കിഴക്കിന്റെ വെനീസില്‍ - രണ്ട്
>> Saturday, January 17, 2009
“വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയ്യില്‍ മെല്ലെ
കോരിയെടുക്കാന്‍ വാ............. “
ഈ പാട്ടുകേള്‍ക്കുമ്പോഴും, അതിന്റെ ദൃശ്യചിത്രീകരണം ടി.വിയില്‍ കാണുമ്പോഴും നാം അറിയാതെ ഒരു കായല്‍ പരപ്പിലേക്ക് എത്തിപ്പോകാറില്ലേ? ഈ പാട്ടില്‍ പറയുന്ന പുന്നമടക്കായലിലാണ് നമ്മള്‍ ഇപ്പോളുള്ളത്.
കേരളത്തിലെ എന്നല്ല, ഇന്ത്യയിലെതന്നെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലിന്റെ തെക്കേയറ്റത്തെ ശാഖയാണ് പുന്നമടക്കായല്‍ എന്നറിയപ്പെടുന്ന ജലാശയം. എല്ലാവര്‍ഷവും ആഗസ്റ്റ് മാസത്തില്‍ നടക്കാറുള്ള പ്രശസ്തമായ നെഹ്രുട്രോഫി വള്ളംകളിയും ഇവിടെവച്ചാണ് നടത്തപ്പെടുന്നത്. ഞങ്ങള്‍ പുറപ്പെട്ട സ്ഥലത്തുനിന്ന് അല്‍പം മുമ്പോട്ട് നീങ്ങിയപ്പോള്‍ തന്നെ നെഹ്രുട്രോഫി വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റിലുള്ള പവലിയന്‍ കാണാറായി. കായലിന്റെ നടുവില്‍ തന്നെയുള്ള ഒരു ചെറിയ തുരുത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
പുന്നമടക്കായല്‍ നീണ്ടുപരന്നുകിടക്കുന്ന കായല്‍പ്പരപ്പൊന്നുമല്ല. ഭൂപടം നോക്കിയാല്‍ (ലിങ്ക്) അറിയാം, ഇംഗ്ലീഷ് അഷരം L ന്റെ ആകൃതിയില്‍, ഏകദേശം മൂന്നുനാലുകിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ഒരു ജലാശയമാണ് ഇത്. ഇതിന്റെ വടക്കേ അറ്റത്തുനിന്ന് ഒന്നരകിലോമീറ്ററോളം നീളത്തില്‍ പുന്നമടക്കായലിനെ വേമ്പനാട്ടുകായലുമായി ബന്ധിപ്പിക്കുന്ന വീതികുറഞ്ഞ ഒരു ഭാഗം ഉണ്ട്. ഇതുവഴി കടന്നുപോകുമ്പോള്‍ ഒരു നദിയിലൂടെ പോകുന്നതുപോലെയേ നമുക്ക് തോന്നുകയുള്ളൂ. ഇരുകരയിലുമുള്ള കാഴ്ചകള്‍ അടുത്തുകാണാം. മഴക്കാലമായതിനാല്‍ കെട്ടുവള്ളങ്ങള്‍ നിരനിരയായി കായലിന്റെ ഇരുകരകളിലും അടുപ്പിച്ച് കെട്ടിയിട്ടിട്ടുണ്ടായിരുന്നു. ചിലവയിലൊക്കെ ജോലിക്കാര്‍ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നുമുണ്ട്.
ഏതെല്ലാം കെട്ടിലും മട്ടിലും ചമയങ്ങളിലുമുള്ള വള്ളങ്ങളാണ് അവിടെയുള്ളതെന്നോ! ഒറ്റമുറി കൊച്ച് വീട് വള്ളങ്ങള്‍, മൂന്നും നാലും അറകളുള്ള തറവാട്ട് വള്ളങ്ങള്‍, ഔന്ന്യത്യമുള്ള മേല്‍ക്കൂരകളും കൊത്തുപണികളോടു കൂടിയ പൂമുഖങ്ങളുള്ളവര്‍, ഇരുന്നും കിടന്നും കാഴ്ചകള്‍ കണ്ട് രസിക്കാന്‍ വിശാലമായ മട്ടുപ്പാവുകളുമായി ചിലര്‍, വശങ്ങളിലേക്ക് ഇറങ്ങിനില്‍ക്കുന്ന വളച്ചുകെട്ടുകളും എടുപ്പുകളുമായി പ്രൌഢിയോടെ മറ്റ് ചിലര്‍, കല്യാണമോ സമ്മേളനമോ നടത്തുവാന്‍ ഞാന്‍ പോരേ എന്ന് ചോദിച്ച് കൊണ്ട് ചില ഭീമന്മാര്‍, തട്ടുകളിട്ട മേല്‍പ്പുരയോടുകൂടിയ പൌരാണികര്‍ ചിലര്‍....കാണേണ്ട കാഴ്ചതന്നെ!!
ഒരു കെട്ടുവള്ളം നിര്‍മ്മിച്ചെടുക്കാന്‍ പത്തുലക്ഷത്തോളം രൂപ ചെലവാകുമത്രേ. ഈ വള്ളങ്ങളത്രയും ഒരുമിച്ചു കണ്ടപ്പോള്‍ എനിക്ക് ഒരു സംശയം ഉണ്ടായി. ഇവയില്‍ നിന്നൊക്കെയും പുറന്തള്ളുന്ന മാലിന്യങ്ങള്‍, പ്രത്യേകിച്ച് ഇവയിലെ ശൗച്യാലയങ്ങളില്‍ നിന്ന് തള്ളപ്പെടുന്ന വസ്തുക്കള്‍ എല്ലാം നേരെ കായലിലേക്കാണോ പോകുന്നത് എന്ന്. അല്ല എന്നു ജിനില്‍ പറഞ്ഞു. എല്ലാ വള്ളങ്ങളുടെയും അടിയില്‍ ഒന്നോ അതിലധികമോ ബയോടാങ്കുകള്‍ എന്നൊരു സംവിധാനം ഉണ്ട്. മാലിന്യങ്ങള്‍ അതിലേക്കാണ് പോവുക. അവിടെകിടന്ന് ജൈവമാറ്റങ്ങള്‍ സംഭവിച്ചതിനുശേഷം അവയെ നീക്കം ചെയ്യുകയാണു ചെയ്യുന്നതത്രേ. വള്ള നിര്‍മ്മാണത്തിനു ചെലവാകുന്ന തുകയില്‍ ഒന്നൊന്നര ലക്ഷം രൂപ ഈ ടാങ്കിനു മാത്രമായി ഉള്ളതാണ്. നമ്മുടെ കേരളത്തിലും പരിസ്ഥിതിയെപ്പറ്റി ഇത്രയൊക്കെ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നുകേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി.
കായലിന്റെ ഇരുവശങ്ങളിലുമായി വീടുകളുള്ളവര്‍, ഹോംസ്റ്റേ ഇഷ്ടപ്പെടുന്ന ടൂറിസ്റ്റുകളെ ഉദ്ദേശിച്ച് നിര്‍മ്മിച്ചിരിക്കുന്ന ചെറിയ കോട്ടേജുകളും വീടുകളോട് ചേര്‍ന്ന ഇരുകരകളിലും കണ്ടു. അതുപോലെയുള്ള രണ്ട് കോട്ടേജുകളുടെ ചിത്രങ്ങള്‍ ഇതാ. ഓലകൊണ്ടു നിര്‍മ്മിച്ചതിന്റെ ഭംഗി ഒന്നു വേറെതന്നെ, അല്ലേ!
അങ്ങനെ കാഴ്ചകളും കണ്ട്മുമ്പോട്ട് നീങ്ങവേ, വെള്ളത്തില്‍ തൊടണം എന്നുപറഞ്ഞ് മനുക്കുട്ടന്‍ വഴക്കുതുടങ്ങി. അവന് നിര്‍ബന്ധം തുടങ്ങുവാന്‍ പ്രത്യേകിച്ച് കാരണം ഉണ്ടാവും. വിശന്നാലും നിറഞ്ഞാലും ഉറക്കംവന്നാലും, ശൂ..ശൂ മുട്ടിയാലും എല്ലാം അതൊരു നിര്‍ബന്ധമായേ പുറത്തുവരൂ. അവനെ സ്നേഹപൂര്‍വ്വം അടക്കിനിര്‍ത്തുവാന്‍ അവന്റെ വല്യപ്പനെപ്പോലെ മിടുക്കും ക്ഷമയും ഉള്ളവര്‍ മറ്റാരുമില്ലാത്തതിനാല്‍ ആ ജോലി പുള്ളിതന്നെ ഏറ്റെടുത്തു. കായലില്‍ മുതലയുണ്ടെന്നുപറഞ്ഞ ഒരു കൊച്ചു കള്ളത്തില്‍ വിശ്വസിച്ച് ഏതായാലും ആശാന്‍ ആ ആഗ്രഹം ഉപേക്ഷിച്ചു.
യാത്ര പുറപ്പെട്ടിടത്തുനിന്നും ഏകദേശം മുപ്പതുമിനിറ്റോളം സഞ്ചരിച്ചു കഴിഞ്ഞപ്പോഴേക്ക് ഞങ്ങളുടെ വള്ളം വേമ്പനാട്ടുകായലില്‍ പ്രവേശിച്ചു. അതാണു കാണേണ്ട കായല്‍! ഇന്ത്യയിലെ ഏറ്റവും വലിയ തടാകം. ഏറ്റവും വീതിയേറിയ ഭാഗത്ത് 14 കിലോമീറ്റര്‍ വീതിയുള്ള ഈ കാലയലിന്റെ നീളം 96 കിലോമീറ്ററാണ്.1514 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീര്‍ണ്ണം. കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകള്‍ അതിരുകളായുള്ള ഈ കായല്‍ കൊച്ചി അഴിമുഖത്ത് വച്ച് അറബിക്കടലിലേക്ക് തുറക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ആറു നദികള്‍ - അച്ചന്‍കോവില്‍, മീനച്ചില്‍, മണിമല, മൂവാറ്റുപുഴ, പമ്പ, പെരിയാര്‍ - വേമ്പനാട്ടുകായലിലേക്കാണ് വന്നുചേരുന്നത്.
മഴക്കാലമായതിനാല്‍ അത്ര ശാന്തമായൊന്നുമായിരുന്നില്ല വേമ്പനാട്ടുകായലിന്റെ കിടപ്പ്. നല്ല ഓളങ്ങളും, ആറു നദികളും കൂടി ഒഴുക്കിക്കൊണ്ടുവന്ന ചെളിനിറഞ്ഞ മഴവെള്ളവും എല്ലാം കൂടി ചേര്‍ന്ന് രൗദ്രമല്ലേങ്കിലും ഒരു ദേഷ്യക്കാരിയുടെ ഭാവം. തെളിഞ്ഞ ആകാശമല്ലാത്തതിനാല്‍ അങ്ങു ചക്രവാളം വരെ കാണാനും സാധിക്കുന്നുണ്ടായിരുന്നില്ല. ഒരു മാതിരി മഞ്ഞുമൂടിയപോലെ. എങ്കിലും ഈ ഇളകിയാടുന്ന വെള്ളത്തിലും, അന്നാട്ടുകാരായ ആളുകള്‍ കൊതുമ്പുവള്ളവും തുഴഞ്ഞുകൊണ്ട് “ഇതൊക്കെ ഞങ്ങളെന്നും കാണുന്നതല്ലേ“ എന്ന മട്ടില്‍ പോകുന്നുണ്ടായിരുന്നു.
റോഡുസൈഡില്‍ കാണുന്നതുപോലെ ബോട്ട് സര്‍വ്വീസ് ഉള്ള ജലപാതകളിലും ട്രാഫിക് ബോര്‍ഡുകള്‍ ഉണ്ടെന്ന് എനിക്കു മനസ്സിലായത് പുന്നമടയില്‍നിന്ന് വേമ്പനാട്ടുകായലിലേക്ക് ഇറങ്ങുന്ന മൂലയില്‍ വച്ചാണ്. പാതിരാമണല്‍ നേരെ 11 കിലോമീറ്റര്‍, കോട്ടയം വലത്തേക്ക് 19 കിലോമീറ്റര്‍, കൊച്ചി നേരെ 61 കിലോമീറ്റര്‍ എന്നീവിവരങ്ങള്‍ കാണിക്കുന്ന ഒരു ബോര്‍ഡ് കായലോരത്ത് കാണുന്നു! പാതിരാമണല്‍ എന്ന ചെറുദ്വീപിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്നവര്‍, കുമരകത്തുനിന്ന് അവിടേക്ക് പോകുന്നതാണ് എളുപ്പം. നാലുകിലോമീറ്റര്‍ മാത്രം ദൂരമേ അവിടെനിന്ന് പാതിരാമണലിലേക്കുള്ളൂ. മുഹമ്മയില്‍ നിന്നാണെങ്കില്‍ ഒന്നരകിലോമീറ്ററും. ആലപ്പുഴനിന്ന് അഞ്ചോ ആറോ മണിക്കൂര്‍ ബോട്ട് യാത്രയ്ക്കൊരുങ്ങുന്നവര്‍ പാതിരാമണലിലേക്ക് പോകാനൊരുങ്ങിയാല്‍ സമയനഷ്ടം മാത്രം ഫലം. കാരണം ആലപ്പുഴനിന്ന് അവിടെയെത്താന്‍ ഒന്നേമുക്കാല്‍ മണിക്കൂറോളം ഈ വിശാലമായ കായല്‍ പരപ്പിലൂടെ യാത്രചെയ്യണം. കരക്കാഴ്ചകള്‍ ഒന്നും കാണാനുമാവില്ല. എന്നാല്‍ ഒരു ദിവസത്തേക്ക് കെട്ടുവള്ളം വാടകയ്ക്കെടുക്കുന്നവര്‍ക്ക് അവിടെ ഒന്നു പോയി വരാവുന്നതാണ്. പാതിരാമണലില്‍ ആള്‍താമസമൊന്നുമില്ല, സഞ്ചാരികളായെത്തുന്ന പക്ഷികള്‍ മാത്രമേ അവിടെയുള്ളൂ.
വേമ്പനാട്ടുകായലിലൂടെ ഒന്നുരണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞിട്ടാണ് ഞങ്ങള്‍ ഉള്‍നാടന്‍ പാതകളിലേക്ക് പോയത്. അതിനിടെ ജിനില്‍ അസിസ്റ്റന്റായ സജിമോനെ വള്ളത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചിട്ട് അടുക്കളയിലേക്ക് പോയി. വള്ളത്തിന്റെ നിയന്ത്രണം കൂടുതല്‍ ശ്രദ്ധയോടെ ചെയ്യേണ്ട ഉള്‍നാടന്‍ പാതകളിലെല്ലാം ജിനില്‍ തന്നെയായിരുന്നു വള്ളം നിയന്ത്രിച്ചത്. വള്ളം വേമ്പനാട്ടുകായല്‍ പരപ്പിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നതിനിടയില്‍ നിങ്ങള്‍ക്ക് ഈ വള്ളത്തിന്റെ ഉള്‍വശമൊക്കെ ഒന്നു കാട്ടിത്തരാം.നമ്മള്‍ ഇപ്പോഴിരിക്കുന്ന മുന്‍വശത്തുനിന്ന് പിറകുവശത്തായുള്ള അടുക്കളയിലെത്താനുള്ള ചെറിയ ഇടനാഴിയാണിത്. ഫോട്ടോയില്‍ ചെറുതായി കാണുന്നുവെങ്കിലും നിവര്‍ന്നുനടക്കാം. തലമുട്ടുകയുമൊന്നുമില്ല.
താഴെക്കാണുന്നതാണ് അടുക്കള. ജിനിലും സജിമോനും പാചകത്തിന്റെ തിരക്കിലാണ്. ഗ്യാസ് സ്റ്റൗവ്വും, കുടിവെള്ളവും, പാചകത്തിനുള്ള പാത്രങ്ങളും എല്ലാം ഇവിടെയാണുള്ളത്. വള്ളത്തിലേക്ക് വേണ്ട ഇലക്ട്രിസിറ്റിയുണ്ടാക്കാനുള്ള ജനറേറ്റര്‍ സംവിധാനവും ഇവിടെതന്നെ.
ഇത് കിടപ്പുമുറി. സരോവരം ഒരു മീഡിയം സൈസ് വള്ളമായതിനാല്‍ ഒരു കിടപ്പുമുറി മാത്രമേ ഇതിനുള്ളൂ എന്ന നേരത്തെ പറഞ്ഞിരുന്നല്ലോ. അതിനുള്ളിലായി കാണുന്ന ചെറിയവാതില്‍ അറ്റാച്ഡ് ബാത് റൂം ആണ്. നല്ല വൃത്തിയുള്ള ഒരു കൊച്ചു ബാത്‌റൂം യൂറോപ്യന്‍ ക്ലോസറ്റ് എന്നിവയൊക്കെ അതിലുണ്ട്. കട്ടിലിനുമുകളില്‍ കൊതുകുവല കണ്ടതിനാല്‍, രാത്രിയായാല്‍ കൊതുകുകളുടെ ശല്യം ഉണ്ടാവും എന്നൂഹിക്കാം. കട്ടിലിനു വലതുവശത്തുകാണുന്ന ചെറിയ ജനാല തുറന്നാല്‍ കായല്‍ പരപ്പില്‍ നിന്ന് വരുന്ന കുളിര്‍മ്മയുള്ള കാറ്റുമേറ്റ് സുഖമായങ്ങനെ കിടക്കാം...എന്തിനാണ് ഇതിനിടയില്‍ എ.സി.. അല്ലേ!!
അതിനിടെ കായലോരത്ത് മൂന്നുചേട്ടന്മാര്‍ നിന്ന് മീന്‍വല പരിശോധിക്കുന്നതുകണ്ടു. കൊതുമ്പുവള്ളത്തില്‍ വലവീശാന്‍ പോയിട്ട് തിരികെയെത്തി അന്നുകിട്ടിയ മീനുകള്‍ ഒരു കുട്ടയിലേക്ക് മാറ്റുകയാണ്. ചെറിയ തെങ്ങുങ്ങളും വാഴകളും നില്‍ക്കുന്ന ഒരു വലിയ ബണ്ട് അവര്‍ നില്‍ക്കുന്ന വരമ്പിനുമപ്പുറത്തുള്ള നെല്‍പ്പാടങ്ങളെ കായലില്‍നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നു.
വേമ്പനാട്ടുകായലിന്റെ പരപ്പും ഭംഗിയും ആസ്വദിച്ച്, വര്‍ത്തമാനവും പറഞ്ഞുകൊണ്ട് സജിമോന്‍ വള്ളത്തിന്റെ ചുക്കാനും പിടിച്ച് ഒരേയിരുപ്പാണ്. ഞങ്ങള്‍ പ്രകൃതിഭംഗികാണുന്ന തിരക്കിലും. അതിനിടെ ജിനില്‍ അടുക്കളയില്‍ നിന്ന് ഓടിപ്പാഞ്ഞുവന്നിട്ട്, "എതെങ്ങോട്ടാടെ സജിമോനേ വള്ളവും കൊണ്ട്പോകുന്നത്.. വള്ളം തിരിക്കടേ..."എന്നുപറയുന്നതുകേട്ടു..
റൂട്ട് പരിചയം കുറഞ്ഞ സജിമോന്‍ വര്‍ത്തമാനത്തിനിടെ ഞങ്ങള്‍ക്ക് പോകുവാനായി ജിനില്‍ പ്ലാന്‍ ചെയ്തിരുന്ന ഭാഗവും കഴിഞ്ഞ് കുറേ കടന്നുപോയതാണ് കാരണം. പാചകത്തിനിടെ എപ്പോഴോ വെളിയിലേക്ക് നോക്കിയപ്പോഴാണ് ജിനിലിന് സംഗതി മനസ്സിലായത് എന്നുമാത്രം! റിവേഴ്സ് ചെയ്യാന്‍ പറ്റാത്തതിനാല്‍ ഒരു വലിയ യൂടേണ്‍ അടിച്ച് ഞങ്ങള്‍ തിരികെ വന്ന് നിശ്ചയിച്ചിരുന്ന ഉള്‍നാടന്‍ പാതയിലേക്ക് പ്രവേശിച്ചു.
അവിടം കടന്നു മുമ്പോട്ടുപോകുമ്പോഴാണ് കുട്ടനാടന്‍ ഗ്രാമഭംഗിനമുക്ക് ശരിക്കും മനസ്സിലാവുന്നത്. വെള്ളത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന നീളന്‍ തെങ്ങുകള്‍, ജലപ്പരപ്പിനു മുകളിലേക്ക് തങ്ങളുടെ ശിഖരങ്ങള്‍ പടര്‍ത്തി തണല്‍വിരിക്കുന്ന മാവുകള്‍, അവയ്ക്ക് ചുവട്ടില്‍ നിന്ന്, കായലോരത്തുള്ള വീടുകളിലേക്ക് കയറിപ്പോകുവാനുള്ള ചെറിയ കല്‍പ്പടവുകള്‍, പടവുകള്‍ക്കു സമീപം നിര്‍ത്തിയിട്ടിരിക്കുന്ന കൊതുമ്പുവള്ളങ്ങള്‍, വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും കുറേ നീര്‍ക്കാക്കകള്‍, അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരിക്കുന്ന വലുതും ചെറുതുമായ വള്ളങ്ങള്‍ ...... എത്രസുന്ദരമാണ് നമ്മുടെ നാടിന്റെ ഭംഗി.
കിഴക്കിന്റെ വെനീസ് എന്ന പേര് ആലപ്പുഴയ്ക്ക് നല്‍കപ്പെടുവാന്‍ ഇടയാക്കിയത് ഇവിടെയുള്ള ജലാശയങ്ങളുടെ ശൃംഖലയാണെന്ന് കഴിഞ്ഞപോസ്റ്റില്‍ പറഞ്ഞിരുന്നവല്ലോ. പ്രകൃത്യാഉള്ളകായലും കൈവഴികളും നദീമുഖങ്ങളും, നിര്‍മ്മിച്ചെടുത്തകനാലുകളും ബണ്ടുകളും എല്ലാം ചേര്‍ന്നതാണ് കുട്ടനാടന്‍ ജലാശയശൃംഖല. ഇവിടുത്ത നെല്‍കൃഷിക്കുവേണ്ടിയാണ് പ്രധാനമായും ബണ്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കായലിലെ ജലനിരപ്പിനും താഴെയാണ് നെല്‍വയലുകളുടെ തലം. നീണ്ടുപരന്നുകിടക്കുന്ന പാടശേഖരങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്ന ഒട്ടനവധി ജലാശയങ്ങളിലെ ഏതാനും ചിലഭാഗങ്ങളില്‍ കൂടെയാണ് ഇനിയുള്ള യാത്ര.
ഈ ഒരു പോസ്റ്റില്‍ ഈ യാത്രപറഞ്ഞവസാനിപ്പിക്കാം എന്നു കരുതിയിരുന്നതാണ്. പക്ഷേ ഇനിയും യാത്ര ഒരുപാട് ബാക്കി കിടക്കുന്നു! അതിനാല്‍ അവയൊക്കെ അടുത്തഭാഗത്തേക്ക് മാറ്റിവച്ചുകൊണ്ട് തല്‍കാലം നിര്‍ത്തട്ടെ.
കിഴക്കിന്റെ വെനീസില്‍ - മൂന്ന്
ഈ യാത്രാവിവരണം വായിച്ച് രോമാഞ്ചം കൊണ്ട് ഒരച്ചായന്‍ പാടിയ പാട്ടിതാ
37 comments:
ആലപ്പുഴയാത്രയുടെ രണ്ടാം ഭാഗം
ഈ യാത്രാവിവരണവും കുറിപ്പും വളരെ നന്നായി.... പുതിയ ചില അറിവുകളും....
ദൃശ്യങ്ങള്‍ മനോഹരം. എഴുത്തും. ആശംസകള്‍
നന്നായിരിക്കുന്നു എല്ലാം അപ്പു. തിരക്കില്ല മുറിച്ചു മുറിച്ചെഴുതിയാല്‍ മതി :)
നല്ല ഒരു പോസ്റ്റിനു വേണ്ടി കാത്തിരിക്കുന്നതില്‍ തെറ്റില്ലല്ലോ.
-സുല്‍
അപ്പൂ..
നമ്മുടെ ഗ്രാമീണതയുടെ ഈ കാഴ്ചകള്‍ നല്‍കുന്ന കുളിര്‍മ്മകള്‍ ഇവിടെ നാം കണ്ട സാങ്കേതികതകള്‍ക്കൊന്നുമില്ല; അല്ലേ..?
നമ്മുടെ നാടെന്തു ഭംഗി.... !
ആശംസകള്‍
അപ്പൂട്ടാ,
മനോഹരം, അതി മനോഹരം.............ഷിബുവേട്ടന്റെ യാത്രാ വിവരണം ഒന്നു വേറെ തന്നെയാണ്
അഭിനന്ദനങ്ങള്‍.
സ്നേഹപൂര്‍വം
കിഴക്കിന്റെ വെനീസിൽ മനസ്സു കൊണ്ടു ഞാനും ഒരു യാത്ര നടത്തി.ചിത്രങ്ങൾ അതി മനോഹരം.
ഈ പടങ്ങൾ കാണുമ്പോൾ ത്രിവേണി സിനിമേലേ കൈതപ്പുഴക്കായലിലെ എന്ന പാട്ടും പാടിയിരിക്കാൻ തോന്നണൂ !
അപ്പൂ!
നേരിട്ട് യാത്ര ചെയ്യുന്നതിനേക്കാൾ രസകരമായ യാത്രാ വിവരണം.യാത്ര ചെയ്താൽ ഇത്ര രസം കിട്ടുകയില്ല എന്നു തോന്നിപ്പിക്കുന്ന പടങ്ങൾ! പോരട്ടെ ബാക്കി കൂടെ. സമയമെടുത്തു മതി. ഹറിബറി വേണ്ട.
ശൌചാലയത്തില്‍ നിന്നും തള്ളപ്പെടുന്ന വസ്തുക്കള്‍ എവിടെ നിക്ഷേപിക്കുന്നു എന്നോര്‍ത്ത് ഞാനും തലപുകച്ചിരുന്നു. ആലോചിച്ചപ്പോള്‍, അപ്പുവേട്ടന്‍ പറഞ്ഞിരിക്കുന്ന രീതിയിലായിരിക്കാം എന്നു നിരൂപിച്ചിരുന്നു. ഊഹിച്ചത് ശരിയായി എന്നു ഇപ്പോള്‍ മനസ്സിലായി.
പാതിരാമണലില്‍ നാമമാത്രമായി ജനങ്ങള്‍ വസിക്കുന്നുണ്ട്. കൊച്ചു കുടിലുകളില്‍...
എന്റെ ഊഹം ശരിയാണെങ്കില്‍ അന്നത്തെ ബോട്ടപകടം നടന്നതില്‍ ഈ ദ്വീപില്‍ നിന്നുള്ള ആല്‍ക്കാരും ഉണ്ടായിരുന്നു..
നല്ല വിവരണങ്ങള്‍...
ഇനിയും പ്രതീക്ഷിക്കുന്നു...
ചിത്രങ്ങള്‍ അതീവ ഹൃദ്യം.. വിവരണവും.
ഹരീഷ് തൊടുപുഴ പുകച്ചതുപോലെ ഞാനും തല പുകച്ചിരുന്നു. ആ പുക കെടുത്തിത്തന്നതിനുകൂടി ഈ മനോഹരമായ പോസ്റ്റിന് നന്ദി പറയുന്നു.
പടങ്ങള്‍ കിടുകിടു. കാത്തിരിക്കുന്നു അടുത്ത പോസ്റ്റിനായി. ഒന്നോ രണ്ടോ ഭാഗം കൂടെ ആയാലും വിരോധമില്ല.
യാത്രാവിവരണവും കുറിപ്പും ചിത്രങ്ങളും അതി മനോഹരം...
അടുത്ത ഭാഗങ്ങളും ഇതു പോലെ തന്നെ പോരട്ടേ
അപ്പൂ,
അടുത്ത പോസ്റ്റില്‍ അഡ്രസും ടെലെഫോണ്‍ നമ്പരും (അപ്പുവിന്റെയല്ല, കെട്ടുവള്ളം അറേഞ്ച് ചെയ്യുന്നവരുടെ) ഇടാന്‍ മറക്കണ്ട. പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപെടുമല്ലോ.
അപ്പു...
വിവരണങ്ങള്‍ നന്നായിരിക്കുന്നു.
ഒരു കെട്ടുവള്ളത്തിന്റെ വില പറഞ്ഞതില്‍ ഒരു അപാകതയില്ലേ എന്നൊരു സംശയം. എന്റെ ഭാര്യയുടെ ഒരു ബന്ധു (കുമരകത്ത്) കഴിഞ്ഞ വര്‍ഷം പണിത ഒരു ഇടത്തരം വള്ളത്തിന് ഏകദേശം പതിനെട്ട് ലക്ഷം രൂപയാണ് ചെലവ്. കുമരകത്ത് തന്നെ മുപ്പത്തഞ്ച് ലക്ഷം വരെ ചിലവായ വള്ളങ്ങളും ഉണ്ട്. അപ്പു യാത്ര ചെയ്ത തരം ചെറിയ വള്ളങ്ങള്‍ക്ക് പത്തു ലക്ഷം എന്നത് ശരിയാവാം. ആധുനിക സൗകര്യങ്ങള്‍ വന്നു കഴിഞ്ഞപ്പോള്‍, എവിടെ കൊണ്ടു കെട്ടിയിടും എന്ന് കരുതി ഏകദേശം ഉപേക്ഷിക്കപ്പെട്ട വള്ളങ്ങളായിരുന്നു ആദ്യമൊക്കെ കെട്ടുവള്ളങ്ങളാക്കിയത്. ഇന്ന് കഥ മാറി. മരം എടുത്ത് വള്ളം പണിത് വേണം കെട്ടുവള്ളം ഉണ്ടാക്കാന്‍. അതിനൊക്കെ ചേര്‍ത്താണ് ഈ വലിയ ചിലവ്. ഇതൊക്കെ എന്ന് മുതലാകും എന്ന് ഞാന്‍ ഓര്‍ത്തു പോയിട്ടുണ്ട്. കാരണം സീസണില്‍ മാത്രമാണ് ഇവര്‍ക്ക് എന്നും ഓട്ടമുള്ളത്.
അതുപോലെ കായലിനെ പറ്റിയാണെങ്കില്‍, പണ്ട് പത്ത് പന്ത്രണ്ട് മീറ്റര്‍ ആഴമുണ്ടായിരുന്ന കായലിന് ഇപ്പോള്‍ അഞ്ച്-ആറ് മീറ്റര്‍ ആണ് ആഴം. പലയിടെത്തും ഇത് രണ്ട്- മൂന്ന് മീറ്റര്‍ വരെയേ ഉള്ളു. തണ്ണീര്‍മുക്കം ബണ്ട് വന്നതിന്റെ പരിണിതഫലം. ഒരോ വര്‍ഷവും കായലിന്റെ ആഴം കുറയുന്നു. കുറച്ച് വര്‍ഷങ്ങള്‍ കൂടി കഴിയുമ്പോള്‍ കായല്‍ പലയിടത്തും ഇല്ലാതാവും. ഈ കായലിലും പരിസരത്തുള്ള ജലാശയങ്ങളിലും തിരണ്ടികള്‍, മത്തി, മറ്റ് ചില കടല്‍ മത്സ്യങ്ങള്‍ വരെ കിട്ടിയിരുന്ന കാലമുണ്ടായിരുന്നു. ഒരു ബണ്ട് കൊണ്ട് എന്തെല്ലാം ഗുണങ്ങള്‍ ഉണ്ടാകാം എന്നതിനേക്കാല്‍ എന്തെല്ലാം ദോഷങ്ങള്‍ ഉണ്ടാകാം എന്നതിന് ഉദാഹരണമാണ് തണ്ണീര്‍മുക്കം ബണ്ട്.
നീണ്ട കമന്റിന് ക്ഷമിക്കുക,.
വായിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി.
ഹരീഷ്, പാതിരാമണലില്‍ ചുരുക്കം ആള്‍ക്കാര്‍ താമസമുണ്ടെന്ന വിവരം തന്നതിനു നന്ദി.
അനില്‍, ഒരു കെട്ടുവള്ളത്തിന്റെ നിര്‍മ്മാണചെലവ് അനുഭവത്തില്‍ നിന്നു പറഞ്ഞുവല്ലോ. ശരിയായിരിക്കും. കാരണം വളരെ പോഷ് വള്ളങ്ങള്‍ അവിടെ കണ്ടതിനൊക്കെ അത്രയുമാകാന്‍ സാധ്യതയുണ്ട്. എങ്കിലും ഇതെങ്ങിനെ മുതലാക്കുമോ എന്തോ? കിട്ടുമായിരിക്കും, കാരണം സീസണില്‍ 90 ദിവസം ഒരു 15000 രൂപവച്ച് കിട്ടിയാലും പത്തുപതിമൂന്നു ലക്ഷം ആവുമല്ലോ!
പാതിരാമണലില്‍ ആള്‍ താമസമില്ല എന്ന് തന്നെയാണ് എന്റെയും അറിവ്.(കള്ളവാറ്റുണ്ട്)
ഞങ്ങള്‍ ഒരിക്കലവിടെ പോയി തെങ്ങില്‍ കയറി കരിക്കും മറ്റും ഇട്ടായിരുന്നു.
ഒരിക്കല്‍ അത് ഒബ്രോയ് ഗ്രൂപ്പുമായി ചേര്‍ന്ന് വികസിപ്പിക്കാന്‍ പരിപാടി ഇട്ടിരുന്നു.പിന്നെ അഴിമതി ആരോപണം ഭയന്ന് മന്ത്രി ചന്ദ്രശേഖരന്‍ നായര്‍ തന്നെ അത് വേണ്ടെന്ന് വെച്ചു.
കുറേ കൂടി ഭംഗിയയി ഒരു പക്ഷി നിരീക്ഷണ കേന്ദ്രമായി അത് ഡവലപ്പ് ചെയ്യേണ്ടതാണ്.
അപ്പു നല്ല കമന്ന്റ്ററി.
ഇനി ‘നൊവൊല്‍ജിയ’ എന്നൊരു സാധനം വരില്ല, അപ്പൂന്റെ പോസ്റ്റ് ഇടക്കിടെ വായിക്കുന്നതിനാല്‍!
നല്ല ചിത്രങ്ങള്‍....നല്ല ഫ്രെയിമുകള്‍..... ആര്‍ടിസ്റ്റ് ക്യാന്‍വാസില്‍ വരച്ച് വച്ച പോലെ!
വിവരണമോ കിടിലന്‍.
എത്ര ഭാഗങ്ങുളുണ്ടെങ്കിലും മുഷിയില്ലാ, അപ്പൂ!
പോരട്ടേ.
രണ്ടാം ഭാഗവും ഹൃദ്യമായി.
ആ കായല്‍പ്പരപ്പിലൂടെ കുളിരേകും കാഴ്ച്ചകളാസ്വദിച്ച് ഒരു യാത്ര ചെയ്ത പ്രതീതി.കേവലമൊരു വിവരണത്തിനപ്പുറം വസ്തുതകളും കണക്കുകളും സൂചിപ്പിച്ചുള്ള വിവരണത്തിന് മനം നിറഞ്ഞ നന്ദി.
തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
-- മിന്നാമിനുങ്ങ്
അപ്പു,
പോസ്റ്റ് നേരത്തേ കണ്ടിരുന്നെങ്കിലും ഇപ്പോഴാണ് വായിച്ചത്. മറ്റൊന്നുമല്ല, ഓടിച്ചു വായിക്കുന്നത് എനിക്കിഷ്ടമല്ല.
വിവരണവും അതിനേക്കാൾ മനോഹരമായ ചിത്രങ്ങളും കൂടി ഈ പോസ്റ്റിന് ഇനിയും പല ഭാഗങ്ങളുണ്ടാവട്ടെ എന്നാശിപ്പിക്കുന്നു...
ഈ പറയുന്ന പോലെ ബയോ ടാങ്കുകൾ എല്ലാ കെട്ടുവള്ളങ്ങളിലും ഇല്ല എന്നൊരു ആശങ്ക കുറച്ചുനാൾ മുമ്പ് ഏതോ ഒരു ചാനൽ ചർച്ചയിൽ കേട്ടിരുന്നു.
നന്നായിട്ടുണ്ട് അപ്പു. നല്ല ചിത്രങ്ങളും.
അപ്പു നല്ല ചിത്രങ്ങളും വിവരണവും
യാത്രയിലെ ഓരോ കാഴ്ചയും, വക്കും തെല്ലും പൊട്ടാതെ ഓര്‍ത്തുവച്ച്, കണക്കുകളും സാങ്കേതിക വിവരങ്ങളും ചേര്‍ത്ത് മിനുക്കി വായിച്ചും കണ്ടും ആസ്വദിയ്ക്കാന്‍ പാകത്തില്‍....!!!!
ചേരുവകളും, വിവരണങ്ങളും വളരെ നന്നായിരിയ്ക്കുന്നു.
(വള്ളം കുറച്ച് മെല്ലെ പോയാല്‍ മതി....ഒരു ധൃതിയുമില്ലാ...)
ചാത്തനേറ്: ഇത്തവണ കൂടുതലും ചിത്രങ്ങളാണെന്ന് തോന്നി. തുടരട്ടേ കാത്തിരിക്കുന്നൂ.
അനില്‍ശ്രീ പറഞ്ഞത്തു വളരെ ശരി. കൃത്യമായ ഒരു കണക്കു കയ്യിലില്ലെങ്കിലും 20-22 ലക്ഷത്തിനടുത്താവും ഒരിടത്തരം ബോട്ടിന്.
പാതിരാമണലില്‍ താമസക്കാരില്ല. പുല്ലരിയാനും തേങ്ങായിടാനുമൊക്കെയായി കൊച്ചുവള്ളത്തില്‍ വരുന്നവരെയാണ് നമ്മള്‍ ചെല്ലുമ്പൊ കാണാറുള്ളത്.
ഒരു ചെറിയ കാര്യം കൂടി:
അപ്പു 15000 എന്നൊക്കെ പറഞ്ഞു കണ്ടു. ഇതു വായിച്ചിട്ടു ആര്‍ക്കേലും ഇങ്ങനെയൊരു യാത്ര നടത്തണം എന്നു തോന്നുന്നെങ്കില്‍ ഒന്നു പറഞ്ഞാ മതി കേട്ടോ. അല്‍പ്പം കൂടി മയപ്പെട്ട റേറ്റില്‍ കുമരകത്തു നിന്നു ബോട്ടു പിടിച്ചു തരാം.
കോമണ്‍മാനേ, വിവരങ്ങള്‍ക്കു നന്ദി :-)
പിന്നെ, ഞങ്ങള്‍ 15000ന് അല്ല ബോട്ട് യാത്ര പോയത്, ഓഫ് സീസണില്‍ ആയിരുന്നു ഞങ്ങളുടെ യാത്ര. അതിനാല്‍ 3500 രൂപ മാത്രം. ആദ്യപോസ്റ്റില്‍ ഇതുപറഞ്ഞിരുന്നു.
താങ്കള്‍ സീസണില്‍ നല്ല റേറ്റു സംഘടിപ്പിച്ചു തരാം എന്നാണ് ഉദ്ദേശിച്ചത് അല്ലേ..ഇ-മെയില്‍ അഡ്രസോ ഫോണ്‍ നമ്പരോകൂടി കൊടുക്കൂ. ആവശ്യക്കാര്‍ക്ക് ഉപകാരപ്പെടുമല്ലോ.
3500 for how many hours?
Jose Joseph
jose.jk@gmail.com
9886629474
ഒരു തീരെ ചെറിയ കാര്യം കൂടി.
ആലപ്പുഴയിലെ ഹൌസ് ബോട്ടു ജെട്ടിയിടെ അടുത്തു നിന്നും ലൈന്‍ ബോട്ടു കേറി അടുത്ത ജെട്ടിയില്‍ ഇറങ്ങിയാല്‍, അവിടെ അടുത്താണ് ഈയിടെ പണി കഴിപ്പിച്ച ഇരുമ്പ് ചുണ്ടന്‍ വള്ളമായ പുന്നമട ചുണ്ടന്‍'പാര്‍ക്കു്' ചെയ്തിരിക്കുന്നത്. [ കുറച്ചു കാലം മുമ്പു വരെ അവിടെയായിരുന്നു. മാറ്റിയിട്ടില്ല എന്നു കരുതുന്നു]. ഇനി പോകുന്നവര്‍ അതും കൂടിയൊന്നു കണ്ടിട്ടു പോരെ. ചുണ്ടന്‍ വള്ളത്തേല്‍ നിക്കണ ഫോട്ടോ ഒരെണ്ണം കയ്യിലുണ്ടെങ്കില്‍ അതും ഒരന്തസാ..
[അപ്പൂ... ഒന്നാം ഭാഗം വായിച്ചു. 3500 ലാഭം തന്നെ]
കോമണ്‍സേ, ഇരുമ്പുചുണ്ടന്‍ ഞങ്ങള്‍ കണ്ടു ഈ യാത്രയ്ക്കിടയില്‍. മഴക്കാലമായതിനാല്‍ ആയിരിക്കും മൂടിപ്പൊതിഞ്ഞ് , അദ്ദേഹത്തിന്റെ ശരീരം ഒരു ഷെഡ്ഡിന്റെ താഴെയായിരുന്നു. അതിനാല്‍ ഫോട്ടോയെടുക്കാനൊത്തില്ല. :-(
കുട്ടനാടിന്റെ കായൽ ഭംഗി ഒട്ടും നഷ്ടപ്പെടുത്താതെയുള്ള വിവരണങ്ങൾ, മണൊഹരങ്ങളായ ചിത്രങ്ങൾ അതുപോലെ വേമ്പനാട്ടുകായലിനെക്കുറിച്ചുള്ള പുതിയ അറിവുകൾ വളരെ നന്ദി.
എന്നാലും പലപ്പോഴും ആലപ്പുഴ - ചങ്ങനാശ്‌ശേരി റോഡിലൂടെയും, രണ്ടുവട്ടം ഈ കായൽ പരപ്പിലൂടെയും യാത്ര ചെയ്തപ്പോൾ തോന്നിയ ഒരു സംശയമാണ്. ഈ ഭംഗിയെല്ലാം നമ്മൾ വിനോദസഞ്ചാരികളായി എത്തുന്നവർക്കല്ലെ ആസ്വദിക്കാൻ കഴിയുന്നത്. കായലിലെ ഒറ്റപ്പെട്ട തുരുത്തിലും മറ്റും താമസിക്കുന്ന മനുഷ്യരുടെ കാര്യം. ഒരു വാഹനവും എത്തില്ല ആകെ ആശ്രയം കൊച്ചുവള്ളങ്ങൾ മാത്രം എന്തെങ്കിലും അസുഖങ്ങൾ അവിചാരിതമായി വന്നാൽ ആശുപത്രിയിലും മറ്റും എത്തിച്ചേരാനുള്ള ബുദ്ധിമുട്ട്, സ്കൂളികളിൽ പഠിക്കുന്നവരും നിത്യവും ജോലിക്കു പോവുന്നവരുമായ സാധാരണ ജനങ്ങളുടെ ദുരിതങ്ങൾ. ഈ ബ്ലൊഗിന്റെ തന്നെ ആദ്യഭാഗത്തെ ആ അമ്മൂമ്മയുടെ ചിത്രം വള്ളവും തുഴഞ്ഞ ജീവിതസമരം നയിക്കുന്ന ആ ചിത്രം അതാണ് മനസ്സിനെ വല്ലാതെ ഉലച്ചത്.
മണികണ്ഠന്‍, അഭിപ്രായത്തിനു നന്ദി. പറഞ്ഞത് വളരെ ശരിയാണ്. ഈ കായലിന്റെ കരയിലും, അതിനിടയിലെ തുരുത്തുകളിലും താമസിക്കുന്നവര്‍ക്ക് പൂറം ലോകവുമായുള്ള ബന്ധം വള്ളങ്ങളിലൂടെ മാത്രം.എങ്കിലും, അവരുടെ ഉപജീവനവും, ഈ കായലുമായി നേരിട്ട് ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.അടുത്ത പോസ്റ്റില്‍ മണികണ്ഠന്‍ പറഞ്ഞകാര്യങ്ങള്‍ കാണിച്ചുതരുന്ന ചില ചിത്രങ്ങളും ഉണ്ട്...
അതിമനോഹരമായ ഫോട്ടോകള്‍...
എഴുത്ത് അതിലും മനോഹരം ...
അപ്പൂ
വിവരണവും ഫോട്ടോകളും ഒന്നിനൊന്ന് മെച്ചം.50കളുടെ അവസാനത്തിലും 60കളുടെ തുടക്കത്തിലും 4വർഷത്തോളം ആലപ്പുഴ എസ്സ്.ഡി.കോളെജിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ പല തവണ യാത്ര ചെയ്തിട്ടുള്ളതാണെങ്കിലും [അന്ന് തണീർമുക്കം ബണ്ടും ഇല്ല.തവണക്കടവ് ബോട്ടു സർവീസും-തുടർന്നുള്ള ബസ്സ് സർവീസും സാധരണമായിട്ടുമില്ല. 4 മണിക്കൂർ നീണ്ട വൈക്കം-ആലപ്പുഴ ബോട്ടുതന്നെ ശരണം] അന്നൊന്നും ഇത്രയും ഭംഗി വേമ്പനാട്ടു കായലിനു തോന്നിയിട്ടില്ല.ഇപ്പോഴാണെങ്കിൽ റോഡ് യാത്ര എളുപ്പമായതിനാൽ കായൽ യാത്രക്ക് ശ്രമിക്കാറുമില്ല.
Mrs.nair
നന്നായിട്ടുണ്ട് അപ്പൂ, വിവരണവും, പടങ്ങളും, പിന്നെ പാട്ടും.
വളരെ നന്നായി വിവരിച്ചിരിക്കുന്നു. ഫോട്ടോകളും നന്നായി. കൊതിയാവുന്നു
അഭിനന്ദനങ്ങള്‍..
അപ്പു കൊതിപ്പിച്ചു. ഇനി നാട്ടില്‍ എത്തിയാല്‍ നേരെ കെട്ടുവള്ളത്തിലേക്ക് തന്നെ!
വീണ്ടുമൊരു ജലയാത്ര :)
Post a Comment