കുഞ്ഞിനെ എടുക്കുവാന്‍ മറന്ന അമ്മ

>> Tuesday, April 24, 2007

ബ്ലോഗര്‍ സുഹൃത്ത്‌ ഇടിവാള്‍ ഈയാഴ്ച എഴുതിയ "മടക്കയാത്ര" എന്ന ചെറുകഥയില്‍ ഗള്‍ഫിലേക്ക്‌ വിരുന്നുവന്ന മുത്തശ്ശിയുമായി രണ്ടുമാസമായിട്ടും ഇണങ്ങാത്ത കൊച്ചുമകളെപ്പറ്റി വിവരിക്കുന്നുണ്ട്‌. ഈ തലമുറയിലെ പല(പ്രവാസി)കുട്ടികളും എന്തേ ഇങ്ങനെ? ബന്ധങ്ങള്‍ അറിയാന്‍പാടില്ല്ലാത്ത കുട്ടികള്‍, മാതാപിതാക്കളോടുള്ളതിനേക്കാള്‍ കൂട്ടുകാരോട്‌ വിധേയത്വം കാണിക്കുന്ന കുട്ടികള്‍, ടി.വി.യിലും ഇന്റെനെറ്റിലും, ഗെയിമുകളിലും അഡിക്റ്റായ കുട്ടികള്‍, പത്തുപന്ത്രണ്ടു വയസ്സാവുമ്പോഴേക്കും കുട്ടിത്തം തന്നെ നഷ്ടപ്പെട്ടുപോകുന്ന കുട്ടികളല്ലാത്ത കുട്ടികള്‍.


പണ്ട വായിച്ച ഒരു കഥയുണ്ട്‌. പ്രണയബദ്ധരായിരുന്ന ഒരു യുവതിയും യുവാവും വിവാഹം കഴിച്ചു. സന്തോഷകരമായ അനുഭവങ്ങള്‍ സമ്മാനിച്ച ജീവിതം പക്ഷെ അധികകാലം നീണ്ടുനിന്നില്ല. അവരുടെ സ്നേഹത്തിന്റെ ശേഷിപ്പായി ഒരു കൊച്ചു ജന്മത്തെ അവളുടെ ഗര്‍ഭപാത്രത്തില്‍ വളരാന്‍ വിട്ടിട്ട്‌ അവന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയി. വളരെ ദുഃഖിതയും ഖിന്നയുമായിത്തീര്‍ന്ന ആ യുവതി യഥാകാലം ഒരു കുഞ്ഞിനെ പ്രസവിച്ചു. വരുമാനമാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാതിരുന്ന അവള്‍ ഒരു വീട്ടില്‍ ജോലിചെയ്ത്‌ കുഞ്ഞിനെ സംരക്ഷിച്ചുപോന്നു. തന്റെ ദുഃഖവും പ്രയാസങ്ങളും അവള്‍ ഈശ്വരനില്‍ സമര്‍പ്പിച്ച്‌ എന്നും പ്രാര്‍ഥിക്കുമായിരുന്നു. പക്ഷേ ഈശ്വരന്‍ മൗനം തുടര്‍ന്നു.


ഇതുകണ്ട സങ്കടം തോന്നിയ ഒരു മാലാഖ ഈശ്വരനോട്‌ ചോദിച്ചു, "അങ്ങെന്താണ്‌ ഇങ്ങനെ മൗനം പാലിക്കുന്നത്‌. ആ വിധവയായ സ്ത്രീയ്ക്ക്‌ കുഞ്ഞിനേയും വളര്‍ത്തി ശിഷ്ടകാലം കഴിയാനുള്ള ധനം അങ്ങേയ്ക്ക്‌ നല്‍കിക്കൂടേ" എന്ന്. ഈശ്വരന്‍ പ്രതിവചിച്ചു. "ശരി, നീ ആ സ്ത്രീയുടെ അടുത്തു ചെന്ന് നിനക്കു യുക്തമെന്നു തോന്നുന്നത്‌ നല്‍കിക്കൊള്ളുക. പക്ഷേ സൂക്ഷിക്കണം, അവള്‍ മനുഷ്യവര്‍ഗ്ഗത്തില്‍ പെട്ടവളാണ്‌".


മാലാഖയ്ക്ക്‌ സന്തോഷമായി. മാലാഖ അവളുടെ അടുത്തെത്തിയിട്ട്‌ പറഞ്ഞു, "നിന്റെ കഷ്ടപ്പാടുകളൊക്കെ മാറാന്‍ പോകുന്നു. ശിഷ്ടകാലം സന്തോഷത്തോടെ നിന്റെ കുഞ്ഞിനോടൊപ്പം കഴിയുവാനുള്ള ധനം നിനക്കു നല്‍കുവാന്‍ ഈശ്വരന്‍ അയച്ചതാണ്‌ എന്നെ". മാലാഖ അവളെ ഒരു മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. സ്വര്‍ണ്ണനാണയങ്ങള്‍ കൂട്ടിയിട്ടിരുന്ന ഒരു മുറിയായിരുന്നു അത്‌. മാലാഖ അവളോടുപറഞ്ഞു. "അരമണിക്കൂര്‍ സമയം ഞാന്‍ നിനക്കു തരുന്നു. നിനക്ക്‌ എടുക്കാവുന്നിടത്തോളം നാണയങ്ങള്‍ എടുത്തുകൊള്ളുക. പക്ഷേ ഓരോന്നായി മാത്രമേ എടുക്കാവൂ. അരമണിക്കൂര്‍ കഴിയുന്നതിനു മുമ്പ്‌ നീ മുറിക്ക്‌ പുറത്ത്‌ ഇറങ്ങിക്കൊള്ളുകയും വേണം, അല്ലെങ്കില്‍ ഈ മുറിയുടെ വാതില്‍ അടയും, പിന്നീടൊരിക്കലും നിനക്ക്‌ പുറത്തിറങ്ങാന്‍ കഴിയുകയുമില്ല" മുപ്പതു മിനിറ്റ്‌ സൂചിപ്പിക്കുന്ന ഒരു ക്ലോക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്തിട്ട്‌ മാലാഖ അപ്രത്യക്ഷമായി. തന്റെ കൊച്ചുകുഞ്ഞിനെ ഒരു വശത്തിരുത്തിയിട്ട്‌ ആ അമ്മ തന്റെ സാരിത്തലപ്പില്‍ ഓരോരോ സ്വര്‍ണ്ണനാണയങ്ങളായി പെറുക്കിയെടുക്കാന്‍ ആരംഭിച്ചു.


സമയം കടന്നുപോയി. "മതി, നിനക്കും നിന്റെ കുഞ്ഞിനും ജീവിതകാലം മുഴുവന്‍ സുഭിക്ഷമായിക്കഴിയുവാനുള്ള വകയായി" എന്ന് അവളുടെ മനസ്സാക്ഷി ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ അവളില്‍ ഉറങ്ങിക്കിടന്നിരുന്ന അത്യാഗ്രഹം സടകുടഞ്ഞെഴുന്നേറ്റ്‌ വീണ്ടും വീണ്ടും നാണയങ്ങള്‍ പെറുക്കുവാന്‍ അവളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. മുപ്പതു മിനിറ്റ്‌ അവസാനിക്കുവാന്‍ രണ്ടുസെക്കന്റ്‌ മാത്രം ബാക്കിയുള്ളപ്പോള്‍ അവള്‍ ആ ഭാരമേറിയ സ്വര്‍ണ്ണക്കൂമ്പാരവും വഹിച്ചുകൊണ്ട്‌ മുറിക്കുപുറത്തിറങ്ങി. വാതിലും അടഞ്ഞു. പക്ഷേ അവളുടെ കുഞ്ഞിനെ എടുക്കുവാന്‍ ആ തിരക്കിനിടയില്‍ അവള്‍ മറന്നുപോയിരുന്നു......


ഇതുതന്നെയല്ലേ ഇടിവാളിന്റെ കഥാപാത്രമായ കുഞ്ഞിനും പറ്റിയത്‌? ആരാണിതിനുത്തരവാദികള്‍? കുഞ്ഞുങ്ങളോ, അതോ ജീവിത തിരക്കുകള്‍ക്കിടയില്‍ അവരെ എടുക്കുവാന്‍ മറന്നുപോകുന്ന നമ്മള്‍ മാതാപിതക്കളോ? മേല്‍പ്പറഞ്ഞ കഥയിലെ നാണയങ്ങള്‍ പണത്തെ മാത്രമല്ല, നമ്മുടെ ഓരോ പ്രവൃത്തിയേയും ദൃശ്യവല്‍ക്കരിക്കുന്നു. കൊച്ചുകുട്ടികളുടെ മനസ്സ്‌ ഒരു ബ്ലാങ്ക്‌ പേപ്പറാണ്‌ എന്നു പറയാറുണ്ടല്ലോ? അതില്‍ മതാപിതാക്കള്‍ ചെറുപ്രായത്തില്‍ത്തന്നെ കുറിച്ചിടുന്ന "പോസ്റ്റുകളും കമന്റുകളുമാണ്‌" അവരുടെ മനസ്സില്‍ പതിഞ്ഞ്‌ വരുന്നത്‌. ഇതിന്റെ കൂടെ, "ചൊട്ടയിലെ ശീലം ചുടലവരെ" എന്ന പഴമൊഴിയും ചേര്‍ത്ത്‌ വായിക്കുമ്പോള്‍ ചിത്രം കുറേക്കൂടി വ്യക്തം.


നാട്ടില്‍ വളരുന്ന കുട്ടികള്‍ക്ക്‌ അവരുടെ വളര്‍ച്ചയില്‍ സ്വാഭാവികമായി പകര്‍ന്നുകിട്ടുന്ന അനുഭവങ്ങളിലൂടെ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യവും, സ്നേഹത്തിന്റെ ഊഷ്മളതയും മനസ്സിലാക്കുന്നു. പ്രവാസിയുടെ കുട്ടിയെ സംബന്ധിച്ചിടത്തോളം മാതാപിതാക്കള്‍ അവര്‍ക്ക്‌ പറഞ്ഞുകൊടുക്കേണ്ട ഒരു കടമയായി ഇത്‌ മാറുന്നു.മുത്തഛന്‍, മുത്തശ്ശീ, മറ്റു ബന്ധുക്കള്‍ തുടങ്ങിയവരെപ്പറ്റിയുള്ള അറിവും, അവര്‍ എന്ന വ്യക്തി എന്താണെന്നും ചെറുപ്പത്തില്‍ത്തന്നെ കുഞ്ഞുങ്ങള്‍ക്ക്‌ സ്വന്തം ജീവിതമാതൃകകളിലൂടെ, അവരുമായുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ കാണിച്ചു കൊടുക്കുവാന്‍ എത്ര മാതാപിതാക്കള്‍ക്ക്‌ കഴിയുന്നുണ്ട്‌? സമൂഹ്യ ബോധത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കേണ്ടത്‌ സ്വന്തം വീട്ടില്‍നിന്നു തന്നെയാണ്‌. വ്യക്തിബന്ധങ്ങളുടെ വില അറിയേണ്ടതും അവിടുന്നുതന്നെ. എത്ര തിരക്കു പിടിച്ച ജീവിതമായാലും, ഇതിനൊക്കെ നാം സമയം കണ്ടെത്തുന്നില്ലെങ്കില്‍ 'സ്വയംകൃതാനര്‍ത്ഥം' എന്നു ചിന്തിച്ച്‌ നാളെ ആശ്വസിക്കുകയേ വഴിയുള്ളൂ.


ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം, കുടുംബങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരുമായുള്ള ഇടപഴകലിന്റെ സമയക്രമം തന്നെ തകര്‍ക്കുന്നു എന്നത്‌ ഒരു സത്യമാണ്‌. അതിഥികള്‍ വീട്ടിലെത്തിയാല്‍പ്പോലും “നിര്‍ജ്ജീവങ്ങളായ കണ്ണുകള്‍“ ടി.വി.യിലുറപ്പിച്ച് ചുറ്റുപാടും യാതൊരു ശ്രദ്ധയുമില്ലാതെ മണിക്കൂറുകളോളം ഇരിക്കുന്ന കുട്ടികളേയും നമുക്ക് പരിചയമുണ്ടല്ലോ? കുട്ടികളുമായി സംസാരിക്കാന്‍ സമയം കണ്ടെത്തുക, നാടും വീടുമായി ബന്ധപ്പെട്ട കാര്യങ്ങളും, പഴയ അനുഭവങ്ങളും ഒഴിവുവേളകളില്‍ അവരുമായി പങ്കുവയ്ക്കുക, തുടങ്ങിയവയൊക്കെ പ്രവാസികള്‍ക്ക്‌ ചെയ്യാന്‍ പറ്റും. മറ്റൊരു പ്രധാന സംഗതി, നാം ഏതു മതവിശ്വാസത്തില്‍പ്പെട്ടവരുമായിക്കോട്ടെ, നമ്മുടെ കുഞ്ഞുങ്ങളെ ആ മതത്തില്‍ അടിയുറച്ച വിശ്വാസികളായി വളര്‍ത്തിയെടുക്കുക എന്നതാണ്‌. എങ്കില്‍, അടുത്ത തലമുറയിലും നന്മയുണ്ടാവും. എല്ലാ മതങ്ങളും ആത്യന്തികമായി മനുഷ്യ നന്മയാണല്ലോ ലക്ഷ്യമാക്കുന്നത്‌.


ബ്ലോഗര്‍ പ്രിയംവദ, സ്വപ്നങ്ങള്‍ കൈമോശം വന്നവര്‍“ എന്ന ലേഖനത്തില്‍ അഭിപ്രായപ്പെട്ടതുപോലെ, "എക്സ്‌പോര്‍ട്ട്‌ ക്വാളിറ്റി" യുള്ള തലമുറയായി അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനു എല്ലാം വാരിക്കോരിനല്‍കുമ്പോഴും ജീവിതത്തിന്റെ മൂല്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ സമയമില്ലാതെ വരുന്ന "പാവം" നമ്മള്‍! ഇതു തുടരുന്ന കാലത്തോളം "മടക്കയാത്രകള്‍" തുടരും. ഇന്നു ഞാന്‍ നാളെ നീ എന്ന വ്യത്യാസം മാത്രം.

23 comments:

അപ്പു ആദ്യാക്ഷരി April 24, 2007 at 8:23 AM  

“തന്റെ കൊച്ചുകുഞ്ഞിനെ മുറിയുടെ ഒരു വശത്തിരുത്തിയിട്ട്‌ ആ അമ്മ തന്റെ സാരിത്തലപ്പില്‍ ഓരോരോ സ്വര്‍ണ്ണനാണയങ്ങളായി പെറുക്കിയെടുക്കാന്‍ ആരംഭിച്ചു. സമയം കടന്നുപോയി. "മതി, നിനക്കും നിന്റെ കുഞ്ഞിനും ജീവിതകാലം മുഴുവന്‍ സുഭിക്ഷമായിക്കഴിയുവാനുള്ള വകയായി" എന്ന് അവളുടെ മനസ്സാക്ഷി ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.“

ഒരു കഥയും അല്പം ചിന്തകളും.

വല്യമ്മായി April 24, 2007 at 10:10 AM  

എല്ലാവരും തിരിച്ചറിയേണ്ട കാര്യങ്ങളും നല്ല കഥയും.

ചേച്ചിയമ്മ April 24, 2007 at 10:51 AM  

അപ്പൂ...കൊള്ളാം, നല്ല ലേഖനം. അറിയാമെങ്കിലും സൌകര്യപൂര്‍വ്വം എല്ലാവരും മറക്കുന്ന കാര്യങ്ങള്‍ അല്ലേ?!..

മുസ്തഫ|musthapha April 24, 2007 at 11:03 AM  

“...പ്രവാസിയുടെ കുട്ടിയെ സംബന്ധിച്ചിടത്തോളം മാതാപിതാക്കള്‍ അവര്‍ക്ക്‌ പറഞ്ഞുകൊടുക്കേണ്ട ഒരു കടമയായി ഇത്‌ മാറുന്നു...”

അപ്പു വളരെ നല്ല ലേഖനം... ചിന്തനീയം!

“...മറ്റൊരു പ്രധാന സംഗതി, നാം ഏതു മതവിശ്വാസത്തില്‍പ്പെട്ടവരുമായിക്കോട്ടെ, നമ്മുടെ കുഞ്ഞുങ്ങളെ ആ മതത്തില്‍ അടിയുറച്ച വിശ്വാസികളായി വളര്‍ത്തിയെടുക്കുക എന്നതാണ്‌. എങ്കില്‍, അടുത്ത തലമുറയിലും നന്മയുണ്ടാവും. എല്ലാ മതങ്ങളും ആത്യന്തികമായി മനുഷ്യ നന്മയാണല്ലോ ലക്ഷ്യമാക്കുന്നത്‌...”

ഇതും വളരെ പ്രസക്തമായ കാര്യമാണ്... അപ്പു നന്നായി പറഞ്ഞിരിക്കുന്നു...

അഭിനന്ദനങ്ങള്‍

ഇട്ടിമാളു അഗ്നിമിത്ര April 24, 2007 at 11:27 AM  

അപ്പു .. കഥയാണോ കാര്യമാണോ കൂടുതല്‍ ഇഷ്റ്റമായതെന്നൊരു സംശയം

സൂര്യോദയം April 24, 2007 at 11:38 AM  

അപ്പൂ... വളരെ ശരിയാണ്‌ താങ്കള്‍ എഴുതിയത്‌...

എത്ര ജോലിത്തിരക്കിലും ജീവിതത്തിരക്കിലും പുതിയ തലമുറയെ സാംസ്കാരികമായി വാര്‍ത്തെടുക്കുന്നതില്‍ നാം സമയം കണ്ടെത്തിയേ തീരൂ.....

salim | സാലിം April 24, 2007 at 12:23 PM  

അപ്പൂ, നല്ല കഥയും ഓരോരുത്തരെയും ഇരുത്തിചിന്തിപ്പിക്കുന്ന ലേഖനവും

Rasheed Chalil April 24, 2007 at 12:25 PM  

അപ്പൂ... അസ്സലായി ഈ ലേഖനം. മക്കള്‍ മാര്‍ക്കുല്പാദക യന്ത്രങ്ങളാണെന്ന് മാത്രം വിശ്വസിക്കുന്ന ഒരു തലമുറയില്‍ സ്നേഹത്തിനെന്ത് വില. മക്കളേ ഒന്ന് അടുപ്പിച്ച് പിടിച്ചാല്‍ ഒന്ന് തലോടിയാല്‍ അവരെ ഉള്ളിലുള്ള സ്നേഹം അറിയിച്ചാല്‍ കിട്ടുന്ന മാര്‍ക്കില്‍ കുറവ് വരും എന്ന് മണിക്കൂറുകളോളം തര്‍ക്കിച്ച ഒരു പിതാവിനെ ഞാനിപ്പോഴും ഓര്‍ക്കുന്നു.

കുഞ്ഞ് ജനിക്കുമ്പോള്‍ മുതല്‍ അവന്‍ ആരാവണം എന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ ചിന്തിച്ച് തുടങ്ങുന്നതിനിടയില്‍ എവിടെയെങ്കിലും നല്ലൊരു മനുഷ്യനാവണം എന്ന് ചിന്തിക്കുന്നവര്‍ വിരളമാണ്. മാതാപിതാക്കള്‍ക്കാവശ്യം നല്ലൊരു മനുഷ്യനപ്പുറം നല്ലൊരു യന്ത്രമാണ്... ഭാവിയില്‍ നല്ല വരുമാനമുണ്ടാക്കുന്ന സോഷ്യല്‍ സ്റ്റാറ്റസുള്ള കടലാസു പൂക്കള്‍.

കടലാസു പൂക്കള്‍ക്കായി യഥാര്‍ത്ഥ പൂക്കളേ കരിച്ച് കളയുന്നു നമ്മളില്‍ പലരും.

ഒരു വാല്‍ കഷ്ണം കൂടി ചേര്‍ക്കണം എന്ന് തോന്നുന്നു. ഒരു ലോക പ്രശസ്തനായ ഒരു വ്യക്തിയുടെ ആത്മകഥയില്‍ അദ്ദേഹം ഒരു സംഭവം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് ഒരിക്കല്‍ വീട്ടില്‍ ഒരു ഭിക്ഷക്കാരനെത്തി. ഒരു നിമിഷം അദ്ദേഹം അദ്ദേഹം എന്തോ ഒരു ദേഷ്യത്തില്‍ ആ ഭിക്ഷക്കാരന്റെ പാത്രം തട്ടിത്തെറിപ്പിച്ചു. അദ്ദേഹത്തിന്റെ പിതാവ് അകത്ത് നിന്ന് വന്ന് ചിതറിത്തെറിച്ച നാണയങ്ങള്‍ തിരിച്ച് പാത്രത്തിലിട്ട് ഭിക്ഷക്കാരനെ പറഞ്ഞയച്ചു. പിന്നീട് ആ പിതാവ് പുത്രനെ വിളിച്ചു. അടുത്ത് നിര്‍ത്തി പറഞ്ഞു. മോനെ നാളെ നാം മരിച്ച് ദൈവ സന്നിധിയില്‍ എത്തുമ്പോള്‍ നീയും ഞാനും അവിടെയുണ്ടാവും. അവിടെ വെച്ച് ദൈവം എന്നോട് “നിന്റെ കയ്യില്‍ ഒരു പിടി മണ്ണ് തന്നിട്ട് നിനക്ക് അതിനെ മനുഷ്യനാക്കാന്‍ കഴിഞ്ഞില്ലല്ലോ “ എന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് മറുപടി പറയും.“

ഈ ചോദ്യം ഓരോരുത്തരും സ്വയം ചോദിച്ചാല്‍ ഒത്തിരി പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും.

ഇതാണ് മാതാപിതാക്കളുടെ കടമ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവം നല്‍കിയ ഒരു പിടി മണ്ണിനെ മനുഷ്യനാക്കുന്ന വലിയ ഉത്തരവാദിത്വം.

ഒത്തിരി ഇഷ്ടമായി ഈ പോസ്റ്റ്.

സാജന്‍| SAJAN April 24, 2007 at 2:28 PM  

ഞാനിതു വായിച്ചിരുന്നു,, ജോലിക്കിടക്കു കമന്റിടാന്‍ സമയം കിട്ടിയില്ല.. നല്ല ചീന്തകള്‍.. അപ്പൂ.. അപ്പൊ ഫോട്ടോയില്‍ നിര്‍ത്താന്‍ പരിപാടി ഇല്ല അല്ലേ...:)

സുല്‍ |Sul April 24, 2007 at 3:30 PM  

അപ്പു,
ശരിക്കും ഇരുത്തി ചിന്തിപ്പിക്കുന്ന ലേഖനം.
വളരെ നന്നായി എഴുതിയിട്ടുമുണ്ട്. ഇനിയും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കാമല്ലോ.
സ്നേഹപൂര്‍വം
-സുല്‍

പ്രിയംവദ-priyamvada April 24, 2007 at 6:01 PM  

വളരെ നല്ല ചിന്തകള്‍...പങ്കുവയ്ച്ചതിനു നന്ദി.
പറഞ്ഞുകൊടുക്കുക മാത്രമല്ല ,നല്ല പ്രവൃത്തികള്‍ ചെയ്തുകാണിക്കുകയും വേണം അല്ലെ? അപ്പുവിന്റെ മോളുടെ പിറന്നാള്‍ ആഘോഷം പോലെ!

Tedy Kanjirathinkal April 24, 2007 at 7:31 PM  

അപ്പുക്കുട്ടാ തൊപ്പിക്കാരാ നല്ല പോസ്‌റ്റ് ’ട്ടോ
:-)

ആഷ | Asha April 24, 2007 at 7:44 PM  

നല്ല ചിന്തകള്‍ അപ്പു
വളരെ നന്നായി ഉള്‍കൊണ്ട് എഴുതിയിരിക്കുന്നു.

Sathees Makkoth | Asha Revamma April 24, 2007 at 9:56 PM  

ശ്രദ്ധിക്കപ്പെടേണ്ട സത്യം. ലേഖനം നന്നായി. മാതാപിതാക്കന്മാരെ നല്ല അടികൊടുത്ത് ഇതൊക്കെ പഠിപ്പിക്കണം.

വേണു venu April 24, 2007 at 11:34 PM  

അപ്പൂ, നല്ല ലേഖനം.
പക്ഷേ, പ്രവാസിയെ സംബന്ധിച്ചേടത്തോളം, ഒത്തിരി
പരിമതികളുണ്ടു്. അതു് മാതാ പിതാക്കളെ കുറ്റപ്പെടുത്തുന്നതില്‍‍ അര്‍ഥമില്ല. അഛനെ മനസ്സിലാക്കാന്‍‍ കുരുന്നു പ്രായത്തില്‍‍ അവനോടു് അല്ലെങ്കില്‍‍ അവളോടു് അഛന്റ്റെ കുട്ടിക്കാല കഥകള്‍‍ പറഞ്ഞു കൊടുക്കേണ്ട അമ്മൂമ്മാ, അപ്പൂപ്പന്‍, അയല്‍‍പക്കത്തെ മുതിര്‍ന്നവര്‍‍, ജനിച്ചു് വളന്നു ജീവിച്ചതു കണ്ട നാട്ടുകാര്‍‍...ഒന്നുമില്ല ഒരു പ്രവാസിക്കു്. സ്വയം പറയുന്ന പൊങ്ങച്ചങ്ങളായി പതുക്കെ പതുക്കെ അഛന്‍ അഥവാ അമ്മ പറയുന്ന കഥകളെ കരുതി തുടങ്ങും കുഞ്ഞുങ്ങള്‍. അതു മനസ്സിലാക്കി ഒരു പ്രവാസി ഒതുങ്ങുമ്പോള്‍‍ അവനൊ അവളോ .... എവിടെയാണു് തിരുത്തല്‍‍ ...വേണ്ടതു്. ഇതു് പ്രവാസിയുടെ വേദനയാണു്.!!!!

Praju and Stella Kattuveettil April 25, 2007 at 2:19 AM  

വളരെ ശരിയായ ഒരുവിഷയമാണിത്‌. ജോലിത്തിരക്കുകള്‍കിടയിലും നാടും നാട്ടിലെ വിശേഷങ്ങളും പ്രവാസികുട്ടികളെ മനസിലാക്കുക എന്നത്‌ മാതാപിതാക്കളുടെ കടമയാണ്‌.

എങ്കിലും ഈ ആശയത്തിനൊരു മറുവശമില്ലേ. 70-കളില്‍ നാട്ടില്‍ നിന്ന് ചിക്കാഗോയിലെത്തിയവര്‍ക്ക്‌ (പ്രത്യേകിച്ചും നഴ്സുമാര്‍ക്ക്‌)ജോലി, കുട്ടികള്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം അവരുടെയും ഭര്‍ത്താകന്മാരുടെയും കുടുംബങ്ങളെ കരകയറ്റുക എന്ന ഉത്തരവാദിത്തവും കൂടി നിര്‍വക്കേണ്ടിവന്നതുകൊണ്ടാണ്‌ കുട്ടികളെ ശ്രദ്ധിക്കാനുള്ള സമയം ഇല്ലാതെ വരുകയും കുട്ടികള്‍ക്ക്‌ നാടുമായി ഒരു അറ്റാച്ച്‌മന്റ്‌ ഇല്ലാതാവുകയും ചെയ്തത്‌. അതിനവരെ കുറ്റപെടുത്താന്‍ പറ്റുമോ???

(എനിക്ക്‌ അറിയാവുന്ന ഒരു ഉദാഹരണം പറഞ്ഞതാണ്‌)

SUNISH THOMAS April 25, 2007 at 3:21 AM  

ഈയാഴ്ചത്തെ എന്റെ തൂവല്‍ അപ്പുക്കുട്ടന് ...!

തമനു April 25, 2007 at 10:37 AM  

അപ്പൂസേ, എല്ലാവരും തിരിച്ചറിയേണ്ട കാര്യങ്ങള്‍.. നന്നയിരിക്കുന്നു ഈ ഉദ്യമം...

ക്യാമറയിലൂടെയും, നേര്‍ക്കാഴ്ചയിലൂടെയും നന്മകളും വ്യത്യസ്തതകളും കാണുന്ന അപ്പുവിന്റെ ഓരോ പോസ്റ്റുകളും വളരെ ഹൃദ്യമാവുന്നു.

Kaithamullu April 25, 2007 at 1:02 PM  

എല്ലാക്കൊല്ലവും നാട്ടില്‍ പോകുമ്പോള്‍ ഓരൊവീട്ടില്‍ കേറുമ്പോഴും മക്കള്‍ ചോദിക്കും: ഇതാരുടെ വീടാ? ഈ അങ്കിളാരാ, ഈ ആന്റിയാരാ?

-സ്വന്തപ്പെട്ടവരെ വീണ്ടും വീണ്ടും പരിചയപ്പെടുത്തേണ്ടി വരുമ്പോഴുള്ള ചമ്മലും വിഷമവും ഉള്ളിലൊതുക്കുമ്പോഴേക്കും ആരെങ്കിലും സഹായത്തിനെത്തും: മോള്‍ മറന്നുപോയോ.....?

മക്കള്‍ കുറച്ച് വലുതായപ്പോള്‍ ഞാന്‍ തന്നെ മുങ്കൈയെടുത്ത് അവരെ ബന്ധുക്കളുമായി അടുപ്പിക്കയായിരുന്നു. ഇപ്പോള്‍ എന്നേക്കാള്‍ കൂടുതല്‍ കമ്മൂണിക്കേഷന്‍ മക്കള്‍ക്കവരോടാണ്.
അതില്‍ എനിക്കും ഭാര്യക്കും എന്ത് സന്തോഷവും ആശ്വാസവുമാണെന്നോ!

അപ്പൂ, മറ്റൊരു പ്രവാസിപ്രശ്നം നന്നായി അവതരിപ്പിച്ചിരിക്കുന്നു. നന്ദി!

ഇടിവാള്‍ April 25, 2007 at 3:54 PM  

നല്ല പോസ്റ്റ് !

ആ മാലാഖയും അമ്മയും കുഞ്ഞും ഉള്ള ഉദാഹരണം ഹൃദ്യമായി!

അപ്പു ആദ്യാക്ഷരി April 26, 2007 at 4:50 PM  

ഇതൊരു വൈകിയ നന്ദി പ്രകാശനമാണ്..ക്ഷമിക്കുക.
തറവാടി, വല്യമ്മായി, ചേച്ചിയമ്മ, അഗ്രജന്‍, ഇട്ടിമാളു, സൂര്യോദയം, സാലിം, സാജന്‍, സുല്‍, പ്രിയംവദ, റ്റെഡിച്ചായന്‍, ആഷ, സതീശ്, വേണു, തരികിട, സുനീഷ്, തമനു, കൈതമുള്ള്, ഇടിവാള്‍...എല്ലാവര്‍ക്കുന്‍ നന്ദി അഭിപ്രായങ്ങള്‍ പങ്കുവച്ചതിന്.

ഇത്തിരീ, ഈ ലേഖനത്തിന് ഒരു അനുബന്ധം തന്നെയാവുന്നു താങ്കളുടെ കമന്റ്. നന്ദി.

Sureshkumar Punjhayil April 27, 2009 at 9:00 PM  

Aa ammayum oru manushyanalle .. appo athishayikkanillallo... Nannayirikkunnu.. Ashamsakal...!!!

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP