‘രാക്ഷസ‘ കേരളത്തിലെ സാക്ഷരര്‍

>> Monday, October 29, 2007

കഴിഞ്ഞദിവസം ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജില്‍ നടന്ന വിദ്യാര്‍ത്ഥിസംഘട്ടനത്തിനിടെ തലയക്കടിയേറ്റ് ഒരു എ.എസ്.ഐ ദാരുണമായി കൊലചെയ്യപ്പെട്ട വാര്‍ത്ത ഞെട്ടലോടുകൂടിയാണു കേട്ടത്. എസ്.എഫ്.ഐ - എ.ബി.വി.പി സംഘട്ടനത്തിനിടെ, ചങ്ങനാശ്ശേരി എ.എസ്.ഐ. ഏലിയാസാണ് കൊല്ലപ്പെട്ടത്.

ബോംബ് സ്ഫോടനങ്ങളും, പെണ്‍‌വാണിഭവും, ആത്മഹത്യയുമൊക്കെ പതിവുവാര്‍ത്തകളായ ഇക്കാലത്ത് ഇതും ഒരു സാധാരണ വാര്‍ത്തയായി കണക്കാക്കി മലയാളിയും, മലയാളമാധ്യമങ്ങളും അടുത്ത തലക്കെട്ടുകളിലേക്ക് കടന്നു. അല്ലെങ്കിലും രാഷ്ട്രീയക്കാരും, സമൂഹത്തിലെ ഉന്നതന്മാരും പരസ്പരം നടത്തുന്ന ആരോപണ-പ്രത്യാരോപണങ്ങള്‍ക്കു പിന്നാലെ സമയം ചെലവാക്കാനാണല്ലോ നമുക്കു താത്പര്യം. വികസനവും, സ്വയം‌പര്യാപ്തതയും ഒന്നും ഒരു വിഷയമേഅല്ല ഭരണകൂടത്തിനും, അവിടേയ്ക്കേറാന്‍ മത്സരിക്കുന്ന പാര്‍ട്ടികള്‍ക്കും.

ബാക്കിയെല്ലാജനവിഭാഗങ്ങള്‍ക്കും, സംഘടനകള്‍ക്കും എന്തുസംഭവിച്ചാലും ചോദിക്കാനും പറയാനും ആളുള്ളതുപോലെ പോലീസുകാര്‍ക്കില്ലാത്തതിനാലാണോ ഏതു പാര്‍ട്ടികള്‍ മാറിമാറിഭരിച്ചാലും പോലിസിന് എപ്പോഴു ഏറും തല്ലും അടിയും കൊള്ളുന്നത്? ഇപ്പോളിതാ വന്നുവന്ന് നിയമം സംരക്ഷിക്കേണ്ട പോലീസിന്റെമേലും അക്രമങ്ങള്‍ അരങ്ങേറാന്‍ തുടങ്ങുംവിധം അധഃപ്പതിച്ചിരിക്കുന്നു നമ്മുടെ നാട്. ഈ വ്യവസ്ഥിതി കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കേ കാര്യങ്ങള്‍ എത്തിക്കുകയുള്ളൂ.

വിദ്യാര്‍ത്ഥിരാഷ്ട്രീയം വേണോ വേണ്ടയോ എന്നത് കുറേക്കാലങ്ങളായി കേള്‍ക്കാന്‍ തുടങ്ങിയ ചര്‍ച്ചയാണ്. കുട്ടിരാഷ്ട്രീയം വേണം എന്നാഗ്രഹിക്കുന്ന രാഷ്ട്രിയ നേതൃത്വങ്ങള്‍ പറയുന്നകാരണങ്ങളിലൊന്ന് ജനാധിപത്യ സംവിധാനം വളര്‍ന്നുവരുന്ന തലമുറയ്ക്ക് “മനസ്സിലാവാന്‍” ഇതത്യാവശ്യമാണ് എന്നതാണ്. ഇതിലെത്രത്തോളം ശരിയുണ്ട്? ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യങ്ങളീല്‍ വളര്‍ന്നുവരുന്ന കുട്ടീകള്‍ക്ക് ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ് എങ്ങനെയാണെന്നറീയാന്‍ ഇത്തരമൊരു ഡ്രസ് റിഹേഴ്സല്‍ വേണമോ? ഒരിക്കലുമില്ല.

പിന്നെ ആര്‍ക്കാണ് ഇവരെക്കൊണ്ട് ആവശ്യം? പാര്‍ട്ടികള്‍ക്കുതന്നെ. നേതൃത്വം പറയുന്നതെന്തും അപ്പടിപ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങിത്തിരിക്കുന്ന അണികളെ സൃഷ്ടിച്ചെടുക്കാനുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണ് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിനു പിന്നിലുള്ളതെന്ന് ആര്‍ക്കാണറിയാത്തത്?

ഏതായാലും ബഹളങ്ങള്‍ക്കിടയില്‍പ്പെട്ട് നിരപരാധിയായ ഒരു പോലീസുകാരന്റെ ജീവന്‍ പൊലിഞ്ഞു. മൂന്നുകുട്ടികള്‍ അച്ഛനില്ലാത്തവരായി. ഒരു കുടുംബം അനാഥമായി. നഷ്ടം ആ നിരപരാധികള്‍ക്കു മാത്രം. അവരുടെ തീരാനഷ്ടത്തിന് ആറുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി സര്‍ക്കാരും ബാധ്യതകള്‍ തീര്‍ത്തിരിക്കുന്നു. ശുഭം!!

രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഇനിയും തുടരും. നിരപരാധികള്‍ ഇനിയും മരിക്കും. രക്തസാക്ഷികളുടെ എണ്ണം കൂടും. അതില്‍ പ്രതിഷേധിക്കാന്‍ ഹര്‍ത്താലും ബന്ദും നടത്തും. അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ തെരഞ്ഞെടുപ്പുകളും നടത്തും..... റോഡുകള്‍ കുഴികളായി തുടരും...പവര്‍ക്കട്ടുകള്‍ ഒരിക്കലും അവസാനിക്കാത്ത ഒരു ചടങ്ങാകും...വികസനം വേണ്ട സര്‍വ്വ മേഘലകളും ശോച്യമായിത്തന്നെ തുടരുകയും ചെയ്യും..... അല്ലെങ്കില്‍ ആര്‍ക്കുവേണം ഈ വികസനം? കഴിവുള്ളവര്‍ മറ്റുനാടുകളില്‍പ്പോയി ജീവിക്കട്ടെ. അവിടൊക്കെ വികസനമുണ്ടല്ലോ.

“ജനാധിപത്യം“ എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്നോ, അതുവേണ്ടരീതിയില്‍ എങ്ങനെ ഉപയോഗിക്കാമെന്നോ ഇന്നും അറിയാത്ത സാക്ഷര, അല്ല രാക്ഷസ കേരളമേ, ലജ്ജിക്കൂ..... നിന്റെ തലയിലെഴുത്ത് എന്നും ഇങ്ങനെതന്നെയാവാ‍നാണ് സാധ്യത! സാക്ഷരമാവാതെ തുടരുന്നതായിരുന്നു ഇതിലും നല്ലത്.

14 comments:

സുസ്മേരം October 28, 2007 at 3:16 PM  

അപ്പു
സമകാലിക സംഭവങ്ങളോടുള്ള താങ്കളുടെ കാഴ്ചപ്പാട്, ഒരു സാധാരണ മലയാളിയുടെ കാഴ്ചപാട് വളരെ നന്നായി എഴുതിയിരിക്കുന്നു. ഇത്തരം കൊലപാതകരാഷ്ട്രീയം ഒരിക്കലും അവസാനിക്കുകയില്ല, ഇതു മുളച്ചു വരുന്നതേയുള്ളു, ഇത് അധികരിക്കുകയേ ഉള്ളു, ശരിയായ രാഷ്ട്രീയമെന്തെന്ന് ജനം പഠിക്കാത്തിടത്തോളം കാലം.

ലേഖനം നന്നായിരിക്കുന്നു.

-സുല്‍

SAJAN | സാജന്‍ October 29, 2007 at 11:48 AM  

നന്നാവില്ല അപ്പു, എല്ലാര്‍ക്കും പരസ്പരം കുറ്റം ആരോപിക്കാനുള്ള വേദിയായി ഈ സംഭവം മാറി എന്ന് മാത്രം,
, പോലീസ് കാര്‍ അവരുടെ പ്രതിഷേധപ്രകടനം നടത്തിയതും അപ്പു അറിഞ്ഞില്ലേ? വനിതാ പോലീസും ഉണ്ടായിരുന്നു പോലും, വെന്യൂ വേറെങ്ങും അല്ല പിടിയിലായ ആ യുവാക്കളുടെ ദേഹത്താണെന്ന് മാത്രം എന്‍ഡ് ഓഫ് ദ ഡേ, നഷ്ടം ആ കൊച്ചു കുടുംബത്തിനു മാത്രം:(

മറ്റൊരാള്‍\GG October 29, 2007 at 3:32 PM  

പോസ്റ്റുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും വരാന്‍ പോകുന്നില്ല മാഷേ. നഷ്ടമുണ്ടായത് ആ കൊച്ചു കുടുംബത്തിനു മാത്രം.

പോലീസുകാരുടെ പ്രതിഷേധം സാജന്‍ പറഞ്ഞാണ് അറിഞ്ഞത്.

വിവിധ പാര്‍ട്ടിക്കാരുടെ ഹര്‍ത്താല്‍-സമര‍ങ്ങളുടെ ഒരു കണക്കെടുപ്പ് ദാ ഇവിടെയുണ്ട്.

അഞ്ചല്‍ക്കാരന്‍ October 29, 2007 at 3:46 PM  

കൊല്ലപെട്ട പോലീസ് കാരന്റെ ആത്മാവിന് നിത്യ ശാന്തി നേരട്ടെ. കൊലചെയ്തവര്‍ തന്നെ ഹര്‍ത്താല്‍ നടത്തുന്നു. ചാനലുകളിലൂടെ എല്ലാ ദിവസത്തേയും പോലെ പോലീസുകാരനേയും വെച്ച് പരസ്പരം ചെളി വാരിയെറിയുന്നു. ചാനലുകള്‍ക്ക് ഒന്നു രണ്ടു ദിവസത്തേക്കൊരു വിഷയം. മരിച്ചവന്റെ കുടുംബത്തിന്റെ മാനസ്സികാവസ്ഥ മനസ്സിലാക്കാതെ ടീ.വീയില്‍ കൊല്ലപെട്ടയാളെ വീണ്ടും വീണ്ടും കൊന്നു കൊണ്ടേയിരിക്കുന്നു. കഷ്ടമെന്നല്ലാതെ എന്താ പറയുക.

കേരളത്തില്‍ ഒരു സര്‍ക്കര്‍ ഉണ്ടോ? പോട്ടെ ഒരു പ്രതിപക്ഷം എങ്കിലും?

മുരളി മേനോന്‍ (Murali Menon) October 29, 2007 at 5:26 PM  

കുട്ടികള്‍ സ്കൂളിലും കോളേജിലും പോയ് പഠിച്ചു വരട്ടെ, അവരുടെ രാഷ്ട്രീയ ചിന്തകള്‍ വോട്ട് കുത്താറാവുമ്പോള്‍ അതിലൂടെ തെളിയിക്കട്ടെ, അല്ലെങ്കില്‍ ക്യാമ്പസിനു പുറത്ത് അവര്‍ വലിയവരോടൊപ്പം പങ്കെടുക്കട്ടെ എന്ന് പൊതുതാത്പര്യം വെച്ച് ആരെങ്കിലും പറഞ്ഞാല്‍ പ്രബുദ്ധരായ രാഷ്ട്രീയ ചിന്തകര്‍ എഴുന്നെള്ളും, ഹും സ്വാതന്ത്ര്യം ഹനിക്കുന്നു എന്നു പറഞ്ഞു, സ്വന്തം കുടുംബത്തില്‍ ബാധിക്കുന്നതുവരെ അവര്‍ അതു പറഞ്ഞുകൊണ്ടേയിരിക്കും. അപ്പൂ, നമുക്ക് ഇതൊക്കെ വായിച്ച് വേദനിക്കാനേ കഴിയൂ.

മുക്കുവന്‍ October 30, 2007 at 1:33 AM  

my deepsest condolence to Alias family. may his soul rest in peace.


"പിന്നെ ആര്‍ക്കാണ് ഇവരെക്കൊണ്ട് ആവശ്യം? പാര്‍ട്ടികള്‍ക്കുതന്നെ. നേതൃത്വം പറയുന്നതെന്തും അപ്പടിപ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങിത്തിരിക്കുന്ന അണികളെ സൃഷ്ടിച്ചെടുക്കാനുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണ് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിനു പിന്നിലുള്ളതെന്ന് ആര്‍ക്കാണറിയാത്തത്? "

thats well said...

paCHa manu-shyaney vili-chiruthi
prashna sathangal nirathi....

prathya shastra kaTTiliTTavar
aTTahasiPPoo naaTTil...

ഏ.ആര്‍. നജീം October 30, 2007 at 6:16 AM  

പരസ്പരമുള്ള ചെളിവാരിയെറിയലും കുറ്റപ്പെടുത്തലും ഇപ്പോഴും തുടരുകയാണ്. ഇതിനിടയില്‍ ആ കുടുമ്പത്തെകുറിച്ചോര്‍ക്കാന്‍ ആര്‍ക്കാ സമയം...?

സഹയാത്രികന്‍ October 30, 2007 at 10:44 AM  

എന്ത് പറയാനാ മാഷേ...
ഇതൊന്നും നന്നാവാന്‍ പോണില്ല...
കുറ്റം ചെയ്തവരേ രക്ഷിക്കാന്‍ സമൂഹത്തിലെ ഉന്നതന്മാര് ഇറങ്ങും...
ആ കുടുംബം അനാഥായി... ആര് പ്രക്ഷോഭത്തിലേര്‍പ്പെട്ടാലും, ആര് കൊടിപിടിച്ചാലും അത് നികത്താന്‍ പറ്റില്ലല്ലോ...
ഇനിയെങ്കിലും ഇതൊന്നും ആവര്‍ത്തിക്കാണ്ടിരിക്കട്ടേ.

:(

maheshcheruthana/മഹേഷ്‌ ചെറുതന November 7, 2007 at 3:16 PM  

ഇപ്പൊള്‍ ആവശ്യമായ പൊസ്റ്റു തന്നെ !ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ!

ഭൂമിപുത്രി November 7, 2007 at 6:08 PM  

നമ്മള്‍ ഒരുപോലെ ചിന്തിക്കുന്നു അപ്പു :)

അമൃതാ വാര്യര്‍ November 12, 2007 at 5:32 PM  

“ജനാധിപത്യം“ എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്നോ, അതുവേണ്ടരീതിയില്‍ എങ്ങനെ ഉപയോഗിക്കാമെന്നോ ഇന്നും അറിയാത്ത സാക്ഷര, അല്ല രാക്ഷസ കേരളമേ, ലജ്ജിക്കൂ....."

'ജനാധിപത്യം' നിലനിര്‍ത്തുവാനെന്ന്‌ പറഞ്ഞ്‌ ഏകാധിപത്യത്തിന്റെ വഴിയെ പോവുന്ന ഇക്കാലത്ത്‌ ഇതെല്ലാം സ്വഭാവികം....
ഇതെല്ലാം എതിര്‍ക്കപ്പെടേണ്ടതാണെന്ന്‌ പലരും മറന്നുപോവുന്നുവെന്നതാണ്‌ വേദനിപ്പിക്കുന്ന സത്യം.

kilukkampetty November 15, 2007 at 9:21 AM  

കഴിവുള്ളവര്‍ മറ്റുനാടുകളില്‍പ്പോയി ജീവിക്കട്ടെ. അവിടൊക്കെ വികസനമുണ്ടല്ലോ.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവരെ ഓര്‍ത്ത് കരയാന്‍ മാത്രമേ നമ്മുക്കു കഴിയൂ അപ്പു.കഷ്ടം..........

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP