ഒരു ജന്മദിനത്തിന്റെ ഓര്‍മ്മയ്ക്ക്‌

>> Tuesday, April 10, 2007ഇന്ന് ഏപ്രില്‍ പത്ത്. ഞങ്ങളുടെ ഉണ്ണിമോള്‍ക്ക്‌ എട്ടുവയസ്സ്‌ തികയുന്നു. നാട്ടില്‍നിന്ന് ഫോണിലൂടെ അപ്പച്ചനും അമ്മച്ചിയും സന്തോഷാശ്രുക്കളോടെ പറഞ്ഞ ജന്മദിനാശംസകളും, അപ്പയും അമ്മയും, ഉണര്‍ന്നെഴുന്നേറ്റപ്പോള്‍തന്നെ സ്നേഹപൂര്‍വ്വം നല്‍കിയ മുത്തങ്ങളും, മൂന്നുവയസ്സുകാരന്‍ ആങ്ങള പറഞ്ഞ "ഉന്നീ, ഹാപ്പി ബത്ഡേ ഉന്നീ" എന്ന ആശംസയും അവളെ വളരെ സന്തോഷിപ്പിച്ചിരിക്കുന്നു. ഇന്നു രാവിലെ പതിവു യൂണിഫോം മാറ്റിവച്ച്‌ പാര്‍ട്ടി ഡ്രസും ധരിച്ച്‌, കൈയ്യില്‍ കൂട്ടുകാര്‍ക്ക്‌ നല്‍കാന്‍ ചോക്ലേറ്റുകളും, ക്ലാസില്‍ വച്ച്‌ മുറിക്കാന്‍ ഒരു കേക്കും, പുസ്തകസഞ്ചിയുമായി സന്തോഷത്തോടെ അവള്‍ സ്കൂള്‍ബസ്സില്‍ കയറിപ്പോകുമ്പോള്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു, പണ്ട്‌ എന്റെ മാതാപിതാക്കള്‍ അവരുടെ പരിമിതമായ ചുറ്റുവട്ടങ്ങളില്‍ നിന്നുകൊണ്ട്‌ എന്റെ ജന്മദിനങ്ങള്‍ ആഘോഷിച്ചിരുന്നത്‌.


വീട്ടിലെ മൂത്ത മക്കളുടെ ജനനവും വളര്‍ച്ചയുടെ ഓരോപടവുകളും അച്ഛനമ്മമാര്‍ക്ക്‌ പ്രത്യേകിച്ച്‌ ഒരല്‍പം മധുരം കൂടുതലുള്ള ഓര്‍മ്മകളാണല്ലോ. ഞങ്ങള്‍ സഹോദരങ്ങളുടെ ജന്മദിനങ്ങള്‍ വരുമ്പോള്‍, അമ്മ ഉച്ചയ്ക്ക്‌ ഒരു അരിപ്പായസം വച്ച്‌ സമീപത്തുള്ള വീടുകളിലെ കുട്ടികളെ വീട്ടിലേക്ക്‌ വിളിച്ച്‌ കൊടുക്കും. വിളമ്പാനുള്ള വാഴയില വെട്ടുന്നതും, കുട്ടികളെ ക്ഷണിക്കാന്‍ പോകുന്നതും എന്റെ ജോലിയായിരുന്നു. വൈകിട്ട്‌ ഞങ്ങളുടെ അപ്പ ടൗണിലേക്ക്‌ പോകും. തിരിച്ചുവരുമ്പോള്‍ ഒരു പായ്ക്കറ്റില്‍ നിറയെ ബേക്കറിയില്‍ നിന്നും വാങ്ങിയ ആറേഴിനം ഇനം പലഹാരങ്ങളും ആയിട്ടാവും വരുന്നത്‌. ഇങ്ങനെയായിരുന്നു ഞങ്ങളുടെ ചെറുപ്പകാലത്തെ ജന്മദിനാഘോഷം.


നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണെന്നു തോന്നുന്നു, ഒരു മാര്‍ച്ച്‌ മാസത്തില്‍ ഏഷ്യാനെറ്റിലെ "കണ്ണാടി" എന്ന പരിപാടിയില്‍ വടക്കന്‍ കേരളത്തിലെവിടെയോ ഉള്ള സുമിത്ര എന്നൊരു പാവം പെണ്‍കുട്ടിയുടെ കഥ കാണിച്ചിരുന്നു. സുമിത്രയ്ക്ക്‌ അന്ന് ഏഴുവയസ്സു പ്രായം. അമ്മ മരിച്ചു. അച്ഛന്‍ കൂലിപ്പണിക്കാരന്‍. ഇളയ രണ്ടുകുട്ടികള്‍. മൂന്നും, ഒന്നരയും വയസ്സ്‌ പ്രായം. ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലിലാണ്‌ താമസം. സുമിത്രയ്ക്ക്‌ വീട്ടില്‍ പിടിപ്പത്‌ പണി. സ്കൂളില്‍ പോകുന്നില്ല. ഇളയ രണ്ടുകുട്ടികളെ പകല്‍മുഴുവന്‍ നോക്കണം, കുളിപ്പിക്കണം, ചോറ്‌ വയ്ക്കണം - അയലത്തുനിന്ന് ചിരവ കടംവാങ്ങിയാണ്‌ തേങ്ങ തിരുമ്മുന്നതും തന്നോളം പോന്ന ഒരമ്മിക്കല്ലില്‍ ചമ്മന്തിയരയ്കൂന്നതും. അവിശ്വസനീയം, അല്ലേ? പക്ഷേ സത്യമായ കാര്യങ്ങള്‍, അതിഭാവുകത്വങ്ങളില്ലതെ വീഡിയോ ചിത്രങ്ങളായി നമ്മുടെ മുമ്പില്‍ തെളിയുമ്പോള്‍ എന്തിനവിശസിക്കണം? ഒന്നരവയസ്സുകാരന്‍ അനുജനും, മൂന്നുവയസ്സുകാരി അനുജത്തിക്കും ഒരു ചിരട്ടയില്‍ പൊരിക്കടലയിട്ടികൊടുത്ത് ഒരിടത്തിരുത്തിയിട്ട് സുമിത്ര ഒരു കലത്തില്‍ കഞ്ഞിവയ്ക്കുന്ന രംഗം ടി.വി. യില്ലാതെതന്നെ എനിക്കിപ്പോഴും കാണാം. നോക്കുക, സുമിത്രയ്ക്ക്‌ ഏഴുവയസ്സേയുള്ളു, പക്ഷേ വിധിയവളെ ഒരു വീട്ടമ്മയുടെ റോളില്‍ ആക്കിയിരിക്കുന്നു. പത്തും പന്ത്രണ്ടും വയസ്സായിട്ടും സ്വയം മുടിചീകാന്‍ പോലുമറിയാത്ത നമ്മുടെയൊക്കെ വീടുകളിലെ കുട്ടികളെ ഞാനന്നോര്‍ത്തു.


കണ്ണാടി അതേ എപ്പിസോഡ്‌ റീ-ടെലിക്കാസ്റ്റ്‌ ചെയ്തപ്പോള്‍ ഞാനത്‌ റിക്കോഡ്‌ ചെയ്തുവച്ചു, എന്റെ കുട്ടികള്‍ വലുതാകുമ്പോള്‍ കാണിച്ചുകൊടുക്കുവാന്‍, ഇങ്ങനെയും ഈ ലോകത്ത്‌ ചില കുട്ടികളുണ്ടെന്ന്. ഉണ്ണിമോളുടെ മൂന്നാം ബര്‍ത്ത്‌ ഡേ ഒരാഴ്ചയ്ക്കു ശേഷം വരുന്നുണ്ടായിരുന്നു. അതോടനുബന്ധിച്ച്‌ കൂട്ടുകാരെയെല്ലാം വിളിച്ച്‌ ഒരു പാര്‍ട്ടിയും (ഗെറ്റ് റ്റുഗദര്‍) ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷേ സുമിത്രയുടെ കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചൂ, "ഈവര്‍ഷം ഉണ്ണീയുടെ ബര്‍ത്ത്ഡേയ്ക്ക്‌ പാര്‍ട്ടി വേണ്ടാ. പകരം അതിനു ചിലവാകുന്ന തുക, സുമിത്രയെ സഹായിക്കാനുള്ള ഫണ്ടിലേക്ക്‌ സംഭാവന ചെയ്യാം" എന്ന്. അങ്ങനെ ആ തുക ഏഷ്യാനെറ്റിന്‌ അയച്ചുകൊടുക്കുകയും ചെയ്തു. കണ്ണാടിയുടെ അനേകം പ്രേക്ഷകര്‍ സംഭാവനകള്‍ അയച്ചു കൊടുത്തു, പിന്നീട്‌ സുമിത്രയ്ക്ക്‌ ഒരു വീടുമായി. അത് കണ്ണാടിയുടെ മറ്റൊരു എപ്പിസോഡ്.


ഇന്നലെ ഞങ്ങള്‍ വീണ്ടും ആ കാസറ്റ്‌ പ്ലേചെയ്ത്‌ സുമിത്രയുടെ കഥ മോളെ കാണിച്ചു. "അപ്പ അന്നങ്ങനെ ചെയ്തപ്പോള്‍ സുമിത്രയ്ക്ക്‌ എത്ര സന്തോഷമായിക്കാണും" എന്ന് ഇന്നലെ ഉണ്ണീമോള്‍ പറഞ്ഞപ്പോള്‍ ഒരു എട്ടുവയസ്സുകാരിക്ക്‌ അത്യാവശ്യം വേണ്ട അറിവ്‌ അവള്‍ക്ക്‌ ആയിക്കഴിഞ്ഞല്ലോ എന്നോര്‍ത്ത്‌ ഞങ്ങള്‍ സന്തോഷിച്ചു.

32 comments:

അപ്പു ആദ്യാക്ഷരി April 10, 2007 at 3:18 PM  

ഇന്ന് ഞങ്ങളുടെ ഉണ്ണിമോള്‍ക്ക്‌ എട്ടുവയസ്സ്‌ തികയുന്നു. ഒരു ജന്മദിനത്തിന്റെ ഓര്‍മ്മയ്ക്ക്‌ ഈ പോസ്റ്റ്.

Kiranz..!! April 10, 2007 at 3:24 PM  

കൈപ്പത്തി കൊണ്ട് മാത്രം തുടച്ചാല്‍ തീരാതെ കണ്ണീര്‍ വരുന്നത് ഒരു രോഗമാണോ അപ്പൂസ് ഡോക്ടര്‍ ?

ഉണ്ണീമോള്‍ക്ക് ഒരു നൂറ് പിറന്നാള്‍ ആശംസകള്‍.

സു | Su April 10, 2007 at 3:24 PM  

ഉണ്ണിമോള്‍ക്ക് ആശംസകള്‍.

നല്ല കാര്യങ്ങള്‍ കുട്ടികളും മനസ്സിലാക്കി പിന്നെയെപ്പോഴെങ്കിലും ചെയ്യട്ടെ.

ആഷ | Asha April 10, 2007 at 3:26 PM  

ഉണ്ണിമോള്‍ക്ക് എന്റെ സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍!
ഉണ്ണിമോളുടെ അപ്പയുടെയും അമ്മയുടെയും നല്ല മനസ്സിനു മുന്നില്‍ നമിക്കുന്നു.

Rasheed Chalil April 10, 2007 at 3:29 PM  

അപ്പൂ ആ നല്ല മനസ്സിന് ഒരായിരം അഭിവാദ്യങ്ങള്‍.

ഉണ്ണിമോള്‍ക്ക്‌ ഒരായിരം പിറന്നാളശംസകള്‍.

സുല്‍ |Sul April 10, 2007 at 3:30 PM  

ഉണ്ണീ എന്നും നല്ലകുട്ടിയല്ലേ അപ്പു.

ഉണ്ണിചേചിക്ക് അമിയുടെയും അനുവിന്റെയും അങ്കിള്‍ ആന്റിയുടേയും ജന്മദിനാശംസകള്‍.

അപ്പു യു ആര്‍ ഗ്രേയ്റ്റ്.

-സുല്‍

വല്യമ്മായി April 10, 2007 at 3:30 PM  

ഉണ്ണിമോള്‍ക്ക് ജന്മദിനാശംസകള്‍.സുഖസൗകര്യങ്ങളില്‍ ജീവിക്കുമ്പോഴും ജീവിതത്തിന്റെനേര്‍ ചിത്രങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തുന്നത് വളരെ നല്ല കാര്യം.അഭിനന്ദനങ്ങള്‍.

തറവാടി April 10, 2007 at 3:32 PM  

മോള്‍ക്ക് പിറന്നാളാശംസകള്‍

സുല്‍ |Sul April 10, 2007 at 3:35 PM  

എന്നാലും അപ്പു

മനുമോന്റെ പിറന്നാളിന് പോസ്റ്റിടാതിരുന്നത് ഞാന്‍ പറയുന്നുണ്ട് :)

-സുല്‍

അത്തിക്കുര്‍ശി April 10, 2007 at 3:37 PM  

മോള്‍ക്ക്‌ ജന്മദിനാശംസകള്‍!

കുട്ടിച്ചാത്തന്‍ April 10, 2007 at 3:47 PM  

ഉണ്ണിമോള്‍ക്ക് ജന്മദിനാശംസകള്‍. :)

കിരണ്‍സിന്റെ കമന്റ് കട് + പേസ്റ്റ് :(

Siju | സിജു April 10, 2007 at 3:57 PM  

:-)
പിറന്നാളാശംസകള്‍

qw_er_ty

മറ്റൊരാള്‍ | GG April 10, 2007 at 4:00 PM  

ഉണ്ണിമോള്‍ക്ക്‌ ഒരായിരം പിറന്നാളശംസകള്‍.

മനോജ് കുമാർ വട്ടക്കാട്ട് April 10, 2007 at 4:29 PM  

അച്ഛന്റെ നല്ല മനസ്സിനും, മോളുടെ പിറന്നാളിനും ആശംസകള്‍

സാജന്‍| SAJAN April 10, 2007 at 6:03 PM  

ഇതുപോലെ നന്മകള്‍ കണ്ട് വളരാന്‍ ഭാഗ്യം ലഭിച്ച കുട്ടിയല്ലേ അവള്‍..അതാണ് ഉണ്ണീക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം..
പിന്നെ ഈ ബൂലോഗത്തിലെ എല്ലാരുടെയും ആശംസകളും.. പ്രാര്‍ത്ഥനകളും..അതോടൊപ്പം ഞങ്ങള്‍ എന്റേം ബെറ്റീടെം ബെനോടേം പിന്നെ അപ്പൂസിന്റേം ഒരായിരം പിറന്നാള്‍ ആശംസകള്‍:))
qw_er_ty

മുസ്തഫ|musthapha April 10, 2007 at 6:17 PM  

അപ്പൂ... ആ അവസാനത്തെ പാരഗ്രാഫ് വായിച്ചിട്ടെനിക്ക് ഭയങ്കര സന്തോഷം തോന്നി. ഭയങ്കര സന്തോഷം തന്നാവണം, അല്ലാണ്ട് ചുമ്മാ കണ്ണ് നിറയ്വോ!

ഉണ്ണിമോള്‍ക്ക് ഒത്തിരിയൊത്തിരി പിറന്നാളാശംസകള്‍

സ്നേഹത്തോടെ

- മുസ്തഫ
- മുനീറ
- പാച്ചു

ആഷ | Asha April 10, 2007 at 6:32 PM  

ഉണ്ണിമോളൂ,
ആഹ മോളുടെ പടവുമിട്ടല്ലോ അപ്പ
ചുന്ദരിക്കുട്ടിയാണല്ലോ :)
ഈ ആന്റിടെ വക ഒരു ചക്കരയുമ്മ കൂടി
അല്ലേ രണ്ടു ഉമ്മ ഒരെണ്ണം അനിയന്‍‌കുട്ടനു കൊടുക്കണോട്ടോ.

qw_er_ty

Sathyardhi April 10, 2007 at 6:32 PM  

ഉണ്ണിമോള്‍ക്ക്‌ സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍

തമനു April 10, 2007 at 6:47 PM  

അപ്പൂ,

ഉണ്ണിമോള്‍ക്ക്‌ കൊടുക്കാവുന്നതില്‍ ഏറ്റവും നല്ല സമ്മാനമായിരുന്നു നിങ്ങള്‍ കൊടുത്തത്‌. സഹോദരങ്ങളെപ്പറ്റിയുള്ള സ്നേഹത്തില്‍ അവള്‍ വളരട്ടെ.

നൂറു നൂറ് ജന്മദിനാശംസകള്‍

Unknown April 10, 2007 at 7:13 PM  

ആശംസകള്‍! :-)

വേണു venu April 10, 2007 at 10:23 PM  

അപ്പു,
നല്ല മനസ്സിനു് പ്രണാമം.കൊച്ചു കുറുംബി ഉണ്ണിമോള്‍ക്കു് ഞങ്ങളുടെ ജന്മദിനാശംസകള്‍‍.!

അപ്പു ആദ്യാക്ഷരി April 11, 2007 at 8:07 AM  

ഈ പോസ്റ്റിന്റെ കമന്റുകളെല്ലാം വായിച്ചുകേട്ടിട്ട് ഉണ്ണിമോള്‍ ഒരു മെസേജ് എല്ലാ ബ്ലൊഗര്‍മാര്‍ക്കുമായി തന്നിരിക്കുന്നു.. :

“എനിക്ക് happy birthday പറഞ്ഞ എല്ല അങ്കിള്‍മാര്‍ക്കും, ആന്റിമാര്‍ക്കും thanks“ എന്ന്.

എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

സൂര്യോദയം April 11, 2007 at 11:51 AM  

മോള്‍ക്ക്‌ വൈകിപ്പ്പോയെങ്കിലും ജന്മദിനാശംസകള്‍.. ഒപ്പം മാതൃകാപരമായ നല്ല മനസ്സിന്‌ അഭിനന്ദനം

ശാലിനി April 11, 2007 at 12:30 PM  

ഇതുപോലെ നല്ല മനസുള്ള മാതാപിതാക്കളും മക്കളും ധാരാളമുണ്ടാകട്ടെ, ഒരുപാട് സുമിത്രമാര്‍ക്ക് തണലാവട്ടെ.

പിറന്നാള്‍ ആശംസകള്‍ മോള്‍ക്ക്

അപ്പു ആദ്യാക്ഷരി April 11, 2007 at 5:18 PM  

പ്രിയംവദ, ശാലിനി, സൂര്യോദയം.... വളരെ നന്ദി.

sandoz April 12, 2007 at 1:09 AM  

‌ പിറന്നാള്‍ ആശംസകള്‍.........

qw_er_ty

Sathees Makkoth | Asha Revamma April 12, 2007 at 10:22 PM  

അപ്പു ,
ഉണ്ണിമോള്‍ക്ക് പിറന്നാളാശംസകള്‍!
(താമസ്സിച്ചാണങ്കിലും)
താങ്ങും തണലുമില്ലാത്ത അനാഥബാല്യത്തിന് സഹായവുമായെത്തിയ ആ വലിയ മനസ്സിന് നന്ദി.
qw_er_ty

അപ്പൂസ് April 16, 2007 at 7:00 AM  

ബൂലോഗത്തിന്‍ അപ്പൂനെ വേണ്ടെന്നാക്കിയ വിദ്വാനെ ഒന്നു പരിചയപ്പെടാന്‍ വന്നതാണ്‍..
ഇതു വായിച്ച് മനസ്സു നിറയുന്നു..
നീ തന്ന ഭൂമിയെ മനുഷ്യന്‍ അവന്നും സകല്‍ ജീവജാലങ്ങള്‍ക്കും ഇല്ലാതാക്കും മുന്‍പ്, തീമഴയോ പ്രളയമോ സൃഷ്ടിച്ച് നീ തന്നെ ഇതിനെ ഇല്ലാതാക്കേണമേ എന്നൊരു പ്രാര്‍ത്ഥന ഉള്ളില്‍ കൊണ്ടു നടന്ന അപ്പൂന്‍, ഈ അപ്പുനെ പരിചയപ്പെടാന്‍ സാധിച്ചതില്‍ ഒരു കുഞ്ഞു സന്തോഷം..

ആവനാഴി September 21, 2007 at 10:28 AM  

പ്രിയപ്പെട്ട അപ്പൂ,

കുറെ നാളുകളായി ജോലിത്തിരക്കു മൂലം ബ്ലോഗില്‍‍ എനിക്കധികം പരതാന്‍ കഴിയാറില്ല എന്നതുകൊണ്ടാണു ഈ പോസ്റ്റ് വിട്ടു പോയത്.

ആദ്യമായി വൈകിയെങ്കിലും ഉണ്ണിമോള്‍ക്ക് ഞങ്ങളുടെ ജന്മദിനാശാംസകള്‍ നേരുന്നു.

പ്രത്യേകിച്ചും വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഒട്ടധികം ആളുകളെ എടുത്താല്‍ അവരുടെ ചെറുപ്പകാലത്തെ പിറന്നാള്‍ ആഘോഷങ്ങളും ഇന്നു അവരുടെ കുഞ്ഞുമക്കളുടെ ജന്മദിനങ്ങളുടെ ആഘോഷങ്ങളും തമ്മില്‍ വലിയ അന്തരം ഉള്ളതായി കാണാം.

പാര്‍ട്ടിഡ്രസ്സുകളുടേയും ആര്‍‌ഭാടങ്ങളുടെയും ആഘോഷങ്ങളുടേയും തിരത്തള്ളില്‍ മറ്റൊരു വശത്ത് ഒരു വയറു ചോറിനു വേണ്ടി കഷ്ടപ്പെടുന്ന എത്രയോ ജന്മങ്ങള്‍ ! ഈ തിരിച്ചറിവ് നാം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകാനുള്ള ശ്രമം നടത്തുമ്പോള്‍ അങ്ങിനെ അവരുടെ മനസ്സില്‍ അനുകമ്പയുടെ തിരിനാളം തെളിയുമ്പോള്‍ മനുഷ്യസ്നേഹം എന്ന ആ വലിയ ഗുണം അവരില്‍ വളര്‍ത്തിയെടുക്കുന്നതില്‍ നാം വിജയിക്കുന്നു.

അപ്പുവിന്റെ ഈ ലേഖനം വായിച്ചപ്പോള്‍, ഇല്ല മനുഷ്യത്വം നശിച്ചിട്ടില്ല എന്നെനിക്കു തോന്നി.

ഒപ്പം ‍ എന്റെ കണ്ണുകള്‍ നനയുകയും ചെയ്തു.

സസ്നേഹം
ആവനാഴി.

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP