കടമകളുടെ കണക്കുപുസ്തകം

>> Tuesday, March 27, 2007

Font: Anjali Old lipi

പുൽക്കൊടിത്തുമ്പുകളില്‍‍ പറ്റിയിരുന്ന തുഷാരത്തുള്ളികള്‍ തട്ടിത്തെറിപ്പിച്ച് പാടവരമ്പിലൂടെ നടന്നപ്പോള്‍ ബാലന് ഒരു പുത്തനുണര്‍‍വ് അനുഭവപ്പെട്ടു. പുല്ലിലെ തണുപ്പും നനവും അവന്റെ ഉള്ളില്‍ ഒരു മഴയായി പെയ്തിറങ്ങി. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സൌദിഅറേബ്യയിലെ ചൂടില്‍,‍ ഇറുകിയ ഷൂവിനുള്ളില്‍ പാദങ്ങള്‍ വിങ്ങിയപ്പോള്‍ ഈ നടപ്പും തണുപ്പും എത്ര കൊതിച്ചതാണ്? രാവിലെ വീട്ടിൽ‍നിന്നിറങ്ങുമ്പോൾള്‍ രണ്ട് ഉദ്ദേശ്യങ്ങളാണ് മനസ്സിലുണ്ടായിരുന്നത്. ഒന്ന് ഈ പാടവരമ്പത്ത് തെങ്ങോലകൾള്‍ തീർ‍ത്ത തണലിൽ‍ കുളിർ‍കാറ്റുമേറ്റ് മതിയാവോളം നടക്കുക. അതുകൊണ്ടുതന്നെ അമ്മ പറഞ്ഞിട്ടും ബൈക്ക് എടുത്തില്ല. മരുഭൂമിയിലെ പൊടിനിറഞ്ഞ ഊഷരക്കാറ്റിൽ നിന്നും താമസസ്ഥലത്തെ എ.സി.യുടെ വീർപ്പുമുട്ടിക്കുന്ന കൃത്രിമ തണുപ്പിൽ നിന്നും ഒരു മോചനം; അതിന് ഈ പാടവരമ്പാ‍ണ് പറ്റിയത്. രണ്ടാമത് മായൻകുട്ടിക്കായെ ഒന്നു കാണണം. രണ്ടാഴ്ചയായി ഈ വഴി മൂപ്പര്‍ വന്നിട്ടെന്ന് അമ്മ പറഞ്ഞു.

പാവം മായൻകുട്ടിക്കാ. ഞങ്ങളൊക്കെ കുട്ടിക്കാ എന്നു വിളിക്കും. എഴുപതുവയസ്സിനുമേൽ പ്രായമുണ്ട്. അമ്മയുടെ വീടിനടുത്താണ് കുട്ടിക്കായുടെ വീട്. ഉണക്കമീൻകച്ചവടമാണ് ജോലി. അന്നത്തേക്കുള്ള അന്നത്തിന് വകയന്വേഷിക്കാൻവേണ്ടി കഷ്ടപ്പെടുന്ന ഒരു വൃദ്ധൻ‍. മെല്ലിച്ച ശരീരവും, കുഴിഞ്ഞുതാണ കണ്ണുകളും, മടങ്ങാൻ‍ ബുദ്ധിമുട്ടുള്ള ഒരു കാൽമുട്ടുമുള്ള ഇക്കാ, ദൈന്യതയുടെ പര്യായമായിരുന്നു. ടയറ് ട്യൂബ് അടിയിൽ‍ തുന്നിച്ചേർത്ത ചെറിയ കുട്ടയില്‍ ഉണക്കിയ മത്സ്യവും കൈയ്യിലൊരു വടിയുമായി പതിയെ നടന്നു നീങ്ങുന്ന കുട്ടീക്കാ അതുവഴി കടന്നുപോകുന്ന ദിവസങ്ങളിലൊക്കെ വീട്ടിൽ വരും. ചോദിക്കാതെതന്നെ അമ്മ നല്‍കുന്ന ഒരല്പം പ്രാതലും കഴിച്ച് മുറ്റത്തെ മാവിന്റെ ചുവട്ടില്‍ അല്പം വിശ്രമിച്ചിട്ട് ഇക്കാ യാത്രയാകും. വൈകുന്നേരത്തോടെ വീട്ടിലേക്ക് മടങ്ങും.

“കുട്ടീക്കായ്ക്ക് എന്നും കഷ്ടകാലം തന്നെ” ഒരിക്കൽ‍‍ അമ്മ പറയുന്നതു കേട്ടു.
“ഒരു മോനൊള്ളത് നേരായവഴിക്കല്ല പോക്ക്. ഒരു മോള് ഒണ്ടാരുന്നത് പ്രസവത്തോടെ മരിച്ചു. അതിന്റെ ഒരു കൊച്ചും എന്നും സൂക്കേടായിട്ടൊരു കെട്ട്യോളും വീട്ടിലൊണ്ട്. ഈ വയസ്സാംകാലത്തും ഇങ്ങേര്‍ അഞ്ചാറ് മൈല്‍ നടന്ന് മീൻ വിറ്റ് കിട്ടുന്നതും കൊണ്ട് വേണം അടുപ്പ് പൊകയാൻ‍...........“

കുട്ടീക്കയെ തന്നാലാവുംവിദ്ധം സഹായിക്കാനായിരുന്നിരിക്കണം, അമ്മ മറ്റുമീൻ കച്ചവടക്കാരുടെ കൈയ്യിൽനിന്ന് ഉണക്കമത്സ്യം വാങ്ങാറില്ലായിരുന്നു.

ചിന്തകളിൽ‍നിന്ന് ബാലന്റെ മനസ്സ് വീണ്ടും പരിസരങ്ങളിലേക്കെത്തി. നീണ്ടുകിടക്കുന്ന നെടുവൻവയൽ‍ . ഇരുവശങ്ങളിലും നിൽക്കുന്ന കുന്നുകൾക്കിടയിലൂടെ നീണ്ടുപരന്നു കിടക്കുന്നതിനാലാണ് ഈ പേരുവന്നത്. നെൽകൃഷി നഷ്ടമായതിനാൽപലരും പാടങ്ങൾ പാട്ടത്തിനു നല്‍കി, അവിടവിടെ വെറ്റക്കൊടിയും ഏത്തവാഴകളും പച്ചപിടിച്ചു നില്‍ക്കുന്നു. കൈത്തോടിലെ തെളിഞ്ഞ വെള്ളത്തിലൂടെ തെന്നിച്ചാടി പോകുന്ന പരൽ‍മീനുകൾ. കുട്ടിക്കാലത്ത് കൂട്ടുകാരോടൊപ്പം അവധി ദിവസങ്ങളിൽ‍ ഈ തോട്ടിൽ തുവർത്ത് വിരിച്ചുപിടിച്ച് പരലുകളെ പിടിക്കുന്നത് എന്തു രസമായിരുന്നു. തോട്ടുമീൻ‍ അമ്മ വീട്ടിൽ കയറ്റില്ല, എന്തോ ഉളുമ്പു വാടയാണത്രെ. അതുകൊണ്ട് പിടിക്കുന്ന മീനുകളൊക്കെ സതീശനു കൊടുക്കുകയായിരുന്നു പതിവ്. അവന്റെ അമ്മ പരൽ‍മീനുകൾ‍ ഉപ്പിട്ടുകഴുകി വെടിപ്പാക്കി, കുരുമുളകും വെളുത്തുള്ളീയും ചേർത്ത് വറുത്തത് പലപ്രാവശ്യം കഴിച്ചിട്ടുണ്ട്. എന്തു രുചിയാണ് അതിന്!

“ബാലൻ‌ കുഞ്ഞല്യോ ഇത്.........?’ ആരുടെയോ ശബ്ദം ബാലനെ ചിന്തകളിൽനിന്നുണർ‍ത്തി. നാരയണി പണിക്കത്തിയാണ്. ആയകാലത്ത് ഞാറുനടാനും, കൊയ്യാനും മെതിക്കാനുമൊക്കെ എന്നും മുമ്പിലുണ്ടായിരുന്ന നാരയണി പണിക്കത്തി. ഇപ്പോൾ‍ വയ്യാതായിരിക്കുന്നു.

“അതേ നാരായണിപ്പണിക്കത്തീ......, ഞാൻ ബാലനാ........”
“കുഞ്ഞ് പേർഷ്യായില്‍ പോയെന്നാരോ പറഞ്ഞുകേട്ടാരുന്നു........ എന്നാ വന്നേ?
“ഇന്നലെ വന്നതേയുള്ളൂ പണിക്കത്തീ. എന്തോണ്ട് വിശേഷങ്ങള്‍.....?”
“ഓ..... വയ്യാ കുഞ്ഞേ. പണിക്കൊന്നും പോകാൻവയ്യാ...വയസ്സു പത്തെഴുപതായില്യോ? ഇപ്പോ മോടെകൂടാ താമസം...അവത്തുങ്ങള്‍ പണിക്കുപോയേച്ച് വരുമ്പഴത്തേക്ക്, കന്നാ‍ലിക്ക് ഇച്ചിരി പോച്ചപറിക്കാമെന്നു വിചാരിച്ചിറങ്ങിയതാ.....“ നാരായണിപ്പണിക്കത്തി അവശതയോടെ പറഞ്ഞു.

“അമ്മേം അച്ഛനും ഒക്കെ സുഖമായിട്ടിരിക്കുന്നോ? ഈ വഴിക്കൊക്കെ കണ്ടിട്ട് ഒത്തീരി നാളായി. റോഡും ബസ്സുമൊക്കെ വന്നേപ്പിന്നെ ആരും പാടവരമ്പത്തൂടെവരാറില്ല....ങാ.. ഇപ്പോ നടക്കാനാരെക്കഴിയും ...?” പണിക്കത്തി പരിഭവിച്ചു.

“ഇതാ ഇതു വച്ചോളൂ പണിക്കത്തീ.....” നൂറു രൂപയുടെ നോട്ട് നൽകിയത് രണ്ടുകൈയ്യും നീട്ടി വാങ്ങുമ്പോൾ അവരുടെ കണ്ണുനിറഞ്ഞിരുന്നു. യാത്രപറഞ്ഞു നീങ്ങുമ്പോൾ‍ പണിക്കത്തി പുറകിൽ‍നിന്ന് ചോദിച്ചു:
“രണ്ടുമാസത്തെ അവധിയൊണ്ടോ കുഞ്ഞേ....?”
“ങാ‍... ഉണ്ട്....”
അവിടെനിന്നു നീങ്ങുമ്പോൾ ബാലന്റെ ചിന്തകൾ‍ വീണ്ടും പഴയ നാളുകളിലേക്ക് ഊളിയിട്ടു.

ബിരുദത്തിനുശേഷം ജോലിയില്ലാതെ നടന്ന നീണ്ട ആറു വർഷങ്ങൾ‍. ഏതൊക്കെ ടെസ്റ്റ് എഴുതി. അച്ഛനായിരുന്നു ഏറ്റവും സങ്കടം, തനിക്കൊരുജോലിയില്ലാത്തതിൽ
വീട്ടിലിരുന്ന് മടുക്കുമ്പോൾ കവലയിലേക്കിറങ്ങും. അവിടെ അഭ്യുദയകാഷികളുടെ അന്വേഷണങ്ങൾ “ഇതുവരെ ജോലിയൊന്നുമായില്യോ ബാലന്.....?“
ഈ ചോദ്യം തന്നെ ഒരു ശല്യമായി തോന്നിയപ്പോഴാണ്‍ മനസ്സില്ലാ മനസ്സോടെ അടുത്തുള്ള‌ ട്യൂഷൻ സെന്ററിൽ അദ്ധ്യാപകനായി ജോലി ഏറ്റെടുത്തത്. വലിയ തുകയൊന്നുമല്ലായിരുന്നെങ്കിലും അവർ എല്ലാമാസവും ശമ്പളമായിതന്നിരുന്ന എഴുനൂറ് രൂപ വലിയൊരാശ്വാസമായിരുന്നു.

അപ്പോഴൊക്കെ ഗൾ‍ഫിലൊരു ജോലി എന്നതായിരുന്നു സ്വപ്നം. സൌദിയിലുള്ള ദേവേട്ടനിലായിരുന്നു പ്രതീക്ഷ. അപ്പച്ചിയുടെ മകനാണ്‍ ദേവേട്ടൻ‍. ഏതോ കമ്പനിയിൽ നല്ല ജോലി. ചേച്ചിയും കുട്ടികളും അവിടെത്തന്നെ. എല്ലാവർഷവും അവർ അവധിക്ക് വന്നിട്ട് പോകുമ്പോൾ ഒരാവശ്യമേ തനിക്ക് പറയാനുള്ളായിരുന്നു. “ദേവേട്ടാ...എനിക്കൂടി ഒരു വിസ തരപ്പെടുത്തിത്തന്നാ‍ൽ......”

ഒരിക്കൽ ദേവേട്ടൻ‍ പറഞ്ഞു: “ബാലാ‍...ഈയിടെയായി ഇന്ത്യക്കാർ‍ക്കുള്ള വിസ തൽ‍ക്കാലത്തേക്ക് നിർത്തിയിരിക്കുകയാണ് ഗവർമെന്റ്. അതുമല്ല, ലിറ്ററേച്ചറില്‍ ബിരുദവുമായി നീ അവിടെ വന്നിട്ട് എന്തുജോലി കിട്ടാനാണെന്നും എനിക്കൊരു രൂപമില്ല”

“എവിടെയെങ്കിലും ഒരോഫീസിൽ, ഓഫീസ്‌ബോയ്, റ്റൈപ്പിസ്റ്റ്, ക്ലാർക്ക് തുടങ്ങിയ ജോലിയെന്തെങ്കിലും മതി. ” പറയുന്നതെന്തെന്നറിയാതെ പറഞ്ഞു.
ദേവേട്ടൻ ഒന്നു മൂളുകമാത്രം ചെയ്തു.

അച്ഛൻ ദേവേട്ടനോട് ഒരിക്കൽ ഫോണിൽപറയുന്നതു കേട്ടു.. “ദേവാ... എങ്ങനെയെങ്കിലും ബാലനെക്കൂടെ ഒന്നു കൊണ്ടുപോകാൻ ശ്രമിക്ക്. ഇവനിങ്ങനെ ഇവിടെ തെക്കുവടക്ക് നടന്നാല്‍ എന്തുപണിയാവാനാ.. വയസ്സ് പത്തിരുപത്തേഴായി. കുറച്ചുപൈസാ ആർക്കെങ്കിലും കൊടുത്താലെങ്കിലും‍ ഒരു വിസ കിട്ടുമോന്ന് നോക്ക്. ഞാനത് തന്നുകൊള്ളാം.” മറുപടി എന്തായിരുന്നു എന്നു കേട്ടില്ല.

ഒരു ദിവസം ഉച്ചയ്ക്ക് വീട്ടിൽ‍ വന്നു കയറിയപ്പോൾ കുട്ടീക്കാ ഒരു ബീഡിയും വലിച്ചുകൊണ്ട് മാവിൻ ചുവട്ടിൽ‍ ഇരിക്കുന്നുണ്ടായിരുന്നു. ഉരുകിത്തീരുന്ന ഒരു മെഴുകുതിരിപോലെ ശുഷ്കമായിരുന്നു ആ മുഖം. ഒന്നും ചോദിക്കുന്നതിനു മുമ്പുതന്നെ ഇക്കാ‍ പറഞ്ഞു: “വയ്യാ കുഞ്ഞേ.... രണ്ടുമൂന്നു മാസമായി ഒരു ചുമ. നെഞ്ചിനകത്ത് ഒരു അരപ്പ്. ഗവർമെന്റാശൂത്രീലെ ഡൊക്കട്ടറ് നോ‍ക്കീട്ട് ഏതാണ്ടൊക്കെ പേരറിയാന്മേലാത്ത ചികിത്സകള്‍ പറഞ്ഞു. ഇനി എനിക്കെതിനാ മരുന്നും ചികിത്സേം..... പോന്നിടത്തോളം ഇ‍ങ്ങനങ്ങു പോട്ടെ“.

“മോന് നല്ല ജോലിയൊന്നുമായില്ലെന്ന് അമ്മച്ചി പറഞ്ഞു. കുഞ്ഞൊന്നും വിഷമിക്കണ്ടാ. പടച്ചോൻ എല്ലാം കാണുന്നുണ്ട്. നല്ല മനസ്സ് ഉള്ളോർക്ക് നല്ലതേ വരൂ മോനെ. എല്ലാം ശരിയാവും...”
അല്പം നിർത്തിയിട്ട് കുട്ടീക്കാ തുടർന്നു. “മേട്ടുപ്പുറംകുന്ന് മഖമിലെ ഷെയ്ഖിന്റെ പള്ളീല് ഇക്കാ ഒരു കൂട് തിരി നേർന്നിട്ടുണ്ട്, കുഞ്ഞിനു വേണ്ടി. ജോലി കിട്ടിക്കഴിയുമ്പോ, ഒരു നൂറുരൂപ ഇക്കാടെ കയ്യില്‍ തരണം, അവിടെ നേർ‍ച്ച കൊടുക്കാനാ“ പോക്കറ്റിലുണ്ടായിരുന്ന അൻപതുരൂപ കൊടുക്കുമ്പോൾ‍ പ്രത്യേകം പറഞ്ഞു, “ഇക്കാ, ഇപ്പോഇത് മഖാമില്‍ നേർച്ച കൊടുക്കാനല്ല. ചുമയ്ക്ക് മരുന്നു വാങ്ങാനാ. പിന്നെ, നേർ‍ച്ചയുടെ കാര്യമൊന്നും അമ്മ കേൾക്കണ്ടാട്ടോ... വെറുതെ വഴക്കാ‍കും...... അതൊക്കെ ജോലികിട്ടിക്കഴിഞ്ഞ് നമ്മൾക്ക് ചെയ്യാം”. കുട്ടീക്കായുടെ വിശ്വാസത്തെ മാനിച്ച് അത്രയും പറഞ്ഞു.

ദിവസങ്ങളും, ആഴ്ചകളും മാസങ്ങളും ആർക്കുവേണ്ടിയും കാത്തുനില്‍ക്കാതെ പാഞ്ഞുപോയി. ഒരു ദിവസം ദേവേട്ടന്റെ ഫോൺ വന്നു: “ബാലന്‍ ഒരു ജോലി തരപ്പെടുത്തിയിട്ടുണ്ട്. അത്ര വലിയ ശമ്പളമൊന്നുമില്ല, എന്നാലും അവനിഷ്ടമെങ്കിൽ പോന്നോട്ടെ”.

പിന്നെയൊക്കെ പെട്ടന്നായിരുന്നു. ഒരു കമ്പനിയിലെ സ്‌റ്റോറില്‍ ഹെൽ‍പ്പറായി ജോലി. രണ്ടുവർഷത്തിലൊരിക്കൽ‍‍ ലീവ്. ക്യാമ്പിലെ താമസത്തിനിടയിൽ‍ നാടുമായുള്ള ബന്ധം അമ്മ എഴുതുന്ന കത്തുകളിലും, വല്ലപ്പോഴുമുള്ള ഫോൺ‍കോളുകളിലും ആയി ചുരുങ്ങി. സ്വപ്നങ്ങളിൽ‍ കണ്ട ഗൾഫല്ല യഥാർ‍ത്ഥ ഗൾഫെന്ന് യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടപ്പോൾ മനസ്സിലായി. രണ്ടുവർഷങ്ങൾ കഴിഞ്ഞുപോയതറിഞ്ഞില്ല. നാട്ടിലേക്ക് പുറപ്പെടും മുമ്പ് ഷോപ്പിംഗിന്‍ പോകുമ്പോൾ‍ ചില്ലറ സമ്മാനങ്ങൾ‍ വാങ്ങാനുള്ളവരുടെ ലിസ്റ്റിൽ കുട്ടീക്കയും മനസ്സിലുണ്ടായിരുന്നു. വന്നവഴികള്‍ മറക്കരുതല്ലോ. ഒരു കൈലിയും, വെളുത്ത ബനിയനും വാങ്ങി.

“ചേട്ടാ....സാമ്പ്രാണിത്തിരി വേണോ ചേട്ടാ....” കൈയ്യിലാരോ തൊട്ടപ്പോൾ ബാലൻ വീണ്ടും ചിന്തകളിൽ‍നിന്നുണർ‍ന്നു. ഓ..മേട്ടുപ്പുറം കുന്നിലേക്ക് കയറിപ്പോകുന്ന വഴിയായിരിക്കുന്നു. മഖാമിലേക്ക് കയറിപ്പോകുന്നവർ‍ക്ക് ചന്ദനത്തിരി വില്‍ക്കാൻ നിൽക്കുന്ന കുട്ടികളാണ്.
“വേണ്ട മോനേ...ഞാനാ വഴിക്കല്ല.” ബാലൻ പറഞ്ഞതുകേട്ട് കുട്ടികൾ അടുത്തയാളുടെ അടുത്തേക്ക് നടന്നു.

അല്പംകൂടി മുമ്പോട്ട് നടന്നാൽ ഭഗവതിപ്പടിയിലെത്തും. അവിടെ അഷ്രഫിന്റെ ചായപ്പീടികയുണ്ട്. അവനോടു ചോദിച്ചാൽ കുട്ടീക്കയുടെ വീട് കാണിച്ചുതരും. ഹൈസ്കൂളിൽ‍ കൂടെയുണ്ടായിരുന്ന സുഹൃത്താണ് അഷ്രഫ്. എട്ടാംക്ലാസിൽ പഠനം നിർ‍ത്തി, ബാപ്പാന്റെകൂടെ ചായക്കടേൽ കൂടിയതാ അവൻ.

“അഷ്രഫേ....എന്തൊണ്ടടേയ് വിശേഷങ്ങള്‍...”

“അല്ല...ഇതാര് ബാലനോ? നീയങ്ങ് വണ്ണം വച്ചല്ലോടാ.....അതെങ്ങനാ അവിടെപ്പോഴും കോഴിയല്ലേ ശാപ്പാട്. പിന്നെങ്ങനെ വണ്ണംവയ്ക്കാണ്ടിരിക്കും.....”

“നീയൊരു കടുപ്പമുള്ള ചാ‍യയും, കടി വല്ലതുമുണ്ടെങ്കില്‍ അതും ഇങ്ങോട്ടെട്. എത്രനാളായി ഇതൊക്കെ ഒന്നു കഴിച്ചിട്ട്....”

അഷ്രഫ് കൊണ്ടുവന്ന ചായയും, ഉഴുന്നുവടയും കഴിക്കുമ്പോൾ, റ്റീബാഗും എവാപ്പൊറേറ്റഡ് മിൽക്കും ചേർത്തുണ്ടാക്കുന്ന ചായയെപ്പറ്റി ബാലൻ ഓർത്തു. എന്തൊരു ചവർപ്പാണതിന്?
“എടാ അഷ്രഫേ..നമ്മുടെ മീൻകാരൻ കുട്ടീക്കാടെ വീട് വരെ ഒന്നു പോകണമല്ലോ, നീയുംകൂടെ ഒന്നു വാ, എനിക്ക് വീടറിയില്ല“ ചായകുടിക്കിടെ ബാലൻ ചോദിച്ചു.
“ഏത് കുട്ടീക്കാ..... മായൻകുട്ടിക്കാന്റെ കാര്യമാണോ നീ പറയുന്നേ?”
“അതേ”
“അയ്യോ...നീ രണ്ടു ദിവസം വൈകിപ്പോയി മോനേ....... മൂപ്പര്‍ മിനിയാന്ന് മരണപ്പെട്ടല്ലോ....” അഷ്രഫ് നിർവികാരനായി പറഞ്ഞു. ഒരു ഞെട്ടലോടയാണത് കേട്ടത്. അനന്തതയിലേക്ക് കണ്ണുകൾപായിച്ച് നിൽക്കുമ്പോൾ അഷ്രഫ് തുടർന്നു.

“രണ്ടാഴ്ച് മുമ്പ് ഒന്നു വീണുഎന്നു പറയുന്നകേട്ടു, പിന്നെ കിടപ്പായിപ്പോയി. ങാ.. കൂടുതല്‍ കിടന്ന് നരകിക്കാതെ പോയല്ലോ, അതുമതി........അല്ല, നീയെന്തിനാ മൂപ്പരെ കാണുന്നെ?”

“ഓ..വെറുതെ...”

സമീപത്തുള്ള പള്ളിയിൽ നിന്നും ദുഹുറ്‌ നമസ്കാരത്തിനുള്ള ബാങ്ക് വിളിയുയർ‍ന്നു.
“അള്ളാഹു അക്ബർ അള്ളാഹു അക്ബർ ............... “

അഷ്രഫിന്റെ കടയിൽനിന്നും വേഗം ഇറങ്ങി; വീട്ടിലേക്ക് തിരിച്ചുനടക്കുമ്പോൾ മനസ്സിൽ ഒരു നഷ്ടബോധം തളംകെട്ടിക്കിടന്നു. മേട്ടുപ്പുറം മഖാമിലേക്കുള്ള വഴിയിൽ കുട്ടികളപ്പോഴും ചന്ദനത്തിരി വില്‍ക്കുന്ന തിരക്കിലായിരുന്നു.

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP