കടലാസ്സു നക്ഷത്രം

>> Monday, December 17, 2007

മഞ്ഞും, കുളിരും, തണുപ്പും, പ്രഭതൂകുന്ന നക്ഷത്രവിളക്കുകളും, പുല്‍ക്കൂടും അതില്‍ കിടക്കുന്ന ലാളിത്യത്തിന്റെ പ്രതിരൂപമായ ഉണ്ണിയേശുവും, മാലാഖമാരും, ആട്ടിടയന്മാരുമൊക്കെ നമ്മുടെ മനസ്സിലേക്ക്‌ വീണ്ടുംവിരുന്നിനെത്തുന്ന ക്രിസ്മസ്‌ ഒരിക്കല്‍ക്കൂടി സമാഗതമായിരിക്കുന്നു. ഡിസംബര്‍മാസം ഇപ്രകാരം മനസ്സിനേകുന്ന കുളിരുതന്നെയാവാം, അതിനെ എനിക്കേറ്റവും പ്രിയപ്പെട്ടമാസമാക്കിമാറ്റിയത്‌. പണ്ട്‌ നാട്ടിലെ ഒരു കൊച്ചുഗ്രാമത്തില്‍, വീടിനുമുമ്പിലെ മരക്കൊമ്പില്‍ തൂക്കിയ ഒരു ചുവന്ന നക്ഷത്രവിളക്കിനുതാഴെ ആ കുളിര്‍കാറ്റുമേറ്റ്‌, അകലെയെങ്ങോ കേള്‍ക്കുന്ന കരോള്‍പാട്ടുകാരുടെ ഗാനങ്ങള്‍ക്കു കാതോര്‍ത്ത്‌ ക്രിസ്മസ്‌ ചിന്തകളുമായി നില്‍ക്കുന്ന കൊച്ചുപയ്യന്റെ ആ "ഫീല്‍" നല്‍കാന്‍ ഇന്ന് ഏറ്റവും വാണിജ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഒരു ആധുനികനഗരത്തിലെ ക്രിസ്മസിന്‌ ആവുന്നില്ലെങ്കില്‍ക്കൂടി, ഈ മാസം ഇന്നും എനിക്കു പ്രിയപ്പെട്ടതുതന്നെ.


അന്നൊക്കെ (പത്തുമുപ്പതു വര്‍ഷം മുമ്പ്‌) കേരളത്തിലെ കാലാവസ്ഥയില്‍, നവംബര്‍മാസം ആകുന്നതോടുകൂടി ആകാശം തെളിഞ്ഞ്‌ മേഘങ്ങളൊന്നുമില്ലാതെ വളരെ നിര്‍മ്മലമായി കാണപ്പെട്ടിരുന്നു. രാവിലെതന്നെ ഇളംതണുപ്പും. അതോടെ ഡിസംബറിനേയും ക്രിസ്മസിനേയും വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകളായി. വീടുകളില്‍ വൈദ്യുതി എത്തുന്നതിനുമുമ്പ്‌ ഈറകൊണ്ട്‌ ഒരു നക്ഷത്രത്തിന്റെ ചട്ടക്കൂട്‌ ഉണ്ടാക്കി അതില്‍ വര്‍ണ്ണക്കടലാസുകള്‍ ഒട്ടിച്ചായിരുന്നു ക്രിസ്മസ്‌ നക്ഷത്രങ്ങള്‍ ഉണ്ടാക്കിയിരുന്നത്‌. ഈ നക്ഷത്രത്തിനുള്ളില്‍ ഒരു ചിരട്ടയില്‍ മെഴുകുതിരി ഒട്ടിച്ചു നിര്‍ത്തിയാണ്‌ രാത്രിയില്‍ നക്ഷത്രം പ്രകാശിപ്പിക്കുക. വീടിനു പരിസരത്തുള്ള കുട്ടികളില്‍ മുതിര്‍ന്നത്‌ ഞാനായിരുന്നതിനാല്‍, ഈ നക്ഷത്രമൊട്ടിക്കല്‍ പരിപാടിയുടെ ചുമതല പലപ്പോഴും എനിക്കായിരുന്നു കിട്ടിയിരുന്നത്‌.

അതൊരു ചടങ്ങായിരുന്നു. അല്‍വീട്ടിലെ കുട്ടികളൊക്കെ പലകളറുകളിലുള്ള വര്‍ണ്ണക്കടലാസ്സുകളും, കഴിഞ്ഞവര്‍ഷത്തെ നക്ഷത്രത്തിന്റെ ചട്ടക്കൂടുമായി വരും. ഒരു ചെറിയ നക്ഷത്രത്തിന്‌ നാലുഷീറ്റ്‌ വര്‍ണ്ണപ്പേപ്പറായിരുന്നു വേണ്ടത്‌. അത്‌ നാലുകളറില്‍ത്തന്നെ കുട്ടികള്‍ വാങ്ങിക്കൊണ്ടുവരും. അതിനുശേഷം പശയുണ്ടാക്കലാണ്‌ അടുത്ത സ്റ്റെപ്പ്‌. അതിനായി പറമ്പില്‍നിന്നും ഒരു കപ്പക്കിഴങ്ങ്‌ (മരച്ചീനി) മാന്തിയെടുത്ത്‌, അത്‌ ഒരു കല്ലിലോ അരകല്ലിലോ അരയ്ക്കും. അത്‌ ഒരല്‍പ്പം വെള്ളത്തില്‍ കലക്കി, ഈ വെള്ളം അടുപ്പില്‍വച്ചു പാല്‍ കാച്ചിക്കുറുക്കുന്നതുപോലെ കുറുക്കിയെടുക്കണം. ഒന്നു തിളച്ചുകഴിഞ്ഞാല്‍ പശറെഡി. പിന്നെ പേപ്പറുകള്‍ ഓരോ വശത്തിനും ചേരുന്ന രീതിയില്‍ വെട്ടി ഒട്ടിച്ച്‌, നക്ഷത്രത്തിന്റെ അഞ്ചുമൂലകളിലും ഓരോ കിന്നരിയും വച്ചുകഴിഞ്ഞാല്‍ നക്ഷത്രവും റെഡിയായി. കൂടുതല്‍ ഭംഗിക്കായി, വെള്ളപ്പേപ്പര്‍ ചെറിയ റേന്തപോലെ മുറിച്ചു ഓരോ അരികുകളിലും പിടിപ്പിച്ചിരുന്നു.

ഡിസംബര്‍ ഒന്നിനു തന്നെ കഴിവതും നക്ഷത്രവിളക്കുകള്‍ എല്ലാവീട്ടിലും തൂക്കും. സന്ധ്യയായാല്‍ നക്ഷത്രത്തിനുള്ളില്‍ മെഴുകുതിരി കത്തിച്ച്‌ വയ്ക്കും. ടീവിയും മെഗാ സീരിയലുകളുമൊന്നും ഇല്ലാത്ത കാലം. അതിനാല്‍ അന്നൊക്കെ സന്ധ്യാപ്രാര്‍ത്ഥനയ്കുശേഷം, കുറേനേരം അന്നന്നു പഠിപ്പിച്ച പാഠങ്ങള്‍ വായിച്ചുപഠിക്കുന്ന ശീലം ഉണ്ടായിരുന്നു (ഇപ്പോഴത്തെകുട്ടികള്‍ക്ക്‌ അതില്ല എന്നല്ല!). ഈ വായനയ്ക്കിടക്കൊക്കെ ഒന്നു മുറ്റത്തേക്കിറങ്ങും. ഇരുളില്‍ മങ്ങിയവെളിച്ചത്തോടെ കത്തിനില്‍ക്കുന്ന നക്ഷത്രത്തെ കുറച്ചു നേരം സന്തോഷത്തോടെ നോക്കിനില്‍ക്കും. അപ്പോള്‍ അതിനും മേലെയായി ആകാശത്ത് ലക്ഷക്കണക്കിനു നക്ഷത്രങ്ങള്‍ പൂക്കള്‍വാരിയെറിഞ്ഞപോലെ പൂത്തിരികത്തിക്കുന്നുണ്ടാവും!

എണ്‍പതുകളിലെ ഏതോ ഒരു ഡിസംബറില്‍ നടന്ന ഒരു സംഭവം ഇന്നും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു. ഞങ്ങളുടെ വീട്ടില്‍നിന്നും അല്പം അകലെയായി, ഞങ്ങളുടെ ബന്ധുവായ ഒരമ്മയും മകളും താമസിക്കുന്നുണ്ടായിരുന്നു. അന്ന് അവര്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. ആവര്‍ഷം ക്രിസ്മസ്‌ എത്തിയപ്പോള്‍ അവിടുത്തെ ചേച്ചി എന്നോടു പറഞ്ഞു, "മോനെ, ഞങ്ങളുടെ വീട്ടിലും ഒരു ഈറ്റകൊണ്ടുള്ള സ്റ്റാറിന്റെ ചട്ടം ഇരിക്കുന്നുണ്ട്‌. അതൊന്നു ഒട്ടിച്ചുതരാമോ" എന്ന്. ചെയ്തുകൊടുക്കാം എന്നേറ്റിട്ട്‌, ആ നക്ഷത്രവുമായി ഞാന്‍ വീട്ടിലേക്ക്‌ പോരുകയും ചെയ്തു. കളര്‍പേപ്പര്‍ വങ്ങാന്‍ രണ്ടു രൂപ ചിലവാക്കാന്‍ ആ അമ്മയ്ക്കു ബുദ്ധിമുട്ടുണ്ടാവും എന്ന് നന്നായി അറിയാമായിരുന്നതിനാല്‍ ഞാനത്‌ ചോദിക്കാനും പോയില്ല. പക്ഷേ, അക്കാലത്ത് എനിക്ക് പോക്കറ്റ്മണിഒന്നും ഇല്ലായിരുന്നു. അതിനാല്‍ അവര്‍ക്കായി നാലുഷീറ്റ് പേപ്പര്‍വാങ്ങാനും എനിക്കാവുമായിരുന്നില്ല. ആലോചിച്ചപ്പോള്‍ ഒരു വഴിതോന്നി.

അന്നൊക്കെ ബുക്ക് സ്റ്റോറുകളീൽ നിന്ന് നോട്ടീസ് പേപ്പർ എന്നൊരിനം പേപ്പറുകൾ വാങ്ങാൻ കിട്ടുമായിരുന്നു നോട്ടീസ് അച്ചടിക്കാനുപയോഗിക്കുന്ന മങ്ങിയ നിറമുള്ള ഈ പേപ്പറുകൾ വെള്ള പേപ്പറുകളെക്കാൾ വിലകുറഞ്ഞവയായിരുന്നു, നോട്ടുകൾ എഴുതിപ്പഠിക്കാനായി ഈ പേപ്പറുകൾ ഞാൻ വാങ്ങാറുണ്ടായിരുന്നു. അങ്ങനെ ശേഖരിച്ചവയില്‍നിന്നും ഇളം പിങ്കുനിറത്തിലുള്ള കുറേപേപ്പറുകള്‍ എടുത്ത്‌  ആ നക്ഷത്രവിളക്കിലേക്ക്‌ ഒട്ടിച്ചുചേര്‍ത്തു. ഒട്ടിച്ചുകഴിഞ്ഞപ്പോള്‍ ആകെ ഒരു വല്ലായ്മ എനിക്കുതന്നെ തോന്നി, നല്ല വര്‍ണശബളമായ നക്ഷത്രവിളക്കിനു പകരം ആകെ നരച്ച ഒരു നക്ഷത്രം. ഏതായാലും, അതുകൊണ്ടുപോയി ആ ചേച്ചിയെ ഏല്‍പ്പിച്ചു. ഒരു നക്ഷത്രവിളക്കും ഇല്ലാതിരുന്ന ആ കൊച്ചുവീട്ടിന്റെ വരാന്തയിലും അങ്ങനെ ഒരു നക്ഷത്രവിളക്കായി!!

രണ്ടുദിവസത്തിനു ശേഷം, പള്ളിയില്‍നിന്നും കരോള്‍ഗാനസംഘം ഞങ്ങളുടെ ഏരിയയിലേക്ക്‌ വരവായി. അങ്ങനെവരുന്ന അവസരങ്ങളില്‍ ഞങ്ങള്‍ കുട്ടികളെല്ലാവരും സംഘമായി അടുത്തുള്ള വീടുകളിലേക്ക്‌ അവരോടൊപ്പം പോകും. സമയം രാത്രി ഒന്‍പതുകഴിഞ്ഞിരിക്കുന്നു. കരോള്‍ സംഘംവീടുകളിനിന്നു വീടുകളിലേക്ക്‌ നീങ്ങുകയാണ്‌. അങ്ങനെ ഞങ്ങള്‍ ആ അമ്മയും ചേച്ചിയും താമസിക്കുന്ന, ചെറിയകുന്നിന്‍‌മുകളിലെ വീട്ടിലും എത്തി. എനിക്ക്‌ ഒരുനിമിഷത്തേക്ക്‌ എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. പകല്‍വെളിച്ചത്തില്‍ നരച്ചുകാണപ്പെട്ട ആ നക്ഷത്രം അതാ അകത്തുവച്ച മെഴുകുതിരിയുടെ ഇളംവെളിച്ചത്തില്‍ നല്ല ചുമന്നനിറത്തില്‍ ആ കൊച്ചുവീടിന്റെ മുന്നിലുള്ള ഒരു നെല്ലിമരത്തിന്റെ താഴത്തെക്കൊമ്പില്‍ തൂങ്ങുന്നു!   അതിനു താഴെ കരോള്‍പാട്ടുകാരെ സ്വീകരിക്കാനായി അതിലും തെളിഞ്ഞമുഖത്തോടെ നില്‍ക്കുന്ന ആ അമ്മയും മകളും.

അവിടെനിന്നും പാട്ടുകഴിഞ്ഞ്‌ ഇറങ്ങുമ്പോള്‍ മനസ്സില്‍ എന്തോ ഒരു സന്തോഷം തോന്നി. ആ സന്തോഷം ഇന്നും എനിക്കനുഭവിക്കാന്‍ സാധിക്കുന്നുണ്ട്‌, ഈ മിന്നിത്തിളങ്ങുന്ന ദുബായ്‌ നഗരത്തില്‍ വീണ്ടുമൊരു ക്രിസ്മസ്‌ സീസണില്‍ നില്‍ക്കുമ്പോഴും!

എല്ലാവര്‍ക്കും ക്രിസ്മസ്‌ ആശംസകള്‍!

27 comments:

അപ്പു ആദ്യാക്ഷരി December 16, 2007 at 12:24 PM  

ഒരു ക്രിസ്മസ് ഓര്‍മ്മക്കുറിപ്പ്

മൂര്‍ത്തി December 16, 2007 at 12:52 PM  

കൊള്ളാം..
ക്രിസ്മസ് ആശംസകള്‍..

മൈനയും ക്രിസ്മസ് വിളക്കിനെക്കുറിച്ച് ഒരു പോസ്റ്റിട്ടിരുന്നു

ഉപാസന || Upasana December 16, 2007 at 1:57 PM  

Appu Bhai,

Good one. Me also have some sweet memories related to Xmas.
Once agin "nannaayi"
:)
upaasana

ചന്ദ്രകാന്തം December 16, 2007 at 3:02 PM  

ആ നക്ഷത്രവിളക്കിന്‌ തെളിച്ചം നല്‍കിയത്‌, നല്ല മനസ്സിന്റെ പ്രതിഫലനമാണ്‌.
ക്രിസ്തുമസ്‌ ആശംസകള്‍..!!!

പി.സി. പ്രദീപ്‌ December 16, 2007 at 3:13 PM  

അപ്പൂ ...
നന്നായിട്ടുണ്ട്.
ക്രിസ്മസ് ആശംസകള്‍ നേരുന്നു, സ്നേഹത്തോടെ..

ഭൂമിപുത്രി December 16, 2007 at 3:32 PM  

ആ നക്ഷത്രത്തിളക്കം എന്നുംമനസ്സില്‍ ബാക്കിയായില്ലെ അപ്പുന്? അഭിനന്ദനങ്ങള്‍!

മന്‍സുര്‍ December 16, 2007 at 5:00 PM  

അപ്പുവേട്ടാ...

ഒരു കുളിരുള്ള ഡിസംബര്‍ മാസം....എന്നും എല്ലാവരുടെയും മനസ്സില്‍ ഒരു സുഖം പകരുന്നു. വെളുകുവോളം..ഉറങ്ങാതെ ആഘോഷിക്കുന്ന ക്രിസ്‌മസ്‌ രാവുകള്‍...വീണ്ടും വന്നണയാന്‍ നേരമായി...

ക്രിസ്‌മസ്‌ ഓര്‍മ്മകളുമായി വന്ന പോസ്റ്റ്‌ നന്നായിരിക്കുന്നു...

നന്‍മകള്‍ നേരുന്നു

ശ്രീ December 16, 2007 at 6:43 PM  

അപ്പുവേട്ടാ...

ഈ ക്രിസ്തുമസ് ഓര്‍‌മ്മക്കുറിപ്പ് വളരെ ഹൃദയസ്പര്‍‌ശിയായി. ഒരുപാട് ഓര്‍‌മ്മകളുണര്‍‌ത്തിയ നല്ലൊരു പോസ്റ്റ്.

:)

ശ്രീലാല്‍ December 16, 2007 at 8:58 PM  

ഹൃദയത്തെ തൊട്ടു ഈ കുറിപ്പ്. ഓര്‍മ്മകള്‍ ഉണര്‍ത്തിയതിനു നന്ദി അപ്പുമാഷേ.
കോളേജില്‍ പഠീക്കുന്ന കാലം മുതല്‍ മുതല്‍ ഞങ്ങള്‍ നാലഞ്ചു കൂട്ടുകാര്‍ അതിലൊരാളായ ദീപുവിന്റെ വീട്ടിലാണ് കൃസ്മസ് ആഘോഷിക്കുന്നത്. മലയോരത്തിലെ ഒരു കുന്നിന്‍ ചെരുവിലെ ഒരു കൊച്ചു വീട്ടില്‍. പല നാടുകളിലായി ജോലി ചെയ്യുന്ന ഞങ്ങള്‍ ചിരിയും കളിയും സന്തോഷവുമായി ഓര്‍മ്മകള്‍ പങ്കുവെക്കുവാന്‍ ഒത്തു ചേരുന്ന ദിവസം കൂടിയാണത്. നക്ഷത്രങ്ങളെപ്പോലെത്തന്നെ ഈറയും വര്‍ണ്ണക്കടലാസുകളും കൊണ്ട് വിളക്കുകളും ഉണ്ടാക്കാറുണ്ട് കൃസ്മസ്സിന്. പച്ചയും ചുവപ്പുമായി ഉണ്ടാക്കിയ വിളക്കുകള്‍ കരോള്‍ വരുന്ന വഴികളില്‍ തൂക്കിയുടും. ചിലത് നിലത്തു കുത്തി നിര്‍ത്തുകയും ചെയ്യും. കഷ്ടപ്പെട്ടുണ്ടാക്കിയ ഒരു വലിയ ഒരു കടലാസു വിളക്ക് സജീഷ് എന്ന ഞങ്ങളിലൊരുവന്റെ തമാശകൊണ്ട് തീ പിടിച്ചു പോയതൊക്കെ ഒരോര്‍മ്മ വരുന്നു ഇപ്പോള്‍. കരോളൊക്കെ കണ്ട്, ദീപുവിന്റെ അമ്മയുണ്ടാക്കുന്നതെല്ലാം തിന്നു തീര്‍ത്ത് മടങ്ങുമ്പോള്‍ അടുത്ത കൃസ്മസ്സായിരിക്കും ഞങ്ങളുടെ എല്ലാം മനസ്സില്‍... വര്‍ഷങ്ങള്‍ ഏഴെട്ട് കഴിയുമ്പോഴേക്കും പലരും പല നാടുകളിലേക്ക് എത്തിയിരുന്നു. കൃസ്മസിനു നാട്ടിലെത്താന്‍ പറ്റാത്ത അവസ്ഥയില്‍ ആകാറുണ്ട് ചിലപ്പോള്‍ ഞങ്ങളില്‍ ചിലര്‍ക്ക്. എങ്കിലും മറ്റുള്ളവര്‍ ഒത്തു കൂടും, എത്താന്‍ പറ്റാത്തവരുടെ മനസ്സ് അവിടെയെത്തും പക്ഷേ. ഇത്തവണ ആദ്യമായി എന്റെ മനസ്സും...

പ്രയാസി December 16, 2007 at 10:51 PM  

വര്‍ണ്ണങ്ങള്‍ നിറഞ്ഞ നക്ഷ്ത്രങ്ങളെക്കാള്‍ എത്രയൊ ഭംഗിയുണ്ട് അപ്പുവേട്ടന്റെ ഈ നരച്ച നക്ഷത്രത്തിന്..

ക്രിസ്തുമസ്‌ ആശംസകള്‍..!!!

പ്രിയ ഉണ്ണികൃഷ്ണന്‍ December 17, 2007 at 7:41 AM  

നല്ലൊരു ഓര്‍മ്മക്കുറിപ്പ്.

ആശംസകള്‍

Kilukkampetty December 17, 2007 at 9:48 AM  

പിങ്കുനിറത്തിലുള്ള കുറേപേപ്പറുകള്‍ എടുത്ത്‌ പ്രിന്റുള്ള വശം ഉള്ളില്‍വരത്തക്കവണ്ണം ആ നക്ഷത്രവിളക്കിലേക്ക്‌ ഒട്ടിച്ചുചേര്‍ത്തു. ഒട്ടിച്ചുകഴിഞ്ഞപ്പോള്‍ ആകെ ഒരു വല്ലായ്മ എനിക്കുതന്നെ തോന്നി, നല്ല വര്‍ണശബളമായ നക്ഷത്രവിളക്കിനു പകരം ആകെ നരച്ച ഒരു നക്ഷത്രം. ഏതായാലും, അതുകൊണ്ടുപോയി ആ ചേച്ചിയെ ഏല്‍പ്പിച്ചു. ഒരു നക്ഷത്രവിളക്കും ഇല്ലാതിരുന്ന ആ കൊച്ചുവീട്ടിന്റെ വരാന്തയിലും അങ്ങനെ ഒരു നക്ഷത്രവിളക്കായി!!
ഒരു കുഞ്ഞു മനസ്സിന്റെ നന്മയായി, തിളക്കമായി, ആ ദിവ്യ നക്ഷത്രം ആ കൊച്ചു വീടിന്റെ സ്ന്തോഷമായി അല്ലേ അപ്പൂ.
എന്റെ കണ്ണൂകള്‍ നിറഞ്ഞു ഒഴുകി കൊണ്ടേയിരുന്നു. നാട്ടിലെ പൊടിപടലങ്ങള്‍ നിറയാത്ത പഴയ ആ തെളിഞ്ഞ ക്രിസ്മസ് മാസതിലേക്കു പെട്ടന്നു ഒന്നു പോയി വന്നു.

Rasheed Chalil December 17, 2007 at 10:09 AM  

അപ്പൂ നല്ല കുറിപ്പ്... ഈദ് - ക്രിസ്തുമസ് - ന്യൂഇയര്‍ ആശംസകള്‍...

G.MANU December 17, 2007 at 12:59 PM  

അപ്പു
ഹൃദ്യമായ കുറിപ്പ്‌

നക്ഷത്രം ഉണ്ടാക്കിയ, അടുത്ത വീട്ടില്‍ സാന്തക്ളോസ്‌ വരുന്ന രാതിയില്‍ ഉറക്കളച്ചിരുന്ന ബാല്യം ഞാനും ഓര്‍ത്തുപോയി..

നക്ഷത്രങ്ങള്‍ക്കും ക്രിസ്മസ്‌ ട്രീകള്‍ക്കുമപ്പുറം കലര്‍പ്പില്ലാത്ത മതേതരത്തിന്‍റെ തിരുപ്പിറവികള്‍ കൂടിയായിരുന്നു അന്നത്തെ ക്രിസ്‌മസ്‌.

നെറ്റും സെല്ലും എസ്സെമ്മെസും പരിഷ്കരിച്ച മനസില്‍ മതതീവ്രവാദത്തിണ്റ്റെ മുള്‍ക്കിരീടം അണിയിച്ച പുതിയ സംസ്കൃതിയില്‍ ആ പഴയ സാന്താക്ളോസ്‌ മിഠായികള്‍ വീണ്ടും വീഴുമോ...

സുല്‍ |Sul December 17, 2007 at 6:08 PM  

അപ്പു
കുറിപ്പ് നന്നായി.
ക്രിസ്തുമസ് ആശംസകള്‍!!! എല്ലാര്‍ക്കും :)

-സുല്‍

അലി December 18, 2007 at 5:10 AM  

നന്നായിരിക്കുന്നു...
ക്രിസ്മസ് ആശംസകള്‍..

Dr. Prasanth Krishna December 19, 2007 at 4:49 PM  

എല്ലാവരും ബ്ലോഗുകള്‍ നല്ലത് എന്നു മാത്രം പറഞ്ഞു കാണുന്നു. നിരൂപണം കാണു‌ന്നേ ഇല്ല. നിരൂപണം ഉണ്ട‌ങ്കില്‍ മാത്രമേ എഴുത്തുകാരന്‍ വളരുന്നുള്ളൂ.

പിങ്കുനിറത്തിലുള്ള കുറേപേപ്പറുകള്‍ എടുത്ത്‌ പ്രിന്റുള്ള വശം ഉള്ളില്‍വരത്തക്കവണ്ണം ആ നക്ഷത്രവിളക്കിലേക്ക്‌ ഒട്ടിച്ചുചേര്‍ത്തു. ഒട്ടിച്ചുകഴിഞ്ഞപ്പോള്‍ ആകെ ഒരു വല്ലായ്മ എനിക്കുതന്നെ തോന്നി, നല്ല വര്‍ണശബളമായ നക്ഷത്രവിളക്കിനു പകരം ആകെ നരച്ച ഒരു നക്ഷത്രം.

ഒട്ടിച്ചുകഴിഞ്ഞപ്പോള്‍ ആകെ ഒരു വല്ലായ്മ എനിക്കുതന്നെ തോന്നി എന്നതിനു പകരം ഒട്ടിച്ചുകഴിഞ്ഞപ്പോള്‍ ആകെ ഒരു വല്ലായ്മ തോന്നി എന്നു മാത്രം മതി.

ഇതില്‍ നിന്നു തന്നെ വല്ലായ്മ തോന്നിയത് എനിക്കു തന്നെ ആണ് എന്ന് വായനക്കാരന്‌ മനസ്സിലകും. എഴുതുമ്പോള്‍ വായനക്കാരന്‍ സാമാന്യ അറിവെങ്കിലും ഉള്ളവനാണന്ന ഓ‌ര്‍മ്മഉണ്ടാകണം. എല്ലാ പോസ്റ്റിലും ഈ ഒരു പോരാഴ്മയുണ്ട്. കുറച്ചുകൂടെ ശ്രദ്‌ധിക്കുക. അക്ഷരതെറ്റുകള്‍ ശ്രദ്‌‌ധിക്കുക... പൊതുവേ തരക്കേടില്ല ബ്ലോഗുകള്‍. എഴുതി തെളിയുക.....

http://Prasanth R Krishna/watch?v=P_XtQvKV6lc

ആഷ | Asha December 20, 2007 at 8:54 AM  

അപ്പു, മൈനയുടെ പോസ്റ്റ് വായിച്ചപ്പോ ഓര്‍മ്മ വന്നിട്ടെഴുതിയതാണല്ലേ. :)

ഹ്യദയസ്പര്‍ശിയായ കുറിപ്പ്
അപ്പുവിനും കുടുംബത്തിനും ഞങ്ങളുടെ ക്രിസ്മസ് ആശംസകള്‍!

ദിലീപ് വിശ്വനാഥ് December 20, 2007 at 9:29 AM  

അപ്പുവേട്ടാ...

ഈ ക്രിസ്തുമസ് ഓര്‍‌മ്മക്കുറിപ്പ് ഒരുപാട് ഓര്‍‌മ്മകളുണര്‍‌ത്തി.

Kaithamullu December 23, 2007 at 2:28 PM  

അപ്പു,

ഹൃദയസ്പര്‍ശിയായ ഓര്‍മ്മകള്‍
മനസ്സിനെ ഈറനണിയിച്ചുകൊണ്ടേയിരിക്കും.

-ആ പഴയകാലത്തിലേക്ക് മനസ്സിനെ കൂട്ടിക്കൊണ്ട് പോയതിന് നന്ദി.

പ്രശാന്ത്,
നിരൂപണം ആവശ്യപ്പെടുന്ന ഒരു കുറിപ്പായി ഇതിനെ കാണരുതെന്നാണ് എനിക്ക് തോന്നുന്നത്.

“ഒട്ടിച്ചുകഴിഞ്ഞപ്പോള്‍ ആകെ ഒരു വല്ലായ്മ എനിക്കുതന്നെ തോന്നി ...”

മനസ്സിലെ ദുഃഖത്തിന്റെ അളവ് ഒന്നുറച്ച് പ്രതിഫലിപ്പിക്കാനല്ലേ അപ്പു ‘എനിക്കുതന്നെ’ എന്ന് കൂട്ടിച്ചേര്‍ത്തത്?

സാജന്‍| SAJAN December 23, 2007 at 5:59 PM  

അപ്പൂ ഇപ്പോഴാണ് വായിക്കുന്നത്,
ഒരു നല്ല മനസ്സ് ആ ക്രിസ്മസ്സ് രാത്രിയില്‍ ആ നക്ഷത്രത്തോടൊപ്പം തിളങ്ങിയത് എനിക്ക് കാണാം!
എഴുത്ത് ഇഷ്ടായി എന്ന് പ്രത്യേകം എഴുതേണ്ടല്ലൊ,
എല്ലാര്‍ക്കും ഒരിക്കല്‍ കൂടെ ക്രിസ്മസ്സ് പുതുവത്സരാശംസകള്‍:)

അനിലൻ December 25, 2007 at 12:11 PM  

പ്രശാന്തിന്റെ കമന്റ്(നിരൂപണം) കണ്ടു.

“എല്ലാ പോസ്റ്റിലും ഈ ഒരു പോരാഴ്മയുണ്ട്. കുറച്ചുകൂടെ ശ്രദ്‌ധിക്കുക. അക്ഷരതെറ്റുകള്‍ ശ്രദ്‌‌ധിക്കുക...”

എന്താണ് ഈ പോരാഴ്മ എന്ന് മനസ്സിലായില്ല.

Murali K Menon December 26, 2007 at 12:07 PM  

ഓര്‍മ്മച്ചെപ്പ് എന്ന ബ്ലോഗിനെ അന്വര്‍ത്ഥമാക്കുന്ന ഓര്‍മ്മക്കുറിപ്പ്. നന്നായി.

വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കുന്നത് തീര്‍ച്ചയായും നന്നായിരിക്കും

ഗീത December 26, 2007 at 2:49 PM  

വളരെ ഹൃദ്യമായ ഒരോര്‍മ്മക്കുറിപ്പു്......

ആ നക്ഷത്രത്തിന് നരച്ച നിറം എന്നു വായിച്ചപ്പോഴേ തോന്നി......
മെഴുകുതിരി വെളിച്ചത്തില്‍ അതു വളരെ മനോഹരമായിരിക്കുമെന്ന്‌.......

സഞ്ചാരി @ സഞ്ചാരി December 26, 2007 at 10:44 PM  

ആപ്പുവേട്ടാ...
ക്രിസ്തുമസ്‌ പിറ്റേന്ന് എന്റെ പുല്‍ക്കൂട്ടില്‍ എത്തിനോക്കിയ അപരിചിതനോട്‌ തോന്നിയ കൗതുകം ഈ താളുകളില്‍ എത്തിച്ചു...നന്ദി. വായിച്ചപ്പോള്‍ ഒരു കുളിര്‍മ്മ അനുഭവപ്പെട്ടു.
വഴിയാത്രക്കിടയില്‍ എന്നെങ്കിലും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ
പുതുവത്സരാശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! January 2, 2008 at 7:58 PM  

നക്ഷത്രവിളക്ക് നന്നായിരിക്കുന്നു മാഷെ
പുതുവല്‍സരാശംസകള്‍
ഈ ഡിസംബര്‍മാസത്തിലെ മഞ്ഞിന്‍ കണങ്ങള്‍ ക്കിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചിറങ്ങുന്ന പ്രഭാതത്തിന്റെ നഷ്ടവും ഇനി നമുക്ക് സ്വന്തം.!!

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP