സഹ്യന്റെ മടിയിലൂടെ ഒരു യാത്ര - മൂന്ന്
>> Saturday, September 6, 2008
കഴിഞ്ഞപോസ്റ്റിന്റെ അവസാനം നമ്മള്‍ പാഞ്ചാലിമേട്ടിന്റെ മുകളിലെത്തി അവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരുമാസത്തോളം ആയി എന്നറിയാം. വായിക്കുവാന്‍ കാത്തിരുന്നവര്‍ ക്ഷമിക്കുക, കുറേ തിരക്കിലായിപ്പോയി.
ശരി, അപ്പോള്‍ നിറുത്തിയിടത്തുനിന്നും തുടങ്ങാം.
പാഞ്ചാലിമേട്ടിലേക്കുള്ള കയറ്റത്തിന്റെ അവസാനം ഇങ്ങനെയായിരുന്നു. ഈ കയറ്റം കയറി, റോഡ് കുന്നിന്റെ നെറുകയിലെത്തി അല്പദൂരം നിരപ്പായി തന്നെ പോവുകയാണ്. ഈ റോഡില്‍ നിന്നും അല്പം ഉയരത്തിലായി രണ്ടു കുന്നുകള്‍ കാണുന്നുണ്ട്; ഇതാണ് പാഞ്ചാലിമേടിന്റെ പ്രധാന ഭാഗം എന്ന് ന്യായമായും ഞങ്ങള്‍ ഊഹിച്ചു. ഞങ്ങള്‍ കാര്‍ റോഡിന്റെ ഒരരികത്തേക്ക് ഒതുക്കി നിര്‍ത്തി. ആരോടെങ്കിലും ചോദിക്കാം എന്നുവച്ചാല്‍ പരിസരത്തെങ്ങും ഒരു കുഞ്ഞിനെപ്പോലും കാണുന്നില്ല. ഇങ്ങനെയൊരു കണ്‍ഫ്യൂഷന്‍ വരാന്‍ കാര്യം അവിടെനിന്ന് നാലു ചുറ്റിലേക്ക് നോക്കിയാലും കാണുന്ന കാഴ്ചകള്‍ നയനാനന്ദകരമായിരുന്നു എന്നതു തന്നെ. പക്ഷേ ടാര്‍ ചെയ്ത റോഡ് മുന്നോട്ട് തന്നെ പോവുകയാണ്. അതിനാല്‍ അല്പം കൂടെ മുന്നോട്ട് പോയി നോക്കുവാന്‍ തീരുമാനിച്ചു. താമസിയാതെ റോഡ് ഒരു ഇറക്കം ഇറങ്ങുവാന്‍ തുടങ്ങി. അതോടെ ഇനി മുകളിലേക്കല്ല, താഴേക്കുതന്നെയാണ് ഈ റോഡ് പോകുന്നതെന്ന് മനസ്സിലായി.
ആലോചിച്ചു നില്‍ക്കുമ്പോള്‍ അല്പം ദൂരത്തിലായി ഒരു ചേട്ടന്‍ നടന്നു വരുന്നത് കണ്ണില്‍ പെട്ടു. അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇതാവാം മേട് എന്നുദ്ദേശിച്ച മലകള്‍ തന്നെയാണ് പാഞ്ചാലിമേടെന്ന് പറഞ്ഞുതന്നു. അവിടേക്ക് കയറിപ്പോകുവാനുള്ള പാത തുടങ്ങുന്നിടത്തായി ഒരു കുരിശും, അതിനരികിലായിതന്നെ അമ്പലത്തിന്റെ വഞ്ചികയും കാണാം എന്നും അദ്ദേഹം പറഞ്ഞു. ഇത് ഞങ്ങള്‍ കടന്നു വന്ന വഴിയില്‍തന്നെ. കാറ് തിരികെ അങ്ങോട്ട് തന്നെ വിട്ടു. ജീപ്പുകള്‍ കടന്നുപോകുന്ന വഴിത്താരകള്‍ അവിടെയുണ്ടായിരുന്നു. പക്ഷേ അവിടേക്ക് കൊച്ചുകാറുകള്‍ കയറ്റുക ബുദ്ധിയല്ല. മാത്രവുമല്ല കുത്തനെയുള്ള മലയൊന്നുമല്ല, ചെറുതായി ചരിഞ്ഞ് മുകളിലേക്ക് കയറുന്ന മലയായിരുന്നു അത്. ഏകദേശം ഒരു കിലോമീറ്ററോളം മുകളിലേക്ക് കയറേണ്ടി വരാം എന്ന് താഴെനിന്ന് തോന്നിച്ചു.
മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ നിരനിരയായി കുരിശുകള്‍ മലമുകളിലേക്ക് കയറ്റി സ്ഥാപിച്ചിരിക്കുന്നു. ഇതെന്താണെന്ന് എനിക്കു പെട്ടന്നു തന്നെ മനസ്സിലായി - ക്രിസ്ത്യാനികള്‍ക്കിടയില്‍ കത്തോലിക്കര്‍ക്ക് “കുരിശുമല കയറ്റം“ എന്നൊരു ചടങ്ങുണ്ട്. ഈസ്റ്ററിനോടനുബന്ധിച്ചുള്ള പീഡാനുഭവ വാരത്തിലാണ് ഇത് നടത്തുക. കിഴക്കന്‍ മലയോരപ്രദേശങ്ങളിലെ കത്തോലിക്കാ പള്ളികളൊക്കെയും അവരുടെ സമീപ പ്രദേശങ്ങളിലുള്ള ഏതെങ്കിലും ഒരു മലയില്‍ ഇതിനായി പതിനാലു കുരിശുകള്‍ സ്ഥാപിച്ചിരിക്കും. ഈ കുരിശുകള്‍ സ്ലീബാപാതയിലെ പതിനാലു സ്ഥലങ്ങളെ കുറിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവസ്മരണകളും, പാട്ടുകളും പ്രാര്‍ത്ഥനകളുമായി വിശ്വാസികള്‍ മലകയറുന്നു. ഇതിനാണു കുരിശുമലകയറ്റം എന്നു പറയുന്നത്. ഇവിടെ പാഞ്ചാലിമേട്ടിലെ ഒരു മല, ഏതോ പള്ളിയുടെ കുരിശുമലയാണെന്നു വ്യക്തം.
ഏതായാലും ഏറ്റവും താഴെയുള്ള കുരിശിനു സമീപമായി അവിടെയുള്ള മതസൌഹാര്‍ദ്ദത്തിന്റെ ലക്ഷണമായി മലമുകളിലുള്ള അമ്പലത്തിന്റെ വഞ്ചിയും ഉണ്ട്. രണ്ടുമലകള്‍ ഉണ്ട് എന്നു പറഞ്ഞല്ലോ, അതില്‍ ഇടതുവശത്തുള്ള മലയില്‍ ഈ പറഞ്ഞ കുരിശുകളും, വലതുവശത്തുള്ള മലയില്‍ പാഞ്ചാലീ ക്ഷേത്രവും ആണെന്നു അല്പം കയറിയപ്പോള്‍ കാണാറായി. ഭാഗ്യവശാല്‍ അതുവരെ ഉരുണ്ടുകൂടി വന്നുകൊണ്ടിരുന്ന കാര്‍മേഘങ്ങള്‍ക്കും അല്പം ശമനം വന്ന് വെയില്‍ തെളിഞ്ഞു. ഞങ്ങള്‍ പതിയെ മലകയറാന്‍ ആരംഭിച്ചു.
സത്യം പറയട്ടെ, ഇത്രയധികം പ്രകൃതിരമണീയമായ ഒരു മല ഞാനിതുവരെ കണ്ടിട്ടില്ല. മാത്രവുമല്ല, പടിഞ്ഞാറുദിശയിലേക്ക് ഇവിടെനിന്നുള്ള കാഴ്ച അതിമനോഹരം തന്നെ.
കാറ്റ് വളരെ ശക്തിയായി വീശിയടിക്കുന്നു. നല്ല തണുപ്പും. മഞ്ഞ് കാറ്റില്‍ പെട്ട് ചുഴിപോലെ താഴേക്ക് ഇറങ്ങുന്നു, കാറ്റിനോടൊപ്പം നമ്മെ തൊട്ടുതഴുകി കടന്നുപോകുന്നു. പടിഞ്ഞാറുനിന്നും വരുന്ന ഇടവപ്പാതികാറ്റ് ഈ മലകളുടെ താഴ്വാരങ്ങളില്‍ തട്ടി തടയപ്പെട്ട് ഒരു വലിയ തിരമാല അടിച്ചു മുകളിലേക്ക് ഉയരുന്നതുപോലെ മുകളിലേക്ക് ഉയരുന്നതിനാലാണ് ഇത്ര ശക്തമായ കാറ്റ് അവിടെ അനുഭവപ്പെടുന്നത്. ഇങ്ങനെ ഉയരുമ്പോള്‍, അത് തണുക്കുകയും, വായുവിലെ നീരാവി ഘനീഭവിച്ച് മേഘങ്ങളായി മാറുകയും ചെയ്യുന്നു. ഈ മേഘങ്ങളാണ് മലയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ നമുക്ക് മഞ്ഞുപോലെ തോന്നുന്നത്.
ഇത്ര ഉയര്‍ന്ന ഒരു മലയുടെ മുകളില്‍ നിന്നുകൊണ്ട് വായു സമുദ്രത്തിലുണ്ടാവുന്ന ഇത്തരം വന്‍ അലകള്‍ കാണുവാന്‍ ഒരു ഭംഗിതന്നെ - ഒരു തരം ഭയാനകമായ സൌന്ദര്യം എന്നു പറയാം. ഇങ്ങനെ വര്‍ഷത്തില്‍ എല്ലാസമയത്തും ഒരേ അളവില്‍, ഒരേ ശക്തിയില്‍, ഒരേ ദിശയില്‍ കാറ്റുവീശുന്ന സ്ഥലങ്ങളാണ് കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ അനുയോജ്യമത്രേ. മലമുകളിലായി കാറ്റിന്റെ ഗതി പഠിക്കുവാനുള്ള സെന്‍സറുകള്‍ ഘടിപ്പിച്ച ഒരു വലിയ ആന്റിനയും ഉണ്ട്.
സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തിയഞ്ഞൂറ് അടി ഉയരത്തിലാണ് പാഞ്ചാലിമേട് സ്ഥിതിചെയ്യുന്നത്. പാണ്ഡവര്‍ തങ്ങളുടെ അജ്ഞാതവാസത്തക്കാലത്ത് ചെറിയൊരു കാലയളവില്‍ ഈ ഭാഗത്ത് താമസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. മലയുടെ മുകളിലായി ഒരു പാഞ്ചാലീക്ഷേത്രം ഉണ്ടെന്ന് പറഞ്ഞല്ലോ. ഇതിന്റെ പരിസരത്തിലായി പാഞ്ചാലികുളം എന്നൊരു ജലതടാകവും ഉണ്ട്. രണ്ടായിരത്തഞ്ഞൂറ് അടി ഉയരത്തിലെ മലമുകളില്‍ ഒരു സ്വച്ഛജലതടാകം ! അത്ഭുതം തന്നെ. ശബരിമലയില്‍ മകരസംക്രാന്തി നാളില്‍ തെളിയുന്ന മകരജ്യോതിസ് പാഞ്ചാലിമേട്ടില്‍നിന്നും ദൃശ്യമാകുമത്രെ! ഈ മലയുടെ അടിവാരത്തില്‍ വള്ളിനാന്‍കാവ് എന്ന ഒരു ഗ്രാമമുണ്ട്. അവിടെ മലയരയന്മാരുടെ വാസസ്ഥലവും, ക്ഷേത്രവും ഉണ്ടെന്നും, അവിടെനിന്ന് പാഞ്ചാലിമേട്ടിലേക്ക് മൂന്നുമണിക്കൂര്‍ ട്രെക്കിംഗിനുള്ള ദൂരമുണ്ടെന്നും പിന്നീട് ഇന്റര്‍നെറ്റില്‍ നിന്നും വായിച്ചറിഞ്ഞു.
മലയുടെ ഏകദേശം കാല്‍ഭാഗം കയറിയപ്പോഴേക്കും മുകളില്‍ കാണുന്ന രണ്ടു ഫോട്ടോകളിലെപ്പോലെയുള്ള പ്രകൃതി ദൃശ്യങ്ങള്‍ കാണാറായി. അപ്പോഴേക്കും ഷിജുവും ഷോബിയും “ഞങ്ങള്‍ ഇപ്പോ വരാമേ“ എന്നു പറഞ്ഞ് കാറിനടുത്തേക്ക് തിരികെ ഇറങ്ങിപ്പോകുന്നതുകണ്ടു. ദീപയും അവരോടൊപ്പം പോയി. മനുക്കുട്ടനാണെങ്കില്‍ ഒന്നാമത് നടക്കുകയില്ല, പോരാത്തതിന് ഇതൊരു മലയും. അവന്‍ പതിവുപോലെ എന്റെ തോളില്‍ തൂങ്ങിക്കിടക്കുകയാണ്. ഈ ശീലം കാരണം വേതാളം എന്നാണ് ഞാനവനെ വിളിക്കുന്നത് (കടപ്പാട് : വിക്രമാദിത്യ കഥകള്‍). മറ്റേത്തോളില്‍ കര്‍ണ്ണ കുണ്ഡലങ്ങള്‍ പോലെ വീഡിയോ ക്യാമറ, സ്റ്റില്‍ ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വേറെയും. ഈ ചെക്കനേയും ചുമന്നുകൊണ്ട് മലകയറിയാല്‍ എന്റെ നടുവ് ഒടിയും എന്നറിയാമായിരുന്നതിനാല്‍, അവര്‍ തിരികെ വരുന്നതുവരെ കാത്തുനില്‍ക്കുകയേ വഴിയുള്ളായിരുന്നു. എങ്കിലും എന്തിനാണാവോ ഇവര്‍ തിരികെ കാറിന്റെ അടുത്തേക്ക് പോയത് എന്ന് എനിക്ക് മനസ്സിലായില്ല.
ഇതിനിടെ മനുവിനെ ഒരു വിധത്തില്‍ താഴെ നിര്‍ത്തിയിട്ട് ഞാന്‍ നാലുചുറ്റിനുമുള്ള കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്താനാരംഭിച്ചു. (നല്ലൊരു പോസ്റ്റിനുള്ള വകുപ്പുണ്ടെന്ന് അപ്പോഴേ അറിയാമായിരുന്നു). ദേ കണ്ടോളൂ നാലുവശത്തേക്കുമുള്ള കാഴ്ചകള്‍. മലഞ്ചെരുവില്‍ ഒരു പയ്യന്‍ ഒരു പറ്റം കൊഴുത്തുതടിച്ച പശുക്കളെ മേയിക്കുന്നുണ്ടായിരുന്നു. പശുക്കള്‍ക്കാണെങ്കില്‍ വളരെ സന്തോഷം, നല്ല ഇളംപച്ച പുല്ലല്ലേ നിരന്നങ്ങനെ നില്‍ക്കുന്നത്! അല്പസമയത്തിനുള്ളില്‍ ഒരു മേഘം വന്ന് പശുക്കളേയും പയ്യനേയും മറച്ചുകൊണ്ട് കടന്നുപോയി. ഈ കാഴ്ചകളൊക്കെയും നമ്മുടെ നഗ്നനേത്രങ്ങളാല്‍ കാണുന്നതിന്റെ നൂറിലൊന്നു ഭംഗിയില്‍ പോലും പകര്‍ത്തുവാന്‍ ഒരു ക്യാമറക്കാവില്ല എന്ന് ഇവിടെ പ്രത്യേകം പറയട്ടെ.
താഴെയുള്ള ചിത്രത്തില്‍ വലതുമൂലയ്ക്കായി കാണുന്ന ജലാശമാവണം പാഞ്ചാലികുളം എന്നു ഞാന്‍ അനുമാനിക്കുന്നു.
ഇതാണു കിഴക്കുഭാഗത്തേക്കുള്ള കാഴ്ചകള്‍. പടിഞ്ഞാറുഭാഗത്തേക്കുള്ള ദൃശ്യമാണ് ഈ പോസ്റ്റില്‍ മൂന്നാമതും നാലാമതും കാണുന്ന ഫോട്ടോകള്‍.
ഇത്രയും ഫോട്ടോകളൊക്കെ ഞാന്‍ പകര്‍ത്തിക്കഴിഞ്ഞപ്പോഴേക്ക് കാറിലേക്ക് പോയവരൊക്കെ മടങ്ങിവരുന്നതു കണ്ടു. നവദമ്പതികള്‍ കാര്യമായിട്ടുതന്നെയാണ് - ഷര്‍വാണിയും, ഷാളും ഒക്കെയായി ഷിജുവും, അതിനു ചേരുന്ന ഒരു കളറിലെ ചുരിദാറും ആയി ഷോബിയും. ഒരു ഫോട്ടോഷൂട്ടിനുള്ള വരവാണെന്ന് എനിക്കുമനസ്സിലായി. ലൊക്കേഷന്‍ അതീവസുന്ദരം. ചേട്ടന്‍ ക്യാമറാമാന്‍ സ്റ്റില്‍സ് വേണോ അതോ വീഡിയോ വേണോ എന്ന മട്ടില്‍ നില്‍ക്കുന്നു. പിന്നെ കുറേ ഫോട്ടോ എടുത്താലെന്തെടേ .. എന്നാണു ഷിജുവിന്റെ മനോഗതം എന്നു മുഖത്ത് വ്യക്തമായിരുന്നു. ങാ.. പിള്ളേരുടെ ആഗ്രഹമല്ലേ, നടക്കട്ടെ എന്നു ഞാനും വിചാരിച്ചു. അങ്ങനെ പല ആംഗിളുകളില്‍, പോസുകളില്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ കുറേ ഫോട്ടോകളും, വീഡിയോ ഫുട്ടേജും എടുത്തു (അതൊന്നും ഇവിടെ ഇടുന്നില്ല കേട്ടോ..!!)
വീണ്ടും ഞങ്ങള്‍ മലകയറ്റം തുടര്‍ന്നു. കുരിശിന്റെ വഴിയിലെ ഒന്‍പതാം സ്ഥലമായപ്പോഴേക്കും അവരൊക്കെ ക്ഷീണിച്ചു. അപ്പോഴേക്കും മനുക്കുട്ടന്‍ എങ്ങനെയോ ദീപയുടെ കൈകളില്‍ എത്തിയിരുന്നു. മനുവിന്റെയൂം ഉണ്ണീയുടെയും കൈയ്യില്‍ കുടയും ഉണ്ട്. കുറച്ചുകഴിഞ്ഞപ്പോഴേക്ക് കാറ്റ് പിടിച്ച് മനുവിന്റെ കുട മൂടും ഇളകി വവ്വാലുപോലെ ആയി. അത് ഒരു വിധത്തില്‍ മടക്കി കൈയ്യില്‍ കൊടൂത്തപ്പോഴത്തെ ദേഷ്യമാണു താഴത്തെ ചിത്രത്തില്‍. കുട ഒടിഞ്ഞതിന്റെ കാര്യം അവന്‍ ദീപയോടൂം ബാക്കിയുള്ളവരോടും പറഞ്ഞുകൊണ്ടുനിന്ന നേരത്തിനു ഞാനും ഉണ്ണിമോളും അവിടെനിന്ന് സ്കൂട്ടായി! വേതാളം തോളിലില്ലാത്തതിന്റെ ആശ്വാസത്തില്‍ വേഗത്തിലാണു മലകയറ്റം. അല്പം കൂടികയറിക്കഴിഞ്ഞപ്പോഴേക്ക് കാറ്റ് അതീവ ശക്തിയില്‍ അനുഭവപ്പെട്ടു തുടങ്ങി. വശങ്ങളിലുള്ള പുല്ലുകളൊക്കെ അടിച്ചു പറത്തുകയാണ്. ഉണ്ണി നിലത്തുനിന്നും പൊങ്ങിപ്പോകുമോ എന്നുപോലും അവള്‍ക്ക് പേടിയായി. തിരിച്ചുപോകണം അപ്പാ, എന്ന് അവള്‍ പറഞ്ഞപ്പോള്‍ പൊയ്കൊള്ളുവാന്‍ ഞാന്‍ അനുവദിച്ചു.
ഇത്രയുമായപ്പോഴേക്ക് “അപ്പാ.... അപ്പാ...” എന്നുള്ള വിളിയുടെ അകമ്പടിയോടെ മനുവിന്റെ കരച്ചില്‍ ചുറ്റിലുള്ള മലകളില്‍ പ്രതിധ്വനിച്ചുകൊണ്ട് പുറകില്‍ നിന്ന്എനിക്കു കേള്‍ക്കാറായി! ഞാന്‍ രക്ഷപെട്ടിരിക്കുന്നു എന്ന് മനുവിനു മനസ്സിലായതാണ്.
ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ആ വിജനമായ വലിയ മലയുടെ മുകളിലൂടെ, ഒടിഞ്ഞ കുടയും കൈയ്യില്‍ പിടിച്ച് ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് “ഒരേ ഒരു ലക്ഷ്യം ശബരിമാമല........” എന്നു പാട്ടില്‍ പറഞ്ഞതുപോലെ മനു ഞങ്ങളെ ലക്ഷ്യമാക്കി ഓടിവരുകയാണ്. ഈ കൊച്ചിനെ തനിയെ വിട്ടതിനു ദീപയെ മനസില്‍ ചീത്തപറഞ്ഞുകൊണ്ട് (അല്ല, ദീപ വിചാരിച്ചാലും അവന്‍ ഒന്നുദ്ദേശിച്ചാല്‍ പിന്നെ നില്‍ക്കുകയില്ല), ഞാന്‍ അവനെ എടുക്കാനായി വീണ്ടും താഴേക്ക് പോയി.
മലമുകളില്‍ നിന്ന് താഴേക്കുള്ള ദൃശ്യം. ചിത്രത്തില്‍ ഇടതുവശത്തായുള്ള മലമുകളില്‍ കാണുന്നത് പാഞ്ചാലീക്ഷേത്രം. അതിനു മുമ്പിലായി കാറ്റിനെപ്പറ്റി പഠിക്കുവാനുള്ള ആന്റിന കാണാം. താഴേക്ക് ഇറങ്ങിപ്പോകുന്നത് ഉണ്ണിമോള്‍. ഏറ്റവും മുമ്പിലായുള്ള കുരിശിന്റെ ഇടതു മുകള്‍ ഭാഗത്ത് കാണുന്ന കുഞ്ഞു പൊട്ട് കരഞ്ഞുകൊണ്ട് ഓടി വരുന്ന മനു!
തോളില്‍ വേതാളവുമായി മുകളിലേക്കുള്ള തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ഞാനും മനുവും ആ മലയുടെ മുകളറ്റം വരെ കയറി. കാറ്റിന്റെ വേഗതയാല്‍ അവന്‍ പേടിക്കുന്നുണ്ട്, അതുപോലെ തണുത്തുവിറയ്ക്കുന്നുമുണ്ട്. പേടികാരണം മലയുടെ മുകളില്‍ നിന്നുകൊണ്ട് അവന്റെ ഒരു ഫോട്ടോ എടുക്കുവാന്‍ അവന്‍ എന്നെ അനുവദിച്ചില്ല. എങ്കിലും അപ്പയുടെ ഒരു ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചപ്പോള്‍, വിറച്ചുകൊണ്ടാണെങ്കിലും അവന്‍ സമ്മതിക്കുക തന്നെ ചെയ്തു. അങ്ങനെ കുഞ്ഞിക്കൈയ്യില്‍ ഉറയ്ക്കാത്ത ക്യാമറയുമായി മനു എടുത്ത ചിത്രമാണ് താഴെ. ചിത്രത്തിലെ പുല്ലുകളുടെ നില്‍പ്പും എന്റെ പാന്റിലെ ചുളിവുകളും ശ്രദ്ധിച്ചാല്‍ കാറ്റിന്റെ വേഗതയുടെ ഒരു ഏകദേശരൂപം മനസ്സിലാക്കാം.
അങ്ങനെ പാഞ്ചാലിമേടിന്റെ മുകളില്‍ അല്പസമയം ചെലവഴിച്ച് ഞങ്ങള്‍ താഴേക്ക് ഇറങ്ങി. അപ്പോഴേക്കും കാര്‍മേഘങ്ങള്‍ വീണ്ടും ഉരുണ്ടുകൂടുന്നത് കാണായി. ഞാന്‍ ഇറക്കം കൂടുതല്‍ വേഗത്തിലാക്കി. കാറിലെത്തുന്നതിനു മുമ്പ് മഴവീണാല്‍ ആകെ നനയും. എങ്കിലും എങ്ങനെയാണ് ഒരു മഴമേഘം മലയുടെ മുകളിലേക്ക് അടുക്കുന്നത് എന്ന് എല്ലാവര്‍ക്കും കാണുവാനായി രണ്ടുചിത്രങ്ങള്‍ അതേ ലൈറ്റിംഗില്‍ എടുത്തിട്ടുണ്ട്.
(ഈ ചിത്രത്തില്‍ നടുവിലായി കാണുന്ന മലയ്ക്കും, ഞാന്‍ നില്‍ക്കുന്ന മലയ്ക്കും ഇടയില്‍ കിലോമീറ്ററുകള്‍ വീതിയുള്ള ഒരു അഗാധ ഗര്‍ത്തമാണ്. അവിടെനിന്നാണ് കാറ്റ് മുകളിലേക്ക് കയറിവരുന്നത്)
ഓടി കാറില്‍ എത്തിയപ്പോഴേക്കും മഴവീണിരുന്നു!.....
വല്ലാത്ത തണുപ്പ്. ഫ്ലാസ്ക് തുറന്ന് ഓരോ കപ്പ് ചൂടുകാപ്പിയും കുടിച്ച് ഞങ്ങള്‍ ഇരിക്കുമ്പോള്‍ പുറത്ത് മഴ തകര്‍ക്കുകയായിരുന്നു....
(തുടരും)
39 comments:
ഒരിടവേളയ്ക്കുശേഷം സഹ്യന്റെ മടിയിലൂടെയുള്ള യാത്രയുടെ മൂന്നാം ഭാഗം.
ആഹാ... കുറേ നാൾ തിരക്കിലെന്നും പറഞ്ഞ് മാറി നിന്നിട്ട് തിരിച്ചു വരവ് ഗംഭീരമായല്ലോ... ആ ചിത്രങ്ങൾ അതിമനോഹരം...
ആഹാഹാ ... അതി ഗംഭീരം. എല്ലാ ഫോട്ടങ്ങളും മനോഹരം.
മനുക്കുട്ടന്‍ അപ്പയുടെ ഫോട്ടൊ എടുത്തപ്പോ “കുരിശ്ശായല്ലൊ” എന്നു മനസ്സില്‍ വിചാരിച്ചതു വ്യക്തമായി ഫോട്ടൊയില്‍ കാണാമല്ലൊ .. :)
ഓടോ : ആ യുവമിഥുനങ്ങള്‍ ആ തണുപ്പത്തു “ഞങ്ങള്‍ ഇപ്പോ വരാമേ“ എന്നു പറഞ്ഞ് കാറിനടുത്തേക്ക് പോയപ്പൊ അതിന്റെ പുറകെ പോയ ദീപയെ ഒരു കോമണ്‍ സെന്‍സ് ക്ലാസ്സിനു വിടൂ.. :) :)
നല്ല ഫോട്ടോസ്സ്
പാഞ്ചാലിമേടിലെ കാറ്റിന്റെ തണുപ്പ് ഓരോവാക്കിലും നിറഞ്ഞുനില്‍ക്കുന്നു. പടങ്ങള്‍ക്കൊരു അകമ്പടിപോലെ..
മനുവെടുത്ത പടത്തിന് തമനുമാഷ്‌ടെ കമന്റ്..."അപ്പനേക്കാളും വെല്യ കുരിശോ.." എന്ന് തിരുത്തിവായിക്യാന്‍.........
:) :)
ശ്യോ മനുഷ്യനെ കൊതിപ്പിക്കുന്ന പടങ്ങള്‍ .കിടു എന്നു പറഞ്ഞാല്‍ പോരാ കിക്കിടു !!!
ഒരു നാള്‍ ഞാനും അപ്പൂനെ പോലെ.....
സഹ്യന്റെ മടിയിലൂടെ പോകുമല്ലോ..
പടങ്ങളും വിവരണവും കുരിശുകളും “വലിയ കുരിശും” ഈ പോസ്റ്റ് തകര്‍ത്തു തരിപ്പണമാക്കി. അപ്പു മാഷിനെ കാറ്റ് പൊക്കിക്കൊണ്ടു പോവുന്ന ചിത്രം മനുക്കുട്ടന്‍ എടുത്തിട്ടെന്തേ ഇടാത്തെ? അതു മോശമായിപ്പോയി ;)
“കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍
അപ്പൂസും മനു, ഉണ്ണി, ദീപ, ഷിജു, ഷോബിയും പാഞ്ചാലിമേടിലിരിപ്പൂ..” :)
അപ്പു സര്‍ നന്നായിരിക്കുന്നു വിവരണം. ഫോട്ടോയില്‍ എനിക്കിഷ്ടപെട്ടതു ആ കുരിശിന്റെ അടുത്തു മറ്റൊരു കുരിശ് പോലെ നില്‍ക്കുന്നതാണ്..;)
രസിച്ചു വായിച്ചു. വിവരണം ഫോട്ടോകളേക്കാള്‍ ഇഷ്ടപ്പെട്ടു.
:)
എത്ര സുന്ദരം ഈ ചിത്രങ്ങള്‍...എത്ര വ്യക്തത...
ഒരു നാള്‍ ഞാനും പോകും പാഞ്ചാലിമേട്ടിലേയ്ക്ക്....
നന്നായിട്ടുണ്ട്..തുടരുക.
അപ്പുണ്ണിയേ, ഈ പോസ്റ്റുകളെല്ലാം അത്യുഗ്രന്‍, ഫോട്ടോസ് അതിഗംഭീരം!
കുരിശിന്റെ ഇടത് ഭാഗത്ത് നില്‍ക്കുന്ന കള്ളനെ പറ്റി ഷിജു എഴുതിയത് സത്യം തന്നേ?
ഓര്‍മ്മകളിലൂടെ വീണ്ടും ഒരു മടക്കയാത്ര. ആഹാ,അന്നു കുടിച്ച കാപ്പിയുടെ രുചി ദാ ഇപ്പോഴും.
പിന്നെ തമനു ചേട്ടാ,
എനിക്കിട്ട് ഒരു കൊട്ടുതന്നു അല്ലേ?????
” ഉത്തമന്‍ ആണെങ്കിലും തല തിരിഞ്ഞു പുറകിലായിപ്പോയവന്‍ തമനു“ എന്നല്ലേ സ്വന്തം പ്രൊഫൈലില്‍ എഴുതിയിരിക്കുന്നത്
അതുകൊണ്ട് എല്ലാം തലതിരിഞ്ഞേ കാണൂ.
പിന്നെ കുരിശിന്റെ അടുത്ത് നില്‍ക്കുന്നത് ഇടതുഭാഗത്തെ കള്ളനാണോ????
അപ്പുവേട്ടാ വളരെയിഷടപ്പെട്ടു.അടുത്തമാസം ഞാൻ
നാട്ടിൽ വരണൂണ്ട്.
ഇപ്പോ നാട്ടിലോ ദുബായിലോ
cute n cool pix
:)
അപ്പുവേ,,,
ഇതു ഗംഭീരമായെന്നു പറഞ്ഞു ഞാനീപോസ്റ്റിനെ കുറച്ചുകാണുന്നില്ല.. ഇത് അതിഗംഭീരം. ഓരോ പടവും വിവരണവും കിടിലന്‍. വരികള്‍ക്കിടയില്‍ വിരിയുന്ന കാറ്റും തണുപ്പും. ഇതു വായിക്കുന്നവര്‍ക്ക് കൂടി ഫീല്‍ ചെയ്യുന്നു. പിന്നെ ഒരു കാര്യം.... പറയുമ്പോള്‍ വിഷമിക്കരുത് കേട്ടോ... ഏറ്റവും നല്ല പടം മനു എടുത്തതു തന്നെ. ;)
-സുല്‍
മനോഹരമായ ചിത്രങ്ങളും നല്ല വിവരണവും... അപ്പൂ നന്ദി.
ഓടോ : (ഇതും ഒരു ഫാഷന്‍)
കുരിശിന് കീഴേ ... വേറെ ഒരു കുരിശ് എന്ന് ഫോട്ടോഗ്രാഫര്‍ കരുതിയോ ആവോ... :)
അപ്പുമാഷെ..
വൌ..എന്തൊ കുളിര്..നല്ല സുഖകരമായ തണുപ്പും കാറ്റും ആസ്വാദിപ്പിച്ച് വായനക്കാരെ കൂടെകൊണ്ടുപോകുന്ന ആ കഴിവിനുമുന്നില്‍ പ്രണാമം..!
മനുക്കുട്ടന്റെ അപ്പാ അപ്പാ എന്നു വിളിച്ചുകൊണ്ടു വരുമ്പോഴുള്ള രംഗം വിഷ്വലൈസ് ചെയ്യുമ്പോള്‍ അപ്പുണ്ണി മാഷ് പല്ലു കടിച്ചു പിടിക്കുന്നുണ്ടല്ലൊ ഇത്രക്കു ദേഷ്യമായിരുന്നൊ ദീപയോട്..?( ഇത്തരം രംഗങ്ങള്‍ ഞാനും കുടുംബവും കൂടി പോകുമ്പോള്‍ ഉണ്ടാകാറുണ്ട് )
അപ്പനെക്കാള്‍ വെല്യ കുരിശൊ എന്ന ചന്ദ്രകാന്തം കമന്റ് ഏറെ ചിരിപ്പിച്ചു.
മനുക്കുട്ടനെടുത്ത പടം കാണുമ്പോള്‍ കാറ്റിന്റെ ഹുങ്കാരം കേള്‍ക്കാന്‍ പറ്റുന്നുണ്ട്
എത്ര മനോഹരമായ സ്ഥലമാണ് !! എഴുത്തിനും ചിത്രങ്ങള്‍ കാണിച്ചുതന്നതിനും നന്ദി മാസ്റ്റര്‍ജീ.
മനുക്കുട്ടനെ കാഴ്‌ചയ്ക്കിപ്പുറത്തിന്റെ കമ്പോസിംഗ് ക്ലാസിന് ഇരുത്തേണ്ട ആവശ്യമില്ല എന്ന് തെളിയിക്കുന്ന ഫ്രെയിം.. കുരിശുകള്‍ എന്നാണോ അടിക്കുറിപ്പ് ;)
തല്ലരുത് പിച്ചിക്കോ..
നന്നായിരിക്കുന്നു ചിത്രങ്ങളും വിവരണവും
ഈ പറഞ്ഞ സ്ഥലങ്ങളുടെ ഏതാണ്ടടുത്തായിട്ടാ ഞാന്‍ ഇപ്പോ താമസിക്കുന്നത്....എന്നിട്ടും ഞാനിവിടങ്ങളിലൊന്നും പോയില്ലല്ലോന്നാലോചിക്കുമ്പോ സത്യായിട്ടും കരച്ചില്‍ വരുന്നു.........
നാലാംഭാഗം ലേറ്റാവണ്ടാട്ടോ.......
നല്ല പോസ്റ്റ്.
ഇതുപോലുള്ള സ്ഥലങ്ങള്‍ നമ്മുടെ നാട്ടില്‍ തന്നെയാണോ എന്ന് പലപ്പോഴും അതിശയിച്ചു പോകാറുണ്ട്. പ്രവാസത്തിന്റെ വിഹ്വലതകളിലൂടെയുള്ള പാച്ചിലില്‍ സ്വന്തം നാടിനെപ്പോലും അറിയാല്‍ നമുക്കു കഴിയാതെ വരുന്നു.
വിവരണവും ചിത്രങ്ങളും ഒന്നിനൊന്നു ബന്ധപ്പെട്ടു നില്‍ക്കുന്നു. നേരില്‍ക്കാണാന്‍ കഴിയാത്ത കാഴ്‌ചകളെ അടുത്തേക്കെത്തിച്ചു തരുന്നതിന് നന്ദി.
വേതാളവുമൊത്തുള്ള പാഞ്ചാലിമേട് കയറ്റവും പാവം വേതാളം കുട്ടിയെടുത്തു തന്ന ചിത്രവും വേതാളത്തിന്റെ അപ്പയുടെ വിവരണവും നന്നായി.
ആ മൂന്നാമത്തെ പടത്തിൽ ഉള്ള കുന്നുകളിൽ ഏതു ഭാഗം വരെയാണ് നിങ്ങൾ കയറിയത്?
ഇതിന്റെ രണ്ടാം ഭാഗം വരെ വായിച്ചിട്ടാണ് നാട്ടില്‍ പോയത്. തേക്കടിക്ക് പോകണം എന്ന് മനസ്സില്‍ കരുതിയതുമാ.. പക്ഷേ സമയക്കുറവും കാലാവസ്ഥയും ആഗ്രഹത്തെ തടഞ്ഞു.. പലപ്രാവശ്യം പോയ വഴിയില്‍ ആണെങ്കിലും ഇതുവരെ പോകാന്‍ പറ്റാത്ത പാഞ്ചാലിമേട്ടില്‍ ഒരു നാള്‍ ഞാനും പോകും ....
ഓ.ടോ.
അപ്പു.. NIKON Coolpix P5100 വാങ്ങാനേ പറ്റിയുള്ളു.. SLR തല്‍ക്കാലം അടുത്ത തവണ..
ഞാനിത് ആദ്യമാണ് അപ്പുവിന്റെ യാത്രാവിവരണം
വായിക്കുന്നത്.മൂന്ന് ഭാഗവും ഒറ്റയിരുപ്പില്‍ വായിച്ച് തീര്‍ത്തു.യാത്ര ചെയ്ത പ്രതീതി.ആശംസകള്‍......
ഇനിയും പ്രതീക്ഷിക്കുന്നു.
വെള്ളായണി
അപ്പൂ...
കുറേ നാളുകള്‍ക്കു ശേഷമാണു ഞാനീ ഓര്‍മ്മച്ചെപ്പു തുറക്കുന്നത്.. ഇങ്ങനെയൊരു പരിപാടി തുടങ്ങിയതും മൂന്ന് ഭാഗങ്ങള്‍ കടന്നു പോയതും ഞാനറിഞ്ഞേയില്ല. എന്നാലും ഒറ്റയിരുപ്പില്‍ എല്ലാം വായിച്ചു (ഭാഗ്യത്തിന് ജോലിത്തിരക്ക് കുറവായിരുന്നു)
വിവരണവും ചിത്രങ്ങളും ഗംഭീരം... അതിമനോഹരം.. വായിക്കുന്നതിനിടയില്‍ എണ്റ്റെ ചുറ്റിലും ഒരു തരം കുളിര്‍മ്മ പരന്നതും മഴമേഘങ്ങള്‍ ഉരുണ്ടു കൂടിയതും ഹൃദ്യമായ വിവരണ ഫലം തന്നെ. എല്ലാ ചിത്രങ്ങളും ആസ്വദിച്ചു. ഷട്ടര്‍ സ്പീഡ് കുറച്ചെടുത്ത (ഇപ്പോള്‍ കിട്ടിയ വിവരം) വെള്ളച്ചാട്ടവും, കാലികള്‍ മേയുന്ന പച്ചപ്പും കുറേ നേരം നോക്കിയിരുന്നു പോയി... ഞാനും കൂടെയുണ്ട്, യാത്ര പോകവേ...
അടിപൊളി! ഒരു ടൂര്‍ ചെയ്യ്-ത സംതൃപ്തി, ഞാനും ബ്ലൊഗില്‍ എഴുതാന്‍ വേണ്ടി ഒരുന്‍ യാത്ര പോകാന്‍ ആലോചിക്കുന്നു, താങ്ങ്സ് അപ്പു
ഓണം ബ്ലോഗ് കലക്കി...
ഞാനും ബ്ലോഗിത്തുടങ്ങിയിരിക്കുന്നു...സന്ദര്‍ശിക്കില്ലേ?
ഒന്നു കമന്റുകയില്ലേ?
“ഈ കാഴ്ചകളൊക്കെയും നമ്മുടെ നഗ്നനേത്രങ്ങളാല്‍ കാണുന്നതിന്റെ നൂറിലൊന്നു ഭംഗിയില്‍ പോലും പകര്‍ത്തുവാന്‍ ഒരു ക്യാമറക്കാവില്ല എന്ന് ഇവിടെ പ്രത്യേകം പറയട്ടെ“....അപ്പറഞ്ഞത്ത് സത്യം,പരമസത്യം. അല്ലെങ്കിലും നേരിട്ട് പോകാത്തവര്‍ ഇത്രയൊക്കെ ഭംഗി ആസ്വദിച്ചാല്‍ മതി :) :) ഞാനെന്തായാലും പാഞ്ചാലിമേട്ടില്‍ ഇരിപ്പായി.
യാത്ര പോകാന്‍ മനുഷ്യന്മാരാരും പോകാത്ത വല്ല മലയോ പാതാളമോ ഉണ്ടോന്ന് നോക്കിയിരിക്കുവായിരുന്നു. പാഞ്ചാലിമേട് ലിസ്റ്റില്‍ കയറിക്കഴിഞ്ഞു. നന്ദി അപ്പുമാഷേ.....
നേരത്തേ പറയാന്‍ മറന്നുപോയ ഒരു നിര്‍ദ്ദേശം ഇതാ... തുടര്‍ പോസ്റ്റുകള്‍ ആയ സ്ഥിതിക്ക്, പഴയ ഓരോ പോസ്റ്റുകളുടേയും അടിയില്‍ ‘തുടരും’ എന്ന് എഴുതിയത് പുതിയ പോസ്റ്റിലേക്കുള്ള ലിങ്കാക്കിയാല്‍ വായനക്കാരന് സൌകര്യമായി വഴിതെറ്റാതെ അടുത്ത പോസ്റ്റിലെത്താന്‍ പറ്റും.
അതോടൊപ്പം പുതിയ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന മുഖവുരയ്ക്ക് ഒരു നിറവ്യത്യാസമോ, ഫോണ്‍ഡ് സൈസ് ചെറുതാക്കുകയോ ചെയ്താല്‍ നന്നായിരിക്കും. അതില്‍ത്തന്നെ പഴയ പോസ്റ്റിലേക്കുള്ള ലിങ്ക് ഏതെങ്കിലും വാക്കുകളില്‍ വേണമെങ്കില്‍ കൊടുക്കുകയും ആവാം. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ ? :)
ഞാനിനി എന്നാ വേണമെന്ന് പറ. ഇവിടിരിക്കണോ അതോ അടുത്ത പോസ്റ്റിലേക്ക് പോകണോ ? അടുത്ത പോസ്റ്റ് ഇട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ വിവരമറിയും :)
ഗംഭീരം
ഗംഭീരം
സങതി കേമമായിരിക്കുന്നു!'അസ്തമയ'ത്തിലേക്ക് എത്തിനോക്കിയതിനും അഭിപ്രായം കുറിച്ചതിനും സന്തോഷം.
അപ്പുവേട്ടാ പോസ്റ്റു ഉഗ്രനായിട്ടുണ്ടൂ. ചിത്രങ്ങളും. ഫോട്ടം പിടിക്കാന്‍ മനുവും മോശമല്ല് കേട്ടോ.
അഭിനന്ദനങ്ങളോടെ.
നിരഞ്ജ്ന്‍.
ഇന്ന് ഒറ്റയിരുപ്പിനു മൂന്നു ഭാഗങ്ങളും വായിച്ചു. really nostalgic.
“ തിരികെ മടങ്ങുവാന്‍ തീരത്തണയുവാന്‍
ഞാനും കൊതിക്കാറുണ്ട് എന്നും”
അപ്പുവേട്ടനു ആശംസകളോറ്ടെ.
അപ്പോള്‍ തങ്ങിയത് എവിടെയാണ്? പരദീസ പ്ലാന്റെഷന്‍ രിട്രീട്ടിലോ അതോ തൃശന്കുവിലോ?
പിന്നെ ഈ സ്ഥലത്തെ കേരളത്തിലെ സ്കോട്ട്ലാന്ദ് എന്നാണ് വിദേശികള്‍ വിളിക്കുന്നത്. കുട്ടിക്കനത് നിന്നും കൃത്യം എത്ര കിലോമീറ്റര്‍ ആണെന്ന് ഊര്ക്കുനില്ല. പക്ഷെ മഴക്കാലത്ത് മണ്ണിടിച്ചിലും പാറ വീഴലും ഒക്കെ ഉള്ള സ്ഥലമാണ്. ഇവിടെ എനിക്കൊരു സുഹൃത്ത് ഉണ്ടായിരുന്നു, ടിപ്പര്‍ ലോറി ഓടിക്കാനായി വന്നു പിന്നെ ടിപ്പെരും ജയ് സീ ബിയും , ഗിപ്സിയും ഒക്കെ സ്വന്തമാക്കിയ ഒരു ചെറിയ മൊതലാളി.
അപ്പോള്‍ തങ്ങിയത് എവിടെയാണ്? പരദീസ പ്ലാന്റെഷന്‍ രിട്രീട്ടിലോ അതോ തൃശന്കുവിലോ?
പിന്നെ ഈ സ്ഥലത്തെ കേരളത്തിലെ സ്കോട്ട്ലാന്ദ് എന്നാണ് വിദേശികള്‍ വിളിക്കുന്നത്. കുട്ടിക്കനത് നിന്നും കൃത്യം എത്ര കിലോമീറ്റര്‍ ആണെന്ന് ഊര്ക്കുനില്ല. പക്ഷെ മഴക്കാലത്ത് മണ്ണിടിച്ചിലും പാറ വീഴലും ഒക്കെ ഉള്ള സ്ഥലമാണ്. ഇവിടെ എനിക്കൊരു സുഹൃത്ത് ഉണ്ടായിരുന്നു, ടിപ്പര്‍ ലോറി ഓടിക്കാനായി വന്നു പിന്നെ ടിപ്പെരും ജയ് സീ ബിയും , ഗിപ്സിയും ഒക്കെ സ്വന്തമാക്കിയ ഒരു ചെറിയ മൊതലാളി.
appu. good one.
ഇത് കലക്കി..ഞങ്ങള്‍ സ്കോട്ട്ലാന്റില്‍ പോയി ..ആഹാ.ഓഹോ..എന്നൊക്കെ ചിന്തിച്ചതും പറഞ്ഞതും..ഹയ്യേ..എന്നായി പോയി ഇതു വായിക്കുകയും ചിത്രങ്ങള്‍ കാണുകയും ചെയ്തപ്പോള്‍..
അഭിനന്ദനങ്ങള്‍..
:)
Post a Comment