പ്രകൃതി ദുരന്തങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍

>> Thursday, June 14, 2007

ലോകഭൂപടത്തില്‍ ഒന്നു കണ്ണോടിച്ചാല്‍ മനസ്സിലാവും ഇന്തോനേഷ്യമുതല്‍ ഇന്ത്യന്‍ ഉപഭൂഘണ്ഡംവരെയുള്ള ഭൂവിഭാഗം (കടല്‍) ഭൂമിയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്രയോ ചെറിയ ഒരു ഭാഗമാണെന്ന്. ഒരു “ട്ട” വട്ടം മാത്രം. എങ്കിലും 2004 ഡിസംബര്‍ 24 ന്‌ ആ കടല്‍ത്തട്ടൊന്നിളകി മറിഞ്ഞപ്പോഴുണ്ടായ സുനാമിയില്‍പ്പെട്ട്‌ മൂന്നുലക്ഷം ആള്‍ക്കാരാണ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ നാമാവശേഷമായത്‌. ഒപ്പം മറ്റനേകം ജീവജാലങ്ങളും മനുഷ്യന്‍ കെട്ടിപ്പടുത്ത സ്വപ്നങ്ങളും സൗധങ്ങളും! മതിലുപോലെ ഉയര്‍ന്നുപൊങ്ങി,മുമ്പില്‍ക്കണ്ടതെല്ലാം നക്കിത്തുടച്ചുകൊണ്ട്‌ രാക്ഷസത്തിരമാലകള്‍ കടന്നുപോയി.

"കട്രീന" എന്നൊരു ചുഴലിക്കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചപ്പോള്‍ ലോകശക്തിയായ അമേരിക്കയുടെ ആധുനിക ടെക്നോളജികളൊന്നും തന്നെ അതിനെ തടുത്തുനിര്‍ത്താന്‍ പര്യാപ്തമായിരുന്നില്ല. അവിടെയും പ്രകൃതിയുടെ സംഹാര താണ്ഡവത്തിനു മുമ്പില്‍, മനുഷ്യന്‍ നിസ്സഹായനാവുന്നത്‌ നാം കണ്ടു. വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകരാറിലായി, വൈദ്യുതവിതരണം ദിവസങ്ങളോളം ഇല്ലാതെയായി, എന്തിന്‌ ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും പോലും സുലഭമായി ലഭിക്കാത്ത സ്ഥിതിവന്നു.

ലത്തൂരില്‍ ഒരു ഗ്രാമം മുഴുവന്‍ സുഖസുഷുപ്തിയിലായിരുന്ന ഒരു പ്രഭാതത്തില്‍ ഭൂമിയൊന്നിളകിയപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടത്‌ ലക്ഷത്തോളം ആളുകള്‍ക്കായിരുന്നു. കുടിലുകളും, ബലമുള്ളതെന്ന് കരുതിയിരുന്ന കെട്ടിടങ്ങളും സെക്കന്റുകള്‍ക്കുള്ളില്‍ തകര്‍ന്നടിഞ്ഞു. അവയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനും മരണത്തിനും ഇടയില്‍ അനേകായിരങ്ങള്‍ മല്ലടിച്ചു. ഒമാനില്‍ "ഗോനു" എന്ന ചുഴലിക്കാറ്റ്‌ വന്‍ നാശനഷ്ടങ്ങളും ആള്‍നാശവും ഉണ്ടാക്കിയിട്ട്‌ ദിവസങ്ങള്‍മാത്രമേ ആയിട്ടുള്ളൂ. അതിശക്തമായ മഴയായിരുന്നു അവിടെ നാശനഷ്ടങ്ങള്‍ വരുത്തിവച്ചത്‌. പ്ലേഗ്‌ എന്ന മഹാമാരി ഇന്ത്യയില്‍ വന്‍ ദുരന്തം ഉണ്ടാക്കിവച്ചിട്ട്‌ അധികം നാളുകളായിട്ടില്ല.

ഈ ദുരന്തങ്ങള്‍ ഓരോന്നും ശ്രദ്ധിച്ചാല്‍ നമുക്ക്‌ ചില പാഠങ്ങള്‍ വ്യക്തമാവും. പ്രകൃതി ശക്തികളുടെ മുമ്പില്‍ നാം മനുഷ്യലോകം നമുക്കുണ്ടെന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന വികസനവും, ബുദ്ധിയും, ടെക്നോളജിയും ഒന്നുംതന്നെ ഒന്നുമല്ല എന്നതാണ്‌ ഒന്നാമത്തെ പാഠം. ആ ശക്തികള്‍ക്കു മുമ്പില്‍ വെള്ളക്കാരനും, ഏഷ്യക്കാരനും, ആഫ്രിക്കക്കാരനും, ക്രിസ്ത്യാനിയും, മുസല്‍മാനും, ഹിന്ദുവും, പണക്കാരനും, പാവപ്പെട്ടവനും ഒരുപോലെ; എന്തിനേറെ മനുഷ്യനും, മൃഗവും, പക്ഷിയും എല്ലാജീവജാലങ്ങളും ഒരുപോലെ. ഇത്‌ രണ്ടാമത്തെ പാഠം. നശ്വരമെന്ന് നാം കരുതുന്ന പലതും നിമിഷങ്ങള്‍കൊണ്ട്‌ ഇല്ലാതാക്കാന്‍ ഈ ശക്തികള്‍ക്കു നിമിഷങ്ങള്‍ മതി എന്നത്‌ മൂന്നാമത്തെ പാഠം.

ഇതൊക്കെ ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രം. അവിടെനിന്ന് പുറത്തേക്കൊന്നു കടന്നു ചിന്തിച്ചാലോ? അതിവേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഗോളങ്ങള്‍ (വസ്തുക്കള്‍) നിറഞ്ഞ ഒരു പ്രപഞ്ചം. ചിലവ സ്വയം കത്തിജ്വലിക്കുന്നു, ചിലവ മറ്റുചില സംവിധാനങ്ങളെ പ്രദക്ഷിണം ചെയ്യുന്നു. എല്ലാം നിശ്ചിതമെന്നു നാം കരുതുന്ന ഭ്രമണപഥങ്ങളിലൂടെ. ചില വസ്തുക്കള്‍ക്ക്‌ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു, അവയ്ക്കിടയില്‍ എവിടെയൊക്കെയോ തമോദ്വാരങ്ങള്‍ എന്നറിയപ്പെടുന്ന, അതിന്റെ പരിസരത്തെത്തുന്ന എന്തിനേയും വിഴുങ്ങിക്കളയുവാന്‍ ശേഷിയുള്ള അദൃശ്യ ചുഴികള്‍. ഈ ഭ്രമണപഥങ്ങളിലൊന്നില്‍ നമ്മുടെ കൊച്ചുഭൂമി എന്നെങ്കിലും എത്തിപ്പെട്ടാല്‍, മറ്റൊരു ആകാശ ഗോളം ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ മനുഷ്യലോകത്തിന്‌ അതു തടുക്കുവാന്‍ അധികമൊന്നും ചെയ്യുവാനുണ്ടാവില്ല. അത്തരതിലുള്ളതില്‍ വളരെ ചെറിയതൊന്ന് നമ്മുടെ മഹാസമുദ്രങ്ങളിലൊന്നില്‍ പതിച്ചാലുണ്ടാവുന്ന സുനാമിത്തിരകള്‍ എത്ര പ്രഹരശേഷിയുള്ളതായിരിക്കും! (ഭാഗ്യവശാല്‍ ഉടനെയൊന്നും ഭൂമി അത്തരം ഭീഷണികളിലല്ല എന്ന് ശാസ്ത്രലോകം നിലവിലുള്ള അറിവുകള്‍ വച്ച്‌ പറയുന്നു).

പിന്നെയെന്തിനാണ്‌ ഇത്ര നിസ്സാരനായ മനുഷ്യന്‍ പ്രകൃതിയെ ദ്രോഹിക്കുന്നത്‌? പരസ്പരം പോരടിക്കുന്നത്‌? രാജ്യങ്ങള്‍ തമ്മില്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്നത്‌? വര്‍ഗ്ഗീയ ലഹളകളുടെ പേരില്‍ പരസ്പരം വെട്ടി മരിക്കുന്നത്‌? കൊടിയ ഭീകരതയുടെ മുഖം ലോകത്തില്‍ അവിടവിടെയായി കാണിക്കുന്നത്‌? ആയുധങ്ങളും ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളേയും ഒറ്റയടിക്ക്‌ നശിപ്പിക്കുവാന്‍ ശേഷിയുള്ള അണുബോംബുകള്‍ കൈവശം വയ്ക്കുന്നത്‌? എല്ല്ലാത്തിന്റെയും ഉത്തരം ഒന്നുതന്നെ - പ്രകൃതിയുടെ മുമ്പില്‍ അവന്‍ എന്താണ്‌, എത്രത്തോളമുണ്ട്‌ എന്ന് അറിയാത്ത അജ്ഞത. അല്ലെങ്കിലും മനുഷ്യവംശം എന്നും ഇങ്ങനെയൊക്കെയായിരുന്നു. ഈ കാലഘട്ടത്തില്‍ അതല്‍പ്പം കൂടി എന്നു മാത്രം.

പ്രകൃതി ദുരന്തങ്ങള്‍ നല്‍കുന്ന നാലാമത്തെ ഗൃഹപാഠം അതാണ്‌. ഈ ജീവിതം അല്‍പകാലത്തേക്ക്‌ മാത്രമേയുള്ളു. ആ കാലഘട്ടം നമ്മളാല്‍ കഴിയുംവിധം നമുക്കും മറ്റുള്ളവര്‍ക്കും, ഈ പ്രകൃതിയ്ക്കും പ്രയോജനകരമാംവണ്ണം ജീവിച്ച്‌, ആനന്ദിക്കുക.

1393

Read more...

വിദ്യാലയ മുറ്റത്തേക്കൊരു തീര്‍ത്ഥയാത്ര - മൂന്നാം ഭാഗം

>> Tuesday, June 12, 2007

(ഒന്നാം ഭാഗം ഇവിടെ)
(രണ്ടാം ഭാഗം ഇവിടെ)

അസൗകര്യങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും ഇടയിലും അന്നത്തെ പി.എം.ജി സ്കൂളിന്‌ മറ്റുചില നല്ല വശങ്ങള്‍ ഉണ്ടായിരുന്നു. സ്കൂള്‍ നിറയെ കുട്ടികള്‍, ഏതാണ്ട്‌ 1500 ഓളം, അര്‍പ്പണബോധമുള്ള ഒരു സംഘം അധ്യാപകര്‍,പഠിക്കുവാന്‍ മിടുക്കരായ കുറേ കുട്ടികളും. ഒരു യു.പി. സ്കൂളിനു വേണ്ടത്ര ലബോറട്ടറി സൗകര്യം, അത്യാവശ്യം ഒരു ലൈബ്രറി, പ്രവര്‍ത്തിപരിചയ വര്‍ക്ക്‌ ഷോപ്പ്‌ തുടങ്ങിയ സൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു. ഇതുകൊണ്ടുത്തന്നെ പേപ്പര്‍മില്ലിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ കുട്ടികളും ചുറ്റുപാടുമുള്ള സാധാരണക്കാരുടെ എല്ലാകുട്ടികളും ഈ സ്കൂളിനെത്തന്നെയാണ്‌ പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത്‌.

സ്കൂള്‍ ബാലകലോത്സവങ്ങളിലും, സ്പോര്‍ട്സ്‌ മത്സരങ്ങളിലും മറ്റും എത്ര "റോഫികളാണ്‌" ഞങ്ങള്‍ നേടിയത്‌ എന്നറിയാമോ? "നേടിയെടുത്തേ, നേടിയെടുത്തേ ട്രോഫി ഞങ്ങള്‍ നേടിയെടുത്തേ" എന്ന മുദ്രാവാക്യം വിളികളുമായി പി.എം.ജി.യിലെ കുട്ടികള്‍ ജാഥയായി നടന്നുപോകുന്നത്‌ അസൂയയോടെയാണ്‌ മറ്റു സ്കൂളുകള്‍ അന്ന് നോക്കിനിന്നിരുന്നത്‌.

അന്നൊക്കെ അധ്യാപകരെ എല്ലാവരേയും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ "സാര്‍" എന്നാണ്‌ വിളിക്കുന്നത്‌. ഒന്നാം ക്ലാസില്‍ എന്റെ ക്ലാസ്‌ടീച്ചര്‍ ലില്ലിക്കുട്ടിസാര്‍ ആയിരുന്നു. രണ്ടില്‍ സെബാസ്റ്റ്യന്‍ സാര്‍, മൂന്നില്‍ കേശവന്‍ സാര്‍, നാലില്‍ വിജയമ്മ സാര്‍, അഞ്ചില്‍ വിക്റ്റോറിയ സാര്‍, ആറില്‍ സുലോചന സാര്‍, ഏഴില്‍ തങ്കപ്പന്‍ സാര്‍ - ഇവരായിരുന്നു എന്റെ ക്ലാസ്‌ അധ്യാപകര്‍. മറ്റുള്ളവരെപ്പറ്റി ഇനിയൊരിക്കല്‍ എഴുതാം.

2004 ല്‍ അവധിക്കുപോയപ്പോള്‍ പഴയ വിദ്യാലയം ഒന്നു കാണുവാനായി ഞാന്‍ പി.എം.ജി.യിലേക്ക്‌ പോയി. ഒപ്പം കുടുംബവും, അവിടുത്തെ അദ്ധ്യാപകരായിരുന്ന എന്റെ മാതാപിതാക്കളും. ഒരു സേവനവാരത്തിന്‌ ഞങ്ങള്‍ ഉണ്ടാക്കിയെടുത്ത ചരിഞ്ഞ റോഡിലൂടെ, കാര്‍ സ്കൂള്‍മുറ്റത്തേയ്ക്ക്‌ ഇറക്കുമ്പോള്‍ എന്റെ ചിന്തകള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ പായുകയായിരുന്നു. അന്നൊക്കെ ഒരു കാര്‍ സ്കൂളില്‍ വന്നാല്‍ കുട്ടികള്‍ക്ക്‌ ഉത്സവമായിരുന്നു. പൂരപ്പറമ്പില്‍ ആനയ്ക്കുചുറ്റും കൂടുന്നതുപോലെ കാറിനു ചുറ്റും പിള്ളേര്‍ കൂടും. ഇന്നതൊക്കെ മാറി. നല്ല കാര്യം.

സ്കൂള്‍ മുത്തശ്ശിയായി വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നു. ഡിവിഷനുകളും കുട്ടികളും ഇപ്പോള്‍ നന്നെ കുറവ്‌. അല്ലെങ്കിലും നാട്ടില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ആര്‍ക്കുവേണം? എല്ലാവരും “മംഗ്ലീഷ് മീഡിയം” സ്കൂളുകളുടെ പിന്നാലെയല്ലേ പോക്ക്! ഉള്ള കുട്ടികളും അദ്ധ്യാപകരും പഠിപ്പില്‍ വ്യാപൃതരായിരിക്കുന്നു. എന്റെ മനസ്സില്‍ ഒരു ഫുഡ്ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പം ഉണ്ടായിരുന്ന പഴയ സ്കൂള്‍മുറ്റം വളരെ ചെറുതായി ഇപ്പോള്‍ തോന്നി. നെഞ്ചൊപ്പം ഉയരമുണ്ടായിരുന്ന ഷെഡ്ഡിന്റെ അരഭിത്തിയ്ക്ക്‌ ഇപ്പോള്‍ അരയറ്റം പോലും ഉയരമില്ല. അന്നു ഞങ്ങള്‍ നിറഞ്ഞിരുന്നു പഠിച്ചിരുന്ന ക്ലാസ് റൂമുകള്‍ക്കും മനസ്സിലുള്ളതിനേക്കാള്‍ വലിപ്പക്കുറവ്! കുട്ടികളായിരിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ പതിയുന്ന ചിത്രങ്ങള്‍, വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ് നമ്മള്‍ വീണ്ടും കാണുന്നതെങ്കില്‍ നമ്മുടെ മനസ്സിനു തോന്നുന്ന അന്തരം എത്രവലുതണെന്ന് അന്നെനിക്കു മനസ്സിലായി.

അന്നത്തെ പഴയ ചേങ്ങില ബെല്‍ മാത്രം അതുപോലെ ആ വരാന്തയില്‍ തൂങ്ങുന്നുണ്ട്‌. അതുപോലെ മറ്റൊരു സേവനവാരത്തിനുണ്ടാക്കിയെടുത്ത സ്റ്റേജും അരികും മൂലയും ഇടിഞ്ഞ് ഒരുവശത്തായി നില്‍ക്കുന്നു; പണ്ട് അവിടെ നടത്തിയ നാടകങ്ങളും, കലാപരിപാടികളും ആ സ്റ്റേജിലെ ഓരോകല്ലും ഇന്നും ഓര്‍ക്കുന്നുണ്ടാവണം! ഹെഡ്മാസ്റ്ററുടെ മുറിയില്‍ പഴയ ട്രോഫികളൊക്കെ സ്കൂളിന്റെ പണ്ടത്തെ സുവര്‍ണ്ണകാലത്തെ അയവിറക്കിക്കൊണ്ട്‌ പൊടിപിടിച്ച്‌ ഇരിക്കുന്നുണ്ടായിരുന്നു. അച്ഛനമ്മമാരുടെ പഴയ സഹപ്രവര്‍ത്തകരില്‍ അന്നത്തെ ചില ചെറുപ്പക്കാര്‍ മാത്രം ഇപ്പോഴുമുണ്ട്‌. അന്നത്തെ ചില വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അദ്ധ്യാപകരായി ജോലിനോക്കുന്നു. കുറേസമയം ഞങ്ങള്‍ അവിടെ ചെലവഴിച്ചു, ചിത്രങ്ങള്‍ എടുത്തു.

പഴയ താഴത്തെ ഷെഡ്ഡിന്റെ മുന്നിലൂടെ ഞാന്‍ ദീപയേയും ഉണ്ണിമോളേയും കൊണ്ടുപോയി, എന്റെ ഒന്നാം ക്ലാസ്‌ ഉണ്ണിമോള്‍ക്ക്‌ കാട്ടിക്കൊടുത്തു. അപ്പ പഠിച്ച ഒന്നാം ക്ലാസ്‌ അവള്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ക്കൂടി റാകിപ്പറക്കുന്ന ചെമ്പരുന്തും, മേരിയുടെ കുഞ്ഞാടുമൊക്കെ ഒന്നൊന്നായി കടന്നുപോവുകയായിരുന്നു.

പുലരിയോടൊത്തെന്നും പൂന്തോപ്പിലെത്തുന്ന
പൂമ്പാറ്റക്കുഞ്ഞുങ്ങള്‍ക്കെന്തു ചന്തം!
അവരുടുത്തീടുമാപ്പവാട വിറ്റീടും
കടയേതെന്നമ്മയ്ക്കറിഞ്ഞുകൂടേ?
അതുപോലെ ഒന്നമ്മേ തിരുവോണക്കോടിയായ്‌
അരുമമകള്‍ക്കു തരികയില്ലേ!


1291

Read more...

വിദ്യാലയമുറ്റത്തേക്കൊരു തീര്‍ത്ഥയാത്ര - രണ്ടാം ഭാഗം

>> Monday, June 11, 2007

{ഒന്നാം ഭാഗം ഇവിടെ)

ഇന്റര്‍വെല്ലിന്‌ "പള്ളിക്കടയിലേക്ക്‌" ഒരോട്ടമാണ്‌. സ്കൂളിനു സമീപത്തുള്ള ചെറിയ മുസ്ലിം പള്ളിയോടു ചേര്‍ന്നുള്ള, ഷെരീഫിന്റെ കടയ്ക്കാണ്‌ പള്ളിക്കട എന്നു പറയുന്നത്‌. അവിടെ കുട്ടികല്‍ക്കിഷ്ടമാവുന്ന, പത്തുപൈസയ്ക്കു കിട്ടുന്ന പമ്പരം, ചെറിയ മൃഗങ്ങളുടെ രൂപങ്ങള്‍ തുടങ്ങി, ഗ്യാസ്‌ മുട്ടായി, നാരങ്ങ മുട്ടായി, കടുകുമുട്ടായി, ജീരകമുട്ടായി, പെന്‍സില്‍, പേന, ബുക്ക്‌ ഇങ്ങനെ എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു. പത്തുപൈസ കൈയ്യിലുള്ളവര്‍ ഇതൊക്കെ വാങ്ങി വരുമ്പോള്‍ കളിക്കാന്‍ അതില്ലാത്തവരെയും കൂട്ടും. മറ്റൊന്നുമില്ലെങ്കില്‍ ചീനി (കപ്പ) യുടെ കായയുടെ തൊലിയിളക്കിക്കളഞ്ഞ്‌ അതിലൊരു ചെറിയ ഈര്‍ക്കില്‍ തിരുകിയ പമ്പരമെങ്കിലും ചിലരൊക്കെ സ്കൂളില്‍ കൊണ്ടുവരുമായിരുന്നു.

ഇന്റര്‍വെല്ലാവുമ്പോള്‍ അടുത്തുള്ള, ഉണ്ണൂണ്ണിച്ചായന്റെ ചായക്കടയില്‍നിന്ന് അധ്യാപര്‍ക്ക് ചായ വരും. ആറു വളയങ്ങള്‍ ഒന്നിച്ചുചേര്‍ത്തിണക്കി, അതില്‍ റ പോലൊരു കൊളുത്തും ഉറപ്പിച്ച ഒരു കാരിയറിലാണ് കുപ്പിഗ്ലാസുകളില്‍ പകര്‍ന്ന ചായകൊണ്ടുവരുന്നത്. ഇടയ്ക്കൊക്കെ ചായ ഓര്‍ഡര്‍ കൊടുക്കാനായി കുട്ടികളും അങ്ങോട്ട് മെസഞ്ചര്‍മാരായി ഓടിയിരുന്നു.

ഉച്ചയായാല്‍ ഉപ്പുമാവിന്‌ സമയമായി. അന്നൊക്കെ അമേരിക്കയില്‍നിന്ന് വരുന്ന ഗോതമ്പും, എണ്ണയും, പിന്നീട്‌ പാല്‍പ്പൊടി കുറുക്കിയതും ഒാട്സും ഒക്കെ സ്കൂളുകളില്‍ ഉച്ചയ്ക്ക്‌ പാവപ്പെട്ട കുട്ടികളെ ഉദ്ദേശിച്ച്‌ നല്‍കിയിരുന്ന ഒരു പദ്ധതിയുണ്ടായിരുന്നല്ലോ. ("CARE" എന്നായിരുന്നു ഈ പദ്ധതിയുടെ പേര്‌). എന്നാലും വെന്ത ഉപ്പുമാവില്‍ ബട്ടര്‍ ഓയില്‍ ചേര്‍ക്കുമ്പോഴുള്ള മണം എല്ലാ കുട്ടികള്‍ക്കും വലിയ പ്രിയമായിരുന്നു. അതിനാല്‍ത്തന്നെ ഉപ്പുമാവുതിന്നാനുള്ള കൂട്ടത്തില്‍ ഞങ്ങളെല്ലാം ഉണ്ടാവും. വട്ടയിലയിലും, വീട്ടില്‍ നിന്നു കൊണ്ടുവരുന്ന പാത്രത്തിലുമൊക്കെയാണ്‌ തീറ്റി. സദ്യയുണ്ണാനിരിക്കുന്നതുപോലെ, രണ്ടോമൂന്നോ പന്തിയായി കുട്ടികള്‍ താഴത്തെ ഷെഡ്ഡില്‍ ഇരിക്കും. അഞ്ചാറു മാഷുമാരും പ്യൂണും ചേര്‍ന്ന് വിളമ്പും. എല്ലാം കഴിച്ചുകഴിഞ്ഞിട്ടേ എണീക്കാവൂ എന്ന കര്‍ശന നിര്‍ദ്ദേശം ഹെഡ്മാസ്റ്റര്‍ നല്‍കിയിരുന്നെങ്കിലും, പന്തി മുഴുവന്‍ വിളമ്പിക്കഴിയുന്നതിനു മുമ്പുതന്നെ ആദ്യം കിട്ടിയവര്‍ എഴുന്നേറ്റോടിയിരിക്കും.

ഉച്ചയ്ക്കുള്ള ഒരുമണിക്കൂര്‍ ബ്രേക്കിന്‌ ഞങ്ങള്‍ അമ്മയോടൊപ്പം വീട്ടിലേക്ക്‌ പോകും, ചോറുണ്ണാന്‍. തിരിച്ചെത്തുമ്പോഴേക്ക്‌ കൂട്ടുകാര്‍ സ്കൂള്‍ മുറ്റത്ത്‌ കുട്ടീംകോലും, ഗോലിയും, കബഡിയുമൊക്കെ കളിക്കുന്നുണ്ടാകും. പെണ്‍കുട്ടികള്‍ക്ക്‌ പ്രിയം അക്ക്‌ കളി എന്നറിയപ്പെട്ടിരുന്ന, കളത്തില്‍ ഒരു ഓട്ടു കഷണം എറിഞ്ഞ്‌ അതില്‍ ഒറ്റക്കാലില്‍ ചാടിച്ചാടി എത്തുന്ന കളിയിലായിരുന്നു. ചെറിയ കുപ്പിവളപ്പൊട്ടികള്‍ പെറുക്കിക്കൂട്ട് “സെറ്റ് കളി“ എന്നൊരു കളിയും അവരുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇതു കൂടാതെ സാറില്ലാത്ത പീരിഡുകളില്‍ കളിക്കാന്‍ ഈര്‍ക്കില്‍ (ഒരമ്മ ഈര്‍ക്കിലിയും പത്തു മക്കളും) കളംവെട്ട്‌ തുടങ്ങിയ ഇന്‍ഡോര്‍ ഗെയിമുകളും, പേപ്പര്‍ മടക്കിയുണ്ടാക്കുന്ന പ്ലെയിന്‍ പറത്തലുകളും ആണ്‍കുട്ടികള്‍ക്ക് വളരെ പ്രിയം. "അക്കുത്തിക്കുത്താന വരമ്പേല്‍ കല്ലേകുത്ത്‌ കരിങ്കുത്ത്‌.... (അത്തളപിത്തളയുടെ മറ്റൊരു രൂപം) പെണ്‍കുട്ടികളുടെ ഇടയിലായിരുന്നു പ്രശസ്തം.

തീപ്പെട്ടി പടം കളക്ഷന്‍, തിയേറ്ററുകളില്‍ നിന്നും വരുന്ന സിനിമ ഫിലിം ഓരോ ഫ്രെയിമായി മുറിച്ചതിന്റെ കളക്ഷന്‍ തുടങ്ങിയവയും വളരെ താല്‍പര്യമുള്ള കാര്യങ്ങളായിരുന്നു കുട്ടികള്‍ക്ക്‌. ഇത്രയും തീപ്പെട്ടി പടങ്ങള്‍ എവിടെനിന്നാവോ അക്കാലത്ത്‌ വന്നത്‌! അതും തീപ്പെട്ടിയില്‍ പശതേച്ച്‌ ഒട്ടിക്കാത്തവ. "ദേവി" തീപ്പെട്ടിയുടെ പടമായിരുന്നു ഏറ്റവും കൂടുതല്‍ കണ്ടിട്ടുണ്ടായിരുന്നത്‌. തീപ്പെട്ടി പടങ്ങള്‍ ഒട്ടിച്ചു ചേര്‍ത്ത ഒരു വലിയ ബുക്കുതന്നെ ഞങ്ങള്‍ക്കെല്ല്ലം സ്വന്തമായുണ്ടായിരുന്നു. . കടംകഥ ചോദിച്ച്‌ ഉത്തരം മുട്ടുമ്പോള്‍ "സുല്ലിട്ട്‌" ഉത്തരം വാങ്ങും. ഇടയ്ക്കൊക്കെ തൊട്ടതിനും പിടിച്ചതിനും പിണങ്ങുമ്പോള്‍ രണ്ടുകൈയ്യിലേയും ചൂണ്ടുവിരല്‍ കൊണ്ട്‌ വെട്ടി "ചണ്ട" (ശണ്ഠ??) പറയുകയും, കവിള്‍ വീര്‍പ്പിച്ച്‌ കൈചുരുട്ടി ഇടിച്ചുപൊട്ടിച്ച്‌ പിണക്കം അറിയിക്കുകയും ചെയ്തതൊന്നും അധികം നേരത്തേക്ക്‌ നീണ്ടുനില്‍ക്കുകയില്ലായിരുന്നു. പിള്ളമനസ്സില്‍ കള്ളമില്ലല്ലോ?

പുതിയ ക്ലാസിലെത്തി പുതിയ പുസ്തകങ്ങള്‍ കൈയ്യിലെത്തിയാലുടന്‍ തന്നെ നടുവിലുള്ള ഒരു പേജിനിടയിലേക്ക്‌ ഒരു മയില്‍പ്പീലി വയ്ക്കും. മുഴുവന്‍ പീലിയൊന്നുമില്ല, ഒരു കുഞ്ഞുതണ്ടു മാത്രം. അതിന്റെ കൂടെ തെങ്ങിന്റെ ഇളം ഓലയുടെ വശത്തുനിന്നും ചുരണ്ടിയെടുത്ത ഒരു പൊടിയും വയ്ക്കും. കുറേ നാളുകള്‍ കഴിയുമ്പോള്‍ മയില്‍പീല്‍ പ്രസവിക്കുമത്രേ. കൂടെക്കൂടെ തുറന്നു നോക്കിയാല്‍ പ്രസവിക്കില്ലാന്നും ഒരു വിശ്വാസമുണ്ടായിരുന്നു. ഏതായാലും എന്റെ പുസ്തകങ്ങളില്‍ വച്ച പീലികളൊന്നും പ്രസവിച്ചില്ല. അതിനാല്‍ വലിയ പീലിയുടെ ഒരറ്റം കുഞ്ഞായിമുറിച്ച്‌ അതായിരുന്നു കൂട്ടുകാരുടെ ഇടയില്‍ കൊണ്ടുപോയി പ്രദര്‍ശിപ്പിച്ചിരുന്നത്‌. രണ്ടാം ക്ലാസില്‍ വച്ച് അറുമുഖന്‍ ഒരു മുഴുവന്‍ പീലി കൊണ്ടുവന്നു. അവന്റെ അച്ച്ചന്‍ പളനിക്കുപോകാന്‍ കാവടി ഉണ്ടാക്കിയപ്പോള്‍ അതില്‍ നിന്നും അവന്‍ എടുത്തതായിരുന്നത്രേ!

(മൂന്നാം ഭാഗം ഇവിടെ)

Read more...

വിദ്യാലയ മുറ്റത്തേക്കൊരു തീര്‍ത്ഥയാത്ര - ഒന്നാം ഭാഗം

>> Sunday, June 10, 2007

വീണ്ടും ഒരു ജൂണ്‍ മാസം വന്നെത്തി. നാട്ടില്‍ വീണ്ടും സ്കൂള്‍ തുറന്നു; ഒപ്പം പതിവുപോലെ മഴക്കാലവും വന്നെത്തിയിരിക്കുന്നു. സ്കൂള്‍ തുറക്കുന്ന ഒാര്‍മ്മകളൊടൊപ്പം മഴയുടെ ഇരമ്പലും എന്റെ ഓര്‍മ്മകളെ ഇപ്പോഴും കുളിര്‍പ്പിക്കാറുണ്ട്‌. രാത്രിയിലും പകലും തോരാതെ ചന്നംപിന്നം പെയ്യുകയും ചിലപ്പോഴൊക്കെ തുള്ളിക്കൊരുകുടം വീതം ആര്‍ത്തലച്ചു പെയ്യുകയും ചെയ്യുന്ന മഴ. ആഴമുള്ളകിണറുകളും, കുളവും പറമ്പും വയലും നിറഞ്ഞു കിടക്കുന്ന മഴക്കാലം.

മഴയെ ഒഴിച്ചു നിര്‍ത്തിയ ഒരു സ്കൂള്‍വര്‍ഷാരംഭം, എന്റെ ഓര്‍മ്മയില്‍ 1980 കളിലെ ഏതോ ഒരു വര്‍ഷം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നു തോന്നുന്നു. പ്രൈമറി സ്കൂളിലായിരുന്നപ്പോള്‍, മഴയത്ത്‌ കുടയും പിടിച്ച്‌, പുതുവെള്ളം കുത്തിയൊഴുകുന്ന കൈത്തോട്‌ കടന്ന്, ഞങ്ങള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും വയല്‍ വരമ്പിലൂടെ നടന്ന് സ്കൂളിലെത്തുമ്പോഴേക്കും കാലുകള്‍ നന്നായി തണുക്കുന്നുണ്ടാവും. എങ്കിലും എന്ത്‌ രസമായിരുന്നു ആ യാത്ര. സ്ലെയിറ്റും പുസ്തകങ്ങളും വെച്ചുകൊണ്ടുപോകാന്‍ ഒരു പെട്ടിയുണ്ടായിരുന്നു എനിക്ക്‌.തകരപ്പെട്ടി പെയിന്റ്‌ ചെയ്ത്‌ ആ പെയിന്റില്‍ മെഴുകുതിരിയുടെ പുകയിലെഴുതിയ ചിത്രങ്ങള്‍ വരച്ച പെട്ടി സ്കൂള്‍ ബാഗുകളൊന്നും അത്ര പ്രചാരമാവുന്നതിനു മുമ്പ്‌ മാര്‍ക്കറ്റില്‍ കിട്ടിയിരുന്നു. പിന്നീട്‌ അതിനു പകരം അലൂമിനിയം പെട്ടിയായി. ഇടയ്കൊക്കെ പ്ലാസ്റ്റിക്‌ വയറുകൊണ്ട്‌ കട്ടകള്‍ കോര്‍ത്തിണക്കിയുണ്ടാക്കിയ ഒരു സഞ്ചിയും പുസ്തകങ്ങള്‍ കൊണ്ടുപോകാനായി അമ്മ ഉണ്ടാക്കിത്തന്നിട്ടുണ്ടായിരുന്നു.

ഞാന്‍ പ്രൈമറിസ്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചത്‌ പുനലൂര്‍ പേപ്പര്‍ മില്‍സ്‌ ഗവര്‍മന്റ്‌ യു.പി.സ്കൂളിലായിരുന്നു. ഒന്നുമുതല്‍ ഏഴാംക്ലാസ്‌ വരെ അവിടെത്തന്നെയാണ്‌ പഠിച്ചത്‌. എന്റെ മാതാപിതാക്കള്‍ അവിടുത്തെ അധ്യാപകരായിരുന്നു. പേപ്പര്‍മില്ലിന്റെ സമീപം സ്ഥിതിചെയ്യുന്നതിനാലാണ്‌ ഈ സ്കൂളിന്‌ പേപ്പര്‍മില്‍ സ്കൂള്‍ എന്നു പേരു വന്നത്‌. അക്കാലത്തെ ഗവര്‍മന്റ്‌ സ്കൂളുകള്‍ക്കുണ്ടായിരുന്ന പല സൗകര്യക്കുറവുകളും ഈ സ്കൂളിനും ഉണ്ടായിരുന്നു. ഓലമേഞ്ഞ രണ്ടു ഷെഡ്ഡുകള്‍. അരഭിത്തിമാത്രമുള്ള, ഓപ്പണ്‍ എയറായിക്കിടക്കുന്നവ. ഈ ഷെഡ്ഡുകളെ താഴത്തെ ഷെഡ്ഡെന്നും മുകളിലത്തെ ഷെഡ്ഡെന്നുമാണ്‌ അറിയപ്പെട്ടിരുന്നത്‌. താഴത്തെ ഷെഡ്ഡിലായിരുന്നു പ്രൈമറി ക്ലാസുകള്‍. ഇവിടെയായിരുന്നു ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്‌.

രണ്ടാമത്തെ ഷെഡ്ഡിനു മുമ്പില്‍ ഒരു മുറ്റം. അതായിരുന്നു ഞങ്ങള്‍ക്ക്‌ അസംബ്ലികൂടാനും, കളിക്കാനും, സ്പ്പോര്‍ട്ട്സ്‌ പ്രാക്ടീസിനും ഒക്കെയായുള്ള ഒരേയൊരു സ്ഥലം. ഈ മുറ്റത്തിനും അപ്പുറത്തായി സ്കൂളിന്റെ പ്രധാന കെട്ടിടം; ക്രീംകളറും പച്ചയും പെയിന്റടിച്ച ഗവര്‍മന്റ്‌ നിര്‍മ്മിതകെട്ടിടം. അവിടെയാണ്‌ ഹെഡ്മാസ്റ്റര്‍ സി.റ്റി. വര്‍ഗ്ഗീസ്‌ സാറിന്റെ ഓഫീസും, യൂ.പി. സ്കൂളിന്റെ ചില ക്ലാസുകളും പ്രവര്‍ത്തിച്ചിരുന്നത്‌. ഇതു കൂടാതെ മറ്റൊരു ചെറിയ കെട്ടിടവും ഉപ്പുമാവ്‌ പാചകം ചെയ്യാനുള്ള ഒരു ചെറിയ പാചകപ്പുരയും സ്കൂള്‍ കോമ്പൗണ്ടിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു.

ഷെഡ്ഡുകളുടെ അവസ്ഥ അന്ന് വളരെ പരിതാപകരമായിരുന്നു. അരഭിത്തി മാത്രമുള്ള ഈ ഷെഡ്ഡുകളില്‍ നല്ല വായു സഞ്ചാരം ഉണ്ടായിരുന്നുവെങ്കിലും, മഴക്കാലത്ത്‌ ഇവ ചോരും, കാറ്റുള്ളപ്പോള്‍ തൂവാനം അടിച്ച്‌ ക്ലാസിലേക്ക്‌ കയറ്റുകയും ചെയ്യും. പോരാത്തതിന്‌ വല്ലപ്പോഴുമൊക്കെ മേല്‍ക്കൂരയില്‍ വന്നിരിപ്പുറപ്പിക്കുന്ന കാക്കകളുടെ ശല്യവും. ഇവറ്റകള്‍ കുട്ടികളുടെ തലയില്‍ കാഷ്ടിക്കുന്നതു ശല്യമായിത്തീര്‍ന്നപ്പോള്‍ പേപ്പര്‍മില്‍ മാനേജ്‌മന്റ്‌ ഒരു സഹായം ചെയ്തു. നേരിയ ലോഹപ്പട്ടകള്‍ കൊണ്ട്‌, ഒരു ഗ്രില്ല് അരഭിത്തിക്കു മുകളില്‍ പതിച്ചുതന്നു.

പൊതുമരാമത്തു വകുപ്പിനായിരുന്നു സര്‍ക്കാര്‍ സ്കൂളുകള്‍ ഓലകെട്ടിമേയിക്കാനുള്ള ചുമതല അക്കാലത്ത്‌. പതിവു സര്‍ക്കാര്‍ പരിപാടികള്‍ പോലെ ഈ മേച്ചില്‍ പരിപാടി പലപ്പോഴും സമയത്തിനു പൂര്‍ത്തിയായിരുന്നില്ല. അങ്ങനെയുള്ള വര്‍ഷങ്ങളില്‍ ഇടവപ്പാതിക്ക് സ്കൂള്‍ തുറക്കുമ്പോള്‍ ക്ലാസുകള്‍ ചോര്‍ന്നൊലിക്കും. ആ വെള്ളത്തുള്ളികള്‍ക്കിടയില്‍ കുട്ടികള്‍ കലപിലകൂടും, അധ്യാപകരും അവിടെത്തന്നെ അവര്‍ക്കിടയില്‍ ഇടയ്ക്കൊക്കെ ശാസനയുമായി ഇരിക്കും. പിന്നീട്‌ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍നിന്ന് പിരിവെടുത്ത്‌ മേല്‍ക്കൂര ഓടാക്കി മാറ്റി. ഒന്നാം ക്ലാസുമുതല്‍ നാലുവരെയുള്ള ക്ലാസുകളില്‍ ബെഞ്ചോ ഡെസ്കോ ഉണ്ടായിരുന്നില്ല. ഞങ്ങളെല്ലാം തറയിലിരുന്നാണ് പഠിച്ചത്.

ക്ലാസുകള്‍ക്കിടയിലാണെങ്കില്‍ സ്ക്രീനുകളുമില്ല. പൊതുയോഗത്തിന്‌ ആളുകളിരിക്കുന്നതുപോലെ കുട്ടികള്‍ നിരന്നിരിക്കും, ഒരു ക്ലാസില്‍ നാല്‍പ്പതോ അന്‍പതോ കുട്ടികള്‍. സാറിന്‌ ഇരിക്കാന്‍ ഒരു സ്റ്റൂള്‍ അല്ലെങ്കില്‍ ആടുന്നതോ കാലൊടിയാറായതോ ആയ ഒരു കസേര. ചില ക്ലാസുകളില്‍ അതുമില്ലായിരുന്നു. A ആകൃതിയുലുള്ള ഒരു തടിസ്റ്റാന്റില്‍ ഉറപ്പിച്ചിരിക്കുന്ന കറുത്ത പെയിന്റടിച്ച ബോര്‍ഡില്‍ വെളുത്ത ചോക്കുപയോഗിച്ച്‌ അധ്യാപകന്‍ എഴുതുന്നത്‌ കല്ലുപെന്‍സില്‍കൊണ്ട്‌ സ്ലേറ്റിലേക്ക്‌ പകര്‍ത്തിയെഴുതും; എഴുതിയത്‌ മായിക്കാന്‍ മഷിത്തണ്ടു ചെടിയുടെ ഒരു തണ്ടോ അല്ലെങ്കില്‍ ഒരു കുഞ്ഞുകുപ്പിയില്‍ നിറച്ച വെള്ളമോ എപ്പോഴും കൈയ്യിലുണ്ടാവും.

സ്കൂള്‍ യൂണിഫോം പി.എം.ജിയിലെ കുട്ടികള്‍ക്ക് ഇല്ലായിരുന്നു. എന്നും ഇഷ്ടമുള്ള ഡ്രസ് ഇടാം. ഇടയ്ക്കൊരുവര്‍ഷം ക്രീം കളര്‍ ഷര്‍ട്ടും, പച്ചനിറത്തിലെ നിക്കര്‍ ആണ്‍കുട്ടികള്‍ക്ക് /പാവാട പെണ്‍കുട്ടികള്‍ക്ക് എന്നൊരു യൂണിഫോം നിലവില്‍ വന്നെങ്കിലും അധികകാലം അത് നീണ്ടുപോയില്ല. എന്നും രാവിലെ

"അഖിലാണ്‌ഡ മണ്‌ഠലമണിയിച്ചൊരുക്കി.....
അതിനുള്ളിനാന്ദ ദീപം കൊളുത്തി...."

എന്ന പ്രാര്‍ത്ഥനാ ഗാനത്തോടെയാണ്‌ സ്കൂള്‍ ആരംഭിച്ചിരുന്നത്‌. അതിനു മുമ്പ്‌ ഫസ്റ്റ്‌ ബെല്ലും, സെക്കന്റ്‌ ബെല്ലും തേര്‍ഡ്‌ ബെല്ലും അടിച്ചുകഴിഞ്ഞാലും, കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞപോലുള്ള കലപില അവസാനിച്ചിരുന്നില്ല. അവസാനം ഹെഡ്മാസ്റ്റര്‍ വര്‍ഗ്ഗീസ്‌ സാര്‍ ഒരു ചൂരലും കൈയ്യിലേന്തി എല്ലാ വരാന്തയിലൂടെയും ഒന്നോടി നടക്കും. അതോടെ സ്കൂളില്‍ "പിന്‍ ഡ്രോപ്‌ സയലന്‍സ്‌" ആവും. തുടര്‍ന്ന് ഒരു ബെല്ലടിക്കുകയും, പ്രാര്‍ത്ഥന ആരംഭിക്കുകയും ചെയ്യും. എല്ലാ ദിവസവും ഈ ഊരുചുറ്റല്‍ ഇല്ലാതെ പ്രാര്‍ത്ഥനയ്ക്കായി സ്കൂള്‍ നിശ്ശബ്ദമാവാറില്ലായിരുന്നു.


(രണ്ടാം ഭാഗം ഇവിടെ)

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP