എന്റെ ബ്ലോഗാത്മകഥ (വാര്‍ഷികപോസ്റ്റ്)
>> Thursday, January 31, 2008
2005 ല്‍ സൌദിയില്‍നിനും ദുബായിയിലെത്തിയതിനു ശേഷം എന്റെ ഇ-മെയില്‍ ഇന്‍ബോക്സില്‍ എന്നും മുടങ്ങാതെ ഒരു മെയില്‍ കിട്ടിയിരുന്നു. സൌദിയിലെ ദമാമിലുള്ള എന്റെ സ്നേഹിതന്‍ ജിജിയുടെ മെയില്‍. അതിനെല്ലാം ഓരോ മറുപടിയും തിരികെ ഞാനെഴുതിയിരുന്നു. ഇവിടെയും അവിടെയും നടക്കുന്ന കൊച്ചുകൊച്ചു വിശേഷങ്ങളും കഥകളും ചിന്തകളുമൊക്കെ അടങ്ങുന്നതായിരുന്നു ആ സന്ദേശങ്ങളോരോന്നും. 2006 ന്റെ അവസാനമാസങ്ങളില്‍ ജിജി ഇന്റര്‍നെറ്റില്‍നിന്നും ഒരു പുതിയ “സംഭവം” പരിചയപ്പെടുത്തിത്തന്നു - ബ്ലോഗ് . ബ്ലോഗും ബ്ലോഗറും...ആകെ വല്ലാത്ത പേരുകള്‍. എനിക്കു തീരെ പിടിച്ചില്ല. ദിവസങ്ങള്‍ കഴിയുന്തോറൂം ജിജിയുടെ മെയിലുകളിലെ വിഷയങ്ങള്‍ ഈ വിചിത്രസാധനത്തില്‍ വരുന്ന ഓരോ ലേഖനങ്ങളെപ്പറ്റിയായി. പലപ്പോഴും ബ്ലോഗില്‍ നിന്നും കോപ്പിചെയ്തെടുത്ത ചില പാരഗ്രാഫുകളും അതിലുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഓരോ ലിങ്കുകളും.
മെയിലിലേക്ക് നോക്കിയാലോ? ഛേ.. എന്തൊരു വൃത്തികേടായ മലയാളം ടൈപ്പിംഗ്! ചില്ലുകളും കൂട്ടക്ഷരങ്ങളുമില്ലാത്ത കുറേ വട്ടങ്ങളും സര്‍വ്വത്ര ചന്ദ്രക്കലകളും നിറഞ്ഞ കുറേ ടെക്സ്റ്റ്. എനിക്കതു വായിക്കാനേ തോന്നിയില്ല. അവസാനം സഹികെട്ട് ഞാനിങ്ങനെ എഴുതി... “Mash, please don't send me this awkward text anymore. I am not interested".
ഇത്രയുമായിട്ടും ജിജിക്ക് പിടികിട്ടിയില്ല, എന്റെ കമ്പ്യൂട്ടറില്‍ അഞ്ജലി ഓള്‍ഡ് ലിപിയും മലയാളം യൂണിക്കോഡും സെറ്റ് ചെയ്യാത്തതിനാലാണ് എനിക്ക് നേരെചൊവ്വേ വായിക്കാന്‍ സാധിക്കാത്തത് എന്ന്. അങ്ങനെയിരിക്കേ “ഇതൊന്നു വായിച്ചുനോക്കൂ” എന്നു പറഞ്ഞ് തമനു എഴുതിയ “കാമധേനുവും കമ്പൈസും” എന്ന ഹാസ്യലേഖനത്തിന്റെ ഒരു പിഡിഎഫ് കോപ്പി ഒരു ദിവസം ജിജിയുടെ മെയിലില്‍ അറ്റാച്ച്മെന്റായി വന്നു. തമന്‍(ഉ)... എന്തൊരു തലതിരിഞ്ഞപേര്? ഏതായാലും ഫോണ്ടുകളൊക്കെ കറക്റ്റായിരുന്നതിനാല്‍ ഞാന്‍ വായന ആരംഭിച്ചു. വരികള്‍ പിന്നിടുംതോറും എന്റെ താല്പര്യവും വര്‍ദ്ധിച്ചു. ചിലപ്പോഴൊക്കെ ചിരിയടക്കാന്‍ വയ്യാതായി. അവസാനമെത്തിയപ്പോള്‍ കുറേ കമന്റുകള്‍! ഇതെന്തു സാധനം? ഒരാളെഴുതുന്നു...മറ്റുപലരും വായിച്ച് അഭിപ്രായം പറയുന്നു. ലേഖകന്‍ വീണ്ടും അതിനു മറുപടിപറയുന്നു..ആകെ രസം..... ഈ ബ്ലോഗ് എന്ന സംഭവം കൊള്ളാം. ഞാന്‍ മനസ്സില്‍ വിചാരിച്ചു.
ആദ്യമൊക്കെ ജിജിയെയും ബ്ലോഗിനേയും ചീത്തപറഞ്ഞിട്ട് ഇനിയങ്ങോട്ട് പോയി ചോദിക്കുന്നതു മോശമല്ലേ. നേരെ ഗൂഗിള്‍ സേര്‍ച്ച് എന്‍ജിന്‍ ഞെക്കി. ബ്ലോഗര്‍ എന്നു ടൈപ്പുചെയ്തു. ബാക്കിയൊക്കെ വായിച്ചു മനസ്സിലാക്കി. ഇനി ഒരു ബ്ലോഗ് തുറക്കുകതന്നെ. റെജിസ്ട്രേഷന്‍ സ്ക്രീനിലേക്കു പോയി. പേര് ......... ? ങാ. അപ്പു.. അപ്പോള്‍ മനസ്സില്‍ വന്നത് അതാണ്. കിടക്കട്ടെ. ബ്ലോഗ് യൂ.ആറ്.എല്‍... ഇതെന്തു കുന്തമാണാവോ? കൂടുതല്‍ ആലോചിക്കാതെ അപ്പൂന്റെ ലോകം...എന്നും റ്റൈപ്പ് ചെയ്തുവിട്ടു. ബാക്കി പരിപാടികളൊക്കെ മനോധര്‍മ്മം പോലെ ചെയ്തു. അങ്ങനെ മനസ്സറിയാതെ എനിക്കൊരു ബ്ലോഗ് ഉണ്ടായി - അപ്പൂന്റെ ലോകം!
ഇതിനിടയില്‍ തമനുവിന്റെ ഇ-മെയില്‍ ഐ.ഡി കണ്ടുപിടിച്ച് ബ്ലോഗിനെപ്പറ്റിയും പോസ്റ്റിനെപ്പറ്റിയും അന്നത്തെ പിന്മൊഴിയെപ്പറ്റിയുമൊക്കെ ചോദിച്ച് മനസ്സിലാക്കി. അദ്ദേഹം അതെല്ലാം സന്തൊഷത്തോടെ പറഞ്ഞുതരികയും ചെയ്തു. വക്കാരിമാഷുടെ എങ്ങനെ മലയാളത്തില്‍ ബ്ലോഗാം എന്ന ലേഖനം വായിച്ച് ഞാന്‍ ത്രില്ലടിച്ചു!
ഇനി എന്തെങ്കിലും ഒന്നു പോസ്റ്റണമല്ലോ. വെക്കേഷനു നാട്ടില്‍ പോയപ്പോള്‍ എടുത്ത കുറേ ഫോട്ടോകള്‍ കമ്പ്യൂട്ടറിലുണ്ട്. അതില്‍ ചിലതൊന്നു പോസ്റ്റി നോക്കാം. 2007 ജനുവരി 31. പിച്ചവെച്ചുനടക്കുന്ന കുഞ്ഞിനെപ്പോലെ NEW POST എന്ന ഐക്കണും ഞെക്കി അഞ്ചു ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തു. എന്റെ ഗ്രാമക്കാഴ്ചകള്‍ എന്ന പേരില്‍. അതില്‍ മൂന്നാമത്തെ പടം ഇതായിരുന്നു.
“പുതിയബ്ലോഗറാണേ. ഇതിലേ പോകുന്നവര്‍ ഇവിടെയും ഒന്നു കയറിയേച്ചുപോണേ”
എന്നൊരു കമന്റും എഴുതിയിട്ട് കാത്തിരുപ്പായി. അരമണിക്കൂറ് കഴിഞ്ഞപ്പോള്‍ കുവൈറ്റിലുള്ള ശാലിനി എന്ന ബ്ലൊഗര്‍ വന്ന്
“എല്ലാ ഫോട്ടോകളും നന്നായി. മൂന്നാമത്തെ, ആ ചെറിയ അരുവിയുടെ ഫോട്ടൊ കൂടുതല്‍ ഇഷ്ടമായി. അവിടെ ഇറങ്ങി കൈയ്യും കാലും മുഖവും ഒന്നു കഴുകാന്‍ തോന്നുന്നു.“
എന്നൊരു കമന്റിട്ടേച്ച് പോയി. ഓ... എന്തൊരു സന്തോഷം! ജീവിതത്തിലാദ്യമായി, ഇന്റര്‍നെറ്റുവഴി പബ്ലിഷ് ചെയ്ത, ഞാനെടുത്ത ഒരു സാദാ ഫോട്ടോ കണ്ട് ഒരാള്‍ സന്തോഷം അറിയിച്ചിരിക്കുന്നു! അതിനുശേഷം വേറെയും കുറേ കമന്റുകളും സ്വാഗതങ്ങളും ! ഇന്നുവരെ ഞാനും എനിക്കേറ്റവും അടുത്തുള്ളവരും മാത്രം കണ്ടിരുന്ന ഫോട്ടോകളൊക്കെ - നല്ലതോ മോശമോ ആയിക്കോട്ടെ- പബ്ലിഷ് ചെയ്യാനൊരിടം കിട്ടിയിരിക്കുന്നു. വളരെ സന്തോഷം തോന്നി.
അടുത്ത മെയിലില്‍ത്തന്നെ അപ്പൂന്റെലോകത്തിന്റെ ലിങ്ക് അയച്ചുകൊടുത്ത് ജിജിയെ ഞാന്‍ ശരിക്കും ഞെട്ടിച്ചു. ഒരു ബ്ലോഗ് വിരോധികൂടി ബ്ലോഗറായിമാറിയിരിക്കുന്നു! എന്നാല്‍ അന്നുതന്നെ എന്നെ അറിയിക്കാതെ “മറ്റൊരാള്‍” എന്നപേരില്‍ ബ്ലോഗ് ആരംഭിച്ച് ജിജി പകരംവീട്ടുകതന്നെ ചെയ്തു എന്നത് മറ്റൊരു കഥ.
അന്നൊക്കെ ബ്ലോഗ് എന്നാല്‍ തമാശയെഴുത്ത് എന്നൊരു ധാരണയായിരുന്നു എനിക്കുണ്ടായിരുന്നത്. അതിനാല്‍ ഞാനും ആ വഴിക്കുതന്നെ പോയി. ആദ്യമായി സൈക്കിള്‍ പഠിച്ചപ്പോള്‍ വീണതും, വീണസൈക്കിളില്‍ പശുവിന്റെ കയര്‍ കുരുങ്ങി അത് സൈക്കിളുമായി ഓടിയതും ഞാന്‍ ബ്ലോഗില്‍ അവതരിപ്പിച്ചതോടെ എന്റെ സ്റ്റോക്ക് തീര്‍ന്നു, തമാശയില്‍.പിന്നെ എന്തു പോസ്റ്റും എന്ന ചിന്തയിലായി ഞാന്‍.
ഫോട്ടോകള്‍ പലരും അക്കാലത്തും പോസ്റ്റുന്നുണ്ടായിരുന്നെങ്കിലും ഫോട്ടോഫീച്ചര്‍, സചിത്രലേഖനം ഇതൊന്നും അത്ര പ്രചാരത്തിലില്ലായിരുന്നു. എനിക്കൊരു ഐഡിയതോന്നി. ദുബായിയിലെ കാഴ്ച്ചകള്‍ പുറംലോകത്തിന് ഒന്നു കാണിച്ചുകൊടുത്താലോ? ദുബായ് ക്രീക്ക് പാര്‍ക്കിന്റെ ഫോട്ടോകളും വിവരണവുമായി ഒരു പോസ്റ്റ് അടുത്തതായി ഇട്ടു. അതൊരു വഴിത്തിരിവ് തന്നെയായിരുന്നു. ദുബായിയിലെ പല അറിയപ്പെടുന്ന ബ്ലോഗര്‍മാരും അതില്‍ കമന്റിട്ടു. അങ്ങനെ പലരേയും പരിചയപ്പെട്ടു.
തൊട്ടടുത്ത ഒരു ദിവസംതന്നെ കൊടകരപുരാണം പുസ്തകപ്രകാശനച്ചടങ്ങ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്നു. ആരെയും പരിചയമില്ല. തമനുവിനെ മാത്രം ഏകദേശം അറിയാം. കൂട്ടിനുപോകാന്‍ കൊടകരക്കാരന്‍ ഒരു പയ്യന്‍ സുനിലിനേയും കൂടെകൂട്ടി. ആളൊരു ബ്ലോഗ് വിരോധി. ഓര്‍ക്കുട്ട് ആരാധകന്‍. എന്നെ അവിടെകൊണ്ടുവിട്ട്, വിശാലേട്ടനെ പരിചയപ്പെടുത്തിയിട്ട് ആള്‍ സ്ഥലം വിട്ടു. കാലത്തിന്റെ ഒരു കളിയേ... ഈ ബ്ലോഗ് വിരോധിയായ സുനിലാണ് പിന്നീട് സഹയാത്രികനായി ഇവിടെയെത്തി ആഴ്ചകള്‍ക്കകം വന്‍പുലിയായി മാറിയ നമ്മുടെ സഹയാത്രികന്‍.
കൊടകര പുസ്തകപ്രകാശനത്തില്‍ വച്ച് പലരേയും നേരില്‍ കണ്ടു. അഗ്രജന്‍, കുറുമാന്‍, കൈപ്പള്ളി, തറവാടി, സുല്ല്. അഭിലാഷ്, വല്യമ്മായി, കരീം മാഷ്, പൊതുവാള്‍, ഇടിവാള്‍, കൈതമുള്ള്, രാമേട്ടന്‍, കുഴൂര്‍ വിത്സന്‍, ദില്‍ബാസുരന്‍ .... എല്ലാവരുടേയും പേരുപോലും ഇപ്പോള്‍ ഓര്‍ക്കുന്നില്ല. കുറേ പരിചയങ്ങള്‍ അടുത്ത സൌഹൃദങ്ങളായി വളര്‍ന്നു. അപ്പൂന്റെ ലോകത്തില്‍ ഫോട്ടോപോസ്റ്റുകള്‍ വീണ്ടും പലതിട്ടു, ഇടയ്ക്കൊക്കെ ഫോട്ടോ ഫീച്ചറുകളും - ദുബായ് ക്രീക്കും, ദുബായിലെ മീഞ്ചന്തയും, ഈന്തപ്പനയുടെ കഥയും, ദുബായിയിലെ വാകപ്പൂക്കളും, ദുബായ് എയര്‍ഷോയും , റെഡ് ആരോസും തുടങ്ങി പാലക്കാട്ടെ പാടവരമ്പും, കൃഷ്ടപുരം കൊട്ടാരവും അതിലെ മ്യൂസിയവും വരെ ഫോട്ടോപോസ്റ്റുകളായി അവതരിപ്പിച്ചപ്പോള്‍ ദുബായിയിലെ ബൂലോകര്‍ മാത്രമല്ല, വെളിയിലുള്ളവര്‍പോലും അതെല്ലാം ആസ്വദിച്ചു. പലപോസ്റ്റുകളുടെയും പിന്നില്‍ കുറേ അധ്വാനം വേണ്ടിവന്നുവെങ്കിലും അഭിനന്ദനങ്ങള്‍ എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്തു. ഇവയില്‍ ചിലതൊക്കെ മലയാളം വിക്കിപീഡിയയിലേക്ക് ചേര്‍ക്കുകയും ചെയ്തു.
കഥകള്‍ വായിക്കാന്‍ ഇഷ്ടമുണ്ടായിരുന്ന എനിക്ക് ഇത്തിരിവെട്ടം റഷീദിന്റെ കഥകളായിരുന്നു പ്രിയം. കണ്ണുനീരിന്റെ നനവുള്ള കഥകള്‍. ഈ കഥകളെപ്പറ്റി സംസാരിക്കാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കുന്ന പതിവ് എപ്പോഴോ തുടങ്ങീ. അങ്ങനെയിരിക്കെ ഒരു നടന്ന സംഭവം റഷീദിനോട് വിവരിക്കുമ്പോള്‍ “ഇതൊരു കഥയാക്കി നിങ്ങള്‍ക്കുതന്നെ പോസ്റ്റ് ചെയ്തുകൂടേ” എന്ന് റഷിദ് ചോദിച്ചു. അങ്ങനെ ഇന്നേവരെ കൈവച്ചിട്ടില്ലാത്ത കഥാരചനയ്ക്ക് ഞാനൊരുമ്പെട്ടു. “കടമകളുടെ കണക്കുപുസ്തകം” എന്ന എന്റെ ആദ്യത്തെ കഥ അങ്ങനെ ഞാന്‍ പബ്ലീഷ് ചെയ്തു , ഓര്‍മ്മച്ചെപ്പ് എന്ന ഈ ബ്ലോഗില്‍ കൂടെ. അപ്പോഴതാ “വിടരുന്നമൊട്ടുകളുടെ“ ഒരു സമ്മാനം - നല്ല കഥയ്ക്ക്. രണ്ടു പുസ്തകങ്ങള്‍. എനിക്കാദ്യമായി കിട്ടുന്ന ഒരു സമ്മാനം ഒരു രചനയ്ക്ക് - അതും ആദ്യ കഥയ്ക്കുതന്നെ. സന്തോഷത്തിനിനി എന്തുവേണം! നല്ലൊരു രചനാരീതി ഒട്ടും വശമില്ലാതിരുന്നിട്ടും ഓര്‍മ്മകളുടെ ചെപ്പുതുറക്കാനും, അതില്‍ ചിലതൊക്കെ എഴുതിവയ്ക്കാനും “ഓര്‍മ്മച്ചെപ്പ്“ എന്ന ഈ ബ്ലോഗ് ഉപകരിച്ചു.
അങ്ങനെയിരിക്കേയാണ് “ഉണങ്ങിയ ഐസ്“ എന്ന പേരില്‍ കെമിസ്ട്രി ലാബുമായി ബന്ധപ്പെട്ട ഒരു സചിത്ര പോസ്റ്റ് ഇട്ടത്. അതിനു ലഭിച്ച വന്‍ പ്രതികരണം സാങ്കേതിക കാര്യങ്ങള്‍ വായിക്കുന്നതില്‍ ബൂലോകരില്‍ പലര്‍ക്കുമുള്ള താല്പര്യം വ്യക്തമാക്കുന്നതായിരുന്നു. അത് എനിക്ക് വീണ്ടും ഉത്സാഹം പകര്‍ന്നു. അതിനുശേഷം കേരളത്തില്‍ മഴക്കാലം ആരംഭീച്ചപ്പോഴാണ് മഴയുടെ ശാസ്ത്രം ഫോട്ടോകളുടെ സഹായത്തോടെ ഖണ്ഡശയായി അവതരിപ്പിച്ചത്. ഇത്തരം ബ്ലോഗ് പോസ്റ്റില്‍ പബ്ലീഷ് ചെയ്യുന്ന കാര്യങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിനായി ധാരാളം വായന വേണ്ടിവന്നു എങ്കിലും അതൊക്കെയും പലകാര്യങ്ങളിലും എന്റെ പരിമിതമായ അറിവിന്റെ ചക്രവാളം വികസിപ്പിക്കുവാന്‍ ഒരുപാട് സഹായിച്ചു. പിന്നീട് ഇത്തരം ശാസ്ത്രസംബന്ധിയായ വിഷയങ്ങളെ “ശാസ്ത്രകൌതുകം” എന്ന പ്രത്യേകം ബ്ലോഗിലേക്ക് മാറ്റുകയും ചെയ്തു.
2007 ഓഗസ്റ്റില്‍ ഓണക്കാലമായപ്പോള്‍, കുട്ടിക്കവിത എന്നൊരു പുതിയ മേഖലയിലേക്ക് വളരെ യാദൃശ്ചികമായാണ് കടക്കാനിടയായത്. ഡല്‍ഹിയില്‍നിന്നും മഴത്തുള്ളീ എന്ന മാത്യുമാഷ് ഗൂഗിള്‍ചാറ്റ് വിന്റോയില്‍ കുറിച്ചിട്ട “ഓണംവന്നോണംവന്നോണംവന്നേ, മലയാളക്കരയിലിന്നോണംവന്നേ” എന്ന രണ്ടുവരിയുടെ ചുവടുപിടിച്ച് ബാക്കി എഴുതിച്ചേര്‍ത്തപ്പോള്‍ എന്റെ ആദ്യത്തെ കുട്ടിക്കവിത പിറന്നു. എന്നെക്കൊണ്ട് ഒരിക്കലും സാധിക്കുമെന്ന് പ്രതീക്ഷയില്ലായിരുന്ന ഒരു പുതിയ മേഖല. “ഊഞ്ഞാല്‍” എന്ന പേരില്‍ ബ്ലോഗ് തുടങ്ങി അതവിടെയിട്ടു. ഓണംവന്നേ എന്ന ആ കവിത ബോംബെ മലയാളിസമാജത്തിന്റെ ഓണാഘോഷവേളയില്‍ കുട്ടികള്‍ക്കുള്ള കവിതാപാരായണത്തില്‍ ബ്ലോഗര്‍ സുമേഷ് ചന്ദ്രന്റെ മകള്‍ അഞ്ചുവയസുകാരി ഐശ്വര്യ (ഐശ്വര്യക്കുട്ടിയുടെ പാട്ട് ഇവിടെയുണ്ട്) അവതരിപ്പിച്ച് ഒന്നാംസമ്മാനം നേടിയത് എനിക്ക് അതിലേറെ കൌതുകമായി. ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും ചെയ്യുന്നതുപോലെ ഫ്രെയിമുകളായി നന്നാലു വരികള്‍ കുറിച്ചിട്ട് പിന്നെയും ഊഞ്ഞാലില്‍ കുറെയെന്തൊക്കെയോ എഴുതി. ഇതിലെ പലകവിതകളും ഞാനാവശ്യപ്പെടാതെതന്നെ പാടി പോസ്റ്റു ചെയ്ത ബ്ലോഗിലൂടെ എനിക്കുകിട്ടിയ എന്റെ നാട്ടുകാരനായ സുഹൃത്ത് മനോജിനോടും അദ്ദേഹത്തിന്റെ പത്നി രേണുവിനോടും എനിക്കു വളരെ നന്ദിയുണ്ട്.
ഏറ്റവും അവസാനമായി ഫോട്ടോഗ്രാഫിയുടെ പിന്നിലെ കൌതുകങ്ങള്‍ എന്നാലാവും വിധം അവതരിപ്പിക്കാന്‍ ശ്രമിച്ച് കാഴ്കയ്ക്കിപ്പുറം എന്ന ബ്ലോഗും തുടങ്ങി. ഇതുകൂടാതെ “മഷിത്തണ്ടിലും“ “സ്നേഹസംഗമത്തിലും” ഗസ്റ്റ് റോളുകളും.
ഒരു വര്‍ഷത്തിനുശേഷം പുറകോട്ടു നോക്കുമ്പോള്‍ എനിക്ക് നിറഞ്ഞ സന്തോഷവും ചാരിതാര്‍ത്ഥ്യവും ഉണ്ട്. നൂറിലേറെ പോസ്റ്റുകള്‍. പോസ്റ്റുകളുടെ എണ്ണത്തിലും കമന്റിലുമല്ല - എനിക്ക് ഇതിലൂടെ കിട്ടിയ സുഹൃത്തുക്കള്‍ - അവരാണ് ബ്ലോഗിലൂടെ എനിക്കു കിട്ടിയ ഏറ്റവും വലിയ നേട്ടം എന്നു ഞാന്‍ കരുതുന്നു. അതോടോപ്പം ഞാനെന്തെകിലുമൊക്കെ കുത്തിക്കുറിക്കുമ്പോഴും, ഫോട്ടോഎടുത്ത് അത് ബ്ലോഗിലൂടെ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അഭിനന്ദനങ്ങളും അറിയിക്കുന്ന പ്രിയപ്പെട്ട ബ്ലോഗര്‍മാരെല്ലാവരും എനിക്കു പ്രിയപ്പെട്ടവര്‍തന്നെ. ഇടയ്ക്കൊക്കെ വഴക്കും, കുശുമ്പും, തമ്മില്‍ക്കുത്തും ഒക്കെ ഉണ്ടെങ്കിലും ഞാനീ ബൂലോകം ഇഷ്ടപ്പെടുന്നു. സമയമുള്ളപ്പോഴൊക്കെ അവിടെ വരാനും, വായിക്കാനും, അഭിപ്രായം പറയാനും ആഗ്രഹമുണ്ട്.
ഒരു വര്‍ഷത്തെ ബൂലോകവുമായ പരിചയത്തില്‍നിന്നും പുതിയവരോട് ഒരു വാക്ക് പറയട്ടെ. തുടക്കത്തില്‍ നിങ്ങള്‍ക്ക് കമന്റുകളില്ല എന്നു കരുതി നിരാശപ്പെടേണ്ടതില്ല. എനിക്കും അതേ അനുഭവമായിരുന്നു ഉണ്ടായിരുന്നത്. പോസ്റ്റിനു വേണ്ടി ഒരു പോസ്റ്റുണ്ടാക്കാതെ നിങ്ങള്‍ ചെയ്യുന്ന പോസ്റ്റ് നന്നായി ചെയ്യുക. അതില്‍ ഒരു കാമ്പുണ്ടെങ്കില്‍ തീര്‍ച്ചയായും വായനക്കാരുണ്ടാവും. പബ്ലീഷ് ചെയ്യുന്ന പോസ്റ്റുകള്‍ ആത്മാര്‍ത്ഥതയോടെ ചെയ്യുക. അല്‍പ്പം Quality Assurance സ്വയം ചെയ്യുക!
നന്ദി പറയാന്‍ ഒരുപാടുപേരുണ്ട്. ഞാന്‍ ബൂലോകത്തെക്ക് വന്നതിലും എന്നെ ഇവിടേക്ക് എത്തിച്ചതിലും ജിജിയോട് എനിക്കു നന്ദിയുണ്ട്. പക്ഷേ അദ്ദേഹത്തിനാണ് ഇതിലേറ്റവും നഷ്ടവും ഉള്ളത് - ഞാനിപ്പോള്‍ മെയിലുകള്‍ അയക്കാറേയില്ല! ബ്ലോഗു വായിച്ചുകഴിഞ്ഞു നേരമുണ്ടെങ്കിലല്ലേ മെയില്‍ അയയ്ക്കാന്‍ പറ്റൂ? തമനൂനും, സുല്ലിനും അഗ്രജനും പ്രത്യേകനന്ദി ബ്ലോഗിംഗിന്റെ പല ടെക്നിക്കല്‍ കാര്യങ്ങളും എന്നെ പലപ്പോഴായി പഠിപ്പിച്ചതിന് (കുരുട്ടുവിദ്യകളുള്‍പ്പടെ!). തിരക്കുകള്‍ക്കിടയിലും എന്തെങ്കിലും സംശയങ്ങള്‍ ചോദിച്ചാല്‍ സന്തോഷത്തോടെ പറഞ്ഞുതരുന്ന ദേവേട്ടനും കൈപ്പള്ളിക്കും നന്ദി. എന്റെ ബ്ലോഗ്ഗ് തലക്കെട്ടുകള്‍ മനോഹരമായി ചെയ്തുതന്ന സഹയാത്രികനും, സുമേഷ് ചന്ദ്രനും നന്ദി. ബൂലോകവുമായി ബന്ധപ്പെട്ട മറ്റൊരാള്‍ കൂടി ഈ ലിസ്റ്റില്‍ പറയാനുണ്ട്. വെറും ഒരു എലിയായ എന്നെ പതിനൊന്നാമത് പുലിയായി കേരള ഹ.ഹ.ഹാ...യില്‍ വരച്ചുചേര്‍ത്ത നമ്മുടെ പ്രിയ കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍. ഈ കാരിക്കേച്ചറിന് ഒരുപാടു നന്ദി സജീവേട്ടാ.
ഇനിയും നന്ദി പറയേണ്ടവര്‍ തീര്‍ന്നിട്ടില്ല - കൊച്ചുകൊച്ചു കഴിവുകള്‍ തന്നനുഗ്രഹിച്ച ദൈവത്തിന്, ഇങ്ങനെയൌരു സൌജന്യ സേവനം തരുന്ന ഗൂഗുളിന്, മലയാളം യൂണിക്കോഡിനും, മലയാളം റ്റൈപ്പിംഗ് സൊഫ്റ്റ് വെയറുകള്‍ക്കും പിന്നില അധ്വാനിച്ചവര്‍ക്ക്, എന്റെ ബ്ലോഗ് പേരിനോടൊപ്പം “അപ്പുഅപ്പ“ എന്നു ചേര്‍ത്ത് വിളിച്ച് എന്നെ കളീയാക്കുന്ന ഉണ്ണിമോള്‍ക്കും മനുക്കുട്ടനും, ഞാന്‍ വീട്ടിലിരുന്നു ബ്ലോഗ് തുറന്നാല്‍ അതില്‍ പ്രതിഷേധിച്ച് മെഗാസീരിയലുകള്‍ ഒന്നൊഴിയാതെ കണ്ട് കണ്ണീരൊഴുക്കുന്ന എന്റെ പ്രിയ ഭാര്യയ്ക്ക്.... പിന്നെ അപ്പുവിനെ ഇതുവരെ പ്രോത്സാഹിപ്പിച്ച നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി..നന്ദി...നന്ദി.
സ്നേഹപൂര്‍വ്വം
അപ്പു
===============
Updated in Sept. 2008
2008 ജൂണില്‍ ആദ്യാക്ഷരി എന്ന ബ്ലോഗ് ഹെല്പ്‌ലൈന്‍ ആരംഭിച്ചു. ആ കഥ ഇനി രണ്ടാം വാര്‍ഷികപോസ്റ്റില്‍ (ചില വായനക്കാര്‍ക്ക് അവിടെ എന്റെ പ്രൊഫൈല്‍ കണ്ട് ‘അതുതാനല്ലയോ ഇത്’ എന്ന് വര്‍ണ്യത്തിലൊരാശങ്ക ഉണ്ടായതിനാലാണ് ഈ അപ്‌ഡേറ്റ്!)
107 comments:
വാര്‍ഷിക തേങ്ങ എന്റെ വക...
ഇനിയും ഒരുപാട് ഒരുപാട് തകര്‍പ്പന്‍ പോസ്റ്റുകള്‍ എഴുതാന്‍ ആവട്ടെ..ആശംസകള്
അപ്പുവേട്ടാ...
മനോഹരമായ ഓര്‍മ്മകളടങ്ങിയ ഈ വാര്‍ഷിക പോസ്റ്റിന് ആദ്യ ഉപഹാരം എന്റെ വക ആയ്ക്കോട്ടെ.
“ഠേ!”
എല്ലാ വിധ ആശംസകളും നേരുന്നു.
സ്നേഹപൂര്‍വ്വം
ശ്രീ
ദേ, മനുവേട്ടന്‍ ഗോളടിച്ചു. എന്നാലും വാര്‍ഷിക പോസ്റ്റായ സ്ഥിതിയ്ക്ക് എന്റെ തേങ്ങയും കൂടെ പരിഗണിച്ചേയ്ക്കുമല്ലോ...
:)
അപ്പുവിന്റെ ഒരു വര്‍ഷം വളരെ വളരെ മികച്ചതായിരുന്നു... ഒത്തിരിയൊത്തിരി വിഞ്ജാനപ്രദമായ ലേഖനങ്ങളും മനോഹരങ്ങളായ ചിത്രങ്ങളും അപ്പു ബൂലോഗത്തിന് സംഭാവന്‍ ചെയ്തിട്ടുണ്ട്. കഥകളുടേയും കവിതകളുടേയും കാര്യത്തിലും അപ്പു ഒട്ടും തന്നെ പിറകിലല്ല. എങ്കിലും അപ്പുവിന്‍റെ ലേഖനങ്ങള്‍ മറ്റുള്ള പോസ്റ്റുകളെ അപേക്ഷിച്ച് കൂടുതല്‍ ഉപകാരപ്രദമായിരുന്നു എന്ന് പറയട്ടെ. ബ്ലോഗിനോടും എഴുത്തിനോടും അപ്പു കാണിക്കുന്ന ആത്മാര്‍ത്ഥത തികച്ചും പ്രശംസനീയം തന്നെ.
തികച്ചും ഒരു സാധാരണക്കാരനായ അപ്പുവിനോട് ബ്ലോഗിന് പുറത്തുള്ള സൌഹൃദവും എനിക്ക് വിലപ്പെട്ടത് തന്നെ.
ഇനിയും ഒരുപാട് എഴുതാന്‍ അപ്പുവിനാവട്ടെ എന്നാശംസിക്കുന്നു...
ബ്ലോഗിങ്ങില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ അപ്പുവിന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും!
കുഴപ്പമില്ല ശ്രീ ..വാര്‍ഷികത്തിനു 51 തേങ്ങവരെ അടിക്കാമെന്ന് ഗൂഗിള്‍ കഴിഞ്ഞാഴച ഇറക്കിയ ബ്ലൊഗ് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നുണ്ട്. എന്റേംകൂടെ ഒരു തേങ്ങ അപ്പുവേട്ടാ..
ഓടോ.. ആ കാമറാ സീരീസ് വേഗം എഴുതിതീര്‍ക്കണേ.. ആവശ്യമൊണ്ട് :P
ദാ ഒരു തേങ്ങാപോലുമില്ലാത്ത ഒരാള്‍ മുന്നേകേറി കമന്റി :(
ഒരു ആശംസാ സന്ദേശമെഴുതി പോസ്റ്റാന്‍ തുടങ്ങുമ്പോള്‍ അത് ദേണ്ടെ ആ അഗ്രജന്‍ പോസ്റ്റിയിട്ടിരുന്നു ചിരിക്കുന്നു. അതു കൊണ്ട് അഗ്രജന്‍ പറഞ്ഞതിനടിയിലൊരു ഒപ്പ്.
വാര്‍ഷികാശംസകള്‍.
ഹൃദയപൂര്‍വ്വം,
ഷിഹാബ് അഞ്ചല്‍
എന്റെ വക തേങ്ങ ഒരു കുട്ടയിരിക്കട്ടേ.വാര്‍ഷിക പോസ്റ്റല്ലേ! ഗുപ്തന്‍ പറഞ്ഞതു പോലെ ഞാനും പുതിയ ക്യാമറവാങ്ങി കാത്തിരിക്കുകയാ.. ബാക്കി കൂടെ പോരട്ടേ
അപ്പുവിന്റെ ബ്ലോഗ് വാര്‍ഷികത്തിനാശംസകള്‍.
ലേഖനമായാലും, ചിത്രങ്ങളായാലും, കുട്ടികവിതയായാലും, എന്തായാലും ആത്മാര്‍ത്ഥതയോടെ ചെയ്യുന്ന താങ്കള്‍ ഇനിയും ബൂലോകത്തില്‍ നിറഞ്ഞു നില്‍ക്കട്ടെ എന്നാശംസിക്കുന്നു.
ബ്ലോഗ് വാര്‍ഷികാശംസകള്‍.. ---
വാര്‍ഷികപോസ്റ്റായി വന്നിട്ടുള്ള സ്വ അവലോകനങ്ങളില്‍ ഇതേറ്റവും നന്നായിരിക്കുന്നു.
അപ്പുവിന് സ്നേഹപൂര്‍വ്വം ആശംസകള്‍ ! ഒരോ മനുഷ്യന്റെയും കഴിവുകള്‍ അവനവനില്‍ തന്നെ അന്തര്‍ലീനമാണെന്നും ,യാതൊരു കഴിവുകളുമില്ലാത്തവരായി ആരുമില്ലെന്നും കഴിവുകള്‍ അമാനുഷികമായ ഒരു ശക്തിയില്‍ നിന്ന് ലഭിക്കുന്നതല്ലെന്നും കരുതുന്ന ഒരാളാണ് ഞാന്‍ . ഇനിയും നല്ല നല്ല പോസ്റ്റുകള്‍ എഴുതാനുള്ള കഴിവുകള്‍ അപ്പുവിന് സ്വന്തമായുണ്ടെന്നും എനിക്കുറപ്പുണ്ട് . എന്റെ ആശംസകള്‍ സ്വീകരിക്കുമല്ലോ അല്ലേ ?
ആശംസകള്....
താങ്കളുടെ അധികം ഒന്നും വായിച്ചിട്ടില്ല...വായിച്ചതൊക്കെ ഇഷ്ടമായി...
ഇനിയും എഴുതുക. വാര്ഷിക ആശംസകള് :)
അപ്പുവിന്റെ ഒരു വര്‍ഷത്തെ ബ്ലോഗിങ് ചരിതം ഇഷ്ടമായി. അതിലുടെ കുറച്ചു പോസ്റ്റുകള്‍ വായിക്കുകയാണ്....
ആശംസള്‍!
വാര്‍ഷികമായിട്ട് എന്താ അപ്പുവേട്ടാ പരിപാടി? വല്ല സദ്യയോ മറ്റോ ഉണ്ടോ? അപ്പൊ ഞാന്‍ നിക്കണോ പോണോ?
അപ്പുവിന്, ബ്ലോഗ് വാര്‍ഷികാശംസകള്‍.
ആശംസകള് അപ്പു മാഷേ.
ഇനിയും ഒരുപാട് എഴുതുവാന്‍ കഴിയട്ടെ...
വാര്‍ഷികപതിപ്പ് ചരിതം നന്നായിട്ടുണ്ട്.
ആശംസകള്.
അപ്പുവേട്ടാ, താങ്കള്‍ക്ക് തികച്ചും അഭിമാനിക്കാം പോയ ഒരു വര്‍ഷത്തെക്കുറിച്ചോര്‍ത്ത്.മറ്റുള്ളവര്‍ക്ക് ഒരു പാടുപ്രയോജനം ചെയ്ത, സംവദിക്കുന്ന ഒട്ടനവധി മനോഹരമായ പോസ്റ്റുകള്‍. ഒരുപാട് നന്ദി. കൃഷ്ണപുരം കൊട്ടാരത്തെക്കുറിച്ചുള്ള താങ്കളുടെ പോസ്റ്റ് ഒരു നാട്ടുകാരബ്നെന്ന നിലയില്‍ ഒരിക്കലും മറക്കില്ല.അത്രയ്ക്കും മനോഹരമായിരുന്നു അത്. ഒരു നല്ല അദ്ധ്യാപകനെപ്പോലെ ഫോട്ടോഗ്രാഫിയിലെ സങ്കീര്‍ണമായ കാര്യങ്ങള്‍ പോലും ലളിതമായി പറഞ്ഞുതരുന്ന കാഴ്ചയ്ക്കിപ്പുറവും അങ്ങനെ അങ്ങനെ.... എളിമകൊണ്ടാണ് 'ഒരു എലിപോലുമല്ലാത്ത ഞാന്‍...' എന്നപ്രയോഗമെങ്കിലും, ഞാന്‍ സമ്മതിച്ചുതരില്ല, താങ്കളും ഒരു പുലി തന്നെ! എല്ലാവിധ ആശംസകളും ഈ ഒന്നാം വാര്‍ഷികത്തില്‍ നേരുന്നു. ഇനിയും അനേകം വര്‍ഷങ്ങളില്‍ എല്ലാവര്‍ക്കും പ്രയോജനപരമായ പലതും ബ്ലോഗുകളില്‍ കൂടി പരിചയപ്പെടുത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
ശ്രീ, തേങ്ങാ അടി ഉഷാറായി നടക്കട്ടെ, അങ്ങനെയെങ്കിലും നമ്മുടെ നാളീകേര കര്‍ഷകര്‍ രക്ഷപ്പെടട്ടെ;-) :)
ഠോ.ട്ടേ..ട്ടോ...ഠോ.ട്ടേ..ട്ടോ....ഠേ....ഠോ..ഠേ..ഠോ..ഠേ....ഠോ..ഠേ..ഠോ..ഠേ....ഠോ.ട്ടേ..ട്ടോ..ഠോ.ട്ടേ..ട്ടോ...ഠോ.ട്ടേ..ട്ടോ....ഠേ....ഠോ..ഠേ..ഠോ..ഠേ....ഠോ..ഠേ..ഠോ..ഠേ....ഠോ.ട്ടേ..ട്ടോ..ഠോ.ട്ടേ..ട്ടോ...ഠോ.ട്ടേ..ട്ടോ....ഠേ....ഠോ..ഠേ..ഠോ..ഠേ....ഠോ..ഠേ..ഠോ..ഠോ.ട്ടേ..ട്ടോ...ഠോ.ട്ടേ..ട്ടോ....ഠേ....ഠോ..ഠേ..ഠോ..ഠേ....ഠോ..ഠേ..ഠോ..ഠേ....ഠോ.ട്ടേ..ട്ടോ..ഠോ.ട്ടേ..ട്ടോ...ഠോ.ട്ടേ..ട്ടോ....ഠേ....ഠോ..ഠേ..ഠോ..ഠേ....ഠോ..ഠേ..ഠോ..ഠേ....ഠോ.ട്ടേ..ട്ടോ..ഠോ.ട്ടേ..ട്ടോ...ഠോ.ട്ടേ..ട്ടോ....ഠേ....ഠോ..ഠേ..ഠോ..ഠേ....ഠോ..ഠേ..ഠോ..ഠോ..!!!
ഇതു തേങ്ങയല്ല.. നല്ല ഒന്നാന്തരം വെടിക്കെട്ട്. നൂറ്റൊന്നു കതിന. ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന അപ്പുമാഷിന് ആശംസകള്‍.
ഞാന്‍ വളരെ താല്പര്യത്തോടെ വായിക്കുന്ന ബ്ലോഗുകള്‍ ആണു അപ്പുവേട്ടന്റേത്. ഊഞ്ഞാലിലെ കുട്ടിക്കവിതകള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ചിലത് വായിച്ചാല്‍ രണ്ടു വരി എഴുതിനോക്കാനും പ്രചോദനമാകാറുണ്ട്. കാഴ്ചയ്ക്കപ്പുറം വളരെ ഉഷാറായി മുന്നേറുന്നുണ്ട്. ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്‍ക്ക് നല്ല ഒരു റെഫറന്‍സ് ബ്ലോഗ് ആയി അതു മാറും എന്നതില്‍ സംശയമില്ല. കൂടുതല്‍ ചര്‍ച്ചകള്‍ അവിടെ നടക്കേണ്ട്തുണ്ട്.
ഏതു പോസ്റ്റെടുത്താലും അറിവുപകരുന്നത് എന്നതിനോടൊപ്പം തന്നെ അവ ലളിതമായി എഴുതുന്നു എന്നതും ശ്രദ്ധേയമാണ്. ഇനിയും നൂറു നൂറു പോസ്റ്റുകളുമായി ഈ ബൂലോകത്തു നിറഞ്ഞു നില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.
ഞാന്‍ “അപ്പുവിന്റെ ലോക“ത്തേക്ക് വന്നതെങ്ങനെയെന്നും പറയാം.
മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍‘ എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതില്‍ ഒരിടത്ത് നമ്മുടെ നാട്ടിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനാവതെയും അക്കാലങ്ങളിലൊക്കെ വളരെ സാധാരണമായിരുന്ന പകര്‍ച്ചാവ്യാധികള്‍ കൊണ്ടും അസുഖം ബാധിച്ചു മരിച്ചിരുന്ന വിദേശീയരുടെ കുഞ്ഞുങ്ങളെപ്പറ്റി എഴുതിയിരുന്നു. ഇന്ത്യയില്‍ സേവനമനുഷ്ഠിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയും മറ്റും കുട്ടികള്‍. നൊമ്പരമുണര്‍ത്തിയ ആ ഭാഗം വായിച്ചപ്പോള്‍ പെട്ടന്ന് ഇങ്ങനെയൊരു ചിത്രം ഞാന്‍ എവിടെയോ എപ്പോഴോ ബ്ലോഗില്‍ കണ്ടിട്ടുണ്ടല്ലോ എന്ന് ഓര്‍മ്മവന്നു. ഏതു ബ്ലോഗ് എന്നൊന്നും അറിയില്ലായിരുന്നു. ഉടന്‍ തന്നെ ബ്ലോഗ് നിലവറ തപ്പിത്തുടങ്ങി. ഏറെ പരിശ്രമത്തിനു ശേഷമാണു അതു കണ്ടു കിട്ടിയത്. അപ്പു എന്നൊരാള്‍ എഴുതിയ കല്ലറയില്‍ ഉറങ്ങുന്ന കുഞ്ഞുമാലാഖ എന്ന പോസ്റ്റില്‍ ആയിരുന്നു അത്. മുന്‍പെപ്പൊഴോ വായിച്ചു മറന്നതാണെങ്കിലും ഒരു നൊമ്പരമായി, ആ ചിത്രവും എഴുത്തും എന്റെ മനസ്സിന്റെ ഉള്ളില്‍ കിടന്നിരുന്നു. അങ്ങനെയാണ് ഞാന്‍ “അപ്പുവിന്റെ ലോകം” മനസ്സില്‍ കുറിച്ചിടുന്നത്.
പിന്നീടങ്ങോട്ട് കുട്ടിപ്പാട്ടുകളും ഫോട്ടോഗ്രാഫിയുമൊക്കെയുമായി. വായനം മുന്നേറി. ഒപ്പം നല്ല ഒരു സൌഹൃദവും..
വെല്‍ ഡണ്‍ അപ്പുവേട്ടാ, ആശംസകള്‍…
-ശ്രീലാല്‍
ആശംസകള് അറിയിച്ച എല്ലാവര്‍ക്കും നന്ദി!
മനൂ ആദ്യതേങ്ങയ്ക്ക് നന്ദി. (പക്ഷേ വായിച്ചിട്ടാണോ അതടിച്ചതെന്ന് എനിക്കൊരു സംശയം ഇല്ലാതില്ല).
ശ്രീക്കുട്ടാ, വായിച്ചടിച്ച തേങ്ങയ്ക്ക് വളരെ വിലയുണ്ട്. കേട്ടോ. നന്ദി.
ആശംസാപത്രത്തിന് അഗ്രജന്‍ നന്ദി. അടിയില്‍ ഒപ്പുചാര്‍ത്തിയ അഞ്ചല്‍ക്കാരനും.
ഗുപതന്‍, നന്ദി. കാഴ്ചയ്ക്കിപ്പുറം ബ്ലോഗില്‍ ഈയാഴ്ചയും പുതിയ പോസ്റ്റുണ്ടല്ലോ.
പേരയ്ക്ക, കുറുമാന്‍ജീ, കുട്ടിച്ചാത്തന്‍, ശിവകുമാര്‍ നന്ദി.
സുകുമാരേട്ടാ വളരെനന്ദി. എന്തേ “എന്റെ ആശംസകള്‍ സ്വീകരിക്കുമല്ലോ” എന്നു ചോദിച്ചത്? തീര്‍ച്ചയായും, സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു.
ജിഹേഷ്, ശ്രീവല്ലഭന്‍, വാല്‍മീകി (:-)), വേണുവേട്ടന്‍, പ്രിയ, കൃഷ്, നന്ദി.
ഷാനവാസിനും, ശ്രീലാലിനും : നന്ദി കുട്ടികളേ ഈ “മാഷിനെ” ഇങ്ങനെ പുകഴ്ത്തിയതിന്.
അപ്പുവിന്റെ പൂച്ചെടികളിലെ പൂക്കള്‍, നിറത്തിലും മണത്തിലും വ്യത്യസ്ഥമെങ്കിലും, ഗുണത്തിന്റെ കാര്യത്തില്‍ വളരെ വളരെ മികവുറ്റതാണ്. ഈ തോട്ടത്തിലെത്തുന്നവരെയൊക്കെ ആനന്ദിപ്പിയ്ക്കാനും, പോകുമ്പോള്‍ വിജ്ഞാനപ്രദമായ എന്തെങ്കിലും തന്നയയ്ക്കാനും ഉതകുന്ന അന്ത:സത്തയാണ് അവയുടെ ആ മികവിന്റെ പിന്‍ബലം. എക്കാലവും ഇവിടെ വസന്തോല്‍സവഭേരി മുഴങ്ങട്ടെ..!!!
അപ്പൂ,
“ബ്ലോഗ് വാര്‍ഷികാശംസകള്‍!”
കുട്ടിക്കവിതകളുടെ സൃഷ്ടിക്കുതകുന്ന കാവ്യഭാവനയും, മനസ്സില്‍നിന്നുദിച്ച ചിന്തകളും, സാങ്കേതികജ്‌ഞാനവും, കാലികപ്രസക്തിയുള്ള ലേഖനങ്ങളും, റിപ്പോര്‍ട്ടുകളും, സ്വയം കാമറയില്‍ പകര്‍ത്തിയ മികവുറ്റ ചിത്രങ്ങളും ഒരേ സമയം ‘ബ്ലോഗ്’ എന്ന മാധ്യമത്തിലൂടെ വായനക്കാരിലേക്ക് പകര്‍ന്നുനല്‍കിയ ഉജ്വലമായ ഒരു വര്‍ഷം.. അപ്പുവിന് തീര്‍ച്ചയായും അഭിമാനിക്കാം.. സന്തോഷിക്കാം.. ആ സന്തോഷത്തില്‍ പങ്കുചേരുന്നതില്‍ എനിക്കും അതിയായ ആഹ്ലാദമുണ്ട്..
അപ്പുവിനെ ബ്ലോഗ് ലോകത്തേക്കെത്തിച്ച
മറ്റൊരാള്‍ ക്കും ഈ അവസരത്തില്‍ പ്രത്യേകനന്ദി അറിയിക്കട്ടെ...
അപ്പുവിന്റെ ‘ഊഞ്ഞാലും‘, ‘അപപ്പൂന്റെ ലോകവും‘, ‘കാഴ്ചക്കിപ്പുറവും‘ എല്ലാം മികച്ച ബ്ലോഗുകളാണ്.
കാമറയുടെയും, ഫോട്ടോഗ്രാഫിയുടെയും സാങ്കേതികജ്ഞാനം മറ്റുള്ളവരിലേക്ക് പകര്‍ന്നുനല്‍കുന്ന ‘കാഴ്ചക്കിപ്പുറം’ എന്ന പുതിയ ബ്ലോഗിന് പിന്നിലെ അപ്പുവിന്റെ ആത്മാര്‍ത്ഥത ഏതൊരുവായനക്കാരനും മനസ്സിലാവുന്നതാണ്.. നന്മ തന്നെയാണത്.. താങ്കള്‍ ചെയ്യുന്നത് ഒരു മഹത്തായ കര്‍മ്മവും..
പതഞ്‌ജലിയുടെ യോഗശാസ്ത്രത്തില്‍ പറയുന്നു:
‘തേ ഹ്‌ളാദപരിതാപഫലാഃ പുണ്യാപുണ്യഹേതുത്വാത് ‘
കര്‍മ്മഫലങ്ങള്‍ നന്മനിറഞ്ഞതാണോ തിന്മനിറഞ്ഞതാണോ എന്നതിനെ ആസ്പദമാക്കിയിരിക്കുന്നു ജീവിതത്തിലനുഭവപ്പെടുന്ന സുഖദുഃഖങ്ങള്‍!. ഭാവിയിലേക്കൊരു റഫറന്‍സ് എന്ന രീതിയില്‍ അവതരിപ്പിച്ചുവരുന്ന അറിവ് പ്രദാനം ചെയ്യുന്ന ഇത്തരം ബ്ലോഗുകളിലൂടെ പ്രദാനം ചെയ്യപ്പെടുന്ന നന്മയില്‍ അപ്പുവിന് തീര്‍ച്ചയായും സന്തോഷിക്കാം..
(ഹരിയുടെ ബ്ലോഗുകളും, പിന്നെ, യോജിക്കാത്ത ചില കാര്യങ്ങളില്‍ ഞാന്‍ തര്‍ക്കിക്കാന്‍ പോകാറുണ്ടെങ്കിലും ഞാന്‍ മനസ്സ് കൊണ്ട് ഇഷ്ടപ്പെടുന്ന കൈപ്പള്ളി എന്ന ബ്ലോഗറിന്റെ മിക്ക പോസ്റ്റുകളും അതുപോലെ യുനീകോഡില്‍ രൂപകല്പന ചെയ്തിട്ടുള്ള ഓണ്‍ലൈന്‍ ബൈബിളും മറ്റും ബ്ലോഗ് ലോകത്തെ കറയില്ലാത്ത ആത്മാര്‍ത്ഥതയ്‌ക്ക് ഞാനാദ്യം ചൂണ്ടിക്കാണിക്കാറുള്ള മികച്ച ഉദാഹരണങ്ങളാണ്)
അപ്പുവും ആ രീതിയില്‍ അര്‍പ്പണബോധത്തോടെ എഴുതുന്ന ബ്ലോഗുകള്‍ തുടങ്ങിയത് കണ്ടപ്പോള്‍ സന്തോഷം തോന്നി. കാരണം ഇത്തരം ഓണ്‍ലൈന്‍ റിസോഴ്‌സുകളുടെ മൂല്യം കാലങ്ങള്‍ക്ക് ശേഷവും പ്രസക്തമായിരിക്കും. അത് ആത്മസംതൃപ്തി നല്‍കും.
‘ സന്തോഷാ ദനുത്തമഃസുഖലാഭഃ ‘
സംതൃപ്തി ലഭ്യമാകുന്നതിലൂടെ അത്യധികമായ സന്തോഷവും ലഭിക്കുന്നു.
എന്തായാലും, അപ്പുവിന് ലേഖനങ്ങളും, കവിതകളും, ഫോട്ടോകളും, ടെക്നിക്കല്‍ പോസ്റ്റുകളും ഇനിയും ഒരുപാടൊരുപാട് സൃഷ്ടിക്കുവാന്‍ സാധിക്കട്ടെ.. അത് ഒരു സാധനയായി മാറട്ടെ.. അതിന് താങ്കള്‍ക്ക് സര്‍വേശ്വരന്‍ ശക്തി നല്‍കട്ടെ..
‘ കായേന്ദ്രിയ സിദ്ധിരശുദ്ധി ക്ഷയാത് തപസഃ ‘
എന്ന് കേട്ടിട്ടില്ലേ? ശരീരവും മനസ്സും നിരന്തരസാധനയിലൂടെ ശുദ്ധമാകുമ്പോള്‍ ശരീരത്തിനും ഇന്ദ്രിയങ്ങള്‍ക്കും ശക്തിവര്‍ദ്ധിക്കുന്നു..!
അത് തന്നെ സംഭവിക്കട്ടെ....!!
നല്ലത് വരട്ടെ...!!!
സസ്നേഹം,
അഭിലാഷ്
പടങ്ങളൊക്കെ നോക്കാറുണ്ട്.
ഇനിയും ഒരു പതിനായിരം വാര്‍ഷികം ആഘോഷിക്കാനാവട്ടെ...:)
ആശംസകള്‍....
“അപ്പുചരിതം” വായിച്ചു.
കൊള്ളാം. അപ്പുവിന്റെ പല ബ്ലോഗുകളും പോസ്റ്റുകളും ഞാനിതിലൂടെയാണ് കാണുന്നത്. (പുതിയ പോസ്റ്റൂകള്‍ തന്നെ വായിയ്ക്കാന്‍ സമയമില്ലാത്തപ്പോള്‍ പഴയ പോസ്റ്റുകള്‍ക്ക് സമയമെവിടെ.)
ബ്രിജിത്ത് മേരിയുടെ ആ കല്ലറ ഇന്നാണ് കണ്ടത്.. ശരിയാണ്, ആ ചിത്രം, മനസ്സിന്റെ ആഴത്തിലെവിടെയോ ഒന്നു കൊളുത്തി വലിയ്ക്കുന്നുണ്ട്.
അപ്പുവിന്റേതായ ബ്ലോഗുകളെല്ലാം കൂടുതല്‍ സമ്പുഷ്ടമാക്കാന്‍ എല്ലാ വിധ മംഗളങളും നേരുന്നു.
അപ്പു ..
നന്മ നിറഞ്ഞ ആശംസകള്‍ .
മികച്ച സ്യഷ്ടികള്‍ നിറഞ്ഞ ഒരു വര്‍ഷമായിരുന്നു..ഇനിയും തുടരുക.
നേരിട്ടു പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഞാനും സന്തോഷിക്കുന്നു..
അപ്പുവേട്ടാ,
ഹൃദയം നിറഞ്ഞ ആശംസകള്‍!
അപ്പുവേട്ടന്റെ സൌഹൃദം എനിക്കും നല്‍കിയ ദൈവത്തിനു നന്ദി...
കങ്കാരുലേഷന്സ്.
ഓര്‍മ്മകളുണ്ടായിരിക്കണമെപ്പെഴും!
കലണ്ടറിന്റെ താളുകള്‍ മറിയുമ്പോള്‍ വര്‍ഷങ്ങള്‍ കടന്നുപോകുന്നതറിയുന്ന നമ്മള്‍ ഇങ്ങനെയുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ നിര്‍വൃതി കൊള്ളുന്നത് ദൈവാനുഗ്രഹം കൊണ്ടു തന്നെയാണ്. ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ,
ആയിരമായിരം ഭാവുകങ്ങള്‍!
അപ്പുവേ ഞാനന്നിട്ട കമന്റ് അപ്പുവിനത്രയും സന്തോഷം നല്‍കിയോ. എന്നാല്‍ ആ ഫോട്ടോ ഇപ്പോഴു എന്റെ കമ്പ്യൂട്ടറിലുണ്ട്. ഇടയ്ക്കതു കാണുമ്പോള്‍ ഒരു പ്രത്യേക സന്തോഷം, ഒന്നു കാലും ,മുഖവും കഴുകി വന്ന സുഖം.
ഈന്തപ്പന പോസ്റ്റ് ശരിക്കും ഒരു നല്ല പോസ്റ്റായിരുന്നു, അതിന്റെ പിന്നിലെ അദ്ധ്വാനം! ക്രീക്ക് - എനിക്കതൊരു പുതിയ അറിവായിരുന്നു.
മാഷെ എല്ലാവിദ ആശംസകളും........
കൈയെത്തും ദൂരെ ഓര്‍മകളിലെ വസന്തക്കാലം
മഴവില്ലിന്‍ നിറങ്ങള്‍ പോലെമനസ്സിലൊരായിരം വര്‍ണ്ണങ്ങളായ് നിന്‍ അക്ഷരങ്ങള്‍ ചൊരിയട്ടെ...
സസ്നേഹം സജി..
അപ്പൂ :
ഒരു വിശദമായ കുറിപ്പാണല്ലോ. ഇനിയും ഒരുപാട് നല്ല പോസ്റ്റുകള്‍ എഴുതാനാവട്ടെ!
നിന്റെ കാമറ വന്നതില്‍ പിന്നെ ദുബൈ പടങ്ങളൊന്നും ഞാനിടേണ്ടന്നു വെച്ചു. കണ്ട മീന്‍ മാര്‍കറ്റിലും, റോഡു വക്കിലും, ഈന്തപനയിലും എന്തിനു പറയുന്നു ആകാശത്ത് പറക്കുന്ന ബീമാനം ബരെ... ജ്ജ് കബൂലാക്കീലേ. എനിക്കൊരു വേലയില്ലാതായി അപ്പു.ഒരു പോസ്റ്റൊക്കെയിടാനിപ്പോ എന്താ വിഷമം.. അല്ലേല്‍ എവിടെന്നെങ്കിലും ഒരു പടമെടുത്ത് ചാര്‍ത്തിയാല്‍ മതിയായിരുന്നു. ഉം അപ്പൂനെ പിന്നെ കണ്ടോളാം. :)
-സുല്‍
അപ്പുവേട്ടാ....
ഒരു കൊല്ലം ബ്ലോഗ്ഗില്‍ അക്ഷരങ്ങളിലൂടെ നടത്തിയ ജൈത്രയാത്രക്ക് സ്നേഹാഭിനന്ദനങ്ങള്‍. ഇനിയും ഒരുപാട് പ്രതീക്ഷികുന്നു.
തിരിഞ്ഞു നോകുബോല്‍ എഴുതിയതിനേക്കാല്‍ അധികമായി നല്ലൊരു ശതമാനം കൂട്ടുകാരെ സംബാധിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കാം അല്ലേ.
അതിലൊരുവനാവാന്‍ കഴിഞ്ഞതില്‍ സന്തോഷം.
എല്ലാ ഭാവുകങ്ങളും നേരുന്നു
പിന്നെ മഴതുള്ളികിലുക്കത്തില്‍ ഒരു ഗസ്റ്റ് റോള്‍ ഉള്ള കാര്യം മറന്നുപോയതാണോ..അപ്പുവേട്ടാ..... :)
നന്‍മകള്‍ നേരുന്നു
അപ്പുവിന്റെ വാര്‍ഷികപ്പോസ്റ്റ് വായിച്ച് വളരെ സന്തോഷം തോന്നി. അറിവ് പകരുന്ന അനവധി ലേഖനങ്ങളും, അതിമനോഹരങ്ങളായ ചിത്രങ്ങളും, പതഞ്ഞൊഴുകുന്ന കുളിരരുവി പോലെ ഒഴുക്കുള്ള കവിതകളുമെല്ലാം എഴുതുന്ന അപ്പു ഇതിനെല്ലാമുപരി സൌഹൃദത്തിന് വളരെയേറെ വില നല്‍കുന്നുണ്ടെന്നത് പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ഈന്തപ്പനയുടെ തുടക്കത്തിലെ ചിത്രങ്ങള്‍ക്കു ശേഷം അത് പൂക്കുന്നതും കായ്ക്കുന്നതും കായ്കള്‍ പഴുക്കുന്നതുമെല്ലാം തുടര്‍ച്ചയായി പോസ്റ്റിയപ്പോള്‍ ഇതിലൊരു പാക്കറ്റ് കൊറിയര്‍ ആയി അയക്കണേ എന്ന് ഞാന്‍ കമന്റിയത് ഓര്‍ക്കുന്നു. :)
അപ്പുവിന്റെ നാട്ടിലെ ഓരോ സന്ദര്‍ശനങ്ങളിലും പലതവണ എന്നെ വിളിച്ച് ദീര്‍ഘനേരം സംസാരിക്കുകയും ഒരു തവണ പോലും ഞാന്‍ തിരിച്ച് വിളിക്കാത്തതില്‍ ജി-ടോക്കില്‍ വന്ന് പിണങ്ങുന്നതും പിന്നെ ഇണങ്ങുന്നതുമൊക്കെ രസകരമാണ്. :)
അപ്പു ഇനിയും ഇനിയും ഒരുപാട് ഉയരങ്ങള്‍ താണ്ടട്ടെ. പല തലങ്ങളിലുമുള്ള ഈ കഴിവ് മായാതെ മങ്ങാതെ ഇരിക്കട്ടെ. അഭിനന്ദനങ്ങള്‍..... ആശംസകള്‍...
ഓ.ടോ. : ആ ക്യാമറ ഒന്നു താ മാഷേ, ഒന്നു പടം പിടിച്ച് പഠിക്കാനാ ;)
വാര്‍ഷികാശംസകള്‍...ഞാനും ഇതുപോലെ ഒരു പോസ്റ്റിട്ടാരുന്നു..
അബദ്ധങ്ങള്‍ എത്രയെത്ര?അന്നൊക്കെ ഞാന്‍ മൈല്‍ അയച്ചു വധിച്ചിരുന്നത് വിശാല്‍ജിയെ..എന്റെ അന്നത്തെ ഓരോ ചോദ്യങ്ങള്‍ ഇന്നോര്‍ക്കുമ്പോള്‍ നാണക്കേടുകൊണ്ട് ചാവാന്‍ തോന്നും:)
മറുമൊഴികളില്‍ എന്റെ കമന്റിന്റെ കൂടെ പത്തുകമന്റ് ഫ്രീ എന്തുകൊണ്ട് തുടങ്ങിയ ഗംഭീര സംശയങ്ങള്‍...പിന്നെപ്പിന്നെ പരിചയപ്പെട്ട എല്ലാരേം ഉപദ്രവിക്കാന്‍ തുടങ്ങി..ഓ.ടോ.എന്നതിനു ഞാന്‍ കണ്ടെത്തിയ അര്‍ത്ഥം ഓടോ ടോക് അഥവാ ആത്മഗതം എന്നാരുന്നു...അങ്ങനെ ഒരുപാട് കണ്ടുപിടൂത്തങ്ങള്‍...ഇപ്പോളും വല്യ മോശമൊന്നുമല്ല....
അപ്പൂ,
ഞാനെത്താന്‍ വൈകി.
വാര്‍ഷികാഘോഷം പൊടിപാറി!
;-)
ഒരു വര്‍ഷം. ഒരുപാട് നല്ല പോസ്റ്റുകള്‍.
ഒരേസമയം ഫോട്ടോഗ്രാഫറായും, കുട്ടിക്കവിതകളും, കഥയും എഴുതുന്ന ഒരാളായും, ശാസ്ത്ര പോസ്റ്റുകള്‍ എഴുതുന്ന ഒരാളായും അവതരിക്കുന്നു അപ്പുവേട്ടന്‍...
ഞാന്‍ പലപ്പോഴും അല്‍ഭുതപ്പെട്ടിട്ടുണ്ട്, എങ്ങിനെ ഇങ്ങനെ എഴുതാന്‍ കഴിയുന്നു എന്ന്.
ജോലിത്തിരക്കിനിടക്കും, പല കാര്യങ്ങളും പഠിച്ചു, അതിനെ പറ്റി ആധികാരികമായി ബ്ലോഗില്‍ എഴുതുന്നത് കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ അസൂയതോന്നുന്നു, അതോടൊപ്പം ആദരവും.
ഇനിയും നല്ല നല്ല ഒരുപാട് പോസ്റ്റുകള്‍ എഴുതാന്‍ ഇടവരട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു.
ജൈത്രയാത്ര തുടരൂ
ആശംസകള്‍...
സ്നേഹത്തോടെ
കുട്ടു.
(ഞാന്‍ എത്താന്‍ വൈകിയതിന് ക്ഷമാപണം. പണിത്തിരക്കാണേ, പണി എന്ന് പറഞ്ഞാല്‍ കട്ടപ്പണീ !! ഒരു രക്ഷയുമില്ല അപ്പുവേട്ടാ... :( )
ഒരുപാട് ബ്ലോഗുകള്‍ വാര്‍ഷികങ്ങള്‍ ആഘോഷിച്ചു പോയിരുന്നെങ്കിലും ഈ പോസ്റ്റില്‍ പോലും എന്തോ ഒരു പ്രത്യേകത, അടുപ്പം വായിക്കുന്നവര്‍ക്കൊക്കെ അനുഭവപ്പെടുന്നില്ലെ. ഈ അപ്പുവിന്റെ ശൈലി എല്ലാ പോസ്റ്റുകളിലും ഉണ്ടാകുന്നത് കൊണ്ടാണ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ബൂലോക ആസ്ഥാന പുലികളില്‍ ഒരാളായി അപ്പു മാറിയത്...! കീപ്പിറ്റപ്പേ.. :)
ഇനിയും വര്‍ഷങ്ങള്‍ നമ്മുക്ക് ഇങ്ങനെ അറിവും, നുറുങ്ങുകളും, തമാശകളും , കഴിവുകളും പങ്കുവച്ച് കഴിയാന്‍ ദൈവം അനുഗ്രഹിക്കട്ടെ...
ഒരാള്‍ക്കെങ്ങനെയാണ് ഇത്രയും വ്യത്യസ്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്നതെന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.ഒരായിരം ആശംസകള്‍..
ആശംസകള്‍!
ബ്ലോഗറായിട്ടു് ഒരു വര്‍ഷം തികഞ്ഞതേയുള്ളോ? വിശ്വസിക്കാനാവുന്നില്ല. അപ്പു ബൂലോഗത്തു് അത്രമാത്രം നിറഞ്ഞുനില്‍ക്കുന്നു. ക്വാളിറ്റി കൊണ്ടു്.
ആശംസകള്‍, അപ്പൂ!
അപ്പുവിന്റെ പോസ്റ്റുകള്‍ മുടങ്ങാതെ വായിക്കാറുണ്ടായിരുന്ന വേറോരാളിന്റെ ഒപ്പൂടെ,
ഗൂഗിളും ഇന്റെര്‍നെറ്റും ഉണ്ടാവുന്ന കാലത്തോളം ഈ പോസ്റ്റുകളും ഈ ബ്ലോഗറും മങ്ങാതെ മായാതെ നില്‍ക്കട്ടെ:)
ഒരായിരം വാര്‍ഷികാശംസകള്‍!!!
അപ്പൂ,
ആശംസകള്‍, ഇനിയും ഇങ്ങനെതെന്നെ മുന്‍പോട്ട് പോകാന്‍ സാധിക്കട്ടെ!
അപ്പുവേ,,,,
വൈകിയാണെങ്കിലും വാര്‍ഷികാശംസകള്‍ ... ഇനിയും നല്ല നല്ല പൊസ്റ്റുകള്‍, പടമായും കവിതയായും ഒക്കെ പോരട്ടെ..
പ്രിയ അപ്പു, ബ്ലോഗിങ്ങില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ താങ്കള്‍ക്കെന്‍റെ എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും.
ഒരുപാട് വിഞ്ജാനപ്രദമായ ലേഖനങ്ങളും മനോഹരങ്ങളായ ചിത്രങ്ങളും അപ്പുവിന്‍റെ ബ്ലോഗിന്‍റെ മാറ്റ് കൂട്ടുന്നു.
കൂട്ടത്തിലൊരുകാര്യം പറയട്ടെ, ഒരുപാട് കാലം മനസ്സിലും കടലാസിലുമായി കൊണ്ടു നടന്ന, ഞാനീയിടെ പോസ്റ്റ്ചെയ്ത ദില്ലി വിശേഷങ്ങള്‍ എന്ന രണ്ട് ലേഖനങ്ങള്‍ക്ക് പ്രചോദനം അപ്പുവിന്‍റെ കൃഷ്ണപുരം കൊട്ടാരം എന്ന സചിത്രലേഖനവും അതില്‍ കണ്ട ചര്‍ച്ചകളുമായിരുന്നു.
എന്‍റെ കൈയ്യില്‍ ക്യാമറ ഇല്ലാത്തതും എനിക്ക് മനോഹരമായി ഫോട്ടോ എടുക്കാനറിയാത്തതും എന്‍റെ മാത്രം തെറ്റ്. :))
ആശംസകള്.
തറവാടി / വല്യമ്മായി
അപ്പുവേട്ടാ,
ഒരായിരം സ്നേഹാശംസകള്‍!
ബ്ലോഗ് വാര്‍ഷികാശംസകള്‍...
വെക്കേഷന്‍ കഴിഞ്ഞെത്തി ആദ്യം കണ്ട ബ്ലോഗ് അപ്പൂന്റെ വാര്‍ഷിക പോസ്റ്റ്. ഏതായാലും അമ്പതാം കമന്റ് എന്റേത് തന്നെയാവട്ടേ...
ഇനിയും ഒരു പാട് നല്ല പോസ്റ്റുകള്‍ ഉണ്ടാവട്ടേ ... വാര്‍ഷികാശംസകള്‍.
താങ്കള്‍ മലയാളം ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ഇടയായത് ജിജി വെറുമൊരു നിമിത്തം മാത്രമല്ലേ മാഷേ?
അയാളില്ലായിരുന്നെങ്കില്‍, ഗൂഗിളടക്കം വേറെ ഏതെങ്കിലും മാധ്യമത്തില്‍ക്കൂടി താങ്കള്‍ അതില്‍ എത്തപ്പെട്ടേനെ. സംശയമില്ല.
അപ്പുവിന്റെ കവിതകളടക്കം എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ടായിരുന്നു (വായന തുടരും!)
എന്നാല്‍ പല തലങ്ങളിലുള്ള താങ്കളുടെ കഴിവുകള്‍ കണ്ട് ആദ്യമൊക്കെ അല്‍ഭുതപ്പെട്ടും,പിന്നീട് പോസ്റ്റ് വായിക്കുന്ന മിക്ക വായനക്കാരുടെയും കമന്റ്റുകളും എണ്ണവും കണ്ട് അസൂയപ്പെട്ടും, പലപ്പോഴും ഞാന്‍ പോസ്റ്റുകളൊക്കെ സാകൂതം വായിച്ച് അതിനെക്കുറിച്ച് മാത്രം ഒന്നും മിണ്ടാതെയിരുന്നു.
ഒടുവില്‍ അസൂയ മൂത്ത്, അപ്പുവിനിട്ട് ഒരു പാര പണിയാന്‍ ഞാന്‍ പൊയ്മുഖം എന്ന പേരില്‍ ഒരു ബ്ലോഗ് ഉണ്ടാക്കി അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നു. എന്നാല്‍ അതിനൊന്നും ഇട നല്‍കാതെ (എന്തെങ്കിലും കാരണം വേണ്ടെ പാരപണിയാന്‍!)അപ്പു തന്റെ ബ്ലോഗ് യാത്ര നിര്‍ബാധം തുടരുന്നു.
ഈ പൊയ്മുഖത്തിനെ അപ്പുവിന്റെ ബ്ലോഗില്‍ ഒരിക്കലെങ്കിലും ഉപയോഗിക്കണമെന്ന് വിചാരിച്ചിരിക്കുമ്പോളാണ് ഇങ്ങനെ ഒരവസരം കിട്ടിയത്.
അപ്പു ആരാണ് എന്ന് പറയാന്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ എന്റെ വെബ്സൈറ്റിന്റെ (അതുണ്ടാക്കാന്‍ സഹായിച്ചത് ഈ അപ്പു ആണ്)
ഒരു പേജിലെ എന്‍സൈക്ലോപിഡീയ വിഭാഗത്തില്‍ ഞാന്‍ ഇങ്ങനെഎഴുതി. അതാണെനിയ്ക്ക് അപ്പു എന്ന ഷിബു.
“പിന്നെ ബ്ലോഗ് പരിചയപ്പെടുത്തികൊടുത്തതുകൊണ്ട്
അദ്ദേഹത്തിനാണ് ഇതിലേറ്റവും നഷ്ടവും ഉള്ളത് -
ഞാനിപ്പോള്‍ മെയിലുകള്‍ അയക്കാറേയില്ല! ബ്ലോഗു വായിച്ചുകഴിഞ്ഞു നേരമുണ്ടെങ്കിലല്ലേ മെയില്‍ അയയ്ക്കാന്‍ പറ്റൂ?“
അങ്ങനെ കുറ്റസമ്മതം നടത്തി വഴിക്കുവാ.
കണ്‍ക്ലൂഷന്‍ വളരെ ടച്ചിംഗ് ആയി. ഇത് അസൂയകൊണ്ട് പറയുകയല്ല, കേട്ടോ.
സസ്നേഹം, മറ്റൊരാള്‍
കംഗാരുറിലേഷന്‍സ് അപ്പൂസ് :)
ഇനിയും ഒട്ടേറെ വാര്‍ഷികങ്ങള്‍ ‘കൊണ്ട്’ആടാന്‍ കഴിയട്ടേ എന്ന് ആശംസിക്കുന്നു...
എന്റെ പുതിയ കാനന്‍ കിസ് ഡിജിറ്റല്‍ എക്സ് വാങ്ങുവാന്‍ പ്രേരണ നല്‍കിയ ചിലരില്‍ പ്രധാനിയായ അപ്പൂസേ... എല്ലാ ഭാവുകങ്ങളും നേരുന്നു :)
Humidity വിവരണങള്‍ എനിക്ക് വളരെ ഉപകരിച്ചു എന്ന് നന്ദിയോടെ അറിയിക്കുന്നു. ഒരു ക്വിക് റെഫറന്‍സിന് അത് സഹായിച്ചു. ആശംസകള്‍.
ആഹാ! ഞന്‍ രസിച്ചു വായിച്ചു.
അപ്പു ഇത് - http://keralahahaha.blogspot.com/2007/07/blog-post_6269.html - കണ്ടിരുന്നതായി എഴുതിയിരുന്നു, അല്ലെ ...?
ആശംസകള് !
ആശംസകള് :)
ഇനിയും നല്ല ചിത്രങ്ങളും, വിവരണങ്ങളും, അറിവുകളും, കവിതകളും പങ്കുവെയ്ക്കാന്‍ അപ്പുവിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ബ്ലോഗ് വാര്‍ഷികത്തിന് ആശംസകളും സ്നേഹവും അറിയിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.
അപ്പ്വേട്ടാ... ആശംസകള്‍....
ഇപ്പൊ ഇത്രേം പറയാനേ നേരള്ളൂ....
അപ്പുവേട്ടാ.... ഈ ബ്ലോഗ് ഇപ്പോഴാണു കാണുന്നത്.....പക്ഷെ ഇനി സ്ഥിരമായി വരും..
ആദ്യം തന്നെ വാര്‍ഷിക പോസ്റ്റിനുള്ള ആശംസകള്‍ അറിയിക്കുന്നു...
പിന്നെ ആ ഫോട്ടൊ..അതു കിടിലമായി...വേറെന്തുപറയാന്‍.
ഒരിക്കല്‍ക്കൂടി ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒരു വള്ളിക്കോട്ടുകാരന്‍
ഒരു കമന്റെ വഴി എത്തിപ്പെട്ടതാണു ഈ പോസ്റ്റില്‍. വൈകിപ്പോയെങ്കിലും എന്റെ ശുഭാശംസകള്‍
appuvETTa ugranaayittunt
എടുത്തപ്പോള്‍ ഒന്നു..തൊടുത്തപ്പോള്‍ നൂറ് എന്നകണക്കിനുള്ള ബ്ലോഗുകള്‍,വിജ്ഞാനത്തിനും എളിമക്കും സത്യത്തിനും ഒക്കെ മുന്‍ തൂക്കം കൊടുത്തെഴുതപ്പെടുന്ന ഈ ബ്ലൊഗുകള്‍ എല്ലാം തന്നെ എല്ലാവര്‍ക്കും പ്രിയമാവുന്നു എന്ന സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു..!
പണ്ട് റേഡിയോയിലെ ബാല ലോകത്തില്‍ ഒരു ബാലന്മാവനോ/ചന്ദ്രന്മാമനോ ഉണ്ടാര്‍ന്നു.അത്തരമൊരു മാമനെ പിള്ളേര്‍ക്കിവിടെക്കാണാം...എല്ലാവിധ ഭാവുകങ്ങളും..!
വാര്‍ഷിക പോസ്റ്റിനുടക്കാന്‍ തേങ്ങ റോമില്‍ കിട്ടാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതല്‍ ലഭ്യമായ ഒരു കുഞ്ഞ് തിരി കത്തിക്കാം...
ഹായ്... നല്ല പ്രകാശം!!!
ഇനിയും ഒത്തിരി പേരെ ഇതുപോലെ പ്രകാശിപ്പിക്കാന്‍ ഈശ്വരന്‍ ഇടവരുത്തട്ടെ.
ഹൃദയം നിറഞ അഭിനന്ദനങ്ങള്‍ അപ്പുവേട്ട...
“ഒരു ബ്ലോഗറുടെ ജനനം” എന്നു ചരിത്രപുസ്തകത്തില്‍ ആര്‍ക്കെങ്കിലും രേഖപ്പെടുത്തണമെങ്കില്‍ ഇതാ ഇവിടെ.
മനസ്സിനെ സ്വല്‍പ്പം തുറന്നുവിടാനുള്ള സൌജന്യം കാണിച്ചാല്‍ ബാക്കി സര്‍ഗ്ഗശക്തി ബ്ലോഗ് ആവാഹിച്ചോളും. ഇതാ തെളിവ്.
ആ ഫോടോയിലെ തെളിനീരുറവ എന്നും ഒഴുകട്ടെ.
അപ്പുവിന്റെ ഏതു ബ്ലോഗും വായിച്ചു പുറത്തിറങ്ങുമ്പോള്‍
നല്ല ഒരു കമണ്ടു ഇടണമെന്നു തന്നെയാണു ഞാന്‍ ആഗ്രഹിക്കാറുള്ളത്.
അങ്ങനെ സാധിക്കാത്തപക്ഷം എനിക്കും നല്ല മന:സാക്ഷിക്കുത്തും ഉണ്ടാവാറുണ്ട്
( കാരണം അപ്പുവിന്റെ ഡെഡിക്കേഷന്‍ റ്റു വര്‍ക്ക്)
ജോലി ആസ്വദിച്ചു ചെയ്താല്‍ എത്ര കഠിന ജോലിയാണെങ്കിലും ആയാസമറിയില്ല എന്നു ശ്രീനിവാസന്‍ ഒരു ഇന്റര്‍വ്യൂ യില്‍ പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ അപ്പുവിനെയാണ് ഓര്‍ത്തത്.
കളങ്കമില്ലാത്ത സ്നേഹത്തിനു ഉദാഹരണമായി ഞാന്‍ സൂക്ഷിക്കുന്ന ചില അപൂരവ്വം സഹൃദരൂപങ്ങളാണു അപ്പുവും.........................
അതങ്ങനെതന്നെ അവസാനകാലം വരെ ഉണ്ടാവുമെന്ന പ്രതീക്ഷയുമുണ്ട്.
ഈ വാര്‍ഷികപോസ്റ്റിനു വൈകിയെങ്കിലും ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട്.
ആശംസകള് അപ്പൂ..
പോസ്റ്റുകളുടെ വൈവിധ്യവും, അതിന്റെ സൌന്ദര്യവുമാണ് അപ്പുവിനെ ബൂലോഗത്ത് ഇത്രയും പ്രിയപ്പെട്ടവനാക്കിയത് എന്നാണ് എന്റെ വിശ്വാസം. ടെക്നിക്കല്‍ കാര്യങ്ങള്‍ ഇത്രയേറെ സരളമായി വിവരിക്കുന്നവര്‍ വളരെക്കുറച്ചേ ഉള്ളൂ ബൂലോഗത്ത്..
അപ്പുവിനെ ബ്ലോഗിലേക്ക് കൊണ്ടുവരാന്‍ ഞാനും ചെറിയ നിമിത്തമായി എന്നത് വളരെ സന്തോഷം തരുന്നു...
ഒരിക്കല്‍ കൂടി എല്ലാ ആശംസകളും.. ദീര്‍ഘ ബ്ലോഗാ ഭവഃ. :)
ആശംസകള്‍... ഒനാം വാര്‍ഷികത്തിലൊതുക്കാതെ 10ഉം 25ഉം 50തുമൊക്കെ കടക്കട്ടെ.....
ഈ ബ്ലോഗാത്മകഥ വളരെ ഇഷ്ടായി അപ്പു.
താങ്ങള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.
വാര്‍ഷികലേഖനം ഉഗ്രന്‍....അപ്പുവിന്‍റെ ബുലോഗയാത്ര ഇനിയും തുടരട്ടെ...ആശംസകള്‍.....
-ബൈജു
അപ്പു
ഓര്മചെപ്പു അസ്സലായിട്ടുണ്ടു. വീന്ടും വീണ്ടും തുടരട്ടെ.
ഒത്ത്തിരി ഒത്ത്തിരി ആശംസകള്.
കണ്ണു. എന്
റിയാദ്
Appu, you have every reason to feel elated on completing one year as a blogger... May you be around for years and years to come...
Snehathode
Sreekumar
ഈ വര്‍ഷത്തെ ഓണസമ്മാനം ഷിബുവേട്ടന്റേതു തന്നെ ........പറഞ്ഞരിയിക്കാന്‍ പറ്റാത്ത സന്തോഷം......
ഒാർമ്മച്ചെപ്പിലെ വാർഷീക പോസ്റ്റ് കലക്കി" ധീരാ വീരാ നേതാവെ ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ
അപ്പുമാഷെ ആകപ്പാടെ ഒരു കണ്‍ഫൂഷനോ, തെറ്റിദ്ധാരണയോ എന്താ സംഭവിച്ചതെന്നറിയില്ല. ഈ ആദ്യാക്ഷരിയുടെ ഉടമ ഷിബു താങ്കളാണൊ? ആണെങ്കില്‍ എന്ത്കൊണ്ട് ആത്മ കഥയില് ആ ചരിത്രം കൂടി എഴുതിയില്ല?
ഇനി എടെക്കെങ്ങാനം എഴുതീട്ടുണ്ടൊ? ഞാന്‍ രണ്ട് പ്രാവിശ്യം വായിച്ചിട്ടും കണ്ടില്ല.
ഇനി എഴുതിയെങ്കില്‍ തന്നെ കമന്‍റിയവരാരും കമാന്നെരക്ഷരം പറഞ്ഞ് കണ്ടില്ല.അതും രണ്ട് പ്രാവിശ്യം നോക്കിയെന്നാ തോന്നുന്നത്...
ചിലപ്പം താങ്കളായിരിക്കില്ല. എനിക്ക് വെറുതേ തോന്നിയതായിരിക്കുമെന്ന് താങ്കള്‍ക്കും വെറുതെ തോന്നാമല്ലോ?
കുഞ്ഞിപ്പെണ്ണെ,
സംശയം ഒട്ടും അസ്ഥാനത്തല്ല.
അപ്പുവും ഷിബുവും ഒക്കെ ഒരാള്‍ തന്നെ.
പിന്നെ, എന്റെ ബ്ലോഗാത്മകഥ എന്ന പോസ്റ്റ് ഞാന്‍ ബ്ലോഗില്‍ എത്തി ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ - അതായത് 2008 ജനുവരിയില്‍ - പബ്ലിഷ് ചെയ്തതാണ്.
അന്ന് ആദ്യാക്ഷരി എന്ന സംഭവം എന്റെ മനസ്സില്‍ പോലും ഇല്ല.
പിന്നീട് 2008 ജൂണിലാണ് ആദ്യാക്ഷരി ആരംഭിച്ചത്. അതിനാലാണ് ഈ ബ്ലോഗാത്മകഥയില്‍ ആദ്യാക്ഷരിയെപ്പറ്റി കമാന്നൊരക്ഷരം ഞാനോ വായനക്കാരോ മിണ്ടാഞ്ഞത്... !! അടൂത്ത വാര്‍ഷികപോസ്റ്റ് വരട്ടെ. അപ്പോ ആകെമിണ്ടാന്‍ ഒരു കാര്യമേ ഉള്ളൂ - ആദ്യാക്ഷരി.!!
സത്യം പറയട്ടെ.കുഞ്ഞിപ്പെന്നിന്റെ സംശയം എനിക്കുമുണ്ടായിരുന്നു.താങ്കളുടെ മറുപടി വായിച്ചപ്പോഴാണ് കാര്യം മനസ്സിലായത്.
എങ്കിൽ ആദ്യാക്ഷരനോട് ഒരു പരാതിയുണ്ട്:നിങ്ങളുടെയൊക്കെ ബ്ലോഗിൽ നിന്നും ഇൻസ്പിരേഷൻ ഉൾക്കൊണ്ട് ഞാനും ഒരു ബ്ലോഗുണ്ടാക്കി.പക്ഷേ..അത് അഗ്രിയിൽ വരുന്നില്ലല്ലൊ?പഠിച്ചപണി പതിനെട്ടും നോക്കി.
എന്താ ചെയ്യേണ്ടത്?
ശ്രുതസോമാ....
ആഗ്രിഗേറ്ററുകളില്‍ പോസ്റ്റുവരുന്നില്ല എന്ന പ്രശ്നം എനിക്കും ഉണ്ടായിരുന്നു. ഈ ഓര്‍മ്മച്ചെപ്പിലും, ആദ്യാക്ഷരിയിലും ഒക്കെ...!! ഇതിന്റെ പ്രതിവിധി ആര്‍ക്കും അറിയില്ല എന്നതാണു സത്യം. കുറച്ചൂ കഴിയുമ്പോള്‍ തനിയെ ശരിയായിക്കോളും. ഒരു കാര്യം ഉറപ്പാണ്, എല്ലാ ആഗ്രിഗേറ്ററുകളും ഒന്നിച്ച് ഒരു പോസ്റ്റിനെ മുക്കുകയില്ല. ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച്, ചിന്ത, തനിമലയാളം, മുതലായവയില്‍ ഏതെങ്കിലും ഒന്നില്‍ താങ്കളുടെ പോസ്റ്റ് ഉണ്ടാവാതിരിക്കില്ല.
പോസ്റ്റുകള്‍ വളരെ നന്നാവുന്നുണ്ട്..
പിന്നെ കുടശനാട് ചന്തയും, സ്കൂള്‍ ഗ്രൌണ്ടും കീപ്പള്ളിക്കരുടെ വണ്ടിയും അണിയുന്നത് അമ്പലവും..കുടശനാട് കള്ളുഷാപ്പും പുന്ച്ചയും ഒക്കെ ബ്ലോഗ്ഗില്‍ കൂടി കാണുവാന്‍ ആഗ്രഹം ഉണ്ട്..
അപ്പുവെട്ട നന്നയിരിക്കുന്നു.
പ്രിയ കൂട്ടുകാരാ,
ഇന്നാണ് താങ്കളുടെ ബ്ലൊഗിൽ എത്തപ്പെട്ടത്. നിങ്ങളെപ്പോലുള്ള പരോപകാരികൾ ഭൂമിയിലുണ്ടെന്നതു തന്നെ ഒരത്ഭുതമാണ്. ഏതു തുടക്കക്കാർക്കും മനസ്സിലാകുന്ന വിധം ലളിതമായ പ്രദിപാദനം തന്നെ വളരെ ശ്രദ്ധേയമായിരിക്കുന്നു.
“വായിച്ചു വായിച്ചു വളരണം മക്കളേ
ചോദിച്ചു പലതും പഠിക്കണം മക്കളേ
കണ്ടുകണ്ടെല്ലാമുറയ്ക്കണം മക്കളേ
തന്നറിവന്യർക്കുമേകണം മക്കളേ...”
അങ്ങനെ തന്റെ അറിവുകൾ അന്യർക്ക് പകർന്ന് നൽകുന്ന താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.....
സ്നേഹപൂർവ്വം
ചെറിയനാടൻ
ബ്ലോഗുകള്‍ ചിന്തയില്‍ പ്രത്യക്ഷപെടുമ്പോള്‍ അതിന്റെ പിറകെ അല്ലങ്കില്‍ ആരെങ്കിലും ലിങ്ക് തന്ന് ഇത് വായിച്ചു നോക്ക് എന്നുപറഞ്ഞാല്‍ അവിടെ അതുമല്ലങ്കില്‍ എനിക്ക് കമന്റ് എഴുതുന്ന ബ്ലോഗ്രുടെ പോസ്റ്റില്‍ ഇങ്ങനെ ഒരടുക്കും ചിട്ടയും ഇല്ലാത്ത വായനയുമായി നടന്നപ്പോള്‍ ഒരു പ്രീയ സുഹൃത്താണ് എന്നെ മറുമൊഴിയില്‍ എത്തിച്ചത് ഇന്ന് അവിടെ ചെറിയനാടൻ ഇട്ട കമന്റിന്റെ നൂലില്‍ തൂങ്ങി എത്തിയതാണിവിടെ വയിച്ചപ്പോള്‍ വളരെ കാര്യങ്ങള്‍ അറിഞ്ഞു ... അപ്പുവിന്റെ പലപോസ്റ്റും വായിച്ചിരുന്നു .ഇന്ന് അഭിനന്ദനം താമസിച്ചാണെങ്കിലും അറിയിക്കട്ടെ .
അല്ല അപ്പു. ഞാന്‍ നേരത്തെയാണെ രണ്ടാം വാര്‍ഷികത്തിനു അഡ്‌വാന്‍സ് പിടി ..ഇനി ഞാന്‍ അമ്മയാണെ താമസിക്കൂല്ലാ :)
2009 /01/30 ദേ ഇപ്പൊഴെ ഞാന്‍ സീറ്റു പിടിച്ചു. അല്‍ഫ് മബ്‌റൂക്ക് !!
നന്നായിരിയ്ക്കുന്നു ... എല്ലാ ആശംസകളും ...
“ആത്മകഥ” എത്ര നന്നായി എഴുതിയിരിക്കുന്നു അപ്പു മാഷ് !!!.. ആദ്യമായാണ് ഈ വഴി വരുന്നത് .. ഇനി സ്ഥിരമാക്കും :)
എല്ലാ ഭാവുകങ്ങളും !!!
എങ്കില്‍ ഞാന്‍ ഒരു കാര്യം പറയട്ടെ, ഞാന്‍ ബ്ലോഗ് എഴുതാന്‍ പഠിച്ചത് അപ്പുവിന്റെ ബ്ലോഗ് നോക്കിയാണ്. അപ്പുവിനോടുള്ള കടപ്പാടായി ഞാന്‍ ആദ്യാക്ഷരിയുടെ ലിങ്ക് ഇട്ടിട്ടുണ്ട്...
നന്ദി പറയാന്‍ വാക്കുകളില്ലാതെ..
രണ്ടാം വാർഷികത്തിന്റെ പോസ്റ്റ് വരേണ്ട സമയത്താ ഞാനിവിടെ എത്തിപ്പെട്ടത്. ഒന്നാം വാർഷിക പോസ്റ്റ് കലക്കി കേട്ടൊ.
പക്ഷെ,മുകളിൽ കൊട്ടുത്ത ആ ഫോട്ടൊ,
ശാലിനി പറഞ്ഞപോലെ..പാന്റ് പൊക്കിപ്പിടിച്ച് ആ തണുത്ത വെള്ളത്തിൽ ഇറങ്ങി കുനിഞ്ഞ് കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖമൊന്നു കഴുകാൻ ഒരു വല്ലാത്ത പ്രേരണ...
ഒരുപാടാശംസകൾ......
ആശംസകള്!!
എന്തു രസാ സാർ എഴുതുന്നതു വായിക്കാൻ , അറിവു പങ്കുവെക്കുന്ന സാറിനെ സർവ്വ ശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെ.........
ഹോ... ആത്മകഥ നന്നായിരിക്കുന്നു
ഹലൊ അപ്പുവേട്ടാ
എന്റെ നല്ല ചൂടും കടുപ്പവുമുള്ള ആശംസകള്‍....
ഞാന്‍ അങ്ങയുടെ ആത്മകഥ വായിചു.really motivating....
ഞാനും ബൂലൊഗത്തിലേക്കു വരുകയാനണു,സഹകരണം പ്രതീക്ഷിക്കുന്നു.
ഇനിയും ഒരുപാട് ഒരുപാട് തകര്‍പ്പന്‍ പോസ്റ്റുകള്‍ എഴുതാന്‍ ആവട്ടെ..ആശംസകള്
it is very inspiring, intersting...waiting to see more posts, all the very best
നന്നായി
എല്ലാ നന്മകളും അശംസിക്കുന്നു
വളരെ താമസിച്ചാണ് എവിടെക്കുള്ള വണ്ടി കിട്ടിയത്. എത്തിയപ്പോള്‍ എല്ലാവരും കമന്റ് ഇട്ടിട്ടു പോയി. എന്നാലും അപ്പുവേട്ടാ കലക്കി.ആദ്യാക്ഷരി എന്ന ബ്ലോഗിലൂടെ ഇവിടെ എത്തി.രണ്ടായിരത്തി പത്തു ജനുവരി മുപ്പതു ആദ്യത്തെ കമ്മന്റ് എന്റെ വകയാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് .........
ഓ വേറെ ഒരു വണ്ടി വരുന്നു പോകട്ടെ ......
നിങ്ങളൊരു സംഭവം തന്നെ അപ്വേട്ടാ...
ബൂലോകം ശരിക്കും നല്ലൊരു ലോകം തന്നെ!
ithu syndhavam blogil ninnum. ippozhanu nokkiyathu. appol thanklude adiyakshari kandu. vivarangal thannathinu nandi. njangal parayunnathum kelkan samayam kanumallo. veendum kanam. ini aduthathu malayalathil ezhutham. tpuch vittitu kalam kure aayi. ellam podithatti edukatte. kozhikkottu ninnum njangal.
ഡേ.... അഞ്ച് ഫോട്ടോകളും നാലു വരികളുമായി ബ്ലോഗ് തുടങ്ങിയവനാണ് ഈ അപ്പു മാഷ്....ആ മാഷിന് ഇപ്പൊ ആറല്ല ആറായിരം ലോഡ് പോസ്റ്റുകളും കമന്‍റുകളും ഉണ്ട്.... ആ മാഷിന്റെ അടുത്ത് ആര്‍ക്കും മൊട കാണിക്കാന്‍ പറ്റില്ല...കാരണം സ്ഥിരമായി മാഷിന്റെ ബ്ലോഗ് വായിക്കുന്നവര്‍ക്ക് നല്ല ചൂടന്‍ പോസ്റ്റുകള്‍ എഴുതി ഇട്ടിട്ടാണ് മാഷ് നടക്കുന്നത്....അതിനിടക്ക് ആരെങ്കിലും ബ്ലോഗ് വായിച്ചില്ലെങ്കില്‍ മാഷ് കട്ടേം പടോം മടക്കി കാശിക്കു പോകുവെന്നു നിരീച്ചോ... നടക്കൂല്ല മോനെ.... മാഷ് പുലിയാണ്....പതിനൊന്നാമത്തെ പുലി... തള്ളെ.... മാഷ് എനിക്കിട്ടു കമന്‍റി സന്തോഷം സഹിക്കുന്നില്ലലോ ...പണ്ടാരം.... നല്ല പോസ്റ്റ് ഇട്ടു എഴുതി വാങ്ങീരടെ മാഷിന്റെ കമന്‍റുകള്‍ ഇനിയും....ഹല്ലാ പിന്നെ....
നന്ദി, ഒന്ന് കേറിയിട്ട് പോയതിന്... ഒരുവാക്ക് എനിക്കായ് കളഞ്ഞതിന്.... ഇടയ്ക്കിടെ ബുദ്ധിമുട്ടിക്കാന്‍ ഒരാളെ കിട്ടിയെന്ന എന്‍റെ തോന്നലില്‍ കൂട്ട് നില്‍ക്കുന്നതിന്...
ഒപ്പം, വായിച്ചു കളയാതിരിക്കാന്‍ ഒരു കീറാത്ത താള് തന്നതിന് .....
-മുജീബ് ശൂരനാട്
Vaayanayku kaalavum samayavum illa
thankalumayi bhandham koodan vaikiyathil valare valare dukhamundu...
അപ്പൂസേ...
എന്നെപ്പോലെയൊരു വയസ്സന്‍ അങ്ങിനെ വിളിക്കുന്നതുകൊണ്ട് വിഷമമൊന്നും ഇല്ലല്ലോ അല്ലെ...കുടുംബത്തെ നാട്ടിലാക്കിയതുകൊണ്ടാണ് കുറേശെ ബ്ലോഗുഗള്‍ വായിക്കാന്‍ തുടങ്ങിയത്...!!! ഇതിനിടെ എന്റെ ഒരു സുഹൃത്ത് ഫേസ് ബുക്കില്‍ ഇട്ട ഒരു ലിങ്ക് വഴിയാണ് താങ്കളുടെ ഫോട്ടോഗ്രാഫിയെ കുറിച്ചുള്ള ലേഖനങ്ങള്‍ കണ്ടത്...ക്യാമറ വളരെ വര്‍ഷങ്ങളായി കൈയ്യിലുന്ടെങ്കിലും പല കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കിയത് ഇപ്പോഴാണ്...അങ്ങേയറ്റം ഉപകാരപ്രദമാണ് ആ ലേഖനങ്ങള്‍...
ഇനിയും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു...!!!
സന്തോഷത്തോടെ, ആശംസകളോടെ
ജയന്‍
ബഹ്‌റൈന്‍
അപ്പൂസേ...
എന്നെപ്പോലെയൊരു വയസ്സന്‍ അങ്ങിനെ വിളിക്കുന്നതുകൊണ്ട് വിഷമമൊന്നും ഇല്ലല്ലോ അല്ലെ...കുടുംബത്തെ നാട്ടിലാക്കിയതുകൊണ്ടാണ് കുറേശെ ബ്ലോഗുഗള്‍ വായിക്കാന്‍ തുടങ്ങിയത്...!!! ഇതിനിടെ എന്റെ ഒരു സുഹൃത്ത് ഫേസ് ബുക്കില്‍ ഇട്ട ഒരു ലിങ്ക് വഴിയാണ് താങ്കളുടെ ഫോട്ടോഗ്രാഫിയെ കുറിച്ചുള്ള ലേഖനങ്ങള്‍ കണ്ടത്...ക്യാമറ വളരെ വര്‍ഷങ്ങളായി കൈയ്യിലുന്ടെങ്കിലും പല കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കിയത് ഇപ്പോഴാണ്...അങ്ങേയറ്റം ഉപകാരപ്രദമാണ് ആ ലേഖനങ്ങള്‍...
ഇനിയും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു...!!!
സന്തോഷത്തോടെ, ആശംസകളോടെ
ജയന്‍
ബഹ്‌റൈന്‍
ജയൻ ചേട്ടാ, വളരെ നന്ദി ഈ അഭിപ്രായത്തിന്.
appu chetta enikku malayalam blogging ariyilla..innanu athyayi blogging thudangiye.. onnum ariyilla... bur nan ezhuthiya kavitha undu malayalathil... paranju tharo ntha cheyendenne? nte mail id queenbubbly@gmail.com... hope u will give marupady.....
Njan oru puthya bloger annu innale blog start chautte ullu...ezhutanam enba agrahathode tudabgiyatha..krishnamalr.blogspot.com
Kasithumba ennan athinte name enneym koodi onn sahayikkumo..?
Njan ee bloging lokath oru navajatha sisu annu..nkm sahayangal prathekshikknnu appu adyakshari vayicht ellam manohanram ayirikkunnu...iniyum vrate ithupoley
SANTHWANAM PRESS CLUB VARTHA Sunil N B Leader Manager
Press Club, Aalummudu, Neyyattinkara, Thiruvananthapuram.ilmd-695525.Kerala, India. ALL INDIA PRESS CURTVM/TC/41 2015 Neyyattinkara
nouveauwwwbloggercomkerala.blogspot
Post a Comment