വേദന, വൈകുന്നേരമാവുന്നതോടെ മന്തുപോലെയാവുന്ന കാല്‍ പാദങ്ങള്‍, തളര്‍ച്ച, പേശികളില്‍ കഠിന വേദന ഇങ്ങനെ പലവിധ അസ്വാസ്ഥ്യങ്ങള്‍. ഹൃദ്രോഗം പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഒരു അയല്‍ക്കാരനെ സന്ദര്‍ശിക്കുവാന്‍ ഒന്നു പോകേണ്ടിവന്നു. ഫിസിഷ്യന്റെ മുറിയുടെ വാതില്‍ക്കല്‍ ഒരു സമ്മേളനത്തിനുള്ള ആള്‍ക്കൂട്ടം. എല്ലാം പനിരോഗികള്‍!! സന്ധ്യയായാല്‍ കൊതുകുകളുടെ കൂട്ടം ആക്രമിക്കാന്‍ വരികയായി. ഇതു കൊതുകോ, പനിയോ മറ്റെന്തിലും മഹാമാരിയോ? ആര്‍ക്കറിയാം? ഈശ്വരോ രക്ഷതു !

തുടരും..... (വേണോ?)

10 comments:

അപ്പു ആദ്യാക്ഷരി August 6, 2007 at 12:13 AM  

നാട്ടില്‍ ഒരു മാസത്തെ അവധിക്ക് എത്തിയപ്പോള്‍ കണ്ട ചില കാഴ്ചകള്‍.

സാജന്‍| SAJAN August 6, 2007 at 3:28 AM  

ഇതെന്താ അപ്പൂ, ഫോട്ടോ ഇടാതിരുന്നത്, നൈസ് ആയിട്ട് എഴുതിയിരിക്കുന്നു.
അപ്പു ഇപ്പൊ എവിടാ തിരിച്ചെത്തിയോ?

പ്രിയംവദ-priyamvada August 6, 2007 at 10:07 AM  

മ്മ്ടെ നാടും നന്നാവും, അപ്പൂ..ഒരിക്ക്ല്..എന്നാണൊ?

Rasheed Chalil August 6, 2007 at 10:30 AM  

നമ്മുടെ നാട് നന്നാവും... അങ്ങനെ പ്രതീക്ഷിക്കാം... പ്രാര്‍ത്ഥിക്കാം..

അപ്പൂ നന്നായി ഈ പോസ്റ്റ്... ഇനിയും നാട്ടിലെ വിശേഷങ്ങള്‍ വരട്ടേ.

ചീര I Cheera August 6, 2007 at 10:44 AM  

എന്തൊക്കെ ആയാലും ഒരു നാള്‍ നാട്ടിലേയ്ക്ക്k തന്നെ, കഴിയുന്നത്ര വേഗം അതു സംഭവിയ്ക്കണേ എന്നാണ് ആശ.
നന്നായി, നാട്ടിലെ കുറിപ്പ്.

ബയാന്‍ August 6, 2007 at 11:08 AM  

അപ്പൂ: ഫോട്ടൊ എടുക്കാ‍ന്‍ ലൈറ്റില്ലാതായപ്പോള്‍ നീ എഴുത്തുതുടങ്ങി; നന്നായെടാ; നാട്ടിനെകുറിച്ചെഴെതുന്നവരോടു എനിക്കു വല്യ ബഹുമാനമാ; നാട്ടിനെ എത്ര ശകാരിച്ചാലും തീരില്ല; അത്രയ്ക്കുണ്ടു കയ്യിലിരിപ്പ്.

വിമാനത്തിലെ ബെല്‍റ്റ് അഴിക്കുന്നതിനെ കുറിച്ച് കേട്ടപ്പോള്‍ ഒരു near miss പറയട്ടെ.

ഇക്കഴിഞ്ഞ ജൂണ്‍ 15 നു എയര്‍-ഇന്‍‌ഡ്യ എക്സ്പ്രറസ്സിന് കോഴിക്കോട് ലാന്റ് ചെയ്യാന്‍ നേരം പൊരിഞ്ഞ മഴ - ലാന്റ് ചെയ്യാന്‍ പോയ ഫ്ലൈറ്റ് വിഷമിച്ചു വീണ്ടും ഇങ്ങനേ പറന്നു നടക്കുകയാ; എല്ലാര്‍ക്കും ബോറഡിക്കാന്‍ തുടങ്ങി, എങ്ങോട്ടാ ഫ്ലൈറ്റ് പോവുന്നതു എന്നു ഒരൈഡിയയും ഇല്ല; മൂന്നു വയസ്സുകാരന്‍ മകന്‍ സീറ്റില്‍ കയറി നിന്നു പിന്‍സീറ്റിലുള്ള ഫാമിലിയുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു, എല്ലാവരെയും അവന്‍ ചിരിപ്പിക്കുന്നുണ്ടു; ഞാന്‍ പിന്നില്‍ നിന്നും അവനെ താങ്ങിപിടിക്കുന്നുണ്ടായിരുന്നു; 40 മിനിറ്റിലധികമായി ഫ്ലൈറ്റ് പറക്കുന്നു; ഇടക്കിടെ എന്റെ ശ്രദ്ധയും അയഞ്ഞു; ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ഡും ഠും എന്ന ഭീകരശബ്ദത്തോടെ ഫ്ലൈറ്റ് ലാന്റ് ചെയ്യുകയായിരുന്നു. അന്നേരമെങ്ങാനും എന്റെ കൈ അവന്റെ പിന്നിലേക്കു പോയില്ലായിരുന്നെങ്കില്‍; എനിക്കു ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുക്കം തോന്നുന്നു. ഇതു ഒരു - നിയര്‍മിസ്സ് - ആണ്; വല്യവര്‍ത്താനം പറഞ്ഞതല്ല; ഫ്ലൈറ്റില്‍ പലപ്പോഴും കുട്ടികള്‍ സീറ്റില്‍ കയറി കളിക്കുന്നതു കണ്ടിട്ടുണ്ടു; ശ്രദ്ധിക്കുക. മുക്കാല്‍ മണിക്കൂര്‍ മുന്‍പു ലാന്റ് ചെയ്യും എന്നുപറഞ്ഞു ലാന്റ് ചെയ്യാതെ പറന്ന് നടക്കുമ്പോള്‍ അവര്‍ക്ക് വീണ്ടും ഒരിക്കല്‍കൂടി അനൌണ്‍സ് ചെയ്യാമായിരുന്നു. എന്തോ നമ്മളങ്ങിനെയാണല്ലോ എവിടെയും അങ്ങ് മുന്നറിപ്പില്ലാതെ കയറിച്ചെന്നു കളയും.


അപ്പു ഈ വാക്കു എനിക്കു പെര്‍ത്തിഷ്ടായെടാ.
“ ആരുടെയൊക്കെയോ ഭാഗ്യംകൊണ്ട് ഈ റോഡ് യാത്രകള്‍ ഓരോദിവസവും എങ്ങനെയൊക്കെയോ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നു.“

വേണു venu August 6, 2007 at 11:33 AM  

അപ്പൂ നല്ല എഴുത്തു്.
എം.സീ.റോഡും അവിടുത്തെ പല കോണ്ട്രാക്റ്റേഴ്സും പാവം ലീ തുങ്ങിമരിച്ചതിനു ശേഷം ശാപ മോക്ഷത്തിനായി കാത്തിരിക്കുന്നതു കണ്ടായിരുന്നു, നാട്ടില്‍ വച്ചു്.
തുടരുക. തുടരുമ്പോള്‍‍ നാടിന്‍റെ നല്ല മാറ്റങ്ങളെക്കൂടി കാണിച്ചു തരുക.:)

മുസ്തഫ|musthapha August 6, 2007 at 2:37 PM  

അപ്പു, ഇത് തുടരണം... നന്നായിട്ടുണ്ട് എല്ലാ കുറിപ്പുകളും.

തന്‍കാര്യം:
“പ്ലെയില്‍നില്‍ കയറാനായാലും ബസില്‍ കയറാനായാലും മലയാളി ഒരുപോലെതന്നെ. എല്ലാക്കാര്യങ്ങളിലുമുള്ള ധൃതിയും താന്‍പോരിമയും...”

വളരെ ശരിയാണിത് പലപ്പോഴും ശ്രദ്ധയില്‍ പെട്ടിട്ടുള്ള കാര്യം... എങ്കിലും ചിലരെല്ലാം, എല്ലാരും ഇറങ്ങുന്നത് വരെ ക്ഷമയോടെ (അക്ഷമയോടേ!) ഇരിക്കുന്നത് കണ്ടിട്ടുണ്ട്.

മഴ മഴ:
മഴക്കാല പച്ചപ്പ് ഒക്ടോബര്‍ വരേയൊക്കെ കാണുമായിരിക്കും അല്ലേ?

കുളം തോണ്ടിയ റോഡുകള്‍:
കുളങ്ങളും തോടുകളും ചുരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ആശ്വാസത്തിന് വക നല്‍കുന്ന വാര്‍ത്തകള്‍ :)

പനി എന്ന മാരണം:
അടുത്ത് തന്നെ കേരളത്തിന്‍റെ ദേശീയ രോഗമേത്? എന്നൊരു ചോദ്യം പാഠപുസ്തകങ്ങളില്‍ ഇടം നേടുമായിരിക്കും!

തുടര്‍ന്നേ പറ്റൂ... വേണുജി പറഞ്ഞ പോലെ നാടിന്‍റെ നല്ല വശങ്ങളും ഈ കുറിപ്പുകളിലൂടെ പ്രവഹിക്കട്ടെ.

Vanaja August 6, 2007 at 10:04 PM  

കണവനും ചിക്കന്‍ ഗുനിയ ഏതോ ആശുപത്രിയില്‍ നിന്നു കിട്ടിയതാവണമ്‌. ഇപ്പോള്‍ 14 ദിവസമായി. യാതൊരു കുറവും ഇല്ല. സന്ധിവേദന കാരണം കാല്‍ നിലത്തു കുത്താന്‍ വയ്യ. കാര്യങ്ങളെല്ലാം ഞാന്‍ ബെഡ്ഡില്‍ തന്നെ എത്തിച്ചു കൊടുക്കുകയാാണ്‍.

അപ്പൂ, മടിക്കാതെ എഴുത്തു തുടരൂ

ശാലിനി August 7, 2007 at 12:44 PM  

അപ്പൂ തുടരണം, നല്ല ഒരു ഫോട്ടോ ഫീച്ചറും വേണം.

പനി വരാതെ സൂക്ഷിക്കുക. ഇവിടെ ആരോ പറയുന്നത് കേട്ടു, കേരളത്തെ ഒരു ഗിനിപന്നിയാക്കി ആരോ എന്തൊക്കെയോ പരീക്ഷിക്കുകയാണെന്ന്. സത്യം ദൈവം അറിയുന്നു.

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP