കിഴക്കിന്റെ വെനീസില്‍ - രണ്ട്

>> Saturday, January 17, 2009

“വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയ്യില്‍ മെല്ലെ
കോരിയെടുക്കാന്‍ വാ............. “

ഈ പാട്ടുകേള്‍ക്കുമ്പോഴും, അതിന്റെ ദൃശ്യചിത്രീകരണം ടി.വിയില്‍ കാണുമ്പോഴും നാം അറിയാതെ ഒരു കായല്‍ പരപ്പിലേക്ക്‌ എത്തിപ്പോകാറില്ലേ? ഈ പാട്ടില്‍ പറയുന്ന പുന്നമടക്കായലിലാണ്‌ നമ്മള്‍ ഇപ്പോളുള്ളത്‌.കേരളത്തിലെ എന്നല്ല, ഇന്ത്യയിലെതന്നെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലിന്റെ തെക്കേയറ്റത്തെ ശാഖയാണ്‌ പുന്നമടക്കായല്‍ എന്നറിയപ്പെടുന്ന ജലാശയം. എല്ലാവര്‍ഷവും ആഗസ്റ്റ്‌ മാസത്തില്‍ നടക്കാറുള്ള പ്രശസ്തമായ നെഹ്രുട്രോഫി വള്ളംകളിയും ഇവിടെവച്ചാണ്‌ നടത്തപ്പെടുന്നത്‌. ഞങ്ങള്‍ പുറപ്പെട്ട സ്ഥലത്തുനിന്ന് അല്‍പം മുമ്പോട്ട്‌ നീങ്ങിയപ്പോള്‍ തന്നെ നെഹ്രുട്രോഫി വള്ളംകളിയുടെ ഫിനിഷിംഗ്‌ പോയിന്റിലുള്ള പവലിയന്‍ കാണാറായി. കായലിന്റെ നടുവില്‍ തന്നെയുള്ള ഒരു ചെറിയ തുരുത്തിലാണ്‌ ഇത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.

പുന്നമടക്കായല്‍ നീണ്ടുപരന്നുകിടക്കുന്ന കായല്‍പ്പരപ്പൊന്നുമല്ല. ഭൂപടം നോക്കിയാല്‍ (ലിങ്ക്) അറിയാം, ഇംഗ്ലീഷ്‌ അഷരം L ന്റെ ആകൃതിയില്‍, ഏകദേശം മൂന്നുനാലുകിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ഒരു ജലാശയമാണ് ഇത്. ഇതിന്റെ വടക്കേ അറ്റത്തുനിന്ന് ഒന്നരകിലോമീറ്ററോളം നീളത്തില്‍ പുന്നമടക്കായലിനെ വേമ്പനാട്ടുകായലുമായി ബന്ധിപ്പിക്കുന്ന വീതികുറഞ്ഞ ഒരു ഭാഗം ഉണ്ട്‌. ഇതുവഴി കടന്നുപോകുമ്പോള്‍ ഒരു നദിയിലൂടെ പോകുന്നതുപോലെയേ നമുക്ക്‌ തോന്നുകയുള്ളൂ. ഇരുകരയിലുമുള്ള കാഴ്ചകള്‍ അടുത്തുകാണാം. മഴക്കാലമായതിനാല്‍ കെട്ടുവള്ളങ്ങള്‍ നിരനിരയായി കായലിന്റെ ഇരുകരകളിലും അടുപ്പിച്ച്‌ കെട്ടിയിട്ടിട്ടുണ്ടായിരുന്നു. ചിലവയിലൊക്കെ ജോലിക്കാര്‍ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നുമുണ്ട്.

ഏതെല്ലാം കെട്ടിലും മട്ടിലും ചമയങ്ങളിലുമുള്ള വള്ളങ്ങളാണ് അവിടെയുള്ളതെന്നോ! ഒറ്റമുറി കൊച്ച് വീട് വള്ളങ്ങള്‍, മൂന്നും നാലും അറകളുള്ള തറവാട്ട് വള്ളങ്ങള്‍‍, ഔന്ന്യത്യമുള്ള മേല്‍ക്കൂരകളും കൊത്തുപണികളോടു കൂടിയ പൂമുഖങ്ങളുള്ളവര്‍, ഇരുന്നും കിടന്നും കാഴ്ചകള്‍ കണ്ട് രസിക്കാന്‍ വിശാലമായ മട്ടുപ്പാവുകളുമായി ചിലര്‍, വശങ്ങളിലേക്ക്‌ ഇറങ്ങിനില്‍ക്കുന്ന വളച്ചുകെട്ടുകളും എടുപ്പുകളുമായി പ്രൌഢിയോടെ മറ്റ് ചിലര്‍, കല്യാണമോ സമ്മേളനമോ നടത്തുവാന്‍ ഞാന്‍ പോരേ എന്ന് ചോദിച്ച് കൊണ്ട് ചില ഭീമന്മാര്‍‍, തട്ടുകളിട്ട മേല്‍പ്പുരയോടുകൂടിയ പൌരാണികര്‍ ചിലര്‍....കാണേണ്ട കാഴ്ചതന്നെ!!

ഒരു കെട്ടുവള്ളം നിര്‍മ്മിച്ചെടുക്കാന്‍ പത്തുലക്ഷത്തോളം രൂപ ചെലവാകുമത്രേ. ഈ വള്ളങ്ങളത്രയും ഒരുമിച്ചു കണ്ടപ്പോള്‍ എനിക്ക്‌ ഒരു സംശയം ഉണ്ടായി. ഇവയില്‍ നിന്നൊക്കെയും പുറന്തള്ളുന്ന മാലിന്യങ്ങള്‍, പ്രത്യേകിച്ച്‌ ഇവയിലെ ശൗച്യാലയങ്ങളില്‍ നിന്ന് തള്ളപ്പെടുന്ന വസ്തുക്കള്‍ എല്ലാം നേരെ കായലിലേക്കാണോ പോകുന്നത്‌ എന്ന്. അല്ല എന്നു ജിനില്‍ പറഞ്ഞു. എല്ലാ വള്ളങ്ങളുടെയും അടിയില്‍ ഒന്നോ അതിലധികമോ ബയോടാങ്കുകള്‍ എന്നൊരു സംവിധാനം ഉണ്ട്‌. മാലിന്യങ്ങള്‍ അതിലേക്കാണ്‌ പോവുക. അവിടെകിടന്ന് ജൈവമാറ്റങ്ങള്‍ സംഭവിച്ചതിനുശേഷം അവയെ നീക്കം ചെയ്യുകയാണു ചെയ്യുന്നതത്രേ. വള്ള നിര്‍മ്മാണത്തിനു ചെലവാകുന്ന തുകയില്‍ ഒന്നൊന്നര ലക്ഷം രൂപ ഈ ടാങ്കിനു മാത്രമായി ഉള്ളതാണ്‌. നമ്മുടെ കേരളത്തിലും പരിസ്ഥിതിയെപ്പറ്റി ഇത്രയൊക്കെ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നുകേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി.

കായലിന്റെ ഇരുവശങ്ങളിലുമായി വീടുകളുള്ളവര്‍, ഹോംസ്റ്റേ ഇഷ്ടപ്പെടുന്ന ടൂറിസ്റ്റുകളെ ഉദ്ദേശിച്ച്‌ നിര്‍മ്മിച്ചിരിക്കുന്ന ചെറിയ കോട്ടേജുകളും വീടുകളോട് ചേര്‍ന്ന ഇരുകരകളിലും കണ്ടു. അതുപോലെയുള്ള രണ്ട്‌ കോട്ടേജുകളുടെ ചിത്രങ്ങള്‍ ഇതാ. ഓലകൊണ്ടു നിര്‍മ്മിച്ചതിന്റെ ഭംഗി ഒന്നു വേറെതന്നെ, അല്ലേ!അങ്ങനെ കാഴ്ചകളും കണ്ട്മുമ്പോട്ട്‌ നീങ്ങവേ, വെള്ളത്തില്‍ തൊടണം എന്നുപറഞ്ഞ്‌ മനുക്കുട്ടന്‍ വഴക്കുതുടങ്ങി. അവന് നിര്‍ബന്ധം തുടങ്ങുവാന്‍ പ്രത്യേകിച്ച്‌ കാരണം ഉണ്ടാവും. വിശന്നാലും നിറഞ്ഞാലും ഉറക്കംവന്നാലും, ശൂ..ശൂ മുട്ടിയാലും എല്ലാം അതൊരു നിര്‍ബന്ധമായേ പുറത്തുവരൂ. അവനെ സ്നേഹപൂര്‍വ്വം അടക്കിനിര്‍ത്തുവാന്‍ അവന്റെ വല്യപ്പനെപ്പോലെ മിടുക്കും ക്ഷമയും ഉള്ളവര്‍ മറ്റാരുമില്ലാത്തതിനാല്‍ ആ ജോലി പുള്ളിതന്നെ ഏറ്റെടുത്തു. കായലില്‍ മുതലയുണ്ടെന്നുപറഞ്ഞ ഒരു കൊച്ചു കള്ളത്തില്‍ വിശ്വസിച്ച്‌ ഏതായാലും ആശാന്‍ ആ ആഗ്രഹം ഉപേക്ഷിച്ചു.

യാത്ര പുറപ്പെട്ടിടത്തുനിന്നും ഏകദേശം മുപ്പതുമിനിറ്റോളം സഞ്ചരിച്ചു കഴിഞ്ഞപ്പോഴേക്ക്‌ ഞങ്ങളുടെ വള്ളം വേമ്പനാട്ടുകായലില്‍ പ്രവേശിച്ചു. അതാണു കാണേണ്ട കായല്‍! ഇന്ത്യയിലെ ഏറ്റവും വലിയ തടാകം. ഏറ്റവും വീതിയേറിയ ഭാഗത്ത്‌ 14 കിലോമീറ്റര്‍ വീതിയുള്ള ഈ കാലയലിന്റെ നീളം 96 കിലോമീറ്ററാണ്‌.1514 ചതുരശ്രകിലോമീറ്ററാണ്‌ ഇതിന്റെ വിസ്തീര്‍ണ്ണം. കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകള്‍ അതിരുകളായുള്ള ഈ കായല്‍ കൊച്ചി അഴിമുഖത്ത്‌ വച്ച്‌ അറബിക്കടലിലേക്ക്‌ തുറക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ആറു നദികള്‍ - അച്ചന്‍കോവില്‍, മീനച്ചില്‍, മണിമല, മൂവാറ്റുപുഴ, പമ്പ, പെരിയാര്‍ - വേമ്പനാട്ടുകായലിലേക്കാണ്‌ വന്നുചേരുന്നത്‌.

മഴക്കാലമായതിനാല്‍ അത്ര ശാന്തമായൊന്നുമായിരുന്നില്ല വേമ്പനാട്ടുകായലിന്റെ കിടപ്പ്‌. നല്ല ഓളങ്ങളും, ആറു നദികളും കൂടി ഒഴുക്കിക്കൊണ്ടുവന്ന ചെളിനിറഞ്ഞ മഴവെള്ളവും എല്ലാം കൂടി ചേര്‍ന്ന് രൗദ്രമല്ലേങ്കിലും ഒരു ദേഷ്യക്കാരിയുടെ ഭാവം. തെളിഞ്ഞ ആകാശമല്ലാത്തതിനാല്‍ അങ്ങു ചക്രവാളം വരെ കാണാനും സാധിക്കുന്നുണ്ടായിരുന്നില്ല. ഒരു മാതിരി മഞ്ഞുമൂടിയപോലെ. എങ്കിലും ഈ ഇളകിയാടുന്ന വെള്ളത്തിലും, അന്നാട്ടുകാരായ ആളുകള്‍ കൊതുമ്പുവള്ളവും തുഴഞ്ഞുകൊണ്ട്‌ “ഇതൊക്കെ ഞങ്ങളെന്നും കാണുന്നതല്ലേ“ എന്ന മട്ടില്‍ പോകുന്നുണ്ടായിരുന്നു.

റോഡുസൈഡില്‍ കാണുന്നതുപോലെ ബോട്ട്‌ സര്‍വ്വീസ്‌ ഉള്ള ജലപാതകളിലും ട്രാഫിക്‌ ബോര്‍ഡുകള്‍ ഉണ്ടെന്ന് എനിക്കു മനസ്സിലായത്‌ പുന്നമടയില്‍നിന്ന് വേമ്പനാട്ടുകായലിലേക്ക്‌ ഇറങ്ങുന്ന മൂലയില്‍ വച്ചാണ്‌. പാതിരാമണല്‍ നേരെ 11 കിലോമീറ്റര്‍, കോട്ടയം വലത്തേക്ക്‌ 19 കിലോമീറ്റര്‍, കൊച്ചി നേരെ 61 കിലോമീറ്റര്‍ എന്നീവിവരങ്ങള്‍ കാണിക്കുന്ന ഒരു ബോര്‍ഡ്‌ കായലോരത്ത്‌ കാണുന്നു! പാതിരാമണല്‍ എന്ന ചെറുദ്വീപിലേക്ക്‌ പോകുവാന്‍ ആഗ്രഹിക്കുന്നവര്‍, കുമരകത്തുനിന്ന് അവിടേക്ക്‌ പോകുന്നതാണ്‌ എളുപ്പം. നാലുകിലോമീറ്റര്‍ മാത്രം ദൂരമേ അവിടെനിന്ന് പാതിരാമണലിലേക്കുള്ളൂ. മുഹമ്മയില്‍ നിന്നാണെങ്കില്‍ ഒന്നരകിലോമീറ്ററും. ആലപ്പുഴനിന്ന് അഞ്ചോ ആറോ മണിക്കൂര്‍ ബോട്ട്‌ യാത്രയ്ക്കൊരുങ്ങുന്നവര്‍ പാതിരാമണലിലേക്ക്‌ പോകാനൊരുങ്ങിയാല്‍ സമയനഷ്ടം മാത്രം ഫലം. കാരണം ആലപ്പുഴനിന്ന് അവിടെയെത്താന്‍ ഒന്നേമുക്കാല്‍ മണിക്കൂറോളം ഈ വിശാലമായ കായല്‍ പരപ്പിലൂടെ യാത്രചെയ്യണം. കരക്കാഴ്ചകള്‍ ഒന്നും കാണാനുമാവില്ല. എന്നാല്‍ ഒരു ദിവസത്തേക്ക്‌ കെട്ടുവള്ളം വാടകയ്ക്കെടുക്കുന്നവര്‍ക്ക്‌ അവിടെ ഒന്നു പോയി വരാവുന്നതാണ്‌. പാതിരാമണലില്‍ ആള്‍താമസമൊന്നുമില്ല, സഞ്ചാരികളായെത്തുന്ന പക്ഷികള്‍ മാത്രമേ അവിടെയുള്ളൂ.

വേമ്പനാട്ടുകായലിലൂടെ ഒന്നുരണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞിട്ടാണ്‌ ഞങ്ങള്‍ ഉള്‍നാടന്‍ പാതകളിലേക്ക്‌ പോയത്‌. അതിനിടെ ജിനില്‍ അസിസ്റ്റന്റായ സജിമോനെ വള്ളത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചിട്ട്‌ അടുക്കളയിലേക്ക്‌ പോയി. വള്ളത്തിന്റെ നിയന്ത്രണം കൂടുതല്‍ ശ്രദ്ധയോടെ ചെയ്യേണ്ട ഉള്‍നാടന്‍ പാതകളിലെല്ലാം ജിനില്‍ തന്നെയായിരുന്നു വള്ളം നിയന്ത്രിച്ചത്‌. വള്ളം വേമ്പനാട്ടുകായല്‍ പരപ്പിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നതിനിടയില്‍ നിങ്ങള്‍ക്ക്‌ ഈ വള്ളത്തിന്റെ ഉള്‍വശമൊക്കെ ഒന്നു കാട്ടിത്തരാം.

നമ്മള്‍ ഇപ്പോഴിരിക്കുന്ന മുന്‍വശത്തുനിന്ന് പിറകുവശത്തായുള്ള അടുക്കളയിലെത്താനുള്ള ചെറിയ ഇടനാഴിയാണിത്‌. ഫോട്ടോയില്‍ ചെറുതായി കാണുന്നുവെങ്കിലും നിവര്‍ന്നുനടക്കാം. തലമുട്ടുകയുമൊന്നുമില്ല.
താഴെക്കാണുന്നതാണ്‌ അടുക്കള. ജിനിലും സജിമോനും പാചകത്തിന്റെ തിരക്കിലാണ്‌. ഗ്യാസ്‌ സ്റ്റൗവ്വും, കുടിവെള്ളവും, പാചകത്തിനുള്ള പാത്രങ്ങളും എല്ലാം ഇവിടെയാണുള്ളത്‌. വള്ളത്തിലേക്ക്‌ വേണ്ട ഇലക്ട്രിസിറ്റിയുണ്ടാക്കാനുള്ള ജനറേറ്റര്‍ സംവിധാനവും ഇവിടെതന്നെ.


ഇത്‌ കിടപ്പുമുറി. സരോവരം ഒരു മീഡിയം സൈസ്‌ വള്ളമായതിനാല്‍ ഒരു കിടപ്പുമുറി മാത്രമേ ഇതിനുള്ളൂ എന്ന നേരത്തെ പറഞ്ഞിരുന്നല്ലോ. അതിനുള്ളിലായി കാണുന്ന ചെറിയവാതില്‍ അറ്റാച്ഡ്‌ ബാത്‌ റൂം ആണ്‌. നല്ല വൃത്തിയുള്ള ഒരു കൊച്ചു ബാത്‌റൂം യൂറോപ്യന്‍ ക്ലോസറ്റ്‌ എന്നിവയൊക്കെ അതിലുണ്ട്‌. കട്ടിലിനുമുകളില്‍ കൊതുകുവല കണ്ടതിനാല്‍, രാത്രിയായാല്‍ കൊതുകുകളുടെ ശല്യം ഉണ്ടാവും എന്നൂഹിക്കാം. കട്ടിലിനു വലതുവശത്തുകാണുന്ന ചെറിയ ജനാല തുറന്നാല്‍ കായല്‍ പരപ്പില്‍ നിന്ന് വരുന്ന കുളിര്‍മ്മയുള്ള കാറ്റുമേറ്റ്‌ സുഖമായങ്ങനെ കിടക്കാം...എന്തിനാണ്‌ ഇതിനിടയില്‍ എ.സി.. അല്ലേ!!

അതിനിടെ കായലോരത്ത്‌ മൂന്നുചേട്ടന്മാര്‍ നിന്ന് മീന്‍വല പരിശോധിക്കുന്നതുകണ്ടു. കൊതുമ്പുവള്ളത്തില്‍ വലവീശാന്‍ പോയിട്ട് തിരികെയെത്തി അന്നുകിട്ടിയ മീനുകള്‍ ഒരു കുട്ടയിലേക്ക് മാറ്റുകയാണ്. ചെറിയ തെങ്ങുങ്ങളും വാഴകളും നില്‍ക്കുന്ന ഒരു വലിയ ബണ്ട് അവര്‍ നില്‍ക്കുന്ന വരമ്പിനുമപ്പുറത്തുള്ള നെല്‍പ്പാടങ്ങളെ കായലില്‍നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നു.

വേമ്പനാട്ടുകായലിന്റെ പരപ്പും ഭംഗിയും ആസ്വദിച്ച്‌, വര്‍ത്തമാനവും പറഞ്ഞുകൊണ്ട്‌ സജിമോന്‍ വള്ളത്തിന്റെ ചുക്കാനും പിടിച്ച്‌ ഒരേയിരുപ്പാണ്‌. ഞങ്ങള്‍ പ്രകൃതിഭംഗികാണുന്ന തിരക്കിലും. അതിനിടെ ജിനില്‍ അടുക്കളയില്‍ നിന്ന് ഓടിപ്പാഞ്ഞുവന്നിട്ട്, "എതെങ്ങോട്ടാടെ സജിമോനേ വള്ളവും കൊണ്ട്പോകുന്നത്‌.. വള്ളം തിരിക്കടേ..."എന്നുപറയുന്നതുകേട്ടു..

റൂട്ട്‌ പരിചയം കുറഞ്ഞ സജിമോന്‍ വര്‍ത്തമാനത്തിനിടെ ഞങ്ങള്‍ക്ക്‌ പോകുവാനായി ജിനില്‍ പ്ലാന്‍ ചെയ്തിരുന്ന ഭാഗവും കഴിഞ്ഞ്‌ കുറേ കടന്നുപോയതാണ്‌ കാരണം. പാചകത്തിനിടെ എപ്പോഴോ വെളിയിലേക്ക്‌ നോക്കിയപ്പോഴാണ്‌ ജിനിലിന്‌ സംഗതി മനസ്സിലായത്‌ എന്നുമാത്രം! റിവേഴ്സ്‌ ചെയ്യാന്‍ പറ്റാത്തതിനാല്‍ ഒരു വലിയ യൂടേണ്‍ അടിച്ച്‌ ഞങ്ങള്‍ തിരികെ വന്ന് നിശ്ചയിച്ചിരുന്ന ഉള്‍നാടന്‍ പാതയിലേക്ക്‌ പ്രവേശിച്ചു.

അവിടം കടന്നു മുമ്പോട്ടുപോകുമ്പോഴാണ്‌ കുട്ടനാടന്‍ ഗ്രാമഭംഗിനമുക്ക്‌ ശരിക്കും മനസ്സിലാവുന്നത്‌. വെള്ളത്തിലേക്ക്‌ ചാഞ്ഞുനില്‍ക്കുന്ന നീളന്‍ തെങ്ങുകള്‍, ജലപ്പരപ്പിനു മുകളിലേക്ക്‌ തങ്ങളുടെ ശിഖരങ്ങള്‍ പടര്‍ത്തി തണല്‍വിരിക്കുന്ന മാവുകള്‍, അവയ്ക്ക്‌ ചുവട്ടില്‍ നിന്ന്, കായലോരത്തുള്ള വീടുകളിലേക്ക്‌ കയറിപ്പോകുവാനുള്ള ചെറിയ കല്‍പ്പടവുകള്‍, പടവുകള്‍ക്കു സമീപം നിര്‍ത്തിയിട്ടിരിക്കുന്ന കൊതുമ്പുവള്ളങ്ങള്‍, വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും കുറേ നീര്‍ക്കാക്കകള്‍, അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരിക്കുന്ന വലുതും ചെറുതുമായ വള്ളങ്ങള്‍ ...... എത്രസുന്ദരമാണ് നമ്മുടെ നാടിന്റെ ഭംഗി.

കിഴക്കിന്റെ വെനീസ് എന്ന പേര് ആലപ്പുഴയ്ക്ക് നല്‍കപ്പെടുവാന്‍ ഇടയാക്കിയത് ഇവിടെയുള്ള ജലാശയങ്ങളുടെ ശൃംഖലയാണെന്ന് കഴിഞ്ഞപോസ്റ്റില്‍ പറഞ്ഞിരുന്നവല്ലോ. പ്രകൃത്യാഉള്ളകായലും കൈവഴികളും നദീമുഖങ്ങളും, നിര്‍മ്മിച്ചെടുത്തകനാലുകളും ബണ്ടുകളും എല്ലാം ചേര്‍ന്നതാണ് കുട്ടനാടന്‍ ജലാശയശൃംഖല. ഇവിടുത്ത നെല്‍കൃഷിക്കുവേണ്ടിയാണ് പ്രധാനമായും ബണ്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കായലിലെ ജലനിരപ്പിനും താഴെയാണ് നെല്‍‌വയലുകളുടെ തലം. നീണ്ടുപരന്നുകിടക്കുന്ന പാടശേഖരങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്ന ഒട്ടനവധി ജലാശയങ്ങളിലെ ഏതാനും ചിലഭാഗങ്ങളില്‍ കൂടെയാണ് ഇനിയുള്ള യാത്ര.

ഈ ഒരു പോസ്റ്റില്‍ ഈ യാത്രപറഞ്ഞവസാനിപ്പിക്കാം എന്നു കരുതിയിരുന്നതാണ്. പക്ഷേ ഇനിയും യാത്ര ഒരുപാട് ബാക്കി കിടക്കുന്നു! അതിനാല്‍ അവയൊക്കെ അടുത്തഭാഗത്തേക്ക് മാറ്റിവച്ചുകൊണ്ട് തല്‍കാലം നിര്‍ത്തട്ടെ.

കിഴക്കിന്റെ വെനീസില്‍ - മൂന്ന്


ഈ യാത്രാവിവരണം വായിച്ച് രോമാഞ്ചം കൊണ്ട് ഒരച്ചായന്‍ പാടിയ പാട്ടിതാ

Read more...

കിഴക്കിന്റെ വെനീസില്‍ - ഒന്ന്

>> Saturday, January 10, 2009

ആലപ്പുഴയെ കിഴക്കിന്റെ വെനീസ്‌ എന്ന് പണ്ടാരോ വിശേഷിപ്പിച്ചത്‌ അക്കാലത്തെ അതിന്റെ വാണിജ്യരംഗത്തെ സ്ഥാനം കൊണ്ടുമാത്രമാവില്ല, ഇറ്റലിയിലെ വെനീസ്‌ നഗരത്തെപ്പോലെ ജലാശയങ്ങളുടെ നഗരം എന്ന പ്രത്യേകതകൊണ്ടുകൂടിയാവണം. കുട്ടനാടും കേരളത്തിലെ ഉള്‍‌നാടന്‍ ജലാശയ ടൂറിസവും എല്ലാം എനിക്ക് ഈ അടുത്ത കാലം വരെ കേട്ടറിവുകള്‍ മാത്രമായിരുന്നു. എന്റെ സ്വദേശം പന്തളം, പത്തനംതിട്ട ജില്ല രൂപീകൃതമാകുന്നതിനു മുമ്പ്‌ ആലപ്പുഴജില്ലയുടെ ഒരു ഭാഗം തന്നെ ആയിരുന്നെങ്കിലും, ഇതിനു മുമ്പ്‌ പലതവണം കൊച്ചി എയര്‍പോര്‍ട്ടിലേക്ക് പോകുന്നവഴി ആലപ്പുഴ നഗരം വഴി യാത്രചെയ്തിട്ടുണ്ടെന്നല്ലാതെ ഒരിക്കല്‍പോലും ആലപ്പുഴയിലെ ഉള്‍നാടന്‍ ജലാശയങ്ങളിലൂടെ സഞ്ചരിക്കുവാനുള്ള ഭാഗ്യമുണ്ടായിട്ടില്ല.

കുറിപ്പ്: ഈ പേജില്‍ വീതിയുള്ള ചിത്രങ്ങള്‍ ഉള്ളതിനാല്‍ പേജ് ലോഡ് ചെയ്യുമ്പോള്‍ ചില വരികള്‍ മുറിഞ്ഞുപോകുന്നതായി കാണുകയുണ്ടായി. അങ്ങനെ സംഭവിക്കുന്നുവെങ്കില്‍ ഒരിക്കല്‍ കൂടി പേജ് റിഫ്രഷ് ചെയ്യുക. പേജ് മുഴുവനായി ലോഡ് ചെയ്യുന്നതുവരെ താഴേക്ക് സ്ക്രോള്‍ ചെയ്യാതെയിരിക്കുക.ഗള്‍ഫിലെ സ്കൂളുകളില്‍ മധ്യവേനലവധി ജൂലൈ ഓഗസ്റ്റ്‌ മാസങ്ങളിലായതിനാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആ ഒരു സീസണില്‍ മാത്രമേ നാട്ടില്‍ എത്തുവാന്‍ സാധിക്കാറുള്ളൂ. നാട്ടിലാണെങ്കില്‍ അപ്പോള്‍‍ സുന്ദരമായ മഴക്കാലവും. വീട്ടിലിരുന്നു മഴകാണുന്നത്‌ ഒരു രസമാണെങ്കിലും വിനോദയാത്രകള്‍ക്ക്‌ ഒട്ടും യോജിക്കത്ത ഒരു സമയം.

ഈ കഴിഞ്ഞ വര്‍ഷം (2008) ജനുവരിമാസത്തില്‍ മലയാളംബ്ലോഗിലെ പ്രമുഖ യാത്രാവിവരണ ബ്ലോഗര്‍മാരില്‍ ഒരാളായ കൊച്ചുത്രേസ്യ മൂന്നുഭാഗങ്ങളായി എഴുതിയ കുട്ടനാടന്‍ യാത്രാവിവരണ പോസ്റ്റുകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍തന്നെ തീരുമാനിച്ചതാണ്‌ മഴയാണെങ്കിലും വേണ്ടില്ല, ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ കുട്ടനാട്ടിലെ ഉള്‍നാടന്‍ ജലാശയങ്ങള്‍ വഴി ഒരു യാത്ര നടത്തിയിട്ടുതന്നെ കാര്യം എന്ന്. അങ്ങനെ 2008 ലെ മധ്യവേനല്‍ അവധി വന്നുചേര്‍ന്നു; കേരളത്തില്‍ ഇടമുറിയാതെ പെയ്ത ഇടവപ്പാതിയും. ഇപ്രാവശ്യം ഞങ്ങള്‍ അവധിക്കുനാട്ടില്‍ എത്തിയതിനുശേഷം ആദ്യം പോയ കട്ടപ്പനയാത്ര ഇതിനുമുമ്പ്‌ "സഹ്യന്റെ മടിയിലൂടെ ഒരു യാത്ര" എന്ന പേരില്‍ നാലുഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരുന്നല്ലോ. അതുകഴിഞ്ഞ്‌ തിരികെയെത്തിയപ്പോള്‍ തന്നെ ഒരു ആലപ്പുഴയാത്രയും ഉദ്ദേശിച്ചിരുന്നു.കട്ടപ്പനയ്ക്കു പുറപ്പെടുന്നതിനു മുമ്പേ കൊച്ചുത്രേസ്യക്ക്‌ ഒരു മെയില്‍ അയച്ചിട്ടാണ്‌ പോയത്‌, ഈ എഴുത്ത്‌ കിട്ടിയാലുടന്‍ ആലപ്പുഴയില്‍ നിന്നുള്ള ബോട്ട്‌ യാത്രയുടെ ഒരു സംക്ഷിപ്തം, എവിടെപോകണം, ബോട്ട്‌ എവിടുന്ന് കിട്ടും തുടങ്ങിയകാര്യങ്ങളൊക്കെ വിശദമായി ഒന്നറിയിക്കണേ എന്ന് കാണിച്ചുകൊണ്ട്‌. കട്ടപ്പനയില്‍ നിന്നും തിരികെയെത്തി ആഴ്ചയൊന്നു കഴിഞ്ഞിട്ടും കൊചുത്രേസ്യക്കൊച്ചിന്റെ മറുപടി വന്നില്ല. പിന്നെയുള്ള ബ്ലോഗര്‍മാരാരൊക്കെയാണ്‌ എന്നൊന്ന് മനസില്‍ സേര്‍ച്‌ ചെയ്തപ്പോള്‍ സതീശ്‌ മാക്കോത്ത്‌, അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും ആഷാഢം ബ്ലോഗിന്റെ ഉടമയുമായ ആഷാ സതീശ്‌ എന്നിവരുടെ പേരുകള്‍ മനസില്‍ തെളിഞ്ഞു. ഹൈദരാബാദിലെ അവരുടെ ഫോണ്‍ നമ്പര്‍ പരതി വിളിക്കാനായി തുടങ്ങുമ്പോഴേക്ക്‌ ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടു.

അങ്ങേത്തലയ്ക്കല്‍ പരിചയമില്ലാത്ത ഒരു പെണ്‍ശബ്ദം. പേരു പറഞ്ഞുപരിചയപ്പെടുത്തിയപ്പോള്‍ ആളെപ്പിടികിട്ടി. കൊച്ചുത്രേസ്യ! എന്തൊരായുസ്‌ ഈ കൊച്ചിന്‌ എന്നുവിചാരിച്ചു വര്‍ത്തമാനം തുടങ്ങി. മലബാര്‍ എക്സ്‌പ്രസ്‌ ബ്ലോഗിലെ പോസ്റ്റുകളുടെ സ്റ്റൈലില്‍ തന്നെ കൊച്ചുത്രേസ്യ ആലപ്പുഴ ബോട്ട്‌ യാത്രയുടെ വിവരണങ്ങളൊക്കെ തന്നു, അരമണിക്കൂര്‍ നേരം! അപ്പോഴേക്ക്‌ ഒരു ആലപ്പുഴയാത്ര നേരില്‍ നടത്തിയതുപോലെ തോന്നിച്ചു. ഏതായാലും ഫോണ്‍ നമ്പര്‍ കിട്ടിയ സ്ഥിതിക്ക്‌ ബ്ലോഗര്‍ ദമ്പതികളെക്കൂടെ ഒന്നു വിളിച്ചേക്കാം എന്നുകരുതി; അവര്‍ ആ നാട്ടുകാരും. ആലപ്പുഴപട്ടണത്തില്‍ എത്തിയതിനുശേഷം ആരോടെങ്കിലും വഴിചോദിച്ച്‌ "മാവിന്‍ചുവട്‌" എന്നു പറയുന്ന സ്ഥലത്തെത്തണം, അവിടെയാണ്‌ ഹൗസ്‌ബോട്ടുകളുടെ ആസ്ഥാനകേന്ദ്രം എന്ന് സതീശനും ആഷയും പറഞ്ഞുതന്നു.

അങ്ങനെ പോകേണ്ട സ്ഥലവും, എവിടെനിന്നു പുറപ്പെടണം എന്ന വിവരവും ഏകദേശം മനസ്സിലാക്കി യാത്രയ്ക്ക്‌ വേണ്ട തയ്യാറെടുപ്പുകള്‍ എടുത്തു. ഇതു കേട്ടാല്‍ അങ്ങു കാശിക്കു പോകുന്നതുപോലെ വളരെ ദൂരെ എവിടെയോ പോകണം എന്നൊന്നും വിചാരിക്കരുതേ. വീട്ടില്‍ നിന്നും ഏകദേശം അന്‍പതു കിലോമീറ്ററോളം റോഡുമാര്‍ഗം പോയാല്‍ ആലപ്പുഴയില്‍ എത്തും. എന്റെ അനുജന്‍ ഷിജുവിന്റെ വിവാഹം ജൂണില്‍ കഴിഞ്ഞത്‌ ഇതിനുമുമ്പൊരു പോസ്റ്റില്‍ പറഞ്ഞിരുന്നുവല്ലോ. വിവാഹം കഴിഞ്ഞ നവദമ്പതികള്‍ക്ക്‌ ഒരു ട്രീറ്റ്‌ ബന്ധുക്കളൊക്കെ കൊടുക്കുന്നപതിവുണ്ടല്ലോ, വിരുന്നുചോറ്‌ എന്നാണ്‌ ഇതിനു ഞങ്ങളുടെ നാട്ടില്‍ പറയുന്നത്‌. ദീപയുടെ (എന്റെ ഭാര്യ) വീട്ടില്‍ നിന്നും ഇവര്‍ക്ക്‌ കൊടുക്കുന്ന വിരുന്നുചോറ്‌ ഒരു വെറൈറ്റിക്കായി ഇപ്രാവശ്യം ഒരു കെട്ടുവള്ളത്തില്‍ തന്നെയാവാം എന്ന് ദീപയുടെ പപ്പായും ആങ്ങളയും കൂടെ തീരുമാനിക്കുകയും കൂടി ചെയ്തുകഴിഞ്ഞപ്പോള്‍ ആലപ്പുഴയാത്ര യാഥാര്‍ത്ഥ്യമാകാനുള്ള സാഹചര്യമൊരുങ്ങി. ഒരു വെടിക്കു രണ്ടുപക്ഷി എന്നുപറഞ്ഞതുപോലെ ഒരു ഹൗസ്ബോട്ട്‌ ആലപ്പുഴയില്‍ നിന്ന് ബുക്ക്‌ ചെയ്താല്‍ ഒരു പകല്‍ കുട്ടനാടു വഴി എല്ലാവരും കൂടെ ഒരു ജലയാത്രയുമാകും, അവര്‍ക്ക്‌ വിരുന്നും കൊടുക്കാം.

അങ്ങനെ മഴ ഒട്ടൊന്നു ശമിച്ചുനിന്ന ഒരു ദിവസം രാവിലെ ഞങ്ങള്‍ രണ്ടുകാറുകളിലായി ആലപ്പുഴയ്ക്ക്‌ തിരിച്ചു. ഞങ്ങള്‍ കുടുംബ സമേതം, ഷിജുവും ഭാര്യ ഷോബിയും, ദീപയുടെ പപ്പാ, അമ്മ, സഹോദരന്‍ ദീപു, ഇത്രയും പേരാണ്‌ യാത്രയ്ക്കൊരുങ്ങിയിരിക്കുന്നത്‌. ബോട്ട്‌, വെള്ളം എന്നൊക്കെ കേട്ടതിന്റെ ത്രില്ലില്‍ ഉണ്ണിമോളും മനുക്കുട്ടനും വലിയ ബഹങ്ങളങ്ങളും കുസൃതികളും ഒപ്പിക്കാതെ അടങ്ങിയിരുന്നു. രാവിലെ ഒന്‍പതു മണിയോടുകൂടി നാഷനല്‍ ഹൈവേ വഴി ആലപ്പുഴ ടൗണില്‍ എത്തി. “ആരോടും ചോദിക്കാതെതന്നെ മാവിന്‍ചുവട്‌ മുക്കില്‍ എത്താനുള്ള വഴി അറിയാം“ എന്ന് പറഞ്ഞാണ്‌ ഷിജു വീട്ടില്‍ നിന്ന് പുറപ്പെട്ടത്‌. പക്ഷേ അവിടെ മാവുകള്‍ പലതുകണ്ടെങ്കിലും അവയുടെ ചുവട്ടിലൊന്നും കായല്‍ കാണാഞ്ഞതിനാല്‍ ഇതൊന്നുമല്ല ആഷയും സതീശനും പറഞ്ഞ "മാവിന്‍ചുവട്‌" എന്ന് ഉറപ്പായിരുന്നു. ഒരു സൈക്കിള്‍ യാത്രക്കാരനോട്‌ വഴിചോദിച്ച്‌ ഞങ്ങള്‍ അവസാനം മാവിന്‍ചുവട്‌ എന്ന സ്ഥലത്തുവന്നു - ടൗണിന്‌ ഉള്ളില്‍ തന്നെ, അധികം ദൂരത്തിലൊന്നുമല്ല. അവിടെ സര്‍ക്കാര്‍ വക ഒരു ടൂറിസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കണ്ടു. അവിടുത്തെ ജീവനക്കാര്‍ ചില ചെറുബോട്ടുകള്‍ (കെട്ടുവള്ളങ്ങളല്ല) കാണിച്ചു തന്നു. അതൊന്നും വലിയ രസമായി തോന്നിയില്ല. യാത്രക്കാരെ തിരക്കി നടക്കുന്ന കെട്ടുവള്ള ഏജന്റുമാരെ അവിടെവച്ചാണ്‌ കണ്ടത്‌. ഇങ്ങനെയുള്ള ആള്‍ക്കാരെപ്പറ്റി ആഷയും സതീശനും നേരത്തെ പറഞ്ഞുതന്നിരുന്നു.

ഞങ്ങള്‍ അവിടെ പോയ ജൂലൈ - ഓഗസ്റ്റ്‌ മാസങ്ങളൊക്കെ കെട്ടുവള്ളങ്ങള്‍ക്ക്‌ ഓഫ്‌ സീസണ്‍ ആണ്‌. വിദേശ വിനോദസഞ്ചാരികള്‍ എത്താത്ത സമയം. ഭൂരിഭാഗം വള്ളങ്ങളും മാസങ്ങളോളം അറ്റകുറ്റപ്പണികള്‍ക്കായി ഈ സീസണില്‍ നിര്‍ത്തിയിടും. മാത്രവുമല്ല ഈ സീസണിലെ കാലാവസ്ഥയും അത്രനന്നല്ലല്ലോ. മഴവെള്ളം കയറികിടക്കുന്ന ജലാശയങ്ങള്‍, കാറ്റ്‌, മഴ, തെളിയാത്ത അന്തരീക്ഷം. അതുകൊണ്ട് ടൂറിസ്റ്റ് സീസണില്‍ 15000 - 20000 രൂപ ഒരു ദിവസത്തേക്ക്‌ വാടക വാങ്ങുന്ന കെട്ടുവള്ളങ്ങള്‍ ഈ സീസണില്‍ മൂവായിരത്തിനു നാലായിരത്തിനും ഒക്കെ ലഭിക്കും എന്ന് സതീശന്‍ പറഞ്ഞിരുന്നു. ഇതറിയാമായിരുന്നതിനാല്‍ ഒന്നു രണ്ട്‌ കെട്ടുവള്ള ഏജന്റുമാരുമായി വിലപേശലൊക്കെ നടത്തി നില്‍ക്കുമ്പോഴാണ്‌ സിബി എന്ന ചെറുപ്പക്കാരനെ കണ്ടത്‌. അദ്ദേഹത്തിനും രണ്ടുവള്ളങ്ങള്‍ ഉണ്ട്‌. അഞ്ചുമണിക്കൂര്‍ നേരത്തേക്ക്‌ ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും ഉള്‍പ്പടെ 3500 രൂപ റേറ്റ്‌ പറഞ്ഞുറപ്പിച്ചു (ഓഫ്‌ സീസണ്‍ ആയതിനാലാണേ!)ഞങ്ങള്‍ ഏഴുപേരും രണ്ടുകുട്ടികളും ഉള്‍പ്പടെയുള്ള യാത്രയ്ക്ക്‌ വളരെ ന്യായമായ ഒരു റേറ്റ്‌ ആണ്‌ 3500 രൂപ എന്നുതോന്നി.

പോകുന്ന റൂട്ടിനനുസരിച്ചും റേറ്റില്‍ വ്യത്യാസം വരും. ആലപ്പുഴനിന്ന് കുമരകത്തേക്കോ, പാതിരാമണല്‍ ദ്വീപിലേക്കോ ഒക്കെ യാത്രപോകാം. പാതിരാമണലിലേക്കും മറ്റും പോകുന്നത്‌ പ്രധാന കായല്‍ വഴി മാത്രമാണ്‌. പക്ഷേ ഞങ്ങളുടെ മനസില്‍ കുട്ടനാട്ടിലെ ഉള്‍നാടന്‍ ജലപാതകളിലൂടെ ഒരു യാത്രയായിരുന്നു ഉണ്ടായിരുന്നത്. ഇരുവശത്തും വയലുകളും, വീ‍ടുകളും അവിടുത്തെ ജനജീവിതവും ഒക്കെ കണ്ട് കായലിന്റെ കൈവഴികളിലൂടെയും ഇടത്തോടുകളിലൂടെയും ഒരു യാത്ര. അതിനാല്‍ ഒരു മീഡിയം സൈസ്‌ വള്ളം ഞങ്ങള്‍ യാത്രയ്ക്കായി എടുത്തു. വള്ളം ‘പാര്‍ക്ക്‌‘ ചെയ്തിരിക്കുന്നത്‌ ഒരല്‍പം ദൂരെയാണ്‌. ഞങ്ങള്‍ കാറില്‍ തന്നെ അവിടേക്ക്‌ പോയി. കാറുകള്‍ അവിടെയൊരു മരത്തണലില്‍ ഇട്ടിട്ട് ഞങ്ങള്‍ വള്ളത്തിനടുത്തേക്ക്‌ പോയി.

"സരോവരം" - അതായിരുന്നു ഞങ്ങളുടെ വള്ളത്തിന്റെ പേര്‌. ആലപ്പുഴയില്‍ "വല്ല പത്തിരുപത്തഞ്ച്‌ കെട്ടുവള്ളങ്ങളൊക്കെ കാണും" എന്നൊരു മുന്‍ധാരണയില്‍ അവിടെയെത്തിയ ഞാന്‍ മുമ്പില്‍ കണ്ട കാഴ്ചകള്‍ കണ്ട്‌ ശരിക്കും അമ്പരന്നു. പലവലിപ്പത്തിലുള്ള കെട്ടുവള്ളങ്ങള്‍ നിരനിരയായി ജലാശയത്തിന്റെ പലഭാഗങ്ങളിലായി നിര്‍ത്തിയിട്ടിരിക്കുന്നു.കുട്ടനാടു മേഖലയില്‍ മാത്രം ഏകദേശം അയ്യായിരത്തോളം കെട്ടുവള്ളങ്ങള്‍ ഇപ്പോള്‍ ടൂറിസവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്ന് സിബി പറഞ്ഞത് ശരിക്കും പുതിയൊരു അറിവായിരുന്നു. കായലില്‍ നിന്ന് ഉളിലേക്ക്‌ മാറിയുള്ള ഒരു കൈത്തോടിലായിരുന്നു ഞങ്ങളുടെ സരോവരം നിര്‍ത്തിയിട്ടിരിക്കുന്നത്‌. പഴയ ഒരു ഇരുമ്പു നടപ്പാലം കയറി ഇറങ്ങിവേണം കാറുകള്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന സ്ഥലത്തുനിന്നും വള്ളത്തിന്റെ അടുത്തേക്ക്‌ എത്തുവാന്‍. അവിടെനിന്ന് താഴത്തെകാഴ്ചകള്‍ കാണുവാന്‍ ഭംഗിയായിരുന്നു. സര്‍ക്കാര്‍ വക ഒരു പഴഞ്ചന്‍ സര്‍വ്വീസ്‌ ബോട്ട്‌, ഒരു വര്‍ക്‍ഷോപ്പ്‌, തുടങ്ങിയവയൊക്കെ ആ ഭാഗത്ത്‌ ഉണ്ടായിരുന്നു. വള്ളം നിര്‍ത്തിയിട്ടിരുന്ന വശത്തായി ഒരു ചെറിയ റോഡും. പാലത്തില്‍ നിന്ന് എടുത്ത ഒരു ഫോട്ടോ ഇതാ.

സരോവരം ഒരു മീഡിയം സൈസ്‌ ഹൗസ്‌ബോട്ടായിരുന്നു. ഒരു ബെഡ്‌ റൂം, അറ്റാച്ഡ്‌ ബാത്ത്‌റൂം, ഒരു ചെറിയ സിറ്റ്‌ഔട്ട്‌ പോലെ ഏഴെട്ടുപേര്‍കിരിക്കാവുന്ന കുഷ്യനോടുകൂടിയ ഇരിപ്പിടങ്ങള്‍, വള്ളത്തിന്റെ ഏറ്റവും പിന്നിലായി ഒരു ചെറിയ അടുക്കളയും. ഇത്രയും സൗകര്യങ്ങളായിരുന്നു അതിലുണ്ടായിരുന്നത്‌. അഞ്ചാറുമണിക്കൂര്‍ നീളുന്ന പകല്‍ യാത്രയ്ക്ക്‌ ഈ സൗകര്യങ്ങള്‍ ധാരാളം. എന്നാല്‍ ഒരു രാത്രിമുഴുവന്‍ വള്ളത്തില്‍ തങ്ങാനുള്ള പ്ലാനാണെങ്കില്‍ ഇതുപോരാ. മൂന്നും നാലും ബെഡ്‌റൂമുകളും, വിശാലമായ "വരാന്തകളും" എയര്‍കണ്ടീഷന്‍ വേണ്ടവര്‍ക്ക്‌ അതുള്‍പ്പടെയുള്ള മുറികളും ഒക്കെയുള്ള വള്ളങ്ങള്‍ ഇഷ്ടംപോലെ അവിടെ കണ്ടു. ഓരോരുത്തരുടേയും ബജറ്റിനിണങ്ങുന്നത്‌ തെരഞ്ഞെടുക്കാം.

മുന്‍കൂട്ടി ബുക്ക്‌ ചെയ്യാതെയുള്ള യാത്രയായതിനാല്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങുവാനായി അരമണിക്കൂര്‍ വേണം എന്ന് വള്ളജീവനക്കാര്‍ പറഞ്ഞു. അതിനുള്ളില്‍തന്നെ അവര്‍ പോയി അരി, കപ്പ, കരിമീന്‍, പചക്കറികള്‍ തുടങ്ങിയ സാധനങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി വന്നു. ആകാശം മൂടിക്കെട്ടി നില്‍ക്കുകയായിരുന്നെങ്കിലും മഴ ഉടനെ പെയ്യുമെന്നു തോന്നിയില്ല. ഭാഗ്യം.

ജിനില്‍, സജിമോന്‍ എന്നീ ചെറുപ്പക്കാരായിരുന്നു വള്ളത്തിന്റെ സാരഥികള്‍ കം കുക്കുകള്‍. സിബിയോട്‌ യാത്രപറഞ്ഞ്‌ ഞങ്ങള്‍ യാത്ര ആരംഭിച്ചു. സരോവരം കരയ്ക്കടുപ്പിച്ച്‌ നിര്‍ത്തിയിരുന്നത്‌ ഒരു ഇടത്തോട്ടിലായിരുന്നു എന്നു പറഞ്ഞല്ലോ. അവിടെനിന്ന് കായലിലേക്ക്‌ പോകുവാന്‍ പുറകോട്ട്‌ ഇറങ്ങേണ്ടതുണ്ടായിരുന്നു. വള്ളം പുറകോട്ടു പോകുവാന്‍ മോട്ടോര്‍ ഉപയോഗിച്ചു സാധിക്കില്ല. അതിന്‌ പരമ്പരാഗത മാര്‍ഗ്ഗങ്ങളായ വള്ളക്കോലുതന്നെ ശരണം. പത്തഞ്ഞൂറ്‌ മീറ്റര്‍ പിന്നിട്ട്‌ വള്ളം കായലിലെത്തി. എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.

കേരനിരകളാടുന്ന ആ ഹരിതചാരു തീരം ഒരു കവിതപോലെ കായല്‍പ്പരപ്പിന്റെ മനോഹാരിതയില്‍ ഞങ്ങളുടെ മുമ്പില്‍ അങ്ങനെ പരന്നുകിടക്കുന്നു. നമ്മുടെ കേരളനാട്‌ ഇത്ര മനോഹരിയോ.....!!! നേരില്‍ കണ്ടെങ്കില്‍ മാത്രമേ നമുക്കത്‌ മനസ്സിലാവുകയുള്ളൂ. ആ നാട്ടിലെ ജനങ്ങളുടെ ജിവിതവുമായി വെള്ളവും വള്ളവും ഒരുപോലെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് കായല്‍ പരപ്പിലൂടെ അല്‍പം പോകുമ്പോള്‍ തന്നെ മനസ്സിലാകും. കൊച്ചു കൊച്ചു കൊതുമ്പു വള്ളങ്ങളിലാണ്‌ പശുവിനു പുല്ലുചെത്തിക്കൊണ്ടുവരുന്നതും, കായലോരത്തെ വീടുകളുടെ മുമ്പിലൂടെ പച്ചക്കറി, പലചരക്കു സാധനങ്ങള്‍ തുടങ്ങിയവ കൊണ്ടുവരുന്നതും മറ്റും. കേരളത്തിലെ മറ്റു സ്ഥലങ്ങളില്‍, “ഞങ്ങളുടെ വീട്ടില്‍ കാറുണ്ട്, സ്കൂട്ടറുണ്ട്“ എന്നൊക്കെ പറയുന്നതുപോലെ ഈ നാട്ടില്‍ ഒരു കൊച്ചുവള്ളം എല്ലാ വീട്ടിലും ആവശ്യമാണെന്നു തോന്നിപ്പോയി!. ഒരു വല്യമ്മച്ചി അരിഞ്ഞപുല്ലുമായി ഒരു കൊച്ചുവള്ളവും തുഴഞ്ഞ്‌ പോകുന്ന കാഴ്ച ദേ നോക്കിയേ! കാലും നീട്ടി ബാലന്‍സില്‍ ഉള്ള ആ ഇരിപ്പുകണ്ടോ!.


ഇതുപോലെയുള്ള കൊച്ചുവള്ളക്കാഴ്ചകള്‍ നമുക്ക് ഇനിയും കാണാം.മുമ്പോട്ടു പോകുംതോറും കുട്ടനാടന്‍ ഗ്രാമഭംഗി ഒരു വെള്ളിത്തിരയിലെന്നപോലെ ഞങ്ങള്‍ക്കു മുമ്പില്‍ ചുരുള്‍ നിവര്‍ത്തി.ഇതുവരെ കണ്ടറിഞ്ഞിട്ടില്ലാത്ത തീര്‍ത്തും വ്യത്യസ്തമായ ഒരു കേരളീയ ഗ്രാമഭംഗിയുടെ ആ കാഴ്ചകളിലേക്ക്‌ അടുത്ത പോസ്റ്റില്‍ ...

കിഴക്കിന്റെ വെനീസില്‍ - ഭാഗം രണ്ട്

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP