സുലൈമാന്‍

>> Thursday, September 25, 2008

വീണ്ടും ഒരു റമദാന്‍മാസം കൂടി കടന്നുപോകുന്നു. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ കഠിനമായ വേനല്‍ ശമിക്കുന്നതിനു മുമ്പാണ് റമദാന്‍ മാസം വന്നെത്തിയിരിക്കുന്നത്. പക്ഷേ വര്‍ഷങ്ങളായി എന്റെ ഓര്‍മ്മകളിലെ റമദാന് ഒരു തണുപ്പുകാലത്തിന്റെ പ്രതീതിയാണ്. ഇതിനു കാരണമുണ്ട്. 1992 ല്‍ ഞാന്‍ സൌദി അറേബ്യയിലെ ദമാമില്‍ ആദ്യമായി ജോലിക്കെത്തുമ്പോള്‍, ആ വര്‍ഷത്തെ റമദാന്‍ ഫെബ്രുവരിമാസത്തില്‍ ആയിരുന്നു - ഗള്‍ഫ് രാജ്യങ്ങളിലെല്ലാം തണുപ്പുകാലം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുന്ന സമയം. അവിടുന്നിങ്ങോട്ട് ഓരോ വര്‍ഷവും പത്തുദിവസം വീതം കുറഞ്ഞ് കുറഞ്ഞ് ഇപ്പോഴിതാ സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തിലെത്തിനില്‍ക്കുന്നു റമദാന്‍ മാസാരംഭം.

റമദാന്‍ നോമ്പ് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ത്തന്നെ “ഫീല്‍” ചെയ്യണമെങ്കില്‍ സൌദി അറേബ്യയില്‍ തന്നെ താമസിക്കണം എന്നാണ് എനിക്കു അനുഭവത്തില്‍നിന്നും തോന്നിയിട്ടുള്ളത്. സൌദി അറേബ്യയിലെ കര്‍ശനനിയമങ്ങള്‍ കാരണം അത് മനുഷ്യവാസയോഗ്യമായ ഒരു സ്ഥലമല്ലെന്ന പലര്‍ക്കും ഒരു ധാരണയുള്ളതിനാല്‍, പതിനാലുവര്‍ഷത്തെ അനുഭവത്തില്‍ നിന്ന് ഒരു കാര്യം ആദ്യമേ ഞാന്‍ പറയട്ടെ. ഇത് വെറും അതിശയോക്തിപരമായ ഒരു പ്രസ്താവന മാത്രമാണ്! കര്‍ശന നിയമങ്ങളും വ്യവസ്ഥകളും ഉണ്ട് എന്നതു സത്യം - പക്ഷേ അത് അവിടെ ജീവിക്കുന്നതിന് അത്രവലിയ തടസ്സമായി എനിക്കു വ്യക്തിപരമായി തോന്നിയിട്ടില്ല.

നാം ജീവിക്കുന്ന രാജ്യത്തെ നിയമങ്ങളുമായി രീതികളുമായി ഒത്തുപോകുവാന്‍ മനസുള്ള ആര്‍ക്കും പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടുകളും കൂടാതെ, കുറഞ്ഞ ജീവിതച്ചെലവില്‍ ജീവിക്കാന്‍ സാധിക്കുന്ന ഒരു രാജ്യമാണ് സൌദി - പ്രത്യേകിച്ചും കുടുംബത്തോടൊപ്പം. മാത്രവുമല്ല, “സ്വാതന്ത്ര്യം” എന്നത് നാം ഓരോരുത്തരും എന്താഗ്രഹിക്കുന്നു, അത് നിവര്‍ത്തിച്ചുകിട്ടാന്‍ എത്രത്തോളം സാധിക്കും എന്നതിനെ ആശ്രയിച്ചായതിനാല്‍ ഇത് തികച്ചും വ്യക്തിപരവുമാണ്.

മറ്റു ആഘോഷങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത സൌദിയില്‍ റമദാന്റെ ഒരു മാസക്കാലം ശരിക്കും ഒരാഘോഷവേളയാണ്! കടകളിലൊക്കെ ഒരു ഷോപ്പിംഗ് ഫെസ്റ്റിവല്‍ പോലെ വിലക്കുറവ്, പ്രത്യേക ഓഫറുകള്‍ തുടങ്ങിയ പ്രത്യേകതകള്‍. ഈ അവസരത്തില്‍ റോഡുകളും, കോര്‍ണിഷും (കടല്‍ത്തീരം) ദീപാലംകൃതമാക്കിയിരിക്കും. കടകളുടെയെല്ലാം പ്രവര്‍ത്തനസമയം തന്നെ വ്യത്യാസമാണ്. ഇഷാ നമസ്കാരത്തിനു ശേഷം തുറക്കുന്ന കടകളും ഷോപ്പിംഗ് സെന്ററുകളും റെസ്റ്ററന്റുകളും രാവേറെ വൈകി രണ്ടു-മൂന്നു മണിവരെ തുറന്നിരിക്കും. ഈ സമയം മുഴുവന്‍ നഗരം സജീവമായിരിക്കും. അല്ലാത്ത അവസരങ്ങളില്‍ കൂടുതലും പുരുഷന്മാരെ മാത്രം കാണാവുന്ന ദമാം നഗരവീഥികളിലെല്ലാം ഷോപ്പിംഗിന് ഇറങ്ങുന്ന തദ്ദേശീയരായ കുടുംബങ്ങള്‍ - പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും - എല്ലാമായി ശബ്ദമുഖരിതമായിരിക്കും. അതോടൊപ്പം വിദേശികളും. ആകെ ഒരു ഉത്സവച്ഛായ. ഒരുവര്‍ഷത്തെ ആകെ കച്ചവടം നോക്കിയാല്‍, ബാക്കിയെല്ലാ മാസങ്ങളിലും കൂടിയുണ്ടാക്കുന്ന അത്ര വരുമാനം ഈ ഒരു മാസംകൊണ്ടു ഉണ്ടാക്കാം എന്ന് സ്വന്തമായി കടനടത്തുന്ന ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു.

മറ്റു ഗള്‍ഫ് നഗരങ്ങളെ അപേക്ഷിച്ച് സൌദിയിലെ മറ്റൊരു പ്രത്യേകത അവിടെയുള്ള മോസ്കുകളുടെ എണ്ണമാണ്. ഒരേ ചുറ്റുവട്ടത്തില്‍ തന്നെ ചെറുതും വലുതുമായി ഒരുപാടു പള്ളികള്‍. അതിനാല്‍ത്തന്നെ ബാങ്കുവിളിക്കുന്നത് ആരും കേള്‍ക്കാതെ പോകുന്ന പ്രശ്നമില്ല! പ്രാര്‍ത്ഥനാ സമയങ്ങളിലൊക്കെ കടകള്‍ അടവായിരിക്കുമെന്നതിനാല്‍ കൃത്യമായി ഈ സമയങ്ങള്‍ അവിടെ താമസിക്കുന്ന എല്ലാവര്‍ക്കും അറിയാം എന്ന പ്രത്യേകതയും ഉണ്ട്. റമദാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പബ്ലിക്കായി ഭക്ഷണം കഴിക്കുവാനോ, പുകവലിക്കുവാനോ അനുവാദമില്ല. റെസ്റ്ററന്റുകള്‍ പകല്‍ സമയം തുറക്കുകയുമില്ല.

റമദാനില്‍ അതിരാവിലെ സുബുഹി ബാങ്കുവിളിക്കുന്നതിനു മുമ്പായി ദമാമിലെ പ്രധാന മോസ്കില്‍നിന്നും ഒരു വെടിയൊച്ച മുഴങ്ങും. ഇത് സിറ്റിയുടെ എല്ലാഭാഗങ്ങളിലും പ്രതിധ്വനിക്കും. അതോടെ എല്ലാ പള്ളികളില്‍ നിന്നും ഒരേ സമയം ബാങ്കുവിളി മുഴങ്ങും. ജോലിസമയം പൊതുവേ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടുവരെയും, ചില കമ്പനികളില്‍ ഉച്ചയ്ക്ക് രണ്ടു വരെയും ആയിരിക്കും. റോഡില്‍ ട്രാഫിക് പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാല്‍ രണ്ടരയാവുമ്പോഴേക്ക് വീട്ടിലെത്തും. പിന്നെ വിശ്രമമാണ്, മഗ്രിബ് ബാങ്ക് വരെ. അപ്പോഴാണ് നോമ്പു തുറക്കുന്നത്. ഇതിനു മുമ്പുതന്നെ കൊച്ചുകൊച്ചു കഫറ്റേരിയകളും, റെസ്റ്ററന്റുകളും നോമ്പുതുറക്കാനുള്ള ലഘുഭക്ഷണങ്ങളുമായി പ്രത്യേക കൌണ്ടറുകള്‍ തന്നെ സജ്ജീകരിച്ചിരിക്കും. രണ്ടു റിയാല്‍ കൊടുത്താല്‍ ഇഷ്ടം പോലെ വിഭവങ്ങള്‍. മിക്ക ദിവസങ്ങളിലും ഇതേ സാധനങ്ങള്‍ വീട്ടില്‍ വാങ്ങി നോമ്പില്ലാതെയുള്ള ഒരു നോമ്പുതുറ ഞങ്ങളും നടത്തുമായിരുന്നു.


നോമ്പ് തുറക്കാനുള്ള സമയമായാല്‍, റോഡിലൊന്നും ഒരു മനുഷ്യരേയും കാണാനാവാത്ത ഗള്‍ഫ് നഗരങ്ങള്‍ പക്ഷേ സൌദിയുടെ മാത്രം പ്രത്യേകതയാവാം. എനിക്ക് അത് എന്നും ഒരു വിസ്മയക്കാഴ്ച തന്നെയായിരുന്നു. ഇത്രയും തിരക്കേറിയ ഒരു നഗരം, അരമണിക്കൂര്‍ നേരത്തേക്ക് മനുഷ്യവാസമുണ്ടോ എന്നു തോന്നുമാറ് നിശബ്ദം, ശാന്തം!

കൊച്ചു റെസ്റ്ററന്റുകളിലെല്ലാം, രണ്ടു റിയാല്‍ കൊടുത്താല്‍ അവിടെത്തന്നെ നോമ്പ് തുറക്കാനായി ഒരു ഇഫ്താര്‍ കിറ്റ് കൊടുത്തിരുന്നു - അവിടെയിരുന്നുതന്നെ കഴിക്കാം. മഗ്രിബ് ബാങ്കിനു മുമ്പുതന്നെ അവിടങ്ങളും ഫുള്‍ ആയിരിക്കും. ഇതുകൂടാതെ സൌദിയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും പള്ളികളോടൊപ്പം സമൂഹനോമ്പുതുറയ്ക്കുള്ള ടെന്റുകളും ഉണ്ടായിരുന്നു - ഇപ്പോഴും ഉണ്ട്. തറയില്‍ വിരിച്ചിരിക്കുന്ന വലിയ കാര്‍പ്പെറ്റുകളില്‍ നിരനിരയായി ഇരുന്ന് നോമ്പുനോക്കുന്നവരെല്ലാം ഒന്നിച്ചാണ് ഈ ടെന്റുകളില്‍ നോമ്പു തുറക്കുക. അവിടെ ഓരോ ഭാഷക്കാര്‍ക്കായി പ്രത്യേകം സെക്ഷനുകള്‍ ഏര്‍പ്പെടുത്തി, ചെറിയ പ്രഭാഷണങ്ങളും ഇതോടോപ്പം നല്‍കിയിരുന്നു.

സുലൈമാനെപ്പറ്റി തലക്കെട്ടില്‍ പറഞ്ഞെങ്കിലും ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ. ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയിലെ പെയ്ന്റര്‍ ആയിരുന്നു സുലൈമാന്‍. ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കമായി ഒരു മുതിര്‍ന്നയാള്‍ക്ക് എങ്ങനെ പെരുമാറാം എന്നതിന്റെ ആള്‍ രൂപം. തിരുവനന്തപുരത്തുകാരന്‍. വലിയ വിദ്യാഭ്യാസമൊന്നുമില്ല. ഗള്‍ഫില്‍ വന്ന് കഷ്ടപ്പെട്ട്, നാട്ടില്‍ കുടുംബത്തെ പരമാവധി നല്ലനിലയില്‍ താമസിപ്പിക്കാന്‍ പാടുപെടുന്ന ഒരു ശരാശരി പ്രവാസിയുടെ പ്രതിനിധി.

സുലൈമാന്റെ കഥകള്‍ ഏറെയാണ്. വീട്ടിലെ ദുരിതങ്ങള്‍, നാട്ടിലെ കഥകള്‍, ബാല്യകാലത്തെ വിശേഷങ്ങള്‍, ഉപ്പയുടെയും ഉമ്മയുടെയും കഥകള്‍ ഇങ്ങനെ എപ്പോള്‍ കണ്ടാലും സുലൈമാന് നൂറുകൂട്ടം പറയാനുണ്ടാവും. സുലൈമാന്‍ ഒരു ഡയബറ്റിക് പേഷ്യന്റ് ആയിരുന്നു. അതില്‍ മാത്രം ഡോക്ടര്‍മാര്‍ പറയുന്നതിലൊന്നും സുലൈമാന് ശ്രദ്ധയില്ല. എന്തുചെയ്യാം! “ഒരു കുഴപ്പവും ഇല്ല സാറേ.... എന്നായാലും മരിക്കും” സുലൈമാന്‍ പറയും.

റമാദിനിനോടനുബന്ധിച്ച് നോമ്പ് തുറക്കാനായി ടെന്റുകള്‍ ഉണ്ടാവും എന്നു പറഞ്ഞല്ലോ. വളരെ നല്ല മുന്തിയ ഇനം ഭക്ഷണമാണ് ഇത്തരം ടെന്റുകളില്‍ സൌദികള്‍ എത്തിക്കുന്നത്. എല്ലാവര്‍ക്കും വയറുനിറയെ തിന്നാന്‍ വിളമ്പിയാലും പിന്നെയും വളരെ ബാക്കിയാവും. തുച്ഛശമ്പളക്കാരായ ജോ‍ലിക്കാര്‍ക്ക് വലിയൊരു ആശ്വാസമാണ് ഇപ്രകാരമുള്ള ഇഫ്താര്‍ ടെന്റുകള്‍. അവിടെ മലയാളികള്‍ക്കായുള്ള സെക്ഷനിലെ സ്ഥിരം വോളന്റിയറായിരുന്നു സുലൈമാന്‍. മിക്ക ദിവസങ്ങളിലും നോമ്പുതുറയും കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന വഴി സുലൈമാന്‍ ഞങ്ങളുടെ താമസസ്ഥലത്ത് ഒന്നു കയറിയിട്ടേ പോകൂ. കൈയ്യില്‍ വലിയൊരു പൊതിയും കാണും - നല്ല ബിരിയാണി! എന്താ അതിന്റെ ഒരു മണവും രുചിയും! ടെന്റിലെ ഭക്ഷണങ്ങള്‍ക്കിടയില്‍ നിന്നും ആദ്യമേ മാറ്റിവയ്ക്കുന്നതാണത്.

ഞങ്ങള്‍ സൌദിയില്‍നിന്നും ദുബായിലേക്ക് വന്നതിനു ശേഷവും സുലൈമാനുമായുള്ള സ്നേഹബന്ധത്തിനു കുറവൊന്നും വന്നില്ല. ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഫോണില്‍ വിളിക്കും. ഓണത്തിനും ക്രിസ്മസിനും ഒക്കെ ആശംസകള്‍ നേരുവാന്‍. ഈദിന് ഞങ്ങള്‍ അങ്ങോട്ടും വിളിക്കും.


കഴിഞ്ഞ ഏപ്രിലില്‍ ഒരു ദിവസം, സൌദിയില്‍ നിന്നും ജാക്കിച്ചാന്‍ എന്നു ഞങ്ങള്‍ തമാശയ്ക്കു വിളിക്കുന്ന രാജന്‍ ചാക്കോച്ചായന്‍ വിളിച്ചു “എടാ, നമ്മുടെ സുലൈമാന്‍ മരിച്ചുപോയി..... “ ഒരു ഞെട്ടലോടെയാണതു കേട്ടത്. പ്രമേഹം വളരെ മോശമായ അവസ്ഥയിലെത്തി, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായത്രെ. ചികിത്സയും വിശ്രമവുമായി വീട്ടില്‍ കഴിയുകയായിരുന്നു. അന്ന് കൂടെ താമസിച്ചിരുന്നവര്‍ ജോലികഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ ശാന്തമായി കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നത്രേ. ഒരു ദിവസം എല്ലാവരും മരിക്കും, എങ്കിലും നാല്‍പ്പത്തിരണ്ടാം വയസില്‍തന്നെ മരണത്തിനു കീഴടങ്ങാനായിരുന്നുവല്ലോ സുലൈമാനേ നിന്റെ വിധി.

സുലൈമാനില്ലാത്ത ആദ്യ റമദാന്‍ കടന്നുപോകുന്നു. പക്ഷേ സൌദിയിലെ റമദാന്റെ ചിന്തകളോടൊപ്പം സുലൈമാനും എന്നും മനസ്സില്‍ മായാതെ ഉണ്ടാവും

24 comments:

അപ്പു ആദ്യാക്ഷരി September 25, 2008 at 12:29 PM  

വര്‍ഷങ്ങളായി എന്റെ ഓര്‍മ്മകളിലെ റമദാന് ഒരു തണുപ്പുകാലത്തിന്റെ പ്രതീതിയാണ്. ഇതിനു കാരണമുണ്ട്

ശ്രീ September 25, 2008 at 1:02 PM  

അപ്പുവേട്ടാ...

റംസാ‍ന്‍ മാസത്തില്‍ സൌദിയിലെ നോമ്പു തുറക്കുന്നതിനെ പറ്റി കൌതുകത്തോടെയാണ് വായിച്ചത്.

സുലൈമാന്റെ ഓര്‍മ്മകള്‍ ഈയവസരത്തില്‍ പങ്കു വച്ചതും ഉചിതമായി.

ജിജ സുബ്രഹ്മണ്യൻ September 25, 2008 at 1:29 PM  

ദമാമിലെ നോമ്പു തുറയെ പറ്റി വായിച്ചു.എങ്കിലും സുലൈമാന്റെ മരണത്തെ പറ്റി ഓര്‍ക്കുമ്പോള്‍ ഒരു വിഷമം.ഷുഗറിന്റെ കാര്യം അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇത്ര പെട്ടെന്ന് മരിക്കുകയില്ലാരുന്നല്ലോ..

കുട്ടിച്ചാത്തന്‍ September 25, 2008 at 1:37 PM  

ചാത്തനേറ്: അങ്ങനെ ആളില്ലാതെ കിടന്ന തെരുവീഥികളുടെ പടമൊന്നും ഇല്ലേ?

Kaithamullu September 25, 2008 at 2:31 PM  

ഒരു സുലൈമാ‍നിക്കയെ എനിക്കറിയാം, അപ്പൂ:
ഇവിടെ ദുബായിലുണ്ടായിരുന്നൂ,ഇഷ്ടന്‍. പേര് സെയ്താലി!

സെയ്താലിക്ക മരിച്ചപ്പോല്‍ മോന് ആ ജോലി കൊടുത്തു, ഞങ്ങടെ അറബി. മോനും ബാപ്പേനെപ്പോലെ തന്നെ.

സാജന്‍| SAJAN September 25, 2008 at 5:41 PM  

നോമ്പിനെപറ്റിയെഴുതിയതും സൌദിയിലെ കാര്യങ്ങള്‍ എഴുതിയതും ഇഷ്ടമായി
സൌദിയിലെ വിദേശിയരുടെ സ്വാതന്ത്ര്യത്തെ പറ്റി നോകമന്റ്സ്!
പക്ഷേ സുലൈമാന്റെ കഥ ഒട്ടും ഇഷ്ടമായില്ല. നാല്‍പ്പത്തിരണ്ടാമത്തെ വയസ്സില്‍ ഒരാള്‍ മരിക്കുന്നത് കേള്‍ക്കാന്‍ ഒട്ടും ഇഷ്ടമില്ല, അദ്ദേഹത്തിനു ഭാര്യയും മക്കളും ഉണ്ടെങ്കില്‍.....
ആകെ വിഷമമാവുന്നു.
ജീവിതം ആര്‍ക്കും ഗ്യാരണ്ടി തരാറില്ലല്ലൊ :(

siva // ശിവ September 25, 2008 at 6:10 PM  

റമദാന്‍ നോമ്പ്, നോമ്പു തുറക്കല്‍ ഇതൊക്കെ വായിച്ച അറിവേ എനിക്ക് ഉള്ളൂ....

സുലൈമാന്റെ കാര്യം വായിച്ചപ്പോള്‍ വിഷമം തോന്നുന്നു....

എന്നാലും ഇതൊക്കെ ഓര്‍ക്കുന്നല്ലോ...അതു തന്നെയാ ഏറ്റവും നല്ല കാര്യവും...

ഹരിത് September 26, 2008 at 7:37 AM  

“മരണം മര്‍ത്ത്യനു കാലത്തിന്‍ വാഗ്ദാനം”

- സച്ചിദാനന്ദന്‍.

ബിന്ദു കെ പി September 26, 2008 at 10:31 AM  

ഈ ഓര്‍മ്മകള്‍ അവസരോചിതമായി.

ഷിജു September 26, 2008 at 8:06 PM  

ഒരിക്കല്‍ ഈ സുലൈമാന്റെ വീട്ടില്‍ ഞാന്‍ പോയിരുന്നു , എന്തൊരു സ്നേഹമായിരുന്നു അദ്ദേഹത്തിന്.അദ്ദേഹത്തിന്റെ വേര്‍പാട് വ്യക്തിപരമായി എനിക്കും വളരെ വിഷമമുളവാക്കിയിരുന്നു.അദ്ദേഹത്തിന്റെ കുടുംബത്തെപറ്റി ഒന്നും അപ്പുച്ചേട്ടന്‍ എഴുതി കണ്ടില്ല, അദ്ദേഹത്തിനു 2 ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്, അദ്ദേഹം മരിക്കുന്നതിനു മുന്‍പ് മകളെ വിവാഹം കഴിപ്പിച്ച് അയച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

പിന്നെ സൌദിയിലെ റംസാന്‍ വിശേഷങ്ങളും, സൌദി നിയമങ്ങളുമെല്ലാം ഒരുപാട് കേട്ട് ചെവി തഴമ്പിച്ചതായതു കൊണ്ട് അതിനെ പറ്റി ഒന്നും പറയുന്നില്ല.

പിള്ളേച്ചന്‍ September 26, 2008 at 11:00 PM  

ഈ പ്രാവശ്യത്തെ റമദാന് നല്ല ചൂട് ആയിരുന്നു.
പലരും വളറെ കഷ്ട്പെടുന്നത് കാണാമായിരുന്നു.
അപ്പുവേട്ടാ സൌദിയിലെ നോമ്പിനെ കുറിച്ചുള്ള പോസ്റ്റ്
നന്നായിരിക്കുന്നു
സസ്നേഹം
അനൂപ് കോതനല്ലൂര്

ദിലീപ് വിശ്വനാഥ് September 27, 2008 at 3:11 AM  

സൌദിയിലെ എന്റെ വാസം ഒരു റമദാന്‍ മാസത്തിലായിരുന്നു. അന്ന് അരാംകോയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. 6 മണിക്ക് ജോലി കഴിഞ്ഞ് റിസപ്ഷനില്‍ കൊടുത്തിരിക്കുന്ന പാസ്പോര്‍ട്ട് തിരിച്ചു വാങ്ങാന്‍ എത്തുന്ന സമയത്ത് മിക്കവാറും നോമ്പ് മുറിക്കുന്ന തിരക്കിലായിരിക്കും. അവരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നു.

Ziya September 27, 2008 at 1:25 PM  

ഹൃദ്യമായ വിവരണം. നന്നായി.
സൌദിയെക്കുറിച്ച് എനിക്കുള്ള ലളിതമായ അഭിപ്രായം ഇതാണ്: മാനം മര്യാദയായി ജീവിക്കുന്നവര്‍ക്ക് ലോകത്തില്‍ ഏറ്റവും സമാധാനപൂര്‍ണ്ണവും സുരക്ഷിതവുമായ ജീവിതം നയിക്കാന്‍ ഉതകുന്ന ഇടം.
അപ്പുവേട്ടന്‍ പറഞ്ഞത് പോലെ സ്വാതന്ത്ര്യം വക്തിനിഷ്ടമാണ്. മദ്യപിക്കാത്ത എനിക്ക് ഇവിടെ ബാറുകള്‍ ഇല്ലാത്തത് ഒരു പാരതന്ത്ര്യമായി തോന്നുന്നില്ല :)

പിന്നെ ആ രണ്ടു റിയാല്‍ നോമ്പുതുറയൊക്കെ മറന്നേക്കൂ...
വിലക്കയറ്റം കൊണ്ട് നട്ടം തിരിയുകയാണ് വിദേശികളും സ്വദേശികളും ഇന്ന്. അന്നത്തെ രണ്ട് റിയാല്‍ നോമ്പു തുറക്ക് ഇന്ന് അഞ്ച്-ആറ് റിയാലില്‍ അധികമാകും. അതു പോലെ മുമ്പ് സമൃദ്ധമായിരുന്ന നോമ്പ് തുറ റ്റെന്റുകള്‍ ഇന്ന് പലയിടത്തും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വിരലിലെണ്ണാവുന്ന റ്റെന്റുകളേ ഇപ്പോള്‍ ദമ്മാമിലുള്ളൂ.

സുലൈമാന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

thoufi | തൗഫി September 27, 2008 at 2:03 PM  

ആകര്‍ഷകമായ വിവരണം.
ഹൃദയം തൊട്ടറിഞ്ഞ ലളിതമായ എഴുത്ത്.
സൌദിയിലെ റമദാന്‍ വിശേഷങ്ങളും
ഉപചാര മര്യാദകളും ഹൃദ്യമായ ഭാഷയില്‍
കോറിയിട്ടിരിക്കുന്നു.ഓര്‍മ്മയിലെ റമദാനിന്റെ
തണുപ്പ് വായനക്കാരിലേക്കു കൂടി പകരാന്‍
ഈ കുറിപ്പുകള്‍ക്ക് കഴിയുന്നു.ഒപ്പം,
സുലൈമാനിക്കയുടെ വേര്‍പാട്
നൊമ്പരമുണര്‍ത്തുകയും ചെയ്യുന്നു.

--മിന്നാമിനുങ്ങ്

ചിന്തകന്‍ September 27, 2008 at 3:47 PM  

പ്രിയ അപ്പു
നന്നായിട്ടുണ്ട്.
അനുഭവങ്ങൾ പങ്ക് വെച്ചതിന്ന് നന്ദി.

രസികന്‍ September 27, 2008 at 4:15 PM  

നോമ്പ് തുറക്കാൻ വെടിപൊട്ടിക്കുന്നത് ഇവിടെ റിയാദിൽ ഇല്ലാ എന്നു തോനുന്നു . ടെന്റുകളിലും മസ്ജിദുകളിലൂം നോമ്പ് തുറകൾ ഇന്നും സജീവമാണ്.
പിന്നെ സിയ പറഞ്ഞപോലെ രണ്ട് റിയാലിൽ നിന്നും നോമ്പ്തുറയ്ക്ക് കയറ്റം കിട്ടിയിട്ടുണ്ട് ( ചില മലയാളി ഹോട്ടലുകളിലെ അറവിനെ പറ്റി പറയാതിരിക്കാൻ വയ്യ )
പിന്നെ സുലൈമാന്റെ കുടുംബത്തിനു നന്മ വരുത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.

കുറ്റ്യാടിക്കാരന്‍|Suhair September 28, 2008 at 12:46 AM  

സുലൈമാനിക്കയുടെ ഓര്‍മ്മ വിഷമിപ്പിക്കുന്നു.

ജഗ്ഗുദാദ October 1, 2008 at 1:16 AM  

സൌദിയും വിശേഷങ്ങളും ഒക്കെ വളരെ ഇഷ്ടപ്പെട്ടു.. വിവരണം നന്നായിട്ടുണ്ട്.. ഇനിയും ഇതുപോലെ എഴുതുക..അവിടെ വരാതെ തന്നെ കാര്യങ്ങള്‍ ഒക്കെ മനസിലാക്കാന്‍ കഴിയുമല്ലോ.. പിന്നെ.... സുലൈമാനിക്കയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു..

ചിരിപ്പൂക്കള്‍ October 3, 2008 at 7:45 PM  

സുലൈമാന്‍- ഓര്‍മ്മകളില്‍ നീയെനിക്ക് മധുരമാണ്. നിങ്ങളുടെ നിഷ്കളങ്കമായ സൌഹ്രുദ്ത്തിനുപിന്നില്‍ നീയെനിക്കു പകര്‍ന്നു തന്ന സനേഹം എന്റെ എന്നത്തെയും വലിയ ആശ്വാസമായിരുന്ന്നു.

അള്ളാഹു നിത്യശാന്തി നല്‍കട്ടെ നിനക്ക്.

Dileep October 4, 2008 at 7:38 PM  

thanx to such a Beautiful information you are very creative and smart Dear :)

Kunjipenne - കുഞ്ഞിപെണ്ണ് October 7, 2008 at 5:26 PM  

എപ്പോഴായാലും മരിക്കും എങ്കിലും .....

BS Madai October 9, 2008 at 10:44 AM  

ormakal maathram marikkunnilla....

monu.. August 23, 2009 at 4:41 AM  

താങ്ക്സ് അപ്പുവേട്ടാ..എന്റെ സൌദിയെക്കുറിച്ച് നന്നായി എഴുതിയതിന്.. കുറച്ചു കാലമെങ്കിലും അന്നം തന്ന നാടല്ലേ ഇതു..നന്മ വരട്ടെ..ഈ നല്ല മനസ്സിന്..

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP