വിദ്യാലയമുറ്റത്തേക്കൊരു തീര്‍ത്ഥയാത്ര - രണ്ടാം ഭാഗം

>> Monday, June 11, 2007

{ഒന്നാം ഭാഗം ഇവിടെ)

ഇന്റര്‍വെല്ലിന്‌ "പള്ളിക്കടയിലേക്ക്‌" ഒരോട്ടമാണ്‌. സ്കൂളിനു സമീപത്തുള്ള ചെറിയ മുസ്ലിം പള്ളിയോടു ചേര്‍ന്നുള്ള, ഷെരീഫിന്റെ കടയ്ക്കാണ്‌ പള്ളിക്കട എന്നു പറയുന്നത്‌. അവിടെ കുട്ടികല്‍ക്കിഷ്ടമാവുന്ന, പത്തുപൈസയ്ക്കു കിട്ടുന്ന പമ്പരം, ചെറിയ മൃഗങ്ങളുടെ രൂപങ്ങള്‍ തുടങ്ങി, ഗ്യാസ്‌ മുട്ടായി, നാരങ്ങ മുട്ടായി, കടുകുമുട്ടായി, ജീരകമുട്ടായി, പെന്‍സില്‍, പേന, ബുക്ക്‌ ഇങ്ങനെ എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു. പത്തുപൈസ കൈയ്യിലുള്ളവര്‍ ഇതൊക്കെ വാങ്ങി വരുമ്പോള്‍ കളിക്കാന്‍ അതില്ലാത്തവരെയും കൂട്ടും. മറ്റൊന്നുമില്ലെങ്കില്‍ ചീനി (കപ്പ) യുടെ കായയുടെ തൊലിയിളക്കിക്കളഞ്ഞ്‌ അതിലൊരു ചെറിയ ഈര്‍ക്കില്‍ തിരുകിയ പമ്പരമെങ്കിലും ചിലരൊക്കെ സ്കൂളില്‍ കൊണ്ടുവരുമായിരുന്നു.

ഇന്റര്‍വെല്ലാവുമ്പോള്‍ അടുത്തുള്ള, ഉണ്ണൂണ്ണിച്ചായന്റെ ചായക്കടയില്‍നിന്ന് അധ്യാപര്‍ക്ക് ചായ വരും. ആറു വളയങ്ങള്‍ ഒന്നിച്ചുചേര്‍ത്തിണക്കി, അതില്‍ റ പോലൊരു കൊളുത്തും ഉറപ്പിച്ച ഒരു കാരിയറിലാണ് കുപ്പിഗ്ലാസുകളില്‍ പകര്‍ന്ന ചായകൊണ്ടുവരുന്നത്. ഇടയ്ക്കൊക്കെ ചായ ഓര്‍ഡര്‍ കൊടുക്കാനായി കുട്ടികളും അങ്ങോട്ട് മെസഞ്ചര്‍മാരായി ഓടിയിരുന്നു.

ഉച്ചയായാല്‍ ഉപ്പുമാവിന്‌ സമയമായി. അന്നൊക്കെ അമേരിക്കയില്‍നിന്ന് വരുന്ന ഗോതമ്പും, എണ്ണയും, പിന്നീട്‌ പാല്‍പ്പൊടി കുറുക്കിയതും ഒാട്സും ഒക്കെ സ്കൂളുകളില്‍ ഉച്ചയ്ക്ക്‌ പാവപ്പെട്ട കുട്ടികളെ ഉദ്ദേശിച്ച്‌ നല്‍കിയിരുന്ന ഒരു പദ്ധതിയുണ്ടായിരുന്നല്ലോ. ("CARE" എന്നായിരുന്നു ഈ പദ്ധതിയുടെ പേര്‌). എന്നാലും വെന്ത ഉപ്പുമാവില്‍ ബട്ടര്‍ ഓയില്‍ ചേര്‍ക്കുമ്പോഴുള്ള മണം എല്ലാ കുട്ടികള്‍ക്കും വലിയ പ്രിയമായിരുന്നു. അതിനാല്‍ത്തന്നെ ഉപ്പുമാവുതിന്നാനുള്ള കൂട്ടത്തില്‍ ഞങ്ങളെല്ലാം ഉണ്ടാവും. വട്ടയിലയിലും, വീട്ടില്‍ നിന്നു കൊണ്ടുവരുന്ന പാത്രത്തിലുമൊക്കെയാണ്‌ തീറ്റി. സദ്യയുണ്ണാനിരിക്കുന്നതുപോലെ, രണ്ടോമൂന്നോ പന്തിയായി കുട്ടികള്‍ താഴത്തെ ഷെഡ്ഡില്‍ ഇരിക്കും. അഞ്ചാറു മാഷുമാരും പ്യൂണും ചേര്‍ന്ന് വിളമ്പും. എല്ലാം കഴിച്ചുകഴിഞ്ഞിട്ടേ എണീക്കാവൂ എന്ന കര്‍ശന നിര്‍ദ്ദേശം ഹെഡ്മാസ്റ്റര്‍ നല്‍കിയിരുന്നെങ്കിലും, പന്തി മുഴുവന്‍ വിളമ്പിക്കഴിയുന്നതിനു മുമ്പുതന്നെ ആദ്യം കിട്ടിയവര്‍ എഴുന്നേറ്റോടിയിരിക്കും.

ഉച്ചയ്ക്കുള്ള ഒരുമണിക്കൂര്‍ ബ്രേക്കിന്‌ ഞങ്ങള്‍ അമ്മയോടൊപ്പം വീട്ടിലേക്ക്‌ പോകും, ചോറുണ്ണാന്‍. തിരിച്ചെത്തുമ്പോഴേക്ക്‌ കൂട്ടുകാര്‍ സ്കൂള്‍ മുറ്റത്ത്‌ കുട്ടീംകോലും, ഗോലിയും, കബഡിയുമൊക്കെ കളിക്കുന്നുണ്ടാകും. പെണ്‍കുട്ടികള്‍ക്ക്‌ പ്രിയം അക്ക്‌ കളി എന്നറിയപ്പെട്ടിരുന്ന, കളത്തില്‍ ഒരു ഓട്ടു കഷണം എറിഞ്ഞ്‌ അതില്‍ ഒറ്റക്കാലില്‍ ചാടിച്ചാടി എത്തുന്ന കളിയിലായിരുന്നു. ചെറിയ കുപ്പിവളപ്പൊട്ടികള്‍ പെറുക്കിക്കൂട്ട് “സെറ്റ് കളി“ എന്നൊരു കളിയും അവരുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇതു കൂടാതെ സാറില്ലാത്ത പീരിഡുകളില്‍ കളിക്കാന്‍ ഈര്‍ക്കില്‍ (ഒരമ്മ ഈര്‍ക്കിലിയും പത്തു മക്കളും) കളംവെട്ട്‌ തുടങ്ങിയ ഇന്‍ഡോര്‍ ഗെയിമുകളും, പേപ്പര്‍ മടക്കിയുണ്ടാക്കുന്ന പ്ലെയിന്‍ പറത്തലുകളും ആണ്‍കുട്ടികള്‍ക്ക് വളരെ പ്രിയം. "അക്കുത്തിക്കുത്താന വരമ്പേല്‍ കല്ലേകുത്ത്‌ കരിങ്കുത്ത്‌.... (അത്തളപിത്തളയുടെ മറ്റൊരു രൂപം) പെണ്‍കുട്ടികളുടെ ഇടയിലായിരുന്നു പ്രശസ്തം.

തീപ്പെട്ടി പടം കളക്ഷന്‍, തിയേറ്ററുകളില്‍ നിന്നും വരുന്ന സിനിമ ഫിലിം ഓരോ ഫ്രെയിമായി മുറിച്ചതിന്റെ കളക്ഷന്‍ തുടങ്ങിയവയും വളരെ താല്‍പര്യമുള്ള കാര്യങ്ങളായിരുന്നു കുട്ടികള്‍ക്ക്‌. ഇത്രയും തീപ്പെട്ടി പടങ്ങള്‍ എവിടെനിന്നാവോ അക്കാലത്ത്‌ വന്നത്‌! അതും തീപ്പെട്ടിയില്‍ പശതേച്ച്‌ ഒട്ടിക്കാത്തവ. "ദേവി" തീപ്പെട്ടിയുടെ പടമായിരുന്നു ഏറ്റവും കൂടുതല്‍ കണ്ടിട്ടുണ്ടായിരുന്നത്‌. തീപ്പെട്ടി പടങ്ങള്‍ ഒട്ടിച്ചു ചേര്‍ത്ത ഒരു വലിയ ബുക്കുതന്നെ ഞങ്ങള്‍ക്കെല്ല്ലം സ്വന്തമായുണ്ടായിരുന്നു. . കടംകഥ ചോദിച്ച്‌ ഉത്തരം മുട്ടുമ്പോള്‍ "സുല്ലിട്ട്‌" ഉത്തരം വാങ്ങും. ഇടയ്ക്കൊക്കെ തൊട്ടതിനും പിടിച്ചതിനും പിണങ്ങുമ്പോള്‍ രണ്ടുകൈയ്യിലേയും ചൂണ്ടുവിരല്‍ കൊണ്ട്‌ വെട്ടി "ചണ്ട" (ശണ്ഠ??) പറയുകയും, കവിള്‍ വീര്‍പ്പിച്ച്‌ കൈചുരുട്ടി ഇടിച്ചുപൊട്ടിച്ച്‌ പിണക്കം അറിയിക്കുകയും ചെയ്തതൊന്നും അധികം നേരത്തേക്ക്‌ നീണ്ടുനില്‍ക്കുകയില്ലായിരുന്നു. പിള്ളമനസ്സില്‍ കള്ളമില്ലല്ലോ?

പുതിയ ക്ലാസിലെത്തി പുതിയ പുസ്തകങ്ങള്‍ കൈയ്യിലെത്തിയാലുടന്‍ തന്നെ നടുവിലുള്ള ഒരു പേജിനിടയിലേക്ക്‌ ഒരു മയില്‍പ്പീലി വയ്ക്കും. മുഴുവന്‍ പീലിയൊന്നുമില്ല, ഒരു കുഞ്ഞുതണ്ടു മാത്രം. അതിന്റെ കൂടെ തെങ്ങിന്റെ ഇളം ഓലയുടെ വശത്തുനിന്നും ചുരണ്ടിയെടുത്ത ഒരു പൊടിയും വയ്ക്കും. കുറേ നാളുകള്‍ കഴിയുമ്പോള്‍ മയില്‍പീല്‍ പ്രസവിക്കുമത്രേ. കൂടെക്കൂടെ തുറന്നു നോക്കിയാല്‍ പ്രസവിക്കില്ലാന്നും ഒരു വിശ്വാസമുണ്ടായിരുന്നു. ഏതായാലും എന്റെ പുസ്തകങ്ങളില്‍ വച്ച പീലികളൊന്നും പ്രസവിച്ചില്ല. അതിനാല്‍ വലിയ പീലിയുടെ ഒരറ്റം കുഞ്ഞായിമുറിച്ച്‌ അതായിരുന്നു കൂട്ടുകാരുടെ ഇടയില്‍ കൊണ്ടുപോയി പ്രദര്‍ശിപ്പിച്ചിരുന്നത്‌. രണ്ടാം ക്ലാസില്‍ വച്ച് അറുമുഖന്‍ ഒരു മുഴുവന്‍ പീലി കൊണ്ടുവന്നു. അവന്റെ അച്ച്ചന്‍ പളനിക്കുപോകാന്‍ കാവടി ഉണ്ടാക്കിയപ്പോള്‍ അതില്‍ നിന്നും അവന്‍ എടുത്തതായിരുന്നത്രേ!

(മൂന്നാം ഭാഗം ഇവിടെ)

0 comments:

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP