വിദ്യാലയ മുറ്റത്തേക്കൊരു തീര്‍ത്ഥയാത്ര - ഒന്നാം ഭാഗം

>> Sunday, June 10, 2007

വീണ്ടും ഒരു ജൂണ്‍ മാസം വന്നെത്തി. നാട്ടില്‍ വീണ്ടും സ്കൂള്‍ തുറന്നു; ഒപ്പം പതിവുപോലെ മഴക്കാലവും വന്നെത്തിയിരിക്കുന്നു. സ്കൂള്‍ തുറക്കുന്ന ഒാര്‍മ്മകളൊടൊപ്പം മഴയുടെ ഇരമ്പലും എന്റെ ഓര്‍മ്മകളെ ഇപ്പോഴും കുളിര്‍പ്പിക്കാറുണ്ട്‌. രാത്രിയിലും പകലും തോരാതെ ചന്നംപിന്നം പെയ്യുകയും ചിലപ്പോഴൊക്കെ തുള്ളിക്കൊരുകുടം വീതം ആര്‍ത്തലച്ചു പെയ്യുകയും ചെയ്യുന്ന മഴ. ആഴമുള്ളകിണറുകളും, കുളവും പറമ്പും വയലും നിറഞ്ഞു കിടക്കുന്ന മഴക്കാലം.

മഴയെ ഒഴിച്ചു നിര്‍ത്തിയ ഒരു സ്കൂള്‍വര്‍ഷാരംഭം, എന്റെ ഓര്‍മ്മയില്‍ 1980 കളിലെ ഏതോ ഒരു വര്‍ഷം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നു തോന്നുന്നു. പ്രൈമറി സ്കൂളിലായിരുന്നപ്പോള്‍, മഴയത്ത്‌ കുടയും പിടിച്ച്‌, പുതുവെള്ളം കുത്തിയൊഴുകുന്ന കൈത്തോട്‌ കടന്ന്, ഞങ്ങള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും വയല്‍ വരമ്പിലൂടെ നടന്ന് സ്കൂളിലെത്തുമ്പോഴേക്കും കാലുകള്‍ നന്നായി തണുക്കുന്നുണ്ടാവും. എങ്കിലും എന്ത്‌ രസമായിരുന്നു ആ യാത്ര. സ്ലെയിറ്റും പുസ്തകങ്ങളും വെച്ചുകൊണ്ടുപോകാന്‍ ഒരു പെട്ടിയുണ്ടായിരുന്നു എനിക്ക്‌.തകരപ്പെട്ടി പെയിന്റ്‌ ചെയ്ത്‌ ആ പെയിന്റില്‍ മെഴുകുതിരിയുടെ പുകയിലെഴുതിയ ചിത്രങ്ങള്‍ വരച്ച പെട്ടി സ്കൂള്‍ ബാഗുകളൊന്നും അത്ര പ്രചാരമാവുന്നതിനു മുമ്പ്‌ മാര്‍ക്കറ്റില്‍ കിട്ടിയിരുന്നു. പിന്നീട്‌ അതിനു പകരം അലൂമിനിയം പെട്ടിയായി. ഇടയ്കൊക്കെ പ്ലാസ്റ്റിക്‌ വയറുകൊണ്ട്‌ കട്ടകള്‍ കോര്‍ത്തിണക്കിയുണ്ടാക്കിയ ഒരു സഞ്ചിയും പുസ്തകങ്ങള്‍ കൊണ്ടുപോകാനായി അമ്മ ഉണ്ടാക്കിത്തന്നിട്ടുണ്ടായിരുന്നു.

ഞാന്‍ പ്രൈമറിസ്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചത്‌ പുനലൂര്‍ പേപ്പര്‍ മില്‍സ്‌ ഗവര്‍മന്റ്‌ യു.പി.സ്കൂളിലായിരുന്നു. ഒന്നുമുതല്‍ ഏഴാംക്ലാസ്‌ വരെ അവിടെത്തന്നെയാണ്‌ പഠിച്ചത്‌. എന്റെ മാതാപിതാക്കള്‍ അവിടുത്തെ അധ്യാപകരായിരുന്നു. പേപ്പര്‍മില്ലിന്റെ സമീപം സ്ഥിതിചെയ്യുന്നതിനാലാണ്‌ ഈ സ്കൂളിന്‌ പേപ്പര്‍മില്‍ സ്കൂള്‍ എന്നു പേരു വന്നത്‌. അക്കാലത്തെ ഗവര്‍മന്റ്‌ സ്കൂളുകള്‍ക്കുണ്ടായിരുന്ന പല സൗകര്യക്കുറവുകളും ഈ സ്കൂളിനും ഉണ്ടായിരുന്നു. ഓലമേഞ്ഞ രണ്ടു ഷെഡ്ഡുകള്‍. അരഭിത്തിമാത്രമുള്ള, ഓപ്പണ്‍ എയറായിക്കിടക്കുന്നവ. ഈ ഷെഡ്ഡുകളെ താഴത്തെ ഷെഡ്ഡെന്നും മുകളിലത്തെ ഷെഡ്ഡെന്നുമാണ്‌ അറിയപ്പെട്ടിരുന്നത്‌. താഴത്തെ ഷെഡ്ഡിലായിരുന്നു പ്രൈമറി ക്ലാസുകള്‍. ഇവിടെയായിരുന്നു ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്‌.

രണ്ടാമത്തെ ഷെഡ്ഡിനു മുമ്പില്‍ ഒരു മുറ്റം. അതായിരുന്നു ഞങ്ങള്‍ക്ക്‌ അസംബ്ലികൂടാനും, കളിക്കാനും, സ്പ്പോര്‍ട്ട്സ്‌ പ്രാക്ടീസിനും ഒക്കെയായുള്ള ഒരേയൊരു സ്ഥലം. ഈ മുറ്റത്തിനും അപ്പുറത്തായി സ്കൂളിന്റെ പ്രധാന കെട്ടിടം; ക്രീംകളറും പച്ചയും പെയിന്റടിച്ച ഗവര്‍മന്റ്‌ നിര്‍മ്മിതകെട്ടിടം. അവിടെയാണ്‌ ഹെഡ്മാസ്റ്റര്‍ സി.റ്റി. വര്‍ഗ്ഗീസ്‌ സാറിന്റെ ഓഫീസും, യൂ.പി. സ്കൂളിന്റെ ചില ക്ലാസുകളും പ്രവര്‍ത്തിച്ചിരുന്നത്‌. ഇതു കൂടാതെ മറ്റൊരു ചെറിയ കെട്ടിടവും ഉപ്പുമാവ്‌ പാചകം ചെയ്യാനുള്ള ഒരു ചെറിയ പാചകപ്പുരയും സ്കൂള്‍ കോമ്പൗണ്ടിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു.

ഷെഡ്ഡുകളുടെ അവസ്ഥ അന്ന് വളരെ പരിതാപകരമായിരുന്നു. അരഭിത്തി മാത്രമുള്ള ഈ ഷെഡ്ഡുകളില്‍ നല്ല വായു സഞ്ചാരം ഉണ്ടായിരുന്നുവെങ്കിലും, മഴക്കാലത്ത്‌ ഇവ ചോരും, കാറ്റുള്ളപ്പോള്‍ തൂവാനം അടിച്ച്‌ ക്ലാസിലേക്ക്‌ കയറ്റുകയും ചെയ്യും. പോരാത്തതിന്‌ വല്ലപ്പോഴുമൊക്കെ മേല്‍ക്കൂരയില്‍ വന്നിരിപ്പുറപ്പിക്കുന്ന കാക്കകളുടെ ശല്യവും. ഇവറ്റകള്‍ കുട്ടികളുടെ തലയില്‍ കാഷ്ടിക്കുന്നതു ശല്യമായിത്തീര്‍ന്നപ്പോള്‍ പേപ്പര്‍മില്‍ മാനേജ്‌മന്റ്‌ ഒരു സഹായം ചെയ്തു. നേരിയ ലോഹപ്പട്ടകള്‍ കൊണ്ട്‌, ഒരു ഗ്രില്ല് അരഭിത്തിക്കു മുകളില്‍ പതിച്ചുതന്നു.

പൊതുമരാമത്തു വകുപ്പിനായിരുന്നു സര്‍ക്കാര്‍ സ്കൂളുകള്‍ ഓലകെട്ടിമേയിക്കാനുള്ള ചുമതല അക്കാലത്ത്‌. പതിവു സര്‍ക്കാര്‍ പരിപാടികള്‍ പോലെ ഈ മേച്ചില്‍ പരിപാടി പലപ്പോഴും സമയത്തിനു പൂര്‍ത്തിയായിരുന്നില്ല. അങ്ങനെയുള്ള വര്‍ഷങ്ങളില്‍ ഇടവപ്പാതിക്ക് സ്കൂള്‍ തുറക്കുമ്പോള്‍ ക്ലാസുകള്‍ ചോര്‍ന്നൊലിക്കും. ആ വെള്ളത്തുള്ളികള്‍ക്കിടയില്‍ കുട്ടികള്‍ കലപിലകൂടും, അധ്യാപകരും അവിടെത്തന്നെ അവര്‍ക്കിടയില്‍ ഇടയ്ക്കൊക്കെ ശാസനയുമായി ഇരിക്കും. പിന്നീട്‌ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍നിന്ന് പിരിവെടുത്ത്‌ മേല്‍ക്കൂര ഓടാക്കി മാറ്റി. ഒന്നാം ക്ലാസുമുതല്‍ നാലുവരെയുള്ള ക്ലാസുകളില്‍ ബെഞ്ചോ ഡെസ്കോ ഉണ്ടായിരുന്നില്ല. ഞങ്ങളെല്ലാം തറയിലിരുന്നാണ് പഠിച്ചത്.

ക്ലാസുകള്‍ക്കിടയിലാണെങ്കില്‍ സ്ക്രീനുകളുമില്ല. പൊതുയോഗത്തിന്‌ ആളുകളിരിക്കുന്നതുപോലെ കുട്ടികള്‍ നിരന്നിരിക്കും, ഒരു ക്ലാസില്‍ നാല്‍പ്പതോ അന്‍പതോ കുട്ടികള്‍. സാറിന്‌ ഇരിക്കാന്‍ ഒരു സ്റ്റൂള്‍ അല്ലെങ്കില്‍ ആടുന്നതോ കാലൊടിയാറായതോ ആയ ഒരു കസേര. ചില ക്ലാസുകളില്‍ അതുമില്ലായിരുന്നു. A ആകൃതിയുലുള്ള ഒരു തടിസ്റ്റാന്റില്‍ ഉറപ്പിച്ചിരിക്കുന്ന കറുത്ത പെയിന്റടിച്ച ബോര്‍ഡില്‍ വെളുത്ത ചോക്കുപയോഗിച്ച്‌ അധ്യാപകന്‍ എഴുതുന്നത്‌ കല്ലുപെന്‍സില്‍കൊണ്ട്‌ സ്ലേറ്റിലേക്ക്‌ പകര്‍ത്തിയെഴുതും; എഴുതിയത്‌ മായിക്കാന്‍ മഷിത്തണ്ടു ചെടിയുടെ ഒരു തണ്ടോ അല്ലെങ്കില്‍ ഒരു കുഞ്ഞുകുപ്പിയില്‍ നിറച്ച വെള്ളമോ എപ്പോഴും കൈയ്യിലുണ്ടാവും.

സ്കൂള്‍ യൂണിഫോം പി.എം.ജിയിലെ കുട്ടികള്‍ക്ക് ഇല്ലായിരുന്നു. എന്നും ഇഷ്ടമുള്ള ഡ്രസ് ഇടാം. ഇടയ്ക്കൊരുവര്‍ഷം ക്രീം കളര്‍ ഷര്‍ട്ടും, പച്ചനിറത്തിലെ നിക്കര്‍ ആണ്‍കുട്ടികള്‍ക്ക് /പാവാട പെണ്‍കുട്ടികള്‍ക്ക് എന്നൊരു യൂണിഫോം നിലവില്‍ വന്നെങ്കിലും അധികകാലം അത് നീണ്ടുപോയില്ല. എന്നും രാവിലെ

"അഖിലാണ്‌ഡ മണ്‌ഠലമണിയിച്ചൊരുക്കി.....
അതിനുള്ളിനാന്ദ ദീപം കൊളുത്തി...."

എന്ന പ്രാര്‍ത്ഥനാ ഗാനത്തോടെയാണ്‌ സ്കൂള്‍ ആരംഭിച്ചിരുന്നത്‌. അതിനു മുമ്പ്‌ ഫസ്റ്റ്‌ ബെല്ലും, സെക്കന്റ്‌ ബെല്ലും തേര്‍ഡ്‌ ബെല്ലും അടിച്ചുകഴിഞ്ഞാലും, കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞപോലുള്ള കലപില അവസാനിച്ചിരുന്നില്ല. അവസാനം ഹെഡ്മാസ്റ്റര്‍ വര്‍ഗ്ഗീസ്‌ സാര്‍ ഒരു ചൂരലും കൈയ്യിലേന്തി എല്ലാ വരാന്തയിലൂടെയും ഒന്നോടി നടക്കും. അതോടെ സ്കൂളില്‍ "പിന്‍ ഡ്രോപ്‌ സയലന്‍സ്‌" ആവും. തുടര്‍ന്ന് ഒരു ബെല്ലടിക്കുകയും, പ്രാര്‍ത്ഥന ആരംഭിക്കുകയും ചെയ്യും. എല്ലാ ദിവസവും ഈ ഊരുചുറ്റല്‍ ഇല്ലാതെ പ്രാര്‍ത്ഥനയ്ക്കായി സ്കൂള്‍ നിശ്ശബ്ദമാവാറില്ലായിരുന്നു.


(രണ്ടാം ഭാഗം ഇവിടെ)

0 comments:

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP