അമ്മമാരുടെ വഴിയേ ഒരു യാത്ര

>> Sunday, May 13, 2007

പ്രിയ വായനക്കാരേ, അമ്മമനസ്സിലേക്ക്‌ സ്വാഗതം.....

ഞാന്‍ വഴികാട്ടി, നിങ്ങള്‍ക്കൊപ്പം നടക്കുന്ന മറ്റൊരു യാത്രികന്‍. നമ്മള്‍ ഒരു നീണ്ട യാത്രപോവുകയാണ്‌. കാലവും സമയവും അതിര്‍വരമ്പുകള്‍ തീര്‍ക്കാത്ത ഒരു യാത്ര. ഈ യാത്രയില്‍ ഇരുവശത്തും നിങ്ങള്‍ക്ക്‌ കുറേ ദൃശ്യങ്ങള്‍ കാണാം, അവിടെയുള്ളവര്‍ സംസാരിക്കുന്നതു കേള്‍ക്കാം, പക്ഷേ നിങ്ങളെ അവര്‍ക്കു കാണാനോ, നിങ്ങള്‍ പറയുന്നത്‌ അവര്‍ക്ക്‌ കേള്‍ക്കാനോ സാധിക്കില്ല. കാരണം അവ വെറും ദൃശ്യങ്ങള്‍ മാത്രം.....

പച്ചവിരിച്ച ഈ നെല്‍പ്പാടത്തിന്റെ നടുവിലൂടെ കടന്നുപോകുന്ന ഈ വരമ്പിലൂടെ നമുക്ക്‌ യാത്രയാരംഭിക്കാം. ഈ വഴിയുടെ അങ്ങേയറ്റം ഒരു ചെറിയവീട്‌ അതാ. അവിടെ, ഇറയത്തിരുന്ന് ഒരു യുവതി വിശ്രമിക്കുന്നതു കണ്ടോ? അവളാണ്‌ ശാലിനി. അവളിതുവരെ ഒരു അമ്മയായിട്ടില്ല, എന്നാല്‍ മനസ്സുകൊണ്ട്‌ അവള്‍ എട്ടുമാസം മുമ്പുതന്നെ അമ്മയായിക്കഴിഞ്ഞിരിക്കുന്നു. നിറഞ്ഞവയറില്‍ കൈകള്‍ വച്ചുകൊണ്ട്‌ അവള്‍ ഒരു പുഞ്ചിരിയോടെ ഇരിക്കുന്നതു നോക്കൂ. അവളുടെ ഉള്ളില്‍ വളരുന്ന കുഞ്ഞിന്റെ ചലനങ്ങള്‍ അവള്‍ക്ക്‌ അനുഭവിച്ചറിയാം..ഒരമ്മയാവുക....ഒരു സ്ത്രീയുടെ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യമെന്ന് അവളുടെ മുഖം വിളിച്ചുപറയുന്നില്ലേ..? കാറ്റുംകൊണ്ട്‌ നില്‍ക്കുവാന്‍ അധികം സമയമില്ല നമുക്ക്‌, അതുകൊണ്ട്‌ വരൂ, നടക്കാം.

ഒരു താരാട്ടുപാട്ടു കേള്‍ക്കുന്നുണ്ടല്ലോ...? ഓ..ഈ മുറിയില്‍നിന്നാണത്‌. ഒരമ്മ കുഞ്ഞിനെ മുലപ്പാലൂട്ടി പാട്ടുപാടി ഉറക്കുകയാണ്‌. ആ കുഞ്ഞ്‌ എത്ര സുരക്ഷിത ബോധത്തോടെയാണ്‌ അമ്മയുടെ മാറിലെ ചൂടുംപറ്റിയുറങ്ങുന്നത്‌! അമ്മ പാട്ടിലൂടെ തന്റെ മനസ്സുതുറക്കുന്നതു കേള്‍ക്കൂ.

"ആറ്റുനോറ്റുണ്ടായൊരുണ്ണി
അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി
അമ്പോറ്റിക്കണ്ണന്റെ മുമ്പില്‍
അമ്മ കുമ്പിട്ടുകിട്ടിയ പുണ്യം
ചോടൊന്നുവയ്ക്കുമ്പോളമ്മയ്ക്കു നെഞ്ചില്‍
കുളിരാം കുരുന്നാകുമുണ്ണീ........."

കുഞ്ഞുറങ്ങിക്കോട്ടെ..നമുക്കു പോകാന്‍ സമയമായി.

ഇതൊരു റെയില്‍വേ സ്റ്റേഷനാണ്‌. രാത്രിയായതിനാല്‍ വെളിച്ചം കുറവാണ്‌. അങ്ങേയറ്റം ആ മരച്ചുവട്ടിലെ നിഴലില്‍മറഞ്ഞ്‌ നില്‍ക്കുന്ന സ്ത്രീയെ അറിയ്‌വോ? ഓര്‍മ്മയില്ലേ, മൃതോത്ഥാനത്തിലെ സെല്‍വിയെ? മുത്തുവിന്റെ അമ്മ സെല്‍വി? പാവം മുത്തു, മൂന്നുവയസ്സുകാരന്‍. അവന്‍ ഇവിടെയിതാ ഈ പഴന്തുണിക്കെട്ടില്‍ ഉറങ്ങുന്നു. സെല്‍വിയവിടെ നിന്നോട്ടെ, ജീവിക്കാനും, കുഞ്ഞിനെപ്പോറ്റാനും അവള്‍ കണ്ടവഴിയതാണ്‌.

ഈ വീട്ടില്‍ ആകെ ഒരു ബഹളമാണല്ലോ? കുട്ടികള്‍ സ്കൂളില്‍ പോകാനൊരുങ്ങുകയാണ്‌. സുമ രാവിലെ അഞ്ചുമണിക്കുണര്‍ന്നതാണ്‌.ഓടിനടന്ന് പ്രാതല്‍ തയ്യാറാക്കി. കുട്ടികളെ കുളിപ്പിക്കുന്ന തെരക്കിലാണിപ്പോള്‍. കുളിപ്പിക്കലും, ഒരുക്കലും, മുടിചീവലും എല്ലാം അമ്മതന്നെ ചെയ്യണം. അതാണീ ബഹളം. ഓ.. സ്കൂള്‍ ബസ്‌ വന്നുകഴിഞ്ഞല്ലോ. സുമ കുട്ടികളേയും വലിച്ചുകൊണ്ടോടിക്കഴിഞ്ഞു....!!

സുഹൃത്തേ, എന്താ മുഖം ചുളിക്കുന്നത്‌ ഉരുകുന്ന ടാറിന്റെ ഗന്ധവും പുകയുമേറ്റിട്ടാണോ? റോഡുപണി നടക്കുകയല്ലേ, ഇതൊക്കെ സാധാരണം. സാരമില്ല, നമുക്ക്‌ ഒരാളെ കണ്ടിട്ട്‌ പെട്ടന്നുതന്നെ ഇവിടുന്നുപോകാം. പുകയ്ക്കും പൊടിയ്ക്കുമുള്ളിലൂടെ പാറക്കഷണങ്ങള്‍ നിറച്ച കുട്ടയും തലയിലേറ്റി ഒരു സ്ത്രീ പോകുന്നതുകണ്ടോ? തമിഴത്തിയാണ്‌. അവളുടെ കുഞ്ഞാണ്‌ ഇവിടെ ഈ മണ്‍കൂനയില്‍ മുട്ടിലിഴഞ്ഞുനടക്കുന്ന ശിശു. പാവം, ഒരു കീറിയ കുഞ്ഞുടുപ്പും ഇട്ട്‌, ഈ പൊടിയും തിന്ന് കഴിയുന്ന ഇവന്‍ അമ്മയെ നോക്കിയിരിക്കുകയാണെന്ന് കണ്ടാലറിയാം. "വിശക്കുന്നമ്മേ....ഓടിവാ.." എന്ന ഭാവം കണ്ണുകളിലില്ലേ? എന്തുചെയ്യാം? വൈകിട്ട്‌ അടുപ്പുപുകയാന്‍ ഈ അമ്മ അധ്വാനിച്ചെങ്കിലേ പറ്റൂ. വരിക.

ഇതെന്താ ഇപ്പോ ഒരു മഴ? വന്നുവന്ന് മഴയ്ക്ക്‌ നേരവും കാലവുമൊന്നുമില്ലാണ്ടായിരിക്കുന്നു. ഈ കുട്ടികളെന്താ കാറ്റും മഴയുമൊന്നും കാര്യമാക്കതെ നനഞ്ഞുകൊണ്ടോടുന്നത്‌? "ഉണ്ണീ...വേഗം കയറിവാ..." ആരോ അവരെ വിളിക്കുന്നുണ്ടല്ലോ? ഉണ്ണീടെ അമ്മയാണ്‌. "എന്റെ ഉണ്ണീ...എത്രപ്രാവശ്യം നിന്നോടു പറഞ്ഞിട്ടുള്ളതാ മഴനനഞ്ഞ്‌ നടക്കരുതെന്ന്? എളുപ്പം വാ, അമ്മ തല തോര്‍ത്തിതരാം.....ജലദോഷം പിടിക്കും" കണ്ടോ? ഉണ്ണിയ്ക്ക്‌ എത്ര വാല്‍സല്യത്തോടെയാണ്‌ അമ്മ തല തുവര്‍ത്തി, കുരുമുളകു പൊടിച്ചത്‌ തലയില്‍ തിരുമ്മിക്കൊടുക്കുന്നതെന്ന്.

ഉച്ചനേരത്ത്‌ ആരോ പടികടന്നു വരുന്നുണ്ടല്ലോ. നാടോടികളാണെന്ന് തോന്നുന്നു. പതിവുപല്ലവിതന്നെയാവും. വെള്ളപ്പൊക്കം, കിടപ്പാടം ഒലിച്ചുപോയി, സഹായിക്കണം. ഓ...ഒക്കത്തൊരു കുഞ്ഞുമുണ്ട്‌. മൂക്കളയും ഒലിപ്പിച്ച്‌, വഴിയരികിലെവിടെയോനിന്ന് കിട്ടിയ പൊട്ടിയ കളിപ്പാട്ടത്തിന്റെ കഷണവും പിടിച്ചൊരു കൊച്ചു ചെക്കന്‍. "അമ്മാ...കൊളന്തയ്ക്ക്‌ പശിക്കിതമ്മാ..". ഉണ്ണിയുടെ അമ്മ കൊടുത്ത ചോറ്‌ കുഞ്ഞിന്‌ സംതൃപ്തിയോടെ വാരിക്കൊടുക്കുകയാണമ്മ. കാക്കയ്ക്കും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌..അല്ലേ?

ജാന്‍സി ഇന്ന് ഗള്‍ഫിലേക്ക്‌ തിരിച്ചുപോവുകയാണ്‌. നേഴ്സായിട്ട്‌ ജോലിചെയ്യുകയാണവളവിടെ. ഭര്‍ത്താവിന്‌ മറ്റൊരു സ്ഥലത്താണ്‌ ജോലി. ആദ്യപ്രസവത്തിനായി വന്നതാണ്‌ ലിസി. അവളുടെ അമ്മയുടെ കൈയ്യിലിരിക്കുന്ന ഒരുമാസം പ്രായമായ കുഞ്ഞിനെക്കണ്ടോ? അതാണവളുടെ കുഞ്ഞ്‌. കുഞ്ഞിനെ അച്ഛനമ്മമാരെ ഏല്‍പ്പിച്ചിട്ട്‌ വിങ്ങുന്ന ഹൃദയത്തോടെ ജാന്‍സി വീണ്ടും ജോലിസ്ഥലത്തേക്ക്‌ യാത്രയാകുന്നു, വീണ്ടും ഒരുവര്‍ഷത്തിനുശേഷം കുഞ്ഞിനെ കാണാം എന്ന പ്രതീക്ഷയോടെ. ജീവിതം ഒന്നു കരുപ്പിടിപ്പിക്കാന്‍ എന്തെല്ലാം പ്രയാസങ്ങള്‍!!

ലക്ഷ്മിടീച്ചര്‍ വരുന്നുണ്ട്‌. ദൂരെ ഒരു സ്കൂളിലാണു ടീചര്‍ ജോലിചെയ്യുന്നത്‌. ടീച്ചര്‍ പറഞ്ഞുകൊടുക്കുന്ന പാഠങ്ങള്‍ എല്ലാക്കുട്ടികള്‍ക്കും ഒന്നുപോലെ പ്രിയമാണ്‌. പാവം ടീച്ചര്‍, ഇത്രയും ദൂരെനിന്ന് ബസില്‍ യാത്രചെയ്ത്‌, പിന്നെയും ഒന്നര കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തുമ്പോഴേക്ക്‌ നേരം സന്ധ്യയാവും. ഇനിയും ജോലികള്‍ ബാക്കിയുണ്ട്‌, ഭക്ഷണം വയ്ക്കണം, മറ്റു വീട്ടുജോലികളൊക്കെയൊന്നു ഓടിച്ചുചെയ്യണം. ഈ ജോലികളെല്ലാം ചെയ്തു ക്ഷീണിക്കുമ്പോഴും റ്റീച്ചര്‍ക്ക്‌ മനസ്സില്‍ സന്തോഷമാണ്‌. ഒരു കൈ സഹായത്തിന്‌ ഭര്‍ത്താവും കുട്ടികളും സഹായത്തിനു വരുമല്ലോ! അതുമതി.

സുഹറാബി ഇതുവരെ ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു. മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം കാണുന്നില്ലേ? കട്ടിലില്‍ കിടക്കുന്ന അബൂനെ കണ്ടോ? അവരുടെ മകനാ, നാലാം ക്ലാസില്‍ പഠിക്കുന്നു. ഒരാഴ്ചയായി പനിപിടിച്ച്‌ കിടപ്പാണ്‌. മരുന്നുകൊടുത്തു, എന്നാലും ഇടയ്ക്കൊക്കെ നന്നായി പനിക്കുന്നു. അങ്ങനെവരുമ്പോഴൊക്കെ തുണിനനച്ച്‌ നെറ്റിയിലിടാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്‌. കുഞ്ഞ്‌ പനിപിടിച്ച്‌ കിടക്കുമ്പോള്‍ പെറ്റതള്ളയ്ക്കെങ്ങനെ സമാധാനമായിട്ടുറങ്ങാന്‍ കഴിയും?

മനു കോളേജില്‍ നിന്നെത്തിയല്ലോ? ബസിന്റെ ഫുട്ബോര്‍ഡില്‍ ഞാന്നുകിടാണ്‌ വന്നിരിക്കുന്നേ. അവനെ കുറ്റം പറയുന്നതെങ്ങനെ? അഞ്ചുമണിക്ക്‌ ടൗണിനിന്നു പുറപ്പെടുന്ന "പുലരി" ബസില്‍ കയറിയില്ലെങ്കില്‍ നടപ്പുതന്നെ ശരണം. ഈ വഴിയിലൂടെ കടന്നുപോകുന്ന അവസാന ബസ്സാണത്‌. ദാ വന്നുകയറിയപ്പോഴേ "വിശക്കുന്നമ്മേ" എന്ന വിളിയുമായി, അടുക്കളയിലേക്ക്‌ കയറിക്കഴിഞ്ഞു. രാവിലെ അമ്മ വാട്ടിയ വാഴയിലയില്‍ കെട്ടിക്കൊടുത്തയച്ച ചോറും, ചമ്മന്തിയും, മുട്ടപൊരിച്ചതും ഉച്ചയ്ക്ക്‌ ഭക്ഷിച്ചതൊക്കെ ദഹിച്ചിരിക്കുന്നു, അമ്മയ്ക്കതറിയാം. പലഹാരങ്ങളും ചായയും മനൂന്‌ കൊടുത്തിട്ട്‌ ഒരു പുഞ്ചിരിയോടെ അടുത്തുനിന്ന് അമ്മ വിശേഷങ്ങള്‍ ചോദിക്കുന്നതുകണ്ടോ?

നടന്നുമടുത്തോ? അല്‍പ ദൂരംകൂടി പോകേണ്ടതുണ്ടു സ്നേഹിതാ, ക്ഷമിക്കുക. അതാ, ആ പീടികത്തിണ്ണയിലിരുന്ന് തുണികള്‍ തുന്നുന്ന യുവതിയെ കണ്ടോ? അവളാണ്‌ സുബി. ഇരുപത്തേഴ്‌ വയസ്സേ ആയുള്ളൂ. ഒരുകുട്ടിയുമുണ്ടവള്‍ക്ക്‌. വിധി അവളെ ഒരു വിധവയാക്കി, ഇക്കഴിഞ്ഞവര്‍ഷം. മനുഷ്യജീതം...വയലിലെ പുല്ലുപോലെയേ ഉള്ളൂ. വയസ്സായ അച്ഛന്‍, അസുഖം ബാധിച്ച അമ്മ. ഒരു കൊച്ചുകുട്ടിയുമുണ്ട്‌. ചെലവുകഴിയേണ്ടേ? അതിനാണീ തയ്യല്‍ക്കാരിയുടെ വേഷം അവളണിഞ്ഞിരിക്കുന്നത്‌.

ഓ...ഞാനത്‌ പറയാന്‍ മറന്നു. ഇന്ന് റീനിയുടെ കല്ല്യാണമായിരുന്നു. ഇതാ ചടങ്ങുകളെല്ലാം കഴിഞ്ഞ്‌ വധൂവരന്മാര്‍ യാത്രയാവുന്നു. കാറിന്റെ അടുത്തായി ഇളം കളറിലുള്ള സാരിയുടുത്തു നില്‍ക്കുന്നതാണ്‌ റീനിയുടെ അമ്മ. ഈ സന്തോഷത്തിനിടയിലും ആ അമ്മ കരയുന്നതുകണ്ടോ? സന്തോഷാശ്രുക്കളാണ്‌. ഇരുപത്തിരണ്ടുകൊല്ലക്കാലം, കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച കുഞ്ഞിനെ സുരക്ഷിതമായി ഒരാണിന്റെ കൈയ്യിലേല്‍പ്പിച്ചതിന്റെ നിര്‍വൃതി.

ഈ വീടേതാണെന്നറിയാമോ? നമ്മുടെ റഷീദിന്റെ വീടാണിത്‌. ദുബായിലുള്ള റഷീദേ. ഇവിടെയാകെയൊരു ആഘോഷത്തിന്റെ മട്ടു കണ്ടോ? എന്താണെണറിയ്യ്യോ? ഇന്ന് റഷീദും കുടുംബവും അവധിക്ക്‌ വരുകയാണ്‌. മക്കളേയും കൊച്ചുമക്കളേയും സ്വീകരിക്കാനുള്ള ആവേശത്തിലാണ്‌ ഉമ്മയും ബാപ്പയും. നമ്മള്‍ യഥാസമയത്തു തന്നെയാണ്‌ എത്തിയത്‌. ദാ..എയര്‍പോര്‍ട്ടില്‍നിന്നും കാറെത്തിയല്ലോ. ഉമ്മ ഓടിപ്പോയി റഷീദിന്റെ നാലുമാസം പ്രായമായ മകനെ കൈയ്യിലേക്ക്‌ വാങ്ങി തുരുതുരെ ഉമ്മവയ്കുന്നതു കണ്ടോ? കൊച്ചുമകനെ ആദ്യമായിക്കാണുന്ന ഒരു വല്ല്യുമ്മായുടെ സന്തോഷം! സന്തോഷിക്കട്ടെ, ഇനി മുപ്പതുദിവസങ്ങള്‍ ഈ വീട്ടില്‍ ഉത്സവംതന്നെ. അതിനുശേഷം മകനും കുടുംബവും തിരിച്ചുപോകുമ്പോള്‍ തോരാത്ത കണ്ണുമായി ആ ഉമ്മാ അവരെ യാത്രയാക്കും.

ഇതാരാണീ റോഡില്‍ വഴിയൊഴിച്ചിടാതെ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത്‌? ഓ...ലിറ്റിയും റോസിയുമാണ്‌. ഫോര്‍ഡ്‌ ഐക്കണും ചാരിനില്‍ക്കുന്നതാ ലിറ്റി. സാന്റ്രോയുടെ ഉള്ളിലിരിക്കുന്നത്‌ റോസി. രണ്ടുപേരും മമ്മിമാരാണു കേട്ടോ, അമ്മമാരല്ല. ഒന്നര വയസ്സായ കുട്ടികളെ ബേബി സിറ്റിങ്ങില്‍ ഇരുത്തിയിട്ട്‌ കറങ്ങാനിറങ്ങിയതാണീ മമ്മികള്‍. കുട്ടികളെ കൂടെക്കൊണ്ടുനടക്കുന്നത്‌ അസൗകര്യവും, ബുദ്ധിമുട്ടുമാണീ മമ്മികള്‍ക്ക്‌. ബ്രസ്റ്റ്‌ ഫീഡിംഗ്‌ ചെയ്തിട്ടേയില്ലാത്ത, നേഴ്സറിക്ലാസില്‍ത്തന്നെ മക്കളെ ഐ.എ.എസ്‌ കാരാക്കണം എന്ന നിര്‍ബന്ധബുദ്ധിയുള്ള ആധുനിക മമ്മികള്‍. രണ്ടുപേര്‍മു ധൃതിപ്പെട്ട്‌ കാറുകള്‍ സൈഡിലേക്ക്‌ മാറ്റുന്നുണ്ടല്ലോ, എന്താണാവോ കാരണം?


ഓ...ഉരളും വലിച്ചുകൊണ്ട്‌ രണ്ട്‌ ഒട്ടിച്ചികള്‍ വരുന്നുണ്ട്‌. അവര്‍ വലിക്കുന്ന ഉരള്‍ കാറിലെങ്ങാനും ഉരസുമെന്നു പേടിച്ചിട്ടാണ്‌ മമ്മികള്‍ പെട്ടന്നു കാര്‍ മാറ്റിയത്‌. ഈ തമിഴത്തികളുടെ പുറത്ത്‌ ഒരു ഭാണ്ഡത്തില്‍ ബന്ധിച്ച്‌ ഒരോ രണ്ടുവയസ്സുകാരന്മാര്‍ സവാരിചെയ്യുന്നതു നോക്കുക. ഈ പൊരിവെയിലില്‍, ഉരലിന്റെ ഭാരവുംവലിച്ചുനീങ്ങുന്ന നഗ്നപാദരായ ഈ അമ്മമാര്‍ക്ക്‌ കുട്ടികളെ കൂടെക്കൊണ്ടുനടക്കാതെ മറ്റു നിവൃത്തിയില്ലല്ലോ?

ഈ പറമ്പിലൂടെ കയറി അപ്പുറത്തിറങ്ങിയാല്‍ സ്നേഹഭവനിലെത്താം. ഈ പറമ്പും വീടും പരിചയമുണ്ടോ? നമ്മുടെ ശങ്കരേട്ടന്റെ അമ്മയാണിവിടെ താമസിക്കുന്നത്‌. മക്കളും മരുമക്കളുമൊക്കെ മറ്റുസ്ഥലങ്ങളില്‍ ജോലിചെയ്യുകയാണ്‌. അമ്മയെ കൂടെ കൊണ്ടുപോകാന്‍ അവര്‍ തയ്യാറുമാണ്‌. പക്ഷേ അമ്മയ്ക്ക്‌ ഈ വീടും പറമ്പും വിട്ടെങ്ങും പോകാന്‍ മനസ്സില്ല. അതിനാല്‍ ഒറ്റയ്ക്കിവിടെ താമസിക്കുന്നു. ദാ..അവിടെ ഇറയത്ത്‌ അമ്മ ഇരിക്കുന്നുണ്ട്‌.

നടന്നുനടന്ന് സ്നേഹഭവനിലെത്തിയല്ലോ? അന്ധാളിക്കേണ്ടാ....വൃദ്ധസദനം തന്നെ. വെളിച്ചമല്‍പം കുറവുള്ള ഈ മുറിയില്‍ ഇരിക്കുന്ന കുറേ അമ്മമാരെക്കണ്ടോ? ആദ്യം ഇരിക്കുന്നത്‌ കാര്‍ത്യായനിയമ്മാ. അതിനടുത്തത്‌ ത്രേസ്യാമ്മച്ചി, അതിനടുത്തത്‌ സുലോചനേടത്തി. എല്ല്ലാരുടേയും മക്കള്‍ വിദേശങ്ങളിലാ. മക്കള്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ട ഹതഭാഗ്യരും കൂട്ടത്തിലുണ്ട്‌. ഒരു കണക്കിന്‌ വീട്ടില്‍ നോക്കാനാരും ഇല്ലെങ്കില്‍ എന്തുചെയ്യും? ത്രേസ്യാമ്മച്ചിക്ക്‌ തീരെ മനസ്സില്ലായിരുന്നു ഇവിടെ വരാന്‍. അമേരിക്കയിലുള്ള മകന്‍ നിര്‍ബന്ധമായി കൊണ്ടാക്കിയതാ അമ്മച്ചിയെ ഇവിടെ. പഴയകാല ഓര്‍മ്മകളും അയവിറക്കി ഇപ്പോള്‍ ഇവിടെ സമയം പോക്കുന്നു. ഇതു സ്നേഹഭവനിലെ പ്രാര്‍ത്ഥനാ മന്ദിരം. മൂന്ന് അമ്മമാര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടവിടെ. മൂന്നു മത വിശ്വാസങ്ങളില്‍പെട്ടവരാണെങ്കിലും പ്രാര്‍ത്ഥിക്കുന്നത്‌ ഒരേ ആവശ്യം തന്നെ, മക്കളുടെ നന്മ.

സന്ധ്യയായിരിക്കുന്നു. ദാ, നമുക്ക്‌ തിരിച്ചു പോകാനുള്ള വഴിയെത്തി. അതിനു മുമ്പ്‌ ഒരുവീട്ടില്‍ക്കൂടി കയറാനുണ്ട്‌. ഈ തറവാട്ടുവീട്ടില്‍ കുറേ ആളുകള്‍ കൂടിനില്‍ക്കുന്നതു കണ്ടോ? ഒരു മരണം നടന്നിരിക്കുന്നു ഇവിടെ, അല്‍പം മുമ്പ്‌. തൊണ്ണൂറു വയസ്സായ ഒരു അമ്മച്ചി കടന്നുപോയി. "ഭാഗ്യമരണം", മക്കളേയും അവരുടെ പേരക്കുട്ടികളേയും വരെ കണ്ടു, ആരോഗ്യത്തോടെ ഇത്രയും കാലം ഇരുന്നു. ഇളയമകനും കുടുംബവുമൊത്ത്‌ അന്ത്യകാലം വരെ സന്തോഷകരമായ ജീവിതം. ഇതില്‍പ്പരം എന്തു ഭാഗ്യമാണ്‌ ഒരു മാതാവിന്‌ ലഭിക്കാവുന്നത്‌. കത്തുന്ന മെഴുകുതിരികള്‍ക്കു നടുവില്‍ ശുഭ്രവസ്ത്രങ്ങള്‍ ധരിച്ച്‌ ശാന്തമായി ആ അമ്മ ഉറങ്ങുന്നതു നോക്കുക.

ഈ അമ്മയ്ക്ക്‌ വിടനല്‍കി,വന്നാലും സ്നേഹിതാ, നമുക്ക്‌ പിരിയാന്‍ സമയമായി.

ഉം...മിനിക്കുട്ടി നേഴ്സറിയില്‍ ഇന്നു പഠിച്ചപാട്ട്‌ പാടുന്നുണ്ടല്ലോ?

"ഓടിയെത്തും നേരമെന്നെ ഓമനിക്കും അമ്മ,
പാലുതരും പീപ്പിതരും പാവതരും അമ്മ
കുഞ്ഞുടുപ്പു തുന്നിത്തരും പൊട്ടുതൊടുവിക്കും
കുഞ്ഞിക്കഥ ചൊല്ലിത്തരും എന്നുമെന്റെ അമ്മ
അമ്മയാണീ പാരിടത്തില്‍ എന്നുമെന്റെ ദൈവം,
അമ്മയെ മറക്കുമോ ഞാന്‍ ജീവനുള്ള കാലം....."

ഹേയ്‌... പോകുന്നതിനു മുമ്പ്‌ ഒന്നു ചോദിച്ചോട്ടേ, നമ്മള്‍ നടന്ന വഴിയിലെവിടെയെങ്കിലും നിങ്ങളുടെ അമ്മയെ നിങ്ങള്‍ കണ്ടുവോ? കണ്ടുവെങ്കില്‍ ഈ യാത്ര ധന്യതയുള്ളതായി. വീണ്ടും കാണാം.

18 comments:

അപ്പു ആദ്യാക്ഷരി May 13, 2007 at 9:40 AM  

ഞാന്‍ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുള്ള അമ്മമാര്‍ക്ക് വേണ്ടി, ഒരു പുതിയ പോസ്റ്റ്.

സ്നേഹപൂര്‍വ്വം,
അപ്പു.

Rasheed Chalil May 13, 2007 at 10:14 AM  

അപ്പൂ ഈ പോസ്റ്റിന് ഒരു പാട് നന്ദി. അമ്മമാരുടെ വ്യത്യസ്ത മുഖങ്ങള്‍... ഭാവങ്ങള്‍... അമ്മയെന്ന സുകൃതത്തെ സുന്ദരമായി വരച്ച് കാണിക്കുന്ന താങ്കളുടെ വാക്കുകള്‍‍.

സന്യാസത്തിന്റെ ഔന്നത്യത്തിലെത്തിയ ശ്രീ ശങ്കരാചാര്യരോട് അമ്മ ചോദിച്ച ഒരു ചോദ്യമുണ്ട്. ‘എനിക്ക് നീയെന്ത് പകരം നല്‍കും’ എന്ന ചോദ്യത്തിന് ‘ദൈവത്തേ സ്തുതിക്കാനല്ലാതെ അങ്ങയുടെ സേവനത്തിന് പകരം നല്‍കാനൊന്നുമില്ലന്ന്‘ ആചാര്യന്‍ നല്‍കിയ മറുപടിയാണ് അമ്മയെന്ന
സുകൃതത്തിന് പകരം നല്‍കാനാവുക.

അമ്മയുടെ പാദത്തിന്നടിയിലാണ് സ്വര്‍ഗ്ഗം എന്ന പ്രവാചകവചനവും, അവരോട് ‘ഛെ..’ എന്ന് പോലും പറയരുതേ എന്ന ഖുര്‍‌ആന്‍ വാക്യവും... അനുസ്മരിക്കുന്നു.

അഭിനന്ദങ്ങള്‍...

സുല്‍ |Sul May 13, 2007 at 10:22 AM  

അപ്പു
അമ്മമാരെക്കുറിച്ച് ഇങ്ങനെ ഒരു പോസ്റ്റ് തയ്യാറാക്കിയ അപ്പുവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. നമ്മള്‍ കണ്ണുകൊണ്ട് കണ്ടതും കാണാത്തതും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നതുമായ അമ്മമാരുടെ ഒരു കൂട്ടം. നന്നായിരിക്കുന്നു അപ്പു.
“അമ്മിയെന്നാലരകല്ല്
അമ്മയെന്നാലമ്മിഞ്ഞകല്ല്”
ചെറുപ്പകാല്‍ത്ത് നുണഞ്ഞ അമ്മിഞ്ഞയുടെ മാധുര്യം ഒരിക്കലും മറക്കാതിരിക്കട്ടെ.

-സുല്‍

മുസ്തഫ|musthapha May 13, 2007 at 10:44 AM  

"...ഇതു സ്നേഹഭവനിലെ പ്രാര്‍ത്ഥനാ മന്ദിരം. മൂന്ന് അമ്മമാര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടവിടെ. മൂന്നു മത വിശ്വാസങ്ങളില്‍പെട്ടവരാണെങ്കിലും പ്രാര്‍ത്ഥിക്കുന്നത്‌ ഒരേ ആവശ്യം തന്നെ, മക്കളുടെ നന്മ..."

എല്ലാവരും കേട്ടിട്ടുള്ള ഒരു കഥ ഇവിടെ ചേര്‍ത്തു വെക്കട്ടെ... ദുഷ്ടനായ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കാനായ് പോകുന്ന വഴിയില്‍ എന്തിലോ ഉടക്കി വീഴാന്‍ പോയപ്പോള്‍ ‘ഹയ്യോ എന്‍റെ മകന്‍...’ എന്ന് ആ അമ്മയുടെ മാംസകഷ്ണം വിലപിച്ചു പോലും. അതെ, അതു തന്നെയാണ് അമ്മ.

അപ്പു വളരെ നന്നായി ഈ പോസ്റ്റ്... അമ്മയെന്ന പുണ്യത്തിന്‍റെ വ്യത്യസ്ഥഭാവങ്ങള്‍ ഉള്ളിലേക്കാഴ്ന്നിറങ്ങുന്ന വിധത്തില്‍ പകര്‍ത്തിവെച്ചിരിക്കുന്നു... അഭിനന്ദനങ്ങള്‍ അപ്പു... വളരെ നല്ല ഉദ്യമം.

ഒരമ്മയേയും കഷ്ടപ്പെടാതിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ!

സാരംഗി May 13, 2007 at 11:04 AM  

വളരെ നല്ല ഒരു യാത്ര അപ്പൂ. പലതരം അമ്മമാരെയും കൂട്ടത്തില്‍ എന്റെ അമ്മയേയും കണ്ടു. സന്തോഷം പങ്കിടാന്‍ ധാരാളം പേര്‍ കാണും, എന്നാല്‍ ദു:ഖത്തില്‍ ഒരു തുള്ളി കണ്ണുനീര്‍ നമുക്കായി കാത്തുവയ്ക്കുന്നത്‌ അമ്മ മാത്രവും!

ശാലിനി May 13, 2007 at 11:30 AM  

അപ്പൂ, ഇന്നെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്. എത്ര നന്നായിട്ടെഴുതിയിരിക്കുന്നു. ഞാനൊരമ്മയാണെങ്കിലും എന്റെ അമ്മയേയും വല്യമ്മച്ചിയേയും ഭര്‍ത്താവിന്റെ അമ്മയേയുമാണ് ആദ്യം ഓര്‍ത്തത്. പിന്നെ പരിചയമുള്ള പല അമ്മമാരും ഓര്‍മ്മയിലെത്തി, അവരൊക്കെ അപ്പുവിന്റെ ഈ പോസ്റ്റിലുണ്ടായിരുന്നു. നന്ദി.

Praju and Stella Kattuveettil May 13, 2007 at 11:48 AM  

അപ്പു.. വളരെ നന്നായിരിക്കുന്നു... ഒരുപാട്‌ വഴികളില്‍ കൂടി ശരിക്കും സഞ്ചരിച്ച പ്രതീതി...

asdfasdf asfdasdf May 13, 2007 at 11:58 AM  

അപ്പൂസ്, പോസ്റ്റ് ഇഷ്ടമായി. അമ്മയെന്ന സുകൃതത്തെ ഉദാത്തമായി ചിത്രീകരിക്കുന്നു താങ്കളുടെ വരികള്‍. ഇങ്ങനെയെങ്കിലും ആ സ്നേഹം അനുഭവിക്കാനാവുന്നതില്‍ ഒരു പാട് സന്തോഷിക്കുന്നു.

വിചാരം May 13, 2007 at 12:05 PM  

ഓ...ഉരളും വലിച്ചുകൊണ്ട്‌ രണ്ട്‌ ഒട്ടിച്ചികള്‍ വരുന്നുണ്ട്‌. അവര്‍ വലിക്കുന്ന ഉരള്‍ കാറിലെങ്ങാനും ഉരസുമെന്നു പേടിച്ചിട്ടാണ്‌ മമ്മികള്‍ പെട്ടന്നു കാര്‍ മാറ്റിയത്‌. ഈ തമിഴത്തികളുടെ പുറത്ത്‌ ഒരു ഭാണ്ഡത്തില്‍ ബന്ധിച്ച്‌ ഒരോ രണ്ടുവയസ്സുകാരന്മാര്‍ സവാരിചെയ്യുന്നതു നോക്കുക. ഈ പൊരിവെയിലില്‍, ഉരലിന്റെ ഭാരവുംവലിച്ചുനീങ്ങുന്ന നഗ്നപാദരായ ഈ അമ്മമാര്‍ക്ക്‌ കുട്ടികളെ കൂടെക്കൊണ്ടുനടക്കാതെ മറ്റു നിവൃത്തിയില്ലല്ലോ?
സാമൂഹിക പ്രസക്തിയുള്ള വരികള്‍
നല്ല പോസ്റ്റ്
---------------------
ഇന്ന് അമ്മമാര്‍ ഏറ്റവും കൂടുതല്‍ കരയുന്നത് മതത്തിന്‍റെ ലഹരിയില്‍ വര്‍ഗ്ഗീയവാദികളും ഭീകരവാദികളുമായി പെറ്റ തള്ളമാരെ പോലീസിന്‍റെ ഇടി വാങ്ങിപ്പിക്കുന്ന മക്കളെ ഓര്‍ത്താണ്, മറ്റുള്ളവരെ എങ്ങനെ നശിപ്പിക്കണമെന്നാലോചിക്കുന്ന രാഷ്ട്രീയക്കാരും അവരുടെ പിന്നണികളും ഒത്തിരി അമ്മമാരെ കരയിപ്പിക്കുന്നുണ്ട്

അപ്പു ആദ്യാക്ഷരി May 13, 2007 at 2:04 PM  

ഇത്തിരീ..നന്ദി. അതേ, അമ്മയ്ക്കുപകരമാവാന്‍ മറ്റൊന്നിനും കഴിയില്ല.

സുല്ലേ, നന്ദി.

അഗ്രജന്‍, ഈ കഥ ഓര്‍മ്മിപ്പിച്ചതിനു നന്ദി.

സാരംഗീ, ശരിയാണ്‌, മക്കളുടെ ദുഃഖം അതേപടി ഉള്‍ക്കൊള്ളാന്‍ ഒരമ്മയ്ക്കേ കഴിയൂ.

ശാലിനീ, നന്ദി, പല കഥാപാത്രങ്ങളെയും പരിചയമുണ്ടെന്നറിഞ്ഞതില്‍ പ്രത്യേകിച്ചും.

മേനോനേ... താങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

തരികിട..നന്ദി.

വിചാരം, വര്‍ഗ്ഗീയലഹളകളും, രാഷ്ട്രീയ സംഘട്ടനങ്ങളും നടക്കുമ്പോള്‍ നഷ്ടപ്പെടുന്നതും അമ്മമാര്‍ക്കുതന്നെ "മക്കളെ". അഭിപ്രായത്തിനു നന്ദി.

അപ്പൂസ് May 13, 2007 at 2:30 PM  

അപ്പുവേട്ടാ ഒരു പാടു നന്ദി..
ആറ്റുനോറ്റുണ്ടായൊരുണ്ണി..
പോസ്റ്റ് ചെയ്തിട്ടുണ്ട്..
അതു പാടുമ്പോള്‍ അപ്പൂസ് അമ്മയെക്കുറിച്ചോര്‍ക്കുകയായിരുന്നു.
കൈവളരുന്നതും കാല്‍ വളരുന്നതും നോക്കിയിരുന്ന് ഇത്രയൊക്കെയെത്തിച്ചിട്ടും, ഒരിറ്റു സന്തോഷം ആ അമ്മയ്ക്കു നല്‍കാന് അപ്പൂസിനു കഴിയാത്തതെന്തെന്നു സ്വയം ചോദിക്കുകയായിരുന്നു.
അമ്മമാരില്ലായിരുന്നെങ്കില്‍ നമ്മുടെ ഒക്കെ ഉള്ളില്‍ ഒരിറ്റെങ്കിലും നന്മ ഉണ്ടാകുമായിരുന്നോ എന്ന് ചിന്തിക്കുകയായിരുന്നു..
സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്കി, കാലത്തിനറ്റത്തു പോയി, ഒരു രണ്ടു വയസ്സുകാരനായി ആ അമ്മയ്ക് ഒരുമ്മ കൊടുക്കണം അപ്പൂസിന്

Visala Manaskan May 13, 2007 at 2:53 PM  

വളരെ നന്നായി അപ്പു.

അമ്മയെ പറ്റി പറഞ്ഞുതുടങ്ങിയാല്‍ ഞാന്‍ കുഞ്ഞായി പോകും. സെന്റിയുമാകും. അതുകൊണ്ട് ഒന്നും പറയുന്നില്ല.

വേണു venu May 13, 2007 at 3:28 PM  

അപ്പൂ വളരെ നന്നായി. അമ്മയ്ക്കു് സുകൃതം, മുജ്ജന്മ സൌഭാഗ്യം , വിധിയുടെ വിധി, ഹേ ഇതൊന്നുമല്ല. പിന്നെന്താണു്. അമ്മ മാത്രം.:)

മറ്റൊരാള്‍ | GG May 13, 2007 at 5:08 PM  

ആശ്ചര്യാവഹമായിരിക്കുന്നു. വെറും രണ്ട്‌ സ്ത്രീകള്‍ (പേരുകൊണ്ട്‌ തിരിച്ചറിഞ്ഞത്‌) മാത്രമാണ്‌ ഇവിടെ കണ്ട അമ്മമാരെ തിരിച്ചറിഞ്ഞ്‌ പ്രതികരിച്ചത്‌. എന്തേ? സ്ത്രീകള്‍ക്ക്‌ പൊതുവേ അമ്മമാരോട്‌ വികാരപരമായ ഒാര്‍മ്മപുതുക്കല്‍ കുറവാണോ? എനിയ്ക്കറിയില്ല. എന്നാലും അവര്‍ക്കെല്ലാം പലതരത്തിലുള്ള നല്ല നല്ല അമ്മമാരാകാന്‍ കഴിയും. ഭക്ഷണം കഴിക്കാന്‍ വയ്യാത്ത അവസ്ഥയിലും,"മോനേ നീ എന്ത്‌ കഴിച്ചു" എന്ന് ശുശ്രൂഷിക്കാന്‍ നിന്നിരുന്ന എന്നോട്‌ ചോദിക്കാന്‍ ഒരു അമ്മയ്ക്കല്ലാതെ ആര്‍ക്കാണ്‌ കഴിയുക.പോകാന്‍ സമയമായപ്പോള്‍ ഉള്ള ആഭരണങ്ങളൊക്കെ ഊരി മരുമക്കള്‍ക്ക്‌ കൊടുക്കാനും ആ അമ്മയ്ക്ക്‌ കഴിഞ്ഞു.

സാജന്‍| SAJAN May 14, 2007 at 5:00 AM  

അപ്പൂ.. വളരെ നന്നായി..കാണാന്‍ കുറച്ചു വൈകിപ്പോയിരുന്നു...
എപ്പോഴും അമ്മയെ പറ്റി ഓര്‍ക്കുമ്പോള്‍..എന്തോ.. എഴുതാന്‍ കഴിയാത്ത ഒരു സന്തോഷം!
നന്ദി പോസ്റ്റ് ഒത്തിരി ഇഷ്ടപ്പെട്ടു:)

അപ്പു ആദ്യാക്ഷരി May 14, 2007 at 8:10 AM  

വിശാലേട്ടാ, വേണു ഏട്ടാ, മറ്റൊരാള്‍, സാജന്‍...വന്നതിനും വായിച്ചതിനും നന്ദി.

മറ്റൊരാളേ, അമ്മമാരോട് കൂടുതല്‍ അടുപ്പം ആണ്‍‌മക്കള്‍ക്കല്ലേ? അതുപോലെ തിരിച്ച് അച്ഛനോട് പെണ്‍‌മക്കള്‍ക്കും. അതുകൊണ്ടാവാം ഇവിടെ രണ്ടു വനിതകള്‍ മാത്രം കമന്റിട്ടത്. മാത്രവുമല്ല, വായിച്ചവരെല്ലാം കമന്റ് ഇടണമെന്ന് നിര്‍ബന്ധമൊന്നുമില്ലല്ലോ? ഇഷ്ടപ്പെട്ടില്ലെങ്കിലോ, പോസ്റ്റിന് വളരെ നീളം കൂടിയതിനാലോ ഒക്കെ വായനക്കാരും കമന്റുകളും ഇല്ലാതെയായേക്കും. Never mind!

വല്യമ്മായി May 14, 2007 at 8:59 AM  

ഇന്നലെ വായിച്ചതാണ്,ഉമ്മയെ പറ്റി ഒരുപാട് പറഞ്ഞതാണ് ബ്ലോഗില്‍.കൂടുതല്‍ പറയാന്‍ വാക്കുകളില്ലായിരുന്നു.അപ്പുവിന്റെ ലേഖനങ്ങളുടെയെല്ലാം ആഖ്യാനരീതി വളരെ നല്ലത്.

മറ്റൊരാള്‍ | GG May 14, 2007 at 11:44 AM  

അതെ. എല്ലാ ബ്ലോഗ്ഗര്‍മാരും വായിക്കണമെന്നില്ല. വായിച്ചവരെല്ലാം കമന്റെണമെന്നില്ല. ഞാനും പണ്ടൊക്കെ അങ്ങനെ ആയിരുന്നു.

"അമ്മമാരോട് കൂടുതല്‍ അടുപ്പം ആണ്‍‌മക്കള്‍ക്കല്ലേ? അതുപോലെ തിരിച്ച് അച്ഛനോട് പെണ്‍‌മക്കള്‍ക്കും."
ആദ്യ commentല്‍ തന്നെ അതിനെക്കുറിച്ച്‌ പറയണമെന്ന് വിചാരിച്ചതാണ്‌ Freudian Theoryയും Psychoanalysisഉം മറ്റും. പിന്നെ വേണ്ടാന്ന് വച്ചു.ആ അതങ്ങനെ കിടക്കട്ടെ.

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP