മൂന്നു കുരങ്ങന്മാര്‍ പറഞ്ഞത്‌

>> Monday, April 30, 2007


കൊല്ലം ജില്ലയിലെ പ്രമുഖ പട്ടണങ്ങളില്‍ ഒന്നാണ്‌ പുനലൂര്‍. പുനലൂര്‍ പേപ്പര്‍ മില്ലും, പ്ലൈവുഡ്‌ ഫാക്ടറിയും പുനലൂര്‍ തൂക്കുപാലവും വളരെ പ്രശസ്തമാണല്ലോ? കല്ലടയാറിന്റെ സാമീപ്യവും, കിഴക്കന്‍ മലകളില്‍ യഥേഷ്ടം ലഭിച്ചിരുന്ന ഈറയും, തടിവ്യവസായത്തിന്‌ ആവശ്യമായ കാട്ടുമരങ്ങളും ഒക്കെയാവാം, ബ്രിട്ടീഷുകാരെ ഈ പ്രദേശത്തേക്ക്‌ ആകര്‍ഷിച്ചത്‌. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദങ്ങള്‍ മുതല്‍തന്നെ പുനലൂര്‍, കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ വികസിതമായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ തുടങ്ങി എണ്‍പതുകളുടെ തുടക്കം വരെ, അവരുടെ ജോലിയുടെ ഭാഗമായി എന്റെ മാതാപിതാക്കള്‍ പുനലൂരിലായിരുന്നു താമസിച്ചിരുന്നത്‌.

പുനലൂര്‍ ടൗണില്‍ നിന്നും രണ്ടുകിലോമീറ്ററോളം പടിഞ്ഞാറ്‌ മാറി, പേപ്പര്‍ മില്ലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും, ജോലിക്കാരുടെ ക്വാട്ടേഴ്സുകളും ഒക്കെ സ്ഥിതിചെയ്തിരുന്ന ഒരു പ്രദേശത്തായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്ന വാടക വീട്‌. റോഡില്‍ നിന്നും അല്‍പം മാറി, ഒരു വയലിന്റെ വശത്ത്‌ നിന്നിരുന്ന, രണ്ടുമുറിയും ഒരു വരാന്തയും ഉള്ള ഓലമേഞ്ഞ, വൈദ്യുതി എത്തിയിട്ടില്ലാത്ത ആ വീട്ടിലായിരുന്നു എന്റെ കുട്ടിക്കാലം. സമീപത്തു തന്നെയുള്ള ഒരു സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരായിരുന്നു എന്റെ അച്ഛനമ്മമാര്‍.

അന്നൊക്കെ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനും മറ്റുമായി, പുനലൂര്‍ ടൗണിലേക്ക്‌ പോകേണ്ടതുണ്ടായിരുന്നു. അവധി ദിനങ്ങളാണെങ്കില്‍ ടൗണിലേക്ക്‌ പോകുന്നത്‌ കുറച്ചുകൂടി നേരത്തേയായിരിക്കും, സന്ധ്യമയങ്ങുന്നതിനു മുമ്പ്‌, വീട്ടില്‍ തിരിച്ചെത്താവുന്ന തരത്തില്‍. ചിലപ്പോഴൊക്കെ അപ്പ ഞങ്ങള്‍ കുട്ടികളേയും കൂട്ടും, നഗരക്കാഴ്ചകള്‍ കാണാന്‍. ടൗണിലേക്ക്‌ പോകുന്ന വഴിയില്‍ "റിച്ചീസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌" എന്ന പേരിലുള്ള ഒരു ഹിന്ദി ഭാഷാപഠനകേന്ദ്രം ഉണ്ടായിരുന്നു. ഈ സ്ഥാപനത്തെ ഇന്നും ഞാന്‍ ഓര്‍ത്തിരിക്കാന്‍ ഒരു കാരണമുണ്ട്‌ - അതിന്റെ മതിലില്‍ ഉറപ്പിച്ചിരുന്ന മൂന്നു കുരങ്ങന്മാരുടെ പ്രതിമകള്‍ അന്നെനിക്ക്‌ വളരെ കൗതുകകരമായി തോന്നിയിരുന്നു. ഒരാള്‍ കണ്ണുപൊത്തിയിരിക്കുന്നു, അടുത്തയാള്‍ ചെവിപൊത്തിപ്പിടിച്ചിരിക്കുന്നു, മൂന്നാമത്തെയാള്‍ വായ പൊത്തിപ്പിടിച്ചിരിക്കുന്നു. കടുംകാവിനിറത്തിലുള്ള തൂണുകള്‍ക്കു മുകളില്‍, വെള്ളിനിറത്തില്‍ ഉണ്ടാക്കി ഉറപ്പിച്ചിരുന്ന ആ കുരങ്ങന്മാരുടെ പ്രതിമകള്‍ ടൗണിലേക്ക്‌ പോകുന്നവഴിയില്‍ എന്നും ഒരു വിസ്മയക്കാഴ്ചയായിരുന്നു.

ഈ കുരങ്ങന്മാര്‍ നമ്മോട്‌ എന്താണ്‌ പറയുന്നതെന്ന് അറിയാമോ എന്ന് എന്റെ അമ്മ ഒരിക്കല്‍ ചോദിച്ചു. "ഇല്ല" എന്ന എന്റെ മറുപടികേട്ട്‌ അമ്മ പറഞ്ഞു,

ഒന്നാമന്‍ പറയുന്നത്‌ "കുഞ്ഞേ, കുഞ്ഞേ, കാണണ്ടാത്തതു കാണേണ്ടാ... "
രണ്ടാമന്‍ പറയുന്നു "കുഞ്ഞേ കുഞ്ഞേ, കേള്‍ക്കണ്ടാത്തതു കേള്‍ക്കണ്ടാ..."
മൂന്നാമന്‍ പറയുന്നു "കുഞ്ഞേ, കുഞ്ഞേ, ചൊല്ലരുതാത്തതു ചൊല്ലണ്ടാ....."

ചെറുപ്പകാലത്ത്‌ ഇതിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും പിടികിട്ടിയില്ല എങ്കിലും, അറിവായപ്പോള്‍ അതിന്റെ വ്യാപ്തി മനസ്സിലായി. എത്ര അര്‍ത്ഥവത്തായ പഴമൊഴി! തിന്മയായ എന്തില്‍നിന്നും നോക്കിലും, വാക്കിലും, കേള്‍വിയിലും ഒഴിഞ്ഞിരിക്കുമെങ്കില്‍ സകല തിന്മകളില്‍ നിന്നും നാം മോചിതരായിരിക്കുമെന്ന മഹത്തായ ചിന്തയാണ്‌ ഈ മൂന്നു കുരങ്ങന്മാര്‍ പറഞ്ഞുതരുന്നതെന്ന അറിവ്‌ എനിക്ക്‌ അവരോടുള്ള സ്നേഹം വര്‍ദ്ധിപ്പിച്ചു.
ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ച, പറഞ്ഞുതന്ന ഈ ചിന്തകള്‍ എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്‌. ടി.വി.യും ഇന്റര്‍നെറ്റും തുടങ്ങി പലമാധ്യമങ്ങളും വളരെ പ്രചാരത്തിലുള്ള ഈ കാലഘട്ടത്തില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക്‌ അവരുടെ മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കേണ്ട പാഠവും ഇതുതന്നെ. ഗുണവും ദോഷവും വേര്‍തിരിച്ചറിഞ്ഞ്‌ വളരുവാന്‍ അവരെ പ്രാപ്തരാക്കുക. "കാഴ്ച" എന്നത്‌ ദൃശ്യമാധ്യമങ്ങളില്‍മാത്രം ഒതുങ്ങുന്നില്ല. നിലവാരമില്ലാത്തതും, യാതൊരുവിധ പാഠങ്ങളും നല്‍കാനില്ലാത്തതുമായ സീരിയലുകളും, സിനിമകളും കാണുവാന്‍ കുട്ടികളെ നിര്‍വിഘ്നം അനുവദിക്കാതെ, പ്രയോജനമുള്ള, നല്ല ഡോക്യുമെന്ററികള്‍, നല്ല കഥകള്‍, നോവലുകള്‍, ലേഖനങ്ങള്‍ (അത്‌ പുസ്തകമോ ഇന്റര്‍നെറ്റോ എന്തുമാകാം) തുടങ്ങിയവയൊക്കെ അവര്‍ക്കു നല്‍കുക. ഉപദേശം മാത്രം നല്‍കാതെ, നമ്മുടെ പ്രവര്‍ത്തിയിലൂടെയും അവര്‍ക്കത്‌ മനസ്സിലാവണം. മൂന്നുനാലു വയസ്സായ കൊച്ചുകുട്ടികള്‍, അവരുടെ ലോകത്താണെന്നു നമുക്ക്‌ തോന്നുന്നുണ്ടെങ്കിലും, അവര്‍ വളരെ വേഗം നമ്മില്‍ നിന്ന് പലകാര്യങ്ങളും ഗ്രഹിക്കുകയാണെന്നത്‌ പലര്‍ക്കും അറിയാത്ത സംഗതിയാണ്‌. ചെറുപ്പത്തില്‍ വീട്ടില്‍നിന്നു ശീലിക്കുന്ന നല്ല ഗുണങ്ങള്‍ കൗമാരത്തിലും യൗവ്വനത്തിലും നഷ്ടപ്പെട്ടുപോകാതെ ജീവിതാന്ത്യത്തോളം നിലനില്‍ക്കും എന്നത്‌ ഒരു യാഥാര്‍ഥ്യമത്രേ.

രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഒരവധിക്കാലത്ത്‌ അച്ഛനമ്മമാരേയുംകൂട്ടി പുനലൂരിലെ പഴയ വാസസ്ഥലവും, അന്നത്തെ അയല്‍ക്കാരെയുമൊക്കെ ഒന്നു കാണുവാന്‍ ഞങ്ങള്‍ പോയിരുന്നു. ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ വളരെ മാറ്റങ്ങള്‍ വരുത്തിയിരുന്നു ആ പ്രദേശങ്ങള്‍ക്ക്‌. പഴയ റിച്ചീസിനുമുന്‍പില്‍ക്കൂടി കാര്‍ പോകുമ്പോള്‍ ഞാന്‍ കുരങ്ങമ്മാരെപ്പറ്റി ഓര്‍ത്തു. അപ്പ അമ്മയോടു പറയുന്നതു കേട്ടു, "പണ്ട്‌ ഇതുവഴി എത്ര നടന്നതാ..." എന്ന്. ശരിയാണ്‌. വൈകുന്നേരങ്ങളില്‍ ടൗണിലേക്ക്‌ പോകുന്ന അപ്പ, ഒരു സഞ്ചിയില്‍ വീട്ടിലേക്കുള്ള സാധനങ്ങളും കൈയ്യിലേന്തി, എട്ടുമണിയോളമാവുമ്പോഴേക്ക്‌ തിരിച്ചെത്തും. റോഡില്‍നിന്ന് വയല്‍വരമ്പുവഴി ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയിലെ കൂരിരുട്ടില്‍ ഒരു മിന്നിക്കുന്ന ടോര്‍ച്ചോ, അല്ലെങ്കില്‍ ഒരു പേപ്പറില്‍ ചുരുട്ടി കത്തിച്ച മെഴുകുതിരിവെട്ടമോ കാണുമ്പോള്‍ അത്‌ അപ്പയാണോ എന്നു നോക്കി ഞങ്ങള്‍ നില്‍ക്കുമായിരുന്നു. അച്ഛനുള്ള വീട്‌ എത്ര സുരക്ഷിതമാണ്‌...അല്ലേ?

അവരുടെ പരിമിതമായ ചുറ്റുപാടുകളില്‍ ഒതുങ്ങിനിന്നുകൊണ്ട്‌ മക്കളെ നല്ല രീതിയില്‍ രൂപപ്പെടുത്തിയെടുത്തതിന്റെ സുകൃതമാണല്ലോ ഞങ്ങള്‍ ഇന്നനുഭവിക്കുന്നതെന്ന് ഹൃദയംനിറയുന്ന സന്തോഷത്തോടെ ഞാനപ്പോള്‍ ഓര്‍ത്തു.

****************** ***************

വാല്‍ക്കഷണം: മൂന്നുകുരങ്ങന്മാരുടെ "See no evil, hear no evil, speak no evil" എന്ന പഴമൊഴിക്ക്‌ എട്ടാം നൂറ്റാണ്ടാളം പഴക്കമുണ്ടത്രേ. ഇന്‍ഡ്യയില്‍നിന്ന് ജപ്പാനിലെത്തിയ ബുദ്ധമത സന്യാസിമാരാണിത്‌ ജപ്പാനില്‍ പ്രചരിപ്പിച്ചതെന്നു കരുതപ്പെടുന്നു. ജപ്പാനിലെ ടൊഷോഗു ആരാധനാലയത്തിന്റെ ഒരു വാതില്‍പ്പടിമേല്‍ കൊത്തിവച്ചിരിക്കുന്ന മൂന്നു കുരങ്ങന്മാരുടെ രൂപങ്ങള്‍ പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ്‌. വിവരങ്ങള്‍ക്കു കടപ്പാട്‌, വിക്കിപീഡിയയ്ക്ക്‌.

Read more...

കുഞ്ഞിനെ എടുക്കുവാന്‍ മറന്ന അമ്മ

>> Tuesday, April 24, 2007

ബ്ലോഗര്‍ സുഹൃത്ത്‌ ഇടിവാള്‍ ഈയാഴ്ച എഴുതിയ "മടക്കയാത്ര" എന്ന ചെറുകഥയില്‍ ഗള്‍ഫിലേക്ക്‌ വിരുന്നുവന്ന മുത്തശ്ശിയുമായി രണ്ടുമാസമായിട്ടും ഇണങ്ങാത്ത കൊച്ചുമകളെപ്പറ്റി വിവരിക്കുന്നുണ്ട്‌. ഈ തലമുറയിലെ പല(പ്രവാസി)കുട്ടികളും എന്തേ ഇങ്ങനെ? ബന്ധങ്ങള്‍ അറിയാന്‍പാടില്ല്ലാത്ത കുട്ടികള്‍, മാതാപിതാക്കളോടുള്ളതിനേക്കാള്‍ കൂട്ടുകാരോട്‌ വിധേയത്വം കാണിക്കുന്ന കുട്ടികള്‍, ടി.വി.യിലും ഇന്റെനെറ്റിലും, ഗെയിമുകളിലും അഡിക്റ്റായ കുട്ടികള്‍, പത്തുപന്ത്രണ്ടു വയസ്സാവുമ്പോഴേക്കും കുട്ടിത്തം തന്നെ നഷ്ടപ്പെട്ടുപോകുന്ന കുട്ടികളല്ലാത്ത കുട്ടികള്‍.


പണ്ട വായിച്ച ഒരു കഥയുണ്ട്‌. പ്രണയബദ്ധരായിരുന്ന ഒരു യുവതിയും യുവാവും വിവാഹം കഴിച്ചു. സന്തോഷകരമായ അനുഭവങ്ങള്‍ സമ്മാനിച്ച ജീവിതം പക്ഷെ അധികകാലം നീണ്ടുനിന്നില്ല. അവരുടെ സ്നേഹത്തിന്റെ ശേഷിപ്പായി ഒരു കൊച്ചു ജന്മത്തെ അവളുടെ ഗര്‍ഭപാത്രത്തില്‍ വളരാന്‍ വിട്ടിട്ട്‌ അവന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയി. വളരെ ദുഃഖിതയും ഖിന്നയുമായിത്തീര്‍ന്ന ആ യുവതി യഥാകാലം ഒരു കുഞ്ഞിനെ പ്രസവിച്ചു. വരുമാനമാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാതിരുന്ന അവള്‍ ഒരു വീട്ടില്‍ ജോലിചെയ്ത്‌ കുഞ്ഞിനെ സംരക്ഷിച്ചുപോന്നു. തന്റെ ദുഃഖവും പ്രയാസങ്ങളും അവള്‍ ഈശ്വരനില്‍ സമര്‍പ്പിച്ച്‌ എന്നും പ്രാര്‍ഥിക്കുമായിരുന്നു. പക്ഷേ ഈശ്വരന്‍ മൗനം തുടര്‍ന്നു.


ഇതുകണ്ട സങ്കടം തോന്നിയ ഒരു മാലാഖ ഈശ്വരനോട്‌ ചോദിച്ചു, "അങ്ങെന്താണ്‌ ഇങ്ങനെ മൗനം പാലിക്കുന്നത്‌. ആ വിധവയായ സ്ത്രീയ്ക്ക്‌ കുഞ്ഞിനേയും വളര്‍ത്തി ശിഷ്ടകാലം കഴിയാനുള്ള ധനം അങ്ങേയ്ക്ക്‌ നല്‍കിക്കൂടേ" എന്ന്. ഈശ്വരന്‍ പ്രതിവചിച്ചു. "ശരി, നീ ആ സ്ത്രീയുടെ അടുത്തു ചെന്ന് നിനക്കു യുക്തമെന്നു തോന്നുന്നത്‌ നല്‍കിക്കൊള്ളുക. പക്ഷേ സൂക്ഷിക്കണം, അവള്‍ മനുഷ്യവര്‍ഗ്ഗത്തില്‍ പെട്ടവളാണ്‌".


മാലാഖയ്ക്ക്‌ സന്തോഷമായി. മാലാഖ അവളുടെ അടുത്തെത്തിയിട്ട്‌ പറഞ്ഞു, "നിന്റെ കഷ്ടപ്പാടുകളൊക്കെ മാറാന്‍ പോകുന്നു. ശിഷ്ടകാലം സന്തോഷത്തോടെ നിന്റെ കുഞ്ഞിനോടൊപ്പം കഴിയുവാനുള്ള ധനം നിനക്കു നല്‍കുവാന്‍ ഈശ്വരന്‍ അയച്ചതാണ്‌ എന്നെ". മാലാഖ അവളെ ഒരു മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. സ്വര്‍ണ്ണനാണയങ്ങള്‍ കൂട്ടിയിട്ടിരുന്ന ഒരു മുറിയായിരുന്നു അത്‌. മാലാഖ അവളോടുപറഞ്ഞു. "അരമണിക്കൂര്‍ സമയം ഞാന്‍ നിനക്കു തരുന്നു. നിനക്ക്‌ എടുക്കാവുന്നിടത്തോളം നാണയങ്ങള്‍ എടുത്തുകൊള്ളുക. പക്ഷേ ഓരോന്നായി മാത്രമേ എടുക്കാവൂ. അരമണിക്കൂര്‍ കഴിയുന്നതിനു മുമ്പ്‌ നീ മുറിക്ക്‌ പുറത്ത്‌ ഇറങ്ങിക്കൊള്ളുകയും വേണം, അല്ലെങ്കില്‍ ഈ മുറിയുടെ വാതില്‍ അടയും, പിന്നീടൊരിക്കലും നിനക്ക്‌ പുറത്തിറങ്ങാന്‍ കഴിയുകയുമില്ല" മുപ്പതു മിനിറ്റ്‌ സൂചിപ്പിക്കുന്ന ഒരു ക്ലോക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്തിട്ട്‌ മാലാഖ അപ്രത്യക്ഷമായി. തന്റെ കൊച്ചുകുഞ്ഞിനെ ഒരു വശത്തിരുത്തിയിട്ട്‌ ആ അമ്മ തന്റെ സാരിത്തലപ്പില്‍ ഓരോരോ സ്വര്‍ണ്ണനാണയങ്ങളായി പെറുക്കിയെടുക്കാന്‍ ആരംഭിച്ചു.


സമയം കടന്നുപോയി. "മതി, നിനക്കും നിന്റെ കുഞ്ഞിനും ജീവിതകാലം മുഴുവന്‍ സുഭിക്ഷമായിക്കഴിയുവാനുള്ള വകയായി" എന്ന് അവളുടെ മനസ്സാക്ഷി ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ അവളില്‍ ഉറങ്ങിക്കിടന്നിരുന്ന അത്യാഗ്രഹം സടകുടഞ്ഞെഴുന്നേറ്റ്‌ വീണ്ടും വീണ്ടും നാണയങ്ങള്‍ പെറുക്കുവാന്‍ അവളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. മുപ്പതു മിനിറ്റ്‌ അവസാനിക്കുവാന്‍ രണ്ടുസെക്കന്റ്‌ മാത്രം ബാക്കിയുള്ളപ്പോള്‍ അവള്‍ ആ ഭാരമേറിയ സ്വര്‍ണ്ണക്കൂമ്പാരവും വഹിച്ചുകൊണ്ട്‌ മുറിക്കുപുറത്തിറങ്ങി. വാതിലും അടഞ്ഞു. പക്ഷേ അവളുടെ കുഞ്ഞിനെ എടുക്കുവാന്‍ ആ തിരക്കിനിടയില്‍ അവള്‍ മറന്നുപോയിരുന്നു......


ഇതുതന്നെയല്ലേ ഇടിവാളിന്റെ കഥാപാത്രമായ കുഞ്ഞിനും പറ്റിയത്‌? ആരാണിതിനുത്തരവാദികള്‍? കുഞ്ഞുങ്ങളോ, അതോ ജീവിത തിരക്കുകള്‍ക്കിടയില്‍ അവരെ എടുക്കുവാന്‍ മറന്നുപോകുന്ന നമ്മള്‍ മാതാപിതക്കളോ? മേല്‍പ്പറഞ്ഞ കഥയിലെ നാണയങ്ങള്‍ പണത്തെ മാത്രമല്ല, നമ്മുടെ ഓരോ പ്രവൃത്തിയേയും ദൃശ്യവല്‍ക്കരിക്കുന്നു. കൊച്ചുകുട്ടികളുടെ മനസ്സ്‌ ഒരു ബ്ലാങ്ക്‌ പേപ്പറാണ്‌ എന്നു പറയാറുണ്ടല്ലോ? അതില്‍ മതാപിതാക്കള്‍ ചെറുപ്രായത്തില്‍ത്തന്നെ കുറിച്ചിടുന്ന "പോസ്റ്റുകളും കമന്റുകളുമാണ്‌" അവരുടെ മനസ്സില്‍ പതിഞ്ഞ്‌ വരുന്നത്‌. ഇതിന്റെ കൂടെ, "ചൊട്ടയിലെ ശീലം ചുടലവരെ" എന്ന പഴമൊഴിയും ചേര്‍ത്ത്‌ വായിക്കുമ്പോള്‍ ചിത്രം കുറേക്കൂടി വ്യക്തം.


നാട്ടില്‍ വളരുന്ന കുട്ടികള്‍ക്ക്‌ അവരുടെ വളര്‍ച്ചയില്‍ സ്വാഭാവികമായി പകര്‍ന്നുകിട്ടുന്ന അനുഭവങ്ങളിലൂടെ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യവും, സ്നേഹത്തിന്റെ ഊഷ്മളതയും മനസ്സിലാക്കുന്നു. പ്രവാസിയുടെ കുട്ടിയെ സംബന്ധിച്ചിടത്തോളം മാതാപിതാക്കള്‍ അവര്‍ക്ക്‌ പറഞ്ഞുകൊടുക്കേണ്ട ഒരു കടമയായി ഇത്‌ മാറുന്നു.മുത്തഛന്‍, മുത്തശ്ശീ, മറ്റു ബന്ധുക്കള്‍ തുടങ്ങിയവരെപ്പറ്റിയുള്ള അറിവും, അവര്‍ എന്ന വ്യക്തി എന്താണെന്നും ചെറുപ്പത്തില്‍ത്തന്നെ കുഞ്ഞുങ്ങള്‍ക്ക്‌ സ്വന്തം ജീവിതമാതൃകകളിലൂടെ, അവരുമായുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ കാണിച്ചു കൊടുക്കുവാന്‍ എത്ര മാതാപിതാക്കള്‍ക്ക്‌ കഴിയുന്നുണ്ട്‌? സമൂഹ്യ ബോധത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കേണ്ടത്‌ സ്വന്തം വീട്ടില്‍നിന്നു തന്നെയാണ്‌. വ്യക്തിബന്ധങ്ങളുടെ വില അറിയേണ്ടതും അവിടുന്നുതന്നെ. എത്ര തിരക്കു പിടിച്ച ജീവിതമായാലും, ഇതിനൊക്കെ നാം സമയം കണ്ടെത്തുന്നില്ലെങ്കില്‍ 'സ്വയംകൃതാനര്‍ത്ഥം' എന്നു ചിന്തിച്ച്‌ നാളെ ആശ്വസിക്കുകയേ വഴിയുള്ളൂ.


ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം, കുടുംബങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരുമായുള്ള ഇടപഴകലിന്റെ സമയക്രമം തന്നെ തകര്‍ക്കുന്നു എന്നത്‌ ഒരു സത്യമാണ്‌. അതിഥികള്‍ വീട്ടിലെത്തിയാല്‍പ്പോലും “നിര്‍ജ്ജീവങ്ങളായ കണ്ണുകള്‍“ ടി.വി.യിലുറപ്പിച്ച് ചുറ്റുപാടും യാതൊരു ശ്രദ്ധയുമില്ലാതെ മണിക്കൂറുകളോളം ഇരിക്കുന്ന കുട്ടികളേയും നമുക്ക് പരിചയമുണ്ടല്ലോ? കുട്ടികളുമായി സംസാരിക്കാന്‍ സമയം കണ്ടെത്തുക, നാടും വീടുമായി ബന്ധപ്പെട്ട കാര്യങ്ങളും, പഴയ അനുഭവങ്ങളും ഒഴിവുവേളകളില്‍ അവരുമായി പങ്കുവയ്ക്കുക, തുടങ്ങിയവയൊക്കെ പ്രവാസികള്‍ക്ക്‌ ചെയ്യാന്‍ പറ്റും. മറ്റൊരു പ്രധാന സംഗതി, നാം ഏതു മതവിശ്വാസത്തില്‍പ്പെട്ടവരുമായിക്കോട്ടെ, നമ്മുടെ കുഞ്ഞുങ്ങളെ ആ മതത്തില്‍ അടിയുറച്ച വിശ്വാസികളായി വളര്‍ത്തിയെടുക്കുക എന്നതാണ്‌. എങ്കില്‍, അടുത്ത തലമുറയിലും നന്മയുണ്ടാവും. എല്ലാ മതങ്ങളും ആത്യന്തികമായി മനുഷ്യ നന്മയാണല്ലോ ലക്ഷ്യമാക്കുന്നത്‌.


ബ്ലോഗര്‍ പ്രിയംവദ, സ്വപ്നങ്ങള്‍ കൈമോശം വന്നവര്‍“ എന്ന ലേഖനത്തില്‍ അഭിപ്രായപ്പെട്ടതുപോലെ, "എക്സ്‌പോര്‍ട്ട്‌ ക്വാളിറ്റി" യുള്ള തലമുറയായി അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനു എല്ലാം വാരിക്കോരിനല്‍കുമ്പോഴും ജീവിതത്തിന്റെ മൂല്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ സമയമില്ലാതെ വരുന്ന "പാവം" നമ്മള്‍! ഇതു തുടരുന്ന കാലത്തോളം "മടക്കയാത്രകള്‍" തുടരും. ഇന്നു ഞാന്‍ നാളെ നീ എന്ന വ്യത്യാസം മാത്രം.

Read more...

ഒരു ജന്മദിനത്തിന്റെ ഓര്‍മ്മയ്ക്ക്‌

>> Tuesday, April 10, 2007ഇന്ന് ഏപ്രില്‍ പത്ത്. ഞങ്ങളുടെ ഉണ്ണിമോള്‍ക്ക്‌ എട്ടുവയസ്സ്‌ തികയുന്നു. നാട്ടില്‍നിന്ന് ഫോണിലൂടെ അപ്പച്ചനും അമ്മച്ചിയും സന്തോഷാശ്രുക്കളോടെ പറഞ്ഞ ജന്മദിനാശംസകളും, അപ്പയും അമ്മയും, ഉണര്‍ന്നെഴുന്നേറ്റപ്പോള്‍തന്നെ സ്നേഹപൂര്‍വ്വം നല്‍കിയ മുത്തങ്ങളും, മൂന്നുവയസ്സുകാരന്‍ ആങ്ങള പറഞ്ഞ "ഉന്നീ, ഹാപ്പി ബത്ഡേ ഉന്നീ" എന്ന ആശംസയും അവളെ വളരെ സന്തോഷിപ്പിച്ചിരിക്കുന്നു. ഇന്നു രാവിലെ പതിവു യൂണിഫോം മാറ്റിവച്ച്‌ പാര്‍ട്ടി ഡ്രസും ധരിച്ച്‌, കൈയ്യില്‍ കൂട്ടുകാര്‍ക്ക്‌ നല്‍കാന്‍ ചോക്ലേറ്റുകളും, ക്ലാസില്‍ വച്ച്‌ മുറിക്കാന്‍ ഒരു കേക്കും, പുസ്തകസഞ്ചിയുമായി സന്തോഷത്തോടെ അവള്‍ സ്കൂള്‍ബസ്സില്‍ കയറിപ്പോകുമ്പോള്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു, പണ്ട്‌ എന്റെ മാതാപിതാക്കള്‍ അവരുടെ പരിമിതമായ ചുറ്റുവട്ടങ്ങളില്‍ നിന്നുകൊണ്ട്‌ എന്റെ ജന്മദിനങ്ങള്‍ ആഘോഷിച്ചിരുന്നത്‌.


വീട്ടിലെ മൂത്ത മക്കളുടെ ജനനവും വളര്‍ച്ചയുടെ ഓരോപടവുകളും അച്ഛനമ്മമാര്‍ക്ക്‌ പ്രത്യേകിച്ച്‌ ഒരല്‍പം മധുരം കൂടുതലുള്ള ഓര്‍മ്മകളാണല്ലോ. ഞങ്ങള്‍ സഹോദരങ്ങളുടെ ജന്മദിനങ്ങള്‍ വരുമ്പോള്‍, അമ്മ ഉച്ചയ്ക്ക്‌ ഒരു അരിപ്പായസം വച്ച്‌ സമീപത്തുള്ള വീടുകളിലെ കുട്ടികളെ വീട്ടിലേക്ക്‌ വിളിച്ച്‌ കൊടുക്കും. വിളമ്പാനുള്ള വാഴയില വെട്ടുന്നതും, കുട്ടികളെ ക്ഷണിക്കാന്‍ പോകുന്നതും എന്റെ ജോലിയായിരുന്നു. വൈകിട്ട്‌ ഞങ്ങളുടെ അപ്പ ടൗണിലേക്ക്‌ പോകും. തിരിച്ചുവരുമ്പോള്‍ ഒരു പായ്ക്കറ്റില്‍ നിറയെ ബേക്കറിയില്‍ നിന്നും വാങ്ങിയ ആറേഴിനം ഇനം പലഹാരങ്ങളും ആയിട്ടാവും വരുന്നത്‌. ഇങ്ങനെയായിരുന്നു ഞങ്ങളുടെ ചെറുപ്പകാലത്തെ ജന്മദിനാഘോഷം.


നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണെന്നു തോന്നുന്നു, ഒരു മാര്‍ച്ച്‌ മാസത്തില്‍ ഏഷ്യാനെറ്റിലെ "കണ്ണാടി" എന്ന പരിപാടിയില്‍ വടക്കന്‍ കേരളത്തിലെവിടെയോ ഉള്ള സുമിത്ര എന്നൊരു പാവം പെണ്‍കുട്ടിയുടെ കഥ കാണിച്ചിരുന്നു. സുമിത്രയ്ക്ക്‌ അന്ന് ഏഴുവയസ്സു പ്രായം. അമ്മ മരിച്ചു. അച്ഛന്‍ കൂലിപ്പണിക്കാരന്‍. ഇളയ രണ്ടുകുട്ടികള്‍. മൂന്നും, ഒന്നരയും വയസ്സ്‌ പ്രായം. ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലിലാണ്‌ താമസം. സുമിത്രയ്ക്ക്‌ വീട്ടില്‍ പിടിപ്പത്‌ പണി. സ്കൂളില്‍ പോകുന്നില്ല. ഇളയ രണ്ടുകുട്ടികളെ പകല്‍മുഴുവന്‍ നോക്കണം, കുളിപ്പിക്കണം, ചോറ്‌ വയ്ക്കണം - അയലത്തുനിന്ന് ചിരവ കടംവാങ്ങിയാണ്‌ തേങ്ങ തിരുമ്മുന്നതും തന്നോളം പോന്ന ഒരമ്മിക്കല്ലില്‍ ചമ്മന്തിയരയ്കൂന്നതും. അവിശ്വസനീയം, അല്ലേ? പക്ഷേ സത്യമായ കാര്യങ്ങള്‍, അതിഭാവുകത്വങ്ങളില്ലതെ വീഡിയോ ചിത്രങ്ങളായി നമ്മുടെ മുമ്പില്‍ തെളിയുമ്പോള്‍ എന്തിനവിശസിക്കണം? ഒന്നരവയസ്സുകാരന്‍ അനുജനും, മൂന്നുവയസ്സുകാരി അനുജത്തിക്കും ഒരു ചിരട്ടയില്‍ പൊരിക്കടലയിട്ടികൊടുത്ത് ഒരിടത്തിരുത്തിയിട്ട് സുമിത്ര ഒരു കലത്തില്‍ കഞ്ഞിവയ്ക്കുന്ന രംഗം ടി.വി. യില്ലാതെതന്നെ എനിക്കിപ്പോഴും കാണാം. നോക്കുക, സുമിത്രയ്ക്ക്‌ ഏഴുവയസ്സേയുള്ളു, പക്ഷേ വിധിയവളെ ഒരു വീട്ടമ്മയുടെ റോളില്‍ ആക്കിയിരിക്കുന്നു. പത്തും പന്ത്രണ്ടും വയസ്സായിട്ടും സ്വയം മുടിചീകാന്‍ പോലുമറിയാത്ത നമ്മുടെയൊക്കെ വീടുകളിലെ കുട്ടികളെ ഞാനന്നോര്‍ത്തു.


കണ്ണാടി അതേ എപ്പിസോഡ്‌ റീ-ടെലിക്കാസ്റ്റ്‌ ചെയ്തപ്പോള്‍ ഞാനത്‌ റിക്കോഡ്‌ ചെയ്തുവച്ചു, എന്റെ കുട്ടികള്‍ വലുതാകുമ്പോള്‍ കാണിച്ചുകൊടുക്കുവാന്‍, ഇങ്ങനെയും ഈ ലോകത്ത്‌ ചില കുട്ടികളുണ്ടെന്ന്. ഉണ്ണിമോളുടെ മൂന്നാം ബര്‍ത്ത്‌ ഡേ ഒരാഴ്ചയ്ക്കു ശേഷം വരുന്നുണ്ടായിരുന്നു. അതോടനുബന്ധിച്ച്‌ കൂട്ടുകാരെയെല്ലാം വിളിച്ച്‌ ഒരു പാര്‍ട്ടിയും (ഗെറ്റ് റ്റുഗദര്‍) ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷേ സുമിത്രയുടെ കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചൂ, "ഈവര്‍ഷം ഉണ്ണീയുടെ ബര്‍ത്ത്ഡേയ്ക്ക്‌ പാര്‍ട്ടി വേണ്ടാ. പകരം അതിനു ചിലവാകുന്ന തുക, സുമിത്രയെ സഹായിക്കാനുള്ള ഫണ്ടിലേക്ക്‌ സംഭാവന ചെയ്യാം" എന്ന്. അങ്ങനെ ആ തുക ഏഷ്യാനെറ്റിന്‌ അയച്ചുകൊടുക്കുകയും ചെയ്തു. കണ്ണാടിയുടെ അനേകം പ്രേക്ഷകര്‍ സംഭാവനകള്‍ അയച്ചു കൊടുത്തു, പിന്നീട്‌ സുമിത്രയ്ക്ക്‌ ഒരു വീടുമായി. അത് കണ്ണാടിയുടെ മറ്റൊരു എപ്പിസോഡ്.


ഇന്നലെ ഞങ്ങള്‍ വീണ്ടും ആ കാസറ്റ്‌ പ്ലേചെയ്ത്‌ സുമിത്രയുടെ കഥ മോളെ കാണിച്ചു. "അപ്പ അന്നങ്ങനെ ചെയ്തപ്പോള്‍ സുമിത്രയ്ക്ക്‌ എത്ര സന്തോഷമായിക്കാണും" എന്ന് ഇന്നലെ ഉണ്ണീമോള്‍ പറഞ്ഞപ്പോള്‍ ഒരു എട്ടുവയസ്സുകാരിക്ക്‌ അത്യാവശ്യം വേണ്ട അറിവ്‌ അവള്‍ക്ക്‌ ആയിക്കഴിഞ്ഞല്ലോ എന്നോര്‍ത്ത്‌ ഞങ്ങള്‍ സന്തോഷിച്ചു.

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP