ഒരു രൂപയുടെ വില

>> Monday, May 7, 2007

കഴിഞ്ഞയാഴ്ച ഷാര്‍ജയിലെ ഒരു A.T.M ല്‍നിന്ന് കുറച്ചുപണം എടുക്കുന്നതിനിടയില്‍, ഇതുവരെ ഒരു A.T.M ലും കണ്ടിട്ടില്ലാത്ത ഒരു ചോദ്യം ഏറ്റവും അവസ്സാനം സ്ക്രീനില്‍ തെളിഞ്ഞു. "Would you like to donate 1 dirham to unprevilaged children?" എന്നായിരുന്നു ആ ചോദ്യം. "സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ സഹായിക്കാന്‍ ഒരു ദിര്‍ഹം സംഭാവനചെയാമോ?" എന്ന ആ ചോദ്യം മനസ്സാക്ഷിയുള്ള ആരും അവഗണിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഇങ്ങനെയൊരു ആശയം ഒരു A.T.M ല്‍ ഉള്‍പ്പെടുത്തുന്നതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കാതിരിക്കാനാവുന്നില്ല. ഒരു ദിര്‍ഹം മാത്രമാണവര്‍ ചോദിച്ചത്‌. ഗള്‍ഫ്‌ നാടുകളില്‍ ഒരു ദിര്‍ഹത്തിന്‌ താഴെ വാങ്ങാവുന്ന സാധനങ്ങള്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണെന്ന് തോന്നുന്നു. പക്ഷേ പല ഒരു ദിര്‍ഹംസ്‌ ചേരുമ്പോള്‍ അതൊരു നല്ല തുകയായിത്തീരുന്നു എന്ന് നാം പലപ്പോഴും ഓര്‍ക്കാറുണ്ടോ? പലതുള്ളി പെരുവെള്ളം!!

ഒരുമണിക്കൂറിന്‌ മൂന്നു ദിര്‍ഹം മാത്രം ശമ്പളം കിട്ടുന്ന പാവം തൊഴിലാളികള്‍ മുതല്‍, ഒരു ദിവസത്തെ ശമ്പളം ആയിരം ദിര്‍ഹത്തിനു മുകളില്‍ കിട്ടുന്ന വലിയ ജോലിക്കാര്‍വരെ ഉള്‍പ്പെടുന്ന ഒരു സമൂഹത്തിലാണ്‌ നാം ഇന്ന് ജീവിക്കുന്നത്‌. വലിയവരുമാനക്കാരില്‍ ചിലരുടെ ഒരുദിവസത്തെ ചെലവുതന്നെ ആയിരത്തിനുമേല്‍ ദിര്‍ഹങ്ങള്‍ വരില്ലേ? വലുതോ ചെറുതോ ആയിക്കോട്ടെ, ഇതിന്റെ ഒരു ചെറിയപങ്കെങ്കിലും നമുക്കു ചുറ്റുമുള്ള പാവങ്ങളെ സഹായിക്കുവാന്‍ നമുക്ക്‌ നീക്കിവച്ചുകൂടേ?

മദര്‍ തെരേസയെപ്പറ്റി പണ്ടെങ്ങോ ഇങ്ങനെ വായിച്ചതായി ഓര്‍ക്കുന്നു. ആ മഹതി ഒരിക്കല്‍ ആഫ്രിക്കയിലെ ഏതോ ദരിദ്രരാജ്യം സന്ദര്‍ശിക്കുവാനായി പോവുകയായിരുന്നു. വിമാനത്തില്‍ ഭക്ഷണം നല്‍കിയപ്പോള്‍ അവരത്‌ നിരസ്സിച്ചു. അതിനു പകരം ഒരു ഡോളര്‍ സംഭാവന നല്‍കാമോ എന്നായിരുന്നു മദര്‍ ചോദിച്ചത്‌. വിമാനക്കമ്പനിയുടെ ഉന്നതോദ്യോഗസ്ഥരിലൊരാള്‍ മദറിനോടൊപ്പം യാത്രചെയ്തിരുന്നു. അദ്ദേഹം ഒരു ഡോളര്‍ നല്‍കുകയും ചെയ്തു. ഇങ്ങനെ, പലരോടും ചോദിച്ച്‌ ആ യാത്രയുടെ അവസാനം, തന്റെ ലക്ഷ്യസ്ഥാനത്ത്‌ എത്തുമ്പോഴേക്ക്‌, അവിടെയുള്ള പാവങ്ങള്‍ക്കായി മദര്‍ നല്ലൊരുതുക സമാഹരിച്ചുകഴിഞ്ഞിരുന്നു.

ആഫ്രിക്കയിലെ ചില പട്ടിണി രാജ്യങ്ങളില്‍ അസ്ഥികൂടം മാത്രമായ മനുഷ്യക്കോലങ്ങള്‍ മുട്ടിലിഴഞ്ഞ്‌ നടന്ന് ഒരു പച്ചിലയെങ്കിലും കിട്ടുമോ എന്നന്വേഷിക്കുന്ന, മൃഗങ്ങളുടെ വിസര്‍ജ്യങ്ങള്‍പോലും വിശപ്പടക്കാന്‍ മറ്റു നിവൃത്തിയില്ലാതെ ഭക്ഷിക്കുന്ന ദയനീയചിത്രങ്ങള്‍ ഇന്നും കാണുമ്പോള്‍ വിചാരിച്ചിട്ടുണ്ട്‌, സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ ആയുധങ്ങള്‍ക്കായും, യുദ്ധങ്ങള്‍ക്കയും ദിവസേനചെലവാക്കുന്നതിന്റെ ഒരു ശതമാനമെങ്കിലും വേണ്ടതുണ്ടോ ഈ ദരിദ്രരാജ്യങ്ങളിലെ പട്ടിണിമാറ്റാന്‍ എന്ന്. എന്നിട്ടും എന്തുകൊണ്ട്‌ മനുഷ്യരാശിക്ക്‌ അതിനു കഴിയുന്നില്ല?

നാമോരോരുത്തരും ഒരുദിവസം ചെലവാക്കുന്നതുകയില്‍ നിന്ന് ഒരു നാണയം നമുക്കുചുറ്റുമുള്ള പാവങ്ങള്‍ക്കായി നീക്കിവയ്ക്കാം. ചെയിന്‍ സ്മോകിംഗ്‌ ശീലമുള്ളവര്‍, ഒരു രസത്തിനുവേണ്ടി മദ്യപിക്കുന്നവര്‍, ഷോപ്പിംഗിനും, ഭക്ഷണത്തിനും, മറ്റ്‌ വിനോദങ്ങള്‍ക്കുമായി ഏറെ ചെലവിടുന്നവര്‍ അങ്ങനെ എത്രയെത്ര മുഖങ്ങള്‍ നമുക്കോരോരുത്തര്‍ക്കും? ശരിതന്നെ, ചെലവാക്കിക്കൊള്ളുക, നാം അധ്വാനിച്ചുണ്ടാക്കുന്നത്‌ ഇഷ്ടമുള്ള രീതിയില്‍ ചെലവാക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്‌. പക്ഷേ അതിലൊരു വളരെ ചെറിയപങ്ക്‌ സമൂഹത്തില്‍ ഈ സൗഭാഗ്യങ്ങള്‍ ഇല്ലാത്തവര്‍ക്ക്‌ നല്‍കിക്കൂടേ?

മേശപ്പുറത്ത്‌ വച്ചിരിക്കുന്ന ഒരു ഡബ്ബയില്‍ ഒരു നാണയം വീതം എല്ലാദിവസവും ഇട്ട്‌, അവധിക്കുപോകുമ്പോള്‍, നാട്ടില്‍ ആരെങ്കിലും പാവങ്ങള്‍ക്ക്‌ സംഭാവന നല്‍കിയിരുന്ന ഒരു സുഹൃത്ത്‌ എനിക്കുണ്ടായിരുന്നു. ഇദ്ദേഹം വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹം കഴിച്ചു. ഒരു മകനും ജനിച്ചു. ഈ കുട്ടിക്ക്‌ മൂന്നു വയസ്സായപ്പോഴേക്ക്‌ എപ്പോള്‍ പുറത്തേക്കിറങ്ങിയാലും കടയില്‍നിന്ന് ലോലിപോപ്പ്‌ (മിഠായി) വേണം എന്ന ശാഠ്യമായി. ഗള്‍ഫിലെ മിക്ക ഷോപ്പിംഗ്‌ സെന്ററുകളിലും ഒരു ദിര്‍ഹം ഇട്ടാല്‍ കിട്ടുന്ന ഒരു ചെറിയപന്തോ, മിഠായിയിയോ, ഭാഗ്യപരീക്ഷണം നടത്തി കിട്ടിയേക്കാവുന്ന ഒരു പാവയോ ഒക്കെ കിട്ടുന്ന മെഷീനുകള്‍ വച്ചിട്ടുണ്ടല്ലോ? ഇവന്‌ അതിലേതെങ്കിലും ഒന്നു വേണമെന്നകാര്യത്തിലും നിര്‍ബന്ധബുദ്ധിതന്നെ. വെറുതേ ഈ കുട്ടി ഓന്നോ രണ്ടോ ദിര്‍ഹം വീതം ചെലവാക്കുന്നതു കണ്ട്‌ അവസാനം എന്റെ സുഹൃത്ത്‌ ഒരു നല്ല കാര്യം ചെയ്തു. മേല്‍പ്പറഞ്ഞ മെഷീനുകളുടെ സമീപത്തായിത്തന്നെ charity box കളും എല്ലാ ഷോപ്പിംഗ്‌ സെന്ററുകളിലും വച്ചിട്ടുണ്ടല്ലോ? കുട്ടിയോട്‌ പറഞ്ഞു, ഇനി മിഠായി എടുക്കണം എന്നുണ്ടെങ്കില്‍, ഒരു ദിര്‍ഹം ആദ്യം "പാവം കുഞ്ഞുങ്ങള്‍ക്കുള്ള ബോക്സില്‍" ഇടണം, എന്നിട്ട്‌, മോന്‌ മിഠായി മെഷീനില്‍ നിന്ന് ഒരു മിഠായി എടുക്കാം എന്ന്. തീര്‍ച്ചയായും വളര്‍ന്നുവരുമ്പോള്‍ അവന്‌ അവന്റെ അച്ഛന്‍ പറഞ്ഞുകൊടുത്ത ഈ പാഠം എന്തായിരുന്നു എന്ന് മനസ്സിലാകാതിരിക്കില്ല.

ഈ വിഷയത്തെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കാനാണെങ്കില്‍ പേജുകള്‍ തന്നെ വേണ്ടിവരും. പക്ഷേ പറയുന്നതിനേക്കാള്‍ പ്രവൃത്തിയിലാണല്ലോ കാര്യം. അതിനാല്‍ ഇന്നുതന്നെ തുടങ്ങാം, ഒരോ ദിര്‍ഹംസ്‌, ഓരോ രൂപകള്‍, ഓരോ ഡോളര്‍ മാറ്റിവയ്ക്കുവാന്‍, നമ്മുടെ സഹജീവികള്‍ക്കായി. ഒരുദിവസം ഒന്നിച്ചൊരു തുക എടുക്കുന്നതിനേക്കാള്‍ നല്ലതല്ലേ, കുറേശ്ശെയായി സ്വരൂപിക്കുന്നത്‌?

44 comments:

അപ്പു ആദ്യാക്ഷരി May 7, 2007 at 1:13 PM  

ഇതുവരെ ഒരു A.T.M ലും കണ്ടിട്ടില്ലാത്ത ഒരു ചോദ്യം ഏറ്റവും അവസ്സാനം സ്ക്രീനില്‍ തെളിഞ്ഞു. "Would you like to donate 1 dirham to unprevilaged children?" എന്നായിരുന്നു ആ ചോദ്യം.

പുതിയ ഒരു പോസ്റ്റ്.

Siju | സിജു May 7, 2007 at 3:44 PM  

ചിന്തിപ്പിക്കുന്ന പോസ്റ്റ്
നന്ന്

ഉണ്ണിക്കുട്ടന്‍ May 7, 2007 at 4:07 PM  

നല്ല പോസ്റ്റ്. ഒരു എ.ടി.എം ന്റെ ആവറേജ് ഹിറ്റ് 300-500 ആണെന്നെവിടെയോ വായിച്ചു. ആയിരക്കണക്കിനു എ.ടി.എമ്മുകളുണ്ടല്ലോ. ഇതു നല്ലൊരു ഐഡിയ തന്നെ.

ഇന്ത്യക്കാര്‍ ഭാഗ്യവാന്മാര്‍ !!

മറ്റൊരാള്‍ | GG May 7, 2007 at 4:13 PM  

ആഫ്രിക്കയിലെ ചില പട്ടിണി രാജ്യങ്ങളില്‍ .......
........ സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ ആയുധങ്ങള്‍ക്കായും, യുദ്ധങ്ങള്‍ക്കയും ദിവസേനചെലവാക്കുന്നതിന്റെ ഒരു ശതമാനമെങ്കിലും വേണ്ടതുണ്ടോ ഈ ദരിദ്രരാജ്യങ്ങളിലെ പട്ടിണിമാറ്റാന്‍ എന്ന്. എന്നിട്ടും എന്തുകൊണ്ട്‌ മനുഷ്യരാശിക്ക്‌ അതിനു കഴിയുന്നില്ല?

സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്നവര്‍ക്ക്‌ പാവങ്ങളെക്കൊണ്ടു ആവശ്യമുണ്ട്‌ മാഷേ. അല്ലെങ്കില് ‍പിന്നെ അവരുടെ പട്ടിണി എന്നേ മാറിയേനേ. പണ്ടൊക്കെ UNICEF, UNDP തുടങ്ങിയവരുടെ പ്രസിദ്ധീകരണങ്ങളില്‍ കണ്ടിരുന്ന ആഫ്രിക്കന്‍ പട്ടിണി ( അത്‌ ആഫ്രിക്കക്കാരുടെ മാത്രം കുത്തകയല്ല. നമ്മുടെ കൊച്ചുകേരളത്തിലും ഉണ്ട്‌) ഫോട്ടോകള്‍ കണ്ട്‌ വളരെ വിഷമിച്ചിട്ടുണ്ട്‌.

ശരിക്കും ചിന്തിപ്പിക്കുന്ന പോസ്റ്റ്‌.

ശാലിനി May 7, 2007 at 4:16 PM  

അപ്പുവിന്റെ പോസ്റ്റുകളെല്ലാം വായിക്കുന്നുണ്ട്. അതൊക്കെ അറിവുകളും പകര്‍ന്ന് എനിക്ക് പലപ്പോഴും പ്രയോജനം ചെയ്യുന്നുണ്ട്. ഈ പോസ്റ്റിലെ വിഷയം ഈ ദിവസങ്ങളില്‍ എന്റെ തലയ്ക്ക് പിടിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഓരോ 100 ഫില്‍സ് (ഇവിടെ നൂറ് ഫില്‍സാണ് ഈ പറഞ്ഞ് മുട്ടായിക്കും മറ്റും വില. 100 ഫില്‍സിന്റെ സാധനങ്ങള്‍ മാത്രം വില്‍ക്കുന്ന കടകളും ധാരാളം)ചിലവാക്കാന്‍ തുടങ്ങുമ്പോഴും, ഒരു നിമിഷം ആലോചിക്കും ഇത് ഇപ്പോള്‍ ആവശ്യമാണോ എന്ന്, അങ്ങനെ ആലോചിക്കുമ്പോള്‍ പലപ്പോഴും ആ നാണയം ചിലവാക്കാതെ വീട്ടില്‍ സൂക്ഷിക്കുന്ന ചെറിയ ചാരിറ്റി ബോക്സിലേക്കാവും പോവുക. അങ്ങനെ സൂക്ഷിക്കുന്ന നാണയങ്ങള്‍ക്ക് മൂല്യം കൂടും എന്നു തോന്നുന്നു.

“ആഫ്രിക്കയിലെ ചില പട്ടിണി രാജ്യങ്ങളില്‍ അസ്ഥികൂടം മാത്രമായ മനുഷ്യക്കോലങ്ങള്‍ മുട്ടിലിഴഞ്ഞ്‌ നടന്ന് ഒരു പച്ചിലയെങ്കിലും കിട്ടുമോ എന്നന്വേഷിക്കുന്ന, മൃഗങ്ങളുടെ വിസര്‍ജ്യങ്ങള്‍പോലും വിശപ്പടക്കാന്‍ മറ്റു നിവൃത്തിയില്ലാതെ ഭക്ഷിക്കുന്ന ദയനീയചിത്രങ്ങള്‍ ഇന്നും കാണുമ്പോള്‍ വിചാരിച്ചിട്ടുണ്ട്‌, സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ ആയുധങ്ങള്‍ക്കായും, യുദ്ധങ്ങള്‍ക്കയും ദിവസേനചെലവാക്കുന്നതിന്റെ ഒരു ശതമാനമെങ്കിലും വേണ്ടതുണ്ടോ ഈ ദരിദ്രരാജ്യങ്ങളിലെ പട്ടിണിമാറ്റാന്‍ എന്ന്. എന്നിട്ടും എന്തുകൊണ്ട്‌ മനുഷ്യരാശിക്ക്‌ അതിനു കഴിയുന്നില്ല?“ ഈ ചോദ്യം പലപ്രാവശ്യം ഞാന്‍ പലരോടും ചോദിച്ചിട്ടുണ്ട്.

പിന്നെ, ഈന്തപനയിലെ പൂക്കള്‍ കായ്കളാകുന്നു, ഫോട്ടോ അപ്ഡേറ്റ് ചെയ്യാന്‍ സമയമായി.

Unknown May 7, 2007 at 4:29 PM  

സിജൂ, മറ്റൊരാളേ, ഉണ്ണിക്കുട്ടാ, ശാലിനീ.. നന്ദി ചിന്തകള്‍ പങ്കുവച്ചതിന്.

ശാലിനീ, ഞാന്‍ ഈന്തപ്പഴങ്ങളുടെ ഫോട്ടോ update ചെയ്യുന്നുണ്ടല്ലോ? ഇന്നും ഒരെണ്ണം ഇട്ടു. ആരെങ്കിലും കാണുന്നുണ്ടോ എന്നറിയില്ല.

ശാലിനി May 7, 2007 at 4:39 PM  

അപ്പൂ ഇന്നത്തേത് ഞാന്‍ കണ്ടില്ല, ബാക്കിയൊക്കെ കണ്ടിരുന്നു. അപ്ഡേറ്റ് ചെയ്യുമ്പോള്‍ ആ പോസ്റ്റ് ഒന്നുകൂടി പബ്ലിഷ് ചെയ്യുകയോ, ഒരു കമന്റിടുകയോഒ ചെയ്താല്‍ നന്നായിരിക്കും. ഇത് ഭയങ്കര അത്ഭുതം ആണല്ലോ,ഇന്ന് രാവിലെ ട്രാഫിക്ക് ബ്ലോക്കായി കിടക്കുമ്പോഴാണ് ഈന്തപനയെ ശ്രദ്ധിച്ചത്, അപ്പോള്‍ തന്നെ അപ്പു ഫോട്ടോയുമെടുത്തോ?

ജിസോ ജോസ്‌ May 7, 2007 at 8:43 PM  

അപ്പു,
ചിന്തിപ്പിക്കുന്ന നല്ല പോസ്റ്റ്...

ബാങ്ക്ലുരില്‍ ക്രൈസ്റ്റ് കോളേജിലെ ഒരു ഗ്രുപ്പ് കുട്ടികള്‍ 1 രൂപാ മിനിസ്റ്റ്രി എന്ന പേരില്‍ ഒരു ചാരിറ്റി പ്രസ്താനം നടത്തിയതു ഓര്‍ക്കുന്നു.. എല്ലാവരോടും പോയി പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ ഒരു രുപ തരുമോ എന്നവര്‍ ചോദിച്ചിരുന്നു...ഒരു ദിവസം എന്നോടും ചോദിച്ചു, അവരുടെ നല്ല മനസ് ഓര്‍ത്തു ഞാന്‍ കുറച്ചധികം കാശു തരാന്‍ റെഡിയാണു എന്നു പറഞ്ഞപ്പോള്‍, അവര്‍ അതു സ്നെഹപുര്‍വ്വം നിരസിച്ചു...എന്നിട്ട് അതിലെരു പെണ്‍കുട്ടി പറഞ്ഞു ഞങ്ങള്‍ക്കു ഒരു രുപ മതി, ആര്‍ക്കും ഒരു വിഷമവും ഉണ്ടാകാതെ ഞങ്ങള്‍ക്കു ദിവസവും ഒരു നല്ല തുക കിട്ടാറുണ്ടു ചേട്ടാ എന്നു...
അവരുടെ ഈനോവേറ്റിവായ മാര്‍ഗ്ഗം എന്നെ വല്ലാതെ ടച്ച് ചെയ്തു...പിന്നിടു ബാങ്ക്ലുരില്‍ നിന്നു കുറച്ചുകാലം വിട്ടു നില്‍ക്കുന്നതു വരെ അവരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു....

ഈപ്പോള്‍ എവിടെയാണവേ ആ കുട്ടികളെക്കെ.... നമ്മുടെ ചെറിയ സഹായം സമുഹത്തില്‍ ഉണ്ടാക്കുന്ന വലിയ മാറ്റം ആ കുട്ടികള്‍ എനിക്കു കാ‍ണിച്ചു തന്നു...

മൂര്‍ത്തി May 7, 2007 at 8:53 PM  

നല്ല പോസ്റ്റ്..നല്ല ചിന്ത..സമ്പത്തിന്റെ വിതരണത്തിലെ അപാകത തന്നെയാണ് പ്രശ്നം.ഈ ഒരു ദിര്‍ഹവും ഒരു ഡോളറും ഒരു രൂപയുമൊക്കെ സംഭാവന പിരിച്ചുണ്ടാക്കി പാവങ്ങളെ സഹായിക്കുന്നത് തികച്ചും മനുഷ്യത്വപരമായ പ്രവര്‍ത്തനമാണ്. എങ്കിലും, അതിനു‍ മാത്രം ഊന്നല്‍ കൊടുക്കുന്നത് ഒരു തരം പാച്ച് വര്‍ക്ക് മാത്രമേ ആകുന്നുള്ളൂ..എല്ലാവര്‍ക്കും ജീവിക്കാന്‍ സാധിക്കുന്ന ഒരു വ്യവസ്ഥ വന്നാലേ, രക്ഷയുള്ളൂ..

sandoz May 7, 2007 at 8:59 PM  

നല്ല പോസ്റ്റ്‌....വളരെ നല്ലത്‌....

Sathees Makkoth | Asha Revamma May 7, 2007 at 11:23 PM  

അപ്പു, മനുഷ്യത്വം ഉണര്‍ത്തുന്ന പോസ്റ്റ്.
അഭിനന്ദനങ്ങള്‍!

സാജന്‍| SAJAN May 8, 2007 at 6:06 AM  

അപ്പൂ ചില നല്ല പോസ്റ്റുകളൊക്കെ പലപ്പോഴും കാണാതെ പോകുന്നുണ്ട്..ഇതും ഇപ്പോഴാണ് കാണാന്‍ കഴിഞ്ഞത്!
അപ്പുവിന്റെ ഹൃദയവിശാലതയെയും സാമൂഹിക പ്രതിബദ്ധതയെയും അഭിനന്ദിക്കുന്നു..
( അങ്ങനെ ഒരു മനസില്ലാതെ ഇങ്ങനെ എഴുതാന്‍ കഴീല്ലല്ലോ)

Unknown May 8, 2007 at 6:54 AM  
This comment has been removed by the author.
Santhosh May 8, 2007 at 6:58 AM  

പലപ്പോഴായി സൂചിപ്പിച്ചിട്ടുള്ളതാണ്: നമ്മളില്‍ പലര്‍ക്കും ധാരണയുണ്ട്, ചാരിറ്റി, പണം സംഭാവന നല്‍കല്‍ എന്നിവയൊക്കെ പണക്കാര്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണെന്ന്. അല്ല, എല്ലാര്‍ക്കും ആകാവുന്നതേയുള്ളൂ. അതു പോലെ, ആര്‍ക്കെങ്കിലും സഹായം ചെയ്യുമ്പൊഴോ, ചെയ്യാനാവശ്യപ്പെടുമ്പൊഴോ പലപ്പൊഴും പൊങ്ങിവരുന്ന മറ്റൊരു ചോദ്യവും കണ്ടിട്ടുണ്ട്: “ഇതിനേക്കാള്‍ ആവശ്യമുള്ളവരില്ലേ? അവരെ സഹായിക്കാതെ, ഇവരെ സഹായിക്കുന്നത് ശരിയാണോ?”

ലോകത്തിലെ ഏറ്റവും പാവപ്പെട്ടവരെ മാത്രമേ സഹായിക്കൂ എന്ന വാശി ഉപേക്ഷിക്കുക. എല്ലാ സഹായവും സഹായം തന്നെയാണ്.

ശമ്പളത്തിന്‍റെ 0.05% എങ്കിലും സ്വന്തം സമൂഹത്തിലെ ആവശ്യക്കാരെ സഹായിക്കാനായി മാറ്റി വയ്ക്കുന്നത് ഒരു ശീലമാവട്ടെ. സഹായിക്കണമെന്നുണ്ട്, ആരാണ് ആവശ്യക്കാര്‍ എന്നറിയില്ല എങ്കില്‍ ആവശ്യക്കാരെ കാണിച്ചു തരുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ.

അപ്പു ആദ്യാക്ഷരി May 8, 2007 at 8:33 AM  

തക്കുടൂ, ഒരു രൂപ മിനിസ്റ്റ്ട്രിയുടെ കഥ പറഞ്ഞതിന് നന്ദി.
മൂര്‍ത്തീ, എല്ലാവര്‍ക്കും ജീവിക്കാന്‍ പറ്റിയ സാമൂഹ്യ വ്യവസ്ഥിതി..അതെന്റേയും സ്വപ്നമാണ്. പക്ഷേ നമുക്കു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ നമ്മള്‍ ചെയ്യേണ്ടേ?

സന്തോഷ്, താങ്കള്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. “ഒരു ദിവസം സഹായം ചെയ്യാം” എന്നു വിചാരിച്ചിരിക്കുന്നതിനേക്കാള്‍ നല്ലതാണ് ഇന്നു ചെയ്യേണ്ടകാര്യങ്ങള്‍ ഇന്നുതന്നെ ചെയ്യുന്നത്.

സതീശ്, സാജന്‍, സാന്റോ.. നന്ദി.

Santhosh May 8, 2007 at 9:28 AM  

0.05% എന്നത് 0.5% എന്ന് തിരുത്തി വായിക്കണം:)

സുല്‍ |Sul May 8, 2007 at 9:55 AM  

"ഈ വിഷയത്തെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കാനാണെങ്കില്‍ പേജുകള്‍ തന്നെ വേണ്ടിവരും. പക്ഷേ പറയുന്നതിനേക്കാള്‍ പ്രവൃത്തിയിലാണല്ലോ കാര്യം. അതിനാല്‍ ഇന്നുതന്നെ തുടങ്ങാം, ഒരോ ദിര്‍ഹംസ്‌, ഓരോ രൂപകള്‍, ഓരോ ഡോളര്‍ മാറ്റിവയ്ക്കുവാന്‍, നമ്മുടെ സഹജീവികള്‍ക്കായി. ഒരുദിവസം ഒന്നിച്ചൊരു തുക എടുക്കുന്നതിനേക്കാള്‍ നല്ലതല്ലേ, കുറേശ്ശെയായി സ്വരൂപിക്കുന്നത്‌?"
അതു തന്നെയാണ് വേണ്ടത് അപ്പു. അണ്ണാറകണ്ണനും തന്നാലായത്.
-സുല്‍

Areekkodan | അരീക്കോടന്‍ May 8, 2007 at 12:21 PM  

അപ്പൂ...വളരെ നല്ലത്‌....
രണ്ട്‌ വര്‍ഷം മുമ്പ്‌ ഞാന്‍ ആരംഭിച്ച ഒരു പരിപാടി ...ഇതുവരെ മറ്റാരോടും ഉപദേശിക്കാന്‍ കഴിയാതെ പോയത്‌ ഈ അവസരത്തില്‍ പറയട്ടെ.എല്ലാവരും birthday അടിച്ചുപൊളിക്കും.ഇസ്ലാമില്‍ അങ്ങിനെ ഒരു ആഘോഷം ഇല്ലാത്തതിനാല്‍ ഈ 35-ആം വയസ്സുവരെ ഞാന്‍ അത്‌ ആഘോഷിച്ചിട്ടില്ല.രണ്ടു വര്‍ഷം മുമ്പ്‌ ,birthday മുതല്‍, ദിവസം പത്ത്‌ രൂപ പ്രകാരം welfare fundഎന്ന പേരില്‍ മാറ്റിവച്ച്‌ പാവങ്ങള്‍ക്ക്‌ നല്‍കിവരുന്നു.ആര്‍ക്കെങ്കിലും ഇത്‌ ജീവിതത്തില്‍ പകര്‍ത്താന്‍ പറ്റിയെങ്കില്‍ എന്നു മാത്രം ഉദ്ദേശിച്ചാണ്‌ ഇത്‌ പറഞ്ഞത്‌.
pls contact : abid.areacode@gmail.com

മുസ്തഫ|musthapha May 8, 2007 at 7:21 PM  

“പക്ഷേ അതിലൊരു വളരെ ചെറിയപങ്ക്‌ സമൂഹത്തില്‍ ഈ സൗഭാഗ്യങ്ങള്‍ ഇല്ലാത്തവര്‍ക്ക്‌ നല്‍കിക്കൂടേ?"

ഓരോര്‍ത്തര്‍ക്കും ഈ ചോദ്യം ആത്മാര്‍ത്ഥയോടെ സ്വയം ചോദിക്കാനായെങ്കില്‍!

അപ്പു വളരെ ലളിതമായി ഭംഗിയായി പറഞ്ഞിരിക്കുന്നു - അഭിനന്ദനങ്ങള്‍.

ലേഖനമെഴുതാന്‍ അപ്പുവിന് നല്ല വശമുണ്ട്... കൂടുതല്‍ വിഷയങ്ങള്‍ എഴുതാന്‍ ശ്രമിക്കൂ - ഭാവുകങ്ങള്‍

അപ്പു ആദ്യാക്ഷരി May 9, 2007 at 7:57 AM  

സുല്‍, അഗ്രജന്‍, അഭിപ്രായങ്ങള്‍ക്കു നന്ദി.
അരീക്കോടന്‍, താങ്കളുടെ ഈ ശ്രമം വലരെ ശ്ലാഖനീയം തന്നെ. സുല്‍ പറഞ്ഞതുപോലെ അണ്ണാറക്കണ്ണനും തന്നാലായത്.

Mubarak Merchant May 9, 2007 at 8:57 AM  

അപ്പു ഭായ് ,
ഏതു ബാങ്കുകാര്‍ നടപ്പാക്കിയാലും ഇത് നല്ല കാര്യം തന്നെ. ഏടീയെമ്മിലെ ഹിറ്റ് അഞ്ഞൂറല്ല, ആയിരമായാലും 1 ദിര്‍ഹം ഡൊണേറ്റ് ചെയ്യാന്‍ തയ്യാറാകുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കുമെന്നതാണ് ദു:ഖകരമായ സത്യം.
മനുഷ്യന്‍ നന്നാവില്ല.

Mubarak Merchant May 9, 2007 at 8:58 AM  

ഇവിടെ കമന്റിട്ടവര്‍ ഓരോ ദിര്‍ഹം ഡൊണേറ്റ് ചെയ്താല്‍ തന്നെ 22 ദിര്‍ഹം തെകഞ്ഞേനെ :)

തറവാടി May 9, 2007 at 9:25 AM  

നല്ല പോസ്റ്റ്‌,
കാണാന്‍ വൈകി :(

:)

അപ്പു ആദ്യാക്ഷരി May 9, 2007 at 3:38 PM  

നിക്ക്, ഇക്കാസ്, തറവാടീ നന്ദി.

ഇക്കാസ് പറഞ്ഞതില്‍ അല്പം സത്യമുണ്ടെങ്കിലും ഭൂരിപക്ഷവും അത് നല്‍കുമെന്നാണ് എനിക്ക് തോന്നുന്നത്. ഇത്ര ക്രൂരമാണോ ഇന്നത്തെ ലോകം?

പ്രിയംവദ-priyamvada May 10, 2007 at 8:39 AM  

അപ്പുവെ, ദാനം രൂപയില്‍ അവസാനിപ്പിയ്ക്കരുതു എന്നാണു എനിക്കു തോന്നുന്നതു..മരണശേഷം നമുക്കവശ്യ്മില്ലാത്ത ..പലതും കുറഞ്ഞ പക്ഷം കണ്ണുകള്‍ എങ്കിലും ദാനം ചെയ്തൂടെ ?

അപ്പു ആദ്യാക്ഷരി May 10, 2007 at 8:50 AM  

പ്രിയംവദ... നല്ല ആശയം. അതുപോലെതന്നെയല്ലേ രക്തദാനവും? നന്ദി, അഭിപ്രായങ്ങള്‍ പങ്കുവച്ചതിന്.

വല്യമ്മായി May 10, 2007 at 9:17 AM  

ഇവിടെ സാധാരണ എല്ലാ ഷോപ്പിങ്ങ് മാളിലും മറ്റു പൊതു സ്ഥലങ്ങളിലും ചാരിറ്റി ബോക്സ് ഉണ്ട്.കുട്ടികളെ കൊണ്ടാണ് അതില്‍ പൈസ ഇടീക്കാറ്.കഷ്ടപ്പാടോ ബുദ്ധിമുട്ടോ അറിയാതെ ഇവിടെ വളരുന്ന കുട്ടികളില്‍ മറ്റുള്ളവരെ സഹായിക്കാനുള്ള ബോധം അങ്ങനെയേ ഉണ്ടാക്കിയെടുക്കാന്‍ കഴിയൂ.പിന്നെ അമൃത ചാനലിലെ സാന്ത്വനം പോലുള്ള പരിപാടികളും.

വിചാരം May 10, 2007 at 12:51 PM  

അപ്പു നല്ല ഹൃദയശുദ്ധി

ബൂലോകത്തില്‍ പലര്‍ക്കും പല സഹായ വാഗ്ദാനങ്ങളും വലിയ അക്ഷരത്തില്‍ വിളമ്പുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, വളരെ ആവേശത്തോടെ 50 കമന്‍റുകള്‍ വരെ അതു കഴിഞ്ഞാല്‍ പോസ്റ്റിട്ടവനുപോലും അതില്‍ താല്‍‍പര്യമില്ലാതെ അതല്ലാം വിസ്മൃതിയിലാണ്ട് പോകും
നമ്മള്‍ നമ്മുക്ക് ചുറ്റുമുള്ള പാവങ്ങളെ (ഒരുപക്ഷെ നമ്മുടെ കൂടെ പഠിച്ചവര്‍ പോലും) കണ്ടില്ലാന്ന് നടിക്കുന്നു ഇവിടെ കമന്‍റിട്ട എല്ലാവരുടേയും അയല്‍വാസികളായി ഒരു നേരം കഞ്ഞിക്ക് വകയില്ലാത്തവര്‍ രോഗബാധിതരായി ജോലിക്ക് പോവാനാവത്തവര്‍ ഉണ്ട് അവരെ എത്ര പേര്‍ സഹായിച്ചിട്ടുണ്ട് ?
എന്‍റെയൊരു സുഹൃത്ത് ചെയ്യുന്ന ചില സഹായങ്ങളുണ്ട് വളരെ പാവപ്പെട്ട കുടുംബത്തിലെ പെണ്‍ക്കുട്ടിക്ക് ഒരു തയ്യല്‍ മെഷീന്‍ വാങ്ങി കൊടുക്കുക, ദരിദ്രരായ കുടുംബത്ത് രോഗബാധിതരായി കിടക്കുന്നവര്‍ക്ക് മരുന്ന് വാങ്ങി കൊടുക്കുക, പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായം ചെയ്യുക, സ്ക്കൂളിലെ ലൈബ്രററിക്ക് വേണ്ടി പുസ്തകങ്ങള്‍ വാങ്ങി കൊടുക്കുക ഇതിനെലാം പുറമെ പരമ പ്രധാനമായി സ്വന്തം കുടുംബത്തോടും പൂര്‍ണ്ണ പ്രതിബദ്ധത പുലര്‍ത്തുക എന്നാല്‍ ഇത്രയും പ്രവര്‍ത്തികള്‍ അവന്‍റെ സ്വന്തം ചങ്ങാതിമാരില്‍ നിന്നുപോലും അവന്‍ മറച്ചു വെയ്ക്കും ആരും അറിയാതെയുള്ള പ്രവര്‍ത്തനം വലം കൈകൊണ്ട് കൊടുക്കുന്നത് ഇടം കൈ അറിയരുതെന്ന ആശയം പ്രാബല്യത്തില്‍ കൊണ്ടു നടക്കുന്നവര്‍ എന്നാല്‍ ഇതൊന്നും പുണ്യം കിട്ടാന്‍ വേണ്ടിയല്ല അവന്‍ ചെയ്യുന്നത് മത വിശ്വാസി അല്ലാത്ത അവന്‍ പുണ്യത്തില്‍ വിശ്വസിക്കുന്നില്ല
ഒരു മനുഷ്യസ്നേഹിയെ കുറിച്ചുള്ള എന്‍റെയൊരു പോസ്റ്റ് താല്‍‍പര്യമുള്ളവര്‍ വായിക്കുക http://ponnani.blogspot.com/

Kiranz..!! May 10, 2007 at 12:59 PM  

അപ്പൂ..ആ പിറന്നാളില്‍ തുടങ്ങി താങ്കളുടെ പോസ്റ്റുകള്‍ എനിക്ക് പ്രിയകരമാവുന്നു,നല്ല ഒരു ഉദ്യമമാണത്,ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ അറിയാതെ തന്നെ പങ്കാളികളാവാന്‍ പറ്റുന്ന ഇങ്ങനെയുള്ള ഉദ്യമങ്ങള്‍ ഇനിയും ആവശ്യമാണ്

ഗുപ്തന്‍ May 10, 2007 at 1:12 PM  

അപ്പൂ...
നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.. ഈ കുറിപ്പിനെയും....

പക്ഷേ... അന്താരാഷ്ട്ര കമ്പനികളും പള്ളികളുടെയും മതങ്ങളുടെയും വന്‍സംഘടനകളുടെയും മേല്‍‌വിലാസമുപയോഗിച്ചുള്ള വന്‍‌കിട പിരിവുകളെ വിശ്വസിക്കാതിരിക്കുക... കുറെ NGO കളുമായി സഹകരിച്ചുള്ള പരിചയത്തില്‍ നിന്നാണീ കുറിപ്പ്...

വികലാംഗരെ പതിവായി നായകരാക്കി വിനയന്‍ എന്ന ഭാവനാശൂന്യനായ ചലച്ചിത്രകാരന്‍ പടങ്ങള്‍ വിജയിപ്പിക്കുന്നത് പോലെ സഹജീവികളോട് നമുക്കുള്ള സ്നേഹം കച്ചവടച്ചരക്കാക്കുകയാണ് ഇവരില്‍ ഭൂരിഭാഗവും ചെയ്യുന്നത്... സമീപകാലത്ത് നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസമേഖലയുമായും ശിശുക്ഷേമപദ്ധതികളുമായും സഹകരിച്ചിരുന്ന ഒരു സംഘടന പണം വിനിയോഗിക്കുന്ന വഴികളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് കുറ്റബോധത്തോടെയേ വായിക്കാന്‍ കഴിഞ്ഞുള്ളൂ... അവര്‍ക്ക് വേണ്ടി സമയവും പണവും പാഴാക്കിയല്ലോ എന്നോര്‍ത്ത്.

എ.റ്റി. എം. മാത്രമല്ല McDonalds പോലെയുള്ള ബിസിനസ് ഭീമന്മാരും ഈ വഴിക്കുതന്നെയാണ് നീങ്ങുന്നത്. സാധുജന സേവനമാ‍ണ് ബിസിനസ് പ്രൊമോഷനുള്ള ഏറ്റവും നല്ല വഴി എന്ന തിരിച്ചറിവാണ് വഴികാട്ടി.

പാവങ്ങള്‍ക്കായി വരുമാനത്തില്‍ ഒരുപങ്ക് നീക്കിവയ്ക്കുക. അത് നമുക്കോ നമ്മുടെ പരിചിതര്‍ക്കോ നേരിട്ടറിയാവുന്ന ആവശ്യക്കാരുമായി ഇടനിലക്കാരന്റെ സഹായമില്ലാതെ പങ്കുവയ്ക്കുക .. ഇതാണ് അഭികാമ്യമായ മാര്‍ഗം. ചില്ലിത്തുട്ട് എറിഞ്ഞുകൊടുക്കുന്നവന്റെ ധാര്‍ഷ്ട്യമില്ലാതെ ... സാഹചര്യങ്ങള്‍ അനുവദിക്കുമെങ്കില്‍ അവരോടൊപ്പം സമയം ചിലവഴിക്കുക...

ജീവിതത്തിന് വേഗത കൂടുമ്പോള്‍ ഇതൊക്കെ അസധ്യമാണെന്നറിയാം. അപ്പോള്‍ നാം കൊടുക്കുന്ന പണം പാവങ്ങളിലെത്തുന്നു എന്ന് ഉറപ്പുവരുത്തുന്ന ആതുരസേവകരെ തെരഞ്ഞ് കണ്ടുപിടിക്കണം... കച്ചവടത്തിന് കുടപിടിക്കാന്‍ സാധുക്കളെ ഉപയോഗിക്കുന്നവരെ വിശ്വസിക്കാതിരിക്കുക..

സുനാമിയുടെ മറവില്‍ അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും പണംവരുത്തി ധനികരായ ശവംതീനികളുടെ നാടാണ് നമ്മുടേത്... വിവിധമതങ്ങളിലെ ദൈവസേവകരുള്‍പ്പടെയുണ്ട് ഈ കൂട്ടത്തില്‍..

ഈ കുറിപ്പ് cynical ആയിപ്പോയി എന്ന് ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ ക്ഷമിക്കുക. അറിയാവുന്നത് മുഴുവന്‍ തുറന്നെഴുതിയാല്‍ പലര്‍ക്കും മനസ്സിലെ അവസാന വിഗ്രഹങ്ങളെയും നഷ്ടപ്പെട്ടെന്ന് വരും. പ്രത്യാശകള്‍ നിലനില്‍ക്കട്ടെ... ഔചിത്യവും.

NITHYAN May 10, 2007 at 5:31 PM  

കോഴിക്കോട്ടെ ഒരു സ്ഥാപനമാണിത്‌.
നായനാര്‍ ബാലികാ സദനം
എരഞ്ഞിപ്പാലം
കോഴിക്കോട്‌
അനാഥ പെണ്‍കുട്ടികള്‍ക്കായുള്ളത്‌. അര നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കൂന്നു. നിത്യവൃത്തിക്ക്‌ ബുദ്ധിമുട്ടുണ്ട്‌. ഈയുള്ളവന്‌ അടുത്തറിയാം അവിടുത്തെ അമ്മയെയും കുട്ടികളെയും. സഹായം അര്‍ഹിക്കുന്ന ഒരു സ്ഥാപനം എന്നൊരു തോന്നല്‍.

മുല്ലപ്പൂ May 10, 2007 at 5:45 PM  

അപ്പൂ
നല്ല പോസ്റ്റ്. ഇങ്ങനെ ഒരു എ.ടി.എം സംവിധാനം നല്ല ഐഡിയ.

മനോജ് കുമാർ വട്ടക്കാട്ട് May 11, 2007 at 3:32 PM  

അപ്പൂ, ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്‌.

സമൂഹത്തിന്റെ നന്മയ്ക്ക്‌ നമ്മുടെ പങ്കിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍.

അപ്പു ആദ്യാക്ഷരി May 13, 2007 at 8:12 AM  

വല്യമ്മായീ.. നന്ദി. സാന്ത്വനം പരിപാടി കാണാറുണ്ട്. നല്ല ഒരു സംരംഭമാണത്.
വിചാരം, താങ്കള്‍ പരിചയപ്പെടുത്തിയ വ്യക്തിയെപ്പറ്റി താങ്കളുടെ ബ്ലോഗില്‍ വായിച്ചു. നന്ദി.
കിരണ്‍സ്, നന്ദി :-)
മനൂ, ചില “അപ്രിയസത്യങ്ങള്‍” താങ്കള്‍ പങ്കുവച്ചുവല്ലോ! നന്ദി.
നിത്യന്‍, നന്ദി, ശ്രധിക്കാം,
മുല്ലപ്പൂ, പടിപ്പുരേ, നന്ദി.

ckmr123 May 13, 2007 at 1:36 PM  

അപ്പു,മനസ്സില്‍ തട്ടിയ പോസ്റ്റ്,പലപ്പഴും നമ്മള്‍ ശ്രദധികാത്ത ഒരു കാര്യം പലപ്പൊഴും നമ്മള്‍ സഹായിക്കുനത് ഒരു ഔധാര്യം പ്പോലെയാണ്,ശരികൂപറയുകയാണേക്കില്‍ അത് അവരുടെ അവകാശമാണ്.

elbiem May 22, 2007 at 12:21 PM  

നല്ല പോസ്റ്റ്...പണ്ട് ഒരു ചാനലില്‍ ഒരു വാര്‍ത്തവന്നത് ഓര്‍ക്കുന്നു.അമേരിക്കയില്‍ ഒരു കമ്പനി, അധികം ഉല്പാദിപ്പിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പേസ്റ്റ് രൂപത്തിലാക്കി കുട്ടികള്‍ക്ക് കളിക്കാന്‍-കഴിക്കാനല്ല- വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നതിനെ പറ്റിയായിരുന്നു അത്.ഹോളി വരുമ്പോഴെല്ലാം ചെയ്യുന്നതു പോലെ ഈ പേസ്റ്റ് പരസ്പരം എറിഞ്ഞു കളിക്കുന്ന വീഡിയോകള്‍ കണ്ടപ്പോള്‍ വിഷമം തോന്നി.

എല്ലാ മനുഷ്യര്‍ക്കൂം വേണ്ടതിലധികം ഭക്ഷണം ലോകത്ത് ഉല്പാദിപ്പിക്കുന്നുണ്ട് എന്നതാണ് സത്യം..

ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ല..നമുക്കു പ്രവര്‍ത്തിക്കാം...

വിനയന്‍ July 18, 2007 at 12:52 PM  

അപ്പു
ഒരു പാട് നന്ദി, ഇതു വരെ ഞാന്‍ എടീ എം സ്കീനില്‍ തെളിയുന്ന ആ ഒരു ആവസ്യത്തിന് ഒരു വിലയും കൊടുത്തിരുന്നില്ല.കുടിച്ചും വലിച്ചും നമ്മള്‍ തള്ളുന്ന പണം പാവങ്ങള്‍ക്ക് കിട്ടിയിരുന്ന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.ആടും കോഴിയും ബിരിയാണിയുമെല്ലാം ഉണ്ടാകി കുറച്ച് കഴിച്ച് പുറത്തേക്ക് എറിയുന്നതു കണ്ടിട്ടുണ്ട്.എന്തോ ആരൊക്കെയോ മനപൂര്‍വ്വം ഇത്ത്രം പട്ടിണീ ക്കാരെ അങ്ങനെ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന്താ‍യി തോന്നിയിട്ടുണ്ട്.സുഡാന്‍ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നല്ലരീതില്‍ പെട്രോള്‍ ഡെപ്പോസിറ്റ് ഉണ്ടത്രെ.ഇപ്പോള്‍ തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ അതില്‍ കണ്ണൂ വെച്ചിട്ടുമുണ്ട്.
പിന്നെ അറബികള്‍ കാണിക്കുന്ന ഈ കണ്ണുനീര്‍ ആത്മാര്‍ഥത ഉള്‍ലതാണോ എന്ന് ആലോചിക്കണം.അവര്‍ ഒരു ദിവസം ധൂര്‍ത്തടിക്കുന്ന പൈസ ഉണ്ടായിരുന്നെങ്കില്‍ ഒരു സോമാലിയയും ഉണ്ടായിരിക്കില്ല ഈ ലോകത്ത്.

പട്ടിണീയായിരുന്നിട്ടും ഈ രാജ്യങ്ങളീലൊയൊക്കെ പട്ടിണീ ക്കോലങ്ങള്‍ അത്യാധുനിക തോക്കുകളൌമായി പരസ്പരം പോരടിക്കുന്നത് കാണുമ്പോള്‍ ഞാന്‍ ആലോച്ചിട്ടുണ്ട്.ഇവര്‍ക്കൊക്കെ പിന്നില്‍ എന്തോ ശ്സക്തമായ ചരടു വലികള്‍ നടക്കുന്നുണ്ടെന്ന്.

നന്ദി അപ്പു , വീണ്ടും ഇത്ത്രത്തിലുഊള്ള പോസ്റ്റുകള്‍ ഇടൂ.

അഭിലാഷങ്ങള്‍ August 4, 2007 at 9:38 AM  

അപ്പൂ... ഇതിനെയാണ് ലേഖനം ലേഖനം എന്ന് പറയുന്നത് .. വളരെ നന്നായിട്ടെഴുതി.

പിന്നെ, അപ്പൂന് ADCB ബാങ്കിലാണ് എകൌണ്ട് എന്ന് തോനുന്നു. ഞാനും കണ്ടിട്ടുണ്ട് ആ ചോദ്യം. പക്ഷെ സത്യം പറയാമല്ലോ.. ഞാന്‍‌ ‘യെസ്സ്’ പറയാറില്ല. പക്ഷെ, ഞാന്‍‌ അവിടെ വച്ചിട്ടുള്ള ‘ചാരിറ്റി ബോക്സില്‍‘ സംഭാവന ഇടാറുണ്ട്. ATM ലൂടെ 1 ദിര്‍ഹം ‘ഒകെ‘ എന്ന് കൊടുക്കുമ്പോള്‍‌ ബാക്കി 99 ദിര്‍ഹം പുറത്തെടുക്കാനാവാതെ അതില്‍‌ കിടക്കും (കാരണം 100 ആണ് മിനിമം വിഡ്രൊവല്‍ എമൌണ്ട്.). എന്തായാലും അപ്പു എഴുതിയത് ഒരു മഹത്തായ വിഷയം ആണ്. നമുക്കേവര്‍ക്കും നന്‍‌മകള്‍‌ മാത്രം ചിന്തിക്കാനും പ്രാവര്‍ത്തികമാക്കുവാനും ശ്രമിക്കാം...

[അഭിലാഷങ്ങള്‍‌]

അജ്‌ന സുല്‍ത്താന September 4, 2007 at 9:51 PM  

വളരെ നന്നായിരിക്കുന്നൂ...

Shaf April 2, 2008 at 4:06 PM  

അപ്പൂ ചില നല്ല പോസ്റ്റുകളൊക്കെ പലപ്പോഴും കാണാതെ പോകുന്നുണ്ട്..ഇതും ഇപ്പോഴാണ് കാണാന്‍ കഴിഞ്ഞത്!
അപ്പുവിന്റെ ഹൃദയവിശാലതയെയും സാമൂഹിക പ്രതിബദ്ധതയെയും അഭിനന്ദിക്കുന്നു..

Sachin April 3, 2009 at 4:10 PM  

one Ruppie is equal to one Dirham??

Bcos In ur Story, u mentioned title as story of one ruppie.

ശുക്രൻ May 26, 2009 at 3:34 PM  

കണ്ണ് നിറഞ്ഞ് പോയി..സത്യം..

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP