വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന ജന്മങ്ങള്‍

>> Wednesday, September 12, 2007

കഴിഞ്ഞയാഴ്ച്ചത്തെ പത്രങ്ങളില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പതിനൊന്നാം വാര്‍ഡില്‍ ഒരു അമ്മ, പൊക്കിള്‍കൊടിപോലും മുറിയാത്ത തന്റെ പിഞ്ചു കുഞ്ഞിനെ, ആശുപത്രിയില്‍ വന്ന മറ്റൊരു സ്ത്രീയുടെ കൈയ്യിലേല്‍പ്പിച്ചിട്ട് സ്ഥലം വിട്ടു എന്നതായിരുന്നു ആ വാര്‍ത്ത.

കുഞ്ഞിനേയുംകൊണ്ട് ഒറ്റയ്ക്ക് ആശുപത്രിയില്‍ വന്നതാണെന്നും, മൂത്രമൊഴിക്കാന്‍ പോയിട്ട് തിരികെ വരുന്നതുവരെ കുഞ്ഞിനെ ഒന്നു പിടിക്കാമോ എന്നുമുള്ള കളവുപറഞ്ഞിട്ടായിരുന്നത്രെ ആ അമ്മ കുഞ്ഞിനെ മറ്റേ സ്ത്രീയുടെ കൈയ്യിലേല്‍പ്പിച്ചത്. മണിക്കൂറൊന്നായിട്ടും അമ്മയെ കാണാതെ, കുഞ്ഞിനെ കൈപ്പറ്റിയ സ്ത്രീ ആശുപത്രി അധികൃതരെ വിവരമറിയിച്ചു, അവര്‍ പോലീസിനേയും. പത്രവാര്‍ത്തകളറിഞ്ഞ് കുഞ്ഞുങ്ങളില്ലാത്തവരും, സന്നദ്ധസംഘടനകളും മുന്നോട്ടു വന്നു, കുഞ്ഞിനെ ഏറ്റെടുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട്. അവസാനം ഇന്നലെ കോടതി ഇടപെട്ട് സര്‍ക്കാരിന്റെ ശിശുക്ഷേമ ഭവനിലെ അന്‍പത്തിനാലാമത്തെ അംഗമായി അവന്‍ കോടതിവരാന്തയിറങ്ങി, ഒരു വനിതാപോലീസ് കോണ്‍സ്റ്റബിളിന്റെ കൈയ്യില്‍ ഒന്നുമറിയാതെ വിരലുംനുണഞ്ഞ് ഉറങ്ങിക്കൊണ്ട്.

*********** ************ *************

കഴിഞ്ഞ അവധിക്കാലത്ത് കേരളത്തിലെ ഒരു സ്വകാര്യ അനാഥശാല സന്ദര്‍ശിക്കുവാനിടയായി. സേവന സന്നദ്ധരായ ഇരുപതോളം പേര്‍ ചേര്‍ന്ന്, ഒന്നു രണ്ടു സിസ്റ്റര്‍മാരുടെ സഹായത്തിലും മേല്‍നോട്ടത്തിലും, അശരണരായ വൃദ്ധര്‍ക്കും, അനാഥരായ കുട്ടികള്‍ക്കും വേണ്ടി നടത്തുന്ന ഒരു ചെറിയ സ്ഥാപനം. സ്നേഹഭവന്‍. അവിടെ വച്ചാണ് ഒരുവയസ്സുകാരി മരിയയെ കണ്ടത്. ജിജ്ഞാസ നിറഞ്ഞ കുഞ്ഞിക്കണ്ണുകളും, സദാ പുഞ്ചിരിക്കുന്ന മുഖവും ഉള്ള ഒരു മാലാഖക്കുഞ്ഞ്. ജനിച്ചപ്പോള്‍ മുതല്‍ മരിയയുടെ വീട് ഈ സ്നേഹഭവനാണ്.

അമ്മ വഴിയുലുപേക്ഷിച്ചുപോയ ഒരു അനാഥയല്ല അവള്‍. അവളുടെ അമ്മ റീന(ശരിയായ പേരല്ല) അവളോടൊപ്പം ഉണ്ട്, അതേ സ്ഥാപനത്തില്‍. സ്ഥാപനത്തിന്റെ നടത്തിപ്പുകാരില്‍ ഒരാളും എന്റെ ബന്ധുവുമായ ഒരു ചേച്ചിയോട് ചോദിച്ചാണ് മരിയയുടെ കഥ ഞാന്‍ അറിഞ്ഞത്.

റീനയുടെ സ്വദേശം, അവിടെനിന്നും കുറേ ദൂരെയാണ്. പ്ലസ് റ്റൂവിന് പഠിക്കുമ്പോഴാണ് അവളുടെ നാട്ടുകാരനായ ഒരു യുവാവ് അവളോട് പ്രണയാഭ്യര്‍ത്ഥനയുമായി വന്നത്. കൌമാരചാപല്യങ്ങള്‍ക്ക് പ്രണയാഭ്യര്‍ത്ഥനയുടെ വരുംവരായ്കകള്‍ അറിയണമെന്നില്ലല്ലോ. ഇവിടേയും അതുതനെ സംഭവിച്ചു. പ്രണയം അതിരുവിട്ടപ്പോള്‍ റീന ഗര്‍ഭിണിയായി. കാമുകന്‍ കൈയ്യൊഴിഞ്ഞു. അവളത് എല്ലാവരില്‍നിന്നും ഒളിച്ചുവച്ചു, അവളുടെ അമ്മയില്‍നിന്നുവരെ. പക്ഷേ എത്രനാള്‍ ഒരു ഗര്‍ഭം ഒളിച്ചുവയക്കാന്‍ പറ്റും? അഞ്ചാറുമാസം കഴിഞ്ഞപ്പോഴേക്ക് അമ്മ വിവരം അറിഞ്ഞു. നാടും നാട്ടാരും അറിയുന്നതിനുമുമ്പേ, അവര്‍ റീനയെ മറ്റെവിടെയോ അയച്ചു പഠിപ്പിക്കാനെന്ന വ്യാജേന, വീട്ടില്‍ നിന്നു മാറ്റി. പ്രസവം അടുക്കാറായപ്പോഴേക്ക് സ്നേഹഭവനിലെത്തിച്ചു. സമയമായപ്പോള്‍ അവള്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു.

പ്രസവം കഴിഞ്ഞയുടനെ റീനയുടെ അമ്മയെത്തി, കുട്ടിയെ കാണാനല്ല, മകളെ കൂട്ടിക്കൊണ്ടുപോകാന്‍. റീനയ്ക്ക് ആദ്യം സമ്മതമായിരുന്നു. പക്ഷേ സ്ഥാപനത്തിലെ സിസ്റ്റര്‍മാരും, നടത്തിപ്പുകാരും അവളെ ഉപദേശിച്ചു, കുഞ്ഞിനെ അനാഥയായി വിട്ടേച്ച് പോകരുതേയെന്ന്. അമ്മയ്ക്ക് തീരെ സമ്മതമല്ലായിരുന്നെങ്കിലും മനസ്സില്ലാമനസ്സോടെ റീന സമ്മതിച്ചു. എങ്കിലും പോകുമ്പോള്‍ ഒരു ഉപദേശം അമ്മ മകള്‍ക്കുനല്‍കാന്‍ മറന്നില്ല. “കുഞ്ഞിനെ മുലയൂട്ടരുത്, ഒന്നു രണ്ടുവര്‍ഷം കഴിഞ്ഞ് നീ വീട്ടിലേക്ക് പോരുക, മറ്റൊരു വിവാഹം അമ്മ നടത്തിത്തരും. ഈ പ്രസവക്കഥ ആരും അറിയുകപോലുമില്ല”

ശരിയായിരിക്കാം, മുലയൂട്ടാതെ സ്തനസൌന്ദര്യം നിലനിര്‍ത്തി, ആരെയും ഒന്നും അറിയിക്കാതെ “കന്യകയായി” റീനയ്ക്ക് ഒരു വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമായിരിക്കാം. പക്ഷേ ഒന്നുമറിയാത്ത ഈ പിഞ്ചുകുഞ്ഞ്? ഉത്തരമില്ല.

********** ************* *************

ദൃശ്യമാധ്യമങ്ങളിലൂടെയും, സമൂഹത്തില്‍ ആകപ്പടെ മാറിയ സാഹചര്യങ്ങളി‍ലൂടെയും കൌമാരക്കാരിലെ ലൈഗികാവബോധം വളരെ വര്‍ദ്ധിച്ചിരിക്കുന്നു ഈ കാലഘട്ടത്തില്‍ - പലതും നിറം‌പിടിപ്പിച്ച അറിവുകളാണെങ്കില്‍ത്തന്നെയും. അത്യന്താധുനിക സാഹിത്യവും ലൈകികതയുടെ ചുവടുപിടിച്ചുതന്നെ പോക്ക്. വിവാഹപൂര്‍വ്വിക ലൈംഗികത ഒരു ഫാഷനായും, “അതില്‍ വലിയ കുഴപ്പമില്ല” എന്ന മട്ടിലും കാണുന്ന ഇന്നത്തെ പുതുതലമുറയോട് ഉപദേശങ്ങള്‍ പറയുന്നതില്‍ വലിയ അര്‍ത്ഥമില്ല. പക്ഷേ അവര്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നെങ്കില്‍ - തങ്ങളുടെ ലീലാവിലാസങ്ങള്‍ക്കിടയില്‍‍ അറിയാതെപോലും മറ്റൊരു ജീവന്‍ ഉരുവാകാനിടയാവാതിരിക്കട്ടെ.


അല്ലെങ്കില്‍ തങ്ങളുടെ കുറ്റംകൊണ്ട് പിറന്നതല്ലാത്ത, പെറ്റമ്മയ്ക്കു പോലും വേണ്ടാതെ വഴിയിലുപേക്ഷിക്കപ്പെടുന്നവരുടെ എണ്ണം ഇനിയും ഇനിയും കൂടിയേക്കാം. അല്ലെങ്കിലും പെണ്‍‌വാണിഭവും, ബോംബു സ്ഫോടനവും, തട്ടിക്കൊണ്ടുപോകലും എല്ലാം ഒരു വാര്‍ത്തയേ അല്ലാത്ത ഇക്കാലത്ത് ഇങ്ങനെ കുറെ ജന്മങ്ങള്‍ ജനിച്ചാലും ആര്‍ക്കു ചേതം... ? നിസംഗതയോടെ നമ്മള്‍ മലയാളികള്‍ പറയും “ഇതൊന്നും നമ്മുടെ വീട്ടില്‍ നടക്കുന്നില്ല്ലല്ലോ, പിന്നെയെന്താ...”



1047

26 comments:

അപ്പു ആദ്യാക്ഷരി September 11, 2007 at 3:55 PM  

ജനിച്ചുവീണയുടനേ ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായി ഒരു പോസ്റ്റ്

Rasheed Chalil September 11, 2007 at 4:10 PM  

സദാചാരം തന്നെ തെറ്റായി കാണുന്ന ഈ സമൂഹത്തില്‍ അനാഥകള്‍ വര്‍ദ്ധികട്ടേ. അതേക്കുറിച്ച് സംസാരിച്ചാല്‍ സമൂഹം പിന്തിരിപ്പിനെന്ന് വിളിക്കും. ഈ നൂറ്റാണ്ടില്‍ ജീവിക്കാന്‍ യോഗ്യതയില്ലാത്തവന്‍ എന്ന് മുദ്രകുത്തും. അതൊക്കയല്ലേ ആധുനിക മനുഷ്യത്വത്തിന്റെ മുഖമുദ്ര. :(

ശ്രീ September 11, 2007 at 4:17 PM  

അപ്പുവേട്ടാ...
നല്ല പോസ്റ്റ്.
“നിസംഗതയൊടെ മലയാളിപറയും - ഇതൊന്നും നമ്മുടെ വീട്ടില്‍ ഇല്ലല്ലോ, പിന്നെയെന്താ...”

ശരിയാണ്‍. ഇതാണ്‍ നമ്മുടെ നാടിന്റെ ദോഷം.

സഹയാത്രികന്‍ September 11, 2007 at 8:05 PM  

അപ്പ്വേട്ടാ.... നല്ല പോസ്റ്റ്....

“കുഞ്ഞിനെ മുലയൂട്ടരുത്, ഒന്നു രണ്ടുവര്‍ഷം കഴിഞ്ഞ് നീ വീട്ടിലേക്ക് പോരുക, മറ്റൊരു വിവാഹം അമ്മ നടത്തിത്തരും. ഈ പ്രസവക്കഥ ആരും അറിയുകപോലുമില്ല "

സ്റ്റാറ്റസ് നോക്കണമല്ലോ അല്ലേ...? ഏതേലും ഒരുത്തന്റെ തലേല്‍ കെട്ടി വച്ചാല്‍ എല്ലാം ശരിയാകുമോ...? അവളോ ചതിക്കപ്പെട്ടു(പ്രണയത്തിന്റെ കാര്യത്തില്‍... മറ്റെല്ലാം അവളും അറിഞ്ഞുകൊണ്ട് തന്നല്ലേ സംഭവിച്ചത്).... വേറൊരാളേക്കൂടി ഇതിലേക്ക് വലിച്ചിഴക്കാണോ വേണ്ടത്...?

Vanaja September 11, 2007 at 8:11 PM  

ഇത്തിരി പറഞ്ഞ പോലെ ഞാനും ഒരു പിന്തിരിപ്പ തന്നെ. അപ്പൂ നല്ല പോസ്റ്റ്. :)

ഏ.ആര്‍. നജീം September 12, 2007 at 3:17 AM  

നല്ല പോസ്റ്റ്,
ജനിച്ചപ്പോള്‍ അനാഥരാവരേക്കാല്‍ അനാഥത്വം അനുഭവിക്കുന്നവരാണ് വൃദ്ധസദനങ്ങളില്‍ ശിഷ്‌ടകാലം കഴിച്ചുകൂട്ടുന്ന വയോധികര്‍. കഴിഞ്ഞ തിരുവോണ ദിവസം കൈരളി ചാനലില്‍ മമ്മൂട്ടി ചില അനാഥലയങ്ങളില്‍ അവരോടൊപ്പം സദ്യ ഉണ്ണുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. മറ്റു പരിപാടി പോലെ ഒരുമണിക്കൂര്‍ ചാനലുകാര്‍ കാണിച്ച ഒരു സ്‌പോണ്‍‌സേര്‍‌ഡ് പ്രോഗ്രാം മാത്രമായിരുന്നു അതെങ്കിലും. ആ സമയത്തെ ആ പാവങ്ങളുടെ മുഖഭാവങ്ങള്‍ ഹൃദയത്തില്‍ തോട്ടു. പലതും നമ്മുക്ക് കണ്ടില്ലെന്നു നടിക്കാം അല്ലെതെന്തു ചെയ്യാന്‍..

ആഷ | Asha September 12, 2007 at 9:01 AM  

നന്നായി അപ്പൂ

കുട്ടിച്ചാത്തന്‍ September 12, 2007 at 12:13 PM  

ചാത്തനേറ്: അപ്പ്വേട്ടാ....ടച്ചിങ് പോസ്റ്റ് :(

ഓടോ:
നാട്ടിലു വന്നപ്പോള്‍ വീട്ടിലു നില്‍ക്കാതെ മൊത്തം കറക്കമായിരുന്നോ?

ശാലിനി September 12, 2007 at 12:41 PM  

ഒരു പിന്തിരിപ്പകൂടി.

എനിക്ക് ഈ അനാഥകുഞ്ഞുങ്ങളുടെ അമ്മമാരോട് ചോദിക്കാനുള്ളത്- എന്തിന് നിങ്ങളീ കുരുന്നുകളെ ഭൂമിയിലേക്ക് എത്തിച്ചൂ? അബദ്ധമോ, സുബദ്ധമോ, വയറ്റില്‍ വച്ചുതന്നെ ഇല്ലാതാക്കാമായിരുന്നില്ലേ? ഇങ്ങനെ നരകതുല്യമായ ഒരു ജീവിതത്തിലേക്ക് തള്ളിയിടുന്നതിന് പകരം അതായിരുന്നു നല്ലത്.

എനിക്കീ ചാനലുകാരുടെ ഫാഷന്‍ഷോയാണ് ഒട്ടും ഇഷ്ടപ്പെടാത്തത്. അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും സിനിമാതാരങ്ങളെവച്ചു നടത്തുന്ന ഷോ? ആ സാധുക്കളുടെ കണ്ണീരിലേക്ക് സൂം ചെയ്യുന്ന ക്യാമറ....

കഴിഞ്ഞ ദിവസം “സരസു” എന്ന എഴുത്തുകാരിയുമായി നടത്തിയ അഭിമുഖം കണ്ടു. ശരീരം മുഴുവന്‍ തളര്‍ന്ന് സ്ട്രക്ചറില്‍ കമിഴ്ന്ന് കിടക്കുന്ന അവരോട് ചോദിക്കുന്ന ചോദ്യങ്ങള്‍ കേട്ടിട്ട് ദേഷ്യം വന്നു. എന്തിനിങ്ങനെ അവരെ വിറ്റുകാശുണ്ടാക്കുന്നു.

ശാലിനി September 12, 2007 at 12:41 PM  

“നിസംഗതയൊടെ മലയാളിപറയും - ഇതൊന്നും നമ്മുടെ വീട്ടില്‍ ഇല്ലല്ലോ, പിന്നെയെന്താ...”

ശ്രീ September 12, 2007 at 2:14 PM  

മുകളിലെ കമന്റിനോട് ലേശം വിയോജിപ്പുണ്ട്.
അനാഥാലയങ്ങലിലും മറ്റും സിനിമാതാരങ്ങളെ വച്ച് നടത്തുന്നത് ഒരു തരത്തില്‍‌ ഫാഷന്‍‌ ഷോ തന്നെ ആണെങ്കിലും അവരെ കാണാനായിട്ടെങ്കിലും ആ പരിപാടി ശ്രദ്ധിക്കുന്ന കുറേ പ്രേക്ഷകര്‍‌ക്ക് ഇത്തരത്തില്‍‌ ജീവിതം കഴിച്ചു കൂട്ടുന്ന മനുഷ്യക്കോലങ്ങളെ കുറിച്ച് അല്പ നേരമെങ്കിലും ഒരു ചിന്ത ഉണ്ടാകുമല്ലോ. (എല്ലാ പ്രോഗ്രാമുകളെയും ന്യായീകരിക്കുന്നില്ല).

അതില്‍‌ തന്നെ കുറേ പേര്‍‌ക്കെങ്കിലും ഇതെല്ലാം കാണുമ്പോള്‍ അവരെ സഹായിക്കാന്‍‌ മനസ്സു വന്നേക്കാം.

സുല്‍ |Sul September 12, 2007 at 3:10 PM  

അപ്പുവേ
നല്ല പോസ്റ്റ്.
കാര്യമാത്ര പ്രസക്തം
-സുല്‍

സു | Su September 12, 2007 at 3:34 PM  

നല്ല പോസ്റ്റ്.

കുറുമാന്‍ September 12, 2007 at 4:11 PM  

പ്രസക്തമായ പോസ്റ്റ് അപ്പൂ. ആരും അനാഥരായി ജനിക്കുന്നില്ല, വളരുന്നില്ല. സമൂഹമാണവരെ അനാഥത്വത്തിലേക്ക് നയിക്കുന്നത്, അല്ലെങ്കില്‍ തികച്ചും അനാഥരാക്കുന്നത്.

സാജന്‍| SAJAN September 12, 2007 at 4:44 PM  

അപ്പൂ ഇതെനിക്ക് ഇഷ്ടപ്പെട്ടു, അപ്പുവിന്റെ സാമൂഹിക പ്രതിബദ്ധതയും അഭിനന്ദനം അര്‍ഹിക്കുന്നു:)

മന്‍സുര്‍ September 13, 2007 at 2:53 AM  

അപ്പു....സമൂഹത്തിന്‍റെ നമ്മുടെ നാടിന്‍റെ മുഖം കണ്ണാടിയില്ലാതെ വ്യക്തമായ്‌ കാണം ഇവിടെ...
രചനയുടെ സത്യസന്ധതതക്ക്‌ അഭിനന്ദനങ്ങള്‍

കേരളം എത്ര സുന്ദരം ....
ദൈവത്തിന്‍റെ സ്വന്തം നാട്‌
ഇതൊന്നും ഞാന്‍ പറഞതല്ല...
ആരൊക്കെയോ എവിടെയോക്കെയോ ഇപ്പോഴും പറഞു നടകുന്നത്‌ ഞാന്‍ കേള്‍ക്കുന്നു...

എനിക്കെല്ലാം അറിയാം ...പക്ഷേ ഞാന്‍ പറയില്ല
എനിക്ക്‌ എല്ലാം കാണാം പക്ഷേ ഞാന്‍ കാണില്ല..
പിന്നെ എന്താ ഞാന്‍ ചെയ്യാ..???

പാവാം അമ്മ...ഏതോ..ഒരു നീചന്‍റെ പീഡനത്തിന്‍റെ വിഴുപ്പുമേന്തി നാട്ടിലേക്ക് ചെന്നാല്‍ ഈ സമൂഹം തൂകിലേറ്റുമെന്ന്‌ അറിയാവുന്നത്‌ കൊണ്ടാവാം ...കണ്‍മണിയെ വിട്ട്‌പിരിഞത്‌..ഇനി മരിച്ചാലും വെറുതെ വിടുമോ......
അവിഹിതഗര്‍ഭം..കുഞിനെ പ്രസവിച് അമ്മ മരിച്ചു..
ആരാണ്‌ ഉത്തരവാദികള്‍
ഉത്തരവാദികളെ കണ്ടുപിടിക്കാന്‍ നേരം എവിടെ..??
സംഭവങ്ങളാണ്‌ ഞങ്ങള്‍ക്ക് വേണ്ടത്‌...
കൂടെ ചൂട്‌ വാര്‍ത്തകളും
മരിച്ചവരുടെ ചിത്രങ്ങള്‍ ഇടക്ക് ഇടക്ക് സ്ക്രീനില്‍ കാണിച്ച് ബാക്കിയുള്ളവരെ കൂടി കൊല്ലാം

മകനെ ക്ഷമിക്കുക അമ്മയോട്‌
നിന്നെ പിരിയാന്‍ ഇല്ലൊട്ടുമേയാഗ്രഹം
പിരിഞിലേല്ലും പിരിചീടുമവര്‍ നമ്മളെ
നിന്‍ ആയുസ്സ് കാക്കാന്‍ ഇല്ലൊരു വഴി വേറെ
അമ്മ തന്‍ പ്രാര്‍ത്ഥന എന്നും നിന്നക്കൊപ്പം
നിന്‍ ഓര്‍മ്മകളില്‍ അമ്മക്കിനി
ഉറങ്ങാത്ത രാവുകള്‍

മന്‍സൂര്‍ ,നിലംബൂര്‍

മന്‍സുര്‍ September 13, 2007 at 3:02 AM  

ശാലിനിയുടെ വിഷമം
ശരിയാണ്‌ ശാലിനി....ഒരു ജീവിതത്തിന്‍റെ പരമാവധി അവര്‍ അനുഭവിച്ചില്ലേ...ഇനിയും ക്രൂശിക്കണോ..
ഒരു ദിവസം കണ്ടു..ഒരുമ്മിച്ചുണ്ടു...ബാക്കിയുള്ള ദിവസങ്ങള്‍ ....???
സാന്ത്വനത്തിന്‍ പേരില്‍ നടത്തുന്ന സ്വന്തണം ...
ചൂടത്ത്‌ ജോലി ചെയ്യുന്നവനെ വിയര്‍പ്പിന്‍റെ രുചി അറിയൂ......ആരുമില്ലാത്തൊരിടത്ത്‌ ആരും കാണാതെ കരയാം .....
എന്തിനാ ആരും കാണാതെ കരയുന്നത്‌ എന്നോ..??
അവര്‍ക്കറിയില്ലല്ലോ എന്തിന കരയുന്നത്‌ എന്ന്‌...പിന്നെ പറഞുണ്ടാക്കാന്‍ അതു മതി....ശരിയല്ലേ...??


മന്‍സൂര്‍ ,നിലംബൂര്‍

Unknown September 13, 2007 at 6:09 PM  

അപ്പുവേ,

കരയാം നമുക്ക്,
ലജ്ജിക്കാം നമുക്ക്
അങ്ങനെ ഈ കാലത്തിനനുയോജ്യരല്ലാതാകാം:(

ഷിജു September 15, 2007 at 1:55 PM  

കരയുകയും, ലജ്ജിക്കുകയും,ഇതേപോലെ ഒരു comment ഇടുകയും ചെയ്തതോടെ നമ്മുടെ ഉത്തരവാദിത്തം കഴിഞ്ഞു..
ഇനി ആരെങ്കിലും ഇതേ പോലെ ഒരു പോസ്റ്റിടണം നമുക്ക് ഇതിനെ പറ്റി ചിന്തിക്കാന്‍. മറിച്ച് ഇത്തരം സംഭവങ്ങള്‍ക്കെതിരെ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ പറ്റും. അല്ല നിങ്ങള്‍ എന്തു ചെയ്തു?
സമൂഹത്തിലേക്ക് എറിയപ്പെട്ട ഇത്തരം അനാഥ ജന്മങ്ങള്‍ക്കു വേണ്ടി, ചതിക്കപ്പെട്ടവര്‍ക്കു വേണ്ടി
നമുക്ക് ഒരു കൈ സഹായിച്ചു കൂടെ?.....

അപ്പുവേട്ടാ, നല്ല ഒരു പോസ്റ്റ്..
നമ്മടെ ജനത ചിന്തിക്കട്ടെ, നാണിച്ചുപോകട്ടെ...... അഭിനന്ദനങ്ങള്‍...........
സ്നേഹത്തോടെ ഷിജു.....

Anonymous September 17, 2007 at 3:36 PM  

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാലാഖകൂഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നു....
കഷ്ടം തന്നെ....
പക്ഷേങ്കില്‍ ഒന്നു ചോദിചോട്ടെ....
ഒരു നേരത്തിന്റെ ആഹരത്തിനു പോലും വകയില്ലാത്ത അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങള്ക്ക് എന്തെങ്കിലും രീതിയില്‍ ഒരു സുരക്ഷിതത്വം വേണം എന്നാഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ?
പിച്ച വെച്ചു തുടങ്ങുമ്പോളേ വിശപ്പടക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന കുഞ്ഞുങ്ങള്‍ ഏതെങ്കിലും ഒരനാഥാലയത്തില്‍ ആയിരുന്നെങ്കില്‍ തെരുവിന്റെ കറുത്തകരങ്ങളില്‍ നിന്നെങ്കിലും സുരക്ഷിതരായേനെ....

നമ്മള്ക്ക് അബിപ്രായം പറയാം പക്ഷെ അതിനുള്ള യഥാര്‍ത്ഥ് അവകാശം അതിനുളള്‍ പ്രതിവിധിയും നമ്മള്ക്ക് തന്നെയ് പറയാമെങ്കില്‍ മാത്രം....

പോസ്റ്റ് കലക്കി....
:)

അപ്പു ആദ്യാക്ഷരി September 17, 2007 at 3:54 PM  

മഞ്ഞുതുള്ളീ, ഈ പോസ്റ്റില്‍ പറയാനഗ്രഹിച്ചവിഷയം, ഒരുനേരത്തെ ആഹാരത്തിനു വകയില്ലാതെ തെരുവില്‍ കഴിയുന്ന അമ്മമാരെപ്പറ്റിയല്ല. സൌഹൃദങ്ങള്‍ അതിരുവിടുമ്പോള്‍ സംഭവിക്കുന്ന ഗര്‍ഭങ്ങളും അങ്ങനെ ആര്‍ക്കുംവേണ്ടതെ ജനിക്കാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന കുഞ്ഞുങ്ങളെപ്പറ്റിയായിരുന്നു. മഞ്ഞുതുള്ളി പറഞ്ഞരീതിയിലുള്ള അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ അനാഥാലയങ്ങളില്‍ വിടുന്നെങ്കില്‍ അതിന്റെപിന്നിലുള്ള വികാരം ഞാനും അംഗീകരിക്കുന്നു.

Anonymous September 20, 2007 at 7:35 PM  

അപ്പു പറഞ്ഞതില്‍ കാര്യമുണ്ട്....
അങ്ങനെ ഗര്‍ഭം ഉണ്ടാവാതിരിക്കുകയാണ്‌ ഇതിനുള്ള പ്രതിവിധി....
അല്ലാതെ ഗര്ഭസ്ഥ ശിശുവിനെ വധിക്കുകയല്ല വെണ്ടത്...

ഗര്ഭപാത്രത്തില്‍ ഉടലെക്കുന്ന ഏതൊരു ജീവനും ലോകം കണാനും ജീവിക്കാന്‍ അവകാശമുണ്ട്...

അങ്ങനെ നോക്കുമ്പോള്‍ ഇത്തരതില്‍ ഒരു തെറ്റ് നമ്മള്ക്ക് തിരുത്താന്‍ പാടാണ്...

ലോകം കാണുന്നതിനു മുന്പേ പിച്ചി ചീന്തപ്പെടുന്നതിലും ഒരനാഥാലയത്തിലെങ്കിലും സുഖമായി ജീവിക്കാന്‍ സമ്മതിക്കുന്നതലേ നല്ലതു....

കുറുമാന്‍ പറഞ്ഞതു പോലെ "ആരും അനാഥരായി ജനിക്കുന്നില്ല,സമൂഹമാണവരെ അനാഥത്വത്തിലേക്ക് നയിക്കുന്നത്, അല്ലെങ്കില്‍ തികച്ചും അനാഥരാക്കുന്നത്."

സമൂഹത്തിന്റെ കാഴ്ചപാട് മാറ്റിയാല്‍ ഒരു അബോര്ഷണോ അനാഥാലയമോ നമ്മള്ക്ക് നമ്മുടെ തെറ്റുകള്ക്ക് മറയാക്കേണ്ടി വരില്ല....

തെറ്റുകള്‍ വരാതെ നോക്കണം...
പറ്റിപോയ തെറ്റുകള്‍ പോസ്റ്റ് മോര്ട്ടം നടത്തുകയല്ല തിരുത്തുകുയാണ്‌ വേണ്ടതു...

ഈ കാര്യത്തെ പറ്റി ഒത്തിരി പറയാനുണ്ട്...

ആലോച്ചിച്ചെഴുതി മഞ്ഞുതുള്ളിയില്‍ പോസ്റ്റാം ...
:)

ഇട്ടിമാളു അഗ്നിമിത്ര September 25, 2007 at 4:09 PM  

അതെന്താ ദിവ്യഗര്‍ഭം ഒന്നുമല്ലല്ലൊ...

പാഴ് വിളയ്ക്ക് പാവം വയലിനെ വിധിക്കുന്നവര്‍ .. വിത്തെറിഞ്ഞവനെ കുറിച്ചുകൂടി ഒന്നോര്‍ക്കുക...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP