നാട്ടില്‍നിന്നൊരു കുറിപ്പ് - രണ്ട്

>> Saturday, August 11, 2007

റോഡ് റിപ്പയര്‍:
കഴിഞ്ഞ ദിവസത്തെ ദിനപ്പത്രങ്ങള്‍ ഒരു “സന്തോഷ വാര്‍ത്ത“യുമായാണ് ഇറങ്ങിയത്. ലോകത്തിലേക്കും തല്ലിപ്പോളി റോഡുകളാണ് കേരളത്തിലേത് എന്നും, എത്രയും പെട്ടന്ന് അവ സഞ്ചാര യോഗ്യമാക്കാന്‍ ഗവര്‍മെന്റിന്റെ ഭാഗത്തുനിന്നും സത്വരനടപടികള്‍ തുടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു എന്നായിരുന്നു ആ സന്തോഷവാര്‍ത്ത. അതേ തുടര്‍ന്ന് ഗവര്‍മെന്റ് അടിയന്തിരമായി ക്വൊട്ടേഷനുകളും ക്ഷണിച്ചു. പക്ഷേ കോണ്ട്രാക്റ്റര്‍മാരുടെ നിസ്സഹകരണം കാരണം ഒരൊറ്റ ടെന്റര്‍പോലും ലഭിച്ചില്ലത്രേ! എന്തു ചെയ്യാം. കേരളത്തിന്റെ വിധി പൊട്ടിപ്പോളിഞ്ഞ റോഡുകള്‍ തന്നെ. പ്രവാസിയുടെ ചുരുങ്ങിയ അവധിദിവസങ്ങളുടെ ഭൂരിഭാഗം സമയവും നഷ്ടപ്പെടുന്നത് ഈ റോഡുകളിലൂടെ ഒച്ചിഴയുന്ന വേഗത്തിലുള്ള സഞ്ചാരമാണെന്നതില്‍ സംശയമില്ല.




കാര്യമിങ്ങനെയൊക്കെയായിരുന്നാലും, നല്ല രീതിയില്‍ ടാര്‍ചെയ്ത്, ഇതുവരെ പൊട്ടിപ്പൊളിയാത്ത ചില റോഡുകളും യാത്രകള്‍ക്കിടെ കണ്ടു. ശബരിമല - എരുമേലി റോഡ്, കായംകുളം - അടൂര്‍ റോഡ്, പുനലൂര്‍ - കുളത്തൂപ്പുഴ റോഡ് തുടങ്ങിയവ. ലെവലിംഗ് മെഷീന്‍ ഉപയോഗിച്ച് ടാര്‍ ലെവല്‍ ചെയ്ത് ഈ റോഡുകളിലൂടെയുള്ള യാത്ര, കേരളത്തിലെ മറ്റു റോഡുയാത്രകളെ അപേക്ഷിച്ച് വളരെ മെച്ചം തന്നെ.















സീറ്റ് ബെല്‍റ്റ്:
ഓഗസ്റ്റ് ഒന്നു മുതല്‍ കേരളത്തില്‍ കാറുകളില്‍ (പുതിയ മോഡലുകളീല്‍ മാത്രം) മുന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്നു. നല്ലകാര്യം. പക്ഷേ പുതിയ എന്തു തീരുമാനം വരുമ്പോഴും അതിനു പുല്ലുവില കല്‍പ്പിച്ച് തള്ളുന്ന മലയാളികള്‍ ഈ തീരുമാനത്തിനും അത്രയും പ്രാധാന്യമേ നല്‍കിയിട്ടുള്ളൂ. പലര്‍ക്കും ഇതിന്റെ ഉപയോഗമോ, അപകടസമയത്ത് അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നോ അറിയില്ല. ബൈക്ക് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി നാളുകള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അതുപയോഗിക്കുന്ന ബൈക്ക് യാത്രക്കാരുടെ എണ്ണം തുലോം കുറവ്. അതുപോലെതന്നെയാവും ഈ സീറ്റ്ബെല്‍റ്റ് നിര്‍ബന്ധവും എന്നു തോന്നുന്നു.

വഴിമുടക്കി ജാഥകള്‍:
രണ്ടുമൂന്നു ദിവസം മുമ്പ്, ഒരു ദൂരയാത്രയ്ക്കിറങ്ങിയതാണ്. കാറിലാണ് യാത്ര. വഴിയില്‍ വച്ച് റോഡ് ബ്ലോക്ക്. മുന്പില്‍ കുറേ വാഹനങ്ങള്‍ മന്ദം മന്ദം നീങ്ങുന്നു. കൂട്ടത്തില്‍ വളരെ ദൂരം പോകേണ്ട ബസുകളുണ്ട്, പോലീസ് വാഹനങ്ങളുണ്ട്. കാര്യമന്വേഷിച്ച് കുറേ മുമ്പിലേക്ക് നടന്നു നീങ്ങിയപ്പോള്‍ കണ്ട കാഴ്ചയോ? അന്‍പതു പേരില്‍ താഴെ ആളുകളുള്ള ഒരു ജാഥാ കടന്നു പോകുന്നു. റോഡിന്റെ വീതി മുഴുവന്‍ അപഹരിച്ചുകൊണ്ടാണ് ഇവരുടെ യാത്ര.




മുഷ്ഠി ചുരുട്ടി വായുവിനെ വൃഥാ ഇടിച്ചുകൊണ്ട് മുദ്രാവാക്യങ്ങളും മുഴക്കുന്നുണ്ട്. നിയമപാലകര്‍ ലാത്തിയും, ചൂരല്‍ പരിചകളുമായി പിന്നാലെയും. ഒരു മണിക്കൂറ് അങ്ങനെ പോയിക്കിട്ടി. എന്തൊരു രാഷ്ട്രീയ അവബോധം! ജാഥകള്‍ ഒറ്റവരിയായി പോയാല്‍ എന്തെങ്കിലും അബധമുണ്ടോ? ആ...?


ഓണപ്പിരിവ്:
ഓണമായതോടുകൂടി പിരിവുകാരുടെ വരവും ആരംഭിച്ചു. ഗള്‍ഫ്കാരുടെ വീടൊക്കെയായാല്‍ പ്രതീക്ഷിക്കുന്ന തുകയും കൂടും. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പിരിവുകാര്‍ക്ക് തുകനല്‍കിയശേഷം രസീതുകുറ്റി എഴുതുന്ന ആള്‍ ചോദിച്ച ചോദ്യങ്ങള്‍ എന്നെ ചെറുതായി ഉലയ്ക്കുക തന്നെ ചെയ്തു. പേരും വീട്ടുപേരും പറയാന്‍...!! ഇതു പട്ടണത്തിലല്ല, ഒരു തനി ഗ്രാമപ്രദേശത്തു നടന്നതാണ്. ആളുകള്‍ പരസ്പരം ഗൃഹനാഥന്റെ പേരും വീട്ടുപേരുമൊക്കെ അറിയുന്ന ഗ്രാമത്തില്‍. പിരിവിനു വരുന്ന ആള്‍ക്കാരുടെ കൂട്ടത്തില്‍ വീട്ടുകാരെ പരിചയമുള്ള ഒരാളെങ്കിലും ഇല്ലെങ്കില്‍ പിരിവിനെത്തുന്നതെന്തിന് എന്ന ചോദ്യം അവരോട് ചോദിക്കുക തന്നെ ചെയ്തു, ഉത്തരമില്ലായിരുന്നുവെങ്കിലും.

6 comments:

ആവനാഴി August 11, 2007 at 5:13 PM  

പ്രിയ അപ്പൂ,

സാധാരണ ഒരു പ്രവാസി നാട്ടില്‍ പോയാല്‍ പല വിധ കാര്യങ്ങളുമായി വളരെ ബിസി ആയിരിക്കും. എന്നാല്‍ അപ്പുവാകട്ടെ നാട്ടുവിശേഷങ്ങളെക്കുറിച്ചു ഒരു പോസ്റ്റിടുവാന്‍ സമയം കണ്ടെത്തുന്നു. ഞാ‍ന്‍ അതില്‍ അപ്പുവിനെ അഭിനന്ദിക്കുന്നു.

പൊതുജനങ്ങള്‍ക്കു അസൌകര്യങ്ങള്‍ ഉണ്ടാക്കുക, അതാണല്ലോ നമ്മുടെ രാഷ്ട്രീയാവബോധം!ജാഥക്കാര്‍ അല്പം വഴി മാറി നടന്നാല്‍ പൊതു ജനങ്ങള്‍ക്കു ബുദ്ധിമുട്ടു കുറഞ്ഞില്ലേ? അതു പാടില്ലല്ലോ.

കൈക്കൂലിയും അഴിമതിയും നിറഞ്ഞതുകൊണ്ടാണു ആ രാജ്യം നന്നാവാത്തത്. ഉദ്യോഗം കിട്ടിയാല്‍ പിന്നെ കിമ്പളമാണു പലര്‍ക്കും നോട്ടം. അതുകൊണ്ടാണല്ലോ ഒരു നിസ്സാരകാര്യം പോലും നമ്മുടെ ഗവണ്മെന്റ് ആപ്പീസുകളില്‍നിന്നു നടത്തിക്കിട്ടാന്‍ ബുദ്ധിമുട്ട്. എവിടെ നോക്കിയാലും പൊതുയോഗങ്ങളും മുദ്രാവാക്യം വിളികളും രാഷ്ട്രീയപാര്‍‌ട്ടികളുടെ കമാനങ്ങളും മാത്രം.

പൊട്ടിപ്പോളിഞ്ഞ റോഡുകളും നാറിപ്പുഴുത്ത നഗരങ്ങളും കേരളത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു.

എന്നാണു ആ നാടിനൊരു ശാപമോക്ഷം ലഭിക്കുക. കിട്ടും , മൂല്യബോധമുള്ള സര്‍ക്കാര്‍ വരണം. മുഖം നോക്കാതെ നിയമം നടത്താന്‍ തയ്യാറുള്ളവര്‍ ഭരണാധികാരികളാകണം. പത്തുമണിക്കു ഓഫീസില്‍ വന്നാല്‍ പത്രം വായിച്ചും വെടി പറഞ്ഞും പിന്നെ നല്ലൊരു സമയം അടുത്ത ചായക്കടയില്‍ പോയി ചായയും പരിപ്പുവടയും വാ‍ങ്ങി സേവിച്ചും നേരം അഞ്ചുമണിയാക്കി വീട്ടിലേക്കു മടങ്ങുന്ന സംസ്കാരം മാറണമെങ്കില്‍ അത്തരം ഉദ്യോഗസ്ഥരെ ഉടന്‍ പിരിച്ചുവിടാനുള്ള സംവിധാനം വേണം. ഇതൊക്കെ ആ നാട്ടില്‍ വരുമോ? എന്തോ?

:: niKk | നിക്ക് :: August 11, 2007 at 7:39 PM  

ഇനീപ്പോ, കൊച്ചീലെക്കെ-
ന്നാ‍പ്പൂ ???

നോര്‍മലി, ഇങ്ങോട്ടെക്കെത്താ‍ന്‍ ഒരു ദിവസം ധാരാളം മതിയെന്ന് കരുതുന്നു. പക്ഷെ, ഇപ്പോ അവസ്ഥ മാറി. ഒരു 5 ദിവസം മുമ്പെങ്കിലും അവിടെന്ന് തിരിച്ചില്ലെങ്കില്‍....

പിന്നെ, .. സുഖം???

മറ്റൊരാള്‍ | GG August 11, 2007 at 8:12 PM  

എന്തേ പുതിയ മോഡല്‍ കാറുകള്‍ക്ക്‌ (സീറ്റ്‌ ബെല്‍റ്റ്‌ ഉള്ളത്‌ കൊണ്ടായിരുക്കുമോ?) മാത്രം അങ്ങനെ ഒരു നിയമം? മറ്റ്‌ (മൂന്ന്/നാല്‌ ചക്ര)ഡ്രൈവര്‍മാര്‍ക്കൊന്നും ഇത്‌ ബാധകമല്ലേ? ഹാ, ഹാ, ഹാ.

ആവനാഴിചേട്ടന്‍ പറഞ്ഞതിന്‌ അനുബന്ധം:പണ്ട്‌ സെക്രട്ടറിയേറ്റില്‍ റ്റൈംകാര്‍ഡ്‌ വയ്ക്കണമെന്ന് പറഞ്ഞപ്പോഴുണ്ടായിരുന്ന കോലാഹലം മിക്കവരും ഓര്‍ക്കുന്നുണ്ടാവുമല്ലോ!

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഞാന്‍ പഠിച്ചിരുന്ന സ്ഥാപനത്തിനടുത്തുള്ള ഒരു സര്‍ക്കാര്‍സ്ഥാപനത്തില്‍ ജോലിയിള്ള എന്റെ അകന്ന ബന്ധത്തിലുള്ള ഒരു ചേച്ചി എല്ലാദിവസവും നാലുമണിക്കുള്ള ബസ്സില്‍ വീട്ടിലേക്ക്‌ മടങ്ങും. ഇതൊരു സ്ഥിരം പതിവായിരുന്നതിനാല്‍ ഒരുദിവസം ഞാന്‍ അച്ചാചനോട്‌ ഇതേക്കുറിച്ച്‌ പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. "എടാ, പ്രോജക്റ്റ്‌ പൂര്‍ത്തിയായതിനാല്‍ ആ ആഫീസ്‌ പൂട്ടണമെന്ന് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പേ സര്‍ക്കാര്‍ നോട്ടീസ്‌ കൊടുത്തിട്ടുള്ളതാണ്‌. പിന്നെ അവര്‍ നാലുമണി വരെയെങ്കിലും ഇരിക്കുന്നതാണ്‌ അല്‍ഭുതം."

ഇങ്ങനെ എത്രയെത്ര സര്‍ക്കാര്‍ ആഫീസുകള്‍ ജീവനക്കാരുടെ സൗകര്യാര്‍ത്ഥം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു!!!


ഓ.ടോ.: അപ്പൂസ്സേ, ഇതുവരെ പനിയൊന്നും പിടിച്ചില്ല. അല്ലേ?? നാട്ടില്‍ അവധിക്ക്‌ പോയിട്ട്‌ എല്ലാ ദിവസവും യാത്രയിലാണന്ന് മനസ്സിലായി. അതുകൊണ്ട്‌ ചോദിച്ചതാ.. മറ്റൊന്നും ഒന്നും വിചാരിക്കരുത്‌.

Rasheed Chalil August 14, 2007 at 5:40 PM  

അപ്പൂ നല്ല പോസ്റ്റ്... നാട്ടിലെ ജാഥകളും പഴയ ബന്ദുകളും ഇപ്പോള്‍ ബന്ദായ ഹര്‍ത്താലുകളും... എന്തു ചെയ്യാം... അതേകുറിച്ച് ആശങ്കപ്പെടാന്‍ പോലും അവകാശം ഇല്ലന്ന് തോന്നീട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പറഞ്ഞാല്‍ ഒരു പതിവ് പല്ലവിയുണ്ട്. നിങ്ങളും ഞാനും അടങ്ങുന്ന സമൂഹം ആണ് ഉത്തരവാദി എന്ന്... ജാഥക്ക് പിന്നില്‍ മണിക്കൂറുകള്‍ കാത്ത് നില്‍ക്കുന്ന പാവങ്ങള്‍ എന്ത് തെറ്റ് ചെയ്തു... ഒരുപക്ഷേ കല്ലെറിഞ്ഞ് ജാഥക്കാരെ ഓടിക്കാത്തതായിരിക്കും തെറ്റ്. അല്ലങ്കില്‍ ക്ഷമയോടെ സഹിച്ച് ഗോഡ്സ് ഓണ്‍ കണ്ട്രീ എന്ന് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും ആവും...

വിശേഷങ്ങള്‍ ഇനിയും വരട്ടേ...

സ്നേഹപൂര്‍വ്വം.
ഇത്തിരി.

ബാജി ഓടംവേലി August 17, 2007 at 11:42 PM  

അപ്പുവിന്റെ പ്രൊഫൈല്‍ ഫോട്ടോ ( നീലയില്‍ വെള്ളക്കളറില്‍/കളറില്ലായ്‌മയില്‍ ഒരു ചരിഞ്ഞ അപ്പു. നന്നായിരിക്കുന്നു.
എഴുത്തും ഫോട്ടോയും നന്നായിരിക്കുന്നു.
എന്നോ ചെയ്യാനാ .... വിധി....

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP