പ്രകൃതി ദുരന്തങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍
>> Thursday, June 14, 2007
ലോകഭൂപടത്തില്‍ ഒന്നു കണ്ണോടിച്ചാല്‍ മനസ്സിലാവും ഇന്തോനേഷ്യമുതല്‍ ഇന്ത്യന്‍ ഉപഭൂഘണ്ഡംവരെയുള്ള ഭൂവിഭാഗം (കടല്‍) ഭൂമിയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്രയോ ചെറിയ ഒരു ഭാഗമാണെന്ന്. ഒരു “ട്ട” വട്ടം മാത്രം. എങ്കിലും 2004 ഡിസംബര്‍ 24 ന് ആ കടല്‍ത്തട്ടൊന്നിളകി മറിഞ്ഞപ്പോഴുണ്ടായ സുനാമിയില്‍പ്പെട്ട് മൂന്നുലക്ഷം ആള്‍ക്കാരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ നാമാവശേഷമായത്. ഒപ്പം മറ്റനേകം ജീവജാലങ്ങളും മനുഷ്യന്‍ കെട്ടിപ്പടുത്ത സ്വപ്നങ്ങളും സൗധങ്ങളും! മതിലുപോലെ ഉയര്‍ന്നുപൊങ്ങി,മുമ്പില്‍ക്കണ്ടതെല്ലാം നക്കിത്തുടച്ചുകൊണ്ട് രാക്ഷസത്തിരമാലകള്‍ കടന്നുപോയി.
"കട്രീന" എന്നൊരു ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ ലോകശക്തിയായ അമേരിക്കയുടെ ആധുനിക ടെക്നോളജികളൊന്നും തന്നെ അതിനെ തടുത്തുനിര്‍ത്താന്‍ പര്യാപ്തമായിരുന്നില്ല. അവിടെയും പ്രകൃതിയുടെ സംഹാര താണ്ഡവത്തിനു മുമ്പില്‍, മനുഷ്യന്‍ നിസ്സഹായനാവുന്നത് നാം കണ്ടു. വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകരാറിലായി, വൈദ്യുതവിതരണം ദിവസങ്ങളോളം ഇല്ലാതെയായി, എന്തിന് ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും പോലും സുലഭമായി ലഭിക്കാത്ത സ്ഥിതിവന്നു.
ലത്തൂരില്‍ ഒരു ഗ്രാമം മുഴുവന്‍ സുഖസുഷുപ്തിയിലായിരുന്ന ഒരു പ്രഭാതത്തില്‍ ഭൂമിയൊന്നിളകിയപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടത് ലക്ഷത്തോളം ആളുകള്‍ക്കായിരുന്നു. കുടിലുകളും, ബലമുള്ളതെന്ന് കരുതിയിരുന്ന കെട്ടിടങ്ങളും സെക്കന്റുകള്‍ക്കുള്ളില്‍ തകര്‍ന്നടിഞ്ഞു. അവയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനും മരണത്തിനും ഇടയില്‍ അനേകായിരങ്ങള്‍ മല്ലടിച്ചു. ഒമാനില്‍ "ഗോനു" എന്ന ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങളും ആള്‍നാശവും ഉണ്ടാക്കിയിട്ട് ദിവസങ്ങള്‍മാത്രമേ ആയിട്ടുള്ളൂ. അതിശക്തമായ മഴയായിരുന്നു അവിടെ നാശനഷ്ടങ്ങള്‍ വരുത്തിവച്ചത്. പ്ലേഗ് എന്ന മഹാമാരി ഇന്ത്യയില്‍ വന്‍ ദുരന്തം ഉണ്ടാക്കിവച്ചിട്ട് അധികം നാളുകളായിട്ടില്ല.
ഈ ദുരന്തങ്ങള്‍ ഓരോന്നും ശ്രദ്ധിച്ചാല്‍ നമുക്ക് ചില പാഠങ്ങള്‍ വ്യക്തമാവും. പ്രകൃതി ശക്തികളുടെ മുമ്പില്‍ നാം മനുഷ്യലോകം നമുക്കുണ്ടെന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന വികസനവും, ബുദ്ധിയും, ടെക്നോളജിയും ഒന്നുംതന്നെ ഒന്നുമല്ല എന്നതാണ് ഒന്നാമത്തെ പാഠം. ആ ശക്തികള്‍ക്കു മുമ്പില്‍ വെള്ളക്കാരനും, ഏഷ്യക്കാരനും, ആഫ്രിക്കക്കാരനും, ക്രിസ്ത്യാനിയും, മുസല്‍മാനും, ഹിന്ദുവും, പണക്കാരനും, പാവപ്പെട്ടവനും ഒരുപോലെ; എന്തിനേറെ മനുഷ്യനും, മൃഗവും, പക്ഷിയും എല്ലാജീവജാലങ്ങളും ഒരുപോലെ. ഇത് രണ്ടാമത്തെ പാഠം. നശ്വരമെന്ന് നാം കരുതുന്ന പലതും നിമിഷങ്ങള്‍കൊണ്ട് ഇല്ലാതാക്കാന്‍ ഈ ശക്തികള്‍ക്കു നിമിഷങ്ങള്‍ മതി എന്നത് മൂന്നാമത്തെ പാഠം.
ഇതൊക്കെ ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രം. അവിടെനിന്ന് പുറത്തേക്കൊന്നു കടന്നു ചിന്തിച്ചാലോ? അതിവേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഗോളങ്ങള്‍ (വസ്തുക്കള്‍) നിറഞ്ഞ ഒരു പ്രപഞ്ചം. ചിലവ സ്വയം കത്തിജ്വലിക്കുന്നു, ചിലവ മറ്റുചില സംവിധാനങ്ങളെ പ്രദക്ഷിണം ചെയ്യുന്നു. എല്ലാം നിശ്ചിതമെന്നു നാം കരുതുന്ന ഭ്രമണപഥങ്ങളിലൂടെ. ചില വസ്തുക്കള്‍ക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു, അവയ്ക്കിടയില്‍ എവിടെയൊക്കെയോ തമോദ്വാരങ്ങള്‍ എന്നറിയപ്പെടുന്ന, അതിന്റെ പരിസരത്തെത്തുന്ന എന്തിനേയും വിഴുങ്ങിക്കളയുവാന്‍ ശേഷിയുള്ള അദൃശ്യ ചുഴികള്‍. ഈ ഭ്രമണപഥങ്ങളിലൊന്നില്‍ നമ്മുടെ കൊച്ചുഭൂമി എന്നെങ്കിലും എത്തിപ്പെട്ടാല്‍, മറ്റൊരു ആകാശ ഗോളം ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ മനുഷ്യലോകത്തിന് അതു തടുക്കുവാന്‍ അധികമൊന്നും ചെയ്യുവാനുണ്ടാവില്ല. അത്തരതിലുള്ളതില്‍ വളരെ ചെറിയതൊന്ന് നമ്മുടെ മഹാസമുദ്രങ്ങളിലൊന്നില്‍ പതിച്ചാലുണ്ടാവുന്ന സുനാമിത്തിരകള്‍ എത്ര പ്രഹരശേഷിയുള്ളതായിരിക്കും! (ഭാഗ്യവശാല്‍ ഉടനെയൊന്നും ഭൂമി അത്തരം ഭീഷണികളിലല്ല എന്ന് ശാസ്ത്രലോകം നിലവിലുള്ള അറിവുകള്‍ വച്ച് പറയുന്നു).
പിന്നെയെന്തിനാണ് ഇത്ര നിസ്സാരനായ മനുഷ്യന്‍ പ്രകൃതിയെ ദ്രോഹിക്കുന്നത്? പരസ്പരം പോരടിക്കുന്നത്? രാജ്യങ്ങള്‍ തമ്മില്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്നത്? വര്‍ഗ്ഗീയ ലഹളകളുടെ പേരില്‍ പരസ്പരം വെട്ടി മരിക്കുന്നത്? കൊടിയ ഭീകരതയുടെ മുഖം ലോകത്തില്‍ അവിടവിടെയായി കാണിക്കുന്നത്? ആയുധങ്ങളും ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളേയും ഒറ്റയടിക്ക് നശിപ്പിക്കുവാന്‍ ശേഷിയുള്ള അണുബോംബുകള്‍ കൈവശം വയ്ക്കുന്നത്? എല്ല്ലാത്തിന്റെയും ഉത്തരം ഒന്നുതന്നെ - പ്രകൃതിയുടെ മുമ്പില്‍ അവന്‍ എന്താണ്, എത്രത്തോളമുണ്ട് എന്ന് അറിയാത്ത അജ്ഞത. അല്ലെങ്കിലും മനുഷ്യവംശം എന്നും ഇങ്ങനെയൊക്കെയായിരുന്നു. ഈ കാലഘട്ടത്തില്‍ അതല്‍പ്പം കൂടി എന്നു മാത്രം.
പ്രകൃതി ദുരന്തങ്ങള്‍ നല്‍കുന്ന നാലാമത്തെ ഗൃഹപാഠം അതാണ്. ഈ ജീവിതം അല്‍പകാലത്തേക്ക് മാത്രമേയുള്ളു. ആ കാലഘട്ടം നമ്മളാല്‍ കഴിയുംവിധം നമുക്കും മറ്റുള്ളവര്‍ക്കും, ഈ പ്രകൃതിയ്ക്കും പ്രയോജനകരമാംവണ്ണം ജീവിച്ച്, ആനന്ദിക്കുക.
1393