മറക്കാനാവാത്ത ഓഗസ്റ്റ് 9 (Part 2)

>> Wednesday, August 11, 2010

പാർട്ട് 1 ഇവിടെ

പ്ലാസ്റ്റിക് സർജൻ ഡോ. ജേക്കബ് ആണ് കാര്യങ്ങൾ വിശദീകരിക്കുവാൻ ആരംഭിച്ചത്. ഒപ്പം ന്യൂറോ സർജൻ, ഓർത്തോപീഡിക് സർജന്മാർ എന്നിവരും ഉണ്ട്. അവർ ഷിജുവിന്റെ നിലവിലുള്ള സ്ഥിതി വിശദീകരിച്ചു.

നില വളരെ വഷളാണ്. ആദ്യത്തെ  നാല്‍പ്പത്തെട്ടു മണിക്കൂര്‍ എങ്കിലും കഴിഞ്ഞെങ്കില്‍ മാത്രമേ ആള്‍  stable ആയോ ഇല്ലയോ എന്ന് പറയുവാന്‍ ആവുകയുള്ളൂ. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ധാരാളം രക്തം നഷ്ടപ്പെട്ടുപോയിട്ടുണ്ട്. വളരെയേറേ രക്തം നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന ഷോക്കിലേക്ക് വീഴാൻ തുടങ്ങുന്ന ഒരു സ്റ്റേജിലാണ് ഈ ആശുപത്രിയിലേക്ക് എത്തിച്ചിരിക്കുന്നത്. ഉടൻ തന്നെ അതിന്റെ പ്രതിവിധികൾ ചെയ്ത് ഷോക്കിലേക്ക് പോകുന്നത് തടഞ്ഞിട്ടുണ്ട് പക്ഷേ അപകടനില ഇപ്പോഴും അതേപടി തുടരുന്നു. കാരണം ഒരിക്കല്‍ രക്തം തീരെ ഇല്ലാതെയായി ശരീരത്തിലെ ഓരോ ജീവചംക്രമണ വ്യവസ്ഥകളും (വൃക്ക, ദഹന, നാഡി, ശ്വസനം  തുടങ്ങിയവ) അകകടകരമായ ഒരു സ്ഥിതിയിലേക്ക് ആവാന്‍ തുടങ്ങി കഴിഞ്ഞാല്‍ അവയൊക്കെ തിരിച്ചു പഴയപടി ആവുന്ന / ആവാന്‍ ശരീരം പരിശ്രമിക്കുന്ന ഒരു സമയം ഉണ്ട്. മെഡിക്കല്‍ ഭാഷയില്‍ Reversal എന്നാണു ഈ സ്ഥിതിക്ക് പറയുന്ന പേര്. അതാണിപ്പോള്‍ നടക്കുന്നത്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരു ഞാണിന്മേല്‍ കളി! 

തുടയെല്ല് ഒടിഞ്ഞ് ഒരു കഷണം വെളിയിൽ പോയി, ആ മുനയിൽകൊണ്ട് ഒരു പ്രധാന ധമനി മുറിഞ്ഞിട്ടുണ്ട്. പക്ഷേ ഭാഗ്യവശാൽ ആ ഞരമ്പ് ഒരു സ്പാസം സംഭവിച്ച് സ്വയം ചുരുങ്ങുകയാണുണ്ടത്. അതിനാൽ രക്തം ഒഴുകിപ്പോകുന്നത് അല്പം കുറഞ്ഞവേഗതയിലായി. അതുകൊണ്ടാണ് ഇവിടെ എത്തുന്നതുവരെ പിടിച്ചുനിന്നത്. അടുത്ത എഴുപത്തിരണ്ടുമണിക്കൂർ നേരത്തേക്ക് ഒബ്സർവേഷനിൽ വയ്ക്കേണ്ടതായുണ്ട്. അപ്പോഴേക്കും ആൾ സ്റ്റേബിൾ ആവണം. അതുകഴിഞ്ഞിട്ടേ കാലിലെ സർജ്ജറിയും മറ്റും ചെയ്യാനാവൂ. ഇതിലും വലിയൊരു പ്രശനം മുമ്പിലുള്ളത് ഫാറ്റ് എംബോളിസം എന്ന സ്ഥിതിവിശേഷം സംഭവിക്കാനുള്ള സാധ്യതയാണ്. എല്ലൊടിയുകയും അതിന്റെ സമീപം തന്നെ ഒരു ഞരമ്പ് മുറിയുകയും ചെയ്താൽ ഇതിനുള്ള സാധ്യതയേറുമത്രെ. ഒരു ഫാറ്റ് കഷണം രക്തചംക്രമണ വ്യവസ്ഥയിൽ കടന്നുകൂടി ഹൃദയധമനികളിൽ ചെന്ന് അടയുന്ന സ്ഥിതിയാണിത്. രോഗി അതീവ ഗുരുതരാവസ്ഥയിലെത്തുന്ന ഈ സ്ഥിതിയുണ്ടായാൽ രക്ഷപെടുക വളരെ പ്രയാസകരം. (പ്രായമായ ആളുകൾ വീണ് എല്ലൊടിഞ്ഞ് മാംസം തുളച്ചു വെളിയിൽ വന്നാൽ ശ്രദ്ധിക്കുക. ഈ സ്ഥിതി ഉണ്ടാകുവാൻ വളരെ സാധ്യതയുണ്ട്) രക്ഷപെടാനോ ഇല്ലാതെയാവാനോ സാധ്യതയുണ്ട്. ഇനിയും ധാരാളം രക്തംനൽകേണ്ടിവരും.

കൂടാതെ ചെളിയിൽ വീണതിനാൽ ഇൻഫെക്ഷനുള്ള സാധ്യതകളും വളരെയേറെ.
ഇങ്ങനെ ആകപ്പാടെ പ്രതീക്ഷകൾ തീരെയില്ലാതാക്കുന്ന സ്ഥിതി. എങ്കിലും പ്രതീക്ഷകൾ കൈവിടാതെ എല്ലാവരും ഇരുന്നു. അന്നുരാത്രി ഉറങ്ങാതെ ഞങ്ങൾ ഐ.സി.യുവിന്റെ മുമ്പിൽത്തന്നെയിരുന്നു. ഡോക്ടർ ജഗനും രാ‍ത്രി വളരെ വൈകുംവരെ ഷിജുവിനോടൊപ്പമിരുന്ന് ഓരോകാര്യങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. ഓരോ പ്രാവശ്യം ഐ.സിയുവിന്റെ വാതിൽ തുറക്കുമ്പോഴും ആകാംഷ നിറഞ്ഞ നിമിഷങ്ങൾ. രോഗിയോടൊപ്പമുള്ള ആളുകൾക്കായി ഒരു മുറി തരാറുണ്ട്. അവിടെക്ക് ഒരോ ഫോൺ വരുമ്പൊഴും അതിലേറെ ആധി, നെഞ്ചിടിപ്പ്. എന്താവും കേള്‍ക്കാന്‍ പോകുന്ന വാര്‍ത്ത എന്ന പരിഭ്രമം തന്നെ. 

ഷിജുവിനെ സെഞ്ച്വറിയിൽ നിന്നു മാറ്റാനായി പലരും നിർദ്ദേശിച്ചുകൊണ്ടിരുന്നു. ഇതിനിടെ, മറ്റൊരു ഡോക്ടറുടെ സെക്കന്റ് ഒപ്പീനിയൻ കൂടി അറിഞാൽ നന്നായിരിക്കുമല്ലോ എന്നൊരു തീരുമാനം ഉണ്ടായി.   പിറ്റേന്നായപ്പോഴേക്കും ഷിജുവിന് ചെറിയതോതിൽ പനി ആരംഭിച്ചു. ഇൻഫക്ഷന്റെ ലക്ഷണങ്ങൾ. അതിനായുള്ള ആന്റിബയോട്ടിക് ട്രീറ്റ്മെന്റുകൾ. സന്ദർശകരുടെ വലിയ പ്രവാഹം നിയന്ത്രിക്കുവാൻ തന്നെ വളരെ പാട്. സെക്കന്റ് ഒപ്പീനിയൻ ചോദിക്കുവാനായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓർത്തോപീഡിക് വിഭാഗം തലവനെയാണ് കണ്ടത്. സെഞ്ച്വറിയിൽനിന്നുള്ള റിപ്പോർട്ടുകൾവായിച്ച അദ്ദേഹം അവർ ചെയ്തുകൊണ്ടിരിക്കുന്ന ചികിത്സാവിധികളിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഫാറ്റ് എംബോളിസംത്തിന്റെ സാധ്യതയുള്ളതിനാൽ അഞ്ചുദിവസം വരെ ഒരു കാരണവശാലും ഷിജുവിനെ അവിടുന്ന് മാറ്റുകയോ നീക്കുകയോ ചെയ്യുവാൻ ശ്രമിക്കരുതെന്നും അറിയിച്ചു.

ആധിനിറഞ്ഞ അഞ്ചുദിവസങ്ങൾ. പ്രാർത്ഥനകളും പ്രതീക്ഷകളും ആധികളും നിറഞ്ഞ അഞ്ചുദിവസങ്ങൾ. പ്രാർത്ഥനകളും മരുന്നുകളും ഒപ്പം പ്രവർത്തിച്ചു. അഞ്ചുദിവസങ്ങൾ വലിയ കുഴപ്പങ്ങൾ കൂടാതെ കടന്നുപോയി. പ്രതീക്ഷകൾ വർദ്ധിച്ചു. അതിനിടെ പപ്പയേയും അമ്മയേയും ആശുപത്രിവരെ ഒന്നുകൊണ്ടുവന്നു. അവരെ ഐ.സി.യുവിലുള്ള ഷിജുവിന്റെ ബെഡ്ഡിനടത്തുവരെ ഡോക്ടറുടെ അനുവാദത്തോടെ കൊണ്ടുപോയി. അവന്റെ മുമ്പിൽ വച്ച് വിങ്ങിപ്പൊട്ടുകയോ ഒന്നുമരുത് എന്ന് അമ്മയോട് പ്രത്യേകം പറഞ്ഞിരുന്നു.

ആറാം ദിവസമായപ്പോഴേക്കും സെഞ്ച്വറിയിലെ ഓർത്തോപീഡിക് വിഭാഗം തലവൻ ഡോ. സജി എത്തി. ഒരുകോൺഫറൻസിനായി അദ്ദേഹം ബോംബെയിൽ ആയിരുന്നു ഇതുവരെ. അതിനുശേഷം ഏറ്റവും അടുത്ത ദിവസംതന്നെ ഷിജുവിന്റെ കാലിലെ സർജറി നടത്തുവാൻ തീരുമാനിച്ചു. അതിനായുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടുകൊടുക്കുമ്പോൾ എന്റെ കൈ ചെറുതായി വിറച്ചുവോ? വിറച്ചു എന്നു തന്നെയാണു ഓർമ്മ. രാവിലെ പത്തുമണിയായപ്പോഴേക്ക് ഷിജുവിന്റെ പേരുവിളിച്ചു. തിയേറ്ററിലേക്ക് കയറ്റുന്നതിനു മുമ്പ് ഏറ്റവും അടുത്ത ആളുകളൊക്കെ വന്നു കാണുവാൻ പറഞ്ഞു. കിടക്കുന്ന കട്ടിലിൽ തന്നെയാണ് തിയേറ്ററിനുള്ളിലേക്ക് കൊണ്ടുപോകുന്നത് (അതിനുള്ള സംവിധാനങ്ങളോടുകൂടിയ ബെഡ്ഡുകൾ ആധുനിക ആശുപത്രികളിൽ ഉണ്ട്). സ്വന്തം കേസ് ഫയലും നെഞ്ചിലടുക്കിപ്പിടിച്ച്, ചുണ്ടിൽ ഒരു ചെറുചിരിയും കണ്ണുകളിൽ അതിനൊട്ടും യോജിക്കാത്ത ആംകാഷയുമായി ഷിജുവിനെ ഐ.സിയുവിൽ നിന്നും ഇറക്കി ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഓപ്പറേഷൻ ചെയ്യുന്ന ടീം ഡോ. സജിയുടെ നേതൃത്വത്തിൽ വാതിലിൽ എത്തി ഷിജുവിനെ ഉള്ളിലേക്ക് കൊണ്ടുപോയി. അവന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് “ഒന്നും പേടിക്കേണ്ട എല്ലാം നല്ലതായിത്തീരും“ എന്നും പറയുമ്പോൾ അവൻ ഒരു പുഞ്ചിരിയോടെ ചെറുതായി തലയാട്ടി. ഒരിക്കലും മറക്കാന്‍ ആവുന്നില്ല ആ രംഗം.

ആംകാഷ നിറഞ്ഞ നാലുമണിക്കൂറുകൾ. അതിനിടയിൽ ഷിജുവിന്റെ കാലിലെ മുറിവ് പൂർണ്ണമായും തുറന്ന് ചെളിയെല്ലാം നീക്കം ചെയ്തു. ഒടിഞ്ഞ എല്ലിലെ എക്സ്ടേണൽ ഫിക്സ്ചർ എന്ന ലോഹകവചത്തിൽ ബന്ധിച്ചു. എല്ലിലെക്ക് തുളഞ്ഞിറങ്ങുന്ന നട്ടുകളും അവയെ പുറമേ നിന്ന് ബന്ധിപ്പിക്കുന്ന രണ്ടുപ്രധാന കമ്പികളും.

ഓപ്പറേഷനു ശേഷം ഇതോടെ പ്രശ്നങ്ങളെല്ലാം തീർന്നില്ല എന്നും ഇൻഫെക്ഷൻ മാറുക എന്നതാണു ഇനി വളരെ പ്രധാനം എന്നും ഡോകടർ സജി വിശദീകരിച്ചു. ഷിജുവിന്റെ അപകടത്തിൽ‌പ്പെട്ട കാലിനു ഏകദേശം അഞ്ചു സെന്റീമീറ്റർ നീളക്കുറവുണ്ടാകും. ഇത് മാറ്റുവാനായി എന്തെങ്കിലുംചെയ്യാനാവുമോ എന്നു ഞങ്ങൾ ആരാഞ്ഞൂ. Bone lengthening എന്നൊരു ചികിത്സ നിലവിലുണ്ട്. നഷ്ടപ്പെട്ട എല്ലുകളെ വളർത്തിയെടുത്ത് നീളക്കുറവ് പരിഹരിക്കുന്ന രീതിയാണിത് എന്നും അതിനുള്ള സംവിധാനങ്ങൾ നോക്കാം എന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ ശരീരത്തിൽ, നഷ്ടപ്പെട്ടുപോയാലും സ്വയം വീണ്ടും വളരാൻ സാധിക്കുന്ന ഒരു ഭാഗമാണ് എല്ലുകൾ എന്നും, അവയെ നീട്ടിവളർത്തിയെടുക്കാമെന്നും കണ്ടുപിടിച്ചതും ഇപ്രകാരം എല്ലുകളെ വളർത്തിയെടുക്കാനുള്ള ടെക്നോളജി വികസിപ്പിച്ചെടുത്തതും റഷ്യൻ ഫിസിഷ്യനായ ഇലിസാറോവ് ആണു. ഇതിനായി നീട്ടിവളർത്തേണ്ട അസ്ഥിയുടെ മുറിവിനു ഇരുവശത്തും പ്രത്യേകരീതിയിലുള്ള പിന്നുകൾ ആരക്കാലുകൾ പോലെ ഉറപ്പിക്കുന്നു. എല്ലിനു ചുറ്റുമുള്ള ദശതുളച്ചു പുറത്തേക്കു നീളുന്ന ഈ പിന്നുകളെ പ്രത്യേകമായി രൂപകൽ‌പ്പന ചെയ്ത റിംഗുകളിൽ ഉറപ്പിക്കുന്നു. ചുരുക്കത്തിൽ തുടയെല്ലിനു ചുറ്റും ശരീരത്തിനു പുറത്തായി നാലു സ്റ്റീൽ വളയങ്ങളും ഈ വളയങ്ങളിൽ നിന്നു മുറിഞ്ഞ എല്ലിനു ചുറ്റുമായി പിടിപ്പിച്ചിരിക്കുന്ന നനാലു പിന്നുകളും. ഈ വളയങ്ങളിലെ നട്ടുകൾ മുറുക്കി ഒരു ദിവസം ഒരു മില്ലിമീറ്റർ എന്ന കണക്കിൽ എല്ലിന്റെ മധ്യഭാഗം ആദ്യം വളർത്തിയെടുക്കുന്നു – ഒരു പെൻസിൽ കനത്തിൽ. അതിനു ചുറ്റും കാത്സ്യം വന്നു നിറഞ്ഞ് ക്രമേണ എല്ലിനു ബലം വയ്ക്കുന്നു. ആകെ ഒരു വർഷത്തോളം നീളുന്ന ഈ ചികിത്സ വളരെയേറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതും, രോഗിക്ക് വളരെ വേദനാജനകവുമാണെന്നു പറയേണ്ടതില്ലല്ലോ. ഈ ചികിത്സ ഷിജുവിന്റെ കാര്യത്തിൽ നോക്കാം എന്നാണു ഡോ. സജി പറഞ്ഞത്.

പത്തു ദിവസം കഴിഞ്ഞപ്പോഴേക്കും ഷിജുവിനെ ഐ.സി.യു വിൽ നിന്നും ഒരു റൂമിലേക്ക് മാറ്റി. ഹോസ്പിറ്റലിന്റെ അഞ്ചാം നിലയിൽ, വെളിയിലെ ഗാർഡനും പച്ചപ്പുനിറഞ്ഞ മലനിലരകളും, ആശുപത്രിക്കു ചുറ്റുമുള്ള ഗ്രാമവും കാണാവുന്ന ഒരു വലിയ ജനലോടുകൂടിയ ഒരു മുറി. ആശ്വാസകരമായിരുന്നു ആ കാഴ്ചകളും അവിടുത്തെ ശുദ്ധവായുവും. പക്ഷേ സന്ദർശകരെ നിയന്ത്രിക്കണമെന്നും ഇല്ലെങ്കിൽ ഇൻഫെക്ഷനുണ്ടാകുന്ന സാധ്യത വളരെയധികമാണെന്നും ഡോക്ടർ പറഞ്ഞു. പക്ഷേ ഇത്തരമൊരു സാഹചര്യത്തിൽ നമ്മുടെ നാട്ടിലെ സന്ദർശകരായ ആളുകളുടെ പെരുമാറ്റം വളരെ നിരുത്തരാവദിത്തപരമാണ് പലപ്പോഴും. “ഞങ്ങളെന്താ അത്ര വൃത്തിയില്ലാത്തവരോ, ഞങ്ങൾ രോഗിയെ ഒന്നു കണ്ടെന്നു കരുതി എന്തുവരാനാണ്“ എന്ന രീതിയിലാണ് ചിലർ. “ഓ ഒരു കാലൊടിഞ്ഞെന്നുകരുതി ഇത്രയ്ക്ക് എന്തുവരാനാണെന്ന്“ മറ്റുചിലർ. കാലിനു നീളം കുറഞ്ഞാലുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ഷിജുവിനെത്തന്നെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നവർ.

എലിസാറോ ചികിത്സയുടെ സൌകര്യങ്ങളുള്ള കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളിലൊന്നാണ് എറണാകുളം നോർത്തിലുള്ള സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ. അവിടെ ഡോകടർ ചെറിയാൻ കോവൂരിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ ടീം ഇതിൽ വളരെ വിദഗ്ദ്ധരാണ് എന്ന് ചിലരിൽ നിന്നും അറിഞ്ഞു. മാത്രവുമല്ല അന്ന് കണ്ണൂരിൽ ബോംബേറിൽ പെട്ട് കാല്പാദം നഷ്ടപ്പെട്ട ഒരു കൊച്ചുകുട്ടിയുടെ പാദം തിരികെ വച്ചുപിടിപ്പിച്ച് വാർത്താമാധ്യമങ്ങളിലും ആയിടയ്ക്ക് ഈ ആശുപത്രിയെപ്പറ്റി വായിച്ചിരുന്നു . അവരുടെ വെബ്സൈറ്റ് പരിശോധിച്ചതിൽ നിന്നും ഈ ചികിത്സാവിധിയെപ്പറ്റി കാര്യങ്ങൾ മനസ്സിലായി.

നീണ്ട ഇരുപത്താറു ദിവസങ്ങൾക്കു ശേഷം ഷിജുവിനെ എറണാകുളത്തേക്ക് വിദഗ്ദ്ധചികിസ്തയ്ക്കായി കൊണ്ടുപോയി. ഷിജുവിനെ എല്ലാവരും ചെർന്ന് സെഞ്ച്വറി ഹോസ്പിറ്റലിൽ നിന്ന് യാത്രയാക്കി. അധികം കുലുക്കം ഉണ്ടാകാതെ സൂക്ഷിച്ചു ഉള്ളതിൽ നല്ല റോഡുകളിൽ കൂടിയായിരുന്നു ആ യാത്ര. എലിസാറോ ചികിത്സ അത്ര എളുപ്പമുള്ളതൊന്നുമില്ല. എല്ലിനെ നീട്ടേണ്ട ഭാഗത്തിനു മുകളിലും താഴെയുമായി നാലു സ്റ്റീൽ വളയങ്ങൾ ഉറപ്പിക്കുന്നു. അതിൽനിന്ന് ഉള്ളിലേക്ക് നീളുന്ന ആരക്കാലുകൾ പോലെയുള്ള കമ്പികൾ എല്ലിലെക്ക് ഉറപ്പിക്കുന്നു. ഇവയെ ഓരോദിവസം ഒരു മില്ലീമീറ്റർ എന്ന കണക്കിൽ അൻപതുദിവസത്തേക്ക് മുറുക്കുകയാണുവേണ്ടത്. ഇരുപത്തിനാലു മുറിവുകളും, അവയെ ഒരുദിവസം മൂന്നുപ്രാവശ്യം ഡ്രസു ചെയ്യണം. ഡ്രസു ചെയ്യലും മറ്റും രോഗി സ്വയം ചെയ്യുവാൻ പ്രാപ്തമാ‍ാകും. പക്ഷേ കട്ടിലിൽ നിന്നും ഒന്നു തിരിയുവാൻ പോലും പരസഹായം വേണം. കിടന്നു പുറം പൊട്ടാതെ നോക്കണം. ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ വേണം. അൺഗനെ എല്ല ചെറിയ രീതിയിൽ വളരുവാൻ തുടങ്ങും. പിന്നീട് അതിനു ബലം വരണം.

പറയുമ്പോൾ വളരെ എളുപ്പമെന്നു തോന്നുമെങ്കിലും ഒൻപതുമാസത്തോളം ഈ റിംഗുകളേയും വഹിച്ചുകൊണ്ട് ഷിജു കിടന്നു. ആരും തളർന്നുപോകുന്ന രീതിയിലുള്ള ദുരവസ്ഥകൾ, പ്രത്യേകിച്ചും ചെറുപ്പക്കാർ. എന്നിട്ടും അവൻ മാനസികമായി തളർന്നില്ല. എനിക്ക് വൈകല്യമില്ലാതെ നടക്കണം എന്ന ഉറച്ച ആഗ്രഹം ഷിജുവിന് എപ്പോഴുമുണ്ടായിരുന്നു. ആ മനസ്ഥൈര്യം ഒന്നുമാത്രമാണ് അവനെ വീണ്ടും നടക്കുവാൻ പ്രാപ്തനാക്കിയത്. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും റിംഗുകൾ മാറ്റി. പിന്നീട് ഒരു വർഷത്തോളം നീണ്ട ഫിസിയോ തെറാപ്പിയും, സപ്പോർട്ടോടു കൂടിയ നടത്തവും. എല്ലിനു കൃത്യമായി നീളം വർദ്ധിച്ചുവെങ്കിലും ശരീരഭാരം അല്പം കൂടിപ്പോയതിനാൽ തുടയെല്ല് അല്പം വളഞ്ഞുതന്നെയിരുന്നു എന്നതായിരുന്നു ആ ചികിത്സയുടെ അവസാന റിസൽട്ട്. എങ്കിലും ഷിജുവിനെ ആദ്യം അറ്റന്റ് ചെയ്ത ഡോ. ജഗൻ വർഷങ്ങൾക്കു ശേഷം എന്നോട് ഒരു കാര്യം പറഞ്ഞു – ആദ്യം ഷിജുവിനെ സെഞ്ച്വറി ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റിയിൽ എത്തിക്കുമ്പോൾ അവൻ രക്ഷപെടും എന്ന പ്രതീക്ഷ ഡോക്റ്റർക്ക് തീരെയില്ലായിരുന്നത്രേ. അത്രമേൽ മോശമായിരുന്നു അവന്റെ സ്ഥിതി. ആ സ്ഥിതിയിൽനിന്നും ജീവനോടെ ഇപ്പോഴും ഷിജു ഞങ്ങളോടൊപ്പമുള്ളതിനു ദൈവത്തിനു നന്ദി പറയുക, കാൽ അല്പം വളഞ്ഞ് പോയി എങ്കിലും മറ്റുകുഴപ്പങ്ങൾ ഒന്നുമില്ലാതെ രക്ഷപെട്ടല്ലോ എന്നാണു അദ്ദേഹം പറയാറ്.

ശരിയാണ്, ഒരു രോഗിയെ പ്രതീക്ഷ തീരെയില്ലാത്ത ഒരു സാഹചര്യത്തിൽ നിന്ന് വീണ്ടും ഒരു പുതുജീവനിലേക്ക് കൊണ്ടുവന്ന ഡോക്ടർ പറഞ്ഞതാണ് ശരി എന്ന് ഞങ്ങളെല്ലാവരും ഇന്നു മനസ്സിലാക്കുന്നു. ഷിജുവിനു നേരിട്ട അപകടത്തിനു ശേഷം ആറുവർഷങ്ങൾ കടന്നുപോകുമ്പോൾ ദൈവാനുഗ്രഹം എന്തെന്ന് അനുഭവിച്ചറിഞ്ഞ ആ ദിവസങ്ങളെ ഒരിക്കലും മറക്കാനാവില്ല .

വളരെ അന്വർത്ഥമായ ഒരു ഗാനം എപ്പോഴും ഞാൻ ഓർക്കാറുണ്ട്

“ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിൻ കാലങ്ങളിൽ
രക്ഷിക്കുന്ന സ്നേഹമോർത്താൽ
എത്ര സ്തുതിച്ചാലും മതിവരുമോ”2007 ജൂൺ 30 ന് ഷിജുവിന്റെ വിവാഹം കഴിഞ്ഞു. ഇപ്പോൾ നാട്ടിൽ തന്നെ ഒരു ചെറിയ ജോലിയുമായി കഴിയുന്നു. ഷിജുവിനും ഒരു ബ്ലോഗ് ഉണ്ട്. അധികം പേർക്കും പരിചയമുണ്ടാവില്ല. ഈ ബൈക്ക് അപകടത്തിന്റെ ഒരു വിവരണം ഷിജുതന്നെ എഴുതിയിട്ടുണ്ട്. ഒരു അതിലേക്കുള്ള ലിങ്ക് ഇവിടെ.

ഷിജുവിനോടൊപ്പം അപകടത്തിൽ പെട്ട ബിനുവിനും ഏകദേശം സമാന പരിക്കുകളാണു ഉണ്ടായിരുന്നത്. അസ്ഥികൾക്ക് ഒടിവുകൾ വന്നു എന്നല്ലാതെ നീളം കുറഞ്ഞതുമറ്റുമില്ല എന്നുമാത്രം. ബിനു ഇപ്പോൾ വിദേശത്തു ജോലിചെയ്യുന്നു.

************

വർഷങ്ങൾക്കു ശേഷം വീണ്ടും ഇപ്പോൾ ഒരു അവധിക്കാലത്ത് നാട്ടിലെത്തി ഇവിടുത്തെ റോഡുകളിൽകൂടി ഡ്രൈവ് ചെയ്യുമ്പോൾജ് വളരെ ദുഃഖവും ഒപ്പം ഭയവും തോന്നുന്നു. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്നു പറഞ്ഞതുപോലെ സ്റ്റിയറിംഗ് പിടിക്കുന്നവനെല്ലാം ഡ്രൈവർ എന്ന നിലയിലേക്ക് കാര്യങ്ങൾ പോയിരിക്കുന്നു. യാതൊരു മാനദണ്ഡങ്ങളും ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനുമുമ്പ് അവശ്യം നൽകേണ്ട മാർഗ്ഗനിർദേശങ്ങളും ഇല്ലാതെ ഡ്രൈവിംഗ് ലൈസൻസ് കിട്ടി റോഡിലേക്ക് വാഹനങ്ങളുമായി ഇറങ്ങുന്നവർ. ട്രാഫിക് മര്യാദകളും, റോഡ് സേഫ്റ്റിയും, നിയമങ്ങളും ഞങ്ങൾക്ക് ബാധകമല്ല, അതൊക്കെ പോലീസിനു എന്ന മട്ടിൽ വാഹനങ്ങൾ ഓടിക്കുന്നവർ. ഇരുചക്രവാഹനങ്ങളിൽ യാതൊരു ഭയപ്പാടോ വീണ്ടുവിചാരമോ ഇല്ലാതെ സർക്കസ് അഭ്യാസങ്ങൾ കാണിക്കുന്ന യുവാക്കൾ. മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് ബൈക്ക് ഓടീക്കുന്നവർ. തോളിനും കാതിനുമിടയിൽ മൊബൈൽ തിരുകി തല ഒരുവശത്തേക്ക് ഒടിച്ചു വച്ച് ബൈക്ക് ഓടിക്കുന്നവർ. റോഡ് ഒരു റേസ് കോഴ്സ് ആണെന്ന മാതിരി മത്സര ഓട്ടം നടത്തുന്നവർ.

ഗൾഫിലെ റോഡുകളിൽ കർശനമായ ഗതാഗത നിയമങ്ങൾ അനുസരിച്ച് വാഹനങ്ങൾ ഓടിക്കുന്ന പരിചയത്തിൽ നിന്നു പറയട്ടെ, കേരളത്തിൽ വാഹനമോടിക്കുന്നവരിൽ ഭൂരിപക്ഷത്തിനും Defensive driving എന്താണെന്നു അറിയില്ല. സ്റ്റിയറിംഗ് പിടിച്ച് വണ്ടി കൊണ്ടുനടക്കാൻ അറിയാമെന്നല്ലാതെ റോഡ് സേഫ്റ്റി മാനദണ്ഡങ്ങളെപ്പറ്റി വലിയ പിടിപാടൊന്നുമില്ല. ഹസാർഡ് ലൈറ്റ് ഇട്ടാൽ സിഗ്നലിൽ നേരെ പോകണം എന്നും, സൈഡ് ഇന്റിക്കേറ്റർ ഇട്ടാൽ ആ സൈഡിൽ കൂടി ഓവർടേക്ക് ചെയ്തുപൊകാനുള്ള അടയാളമാണെന്നും തുടങ്ങി മറ്റെങ്ങുമില്ലാത്ത വിഢിത്തങ്ങൾ അനവധി. ക്ഷമയെന്നു പറഞ്ഞൊരു സാധനം പലർക്കുമില്ല. ഒന്നു തിരിയാൻ, പ്രധാന റോഡിലേക്ക് ഇറങ്ങാൻ ഒന്നു കാത്തുനിന്നാൽ അവരെ ആരും ഗൌനിക്കില്ല. ഇടിച്ചിറങ്ങുക തന്നെവേണം. കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നത് അക്ഷരാർത്ഥത്തിൽ നടപ്പാകുന്നു കേരളത്തിലെ റോഡുകളിൽ.

അതിലെല്ലാം അധികം അപകടമാംവിധം മദ്യപിച്ച് വാഹനമോടീക്കുന്നവർ ഏറിവരുന്നു ഇവിടെ. ഈയിടെ പേപ്പറുകളിൽ കാണുന്ന ഏറിയ ഇരുചക്രവാഹന അപകടങ്ങളിലും പെടുന്നവർ മദ്യപിച്ച് ഓടിച്ചതിനാൽ അപകടത്തിൽ പെട്ടു, അല്ലെങ്കിൽ അപകടം വരുത്തിവച്ചു എന്നാണു കാണുന്നത് - പ്രത്യേകിച്ചും സായഹ്നങ്ങളിൽ അപകടത്തിൽ പെടുന്ന ഏറിയ പങ്കും മദ്യത്തിന്റെ ഇരയോ, മദ്യം കഴിച്ചു വണ്ടി ഓടിച്ചവരുടെ ഇരയോ ആണ്. ഈ പോസ്റ്റിൽ വിവരിച്ച അപകടത്തിനിടയാക്കിയ എതിർവശത്തുനിന്നും റോഡും സൈഡും തെറ്റി വന്ന ബൈക്ക് യാത്രികനും നന്നായി മദ്യപിച്ചിരുന്നു എന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഏതായാലും കേരളത്തിൽ റോഡ് അപകടങ്ങൾ ദിവസേന കൂടിവരുന്നു. അജ്ഞതയും, അക്ഷമയും, വിവരക്കേടും ഒപ്പം ചേർന്ന് ഓരോ ദിവസവും പരലോകത്തെത്തിക്കുന്ന ആളുകളുടെ എണ്ണംകണ്ടാൽ മൂക്കത്ത് വിരൽ വച്ചു പോകുന്നു. ഒരു അപകടവും സ്വയം സംഭവിക്കുന്നതല്ല; അതിലുൾപ്പെടുന്നവർ വരുത്തിവയ്ക്കുന്നതാണ്. മദ്യപിച്ച് വാഹനമോടിക്കുന്നവർ സ്വയം നാശത്തിൽ ചാടുക മാത്രമല്ല റോഡിൽ കൂടി വാഹനങ്ങളിലോ അല്ലാതെയോ പോകുന്ന നിരപരാധികളേയും അവരുടെ കുടുംബത്തേയും ആപത്തിൽ ചാടിക്കുകയാണ് ചെയ്യുന്നത് പലപ്പോഴും തിരിച്ചെടുക്കാനാവാത്ത വിധത്തിൽ.

ഇതെല്ലാം കാണുമ്പോൾ ഈശ്വരോ രക്ഷതു എന്നു ധ്യാനിച്ചു കേരളത്തിൽ വാഹനം ഓടിക്കുവാനേ സാധിക്കുന്നുള്ളൂ.
Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP