My City My Metro - ദുബായ് മെട്രോയില്‍ ഒരു യാത്ര

>> Sunday, September 27, 2009

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 9 ന് (09-09-09) പ്രവര്‍ത്തനം ആരംഭിച്ച ദുബായ് മെട്രൊ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തെപ്പറ്റി ‘അപ്പൂന്റെ ലോകം’ എന്ന എന്റെ ബ്ലോഗില്‍ എഴുതിയ 'ദുബായ് മെട്രോ ഭാവിയിലേക്ക്’ എന്ന ലേഖനത്തിലെ കമന്റുകളില്‍ വായനക്കാരിൽ ചിലർ ആവശ്യപ്പെട്ടിരുന്നതാണ് മെട്രോയിലെ ഒരു യാത്രയുടെ ചിത്രങ്ങളോടുകൂടിയ വിവരണംകൂടി ഒരു പോസ്റ്റായി ഇടണം എന്നത്. ചിത്രങ്ങള്‍ വലുതായി കാണിക്കുവാനുള്ള സൌകര്യം പരിഗണിച്ച് ഈ ബ്ലോഗില്‍ ഇത് ആദ്യലേഖനത്തിന്റെ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു.

Courtesy: Gulf News


ദുബായ് മെട്രോയുടെ നിര്‍മ്മാണം കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ദിവസേന കാണുന്നുണ്ടെങ്കിലും അതിന്റെ നിര്‍മ്മാണമേഖലയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലാതിരുന്നതിനാല്‍ മെട്രൊസ്റ്റേഷനുകളുടെ ഉള്‍വശത്തെ സൌകര്യങ്ങളും ട്രെയിനുകളുടെ ഉള്‍വശവും മറ്റും അപരിചിതമായ വസ്തുക്കളായിത്തന്നെയായിരുന്നു എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. മെട്രോയുടെ ഉത്ഘാടനത്തോടനുബന്ധിച്ചുണ്ടായിരുന്ന ജനത്തിരക്കും ആവേശവും ഒന്നുകുറഞ്ഞിട്ട് യാത്രയാവാം എന്നു കരുതി പത്തുദിവസത്തോളം കാത്തിരുന്നു. അങ്ങനെ ഈദിന്റെ അവധിദിനങ്ങളില്‍ ആദ്യത്തേതില്‍ ഞങ്ങള്‍ ദുബായ് മെട്രോയിലെ ആദ്യയാത്രയ്ക്കായി പുറപ്പെട്ടു. രാവിലെ ഒന്‍പതുമണി ആയതേ ഉള്ളതിനാല്‍ റോഡില്‍ വലിയ തിരക്കൊന്നും ഇല്ലായിരുന്നു; കുട്ടികള്‍ മെട്രോ ട്രെയിനില്‍ യാത്രചെയ്യാനുള്ള ആവേശത്തിലും.

ഇതൊരു ഉല്ലാസയാത്രമാത്രമായിരുന്നതിനാല്‍ മെട്രോയുടെ ടെര്‍മിനല്‍ സ്റ്റേഷനായ റഷീദിയ സ്റ്റേഷന്‍ മുതല്‍ 52 കിലോമീറ്റര്‍ അകലെയുള്ള നഖീല്‍ ഹാര്‍ബര്‍ സ്റ്റേഷന്‍ വരെ പോയി തിരികെവരുക എന്നതുമാത്രമായിരുന്നു പ്ലാന്‍. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ട്രെയിന്‍ 60 മിനുറ്റുകള്‍കൊണ്ട് ഈ യാത്രപൂര്‍ത്തീകരിക്കും. റഷീദിയ സ്റ്റേഷനോട് അനുബന്ധിച്ച് RTA പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത പത്തുനിലകളിലായി ക്രമീകരിച്ചിരിക്കുന്ന കാര്‍പാര്‍ക്കിംഗിലേക്ക് കടക്കുമ്പോള്‍ അവിടെ അത്രവലിയതിരക്കൊന്നും കണ്ടില്ല. മെട്രോസ്റ്റേഷനുകളുടെ ഡിസൈനുകളുമായി എല്ലാ അര്‍ത്ഥത്തിലും ചേര്‍ന്നു നില്‍ക്കുന്ന സൌകര്യങ്ങളോടു കൂടിയ ഈ പാര്‍ക്കിംഗ് കെട്ടിടവും കാഴ്ചക്ക് വളരെ മനോഹരം തന്നെ. ഗ്രൌണ്ട് ഫ്ലോര്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. സ്റ്റേഷന്റെ പരിസരപ്രദേശങ്ങളില്‍ നിന്നും യാത്രക്കാരെ സ്റ്റേഷനുകളിലേക്ക് എത്തിക്കുവാന്‍ ഉദ്ദേശിച്ചുള്ള 'F' നമ്പര്‍ സീരീസിലുള്ള ഫീഡര്‍ ബസുകള്‍ അവിടെയാണ് എത്തുന്നത്.

ഒന്നാം നിലമുതലുള്ള ലെവലുകള്‍ പബ്ലിക് കാര്‍പാര്‍ക്കിംഗിനു വേണ്ടിയുള്ളതാണ്. ബഹുനില കാര്‍പാര്‍ക്കിഗ് സൌകര്യം ദുബായിയില്‍ പുതുമയുള്ളതല്ലെങ്കിലും ഒരു പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനത്തോടനുബന്ധിച്ചുള്ള ഇത്തരം ഒരു കാര്‍പാര്‍ക്ക് ആദ്യത്തേതാണ്.

മെട്രോ ഉപയോക്താക്കള്‍ക്ക് കാര്‍പാര്‍ക്കിംഗ് നിലവില്‍ സൌജന്യമാണ്. ഞങ്ങളുടെ കാര്‍ സൌകര്യപ്രദമായ ഒരിടത്ത് പാര്‍ക്ക് ചെയ്തതിനു ശേഷം ഞങ്ങള്‍ സ്റ്റേഷന്റെ ഉള്ളിലേക്ക് പോയി. വിശാലവും മനോഹരവുമായ ഒരു ബ്രിഡ്ജ് -കോറിഡോര്‍ കാര്‍ പാര്‍ക്കിങ്ങിനെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു. അതിന്റെ ചിത്രമാണ് താഴെ.


അതുവഴി മുമ്പോട്ട് ചെല്ലുമ്പോള്‍ ടിക്കറ്റ് കൌണ്ടറുകള്‍ താഴത്തെ നിലയിലാണെന്നു കാണിക്കുന്ന ബോര്‍ഡ് കണ്ടു. താഴേക്കിറങ്ങുവാനായി എസ്കലേറ്റര്‍, ലിഫ്റ്റ് എന്നീ സൌകര്യങ്ങളോടൊപ്പം സ്റ്റെപ്പുകളും ഉണ്ട്. അവയിറങ്ങി താഴെയെത്തിയാല്‍ സ്റ്റേഷന്റെ വിശാലമായ ഗ്രൌണ്ട് ഫ്ലോറില്‍ എത്താം.


അവിടെ ടിക്കറ്റ് വെന്റിംഗ് മെഷീനുകളും, ടിക്കറ്റ് കൌണ്ടറുകളും ഉണ്ടായിരുന്നു. ടിക്കറ്റ് വെന്റിംഗ് മെഷീനുകള്‍ ഉപയോഗിച്ച് ടിക്കറ്റ് പ്രീപെയ്ഡ് കാര്‍ഡുകള്‍ റീ‍ചാര്‍ജ്ജ് ചെയ്യുവാനും പുതിയവ വാങ്ങുവാനും സാധിക്കും. തല്‍ക്കാലം അതുപയോഗിക്കേണ്ട എന്നു നിശ്ചയിച്ച് ടിക്കറ്റ് കൌണ്ടറീലെ അത്രനീണ്ടതല്ലാത്ത ക്യുവില്‍ കയറി എല്ലാവര്‍ക്കും വേണ്ട ടിക്കറ്റുകള്‍ (ഇത് ചുവപ്പ് NOL കാര്‍ഡുകള്‍ ആണ്) വാങ്ങി.

ദുബായ് മെട്രോയുടെ ഉത്ഘാടനത്തീയതിയും അനുബന്ധവിവരങ്ങളും കാണിക്കുന്ന ഒരു സ്മാരക ബിംബവും ഫലകവും അവിടെയുണ്ട്.


ടിക്കറ്റുകള്‍ വാങ്ങിക്കഴിഞ്ഞ അവ ‘സ്വൈപ്പ്’ ചെയ്യാനുള്ള ഗെയ്റ്റുകള്‍ വഴികടന്നുപോകണം. എങ്കിലേ ട്രെയിന്‍ വരുന്ന പ്ലാറ്റ്ഫോമില്‍ എത്താന്‍ സാധിക്കൂ. ഈ രീതിയിലുള്ള സ്വൈപ്പ് ഗെയ്റ്റുകള്‍ ജനങ്ങള്‍ക്ക് അത്രയധികം പരിചയമില്ലാത്തതിനാല്‍ സഹായത്തിനായി മെട്രോ ജീവനക്കാരും സെക്യൂരിറ്റി സ്റ്റാഫുകളും അവിടെയുണ്ട്. ഒരാളുടെ ടിക്കറ്റ് ഗെയ്റ്റിലെ ഇലക്ട്രോണിക് പാഡിൽ തൊട്ടാൽ ഗെയ്റ്റിലെ ചെറീയ വാതില്‍പാളി തുറക്കും. അതുവഴി ഉള്ളിലേക്ക് കടക്കാം.


വീണ്ടും ഒരു എസ്കലേറ്റര്‍ വഴി കയറി ഞങ്ങള്‍ പ്ലാറ്റ്ഫോമിലേക്ക് എത്തി. പ്ലാറ്റ്ഫോമും പൂര്‍ണ്ണമായി എയര്‍കണ്ടീഷന്‍ ചെയ്തതാണ്. ട്രെയിനിന്റെ വാതിലുകള്‍ വന്നു നില്‍ക്കുന്നതിന്റെ നേര്‍ക്കുനേര്‍ തുറക്കുന്ന മറ്റൊരു സെറ്റ് വാതിലുകള്‍ പ്ലാറ്റ്ഫോമിലും ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്നു. ട്രെയിൻ പ്ലാറ്റ് ഫോമില്‍ ഇല്ലാത്ത അവസരങ്ങളില്‍ ഈ വാതിലുകള്‍ അടഞ്ഞുകിടക്കും. ഈ സംവിധാനത്തിലൂടെയാണ് എയര്‍കണ്ടീഷനിംഗ് പ്ലാറ്റ്ഫോമിലും സജ്ജീകരിച്ചിരിക്കുന്നത്. വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് വഴികാട്ടിയായി ടാക്റ്റൈല്‍ വഴികാട്ടികളും സ്റ്റേഷനിലും പ്ലാറ്റിഫോമിലും ഉണ്ട്. താഴത്തെ ചിത്രത്തില്‍ തറയില്‍ നാലുവരികളിലായി ഉറപ്പിച്ചിരിക്കുന്ന ലോഹക്കഷണങ്ങള്‍ ഈ രീതിയിലുള്ള വഴികാട്ടിയാണ്.അല്പസമയത്തിനുള്ളില്‍ ട്രെയിന്‍ വന്ന് പ്ലാറ്റ് ഫോമില്‍ നിന്നു. പ്ലാറ്റ് ഫോമിന്റെയും ട്രെയിനിന്റെയും വാതിലുകള്‍ ഒരുപോലെ തുറന്നു. ട്രെയിന്‍ വന്നുനില്‍ക്കുന്നതായുള്ള അറിയിപ്പ് സ്പീക്കറുകളിലൂടെ മുഴങ്ങി. വിശാലമായ വാതിലിലൂടെ ഞങ്ങള്‍ അകത്തേക്ക് കടന്നു. ഒറ്റനോട്ടത്തിൽ തന്നെ ‘ഇതൊരു വേൾഡ് ക്ലാസ് സംഭവം തന്നെ’ എന്നുതോന്നിപ്പിക്കുന്ന ബോഗികൾ!ഓരോ ട്രെയിനിനും അഞ്ച് ബോഗികള്‍ വീതമാണുള്ളത്. വിശാലമായ ഈ ബോഗികള്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള വാതിലുകളും വിശാലമായവതന്നെ. അതിനാല്‍ ട്രെയിനിന്റെ ഉള്ളില്‍ ആയിരിക്കുമ്പോള്‍ ഒരൊറ്റ ബോഗിപോലെയേ നമുക്ക് തോന്നുകയുള്ളൂ. എല്ലാ ട്രെയിനുകളിലും ആദ്യത്തെ ബോഗി ഗോള്‍ഡ് ക്ലാസ് ആണ്. ജെബൽ അലിയിലേക്ക് പോകുന്ന ദിശയില്‍ ഗോള്‍ഡ് ക്ലാസ് എല്ലാ ട്രെയിനുകളുടേയും മുന്നറ്റത്തായിരിക്കുന്ന രീതിയിലാണ് അവ മീകരിച്ചിരിക്കുന്നത്. ഗോള്‍ഡ് ക്ലാസ് ബോഗിയുടെ പകുതി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായുള്ള റിസേര്‍വ്ഡ് ഭാഗമായും ക്രമീകരിച്ചിട്ടുണ്ട്. ബാക്കി നാലുബോഗികളും ജനറല്‍ ബോഗികളാണ്. അതില്‍ പിന്നറ്റത്തുള്ള ബോഗിയില്‍ ഞങ്ങള്‍ കയറി. അതിനൊരു കാരണം ഉണ്ടായിരുന്നു. പിന്നറ്റത്തുള്ള ബൊഗിക്കും ട്രാക്കിലേക്ക് തുറക്കുന്ന ഒരു വിന്റ് സ്ക്രീന്‍ ഉണ്ട്. മാത്രവുമല്ല തിരികെ പോരുമ്പോള്‍ ഈ ബോഗിയായിരിക്കുമല്ലോ മുമ്പില്‍ വരുന്നത്. അപ്പോള്‍ ഡ്രൈവറില്ലാത്ത ട്രെയിനിന്റെ മുന്നത്തുതന്നെയിരുന്ന് കാഴ്ചകള്‍ കാണുകയുമാവാം.. ദേ ഇതുപോലെ.


എയര്‍കണ്ടീഷന്‍ ചെയ്ത ബോഗികളുള്ള ട്രെയിനിന്റെ ഉള്‍വശം വളരെ മനോഹരം തന്നെ. നീലനിറത്തിന്റെ വിവിധ ഷെയ്ഡുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇന്റിരിയര്‍, അതിനു ചേരുന്ന സീറ്റുകള്‍. വിശാലമായ ജനാലകള്‍, ഇരിക്കുന്നവര്‍ക്ക് അസൌകര്യമില്ലാത്തവിധം നില്‍ക്കുവാനുള്ള രീതിയില്‍ ഉണ്ടാക്കിയിരിക്കുന്ന ഇരിപ്പിടങ്ങള്‍, ട്രെയിനിന്റെ യാത്രാവിവരങ്ങള്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യുന്ന വീഡിയോ സ്ക്രീനുകള്‍, അറിയിപ്പുകൾ നല്‍കാനുള്ള വ്യക്തമായ സൌണ്ട് സിസ്റ്റം (അറബിയിലും ഇംഗ്ലീഷിലും), എപ്പോഴും അതില്‍നിന്നുയരുന്ന നേര്‍ത്ത സംഗീതം - ജപ്പാന്‍ നിര്‍മ്മിതമായ ഈ ട്രെയിനുകളോരോന്നും സാങ്കേതിക വിദ്യയില്‍ മാതമല്ല, സൌകര്യങ്ങളിലും ലോകത്തര നിലവാരമുള്ളതുതന്നെയെന്ന കാര്യത്തില്‍ സംശയമില്ല. ട്രെയിനിനുള്ളില്‍ ഭക്ഷണപാനീയങ്ങള്‍ അനുവദിച്ചിട്ടില്ല. വൈഫൈ ഇന്റര്‍നെറ്റ് സൌകര്യം യാത്രയിലുടനീളം സൌജന്യമാണ്.ട്രെയിനിന്റെ ഉള്ളിലെ സൌകര്യങ്ങള്‍ കാണുവാന്‍ നിശ്ചലചിത്രങ്ങളേക്കാള്‍ അനുയോജ്യമാണല്ലോ വീഡിയോ ചിത്രങ്ങള്‍. താഴെയുള്ള ചെറിയ വീഡിയോ (30 സെക്കന്റ്) കണ്ടുനോക്കൂ.. Thanks to lmre's Youtube videoനാലരമിനിറ്റു നീളുന്ന മറ്റൊരു വീഡിയോ കാണുവാൻ സമയവും ക്ഷമയും ഉള്ളവർക്കായി ഇതാ മറ്റൊരു നല്ല റിപ്പോർട്ട്. സ്പീക്കറുകൾ അല്ലെങ്കിൽ ഹെഡ് സെറ്റുകൾ ഓണാക്കി ഇതിലെ വിവരണം ഒപ്പം കേൾക്കൂ.ട്രെയിനുള്ളിലെ സംവിധാനങ്ങള്‍ ആസ്വദിച്ചിരിക്കുന്നതിനിടയില്‍ ഡോറുകള്‍ അടയുന്നതിനായുള്ള അറിയിപ്പ് മുഴങ്ങി. താമസിയാതെ അനുഭവപ്പെട്ട ഒരു ചെറിയ കുലുക്കം ട്രെയിൻ യാത്രയുടെ ആരംഭം കുറിക്കുകയാണെന്നതിന്റെ അറിയിപ്പായിരുന്നു. ഇലക്ട്രിസിറ്റിയാല്‍ ഓടുന്ന ഈ ട്രെയിനില്‍ ശബ്ദം ഒട്ടുമില്ല എന്ന പ്രത്യേകതയുണ്ട്. ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന ഈ ട്രെയിനിന്റെ ഓട്ടം പൂര്‍ണ്ണമായും കമ്പ്യൂ‍ട്ടര്‍ നിയന്ത്രിതമാണ്. സ്പീഡ് ഏറിയും കുറഞ്ഞും വരും. മിനിമം സ്പീഡ് 40 മാക്സിമം 80 എന്നിങ്ങനെ ട്രാക്കിനനുസരിച്ച് ട്രെയിന്‍ സ്വയം സ്പീഡ് ക്രമീകരിച്ച് ഓടുന്നത് നമുക്ക് അനുഭവിച്ചറിയാം. എങ്ങനെ ഓടിയാലും യാത്രയ്ക്കെടുക്കുന്ന പരമാവധി സമയം ഒരു മണിക്കൂര്‍ മാത്രം.

ട്രെയിന്‍ കടന്നുപോകുന്ന റൂട്ട് ഓരോ വാതിലിനും മുകളില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. സ്റ്റേഷനുകളുടെ പേര് അടുത്തതായി നിര്‍ത്താന്‍ പോകുന്ന സ്റ്റേഷന്‍ ഏത് തുടങ്ങിയ വിവരങ്ങള്‍ ട്രെനിലിലെ അനൌണ്‍സ്മെന്റ് സംവിധാനം വഴിയും വിഷ്വൽ ഡിസ്പ്ലേവഴിയും അറിയാം.

Metro route map

വിശാലമായ ജനാലയിലൂടെയുള്ള കാഴ്ചകള്‍ വളരെ പുതുമയേറിയതായിരുന്നു. ഇത്രയും നാള്‍ റോഡിന്റെ ലെവലില്‍ കാറീലിരുന്നുകൊണ്ട് കണ്ടിരുന്ന സ്ഥലങ്ങള്‍ നല്ലവണ്ണം ഉയര്‍ന്ന എലിവേറ്റഡ് ട്രാക്കിലിരുന്നുകൊണ്ട് നോക്കുമ്പോള്‍ പുതിയ ഒരു വീക്ഷണകോണിലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.റഷീദിയയില്‍ നിന്നു പുറപ്പെട്ടാല്‍ ആദ്യം എത്തുന്ന ലാന്റ് മാര്‍ക്കുകള്‍ ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ മൂന്നും ഒന്നും ടെര്‍മിനലുകളാണ്. അതിൽ ടെർമിൽനൽ 3 ലെ മെട്രോസ്റ്റേഷൻ ഇപ്പോൾ പ്രവർത്തനക്ഷമവുമാണ്. ടെർമിനൽ 1 ലെ സ്റ്റേഷന്റെ പണി ദൃതഗതിയിൽ പുരോഗമിക്കുന്നു.
അവിടെനിന്ന് മുമ്പോട്ട് പോകുമ്പോൾ ദേര സിറ്റിസെന്ററിനു തൊട്ടുമുമ്പായി മെട്രോ ലൈന്‍ എലിവേറ്റഡ് ട്രാക്കില്‍ നിന്ന് അണ്ടര്‍ഗ്രൌണ്ട് ടണലിലേക്ക് കടക്കുകയാണ്. തുടര്‍ന്നുള്ള അഞ്ചുകിലോമീറ്ററോളം ദൂരം തിരക്കേറിയ നഗരങ്ങളായ ദേരയുടെയും ബര്‍ദുബായിയുടെയും ദുബായ് നഗരത്തെ രണ്ടായി തിരിക്കുന്ന ജലപാതയായ ദുബായ് ക്രീക്കിന്റെയും അടിയിലൂടെ കടന്നുപോകുന്നു. യാത്രക്കാരില്‍ ഭൂരിഭാഗവും ഈയാത്ര മുഴുവന്‍ വീഡിയോ/ സ്റ്റില്‍ ക്യാമറകളില്‍ പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു.


അണ്ടര്‍ ഗ്രൌണ്ട് സ്റ്റേഷനുകളോരോന്നും വളരെ മനോഹരമാണ്. സിറ്റി സെന്റര്‍, അല്‍ റിഗ്ഗ, യൂണിയന്‍ സ്ക്വയര്‍, ബര്‍ജുമാന്‍ എന്നീ അണ്ടര്‍ഗ്രൌണ്ട് സ്റ്റേഷനുകളാണ് റെഡ് ലൈനില്‍ ഉള്ളത്. ഭൂമിക്കടിയില്‍ 18 മീറ്ററോളം ആഴത്തിലാണിവ നിര്‍മ്മിച്ചിരിക്കുന്നത്. ഇവയുടെ ഓരൊന്നിന്റെയും ഇന്റീരിയര്‍ വളരെ മനോഹരമായ രീതിയിലാണ് ചെയ്തിരിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടിരിക്കുന്നു. അറേബ്യൻ പാരമ്പര്യം വിളിച്ചോതുന്ന ഇന്റീരിയർ ആർട്ടുകൾ അവിടെ കണ്ടു. അവിടെയൊന്നും ഇറങ്ങികാണുവാനുള്ള സാവകാശം ഈ യാത്രയില്‍ ഇല്ലാതിരുന്നതിനാല്‍ അവയെക്കുറിച്ചുള്ള വിവരണം മറ്റൊരവസരത്തിലേക്ക് മാറ്റിവയ്ക്കുന്നു.


ഖാലിദ് ബിൻ വലീദ് (ബര്‍ജുമാന്‍) സ്റ്റേഷന്‍ കഴിഞ്ഞ് കരാമയിലെത്തുമ്പോഴേക്ക് വീണ്ടും ട്രെയിന്‍ ഭൂഗര്‍ഭതുരങ്കം വിട്ട് എലിവേറ്റഡ് ട്രാക്കിലേക്ക് എത്തുകയാണ്. ഇത്രയും ദൂരം വെറും അഞ്ചുമിനിറ്റിനുള്ളിൽ കടന്നുപോകുമ്പോഴാണ് മെട്രോയുടെ ഉപയോഗം നമുക്ക് മനസ്സിലാവുന്നത്. ദേരയിലെയും ബർദുബായിലെയും ട്രാഫിക് കുരുക്കുകളിൽ ഒരു കാറിൽ യാത്രചെയ്താൽ കുറഞ്ഞത് ഇരുപതുമിനിറ്റ്എടുക്കാവുന്ന യാത്രയാണിത്. ഇരുവശത്തുമുള്ള റെസിഡന്‍ഷ്യല്‍ ഏരിയകളും സബീല്‍ പാര്‍ക്കും മറ്റും ഉയര്‍ന്ന ഒരു ആംഗിളില്‍ നിന്ന് വളരെ വ്യത്യസ്തമായി തോന്നി.
ബര്‍ദുബായ് റോഡ്സബീല്‍ പാര്‍ക്ക്
(പാര്‍ക്കിന്റെ ഇരുപതിലൊന്നുപോലും ഈ ഫോട്ടോയിലില്ല!)


അവിടം കടന്ന് മുമ്പോട്ട് പോകുമ്പോള്‍ ദുബായിലെ പ്രധാന വീഥിയായ ഷെയ്ഖ് സായിദ് റോഡിനു സമാന്തരമായി മെട്രോ ലൈന്‍ എത്തുന്നു. റോഡെന്നാണ് പേരെങ്കിലും ഓരോ വശത്തേക്കും ഏഴു ലൈന്‍ വീതമുള്ള ഹൈവേയാണിത്. ദുബായിയിലെ അംബരചുംബികളായ കെട്ടിടങ്ങളില്‍ പലതും ഈ ഹൈവേയുടെ ഇരുവശത്തുമായാണ് സ്ഥിതിചെയ്യുന്നത്.
ഈ ഭാഗത്തെത്തിയപ്പോഴേക്ക് മറ്റൊരു ട്രെയിന്‍ എതിര്‍വശത്തേക്ക് കടന്നുപോകുന്നകാഴ്ച ഭംഗിയായി കാണുവാന്‍ സാധിച്ചു.ഷെയ്ഖ് സായിദ് റോഡിനു ഇരുവശവുമുള്ള കാഴ്ചകള്‍ ഇനി ഒരു സ്ലൈഡ് ഷോയായി കാണാം. അതതു ചിത്രത്തെപ്പറ്റിയുള്ള വിവരണം ക്യാപ്ഷനുകളായി നല്‍കിയിട്ടുണ്ട്. താഴെയുള്ള ചിത്രത്തിലെ പ്ലേ ബട്ടണ്‍ അമര്‍ത്തൂ.അങ്ങനെ ഞങ്ങള്‍ ഒരു മണിക്കൂറീനുശേഷം റെഡ് ലൈനില്‍ നിലവിലെ അവസാന സ്റ്റോപ്പായ നഖീല്‍ ഹാര്‍ബര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. യാത്രക്കാരെല്ലാവരും പുറത്തിറങ്ങി. വീണ്ടും സ്റ്റേഷന്റെ താഴത്തെ നിലയില്‍ എത്തിയതിനു ശേഷം വേണം മറുവശത്തെ പ്ലാറ്റ് ഫോമില്‍ എത്തുവാന്‍.
വീണ്ടും ഒരുമണിക്കൂർ യാത്രയ്ക്കുശേഷം ഞങ്ങൾ തിരികെ റഷീദിയ സ്റ്റേഷനിൽ എത്തി. ആദ്യയാത്രയുടെ അനുഭവങ്ങൾ ഏറെ കൌതുകത്തോടെ കണ്ടുകൊണ്ടിരിക്കുമ്പോഴും ഒരു കാര്യം വ്യക്തമായിരുന്നു. ദുബായ് സിറ്റി കൈവരിച്ചിട്ടുള്ള നേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയിലൊന്ന് എന്ന് നിസ്സംശയം പറയാവുന്ന ഒന്നാണ് ദുബായ് മെട്രോ. കാറുകൾ മാത്രം ഉപയോഗിച്ച് ശീലിച്ച ഒരു ജനതയെ പബ്ലിക് ട്രാൻസ്പോർട്ട് സൌകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുവാനായി മാനസികമായി തയ്യാറാക്കുന്ന പ്രക്രിയയ്ക്ക് ഇനിയും സമയമെടുത്തേക്കാം. എങ്കിലും ഏതു പ്രോജക്റ്റ് ചെയ്യുമ്പോഴും അതിനെപ്പറ്റിയുള്ള പരമാവധി ബോധവൽക്കരണം ജനങ്ങളിലെത്തിക്കാൻ ശ്രദ്ധിക്കുന്ന അധികൃതർ ഇക്കാര്യത്തിലും വിജയിക്കും എന്നാണെന്റെ പ്രതീക്ഷ.

'City that cares' എന്നാണ് ദുബായ് നഗരത്തെപ്പറ്റി പറയുന്നത്. മെട്രോപദ്ധതിയെപ്പറ്റി RTA ഏകദേശം ഒരുവർഷം മുമ്പ് ആരംഭിച്ച കാമ്പെയിന്റെ ആപ്തവാക്യമായിരുന്നു 'My City My Metro' എന്നത്. ദുബായ് നഗരത്തിലെ ഓരോ അന്തേവാസിക്കും, സ്വദേശിയോ വിദേശിയോ ആകട്ടെ, ‘ഇതെന്റെ നഗരം ഇത് എന്റെ മെട്രോ’ എന്ന ഒരു ഫീൽ നൽകുവാൻ ഈ മെട്രോട്രെയിന് സാധിച്ചിട്ടുണ്ട് എന്ന് മെട്രോയിൽ യാത്രചെയ്യുന്ന ഓരോ യാത്രക്കാരന്റെയും മുഖങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.=============
വാൽക്കഷ്ണം
=============

1997 ൽ നടത്തിയ ഒരു പഠനത്തിൽ ഉരുത്തിരിഞ്ഞുവന്ന ആശയമാണ് മെട്രോ റെയിൽ പദ്ധതി. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആരംഭത്തിലെ ദുബായിയും ഇന്നത്തെ ദുബായിയും തമ്മിലുള്ള വ്യത്യാസം ഈ ഫോട്ടോയിൽ കാണാം! ദീർഘവീക്ഷണം എന്നാലെന്താണ് എന്നതിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണം.

41 comments:

അങ്കിള്‍ September 27, 2009 at 10:25 AM  

ഏതിനെയാണു വർണ്ണിക്കേണ്ടത്?
മെട്രോ, അതിനകത്തുനിന്നു കണ്ട കാഴ്ചകൾ, ഈ ഫോട്ടോകൾ, യാത്രാ വിവരണം ഇതിൽ ഏതിനേയാണു വർണ്ണിക്കേണ്ടത്. എല്ലാം ഒന്നിനൊന്ന് മെച്ചം. അതുകൊണ്ട്, എന്റെ വർണ്ണന അപ്പുവിനു ഇരിക്കട്ടെ.

ജോ l JOE September 27, 2009 at 10:47 AM  

Thanks Appu,

(Please Correct the spelling of Headding)

ബീരാന്‍ കുട്ടി September 27, 2009 at 12:04 PM  

Appuji,

Super narration, Thank you very much for your effort.

കാട്ടിപ്പരുത്തി September 27, 2009 at 12:12 PM  

ഒരു നല്ല കഥാനുഭവം പോലെ നന്നായി പറഞ്ഞു യാത്രയാക്കിയപ്പു.......

കുഞ്ഞന്‍ September 27, 2009 at 1:28 PM  

thanks appuji..really informative and interesting one.

hw much was paid for one trip? means one way..

ട്രെയിനിനുള്ളില്‍ ഭക്ഷണപാനീയങ്ങള്‍ അനുവദിച്ചിട്ടില്ല..so will they provide any food or drinks for passengers?.(by railway company)..

Appu Adyakshari September 27, 2009 at 2:13 PM  

പോസ്റ്റ് വായിച്ച് അഭിപ്രായങ്ങൾ പറഞ്ഞ അങ്കിൾ, ജോ, ബീരാൻ‌കുട്ടി, കാട്ടിപ്പരുത്തി, കുഞ്ഞൻ എന്നിവർക്കെല്ലാം നന്ദി.

കുഞ്ഞന്റെ ചോദ്യങ്ങളുടെ ഉത്തരം: കുഞ്ഞൻ ഇതിനു മുമ്പുള്ള പോസ്റ്റ് വായിച്ചില്ല എന്നുതോന്നുന്നു. റെഡ് ലൈൻ നാലു സോണുകളിൽകൂടിയാണു കടന്നുപോകുന്നത്. ഓരോ സോണിനുള്ളിലും സഞ്ചരിക്കുന്നതിന് 1.80 ദിർഹം ആണു ചാർജ്ജ്. ഞങ്ങൾ പോയത് ഒരു സോണിൽ നിന്ന് ഏറ്റവും അവസാനമുള്ള സോൺ വരെയാണ്. ഈ യാത്രയ്ക്ക് 5.80 ദിർഹം ആണ് വൺ‌വേ ടിക്കറ്റ്.

മെട്രോട്രെയിനുള്ളീൽ ഭക്ഷണപാനീയങ്ങൾ അനുവദിക്കാത്തത്, യാത്രക്കാർ അതിനുള്ളിൽ ഭക്ഷണ അവശിഷ്ടങ്ങളും അനുബന്ധറാപ്പറുകളും വലിച്ചെറിഞ്ഞ് അത് വൃത്തികേടാക്കാതിരിക്കാനാണ്. റെയിൽ‌വേ കമ്പനി ട്രെയിനിനുള്ളിൽ ഭക്ഷണം വിറ്റാലും ഇതു തന്നെ സംഭവിക്കുമല്ലോ അല്ലേ! അതിനാൽ അതും ഇല്ല. മെട്രോ യാത്രക്കാർ എപ്പോഴും വളരെ കുറഞ്ഞ ഒരു ദൂരം മാത്രമേ മെട്രൊയിൽ സഞ്ചരിക്കുന്നുള്ളൂ എന്നറിയാമല്ലോ. അതിനാൽ ഒരുമണിക്കൂർ വിശപ്പുസഹിക്കാൻ സാധിക്കുന്നതല്ലേയുള്ളൂ. ഇനി അധവാ വിശപ്പ് ഒട്ടും സഹിക്കാത്തവർക്കായി റെയിൽ‌വേസ്റ്റേഷനുകളിൽ ഫുഡ് ഔട്ട്ലറ്റുകൾ ഉണ്ട്. വഴിയിൽ ഒരു സ്റ്റേഷനിൽ ഇറങ്ങി, ഒരു സ്നാക്കും വാങ്ങിക്കഴിച്ച് അടുത്ത ട്രെയിനിൽ യാത്രതുടരാം. അതുപോലെ ഈ ട്രെയിനിൽ ടോയ്ലറ്റുകളും ഇല്ല. (മൂത്രശങ്കയുള്ളവർ അടുത്ത സ്റ്റേഷനിൽ ഇറങ്ങുക, കാര്യം സാധിക്കുക, തൊട്ടടുത്ത ട്രെയിനിൽ വീണ്ടും യാത്ര തുടരുക. - ടിക്കറ്റ് വീണ്ടും മാറ്റേണ്ടതില്ല)

രഞ്ജിത് വിശ്വം I ranji September 27, 2009 at 2:18 PM  

എങ്ങിനെയാണ് എല്ലാമിങ്ങനെ ലളിതവും രസകരവുമായി പറയാന്‍ പറ്റുന്നത്..

Unknown September 27, 2009 at 3:40 PM  

ഇത്രയും വലിയ നഗരമായ ദുബായിൽ വളരെ മുൻപു തന്നെ വരേണ്ടതായിരുന്നല്ലോ മെട്രൊ.നല്ല ശൈലി നല്ല വിവരണം ഇതു പോലെ എന്റെ യാത്രകളൂം വിവരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നു തോന്നിപോകുന്നു :-)
സജി

Appu Adyakshari September 27, 2009 at 3:56 PM  

സജീ സന്ദർശനത്തിനു നന്ദി. സജിപറഞ്ഞല്ലോ ഇത്രവലിയ നഗരമായ ദുബായിയിൽ വളരെ മുമ്പുതന്നെ വരേണ്ടതായിരുന്നല്ലോ മെട്രോ എന്ന്. അവിടെയാണു ദുബായിയുടെ വളർച്ചയും ലോകത്തെ മറ്റു മെട്രോ നഗരങ്ങളുടെ വളർച്ചയും തമ്മിലുള്ള വളർച്ചയുടെ വ്യത്യാസമിരിക്കുന്നത്. ദുബായിയിൽ വികസനം എന്നത് കാണക്കാണെ സംഭവിക്കുന്ന ഒന്നാണ്. ഉദാഹരണത്തിന് ഒരു ഫോട്ടോകാണികാം. വെറും പതിനഞ്ചുവർഷം മുമ്പ് നാം ഈ പോസ്റ്റിൽ പരാമർശിച്ച ഷെയ്ഖ് സായിദ് റോഡിന്റെ ഇരുവശവും എങ്ങനെയായിരുന്നു എന്ന് ഇവിടെ നോക്കൂ.. അത്ഭുതം തോന്നുന്നില്ലേ !! ദീർഘവീക്ഷണത്തോടെ മെട്രോ പ്ലാൻ ചെയ്തിട്ട് പത്തുവർഷം ആകുന്നു. എന്റെ ആദ്യ പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ..

Unknown September 27, 2009 at 4:01 PM  

ഫോട്ടൊ കണ്ടു 15 വർഷം കൊണ്ടൂ ഇത്രയും വളർച്ചയോ ,അത്ഭുതം തന്നെ .

Kiranz..!! September 27, 2009 at 5:26 PM  

ഇന്റർനെറ്റ് യുഗത്തിന്റെ ശാപമായി കാണിക്കാവുന്ന ഒന്നേയുള്ളു.ഇൻഫർമേഷൻ ഓവർലോഡ്.ദുബായ് മെട്രോയെപ്പറ്റി വളരെയധികം ലേഖനങ്ങളും വാർത്തകളും ഒക്കെ വന്നിരുന്നെങ്കിലും തിരക്ക് കഴിഞ്ഞ് ശാന്തവും ലളിതവും ആധികാരികവുമായ ഒരു സചിത്രലേഖനം വായിക്കണമെന്ന് കരുതിയത് ഇങ്ങനെ നിവൃത്തിയായി.നന്ദി അപ്പുമാമാ..!

ഓടോ :- ശൂശു വെക്കാൻ സമ്മതിച്ചില്ലേൽ ലവൻ എന്നെ പബ്ലിക്കിന്റെ മുന്നിലിട്ട് നാണം കെടുത്തിക്കളയും.തൽക്കാലം അപ്പോ ഖത്തറിൽത്തന്നെ കഴിഞ്ഞു കൂടാം..അല്യോ ?

വീകെ September 27, 2009 at 5:59 PM  

മാഷെ,
ദുബായ് മെട്രോയിൽ ടിക്കറ്റെടുക്കാതെ,
ഇവിടെ ഇരുന്നു കൊണ്ട് സഞ്ചരിക്കാൻ പാകത്തിൽ ഒരു യാത്ര തരപ്പെടുത്തിയതിന് വളരെ നന്ദി...!! ഫോട്ടോകളും അതി മനോഹരം...!

കുക്കു.. September 27, 2009 at 7:29 PM  

അപ്പുവേട്ടാ നല്ല വിവരണം..
:)

യാരിദ്‌|~|Yarid September 27, 2009 at 8:17 PM  

നമ്മുടെ മാവും പൂക്കും ഒരു ദിവസം. അന്നേരമാട്ടെ. ഞാനും എഴുതും അനന്തപുരി മെട്രോയെക്കുറിച്ച്..:)

അനില്‍@ബ്ലോഗ് // anil September 27, 2009 at 9:25 PM  

യാരിദ് പറഞ്ഞപോലെ ഞമ്മക്കും കിട്ടും മെട്രോ .
:(

മനോഹരമായ പടങ്ങള്‍.
അസൂ‍യ വരുന്നു.

Sathees Makkoth | Asha Revamma September 27, 2009 at 10:02 PM  

അപ്പുസാറേ, ഗ്രേറ്റ് വർക്ക്. സമ്മതിച്ചിരിക്കുന്നു താങ്കളുടെ ഈ ഡീറ്റൈൽഡ് റിപ്പോർട്ട് തയ്യാറാക്കാനുള്ള മനസ്സിനെ. നന്ദി.

സതീശൻ&ആഷ

നരിക്കുന്നൻ September 27, 2009 at 11:38 PM  

വളരെ വിശദമായി ചിത്രങ്ങളും വീഡിയോകളും സഹിതം ആഗ്രഹിച്ചപോലെ ഒരു മെട്രോ ട്രൈൻ വിശേഷം. നന്ദി.

പകല്‍കിനാവന്‍ | daYdreaMer September 28, 2009 at 12:32 AM  

ടിക്കറ്റ് എടുക്കാതെ ഒരു യാത്ര തരമായി.. :)
എന്നാലും അപ്പൂ എന്നേം കൂടി കൂട്ടാമായിരുന്നു..
കൂട്ടില്ല.. :(

പാവപ്പെട്ടവൻ September 28, 2009 at 1:26 AM  

നല്ല വിവരണം നല്ല ഫോട്ടോകള്‍ ദുബായില്‍ വന്നു കാണാന്‍ പറ്റിയില്ലങ്കിലും നേര്‍കാഴ്ചപോലുള്ള ഈ എഴുത്തിനു അഭിനന്ദനങ്ങള്‍

പൈങ്ങോടന്‍ September 28, 2009 at 3:41 AM  

ചിത്രങ്ങളും വിവരണവും വളരെ നന്നായിരിക്കുന്നു അപ്പു. എല്ലാം നേരില്‍ കണ്ട പ്രതീതി.

സചിത്രലേഖനമെഴുതുന്നതില്‍ അപ്പുവിനുള്ള കഴിവ് ഒന്നു വേറെതന്നെയാണ്

സാജന്‍| SAJAN September 28, 2009 at 4:06 AM  

അപ്പു, നന്നായിട്ടുണ്ട് മെട്രോ റിപ്പോര്‍ട്ടും ചിത്രങ്ങളും!
മറ്റൊരു സിറ്റിയില്‍ ഇതിലും സങ്കീര്‍ണ്ണമായ മെട്രോയില്‍ കുറേനാള്‍ കയറിയിറങ്ങി നടന്നത് കൊണ്ടാവും ദുബായിയില്‍ ഇത് വന്നത് കൊണ്ട് വലിയ അത്ഭുദമൊന്നും തോന്നുന്നില്ല. എന്നെങ്കിലും നമ്മുടെ സ്വന്തം നാട്ടില്‍ ഇതുപോലെയുള്ള സൌകര്യങ്ങള്‍ വന്നിരുന്നുവെങ്കില്‍ എന്നുമാത്രം ആഗ്രഹിച്ചുപോകുന്നു.:(

Appu Adyakshari September 28, 2009 at 7:56 AM  

വായിച്ച് അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി.

കിരൺസേ.... അപ്പോ ഇങ്ങോട്ടുവരുന്നില്ലെന്നു തീരുമാനിച്ചുഅല്ലേ..
വികെ, കുക്കു, യാരിദ് (പൂക്കും പൂക്കും!!) അനിൽമാഷ്, സതീശൻ, ആഷ, നരിക്കുന്നൻ, പകലൻ, പാവപ്പെട്ടവൻ, പൈങ്ങോടൻ, സാജൻ എല്ലാവർക്കും നന്ദി.

ഹരീഷ് തൊടുപുഴ September 28, 2009 at 8:07 AM  

അസൂയ..!! അസൂയ..!!

തിരോന്തരത്തും, മലപ്പുറത്തും മെട്രോ വരുന്നതിനു മുൻപേ തൊടുപുഴയിൽ വരൂലോ..ഞങ്ങടെ അച്ചായനൊന്നു ഗതാഗത മന്ത്രിയായിക്കോട്ടെ..!!
യാരിദിനേക്കാളും, അനിൽജി നേക്കാളും മുൻപേ ഞമ്മളു പോസ്റ്റിടും..ഇങ്ങളെയെല്ലാരേം കൊതിപ്പിക്കേം ചെയ്യും..!!

എന്റെ ചിന്ന സംശയം..
ആകെ എത്ര ട്രാക്കുകൾ..??
അതാത് ട്രാക്കിൽ ഒരു ദിശയിലേക്കു മാത്രമാണൊ ഗതാഗതം അനുവദിച്ചിട്ടുള്ളത്..??
വിഡ്ഢിത്തമായെങ്കിൽ ക്ഷമീര്..
എന്നെങ്കിലും ദുബായിൽ ഞാൻ വരും..ദുബായിയിൽ മാത്രം
കാണേണ്ട ഒരു നഗരമാ അതു അല്ലേ..

ഈ പോസ്റ്റി ഇട്ടതിനുള്ള ആശംസകളോടേ..

ഹരീഷ്

Appu Adyakshari September 28, 2009 at 8:26 AM  

ഹരീഷേ :)

ഈ അസൂയ കാണാൻ വേണ്ടി മാത്രമാണ് ഇത്രയും കൂടുതൽ ഫോട്ടോകൾ ഇട്ടത് കേട്ടോ....:)

ഡബിൾ ലൈനാണ് മെട്രോ. ഒരു ഫോട്ടോയിൽ എതിർവശത്തേക്ക് ട്രെയിൻ പോകുന്ന ഫോട്ടോയും ഉണ്ടല്ലോ. കൂടാതെ ട്രാക്കിന്റെ ഫോട്ടോകൾ സ്ലൈഡ് ഷോയിലും ഉണ്ട്.

Unknown September 28, 2009 at 7:13 PM  

മെട്രൊ ചിത്രങ്ങള്‍ക്കും വിവരണത്തിനും നന്ദി. ടിക്കറ്റെടുക്കാതെ ഒരു യാത്ര തരപ്പെട്ടല്ലോ...

ഷിബിന്‍ September 29, 2009 at 10:22 PM  

ഹം .... ഞമ്മടെ കൊച്ചീലും ബരും മെട്രോ..നോക്കിക്കോ അന്ന്‍ ഞമ്മളും ഇമ്മാരി പോട്ടം ഇട്ടു ഇങ്ങളെ കൊതിപ്പിച്ചും.... കൊറച്ചു കയ്യട്ടെ... മന്‍സനെ കൊതിപ്പിച്ചാനായിട്ട് ഓരോന്ന് എയ്തിക്കോളും

വയനാടന്‍ September 29, 2009 at 10:41 PM  

നന്ദി അപ്പൂ, ഇത്രയും വിജ്ഞാനപ്രദമായ ഒരു പോസ്റ്റ്‌ പരമ്പരയ്ക്ക്‌
:)

Ashly September 30, 2009 at 9:43 AM  

അപ്പുവേട്ടാ...thanks a TON. nice article.

പിന്നെ, ആരും മാവ് പൂകാന്‍ കാത്തിരിക്കണ്ടാ...."നമ്മ മെട്രോ" ബാംഗ്ലൂരില്‍ പണി സ്പീഡില്‍ നടന്നുകൊടിരിക്കുന്നു.

ശോ...എന്നിട്ട് ഞാന്‍ ഒരു പോസ്റ്റ്‌ അങ്ങട്ടാ പോസ്റ്റും.....

ബിന്ദു കെ പി September 30, 2009 at 12:24 PM  

സചിത്രലേഖനം ഗംഭീരമായി അപ്പൂ...മെട്രോയിലൂടെ ഒരു യാത്ര കഴിഞ്ഞെത്തിയ പ്രതീതി....

അതുല്യ September 30, 2009 at 3:38 PM  

Appu, superb narration. i repeatedly askd sharmaji, so many hows, hows , hows, how u do su su etc -he said, take a ticket, come over here and see, no explanations ! so i am so hapy to read the well written write up. As usual expected from you, nothing new!

Kudos

atulya

അഭി October 1, 2009 at 10:19 AM  

നന്നായിട്ടുണ്ട് മെട്രോ റിപ്പോര്‍ട്ടും ചിത്രങ്ങളും!

Mahesh Cheruthana/മഹി October 3, 2009 at 11:36 PM  

അപ്പുവേട്ടാ ,
സൂപ്പര്‍ബ്!!!
മെട്രോ ട്രയിനില്‍ യാത്ര ചെയ്ത പ്രതീതി,
നിറഞ്ഞ അഭിനന്ദങ്ങള്‍ !!!!!!!!!!!!!!!

സഹവാസി October 4, 2009 at 4:37 PM  

ഇതു ശരിക്കും ആനന്ദകരമായ ഒരു യാത്ര പോലെ തോന്നി

മാനസ October 14, 2009 at 3:26 PM  

no words.....
great maashe........
thnx too.....

Rafeeq Babu October 14, 2009 at 6:56 PM  

യാത്രവിവരണമായാല്‍ ഇങ്ങനെ വേണം.. കലക്കന്‍ റിപ്പോര്‍ട്ട്.. ശരിക്കും ആസ്വദിച്ചുട്ടോ..

പൊറാടത്ത് October 14, 2009 at 11:22 PM  

വളരെ നല്ല വിവരണം അപ്പുമാഷേ... നന്ദി.

Umesh Pilicode October 28, 2009 at 2:41 PM  

നന്നായി മാഷേ

കുഞ്ഞായി | kunjai November 8, 2009 at 4:55 PM  

മെട്രോന്റെ സൈഡിലൂടെ പലതവണ യാത്ര ചെയ്തെങ്കിലും ഒന്ന് കയറാൻ പറ്റിയിരുന്നില്ല.ഫ്രീ ആയി ഇങ്ങനെ ഒരു യാത്ര തരപ്പെടുത്തി തന്ന അപ്പുവേട്ടന് നന്ദി...
നല്ല ചിത്രങ്ങളും ലളിതമായ വിവരണവും

Muralee Mukundan , ബിലാത്തിപട്ടണം December 7, 2009 at 2:54 PM  

അപ്പു വളരെ ഉഗ്രനായിരിക്കുന്നു ഈ ദുബായി മെട്രോ യാത്രാനുഭവം ,ഒപ്പം കലക്കൻ പടങ്ങളും !
ലണ്ടൻ അണ്ടർഗ്രൌണ്ടിനേയും(Tube Trains) ,ഓവർഗ്രൌണ്ടിനേയും(Metro Trains) വെല്ലുന്ന വളരെയാധുനിക സൌക്യര്യങ്ങളാണ് ദുബായ് മെട്രോയിൽ ദർശിക്കുവാൻ കഴിഞ്ഞത്.

Sabu Kottotty December 9, 2009 at 8:35 AM  

ദുബായ് മെട്രോയെക്കുറിച്ച് ഏറനാടന്‍ പറഞ്ഞറിഞ്ഞിരുന്നു. അപ്പുവിന്റെ പോസ്റ്റിലൂടെ നേരില്‍ക്കാണാനും മനസ്സിലാക്കാനും സാധിച്ചു.

Rijo Jose Pedikkattu March 18, 2010 at 4:01 AM  

Metro kollam, nammude pavam Delhilum oodunnundu oru merto. Kochil varumo ?

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP