നിശ്ശബ്ദരായ കൊലയാളികള്‍

>> Tuesday, May 22, 2007

നിഖിലും നിഷയും അവരുടെ രണ്ടരവയസ്സായ കുട്ടിയും - ദുബായ്‌ കരാമയില്‍ താമസിച്ചിരുന്ന ചെറിയ സന്തുഷ്ടകുടുംബം. പേരില്‍ മാത്രമല്ലായിരുന്നു അവരുടെ പൊരുത്തം. നിഖില്‍ ഒരു പ്രമുഖ കമ്പനിയില്‍ എന്‍ജിനീയര്‍. നിഷ അക്കൗണ്ടന്റ്‌, ഒരു ബാങ്കില്‍ ജോലിചെയ്യുന്നു. 2005 നവംബര്‍ മാസത്തിലെ ഒരു വ്യാഴാഴ്ച രാത്രിയില്‍ അവര്‍ പതിവു ഔട്ടിംഗും റെസ്റ്റോറന്റില്‍നിന്നു ഭക്ഷണവും ഒക്കെ കഴിഞ്ഞതിനു ശേഷം വൈകി ഉറങ്ങാന്‍ കിടന്നതാണ്‌. വെള്ളിയാഴ്ച നേരമേറെ പുലര്‍ന്നിട്ടും നിഖില്‍ എഴുന്നേറ്റില്ല. ഏറെവൈകാതെ നിഷ ആ നടുക്കുന്ന സത്യം മനസ്സിലാക്കി, നിഖില്‍ ഇനി ഉണരില്ല. ഉറക്കത്തില്‍ സംഭവിച്ച ഹൃദയസ്തംഭനമാണ്‌ മരണകാരണമെന്ന് പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌.

ഹൃദയസ്തംഭനവും, രക്തസമ്മര്‍ദ്ദവും, പ്രമേഹവും ഒക്കെ അന്‍പതിനുമേല്‍ പ്രായമായവര്‍ക്കു വരാവുന്ന അസുഖങ്ങളായിരുന്നു പണ്ടൊക്കെ. എന്നാലിന്ന് അതൊക്കെ മുപ്പതിലെത്തിയിട്ടില്ലാത്ത ചെറുപ്പക്കാരെയും പിടികൂടാവുന്ന അസുഖങ്ങളായി മാറിയിരിക്കുന്നു. മരിക്കുന്നവര്‍ മരിച്ചു, ലോകത്തിന്റെ സകല ആകുലതകളില്‍ നിന്നും അവര്‍ വിമോചിതരായി, എന്നാല്‍ അവരെ ആശ്രയിച്ചുകഴിയുന്നവരോ? അവര്‍ക്കല്ലേ ഒരു അകാല മരണത്തിന്റെ ആഘാതം മുഴുവന്‍ ഏല്‍ക്കേണ്ടിവരിക? മതങ്ങളിലും ദൈവത്തിലും വിശ്വസിക്കുന്നവര്‍ പറഞ്ഞേക്കാം, മരണവും ജനനവുമൊക്കെ ദൈവ നിശ്ചയമാണ്‌, വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല എന്നൊക്കെ. ശരിതന്നെ. പക്ഷേ നമുക്ക്‌ നമ്മുടെ ശരീരത്തോടും, ജീവിതത്തോടും, നമ്മെ ആശ്രയിച്ചുകഴിയുന്നവരോടും, സര്‍വ്വോപരി ഈ ജീവിതം തന്ന ദൈവത്തോടും പാലിക്കേണ്ട ചില പ്രതിബദ്ധതകളൊക്കെയില്ലേ? ആശ്രയിക്കുക എന്നവാക്കിന്‌ ഇവിടെ പണത്തിനു വേണ്ടി ആശ്രയിക്കുക എന്നു മാത്രമല്ല അര്‍ത്ഥം - ഒരു അച്ഛനു പകരമാവാന്‍, അമ്മയ്ക്കുപകരമാവാന്‍, ഭര്‍ത്താവിനു പകരമാവാന്‍, അവരുടെ വേര്‍പാടു നല്‍കുന്ന നഷ്ടം നികത്താന്‍ മറ്റൊന്നിനും സാധിക്കില്ല എന്ന വലിയ സത്യമാണ്‌ ഇവിടെ "ആശ്രയം" എന്ന വാക്കിലൂടെ ഞാന്‍ അര്‍ത്ഥമാക്കുന്നത്‌.

നാമോരുരുത്തരും "ആരോഗ്യത്തോടെ ജീവിക്കുന്നു", എനിക്കു "കുഴപ്പമൊന്നുമില്ല" എന്ന് സ്വയം തീരുമാനിക്കുമ്പോഴും എപ്പോഴും കരുതിയിരുന്നുകൊള്ളുക, നിശ്ശബ്ദ കൊലയാളികളായ അസുഖങ്ങള്‍ പതിയെ നമ്മുടെ ഉള്ളില്‍ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവാം. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ കൊലയാളി സമീപ ഭാവിയിത്തന്നെ വളര്‍ന്നുവലുതായി ഒരു നീരാളിയെപ്പോലെ നമ്മെ പിടികൂടിയേക്കാം. ഇത്തരം കൊലയാളികളില്‍ പ്രമുഖസ്ഥാനമാണ്‌ കൊളസ്ട്രോള്‍ എന്ന വില്ലനും, ഹൈപ്പര്‍ടെന്‍ഷന്‍ എന്ന ബ്ലഡ്പ്രഷറിനും ഉള്ളത്‌. പാരമ്പര്യം ഒരു ഘടകമാണെങ്കിലും പ്രമേഹത്തിനും ഇതേ സ്ഥാനമാണുള്ളത്‌. എല്ലാത്തിന്റേയും മൂലകാരണങ്ങള്‍ (അലസമായ) ജീവിതരീതിയും ഭക്ഷണക്രമവും ആണെന്നത്‌, ഇത്തരം രോഗാവസ്ഥകള്‍ മനുഷ്യരെ പിടികൂടുന്നതില്‍ അവര്‍ക്കുതന്നെയുള്ള പങ്ക്‌ വ്യക്തമാക്കുന്നു. അങ്ങനെ നോക്കുമ്പോള്‍, ഇങ്ങനെ സംഭവികുന്ന അകാലമരണങ്ങളുടെ പകുതി ബാധ്യത നാം തന്നെ ഏറ്റെടുക്കേണ്ടിവരുന്നു.

ദൈവം മറ്റെല്ലാ ജന്തുക്കള്‍ക്കും അവരവര്‍ക്കു അവശ്യം വേണ്ടതും ആരോഗ്യത്തിനു ദോഷമായി ഭവിക്കാത്തതുമായ ഭക്ഷണങ്ങളോടു മാത്രം താല്‍പര്യം കൊടുത്തിരിക്കുമ്പോള്‍ മനുഷ്യനു മാത്രമെന്താണ്‌ കണ്ണില്‍കണ്ടതെല്ലാം വാരിത്തിന്നാനുള്ള ആര്‍ത്തിയും രുചിയും കൊടുത്തിരിക്കുന്നത്‌ എന്നു ചിന്തിച്ചിട്ടുണ്ടോ? മനുഷ്യനു മാത്രമേ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും കൊടുത്തിട്ടുള്ളൂ എന്നതു തന്നെയാണ്‌ അതിന്റെ ഉത്തരം. മനുഷ്യശരീരം എന്ന അത്യന്തം ബൃഹത്തും വൈവിധ്യം നിറഞ്ഞതുമായ, ഏത്‌ അത്യന്താധുനിക മെഷീനറിയേക്കാളും സാങ്കേതികത്തികവും മേന്മകളും സ്വന്തമായുള്ളതുമായ ഒരു സൃഷ്ടിവൈഭവത്തെ നമ്മുടെതന്നെ ഉത്തരവാദിത്തമില്ലാത്ത കൈകാര്യം ചെയ്യല്‍ കാരണം ഗ്യാരന്റി കാലാവധിക്കുമുമ്പുതന്നെ പ്രവര്‍ത്തനശൂന്യമാക്കുന്ന രീതിയിലല്ലേ നാം പലപ്പോഴും കൈകാര്യം ചെയ്യുന്നത്‌!

വ്യായായാമക്കുറവ്‌ ഈ നിശ്ശബ്ദ കൊലയാളികള്‍ക്ക്‌ വളരുവാന്‍ അനുയോജ്യമായ മണ്ണ്‍ ഒരുക്കിക്കൊടുക്കുന്നു. സമയക്കുറവിനെയാണ്‌ നാം ഇതിന്‌ പഴിപറയുക. എന്തുകൊണ്ടാണ്‌ സമയം കുറഞ്ഞുപോകുന്നത്‌? വിവേകത്തോടെ സമയം വിനിയോഗിക്കുവാന്‍ നമുക്കറിയാത്തതുകൊണ്ടുതന്നെ. വലിയ വ്യായാമ മുറകളൊന്നും ചെയ്തില്ലെങ്കില്‍ത്തന്നെ, അത്യാവശ്യം നടന്നുപോകാവുന്ന ദൂരങ്ങളിലെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ കാറിനെ ആശ്രയിക്കാതെ നടന്നുപൊയ്ക്കൂടേ? ലിഫ്റ്റിനെ ആശ്രയിക്കാതെ, പടികള്‍ കയറി ഫ്ലാറ്റിലേക്ക്‌ കയറിക്കൂടേ? നമുക്ക്‌ ശരീരത്തിന്‌ അല്‍പം വ്യായാമം നല്‍കാം, നമുക്കുവേണ്ടിയല്ല, നമ്മുടെ കുടുംബത്തിനു വേണ്ടി.

നിസ്സാരമായി ചെയ്യാവുന്ന ഒരു മെഡിക്കല്‍ ചെക്കപ്പാണ്‌ ബ്ലഡ്‌ ഷുഗര്‍,റ്റോറ്റല്‍ കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം എന്നിവ. എങ്കിലും നമ്മളില്‍ എത്രപേര്‍ ഇത്‌ ആറുമാസത്തിലൊരിക്കലെങ്കിലും നോക്കാറുണ്ട്‌? ചിലര്‍പറയും, "എനിക്ക്‌ കൊളസ്ട്രോളും ഷുഗറും ഒന്നുമില്ല". "സ്നേഹിതാ, എന്നാണ്‌ താങ്കള്‍ അവസാനമായി ഇത്‌ പരിശോധിച്ചത്‌". "രണ്ടു വര്‍ഷം മുമ്പ്‌!!" അവിടെയാണു പിശക്‌. രണ്ടുവര്‍ഷം മുമ്പുണ്ടായിരുന്ന അവസ്ഥയിലല്ല, ഇന്നു നമ്മുടെ ശരീരം ഇരിക്കുന്നത്‌. അതറിയാന്‍ ഇടയ്ക്കിടെ ചെക്കപ്പ്‌ വേണം. അതൊരു ശീലമാക്കാം, നമുക്കുവേണ്ടിയല്ല, നമ്മുടെ കുടുംബത്തിനുവേണ്ടി.

ആഹാരനിയന്ത്രണത്തേക്കാള്‍ അവശ്യംവേണ്ട ഒരു സ്വഭാവഗുണമാണ്‌ ഭക്ഷണത്തോടുള്ള ആര്‍ത്തി നിയന്ത്രിക്കാന്‍ പഠിക്കുക എന്നത്‌. പലരും ധരിച്ചുവച്ചിരിക്കുന്നത്‌ "വയറുനിറയെ" തിന്നാല്‍ മാത്രമേ വിശപ്പടങ്ങൂ എന്നതാണ്‌. ഇതല്ല സത്യം. വിശക്കുമ്പോള്‍ പകുതിവയര്‍ നിറയെ കഴിച്ചാലും പത്തുമിനിറ്റിനുള്ളില്‍ "വിശക്കുന്നു" എന്ന തോന്നല്‍ ശരീരം അവസാനിപ്പിക്കും. മാത്രവുമല്ല "വയര്‍ നിറഞ്ഞു" എന്നു തോന്നുകയും ചെയ്യും. സംശയമുള്ളവര്‍ക്ക്‌ പരീക്ഷിക്കാം. അതുകൊണ്ട്‌ വിശന്നുമരിക്കും എന്നു ചിന്തിച്ചും, രുചിയേറിയത്‌ എന്ന് തോന്നല്‍ കൊണ്ടും, വാരിവലിച്ച്‌ തിന്നാതിരിക്കാന്‍ ആദ്യം നമുക്ക്‌ പരിശീലിക്കാം, നമുക്കുവേണ്ടിയല്ല, നമ്മുടെ കുടുംബത്തിനുവേണ്ടി.

"കൊളസ്ട്രോള്‍ ഫ്രീ" എന്ന മാര്‍ക്കുള്ള എണ്ണ വാങ്ങിപാചകം ചെയ്താല്‍ എല്ലാമായി എന്ന ചിന്തയുള്ളവരാണ്‌ അടുത്തകൂട്ടര്‍. ഏത്‌ എണ്ണയായാലും അമിതമായി അകത്തുചെല്ലുന്നത്‌ നന്നല്ല. കേരളത്തില്‍ പണ്ടേയുള്ള ഒരു വറുക്കല്‍ സങ്കല്‍പ്പമാണ്‌ "എണ്ണയില്‍ മുക്കിവറുക്കുക" എന്നത്‌. വാസ്തവത്തില്‍ ഈ മുങ്ങിക്കുളി വറുക്കലിലൂടെ ആവശ്യത്തിലുള്ളതിലും വളരെയധികം എണ്ണ നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്‌. ഒരു കഷണം വറുത്ത വാഴയ്ക്കാ ഉപ്പേരി (chips) എടുത്ത്‌ കത്തിച്ചുനോക്കൂ. കാണുമ്പോള്‍ എണ്ണമയമേ ഇല്ല എന്നു തോന്നുന്ന ചിപ്സില്‍നിന്നും കുറഞ്ഞത്‌ മൂന്നുതുള്ളി എണ്ണയെങ്കിലും ഇറ്റുവീഴുന്നത്‌ കാണാം!! അപ്പോള്‍ ഇത്തരം പത്തു കഷണങ്ങള്‍ തിന്നവരുടെ ഉള്ളില്‍ അവരറിയാതെ എത്ര തുള്ളി എണ്ണ പോയിരിക്കും? ഇറച്ചിവര്‍ഗ്ഗങ്ങള്‍ ആവിയില്‍ വേവിച്ചതിനു ശേഷം വറുത്താല്‍ എണ്ണയില്‍ കുളിപ്പിക്കാതെ തന്നെ, വളരെ കുറച്ച്‌ എണ്ണയില്‍ വറുത്തെടുക്കാവുന്നതാണ്‌. അതുപോലെ മത്സ്യം വറുക്കാന്‍ എണ്ണ ഒന്നു ബ്രഷ്ചെയ്താല്‍ മാത്രം മതി. വറുത്ത ആഹാരസാധനങ്ങളോടൊപ്പം, കുക്കുംബര്‍ പോലെ നാരുള്ള എന്തെങ്കിലും ഒരു സാലഡ്‌ ഉള്‍പ്പെടുത്തിയാല്‍, ദഹനത്തോടൊപ്പംതന്നെ, അമിതകൊഴുപ്പ്‌ ശരീരത്തില്‍ പിടിക്കാതെ പുറത്തുപൊയ്ക്കൊള്ളും. അതുകൊണ്ട്‌ ഭക്ഷണം കഴിക്കുമ്പോള്‍ നമുക്ക്‌ നിയന്ത്രണം പാലിക്കാം, നമുക്കുവേണ്ടിയല്ല, നമ്മുടെ കുടുംബത്തിനുവേണ്ടി.

ആരോഗ്യത്തിനനുയോജ്യമായ ഭക്ഷണക്രമങ്ങള്‍ ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ല. നമ്മുടെ ആരോഗ്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നാം നമ്മെ ആശ്രയിച്ചുകഴിയുന്ന കുടുംബത്തോടും, കുഞ്ഞുങ്ങളോടും ചെയ്യുന്ന നിരുത്തരവാദിത്തപരമായ ഒരു പ്രവര്‍ത്തിയായിരിക്കും എന്നു പറഞ്ഞു എന്നു മാത്രം. അമിത മദ്യപാനം, പുകവലി എന്നിവയിലൂടെ സ്വന്തം ശരീരത്തെ നിരന്തരം പീഡിപ്പിച്ച്‌ "ആത്മഹത്യ" വിലയ്ക്കുവാങ്ങുന്നവരുടെ കാര്യം ഇതിന്റെകൂടെ കൂട്ടിവായിക്കുകതന്നെ വേണം. ഒരുനിമിഷം ചിന്തിക്കുക, നാം ജീവിക്കുന്നത്‌ നമുക്കുവേണ്ടി മാത്രമല്ല. ജീവിതയാത്രയില്‍ നമ്മോടൊപ്പമുള്ള ഭാര്യയെ, ഭര്‍ത്താവിനെ, കുഞ്ഞുങ്ങളെ ഒരു കാലഘട്ടംവരെയെങ്കിലും സംരക്ഷിച്ചുനിര്‍ത്തുക എന്നത്‌ സൃഷ്ടികര്‍ത്താവ്‌ നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന ഒരു കര്‍ത്തവ്യമാണ്‌. അതിലേക്കാവശ്യമായ ആരോഗ്യവും ആയുസും അവന്‍ തരുമ്പോള്‍ നാമായിട്ട്‌ അത്‌ നശിപ്പിക്കതെയിരിക്കാം. കണ്ണില്ലാത്തവര്‍ക്കല്ലേ കണ്ണിന്റെ വിലയറിയൂ?

1145

15 comments:

അപ്പു ആദ്യാക്ഷരി May 22, 2007 at 11:46 AM  

നിശ്ശബ്ദരായ കൊലയാളികള്‍ ... കുറച്ചു ഭക്ഷണ ചിന്തകളും അല്പം കാര്യങ്ങളും. പുതിയ പോസ്റ്റ്.

Rasheed Chalil May 22, 2007 at 12:00 PM  

അപ്പൂ നല്ല പോസ്റ്റ്.

ആദ്യ വാചകങ്ങള്‍‍ വായിച്ചപ്പോള്‍ മനസ്സിലെത്തിയത്ത് ‘അലിക്ക’ യാണ്. ഈ കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരം ആര്‍ സി സിയില്‍ പിതാവിനെ അഡ്മിറ്റ് ചെയ്തപ്പോള്‍ ദിവസങ്ങളോളം എല്ലാ സഹായത്തിനും കൂടെ അദ്ദേഹമുണ്ടായിരുന്നു. എപ്പോഴും ചിരിച്ച് സംസാരിക്കുന്ന മനുഷ്യന്‍. ജനുവരി അവസാനം ഉപ്പയുടെ മരണശേഷം വീണ്ടും നാട്ടിലെത്തിയപ്പോള്‍ വിളിച്ചിരുന്നു. ഒരു പാട് സംസാരിച്ചു... ആശ്വസിപ്പിച്ചു. പിന്നെ രണ്ടാഴ്ച കഴിഞ്ഞ് തിരിച്ച് ഇവിടെ വന്ന് നാലഞ്ച് ദിവസങ്ങള്‍ക്ക് ശേഷം നാട്ടില്‍ നിന്ന് ഒരു ഫോണ്‍... “അലിക്ക മരിച്ചു. അറ്റാക്കായിരുന്നു.” ആ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല.

ഭക്ഷണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു ചരിത്ര സംഭവവും ഓര്‍ത്തു. പ്രവാചകരുടെ കാലത്ത്‍ മദീനയില്‍, പേര്‍ഷ്യയില്‍ നിന്ന് ഒരു വൈദ്യനെത്തി. ഏകദേശം ഒരു വര്‍ഷം അവിടെ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന് കാര്യമായി രോഗികളെ കിട്ടാത്തതിനാല്‍ തിരിച്ചുപോവാന്‍ തീരുമാനിച്ചു. പോവും മുമ്പേ എന്താണ് ഈ സമൂഹത്തിന്റെ ആരോഗ്യ രഹസ്യം എന്ന് അദ്ദേഹം പ്രവാചകരോട് അന്വേഷിച്ചു... പ്രവാചകരുടേ മറുപടി ഇതായിരുന്നു. “ വിശക്കുമ്പോള്‍ മാത്രം‍ ആഹാരം കഴിക്കുന്നു. വിശപ്പ് തീരും മുമ്പ് അവസാനിപ്പിക്കുന്നു.” (കമന്റ് മൊത്തം ഓഫായോ)

കുട്ടിച്ചാത്തന്‍ May 22, 2007 at 1:40 PM  

ചാത്തനേറ്:

എല്ലാരും വന്ന് സീരിയസ്സായി കമന്റടിച്ചിട്ട് ആ പിരിമുറുക്കം കുറയ്ക്കാന്‍ വല്ല തമാശേം പറയാം ന്ന് വച്ചതാരുന്നു ആരും തിരിഞ്ഞു നോക്കുന്നില്ലല്ലേ?

എന്നാ പിന്നെ പേടിപ്പിച്ചേക്കാം

എല്ലാ ബൂലോഗ തടിയന്മാര്‍ക്കും കുടിയന്മാര്‍ക്കും വലിയന്മാര്‍ക്കും (ഇതൊന്നുമല്ലാത്തവര്‍ക്കും) ഉള്ള മുന്നറിയിപ്പ്...

പുള്ളി May 22, 2007 at 2:58 PM  

"മനുഷ്യനു മാത്രമേ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും കൊടുത്തിട്ടുള്ളൂ എന്നതു തന്നെയാണ്‌ അതിന്റെ ഉത്തരം"
അതോ മനുഷ്യന്-മറ്റുജീവികളുടേതു പോലെ-നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകം കൊടുത്തിട്ടില്ലേ? അതുകൊണ്ടാവണല്ലോ ശരീരത്തിന് ഹിതമല്ലാത്ത ഭക്ഷണത്തിനോട് മനസ്സിന് ഒരു ആസക്തി!

ഈ കമന്റ് പോസ്റ്റ് ചെയ്ത് ഞാന്‍ അരമണിക്കൂര്‍ ഓടിയിട്ട് വരാം...

അപ്പു ആദ്യാക്ഷരി May 22, 2007 at 5:48 PM  

എന്റെ കുട്ടിച്ചാത്താ...ഏറ് കലക്കി. ഇനി ഒരാളും ഈ വഴി വരില്ല. ഒറപ്പല്ലേ!

ഇത്തിരീ, പുള്ളീ അഭിപ്രായങ്ങള്‍ക്കു നന്ദി.

സാജന്‍| SAJAN May 22, 2007 at 5:57 PM  

അപ്പൂ വളരെ ആത്മാര്‍ത്ഥമായ വര്‍ക്ക്..
ഹൃദയമുള്ള എല്ലാരും വായിച്ചിരിക്കേണ്ട പോസ്റ്റ്..
ഇതൊക്കെ എന്തേ ആരും കാണാതെ പോകുന്നുവെന്ന് അറിയുന്നില്ല..
ഇനി ഞാനും ശ്രമിക്കും ഇങ്ങനൊക്കെ ജീവിക്കാന്‍
എന്റെ കുടുംബത്തിനു വേണ്ടിയല്ല സ്വാര്‍ത്ഥനായ എനിക്കു വേണ്ടി:)

സുല്‍ |Sul May 23, 2007 at 9:10 AM  

അപ്പു
വളരെ നല്ല പോസ്റ്റ്.
പലരും മറന്നു പോകുന്ന ബോധപൂര്‍വ്വം മറന്നു കളയുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കാമല്ലോ.

-സുല്‍

മുസ്തഫ|musthapha May 23, 2007 at 3:20 PM  

ഇന്നലെ തന്നെ ഇത് വായിച്ചിരുന്നു... അപ്പു വളരെ നല്ല ലേഖനം!

പലയിടത്തും പലപ്പോഴായി വായിച്ച കാര്യങ്ങള്‍ തന്നെയെങ്കിലും അപ്പുവിന്‍റെ വരികളിലെ ആ ഓര്‍മ്മപ്പെടുത്തല്‍... നാല് പാരഗ്രാഫുകളില്‍ ആവര്‍ത്തിച്ചുള്ള “നമുക്കുവേണ്ടിയല്ല, നമ്മുടെ കുടുംബത്തിനുവേണ്ടി“ എന്ന പരാമര്‍ശം... അത് ശരിക്കും മനസ്സില്‍ പതിക്കുന്നു...

അല്ലെങ്കില്‍ പിന്നെന്തിനാ... ഞാന്‍ ലിഫ്റ്റിന്‍റെ ബട്ടണ്‍ പ്രസ്സ് ചെയ്തിട്ടും അത് വേണ്ടെന്ന് വെച്ചിട്ട് സ്റ്റെയര്‍കെയ്സ് കയറിപ്പോയത്!, അല്ലെങ്കിലെന്തിനാ വീട്ടില്‍ ചെന്നപാടെ മുറുക്ക് തിന്നാനെടുത്തിട്ടും വേണ്ടെന്ന് വെച്ച് ചെറുപഴം തിന്നത്!, അല്ലെങ്കിലെന്തിനാ മൂന്നു തവി ചോറ് തിന്നാന്‍ ഗ്യാപ്പുണ്ടായിരുന്നിട്ടും വേണ്ടാന്ന് വെച്ചെണീറ്റത്!

[ആത്മഗതം: ദുഷ്ടന്‍... തീറ്റ മുട്ടിക്കാന്‍ ഓരോ പോസ്റ്റും കൊണ്ട് വന്നോളും] :)

Unknown May 23, 2007 at 3:35 PM  

അപ്പു,
നല്ല പോസ്റ്റ്...

വിചാരം May 23, 2007 at 3:43 PM  

അപ്പു നല്ല ലേഖനം
ഭക്ഷണം മാത്രമല്ല അനാവശ്യമായ ഉത്കണ്ഠയും (വ്യാകുല ചിന്തകളും) നമ്മെ നമ്മള്‍ നശിപ്പിക്കും ജാഗ്രതൈ !!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage May 23, 2007 at 4:28 PM  

പ്രിയ അപ്പൂ,
നന്നായിട്ടുണ്ട്‌,
ഇപ്പോള്‍ മുപ്പതുകളിലേക്കൊന്നും പോകണ്ട 16 17 ലും പോലും ഹൃദയാഘാതം കണ്ടിട്ടുണ്ട്‌.
ഇതു പോലെയുള്ള ലേഖനങ്ങള്‍ ഇടക്കിടക്ക്‌ ഓരു ഓര്‍മ്മ പുതുക്കലിന്‌ നല്ലതാണ്‌.

അപ്പു ആദ്യാക്ഷരി May 24, 2007 at 11:06 AM  

സാജന്‍, അരീക്കോടന്‍, പൊതുവാള്‍, സുല്ല്, വിചാരം, ഇന്ത്യാഹെറിറ്റേജ്...എല്ലാവര്‍ക്കും സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

അഗ്രജാ, സാജാ.. ഈ ആരോഗ്യകരുതല്‍ പുത്തനച്ചിയുടെ പുരപ്പുറം അടിപോലെ ഇപ്പോ മാത്രം പോരാ. എന്നും വേണം കേട്ടോ.

ആഷ | Asha May 25, 2007 at 7:14 AM  

നമ്മുടെ മാറിയ ആഹാരരീതി തന്നെ മുഖ്യ വില്ലന്‍.
ഒരു ചൊല്ലുണ്ട്
ഒരു നേരം കഴിക്കുന്നവന്‍ യോഗി
രണ്ടു നേരം കഴിക്കുന്നവന്‍ ഭോഗി
മൂന്നു നേരം കഴിക്കുന്നവന്‍ രോഗി


നന്നായിരിക്കുന്നു പോസ്റ്റ് അപ്പു
ആഗ്രജന്റെ ആത്മഗതം വായിച്ചു ചിരിച്ചു പോയി

Siju | സിജു May 25, 2007 at 5:02 PM  

നല്ല ലേഖനം

qw_er_ty

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP