കുട്ടിക്കാനം, ഏലപ്പാറ വഴി: സഹ്യനിലൂടെ - ഭാഗം 4

>> Wednesday, October 15, 2008

ഈ പോസ്റ്റിന്റെ മൂന്നാംഭാഗം ഇവിടെ.


പാഞ്ചാലിമേടിനോട് യാത്രപറഞ്ഞ് വീണ്ടും ഞങ്ങള്‍ തിരികെ മുറിഞ്ഞപുഴ ജംഗ്‌ഷനില്‍ എത്തി, കോട്ടയം കുമിളി റോഡില്‍ പ്രവേശിച്ച് ഞങ്ങളുടെ യാത്ര തുടര്‍ന്നു. ഇനിയുള്ള പ്രധാന സ്ഥലം കുട്ടിക്കാനം എന്ന ഹില്‍ സ്റ്റേഷനാണ്. ഈ റൂട്ടിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. അവിടെയെത്താന്‍ ഇനിയും പത്തുകിലോമീറ്ററോളം പോകേണ്ടതുണ്ട്. അവിടെവരെ കയറ്റം തന്നെ. ചാറ്റല്‍മഴ വന്നും പോയിയും നില്‍ക്കുന്നു.

മലയിലേക്ക് കയറുന്ന റോഡ് വളരെ നീളമുള്ള, പലതട്ടുകളായ Z അക്ഷരങ്ങളുടെ ആകൃതിയിലാണ് മുകളിലേക്ക് കയറിപ്പോകുന്നത്. നമുക്ക് കയറിച്ചെല്ലുവാനുള്ള റോഡ് ഉയരത്തില്‍ കാണാം; അതുവഴി കുഞ്ഞു തീപ്പെട്ടികള്‍ പോലെ വാഹനങ്ങള്‍ പോകുന്നതും. ഈ കയറ്റത്തിനിടയില്‍ ഹെയര്‍പിന്‍ വളവുകളും വന്നെത്തും. ഇങ്ങനെയുള്ള റോഡുകളിലെ ഒരു അലിഘിത ട്രാഫിക് നിയമമാണ് കയറ്റം കയറി വരുന്ന വണ്ടികള്‍ക്ക് വീതികുറഞ്ഞ വശങ്ങളില്‍ പ്രിഫറന്‍സ് കൊടുക്കുക എന്നത്. അതായത്, ഇറക്കം ഇറങ്ങി വരുന്ന ഒരു വാഹനം ഒരു വീതികുറഞ്ഞ ഭാഗത്ത് എത്തുമ്പോള്‍ എതിരേ കയറ്റം കയറി മറ്റൊരു വാഹനം വരുന്നുണ്ടെങ്കില്‍ അതിന് നിര്‍ത്താതെതന്നെ കയറിപ്പോകുവാന്‍ സൈഡ് കൊടുക്കണം. അതുപോലെ ഹെയര്‍പിന്‍ വളവുകളില്‍ വച്ച് എതിരേ വരുന്ന വലിയവാഹനം (ബസ്, ലോറി) “വീശിയെടുക്കണമെങ്കില്‍” എതിരേ വരുന്ന ചെറിയ വാഹനത്തെ റോംഗ് സൈഡില്‍ (ഇടതു) കൂടി കടത്തിവിടുന്നതും പതിവാണ്.

മലയുടെ മുകളിലെത്തിയാല്‍ നമ്മള്‍ കയറിവന്ന റോഡ് താഴെക്കാണാവുന്നതാണ്. ഇങ്ങനെ കുറേ കയറിക്കഴിയുമ്പോള്‍ റോഡ് ഒരു മലയില്‍നിന്നും അതിനടുത്ത മലയിലേക്ക് പ്രവേശിക്കും. അപ്പോള്‍ മറ്റൊരു രീതിയിലാണ് റോഡ് കടന്നുപോവുക; ആദ്യത്തെ മലയില്‍ നമ്മുടെ ഇടതുവശത്താണ് അഗാധമായ കൊക്കകള്‍ ഉള്ളതെങ്കില്‍, അടുത്ത മലയിലേക്ക് പ്രവേശിക്കുന്നതോടെ അത് നമ്മുടെ വലതുവശത്തായി കാണാം.

താ‍മസിയാതെ ഞങ്ങള്‍ വളഞ്ഞകാനം എന്ന സ്ഥലത്ത് എത്തി. അവിടെ റോഡരികിലായി വളരെപണ്ടെയുള്ള ഒരു വെള്ളച്ചാട്ടമുണ്ട്. മഴക്കാലത്തുമാത്രമല്ല, എല്ലാ സീസണിലും ഇവിടെ വെള്ളവും ഉണ്ടാവാറുണ്ട്. ഏകദേശം മുപ്പതുമീറ്ററോളം ഉയരെയുള്ള മലയില്‍നിന്നും പാറക്കെട്ടിനിടയിലൂടെ വെള്ളം താഴേക്ക് പതിക്കുകയാണ്. അതിരപ്പള്ളിയുടെ അത്രയുമൊന്നും ഊക്കോടെ വീഴാന്‍‌തക്ക അളവില്‍ വെള്ളമില്ല കേട്ടോ. എങ്കിലും മഴസീസണയാല്‍ ചുറ്റിനും സാമാന്യം നല്ല അളവില്‍ തൂവാനം തെറിപ്പിക്കാന്‍ ശേഷിയുള്ള വെള്ളച്ചാട്ടമാണ്. ഇതിന്റെ ഇരമ്പം ദൂരെനിന്നേ കേള്‍ക്കാം. ഫോട്ടോയില്‍ ചെറുതായികാണപ്പെടുന്നെങ്കിലും വെള്ളച്ചാട്ടത്തിന്റെ അടിവാരത്തിലെത്തിയെങ്കിലേ അതിന്റെ ശക്തി മനസ്സിലാവൂ!

ഇവിടെയും വാഹനങ്ങള്‍ തണുപ്പിക്കുവാനുള്ള സംവിധാനമുണ്ട്. അതിനോടൊപ്പം, കുറേ ചായക്കടകളും മറ്റും. ഈ വെള്ളം താഴേക്കു പതിച്ച് ഒഴുകിപ്പോകുവാനായി ഒരു കലുങ്കും (ചെറിയ പാലം) നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ നല്ലൊരു കുളിവേണം എന്നുള്ളവര്‍ക്ക് അതിനുള്ള സൌകര്യവും ഉണ്ട് - വേറൊന്നുമല്ല, വെള്ളച്ചാട്ടത്തിന്റെ അടിയില്‍ നില്‍ക്കുവാന്‍ ഒരു സിമന്റ് പ്ലാറ്റ്ഫോം. ക്യാമറയിലെ ലെന്‍സ് സൂം ചെയ്ത് ഈ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മുകളറ്റത്തേക്ക് ഒന്നുനോക്കി. പാറകളില്‍ തട്ടിത്തെറിച്ച് വെള്ളം മുത്തുമണികള്‍ പോലെ പതിക്കുന്നത് നല്ലൊരു കാഴ്ചതന്നെ. എങ്കിലും കാറ്റില്‍ അവിടെമാകെ പരക്കുന്ന തൂവാനം ക്യാമറയ്ക്ക് അത്രനല്ലതല്ലാത്തതിനാല്‍ വേഗം തന്നെ അത് അടച്ചു.


വളഞ്ഞകാനം കഴിഞ്ഞ് മുമ്പോട്ട് പോകുമ്പോള്‍ വീണ്ടും പല താഴ്വാരങ്ങളിലും ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും, അവിടെ കുളിക്കാനിറങ്ങിയിരിക്കുന്ന നാട്ടുകാരായ ടൂറിസ്റ്റുകളെയും കണ്ടു. അടുത്ത ഒരു മലകൂടി കയറിക്കഴിഞ്ഞപ്പോഴേക്കും റോഡരികില്‍ കുട്ടിക്കാനം എത്തി എന്ന ബോര്‍ഡ് കണ്ടു. കുട്ടിക്കാനത്തിനടുത്തായി ഒരു തെയിലത്തോട്ടം വക റിസോര്‍ട്ട് ഉണ്ട്. പാറകളാല്‍ നിര്‍മ്മിച്ചിരിക്കുന്ന അതിന്റെ ഭിത്തിയും, ഗേറ്റും, അതിനടുത്തുതന്നെയുള്ള ഒരു കെട്ടിടവും നല്ല ഭംഗിയാണ് കാണാന്‍.

കുട്ടിക്കാനത്തുനിന്നും റോഡ് രണ്ടായി തിരിയുകയാണ്, ഒരു Y പോലെ. ഇടത്തേക്കു പോയാല്‍ ഏലപ്പാറ വഴി കട്ടപ്പനയ്ക്കും (40കിലോമീറ്റര്‍), വലത്തേക്ക് പോയാല്‍ പീരുമേട് വഴി കുമിളി (തേക്കടി) യിലേക്കും (36 കിലോമീറ്റര്‍) പോകാം.


കുട്ടിക്കാനം എന്ന സ്ഥലം ഈ റൂട്ടിലെ ഏറ്റവും ഉയര്‍ന്ന ഹില്‍‌സ്റ്റേഷനാണെന്നു പറഞ്ഞുവല്ലോ. അതിനാല്‍ത്തന്നെ എല്ലാ സീസണിലും ഇവിടെ തണുപ്പുണ്ട്. മഴക്കാലമായാല്‍ പറയാനുമില്ല. സ്വെറ്ററും മഫ്ലറും ഒക്കെ അണിഞ്ഞനാട്ടുകാരെ പെട്ടന്ന് ഇവിടെ കണ്ടുമുട്ടുമ്പോള്‍ അങ്ങുതാഴെ മലയടിവാര‍ത്തുനിന്നും ഉഷ്ണിച്ചു കയറിവന്ന നമ്മള്‍ക്കുതന്നെ തണുപ്പുതോന്നിപ്പോകും!

പീരുമേട് താലൂക്കില്‍ പെട്ട സ്ഥലമാണ് കുട്ടിക്കാനം. നല്ല കാലാവസ്ഥയുള്ള സ്ഥലമായതിനാലാണോ എന്നറിയില്ല കുറേ എഡ്യൂക്കേഷനല്‍ ഇന്‍സ്റ്റിട്യൂട്ടുകള്‍ ഈ ഭാഗത്ത് ഉണ്ട്. അവയില്‍ കട്ടപ്പന റോഡു സൈഡില്‍ തന്നെയുള്ള ഒരു സ്ഥാപനമാണ് മരിയന്‍ കോളജ്.

കുട്ടിക്കാനം കഴിഞ്ഞാല്‍ പിന്നെ കയറ്റം അവസാനിച്ച് ഇറക്കം തുടങ്ങുകയായി. ഇവിടുന്നങ്ങോട്ടുള്ള മലനിരകള്‍ മുഴുവന്‍ തേയിലതോട്ടങ്ങളാണ്. ടാറ്റാ ടീ, ചിനാര്‍ എസ്റ്റേറ്റ് തുടങ്ങി പ്രമുഖ ചായനിര്‍മ്മാതാക്കളുടെയെല്ലാം ടീ എസ്റ്റേറ്റുകള്‍ റോഡിനിരുഭാഗത്തുമായി കാണാം.


നിരനിരയായി വെട്ടിനിര്‍ത്തിയിരിക്കുന്ന തേയിലതോട്ടങ്ങള്‍ കാണ്ണാനെന്തുഭംഗിയാണ് ! അവയുടെ കടും‌പച്ച നിറവും, മടക്കുകളായി നില്‍ക്കുന്ന ലാന്റ്സ്കേപ്പിന്റെ ഭംഗിയും ചേരുമ്പോള്‍ പ്രകൃതിയുടെ ഭംഗി നന്നായി നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നു. അവയ്ക്കിടയിലായി തണല്‍ മരങ്ങളും, മരങ്ങളെ തഴുകി കടന്നുപോകുന്ന മഞ്ഞും, നടക്കാനുള്ള വഴികളും, അവയില്‍നിന്ന് കൊളുന്ത് നുള്ളുന്ന തൊഴിലാളികളും, മലമടക്കുകള്‍ക്കിടയിലായി കാണുന്ന അവരുടെ പാര്‍പ്പിടങ്ങളും, എല്ലാം നയനാനന്ദകരം തന്നെ. എവിടേക്ക് നോക്കി ക്ലിക്ക് ചെയ്താലും അതെല്ലാം നല്ല ഭംഗിയുള്ള ചിത്രങ്ങള്‍ തരും, ഉറപ്പ്. ഒരുപാട് ചിത്രങ്ങള്‍ എടുത്തവയില്‍ നിന്നും എനിക്കേറ്റവും ഇഷ്ടമായവ താഴെക്കൊടുക്കുന്നു; (അവയില്‍ ക്ലിക്ക് ചെയ്ത് വലുതായി തന്നെ കാണൂ).


അങ്ങനെ കുറെ ദൂരം തെയില തോട്ടങ്ങളില്‍ കൂടി സഞ്ചരിച്ചുകഴിയുമ്പോള്‍ അങ്ങു ദൂരെയായി ഏലപ്പാറ എന്ന ചെറിയ ടൌണ്‍ കാണാം. നല്ലൊരു കാഴ്ചയാണിത്. മലനാടിനും ഇടനാടിനും ഇടയിലുള്ള മറ്റൊരു കൊച്ചുപട്ടണം. തെയിലതോട്ടം തൊഴിലാള്‍കളായ തമിഴ്നാട്ടുകാര്‍ ഇവിടെ താമസിക്കുന്നതിനാലാവാം ചില ബോര്‍ഡുകളും, ഇലക്ഷന്‍ സമയത്താണെങ്കില്‍ ബാനറുകളും തമിഴില്‍ ഇവിടെ കാണാവുന്നതാണ്.

ഈ ഫോട്ടോ എടുത്തിരിക്കുന്ന സ്ഥലത്തുനിന്ന് മുന്നുനാലു കിലോമീറ്റര്‍ പിന്നിടുമ്പോഴേക്ക് ഏലപ്പാറടൌണില്‍ എത്താം. ഇതുവഴി കടന്നു പോകുന്ന ബസുകളെല്ലാം പത്തുമിനിട്ട് ഇവിടെ നിര്‍ത്തി യാത്രക്കാര്‍ക്ക് ചായകുടിക്കാനും, ഉച്ചസമയമാണെങ്കില്‍ ഭക്ഷണം കഴിക്കാനുമൊക്കെയുള്ള സൌകര്യം ചെയ്യാറുണ്ട്. ഇത് ഏലപ്പാറ ടൌണ്‍. മഴയായതിനാലാണോ എന്തോ അധികം തിരക്ക് ഉണ്ടായിരുന്നില്ല ഞങ്ങള്‍ അതുവഴി കടന്നുപോകുമ്പോള്‍.

ഏലപ്പാറ ടൌണ്‍ കഴിഞ്ഞാലുടന്‍ വീണ്ടും ഒരു മലകയറ്റമാണ് - ചെങ്കുത്തായ മലകളല്ല എന്നേയുള്ളൂ. ഇരുവശത്തും തെയിലത്തോട്ടങ്ങള്‍. ഈ തോട്ടങ്ങളെ യാത്രക്കാര്‍ക്ക് ഏറ്റവും അടുത്ത് കാണുവാന്‍ സാധിക്കുന്നതും ഈ ഭാഗത്തുതന്നെ. ടൌണിന് തൊട്ടുതന്നെ കിഴക്കുഭാഗത്തായി താഴ്വാരത്തില്‍ ഒരു പുഴയും, അതില്‍ നല്ല ഭംഗിയുള്ള ഒരു വെള്ളച്ചാട്ടവുമുണ്ട്. റോഡില്‍ നിന്ന് അതിനടുത്തേക്ക് പോകുവാന്‍ സാധിക്കില്ല. എങ്കിലും അവിടെനിന്ന് ഒരു ഫോട്ടോ ഞാന്‍ എടുത്തു.

അതിനടുത്ത വളവില്‍ നിന്നാല്‍ തേയിലത്തോട്ടം തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ കാണാം. മൂടല്‍ മഞ്ഞിന്റെ വെണ്മയും, അതിനിടയിലൂടെ അരിച്ചു വരുന്ന പച്ചനിറവും, ചെരിഞ്ഞ മേല്‍കൂരകളുള്ള ആ ചെറിയ വീടുകളും എല്ലാം കൂടി ഒരു വലിയ ക്യാന്‍‌വാസില്‍ വരച്ചിട്ടിരിക്കുന്ന ഒരു മനോഹരചിത്രം പോലെ തോന്നിച്ചു. പല സിനിമകളിലും നാം ഇവ കണ്ടിട്ടുള്ളതുമാണല്ലോ.
പെട്ടന്ന് മഴവീണതിനാല്‍ അധികസമയം അവിടെ നില്‍ക്കാന്‍ സാധിച്ചില്ല. ഞങ്ങള്‍ കാറില്‍ കയറി വീണ്ടും യാത്രതുടര്‍ന്നു.ഒന്നു രണ്ടു കിലോമീറ്റര്‍ പോയിക്കഴിഞ്ഞപ്പോഴേക്കും വീണ്ടും മഴ ശമിച്ചു. വെയില്‍ തെളിഞ്ഞു. റോഡിനു സമീപത്തായിത്തന്നെ കുറേ തൊഴിലാളികള്‍ തേയിലകൊളുന്ത് നുള്ളുന്നത് കണ്ടു. നുള്ളുക എന്നെഴുതിയെങ്കിലും കൈകൊണ്ട് നുള്ളുകയല്ല ചെയ്യുന്നതെന്ന് അടുത്തെത്തിയപ്പോള്‍ മനസ്സിലായി. ചെടികള്‍ വെട്ടിയൊരുക്കാനുപയോഗിക്കുന്ന രീതിയിലുള്ള ഒരു വലിയ കത്രികയുടെ മുന്‍ഭാഗത്ത് ഒരു നെറ്റ് ഉറപ്പിച്ചിരിക്കുകയാണ്. (ഇതിന്റെ വിവരണം ഇവിടെ)അതിലേക്കാണ് തളിരിലകള്‍ വന്നു വീഴുന്നത്. ഫോട്ടോയെടുക്കുന്നതു കണ്ടപ്പോള്‍ ഇവര്‍ക്ക് വലിയ നാണം വന്നു (എന്തിനാണോ ആവോ!)

ഇങ്ങനെ നുള്ളിയെടുക്കുന്ന തെയില തളിരില കുറേ ദിവസങ്ങള്‍ നീളുന്ന ഫെര്‍മന്റേഷനും മറ്റു പ്രോസസുകള്‍ക്കും ശേഷമാണ് നമുക്ക് പായ്ക്കറ്റില്‍ ലഭിക്കുന്ന തേയിലയായി മാറുന്നത്,

.

അല്പദൂരംകൂടി പിന്നിട്ടാല്‍ പള്ളിക്കുന്ന് എന്ന സ്ഥലമായി. പള്ളിക്കുന്നില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സ്ഥലമുണ്ട്. പഴയ ഒരു ആംഗ്ലിക്കന്‍ ചര്‍ച്ച്. ആ പള്ളിയെപ്പറ്റിയും, അവിടുത്തെ പഴയ സെമിത്തേരിയെപ്പറ്റിയും, അവിടെയുള്ള ഒരു കുഞ്ഞിന്റെ കല്ലറയെപ്പറ്റിയും ഈ ബ്ലോഗില്‍ ഇതിനു മുമ്പ് ഞാന്‍ എഴുതിയിരുന്നു. ലിങ്ക് ഇവിടെ.

ഇത്രയും ദൂരം നിര്‍ത്തി നിര്‍ത്തി കാറോടിച്ചതിനാലാവും, ഷിജു ക്ഷീണിച്ചു. ഇനി കാറോടിക്കാം എന്നു ഞാനും ഏറ്റു. സമയം നാലര മണി! ബാക്കിയുള്ള ഇരുപത്തഞ്ചുകിലോമീറ്ററോളം ദൂരം വലിയ നയനമോഹന കാഴ്ചകളൊന്നുമില്ലതാനും! ഞാന്‍ കാറോടിക്കല്‍ തുടങ്ങിയതും, പത്തുമിനിറ്റിനുള്ളില്‍ കാറിലിരുന്ന എല്ലാവരും ഉറങ്ങി! മനുവും ഉറക്കം പിടിച്ചിരിക്കുന്നു. ഒരു പാട്ടും കേട്ട്, ദുബായിലെ ട്രാഫിക്കില്‍ നിന്നൊരു മോചനമായല്ലോ, ഇവിടെ ട്രാഫിക്കേ ഇല്ലല്ലോ എന്ന ആശ്വാസത്തില്‍ ഞാന്‍ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു. കയറ്റങ്ങളും ഇറക്കങ്ങളും പിന്നിട്ട് കട്ടപ്പനടൌണും കടന്ന് തോവാളയിലുള്ള വീട്ടില്‍ എത്തിയപ്പോള്‍ സമയം സന്ധ്യയോടടുത്തിരുന്നു. കാര്‍ പാര്‍ക്ക് ചെയ്യുമ്പോഴേക്ക് വലിയമ്മയും,വല്യപ്പനും, മക്കളും, അവരുടെ മക്കളും, ഭാര്യമാരും എല്ലാരും ഓടി എത്തി. “രാവിലെ ഒന്‍പതുമണിക്കു വീട്ടില്‍നിന്നിറങ്ങിയ നിങ്ങള് ഇതുവരെ എവിടാരുന്നെടേ..” എന്ന കട്ടപ്പന ആക്സന്റ് ചോദ്യത്തിനുത്തരം അവിടുത്തെ മൂത്തചേട്ടന്‍ തന്നെ പറഞ്ഞു. “അതു ചോദിക്കാനുണ്ടോ? അവന്റെ കൈയ്യില്‍ ക്യാമറയിരിക്കുന്നതു കണ്ടില്ലേ“ എന്ന്!!

(അവസാനിച്ചു)

Read more...

സുലൈമാന്‍

>> Thursday, September 25, 2008

വീണ്ടും ഒരു റമദാന്‍മാസം കൂടി കടന്നുപോകുന്നു. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ കഠിനമായ വേനല്‍ ശമിക്കുന്നതിനു മുമ്പാണ് റമദാന്‍ മാസം വന്നെത്തിയിരിക്കുന്നത്. പക്ഷേ വര്‍ഷങ്ങളായി എന്റെ ഓര്‍മ്മകളിലെ റമദാന് ഒരു തണുപ്പുകാലത്തിന്റെ പ്രതീതിയാണ്. ഇതിനു കാരണമുണ്ട്. 1992 ല്‍ ഞാന്‍ സൌദി അറേബ്യയിലെ ദമാമില്‍ ആദ്യമായി ജോലിക്കെത്തുമ്പോള്‍, ആ വര്‍ഷത്തെ റമദാന്‍ ഫെബ്രുവരിമാസത്തില്‍ ആയിരുന്നു - ഗള്‍ഫ് രാജ്യങ്ങളിലെല്ലാം തണുപ്പുകാലം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുന്ന സമയം. അവിടുന്നിങ്ങോട്ട് ഓരോ വര്‍ഷവും പത്തുദിവസം വീതം കുറഞ്ഞ് കുറഞ്ഞ് ഇപ്പോഴിതാ സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തിലെത്തിനില്‍ക്കുന്നു റമദാന്‍ മാസാരംഭം.

റമദാന്‍ നോമ്പ് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ത്തന്നെ “ഫീല്‍” ചെയ്യണമെങ്കില്‍ സൌദി അറേബ്യയില്‍ തന്നെ താമസിക്കണം എന്നാണ് എനിക്കു അനുഭവത്തില്‍നിന്നും തോന്നിയിട്ടുള്ളത്. സൌദി അറേബ്യയിലെ കര്‍ശനനിയമങ്ങള്‍ കാരണം അത് മനുഷ്യവാസയോഗ്യമായ ഒരു സ്ഥലമല്ലെന്ന പലര്‍ക്കും ഒരു ധാരണയുള്ളതിനാല്‍, പതിനാലുവര്‍ഷത്തെ അനുഭവത്തില്‍ നിന്ന് ഒരു കാര്യം ആദ്യമേ ഞാന്‍ പറയട്ടെ. ഇത് വെറും അതിശയോക്തിപരമായ ഒരു പ്രസ്താവന മാത്രമാണ്! കര്‍ശന നിയമങ്ങളും വ്യവസ്ഥകളും ഉണ്ട് എന്നതു സത്യം - പക്ഷേ അത് അവിടെ ജീവിക്കുന്നതിന് അത്രവലിയ തടസ്സമായി എനിക്കു വ്യക്തിപരമായി തോന്നിയിട്ടില്ല.

നാം ജീവിക്കുന്ന രാജ്യത്തെ നിയമങ്ങളുമായി രീതികളുമായി ഒത്തുപോകുവാന്‍ മനസുള്ള ആര്‍ക്കും പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടുകളും കൂടാതെ, കുറഞ്ഞ ജീവിതച്ചെലവില്‍ ജീവിക്കാന്‍ സാധിക്കുന്ന ഒരു രാജ്യമാണ് സൌദി - പ്രത്യേകിച്ചും കുടുംബത്തോടൊപ്പം. മാത്രവുമല്ല, “സ്വാതന്ത്ര്യം” എന്നത് നാം ഓരോരുത്തരും എന്താഗ്രഹിക്കുന്നു, അത് നിവര്‍ത്തിച്ചുകിട്ടാന്‍ എത്രത്തോളം സാധിക്കും എന്നതിനെ ആശ്രയിച്ചായതിനാല്‍ ഇത് തികച്ചും വ്യക്തിപരവുമാണ്.

മറ്റു ആഘോഷങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത സൌദിയില്‍ റമദാന്റെ ഒരു മാസക്കാലം ശരിക്കും ഒരാഘോഷവേളയാണ്! കടകളിലൊക്കെ ഒരു ഷോപ്പിംഗ് ഫെസ്റ്റിവല്‍ പോലെ വിലക്കുറവ്, പ്രത്യേക ഓഫറുകള്‍ തുടങ്ങിയ പ്രത്യേകതകള്‍. ഈ അവസരത്തില്‍ റോഡുകളും, കോര്‍ണിഷും (കടല്‍ത്തീരം) ദീപാലംകൃതമാക്കിയിരിക്കും. കടകളുടെയെല്ലാം പ്രവര്‍ത്തനസമയം തന്നെ വ്യത്യാസമാണ്. ഇഷാ നമസ്കാരത്തിനു ശേഷം തുറക്കുന്ന കടകളും ഷോപ്പിംഗ് സെന്ററുകളും റെസ്റ്ററന്റുകളും രാവേറെ വൈകി രണ്ടു-മൂന്നു മണിവരെ തുറന്നിരിക്കും. ഈ സമയം മുഴുവന്‍ നഗരം സജീവമായിരിക്കും. അല്ലാത്ത അവസരങ്ങളില്‍ കൂടുതലും പുരുഷന്മാരെ മാത്രം കാണാവുന്ന ദമാം നഗരവീഥികളിലെല്ലാം ഷോപ്പിംഗിന് ഇറങ്ങുന്ന തദ്ദേശീയരായ കുടുംബങ്ങള്‍ - പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും - എല്ലാമായി ശബ്ദമുഖരിതമായിരിക്കും. അതോടൊപ്പം വിദേശികളും. ആകെ ഒരു ഉത്സവച്ഛായ. ഒരുവര്‍ഷത്തെ ആകെ കച്ചവടം നോക്കിയാല്‍, ബാക്കിയെല്ലാ മാസങ്ങളിലും കൂടിയുണ്ടാക്കുന്ന അത്ര വരുമാനം ഈ ഒരു മാസംകൊണ്ടു ഉണ്ടാക്കാം എന്ന് സ്വന്തമായി കടനടത്തുന്ന ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു.

മറ്റു ഗള്‍ഫ് നഗരങ്ങളെ അപേക്ഷിച്ച് സൌദിയിലെ മറ്റൊരു പ്രത്യേകത അവിടെയുള്ള മോസ്കുകളുടെ എണ്ണമാണ്. ഒരേ ചുറ്റുവട്ടത്തില്‍ തന്നെ ചെറുതും വലുതുമായി ഒരുപാടു പള്ളികള്‍. അതിനാല്‍ത്തന്നെ ബാങ്കുവിളിക്കുന്നത് ആരും കേള്‍ക്കാതെ പോകുന്ന പ്രശ്നമില്ല! പ്രാര്‍ത്ഥനാ സമയങ്ങളിലൊക്കെ കടകള്‍ അടവായിരിക്കുമെന്നതിനാല്‍ കൃത്യമായി ഈ സമയങ്ങള്‍ അവിടെ താമസിക്കുന്ന എല്ലാവര്‍ക്കും അറിയാം എന്ന പ്രത്യേകതയും ഉണ്ട്. റമദാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പബ്ലിക്കായി ഭക്ഷണം കഴിക്കുവാനോ, പുകവലിക്കുവാനോ അനുവാദമില്ല. റെസ്റ്ററന്റുകള്‍ പകല്‍ സമയം തുറക്കുകയുമില്ല.

റമദാനില്‍ അതിരാവിലെ സുബുഹി ബാങ്കുവിളിക്കുന്നതിനു മുമ്പായി ദമാമിലെ പ്രധാന മോസ്കില്‍നിന്നും ഒരു വെടിയൊച്ച മുഴങ്ങും. ഇത് സിറ്റിയുടെ എല്ലാഭാഗങ്ങളിലും പ്രതിധ്വനിക്കും. അതോടെ എല്ലാ പള്ളികളില്‍ നിന്നും ഒരേ സമയം ബാങ്കുവിളി മുഴങ്ങും. ജോലിസമയം പൊതുവേ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടുവരെയും, ചില കമ്പനികളില്‍ ഉച്ചയ്ക്ക് രണ്ടു വരെയും ആയിരിക്കും. റോഡില്‍ ട്രാഫിക് പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാല്‍ രണ്ടരയാവുമ്പോഴേക്ക് വീട്ടിലെത്തും. പിന്നെ വിശ്രമമാണ്, മഗ്രിബ് ബാങ്ക് വരെ. അപ്പോഴാണ് നോമ്പു തുറക്കുന്നത്. ഇതിനു മുമ്പുതന്നെ കൊച്ചുകൊച്ചു കഫറ്റേരിയകളും, റെസ്റ്ററന്റുകളും നോമ്പുതുറക്കാനുള്ള ലഘുഭക്ഷണങ്ങളുമായി പ്രത്യേക കൌണ്ടറുകള്‍ തന്നെ സജ്ജീകരിച്ചിരിക്കും. രണ്ടു റിയാല്‍ കൊടുത്താല്‍ ഇഷ്ടം പോലെ വിഭവങ്ങള്‍. മിക്ക ദിവസങ്ങളിലും ഇതേ സാധനങ്ങള്‍ വീട്ടില്‍ വാങ്ങി നോമ്പില്ലാതെയുള്ള ഒരു നോമ്പുതുറ ഞങ്ങളും നടത്തുമായിരുന്നു.


നോമ്പ് തുറക്കാനുള്ള സമയമായാല്‍, റോഡിലൊന്നും ഒരു മനുഷ്യരേയും കാണാനാവാത്ത ഗള്‍ഫ് നഗരങ്ങള്‍ പക്ഷേ സൌദിയുടെ മാത്രം പ്രത്യേകതയാവാം. എനിക്ക് അത് എന്നും ഒരു വിസ്മയക്കാഴ്ച തന്നെയായിരുന്നു. ഇത്രയും തിരക്കേറിയ ഒരു നഗരം, അരമണിക്കൂര്‍ നേരത്തേക്ക് മനുഷ്യവാസമുണ്ടോ എന്നു തോന്നുമാറ് നിശബ്ദം, ശാന്തം!

കൊച്ചു റെസ്റ്ററന്റുകളിലെല്ലാം, രണ്ടു റിയാല്‍ കൊടുത്താല്‍ അവിടെത്തന്നെ നോമ്പ് തുറക്കാനായി ഒരു ഇഫ്താര്‍ കിറ്റ് കൊടുത്തിരുന്നു - അവിടെയിരുന്നുതന്നെ കഴിക്കാം. മഗ്രിബ് ബാങ്കിനു മുമ്പുതന്നെ അവിടങ്ങളും ഫുള്‍ ആയിരിക്കും. ഇതുകൂടാതെ സൌദിയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും പള്ളികളോടൊപ്പം സമൂഹനോമ്പുതുറയ്ക്കുള്ള ടെന്റുകളും ഉണ്ടായിരുന്നു - ഇപ്പോഴും ഉണ്ട്. തറയില്‍ വിരിച്ചിരിക്കുന്ന വലിയ കാര്‍പ്പെറ്റുകളില്‍ നിരനിരയായി ഇരുന്ന് നോമ്പുനോക്കുന്നവരെല്ലാം ഒന്നിച്ചാണ് ഈ ടെന്റുകളില്‍ നോമ്പു തുറക്കുക. അവിടെ ഓരോ ഭാഷക്കാര്‍ക്കായി പ്രത്യേകം സെക്ഷനുകള്‍ ഏര്‍പ്പെടുത്തി, ചെറിയ പ്രഭാഷണങ്ങളും ഇതോടോപ്പം നല്‍കിയിരുന്നു.

സുലൈമാനെപ്പറ്റി തലക്കെട്ടില്‍ പറഞ്ഞെങ്കിലും ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ. ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയിലെ പെയ്ന്റര്‍ ആയിരുന്നു സുലൈമാന്‍. ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കമായി ഒരു മുതിര്‍ന്നയാള്‍ക്ക് എങ്ങനെ പെരുമാറാം എന്നതിന്റെ ആള്‍ രൂപം. തിരുവനന്തപുരത്തുകാരന്‍. വലിയ വിദ്യാഭ്യാസമൊന്നുമില്ല. ഗള്‍ഫില്‍ വന്ന് കഷ്ടപ്പെട്ട്, നാട്ടില്‍ കുടുംബത്തെ പരമാവധി നല്ലനിലയില്‍ താമസിപ്പിക്കാന്‍ പാടുപെടുന്ന ഒരു ശരാശരി പ്രവാസിയുടെ പ്രതിനിധി.

സുലൈമാന്റെ കഥകള്‍ ഏറെയാണ്. വീട്ടിലെ ദുരിതങ്ങള്‍, നാട്ടിലെ കഥകള്‍, ബാല്യകാലത്തെ വിശേഷങ്ങള്‍, ഉപ്പയുടെയും ഉമ്മയുടെയും കഥകള്‍ ഇങ്ങനെ എപ്പോള്‍ കണ്ടാലും സുലൈമാന് നൂറുകൂട്ടം പറയാനുണ്ടാവും. സുലൈമാന്‍ ഒരു ഡയബറ്റിക് പേഷ്യന്റ് ആയിരുന്നു. അതില്‍ മാത്രം ഡോക്ടര്‍മാര്‍ പറയുന്നതിലൊന്നും സുലൈമാന് ശ്രദ്ധയില്ല. എന്തുചെയ്യാം! “ഒരു കുഴപ്പവും ഇല്ല സാറേ.... എന്നായാലും മരിക്കും” സുലൈമാന്‍ പറയും.

റമാദിനിനോടനുബന്ധിച്ച് നോമ്പ് തുറക്കാനായി ടെന്റുകള്‍ ഉണ്ടാവും എന്നു പറഞ്ഞല്ലോ. വളരെ നല്ല മുന്തിയ ഇനം ഭക്ഷണമാണ് ഇത്തരം ടെന്റുകളില്‍ സൌദികള്‍ എത്തിക്കുന്നത്. എല്ലാവര്‍ക്കും വയറുനിറയെ തിന്നാന്‍ വിളമ്പിയാലും പിന്നെയും വളരെ ബാക്കിയാവും. തുച്ഛശമ്പളക്കാരായ ജോ‍ലിക്കാര്‍ക്ക് വലിയൊരു ആശ്വാസമാണ് ഇപ്രകാരമുള്ള ഇഫ്താര്‍ ടെന്റുകള്‍. അവിടെ മലയാളികള്‍ക്കായുള്ള സെക്ഷനിലെ സ്ഥിരം വോളന്റിയറായിരുന്നു സുലൈമാന്‍. മിക്ക ദിവസങ്ങളിലും നോമ്പുതുറയും കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന വഴി സുലൈമാന്‍ ഞങ്ങളുടെ താമസസ്ഥലത്ത് ഒന്നു കയറിയിട്ടേ പോകൂ. കൈയ്യില്‍ വലിയൊരു പൊതിയും കാണും - നല്ല ബിരിയാണി! എന്താ അതിന്റെ ഒരു മണവും രുചിയും! ടെന്റിലെ ഭക്ഷണങ്ങള്‍ക്കിടയില്‍ നിന്നും ആദ്യമേ മാറ്റിവയ്ക്കുന്നതാണത്.

ഞങ്ങള്‍ സൌദിയില്‍നിന്നും ദുബായിലേക്ക് വന്നതിനു ശേഷവും സുലൈമാനുമായുള്ള സ്നേഹബന്ധത്തിനു കുറവൊന്നും വന്നില്ല. ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഫോണില്‍ വിളിക്കും. ഓണത്തിനും ക്രിസ്മസിനും ഒക്കെ ആശംസകള്‍ നേരുവാന്‍. ഈദിന് ഞങ്ങള്‍ അങ്ങോട്ടും വിളിക്കും.


കഴിഞ്ഞ ഏപ്രിലില്‍ ഒരു ദിവസം, സൌദിയില്‍ നിന്നും ജാക്കിച്ചാന്‍ എന്നു ഞങ്ങള്‍ തമാശയ്ക്കു വിളിക്കുന്ന രാജന്‍ ചാക്കോച്ചായന്‍ വിളിച്ചു “എടാ, നമ്മുടെ സുലൈമാന്‍ മരിച്ചുപോയി..... “ ഒരു ഞെട്ടലോടെയാണതു കേട്ടത്. പ്രമേഹം വളരെ മോശമായ അവസ്ഥയിലെത്തി, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായത്രെ. ചികിത്സയും വിശ്രമവുമായി വീട്ടില്‍ കഴിയുകയായിരുന്നു. അന്ന് കൂടെ താമസിച്ചിരുന്നവര്‍ ജോലികഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ ശാന്തമായി കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നത്രേ. ഒരു ദിവസം എല്ലാവരും മരിക്കും, എങ്കിലും നാല്‍പ്പത്തിരണ്ടാം വയസില്‍തന്നെ മരണത്തിനു കീഴടങ്ങാനായിരുന്നുവല്ലോ സുലൈമാനേ നിന്റെ വിധി.

സുലൈമാനില്ലാത്ത ആദ്യ റമദാന്‍ കടന്നുപോകുന്നു. പക്ഷേ സൌദിയിലെ റമദാന്റെ ചിന്തകളോടൊപ്പം സുലൈമാനും എന്നും മനസ്സില്‍ മായാതെ ഉണ്ടാവും

Read more...

സഹ്യന്റെ മടിയിലൂടെ ഒരു യാത്ര - മൂന്ന്

>> Saturday, September 6, 2008

കഴിഞ്ഞപോസ്റ്റിന്റെ അവസാനം നമ്മള്‍ പാഞ്ചാലിമേട്ടിന്റെ മുകളിലെത്തി അവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരുമാസത്തോളം ആയി എന്നറിയാം. വായിക്കുവാന്‍ കാത്തിരുന്നവര്‍ ക്ഷമിക്കുക, കുറേ തിരക്കിലായിപ്പോയി.

ശരി
, അപ്പോള്‍ നിറുത്തിയിടത്തുനിന്നും തുടങ്ങാം.

പാഞ്ചാലിമേട്ടിലേക്കുള്ള കയറ്റത്തിന്റെ അവസാനം ഇങ്ങനെയായിരുന്നു. കയറ്റം കയറി, റോഡ് കുന്നിന്റെ നെറുകയിലെത്തി അല്പദൂരം നിരപ്പായി തന്നെ പോവുകയാണ്.

റോഡില്‍ നിന്നും അല്പം ഉയരത്തിലായി രണ്ടു കുന്നുകള്‍ കാണുന്നുണ്ട്; ഇതാണ് പാഞ്ചാലിമേടിന്റെ പ്രധാന ഭാഗം എന്ന് ന്യായമായും ഞങ്ങള്‍ ഊഹിച്ചു. ഞങ്ങള്‍ കാര്‍ ‍റോഡിന്റെ ഒരരികത്തേക്ക് ഒതുക്കി നിര്‍ത്തി. ആരോടെങ്കിലും ചോദിക്കാം എന്നുവച്ചാല്‍ പരിസരത്തെങ്ങും ഒരു കുഞ്ഞിനെപ്പോലും കാണുന്നില്ല. ഇങ്ങനെയൊരു കണ്‍ഫ്യൂഷന്‍ വരാന്‍ കാര്യം അവിടെനിന്ന് നാലു ചുറ്റിലേക്ക് നോക്കിയാലും കാണുന്ന കാഴ്ചകള്‍ നയനാനന്ദകരമായിരുന്നു എന്നതു തന്നെ. പക്ഷേ ടാര്‍ ചെയ്ത റോഡ് മുന്നോട്ട് തന്നെ പോവുകയാണ്. അതിനാല്‍ അല്പം കൂടെ മുന്നോട്ട് പോയി നോക്കുവാന്‍ തീരുമാനിച്ചു. താമസിയാതെ റോഡ് ഒരു ഇറക്കം ഇറങ്ങുവാന്‍ തുടങ്ങി. അതോടെ ഇനി മുകളിലേക്കല്ല, താഴേക്കുതന്നെയാണ് റോഡ് പോകുന്നതെന്ന് മനസ്സിലായി.

ആലോചിച്ചു നില്‍ക്കുമ്പോള്‍ അല്പം ദൂരത്തിലായി ഒരു ചേട്ടന്‍ നടന്നു വരുന്നത് കണ്ണില്‍ പെട്ടു. അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇതാവാം മേട് എന്നുദ്ദേശിച്ച മലകള്‍ തന്നെയാണ് പാഞ്ചാലിമേടെന്ന് പറഞ്ഞുതന്നു. അവിടേക്ക് കയറിപ്പോകുവാനുള്ള പാത തുടങ്ങുന്നിടത്തായി ഒരു കുരിശും, അതിനരികിലായിതന്നെ അമ്പലത്തിന്റെ വഞ്ചികയും കാണാം എന്നും അദ്ദേഹം പറഞ്ഞു. ഇത് ഞങ്ങള്‍ കടന്നു വന്ന വഴിയില്‍തന്നെ. കാറ് തിരികെ അങ്ങോട്ട് തന്നെ വിട്ടു.

ജീപ്പുകള്‍ കടന്നുപോകുന്ന വഴിത്താരകള്‍ അവിടെയുണ്ടായിരുന്നു. പക്ഷേ അവിടേക്ക് കൊച്ചുകാറുകള്‍ കയറ്റുക ബുദ്ധിയല്ല. മാത്രവുമല്ല കുത്തനെയുള്ള മലയൊന്നുമല്ല, ചെറുതായി ചരിഞ്ഞ് മുകളിലേക്ക് കയറുന്ന മലയായിരുന്നു അത്. ഏകദേശം ഒരു കിലോമീറ്ററോളം മുകളിലേക്ക് കയറേണ്ടി വരാം എന്ന് താഴെനിന്ന് തോന്നിച്ചു.

മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ നിരനിരയായി കുരിശുകള്‍ മലമുകളിലേക്ക് കയറ്റി സ്ഥാപിച്ചിരിക്കുന്നു. ഇതെന്താണെന്ന് എനിക്കു പെട്ടന്നു തന്നെ മനസ്സിലായി - ക്രിസ്ത്യാനികള്‍ക്കിടയില്‍ കത്തോലിക്കര്‍ക്ക് “കുരിശുമല കയറ്റം“ എന്നൊരു ചടങ്ങുണ്ട്. ഈസ്റ്ററിനോടനുബന്ധിച്ചുള്ള പീഡാനുഭവ വാരത്തിലാണ് ഇത് നടത്തുക. കിഴക്കന്‍ മലയോരപ്രദേശങ്ങളിലെ കത്തോലിക്കാ പള്ളികളൊക്കെയും അവരുടെ സമീപ പ്രദേശങ്ങളിലുള്ള ഏതെങ്കിലും ഒരു മലയില്‍ ഇതിനായി പതിനാലു കുരിശുകള്‍ സ്ഥാപിച്ചിരിക്കും. ഈ കുരിശുകള്‍ സ്ലീബാപാതയിലെ പതിനാലു സ്ഥലങ്ങളെ കുറിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവസ്മരണകളും, പാട്ടുകളും പ്രാര്‍ത്ഥനകളുമായി വിശ്വാസികള്‍ മലകയറുന്നു. ഇതിനാണു കുരിശുമലകയറ്റം എന്നു പറയുന്നത്. ഇവിടെ പാഞ്ചാലിമേട്ടിലെ ഒരു മല, ഏതോ പള്ളിയുടെ കുരിശുമലയാണെന്നു വ്യക്തം.

ഏതായാലും ഏറ്റവും താഴെയുള്ള കുരിശിനു സമീപമായി അവിടെയുള്ള മതസൌഹാര്‍ദ്ദത്തിന്റെ ലക്ഷണമായി മലമുകളിലുള്ള അമ്പലത്തിന്റെ വഞ്ചിയും ഉണ്ട്. രണ്ടുമലകള്‍ ഉണ്ട് എന്നു പറഞ്ഞല്ലോ, അതില്‍ ഇടതുവശത്തുള്ള മലയില്‍ ഈ പറഞ്ഞ കുരിശുകളും, വലതുവശത്തുള്ള മലയില്‍ പാഞ്ചാലീ ക്ഷേത്രവും ആണെന്നു അല്പം കയറിയപ്പോള്‍ കാണാറായി. ഭാഗ്യവശാല്‍ അതുവരെ ഉരുണ്ടുകൂടി വന്നുകൊണ്ടിരുന്ന കാര്‍മേഘങ്ങള്‍ക്കും അല്പം ശമനം വന്ന് വെയില്‍ തെളിഞ്ഞു. ഞങ്ങള്‍ പതിയെ മലകയറാന്‍ ആരംഭിച്ചു.

സത്യം പറയട്ടെ, ഇത്രയധികം പ്രകൃതിരമണീയമായ ഒരു മല ഞാനിതുവരെ കണ്ടിട്ടില്ല. മാത്രവുമല്ല, പടിഞ്ഞാറുദിശയിലേക്ക് ഇവിടെനിന്നുള്ള കാഴ്ച അതിമനോഹരം തന്നെ.കാറ്റ് വളരെ ശക്തിയായി വീശിയടിക്കുന്നു. നല്ല തണുപ്പും. മഞ്ഞ് കാറ്റില്‍ പെട്ട് ചുഴിപോലെ താഴേക്ക് ഇറങ്ങുന്നു, കാറ്റിനോടൊപ്പം നമ്മെ തൊട്ടുതഴുകി കടന്നുപോകുന്നു. പടിഞ്ഞാറുനിന്നും വരുന്ന ഇടവപ്പാതികാറ്റ് ഈ മലകളുടെ താഴ്വാരങ്ങളില്‍ തട്ടി തടയപ്പെട്ട് ഒരു വലിയ തിരമാല അടിച്ചു മുകളിലേക്ക് ഉയരുന്നതുപോലെ മുകളിലേക്ക് ഉയരുന്നതിനാലാണ് ഇത്ര ശക്തമായ കാറ്റ് അവിടെ അനുഭവപ്പെടുന്നത്. ഇങ്ങനെ ഉയരുമ്പോള്‍, അത് തണുക്കുകയും, വായുവിലെ നീരാവി ഘനീഭവിച്ച് മേഘങ്ങളായി മാറുകയും ചെയ്യുന്നു. ഈ മേഘങ്ങളാണ് മലയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ നമുക്ക് മഞ്ഞുപോലെ തോന്നുന്നത്.


ഇത്ര ഉയര്‍ന്ന ഒരു മലയുടെ മുകളില്‍ നിന്നുകൊണ്ട് വായു സമുദ്രത്തിലുണ്ടാവുന്ന ഇത്തരം വന്‍ അലകള്‍ കാണുവാന്‍ ഒരു ഭംഗിതന്നെ - ഒരു തരം ഭയാനകമായ സൌന്ദര്യം എന്നു പറയാം. ഇങ്ങനെ വര്‍ഷത്തില്‍ എല്ലാസമയത്തും ഒരേ അളവില്‍, ഒരേ ശക്തിയില്‍, ഒരേ ദിശയില്‍ കാറ്റുവീശുന്ന സ്ഥലങ്ങളാണ് കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ അനുയോജ്യമത്രേ. മലമുകളിലായി കാറ്റിന്റെ ഗതി പഠിക്കുവാനുള്ള സെന്‍സറുകള്‍ ഘടിപ്പിച്ച ഒരു വലിയ ആന്റിനയും ഉണ്ട്.

സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തിയഞ്ഞൂറ് അടി ഉയരത്തിലാണ് പാഞ്ചാലിമേട് സ്ഥിതിചെയ്യുന്നത്. പാണ്ഡവര്‍ തങ്ങളുടെ അജ്ഞാതവാസത്തക്കാലത്ത് ചെറിയൊരു കാലയളവില്‍ ഈ ഭാഗത്ത് താമസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. മലയുടെ മുകളിലായി ഒരു പാഞ്ചാലീക്ഷേത്രം ഉണ്ടെന്ന് പറഞ്ഞല്ലോ. ഇതിന്റെ പരിസരത്തിലായി പാഞ്ചാലികുളം എന്നൊരു ജലതടാകവും ഉണ്ട്. രണ്ടായിരത്തഞ്ഞൂറ് അടി ഉയരത്തിലെ മലമുകളില്‍ ഒരു സ്വച്ഛജലതടാകം ! അത്ഭുതം തന്നെ.

ശബരിമലയില്‍ മകരസംക്രാന്തി നാളില്‍ തെളിയുന്ന മകരജ്യോതിസ് പാഞ്ചാലിമേട്ടില്‍നിന്നും ദൃശ്യമാകുമത്രെ! ഈ മലയുടെ അടിവാരത്തില്‍ വള്ളിനാന്‍‌കാവ് എന്ന ഒരു ഗ്രാമമുണ്ട്. അവിടെ മലയരയന്മാരുടെ വാസസ്ഥലവും, ക്ഷേത്രവും ഉണ്ടെന്നും, അവിടെനിന്ന് പാഞ്ചാലിമേട്ടിലേക്ക് മൂന്നുമണിക്കൂര്‍ ട്രെക്കിംഗിനുള്ള ദൂരമുണ്ടെന്നും പിന്നീട് ഇന്റര്‍നെറ്റില്‍ നിന്നും വായിച്ചറിഞ്ഞു.മലയുടെ ഏകദേശം കാല്‍ഭാഗം കയറിയപ്പോഴേക്കും മുകളില്‍ കാണുന്ന രണ്ടു ഫോട്ടോകളിലെപ്പോലെയുള്ള പ്രകൃതി ദൃശ്യങ്ങള്‍ കാണാറായി. അപ്പോഴേക്കും ഷിജുവും ഷോബിയും “ഞങ്ങള്‍ ഇപ്പോ വരാമേ“ എന്നു പറഞ്ഞ് കാറിനടുത്തേക്ക് തിരികെ ഇറങ്ങിപ്പോകുന്നതുകണ്ടു. ദീപയും അവരോടൊപ്പം പോയി. മനുക്കുട്ടനാണെങ്കില്‍ ഒന്നാമത് നടക്കുകയില്ല, പോരാത്തതിന് ഇതൊരു മലയും. അവന്‍ പതിവുപോലെ എന്റെ തോളില്‍ തൂങ്ങിക്കിടക്കുകയാണ്. ഈ ശീലം കാരണം വേതാളം എന്നാണ് ഞാനവനെ വിളിക്കുന്നത് (കടപ്പാട് : വിക്രമാദിത്യ കഥകള്‍). മറ്റേത്തോളില്‍ കര്‍ണ്ണ കുണ്ഡലങ്ങള്‍ പോലെ വീഡിയോ ക്യാമറ, സ്റ്റില്‍ ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വേറെയും. ഈ ചെക്കനേയും ചുമന്നുകൊണ്ട് മലകയറിയാല്‍ എന്റെ നടുവ് ഒടിയും എന്നറിയാമായിരുന്നതിനാല്‍, അവര്‍ തിരികെ വരുന്നതുവരെ കാത്തുനില്‍ക്കുകയേ വഴിയുള്ളായിരുന്നു. എങ്കിലും എന്തിനാണാവോ ഇവര്‍ തിരികെ കാറിന്റെ അടുത്തേക്ക് പോയത് എന്ന് എനിക്ക് മനസ്സിലായില്ല.

ഇതിനിടെ മനുവിനെ ഒരു വിധത്തില്‍ താഴെ നിര്‍ത്തിയിട്ട് ഞാന്‍ നാലുചുറ്റിനുമുള്ള കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്താനാരംഭിച്ചു. (നല്ലൊരു പോസ്റ്റിനുള്ള വകുപ്പുണ്ടെന്ന് അപ്പോഴേ അറിയാമായിരുന്നു). ദേ കണ്ടോളൂ നാലുവശത്തേക്കുമുള്ള കാഴ്ചകള്‍.

മലഞ്ചെരുവില്‍ ഒരു പയ്യന്‍ ഒരു പറ്റം കൊഴുത്തുതടിച്ച പശുക്കളെ മേയിക്കുന്നുണ്ടായിരുന്നു. പശുക്കള്‍ക്കാണെങ്കില്‍ വളരെ സന്തോഷം, നല്ല ഇളം‌പച്ച പുല്ലല്ലേ നിരന്നങ്ങനെ നില്‍ക്കുന്നത്! അല്പസമയത്തിനുള്ളില്‍ ഒരു മേഘം വന്ന് പശുക്കളേയും പയ്യനേയും മറച്ചുകൊണ്ട് കടന്നുപോയി. ഈ കാഴ്ചകളൊക്കെയും നമ്മുടെ നഗ്നനേത്രങ്ങളാല്‍ കാണുന്നതിന്റെ നൂറിലൊന്നു ഭംഗിയില്‍ പോലും പകര്‍ത്തുവാന്‍ ഒരു ക്യാമറക്കാവില്ല എന്ന് ഇവിടെ പ്രത്യേകം പറയട്ടെ.

താഴെയുള്ള ചിത്രത്തില്‍ വലതുമൂലയ്ക്കായി കാണുന്ന ജലാശമാവണം പാഞ്ചാലികുളം എന്നു ഞാന്‍ അനുമാനിക്കുന്നു.ഇതാണു കിഴക്കുഭാഗത്തേക്കുള്ള കാഴ്ചകള്‍. പടിഞ്ഞാറുഭാഗത്തേക്കുള്ള ദൃശ്യമാണ് ഈ പോസ്റ്റില്‍ മൂന്നാമതും നാലാമതും കാണുന്ന ഫോട്ടോകള്‍.ഇത്രയും ഫോട്ടോകളൊക്കെ ഞാന്‍ പകര്‍ത്തിക്കഴിഞ്ഞപ്പോഴേക്ക് കാ‍റിലേക്ക് പോയവരൊക്കെ മടങ്ങിവരുന്നതു കണ്ടു. നവദമ്പതികള്‍ കാര്യമായിട്ടുതന്നെയാണ് - ഷര്‍വാണിയും, ഷാളും ഒക്കെയായി ഷിജുവും, അതിനു ചേരുന്ന ഒരു കളറിലെ ചുരിദാറും ആയി ഷോബിയും. ഒരു ഫോട്ടോഷൂട്ടിനുള്ള വരവാണെന്ന് എനിക്കുമനസ്സിലായി. ലൊക്കേഷന്‍ അതീവസുന്ദരം. ചേട്ടന്‍ ക്യാമറാമാന്‍ സ്റ്റില്‍‌സ് വേണോ അതോ വീഡിയോ വേണോ എന്ന മട്ടില്‍ നില്‍ക്കുന്നു. പിന്നെ കുറേ ഫോട്ടോ എടുത്താലെന്തെടേ .. എന്നാണു ഷിജുവിന്റെ മനോഗതം എന്നു മുഖത്ത് വ്യക്തമായിരുന്നു. ങാ.. പിള്ളേരുടെ ആഗ്രഹമല്ലേ, നടക്കട്ടെ എന്നു ഞാനും വിചാരിച്ചു. അങ്ങനെ പല ആംഗിളുകളില്‍, പോസുകളില്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ കുറേ ഫോട്ടോകളും, വീഡിയോ ഫുട്ടേജും എടുത്തു (അതൊന്നും ഇവിടെ ഇടുന്നില്ല കേട്ടോ..!!)


വീണ്ടും ഞങ്ങള്‍ മലകയറ്റം തുടര്‍ന്നു. കുരിശിന്റെ വഴിയിലെ ഒന്‍പതാം സ്ഥലമായപ്പോഴേക്കും അവരൊക്കെ ക്ഷീണിച്ചു. അപ്പോഴേക്കും മനുക്കുട്ടന്‍ എങ്ങനെയോ ദീപയുടെ കൈകളില്‍ എത്തിയിരുന്നു. മനുവിന്റെയൂം ഉണ്ണീയുടെയും കൈയ്യില്‍ കുടയും ഉണ്ട്. കുറച്ചുകഴിഞ്ഞപ്പോഴേക്ക് കാറ്റ് പിടിച്ച് മനുവിന്റെ കുട മൂടും ഇളകി വവ്വാലുപോലെ ആയി. അത് ഒരു വിധത്തില്‍ മടക്കി കൈയ്യില്‍ കൊടൂത്തപ്പോഴത്തെ ദേഷ്യമാണു താഴത്തെ ചിത്രത്തില്‍.

കുട ഒടിഞ്ഞതിന്റെ കാര്യം അവന്‍ ദീപയോടൂം ബാക്കിയുള്ളവരോടും പറഞ്ഞുകൊണ്ടുനിന്ന നേരത്തിനു ഞാനും ഉണ്ണിമോളും അവിടെനിന്ന് സ്കൂട്ടായി! വേതാളം തോളിലില്ലാത്തതിന്റെ ആശ്വാസത്തില്‍ വേഗത്തിലാണു മലകയറ്റം. അല്പം കൂടികയറിക്കഴിഞ്ഞപ്പോഴേക്ക് കാറ്റ് അതീവ ശക്തിയില്‍ അനുഭവപ്പെട്ടു തുടങ്ങി. വശങ്ങളിലുള്ള പുല്ലുകളൊക്കെ അടിച്ചു പറത്തുകയാണ്. ഉണ്ണി നിലത്തുനിന്നും പൊങ്ങിപ്പോകുമോ എന്നുപോലും അവള്‍ക്ക് പേടിയായി. തിരിച്ചുപോകണം അപ്പാ, എന്ന് അവള്‍ പറഞ്ഞപ്പോള്‍ പൊയ്കൊള്ളുവാന്‍ ഞാന്‍ അനുവദിച്ചു.


ഇത്രയുമായപ്പോഴേക്ക് “അപ്പാ.... അപ്പാ‍...” എന്നുള്ള വിളിയുടെ അകമ്പടിയോടെ മനുവിന്റെ കരച്ചില്‍ ചുറ്റിലുള്ള മലകളില്‍ പ്രതിധ്വനിച്ചുകൊണ്ട് പുറകില്‍ നിന്ന്എനിക്കു കേള്‍ക്കാറായി! ഞാന്‍ രക്ഷപെട്ടിരിക്കുന്നു എന്ന് മനുവിനു മനസ്സിലായതാണ്.

ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ആ വിജനമായ വലിയ മലയുടെ മുകളിലൂടെ, ഒടിഞ്ഞ കുടയും കൈയ്യില്‍ പിടിച്ച് ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് “ഒരേ ഒരു ലക്ഷ്യം ശബരിമാമല........” എന്നു പാട്ടില്‍ പറഞ്ഞതുപോലെ മനു ഞങ്ങളെ ലക്ഷ്യമാക്കി ഓടിവരുകയാണ്. ഈ കൊച്ചിനെ തനിയെ വിട്ടതിനു ദീപയെ മനസില്‍ ചീത്തപറഞ്ഞുകൊണ്ട് (അല്ല, ദീപ വിചാരിച്ചാലും അവന്‍ ഒന്നുദ്ദേശിച്ചാല്‍ പിന്നെ നില്‍ക്കുകയില്ല), ഞാന്‍ അവനെ എടുക്കാനായി വീണ്ടും താഴേക്ക് പോയി.

മലമുകളില്‍ നിന്ന് താഴേക്കുള്ള ദൃശ്യം. ചിത്രത്തില്‍ ഇടതുവശത്തായുള്ള മലമുകളില്‍ കാണുന്നത് പാഞ്ചാലീക്ഷേത്രം. അതിനു മുമ്പിലായി കാറ്റിനെപ്പറ്റി പഠിക്കുവാനുള്ള ആന്റിന കാണാം. താഴേക്ക് ഇറങ്ങിപ്പോകുന്നത് ഉണ്ണിമോള്‍. ഏറ്റവും മുമ്പിലായുള്ള കുരിശിന്റെ ഇടതു മുകള്‍ ഭാഗത്ത് കാണുന്ന കുഞ്ഞു പൊട്ട് കരഞ്ഞുകൊണ്ട് ഓടി വരുന്ന മനു!


തോളില്‍ വേതാളവുമായി മുകളിലേക്കുള്ള തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ഞാനും മനുവും ആ മലയുടെ മുകളറ്റം വരെ കയറി. കാറ്റിന്റെ വേഗതയാല്‍ അവന്‍ പേടിക്കുന്നുണ്ട്, അതുപോലെ തണുത്തുവിറയ്ക്കുന്നുമുണ്ട്. പേടികാരണം മലയുടെ മുകളില്‍ നിന്നുകൊണ്ട് അവന്റെ ഒരു ഫോട്ടോ എടുക്കുവാന്‍ അവന്‍ എന്നെ അനുവദിച്ചില്ല. എങ്കിലും അപ്പയുടെ ഒരു ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചപ്പോള്‍, വിറച്ചുകൊണ്ടാണെങ്കിലും അവന്‍ സമ്മതിക്കുക തന്നെ ചെയ്തു. അങ്ങനെ കുഞ്ഞിക്കൈയ്യില്‍ ഉറയ്ക്കാത്ത ക്യാമറയുമായി മനു എടുത്ത ചിത്രമാണ് താഴെ. ചിത്രത്തിലെ പുല്ലുകളുടെ നില്‍പ്പും എന്റെ പാന്റിലെ ചുളിവുകളും ശ്രദ്ധിച്ചാല്‍ കാറ്റിന്റെ വേഗതയുടെ ഒരു ഏകദേശരൂപം മനസ്സിലാ‍ക്കാം.അങ്ങനെ പാഞ്ചാലിമേടിന്റെ മുകളില്‍ അല്പസമയം ചെലവഴിച്ച് ഞങ്ങള്‍ താഴേക്ക് ഇറങ്ങി. അപ്പോഴേക്കും കാര്‍മേഘങ്ങള്‍ വീണ്ടും ഉരുണ്ടുകൂടുന്നത് കാണായി. ഞാന്‍ ഇറക്കം കൂടുതല്‍ വേഗത്തിലാക്കി. കാറിലെത്തുന്നതിനു മുമ്പ് മഴവീണാല്‍ ആകെ നനയും. എങ്കിലും എങ്ങനെയാണ് ഒരു മഴമേഘം മലയുടെ മുകളിലേക്ക് അടുക്കുന്നത് എന്ന് എല്ലാവര്‍ക്കും കാണുവാനായി രണ്ടുചിത്രങ്ങള്‍ അതേ ലൈറ്റിംഗില്‍ എടുത്തിട്ടുണ്ട്.

(ഈ ചിത്രത്തില്‍ നടുവിലായി കാണുന്ന മലയ്ക്കും, ഞാന്‍ നില്‍ക്കുന്ന മലയ്ക്കും ഇടയില്‍ കിലോമീറ്ററുകള്‍ വീതിയുള്ള ഒരു അഗാധ ഗര്‍ത്തമാണ്. അവിടെനിന്നാണ് കാറ്റ് മുകളിലേക്ക് കയറിവരുന്നത്)

ഓടി കാറില്‍ എത്തിയപ്പോഴേക്കും മഴവീണിരുന്നു!.....

വല്ലാത്ത തണുപ്പ്. ഫ്ലാസ്ക് തുറന്ന് ഓരോ കപ്പ് ചൂടുകാപ്പിയും കുടിച്ച് ഞങ്ങള്‍ ഇരിക്കുമ്പോള്‍ പുറത്ത് മഴ തകര്‍ക്കുകയായിരുന്നു....

(തുടരും)

Read more...

സഹ്യന്റെ മടിയില‌ുടെ ഒരു യാത്ര - രണ്ട്

>> Saturday, August 2, 2008

വളവും, തിരിവും, കയറ്റവും ഒക്കെയായി NH 220 എന്ന കോട്ടയം കുമിളി റോഡ് അങ്ങനെ സഹ്യനിലേക്ക് കയറുകയാണ്. ടോപ്പ് ഗിയറീല്‍ ഓടിക്കൊണ്ടിരുന്ന കാറിന് പലപ്പോഴും തേഡ് ഗിയര്‍ വേണ്ടിവന്നു, ഞങ്ങള്‍ നാല് ആള്‍ക്കാരെയും രണ്ടു കുട്ടികളേയും വഹിച്ച് ആ കയറ്റം കയറുവാന്‍. പക്ഷേ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല; ആവശ്യത്തിനു പവര്‍ ഉള്ള അതിന്റെ എഞ്ചിന്‍ ഭംഗിയായി ആ കയറ്റങ്ങള്‍ കയറുന്നുണ്ടായിരുന്നു.

റോഡ് സൈന്‍ ബോര്‍ഡുകളെ കൂടാ‍തെ "Speed thrills, but kills", "Alcohol and driving - never mix them", തുടങ്ങിയ ലഘുമുന്നറിയിപ്പുകളും വഴിയില്‍ ധാരാളം സ്ഥാപിച്ചിട്ടുണ്ട്, ആരും ശ്രദ്ധിക്കുന്നില്ലെങ്കിലും.റോഡു നിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെ കാര്‍മേഘങ്ങള്‍ മലകളുടെ തലപ്പുകളില്‍ കുന്നുകൂടുന്നതു കാണാമായിരുന്നു. തണുത്ത കാറ്റ് വീശിയടിച്ചു. ഏതുനിമിഷവും മഴവീണേക്കാം. കുറച്ചുകൂടി മുന്നോട്ട് നീങ്ങിയപ്പോള്‍ റോഡിന്റെ നേരെ എതിര്‍വശത്തുള്ള മലയുടെ നെറുകയില്‍നിന്നും താഴ്വാരങ്ങളിലേക്ക് ശക്തിയായി ഊര്‍ന്നിറങ്ങുന്ന കാര്‍മേഘങ്ങള്‍ കാണാറായി. അവിടെ മഴ വീഴുവാന്‍ തുടങ്ങിയിരിക്കുന്നു. ഇത്രയും അടുത്തുനിന്ന് മഴപെയ്തിറങ്ങുന്നതുകാണുവാന്‍ നല്ല രസമാണ്. ഈ ഫോട്ടോയില്‍ അതിന്റെ ഭംഗി അപ്പടി ആവാഹിക്കുവാന്‍ സാധിച്ചിട്ടില്ല എന്നു പ്രത്യേകം പറയട്ടെ.ഒരു മലയില്‍ മഴപെയ്യുവാന്‍ തുടങ്ങിയാല്‍ പിന്നെ നാം നോക്കിനില്‍ക്കേതന്നെ ചെറുവെള്ളച്ചാട്ടങ്ങള്‍ ആ മലയുടെ താഴ്വാരങ്ങളിലേക്ക് ചാടാന്‍ തുടങ്ങും. മഴ തീരുന്നതോടെ ഇവയും നില്‍ക്കും. ഇതാ അതുപോലെ ഒരു ഊക്കന്‍ വെള്ളച്ചാട്ടം. വൈഡ് ആംഗിള്‍ ഫോട്ടോയായതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് കാണാമെന്നേയുള്ളൂ; എങ്കിലും ഒന്നു വലുതാക്കി കണ്ടുനോക്കൂ.മഴക്കോള്‍ പെട്ടന്നുതന്നെ പെയ്തൊഴിഞ്ഞു. വീണ്ടും ചെറിയ വെയില്‍ തെളിഞ്ഞു. സമയം ഉച്ചയ്ക്ക് പന്ത്രണ്ടുമണിയായിരിക്കുന്നു. ഇതിനോടകം തന്നെ കുട്ടികള്‍ രണ്ടുപേരും അമ്മ പൊതിഞ്ഞുതന്നയച്ച ഇഡ്ഡലിയും ചമ്മന്തിയും കഴിച്ച് വിശപ്പൊക്കെ മാറിയിരിക്കുകയാണ്. ഞങ്ങള്‍ക്ക് ചെറുതായി വിശക്കുന്നുമുണ്ട്. ഒരു ചൂടുചായ കുടിക്കാം തണുപ്പും മാറാം എന്ന് ഒരാഗ്രഹം. അപ്പോഴാണ് വഴിവക്കില്‍ ഹില്‍‌വ്യൂ റെസ്റ്ററന്റ് കണ്ടത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ചെറിയ റെസ്റ്ററന്റ് (നമ്മുടെ നാട്ടുഭാഷയില്‍ ഹോട്ടല്‍) ഈ ഭാഗത്ത് കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ അവിടെ കയറിയിട്ടില്ല. ഇപ്രാവശ്യം ഒന്നു കയറുകതന്നെ എന്നു നിശ്ചയിച്ച് ഞങ്ങള്‍ കാര്‍ റോഡിന്റെ ഓരത്തേക്ക് പാര്‍ക്ക് ചെയ്തു. ഇതാണു ഹില്‍ വ്യൂ. (രണ്ടു ഫോട്ടോകള്‍ തുന്നിച്ചേര്‍ത്ത ചിത്രമാണു കേട്ടോ).ഓരോ ചായയ്ക്ക് ഓര്‍ഡര്‍ നല്‍കിയശേഷം അതിന്റെ പരിസരമൊക്കെ ഒന്നു നോക്കിക്കാണാനായി ഇറങ്ങി. റോഡിന്റെ താഴെനിരപ്പില്‍ നില്‍ക്കുന്ന ഒരു വീടാണത്. അതിന്റെ മുകള്‍ഭാഗം ഒരു റെസ്റ്ററന്റായി മാറ്റിയതാണ്. പുറകുവശത്തേക്ക് ഇറക്കി കെട്ടിയിരിക്കുന്ന ഒരു ചെറിയ മുറി. അതില്‍ മുന്നാലു മേശകളും കസേരകളും. അതിന്റെ വരാന്തയുടെ ഒരറ്റത്തായി ഒരു ബാത്‌റൂം, ടോയിലറ്റ്. ഈ മുറിയുടെ മുമ്പിലായി ഒരു ചെറിയ കടമുറി - ചായക്കടതന്നെ. ഈ കടമുറിയുടെ മുകളിലായി ഒരു വീക്ഷണഗോപുരവും - ഇത്രയുമാണ് ഇക്കോടൂറിസത്തിന്റെ ഭാഗമായി നിര്‍മ്മിച്ചിരിക്കുന്ന ആ കൊച്ചു റെസ്റ്ററന്റിന്റെ ഭാഗങ്ങള്‍. കൊള്ളാം നല്ല ലൊക്കേഷന്‍, നല്ല കാലാവസ്ഥ, വൃത്തിയുള്ള ചുറ്റുപാട്.

ഗള്‍ഫില്‍നിന്നു ചിപ്സും, പെപ്സിയും തിന്നും കുടിച്ചും കൊതിതീര്‍ന്ന പിള്ളേരാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, മനുക്കുട്ടന് ഉടനെ അവിടെക്കണ്ട “സെപ്സി” വേണം. പോരാത്തതിന് പ്ലാസ്റ്റിക് കൂടുകളില്‍ തൂക്കിയിട്ടിരിക്കുന്ന സാധനങ്ങളെല്ലാം പൊട്ടറ്റോ ചിപ്സ് ആണെന്നാണ് അവന്റെ വിചാരം. അതൊക്കെയും വേണം. അവയില്‍ നിന്നും അവനു വേണ്ട സാധനങ്ങള്‍ എടുത്തുകൊടുക്കുമ്പോള്‍, ഞാന്‍ അവിടുത്തെ ചേച്ചിയോട് ആ റെസ്റ്ററന്റിനെപ്പറ്റി ചോദിച്ചു മനസ്സിലാക്കി. അത് അവരുടെ വീടുതന്നെയാണ്. അവരുടെ ഭര്‍ത്താവും, ഈ ചേച്ചിയും, അവരുടെ രണ്ടു ചെറിയ കുട്ടികളും ഒരു സഹായിയുമാണ് അവിടെയുള്ളത്. വീടിന്റെ ഭാഗമായതിനാല്‍, അവരുടെ അടുക്കളയില്‍ തന്നെയാണു പാചകം. വലിയരീതിയിലുള്ള സെറ്റപ്പുകളൊന്നുമില്ലെങ്കിലും ഉള്ള ഭക്ഷണം വൃത്തിയായി ഉണ്ടാക്കുന്നതാണെന്ന് വ്യക്തമായിരുന്നു. ചായകൊണ്ടുവന്നതിന്റെ കൂടെ, “ഊണുവേണോ, അല്ലെങ്കില്‍ കപ്പയും മീന്‍ കറിയും ഉണ്ട്” എന്നും കൂടെ പറയുവാന്‍ ചേച്ചി മറന്നില്ല!

ഞങ്ങള്‍ പരസ്പരം നോക്കി. ചോറുവേണോ? ഞാനും അനുജനും കൂടെ ഇനി പോകാനുള്ള ദൂരവും ആ വഴിയ്ക്കുള്ള “ഹോട്ടലുകളും” ഒന്നുകൂടി മനസ്സില്‍ കൂട്ടിയും കിഴിച്ചും നോക്കി. ഇനി കുട്ടിക്കാ‍നം എന്ന ഹില്‍‌സ്റ്റേഷനില്‍ എത്താന്‍ പത്തിരുപതു കിലോമീറ്റര്‍ ഉണ്ട്. ഇടയ്ക്കൊന്നും നിര്‍ത്താതെ അങ്ങുപോയാല്‍ അരമണിക്കൂറുകൊണ്ട് എത്താവുന്നതേയുള്ളൂ. പക്ഷേ ഞങ്ങളുടെപോക്ക് അങ്ങനെയല്ലല്ലോ. വഴിനീളെ കാഴ്ചകളും, ഫോട്ടോയെടുപ്പും ഒക്കെ കഴിഞ്ഞ് അങ്ങു ചെല്ലുമ്പോഴേക്ക് ഒന്നൊന്നരയാകും. അതുകഴിഞ്ഞ് എട്ടുപത്തു കിലോമീറ്റര്‍ ഓടി ഏലപ്പാറ എത്തിയാലേ കുറേ റെസ്റ്ററന്റുകളുള്ള ഒരു സ്ഥലത്ത് എത്തൂ. മുന്‍ അനുഭവങ്ങളില്‍നിന്ന് അവിടുത്തെ “വൃത്തിയും മണങ്ങളും“ മനസ്സിലേക്ക് പെട്ടന്ന് ഓടിയെത്തി. പിന്നെ കൂടുതലൊന്നും ആലോചിക്കാന്‍ പോയില്ല. എല്ലാവര്‍ക്കും ഊണ്എടുക്കുവാന്‍ ചേട്ടനേയും ചേച്ചിയേയും ചുമതലപ്പെടുത്തി. മീന്‍ വറുത്തത് സ്പെഷ്യല്‍. അവര്‍ ഊണു റെഡിയാക്കുമ്പോഴേക്ക് ഹില്‍ വ്യൂവില്‍ നിന്നുള്ള കാഴ്ചകളൊക്കെ കണ്ടു. അവിടെ നിന്ന് എല്ലാവരുടേയും ഒരോ ഫോട്ടോ എടുക്കുകയും ചെയ്തു. ദേണ്ടെ ഒരു സാമ്പിള്‍ ചിത്രം.ഊണുവന്നു. പ്ലെയിറ്റുകള്‍ നിരന്നു. പാലക്കാടന്‍ മട്ട ചോറ്, ഒഴിക്കാന്‍ സാമ്പാര്‍, പുളിശ്ശേരി, കാബേജ് തോരന്‍, ബീറ്റ് റൂട്ട് മെഴുക്കുപുരട്ടി, കല്ലിലരച്ച തേങ്ങച്ചമ്മന്തി, മീന്‍ കറി, അച്ചാറ്, പപ്പടം പിന്നെ മീന്‍ വറുത്തതും. കുശാലായ നാടന്‍ ഊണ്. നല്ല രുചിയും. ചേച്ചിയുടെ പാചകകൈപ്പുണ്യം നല്ലതുതന്നെ എന്ന് കമന്റും പറഞ്ഞു ഞങ്ങള്‍ വയറുനിറയെ ചോറുണ്ടു.

“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും പെപ്സിതന്നെ കൊതുകിന്നു കൌതുകം” എന്നമട്ടില്‍ മനുക്കുട്ടന്‍ പെപ്സിയുമായി വട്ടം നടക്കുന്നുണ്ടായിരുന്നു, ഉണ്ണിക്ക് ഒരു തുള്ളി കൊടുക്കാതെ!ഊണും കഴിഞ്ഞ് ബില്ലും കൊടുത്ത് ചേട്ടനും ചേച്ചിക്കും ഭക്ഷണത്തിന്റെ രുചിക്ക് പ്രത്യേക അഭിനന്ദനവും പറഞ്ഞിട്ട് ഞങ്ങള്‍ യാത്രതുടര്‍ന്നു. ഷോബി (അനുജന്റെ ഭാര്യ) ആ വഴിക്ക് ആദ്യമായി പോവുകയായതിനാല്‍ ഇടയ്കൊക്കെ കാര്‍ നിര്‍ത്തി നിര്‍ത്തി കാഴ്ചകളൊക്കെ കാണിച്ചുകൊണ്ടായിരുന്നു യാത്ര. മാത്രവുമല്ല മനുക്കുട്ടന്റെയും ആ വഴിക്കുള്ള ആദ്യയാത്രതന്നെ.”അമ്മേ ആ മേഘം നമ്മടെ അടുത്തുവരുമോ, നമ്മള്‍ ആ മേഘത്തിന്റെ അകത്തുപോകുമോ” എന്നൊക്കെ നൂറുകൂട്ടം സംശയങ്ങള്‍ മേഘങ്ങളെപ്പറ്റി ചോദിച്ചുകൊണ്ടാണ് അവന്റെ ഇരുപ്പ്.

ഒരു വളവു കൂടി കഴിയുമ്പോള്‍ , റോഡരുകിലേക്കുതന്നെ പതിക്കുന്ന ഒരു ചെറിയ അരുവിയുണ്ട്. വളരെ ചെറിയ, എന്നാല്‍ മനോഹരമായ ഒരു വെള്ളച്ചാട്ടം. കാലുകള്‍ ഒന്നു നനയ്ക്കാനും, മലമുകളില്‍നിന്ന് ഒഴുകിവരുന്ന കണ്ണുനീര്‍പോലെ തെളിഞ്ഞ ആ ഉറവയുടെ തണുപ്പ് ഒന്നു തൊട്ടറിയുവാനും ഒക്കെ പറ്റിയ സ്ഥലം. വളരെ പണ്ടേ ഉള്ള ഒരു അരുവിയാണിത്. കാര്‍ നിര്‍ത്തി.പാറകള്‍ക്കിടയിലൂടെ തട്ടിപ്പതഞ്ഞൊഴുകി താഴേക്ക് പതിച്ച് ഒരു കലുങ്കിനടിയിലൂടെ മലയുടെ താഴ്വരയിലേക്ക് ഒഴുകിപ്പോകുന്ന ഒരു കൊച്ചരുവി. ഇതുപോലെയുള്ള ധാരാളം അരുവികള്‍ ഈ റോഡില്‍ ഉടനീളം കാണാം. ചിത്രം വലുതാക്കിനോക്കിയാല്‍ ഒരു ചെറിയ പ്ലാസ്റ്റിക് കുഴല്‍ ഈ ജലപാതത്തിന്റെ അടിയിലൂടെ കടന്നുപോകുന്നതുകാണാം. ഇങ്ങനെയാണ് ഇവിടങ്ങളില്‍ ശുദ്ധജലം ശേഖരിക്കുക. മുളം‌തണ്ടുകളും ഇതിനായി ഇപയോഗിച്ചിരുന്നു. ഉയരത്തില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം പമ്പിന്റെയും ഒന്നും സഹായമില്ല്ലാതെ സ്വാഭാവികമായി താഴേക്ക് ഒഴുകുകയും അതു സംഭരിക്കുകയും ചെയ്യാമല്ലോ.

കുറേവര്‍ഷങ്ങള്‍ക്കു മുമ്പ് (ഇപ്പോഴും ഉണ്ടാവണം) മലകയറി കയറി പോകുന്ന വാഹനങ്ങളുടെ റേഡിയേറ്റര്‍ തണുപ്പിക്കുവാനായും ഈ അരുവികളില്‍ നിന്നുള്ള വെള്ളച്ചാട്ടങ്ങള്‍ ഉപയോഗിച്ചിരുന്നു. കുറേനേരം വണ്ടി ഭാരവും വലിച്ച് മലകയറിക്കഴിയുമ്പോഴേക്ക് റേഡിയേറ്ററിലെ വെള്ളം ചൂടായി ആവിവരാന്‍ തുടങ്ങും. അടുത്തുവരുന്ന ജലപാതത്തിനരുകില്‍ വണ്ടി തണുപ്പിക്കാനുള്ള കുട്ടികള്‍ തയ്യാറായി നില്‍ക്കുന്നുണ്ടാവും. അവര്‍ക്ക് വണ്ടിക്കാര്‍ ടിപ്സ് വല്ലതും കൊടുക്കും. അവര്‍ റേഡിയേറ്റര്‍ തുറന്ന്, ഇതുപോലെ ഇട്ടിരിക്കുന്ന് ഒരു ഹോസ് എടുത്ത് റേഡിയേറ്ററിന്റെ വായിലേക്ക് ഉറപ്പിക്കും. മലമുകളില്‍ നിന്നും വരുന്ന തണുത്ത ജലം റേഡിയേറ്ററില്‍ ഒന്നു കയറി ഇറങ്ങുമ്പോഴേക്ക് വണ്ടി തണുത്തിരിക്കും. വീണ്ടും വാഹനം യാത്ര തുടരും. ഇങ്ങനെയായിരുന്നു പണ്ടത്തെപതിവ്. ബസുകളും ഒന്നോരണ്ടൊ തവണ ഇപ്രകാരം തണുപ്പിച്ചിരുന്നു.ഇപ്പോഴത്തെ പെട്രോള്‍ വണ്ടികള്‍ക്കൊക്കെ കൂളന്റും കുറച്ചുകൂടി ഫലവത്തായ തണുപ്പിക്കലും ഒക്കെ ഉള്ളതിനാല്‍ ഇതിന്റെ ആവശ്യമില്ല എന്നേയുള്ളൂ. ഡീസല്‍ വണ്ടികളും അങ്ങനെതന്നെ എന്നു തോന്നുന്നു.

മഴ ഒന്നുകൂടി ചെറുതായി ചാറിയൊഴിഞ്ഞു. പെരുവന്താനം എന്ന ചെറിയ ജംഗ്‌ഷനും പിന്നിട്ട് മുറിഞ്ഞപുഴ എന്ന പ്രദേശത്ത് എത്താറായി എന്ന് റോഡിലെ ബോര്‍ഡുകളില്‍ നിന്നു മനസ്സിലായി. ‘മുറിഞ്ഞപുഴ’. ഇത്തവണ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴി അനി എന്ന ഡ്രൈവര്‍ പയ്യന്‍ പറഞ്ഞ ഒരു കാര്യം പെട്ടന്ന് എന്റെ മനസ്സിലെത്തി. ഈ ഭാഗത്ത് എവിടെയോ ആണ് അനി പറഞ്ഞ പാഞ്ചാലിമേട് എന്ന സ്ഥലം. “മെയിന്‍ റോഡില്‍ നിന്ന് അല്പം ഉള്ളിലേക്ക് പോകണം. ഒരു മലയുടെ മുകളിലാണ്. നല്ല രസമാണ് അവിടെനിന്നുള്ള കാഴ്ച. അതൊന്നു കാണേണ്ടത് തന്നെ” എന്നൊക്കെ അനി പറഞ്ഞ വാചകങ്ങള്‍ മനസ്സിലൂടെ പോയി. അധികം താമസിക്കേണ്ടിവന്നില്ല. തേടിയവള്ളി കെ.ടി.ഡി.സിയുടെ ഒരു ബോര്‍ഡിന്റെ രൂപത്തില്‍ റോഡ് സൈഡില്‍ എത്തി. “പാഞ്ചാലി മേട് 4.5 കിലോമീറ്റര്‍. അടുത്ത ജം‌ഗ്‌ഷനില്‍ നിന്ന് വലത്തേക്ക് തിരിയുക.”

എത്രതാമസിച്ചാലും ഇത്തവണ ഈ പാഞ്ചാലിമേട് ഒന്നു കാണുകതന്നെ. എല്ലാവര്‍ക്കും ഉത്സാഹമായി. രാമക്കല്‍മേട്, പാഞ്ചാലിമേട്, കമ്പം‌മേട് എന്നൊക്കെയാണ് ഈ സ്ഥലങ്ങളെ സാധാരണ നമ്മള്‍ അറിയപ്പെടുന്നതെങ്കിലും മലനാട്ടിലെ ലോക്കല്‍ ഭാഷയില്‍ “മെട്ട്” എന്നാണ് ശരിയായ വാക്ക്. രാമക്കല്‍ മെട്ട്, കമ്പം മെട്ട് എന്നിങ്ങനെ. മെട്ട് എന്നു പറഞ്ഞാല്‍ കുന്നിന്റെ നെറുക എന്നര്‍ത്ഥം. ബോര്‍ഡില്‍ കണ്ടതുപോലെ, തൊട്ടടുത്ത ജംഗ്‌ഷനില്‍ നിന്ന് ഷിജു വണ്ടി വലത്തേക്ക് തിരിച്ചു. ഇത്രയും നേരം വന്നുകൊണ്ടിരുന്ന വീതിയുള്ള റോഡില്‍നിന്നും വളരെ വ്യത്യസ്തമായ ഇടുങ്ങിയ ഒരു റോഡ്. എങ്കിലും ടാര്‍ ചെയ്തിട്ടുണ്ട്. ചുറ്റും മലകള്‍, കൊക്കകള്‍! മാനും മാഞ്ചാദിയും ഉണ്ടോ എന്നു സംശയം തോന്നുമാറ് ഒരൊറ്റ വീടും കാണുന്നില്ല! എങ്കിലും അതുവഴി ഒരു ഇലക്ട്രിക് ലൈന്‍ കടന്നുപോകുന്നുണ്ടായിരുന്നു - ഈ കാണുന്ന കൃഷിസ്ഥലങ്ങള്‍ക്കും കാടുകള്‍ക്കും ഇടയില്‍ മനുഷ്യവാസമുണ്ട് എന്നതിനു തെളിവായി!

മലകള്‍ക്കിടയിലൂടെ കുത്തുകയറ്റങ്ങളും, ഇറക്കങ്ങളും ഹെയര്‍പിന്നിനേക്കാള്‍ വളഞ്ഞവളവുകളും ഒക്കെയായി നിര്‍മ്മിച്ച ഒരു നാട്ടുവഴി. ഇരുവശത്തും പലവിധ കൃഷികള്‍, ഏലം, കാപ്പി, അടയ്ക്ക, കുരുമുളക്. ഇടയ്ക്കൊരിടത്ത് മണ്ണിടിഞ്ഞ് റോഡിലേക് കിടക്കുന്നതും കണ്ടു. ഇതുവഴി കടന്നുപോയിക്കഴിഞ്ഞതിനു പുറകേയെങ്ങാനും വീണ്ടും മണ്ണിടിഞ്ഞാല്‍ അപ്പുറത്ത് പെട്ടതുതന്നെ. എങ്കിലും പോകാനുറച്ചതല്ലേ, പോവുകതന്നെ എന്നു കരുതി മുമ്പോട്ടുതന്നെപോയി.റോഡിലെ ഒരു വളവിനോട് ചേര്‍ന്ന് മറ്റൊരു കൊച്ചുവെള്ളച്ചാട്ടം. വളരെ സുന്ദരം. ആ വെള്ളച്ചാട്ടത്തിനെ വെറുതേ ഒരു ഫോട്ടോയിലാക്കി വന്ന് ബ്ലോഗിലിട്ടാല്‍, ഫോട്ടോ enthusiast കള്‍ എന്നോട് സ്വാഭാവികമായും ചോദിച്ചേക്കാവുന്ന ഒരു ചോദ്യം അപ്പോള്‍ ഞാനോര്‍ത്തു.. “അപ്പുമാഷേ..ഇതൊരു സ്ലോ ഷട്ടര്‍സ്പീഡില്‍ എടുത്തിരുന്നെങ്കില്‍ ആ വെള്ളം ഒഴുകിവീഴുന്ന എഫക്ട് കിട്ടുമായിരുന്നില്ലേ...” ആഗ്രഹം കൊള്ളാം, പക്ഷേ ക്യാമറ ഉറപ്പിച്ചു വെയ്ക്കാന്‍ ട്രൈപ്പോഡ് ഇല്ലല്ലോ.

ഏതായാലും ഞാനാലെ ഷട്ടര്‍ സ്പീഡ് കുറയ്ക്കേണ്ടിവന്നില്ല, അതിനു മുമ്പ് ഒരു മഴമേഘം വന്ന് ആ കൃത്യം ചെയ്തുതന്നു. രംഗത്തുണ്ടായിരുന്ന വെളിച്ചവും പോയി. വരുന്നതുവരട്ടെ എന്നുകരുതി, കാറില്‍ കൈമുട്ടുകള്‍ ഉറപ്പിച്ചുകൊണ്ട് ഒരു കാച്ചുകാച്ചി. റിസല്‍ട്ട് ദേ താഴെയുണ്ട്.ഫോട്ടൊഗ്രാഫിയുടെ ടെക്നിക്കല്‍ സൈഡ് വലിയ പിടിപാടില്ലാത്തവര്‍ക്കായി ഒരു കുറിപ്പ് :- ഷട്ടര്‍ സ്പീഡ് എന്നാല്‍ ക്യാമറ ഫോട്ടോയെടുക്കുന്ന സ്പീഡ് - വെളിച്ചം കുറവുള്ള അവസരങ്ങളില്‍ ഈ സ്പീഡ് കുറയ്ക്കണം, സ്പീഡ് കുറയ്ക്കുമ്പോള്‍ ക്യാമറ കൈയ്യില്‍ പിടിക്കാനാവില്ല, കൈ വിറച്ചാല്‍ പടം വൃത്തികേടാവും. പക്ഷേ ഒഴുകുന്ന വെള്ളം മുതലായവ മറ്റൊരു രീതിയിലാവും ഇത്തരം ഫോട്ടോയില്‍ കാണപ്പെടുക. ഈ പോസ്റ്റിലെ ആദ്യ വെള്ളച്ചാട്ട ചിത്രം ഉയര്‍ന്ന ഷട്ടര്‍ സ്പീഡിലും താഴത്തേത് കുറഞ്ഞ ഷട്ടര്‍ സ്പീഡിലും എടുത്തതാണ്. വ്യത്യാസം നോക്കൂ.


ഇടയ്ക്കുവച്ച് അപ്രതീക്ഷിതമായി രണ്ടു യുവമിഥുനങ്ങളെകണ്ടു - വിവാഹിതരോ അല്ലയോ, എനിക്കറിയില്ല. അവരെ കണ്ടുമുട്ടിയ സാഹചര്യമാണ് ഇപ്പോഴും ഞാനത് ഓര്‍ത്തിരിക്കുവാന്‍ ‍ കാരണം. അവര്‍ വന്ന ബൈക്ക് റോഡ് സൈഡില്‍ ഇരിക്കുന്നു. കാമുകന്‍ ഷൂ ഊരി താഴെവച്ചിട്ട്, വഴിവക്കിലുള്ള ഒരു പേരയുടെ മുകളിലെ ചില്ലയില്‍ കയറി നിന്ന് അതിനും മുകളില്‍ നില്‍ക്കുന്ന ഒരു പഴുത്ത പേരയ്ക്കാ പറിക്കുന്നു. കാമുകി താഴെനിന്ന് ഇരു കൈയ്യിലും ഓരോ പേരയ്ക്ക പിടിച്ചു കൊണ്ട് വീണ്ടും വീണ്ടും മറ്റുപേരയ്ക്കകള്‍ കാണിച്ചുകൊടുക്കുന്നു!

താമരപ്പൂ നീ ദൂരെ കണ്ടുമോഹിച്ചു...
അപ്പോള്‍ താഴെഞാന്‍ നീന്തിച്ചെന്നു പൂവുപൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞതാമരഞാന്‍ കൊണ്ടുവന്നപ്പോള്‍
പെണ്ണേ നിന്‍ കവിളില്‍ കണ്ടുമറ്റൊരു താമരക്കാട്... “

എന്നു പറഞ്ഞതുപോലെയുള്ള ഒരു രംഗം! പ്രേമികളുടെ ഓരോ ഗതികേടുകള്‍! ഏതായാലും നല്ല സ്ഥലംതന്നെ!


അല്പദൂരംകൂടി കഴിഞ്ഞപ്പോള്‍ ഒന്നുരണ്ടുകെട്ടിടങ്ങളും ഒരു ചെറിയ കടയും മറ്റും കണ്ടു. ആശ്വാസം. മനുഷ്യരുണ്ട്!! “പാഞ്ചാലിമേട്ടിലേക്കുള്ള വഴിയിതുതന്നെയല്ലേ” എന്നന്വേഷിച്ചപ്പോള്‍ മുമ്പോട്ടു തന്നെ എന്നവര്‍ ആംഗ്യഭാഷയില്‍ കാണിച്ചു.താഴെക്കാണുന്നത് ഓടുന്ന കാറില്‍ നിന്നും കുലുങ്ങി കുലുങ്ങി ചാറ്റ മഴയത്ത് എടുത്ത ഒരു സ്പെഷ്യല്‍ എഫക്റ്റ് ചിത്രം.
ഒന്നു രണ്ടു കുത്തനെയുള്ള കയറ്റങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍, റോഡ് ഏകദേശം നിരപ്പായ ഒരു കുന്നിന്‍ നെറുകയിലെത്തി. ഈശ്വരാ....ഊട്ടിയോ, കൊടൈക്കനാലോ എന്താണു മുമ്പില്‍ കാണുന്നത്! ഇതാണു അനി പറഞ്ഞ പാഞ്ചാലിമേട്. ചെക്കന്‍ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല. സത്യം തന്നെ. അത്യന്തം സുന്ദരമായ ആ പ്രദേശത്തേക്ക് ഞങ്ങള്‍ മെല്ലെയിറങ്ങി. കാറ്റ് അതി ശക്തിയായി വീശിയടിക്കുന്നു. അതില്‍പ്പെട്ട് മഞ്ഞ് ഒരു പുകപോലെ ഊര്‍ന്നിറങ്ങി നമ്മെ തൊട്ടുതഴുകി കടന്നുപോകുന്നു.....പാഞ്ചാലിമേട്ടിലെ കൂടുതല്‍ കാഴ്ചകള്‍ അടുത്ത പോസ്റ്റില്‍.


4493

Read more...

സഹ്യന്റെ മടിയിലൂടെ ഒരു യാത്ര - ഒന്ന്

>> Wednesday, July 23, 2008

ബ്ലോഗിലെ യാത്രാവിവരണ പുലികളായ ശ്രീസോബിൻ, കൊച്ചുത്രേസ്യ, നിരക്ഷരൻ തുടങ്ങിയവരുടെ രചനകൾ വായിച്ചിട്ടുണ്ടെന്നല്ലാതെ യാത്രാവിവരണം എഴുതുന്നതിൽ എനിക്ക് പരിചയമേതുമില്ല എന്ന് വായനക്കാരിൽ പലർക്കും അറിയാവുന്ന കാര്യമാണല്ലോ! കൂടുതൽ പ്രതീക്ഷിച്ച് നിരാശരാകരുതേ എന്നൊരു മുൻ‌കൂർ ജാമ്യം എടുക്കുന്നു എന്നു സാരം.


ഇതൊരു യാത്രാവിവരണമാണൊ എന്നു ചോദിച്ചാൽ ആണ്. എന്നാൽ ഇതൊരു വീട്ടിലേക്കുള്ള യാത്രയാണ്. അതിനാൽ ഈ വിവരണത്തിന് ഒരു ലക്ഷ്യസ്ഥാനമായി ഒരു ടൂറിസ്റ്റ് സ്പോട്ടോ മറ്റോ പറയുവാനായി ഇല്ല. വഴിയിൽ കണ്ട കാഴ്ചകൾ, ഈ റൂട്ടിൽ യാത്രചെയ്തിട്ടില്ലാത്തവർക്കായി പങ്കുവയ്ക്കുക എന്നതു മാത്രമാണ് ഇവിടെ ഉദ്ദേശം. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫോട്ടോകളൊന്നും തന്നെ നന്നായിട്ടുണ്ട് എന്ന് എനിക്ക് അഭിപ്രായമില്ല. മിക്കവയും ഓടുന്ന കാറിൽ ഇരുന്നെടുത്തതും, പെയ്യുന്ന മഴയ്ക്കിടയിൽ ക്യാമറ നനയ്ക്കാതെ എടുത്തതും മറ്റുമാണ്. അതിനാൽ ചിലരെങ്കിലും പ്രതീക്ഷിച്ചേക്കാവുന്ന ഗുണമേന്മ ഈ ഫോട്ടോകളിൽ കണ്ടു എന്നു വരില്ല എന്നു കൂടി ആദ്യമേ പറയട്ടെ. എങ്കിലും ഈ പോസ്റ്റിനോടൊപ്പമുള്ള ചിത്രങ്ങളോരോന്നും വലുതാക്കികാണുവാൻ തക്ക വലിപ്പത്തിലാണ് നൽകിയിരിക്കുന്നത്. വലുതാക്കി നോക്കിയാൽ കൂടുതൽ Details കാണാവുന്നതാണ്.


ഞങ്ങൾ കുട്ടികളായിരുന്നകാലത്തുതന്നെ സ്കുൾ അവധിയായാൽ അടുത്ത ബന്ധുവീടുകളിലെല്ലാം സന്ദർശനത്തിനു പോകുന്ന പതിവുണ്ടായിരുന്നു ഞങ്ങളുടെ വീട്ടിൽ. അതിൽ ഏറ്റവും ദൂരെയുള്ള രണ്ടു വീടുകളായിരുന്നു അമ്മയുടെ രണ്ടു ചേച്ചിമാരുടെ വീടുകൾ. ഒന്ന് പാലക്കാട്ടും, ഒന്ന് ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് ചെറിയതോവാള എന്ന സ്ഥലത്തും. ഈ രണ്ടു സ്ഥലങ്ങളിലേക്കുള്ള യാത്രകളായിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ടവ.


ഇതിൽത്തന്നെ തോവാളയാത്രയായിരുന്നു കൂടുതൽ പരിചയം. കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് ഞങ്ങളുടെ നാടായ പന്തളം ഉൾപ്പെടുന്നപ്രദേശം “ഇടനാടാണ്”. ഇടുക്കി ജില്ലയുടെ ഭാഗങ്ങൾ “മലനാടും” (high-range). പത്തുമുപ്പതുകൊല്ലം മുമ്പ്, മലകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു കയറ്റങ്ങളും ഇറക്കങ്ങളും ഹെയർപിൻ വളവുകളുമൊക്കെയായി കാടിന്റെയും തെയില തോട്ടങ്ങളുടെയും ഇടയിലൂടെ കടന്നുപോകുന്ന കോട്ടയം കുമളി റൂട്ടിലെ യാത്ര രസാവഹവും, അതേസമയം അല്പം ഭയാനകവുമായിരുന്നു.


ഒരുവശത്ത് ചെങ്കുത്തായ മലകൾ, മറുവശത്ത് അത്യഗാധമായ കൊക്കകൾ. ഇതിനിടയിലൂടെ ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഒരു വീതി കുറഞ്ഞ റോഡും. ഇതുവഴി വല്ലപ്പോഴുമൊക്കെ ഭാരവും വലിച്ച് കിതപ്പോടെ മന്ദം മന്ദം കടന്നു പോകുന്ന ബസുകളും ലോറികളും. മഴക്കാലമായാൽ എപ്പോൾ വേണമെങ്കിലും മണ്ണിടിച്ചിലോ, ഉരുൾപൊട്ടലോ ഉണ്ടാകാം. വീതികുറഞ്ഞഭാഗത്തെങ്ങാനും എതിരേ വരുന്ന രണ്ടു വാഹനങ്ങൾ പെട്ടുപോയാൽ സൈഡുകൊടുക്കുവാനായി വരുന്ന പൊല്ലാപ്പുകൾ! അന്നത്തെ ഡ്രൈവർമാരെയൊക്കെ സമ്മതിക്കണം, ഈ ഇടുങ്ങിയ റോഡിൽ സൈഡുകൊടുക്കാനായി അവർ വാഹനങ്ങളുമായി എന്തൊക്കെ അഭ്യാസങ്ങൾ കാണിച്ചിരിക്കുന്നു. പത്തുമുപ്പതു കൊല്ലം മുമ്പ് ഈ പ്രദേശത്തുകൂടിയുള്ള യാത്രാനുഭവങ്ങൾ ഇങ്ങനെയൊക്കെയായിരുന്നു. താഴെയുള്ള ചിത്രം ഒന്നു വലുതാക്കി നോക്കൂ. ചിത്രത്തിന്റെ വലതേ അറ്റത്തായി മലമടക്കുകൾക്കിടയിലൂടെ കടന്നുപോകുന്ന റോഡ് കാണാം.


ഇന്ന് സ്ഥിതിമാറി. കോട്ടയം കുമളി റോഡ് സ്റ്റേറ്റ് ഹൈവേയായി. വീതികൂട്ടി ഇരുവരി പാതയാക്കി. വശങ്ങളിലെല്ലാം പിച്ചിംഗുകൾ നിർമ്മിക്കപ്പെട്ടു. കൊടും വളവുകളൊക്കെ ഏറെക്കുറെ നിവർത്തി. ലെവലിംഗ് മെഷീനുപയോഗിച്ച് നിരപ്പാക്കി ടാറിംഗും പൂർത്തിയാക്കിയതോടുകൂടി ഈ മലമ്പാതയിലൂടെയുള്ള യാത്ര ഇന്ന് വളരെ പുരോഗമിച്ചു. വേഗതയേറിയ വാഹനങ്ങൾ എത്തി. മിനിറ്റുകൾ മാത്രം ഇടവിട്ട് താഴ്വാരങ്ങളിലേയും, മറ്റു ജില്ലകളിലേയും പ്രധാന നഗരങ്ങളിലേക്ക് ബസ് സർവ്വീസുകൾ ആരംഭിച്ചു. ആ മേഖലയിലുള്ള മൂന്നാറും, തേക്കടിയും, രാമക്കൽ മേടും, നെടുംങ്കണ്ടവും ഒക്കെ ടൂറിസ്റ്റ് സ്പോട്ടുകളായി മാറി.

ഞാൻ ഗൾഫിൽ ജോലിക്കു പോയശേഷവും മിക്കവാറും വർഷങ്ങളിൽ അവധിക്കുവരുമ്പോഴെല്ലാം ഈ തോവാളയാത്ര മുടങ്ങാതെ പോയിരുന്നു. ഇതിനു പിന്നിൽ രണ്ടുമൂന്ന് ഉദ്ദേശങ്ങൾ ഉണ്ട് എന്നു പറയാം. വലിയമ്മയുടെ വീടും ഞങ്ങളുടെ വീടുമായി നല്ല അടുത്ത ബന്ധമാണുള്ളത്. അതിനാൽത്തന്നെ കൂടെക്കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ളയാത്രകൾ സാധാരണം.രണ്ടാമത്, ഞങ്ങളുടെ നാട്ടിലെല്ലാം ഉള്ള പറമ്പുകൾ മുഴുവൻ മറ്റുമരങ്ങൾ മുറിച്ചുമാറ്റി പകരം റബ്ബർ വച്ചുപിടിപ്പിച്ച് പ്രകൃതിയുടെ ഭംഗി എന്നേ കളഞ്ഞുകുളിച്ചു. പാടങ്ങൾ മുഴുവൻ അതിനും മുമ്പേ അകാലചരമമടഞ്ഞു. ഫലമോ, ഉഷ്ണം, കൊതുക്, കരിഞ്ചെള്ള് തുടങ്ങി സകലമാന അസ്വസ്ഥതകളും അനുഭവിക്കാമെന്ന നില. അടച്ചുമൂടിയ കോൺക്രീറ്റ് വീടുകൾക്കുള്ളിൽനിന്ന് പ്രകൃതിയുടെ സൌന്ദര്യത്തിലെക്കൊരു യാത്ര - അതാണ് ഹൈറേഞ്ച് യാത്ര തരുന്ന സുഖം. ഉയർന്ന ഭൂപ്രദേശങ്ങളിൽ ഊഷ്മാവുകുറവാണല്ലോ, തന്മൂലം വായുവിൽ നീരാവിയുടെ അളവും കുറവായിരിക്കും. അതിനാൽ വിയർത്തൊഴുകുകയില്ല, സുഖസുന്ദരമായ എയർകണ്ടീഷൻ ചെയ്തതുപോലെയുള്ള കാലാവസ്ഥ.


ഈ വർഷവും അങ്ങോട്ടൊരു യാത്ര ആദ്യമേ ഞങ്ങളുടെ വെക്കേഷൻ പ്ലാനുകളിൽ ഉണ്ടായിരുന്നതാണ്. കഴിഞ്ഞ ആഴ്ചയാണ് അതിനുള്ള അവസരം ഒത്തുവന്നത്. ഞാനും, ദീപയും, ഉണ്ണിമോളും, മനുക്കുട്ടനും യാത്രയ്ക്കുറെഡിയായപ്പോഴാണ് അനുജൻ ഷിജുവും ഭാര്യ ഷോബിയും ഒപ്പം വരുന്നുണ്ട് എന്നു പറഞ്ഞത്. നവദമ്പതികൾ തനിയേ കറങ്ങി മടുത്തിട്ടോ എന്തോ ഞങ്ങളോടൊപ്പം പോരാൻ തീരുമാനിച്ചത്. കമ്പനിക്ക് ആളുണ്ടല്ലോ എന്ന സന്തോഷത്തിൽ അവരെയും കൂട്ടി. രണ്ടുദിവസത്തേക്കു വേണ്ട വസ്ത്രങ്ങളും മറ്റും ഒരു പെട്ടിയിലാക്കി ഞങ്ങളുടെ സാൻ‌ട്രോ കാറിൽ ഒൻപതരയോടെ വീട്ടിൽ നിന്നും യാത്രതിരിച്ചു. വഴിയിൽ അത്യാവശ്യത്തിനു കഴിക്കുവാനായി കുറേ ഇഡലികളും ചമ്മന്തിയും വെള്ളവും അമ്മ പാഴ്സലാക്കിത്തന്നിരുന്നു. ‘ഇഡലി മറന്നാലും ക്യാമറ മറക്കല്ലേ’ എന്ന് ദീപ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു ‌‌(അല്പം കളിയാക്കൽ ആ ആധിക്കുപിന്നിൽ ഉണ്ടായിരുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല!)


കോട്ടയം കുമിളി റോഡ് എന്ന മലമ്പാത, സഹ്യപർവ്വതത്തിലേക്ക് കയറാൻ തുടങ്ങുന്നത് മുണ്ടക്കയം എന്ന ചെറിയ പട്ടണത്തിൽനിന്നാണ്. ഇവിടേക്ക് എത്തുവാനായി സമീപ ജില്ലകളായ കോട്ടയത്തുനിന്നും പത്തനം തിട്ടയിൽനിന്നും നിരവധി റോഡുകൾ ഉണ്ട്.

ഇവയിൽ പലതും ശബരിമലയിലേക്കുള്ള പ്രാ‍ധാനപാതകളിൽ പെടുന്നതിനാൽ എല്ലാവർഷങ്ങളിലും മെയിന്റനൻസ് നടത്തി ഭംഗിയായി ഇട്ടിരിക്കുന്നവയാണ്. ഞങ്ങളുടെ നാടായ പന്തളത്തുനിന്നും ഇവിടേക്ക് എത്തുവാനുള്ള റൂട്ട് പന്തളം, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം എന്നീ ചെറിയ പട്ടണങ്ങളിൽ കൂടി കടന്നു പോകുന്നതാണ്.


പത്തനംതിട്ടയും, സമീപപ്രദേശങ്ങളായ റാന്നിയും കോന്നിയുമെല്ലാം മലകളാൽ നിറഞ്ഞ നാടുകൾതന്നെ. ഇത് റാന്നി ടൌൺ.

കേരള നഗരങ്ങളുടെ തനതായതിക്കുംതിരക്കുമെല്ലാമുള്ള ഒരു സ്ഥലമാണ് റാന്നിയും. ഇവിടെ പമ്പാനദിക്കു കുറുകെ ഒരു പാലമുണ്ട്. കുറച്ചു വർഷങ്ങൾക്കുമുമ്പ് ഒരു വർഷകാലത്ത് ഒരു പെരുമരം ആറ്റിലൂടെ ഒഴുകിവന്ന് പഴയപാലത്തിന്റെ തൂണുകളിലൊന്നിൽ ഇടിക്കുകയും, പാലം ഒടിഞ്ഞ് നദിയിലേക്ക് വീഴുകയുമുണ്ടായി. ഭാഗ്യവശാൽ വലിയ അപകടമൊന്നും അന്നുണ്ടായില്ല. ആ പാലത്തിന്റെ സമീപം പുതിയതായി പണിതിരിക്കുന്ന പാലത്തിലൂടെയാണ് ഇപ്പോൾ യാത്ര. ഇതു റാന്നിപുതിയപാലത്തിൽ നിന്നും എടുത്ത പമ്പാനദിയുടെ ചിത്രമാണ്.

ഒടിഞ്ഞുവീണ പഴയപാലത്തിന്റെ അവശിഷ്ടങ്ങൾ താഴെയുള്ള ചിത്രത്തിൽ കാണാം.


റാന്നിയിൽനിന്ന് എരുമേലിയിലേക്ക് പോകുന്ന റോഡ് ടൌണിൽനിന്നും ഏതാനും കിലോമീറ്റർ കടന്നുപോയിക്കഴിഞ്ഞാൽ സർക്കാർവക തേക്കിൻ തോട്ടത്തിലേക്കാണ് കടക്കുന്നത്. അതിനുശേഷം കുറേ ദൂരം ഇരുവശത്തും കാടുകളും ഉണ്ട്. എന്റെ ചെറുപ്പകാലത്ത് ഇതുവഴി ബസിൽ പോയിട്ടുള്ളപ്പോൾ കാട്ടുപന്നികൾ ഈ കാട്ടിൽക്കൂടി ഓടിനടക്കുന്നത് കണ്ടിട്ടുണ്ട്. ഇപ്പോൾ പന്നിപോയിട്ട് ഒരു അണ്ണാനെപ്പോലും കാണാൻ കിട്ടുകയില്ല. ഈ റോഡിൽ നിന്നുള്ള ചില ദൃശ്യങ്ങൾ ഇനിയുള്ള ചിത്രങ്ങളിൽ കൊടുക്കുന്നു.

ശബരിമലയിലേക്കുള്ള പല പ്രധാന പാതകളും പുറപ്പെടുന്നതും ഈ റോഡു വഴിതന്നെ. മണ്ഡല തീർത്ഥാടനക്കാലത്ത് ഈ റോഡ് വളരെ സജീവമാണ്. മറ്റുസ്ഥലങ്ങളിൽനിന്നു വരുന്ന ശബരിമല തീർത്ഥാടകർ ഈ പാതയ്ക്കിരുവശവും വിശ്രമിക്കുകയും, ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ചെയ്യുന്നത് പതിവുകാഴ്ചയാണ്. കാടിന്റെ നിശബ്ദതയും, തണലും, ഈ പ്രദേശത്തിന് ഒരു പ്രത്യേക ഭംഗിതന്നെ നൽകുന്നു.

അവിടെനിന്ന് അൽ‌പ്പദുരം കൂടി പിന്നിടുമ്പോൾ എരുമേലിയിൽ എത്തും. ശബരിമല ധർമ്മശാസ്താവിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു സ്ഥലമാണ് എരുമേലി. ഇവിടെയാണ് ശ്രീഅയ്യപ്പന്റെ ഉറ്റ സുഹൃത്തായിരുന്ന വാവരുടെ പള്ളിയുള്ളത്. റോഡിന്റെ ഇരുവശങ്ങളിലായി വാവരുടെ പള്ളിയും (മോസ്കും), അയ്യപ്പക്ഷേത്രവും സ്ഥിതിചെയ്യുന്നു.


ശബരിമല തീർത്ഥാടനകാലത്ത് പേട്ടതുള്ളാനെത്തുന്ന അയ്യപ്പഭക്തരെക്കൊണ്ട് ഈ ടൌണും പരിസരങ്ങളും നിറഞ്ഞിരിക്കും. ഒരു നീണ്ട തടി (കമുക്) പലർ ചേർന്ന് വഹിച്ചുകൊണ്ട് “സ്വാമി തിന്തകത്തോം, അയ്യപ്പൻ തിന്തകത്തോം” എന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആഹ്ലാദാരവങ്ങളോടെ ഈ മോസ്കിൽ നിന്നും പുറപ്പെട്ട് അമ്പലത്തിലേക്ക് പോകുന്ന നേർച്ചയാണ് പേട്ടതുള്ളൽ. തുള്ളുന്നവരുടെ കൈയ്യിൽ കമുങ്ങിൻ പൂക്കുലയും ചെറിയമരച്ചില്ലകളും കാണും. ഇവിടെനിന്ന് കാൽനടയായി ശബരിമലയിലേക്ക് പോകുന്ന ഭക്തരേയും കാണാം.


തമിഴ്നാട്ടുകാരുടെ പേട്ടതുള്ളലാണ് കാണേണ്ടത്. ദേഹമാസകലം ചായപ്പൊടിവിതറി ഒരു മിനിഹോളിതന്നെഅവർ പേട്ടതുള്ളനിടെ കാഴ്ചവയ്ക്കും. ഒരു പക്ഷേ ഇന്ത്യയിൽത്തന്നെ ഒരു മുസ്ലിം പള്ളിയിൽനിന്ന് ആരംഭിക്കുന്ന ഒരു ഹൈന്ദവ ആഘോഷം ഇവിടെമാത്രമേ ഉണ്ടാവൂ എന്നു തോന്നുന്നു. അയ്യപ്പന്മാർക്ക് വിരിവയ്ക്കുവാനും വിശ്രമിക്കുവാനുമുള്ള വിശാലമായ ഒരു മൈതാനം തന്നെ എരുമേലിയിൽ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.

എരുമേലി ടൌണിൽനിന്ന് മുണ്ടക്കയത്തേക്കുള്ള റോഡ് ഏകദേശം എട്ടുകിലോമീറ്റർ ദൂരമുള്ളതാണ്. റോഡിന്റെ ഇരുവശവും കൃഷി സ്ഥലങ്ങളാണ്. വലിയ രണ്ടു മലകൾ നിറയെ കൈത കൃഷി ചെയ്തിരിക്കുന്നത് കൌതുകകരമായ ഒരു കാഴ്ചയായിരുന്നു.

വലിയ ഒന്നു രണ്ടു വളവുകളും, കയറ്റങ്ങളും ഒക്കെ കഴിഞ്ഞ് എത്തിയത് വിശാലമായ ഒരു റബ്ബർ എസ്റ്റേറ്റിലാണ്. സ്വാഭാവികരീതിയിൽത്തന്നെയുള്ള ലാന്റ്‌സ്കേപ്പും, അതിനിടയിലൂടെ കടന്നുപോകുന്ന റോഡും, അതിലെ ഒന്നുരണ്ടു വളവുകളുമെല്ലാം ഈ പ്രദേശത്തിനൊരു പ്രത്യേക മനോഹാരിത നൽകുന്നു.

ഇതു മുണ്ടക്കയം പട്ടണത്തിന്റെ ഒരു ഭാഗം. മണിമലയാറും, അതിന്റെ കരയിൽ ഒരു ചെറിയ ടൌണും. ഇവിടം കഴിഞ്ഞാൽ പിന്നെ സഹ്യപർവ്വതത്തിലേക്കുള്ള കയറ്റം ആരംഭിക്കുകയാണ്.


മലനാടിനേയും ഇടനാടിനേയും ബന്ധിപ്പിക്കുന്ന നഗരം എന്നനിലയിൽ ഇതിനു ഈ റൂട്ടിൽ പ്രത്യേക പ്രാധാന്യവും ഉണ്ട്. കയറ്റം കയറാൻ തയ്യാറെടുക്കുന്ന ബസുകളും, ഇറക്കം ഇറങ്ങി നാട്ടിലേക്ക് വരുന്ന ബസുകളും ഇവിടുത്തെ ബസ് സ്റ്റാന്റിൽ പത്തുപതിനഞ്ച് മിനിറ്റ് വിശ്രമിച്ച് യാത്രക്കാർക്ക് ലഘുഭക്ഷണവും ചായയും ഒക്കെ കഴിക്കുവാനുള്ള സൌകര്യം ചെയ്യാറുണ്ട്. അതോടോപ്പം ബസ്സ്റ്റാന്റിലെ വിൽ‌പ്പനക്കാരും തകൃതിയായി രംഗത്തുണ്ടാവും. നാരങ്ങ വെള്ളം മുതൽ, കപ്പലണ്ടി, കടല, പഴങ്ങൾ, യൂക്കാലി, മരുന്നുകൾ, പുസ്തകങ്ങൾ വരെ ഇക്കൂട്ടർ ബസിനുള്ളിൽ എത്തിക്കും. ബസ് സ്റ്റാന്റിനോട് ചേർന്നു തന്നെ പതിറ്റാണ്ടുകളായി വാവലുകളുടെ ആസ്ഥാനമായ മൂന്നു വയസ്സൻ മരങ്ങളും കാണാം. അവയിൽ നിറയെ തലകീഴായി കിടക്കുന്ന വാ‍വലുകളും എനിക്ക് ഓർമ്മവച്ച നാൾ മുതലുള്ള കാഴ്ചകളാണ്.


മുണ്ടക്കയം ടൌൺ പിന്നിട്ട് ഞങ്ങൾ മുന്നോട്ട് നീങ്ങി. സഹ്യനിലേക്ക് കയറാനുള്ള ആദ്യമലയുടെ ചുവട്ടിൽ റോഡ് എത്തിയിരിക്കുന്നു. ഇവിടം മുതൽ, കുട്ടിക്കാനം എന്ന ഹിൽ‌സ്റ്റേഷൻ വരെ ഇരുപത്തിയാറു കിലോമീറ്റർ നീളുന്ന ഒരു കയറ്റമാണ്. ഒറ്റയടിക്ക് കയറാനുള്ള കയറ്റമല്ല. പല മലമടക്കുകളെ ചുറ്റി അവയുടെ വശങ്ങളിലൂടെ ഒരു സ്പ്രിംഗിന്റെ ആകൃതിയിൽ കയറിക്കയറിപ്പോകുന്ന ഒരു നീണ്ട റോഡ്. ഇങ്ങനെ കയറിപ്പോകുന്നകൂട്ടത്തിൽ ആദ്യം ഇടതുവശത്തു കൊക്കയും വലതുവശത്ത് കുത്തനെയുള്ള മലയും ആണെങ്കിൽ, അടുത്ത മലയിൽ എത്തുമ്പോൾ ഇത് വശംതിരിയും. റോഡ് നന്നായി ടാർ ചെയ്തിരിക്കുന്നു. വളവുകളും തിരിവുകളും അറിയിക്കുന്ന ബോർഡുകളും, അപകട മേഖലകളെപ്പറ്റി മുന്നറിയിപ്പു തരുന്ന ബോർഡുകളും റോഡിൽ ഉടനീളം ഉണ്ട്.

മലകയറ്റം ആരംഭിച്ച് അൽ‌പ്പം കഴിയുന്നതോടെ കാലാവസ്ഥയിൽ വരുന്ന വ്യതിയാനം നമുക്ക് അനുഭവിച്ച് അറിയാവുന്നതാണ്. താഴ്വാരങ്ങളിലെ ഉഷ്ണം നിറഞ്ഞ കാറ്റിൽ നിന്നും മേഘങ്ങളുടെ നിരപ്പിലേക്ക് സാവധാനത്തിൽ ഉയർന്നുയർന്നു പോകുന്ന ഈ യാത്ര വളരെ രസകരമാണ്. അതിന്റെ കൂടുതൽ ചിത്രങ്ങളും വിവരണങ്ങളും അടുത്ത പോസ്റ്റിൽ.

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP