പ്രവാസത്തിനൊരു മറുവശം

>> Tuesday, September 4, 2007

അഗ്രജന്റെ ഈ ആഴ്ചത്തെ "ആഴ്ചക്കുറിപ്പുകളില്‍", ഗള്‍ഫില്‍ എത്തിപ്പെട്ട, നിയമവിധേയമല്ലാഞ്ഞിട്ടുപോലും ഇവിടെത്തന്നെ പിടിച്ചുനില്‍ക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു തൊഴിലാളിയെപ്പറ്റി പറയുന്നുണ്ട്‌. നാട്ടിലുള്ള കുടുംബത്തെ സംരക്ഷിക്കുവാന്‍ മറുവഴികളില്ലാത്ത അനേകം മലയാളികളിലൊരുവന്‍.


ശരിയാണ്‌, നമ്മളില്‍ ഭൂരിഭാഗത്തിനും ഒരു തൊഴിലന്വേഷിച്ച്‌ മറുനാടുകളിലേക്ക്‌ ചേക്കേറേണ്ടിവരുന്നു. സ്വയംപര്യാപ്തമായ ഒരു സംസ്ഥാനമായി മാറാന്‍ കേരളത്തിന്‌ ഇനിയും അനേകം കാതങ്ങള്‍ മുന്നോട്ട്‌ പോകേണ്ടതുണ്ട്‌. ഇന്നത്തെ സ്ഥിതിവച്ചുനോക്കിയാല്‍ അത്‌ ഉടനേയൊന്നും ഉണ്ടാകാനും പോകുന്നില്ല - ഒരിക്കലും ഉണ്ടായില്ലെന്നും വരാം. നാട്ടില്‍ സാക്ഷരത വര്‍ദ്ധിച്ചപ്പോള്‍ വെള്ളക്കോളര്‍ ജോലികള്‍ക്കുള്ള ഡിമാന്റ്‌ വര്‍ദ്ധിച്ചു. പരമ്പരാഗത തൊഴില്‍ മേഖലകളില്‍ തൊഴിലാളികളെ കിട്ടാതായി. തന്മൂലം കൃഷിയും കൃഷി ഭൂമികളും നശിച്ചു. കൂടുതല്‍ തൊഴിലന്വേഷകര്‍ മറുനാടുകള്‍ തേടിപ്പോയി.


ഇങ്ങനെ തൊഴിലന്വേഷകരായി നാട്ടില്‍നിന്നു ഭൂരിഭാഗവും യാത്രയാകുന്നതിന്റെ ഒരു മറുവശം നാട്ടില്‍ ഇത്തവണ പോയപ്പോള്‍ കാണുവാന്‍ സാധിച്ചു.മിക്ക വീടുകളിലും പ്രായമായ മാതാപിതാക്കള്‍ മാത്രം. അച്ഛന്‍ മരിച്ചുപോയി, അമ്മമാര്‍ മാത്രമായ വീടുകള്‍ അതിലേറെ. കുടുംബസമേതം മറ്റു നാടുകളികളില്‍ താമസിക്കാന്‍ സൗകര്യമുള്ളവരുടെ വീടുകളിലാണ്‌ ഈ സ്ഥിതിയെങ്കില്‍, അതിനുള്ള സൗകര്യമില്ലാത്തവരുടെ വീടുകളില്‍ അമ്മമാരും കുറെ സ്കൂള്‍ കുട്ടികളും മാത്രം. ഇങ്ങനെ കൗമാരക്കാരും പ്രായമായവരും കൂടുതലുള്ള ഒരു സമൂഹമാണ്‌ ഇന്ന് കേരളത്തില്‍ പലസ്ഥലങ്ങളിലും കാണാന്‍ സാധിക്കുന്നത്‌. വീടുകളില്‍ ഒറ്റപ്പെട്ടുപോയ അച്ഛനമ്മമാര്‍ക്ക്‌ പരസ്പരം സംസാരിക്കുവാന്‍ അവര്‍ മാത്രം. ഒരു രോഗം വന്നാല്‍ ആശുപത്രിയില്‍ ഒന്നു കൊണ്ടുപോകാനോ കൂടെയൊന്നു പോകുവാനോ പോലും ആരുമില്ലാത്ത അവസ്ഥ. തൊണ്ണൂറും നൂറും വയസ്സെത്തി മരിച്ച അവരുടെ അച്ഛനമ്മമാരുടെ അത്രപോലും ആരോഗ്യം അറുപതാംവയസ്സില്‍ ഇല്ലാത്ത ഒരു പുതിയ അകാല വാര്‍ധക്യത്തിലെത്തിയ തലമുറ. ടി.വി.യ്ക്കു മുമ്പില്‍ അവരുടെ ദിവസങ്ങള്‍ എരിഞ്ഞുതീരുന്നു.


പണ്ട്‌ കൂട്ടുകുടുംബങ്ങള്‍ നിലവിലിരുന്നപ്പോള്‍, ഇങ്ങനെയൊരു അവസ്ഥാവിശേഷം ഇല്ലായിരുന്നു എന്നുവേണം കരുതാന്‍. ഇന്നാണെങ്കിലോ - അണുകുടുംബങ്ങളായി തന്‍കാര്യം മാത്രം നോക്കി അകന്നു ജീവിക്കുവാനാണ്‌ ഞാനുള്‍പ്പെടുന്ന തലമുറയ്ക്കു താല്‍പര്യം. ഇതിനിടയില്‍ അച്ഛനമ്മമാര്‍പോലും "വീതിക്കപ്പെടുന്നു". 'ആരുമില്ലാത്തവരെ നോക്കാന്‍ ഞങ്ങളുണ്ട്‌' എന്ന് ഭാവത്തില്‍ വൃദ്ധസദനങ്ങള്‍ ഒരു പുതിയ ബിസിനസ്സായി നമ്മുടെ നാട്ടിലും കടന്നുവന്നു കഴിഞ്ഞു.


ദുഃഖകരമാണ് ഈ ദുരവസ്ഥ. പക്ഷേ എന്തു ചെയ്യാന്‍? ജീവിച്ചുപോകാന്‍, സ്വപ്നങ്ങളെ യാഥാര്‍ഥ്യങ്ങളാക്കാന്‍ മറുനാടുകളെ ആശ്രയിക്കേണ്ടകാലത്തോളം നമുക്ക്‌ ഈ വിധി സഹിക്കാനല്ലേ സാധിക്കൂ. അഗ്രജന്റെ സഹയാത്രികന്‍ ചോ ദിച്ചതുപോലെ “ഇവിടെയാനേ കിട്ടണ ജോല്യെടുത്ത് എന്തേലും രണ്ട് കാശ് കുടുമത്തെത്തിക്കാം... നാട്ടില് ആരെടുത്ത് വെച്ചേക്കണ് ജോലി...? അവിടെ പോയിട്ട് എന്തോന്ന് ചെയ്യാന്‍...?“ പക്ഷേ, ഭാവിയില്‍ പ്രവാസജീവിതമൊക്കെ കഴിഞ്ഞ് നാട്ടില്‍ എത്തുന്ന നമ്മളെ കാത്തിരിക്കുന്ന വാര്‍ദ്ധക്യകാലം ഇതില്‍നിന്നും ഒട്ടും വിഭിന്നമായിരിക്കില്ല എന്ന യാഥാര്‍ത്ഥ്യം എന്തോ ഒരു അസ്വസ്ഥത ഉണ്ടാക്കുന്നു.

14 comments:

അപ്പു ആദ്യാക്ഷരി September 3, 2007 at 1:16 PM  

പ്രവാസി പ്രവാസത്തിലായിരിക്കുമ്പോള്‍ നാട്ടിലൊ? ഒരു പുതിയ പോസ്റ്റ്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍തന്നെ.

ബീരാന്‍ കുട്ടി September 3, 2007 at 3:49 PM  

അപ്പൂ,
മകന്‍ ദുബൈലാണ്‌, ജേഷ്ഠന്‍ ദുബൈലാണ്‌, ഭര്‍ത്താവ്‌ ദുബൈലാണ്‌. ഇതെല്ലാം പാവം പ്രവാസിയുടെ ചുമട്‌താങ്ങിയോടിക്കാന്‍ പര്യപ്തമായ കാരണങ്ങളാണ്‌.

പോസ്റ്റ്‌ നന്നായി.

ശ്രീ September 3, 2007 at 4:39 PM  

അപ്പുവേട്ടാ...
ഗൌരവപൂര്‍‌വ്വം ചിന്തിക്കേണ്ട വിഷയം തന്നെ
നല്ല പോസ്റ്റ്.

സഹയാത്രികന്‍ September 3, 2007 at 4:44 PM  

അപ്പ്വേട്ടാ... ആര്‍ക്കാ ഇവിടെ നില്‍ക്കാന്‍ ഇഷ്ടം....? പിന്നെ എല്ലാം ചില നിവൃത്തികേടുകള്‍... ഓരോ യോഗങ്ങള്‍.... പലര്‍ക്കും കടവും , കടപ്പാടുകളും തന്നെ പ്രശ്നം...

മുസ്തഫ|musthapha September 3, 2007 at 4:46 PM  

എല്ലാവരും മറ്റിടങ്ങളിലേക്ക് ചേക്കേറുമ്പോള്‍ വീടുകളില്‍ ഒറ്റപ്പെടുന്ന പ്രായമായവര്‍, അത് വല്ലാത്തൊരു അവസ്ഥ തന്നെയായിരിക്കും.

ഊഹിച്ച് തല പുണ്ണാക്കേണ്ടി വരില്ല, വരാനിരിക്കുന്നതേയുള്ളൂ... അണുകുടുംബങ്ങളായി രൂപാന്തരം പ്രാപിച്ചിരിക്കുന്ന നമ്മളുടെയൊക്കെ അവസാന നാളുകള്‍ നമുക്ക് ആ അവസ്ഥകളെല്ലാം നന്നായി തന്നെ മനസ്സിലാക്കിത്തരും!

അപ്പു, നല്ല പോസ്റ്റ്!

മൂര്‍ത്തി September 3, 2007 at 6:26 PM  

മറുവശം കാണുവാനുള്ള കഴിവ് നിലനിര്‍ത്തുക..

കുഞ്ഞന്‍ September 3, 2007 at 7:14 PM  

വല്ലാത്ത കുറ്റബോധം തോന്നുന്നു.ഈ പോസ്റ്റ് അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം എന്റെ നേരെ വിരല്‍ ചൂണ്ടുന്നു. എന്തിനാണിങ്ങനെ വേദനിപ്പിക്കുന്നത്?

പ്രയാസങ്ങളില്ലാതെ മനപ്രയാസങ്ങളുള്ള ഒരു പ്രവാസി

പൊയ്‌മുഖം September 3, 2007 at 7:26 PM  

പറഞ്ഞു വിടാതെ, ആരെങ്കിലുമിവിടെനിന്ന്‌ പോകുന്നുണ്ടോ നാട്ടില്‌? പിന്നെ റ്റാര്‍ഗ്ഗറ്റ്‌ പൂര്‍ത്തിയാക്കിയ ചുരുക്കം ചിലര്‍ കാണുമായിരിക്കം. ഞാനും നിങ്ങളുമൊക്കെ ഉള്ളുകൊണ്ട്‌ ഇഷ്ടപ്പെടുന്ന സ്ഥലം ഇവിടം തന്നെയാണ്‌. ഞാന്‍ നിഷേധിക്കുന്നില്ല. ഗൃഹാതുരത്തം, പച്ചപ്പാടം, തണുത്ത വെള്ളത്തില്‍ കുളിച്ചാലുള്ള ഉന്മേഷം, പുഴയില്‍ ചാടാനുള്ള മോഹം, വാഴയുണ്ട്‌, വാഴക്കുലയുണ്ട്‌, ചക്കയുണ്ട്‌, ചൊറിയുന്ന ചേനയുണ്ട്‌, എന്നൊക്കെ സദസ്സുകളിലും, ബ്ലോഗ്ഗിലുമൊക്കെ വെച്ച്‌ വിളമ്പാമെന്ന് മാത്രം.

മൂര്‍ത്തി പറഞ്ഞത്‌ പോലെ മറുവശം കാണുവാനുള്ള കഴിവ് കൂടി നിലനിര്‍ത്തുക..

Unknown September 4, 2007 at 1:52 PM  

അപ്പു,
നന്നായിരിക്കുന്നു.

എല്ലാത്തിനും ഉത്തരം തരുന്നത് കാലം മാത്രം....:(

സുല്‍ |Sul September 4, 2007 at 2:35 PM  

അപ്പു
നല്ല ലേഖനം.
എല്ലാം ഇങ്ങനെയെല്ലാം കഴിഞ്ഞുപോകട്ടെ എന്നല്ലേ അപ്പുവിന്റെ മനസ്സിലേയും ഭാവം?

ഓടോ : അഗ്രജന്റെ പോസ്റ്റിന്റെ ലിങ്ക് കൊടുത്തത് ശരിയായില്ല :)
-സുല്‍

വേണു venu September 4, 2007 at 4:39 PM  

അപ്പു നല്ല ലേഖനം.
ഇതു് കൂട്ടുകുടുംബ വ്യവസ്ഥിതി മാറിയതിനു ശേഷം കേരളത്തിലല്ലാ മിക്കവാറും എല്ലായിടത്തും കാണാവുന്ന ഒരു സ്ഥിതി വിശേഷമാണു്. അണു കുടുംബത്തിലേയ്ക്കുള്ള മാറ്റവും കൂടി ആയപ്പോള്‍‍ വാര്‍ദ്ധക്യം ഒരു പേടി സ്വപ്നമായി മാറിയിരിക്കുന്നു.

അപ്പു ആദ്യാക്ഷരി September 4, 2007 at 5:35 PM  

അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്‍ക്കും നന്ദി. ഇതിനെന്താണൊരു പോംവഴി? അണുകുടുംബങ്ങളായി താമസിക്കുമ്പോള്‍ത്തന്നെയും, അവരവരുടെ നാടും, കുടുംബപരിസരവും വിട്ട് ദൂരെ പോകാതെയെങ്കിലും താമസിക്കുന്നത് നല്ലതായിരിക്കുമെന്നു തോന്നുന്നു. തൊട്ടടുത്ത് വീടുകള്‍ പണിത് താമസിക്കുന്ന സഹോദരങ്ങളില്‍ ചിലരെങ്കിലും ക്രമേണ പിണക്കങ്ങളിലേക്ക് നീങ്ങുന്നതായി കാണുന്നു എന്ന വസ്തുത മറക്കുന്നില്ല.

Sathees Makkoth | Asha Revamma September 4, 2007 at 9:42 PM  

നഗ്നമായ യാഥാര്‍ത്ഥ്യം.

ഏ.ആര്‍. നജീം September 5, 2007 at 7:09 AM  

അപ്പു,
നന്നായീട്ടോ..തികച്ചും ചിന്തിക്കേണ്ടുന്ന കാര്യങ്ങള്‍
ഇവിടെ പലരും പറഞ്ഞതു പോലെ ഇതൊക്കെ ശരിതന്നെ പക്ഷേഎന്തു ചെയ്യാം...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP