നിശ്ശബ്ദരായ കൊലയാളികള്‍

>> Tuesday, May 22, 2007

നിഖിലും നിഷയും അവരുടെ രണ്ടരവയസ്സായ കുട്ടിയും - ദുബായ്‌ കരാമയില്‍ താമസിച്ചിരുന്ന ചെറിയ സന്തുഷ്ടകുടുംബം. പേരില്‍ മാത്രമല്ലായിരുന്നു അവരുടെ പൊരുത്തം. നിഖില്‍ ഒരു പ്രമുഖ കമ്പനിയില്‍ എന്‍ജിനീയര്‍. നിഷ അക്കൗണ്ടന്റ്‌, ഒരു ബാങ്കില്‍ ജോലിചെയ്യുന്നു. 2005 നവംബര്‍ മാസത്തിലെ ഒരു വ്യാഴാഴ്ച രാത്രിയില്‍ അവര്‍ പതിവു ഔട്ടിംഗും റെസ്റ്റോറന്റില്‍നിന്നു ഭക്ഷണവും ഒക്കെ കഴിഞ്ഞതിനു ശേഷം വൈകി ഉറങ്ങാന്‍ കിടന്നതാണ്‌. വെള്ളിയാഴ്ച നേരമേറെ പുലര്‍ന്നിട്ടും നിഖില്‍ എഴുന്നേറ്റില്ല. ഏറെവൈകാതെ നിഷ ആ നടുക്കുന്ന സത്യം മനസ്സിലാക്കി, നിഖില്‍ ഇനി ഉണരില്ല. ഉറക്കത്തില്‍ സംഭവിച്ച ഹൃദയസ്തംഭനമാണ്‌ മരണകാരണമെന്ന് പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌.

ഹൃദയസ്തംഭനവും, രക്തസമ്മര്‍ദ്ദവും, പ്രമേഹവും ഒക്കെ അന്‍പതിനുമേല്‍ പ്രായമായവര്‍ക്കു വരാവുന്ന അസുഖങ്ങളായിരുന്നു പണ്ടൊക്കെ. എന്നാലിന്ന് അതൊക്കെ മുപ്പതിലെത്തിയിട്ടില്ലാത്ത ചെറുപ്പക്കാരെയും പിടികൂടാവുന്ന അസുഖങ്ങളായി മാറിയിരിക്കുന്നു. മരിക്കുന്നവര്‍ മരിച്ചു, ലോകത്തിന്റെ സകല ആകുലതകളില്‍ നിന്നും അവര്‍ വിമോചിതരായി, എന്നാല്‍ അവരെ ആശ്രയിച്ചുകഴിയുന്നവരോ? അവര്‍ക്കല്ലേ ഒരു അകാല മരണത്തിന്റെ ആഘാതം മുഴുവന്‍ ഏല്‍ക്കേണ്ടിവരിക? മതങ്ങളിലും ദൈവത്തിലും വിശ്വസിക്കുന്നവര്‍ പറഞ്ഞേക്കാം, മരണവും ജനനവുമൊക്കെ ദൈവ നിശ്ചയമാണ്‌, വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല എന്നൊക്കെ. ശരിതന്നെ. പക്ഷേ നമുക്ക്‌ നമ്മുടെ ശരീരത്തോടും, ജീവിതത്തോടും, നമ്മെ ആശ്രയിച്ചുകഴിയുന്നവരോടും, സര്‍വ്വോപരി ഈ ജീവിതം തന്ന ദൈവത്തോടും പാലിക്കേണ്ട ചില പ്രതിബദ്ധതകളൊക്കെയില്ലേ? ആശ്രയിക്കുക എന്നവാക്കിന്‌ ഇവിടെ പണത്തിനു വേണ്ടി ആശ്രയിക്കുക എന്നു മാത്രമല്ല അര്‍ത്ഥം - ഒരു അച്ഛനു പകരമാവാന്‍, അമ്മയ്ക്കുപകരമാവാന്‍, ഭര്‍ത്താവിനു പകരമാവാന്‍, അവരുടെ വേര്‍പാടു നല്‍കുന്ന നഷ്ടം നികത്താന്‍ മറ്റൊന്നിനും സാധിക്കില്ല എന്ന വലിയ സത്യമാണ്‌ ഇവിടെ "ആശ്രയം" എന്ന വാക്കിലൂടെ ഞാന്‍ അര്‍ത്ഥമാക്കുന്നത്‌.

നാമോരുരുത്തരും "ആരോഗ്യത്തോടെ ജീവിക്കുന്നു", എനിക്കു "കുഴപ്പമൊന്നുമില്ല" എന്ന് സ്വയം തീരുമാനിക്കുമ്പോഴും എപ്പോഴും കരുതിയിരുന്നുകൊള്ളുക, നിശ്ശബ്ദ കൊലയാളികളായ അസുഖങ്ങള്‍ പതിയെ നമ്മുടെ ഉള്ളില്‍ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവാം. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ കൊലയാളി സമീപ ഭാവിയിത്തന്നെ വളര്‍ന്നുവലുതായി ഒരു നീരാളിയെപ്പോലെ നമ്മെ പിടികൂടിയേക്കാം. ഇത്തരം കൊലയാളികളില്‍ പ്രമുഖസ്ഥാനമാണ്‌ കൊളസ്ട്രോള്‍ എന്ന വില്ലനും, ഹൈപ്പര്‍ടെന്‍ഷന്‍ എന്ന ബ്ലഡ്പ്രഷറിനും ഉള്ളത്‌. പാരമ്പര്യം ഒരു ഘടകമാണെങ്കിലും പ്രമേഹത്തിനും ഇതേ സ്ഥാനമാണുള്ളത്‌. എല്ലാത്തിന്റേയും മൂലകാരണങ്ങള്‍ (അലസമായ) ജീവിതരീതിയും ഭക്ഷണക്രമവും ആണെന്നത്‌, ഇത്തരം രോഗാവസ്ഥകള്‍ മനുഷ്യരെ പിടികൂടുന്നതില്‍ അവര്‍ക്കുതന്നെയുള്ള പങ്ക്‌ വ്യക്തമാക്കുന്നു. അങ്ങനെ നോക്കുമ്പോള്‍, ഇങ്ങനെ സംഭവികുന്ന അകാലമരണങ്ങളുടെ പകുതി ബാധ്യത നാം തന്നെ ഏറ്റെടുക്കേണ്ടിവരുന്നു.

ദൈവം മറ്റെല്ലാ ജന്തുക്കള്‍ക്കും അവരവര്‍ക്കു അവശ്യം വേണ്ടതും ആരോഗ്യത്തിനു ദോഷമായി ഭവിക്കാത്തതുമായ ഭക്ഷണങ്ങളോടു മാത്രം താല്‍പര്യം കൊടുത്തിരിക്കുമ്പോള്‍ മനുഷ്യനു മാത്രമെന്താണ്‌ കണ്ണില്‍കണ്ടതെല്ലാം വാരിത്തിന്നാനുള്ള ആര്‍ത്തിയും രുചിയും കൊടുത്തിരിക്കുന്നത്‌ എന്നു ചിന്തിച്ചിട്ടുണ്ടോ? മനുഷ്യനു മാത്രമേ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും കൊടുത്തിട്ടുള്ളൂ എന്നതു തന്നെയാണ്‌ അതിന്റെ ഉത്തരം. മനുഷ്യശരീരം എന്ന അത്യന്തം ബൃഹത്തും വൈവിധ്യം നിറഞ്ഞതുമായ, ഏത്‌ അത്യന്താധുനിക മെഷീനറിയേക്കാളും സാങ്കേതികത്തികവും മേന്മകളും സ്വന്തമായുള്ളതുമായ ഒരു സൃഷ്ടിവൈഭവത്തെ നമ്മുടെതന്നെ ഉത്തരവാദിത്തമില്ലാത്ത കൈകാര്യം ചെയ്യല്‍ കാരണം ഗ്യാരന്റി കാലാവധിക്കുമുമ്പുതന്നെ പ്രവര്‍ത്തനശൂന്യമാക്കുന്ന രീതിയിലല്ലേ നാം പലപ്പോഴും കൈകാര്യം ചെയ്യുന്നത്‌!

വ്യായായാമക്കുറവ്‌ ഈ നിശ്ശബ്ദ കൊലയാളികള്‍ക്ക്‌ വളരുവാന്‍ അനുയോജ്യമായ മണ്ണ്‍ ഒരുക്കിക്കൊടുക്കുന്നു. സമയക്കുറവിനെയാണ്‌ നാം ഇതിന്‌ പഴിപറയുക. എന്തുകൊണ്ടാണ്‌ സമയം കുറഞ്ഞുപോകുന്നത്‌? വിവേകത്തോടെ സമയം വിനിയോഗിക്കുവാന്‍ നമുക്കറിയാത്തതുകൊണ്ടുതന്നെ. വലിയ വ്യായാമ മുറകളൊന്നും ചെയ്തില്ലെങ്കില്‍ത്തന്നെ, അത്യാവശ്യം നടന്നുപോകാവുന്ന ദൂരങ്ങളിലെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ കാറിനെ ആശ്രയിക്കാതെ നടന്നുപൊയ്ക്കൂടേ? ലിഫ്റ്റിനെ ആശ്രയിക്കാതെ, പടികള്‍ കയറി ഫ്ലാറ്റിലേക്ക്‌ കയറിക്കൂടേ? നമുക്ക്‌ ശരീരത്തിന്‌ അല്‍പം വ്യായാമം നല്‍കാം, നമുക്കുവേണ്ടിയല്ല, നമ്മുടെ കുടുംബത്തിനു വേണ്ടി.

നിസ്സാരമായി ചെയ്യാവുന്ന ഒരു മെഡിക്കല്‍ ചെക്കപ്പാണ്‌ ബ്ലഡ്‌ ഷുഗര്‍,റ്റോറ്റല്‍ കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം എന്നിവ. എങ്കിലും നമ്മളില്‍ എത്രപേര്‍ ഇത്‌ ആറുമാസത്തിലൊരിക്കലെങ്കിലും നോക്കാറുണ്ട്‌? ചിലര്‍പറയും, "എനിക്ക്‌ കൊളസ്ട്രോളും ഷുഗറും ഒന്നുമില്ല". "സ്നേഹിതാ, എന്നാണ്‌ താങ്കള്‍ അവസാനമായി ഇത്‌ പരിശോധിച്ചത്‌". "രണ്ടു വര്‍ഷം മുമ്പ്‌!!" അവിടെയാണു പിശക്‌. രണ്ടുവര്‍ഷം മുമ്പുണ്ടായിരുന്ന അവസ്ഥയിലല്ല, ഇന്നു നമ്മുടെ ശരീരം ഇരിക്കുന്നത്‌. അതറിയാന്‍ ഇടയ്ക്കിടെ ചെക്കപ്പ്‌ വേണം. അതൊരു ശീലമാക്കാം, നമുക്കുവേണ്ടിയല്ല, നമ്മുടെ കുടുംബത്തിനുവേണ്ടി.

ആഹാരനിയന്ത്രണത്തേക്കാള്‍ അവശ്യംവേണ്ട ഒരു സ്വഭാവഗുണമാണ്‌ ഭക്ഷണത്തോടുള്ള ആര്‍ത്തി നിയന്ത്രിക്കാന്‍ പഠിക്കുക എന്നത്‌. പലരും ധരിച്ചുവച്ചിരിക്കുന്നത്‌ "വയറുനിറയെ" തിന്നാല്‍ മാത്രമേ വിശപ്പടങ്ങൂ എന്നതാണ്‌. ഇതല്ല സത്യം. വിശക്കുമ്പോള്‍ പകുതിവയര്‍ നിറയെ കഴിച്ചാലും പത്തുമിനിറ്റിനുള്ളില്‍ "വിശക്കുന്നു" എന്ന തോന്നല്‍ ശരീരം അവസാനിപ്പിക്കും. മാത്രവുമല്ല "വയര്‍ നിറഞ്ഞു" എന്നു തോന്നുകയും ചെയ്യും. സംശയമുള്ളവര്‍ക്ക്‌ പരീക്ഷിക്കാം. അതുകൊണ്ട്‌ വിശന്നുമരിക്കും എന്നു ചിന്തിച്ചും, രുചിയേറിയത്‌ എന്ന് തോന്നല്‍ കൊണ്ടും, വാരിവലിച്ച്‌ തിന്നാതിരിക്കാന്‍ ആദ്യം നമുക്ക്‌ പരിശീലിക്കാം, നമുക്കുവേണ്ടിയല്ല, നമ്മുടെ കുടുംബത്തിനുവേണ്ടി.

"കൊളസ്ട്രോള്‍ ഫ്രീ" എന്ന മാര്‍ക്കുള്ള എണ്ണ വാങ്ങിപാചകം ചെയ്താല്‍ എല്ലാമായി എന്ന ചിന്തയുള്ളവരാണ്‌ അടുത്തകൂട്ടര്‍. ഏത്‌ എണ്ണയായാലും അമിതമായി അകത്തുചെല്ലുന്നത്‌ നന്നല്ല. കേരളത്തില്‍ പണ്ടേയുള്ള ഒരു വറുക്കല്‍ സങ്കല്‍പ്പമാണ്‌ "എണ്ണയില്‍ മുക്കിവറുക്കുക" എന്നത്‌. വാസ്തവത്തില്‍ ഈ മുങ്ങിക്കുളി വറുക്കലിലൂടെ ആവശ്യത്തിലുള്ളതിലും വളരെയധികം എണ്ണ നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്‌. ഒരു കഷണം വറുത്ത വാഴയ്ക്കാ ഉപ്പേരി (chips) എടുത്ത്‌ കത്തിച്ചുനോക്കൂ. കാണുമ്പോള്‍ എണ്ണമയമേ ഇല്ല എന്നു തോന്നുന്ന ചിപ്സില്‍നിന്നും കുറഞ്ഞത്‌ മൂന്നുതുള്ളി എണ്ണയെങ്കിലും ഇറ്റുവീഴുന്നത്‌ കാണാം!! അപ്പോള്‍ ഇത്തരം പത്തു കഷണങ്ങള്‍ തിന്നവരുടെ ഉള്ളില്‍ അവരറിയാതെ എത്ര തുള്ളി എണ്ണ പോയിരിക്കും? ഇറച്ചിവര്‍ഗ്ഗങ്ങള്‍ ആവിയില്‍ വേവിച്ചതിനു ശേഷം വറുത്താല്‍ എണ്ണയില്‍ കുളിപ്പിക്കാതെ തന്നെ, വളരെ കുറച്ച്‌ എണ്ണയില്‍ വറുത്തെടുക്കാവുന്നതാണ്‌. അതുപോലെ മത്സ്യം വറുക്കാന്‍ എണ്ണ ഒന്നു ബ്രഷ്ചെയ്താല്‍ മാത്രം മതി. വറുത്ത ആഹാരസാധനങ്ങളോടൊപ്പം, കുക്കുംബര്‍ പോലെ നാരുള്ള എന്തെങ്കിലും ഒരു സാലഡ്‌ ഉള്‍പ്പെടുത്തിയാല്‍, ദഹനത്തോടൊപ്പംതന്നെ, അമിതകൊഴുപ്പ്‌ ശരീരത്തില്‍ പിടിക്കാതെ പുറത്തുപൊയ്ക്കൊള്ളും. അതുകൊണ്ട്‌ ഭക്ഷണം കഴിക്കുമ്പോള്‍ നമുക്ക്‌ നിയന്ത്രണം പാലിക്കാം, നമുക്കുവേണ്ടിയല്ല, നമ്മുടെ കുടുംബത്തിനുവേണ്ടി.

ആരോഗ്യത്തിനനുയോജ്യമായ ഭക്ഷണക്രമങ്ങള്‍ ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ല. നമ്മുടെ ആരോഗ്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നാം നമ്മെ ആശ്രയിച്ചുകഴിയുന്ന കുടുംബത്തോടും, കുഞ്ഞുങ്ങളോടും ചെയ്യുന്ന നിരുത്തരവാദിത്തപരമായ ഒരു പ്രവര്‍ത്തിയായിരിക്കും എന്നു പറഞ്ഞു എന്നു മാത്രം. അമിത മദ്യപാനം, പുകവലി എന്നിവയിലൂടെ സ്വന്തം ശരീരത്തെ നിരന്തരം പീഡിപ്പിച്ച്‌ "ആത്മഹത്യ" വിലയ്ക്കുവാങ്ങുന്നവരുടെ കാര്യം ഇതിന്റെകൂടെ കൂട്ടിവായിക്കുകതന്നെ വേണം. ഒരുനിമിഷം ചിന്തിക്കുക, നാം ജീവിക്കുന്നത്‌ നമുക്കുവേണ്ടി മാത്രമല്ല. ജീവിതയാത്രയില്‍ നമ്മോടൊപ്പമുള്ള ഭാര്യയെ, ഭര്‍ത്താവിനെ, കുഞ്ഞുങ്ങളെ ഒരു കാലഘട്ടംവരെയെങ്കിലും സംരക്ഷിച്ചുനിര്‍ത്തുക എന്നത്‌ സൃഷ്ടികര്‍ത്താവ്‌ നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന ഒരു കര്‍ത്തവ്യമാണ്‌. അതിലേക്കാവശ്യമായ ആരോഗ്യവും ആയുസും അവന്‍ തരുമ്പോള്‍ നാമായിട്ട്‌ അത്‌ നശിപ്പിക്കതെയിരിക്കാം. കണ്ണില്ലാത്തവര്‍ക്കല്ലേ കണ്ണിന്റെ വിലയറിയൂ?

1145

Read more...

അമ്മമാരുടെ വഴിയേ ഒരു യാത്ര

>> Sunday, May 13, 2007

പ്രിയ വായനക്കാരേ, അമ്മമനസ്സിലേക്ക്‌ സ്വാഗതം.....

ഞാന്‍ വഴികാട്ടി, നിങ്ങള്‍ക്കൊപ്പം നടക്കുന്ന മറ്റൊരു യാത്രികന്‍. നമ്മള്‍ ഒരു നീണ്ട യാത്രപോവുകയാണ്‌. കാലവും സമയവും അതിര്‍വരമ്പുകള്‍ തീര്‍ക്കാത്ത ഒരു യാത്ര. ഈ യാത്രയില്‍ ഇരുവശത്തും നിങ്ങള്‍ക്ക്‌ കുറേ ദൃശ്യങ്ങള്‍ കാണാം, അവിടെയുള്ളവര്‍ സംസാരിക്കുന്നതു കേള്‍ക്കാം, പക്ഷേ നിങ്ങളെ അവര്‍ക്കു കാണാനോ, നിങ്ങള്‍ പറയുന്നത്‌ അവര്‍ക്ക്‌ കേള്‍ക്കാനോ സാധിക്കില്ല. കാരണം അവ വെറും ദൃശ്യങ്ങള്‍ മാത്രം.....

പച്ചവിരിച്ച ഈ നെല്‍പ്പാടത്തിന്റെ നടുവിലൂടെ കടന്നുപോകുന്ന ഈ വരമ്പിലൂടെ നമുക്ക്‌ യാത്രയാരംഭിക്കാം. ഈ വഴിയുടെ അങ്ങേയറ്റം ഒരു ചെറിയവീട്‌ അതാ. അവിടെ, ഇറയത്തിരുന്ന് ഒരു യുവതി വിശ്രമിക്കുന്നതു കണ്ടോ? അവളാണ്‌ ശാലിനി. അവളിതുവരെ ഒരു അമ്മയായിട്ടില്ല, എന്നാല്‍ മനസ്സുകൊണ്ട്‌ അവള്‍ എട്ടുമാസം മുമ്പുതന്നെ അമ്മയായിക്കഴിഞ്ഞിരിക്കുന്നു. നിറഞ്ഞവയറില്‍ കൈകള്‍ വച്ചുകൊണ്ട്‌ അവള്‍ ഒരു പുഞ്ചിരിയോടെ ഇരിക്കുന്നതു നോക്കൂ. അവളുടെ ഉള്ളില്‍ വളരുന്ന കുഞ്ഞിന്റെ ചലനങ്ങള്‍ അവള്‍ക്ക്‌ അനുഭവിച്ചറിയാം..ഒരമ്മയാവുക....ഒരു സ്ത്രീയുടെ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യമെന്ന് അവളുടെ മുഖം വിളിച്ചുപറയുന്നില്ലേ..? കാറ്റുംകൊണ്ട്‌ നില്‍ക്കുവാന്‍ അധികം സമയമില്ല നമുക്ക്‌, അതുകൊണ്ട്‌ വരൂ, നടക്കാം.

ഒരു താരാട്ടുപാട്ടു കേള്‍ക്കുന്നുണ്ടല്ലോ...? ഓ..ഈ മുറിയില്‍നിന്നാണത്‌. ഒരമ്മ കുഞ്ഞിനെ മുലപ്പാലൂട്ടി പാട്ടുപാടി ഉറക്കുകയാണ്‌. ആ കുഞ്ഞ്‌ എത്ര സുരക്ഷിത ബോധത്തോടെയാണ്‌ അമ്മയുടെ മാറിലെ ചൂടുംപറ്റിയുറങ്ങുന്നത്‌! അമ്മ പാട്ടിലൂടെ തന്റെ മനസ്സുതുറക്കുന്നതു കേള്‍ക്കൂ.

"ആറ്റുനോറ്റുണ്ടായൊരുണ്ണി
അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി
അമ്പോറ്റിക്കണ്ണന്റെ മുമ്പില്‍
അമ്മ കുമ്പിട്ടുകിട്ടിയ പുണ്യം
ചോടൊന്നുവയ്ക്കുമ്പോളമ്മയ്ക്കു നെഞ്ചില്‍
കുളിരാം കുരുന്നാകുമുണ്ണീ........."

കുഞ്ഞുറങ്ങിക്കോട്ടെ..നമുക്കു പോകാന്‍ സമയമായി.

ഇതൊരു റെയില്‍വേ സ്റ്റേഷനാണ്‌. രാത്രിയായതിനാല്‍ വെളിച്ചം കുറവാണ്‌. അങ്ങേയറ്റം ആ മരച്ചുവട്ടിലെ നിഴലില്‍മറഞ്ഞ്‌ നില്‍ക്കുന്ന സ്ത്രീയെ അറിയ്‌വോ? ഓര്‍മ്മയില്ലേ, മൃതോത്ഥാനത്തിലെ സെല്‍വിയെ? മുത്തുവിന്റെ അമ്മ സെല്‍വി? പാവം മുത്തു, മൂന്നുവയസ്സുകാരന്‍. അവന്‍ ഇവിടെയിതാ ഈ പഴന്തുണിക്കെട്ടില്‍ ഉറങ്ങുന്നു. സെല്‍വിയവിടെ നിന്നോട്ടെ, ജീവിക്കാനും, കുഞ്ഞിനെപ്പോറ്റാനും അവള്‍ കണ്ടവഴിയതാണ്‌.

ഈ വീട്ടില്‍ ആകെ ഒരു ബഹളമാണല്ലോ? കുട്ടികള്‍ സ്കൂളില്‍ പോകാനൊരുങ്ങുകയാണ്‌. സുമ രാവിലെ അഞ്ചുമണിക്കുണര്‍ന്നതാണ്‌.ഓടിനടന്ന് പ്രാതല്‍ തയ്യാറാക്കി. കുട്ടികളെ കുളിപ്പിക്കുന്ന തെരക്കിലാണിപ്പോള്‍. കുളിപ്പിക്കലും, ഒരുക്കലും, മുടിചീവലും എല്ലാം അമ്മതന്നെ ചെയ്യണം. അതാണീ ബഹളം. ഓ.. സ്കൂള്‍ ബസ്‌ വന്നുകഴിഞ്ഞല്ലോ. സുമ കുട്ടികളേയും വലിച്ചുകൊണ്ടോടിക്കഴിഞ്ഞു....!!

സുഹൃത്തേ, എന്താ മുഖം ചുളിക്കുന്നത്‌ ഉരുകുന്ന ടാറിന്റെ ഗന്ധവും പുകയുമേറ്റിട്ടാണോ? റോഡുപണി നടക്കുകയല്ലേ, ഇതൊക്കെ സാധാരണം. സാരമില്ല, നമുക്ക്‌ ഒരാളെ കണ്ടിട്ട്‌ പെട്ടന്നുതന്നെ ഇവിടുന്നുപോകാം. പുകയ്ക്കും പൊടിയ്ക്കുമുള്ളിലൂടെ പാറക്കഷണങ്ങള്‍ നിറച്ച കുട്ടയും തലയിലേറ്റി ഒരു സ്ത്രീ പോകുന്നതുകണ്ടോ? തമിഴത്തിയാണ്‌. അവളുടെ കുഞ്ഞാണ്‌ ഇവിടെ ഈ മണ്‍കൂനയില്‍ മുട്ടിലിഴഞ്ഞുനടക്കുന്ന ശിശു. പാവം, ഒരു കീറിയ കുഞ്ഞുടുപ്പും ഇട്ട്‌, ഈ പൊടിയും തിന്ന് കഴിയുന്ന ഇവന്‍ അമ്മയെ നോക്കിയിരിക്കുകയാണെന്ന് കണ്ടാലറിയാം. "വിശക്കുന്നമ്മേ....ഓടിവാ.." എന്ന ഭാവം കണ്ണുകളിലില്ലേ? എന്തുചെയ്യാം? വൈകിട്ട്‌ അടുപ്പുപുകയാന്‍ ഈ അമ്മ അധ്വാനിച്ചെങ്കിലേ പറ്റൂ. വരിക.

ഇതെന്താ ഇപ്പോ ഒരു മഴ? വന്നുവന്ന് മഴയ്ക്ക്‌ നേരവും കാലവുമൊന്നുമില്ലാണ്ടായിരിക്കുന്നു. ഈ കുട്ടികളെന്താ കാറ്റും മഴയുമൊന്നും കാര്യമാക്കതെ നനഞ്ഞുകൊണ്ടോടുന്നത്‌? "ഉണ്ണീ...വേഗം കയറിവാ..." ആരോ അവരെ വിളിക്കുന്നുണ്ടല്ലോ? ഉണ്ണീടെ അമ്മയാണ്‌. "എന്റെ ഉണ്ണീ...എത്രപ്രാവശ്യം നിന്നോടു പറഞ്ഞിട്ടുള്ളതാ മഴനനഞ്ഞ്‌ നടക്കരുതെന്ന്? എളുപ്പം വാ, അമ്മ തല തോര്‍ത്തിതരാം.....ജലദോഷം പിടിക്കും" കണ്ടോ? ഉണ്ണിയ്ക്ക്‌ എത്ര വാല്‍സല്യത്തോടെയാണ്‌ അമ്മ തല തുവര്‍ത്തി, കുരുമുളകു പൊടിച്ചത്‌ തലയില്‍ തിരുമ്മിക്കൊടുക്കുന്നതെന്ന്.

ഉച്ചനേരത്ത്‌ ആരോ പടികടന്നു വരുന്നുണ്ടല്ലോ. നാടോടികളാണെന്ന് തോന്നുന്നു. പതിവുപല്ലവിതന്നെയാവും. വെള്ളപ്പൊക്കം, കിടപ്പാടം ഒലിച്ചുപോയി, സഹായിക്കണം. ഓ...ഒക്കത്തൊരു കുഞ്ഞുമുണ്ട്‌. മൂക്കളയും ഒലിപ്പിച്ച്‌, വഴിയരികിലെവിടെയോനിന്ന് കിട്ടിയ പൊട്ടിയ കളിപ്പാട്ടത്തിന്റെ കഷണവും പിടിച്ചൊരു കൊച്ചു ചെക്കന്‍. "അമ്മാ...കൊളന്തയ്ക്ക്‌ പശിക്കിതമ്മാ..". ഉണ്ണിയുടെ അമ്മ കൊടുത്ത ചോറ്‌ കുഞ്ഞിന്‌ സംതൃപ്തിയോടെ വാരിക്കൊടുക്കുകയാണമ്മ. കാക്കയ്ക്കും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌..അല്ലേ?

ജാന്‍സി ഇന്ന് ഗള്‍ഫിലേക്ക്‌ തിരിച്ചുപോവുകയാണ്‌. നേഴ്സായിട്ട്‌ ജോലിചെയ്യുകയാണവളവിടെ. ഭര്‍ത്താവിന്‌ മറ്റൊരു സ്ഥലത്താണ്‌ ജോലി. ആദ്യപ്രസവത്തിനായി വന്നതാണ്‌ ലിസി. അവളുടെ അമ്മയുടെ കൈയ്യിലിരിക്കുന്ന ഒരുമാസം പ്രായമായ കുഞ്ഞിനെക്കണ്ടോ? അതാണവളുടെ കുഞ്ഞ്‌. കുഞ്ഞിനെ അച്ഛനമ്മമാരെ ഏല്‍പ്പിച്ചിട്ട്‌ വിങ്ങുന്ന ഹൃദയത്തോടെ ജാന്‍സി വീണ്ടും ജോലിസ്ഥലത്തേക്ക്‌ യാത്രയാകുന്നു, വീണ്ടും ഒരുവര്‍ഷത്തിനുശേഷം കുഞ്ഞിനെ കാണാം എന്ന പ്രതീക്ഷയോടെ. ജീവിതം ഒന്നു കരുപ്പിടിപ്പിക്കാന്‍ എന്തെല്ലാം പ്രയാസങ്ങള്‍!!

ലക്ഷ്മിടീച്ചര്‍ വരുന്നുണ്ട്‌. ദൂരെ ഒരു സ്കൂളിലാണു ടീചര്‍ ജോലിചെയ്യുന്നത്‌. ടീച്ചര്‍ പറഞ്ഞുകൊടുക്കുന്ന പാഠങ്ങള്‍ എല്ലാക്കുട്ടികള്‍ക്കും ഒന്നുപോലെ പ്രിയമാണ്‌. പാവം ടീച്ചര്‍, ഇത്രയും ദൂരെനിന്ന് ബസില്‍ യാത്രചെയ്ത്‌, പിന്നെയും ഒന്നര കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തുമ്പോഴേക്ക്‌ നേരം സന്ധ്യയാവും. ഇനിയും ജോലികള്‍ ബാക്കിയുണ്ട്‌, ഭക്ഷണം വയ്ക്കണം, മറ്റു വീട്ടുജോലികളൊക്കെയൊന്നു ഓടിച്ചുചെയ്യണം. ഈ ജോലികളെല്ലാം ചെയ്തു ക്ഷീണിക്കുമ്പോഴും റ്റീച്ചര്‍ക്ക്‌ മനസ്സില്‍ സന്തോഷമാണ്‌. ഒരു കൈ സഹായത്തിന്‌ ഭര്‍ത്താവും കുട്ടികളും സഹായത്തിനു വരുമല്ലോ! അതുമതി.

സുഹറാബി ഇതുവരെ ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു. മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം കാണുന്നില്ലേ? കട്ടിലില്‍ കിടക്കുന്ന അബൂനെ കണ്ടോ? അവരുടെ മകനാ, നാലാം ക്ലാസില്‍ പഠിക്കുന്നു. ഒരാഴ്ചയായി പനിപിടിച്ച്‌ കിടപ്പാണ്‌. മരുന്നുകൊടുത്തു, എന്നാലും ഇടയ്ക്കൊക്കെ നന്നായി പനിക്കുന്നു. അങ്ങനെവരുമ്പോഴൊക്കെ തുണിനനച്ച്‌ നെറ്റിയിലിടാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്‌. കുഞ്ഞ്‌ പനിപിടിച്ച്‌ കിടക്കുമ്പോള്‍ പെറ്റതള്ളയ്ക്കെങ്ങനെ സമാധാനമായിട്ടുറങ്ങാന്‍ കഴിയും?

മനു കോളേജില്‍ നിന്നെത്തിയല്ലോ? ബസിന്റെ ഫുട്ബോര്‍ഡില്‍ ഞാന്നുകിടാണ്‌ വന്നിരിക്കുന്നേ. അവനെ കുറ്റം പറയുന്നതെങ്ങനെ? അഞ്ചുമണിക്ക്‌ ടൗണിനിന്നു പുറപ്പെടുന്ന "പുലരി" ബസില്‍ കയറിയില്ലെങ്കില്‍ നടപ്പുതന്നെ ശരണം. ഈ വഴിയിലൂടെ കടന്നുപോകുന്ന അവസാന ബസ്സാണത്‌. ദാ വന്നുകയറിയപ്പോഴേ "വിശക്കുന്നമ്മേ" എന്ന വിളിയുമായി, അടുക്കളയിലേക്ക്‌ കയറിക്കഴിഞ്ഞു. രാവിലെ അമ്മ വാട്ടിയ വാഴയിലയില്‍ കെട്ടിക്കൊടുത്തയച്ച ചോറും, ചമ്മന്തിയും, മുട്ടപൊരിച്ചതും ഉച്ചയ്ക്ക്‌ ഭക്ഷിച്ചതൊക്കെ ദഹിച്ചിരിക്കുന്നു, അമ്മയ്ക്കതറിയാം. പലഹാരങ്ങളും ചായയും മനൂന്‌ കൊടുത്തിട്ട്‌ ഒരു പുഞ്ചിരിയോടെ അടുത്തുനിന്ന് അമ്മ വിശേഷങ്ങള്‍ ചോദിക്കുന്നതുകണ്ടോ?

നടന്നുമടുത്തോ? അല്‍പ ദൂരംകൂടി പോകേണ്ടതുണ്ടു സ്നേഹിതാ, ക്ഷമിക്കുക. അതാ, ആ പീടികത്തിണ്ണയിലിരുന്ന് തുണികള്‍ തുന്നുന്ന യുവതിയെ കണ്ടോ? അവളാണ്‌ സുബി. ഇരുപത്തേഴ്‌ വയസ്സേ ആയുള്ളൂ. ഒരുകുട്ടിയുമുണ്ടവള്‍ക്ക്‌. വിധി അവളെ ഒരു വിധവയാക്കി, ഇക്കഴിഞ്ഞവര്‍ഷം. മനുഷ്യജീതം...വയലിലെ പുല്ലുപോലെയേ ഉള്ളൂ. വയസ്സായ അച്ഛന്‍, അസുഖം ബാധിച്ച അമ്മ. ഒരു കൊച്ചുകുട്ടിയുമുണ്ട്‌. ചെലവുകഴിയേണ്ടേ? അതിനാണീ തയ്യല്‍ക്കാരിയുടെ വേഷം അവളണിഞ്ഞിരിക്കുന്നത്‌.

ഓ...ഞാനത്‌ പറയാന്‍ മറന്നു. ഇന്ന് റീനിയുടെ കല്ല്യാണമായിരുന്നു. ഇതാ ചടങ്ങുകളെല്ലാം കഴിഞ്ഞ്‌ വധൂവരന്മാര്‍ യാത്രയാവുന്നു. കാറിന്റെ അടുത്തായി ഇളം കളറിലുള്ള സാരിയുടുത്തു നില്‍ക്കുന്നതാണ്‌ റീനിയുടെ അമ്മ. ഈ സന്തോഷത്തിനിടയിലും ആ അമ്മ കരയുന്നതുകണ്ടോ? സന്തോഷാശ്രുക്കളാണ്‌. ഇരുപത്തിരണ്ടുകൊല്ലക്കാലം, കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച കുഞ്ഞിനെ സുരക്ഷിതമായി ഒരാണിന്റെ കൈയ്യിലേല്‍പ്പിച്ചതിന്റെ നിര്‍വൃതി.

ഈ വീടേതാണെന്നറിയാമോ? നമ്മുടെ റഷീദിന്റെ വീടാണിത്‌. ദുബായിലുള്ള റഷീദേ. ഇവിടെയാകെയൊരു ആഘോഷത്തിന്റെ മട്ടു കണ്ടോ? എന്താണെണറിയ്യ്യോ? ഇന്ന് റഷീദും കുടുംബവും അവധിക്ക്‌ വരുകയാണ്‌. മക്കളേയും കൊച്ചുമക്കളേയും സ്വീകരിക്കാനുള്ള ആവേശത്തിലാണ്‌ ഉമ്മയും ബാപ്പയും. നമ്മള്‍ യഥാസമയത്തു തന്നെയാണ്‌ എത്തിയത്‌. ദാ..എയര്‍പോര്‍ട്ടില്‍നിന്നും കാറെത്തിയല്ലോ. ഉമ്മ ഓടിപ്പോയി റഷീദിന്റെ നാലുമാസം പ്രായമായ മകനെ കൈയ്യിലേക്ക്‌ വാങ്ങി തുരുതുരെ ഉമ്മവയ്കുന്നതു കണ്ടോ? കൊച്ചുമകനെ ആദ്യമായിക്കാണുന്ന ഒരു വല്ല്യുമ്മായുടെ സന്തോഷം! സന്തോഷിക്കട്ടെ, ഇനി മുപ്പതുദിവസങ്ങള്‍ ഈ വീട്ടില്‍ ഉത്സവംതന്നെ. അതിനുശേഷം മകനും കുടുംബവും തിരിച്ചുപോകുമ്പോള്‍ തോരാത്ത കണ്ണുമായി ആ ഉമ്മാ അവരെ യാത്രയാക്കും.

ഇതാരാണീ റോഡില്‍ വഴിയൊഴിച്ചിടാതെ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത്‌? ഓ...ലിറ്റിയും റോസിയുമാണ്‌. ഫോര്‍ഡ്‌ ഐക്കണും ചാരിനില്‍ക്കുന്നതാ ലിറ്റി. സാന്റ്രോയുടെ ഉള്ളിലിരിക്കുന്നത്‌ റോസി. രണ്ടുപേരും മമ്മിമാരാണു കേട്ടോ, അമ്മമാരല്ല. ഒന്നര വയസ്സായ കുട്ടികളെ ബേബി സിറ്റിങ്ങില്‍ ഇരുത്തിയിട്ട്‌ കറങ്ങാനിറങ്ങിയതാണീ മമ്മികള്‍. കുട്ടികളെ കൂടെക്കൊണ്ടുനടക്കുന്നത്‌ അസൗകര്യവും, ബുദ്ധിമുട്ടുമാണീ മമ്മികള്‍ക്ക്‌. ബ്രസ്റ്റ്‌ ഫീഡിംഗ്‌ ചെയ്തിട്ടേയില്ലാത്ത, നേഴ്സറിക്ലാസില്‍ത്തന്നെ മക്കളെ ഐ.എ.എസ്‌ കാരാക്കണം എന്ന നിര്‍ബന്ധബുദ്ധിയുള്ള ആധുനിക മമ്മികള്‍. രണ്ടുപേര്‍മു ധൃതിപ്പെട്ട്‌ കാറുകള്‍ സൈഡിലേക്ക്‌ മാറ്റുന്നുണ്ടല്ലോ, എന്താണാവോ കാരണം?


ഓ...ഉരളും വലിച്ചുകൊണ്ട്‌ രണ്ട്‌ ഒട്ടിച്ചികള്‍ വരുന്നുണ്ട്‌. അവര്‍ വലിക്കുന്ന ഉരള്‍ കാറിലെങ്ങാനും ഉരസുമെന്നു പേടിച്ചിട്ടാണ്‌ മമ്മികള്‍ പെട്ടന്നു കാര്‍ മാറ്റിയത്‌. ഈ തമിഴത്തികളുടെ പുറത്ത്‌ ഒരു ഭാണ്ഡത്തില്‍ ബന്ധിച്ച്‌ ഒരോ രണ്ടുവയസ്സുകാരന്മാര്‍ സവാരിചെയ്യുന്നതു നോക്കുക. ഈ പൊരിവെയിലില്‍, ഉരലിന്റെ ഭാരവുംവലിച്ചുനീങ്ങുന്ന നഗ്നപാദരായ ഈ അമ്മമാര്‍ക്ക്‌ കുട്ടികളെ കൂടെക്കൊണ്ടുനടക്കാതെ മറ്റു നിവൃത്തിയില്ലല്ലോ?

ഈ പറമ്പിലൂടെ കയറി അപ്പുറത്തിറങ്ങിയാല്‍ സ്നേഹഭവനിലെത്താം. ഈ പറമ്പും വീടും പരിചയമുണ്ടോ? നമ്മുടെ ശങ്കരേട്ടന്റെ അമ്മയാണിവിടെ താമസിക്കുന്നത്‌. മക്കളും മരുമക്കളുമൊക്കെ മറ്റുസ്ഥലങ്ങളില്‍ ജോലിചെയ്യുകയാണ്‌. അമ്മയെ കൂടെ കൊണ്ടുപോകാന്‍ അവര്‍ തയ്യാറുമാണ്‌. പക്ഷേ അമ്മയ്ക്ക്‌ ഈ വീടും പറമ്പും വിട്ടെങ്ങും പോകാന്‍ മനസ്സില്ല. അതിനാല്‍ ഒറ്റയ്ക്കിവിടെ താമസിക്കുന്നു. ദാ..അവിടെ ഇറയത്ത്‌ അമ്മ ഇരിക്കുന്നുണ്ട്‌.

നടന്നുനടന്ന് സ്നേഹഭവനിലെത്തിയല്ലോ? അന്ധാളിക്കേണ്ടാ....വൃദ്ധസദനം തന്നെ. വെളിച്ചമല്‍പം കുറവുള്ള ഈ മുറിയില്‍ ഇരിക്കുന്ന കുറേ അമ്മമാരെക്കണ്ടോ? ആദ്യം ഇരിക്കുന്നത്‌ കാര്‍ത്യായനിയമ്മാ. അതിനടുത്തത്‌ ത്രേസ്യാമ്മച്ചി, അതിനടുത്തത്‌ സുലോചനേടത്തി. എല്ല്ലാരുടേയും മക്കള്‍ വിദേശങ്ങളിലാ. മക്കള്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ട ഹതഭാഗ്യരും കൂട്ടത്തിലുണ്ട്‌. ഒരു കണക്കിന്‌ വീട്ടില്‍ നോക്കാനാരും ഇല്ലെങ്കില്‍ എന്തുചെയ്യും? ത്രേസ്യാമ്മച്ചിക്ക്‌ തീരെ മനസ്സില്ലായിരുന്നു ഇവിടെ വരാന്‍. അമേരിക്കയിലുള്ള മകന്‍ നിര്‍ബന്ധമായി കൊണ്ടാക്കിയതാ അമ്മച്ചിയെ ഇവിടെ. പഴയകാല ഓര്‍മ്മകളും അയവിറക്കി ഇപ്പോള്‍ ഇവിടെ സമയം പോക്കുന്നു. ഇതു സ്നേഹഭവനിലെ പ്രാര്‍ത്ഥനാ മന്ദിരം. മൂന്ന് അമ്മമാര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടവിടെ. മൂന്നു മത വിശ്വാസങ്ങളില്‍പെട്ടവരാണെങ്കിലും പ്രാര്‍ത്ഥിക്കുന്നത്‌ ഒരേ ആവശ്യം തന്നെ, മക്കളുടെ നന്മ.

സന്ധ്യയായിരിക്കുന്നു. ദാ, നമുക്ക്‌ തിരിച്ചു പോകാനുള്ള വഴിയെത്തി. അതിനു മുമ്പ്‌ ഒരുവീട്ടില്‍ക്കൂടി കയറാനുണ്ട്‌. ഈ തറവാട്ടുവീട്ടില്‍ കുറേ ആളുകള്‍ കൂടിനില്‍ക്കുന്നതു കണ്ടോ? ഒരു മരണം നടന്നിരിക്കുന്നു ഇവിടെ, അല്‍പം മുമ്പ്‌. തൊണ്ണൂറു വയസ്സായ ഒരു അമ്മച്ചി കടന്നുപോയി. "ഭാഗ്യമരണം", മക്കളേയും അവരുടെ പേരക്കുട്ടികളേയും വരെ കണ്ടു, ആരോഗ്യത്തോടെ ഇത്രയും കാലം ഇരുന്നു. ഇളയമകനും കുടുംബവുമൊത്ത്‌ അന്ത്യകാലം വരെ സന്തോഷകരമായ ജീവിതം. ഇതില്‍പ്പരം എന്തു ഭാഗ്യമാണ്‌ ഒരു മാതാവിന്‌ ലഭിക്കാവുന്നത്‌. കത്തുന്ന മെഴുകുതിരികള്‍ക്കു നടുവില്‍ ശുഭ്രവസ്ത്രങ്ങള്‍ ധരിച്ച്‌ ശാന്തമായി ആ അമ്മ ഉറങ്ങുന്നതു നോക്കുക.

ഈ അമ്മയ്ക്ക്‌ വിടനല്‍കി,വന്നാലും സ്നേഹിതാ, നമുക്ക്‌ പിരിയാന്‍ സമയമായി.

ഉം...മിനിക്കുട്ടി നേഴ്സറിയില്‍ ഇന്നു പഠിച്ചപാട്ട്‌ പാടുന്നുണ്ടല്ലോ?

"ഓടിയെത്തും നേരമെന്നെ ഓമനിക്കും അമ്മ,
പാലുതരും പീപ്പിതരും പാവതരും അമ്മ
കുഞ്ഞുടുപ്പു തുന്നിത്തരും പൊട്ടുതൊടുവിക്കും
കുഞ്ഞിക്കഥ ചൊല്ലിത്തരും എന്നുമെന്റെ അമ്മ
അമ്മയാണീ പാരിടത്തില്‍ എന്നുമെന്റെ ദൈവം,
അമ്മയെ മറക്കുമോ ഞാന്‍ ജീവനുള്ള കാലം....."

ഹേയ്‌... പോകുന്നതിനു മുമ്പ്‌ ഒന്നു ചോദിച്ചോട്ടേ, നമ്മള്‍ നടന്ന വഴിയിലെവിടെയെങ്കിലും നിങ്ങളുടെ അമ്മയെ നിങ്ങള്‍ കണ്ടുവോ? കണ്ടുവെങ്കില്‍ ഈ യാത്ര ധന്യതയുള്ളതായി. വീണ്ടും കാണാം.

Read more...

ഒരു രൂപയുടെ വില

>> Monday, May 7, 2007

കഴിഞ്ഞയാഴ്ച ഷാര്‍ജയിലെ ഒരു A.T.M ല്‍നിന്ന് കുറച്ചുപണം എടുക്കുന്നതിനിടയില്‍, ഇതുവരെ ഒരു A.T.M ലും കണ്ടിട്ടില്ലാത്ത ഒരു ചോദ്യം ഏറ്റവും അവസ്സാനം സ്ക്രീനില്‍ തെളിഞ്ഞു. "Would you like to donate 1 dirham to unprevilaged children?" എന്നായിരുന്നു ആ ചോദ്യം. "സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ സഹായിക്കാന്‍ ഒരു ദിര്‍ഹം സംഭാവനചെയാമോ?" എന്ന ആ ചോദ്യം മനസ്സാക്ഷിയുള്ള ആരും അവഗണിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഇങ്ങനെയൊരു ആശയം ഒരു A.T.M ല്‍ ഉള്‍പ്പെടുത്തുന്നതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കാതിരിക്കാനാവുന്നില്ല. ഒരു ദിര്‍ഹം മാത്രമാണവര്‍ ചോദിച്ചത്‌. ഗള്‍ഫ്‌ നാടുകളില്‍ ഒരു ദിര്‍ഹത്തിന്‌ താഴെ വാങ്ങാവുന്ന സാധനങ്ങള്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണെന്ന് തോന്നുന്നു. പക്ഷേ പല ഒരു ദിര്‍ഹംസ്‌ ചേരുമ്പോള്‍ അതൊരു നല്ല തുകയായിത്തീരുന്നു എന്ന് നാം പലപ്പോഴും ഓര്‍ക്കാറുണ്ടോ? പലതുള്ളി പെരുവെള്ളം!!

ഒരുമണിക്കൂറിന്‌ മൂന്നു ദിര്‍ഹം മാത്രം ശമ്പളം കിട്ടുന്ന പാവം തൊഴിലാളികള്‍ മുതല്‍, ഒരു ദിവസത്തെ ശമ്പളം ആയിരം ദിര്‍ഹത്തിനു മുകളില്‍ കിട്ടുന്ന വലിയ ജോലിക്കാര്‍വരെ ഉള്‍പ്പെടുന്ന ഒരു സമൂഹത്തിലാണ്‌ നാം ഇന്ന് ജീവിക്കുന്നത്‌. വലിയവരുമാനക്കാരില്‍ ചിലരുടെ ഒരുദിവസത്തെ ചെലവുതന്നെ ആയിരത്തിനുമേല്‍ ദിര്‍ഹങ്ങള്‍ വരില്ലേ? വലുതോ ചെറുതോ ആയിക്കോട്ടെ, ഇതിന്റെ ഒരു ചെറിയപങ്കെങ്കിലും നമുക്കു ചുറ്റുമുള്ള പാവങ്ങളെ സഹായിക്കുവാന്‍ നമുക്ക്‌ നീക്കിവച്ചുകൂടേ?

മദര്‍ തെരേസയെപ്പറ്റി പണ്ടെങ്ങോ ഇങ്ങനെ വായിച്ചതായി ഓര്‍ക്കുന്നു. ആ മഹതി ഒരിക്കല്‍ ആഫ്രിക്കയിലെ ഏതോ ദരിദ്രരാജ്യം സന്ദര്‍ശിക്കുവാനായി പോവുകയായിരുന്നു. വിമാനത്തില്‍ ഭക്ഷണം നല്‍കിയപ്പോള്‍ അവരത്‌ നിരസ്സിച്ചു. അതിനു പകരം ഒരു ഡോളര്‍ സംഭാവന നല്‍കാമോ എന്നായിരുന്നു മദര്‍ ചോദിച്ചത്‌. വിമാനക്കമ്പനിയുടെ ഉന്നതോദ്യോഗസ്ഥരിലൊരാള്‍ മദറിനോടൊപ്പം യാത്രചെയ്തിരുന്നു. അദ്ദേഹം ഒരു ഡോളര്‍ നല്‍കുകയും ചെയ്തു. ഇങ്ങനെ, പലരോടും ചോദിച്ച്‌ ആ യാത്രയുടെ അവസാനം, തന്റെ ലക്ഷ്യസ്ഥാനത്ത്‌ എത്തുമ്പോഴേക്ക്‌, അവിടെയുള്ള പാവങ്ങള്‍ക്കായി മദര്‍ നല്ലൊരുതുക സമാഹരിച്ചുകഴിഞ്ഞിരുന്നു.

ആഫ്രിക്കയിലെ ചില പട്ടിണി രാജ്യങ്ങളില്‍ അസ്ഥികൂടം മാത്രമായ മനുഷ്യക്കോലങ്ങള്‍ മുട്ടിലിഴഞ്ഞ്‌ നടന്ന് ഒരു പച്ചിലയെങ്കിലും കിട്ടുമോ എന്നന്വേഷിക്കുന്ന, മൃഗങ്ങളുടെ വിസര്‍ജ്യങ്ങള്‍പോലും വിശപ്പടക്കാന്‍ മറ്റു നിവൃത്തിയില്ലാതെ ഭക്ഷിക്കുന്ന ദയനീയചിത്രങ്ങള്‍ ഇന്നും കാണുമ്പോള്‍ വിചാരിച്ചിട്ടുണ്ട്‌, സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ ആയുധങ്ങള്‍ക്കായും, യുദ്ധങ്ങള്‍ക്കയും ദിവസേനചെലവാക്കുന്നതിന്റെ ഒരു ശതമാനമെങ്കിലും വേണ്ടതുണ്ടോ ഈ ദരിദ്രരാജ്യങ്ങളിലെ പട്ടിണിമാറ്റാന്‍ എന്ന്. എന്നിട്ടും എന്തുകൊണ്ട്‌ മനുഷ്യരാശിക്ക്‌ അതിനു കഴിയുന്നില്ല?

നാമോരോരുത്തരും ഒരുദിവസം ചെലവാക്കുന്നതുകയില്‍ നിന്ന് ഒരു നാണയം നമുക്കുചുറ്റുമുള്ള പാവങ്ങള്‍ക്കായി നീക്കിവയ്ക്കാം. ചെയിന്‍ സ്മോകിംഗ്‌ ശീലമുള്ളവര്‍, ഒരു രസത്തിനുവേണ്ടി മദ്യപിക്കുന്നവര്‍, ഷോപ്പിംഗിനും, ഭക്ഷണത്തിനും, മറ്റ്‌ വിനോദങ്ങള്‍ക്കുമായി ഏറെ ചെലവിടുന്നവര്‍ അങ്ങനെ എത്രയെത്ര മുഖങ്ങള്‍ നമുക്കോരോരുത്തര്‍ക്കും? ശരിതന്നെ, ചെലവാക്കിക്കൊള്ളുക, നാം അധ്വാനിച്ചുണ്ടാക്കുന്നത്‌ ഇഷ്ടമുള്ള രീതിയില്‍ ചെലവാക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്‌. പക്ഷേ അതിലൊരു വളരെ ചെറിയപങ്ക്‌ സമൂഹത്തില്‍ ഈ സൗഭാഗ്യങ്ങള്‍ ഇല്ലാത്തവര്‍ക്ക്‌ നല്‍കിക്കൂടേ?

മേശപ്പുറത്ത്‌ വച്ചിരിക്കുന്ന ഒരു ഡബ്ബയില്‍ ഒരു നാണയം വീതം എല്ലാദിവസവും ഇട്ട്‌, അവധിക്കുപോകുമ്പോള്‍, നാട്ടില്‍ ആരെങ്കിലും പാവങ്ങള്‍ക്ക്‌ സംഭാവന നല്‍കിയിരുന്ന ഒരു സുഹൃത്ത്‌ എനിക്കുണ്ടായിരുന്നു. ഇദ്ദേഹം വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹം കഴിച്ചു. ഒരു മകനും ജനിച്ചു. ഈ കുട്ടിക്ക്‌ മൂന്നു വയസ്സായപ്പോഴേക്ക്‌ എപ്പോള്‍ പുറത്തേക്കിറങ്ങിയാലും കടയില്‍നിന്ന് ലോലിപോപ്പ്‌ (മിഠായി) വേണം എന്ന ശാഠ്യമായി. ഗള്‍ഫിലെ മിക്ക ഷോപ്പിംഗ്‌ സെന്ററുകളിലും ഒരു ദിര്‍ഹം ഇട്ടാല്‍ കിട്ടുന്ന ഒരു ചെറിയപന്തോ, മിഠായിയിയോ, ഭാഗ്യപരീക്ഷണം നടത്തി കിട്ടിയേക്കാവുന്ന ഒരു പാവയോ ഒക്കെ കിട്ടുന്ന മെഷീനുകള്‍ വച്ചിട്ടുണ്ടല്ലോ? ഇവന്‌ അതിലേതെങ്കിലും ഒന്നു വേണമെന്നകാര്യത്തിലും നിര്‍ബന്ധബുദ്ധിതന്നെ. വെറുതേ ഈ കുട്ടി ഓന്നോ രണ്ടോ ദിര്‍ഹം വീതം ചെലവാക്കുന്നതു കണ്ട്‌ അവസാനം എന്റെ സുഹൃത്ത്‌ ഒരു നല്ല കാര്യം ചെയ്തു. മേല്‍പ്പറഞ്ഞ മെഷീനുകളുടെ സമീപത്തായിത്തന്നെ charity box കളും എല്ലാ ഷോപ്പിംഗ്‌ സെന്ററുകളിലും വച്ചിട്ടുണ്ടല്ലോ? കുട്ടിയോട്‌ പറഞ്ഞു, ഇനി മിഠായി എടുക്കണം എന്നുണ്ടെങ്കില്‍, ഒരു ദിര്‍ഹം ആദ്യം "പാവം കുഞ്ഞുങ്ങള്‍ക്കുള്ള ബോക്സില്‍" ഇടണം, എന്നിട്ട്‌, മോന്‌ മിഠായി മെഷീനില്‍ നിന്ന് ഒരു മിഠായി എടുക്കാം എന്ന്. തീര്‍ച്ചയായും വളര്‍ന്നുവരുമ്പോള്‍ അവന്‌ അവന്റെ അച്ഛന്‍ പറഞ്ഞുകൊടുത്ത ഈ പാഠം എന്തായിരുന്നു എന്ന് മനസ്സിലാകാതിരിക്കില്ല.

ഈ വിഷയത്തെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കാനാണെങ്കില്‍ പേജുകള്‍ തന്നെ വേണ്ടിവരും. പക്ഷേ പറയുന്നതിനേക്കാള്‍ പ്രവൃത്തിയിലാണല്ലോ കാര്യം. അതിനാല്‍ ഇന്നുതന്നെ തുടങ്ങാം, ഒരോ ദിര്‍ഹംസ്‌, ഓരോ രൂപകള്‍, ഓരോ ഡോളര്‍ മാറ്റിവയ്ക്കുവാന്‍, നമ്മുടെ സഹജീവികള്‍ക്കായി. ഒരുദിവസം ഒന്നിച്ചൊരു തുക എടുക്കുന്നതിനേക്കാള്‍ നല്ലതല്ലേ, കുറേശ്ശെയായി സ്വരൂപിക്കുന്നത്‌?

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP