സഹ്യന്റെ മടിയില‌ുടെ ഒരു യാത്ര - രണ്ട്

>> Saturday, August 2, 2008

വളവും, തിരിവും, കയറ്റവും ഒക്കെയായി NH 220 എന്ന കോട്ടയം കുമിളി റോഡ് അങ്ങനെ സഹ്യനിലേക്ക് കയറുകയാണ്. ടോപ്പ് ഗിയറീല്‍ ഓടിക്കൊണ്ടിരുന്ന കാറിന് പലപ്പോഴും തേഡ് ഗിയര്‍ വേണ്ടിവന്നു, ഞങ്ങള്‍ നാല് ആള്‍ക്കാരെയും രണ്ടു കുട്ടികളേയും വഹിച്ച് ആ കയറ്റം കയറുവാന്‍. പക്ഷേ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല; ആവശ്യത്തിനു പവര്‍ ഉള്ള അതിന്റെ എഞ്ചിന്‍ ഭംഗിയായി ആ കയറ്റങ്ങള്‍ കയറുന്നുണ്ടായിരുന്നു.

റോഡ് സൈന്‍ ബോര്‍ഡുകളെ കൂടാ‍തെ "Speed thrills, but kills", "Alcohol and driving - never mix them", തുടങ്ങിയ ലഘുമുന്നറിയിപ്പുകളും വഴിയില്‍ ധാരാളം സ്ഥാപിച്ചിട്ടുണ്ട്, ആരും ശ്രദ്ധിക്കുന്നില്ലെങ്കിലും.



റോഡു നിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെ കാര്‍മേഘങ്ങള്‍ മലകളുടെ തലപ്പുകളില്‍ കുന്നുകൂടുന്നതു കാണാമായിരുന്നു. തണുത്ത കാറ്റ് വീശിയടിച്ചു. ഏതുനിമിഷവും മഴവീണേക്കാം. കുറച്ചുകൂടി മുന്നോട്ട് നീങ്ങിയപ്പോള്‍ റോഡിന്റെ നേരെ എതിര്‍വശത്തുള്ള മലയുടെ നെറുകയില്‍നിന്നും താഴ്വാരങ്ങളിലേക്ക് ശക്തിയായി ഊര്‍ന്നിറങ്ങുന്ന കാര്‍മേഘങ്ങള്‍ കാണാറായി. അവിടെ മഴ വീഴുവാന്‍ തുടങ്ങിയിരിക്കുന്നു. ഇത്രയും അടുത്തുനിന്ന് മഴപെയ്തിറങ്ങുന്നതുകാണുവാന്‍ നല്ല രസമാണ്. ഈ ഫോട്ടോയില്‍ അതിന്റെ ഭംഗി അപ്പടി ആവാഹിക്കുവാന്‍ സാധിച്ചിട്ടില്ല എന്നു പ്രത്യേകം പറയട്ടെ.



ഒരു മലയില്‍ മഴപെയ്യുവാന്‍ തുടങ്ങിയാല്‍ പിന്നെ നാം നോക്കിനില്‍ക്കേതന്നെ ചെറുവെള്ളച്ചാട്ടങ്ങള്‍ ആ മലയുടെ താഴ്വാരങ്ങളിലേക്ക് ചാടാന്‍ തുടങ്ങും. മഴ തീരുന്നതോടെ ഇവയും നില്‍ക്കും. ഇതാ അതുപോലെ ഒരു ഊക്കന്‍ വെള്ളച്ചാട്ടം. വൈഡ് ആംഗിള്‍ ഫോട്ടോയായതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് കാണാമെന്നേയുള്ളൂ; എങ്കിലും ഒന്നു വലുതാക്കി കണ്ടുനോക്കൂ.



മഴക്കോള്‍ പെട്ടന്നുതന്നെ പെയ്തൊഴിഞ്ഞു. വീണ്ടും ചെറിയ വെയില്‍ തെളിഞ്ഞു. സമയം ഉച്ചയ്ക്ക് പന്ത്രണ്ടുമണിയായിരിക്കുന്നു. ഇതിനോടകം തന്നെ കുട്ടികള്‍ രണ്ടുപേരും അമ്മ പൊതിഞ്ഞുതന്നയച്ച ഇഡ്ഡലിയും ചമ്മന്തിയും കഴിച്ച് വിശപ്പൊക്കെ മാറിയിരിക്കുകയാണ്. ഞങ്ങള്‍ക്ക് ചെറുതായി വിശക്കുന്നുമുണ്ട്. ഒരു ചൂടുചായ കുടിക്കാം തണുപ്പും മാറാം എന്ന് ഒരാഗ്രഹം. അപ്പോഴാണ് വഴിവക്കില്‍ ഹില്‍‌വ്യൂ റെസ്റ്ററന്റ് കണ്ടത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ചെറിയ റെസ്റ്ററന്റ് (നമ്മുടെ നാട്ടുഭാഷയില്‍ ഹോട്ടല്‍) ഈ ഭാഗത്ത് കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ അവിടെ കയറിയിട്ടില്ല. ഇപ്രാവശ്യം ഒന്നു കയറുകതന്നെ എന്നു നിശ്ചയിച്ച് ഞങ്ങള്‍ കാര്‍ റോഡിന്റെ ഓരത്തേക്ക് പാര്‍ക്ക് ചെയ്തു. ഇതാണു ഹില്‍ വ്യൂ. (രണ്ടു ഫോട്ടോകള്‍ തുന്നിച്ചേര്‍ത്ത ചിത്രമാണു കേട്ടോ).



ഓരോ ചായയ്ക്ക് ഓര്‍ഡര്‍ നല്‍കിയശേഷം അതിന്റെ പരിസരമൊക്കെ ഒന്നു നോക്കിക്കാണാനായി ഇറങ്ങി. റോഡിന്റെ താഴെനിരപ്പില്‍ നില്‍ക്കുന്ന ഒരു വീടാണത്. അതിന്റെ മുകള്‍ഭാഗം ഒരു റെസ്റ്ററന്റായി മാറ്റിയതാണ്. പുറകുവശത്തേക്ക് ഇറക്കി കെട്ടിയിരിക്കുന്ന ഒരു ചെറിയ മുറി. അതില്‍ മുന്നാലു മേശകളും കസേരകളും. അതിന്റെ വരാന്തയുടെ ഒരറ്റത്തായി ഒരു ബാത്‌റൂം, ടോയിലറ്റ്. ഈ മുറിയുടെ മുമ്പിലായി ഒരു ചെറിയ കടമുറി - ചായക്കടതന്നെ. ഈ കടമുറിയുടെ മുകളിലായി ഒരു വീക്ഷണഗോപുരവും - ഇത്രയുമാണ് ഇക്കോടൂറിസത്തിന്റെ ഭാഗമായി നിര്‍മ്മിച്ചിരിക്കുന്ന ആ കൊച്ചു റെസ്റ്ററന്റിന്റെ ഭാഗങ്ങള്‍. കൊള്ളാം നല്ല ലൊക്കേഷന്‍, നല്ല കാലാവസ്ഥ, വൃത്തിയുള്ള ചുറ്റുപാട്.

ഗള്‍ഫില്‍നിന്നു ചിപ്സും, പെപ്സിയും തിന്നും കുടിച്ചും കൊതിതീര്‍ന്ന പിള്ളേരാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, മനുക്കുട്ടന് ഉടനെ അവിടെക്കണ്ട “സെപ്സി” വേണം. പോരാത്തതിന് പ്ലാസ്റ്റിക് കൂടുകളില്‍ തൂക്കിയിട്ടിരിക്കുന്ന സാധനങ്ങളെല്ലാം പൊട്ടറ്റോ ചിപ്സ് ആണെന്നാണ് അവന്റെ വിചാരം. അതൊക്കെയും വേണം. അവയില്‍ നിന്നും അവനു വേണ്ട സാധനങ്ങള്‍ എടുത്തുകൊടുക്കുമ്പോള്‍, ഞാന്‍ അവിടുത്തെ ചേച്ചിയോട് ആ റെസ്റ്ററന്റിനെപ്പറ്റി ചോദിച്ചു മനസ്സിലാക്കി. അത് അവരുടെ വീടുതന്നെയാണ്. അവരുടെ ഭര്‍ത്താവും, ഈ ചേച്ചിയും, അവരുടെ രണ്ടു ചെറിയ കുട്ടികളും ഒരു സഹായിയുമാണ് അവിടെയുള്ളത്. വീടിന്റെ ഭാഗമായതിനാല്‍, അവരുടെ അടുക്കളയില്‍ തന്നെയാണു പാചകം. വലിയരീതിയിലുള്ള സെറ്റപ്പുകളൊന്നുമില്ലെങ്കിലും ഉള്ള ഭക്ഷണം വൃത്തിയായി ഉണ്ടാക്കുന്നതാണെന്ന് വ്യക്തമായിരുന്നു. ചായകൊണ്ടുവന്നതിന്റെ കൂടെ, “ഊണുവേണോ, അല്ലെങ്കില്‍ കപ്പയും മീന്‍ കറിയും ഉണ്ട്” എന്നും കൂടെ പറയുവാന്‍ ചേച്ചി മറന്നില്ല!

ഞങ്ങള്‍ പരസ്പരം നോക്കി. ചോറുവേണോ? ഞാനും അനുജനും കൂടെ ഇനി പോകാനുള്ള ദൂരവും ആ വഴിയ്ക്കുള്ള “ഹോട്ടലുകളും” ഒന്നുകൂടി മനസ്സില്‍ കൂട്ടിയും കിഴിച്ചും നോക്കി. ഇനി കുട്ടിക്കാ‍നം എന്ന ഹില്‍‌സ്റ്റേഷനില്‍ എത്താന്‍ പത്തിരുപതു കിലോമീറ്റര്‍ ഉണ്ട്. ഇടയ്ക്കൊന്നും നിര്‍ത്താതെ അങ്ങുപോയാല്‍ അരമണിക്കൂറുകൊണ്ട് എത്താവുന്നതേയുള്ളൂ. പക്ഷേ ഞങ്ങളുടെപോക്ക് അങ്ങനെയല്ലല്ലോ. വഴിനീളെ കാഴ്ചകളും, ഫോട്ടോയെടുപ്പും ഒക്കെ കഴിഞ്ഞ് അങ്ങു ചെല്ലുമ്പോഴേക്ക് ഒന്നൊന്നരയാകും. അതുകഴിഞ്ഞ് എട്ടുപത്തു കിലോമീറ്റര്‍ ഓടി ഏലപ്പാറ എത്തിയാലേ കുറേ റെസ്റ്ററന്റുകളുള്ള ഒരു സ്ഥലത്ത് എത്തൂ. മുന്‍ അനുഭവങ്ങളില്‍നിന്ന് അവിടുത്തെ “വൃത്തിയും മണങ്ങളും“ മനസ്സിലേക്ക് പെട്ടന്ന് ഓടിയെത്തി. പിന്നെ കൂടുതലൊന്നും ആലോചിക്കാന്‍ പോയില്ല. എല്ലാവര്‍ക്കും ഊണ്എടുക്കുവാന്‍ ചേട്ടനേയും ചേച്ചിയേയും ചുമതലപ്പെടുത്തി. മീന്‍ വറുത്തത് സ്പെഷ്യല്‍. അവര്‍ ഊണു റെഡിയാക്കുമ്പോഴേക്ക് ഹില്‍ വ്യൂവില്‍ നിന്നുള്ള കാഴ്ചകളൊക്കെ കണ്ടു. അവിടെ നിന്ന് എല്ലാവരുടേയും ഒരോ ഫോട്ടോ എടുക്കുകയും ചെയ്തു. ദേണ്ടെ ഒരു സാമ്പിള്‍ ചിത്രം.



ഊണുവന്നു. പ്ലെയിറ്റുകള്‍ നിരന്നു. പാലക്കാടന്‍ മട്ട ചോറ്, ഒഴിക്കാന്‍ സാമ്പാര്‍, പുളിശ്ശേരി, കാബേജ് തോരന്‍, ബീറ്റ് റൂട്ട് മെഴുക്കുപുരട്ടി, കല്ലിലരച്ച തേങ്ങച്ചമ്മന്തി, മീന്‍ കറി, അച്ചാറ്, പപ്പടം പിന്നെ മീന്‍ വറുത്തതും. കുശാലായ നാടന്‍ ഊണ്. നല്ല രുചിയും. ചേച്ചിയുടെ പാചകകൈപ്പുണ്യം നല്ലതുതന്നെ എന്ന് കമന്റും പറഞ്ഞു ഞങ്ങള്‍ വയറുനിറയെ ചോറുണ്ടു.

“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും പെപ്സിതന്നെ കൊതുകിന്നു കൌതുകം” എന്നമട്ടില്‍ മനുക്കുട്ടന്‍ പെപ്സിയുമായി വട്ടം നടക്കുന്നുണ്ടായിരുന്നു, ഉണ്ണിക്ക് ഒരു തുള്ളി കൊടുക്കാതെ!



ഊണും കഴിഞ്ഞ് ബില്ലും കൊടുത്ത് ചേട്ടനും ചേച്ചിക്കും ഭക്ഷണത്തിന്റെ രുചിക്ക് പ്രത്യേക അഭിനന്ദനവും പറഞ്ഞിട്ട് ഞങ്ങള്‍ യാത്രതുടര്‍ന്നു. ഷോബി (അനുജന്റെ ഭാര്യ) ആ വഴിക്ക് ആദ്യമായി പോവുകയായതിനാല്‍ ഇടയ്കൊക്കെ കാര്‍ നിര്‍ത്തി നിര്‍ത്തി കാഴ്ചകളൊക്കെ കാണിച്ചുകൊണ്ടായിരുന്നു യാത്ര. മാത്രവുമല്ല മനുക്കുട്ടന്റെയും ആ വഴിക്കുള്ള ആദ്യയാത്രതന്നെ.”അമ്മേ ആ മേഘം നമ്മടെ അടുത്തുവരുമോ, നമ്മള്‍ ആ മേഘത്തിന്റെ അകത്തുപോകുമോ” എന്നൊക്കെ നൂറുകൂട്ടം സംശയങ്ങള്‍ മേഘങ്ങളെപ്പറ്റി ചോദിച്ചുകൊണ്ടാണ് അവന്റെ ഇരുപ്പ്.

ഒരു വളവു കൂടി കഴിയുമ്പോള്‍ , റോഡരുകിലേക്കുതന്നെ പതിക്കുന്ന ഒരു ചെറിയ അരുവിയുണ്ട്. വളരെ ചെറിയ, എന്നാല്‍ മനോഹരമായ ഒരു വെള്ളച്ചാട്ടം. കാലുകള്‍ ഒന്നു നനയ്ക്കാനും, മലമുകളില്‍നിന്ന് ഒഴുകിവരുന്ന കണ്ണുനീര്‍പോലെ തെളിഞ്ഞ ആ ഉറവയുടെ തണുപ്പ് ഒന്നു തൊട്ടറിയുവാനും ഒക്കെ പറ്റിയ സ്ഥലം. വളരെ പണ്ടേ ഉള്ള ഒരു അരുവിയാണിത്. കാര്‍ നിര്‍ത്തി.



പാറകള്‍ക്കിടയിലൂടെ തട്ടിപ്പതഞ്ഞൊഴുകി താഴേക്ക് പതിച്ച് ഒരു കലുങ്കിനടിയിലൂടെ മലയുടെ താഴ്വരയിലേക്ക് ഒഴുകിപ്പോകുന്ന ഒരു കൊച്ചരുവി. ഇതുപോലെയുള്ള ധാരാളം അരുവികള്‍ ഈ റോഡില്‍ ഉടനീളം കാണാം. ചിത്രം വലുതാക്കിനോക്കിയാല്‍ ഒരു ചെറിയ പ്ലാസ്റ്റിക് കുഴല്‍ ഈ ജലപാതത്തിന്റെ അടിയിലൂടെ കടന്നുപോകുന്നതുകാണാം. ഇങ്ങനെയാണ് ഇവിടങ്ങളില്‍ ശുദ്ധജലം ശേഖരിക്കുക. മുളം‌തണ്ടുകളും ഇതിനായി ഇപയോഗിച്ചിരുന്നു. ഉയരത്തില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം പമ്പിന്റെയും ഒന്നും സഹായമില്ല്ലാതെ സ്വാഭാവികമായി താഴേക്ക് ഒഴുകുകയും അതു സംഭരിക്കുകയും ചെയ്യാമല്ലോ.

കുറേവര്‍ഷങ്ങള്‍ക്കു മുമ്പ് (ഇപ്പോഴും ഉണ്ടാവണം) മലകയറി കയറി പോകുന്ന വാഹനങ്ങളുടെ റേഡിയേറ്റര്‍ തണുപ്പിക്കുവാനായും ഈ അരുവികളില്‍ നിന്നുള്ള വെള്ളച്ചാട്ടങ്ങള്‍ ഉപയോഗിച്ചിരുന്നു. കുറേനേരം വണ്ടി ഭാരവും വലിച്ച് മലകയറിക്കഴിയുമ്പോഴേക്ക് റേഡിയേറ്ററിലെ വെള്ളം ചൂടായി ആവിവരാന്‍ തുടങ്ങും. അടുത്തുവരുന്ന ജലപാതത്തിനരുകില്‍ വണ്ടി തണുപ്പിക്കാനുള്ള കുട്ടികള്‍ തയ്യാറായി നില്‍ക്കുന്നുണ്ടാവും. അവര്‍ക്ക് വണ്ടിക്കാര്‍ ടിപ്സ് വല്ലതും കൊടുക്കും. അവര്‍ റേഡിയേറ്റര്‍ തുറന്ന്, ഇതുപോലെ ഇട്ടിരിക്കുന്ന് ഒരു ഹോസ് എടുത്ത് റേഡിയേറ്ററിന്റെ വായിലേക്ക് ഉറപ്പിക്കും. മലമുകളില്‍ നിന്നും വരുന്ന തണുത്ത ജലം റേഡിയേറ്ററില്‍ ഒന്നു കയറി ഇറങ്ങുമ്പോഴേക്ക് വണ്ടി തണുത്തിരിക്കും. വീണ്ടും വാഹനം യാത്ര തുടരും. ഇങ്ങനെയായിരുന്നു പണ്ടത്തെപതിവ്. ബസുകളും ഒന്നോരണ്ടൊ തവണ ഇപ്രകാരം തണുപ്പിച്ചിരുന്നു.ഇപ്പോഴത്തെ പെട്രോള്‍ വണ്ടികള്‍ക്കൊക്കെ കൂളന്റും കുറച്ചുകൂടി ഫലവത്തായ തണുപ്പിക്കലും ഒക്കെ ഉള്ളതിനാല്‍ ഇതിന്റെ ആവശ്യമില്ല എന്നേയുള്ളൂ. ഡീസല്‍ വണ്ടികളും അങ്ങനെതന്നെ എന്നു തോന്നുന്നു.

മഴ ഒന്നുകൂടി ചെറുതായി ചാറിയൊഴിഞ്ഞു. പെരുവന്താനം എന്ന ചെറിയ ജംഗ്‌ഷനും പിന്നിട്ട് മുറിഞ്ഞപുഴ എന്ന പ്രദേശത്ത് എത്താറായി എന്ന് റോഡിലെ ബോര്‍ഡുകളില്‍ നിന്നു മനസ്സിലായി. ‘മുറിഞ്ഞപുഴ’. ഇത്തവണ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴി അനി എന്ന ഡ്രൈവര്‍ പയ്യന്‍ പറഞ്ഞ ഒരു കാര്യം പെട്ടന്ന് എന്റെ മനസ്സിലെത്തി. ഈ ഭാഗത്ത് എവിടെയോ ആണ് അനി പറഞ്ഞ പാഞ്ചാലിമേട് എന്ന സ്ഥലം. “മെയിന്‍ റോഡില്‍ നിന്ന് അല്പം ഉള്ളിലേക്ക് പോകണം. ഒരു മലയുടെ മുകളിലാണ്. നല്ല രസമാണ് അവിടെനിന്നുള്ള കാഴ്ച. അതൊന്നു കാണേണ്ടത് തന്നെ” എന്നൊക്കെ അനി പറഞ്ഞ വാചകങ്ങള്‍ മനസ്സിലൂടെ പോയി. അധികം താമസിക്കേണ്ടിവന്നില്ല. തേടിയവള്ളി കെ.ടി.ഡി.സിയുടെ ഒരു ബോര്‍ഡിന്റെ രൂപത്തില്‍ റോഡ് സൈഡില്‍ എത്തി. “പാഞ്ചാലി മേട് 4.5 കിലോമീറ്റര്‍. അടുത്ത ജം‌ഗ്‌ഷനില്‍ നിന്ന് വലത്തേക്ക് തിരിയുക.”

എത്രതാമസിച്ചാലും ഇത്തവണ ഈ പാഞ്ചാലിമേട് ഒന്നു കാണുകതന്നെ. എല്ലാവര്‍ക്കും ഉത്സാഹമായി. രാമക്കല്‍മേട്, പാഞ്ചാലിമേട്, കമ്പം‌മേട് എന്നൊക്കെയാണ് ഈ സ്ഥലങ്ങളെ സാധാരണ നമ്മള്‍ അറിയപ്പെടുന്നതെങ്കിലും മലനാട്ടിലെ ലോക്കല്‍ ഭാഷയില്‍ “മെട്ട്” എന്നാണ് ശരിയായ വാക്ക്. രാമക്കല്‍ മെട്ട്, കമ്പം മെട്ട് എന്നിങ്ങനെ. മെട്ട് എന്നു പറഞ്ഞാല്‍ കുന്നിന്റെ നെറുക എന്നര്‍ത്ഥം. ബോര്‍ഡില്‍ കണ്ടതുപോലെ, തൊട്ടടുത്ത ജംഗ്‌ഷനില്‍ നിന്ന് ഷിജു വണ്ടി വലത്തേക്ക് തിരിച്ചു. ഇത്രയും നേരം വന്നുകൊണ്ടിരുന്ന വീതിയുള്ള റോഡില്‍നിന്നും വളരെ വ്യത്യസ്തമായ ഇടുങ്ങിയ ഒരു റോഡ്. എങ്കിലും ടാര്‍ ചെയ്തിട്ടുണ്ട്. ചുറ്റും മലകള്‍, കൊക്കകള്‍! മാനും മാഞ്ചാദിയും ഉണ്ടോ എന്നു സംശയം തോന്നുമാറ് ഒരൊറ്റ വീടും കാണുന്നില്ല! എങ്കിലും അതുവഴി ഒരു ഇലക്ട്രിക് ലൈന്‍ കടന്നുപോകുന്നുണ്ടായിരുന്നു - ഈ കാണുന്ന കൃഷിസ്ഥലങ്ങള്‍ക്കും കാടുകള്‍ക്കും ഇടയില്‍ മനുഷ്യവാസമുണ്ട് എന്നതിനു തെളിവായി!

മലകള്‍ക്കിടയിലൂടെ കുത്തുകയറ്റങ്ങളും, ഇറക്കങ്ങളും ഹെയര്‍പിന്നിനേക്കാള്‍ വളഞ്ഞവളവുകളും ഒക്കെയായി നിര്‍മ്മിച്ച ഒരു നാട്ടുവഴി. ഇരുവശത്തും പലവിധ കൃഷികള്‍, ഏലം, കാപ്പി, അടയ്ക്ക, കുരുമുളക്. ഇടയ്ക്കൊരിടത്ത് മണ്ണിടിഞ്ഞ് റോഡിലേക് കിടക്കുന്നതും കണ്ടു. ഇതുവഴി കടന്നുപോയിക്കഴിഞ്ഞതിനു പുറകേയെങ്ങാനും വീണ്ടും മണ്ണിടിഞ്ഞാല്‍ അപ്പുറത്ത് പെട്ടതുതന്നെ. എങ്കിലും പോകാനുറച്ചതല്ലേ, പോവുകതന്നെ എന്നു കരുതി മുമ്പോട്ടുതന്നെപോയി.



റോഡിലെ ഒരു വളവിനോട് ചേര്‍ന്ന് മറ്റൊരു കൊച്ചുവെള്ളച്ചാട്ടം. വളരെ സുന്ദരം. ആ വെള്ളച്ചാട്ടത്തിനെ വെറുതേ ഒരു ഫോട്ടോയിലാക്കി വന്ന് ബ്ലോഗിലിട്ടാല്‍, ഫോട്ടോ enthusiast കള്‍ എന്നോട് സ്വാഭാവികമായും ചോദിച്ചേക്കാവുന്ന ഒരു ചോദ്യം അപ്പോള്‍ ഞാനോര്‍ത്തു.. “അപ്പുമാഷേ..ഇതൊരു സ്ലോ ഷട്ടര്‍സ്പീഡില്‍ എടുത്തിരുന്നെങ്കില്‍ ആ വെള്ളം ഒഴുകിവീഴുന്ന എഫക്ട് കിട്ടുമായിരുന്നില്ലേ...” ആഗ്രഹം കൊള്ളാം, പക്ഷേ ക്യാമറ ഉറപ്പിച്ചു വെയ്ക്കാന്‍ ട്രൈപ്പോഡ് ഇല്ലല്ലോ.

ഏതായാലും ഞാനാലെ ഷട്ടര്‍ സ്പീഡ് കുറയ്ക്കേണ്ടിവന്നില്ല, അതിനു മുമ്പ് ഒരു മഴമേഘം വന്ന് ആ കൃത്യം ചെയ്തുതന്നു. രംഗത്തുണ്ടായിരുന്ന വെളിച്ചവും പോയി. വരുന്നതുവരട്ടെ എന്നുകരുതി, കാറില്‍ കൈമുട്ടുകള്‍ ഉറപ്പിച്ചുകൊണ്ട് ഒരു കാച്ചുകാച്ചി. റിസല്‍ട്ട് ദേ താഴെയുണ്ട്.



ഫോട്ടൊഗ്രാഫിയുടെ ടെക്നിക്കല്‍ സൈഡ് വലിയ പിടിപാടില്ലാത്തവര്‍ക്കായി ഒരു കുറിപ്പ് :- ഷട്ടര്‍ സ്പീഡ് എന്നാല്‍ ക്യാമറ ഫോട്ടോയെടുക്കുന്ന സ്പീഡ് - വെളിച്ചം കുറവുള്ള അവസരങ്ങളില്‍ ഈ സ്പീഡ് കുറയ്ക്കണം, സ്പീഡ് കുറയ്ക്കുമ്പോള്‍ ക്യാമറ കൈയ്യില്‍ പിടിക്കാനാവില്ല, കൈ വിറച്ചാല്‍ പടം വൃത്തികേടാവും. പക്ഷേ ഒഴുകുന്ന വെള്ളം മുതലായവ മറ്റൊരു രീതിയിലാവും ഇത്തരം ഫോട്ടോയില്‍ കാണപ്പെടുക. ഈ പോസ്റ്റിലെ ആദ്യ വെള്ളച്ചാട്ട ചിത്രം ഉയര്‍ന്ന ഷട്ടര്‍ സ്പീഡിലും താഴത്തേത് കുറഞ്ഞ ഷട്ടര്‍ സ്പീഡിലും എടുത്തതാണ്. വ്യത്യാസം നോക്കൂ.


ഇടയ്ക്കുവച്ച് അപ്രതീക്ഷിതമായി രണ്ടു യുവമിഥുനങ്ങളെകണ്ടു - വിവാഹിതരോ അല്ലയോ, എനിക്കറിയില്ല. അവരെ കണ്ടുമുട്ടിയ സാഹചര്യമാണ് ഇപ്പോഴും ഞാനത് ഓര്‍ത്തിരിക്കുവാന്‍ ‍ കാരണം. അവര്‍ വന്ന ബൈക്ക് റോഡ് സൈഡില്‍ ഇരിക്കുന്നു. കാമുകന്‍ ഷൂ ഊരി താഴെവച്ചിട്ട്, വഴിവക്കിലുള്ള ഒരു പേരയുടെ മുകളിലെ ചില്ലയില്‍ കയറി നിന്ന് അതിനും മുകളില്‍ നില്‍ക്കുന്ന ഒരു പഴുത്ത പേരയ്ക്കാ പറിക്കുന്നു. കാമുകി താഴെനിന്ന് ഇരു കൈയ്യിലും ഓരോ പേരയ്ക്ക പിടിച്ചു കൊണ്ട് വീണ്ടും വീണ്ടും മറ്റുപേരയ്ക്കകള്‍ കാണിച്ചുകൊടുക്കുന്നു!

താമരപ്പൂ നീ ദൂരെ കണ്ടുമോഹിച്ചു...
അപ്പോള്‍ താഴെഞാന്‍ നീന്തിച്ചെന്നു പൂവുപൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞതാമരഞാന്‍ കൊണ്ടുവന്നപ്പോള്‍
പെണ്ണേ നിന്‍ കവിളില്‍ കണ്ടുമറ്റൊരു താമരക്കാട്... “

എന്നു പറഞ്ഞതുപോലെയുള്ള ഒരു രംഗം! പ്രേമികളുടെ ഓരോ ഗതികേടുകള്‍! ഏതായാലും നല്ല സ്ഥലംതന്നെ!


അല്പദൂരംകൂടി കഴിഞ്ഞപ്പോള്‍ ഒന്നുരണ്ടുകെട്ടിടങ്ങളും ഒരു ചെറിയ കടയും മറ്റും കണ്ടു. ആശ്വാസം. മനുഷ്യരുണ്ട്!! “പാഞ്ചാലിമേട്ടിലേക്കുള്ള വഴിയിതുതന്നെയല്ലേ” എന്നന്വേഷിച്ചപ്പോള്‍ മുമ്പോട്ടു തന്നെ എന്നവര്‍ ആംഗ്യഭാഷയില്‍ കാണിച്ചു.



താഴെക്കാണുന്നത് ഓടുന്ന കാറില്‍ നിന്നും കുലുങ്ങി കുലുങ്ങി ചാറ്റ മഴയത്ത് എടുത്ത ഒരു സ്പെഷ്യല്‍ എഫക്റ്റ് ചിത്രം.




ഒന്നു രണ്ടു കുത്തനെയുള്ള കയറ്റങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍, റോഡ് ഏകദേശം നിരപ്പായ ഒരു കുന്നിന്‍ നെറുകയിലെത്തി. ഈശ്വരാ....ഊട്ടിയോ, കൊടൈക്കനാലോ എന്താണു മുമ്പില്‍ കാണുന്നത്! ഇതാണു അനി പറഞ്ഞ പാഞ്ചാലിമേട്. ചെക്കന്‍ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല. സത്യം തന്നെ. അത്യന്തം സുന്ദരമായ ആ പ്രദേശത്തേക്ക് ഞങ്ങള്‍ മെല്ലെയിറങ്ങി. കാറ്റ് അതി ശക്തിയായി വീശിയടിക്കുന്നു. അതില്‍പ്പെട്ട് മഞ്ഞ് ഒരു പുകപോലെ ഊര്‍ന്നിറങ്ങി നമ്മെ തൊട്ടുതഴുകി കടന്നുപോകുന്നു.....















പാഞ്ചാലിമേട്ടിലെ കൂടുതല്‍ കാഴ്ചകള്‍ അടുത്ത പോസ്റ്റില്‍.


4493

23 comments:

അപ്പു ആദ്യാക്ഷരി August 2, 2008 at 2:28 AM  

സഹ്യന്റെ മടിയിലൂടെ എന്ന യാത്രാവിവരണത്തിന്റെ രണ്ടാം ഭാഗം. പാഞ്ചാലിമേട്.

ആഷ | Asha August 2, 2008 at 10:58 AM  

നന്നായിരിക്കുന്നു അപ്പു.
രണ്ടാം ഭാഗം വായിച്ചശേഷമാ ഒന്നു വായിച്ചത്.
അങ്ങനെയാണ് തോവളയിലേയ്ക്കാണെന്ന് പിടികിട്ടിയത്.


പിന്നെ ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും.. ഹഹ
മനുക്കുട്ടൻ ആളു കൊള്ളാമല്ലോ.

നിങ്ങൾ ആലപ്പുഴയ്ക്ക് പോയില്ലേ?
ഇനി ബാക്കി ഭാഗങ്ങൾ ഒരു മാസത്തിനു ശേഷം വായിക്കാം :)

കുറുമാന്‍ August 2, 2008 at 1:56 PM  

ആദ്യം ഒന്നാം ഭാഗം വായിക്കട്ടെ............സഹ്യന്റെ മടിത്തട്ട് എന്നും ഹരമായിരുന്നു.

കുറ്റ്യാടിക്കാരന്‍|Suhair August 2, 2008 at 2:09 PM  

അപ്പു മാഷേ..

ഹൃദ്യമായ വിവരണം.

ആ ക്ലൈമാക്സ് ഫോട്ടോആണെങ്കില്‍ പറയുകയും വേണ്ട. സൂപ്പര്‍!

Ranjith chemmad / ചെമ്മാടൻ August 2, 2008 at 5:54 PM  

ഹൃദ്യമായ വിവരണം.
ആശംസകള്‍..........

മഴത്തുള്ളി August 2, 2008 at 11:10 PM  

നല്ല വിവരണം. മാത്രമല്ല ചിത്രങ്ങളും നന്നായിരിക്കുന്നു.

പാലക്കാടന്‍ മട്ട ചോറ്, ഒഴിക്കാന്‍ സാമ്പാര്‍, പുളിശ്ശേരി, കാബേജ് തോരന്‍, ബീറ്റ് റൂട്ട് മെഴുക്കുപുരട്ടി, കല്ലിലരച്ച തേങ്ങച്ചമ്മന്തി, മീന്‍ കറി, അച്ചാറ്, പപ്പടം പിന്നെ മീന്‍ വറുത്തതും. കുശാലായ നാടന്‍ ഊണ്.

ഉം. കല്ലിലരച്ച തേങ്ങച്ചമ്മന്തി. ഹോ ആ ചേച്ചിയോട് ഇതെല്ലാം ചോദിച്ചുമനസ്സിലാക്കി അല്ലേ? എന്തായാലും ഞാന്‍ ഇതു വായിച്ചതിന്റെ ചൂട് മാറുന്നേനു മുന്‍പ് എന്തേലും കഴിക്കട്ടെ ഇനി ഹി ഹി.

ശ്രീ August 3, 2008 at 8:38 AM  

അപ്പുവേട്ടാ...

കിടിലോൽക്കിടിലൻ!!!

ആ വിവരണങ്ങളും ചിത്രങ്ങളും.... സൂപ്പർ. പ്രത്യേകിച്ച് ആ രണ്ടാമത്തെ വെള്ളച്ചാട്ടം! ഫോട്ടോസ് കണ്ടിട്ട് കൊതി തോന്നുന്നു... ഇനി എന്നാണാവോ ആ വഴികളിൽക്കൂടി ഒരു യാത്ര...

Jithan August 3, 2008 at 9:01 AM  

വിവരണങ്ങള്‍ അത്യുഗ്രന്‍
വളരെനന്നായിരിക്കുന്നൂ

ശരിക്കും ഒരു ടൂറു പോയ പ്രതീതി

ചിത്രങ്ങളും നന്ന്

സുല്‍ |Sul August 3, 2008 at 2:34 PM  

ഒന്നൊന്നര പടങ്ങളും
രണ്ടു രണ്ടര വിവരണവും
ആകെക്കൂടി ഒരു സദ്യ കഴിഞ്ഞ സുഖം.
ഇനി ഒന്നു ഉറങ്ങണം. :)
സൂപ്പര്‍ അപ്പൂ
-സുല്‍

siva // ശിവ August 3, 2008 at 9:38 PM  

ഈ യാത്രാവിവരണവും ചിത്രവും ഇഷ്ടമായി....ഒരു നാള്‍ ഈ വഴിയിലൂടെ ഞാനും പോകും ഒരു യാത്ര....

പിന്നൊരു കാര്യം "Alcohol and driving - never mix them" എന്നത് എല്ലാവര്‍ക്കും അറിയാം അതല്ലേ അവര്‍ "Mix Alcohol With Ice Cubes Or Water"

ആവനാഴി August 4, 2008 at 8:18 PM  

അപ്പൂ,

ആ പ്രദേശത്തുകൂടി യാത്ര ചെയ്യുന്ന പ്രതീതി. മനോഹരമായ വിവരണം. നല്ല ചിത്രങ്ങള്‍.

അടുത്തതിനുവേണ്ടി കാത്തിരിക്കുന്നു.

സ്സ്നേഹം
ആവനാഴി.

ഷിജു August 4, 2008 at 9:05 PM  

hallo chetto post ittu allee??? njaan ippazha kandathu.... onam vaccationu njagal randuperum koodi onnuude pounnund, KATTURUMBUKAL illaathe.....
Shiju.....

കുട്ടിച്ചാത്തന്‍ August 7, 2008 at 5:18 PM  

ചാത്തനേറ്: ഒരു വാചകം മാത്രം ഇഷ്ടപ്പെട്ടില്ല “കൂടുതല്‍ കാഴ്ചകള്‍ അടുത്ത പോസ്റ്റില്‍. ”എന്നത്. പെട്ടന്നുണ്ടാവുവല്ലോ അടുത്തത്?

അങ്കിള്‍ August 22, 2008 at 11:38 AM  

അപ്പുവിന്റെ പടങ്ങൾ വലുതാക്കി കാണുന്നതാണോ, വിവരണങ്ങളാണോ ഏതാൺ കൂടുതൽ ആസ്വാദ്യകരം എന്നാലോചിച്ചു കൊണ്ടിരിക്കുന്നു. ഇതെപ്പോഴായിരുന്നു ഈ യാത്ര?

nandakumar August 22, 2008 at 2:02 PM  

എനിക്കു വയ്യ!!! ആത്മഹത്യ ചെയ്താലോന്നാ :(
(അറ്റ്ലീസ്റ്റ് ആ ഫുഡ് കഴിക്കണ പടമെങ്കിലും അവിടൊന്നെടുത്തു മാറ്റുമോ? )

ഞാനിനി ഇങ്ങ്ട് വരണില്ല, വെറുതെ അസൂയ മൂത്ത് ചാവാനായിട്ട്.. :(

നന്ദപര്‍വ്വം-

Ramya August 27, 2008 at 3:49 PM  

ഇത് കലക്കി ....... സൂപ്പര്‍ മച്ച

Dileep September 6, 2008 at 4:04 PM  

നല്ല്ല എഴുത്തും ഫോട്ടോഗ്രാഫിയും,ബ്ലോഗിങ്ങിനേ പറ്റി അവയര്‍ ആയിട്ടു ഒരുമാസമായില്ല.പിന്നേ എന്റെബ്ലോഗില്‍ ആദ്യമായി കമന്റിട്ടതിനു താങ്ങ്സ്,എല്ലാം വായിച്ചു തീര്‍ന്നിട്ടു ഞാന്‍ കോന്റാക്-റ്റു ചെയ്യാം

നിരക്ഷരൻ September 15, 2008 at 3:12 PM  

വെള്ളച്ചാട്ടങ്ങള്‍ കാണിച്ച് കൊതിപ്പിച്ച്, നാടന്‍ ശാപ്പാട് കാണിച്ച് വെറിപിടിപ്പിച്ച് പാഞ്ചാലിമേട്ടിലിതാ നിങ്ങളോടൊപ്പം ഞാനും എത്തിയിരിക്കുന്നു.

“അമ്മേ ആ മേഘം നമ്മടെ അടുത്തുവരുമോ, നമ്മള്‍ ആ മേഘത്തിന്റെ അകത്തുപോകുമോ”

മനുക്കുട്ടന്‍ യാത്ര ആസ്വദിക്കുന്നുണ്ടായിരുന്നു എന്നുറപ്പ്. അപ്പോള്‍പ്പിന്നെ നിങ്ങളുടെ കാര്യം പറയാനില്ലല്ലോ ? എനിക്കസൂയ മുളപൊട്ടിത്തുടങ്ങി :)

എവിടെ അടുത്ത പോസ്റ്റ് ?....

Unknown March 29, 2011 at 2:16 PM  

വളരെ നന്നായിരിക്കുന്നു അപ്പു.നിങ്ങള്‍ ഏതു തോവാളയിലേക്കാണ് വന്നത്.വലിയതോവാളയോ,കൊച്ചു തോവാളയോ ?
അവിടെ വീട്ടുപേര് എന്താണ്? ഞാനും ഒരു തോവാളക്കാരനാണ് .

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP