കിഴക്കിന്റെ വെനീസില്‍ - മൂന്ന്

>> Saturday, February 7, 2009

കിഴക്കിന്റെ വെനീസില്‍ - ഒന്ന്
കിഴക്കിന്റെ വെനീസില്‍ - രണ്ട്


കുട്ടനാട് വെറ്റ് ലാന്റ് ഏരിയ എന്നറിയപ്പെടുന്ന ഭൂവിഭാഗം, അനേകം ജലാശയങ്ങളും അവയ്ക്കിടയില്‍ കിടക്കുന്ന അനേകം തുരുത്തുകളും ചേര്‍ന്നതാണെന്ന് പറഞ്ഞുവല്ലോ. ഇവയ്ക്കിടയിലെ പല തുരുത്തുകളും നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടവയാണെന്നു അവിടെ ചെന്നു കണ്ടപ്പോള്‍ തോന്നി. അങ്ങനെയല്ലാത്തവയില്‍തന്നെ, റോഡുമാര്‍ഗം പ്രധാന കരയിലേക്കെത്താന്‍ കിലോമീറ്ററുകള്‍ ചുറ്റിസഞ്ചരിക്കേണ്ടതായുണ്ട്. അതുകൊണ്ട് ജലമാര്‍ഗ്ഗമുള്ള സഞ്ചാരപാതയാണ് ഈ മേഖലയില്‍ഏറ്റവും ദുരക്കുറവുള്ളത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

അതുകൊണ്ടുതന്നെയാവണം കായലിനോട് ചേര്‍ന്ന് വീടുകള്‍ക്കു സമീപമായി കൊച്ചു കൊച്ചു വഞ്ചികള് ചേര്‍ത്തുനിര്‍ത്തിയിരിക്കുന്നത് കാണുന്നത്. ചില വീടുകളോട് ചേര്‍ന്ന് പരമ്പരാഗത വഞ്ചികളല്ലാത്തതരം ബോട്ടുകളും കണ്ടു.

കേരള സര്‍ക്കാരിന്റെ ബോട്ട് സര്‍വ്വീസ് ഈ മേഖലയില്‍ ഉടനീളം ഉണ്ട് SWTD - state water transport department എന്നാണ് ഈ വകുപ്പിന്റെ പേര്. കായലിലേക്ക് ഇറക്കിക്കെട്ടിയിരിക്കുന്ന കൈവരിയോടുകൂടിയ സ്റ്റോപ്പുകള്‍ കായലിന്റെ ഇരുകരകളിലും കാണാം. നാട്ടിലെ ബസ് സ്റ്റോപ്പുകളില്‍, ബസ് സമയം അറിയാവുന്നവര്‍ അതുവരുന്നതും കാത്തുനില്‍ക്കാറുള്ളതുപോലെ ഈ സ്റ്റോപ്പുകളില് ആളുകള്‍ ബോട്ടും കാത്ത് നില്‍ക്കുന്നത് കാണാമായിരുന്നു. ബോട്ടുകളെപ്പറ്റിയും സ്റ്റോപ്പുകളെപ്പറ്റിയും ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ ഒരു സര്‍വീസ് ബോട്ട് വലിയൊരു ഇരമ്പലോടുകൂടി വലിയ ഓളങ്ങള്‍ ഇളക്കിവിട്ടുകൊണ്ട് അടൂത്തുള്ള ഒരു സ്റ്റോപ്പില് വന്നു നിന്നു. ഒരാള്‍ അവിടെ ഇറങ്ങുകയും, അവിടെ ബോട്ടും കാത്തുനിന്ന ഒന്നുരണ്ടു പേര്‍ കയറിപ്പോവുകയും ചെയ്തു.
ആ മേഖലയിലെ ജനജീവിതം എത്രമാത്രം ഈ കായല്‍‌പരപ്പുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന് തുടര്‍ന്നങ്ങോട്ടുള്ളയാത്രയില്‍ നമുക്ക് വ്യക്തമാവും. വീടുകള്‍ക്കു മുമ്പില്‍ ജലനിരപ്പിലേക്ക് ഇറക്കിക്കെട്ടിയിരിക്കുന്ന കല്‍പ്പടവുകളില്‍നിന്നുകൊണ്ട് തുണിയലക്കുന്നവീട്ടമ്മമാര്‍, വെള്ളത്തില്‍ ചാടിമറിഞ്ഞ് കളിയും കുളിയുമായി കുറേ കുട്ടികള്‍, കൊതുമ്പുവള്ളങ്ങളില്‍ തേങ്ങയും ഓലയും കൊതുമ്പുമൊക്കെയായി തെങ്ങിന്‍ തോപ്പില്‍ നിന്നും തിരികെയെത്തുന്ന പണിക്കാര്‍, വീടുകള്‍ക്കു മുമ്പിലൂടെ ചെറിയ വള്ളങ്ങളില്‍ പലചരക്കുസാധനങ്ങള്‍ പച്ചക്കറികള്‍ എന്നിവ വില്‍ക്കുവാനത്തുന്ന കച്ചവടക്കാര്‍, കായലോരത്ത് തന്നെയുള്ള കടകളും ഷാപ്പുകളും ഇങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലകളുടെയും സമ്മേളനം അവിടെ കാണാന്‍ കഴിഞ്ഞു. ഞങ്ങളവിടെ കണ്ട ചില ചിത്രങ്ങള്‍ ഇവിടെ കൊടുക്കുന്നു.




വീണ്ടും ഞങ്ങള്‍ മുമ്പോട്ട് പൊയ്ക്കൊണ്ടേയിരിക്കുകയാണ്. അല്പം കഴിഞ്ഞ് ജിനില്‍ ബോട്ട് ഒരു സൈഡിലേക്ക് അടുപ്പിച്ചു. ആഫ്രിക്കന്‍ പായല് ബോട്ടിനടിയില്‍ എവിടെയോ കുരുങ്ങിയതാണ്. ഓ.. ഈ പായലിനെപ്പറ്റി ഇതുവരെ നമ്മള് ഒന്നും പറഞ്ഞില്ലല്ലോ. ആഫ്രിക്കന് പായല് എന്നറിയപ്പെടുന്ന ഹയാസിന്ത് എന്ന ചെടി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കുട്ടനാടന് പുഞ്ചകളിലും കായലുകളിലും എത്തിപ്പെട്ടതാണ്. വളരെ വേഗം പടര്‍ന്നുപന്തലിക്കുന്ന ഈ ചെടി അവിടെയുള്ള സകല ജലാശയങ്ങളിലും ഒഴുകിനടക്കുന്നുണ്ട്. അത് ആ ജലപാതകളുടെ ഭംഗിക്കു വളരെ മങ്ങലേല്‍പ്പിക്കുന്നുമുണ്ട്. പുഞ്ചപ്പാടങ്ങളിലൊക്കെ ഇവന്‍ കയറി നിയന്ത്രണമില്ലാതെ വളരാനിടയായാല്‍ പിന്നീട് നീക്കം ചെയ്യുക വളരെ ദുഷ്കരവും.

ഇവ കൂട്ടം കൂടി നില്‍ക്കുന്ന ജലാശയങ്ങളില്‍, ജലത്തിനടിയിലേക്ക് ഒട്ടും സൂര്യപ്രകാശം കടക്കുവാന് അനുവദിക്കാതെ ജലത്തിനടിയില് ഉള്ള സകല സസ്യങ്ങളേയും നശിപ്പിച്ചു കളയുമത്രേ. പോരാത്തതിന് കെട്ടുപിണഞ്ഞൂകിടക്കുന്ന വേരുകളെല്ലാം കൂടി ജലയാത്രക്ക് തടസ്സമായും തീരും. ഒഴുകുന്ന വെള്ളത്തിലും ഇവയെ കാണാം. ഇതുപോലെയുള്ള ഒരു ആഫ്രിക്കന് പായല്‍ കൂട്ടം ഞങ്ങളുടെ സരോവരത്തില്‍ കയറി ഉടക്കിയതാണ് വള്ളം നിര്‍ത്താന്‍ കാരണമായത്. വള്ളം കരയ്ക്കടുപ്പിച്ച് നിര്‍ത്തി, അവര് അത് വലിച്ചുമാറ്റികളഞ്ഞു.



‘വണ്ടി‘ നിര്‍ത്തിയത് ഒരു നല്ല സ്ഥലത്തായിരുന്നു. ഒരു വശത്ത് നീണ്ടു പരന്നുകിടക്കുന്ന പുഞ്ചപ്പാടം. അവയ്ക്ക് അതിരിടുന്ന വലിയ വരമ്പുകള്. അതിന്റെ സൈഡിലായി തെങ്ങുകളും വാഴകളും നിരനിരയായി നില്‍ക്കുന്നു. നല്ല ഇളം കാറ്റും. കുറെ സമയം വേണമെങ്കില്‍ നില്‍ക്കുവാനും നടക്കുവാനും പറ്റിയ സ്ഥലം. എങ്കിലും പാടം കാണുവാനല്ലല്ലോ നമ്മള്‍ ഇറങ്ങിയിരിക്കുന്നത്. അതിനാല് അധികം നേരം അവിടെനിന്ന് സമയം കളയാതെ വീണ്ടും വള്ളത്തില്‍ കയറി യാത്ര തുടര്‍ന്നു.

വള്ളം പുറപ്പെടുന്നതിനു മുമ്പ് മനുക്കുട്ടന് അവിടെയുള്ള ഒരു കടയില്‍ നിന്നും വാങ്ങി കൈയില് വച്ചിരുന്ന “സെപ്സിയും, ചിപ്സും” അപ്പോഴേക്കും തീര്‍ത്തിരുന്നു. മറ്റെന്തൊക്കെ നല്ല ശാപ്പാട് കൊടുക്കാമെന്നു പറഞ്ഞാലും അവന് ഈ രണ്ടുസാധനങ്ങളോടുള്ള ആക്രാന്തം നിയന്ത്രിക്കുവാനാകുന്നില്ല! ചെക്കനു വിശപ്പുകയറാന് തുടങ്ങിയെന്നു തോന്നുന്നു. പോരാത്തതിന് വള്ളത്തിന്റെ അടുക്കളയില്‍നിന്ന് കായല്‍കാറ്റില്‍ പെട്ട് മുമ്പിലേക്ക് അടിച്ചു വരുന്ന നല്ല സ്വാദിഷ്ടമായ ഭക്ഷണങ്ങളുടെ മണവും. അതെന്തൊക്കെയാണെന്നറീയാന്‍ വേണ്ടി ഞാന്‍ അങ്ങോട്ടേക്കൊന്നു പോയി. ഒരു ചീനച്ചട്ടിയില് കരിമീനുകള് കിടന്നു കറുമുറാന്ന് വേവുന്നു. കപ്പ വേവിച്ചു കാന്താരിയും, ഉള്ളിയും ഉപ്പും മഞ്ഞളും ചേര്‍ത്ത് കുഴച്ചൊരുക്കി ഒരു പാത്രത്തില്‍ വച്ചിരിക്കുന്നു. മറ്റൊരു പാത്രത്തില് നാടന് ചിക്കന് കറി വേവുന്നുണ്ട്. കാബേജ് അരിഞ്ഞ് തോരനു തയ്യാറാക്കി ഒരു വശത്തുവച്ചിട്ടുണ്ട്. അതിന്റെയൊന്നും പടങ്ങള് ഇപ്പോള് കാണീക്കുന്നില്ല! ഒരല്പം വെയിറ്റുചെയ്യൂന്നേ!

സ്വദേശികളും വിദേശികളുമായ സഞ്ചാരികളേയും വഹിച്ചു കൊണ്ട് ബോട്ടുകള് അങ്ങോട്ടൂം ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നു. ചില വിദേശികള്‍ക്ക് നമ്മുടെ കെട്ടുവള്ളങ്ങളേക്കാളും ഇഷ്ടം ബോട്ടുകള് തന്നെയാണെന്നു തോന്നുന്നു. ഇതാ അതുപോലെഒരെണ്ണം. അവര്‍ ഞങ്ങളെനോകി ടാറ്റാ കാണിക്കുന്നതുകണ്ടു, തിരികെ അങ്ങോട്ടും ഓരോന്നു കൊടുത്തു.


ബോട്ടുകളും കൊച്ചുവള്ളങ്ങളും പരസ്പര സഹായ സമിതികളായി ചിലപ്പോഴൊക്കെ പ്രവര്‍ത്തിക്കുന്നതും അവിടെ കാണാന് കഴിഞ്ഞു. ബോട്ടിന്റെ ഒരു വശത്തുകൂടി ഒരു ചെറിയ വള്ളവും തുഴഞ്ഞുകൊണ്ടു പോവുകയായിരുന്ന രണ്ട് ചേട്ടന്മാര്‍ അവരുടെ വള്ളം ഇങ്ങോട്ടടുപ്പിച്ചുകൊണ്ടുവന്ന് ഒരു കയര്‍ ഇങ്ങോട്ടെറിഞ്ഞൂകൊടുത്തു. അത് ഞങ്ങളുടെ വള്ളവുമായി ബന്ധിപ്പിച്ചു കഴിഞ്ഞപ്പോള് തുഴയാതെ ഒരു ഫ്രീ സവാരി..! ഇതുപോലെ കണ്ടിട്ടുള്ള മറ്റൊരു രംഗം തിരുവനന്തപുരത്ത് പാളയം ഫ്ലൈഓവറിലാണ്. അവിടെ സൈക്കിള് യാത്രക്കാരില് ചിലര് ഫ്ലൈ ഓവര് കയറുന്നത് സൈക്കിളും ഉരുട്ടിക്കൊണ്ടല്ല. പകരം സൈക്കിളില് നിന്ന് ഇറങ്ങാതെ അവരുടെ വശത്തുകൂടി പോകുന്ന ഒരു വാഹനത്തില് ഒരു കൈകൊണ്ട് പിടിക്കും. അപ്പോള് സൈക്കിള് അനായാസം ഫ്ലൈ ഓവറിന്റെ കയറ്റം കയറീപ്പോകും. വളരെ അപകടകരമാണ് ഈ സൈക്കിള്‍ രീതി എന്നു പറയാതെ അറിയാമല്ലോ. പക്ഷേ ഇവിടെ കുഴപ്പമൊന്നുമില്ല; ഒരു ഉപകാരം മാത്രം!

കുറച്ചുദൂരം കൂടി അങ്ങനെ വീതിയുള്ള കായലില്‍ കൂടി പോയതിനുശേഷം ഇടതുഭാഗത്തുള്ള ഒരു ഇടത്തോടിലേക്ക് ഞങ്ങള്‍ പ്രവേശിക്കുവാനാരംഭിച്ചു. ദേ, ഈ ഫോട്ടോയില് ഒരു പാലം കണ്ടുവോ? അതിനടിയിലൂടെ വേണം കെട്ടുവള്ളം കയറ്റിക്കൊണ്ടുപോകേണ്ടത്.
ഈ പാലത്തിന്റെ അടിയിലൂടെ ഞങ്ങളുടെ വള്ളം അനായാസം കടക്കുവാനുള്ള ഉയരം ഉണ്ടോ? ഉണ്ടാവുമല്ലോ ഇല്ലെങ്കില്‍ വള്ളക്കാരതിനു തുനിയില്ലല്ലോ എന്നാശ്വസിച്ചു. പാലത്തിന്റെ നേരെ അടിയില് എത്തുന്നതിനുമുമ്പ് വള്ളത്തെ ഒരു നേര്‍പാതയിലാക്കേണ്ടതുണ്ട്. അല്ലെങ്കില് വശങ്ങളില് ഇടിക്കും. അതിനായി ജിനില്‍, റോഡിലൂടെ വലിയ വാഹനങ്ങള്‍ നമ്മള്‍ “വീശിയെടുക്കുന്നതുപോലെ” വള്ളം തിരിച്ചു. വള്ളത്തിന്റെ മുന്‍ഭാഗം ഇടുങ്ങിയ പാലത്തിനടിയിലൂടെ കൃത്യമായി തന്നെ അകത്തേക്ക് പ്രവേശിക്കുകയാണ്. പെട്ടന്ന് ഒരു കുലുക്കത്തോടെ വള്ളത്തിന്റെ മധ്യഭാഗത്തെ മേല്‍ക്കൂര എവിടെയോ തട്ടിയതായി മനസ്സിലായി. ക്രിക്..ക്രിക്ക്.. ശബ്ദത്തോടെ വള്ളം ഒരു വശത്തേക്ക് പതിയെ തെന്നിമാറുകയാണ് - ഐസ് ബര്‍ഗില്‍ ഇടിച്ച റ്റൈറ്റാനിക്ക് നീങ്ങിയതുപോലെ. പേടിക്കുകയുമൊന്നും വേണ്ടാ വള്ളം മറിയുകയുമൊന്നുമില്ല എന്ന ജിനില്‍ പറഞ്ഞു. കരയില്‍നിന്ന് വെള്ളത്തിലേക്ക് ചരിഞ്ഞുവളര്‍ന്നു നിന്നിരുന്ന ഒരു തെങ്ങില് കണക്കുകൂട്ടല് ഒരല്പം പിഴച്ചതിനാല് മേല്‍പ്പുര ഇടിച്ചു എന്നുമാത്രം.

വീണ്ടും ഒരു പ്രാവശ്യം കൂടി പുറകോട്ടിറങ്ങി ഞങ്ങള് സഞ്ചരിച്ചു കൊണ്ടിരുന്ന കായലിലേക്ക് വന്ന് ഒരു വലിയ വൃത്തപാതയെടുത്ത് അവസാനം ഒരു നേര്‍‌രേഖയിലൂടെ വീണ്ടും ഞങ്ങള് പാലത്തിനടിയിലൂടെ ആ കൊച്ചു തോട്ടിലേക്ക് പ്രവേശിച്ചു. പതിനഞ്ച്, ഇരുപത് മീറ്ററില് കൂടുതല് വീതിയുണ്ടാവില്ല ആ ജലപാതയ്ക്ക്. ഇരു വശത്തും ചെറിയ ചെറിയ വീടുകളും, അവരുടെ ചുറ്റുപാടുകളും കണ്ടുകൊണ്ട് ഒരു യാത്ര.


വശങ്ങളിലൊക്കെ കുറേ കള്ളുഷാപ്പുകളും അവിടെയൊക്കെ അതിലേ പോകുന്ന യാത്രക്കാര്‍ക്കായി കപ്പ, മീന്‍കറി, മീന്‍വറുത്തത്, ചോറ് ഇതൊക്കെ കിട്ടും എന്ന ബോര്‍ഡും കണ്ടു. ഇതുവഴി യാത്രപോകാനൊരുങ്ങുന്നവര്‍ക്കായി ഒരു ചെറിയ കുറിപ്പ്. നിങ്ങള്‍ രണ്ടോ മൂന്നോ പേരേ ഉള്ളെങ്കില്‍ വള്ളം മാത്രം വാടകയ്ക്ക് എടുത്ത് വഴിയില്‍ നിന്ന് ഇതുപോലെ ഭക്ഷണം വാങ്ങാം. അതല്ല അതില്‍ കൂടുതല്‍ ആള്‍ക്കാരുള്ള ഗ്രൂപ്പാണെങ്കില് ഭക്ഷണം ഉള്‍പ്പടെ വള്ളം വാടകയ്ക്ക് എടുക്കുന്നതാവും നല്ലത്. എങ്കിലും വഴിയരികില്‍ നിന്നുവാങ്ങുന്ന മീന്‍ ഐറ്റങ്ങള്‍ക്കൊക്കെ വില അല്പം കൂടുതല്‍ തന്നെ വിലകള്‍ സൂചിപ്പിക്കുന്ന ബോര്‍ഡ് നോക്കിയപ്പോള്‍ മനസ്സിലായി!

നല്ല ഫ്രഷ് തെങ്ങിന്‍ കള്ള് കിട്ടുന്ന സ്ഥലമാണ് കുട്ടനാട്, മായമൊന്നുമില്ലാതെ. അതുകൊണ്ട് കുറച്ചു കള്ളുവാങ്ങിയാലോ എന്നൊരു അഭിപ്രായം ഷിജുവും പപ്പായും പറഞ്ഞു. അതുകേട്ടപാടെ ഞങ്ങളെല്ലാവരും ചാടിവീണു. കള്ളിനെപ്പറ്റി തെറ്റിദ്ധാരണകളുള്ളവരാരെങ്കിലും ഇതുവായിക്കുന്നുണ്ടെങ്കില്‍ അവരോട് ഒരുവാക്ക്!! ശുദ്ധമായ, പുളിക്കാത്ത തെങ്ങിന്‍ കള്ള് നല്ലൊരു പാനീയമാണ്. കരിക്കിന്‍വെള്ളം പോലെയോ അതിനേക്കാളോ രുചികരമോ ആയ ഒരു പാനീയം. ചാരായം കുടിച്ച് വഴിയില്‍ പാമ്പായികിടക്കുന്നവരെയും നമ്മള്‍ “കള്ളുകുടിയന്‍ കള്ളുകുടിയന്‍” എന്നുവിളിച്ചു വിളിച്ച് കള്ളിന് ഒരു ചീത്തപ്പേരു വന്നു എന്നുമാത്രം! എന്നാല്‍ പുളിച്ച കള്ള് കുടിച്ചാല്‍ തലയ്ക്കുപിടിക്കും എന്നും ഓര്‍ക്കുക. അതുകൊണ്ട്, ഇനി എപ്പോഴെങ്കിലും പുളിക്കാത്ത കള്ള് കിട്ടുന്നെങ്കില് ഒന്നു രുചിനോക്കുക! പിന്നെ നിങ്ങളും അത് ഇഷ്ടപ്പെടും തീര്‍ച്ച.

കള്ള് വാങ്ങുവാനായി ജിനിലിനെ ചുമതലപ്പെടുത്തി.ഓരോ ഷാപ്പിന്റെ മുമ്പില്‍ കൂടി പോകുമ്പോഴും വള്ളത്തിലെ ഹോണ് ഒരു പ്രത്യേകരീതിയില്‍ ജിനില്‍ മുഴക്കുന്നുണ്ടായിരുന്നു; “കള്ളൊണ്ടോ കള്ളൊണ്ടോ“ എന്നു ചോദിക്കുകയായിരുന്നിരിക്കും. അപ്പോള്‍ ഷാപ്പില്‍ നിന്ന് ആരെങ്കിലും ഇങ്ങോട്ട് നോക്കും. വള്ളത്തിലിരുന്നുകൊണ്ട് കള്ളുണ്ടോ, അത് പുളിക്കാത്തതാണോ എന്നു ചോദിക്കുവാനും പറയുവാനും വള്ളക്കാര്‍ക്കും, ഷാപ്പിലുള്ളവര്‍ക്കും ചില ആംഗ്യഭാഷകളൊക്കെ കണ്ടു. അങ്ങനെ ഒന്നുരണ്ടു ഷാപ്പുകള് പിന്നിട്ട് 94-ആം നമ്പര്‍ കള്ളുഷാപ്പിന്റെ മുമ്പില്‍ ഞങ്ങളുടെ വള്ളം നിന്നു.

കുറേ നേരമായി വള്ളത്തില്‍തന്നെ ഇരിന്നതുകൊണ്ടാവണം, വള്ളം നിന്നതും കരയിലിറങ്ങാനുള്ള സന്തോഷത്തോടെ ഉണ്ണിയും മനുവും ചാടി വെളിയിലിറങ്ങി. അപ്പോള്‍ ഈ നാലുചുറ്റിനും വെള്ളക്കെട്ടില്‍ ജീവിക്കുന്ന കുട്ടികള്‍ എങ്ങനെയായിരിക്കും വല്ലപ്പോഴും ആലപ്പുഴടൌണിലൊക്കെ ഒന്നെത്തിപ്പെട്ടാല്‍ എന്നു ഞാന്‍ വിചാരിക്കുകയും ചെയ്തു. ഷിജുവും ജിനിലും കൂടിപ്പോയി രണ്ടുലിറ്റര്‍ കള്ളുമായി തിരികെ വന്നു. ഗ്ലാസിനൊന്നും കാത്തുനില്ക്കാതെ അല്പം രുചിച്ചു നോക്കി..ഹായ്..ഹയ്...എന്തായിരുന്നു ആ രുചി! കരിക്ക് തോല്‍ക്കും. പിന്നെ എല്ലാവരുംകൂടി കിട്ടിയതത്രയും കുടിച്ചു തീര്‍ത്തു എന്നുപറഞ്ഞാല്‍ മതിയല്ലോ. വെള്ളനിറത്തിലുള്ള മറ്റൊരു പെപ്സിയാവും എന്നുകരുതിയിട്ടായിരിക്കും മനുവും കുടിക്കാന് വന്നു, രുചി അത്ര പിടിച്ചില്ലെന്നു തോന്നി.

കള്ളും മോന്തി ചുറ്റിനുമുള്ള കാഴ്ചകളും കണ്ട് അങ്ങനെ കുറച്ചു സമയം കൂടി കഴിഞ്ഞപ്പോഴേക്ക് ഊണ് റെഡിയായെന്ന് സജിമോന് വന്നറിയിച്ചു.

പ്ലെയ്‌റ്റുകളും ഗ്ലാസുകളും ആദ്യവും, പുറകെ ആഹാര സാധനങ്ങളും വന്നു. ഷിജുവും ദീപുവും വിളമ്പാനുള്ള സഹായങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. കഴിച്ചു തുടങ്ങുന്നതിനു മുമ്പ് ഒരു ഫോട്ടോ എടുത്തിട്ടുണ്ട്. ദേ കണ്ടോളൂ.. അതിന്റെ താഴെയുള്ള ഫോട്ടോ മനഃപ്പൂര്‍വ്വം ഇട്ടതാണു കേട്ടോ!! കുട്ടനാട്ടിലെത്തിയാല് തീര്ച്ചയായും കഴിച്ചിരിക്കേണ്ട ഒരു വിഭവം.




സത്യം പറയാമല്ലോ, നല്ല പാചക‌കൈപ്പുണ്യമുള്ള രണ്ടുപേരായിരുന്നു ജിനിലും സജിമോനും. എല്ലാ വിഭവങ്ങളും നല്ല രുചികരം. നളപാചകം തന്നെ! മനുക്കുട്ടന് മീന്‍ വറുത്തതു കണ്ടാല്‍ പിന്നെ മറ്റൊന്നും വേണ്ടാ. കഥകേള്‍ക്കാതെ ആദ്യമായി ഒരു ദിവസം അവന്‍ വയറു നിറയെ ചോറുണ്ണത് അന്നാണ് കണ്ടത്. വള്ളത്തിലിരുന്നുകൊണ്ട് കാറ്റും കൊണ്ടൂള്ള ചോറൂണ്.... !! അത് അനുഭവിച്ചറിയേണ്ടതുതന്നെയാണു കേട്ടോ. വീട്ടിലെ ഡൈനിംഗ് ടേബിളില്‍, ഫാനിന്റെ അടിയിലിരുന്നു കഴിച്ചാലൊന്നും ഈ രുചിവരില്ല!


ഊണും കഴിഞ്ഞ് കൈകഴുകി വീണ്ടും രണ്ടു മണീക്കൂറോളം ഞങ്ങള്‍ കായലിലൂടെ യാത്രചെയ്തു. ഈ ജലാശയങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ തിരികെ പുറപ്പെട്ട സ്ഥലത്തേക്ക് വരാന്‍ വേണ്ടി നാം പോയ ഒരു വഴിയിലൂടെ തിരികെ വരേണ്ടതില്ല. അങ്ങനെ പുതിയപുതിയ കാഴ്ചകളും കണ്ട് ഞങ്ങള്‍ യാത്രചെയ്തു. എങ്കിലും വായനക്കാരുടെ ക്ഷമയെ മാനിച്ച് ഈ ഒരു പാരഗ്രാഫില്‍ അത് ഞാന്‍ ചുരുക്കിപ്പറയുകയാണ്. നാലു മണിയായപ്പോഴേക്ക് നല്ല ഓരോ ചായ സജിമോന്‍ ഉണ്ടാക്കി. ഏലക്കയും, ചുക്കും ഇട്ട നല്ല നാടന്‍ പാല്‍ച്ചായ. അതുകുടിച്ച് ഒരു പുത്തനുണര്‍വോടെ ഇരിക്കുമ്പോഴാണ് കായലോരത്ത് ഇരുമ്പു ചുണ്ടന്‍ കിടക്കുന്നതു കണ്ടത്. പരമ്പരാഗത ചുണ്ടന്‍ വള്ളങ്ങളൊക്കെയും തടികൊണ്ടു നിര്‍മ്മിച്ചവയാണല്ലോ. ഇത് പൂര്‍ണ്ണമായും ഇരുമ്പില്‍ നിര്‍മ്മിച്ചതാണ്. കഴിഞ്ഞവര്‍ഷമാണത്രെ ഇവനെ നീറ്റിലിറക്കിയത്.


തിരികെ വരുന്ന വഴിയില്‍ കായലോരത്തു തന്നെയുള്ള വലിയൊരു ടുറിസ്റ്റ് റിസോര്‍ട്ടും കണ്ടു. അവിടെ ഒരു നല്ല സ്റ്റാര്‍ ഹോട്ടലിന്റെ സൌകര്യങ്ങളെല്ലാം ഉണ്ടത്രെ. അങ്ങനെ വീണ്ടും ഞങ്ങള്‍ പുന്നമടക്കായലിന്റെ കിഴക്കേ അരികില്‍ വന്നു ചേര്‍ന്നു. ഇനി അല്പം കൂടി കഴിഞ്ഞാല്‍ മാവിന്‍ ചുവടായി.

വള്ളം പുറപ്പെട്ട സ്ഥലത്ത് ഞങ്ങള്‍ എത്തുമ്പോഴേക്കും ബോട്ടുടമ സിബി അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്കെല്ലാം നന്ദി പറഞ്ഞ്, വള്ളത്തിന്റെ വാടകയും നല്‍കി ഞങ്ങള്‍ ആ “ശ്യാമസുന്ദര കേരകേദാര ഭൂമിയോട്” വിടപറഞ്ഞു, വീണ്ടും ഒരിക്കല്‍ കൂടി വരാം എന്ന വാക്കോടെ.

തിരികെ കാറിലെത്തി വണ്ടി സ്റ്റാര്‍ട്ടാക്കുമ്പോഴേക്കും മാനം കറുക്കുന്നുണ്ടായിരുന്നു.

(അവസാനിച്ചു)


Note: ഞങ്ങള്‍ യാത്രചെയ്ത ബോട്ട് സര്‍വ്വീസിന്റെ അഡ്രസ് :

തേജസ് ടൂര്‍സ് ആന്റ് ട്രാവത്സ്,
ആലപ്പൂഴ, ഫോണ്‍ 0477-2252043
മൊബൈല്‍ : 94461 17525 (സിബി)
ഇ-മെയില്‍ വിലാസം thejasbackwater@yahoo.com



ഈ പോസ്റ്റിലെ ചിത്രങ്ങളെല്ലാം മഴക്കാലത്ത് എടുത്തവയാണ്. ഇതേ സ്ഥലം, കുമരകത്തുനിന്നും മഴയില്ലാത്ത നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ എടുത്ത കുറേ സുന്ദരചിത്രങ്ങള്‍ ഹരീഷ് തൊടുപുഴയുടെ ഈ ബ്ലോഗില്‍ ഉണ്ട്.

40 comments:

അപ്പു ആദ്യാക്ഷരി February 7, 2009 at 2:56 PM  

കുട്ടനാടന്‍ യാത്രാവിവരണത്തിന്റെ അവസാന ഭാഗം.

ഹരീഷ് തൊടുപുഴ February 7, 2009 at 6:26 PM  

ആദ്യം ഒരു തേങ്ങാ...

ഇപ്പോ വായിച്ചിട്ട് വരാവേ...

BS Madai February 7, 2009 at 6:54 PM  

പ്രിയ അപ്പൂ,
പതിവുപോലെ നല്ല പോസ്റ്റ്. കഴിഞ്ഞ രണ്ടു പോസ്റ്റിനേക്കാല്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവു തോന്നി. കരിമീനിന്റെയൊക്കെ പടം കാണിച്ച് ശരിക്കു കൊതിപ്പിക്കയും ചെയ്തു!
ഈ യാത്രാനുഭവങ്ങള്‍ പങ്കു വച്ചതിനു ഒത്തിരി നന്ദി.

ഹരീഷ് തൊടുപുഴ February 7, 2009 at 7:39 PM  

അപ്പുവേട്ടാ;
ഇത് ചുമ്മാ മനുഷ്യനെ കൊതിപ്പിക്കുന്ന പണിയായിപ്പോയി. ഹോ!!! ആ കരിമീന്‍ ഇരിക്കണ കണ്ടിട്ട് സഹിക്കണില്ല എനിക്ക്...
കപ്പയും കാന്താരിച്ചമ്മന്തിയും ഉണ്ടായിരുന്നല്ലേ...ഹും
ആലപ്പുഴക്കള്ള് ഒന്നാന്തരം സാധനമായിരിക്കും...
കള്ളീപ്പോള്‍ കുടിക്കാറില്ലെങ്കിലും, കുടിച്ച വിവരണം കേട്ടിട്ട് ഇപ്പോള്‍ കള്ള് കുടിക്കാന്‍ തോന്നുന്നു...

ഇടത്തോട്ടിലൂടെയുള്ള യാത്രയാണ് എന്റെ മനം കവര്‍ന്നത്..
ഇവിടെയും അങ്ങനെയുണ്ടായിരുന്നെങ്കില്‍ എപ്പോഴും ചൂണ്ടയിട്ടുകൊണ്ടിരിക്കാമായിരുന്നു..
എന്തു രസമായിരിക്കും അത്!!

ഇനിയും എനിക്ക് പോകണം ഒന്നുകൂടി ആ കായല്‍പ്പരപ്പുകളീല്‍...

ലിങ്കിനും നന്ദിയോടെ...

ബിന്ദു കെ പി February 8, 2009 at 9:28 AM  

അധികം വൈകാതെ ഞങ്ങളൊരു കുട്ടനാടൻ യാത്ര ചെയ്തിരിക്കും, തീർച്ച. വിവരണം അത്രയധികം കൊതിപ്പിച്ചു.

ബോട്ടുകളും വള്ളങ്ങളും തമ്മിലുള്ള പരസ്പരസഹായം കൊള്ളാം.

ഇടത്തോടുകൾ ‘കാഴ്ച’ എന്ന സിനിമയിലെ രംഗങ്ങൾ ഓർമ്മിപ്പിച്ചു.

മറ്റൊരാള്‍ | GG February 8, 2009 at 11:38 AM  

വളരെ സുന്ദരമായ മറ്റൊരു യാത്രാവിവരണം.

നന്ദി, കണ്ട കാഴ്ചകളൊക്കെ ഇവിടെ പങ്കുവച്ചതിന്.

ഓ.ടോ: ബ്ലോഗില്‍ അഡ്രസ് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞപ്പോള്‍, തേജസിന്റെ വക ഇളവ് വല്ലതും കിട്ടിയോ? എന്തായാലും അഡ്രസ് കിട്ടിയത് നന്നായി.

ജയരാജന്‍ February 8, 2009 at 12:50 PM  

അപ്പുവേട്ടാ, മൂന്ന് പോസ്റ്റുകളും ഇന്നാണ് വായിച്ചത്. വായിച്ച് തീരുംവരെ ഞാനും കാഴ്ചകളും കണ്ട് കൊണ്ട് കായൽ യാത്ര ചെയ്യുകയായിരുന്നു എന്ന് തോ‍ാന്നിപ്പോയി: നന്ദി!

Kaithamullu February 8, 2009 at 1:12 PM  

“കൊതിപ്പിച്ചൂ.....”

Manikandan February 8, 2009 at 3:17 PM  

അപ്പുവേട്ടാ വളരെ നല്ല വിവരണവും ചിത്രങ്ങളും. കുട്ടനാടൻ യാത്രയുടെ രസം ശരിക്കും ആസ്വദിച്ചു.

ചന്ദ്രകാന്തം February 8, 2009 at 3:24 PM  

ഈ യാത്രാവിശേഷങ്ങളും, പടങ്ങളും..
കരിമീനും, കപ്പയും പോലെ.. രുചികരം.
കായലും, കെട്ടുവള്ളവും പോലെ.. സുന്ദരം, ആസ്വാദ്യകരം.

(എല്ലാം കൂടി കാലത്തുതന്നെ കൊതിപ്പിച്ച്‌ വശംകെടുത്തി. :) )

യാരിദ്‌|~|Yarid February 8, 2009 at 4:49 PM  

ആ ജിൻസും ടീമും അപ്പുമാഷിനെ പറ്റിച്ചു. കരിമീനെന്നു പറഞ്ഞു തിലോപ്പി വറുത്തു കൊടുത്തു. അതു കരിമീനാണെന്നു പറഞ്ഞു കഴിക്കേം ചെയ്തു. പോരാഞ്ഞിട്ടു അതിന്റെ ഫോട്ടൊയും എടുത്തു ബ്ലോഗിലിട്ടു. അതിന്റെ ഫോട്ടോയെടുത്തിട്ടില്ലാരുന്നേൽ ആൾക്കാരെല്ലാം വിശ്വസിക്കുമായിരുന്നു. ഇപ്പൊ കള്ളീ പൊളിഞ്ഞില്ലെ അപ്പു മാഷെ..;)


കപ്പയും മീനും ഇരിക്കുന്നതു കണ്ടിട്ടു സഹിക്കുന്നില്ല :(

ജ്വാല February 8, 2009 at 5:19 PM  

സുന്ദരമായ ഒരു യാത്രാവിവരണം..ഈ യാത്രയും ആസ്വദിച്ചു

പ്രയാസി February 8, 2009 at 7:31 PM  

നാട്ടില്‍ ചെന്നാല്‍ ഇങ്ങനൊരു യാത്ര ചെയ്യാതെ വേറെ ഒരു പരിപാടിയും ഇല്ല
ഇതു സത്യം സത്യം സത്യം!

ഓടോ:കീബോര്‍ഡില്‍ വീണ ഉമിനീരിനു ആരു സമാധാനം പറയും..:(

The Common Man | പ്രാരബ്ധം February 8, 2009 at 10:34 PM  

മീന്‍ വെട്ടിയതു ഒത്തിട്ടില്ല. [ എന്നതേലും കുറ്റം പറയണമല്ലോ]
:-)

Appu Adyakshari February 9, 2009 at 7:49 AM  

കുട്ടനാടന്‍ യാത്രയില്‍ കൂടെപ്പോകാനെത്തിയ എല്ലാവര്‍ക്കും നന്ദി അറിയിക്കട്ടെ!

ഹരീഷ്, തേങ്ങയ്ക്കും കമന്റുകള്‍ക്കും നന്ദി.ഹരീഷ് കള്ളിന്റെ രുചിയെപ്പറ്റി എന്തെങ്കിലും കമന്റും എന്നുകരുതി. എന്നിട്ടുവേണമായിരുന്നു എനിക്ക് ഹരീഷിന്റെ കള്ളുപോസ്റ്റില്‍ വന്ന് ഒന്നു മേയാന്‍! :-( അതുവെറുതെയായിപ്പോയി.

ബി.എസ് ചേട്ടനും, ബിന്ദുവിനും, ജയരാജനും, കൈതേട്ടനും നന്ദി.

മറ്റൊരാളേ, ബ്ലോഗില്‍ തേജസിന്റെ അഡ്രസ് പോസ്റ്റാം എന്നൊന്നും പറഞ്ഞ് ഡിസ്കൌണ്ട് കിട്ടിയില്ലാ കേട്ടോ.ഇനി പോകുമ്പോള്‍ ചോദിക്കാം.

മണി, ചന്ദ്രകാന്തം, ജ്വാല അഭിപ്രായങ്ങള്‍ക്കു നന്ദി.

യാരിദ് പറയുന്നു ഇതു കരിമീനല്ല സിലോപ്പിയ ആണെന്ന്. ആണോ! അതിനു ഫോട്ടോയുടെ താഴെ അതു കരിമീനാണെന്ന് ഞാനും എഴുതിയിട്ടില്ലല്ലോ :-)

പ്രയാസിക്കുഞ്ഞേ, തീര്‍ച്ചയായും ഒരു ആലപ്പുഴയാത്ര പോകൂ.

കോമണ്‍ മാനേ ! ഹ.ഹ..ഹ.. മറ്റൊരു വള്ളക്കാരന്റെ സങ്കടം!!

മാഹിഷ്മതി February 9, 2009 at 8:35 AM  

വായിച്ചു..........ഇഷ്ടപെട്ടു

ശ്രീനാഥ്‌ | അഹം February 9, 2009 at 9:37 AM  

കൊറേ കാലായി ഹങള്‍് പോളം... ഹങള് പോളം (കട്: ലാലേട്ടന്‍) എന്ന് വിചാരിക്കുന്നു. വിചാരങള്‍ മാത്രം നന്നായി നടക്കുന്നുണ്ട്.

നല്ല വിവരണം മാഷേ...

sHihab mOgraL February 9, 2009 at 11:12 AM  

അപ്പൂ...
കുട്ടനാടില്‍ എപ്പഴാ ഒന്നു പോകാന്‍ പറ്റുക.. അങ്ങനെയൊന്നുണ്ണാന്‍ എന്നാ പറ്റുക....

പാര്‍ത്ഥന്‍ February 9, 2009 at 12:19 PM  

ആ കരിമീന്റെ ചിത്രം മാത്രമെ മനസ്സിലുള്ളൂ‍. വെറുതെ കൊതിപ്പിക്കാനായിട്ട്.

തോന്ന്യാസി February 9, 2009 at 1:01 PM  

ആലപ്പുഴയില്‍ ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിയ്ക്കൂ പ്ലീസ്.....

ശ്രീ February 9, 2009 at 2:23 PM  

അവസാന ഭാഗമായപ്പോഴേയ്ക്ക് കൊതിപ്പിച്ചല്ലോ...

:)

Mr. X February 9, 2009 at 5:15 PM  

വളരെ നല്ല വിവരണം.. പോകാന്‍ കൊതിയാവുന്നു...

നിരക്ഷരൻ February 9, 2009 at 10:09 PM  

കലാശക്കൊട്ട് പൊടിപൊടിച്ചു അപ്പൂസേ. പടങ്ങളെല്ലാം പതിവുപോലെ കിടുകിടുക്കൻ.

വായിൽ കെട്ടുവള്ളം ഓടി നടന്നു ആ കരിമീൻ പൊരിച്ചത് കണ്ടപ്പോൾ. കള്ളിനെപ്പറ്റി ഘോരഘോരം പ്രസംഗിച്ചിട്ട് കാലിയായ കള്ളുകുപ്പിയുടെ പോലും ഒരു പടം കാണിക്കാതിരുന്നതിൽ പ്രതിഷേധിച്ച് ഞാനീ യാത്രയുടെ ഇടയിൽ നിന്ന് ഇറങ്ങിപ്പോകുന്നു :) :)

ആളെറങ്ങാനുണ്ട്, ആളെറങ്ങാനുണ്ട്. ഡോ ജിനിലേ വള്ളം നിറുത്തഡോ ... :)

ആ 94 ആം നമ്പർ ഷാപ്പിന്റെ മുന്നിൽ ആളെറങ്ങണം :) :)

പകല്‍കിനാവന്‍ | daYdreaMer February 9, 2009 at 10:17 PM  

നന്നായി ആസ്വദിച്ച് ഈ പോസ്റ്റ്...:)
ഒപ്പം കൊതിപ്പിക്കുകേം...
കള്ള് മാത്രം കിട്ടീല്ല...!
:(

Appu Adyakshari February 10, 2009 at 7:53 AM  

ബിജേഷ് മാഹിഷ്മതി, ശ്രീനാഥ്, ഷിഹാബ് , പാര്‍ത്ഥേട്ടന്‍ നന്ദി :-) ശ്രീനാഥും ഷിഹാബും മനസില്‍ ആഗ്രഹം വച്ചുകൊണ്ടിരിക്കാതെ ഇനി കേരളത്തിലെത്തുമ്പോള്‍ ഇവിടം വരെ ഒന്നു പോവുക.

തോന്ന്യാസി :-) എന്തിനാണ് ആലപ്പുഴ ബ്ലോഗ് മീറ്റ്? വള്ളത്തില്‍ വച്ച് മീറ്റാനാണല്ലേ! നല്ല ഐഡിയ.

ആര്യന്‍, സന്ദര്‍ശനത്തിനു നന്ദി.
ശ്രീയേ, ഇത്ര കൊതി പാടില്ലാ.... :--

നിരക്ഷരോ...വള്ളത്തില്‍ നിന്നു വോക്ക് ഔട്ട് ചെയ്യാതെ, വെള്ളത്തിലാവും. പ്രോത്സാഹനങ്ങള്‍ക്ക് നന്ദി ഗുരോ!

Shaf February 10, 2009 at 10:18 AM  

യാത്ര ഏറെ ഇഷ്ട്പെടുന്ന എന്നാല്‍ അതികമൊന്നും യാത്രച്ചെയ്യാന്‍ ഭാഗ്യം ലഭിക്കാത്ത എനിക്കിതെല്ലാം കാണുമ്പോള്‍ മുഴുത്ത അസൂയ , സത്യം .. :)

Bindhu Unny February 10, 2009 at 11:48 AM  

നല്ല വിവരണം. ആ ലഞ്ചിന്റെ പടം കാണിച്ച് കൊതിപ്പിച്ചു. :-)

K.V Manikantan February 10, 2009 at 6:00 PM  

aa karimeente recipe koodi venamayirunnu poornnamaakaan :)

Ashly February 11, 2009 at 5:35 PM  

Great !!! Thanks a TON for the wonderful narration and pic

ജയതി February 11, 2009 at 11:46 PM  

അപ്പൂ
അപ്പുവും കുടുബവും യാത്രയിൽ അനുഭവിച്ച സന്തോഷം ഏതാണ്ട് മുഴുവനും തന്നെ ഞങ്ങൾക്കു കൂടി പങ്കിട്ടുതന്നു.വളരെ സന്തോഷം.

അടുത്ത വെക്കേഷനും ഇതുപോലെ ഒന്ന് പ്രതീക്ഷിക്കാം അല്ലേ?

Appu Adyakshari February 12, 2009 at 8:01 AM  

ഷാഫ്, ബിന്ദു ഉണ്ണി, സങ്കുചിതന്‍ :-)സന്ദര്‍ശനത്തിനു നന്ദി! എല്ലാവരും കരിമീനില്‍ തട്ടിത്തടഞ്ഞു നില്‍ക്കുകയാണല്ലോ!

ജയതിഅമ്മേ.... സന്തോഷം. തീര്‍ച്ചയായും, ഇനിയും പ്രതീക്ഷിക്കാം.

Ashly, thanks for your visit and comments.

ആഗ്നേയ February 12, 2009 at 9:16 AM  

ശരിക്കു കാറ്റും കൊണ്ട്,മഴക്കാറു കന്ട്,സുഖായി ഒന്നുണ്ട് ശരിക്കും ഫ്രഷായിതിരികെ എത്തി..(ആ തണുപ്പത്തു ചൂ‍ടുള്ള ചോറും,എരിവുള്ള കറീം..ആഹഹാ..)
ജീവസ്സുറ്റ ചിത്രങ്ങളും,ലളിതമായ വിവരണവും കൊണ്ട് വായനക്കാരെ അപ്പു കൂടെകൊണ്ടുപോയി..
അഭിനന്ദനങ്ങള്‍!!

കെ.കെ.എസ് February 12, 2009 at 1:00 PM  

this is simply superb..I enjoyed it like a documentry( by a holly wood director) all the best..

മുസാഫിര്‍ February 12, 2009 at 4:55 PM  

ശരിക്കും ആസ്വദിച്ചു,യാത്രാ വിവരണവും പടങ്ങളും.(ഇതിനെയാണ് ഇംഗ്ലീഷ്കാര്‍ ചാരുകസേര ടൂറിസം എന്നു പറയുന്നത് അല്ലെ - സ്വന്തം കസേരയില്‍ ഇരുന്ന് സ്ഥലങ്ങള്‍ ഒക്കെ കറങ്ങി അടിക്കുന്നതിനെ)
ഉരുക്കു ചുണ്ടന്റെ ഉപജ്ഞാതാവിനെ ഷാര്‍ജയില്‍ വച്ച് പരിചയപ്പെട്ടിരുന്നു.ആള്‍ ഒരു കലാകാരനും ബിസിനസ്സ്കാരനുമാണ്.ഉരുക്ക് ചുണ്ടന്‍ മത്സരത്തിനു വേണ്ടി ഉണ്ടാക്കിയതാണ്.പക്ഷെ ഒടുക്കം മത്സരിക്കാന്‍ എന്തോ പ്രശ്നം വന്നപ്പോള്‍ അദ്ദേഹം അതു കരക്കാര്‍ക്ക് സംഭാവനയായിക്കൊടുത്തെന്നൊ മറ്റോ ആണ് പറഞ്ഞത്.

Sunith Somasekharan February 14, 2009 at 11:25 PM  

അപ്പൂ ആദ്യമായാണ്‌ താങ്കളുടെ ബ്ലോഗില്‍ വന്നു നോക്കിയത് ... കൊള്ളാം ... നല്ല വിവരണം ...

കുഞ്ഞന്‍ February 15, 2009 at 10:17 AM  

അപ്പു മാഷെ..

അവതരണ രീതി നോക്കിയാല്‍ ആദ്യത്തെ രണ്ടുപോസ്റ്റിനേക്കാള്‍ മികച്ചത് ഈ പോസ്റ്റ് തന്നെയാണ്. വായിക്കുമ്പോള്‍ നിങ്ങളോടൊപ്പം ഞാനും സഞ്ചരിച്ചതുപോലെ അനുഭവപ്പെടുന്നു. ശരിക്കും സഞ്ചാര സാഹിത്യത്തിന്റെ ട്രാക്കില്‍ അപ്പു എത്തിനില്‍ക്കുന്നു,അഭിനന്ദനങ്ങള്‍ മാഷെ..

ഈ പോസ്റ്റുകള്‍ വായിക്കുന്ന ഏതൊരു വ്യക്തിക്കും ഹൌസ്ബോട്ടില്‍ ഒന്നു ചുറ്റിയടിക്കാന്‍ തോന്നും തീര്‍ച്ച..!

തിത്തൈ തക തെയ്തോം......

Appu Adyakshari February 15, 2009 at 10:33 AM  

ആഗ്നേയ, കെ.കെ.എസ്, My Crack words. നന്ദി.

മുസാഫിര്‍ മാഷേ, ഉരുക്കുചുണ്ടന്റെ കഥപങ്കുവച്ചതിന് നന്ദി!

കുഞ്ഞന്‍സ്, നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി. ഇനിയാത്രപോയാല്‍ ഇതുപോലെ എഴുതാന്‍ ശ്രമിക്കാം.

Kiranz..!! February 20, 2009 at 1:25 AM  

ഹരീഷിന്റെയും പടങ്ങൾ കണ്ടു,രണ്ടും ഭീകരമായ പ്രലോഭനങ്ങൾ.ഉറപ്പിച്ചു കഴിഞ്ഞു.അപ്പോ തേജസ്കാരനെത്തന്നെ പിടിക്കാമല്ല്യോ..?

ഈ ഫോട്ടോ ബൈ ഫോട്ടോ ഞാൻ പ്രിന്റെടുക്കും,ഇതെല്ലാം അതേ പോലെ തേജസുകാരനോട് ഡിമാന്റും.കിട്ടീല്ലെങ്കി..ഹൂം.. :)

ഹന്‍ല്ലലത്ത് Hanllalath March 3, 2009 at 3:01 PM  

ചിത്രങ്ങളെല്ലാം മനോഹരം...
ഒന്നും രണ്ടും ഭാഗം വായിച്ചിട്ടില്ല..വായിച്ചു വരുന്നു...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP