ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം

>> Tuesday, January 19, 20102010 ജനുവരി 4

പതിവുപോലെ ജോലികഴിഞ്ഞ് വൈകിട്ട് നാലുമണിക്ക് ദുബായ് നഗരത്തിലെ ഷെയ്ഖ് സായിദ് ഹൈവേ വഴി കടന്നുപോകുമ്പോൾ തിരക്ക് പതിവിലും അല്പം കുറവായിത്തോന്നി. ആകാശം അത്ര തെളിഞ്ഞതായിരുന്നില്ല. തണുപ്പുകാലമായതിനാൽ അവിടവിടെയായി പഞ്ഞിക്കെട്ടുപോലെയുള്ള മേഘങ്ങൾ പറന്നുനടക്കുന്നുണ്ട്. ഗൾഫിലെ പട്ടണങ്ങളിൽ നിന്നുകൊണ്ടു നോക്കുമ്പോൾ മേഘങ്ങൾ നിൽക്കുന്ന തലം താഴേക്ക് വന്നുവോ എന്നു തോന്നാറുണ്ട്. അംബരചുംബികളായ കെട്ടിടങ്ങളാണ് ഇത്തരമൊരു തോന്നലിനു കാരണമായി ഭവിക്കാറുള്ളത്. ബുർജ് ദുബായ് എന്ന ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടത്തിന്റെ മുകളറ്റം ഒരു കൊച്ചു മേഘം മറച്ചിരുന്നു. ബുർജ് എന്ന അറബിവാക്കിന്റെ അർത്ഥം ടവർ എന്നാണ്. നിവർത്തി നിർത്തിയിരിക്കുന്ന ഭീമാകാരമായ ഒരു സൂചിപോലെ ഉയർന്നുയർന്നുപോയി സ്ട്രാറ്റസ് മേഘങ്ങളുടെ നിരപ്പിലേക്ക് അക്ഷരാർത്ഥത്തിൽ എത്തിയിരിക്കുന്നു ഇന്ന് ബുർജ് ദുബായ്.

800 മീറ്ററിലും മുകളിൽ എന്ന അസാമാന്യ ഉയരത്തിലേക്ക് എത്തിനിൽക്കുന്ന ആ എഞ്ചിനീയറിംഗ് അത്ഭുതത്തിന്റെ വളർച്ചയിലെ ഓരോ പടവും കഴിഞ്ഞ അഞ്ചുവർഷങ്ങളായി കണ്ടുവരുന്നതാണെങ്കിലും ഈ ദിവസത്തിൽ അതു കാണുമ്പോൾ ഒരു പ്രത്യേകതയുണ്ട്. ലോകാത്ഭുതങ്ങളിലൊന്ന് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഈ പടുകൂറ്റൻ സൌധത്തിന്റെ ഔദ്യോഗികമായ ഉത്ഘാടനം ഇന്നാണ് നടക്കുന്നത് - ജനുവരി 4, 2010. ദുബായ് നഗരം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രൌഢഗംഭീരവും മനോഹരവുമായ ഒരു ചടങ്ങാവും അതെന്നാണ് ദിവസങ്ങളായി റേഡിയോയിലൂടെയും, പത്രങ്ങളിലൂടെയും, എസ്.എം.എസ് കളിലൂടെയും ഉള്ള പരസ്യങ്ങളിൽ നിന്ന് മനസ്സിലാവുന്നത്.ഒപ്പം ദൃശ്യവിസ്മയങ്ങൾ തീർക്കുന്ന ഒരു വെടിക്കെട്ടും അതിനോടനുബന്ധിച്ചുണ്ടാവും എന്ന് വളരെ നേരത്തേതന്നെ അറിയുപ്പുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടത്തിൽ നിന്നുള്ള വെടിക്കെട്ടും അത്രത്തോളം ഉയരമുള്ളതായിരിക്കുമല്ലോ; അതിനായി നഗരവും നാട്ടുകാരും ഒരുങ്ങിക്കഴിഞ്ഞു. എല്ലാവരും അത് കാണാനുള്ള ആകാംഷയിലും ഉത്സാഹത്തിലുമാണ്. വീട്ടിലെത്തി കുടുംബത്തേയും കൂട്ടി സൌകര്യപ്രദമായ ഒരു സ്ഥലത്ത് നിന്ന് അസുലഭമായ ഈ ദൃശ്യങ്ങൾ ഒന്നുകാണുക, അതായിരിക്കണം അപ്പോൾ റോഡിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന ഓരോ യാത്രികന്റെയും മനസ്സിലുണ്ടായിരുന്ന ചിന്ത. ഞാനും അവരുടെയൊപ്പം കൂടി.

ലോകത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ എമ്മാർ (EMAAR) പ്രോപ്പർറ്റീസിന്റെ 20 ബില്യൺ ഡോളർ ചെലവു കണക്കാക്കുന്ന ഡൌൺ ടൌൺ ബുർജ് ദുബായ് എന്ന ഭീമൻ പ്രോജക്റ്റിന്റെ ഹൃദയഭാഗമാണ് 1.5 ബില്യൺ ഡോളർ ചെലവാക്കി നിർമ്മിച്ച ഈ ടവർ. ഇതിനു ചുറ്റുമായി രണ്ട് ചതുരശ്രകിലോമീറ്റർ ചുറ്റളവിലായി മുപ്പതിനായിരത്തോളം റസിഡൻഷ്യൽ ബിൽഡിംഗുകൾ, ഓഫീസ് സമുച്ചയങ്ങൾ, ദുബായ് മാൾ എന്ന പടുകൂറ്റൻ ഷോപ്പിംഗ് സെന്റർ, ദുബായ് തടാകം, ദുബായ് ഫൌണ്ടൻ, ഓൾഡ് ടൌൺ തുടങ്ങിയ പലവിധ നിർമ്മിതികൾ ഉൾക്കൊള്ളുന്ന സ്ഥലമാണ് ഡൌൺ ടൌൺ ബുർജ് ദുബായ്. ഈ ഒരു ഏരിയയെ പൊതുവായി ബിസിനസ് ബേ എന്നും വിളിക്കുന്നു. ദുബായ് സിറ്റിക്കുള്ളിൽ മറ്റൊരു സിറ്റി എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. ഇതിലേറെയും നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. താഴെയുള്ള ചിത്രത്തിൽ ഈ പ്രോജക്റ്റിന്റെ ഒരു ഏകദേശരൂപം കാണാവുന്നതാണ്.


Credits : Dubai Chronicle


ദുബായ് സിറ്റിപരിചയമില്ലാത്തവർക്കായി ഒരല്പം ഭൂമിശാസ്ത്രം കൂടി ഇവിടെ കുറിക്കട്ടെ. ദുബായിയിലെ പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡ് എന്ന ഹൈവേയുടെ ഒന്നാം ഇന്റർചെയ്ഞ്ചിനടുത്താണ് ഡൌൺ ടൌൺ ബുർജ്. അതിന്റെ മറുവശത്തുകൂടി മറ്റുരണ്ടു ഹൈവേകൾ കടന്നു പോകുന്നു. ബിസിനസ് ബേ ഹൈവേയും അൽ ഖൈൽ റോഡും. ഈ ഹൈവേകളെ എല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള ലിങ്ക് റോഡുകളും ഈ കെട്ടിട സമുച്ചയത്തിനു ചുറ്റുമായി ഉണ്ട്. ഈ ഭാഗങ്ങളിൽ എവിടെ നിന്നാലും ഈ കെട്ടിടത്തിന്റെ ഭംഗിയായ ഒരു കാഴ്ച ലഭിക്കുകയും ചെയ്യും.

രാത്രി എട്ടുമണിക്കാണ് ഉത്ഘാടനച്ചടങ്ങുകൾ ആരംഭിക്കുന്നത്. ലൈവ് ആയി ടി.വി യിൽ ചടങ്ങ് മുഴുവനും ലഭ്യമാണെങ്കിലും നേരിൽ അത് കാണുന്നതിന്റെ ഭംഗിയൊന്നുവേറെതന്നെയാണല്ലോ. അതിനാൽത്തന്നെ വാഹനങ്ങളുള്ളവരും ഇല്ലാത്തവരും നാലുമണിആയപ്പോൾ തന്നെ ബുർജ് ദുബായിയുടെ പരിസരത്തേക്ക് പോകുവാൻ തുടങ്ങിയിരുന്നു. പബ്ലിക് ട്രാൻസ്പോർട്ട് സൌകര്യങ്ങളായ ടാക്സി, ബസ്, മെട്രോ എല്ലാം ലഭ്യമായിരുന്നുവെങ്കിലും ഭൂരിഭാഗം പേരും സ്വന്തംവാഹനങ്ങളിൽ തന്നെ പോകുവാനാണ് താല്പര്യപ്പെടുക എന്നറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആറര മണിയായപ്പോഴേക്ക് ഞങ്ങളും വീട്ടിൽ നിന്ന് പുറപ്പെട്ടു. ശൈത്യകാലമായതിനാൽ സൂര്യാസ്തമയം നേരത്തെയാണ്, ഇരുട്ട് വീണുതുടങ്ങിയിരുന്നു. സുഹൃത്തുക്കളിൽ പലരും അതിലും മുമ്പു തന്നെ പുറപ്പെട്ടതായി അവരുടെ ഫോൺസന്ദേശങ്ങളിൽ നിന്ന് മനസ്സിലായിരുന്നു. ദുബായിലെ ഗർഹൂദ് പാലവും കടന്ന് അൽ ഐൻ ഹൈവേയിലേക്ക് കയറുമ്പോൾ തന്നെ വാഹനങ്ങൾ മെല്ലെപ്പോക്ക് തുടങ്ങി. അവിടെനിന്ന് ബിസിനസ് ബേ ഹൈവേയിലേക്ക് കടക്കുന്ന എക്സിറ്റിൽ എത്തിയപ്പോഴേക്ക് റോഡ് ഏകദേശം നിശ്ചലമായിക്കഴിഞ്ഞിരുന്നു. നോക്കെത്താ ദൂരത്തേക്ക് ഹൈവേയുടെ ഇരുവശവും വാഹനങ്ങൾ. ആയിരങ്ങളോ പതിനായിരങ്ങളോ അല്ല ഒരു പക്ഷേ ലക്ഷം തന്നെയുണ്ടാവും അവയെന്ന് ആ കിടപ്പുകണ്ടാലറിയാം! പലരും റോഡിന്റെ ഇരുവശങ്ങളിലേക്ക് വാഹനങ്ങൾ ഒതുക്കി അവിടെത്തന്നെ നിൽക്കുവാൻ തുടങ്ങിയിരുന്നു.

ദുബായ് നഗരത്തിൽ എവിടെനിന്നാലും ബുർജ് ദുബായ് കാണാൻ സാധിക്കുമെങ്കിലും ബിസിനസ് ബേയുടെ വശങ്ങളിൽ നിന്ന് അതിന് അഭിമുഖമായുള്ള ദൃശ്യം മനോഹരമായിരുന്നു. മറ്റു കെട്ടിടങ്ങളൊ തടസ്സങ്ങളോ ഇല്ലാത്ത ഒരു പനോരമിക് വ്യൂ. അൻപതും അറുപതും നിലകളുള്ള സമീപത്തെ അംബരചുംബികളെയൊക്കെ ഏറെ “കുഞ്ഞാക്കിക്കൊണ്ട്” ബുർജ് ദുബായ് അങ്ങനെ തലയുയർത്തി നിൽക്കുന്നത് ഒരു നിഴൽ‌പോലെ നേരിയ വെളിച്ചത്തിൽ കാണാമായിരുന്നു. ഉത്ഘാടനചടങ്ങുകൾ ആരംഭിക്കുമ്പോൾ മാത്രം പ്രവർത്തിപ്പിക്കുവാനായിരുന്നിരിക്കണം മറ്റു ലൈറ്റുകളൊന്നും ആ കെട്ടിടത്തിൽ നിന്ന് അപ്പോൾ ദൃശ്യമായിരുന്നില്ല. കാലാവസ്ഥാനിരീക്ഷണകേന്ദ്രം പ്രവചിച്ചിരുന്നതുപോലെ വളരെ തെളിഞ്ഞ ആകാശം. അതിൽ അവിടവിടെയായി ഏറ്റവും പ്രകാശമേറിയ നക്ഷത്രങ്ങൾ മാത്രം. ബാക്കിയുള്ള കോടാനുകോടി നക്ഷത്രങ്ങളും ഭൂമിയിലേക്ക് പൊഴിഞ്ഞുവീണുവോ എന്നു തോന്നിപ്പിക്കുമാറ് അനന്തവിസ്തൃതമായികിടക്കുന്ന നഗരം മുഴുവൻ അസംഖ്യം വൈദ്യുതദീപങ്ങൾ തീർത്ത ദീപാവലി. ശൈത്യകാലത്തിന്റെ സുഖശീതളിമയുള്ള നനുത്തകാറ്റ്. സുന്ദരമായിരുന്നു ആ രാത്രിയും ആ അന്തരീക്ഷവും.

സമയം കൃത്യം എട്ടുമണി. ഉത്ഘാടന ചടങ്ങുകൾ ആരംഭിച്ചു എന്ന് റേഡിയോയിലൂടെയുള്ള അറിയിപ്പുകളിൽ നിന്ന് മനസ്സിലായി. ആദ്യമായി ദുബായിയുടെ ചരിത്രവും ഈ സൌധത്തിന്റെ നിർമ്മാണവും സംബന്ധിച്ച ഒരു ചെറിയ ഡൊക്കുമെന്ററി ആയിരുന്നു പ്രദർശിപ്പിച്ചത്. ശേഷം ശബ്ദവും വെളിച്ചവും, ഫൌണ്ടനും എല്ലാം ഒത്തുചേർന്ന വിവിധ ഡിസ്പ്ലേകൾ.ബുർജ് ദുബായ് യുടെ എല്ലാ വശങ്ങളിലുമായി ഉറപ്പിച്ചിരുന്ന അനവധി സ്ട്രോബ് ലൈറ്റുകൾ പല പാറ്റേണുകളിൽ മിന്നുവാൻ ആരംഭിച്ചു. കെട്ടിടത്തിന്റെ ഉയരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന സ്ക്രീൻ ഡിസ്പ്ലേ ആയിരുന്നു ആദ്യം ഒന്ന് രണ്ട് മൂന്ന് ഇങ്ങനെ മുമ്പോട്ട് നീങ്ങിയ മീറ്റർ കണക്കിനുള്ള ഉയരം പകുതിയോളം എത്തുമ്പോഴേക്കും ബുർജ് ദുബായിയുടെ ഇരുവശത്തും സ്ഥിതിചെയ്യുന്ന അൻപതു നിലകളോളം ഉയരമുള്ള രണ്ടു കെട്ടിടങ്ങളുടെ മുകളിൽ നിന്ന് ഒരു മിനി വെടിക്കെട്ട് ആരംഭിച്ചിരുന്നു. ഒപ്പം അനവധി സേർച്ച് ലൈറ്റുകളുടെ പ്രകാശവീചികൾ സൌധത്തിനു ചുറ്റും പ്രകാശവലയങ്ങൾ തീർത്തു. അവസാനം കെട്ടിടത്തിന്റെ യഥാർത്ഥ ഉയരം സ്ക്രീനിൽ തെളിഞ്ഞു. 828 മീറ്റർ - ഒരു കിലോമീറ്ററിന് വെറും 172 മീറ്റർ താഴെ!

ബുർജ് ദുബായിയുടെ മുമ്പിലുള്ള ദുബായ് ഫൌണ്ടൻ എന്ന മറ്റൊരത്ഭുതത്തിന്റെ പ്രകടനമായിരുന്നു അടുത്തത്. ഒപ്പം ബുർജ് ദുബായിയുടെ നിർമ്മാണഘട്ടങ്ങൾ വിവരിക്കുന്ന ഒരു ലൈറ്റ് ആന്റ് സൌണ്ട് ഷോയും. 150 മീറ്റർ ഉയരത്തിലെത്തുന്ന ഈ ഫൌണ്ടന്റെ വാട്ടർജെറ്റുകൾ സംഗീതത്തിനനുസരിച്ച് അക്ഷരാർത്ഥത്തിൽ ചാഞ്ചാടിയാടുവാൻ’ കഴിവുള്ളവയാണ്. 250 മീറ്റർ നീളത്തിലുള്ള ഈ ഫൌണ്ടൻ ഇത്തരത്തിലുള്ള ലോകത്തിലേക്കും ഏറ്റവും വലിയ മ്യൂസിക്കൽ ഫൌണ്ടൻ ആണ്. താഴെയുള്ള യു ട്യൂബ് വീഡിയോയിൽ ഈ ഫൌണ്ടന്റെ പ്രകടനം കാണാവുന്നതാണ്. അതിന്റെ അവസാനം ഒരു ലേസർ ഷോ ആയിരുന്നു. നീലവർണ്ണത്തിലുള്ള അസംഖ്യം ലേസർ ബീമുകൾ അന്തരീക്ഷത്തിലേക്കുയർന്ന് ബുർജ് ദുബായ്ക്ക് ചുറ്റും ഒരു മായാപ്രകാശവലയം തീർത്തത് കിലോമീറ്ററുകൾക്കപ്പുറം വരെ ദൃശ്യമായിരുന്നു. ബ്ലോഗർ പ്രശാന്ത് ഐരാണിക്കുളം എടുത്ത ഈ ഫോട്ടോഗ്രാഫ് ആ രംഗം ഭംഗിയായി പകർത്തിയിരിക്കുന്നു.

ബുർജ് ദുബായ് ഉത്ഘാടനം ചെയ്ത ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആരും പ്രതീക്ഷിക്കാതിരുന്ന മറ്റൊരു വിസ്മയമാണ് ഉത്ഘാടത്തിനിടെ പ്രഖ്യാപിച്ചത്. തന്റെ സ്വപ്നപദ്ധതികളൊക്കെയും വെറും സ്വപ്നങ്ങളായി മാത്രം സൂക്ഷിക്കാതെ, മനുഷ്യശേഷിയും, ലഭ്യമായ എല്ലാ സങ്കേതങ്ങളും ഉപയോഗിച്ച് യാഥാർത്ഥ്യങ്ങളാക്കിമാറ്റുന്നതിൽ പ്രത്യേക കഴിവും താല്പര്യവുമുള്ള ഈ മഹാനായ രാഷ്ട്രനേതാവ് തന്റെ ഉത്ഘാടന പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: “അചഞ്ചലമായ ഇശ്ചാശക്തിയും നിശ്ചയദാർഢ്യവും മാത്രം കൈമുതലാക്കിക്കൊണ്ടാണ് നാം ഈ അംബരചുംബി പടുത്തുയർത്തിയിരിക്കുന്നത്. ലോകത്തിലേക്കും ഔന്നത്യമേറിയ സ്ഥാ‍നം ഉന്നതരായ വ്യക്തികളുടെ പേരിനോടൊപ്പം ചേർത്താണ് സ്മരിക്കപ്പെടേണ്ടത്. അതിനാൽ, ഈ സൌധം ഇനിമുതൽ നമ്മുടെ പ്രസിഡന്റിനോടുള്ള ആദരസൂചകമായി “ബുർജ് ഖലീഫ“ എന്നാവും അറിയപ്പെടുക“.

തുടർന്ന് ദുബായ് ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര മനോഹരമായ വെടിക്കെട്ടിന്റെ മാസ്മരികലോകമാണ് പതിനായിരക്കണക്കിനു കാണികളുടേയും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ലൈവ് ടി.വിയിലൂടെ ഈ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിനാളുകളുടെയു മുന്നിലേക്ക് മിഴിതുറന്നത്. ഒരിക്കലും മറക്കാനാവാത്ത ഒരു ദൃശ്യവിരുന്നായിരുന്നു അതെന്നത് നിസ്സംശയമായ കാര്യമാണ്. നിലത്തുനിന്ന് ഒരുകിലോമീറ്റർ മുകളിലേക്ക് ഉയർന്നു പൊട്ടാൻ ശേഷിയുള്ള മത്താപ്പുകൾ നിലവിലില്ല എന്നറിയാമായിരുന്നിട്ടും ഇതെങ്ങനെയാണ് ഈ സൌധത്തിന്റെ ചുറ്റും വർണ്ണങ്ങൾ വിരിയിക്കുക എന്നത് അപ്പോൾ നേരിൽ കാണുന്നതുവരെ ഭാവനയിൽകാണാവുന്നതിനും അപ്പുറമായിരുന്നു.

അമേരിക്കയിൽനിന്നും യൂറോപ്പിൽ നിന്നും എത്തിയ ഫയർവർക്ക്സ് സംഘങ്ങളാണ് കമ്പ്യൂട്ടർ നിയന്ത്രിതമായ ഈ സംവിധാനങ്ങൾ ഉറപ്പിച്ചതും പിഴവൊട്ടുമില്ലാതെ അവതരിപ്പിച്ചതും. ഒരു വലിയ പൈൻ ട്രീയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ താഴെനിന്ന് മുകളറ്റം വരെ ഉയർന്ന മത്താപ്പുകളോടെയായിരുന്നു തുടക്കം. അതിനു മറുപടിയെന്നോണം അതിലും മനോഹരമായി അങ്ങ് 828 മീറ്റർ ഉയരത്തിൽ നിന്ന് ആരംഭിച്ച് താഴേക്ക് ഇറങ്ങിവന്ന മറ്റൊരു ദൃശ്യാനുഭവം. പലവിധത്തിൽ, പല വർണ്ണങ്ങളിൽ, പലരൂപത്തിൽ നടന്ന ആ മനോഹര ദൃശ്യങ്ങൾ വാക്കുകളിലൂടെ പറയുന്നതിനു പകരം ഷംസുക്കയുടേയും, കൈപ്പളിയുടെയും ക്യാമറകൾ പകർത്തിയത് താഴെ നൽകുന്നു.
ഫോട്ടോ : ഷംസുദ്ദീൻ മൂസ
ഫോട്ടോ : ഷംസുദ്ദീൻ മൂസഒപ്പം യൂ-ട്യൂബിൽ ലഭ്യമായ അനേക വീഡിയോ ക്ലിപ്പുകളിൽ ഏറ്റവും നല്ലതെന്നു എനിക്ക് തോന്നിയ ഒരെണ്ണവും താഴെ നൽകുന്നു. ഈ വീഡിയോ 12 മിനിറ്റ് നീളമുള്ളതാണ്. അതിന്റെ ആദ്യഭാഗങ്ങളിൽ ഉത്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ലൈറ്റ് ആന്റ് സൌണ്ട് ഷോയും ദുബായ് ഫൌണ്ടന്റെ അതുല്യമായ നടനവും കാണാം. ഒൻപതാം മിനിറ്റുമുതലാണ് ശരിക്കുള്ള വെടിക്കെട്ട് ആരംഭിക്കുന്നത്. സമയമുള്ളവർ ഈ വീഡിയോ പൂർണ്ണമായും കാണുന്നത് ഒരു നഷ്ടമാവില്ല !

Excellent recording and presentation! Thanks to ITNNEWS.=================


ബുർജ് ഖലീഫ :

ഇങ്ങനെയൊരു ടവറിന്റെ ആവശ്യമെന്താണ് ഇതൊരു പാഴ്ചെലവല്ലേ എന്നൊക്കെ വിമർശനങ്ങൾ ഉന്നയിക്കുന്നവരുണ്ടാകാം. അതിനെല്ലാം ഒറ്റ മറുപടിയേ ഉള്ളൂ. ബുർജ് ഖലീഫ എന്ന ലോകത്തിലേക്കും ഉയരമുള്ള ഈ കെട്ടിടം വെറുമൊരു ബിൽഡിംഗ് എന്നതിനേക്കാളുപരി, എല്ലാ യു.എ.ഇ പൌരന്മാർക്കുമാത്രമല്ല, മനുഷ്യരാശിക്കുതന്നെ അഭിമാനിക്കാവുന്ന ഒരു ഗ്ലോബൽ ഐക്കൺ ആണ് - അസാധ്യമെന്നു തോന്നിയേക്കാവുന്ന സ്വപ്നങ്ങൾ സഫലീകരിക്കുവാൻ മനുഷ്യർക്ക് കഴിയും എന്നതിന്റെ ഉദാഹരണങ്ങളിലൊന്ന്. കടമ്പകളേയും വെല്ലുവിളികളേയും ധൈര്യപൂർവ്വം ഏറ്റെടുത്ത് യാഥാർത്ഥ്യങ്ങളാക്കിമാറ്റുവാൻ മനുഷ്യനു കഴിയും എന്നതിന്റെയും കൂടി ദൃഷ്ടാന്തമാണത്. അതുകൂടാതെ, പെട്രോളിയം ഉലപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം തുലോം കുറവായ ദുബായ് നഗരത്തിന്റെ പുതിയ കാഴ്ചപ്പാടായ ടൂറിസം, സർവീസ് എന്നീ മേഖലകളിലൂന്നിയ ഒരു വികസനത്തിന് ഈ രീതിയിലുള്ള പ്രോജക്റ്റുകൾ അനിവാര്യവുമായിരുന്നു.

ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കിഡ്മോർ, ഓവിങ്സ് ആന്റ് മെറിൽ (Skidmore, Owings, and Merrill) എന്ന സ്ഥാപനമാണ് ഈ സൌധത്തിന്റെ എഞ്ചിനീയറിംഗും ആർക്കിടെക്ചറും ചെയ്തിരിക്കുന്നത്. ബിൽ ബേക്കർ എന്ന ചീഫ് സ്ട്രക്ച്വറൽ എഞ്ചിനീയറും, അഡ്രിയൻ സ്മിത്ത് എന്ന ചീഫ് ആർക്കിടെക്റ്റും ചേർന്നാണ് ഇതിന്റെ രൂപകൽ‌പ്പന നിർവ്വഹിച്ചത്. ദക്ഷിണകൊറിയൻ കമ്പനിയായ സാംസങ്ങ് C&T ആണ് നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രധാന കോൺ‌ട്രാക്റ്റർ. ലോകത്തിലെ മറ്റു രണ്ട് സുപ്രധാന അംബരചുംബികളായ തായ്പേയ് 101, മലേഷ്യയിലെ ട്വിൻ ടവറുകൾ എന്നിവ നിർമ്മിച്ച പരിചയമാണ് സാംസങ്ങിനെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്. അവരോടൊപ്പം Belgian group, BESIX, Arabtec തുടങ്ങിയ യൂ.എ.ഇ കമ്പനികളും നിർമ്മാണപ്രവർത്തനങ്ങളിൽ തുല്യ പങ്കു വഹിച്ചു. ഹൈദർ കൺസൾട്ടിംഗ് കമ്പനിയാണ് നിർമ്മാണത്തിലെ എഞ്ചിനീയറിംഗ് സൂപ്പർവൈസറായി നിയോഗിക്കപ്പെട്ടത്. 12000 ൽ അധികം നിർമ്മാണ തൊഴിലാളികൾ ഈ കെട്ടിടം യാഥാർത്ഥ്യമാക്കുന്നതിനു പിന്നിൽ അധ്വാ‍നിച്ചിട്ടുണ്ട് എന്നുകണക്കാക്കപ്പെടുന്നു. ഇതുകൂടാതെ അത്രതന്നെ എഞ്ചിനീയർമാർ, ടെക്നീഷ്യന്മാർ തുടങ്ങിയവർ ഇതിന്റെ വിവിധ എഞ്ചിനീയറിംഗ് ജോലികളിൽ പങ്കെടുത്തു.

2004 ജനുവരി മാസത്തിലാണ് ബുർജ് ഖലീഫയുടെ ഫൌണ്ടേഷൻ ജോലികൾ ആരംഭിച്ചത്. ഫൌണ്ടേഷൻ നിർമ്മാണത്തിനായി മാത്രം എട്ടുമാസങ്ങൾ വേണ്ടിവന്നു. 2004 സെപ്റ്റംബർ മാസത്തിൽ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി. റാഫ്റ്റ് ഫൌണ്ടേഷൻ രീതിയിലാണ് ഇതിന്റെ അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ഇതിനായി ആദ്യം സൈറ്റിലെ മേൽ മണ്ണ് അൻപതോ അറുപതോ മീറ്റർ ആഴത്തിൽ എടുത്തുമാറ്റി ഉറപ്പുള്ള ഒരു തലത്തിലേക്ക് എത്തുന്നു. അവിടെനിന്ന് താഴേക്ക് കോൺക്രീറ്റ് പൈലുകൾ ഇറക്കുന്നു.

സിലിണ്ടർ ആകൃതിയിലുള്ള കുഴികൾ കുഴിച്ച് അതിൽ കോൺക്രീറ്റും കമ്പിയും ചേർത്ത് തൂണുകൾ വാർത്താണ് പൈലുകൾ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള 192 പൈലുകളാണ് ബുർജ് ഖലീഫയുടെ ഫൌണ്ടേഷന്റെ അടിസ്ഥാനം. ഒന്നരമീറ്റർ വ്യാസവും 47 മീറ്റർ നീളവുമുള്ള ഈ പൈലുകൾ ഓരോന്നും വളരെ ഉറപ്പുള്ള മണ്ണിലേക്ക് ആഴ്ന്നിറങ്ങിയാണ് ഉറച്ചിരിക്കുന്നത്. ഈ പൈലുകൾക്ക് മുകളിലായി മുപ്പതു മീറ്ററോളം കനമുള്ള കോൺക്രീറ്റ് റീ‍ഇൻഫോഴ്സ്ഡ് സ്ലാബ്. 45000 ക്യുബിക് മീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചിരിക്കുന്ന ഫൌണ്ടേഷന്റെ ആകെ ഭാരം 1,10,000 ടൺ! ഫൌണ്ടേഷനു വേണ്ടി വളരെ കുറഞ്ഞ ജലാഗിരണശേഷിയുള്ളതും, അതേസമയം അതീവ സാന്ദ്രതയുള്ളതുമായ കോൺക്രീറ്റ് മിശ്രിതം പ്രത്യേകമായി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇതിനുമുകളിലാണ് ഈ അംബരചുംബി പടുത്തുയർത്തിയിരിക്കുന്നത്. റാഫ്റ്റ് (ചങ്ങാടം) രീതിയിലുള്ള ഫൌണ്ടേഷന്റെ പ്രത്യേകത, അത് ഒരു ചങ്ങാടം പോലെ ഒറ്റക്കെട്ടായി അതിനുമുകളിലുള്ള കെട്ടിടത്തെ താങ്ങി നിർത്തുന്നു എന്നതാണ്. കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 3,30,000 ക്യുബിക് മീറ്റർ കോൺക്രീറ്റും, 55,000 ടൺ സ്റ്റീൽ കമ്പിയും ഉപയോഗിച്ചു. അപ്പോൾ ഈ കെട്ടിടത്തിന്റെ ആകെ ഭാരം എത്രയുണെന്ന് ഒന്നാലോചിച്ചു നോക്കൂ!

2005 മാർച്ച് ആയപ്പോഴേക്കും കെട്ടിടം അതിന്റെ ആകൃതി കൈവരിച്ച് ഉയരുവാൻ തുടങ്ങിയിരുന്നു. ഇംഗീഷ് അക്ഷരമായ Y യുടെ ആകൃതിയിൽ മൂന്ന് ഇതളുകളോടുകൂടിയ ഒരു പൂവിന്റെ ആകൃതിയാണ് ഈ കെട്ടിടത്തിന്റെ തിരശ്ചീനഛേദതലത്തിനുള്ളത്. ഈ ആകൃതിയാണ് ഇത്രയധികം ഉയരത്തിലേക്ക് പോകുമ്പോഴും അതിന് ആവശ്യമായ സ്റ്റബിലിറ്റി നൽകുന്നത്. മരുഭൂമിയിൽ കാണപ്പെടുന്ന Hymenocallis എന്ന പൂവിന്റെ ആകൃതിയിൽനിന്നാണ് ഇതിന്റെ ആശയം ഉൾക്കൊണ്ടിട്ടുള്ളത്. ഈ പൂവിന്റെ രൂപമാണ് മുകളിൽ കണ്ട യു.ട്യൂബ് വീഡിയോയിൽ ആദ്യം കാണിക്കുന്ന ദൃശ്യം.

കെട്ടിടത്തിന്റെ മധ്യഭാഗം (core) ഫൌണ്ടേഷൻ മുതൽ ഏറ്റവും മുകളിലെ നിലവരെ നീളുന്ന, ആറുവശങ്ങളോടുകൂടിയ ഒരു ഭീമൻ hexagonal കുഴലാണ്. ഈ കുഴലിനു ചുറ്റുമായി നന്നാല് അടുക്കുകളായി ഉയരുന്ന രീതിയിൽ ആണ് കെട്ടിടത്തിന്റെ മറ്റു നിലകൾ പടുത്തുയർത്തിയിരിക്കുന്നത്. മുകളിലേക്ക് പോകുംതോറും ചില പ്രത്യേക ഉയരങ്ങളിൽ വച്ച് നന്നാല് അടുക്കുകളിൽ ഏറ്റവും പുറമേഉള്ളതിന്റെ ഉയരം ഘടികാരദിശയിൽ തിരിയുന്ന ഒരു സ്പൈറൽ രീതിയിൽ കൂടിക്കൂടി വരുന്നു. ഈ പോസ്റ്റിന്റെ ഏറ്റവും താഴെയുള്ള ചിത്രം ശ്രദ്ധിച്ചാൽ എങ്ങനെയാണ് ഈ പുറംചട്ടയുടെ വ്യാസം കുറഞ്ഞുകുറഞ്ഞു വരുന്നതെന്ന് മനസ്സിലാക്കാം. ഉയരത്തിന്റെ പകുതിക്കു താഴെ ഭാഗങ്ങളിൽ മുന്നും നാലും ബെഡ് റൂമുകളോടുകൂടിയ റസിഡൻഷ്യൽ ഫ്ലാറ്റുകൾ ഉൾപ്പെടുത്തുവാൻ ഈ ഡിസൈൻ മൂലമാണ് സാധിക്കുന്നത്. മുകളിലേക്ക് പോകുംതോറും ഓഫീസുകൾ, സ്വീറ്റുകൾ തുടങ്ങിയവയാണുള്ളത്. Central core നെ മൂന്നുവശങ്ങളിൽ നിന്ന് സപ്പോർട്ട് ചെയ്യുന്ന sheer wall buttresses താങ്ങി നിർത്തുന്നു. ഈ രീതിയിലുള്ള ഒരു എഞ്ചിനീയറീംഗ് രീതി തന്നെ ഇതിനായി പ്രത്യേകം വികസിപ്പിച്ചതാണ്. (ചിത്രം നോക്കുക).

കടപ്പാട് : വിക്കിപീഡിയ

പറയുമ്പോൾ പെട്ടന്നു പറഞ്ഞുകഴിഞ്ഞുവെങ്കിലും, കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള വിസ്താരം അത്ര ചെറുതൊന്നുമല്ല. വളരെ വലിയ ഒരു സ്ട്രക്ചറാണത്. തുടർന്നുള്ള നിർമ്മാണപ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ തന്നെ മുന്നോട്ടുപോയി. കെട്ടിടം മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുമ്പോൾ തന്നെ, ഇങ്ങുതാഴെ അതിന്റെ പുറംചട്ടയുടെ പണികൾ ആരംഭിച്ചിരുന്നു. 2006 മാർച്ച് മാസം ആയപ്പോഴേക്കും 50 നിലകൾ പിന്നിട്ടു. 2007 ഫെബ്രുവരിയിൽ നിലവിലുണ്ടായിരുന്ന ഏറ്റവും അധികം നിലകളോടുകൂടിയ സിയേഴ്സ് ടവറിന്റെ ഉയരവും കവിഞ്ഞിരുന്നു ബുർജ് ഖലീഫ. 2007 സെപ്റ്റംബർ ആയപ്പോഴേക്കും 150 നിലകളും പൂർത്തീകരിച്ചു. ഒരാഴ്ചയിൽ ഒരു നില എന്ന ആവറേജ് വേഗതയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം അപ്പോൾ പുരോഗമിച്ചുകൊണ്ടിരുന്നത് എന്നോർക്കുക!

ബുർജ് ഖലീഫ : 2007 ഓഗസ്റ്റിൽ എടുത്ത ചിത്രം

നിർമ്മാണ സൈറ്റിന്റെ മുമ്പിൽ ഒരു ബോർഡ് റോഡരുകിൽ അക്കാലത്ത് പതിച്ചിരുന്നു. ഓരോ നിലകൾ പൂർത്തികരിക്കുമ്പോഴും അതിൽ എഴുതിയിട്ടുണ്ടാവും “we have reached level .... " അന്നതു കാണുന്നത് ഒരു കൌതുകമായിരുന്നു. 2008 സെപ്റ്റംബർ ആയപ്പോഴേക്കും ലോകത്തിലേക്കും വലിയ മനുഷ്യനിർമ്മിത വസ്തുവായ പോളണ്ടിലെ വാഴ്സാ റേഡിയോ ടവറിനേക്കാളും ഉയരത്തിൽ (688 മീറ്ററിലും അധികം) എത്തിയിരുന്നു ഈ കെട്ടിടം. അതിനുശേഷം ഇതിന്റെ യഥാർത്ഥ ഉയരം ഉത്ഘാടനവേളയിൽ മാത്രമേ പ്രസിദ്ധമാക്കൂ എന്ന് എമ്മാറിന്റെ അറിയിപ്പും ഉണ്ടായി.

156 നില വരെ കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ബാക്കി നാലു നിലകളും അതിനുശേഷം മുകളിലേക്കുള്ള ഭാഗങ്ങളും സ്ട്രക്ചറൽ സ്റ്റീലിൽ ആണു നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ സ്പൈർ (ഏറ്റവും മുകളിലുള്ള ഭാഗം) മാത്രം 4000 ടണ്ണിലധികം ഭാരമുള്ള സ്റ്റീൽ സ്ട്രക്ചറാണ്. ഇതിൽ 46 സർവീസ് ലെവലുകൾ ഉണ്ട് - ഇവ ആൾതാമസത്തിനുള്ളതല്ല.

ഈ കെട്ടിടത്തിന്റെ പുറംചട്ട (Facade) 1,528,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്. അലുമിനം, സ്റ്റീൽ, ഗ്ലാസ് എന്നിവയാൽ നിർമ്മിച്ചിരിക്കുന്ന ഈ പുറംചട്ടയും ഒട്ടനവധി പ്രത്യേകതകളുള്ളതുതന്നെ. ദുബായിയിലെ അത്യുഷ്ണത്തിൽ കേടുപാടുകൾ കൂടാതെ വർഷങ്ങളോളം പിടിച്ചു നിൽക്കുവാൻ ശേഷിയുള്ള പൌഡർ കോട്ടിംഗുകൾ ഈ ഫ്രെയിമുകളിൽ പതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 24,348 പാനലുകളാണ് കെട്ടിടത്തിന്റെ പ്രധാനഭാഗങ്ങളെ പൊതിഞ്ഞിരിക്കുന്നത്. ഓരോ പാനലുകളുടെയും വലിപ്പം കേൾക്കണോ 6.4 മീറ്റർ ഉയരം, 1.2 മീറ്റർ വീതി, 750 കിലോ ഭാരം! ഈ ഗ്ലാസ് ഷീറ്റുകൾ എല്ലാം കൂടി നിരത്തിവച്ചാൽ 14 ഫുഡ്ബോൾ ഗ്രൌണ്ടുകൾ മറയ്ക്കാൻ മതിയാവുമത്രേ! ഇവകൂടാതെ 2000 ചെറുഗ്ലാസ് പാനലുകൾ കൂടി ചേരുന്നതാണ് കെട്ടിടത്തിന്റെ പുറംചട്ട. ചൈനയിൽനിന്നെത്തിയ മുന്നൂറോളം വിദഗ്ധരാണ് ഈ പാനലുകളെ യഥാസ്ഥാനങ്ങളിൽ ഉറപ്പിച്ചത്. ഇവയെ ഉറപ്പിക്കുവാനായി ഉപയോഗിച്ച ഗാസ്കറ്റുകളെല്ലാം കൂടി നിരത്തിവച്ചാൽ 2052 കിലോമീറ്റർ നീളം വരുമത്രേ! ഏകദേശം 900 ടൺ പെയിന്റും പൌഡർ കോട്ടിംഗും കെട്ടിടത്തിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

ഈ പുറംചട്ടയിൽ പറ്റിപ്പിടിക്കുന്ന പൊടി കഴുകിമാറ്റി, ഗ്ലാസ് പാനലുകൾ വൃത്തിയായി സൂക്ഷിക്കുവാനായി ഉള്ള സംവിധാനങ്ങളും ബുർജ് ഖലീഫയുടെ പുറംചട്ടയിൽ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. 40, 73, 190 എന്നി നിലകളിൽ ഒരു തിരശ്ചീന ട്രാക്ക് ഉറപ്പിച്ചിരിക്കുന്നു. ഇവയിൽ ഒന്നരടൺ ഭാരം വരുന്ന ഓരോ ബക്ക്റ്റ് മെഷീനുകൾ ഉറപ്പിച്ചിരിക്കുന്നു. ഈ മെഷീനുകൾ ജനാ‍ലകൾക്കുമുമ്പിൽ തിരശ്ചീനമായും ലംബമായും നീങ്ങി അവ വൃത്തിയാക്കും. 109 നു മുകളിലുള്ള നിലകൾ കഴുകിവൃത്തിയാക്കുന്നത് ധൈര്യശാലികളായ ജോലിക്കാർ, കേബിളുകളിൽ തൂങ്ങിയിറങ്ങുന്നതരത്തിലുള്ള ബക്കറ്റുകളിൽ ഇരുന്നുകൊണ്ടാണ്. ഏറ്റവും മുകളിലെ സ്പൈർ കുഴൽ മനുഷ്യ സഹായമില്ലാതെ സ്വയം കഴുകി വൃത്തിയാക്കുന്ന മറ്റൊരു സംവിധാനവും പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്. പുറംചട്ടയിലെ ഗ്ലാസ് പാനലുകൾ കഴുകുന്നതെങ്ങനെയെന്നു കാണേണ്ടേ? കാണേണ്ട കാഴ്ചതന്നെ! ഒരു ചെറിയ യു.ട്യൂബ് വീഡിയോ ഇതാ.Thanks to : Bristolg

മുകളിലേക്ക് ഉയർന്നു പോകുന്ന ഒരു വിർച്വൽ സിറ്റി തന്നെയായാണ് ബുർജ് ഖലീഫ വിഭാവനം ചെയ്തിരിക്കുന്നത്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഷോപ്പിംഗ് സെന്ററുകൾ, ആയിരത്തോളം ലക്ഷ്വറി റസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾ, ഓഫീസുകൾ, റിക്രിയേഷൻ സൌകര്യങ്ങൾ, തുടങ്ങി ഒരു ആധുനിക നഗരത്തിൽ വേണ്ടതെല്ലാം ഈ പടുകൂറ്റൻ സൌധത്തിനുള്ളിൽ തന്നെ സജ്ജീകരിച്ചിരിക്കുന്നു. പ്രശസ്ത ഇറ്റാലിയൻ ഹോട്ടൽ ഗ്രൂപ്പായ അർമ്മാനി ആണ് ബുർജ് ഖലീഫയിലെ 6 സ്റ്റാർ ഹോട്ടൽ നടത്തുന്നത്. സൌധത്തിന്റെ കോൺകോഴ്സ് മുതൽ ആദ്യ എട്ടുനിലകളും 38, 39 നിലകളും ഈ ഹോട്ടലിനായി മാറ്റി വേർതിരിച്ചിരിക്കുന്നു. ഇതുകൂടാതെ 9 മുതൽ 16 വരെ നിലകളിൽ അർമാനി റസിഡൻഷ്യൽ ഫ്ലാറ്റുകളും ഉണ്ട്. ഇതും ഹോട്ടലിന്റെ തന്നെ ഫർണിഷ്ഡ് ഫ്ലാറ്റ് സേവനമാണ്.

19 മുതൽ 108 വരെ നിലകളിലായി 900 ലക്ഷ്വറി ഫ്ലാറ്റുകളാണ്. സ്റ്റുഡിയോ ഫ്ലാറ്റുകൾ മുതൽ ഒന്ന്, രണ്ട്, മൂന്ന്, നാല് ബെഡ് റൂം ഫ്ലാറ്റുകൾ വരെ ഇക്കൂട്ടത്തിൽ പെടും. 43, 76, 123 എന്നീ നിലകളിൽ ഓരോ സ്കൈ ലോബികൾ സജീകരിച്ചിരിക്കുന്നു. ഓരോ സ്കൈലോബിലും ഒരു ഇടത്താവളമാണ് എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ലോകോത്തര നിലവാരത്തിലുള്ള ജിംനേഷ്യം, ഇൻ‌ഡോർ / ഔട്ട് ഡോർ സ്വിമ്മിംഗ് പൂളുകൾ, മീറ്റിംഗ് / റിക്രിയേഷൻ ഹാളുകൾ, ലൈബ്രറി, ഒരു ചെറിയ ഷോപ്പിംഗ് സെന്റർ, മീറ്റിംഗ് പോയിന്റുകൾ എന്നിവയെല്ലാം ഇവയിൽ സജ്ജീകരിച്ചിരിക്കുന്നു.

58 ലിഫ്റ്റുകളുള്ള ഈ ടവറിലെ ഒരു ലിഫ്റ്റ് പോലും ഗ്രൌണ്ട് ഫ്ലോർ മുതൽ 160 മത്തെ നിലവരെ സഞ്ചരിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. എക്പ്രസ് ലിഫ്റ്റുകൾ സ്കൈലോബി കൾക്കിടയിലാണു സഞ്ചരിക്കുക. ഇതിനിടയിലുള്ള ഫ്ലോറുകളിലേക്ക് പോകേണ്ടവർ സ്കൈലോബിയിൽ നിന്ന് മറ്റൊരു ലോക്കൽ ലിഫ്റ്റിലേക്ക് മാറിക്കയറേണ്ടതുണ്ട്. ലിഫ്റ്റുകളുടെ മറ്റൊരു പ്രത്യേകത, ഏതു ഫ്ലോറിലേക്കാണ് പോകേണ്ടതെന്ന് ലിഫ്റ്റിൽ കയറുന്നതിനു മുമ്പ് തന്നെ ഒരു ടച്ച് സ്ക്രീൻ പാഡിൽ വിവരം നൽകണം എന്നതാണ്. ഈ ടച്ച് സ്ക്രീനുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടർ വിവിധ നിലകളിൽ കാത്തുനിൽക്കുന്ന യാത്രക്കാരുടെ ലക്ഷ്യസ്ഥാനങ്ങൾ അവലോകനം ചെയ്യുകയും, ഏറ്റവും കുറഞ്ഞ വെയിറ്റിംഗ് സമയം ലഭിക്കത്തക്ക വിധത്തിൽ വിവിധ ഫ്ലോറുകളിലുള്ളവരെ സ്വയമേവ വിവിധ ലിഫ്റ്റുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നരീതിയിലാണ് ലിഫ്റ്റുകളുടെ സംവിധാനം. പ്രധാന സർവ്വീസ് ലിഫ്റ്റ് കെട്ടിടത്തിന്റെ മധ്യഭാഗത്താണുള്ളത്. ആ ലിഫ്റ്റ് ഒറ്റയടിക്ക് 504 മീറ്റർ ഉയരം വരെ പോകാൻ തക്കവിധം നിർമ്മിച്ചിട്ടുള്ളതാണ്. കൂടാതെ ലിഫ്റ്റുകളോരോന്നും ഡബിൾ ഡക്കർ കാ‍ബുകളാണ് - ഓരോന്നിലും 14 യാത്രക്കാർ വരെ ഒരുമിച്ച് യാത്രചെയ്യാം. സെക്കന്റിൽ 10മീറ്റർ വേഗത്തിലാണ് പ്രധാന ലിഫുകളുടെ സഞ്ചാരം. പ്രശസ്തമായ ഓറ്റിസ് കമ്പനിയാണ് ബുർജ് ഖലീഫയിലെ എല്ലാ ലിഫ്റ്റുകളും നിർമ്മിച്ചിരിക്കുന്നത്.

“അറ്റ് ദി ടോപ്” എന്ന വിഗഹവീക്ഷണ തലം നിർമ്മിച്ചിരിക്കുന്നത് 124 മത്തെ നിലയിലാണ്. ഇവിടെ പൊതുജനങ്ങൾക്ക് ടിക്കറ്റോടുകൂടി പ്രവേശിക്കാം. നിലവിലെ തിരക്കുകണ്ടിട്ട് ഈയിടെയൊന്നും അവിടെ കയറാനൊക്കുന്ന ലക്ഷണമില്ല! എങ്കിലും ആ ലെവലിൽ നിന്നുകൊണ്ട് ഷംസുക്ക എടുത്ത ഒരു ഫോട്ടോ താഴെക്കൊടുക്കുന്നു. (ഷംസുക്ക ഒരു പ്രസ് ഫോട്ടോഗ്രാഫറാണ്)


പ്രസന്നമായ അന്തരീക്ഷമുള്ള ദിവസങ്ങളിൽ അവിടെനിന്നുള്ള കാഴ്ച അത്യന്തം മനോഹരമെന്ന് അനുഭവസ്ഥർ സംസാരിക്കുന്നു. ആധുനിക ബൈനോക്കുലർ സംവിധാനങ്ങളിലൂടെ വളരെ അകലെയുള്ള കാഴ്ചകൾ കാണാം. എന്നെങ്കിലും അവിടെ പോകുവാൻ സാധിക്കുമ്പോൾ അതേപ്പറ്റിയുള്ള വിവരണം ഈ ബ്ലോഗിൽ എഴുതുന്നതായിരിക്കും!
ബുർജ് ഖലീഫയുടെ മുകളറ്റം 95 കിലോമീറ്റർ അകലെ നിന്ന് കാണാം എന്നാണ് കണക്കാക്കിയിരിക്കുന്നത് (അന്തരീക്ഷം പ്രസന്നമാണെങ്കിൽ!). ഇത്രയധികം ഉയരമുള്ളതുകൊണ്ടാണ് അങ്ങനെ സാധിക്കുന്നത്. എങ്കിലും പൊടിക്കാറ്റ് നിറഞ്ഞ വേനൽക്കാല ദിവസങ്ങളിൽ അഞ്ചുകിലോമീറ്റർ അപ്പുറമുള്ള കാഴ്ചകൾ പോലും കാണാനാവില്ല ഇവിടെ എന്നതു വേറേകാര്യം!

പ്രത്യേക രീതിയിലുള്ള ഒരു ഇറിഗേഷൻ സിസ്റ്റമാണ് ബുർജ് ഖലീഫയുടെ ചുറ്റുപാടുമായി ഏക്കറുകളിൽ വ്യാപിച്ചുകിടക്കുന്ന പുൽത്തകിടിയേയും ഉദ്യാനത്തേയും പരിപാലിക്കുവാൻ ഉപയോഗിക്കുന്നത്. ഈ മരുഭൂമിയിലെ പച്ചപ്പിനെ പരിപാലിക്കുവാനായി ഉപ്പുവെള്ളം ഉപയോഗിക്കുവാൻ സാധിക്കില്ല എന്നറിയാമല്ലോ. റോഡ് സൈഡിലുള്ള പച്ചപ്പുകളെ നനയ്ക്കുന്നത് ശുദ്ധീകരിച്ച ഡ്രെയിനേജ് വെള്ളം കൊണ്ടാണ്. എന്നാൽ ഇവിടെ മറ്റൊരു സംവിധാനമാണ് ഉപയോഗിക്കുന്നത്. ഈ കെട്ടിടത്തിലെ എയർകണ്ടീഷനിംഗ് സിസ്റ്റത്തിൽ നിന്ന് ശേഖരിക്കുന്ന ഘനീഭവിച്ച (condensed) അന്തരീക്ഷ ബാഷ്പം ശേഖരിക്കുവാനായി പ്രത്യേക ടാങ്കുകൾ കെട്ടിടത്തിന്റെ അടിയിൽ നിർമ്മിച്ചിട്ടുണ്ട്. ഇത്രയും വലിയ കെട്ടിടത്തിനെ ശീതീകരിക്കുവാൻ വേണ്ട എയർ കണ്ടീഷനറിൽ നിന്ന് ലഭിക്കുന്ന വെള്ളം എത്രയാണെന്നറിയാമോ? പ്രതിവർഷം 56 ദശലക്ഷം ലിറ്റർ!

മറ്റുചില കൌതുകകരമായ വസ്തുതകൾ:
  • കെട്ടിടത്തിന്റെ നിർമ്മാണവേളയിൽ സേഫ്റ്റി സ്റ്റാൻഡേർഡുകൾ വളരെ കർശനമായി പാലിച്ചിരുന്നു. ഉയരങ്ങളിൽ ജോലി ചെയ്യാൻ ഭയമില്ല്ലാത്തവരും, മറ്റു രാജ്യങ്ങളിലെ ഭീമൻ ടവറുകളുടെ നിർമ്മാണത്തിൽ പരിചയമുള്ളവരുമായ ധൈര്യശാലികളായ ജോലിക്കാരാണ് ഇതിന്റെ നിർമ്മാണത്തിൽ പങ്കെടുത്തത്.
  • തൊഴിലാളികളെയും വഹിച്ചുകൊണ്ട് പോകാനുള്ള സർവ്വീസ് ലിഫ്റ്റ് ഏകദേശം പത്തുമിനിറ്റോളം എടുത്തിരുന്നു കെട്ടിടത്തിന്റെ മുകളറ്റം വരെ എത്തുവാൻ. നിർമ്മാണവേളയിൽ തന്നെ കെട്ടിടത്തിന്റെ പല ഇടനിലകളിൽ ക്യാന്റീനുകൾ, ടോയിലറ്റുകൾ തുടങ്ങിയവ ക്രമീകരിച്ചിരുന്നു; എപ്പോഴും ഈ ആവശ്യങ്ങൾക്കായി മുകളിലേക്കും താഴേക്കും പോയിവരുവാൻ സാധിക്കില്ലല്ലോ!
  • 2004 ൽ പണികൾ ആരംഭിക്കുമ്പോൾ നിശ്ചയിച്ചിരുന്നതിനേക്കാൽ ഇന്റീരിയർ ഫിനിഷിംഗിൽ അവസാനമായപ്പോഴേക്ക് മാറ്റങ്ങൾ വരുത്തിയിരുന്നു. അഞ്ചുവർഷം കൊണ്ട് ഇന്റീരിയർ മേഖലയിൽ വന്ന പുതിയ മാറ്റങ്ങളെയും സംവിധാനങ്ങളേയും പൂർണ്ണമായും ഇവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിർമ്മാണം പൂർത്തിയാക്കാൻ പ്രതീക്ഷിച്ചിരുന്നതിലും ഒരു വർഷത്തോളം വൈകിയാണ് ഉത്ഘാടനം നടന്നത്.
  • വെറും 2000 ൽ താഴെ ദിവസങ്ങൾ കൊണ്ടാണ് ഈ പടുകൂറ്റൻ സൌധം നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത് എന്നത് ദുബായിയുടെ മാത്രം പ്രത്യേകതയാവാം. ബുർജ് ഖലീഫ ഉൾപ്പെടുന്ന ഡൌൺ ടൌൺ ബുർജ് ഖലീഫ എന്ന വമ്പൻ പ്രോജക്റ്റിന്റെ മറ്റുഭാഗങ്ങളെല്ലാം ഇതോടൊപ്പം തന്നെ പുരോഗമിക്കുന്നുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മോൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ദുബായ് മോൾ, ഈ കെട്ടിടസമുച്ചയങ്ങൾക്ക് ചുറ്റുമായുള്ള ദുബായ് തടാകം, മ്യൂസിക്കൽ ഫൌണ്ടൻ, ഓൾഡ് ടൌൺ, മറ്റു റസിഡൻഷ്യൽ ഫ്ലാറ്റുകൾ തുടങ്ങിയ ഭാഗങ്ങളെല്ലാം ഇതിനോടകം പണിപൂർത്തീകരിച്ച് തുറന്നു കൊടുത്തു.

പ്രത്യേകതകൾ:

ദുബായിയിലെ മിക്കവാറും എല്ലാ വലിയ ഡെവലപ്മെന്റ് പ്രോജക്റ്റുകളിലും കാണാവുന്ന എഞ്ചിനീയറിംഗ് വെല്ലുവിളികൾ ഈ സൌധത്തിന്റെ നിർമ്മാണത്തിലും ഉണ്ടായിരുന്നു. 606 മീറ്റർ ഉയരത്തിലേക്ക് കോൺക്രീറ്റ് പമ്പു ചെയ്യുക,സ്പൈറിന്റെ ഭാഗമായ 350 ടണ്ണോളം ഭാരമുള്ള ഇരുമ്പു പൈപ്പ് ഈ കെട്ടിടത്തിന്റെ ഉള്ളിൽ വച്ചു തന്നെ ഉണ്ടാക്കി 200 മീറ്ററോളം ജായ്ക്ക് ഉപയോഗിച്ച് മുകളിലേക്ക് ഉയർത്തുക, ഇത്രയധികം ഭാരവും അതിന്റെ സമ്മർദ്ദവും താങ്ങാനാവുന്ന ഒരു കോൺക്രീറ്റ് മിശ്രിതം ഫൌണ്ടേഷനു വേണ്ടി കണ്ടുപിടിക്കുക, അതിന്റെ താപനില ശരിയായി നിയന്ത്രിച്ചുനിർത്തിക്കൊണ്ട് നിർമ്മാണവേളയിൽ കോൺക്രീറ്റ് കട്ടിയായിപ്പോകാതെ സൂക്ഷിക്കുക, ശക്തമായ കാറ്റിനെ അതിജീവിച്ച് സ്ഥിരതയോടെ നിൽക്കാനാവുന്ന ഡിസൈൻ കണ്ടുപിടിക്കുക, കെട്ടിടത്തിന്റെ പുറംചട്ടയായ 24348 അലുമിനം ഗ്ലാസ് പാനലുകൾ ഈ കെട്ടിടത്തിനു ചുറ്റും വിജയകരമായി ഉറപ്പിക്കുക തുടങ്ങി സിവിൽ എഞ്ചീനിയറിംഗിനു മുമ്പിലുള്ള വെല്ലുവിളികൾ അസംഖ്യമായിരുന്നു. ഇവയിൽ പലതും ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഈ വെല്ലുവിളികൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയതാണ് ഒരുപക്ഷേ ഈ സൌധത്തിന്റെ നിർമ്മാണത്തിലെ ഏറ്റവും അഭിമാനകരമായ കാര്യം. ബുർജ് ഖലീഫയുടെ നിർമ്മാണത്തെ സംബന്ധിച്ചിടത്തോളം അന്നേവരെ അസാധ്യമെന്നു തോന്നിയിരുന്ന ഓരോഎഞ്ചിനീയറിംഗ് സന്നിഗ്ദ്ധതകൾക്കും ഒരു പരിഹാരമായി പുതിയ പുതിയ ടെക്നോളജികൾ ആവിഷ്കരിക്കുകയും കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട് - അത് കോൺക്രീറ്റ് പമ്പിംഗ് ആയാലും ഒരു ലിഫ്റ്റോ, ഫസാഡിലെ ഗ്ലാസ് പാനലോ എന്തും ആയിക്കോട്ടെ അതിലെല്ലാം ഒരു പ്രത്യേകത നമുക്ക് കണ്ടെത്താനാവും!
ലോകത്തെ സുപ്രധാന അംബരചുംബികളും അവയുടെ ഉയരങ്ങളും ഒരു താരത‌മ്യം
കടപ്പാട്: വിക്കിപീഡിയ

ഉയരമേറിയ കെട്ടിടങ്ങളുടെ നിർമ്മാണ ചരിത്രം നോക്കിയാൽ അറിയാം, നിലവിലുണ്ടായിരുന്ന ഏറ്റവും ഉയരമേറിയ കെട്ടിടത്തേക്കാൾ ഏറിയാൽ അറുപതു മീറ്ററിനപ്പുറം ഉയരത്തിലേക്ക് പുതിയ കെട്ടിടം ഉയരുകയുണ്ടായിട്ടില്ല. എന്നാൽ ഇവിടെ നിലവിലെ ഏറ്റവും ഉയരമേറിയ സൌധമായ തായ്പേയ് 101 നേക്കാൾ മൂന്നൂറിലേറെ മീറ്റർ ഉയരക്കൂടുതലാണ് ബുർജ് ഖലീഫയ്ക്ക് ഉള്ളത്. ഈ എഞ്ചിനീയറീംഗ് അത്ഭുതത്തിന്റെ പേരിൽ ഇപ്പോൾ തന്നെ ലോക റിക്കോർഡുകൾ അനവധി. മനുഷ്യ നിർമ്മിതമായ ഏറ്റവും ഉയരം കൂടിയ നിർമ്മിതി (ഇതിൽ കെട്ടിടങ്ങളും ടി.വി / റേഡിയോ ടവറുകളും പെടുന്നു), ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം (160) ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക് (124 മത്തെ നിലയിൽ), ഏറ്റവും ഉയരമേറിയ അംബരചുംബികളിൽ റസിഡൻഷ്യൽ ഫ്ലാറ്റുകളും ഉൾപ്പെടുന്ന ലോകത്തെ ആദ്യ കെട്ടിട സമുച്ചയം, സെക്കന്റിൽ 18 മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ലിഫ്റ്റുകൾ, 500 മീറ്ററിലധികം ഉയരുന്ന ലിഫ്റ്റ്, അലുമിനം-ഗ്ലാസ് ഫസാഡ് (പുറംചട്ട) 500 മീറ്ററിലധികം ഉയരത്തിൽ ഉറപ്പിച്ചിട്ടുള്ള ഏറ്റവും ഉയരമേറിയ കെട്ടിടം, 76 മത്തെ നിലയിൽ സ്വിമ്മിംഗ് പൂൾ ഉള്ള ഏക കെട്ട തുടങ്ങി ബുർജ് ഖലീഫയുടെ പേരിൽ നിലവിലുള്ള റിക്കോർഡുകൾ ഒട്ടനവധിയാണ്. ഇവയൊക്കെ നാളെ മറ്റൊരു അംബരചുംബി ഭേദിച്ചേക്കും എന്നതിൽ സംശയമൊന്നുമില്ല, എങ്കിലും അതിന് കുറേ സമയം എടുക്കും. കാരണം ഒന്നുമാത്രം; സ്വപ്നങ്ങൾ കാണുവാനും പറയുവാനും പലർക്കും സാധിക്കും, പക്ഷേ അവ യാഥാർത്ഥ്യമാക്കുവാൻ ചുരുക്കം പേർക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നതാണു സത്യം.

ഫോട്ടോ : ഷംസുദ്ദീൻ മൂസ

ഈ ഭീമന്‍ സൌധത്തിന്റെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ എപ്പോഴും നമ്മുടെ കണ്ണുകള്‍ നമ്മളെ പറ്റിക്കും; ഇതിന്റെ ഉയരത്തെപ്പറ്റിയുള്ള യഥാര്‍ത്ഥ ചിത്രം നമുക്ക് ലഭിക്കുകയേ ഇല്ല! സമീപത്തുള്ള അൻപതും അറുപതും നിലകളുള്ള മറ്റുടവറുകളുടെ ഉയരത്തെപ്പറ്റിയുള്ള ഒരു ധാരണ മനസ്സിൽ ഇരിക്കുന്നതിനാലാവാമത്. എന്നാല്‍ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയരുന്നതോ ലാന്റുചെയ്യുന്നതോ ആയ ഒരു വിമാനത്തിലിരുന്നുകൊണ്ട് നോക്കുമ്പോള്‍ ശരിക്കും മനസ്സിലാകും, എത്ര ഉയരത്തിലാണ് ബുര്‍ജ് ഖലീഫയുടെ തലപ്പ് നില്‍ക്കുന്നതെന്ന്! ഭാവനയിൽ കാണാവുന്നതിലും വളരെ വളരെ ഉയരത്തിലാണത്. ദുബായിയുടെ വികസന സങ്കൽ‌പ്പങ്ങളുടെയും പ്രോജക്റ്റുകളെ യാഥാർത്ഥ്യമാക്കുന്നതിലുള്ള കഴിവിന്റെയും അടയാളമായി ദീർഘകാലം ബുർജ് ഖലീഫ തലയുയർത്തി നിൽക്കും എന്നതിൽ യാതൊരു സംശയവും ഇല്ല.

സംഗ്രഹം (Source : Wikipedia)
ബുർജ് ഖലീഫ


Burj Khalifa has been the world's tallest building since 2010.[I]
ആദ്യകാല നാമം
ബുർജ് ദുബായ്
പൊതുവിവരങ്ങൾ
തൊട്ടുപിന്നിൽ
Taipei 101
General information
സ്ഥലംദുബായ്, യു.എ.ഇ
Statusനിർമ്മാണം പൂർത്തിയായി
നിർമ്മാണം ആരംഭിച്ചത്
ജനുവരി 2004
നിർമ്മാണ കാലഘട്ടം
2004-2010
ഉത്ഘാടനം4 January 2010[1]
ഉപയോഗംറസിഡൻഷ്യൽ / കൊമേഴ്സ്യൽ
ഉയരം
തലപ്പുവരെ
828 m (2,717 ft)[2]
Technical details
നിലകൾ
160 വാസയോഗ്യമായ നിലകളും, 46 സർവ്വിസ് ലെവലുകളും, രണ്ട് ബെയ്സ്മെന്റ് പാർക്കിംഗ് നിലകളും
വിസ്തൃതി464,511 m2(5,000,000 sq ft)[3]
ചെലവ്
$1.5 billion [6]
Companies involved
ആർക്കിടെക്റ്റ്Skidmore, Owings and Merrill
സ്ട്രക്ചറൽ എഞ്ചിനീയർ
Bill Baker at SOM[8]
കോൺ‌ട്രാക്റ്റർSamsung C&T,Besix andArabtec
Supervision Consultant Engineer & Architect of Record Hyder Consulting
Construction Project Manager Turner Construction
Grocon[7]
Planning Bauer AG andMiddle East Foundations[7]
Lift contractor Otis[7]
VT consultant Lerch Bates[7]
ഡെവലപ്പർ
എമ്മാർ====================
കൂടുതൽ വിവരങ്ങൾ:
====================

1. ബുർജ് ഖലീഫ - വെബ് സൈറ്റ്
2. ബുർജ് ഖലീഫ - വിക്കിപീഡിയ പേജ്
3. EMAAR Properties വെബ് സൈറ്റ്
4. ബിൽ ബേക്കർ - വിക്കിപീഡിയ പേജ്
5. ആഡ്രിയൻ സ്മിത് - വിക്കിപീഡിയ പേജ്
വിവരങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ, ഖലീജ് ടൈംസ്, ഗൾഫ് ന്യൂസ്

മോസില്ലയിലും, ഇന്റർനെറ്റ് എക്സ്പ്ലോററിലും ചിലചിത്രങ്ങൾ ഡിസ്പ്ലേചെയ്യുന്നില്ല എന്നതു ശ്രദ്ധിച്ചു. ഗൂഗിൾ ക്രോമിൽ പ്രശ്നമില്ലെന്നു തോന്നുന്നു.

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP