ചെറായി മീറ്റ് : അതിരുകളില്ലാ സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ച

>> Monday, July 27, 2009

2009 ജൂലൈ 26 ഞായറാഴ്ച:

ഈ ഓര്‍മ്മച്ചെപ്പില്‍ എന്നും സൂക്ഷിച്ചുവയ്ക്കാന്‍ ഒരുപിടി നല്ല നിമിഷങ്ങളും സൌഹൃദങ്ങളും സമ്മാനിച്ച ചെറായി ബ്ലോഗ് സുഹൃദ്സംഗമം നടന്ന ദിവസം. ചെറായി മീറ്റിന്റെ സ്വാഗതബാനറില്‍ പറഞ്ഞിരുന്ന അടിക്കുറിപ്പ് “അതിരുകളില്ലാ സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ച” അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്നു തെളിയിച്ചു ഈ സൌഹൃദസംഗമം‍.ബ്ലോഗിലൂടെ പരിചയപ്പെട്ടവര്‍ മാത്രമല്ല, കമന്റുകളിലൂടെ അതിഭയങ്കരമായ തല്ലുകൂടിയവരും, പോസ്റ്റുകളിലൂടെ പരസ്പര യുദ്ധങ്ങള്‍ തന്നെ നടത്തിയവരും, വേദനാജനകമായ രീതിയില്‍ പോസ്റ്റുകളുടെ പരിണിതിയിലെത്തിപ്പെട്ടവരും തമ്മില്‍ കൈകൊടുത്തു കെട്ടിപ്പിടിച്ച് വളരെ തുറന്ന മനസ്സോടെ സംസാരിച്ച് സൌഹൃദം പുതുക്കി തിരിച്ചു പോകുന്ന കാഴ്ചകള്‍ ഈ സൌഹൃദസംഗമത്തില്‍ വച്ച് കാണുവാന്‍ സാധിച്ചു. അതുതന്നെയാണ് ഈ മീറ്റിന്റെ ഏറ്റവും വലിയ വിജയമായി ഞാന്‍ കാണുന്നത്.പങ്കെടുത്ത 77 ബ്ലോഗര്‍മാരുടെ പേരുകളും ചിത്രങ്ങളും താഴെയുള്ള സ്ലൈഡ് ഷോയില്‍ ഉണ്ട്. പ്ലേ ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ലൈഡ് ഷോ കാണാവുന്നതാണ്. ഫോട്ടോഗ്രാഫര്‍ : ഹരീഷ് തൊടുപുഴ
എല്ലാ മീറ്റുകളിലും കാണാറുള്ളതുപോലെ വാക്കുകളിലും പ്രൊഫൈല്‍ ചിത്രങ്ങളിലും കാണുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ മുഖങ്ങള്‍ ഇവിടെയും ധാരാളം ഉണ്ടായിരുന്നു. എഴുത്തില്‍ ഘനമേറിയവരെങ്കിലും നേരില്‍ പഞ്ചപാവങ്ങള്‍, ‘തലക്കനം’ കാരണം നമ്മളെ നോക്കുമോ എന്നു ശങ്കിച്ച് അവിടെയെത്തിയപ്പോള്‍ ഒട്ടും കനമില്ലാതെ നിറഞ്ഞ ചിരിയുമായി സ്വീകരിച്ചവര്‍, ആജാനുബാഹുക്കള്‍, പ്രതീക്ഷിച്ചതിലും കുള്ളന്മാര്‍, എല്ലാ കണ്‍ഫ്യൂഷനുകളും മിനുട്ടുകള്‍ക്കുള്ളില്‍ അവസാനിച്ചു. എല്ലാവരും ദീര്‍ഘകാലമായി പരിചമുള്ളവരെപ്പോലെ അടുത്തിടപഴകുവാന്‍ കാലതമാമസമേതും ഉണ്ടായില്ല.


***************

രാവിലെ അഞ്ചുമണിക്കാണ് വീട്ടില്‍ നിന്നും കുടുംബസമേതം ചെറായിക്ക് തിരിച്ചത്. ഒപ്പം അനുജന്‍ ഷിജുവും (സ്നേഹതീരം ബ്ലോഗ്). തലേന്നു തന്നെ പോകുവാനായിരുന്നു നേരത്തേയുള്ള പ്ലാനെങ്കിലും ചില പ്രത്യേക കാരണങ്ങളാല്‍ അത് നടന്നില്ല. അല്ലെങ്കിലും ഗള്‍ഫില്‍ നിന്നും അവധി തീരുമാനിച്ച് നാട്ടിലെത്തുമ്പോള്‍ പ്ലാനുകള്‍ പലതും കൊണ്ടാവും വരുന്നതെങ്കിലും, നാട്ടിലെത്തിക്കഴിഞ്ഞാല്‍ അതൊക്കെ തെറ്റാറാണ് പതിവ്. ഇത്തവണയും അതിനു മാറ്റമൊന്നുമുണ്ടായില്ല.

നേരത്തെ ചോദിച്ചറിഞ്ഞൂവച്ചിരുന്ന വഴികളിലൂടെ സഞ്ചരിച്ച് ഒന്‍പതുമണിയോടുകൂടീ ഞങ്ങള്‍ ചെറായിയിലെത്തി. മീറ്റു നടക്കുന്ന സ്ഥലത്തേക്കു തിരിയേണ്ട സ്ഥലമായ രക്തേശ്വരി ക്ഷേത്രവഴി മുതല്‍ തന്നെ ബ്ലോഗ് സംഗമം എന്നെഴുതിയ ചെറിയ ബാനറുകള്‍ പോസ്റ്റുകളില്‍ പതിപ്പിച്ചിരുന്നതിനാല്‍ ഉള്‍വഴികളൊന്നും തെറ്റിയില്ല. ഇരുവശത്തും പരന്നുകിടക്കുന്ന ജലാശയങ്ങള്‍ക്കു നടുവിലൂ‍ടെ അങ്ങകലെയുള്ള ഒരു ചെറുതുരുത്തിലേക്ക് പോകുന്ന റോഡില്‍ ഒരു രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചു കശിഞ്ഞപ്പോള്‍ വീണ്ടും മീറ്റിന്റെ ബോര്‍ഡ് കണ്ടു. നീണ്ട തെങ്ങുകള്‍ അതിരിടുന്ന ഒരു ചെറിയ റോഡ്. ഏറെ ദൂരെയല്ലാതെ അമരാവതി റിസോര്‍ട്ട്. റോഡിന്റെ ഇരുവശവുമായാണ് റിസോര്‍ട്ടും അതിനോട് ചേര്‍ന്ന പന്തലും ഉള്ളത്. പന്തലിന്റെ സൈഡിലായി വിശാലമായ ചെറായി ബീച്ചും, റിസോര്‍ട്ടിന്റെ സൈഡിലായി കായലും. കായലില്‍ നിരനിരയായി ചീനവലകള്‍ സ്ഥാപിച്ചിട്ടുണ്ട്. മനോഹരമായ പ്രദേശം തന്നെ ചെറായി, സംശയമില്ല.റിസോര്‍ട്ടിന്റെ മുറ്റത്ത് പരിചയമുള്ളവരാരെങ്കിലും ഉണ്ടാവുമോ എന്നു ശങ്കിച്ചാണ് കാര്‍ ഉള്ളിലേക്ക് കടത്തിയത്. സംഘാടകരെ എല്ലാവരേയും മെയിലില്‍ കൂടെയുള്ള പരിചയമേയുള്ളൂ; ഫോണില്‍ കൂടി ശബ്ദവും. ചെറിയ നരയുള്ള മീശയും ചിരിക്കുന്ന മുഖവുമായി നില്‍ക്കുന്ന ജുബ്ബാക്കാരനെ തിരിച്ചറിയാന്‍ ഒട്ടും പ്രയാസമില്ലായിരുന്നു - നിരക്ഷരന്‍. നിരക്ഷരന്‍ വന്നു കൈയ്യില്‍ പിടിച്ചപ്പോഴേക്ക് മറുകൈയ്യില്‍ മറ്റൊരു ബലിഷ്ഠകരം പിടിമുറുക്കി. അതാരാണെന്നു നോക്കിയപ്പോള്‍ കറുത്ത കണ്ണടധരിച്ച ഒരു ആജാനുബാഹു. കലാഭവന്‍ മണിയുടെ ആകാരവടിവ്. സംശയച്ചില്ല - ഇതു ഹരീഷ് തൊടുപുഴതന്നെ. സ്വാതന്ത്ര്യത്തോടെ കണ്ണട ഊരിമാറ്റി ഉറപ്പുവരുത്തി. അപ്പോഴേക്കും പരിചയമുള്ള ഒരു ദുബായ് മുഖം റിസോര്‍ട്ടിന്റെ മുകള്‍ നിലയില്‍നിന്ന് ചാടിയിറങ്ങിവന്നു, പകല്‍ക്കിനാവന്‍. അദ്ദേഹത്തിനു പുറകില്‍ നിന്ന് വെള്ളമുണ്ടും വെള്ളയുടുപ്പും ധരിച്ചയാള്‍ അരുണ്‍ കായംകുളം ആണോ എന്ന് ആദ്യം ഞാന്‍ ശങ്കിച്ചു. അപ്പോള്‍ അദ്ദേഹം തന്നെ പരിചയപ്പെടുത്തി - ഞാനൊരു പാവപ്പെട്ടവനാണേ എന്ന്.

അപ്പോഴേക്കും ലതിച്ചേച്ചി ഓടിയെത്തി. ബ്ലോഗ് മീറ്റ് നടക്കുന്ന വീട്ടിലെ വീട്ടമ്മയെപ്പോലെ ആഥിത്യമര്യാദകള്‍ എല്ലാവരോടും ഒരുപോലെ കാണിച്ച ചേച്ചി, ഞങ്ങള്‍ക്ക് ഒരു റും കാണിച്ചു തന്നു. അവിടെക്ക് കുടുംബത്തെ കൊണ്ടുപോയി ഇരുത്തി. കുട്ടികളെ രണ്ടുപേരെയും ഒന്നു ഫ്രഷാക്കി കൊണ്ടുവരാനായി ദീപ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. തിരികെ റിസോര്‍ട്ടിന്റെ മുറ്റത്തെത്തിയപ്പോഴേക്ക് പ്രൊഫൈല്‍വഴി പരിചയമുള്ള ഒരുപാട് മുഖങ്ങളെകണ്ടു. ജി.മനു,വാഴക്കോടന്‍, അനില്‍@ബ്ലോഗ്, പോങ്ങുമ്മൂടന്‍, നന്ദകുമാര്‍, മുരളി, ധനേഷ്, ഡോക്റ്റര്‍ കുട്ടിയും ഡോക്ടര്‍ നാസ്, സമാന്തരന്‍, ബഹറിനിലെ സജി തുടങ്ങിയവര്‍. അരീക്കോടന്‍ മാഷിനെമാത്രം കണ്ടപ്പോഴേ മനസ്സിലായില്ല.

(ഫോട്ടോ: മണികണ്ഠന്‍)

“മാഷേ” എന്നൊരു വിളി കേട്ടാണ് റിസോര്‍ട്ടിന്റെ മുകളിലെ നിലയിലേക്ക് നോക്കിയത്. പടിയിറങ്ങീ നിറഞ്ഞ ചിരിയുമായി വരുന്ന പയ്യനാരാവും എന്നു മനസ്സിലൊന്നു സ്കാന്‍ ചെയ്തുനോക്കി. തെറ്റിയില്ല ശ്രീലാല്‍ എന്ന സീര്‍ക്കാല്‍ തന്നെ. അപ്പോഴാണ് ഒരു ചുള്ളിക്കമ്പിന്റെയറ്റത്ത് താടിവച്ചപോലെ വണ്ണമുള്ള ഒരാള്‍ വളരെ ധൃതിയില്‍ അതിലേ ഓടീപ്പോകുന്നതുകണ്ടത്. ഒന്നും സംശയിക്കാതെ ഒരു പേരങ്ങുവിളിച്ചു “മുള്ളുക്കാരാ.. ഒന്നു നില്‍ക്കണേ” എന്ന്.. തെറ്റിയില്ല. അദ്ദേഹം ഓടി അടുത്തെത്തി “മനസ്സിലായില്ല കേട്ടോ, എന്നെ കണ്ടീട്ടുണ്ടോ” എന്നൊരു ചോദ്യം!! പേരും നാളുമൊക്കെ പറഞ്ഞപ്പോള്‍ പുള്ളിക്കൊരു ചമ്മല്‍.

അപ്പോഴേക്കും കുട്ടികള്‍ ഡ്രസ്സ് മാറ്റി വന്നു. എല്ലാവരേയും കൂട്ടി മീറ്റ് ഹാളിന്റെ മുറ്റത്തെക്ക് പോയി. ദൂരെയൊന്നുമല്ല. റിസോര്‍ട്ടിന്റെ ഗെയിറ്റ് കടന്ന് റോഡിന്റെ എതിര്‍വശത്തേക്ക് പോയാല്‍ മാത്രം മതി. അവിടെ മുണ്ടും വെള്ളഷര്‍ട്ടുമായി ഒരു പരിചിതമുഖം നില്‍ക്കുന്നതുകണ്ടു. നമ്മൂടെ തറവാടിക്ക. അമ്മായി വന്നില്ലേ എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു ആംഗ്യമായിരുന്നു. അങ്ങോട്ടു നോക്കിയപ്പോള്‍ അവിടെനില്‍ക്കുന്നു വല്യമ്മായി. അതിനടുത്തായിട്ടായിരുന്നു റെജിസ്ട്രേഷന്‍ കൌണ്ടര്‍. അവിടെ ഇരിക്കുന്നവരില്‍ മൂന്നു മുഖങ്ങള്‍ പരിചയമുള്ളതായിരുന്നു. ബിന്ദു കെ.പി, എഴുത്തുകാരിച്ചേച്ചി, മണികണ്ഠന്‍ എന്നിവര്‍. നാലാമത്തെ മുഖത്തെ ബിന്ദു പരിചയപ്പെടുത്തി - പിരിക്കുട്ടി എന്ന കുട്ടി.


മീറ്റിന്റെ റജിസ്ട്രേഷന്‍ ഫോം വളരെ മുമ്പുതന്നെ ഞങ്ങള്‍ സംഘാടകര്‍ (ക്ഷമിക്കുക വോളന്റിയേഴ്സ് !) തയ്യാറാക്കിയ ഫോര്‍മാറ്റിലായിരുന്നു. റജിസ്ട്രേഷനോടൊപ്പം തന്നെ മീറ്റിന്റെ ചെലവിലേക്ക് ആളൊന്നുക്ക് കണക്കാക്കിയിരുന്ന 250 രൂപയും കളക്റ്റു ചെയ്തു. മുറ്റത്തിന്റെ മറ്റൊരു വശത്തായി കിഡ്സ് കോര്‍ണര്‍, മറ്റൊരു മൂലയ്ക്ക് മെഡിക്കല്‍ സെക്ഷന്‍ (ഫസ്റ്റ് എയിഡ് ആവശ്യമായി വന്നാല്‍ അതിനായി തയ്യാറാക്കിയതായിരുന്നു അത്). ഡോക്റ്റര്‍മാര്‍ രണ്ടു പേര്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ തന്നെ ഉണ്ടായിരുന്നു താനും. കിച്ചുച്ചേച്ചിയും, ഷംസുക്കയും, വാവയും, വാവയുടെ ചേട്ടനും അപ്പോഴേക്ക് എത്തിച്ചേര്‍ന്നു. അരുണ്‍ കായംകുളം കുടുംബസമേതമാണ് എത്തിയത്.

ഈ രംഗങ്ങളൊക്കെ വീഡിയോയില്‍ പകര്‍ത്തിക്കൊണ്ട് ഒരു പ്രൊഫഷനല്‍ വീഡിയോഗ്രാഫര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് നടക്കുന്ന, വളരെ സീരിയസായി കാര്യങ്ങളെ സമീപിച്ചു കൊണ്ടിരുന്നയാള്‍ എന്റെയടുത്തേക്ക് പരിചയപ്പെടാനെത്തി. മനസ്സിലെ പ്രൊഫൈല്‍ ചിത്രങ്ങളിലൂടെ ഒരിക്കല്‍ കൂടീ ഒന്നോടിയപ്പോള്‍ പെട്ടന്ന് ആളെപിടികിട്ടി. ജോ എന്ന ജോഹര്‍. മീറ്റിന്റെ പ്രധാന സന്നദ്ധപ്രവര്‍ത്തകരില്‍ ഒരാള്‍.

കുറച്ചുപേരൊക്കെ ബീച്ചിലേക്ക് ഇറങ്ങിനിന്നു. കടലമ്മ കള്ളിയെന്നെഴുതി, തിരകള്‍ വന്നു മായിക്കുന്നതു നോക്കി നിന്നു. പലരും പരിചയപ്പെടലിന്റെ തിരക്കുകളില്‍. കൈയ്യില്‍ ഒരുകെട്ട് പേപ്പറുമായി ഗെയ്റ്റ് കടന്ന് ഉള്ളിലേക്ക് വന്ന തടിയനെ തിരിച്ചറിയാന്‍ ആര്‍ക്കും ഒരു പ്രയാസവുമുണ്ടായില്ല. കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്ണന്‍. അദ്ദേഹത്തിനു വേണ്ടി കൊണ്ടുവന്നിരുന്ന പേനകളും പേപ്പറുകളും കൈയ്യോടെ ഏല്‍പ്പിച്ചു. ഗിന്നസ് ബുക്കില്‍ വരെ കയറ്റാമായിരുന്ന ഒരു റിക്കോര്‍ഡ് സ്ഥാപിക്കാനായിരുന്നു അദ്ദേഹത്തിന്റെ പുറപ്പാടെന്ന് ഞാന്‍ നേരത്തേ ഊഹിച്ചിരുന്നു. മീറ്റില്‍ വന്ന സകലരുടെയും കാരിക്കേച്ചര്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ വരയ്ക്കുക!

ബ്ലോഗ് സംഗമത്തില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെട്ടവര്‍ വീണ്ടും വന്നുകൊണ്ടേയിരുന്നു. ബസില്‍ വരുന്നവര്‍ക്കായി സംഘാടകര്‍ ഒരുക്കിയിരുന്ന ‘ട്രിപ്പടി’ വാഹനങ്ങള്‍ ഓരൊ തവണ പോയി വരുമ്പോഴും പുതിയപുതിയ പരിചയക്കാരെത്തി. യാരിദും കൂട്ടരും ഈണം സി.ഡിയുടെയും ബുക് റിപ്പബ്ലിക്കിന്റെ പ്രസിദ്ധീകരണങ്ങളുടെയും കെട്ടുമായാണെത്തിയത്. ആകാശവാണി തൃശൂര്‍ നിലയത്തിലെ പ്രൊഗ്രാം എക്സിക്യൂട്ടിവ് ഡി. പ്രദീപ് കുമാര്‍ (ബ്ലോഗറാണ് അദ്ദേഹവും), മിന്നാമ്മിനുങ്ങും കുടുംബവും, ഫോട്ടൊഗ്രാഫി ബ്ലോഗുകളിലൂടെ പരിചിതരായ നൊമാദും, വേണുവും, വിനയനും, ജുനൈദും, ഹന്‍‌ലല്ലത്ത്, ചേര്‍ത്തല IHRDE കോളജിലെ പ്രിന്‍സിപ്പല്‍ ശ്രീ മണിയും കുടുബവും, ബാബുരാജ്, ഡോ. ജയന്‍ ഏവൂര്‍, ശ്രീ ശ്രേയസ്, ബിലാത്തിപ്പട്ടണക്കാരന്‍ തുടങ്ങിയവര്‍ എത്തി. കൂട്ടത്തില്‍ തോന്ന്യാസി എന്ന നന്നേ കൊച്ചു പയ്യന്‍ (നീളം കൊണ്ടും അദ്ദേഹം ഒരു കുട്ടിതന്നെ) അദ്ദേഹത്തോളം പോന്ന ചാണക്യന്‍, ചര്‍വ്വാകന്‍ തുടങ്ങിയവരും എത്തി. ചാണക്യനെക്കണ്ട് ഞാന്‍ ശരിക്കും ഞെട്ടി. ഒരു പഞ്ചപാവത്താന്‍!

ഇതില്‍ വ്യത്യസ്തനായ ഒരു മനുഷ്യനായി തോന്നിയത് മണിസാര്‍ തന്നെയായിരുന്നു. കാരണം സെറിബ്രല്‍ പാര്‍സി എന്ന അസുഖം ബാധിച്ച് വീല്‍ച്ചെയറില്‍ ആയിപ്പോയ പതിനെട്ടുവയസായിട്ടും അഞ്ചോ ആറോ വയസിന്റെ മാത്രം മാനസിക വളര്‍ച്ചയുള്ള സ്വന്തം മകളേയും കൂട്ടിയായിരുന്നു. ഗ്രീഷ്മ എന്നാണ് അവളുടെ പേര്. മീറ്റിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ ഓരോരുത്തര്‍ പരിചയപ്പെടുത്തിയപ്പോഴും കൈകൊട്ടിയും പൊട്ടിച്ചിരിച്ചും ആസ്വദിച്ചു ആ കുട്ടി.

കൃത്യം പത്തരമണിക്കുതന്നെ ലതിച്ചേച്ചി മൈക്ക് കൈയ്യിലെടുത്തു. എല്ലാവര്‍ക്കും സ്വാഗതമോതി, ഹാളിലേക്ക് കടന്നിരിക്കുവാന്‍ സ്നേഹപൂര്‍വ്വം ക്ഷണിച്ചു. ഔദ്യോഗിക പരിപാടിയൊന്നുമല്ലാഞ്ഞതിനാല്‍ സ്റ്റേജും മറ്റും ഉണ്ടായിരുന്നില്ല. അര്‍ദ്ധവൃത്താകൃതിയില്‍ കസേരകള്‍ ക്രമീകരിച്ചിരുന്നു. എല്ലാവര്‍ക്കും വേണ്ടി ഒരു ലഘു ചായസല്‍ക്കാരമായിരുന്നു ആദ്യം. ഒപ്പം ഓരോ ‘കടി’ ക്കായി ലതിച്ചേച്ചിയുണ്ടാക്കിയ കുമ്പിളപ്പം. ഇതില്‍ സ്പെഷ്യലായി നിറച്ചിരുന്നത് ചക്കപ്പഴമായിരുന്നു എന്നതായിരുന്നു പ്രത്യേകത. ഒപ്പം ചക്കപ്പഴ സീസണ്‍ കഴിഞ്ഞ നാട്ടിലെത്തിയ പ്രവാസികള്‍ക്കായി നല്ല തേനൂറും വരിക്കച്ചക്കച്ചുളകള്‍ ഒരു വലിയ പാത്രം നിറയെ. ചായകുടിച്ചുകൊണ്ടുതന്നെ ഞങ്ങള്‍ ഹാളില്‍ ക്രമീകരിച്ചിരുന്ന കസേരകളില്‍ ഇരുപ്പുറപ്പിച്ചു.

റേഡിയോ മാംഗോയിലേക്ക് ഇന്ന് ജോലിയില്‍ പ്രവേശിക്കുന്ന ജി.മനുവായിരുന്നു ആദ്യം സംസാരിച്ചത്. പുതിയ കാലഘട്ടത്തില്‍ നെറ്റ് വഴി വളര്‍ന്നുവരുന്ന സൌഹൃദങ്ങളെപ്പറ്റിയും, അത്തരം സൌഹൃദങ്ങളെ ഒരു വിര്‍ച്ച്വല്‍ ലോകത്തുനിന്ന് യാഥാര്‍ത്ഥ്യലോകത്തിലേക്ക് കൊണ്ടുവരുന്ന ഈ രീതിയിലുള്ള സൌഹൃദസംഗമങ്ങളെയും പറ്റി മനു ചുരുക്കമായി വിവരിച്ചു. തുടര്‍ന്ന് വന്നവരെല്ലാവരും അവരവരെ സ്വയം പരിചയപ്പെടുത്തി. പേര്, ബ്ലോഗിന്റെ പേര്, ബ്ലോഗര്‍ ഐഡി തുടങ്ങിയകാര്യങ്ങള്‍ യാതൊരു ഒളിച്ചുവയ്ക്കലുകളുമില്ലാതെ എല്ലാവരും പരിചയപ്പെടുത്തുകയുണ്ടായി. ഈ പരിചയപ്പെടുത്തലുകള്‍ നടക്കുമ്പോഴും ആളുകള്‍ എത്തിക്കൊണ്ടെയിരുന്നു. മലയാളം വിക്കിപീഡിയയുടെ സജീവ സാന്നിദ്ധ്യമായ ഷിജു അലക്സ്, ഇന്ന് മലയാളം എഴുതുവാനായി നാം ഉപയോഗിക്കുന്ന വരമൊഴിയുടെ സൃഷ്ടാവ് സിബു സി.ജെ, അങ്കിള്‍ (കുടുംബസമേതം) കേരളഫാര്‍മര്‍ എന്ന ചന്ദ്രേട്ടന്‍, വെള്ളായണി വിജയേട്ടന്‍, തേങ്ങമൊയലാളി ‘സുല്ല്’, കൊട്ടോട്ടികാരന്‍, അപ്പൂട്ടന്‍ തുടങ്ങിയവര്‍ അപ്പോഴേക്കും എത്തി. അതിനിടെ “അപ്പൂ” എന്നവിളിയോടെ എന്നെ പരിചയപ്പെടാനായി ഒരു അമ്മയും കുഞ്ഞും എത്തി. ആളെ ഗസ് ചെയ്യുന്നതിനു മുമ്പു തന്നെ പേര് പറഞ്ഞു. സെറീന - ഫോട്ടോഗ്രാഫറും കവയത്രിയുമായ സെറീനതന്നെ.
പരിചയപ്പെടുത്തലുകള്‍ പൂര്‍ത്തിയായപ്പോഴേക്കും ഒന്നൊന്നര മണിക്കൂറിലധികമായി. ആകെ എഴുപത്തിരണ്ടു ബ്ലോഗര്‍മാരും അവരോടൊപ്പം വന്നവരും കൂടി 118 ആളുകള്‍ ഉണ്ടായിരുന്നു എന്നായിരുന്നു കണക്ക്. ഏറ്റവും അവസാനം പരിചയപ്പെടുത്തിയത്, ചിത്രകാരന്‍ ആയിരുന്നു. കണ്ണൂരില്‍ നിന്നും എത്തിയതിനാല്‍ അദ്ദേഹം താമസിച്ചാണ് എത്തിച്ചേര്‍ന്നതെന്നുമാത്രം. മീറ്റില്‍ എത്തിച്ചേര്‍ന്ന എല്ലാവരുടെയും പേരുകള്‍ ഞാനിവിടെ എഴുതിയിട്ടില്ല. പെട്ടന്ന് ഓര്‍മ്മയില്‍ വന്ന മുഖങ്ങളെ എഴുതിയെന്നേയുള്ളൂ. വിശദമായി ഹരീഷോ സംഘാടകരില്‍ ആരെങ്കിലുമോ ആ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. ഞാനിവിടെ പേരു പരാമര്‍ശിക്കാത്തവര്‍ ക്ഷമിക്കുക, മനപ്പൂര്‍വ്വമല്ല.

അതിനുശേഷം ബ്ലൊഗിലെ പ്രഥമ സംഗീത ആല്‍ബമായ “ഈണം” ത്തിന്റെ ഓഡീയോ സി.ഡി. പ്രകാശനമായിരുന്നു നടന്നത്. ജി.മനു സിഡിയുടെ ഒരു ലഘു ചരിത്രം വിവരിച്ചു. ഈ മീറ്റിന്റെ രക്ഷാധികാരിയും ചെറായിയിലെ പൌരപ്രമുഖരില്‍ ഒരാളും, ലതിച്ചേച്ചിയുടെ ഭര്‍ത്താവുമാ‍യ സുഭാഷേട്ടനു സി.ഡി. യുടെ ഒരു കോപ്പി നല്‍കിക്കൊണ്ടായിരുന്നു പ്രകാശനം നടത്തിയത്. ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടു പ്രസിദ്ധീകരണങ്ങളുടെ വില്‍പ്പന കൌണ്ടറുകളും ഹാളിന്റെ ഒരു ഭാഗത്തായി തുറന്നു.

തുടര്‍ന്ന് സജീവേട്ടന്റെ മാരത്തോണ്‍ വരയാണ് നടന്നത്. ഈ 118 ആളുകള്‍ ഒന്നോരണ്ടോ ആളെ ഒഴികെ ബാക്കി സകല ആളുകളുടെയും കാരിക്കേച്ചറുകള്‍ അദ്ദേഹം വെവ്വേറേ പേപ്പറുകള്‍ വരയ്ക്കുവാന്‍ തുടങ്ങി. ആദ്യമായി ഒരു ഡെമോ എന്ന നിലയില്‍ വലിയൊരു ചാര്‍ട്ട് പേപ്പറില്‍ ജി. മനുവിനെ വരച്ചുകൊണ്ടായിരുന്നു തുടക്കം. സ്വന്തം കാരിക്കേച്ചറുകള്‍ വരപ്പിക്കുവാന്‍ മീറ്റില്‍ പങ്കെടുത്തവര്‍ ക്യൂവായി നില്‍പ്പായി! അതോടൊപ്പം തന്നെ കുട്ടികളുടെ കോര്‍ണറില്‍ അവര്‍ക്കായി ബലൂണുകളും പീപ്പികളും വിതരണം ചെയ്യുകയുണ്ടായി. ദുബായിയില്‍ നിന്നും കൊണ്ടുവന്ന പമ്പുപയോഗിച്ച് വീര്‍പ്പിച്ചു കെട്ടി വിതരണം ചെയ്യുമ്പോള്‍ ദുബായിയില്‍ ഞങ്ങള്‍ക്കിതാണു ജോലി എന്ന് കിച്ചുച്ചേച്ചി തമാശയായി പറയുന്നുണ്ടായിരുന്നു. നീളന്‍ ബലൂണുകളോടൊപ്പം വലിയ ബലൂണുകളും ധാരാളം ഉണ്ടായിരുന്നു. അവ വീര്‍പ്പിക്കുവാന്‍ കിച്ചുച്ചേച്ചിയും കൊട്ടോട്ടിക്കാരനു മത്സരമായിരുന്നു. മണല്‍ തരികള്‍കൊണ്ടതുകൊണ്ടാണോ എന്നറിയില്ല തുരുതുരാ പൊട്ടിയ വലിയ ബലൂണുകള്‍ മീറ്റിനു മുമ്പേ പ്രവചിക്കപ്പെട്ട ചാവേറാക്രമണത്തെ അനുസ്മരിപ്പിച്ചു.

മീറ്റില്‍വച്ച ഒരു മാജിക് ഷോ മുന്‍‌കൂട്ടി പ്ലാന്‍ ചെയ്തിട്ടില്ലായിരുന്നുവെങ്കിലും, മീറ്റില്‍ പങ്കെടുക്കാനെത്തിയ ബിലാത്തിപ്പട്ടണം ബ്ലോഗര്‍ ഇംഗ്ലണ്ടില്‍ സായിപ്പുമാരെ മാജിക് പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനാണെന്ന അറിവ് കിട്ടിയപ്പോള്‍ തന്നെ ഒന്നു രണ്ടു ചെറിയ വിദ്യകള്‍ കാണിക്കുവാന്‍ അദ്ദേഹത്തോട് ഞങ്ങള്‍ ആവശ്യപ്പെട്ടു. കോയിന്‍ ഉപയോഗിച്ചുള്ള ഒന്നു രണ്ടു വിദ്യകളും, കെട്ടിയ കയറില്‍ നിന്ന് ഊരിപ്പോരുന്ന വിദ്യയും മാജിക് ഉപകരണങ്ങളുടെ സഹായമൊന്നുമില്ലാതെ കൈയ്യടക്കത്തില്‍ അദ്ദേഹം അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. കുട്ടികള്‍ക്കും അത് ഒരു നല്ല എന്റര്‍ടെയ്നര്‍ ആയിരുന്നു എന്നതില്‍ സംശയമില്ല.

അപ്പോഴേക്കും ഊണിനുസമയമായി. റിസോര്‍ട്ടിനുള്ളിലെ ലഞ്ച് ഹാളില്‍ ബുഫേ ഒരുക്കിയിരുന്നു. കപ്പവേവിച്ചത്, മീന്‍ കറി, ചിക്കന്‍ മസാല, കരിമീന്‍ പൊരിച്ചത്, കൊഞ്ച് വട, ഹോം മെയ്ഡ് അച്ചാറുകള്‍, പപ്പടം, തോരന്‍, തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. നല്ല രുചികരമായ ഊണായിരുന്നു എന്നത് പ്രത്യേകം പറയേണ്ടകാര്യമാണ് ! കിച്ചുച്ചേച്ചി, ലതിച്ചേച്ചി തുടങ്ങിയവര്‍ വിളമ്പാനും കൂടി.

ഊണുകഴിഞ്ഞ് ഹാളിലേക്ക് തിരികെയെത്തിയപ്പോഴേക്കും ചെറായി ബീച്ച് സന്ദര്‍ശകരെക്കൊണ്ട് സജീവമാകുവാന്‍ തുടങ്ങിയിരുന്നു. പട്ടം വില്‍ക്കുന്ന ഒരു കുട്ടി അവിടെയെത്തി. ബ്ലോഗ് മീറ്റിനെത്തിയ പലരും പട്ടം വാങ്ങുവാനും പറപ്പിക്കുവാനും വളരെ ഉത്സാഹം കാണിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് വന്ന ചെറിയ കലാപരിപാടികളില്‍ വാഴക്കോടന്റെ മിമിക്രി, ലതിച്ചേച്ചിയുടെ കവിത, വിനയന്റെ കവിത, കുട്ടികള്‍ അവതരിപ്പിച്ച ഒന്നുരണ്ടു പാട്ടുകള്‍ തുടങ്ങിയവയായിരുന്നു പ്രധാനം.

മീറ്റില്‍ സംബന്ധിച്ച എല്ലാവരും ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന ചടങ്ങാണ് പിന്നീട് നടന്നത്. വലിയൊരു ഗ്രൂപ്പ് ഫോട്ടോ.. ഈ പോസ്റ്റിന്റെ ഏറ്റവും മുകളില്‍ അതുണ്ട്. ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം. തുടര്‍ന്ന് ചായ, ബോണ്ട എന്നിവയോടൊപ്പം നന്ദി പ്രകാശിപ്പിക്കുവാനും, ഒരു വാക്ക് സംസാരിക്കുവാനും താല്പര്യമുള്ളവര്‍ക്കുമായി പത്തുമിനിറ്റ്. അതിനുശേഷം, നല്ലൊരു ദിവസത്തിന്റെ ഓര്‍മ്മകളുമായി വന്നവരെല്ലാവരും പിരിഞ്ഞു.

***************

ജൂണ്‍ മാസം ആദ്യം, നാട്ടില്‍ എല്ലാവരും വെക്കേഷനു പോകുമ്പോള്‍ ഒരു മീറ്റ് സംഘടിപ്പിച്ചാലോ എന്ന് ഒരു ആഗ്രഹം എന്റെ മനസ്സില്‍ തോന്നിയപ്പോള്‍ ആദ്യം ഞാനത് ചോദിച്ചത് കിച്ചുച്ചേച്ചിയോടായിരുന്നു. “അപ്പു ഒരു പോസ്റ്റിലൂടെ ഇങ്ങനെയൊരു അഭിപ്രായം ചോദിക്കൂ” എന്ന് ആദ്യം ഉപദേശിച്ചത് കിച്ചുച്ചേച്ചിതന്നെ. തുടര്‍ന്ന് ദുബായ് ബൂലോഗക്ലബ്ബിന്റെ ബ്ലോഗില്‍ ഒരു പോസ്റ്റിലൂടെ ഞാന്‍ ആ ആഗ്രഹം പ്രകടിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത്ഭുതാവഹമായ ഒരു പ്രതികരണമാണ് സഹൃദയരായ ബൂ‍ലോഗരില്‍ നിന്നും ഉണ്ടായത്. നൂറ്റിയന്‍പതിനു മേല്‍ കമന്റുകളിള്‍ ലഭിച്ച ആ പോസ്റ്റില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയത്തില്‍ നിന്നാണ് ഈ ചെറായി മീറ്റിന്റെ തുടക്കം.

വിദേശത്തിരുന്നുകൊണ്ട് ഇങ്ങനെ ഒരു വിപുലമായ മീറ്റ് നാട്ടില്‍ ഓര്‍ഗനൈസ് ചെയ്യുവാന്‍ അസാധ്യമായിരുന്ന അവസരത്തിലാണ് നാട്ടിലുള്ള ഹരീഷ് തൊടുപുഴ അതിനുള്ള സന്മനസ് അറിയിച്ചത്. അദ്ദേഹത്തോടൊപ്പം അനില്‍@ബോഗ്, ലതിച്ചേച്ചി, മണികണ്ഠന്‍, നാ‍ട്ടുകാരന്‍, നിരക്ഷരന്‍, ജോഹര്‍ എന്നിവര്‍ ഒത്തുചേര്‍ന്നപ്പോള്‍ മീറ്റിന്റെ സംഘാടനം വളരെ എളുപ്പമായി തീരുന്നു എന്നതാണ് സത്യം. ഇതില്‍ ഞാനും നിരക്ഷരനും ഒഴികെ ബാക്കിയെല്ലാവരും നാട്ടിലുള്ളവര്‍. ഞങ്ങളെല്ലാവരും ഗ്രൂപ്പ് മെയിലുകളിലൂടെ ഓരോ ദിവസവും ഈ മീറ്റിനുവേണ്ട ഒരുക്കങ്ങള്‍ വളരെ വിശദമായി ചര്‍ച്ച ചെയ്യുകയും വേണ്ട തയ്യാറെടുപ്പുകള്‍ ഒന്നരമാസത്തോളം നടത്തുകയും ചെയ്തിട്ടുണ്ട് - അതെല്ലാം ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ചില്ലെങ്കിലും.

ഇങ്ങനെയൊരു മീറ്റിനെപ്പറ്റി ആലോചന തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ഇതിനെതിരായും, പരിഹസിച്ചുകൊണ്ടും, കുത്തിത്തിരുപ്പുകള്‍ ഉണ്ടാക്കാനായും പലരും ശ്രമിച്ചിട്ടുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ഇതൊരു “അലമ്പായി അവസാനിക്കുമോ” എന്ന് ചിലപ്പോഴൊക്കെ ഞാനും സംശയിച്ചിരുന്നു. കേരളത്തില്‍ വച്ച് ഒരു മീറ്റ് നടത്തുവാന്‍ ഇത്രയൊക്കെ പങ്കപ്പാടുകളോ എന്ന് സംശയിച്ചിട്ടുമുണ്ട്. ആ അവസരങ്ങളിലൊക്കെയും യാതൊരു പ്രശ്നവുമില്ലെന്നും, ഓലപാമ്പുകളെകണ്ട് സംഘാടകര്‍ മറുപടി പറയുവാന്‍ പോകേണ്ട ആവശ്യമില്ലെന്നും ഈ സുഹൃത്തുക്കള്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം എന്തുകൊണ്ടും അവസരോചിതമായി എന്ന് ഇപ്പോള്‍ ശരിക്കും മനസ്സിലാകുന്നു. മൌനം വിദ്വാനു ഭൂഷണം! എങ്കില്‍ക്കൂടി, ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെയും, ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെയും ഗൌരവപൂര്‍വ്വം കണക്കിലെടുക്കുകയും, അതിനാവശ്യമായ Precautionary measures എടുക്കുകയും ചെയ്തിരുന്നു.


സാഹചര്യങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ച ഒരു മീറ്റായിരുന്നു ഇതെന്ന് നിസ്സംശയം പറയാം. അതിനായി വളരെയധികം ഉത്സാഹിച്ച അനില്‍ മാഷിനും, ഹരീഷിനും, ജോയ്ക്കും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തട്ടെ. ലതിച്ചേച്ചിയും, സുഭാഷേട്ടനും, മണികണ്ഠനും തങ്ങളുടെ നാട്ടില്‍ വച്ച് നടത്തപ്പെട്ട ഈ മീറ്റിനെ സ്വന്തം വീട്ടില്‍ വച്ച് നടത്തപ്പെടുന്ന ഒരു പരിപാടിപോലെ കണ്ട് വളരെ ശ്രദ്ധ ഈ മീറ്റിനു നല്‍കിയിരുന്നു. അവരോടും ഉള്ള നന്ദി വാക്കുകള്‍ക്കപ്പുറമാണ്.

ഈ മീറ്റിനുവേണ്ടി ഒഫീഷ്യല്‍ പബ്ലിക് റിലേഷന്‍സ് ചെയ്തത് ജോ ആണ് . ബാനറുകളും ഫ്ലക്സുകളും പ്രിന്റ് ചെയ്തതും, വീഡിയോ റിക്കോര്‍ഡിംഗ് ചെയ്തതും, റജിസ്ട്രേഷന്‍ ഫോമുകള്‍ മറ്റു ബോര്‍ഡുകള്‍ തുടങ്ങിയവ പ്രിന്റ് ചെയ്തതും, പത്രങ്ങള്‍ക്കായുള്ള ചെറിയ അറിയിപ്പ് കൊടുത്തതും ജോ ആയിരുന്നു - പരസ്പരാലോചനക്കു ശേഷം തന്നെ. പ്രിന്റിംഗ്, ഫ്ലക്സ്, കോമണ്‍ റൂമുകള്‍, വീഡിയോ തുടങ്ങിയവയുടെ ചെലവുകള്‍ സ്പോണ്‍സര്‍ ചെയ്തത് നിരക്ഷരനും ജോയും ആയിരുന്നു.

“മീറ്റ് മീറ്റ്” എന്നു പറയാനും അങ്ങനെ ഒരാശയം മുമ്പോട്ട് വയ്ക്കുമ്പോള്‍ അതിനെ പരിഹസിക്കാനും, വിമര്‍ശിക്കാനും, അതിനു പാരയായി തീരുന്ന രീതിയില്‍ പോസ്റ്റുകളും കമന്റുകളും എഴുതി ബൂലോകര്‍ക്കിടയില്‍ തെറ്റിദ്ധാരണകളുണ്ടാക്കുവാനും വളരെ എളുപ്പമാണ് - പ്രത്യേകിച്ചും ബ്ലോഗര്‍ ഐ.ഡി എന്ന പദവി ഉപയോഗിച്ചുകൊണ്ട്. പക്ഷേ അതിലപ്പുറമായി ഒരു മീറ്റ് യാഥാര്‍ത്ഥ്യമാക്കുവാനും വിജയകരമായി ഇത്രയധികം പേരെ സംഘടിപ്പിച്ചുകൊണ്ടു നടത്തുവാനും വേണ്ട ആര്‍ജ്ജവത്വമാണ് സംഘാടകരായ നിങ്ങള്‍ കാണിച്ചത്. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ നിങ്ങള്‍ക്കോരോരുത്തര്‍ക്കും നേരുന്നു.

ഇരുനൂറ്റന്‍പതു രൂപ എന്നത് വളരെ കൂടുതലാണെന്നും അത് താങ്ങാനാകാത്ത ബ്ലോഗര്‍മാരെന്തുചെയ്യുമൊന്നുമൊക്കെ യുള്ള സംശയങ്ങള്‍ ചിലരൊക്കെ ആദ്യകാലത്ത് ഉയര്‍ത്തിയിരുന്നു. ഇന്നലത്തെ മീറ്റ് കാണുമ്പോള്‍ വാഴക്കോടന്‍ പറഞ്ഞ ഒരു വസ്തുത വളരെ സത്യമെന്നു മനസ്സിലാവുന്നു. ഇരുനൂറ്റമ്പതല്ല, ഇരുപത്തയ്യായിരമായാലും ഇതുവഴി ലഭിക്കുന്ന സൌഹൃദം എത്രയോ വിലമതിക്കാനാവാത്തതാണ്. ഈ ചിലവിനേക്കാള്‍ എത്രയോ അധികം വിലമതിക്കത്തക്കതാണ് അവിടെ വന്നുചേരുവാന്‍ ഉത്സാഹിച്ച ഓരോരുത്തരും എടുത്ത efforts ! ഹന്‍ലല്ലത്ത് എന്ന യുവാവ്, മാനന്തവാടിയിലെ പാവപ്പെട്ടവരെ സഹായിക്കുവാനായി ഒരു ചെറിയ സഹായം ചോദിച്ചുകൊണ്ട് ഒരു രസീത് ബുക്കുമായാണ് ചെറായിയിലേക്ക് വന്നത്. അദ്ദേഹം കാണിച്ച ആ ഉത്സാഹത്തിനു മറുപടിയെന്നോണം ഈ മീറ്റില്‍ പങ്കെടുത്ത ഒരുപാടാളുകള്‍ ചേര്‍ന്ന് നല്ലൊരുതുക അദ്ദേഹത്തിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചു എന്നറ്റ് ഈ മീറ്റിന്റെ സൌഹൃദപരമായ മുഖത്തിനപ്പുറം തിളക്കത്തോടെ നില്‍ക്കുന്നു. സംഘാടകരെപ്പോലെതന്നെ അഭിനന്ദനമര്‍ഹിക്കുന്നു അവിടെ വന്നുചേര്‍ന്ന ഓരോരുത്തരും.

ചെറായി മീറ്റില്‍ പങ്കെടുത്ത സദസ് നമ്മുടെ സാമൂഹത്തിന്റെ ഒരു പരിച്ഛേദമായിരുന്നു. ജോലിക്കാര്‍, വിദ്യാര്‍ദ്ധികള്‍, ടെക്നിക്കല്‍ വിദഗദ്ധര്‍, എഞ്ചിനീയര്‍മാര്‍, ഡോക്റ്റര്‍‍മാര്‍, അദ്ധ്യാപകര്‍, കുടുംബിനികള്‍, ബിസിനസുകാര്‍....അങ്ങനെ നാനാതുറകളില്‍ നിന്നും വന്നവര്‍. ഇങ്ങനെ ഒരു വലിയ ജനവിഭാഗത്തെ സംഘടിപ്പിച്ചുകൊണ്ട് നടത്തപ്പെട്ട ഈ മീറ്റ് ഇനിയുമിനിയും വരുവാനുള്ള അനവധി സൌഹൃദസംഗമങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗദീ‍പമാകട്ടെ എന്നാശംസിക്കുന്നു.


ചിത്രങ്ങള്‍:

ഈ മീറ്റില്‍ ഞാന്‍ ഒരു ഈവന്റ് ഫോട്ടോഗ്രാഫിക്കായി തുനിഞ്ഞില്ല എന്നതാണ് സത്യം. ക്യാമറ ഒരിടത്തു വച്ച് പരമാവധിസമയം അവിടെ വന്നവരെ പരിചയപ്പെടുവാനും സംസാരിക്കുവാനും കണ്ടെത്തണം എന്ന് ആദ്യമേ തീരുമാനിച്ചാണ് അങ്ങോട്ട് പോയത്. ഇവിടെ കൊടുക്കുന്ന ഫോട്ടോകള്‍ കൈയ്യില്‍കിട്ടിയവരുടെയൊപ്പം നിന്ന് വിനയനെക്കൊണ്ട് എന്റെ ക്യാമറയില്‍ എടുപ്പിച്ചതാണ്. അതിനാല്‍ മിക്കവാറും ഫോട്ടോകളില്‍ ഞാനും ഉണ്ട്! പിക്കാസ വെബ് ആല്‍ബത്തിലേക്കുള്ള ലിങ്ക് ഇവിടെ .

മറ്റൊരു മുന്‍‌കൂര്‍ ജാമ്യം : മീറ്റില്‍ പങ്കെടുത്ത എല്ലാവരുടെയും ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ ഇല്ല. വിശദമായി ഹരീഷ് തൊടുപുഴ അവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക് ഇവിടെ.

82 comments:

അപ്പു ആദ്യാക്ഷരി July 27, 2009 at 6:31 PM  

ഞാന്‍ കണ്ട ചെറായി മീറ്റ്

ജോ l JOE July 27, 2009 at 6:45 PM  

അപ്പു, നല്ലൊരു റിപ്പോര്‍ട്ടിംഗ്. ...മണിയുടെ ഇരട്ട ശബ്ദത്തിലെ ഗാനാലാപനം മാത്രം വിട്ടു പോയില്ലേ എന്നൊരു സംശയം ...അപ്പൂന്റെ മകന്‍ ഭയങ്കര ചിരിയായിരുന്നു ആ സമയത്ത്....

ഹരീഷ് തൊടുപുഴ July 27, 2009 at 7:18 PM  

അവിടെ പങ്കെടുത്ത സദസ് നമ്മുടെ സാമൂഹത്തിന്റെ ഒരു പരിച്ഛേദമായിരുന്നു. ജോലിക്കാര്‍, വിദ്യാര്‍ദ്ധികള്‍, ടെക്നിക്കല്‍ വിദഗദ്ധര്‍, എഞ്ചിനീയര്‍മാര്‍, ഡൊക്റ്റര്‍മാര്‍, അദ്ധ്യാപകര്‍, കുടുംബിനികള്‍....അങ്ങനെ നാനാതുറകളില്‍ നിന്നും വന്നവര്‍.

ങ്ഹീ...

എന്നേപ്പോലെയുള്ള ‘പാവം’ ബിസിനെസ്സുകാരെ വിട്ടു കളഞ്ഞേ..

ങ്ഹീ...

sHihab mOgraL July 27, 2009 at 7:30 PM  

അപ്പൂ..
കാണാനും പരിചയപ്പെടാനുമായിരുന്നെങ്കിലെന്നാഗ്രഹിച്ച ഒരു പാടു പേര്‍...
ഏതായാലും നല്ല റിപ്പോര്‍ട്ട്..

മനസു നിറഞ്ഞ സന്തോഷം.. :)

നാട്ടുകാരന്‍ July 27, 2009 at 8:03 PM  

വലയിലിരിക്കുന്നത് ബ്ലോഗേര്‍സ് ആണോ?

സൂത്രന്‍..!! July 27, 2009 at 8:13 PM  

എന്ത് ചെയ്യാം നിര്‍ഭാഗ്യകരം .പങ്കെടുക്കാന്‍ പറ്റിയില്ല പ്രവാസികളുടെ ഒരു കാര്യമേ

keralafarmer July 27, 2009 at 8:14 PM  

എന്തിനധികം ഒരു പോസ്റ്റു തന്നെ ധാരാളം.

സബിതാബാല July 27, 2009 at 8:17 PM  

ഒരു പ്രവാസിയായാ എനിക്ക് അങ്ങനെ ഒരു ഭാഗ്യം കൂടി നഷ്ടമായി..ആ ഒത്ത് ചേരലില്‍ ചേരാന്‍ പറ്റിയില്ലല്ലൊ??

Kiranz..!! July 27, 2009 at 8:19 PM  

ഫീകർന്മാരേ...ബൂലോഗത്തിന്റെ പലഭാഗത്തു നിന്നായി കുഴിബോബ് വച്ച് പൊട്ടിക്കുന്നത് മാതിരി പൊട്ടിക്കാതെ ഒരു ബ്ലോഗീന്നു പൊട്ടിച്ചാൽ അത് മാത്രം കാണാതിരുന്നാൽ മത്യല്ലോ സമാധാനത്തിന് ? മണിയുടെ ബ്ലോഗിലെ വറുത്ത മീനുള്ള സദ്യ ,ഇവിടെ മീറ്റിൽ പങ്കെടുത്തവരെ നേരിൽക്കാണാൻ തക്കതായ വിവരണം, ഹരീഷിന്റെ ബ്ലോഗിൽ വരാൻ പോകുന്ന വർണമനോഹര ചിത്രങ്ങൾ,ജോയുടെ വീഡിയോ.എല്ലാം കൂടി ഇട്ട് പീഡിപ്പീര്..! മീറ്റിനു പങ്കെടുക്കാൻ കഴിയാത്തവരെ അങ്ങ് ദത്തെടുക്കണ്ണന്മാരേ :(

ആശയപരമായും ആവേശപരമായും ബ്ലോഗിൽ നാലു മൂലക്കുമിരിക്കുന്നവരെ ഒറ്റയടിക്കുപിടിച്ചെടുത്ത ചിത്രത്തിൽത്തുടങ്ങി എല്ലാം മനോഹരമായി ചെയ്തിരിക്കുന്നു.ഫോട്ടോകളിലൂടെ ചടങ്ങുകൾക്കൊക്കെ കൃത്യമായ അച്ചടക്കം കാണാൻ കഴിയുന്നുണ്ട് .മീറ്റിനു സംബന്ധിച്ചവർക്കും,സംബന്ധിപ്പിച്ചവർക്കും ഒക്കെ വല്യ വല്യ സലാംസ്.

പുറത്ത് നിന്ന് കൃത്യമായി വീക്ഷിക്കുന്ന ഒരോ ബൂലോഗനും എത്രത്തോളം എഫർട്ടൊക്കെ ഒരോ സംഘാടകരും ഇതിനു വേണ്ടി ചിലവാക്കിയിട്ടുണ്ടെന്ന് മനസിലാകുന്നുണ്ട്. നെഗറ്റീവ് എനർജിയുടെ അതിപ്രസരമുണ്ടായിട്ടും വിവാദപരമായ പ്രസ്താവനകൾ ഇറക്കാതെ അത്യന്തം ക്ഷമയോടെ പ്രവർത്തിച്ച് വിജയിപ്പിച്ച അണിയറപ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ..!

ശ്രീ July 27, 2009 at 8:21 PM  

അപ്പുവേട്ടാ...

പ്രതീക്ഷിച്ചതു പോലെ മണോഹരമായ ഒരു വിവരണം തന്നെ. (പ്രതീക്ഷിച്ചതിനു വിരുദ്ധമായി ചിത്രങ്ങള്‍ കുറവാണെന്ന് മാത്രം)

മീറ്റ് ഭംഗിയായി നടന്നു എന്നത് സന്തോഷകരമായ വാര്‍ത്ത തന്നെ.
:)

പൈങ്ങോടന്‍ July 27, 2009 at 8:30 PM  

മീറ്റിനെക്കുറിച്ചുള്ള വളരെ നല്ല വിവരണം അപ്പു. കുറച്ചു ഫോട്ടോസിന്റെ കുറവ് ഉണ്ട്. അത് ഹരീഷ് ഇടുമെന്ന് കരുതുന്നു.

പിന്നെ മീറ്റില്‍ പങ്കെടുത്തവരുടെ ലിസ്റ്റ് കണ്ടു. ഈ ആഫ്രിക്കയില്‍ ഇരിക്കുന്ന എന്റെ പേരെങ്ങിനെ പങ്കെടുത്തവരുടെ ലിസ്റ്റില്‍? ദൈവമേ, ഇനി ഏതെങ്കിലും അനോണി
ബ്ലോഗ് മീറ്റ് കലക്കാന്‍ വേണ്ടി എന്റെ പേരില്‍ അവിടെ കയറിക്കൂടിയതാണോ ? വിടരുത് പിടിയവനെ :)

Faizal Kondotty July 27, 2009 at 8:33 PM  

നല്ല reporting ..നന്നായി ആസ്വദിച്ചു .. എത്താന്‍ പറ്റാത്തതില്‍ ശരിക്കും ദു:ഖം തോന്നി

Vellayani Vijayan/വെള്ളായണിവിജയന്‍ July 27, 2009 at 8:33 PM  

അപ്പു, വിവരണം അസലായി.നല്ല ഭാഷ.
ഓര്‍മ്മയുടെ ചിമിഴില്‍ സൂക്ഷിച്ച് വയ്ക്കാന്‍ ഒരു കൂട്ടായ്മ.
നന്ദി....നന്ദി...

Haree July 27, 2009 at 8:37 PM  

:-)
‘ചേറായി മീറ്റി’നെക്കുറിച്ചുള്ള ഹൃസ്വവും സമഗ്രവുമായ ലേഖനം. വളരെ നന്നായി. പരിപാടികളും വളരെ ഭംഗിയയി കഴിഞ്ഞു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
--

ജോ l JOE July 27, 2009 at 8:37 PM  

പൈങ്ങോടന്‍ എന്നുള്ളത് പോങ്ങുമ്മൂടന്‍ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ

അനില്‍@ബ്ലോഗ് // anil July 27, 2009 at 8:51 PM  

അപ്പുമാഷെ,
എല്ലാരെയും നേരില്‍ കണ്ട സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
സന്ദര്‍ശനങ്ങള്‍ക്ക് എല്ലാര്‍ക്കും എന്റെ വുക്തി പരമായ നന്ദി പറയുന്നു,പരിചയപ്പെടാന്‍ ഒരു അവസരം തന്നതിന്.

Lathika subhash July 27, 2009 at 8:58 PM  

അപ്പൂ,
നന്നായി ഈ റിപ്പോർട്ട്.
അഭിനന്ദനങ്ങൾ.
നിങ്ങളെല്ലാം പോയിക്കഴിഞ്ഞ്, ഞാൻ അങ്കിളും ആന്റിയുമൊത്ത് റിസോർട്ടിലെ ഉമ്മറത്തിരുന്ന് ഒരുപാടു വർത്തമാനം പറഞ്ഞു. ഡോക്ടറും നാസും ഇടയ്ക്കെത്തി. സൂര്യൻ കടലിലേയ്ക്കിറങ്ങിയപ്പോൾ ഞാൻ എഴുന്നേറ്റു.അവരെല്ലാം അവിടെയാണ് താമസം.
ചെറായിലെ വീട്ടിൽ നിന്നും അതിരാവിലെ പോന്നതാണ്.
ഒരുപാടു ജോലിയുണ്ട്.
മനസ്സില്ലാ മനസ്സോടെ ഞാൻ യാത്രയായി.
ഇന്നു രാവിലെ ഞാൻ കോട്ടയത്തേയ്ക്കു പോന്നു.
ഇന്നലെയും ഇന്നുമായി പല ബ്ലോഗർമാരും വിളിച്ചു. മാണിക്യം... ഗീതാഗീതികൾ... അങ്ങനെ പലരും .കാന്താരിക്കുട്ടിയുമായും സംസാരിച്ചു.
ഓ സമയം വൈകി.
രാത്രി പത്തിന് കണ്ണൂർക്ക് പോവണം.ട്രെയിൻ തിരുവനന്തപുറത്തുനിന്നും കോട്ടയത്തെയ്ക്കു കൂകിവിളിച്ചു വരുന്നുണ്ട്....
ഞാനിനി മറ്റന്നാൾ ബൂലോകത്തെ ബാക്കി പോസ്റ്റുകൾ പരതാം.
നന്ദി.എല്ലാവർക്കും.

പാവത്താൻ July 27, 2009 at 9:01 PM  

ചെറായി.. ഹൃദയങ്ങളുടെ സംഗമം...
@ഹരീഷ്: പാവം ബിസിനസ്സുകാരോ? മീറ്റില്‍ ആകെ രണ്ടു പാവങ്ങളേ ഉണ്ടായിരുന്നുള്ളൂ..പാവത്താനും പാവപ്പെട്ടവനും.:-)

chithrakaran:ചിത്രകാരന്‍ July 27, 2009 at 9:10 PM  

ചേറായി മീറ്റിന്റെ വളരെ പെട്ടെന്നുള്ള ഒരു പോസ്റ്റാണെങ്കിലും ഏതാണ്ട് സമഗ്രമായിത്തന്നെ
കാര്യങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു.

ജെ പി വെട്ടിയാട്ടില്‍ July 27, 2009 at 10:48 PM  

വളരെ നല്ല റിപ്പോര്‍ട്ട്. ശാരീരികാസ്വാസ്ഥ്യമുള്ളതിനാ‍ല്‍ പങ്കെടുക്കാനായില്ല. വലിയ നഷ്ടമായെന്ന് ഇപ്പോള്‍ തോന്നി. എല്ലാവരേയും നേരില്‍ കാണുക എന്നത് ഒരു സ്വപ്നം തന്നെയായിരുന്നു.
ഇനിയും ഇത്തരം അവസരങ്ങള്‍ ഉണ്ടാകുമല്ലോ.

ജിപ്പൂസ് July 27, 2009 at 11:04 PM  

രണ്ട് പ്രാവശ്യം വന്ന് കൈ തന്നതാ.എന്നിട്ടിപ്പോ...!
എനിക്കിത് തന്നെ കിട്ടണം.

vahab July 27, 2009 at 11:15 PM  

നന്ദി, നല്ലൊരു വിവരണത്തിന്‌.......!

ഡി .പ്രദീപ് കുമാർ July 27, 2009 at 11:40 PM  

അങ്ങനെ നമ്മള്‍ വിര്‍ച്ച്വല്‍ ലോകത്തു നിന്നിറങ്ങി ഭൂമിമലയാളത്തില്‍ കണ്ടുമുട്ടിയതിന്റെ ത്രില്ലിലാണിപ്പോള്‍.ഇതൊരു കൂട്ടായ്മയായി വളരേണ്ടതുണ്ടു.ഇതിനു മുന്‍ കൈയെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു.
-പിന്നെ ,താങ്കള്‍ എഴുതിയതിനു ചെറിയൊരു തിരുത്തുണ്ടു-ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യൂട്ടീവാണു‍(ഡയറക്റ്ററല്ല)ഞാന്‍.

Unknown July 27, 2009 at 11:45 PM  

അപ്പൂ ഈ മീറ്റ് ആഗസ്റ്റ് 9 നു ആയിരുന്നെങ്കിൽ എന്നു ആത്മാർഥമായി ആഗ്രഹിച്ചു .
സജി

സുനിൽ കൃഷ്ണൻ(Sunil Krishnan) July 28, 2009 at 12:26 AM  

അപ്പൂ,

വളരെ തന്മയത്വമാർന്ന വിവരണം.പങ്കെടുക്കാത്തവർക്കും സംഭവങ്ങൾ ഒന്നു കൂടി ഓർമ്മയിൽ കുറിയ്ക്കാൻ ഇടയാക്കി.

ഓ.ടോ:“അദ്യാക്ഷരി”യുടെ കർത്താവിനെ ജീവനോടെ കണ്ട സംഭവം ഒരിയ്ക്കലും മറക്കുമെന്നു തോന്നുന്നില്ല...

നന്ദി..ആശംസകൾ!

ബ്ലോത്രം July 28, 2009 at 1:07 AM  

നല്ല റിപോര്‍ട്ട്.

ആശംസകള്‍..

Unknown July 28, 2009 at 2:00 AM  

ആ വേലിക്കു പുറകിൽ നിന്നു നോക്കുന്നതാരാ?
അനോണിബ്ലോഗർമാരാണോ? ;)

Unknown July 28, 2009 at 7:57 AM  

നന്നായിരുന്നു ആ സംഗമം, നന്നായിരിക്കുന്നു ഈ വിവരണം.
എല്ലാവരെയും നേരിട്ട് കാണാനും പരിചയപ്പെടാനും അവസരം കിട്ടിയതില്‍ വളരെ സന്തോഷം.

സജി July 28, 2009 at 8:53 AM  

അപ്പു,
താങ്കളുടെ ആ ഗ്ലാമറുള്ളസുന്ദര മുഖം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു!

എല്ലാവരേയും കണ്ണു നിറയെ കണ്ടതിലും, മിണ്ടിയതിലും, മൂക്കു മുട്ടെ ഈറ്റിയതിലും അതൊക്കെ പൊസ്റ്റീയതിലും, പിന്നെ ഇങ്ങനെ ഓടി നടന്നു കമന്റുന്നതിലും, ഒക്കെ .. ഒരു വല്യ സന്തോഷം..

പൊറാടത്ത് July 28, 2009 at 9:34 AM  

നല്ല റിപ്പോര്‍ട്ട്.. വളരെ നന്ദി

ഫോട്ടോകള്‍ കുറവായതെന്താണാവോ?!!

നിരക്ഷരൻ July 28, 2009 at 9:43 AM  

ട്രാക്കിങ്ങ്...
വായിക്കാന്‍ പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട് :)

Sabu Kottotty July 28, 2009 at 10:07 AM  

അപ്പു,
ഈ പോസ്റ്റിനു വളരെ നന്ദി, ഇത്രയും വിശദീകരിച്ചെഴുതിയതിന്...

Ashly July 28, 2009 at 10:09 AM  

അപ്പുവേട്ടാ...ഈ ചതി വേണ്ടായിരുന്നു !! വരാന്‍ പറ്റാതെ ഇരിക്കുന്ന ഈ പാവത്തിനെ ഇങ്ങനെ ഒരു കമ്പ്ലീറ്റ്‌ വിവരണ്ണം ഇട്ടു കൊതിപ്പികാന്‍ പാടില്ലായിരുന്നു !!!

കുഞ്ഞന്‍ July 28, 2009 at 10:15 AM  

മാഷെ..
ഇതില്‍ പങ്കെടുത്ത് വിജയിപ്പിച്ചതിന് എന്റെ പേരില്‍ നന്ദി പറയുന്നു. സീനിയെറെന്നൊ ജൂനിയെറെന്നൊ വകഭേദമില്ലാതെ,യാതൊരു പ്രതിഫലം ഇഛിക്കാതെ ഈ സ്നേഹ സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരു ബൂലോഗവാസി എന്ന നിലയില്‍ അഭിനന്ദനങ്ങള്‍ ചൊരിയുന്നു..!

ശരിക്കും ഈയൊരു സംഗമത്തിന്റെ ആദ്യതിരി കത്തിച്ചുവച്ച ശ്രീ അപ്പുവിന് നന്ദി പറയുന്നു.

ഒരു കാര്യം, ഭാവിയില്‍ ഒരു ബ്ലോഗേഴ്സ് സംഗമം നടക്കുകയാണെങ്കില്‍ എന്തുകൊണ്ടും ആ സംഗമത്തിന് ഈ ചെറായി സംഗമം ഒരു മാതൃകയായിരിക്കുമെന്ന കാര്യത്തില്‍ അശ്ശേഷം സംശയമില്ല..

ഒരിക്കല്‍ക്കൂടി ഈ സംഗമത്തില്‍ പങ്കെടുത്തവരും പങ്കെടുപ്പിക്കാനായി പ്രവര്‍ത്തിച്ചവര്‍ക്കും അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍.

അപ്പൂട്ടാ..ഒരാഗ്രഹം ഈ ഗ്രൂപ്പ് പടത്തില്‍ ഓരൊത്തരുടെ അടുത്തും മൌസ് കൊണ്ടുവന്നാല്‍ ആ ആളുടെ പേര് തെളിഞ്ഞുവരുന്നരു വിദ്യയുണ്ടല്ലൊ അത് ഏതെങ്കിലും ബൂലോഗവാസിയെക്കൊണ്ട് ചെയ്യിപ്പിക്കുകയാണെങ്കില്‍.......

കൃഷ്‌ണ.തൃഷ്‌ണ July 28, 2009 at 10:22 AM  

ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും, ഭാവുകങ്ങള്‍, അഭിവാദ്യങ്ങള്‍.

ധൃഷ്ടദ്യുമ്നന്‍ July 28, 2009 at 11:09 AM  

അപ്പൂ...പങ്കെടുക്കാഞ്ഞതിൽ വിഷമം തോന്നുന്നു..കുത്തിതിരുപ്പുകൾക്കും പാരവെയ്പ്പുകൾക്കും അപ്പുറം മീറ്റ്‌ ഒരു വൻ വിജയമാക്കിത്തീർത്ത സംഘാടകർക്കോരോത്തർക്കും അനുമോദനങ്ങൾ..

ചാണക്യന്‍ July 28, 2009 at 11:41 AM  

അപ്പു മാഷെ,

പോസ്റ്റ് നന്നായി....അഭിനന്ദനങ്ങള്‍....

“ചാണക്യനെക്കണ്ട് ഞാന്‍ ശരിക്കും ഞെട്ടി. ഒരു പഞ്ചപാവത്താന്‍!“-ഹിഹിഹിഹിഹിഹി...അതിഷ്ടായി....:)

മാഷിന്റെ ഐഡിയയില്‍ നിന്നല്ലെ ഇത്തരമൊരു മെഗാഹിറ്റ് സൌഹൃദകൂട്ടായ്മക്ക് തുടക്കം കുറിച്ചത്..നന്ദി മാഷെ..ഒരായിരം നന്ദി.....

ശ്രീലാല്‍ July 28, 2009 at 11:50 AM  

അപ്പൂസ്... കുടുംബത്തിൽ ഒരു കല്യാണത്തിനു എല്ലാരും ഒത്തുകൂടിയതുപോലെ ആയിരുന്നു എനിക്ക് തോന്നിയത്.. :)
നന്ദി..

Kaithamullu July 28, 2009 at 12:21 PM  

എന്ത് മാത്രം എഫര്‍ട്ട് എടുത്തിട്ടുണ്ടേന്ന് മനസ്സിലാക്കുന്നത് കൊണ്ട് സംഘാടകര്‍ക്ക് മുന്‍പില്‍ തല കുനിക്കുന്നു.
(കൂടേ ഓടി നടക്കാനും കൂട്ടമായ് മാറാനും കഴിയാത്തതിലുള്ള സങ്കടവും).

അപ്പൂസെ,
ഫോട്ടൊകളാണ് കൂ‍ടുതല്‍ പ്രതീക്ഷിച്ചത്. വഴിയേ വരുമായിരിക്കും അല്ലേ?
പതിവ് പോലെ നല്ല വിവരണം.
താങ്ക്സ്
-

Unknown July 28, 2009 at 12:27 PM  

നന്നായിട്ടുണ്ട് അപ്പൂ, നല്ല വിവരണം..

Unknown July 28, 2009 at 2:58 PM  

ചെറായ് മീറ്റിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്, മലബാര്‍ എക്സ്പ്രസ്സിന്റെ അഭിനന്ദനങ്ങള്‍.

jayanEvoor July 28, 2009 at 3:47 PM  

പടങ്ങളെല്ലാം അടിപൊളി.
ഗ്രൂപ് ഫോട്ടോയ്ക്ക് പ്രത്യേക നന്ദി!

Cartoonist July 28, 2009 at 4:16 PM  

അപ്പു,
ഇപ്പൊ എനിക്ക് മനസ്സില്ല.
ഈ കലക്കന്‍ ഗ്രൂപ്പ് ഫോട്ടൊ എന്റെ മനം
കമ്പ്ലീറ്റ്ലി കവര്‍ന്നിരിക്കുന്നു.

വിവരണം അത്യുഗ്രന്‍. എങ്ങനെ ഇത്ര
വിവ്വിശദമായി ‘ഠപ്പോ‘ന്ന് എഴുതുന്നു !

ഡോക്ടര്‍ July 28, 2009 at 5:29 PM  

അപ്പുവേട്ടാ നല്ല വിവരണം.... മീറ്റാനും പരിചയപ്പെടാനും കഴിഞ്ഞല്ലോ... നന്ദി.... :)

തോന്ന്യാസി July 28, 2009 at 5:48 PM  

അപ്പുവേട്ടാ

നോ കമന്റ്സ്.........

Typist | എഴുത്തുകാരി July 28, 2009 at 6:38 PM  

നല്ല വിശദമായ ഭംഗിയായ റിപ്പോര്‍ട്ട്.

നാട്ടിലൊന്നു കൂടിയാലോ എന്ന അപ്പുവിന്റെ ആ രണ്ടുമൂന്നു വാക്കുകളില്‍ നിന്നല്ലേ ഇതിനു തുടക്കം. ഒരുപക്ഷേ ആരും അന്നു പ്രതീക്ഷിച്ചിരിക്കില്ല, ഇത്രയേറെ ഭംഗിയായി, ഇത്രയേറെ വിജയമായി ഇതു നടക്കുമെന്നു്. ഇല്ലേ? ശരിക്കും സന്തോഷമുണ്ട്.

മീറ്റ് കഴിഞ്ഞ് അടുത്ത ദിവസം ഞാന്‍ ഹരീഷിനെ വിളിച്ചിരുന്നു. ഹരീഷ് പറഞ്ഞതെന്താണെന്നോ, ചേച്ചീ, സന്തോഷം കൊണ്ടെനിക്കു വീര്‍പ്പുമുട്ടുന്നു, കമെന്റ് എഴുതാന്‍ പോലും പറ്റുന്നില്ലെന്ന്.‍
എല്ലാവരുടേയും സ്ഥിതി ഇതുതന്നെയായിരുന്നില്ലേ?

മാണിക്യം July 28, 2009 at 6:44 PM  

ഇതിപ്പോ എങ്ങനാ ഒരു കമന്റിടുക?
അതിനുള്ള യോഗ്യതയൊന്നും എനിക്കില്ലല്ലോ!

എനിക്ക് കൊച്ചിലേ മുതലുള്ള ഒരു സ്വഭാവമാ ഉണ്ണാനിരുന്നാല്‍ ഏറ്റവും ഇഷ്ടമുള്ള കറി ഒടുവില്‍ തിന്നുക ഇന്നും അതു മാറീട്ടില്ലാ അതു തന്നാ ഈ കാണുന്നതും ചെറായ് ചെറായ് ചെറായ് ....

അപ്പുന്‍റ്റെ ഓര്‍മ്മചെപ്പില്‍ ഇന്നലെ തന്നെ തലയിട്ടു, വായിച്ചു അവിടെ മാറ്റി വച്ചു ഒരു ഉറക്കവും കൂടി കഴിഞ്ഞ് ഒന്നും കൂടീ വായിച്ചു പിക്കാസോ അരിച്ചു പെറക്കി. കാണണം എന്നു ആശിച്ച കുറെ മുഖങ്ങളെ കണ്ടു...
എന്താ ഇപ്പൊള്‍ പറയുക?..

ഈ പടങ്ങളും പോസ്റ്റും കാണുകയും വായിക്കുകയും ചെയ്ത എനിക്ക് മനസ്സില്‍ ഇത്രയേറേ സന്തോഷം തോന്നുന്നു എങ്കില്‍ അവിടെ നേരിട്ട് എത്തിയവരുടെ ആനന്ദത്തിന്റെ അളവെത്രയെന്നു ഞാന്‍ ആലോചിക്കുകയായിരുന്നു...

അറബിക്കടലിനക്കരെയിരുന്നു ഈ സംഗമത്തിനു വാനം കോരിയ അപ്പൂനെ എന്തു പറഞ്ഞാ അഭിനന്ദിക്കുക ? ബുലോകമനസ്സുകളില്‍ എന്നെന്നും ഓര്‍മ്മിക്കാന്‍ ഒരു സുദിനം!
മനസ്സു കൊണ്ടു പങ്കെടുത്ത എന്റെ അഭിവാദനങ്ങള്‍..

ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എല്ലാം അനുമോദനങ്ങള്‍...

ഇ.എ.സജിം തട്ടത്തുമല July 28, 2009 at 7:31 PM  

ചെറായി മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എങ്കിലും മീറ്റ് നടന്നതില്‍ സന്തോഷിയ്ക്കുന്നു.ഇനിയും ഇതുപോലെ സംഗമിയ്ക്കാന്‍ അവസരം ഉണ്ടാകട്ടെ!

കുഞ്ഞായി | kunjai July 29, 2009 at 12:14 AM  

വളരെ ഹൃദ്യമായ ഒരു മീറ്റ് വിവരണത്തിന് നന്ദി

Jayasree Lakshmy Kumar July 29, 2009 at 1:34 AM  

വരാൻ കഴിയില്ലല്ലോ എന്ന് ആദ്യം വിഷമം തോന്നിയിരുന്നു. പക്ഷെ ഓരോ പോസ്റ്റുകളായി വായിക്കും തോറും അവിടെ ഉണ്ടായിരുന്ന അതേ പ്രതീതി. ദാ ഈ പോസ്റ്റിലൂടെ, പരിചിത വഴികളിൽ ഒരിക്കൽ കൂടിയൊരു പ്രയാണം. എല്ലാത്തിനും മേലേ സന്തോഷം തരുന്നത്, ഇതൊരു വൻ വിജയമായി എന്നതു തന്നെ. സംഘാടകരെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. കുത്തൊഴുക്കിൽ, ഒഴുക്കിനെതിരെ നീന്തിക്കയറി വിജയിച്ചവർ!!

Vellayani Vijayan/വെള്ളായണിവിജയന്‍ July 29, 2009 at 7:10 AM  

അപ്പു വിവരണം നന്നായിരിക്കുന്നു.
ആശംസകള്‍...

ചന്ദ്രകാന്തം July 29, 2009 at 11:34 AM  

എല്ലാം വളരെ ഭംഗിയായി നടന്നതില്‍ അതിയായ സന്തോഷം;
കൂട്ടത്തില്‍ കൂടാന്‍ പറ്റാതിരുന്നതില്‍.. പറയാനാവാത്ത സങ്കടം.
:(

Unknown July 29, 2009 at 1:47 PM  

എല്ലാം ഭംഗിയായി നടന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഒരു സല്യൂട്ട് . വരാന്‍ കഴിയാത്തതില്‍ ഉള്ള അസൂയ , സങ്കടം , etc ... രേഖപ്പെടുത്തിക്കൊള്ളട്ടെ !വിശദമായ വിവരണത്തിന് നന്ദി.കൂടുതല്‍ ഫോട്ടോസ് പ്രതീക്ഷിക്കുന്നു . മീറ്റില്‍ സംബന്ധിച്ചവരുടെ പേരും മറ്റു ഫോട്ടോകളും എവിടെ ലഭിക്കും എന്നറിയാന്‍ ആഗ്രഹം ഉണ്ട് .

Cibu C J (സിബു) July 29, 2009 at 3:06 PM  

അപ്പൂ എന്റെ ഫോട്ടോ ഐഡന്റിഫൈ ചെയ്തിരിക്കുന്നത്‌ ഒഴിവാക്കാമോ? ഗ്രൂപ്പ് ഫോട്ടോ മാറ്റണമെന്നല്ല; അതിന്റെ താഴെ എന്റെ പേര്‌ ലേബൽ ചെയ്തിരിക്കുന്നതുമാത്രമാണ്‌ ഒഴിവാക്കാൻ അഭ്യർത്ഥന.

keralafarmer July 29, 2009 at 3:45 PM  

അപ്പു സിബുവിന്റെ പരാതി ഉള്‍ക്കൊണ്ടാല്‍ അതു കണ്ട് പലരും അതേപോലെ ആവര്‍ത്തിച്ചെന്ന് വരും. ടാഗുകള്‍ ഒഴിവാക്കേണ്ട ഒരാവശ്യവും ഇല്ല. ഈ പോക്കിനായാല്‍ ഹരീഷിന്റെ വീഡിയോയും ചിത്രങ്ങളും എങ്ങിനെയാണ് വെളിച്ചം കാണിക്കുക. ഇതേ സിബു പണ്ട് ഫ്ലിക്കറില്‍ കൊച്ചിയില്‍ നടന്ന ബ്ലോഗേഴ്സ് മീറ്റിലെ ചിത്രം തലകള്‍വെട്ടി പേര് കാണിച്ചിരുന്നു.

Cibu C J (സിബു) July 29, 2009 at 4:36 PM  

'അപ്പോഴേ പറഞ്ഞില്ലേ' എന്നു ബെർലി ഇരുന്നു ചിരിക്കുന്നപോലെ എനിക്കിപ്പോ തോന്നുന്നു. ബെർളിയുടെ പോസ്റ്റിനു ശേഷം ഐഡന്റി, ഫോട്ടോ എന്നിവ പരസ്യമാക്കുന്നതിൽ ജനങ്ങൾ അൾട്രാ സീരിയസ് ആവും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു.

പബ്ലിക്ക് ആയി ഇട്ട ഫോട്ടോയിലെ ലേബൽ എടുത്തുമാറ്റൂ എന്നു ആരെങ്കിലും റിക്വസ്റ്റ് ചെയ്യുമ്പോൾ അത് ഓണർ ചെയ്യുന്നത്‌ ഒരു ബേസിക് മര്യാദമാത്രമായേ എനിക്ക്‌ കാണാനാവുന്നുള്ളൂ.

ഹരീഷിന്റെ വീഡിയോയും ആൽബവും പരസ്യപ്പെടുത്തുന്നതിൽ എനിക്ക്‌ പരാതിയില്ല. അതിൽ ഇന്നയാൾ ഞാനാണെന്നു കാണിച്ച് ലേബലിടുന്നതിനോട് മാത്രമാണ്‌ വിഷമമുള്ളത്‌.

ഞാനിട്ട ലേബലുകളിൽ ഏതാണ്‌ ഒഴിവാക്കേണ്ടത് എന്നുപറഞ്ഞാൽ ഒഴിവാക്കാവുന്നതേ ഉള്ളൂ.

Appu Adyakshari July 29, 2009 at 4:42 PM  

ചന്ദ്രേട്ടാ,

ഫോട്ടോയ്ക്കുതാഴെയുള്ള പേരു മാറ്റാമോ എന്നു ഒരു വ്യക്തി ചോദിച്ചാല്‍ തീര്‍ച്ചയായും അത് മാറ്റണം എന്നാണ് എനിക്ക് അഭിപ്രായം. സിബു പറഞ്ഞത് ഞാന്‍ സ്വീകരിച്ചിരിക്കുന്നു.

Cibu C J (സിബു) July 29, 2009 at 5:10 PM  

അപ്പൂ. വളരെ നന്ദി.

പാര്‍ത്ഥന്‍ July 29, 2009 at 5:24 PM  

അപ്പൂ,
വിവരണം വളരെ നന്നായി.
ഇതിൽ കൂടാൻ കഴിയാഞ്ഞതിൽ വളരെയധികം വിഷമം തോന്നുന്നു.

Unknown July 29, 2009 at 7:29 PM  

കുറച്ചു ഫോട്ടോകള്‍ പിക്കാസയില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്.

Manikandan July 29, 2009 at 11:06 PM  

അപ്പുവേട്ടാ നന്നായി.

ബിന്ദു കെ പി July 30, 2009 at 12:07 AM  

അപ്പൂ, ഞാൻ വൈകിപ്പോയി...
മീറ്റിന്റെ പോസ്റ്റുകൾ ഒന്നൊന്നായി വായിച്ചുവരുന്നതേയുള്ളൂ. രണ്ടുമൂന്നുദിവസമായി മറ്റു ചില തിരക്കുകൾ...

നാലാൾ കൂടുന്ന പരിപാടികളിൽനിന്നൊക്കെ കഴിയുന്നതും വിട്ടുനിന്ന് വീട്ടിൽ ഒതുങ്ങിക്കൂടിയിരിയ്ക്കാൻ മാത്രം താല്പര്യപ്പെടുന്ന എന്നെ ഈ മീറ്റിലേയ്ക്കെത്തിച്ചത് അപ്പുവിന്റെ നിരന്തര പ്രോത്സാഹനവും, മീറ്റിനെക്കുറിച്ചുള്ള പോസ്റ്റുകൾക്ക് ബ്ലോഗർമാരിൽനിന്നുണ്ടായ ആവേശകരമായ പ്രതികരണങ്ങളുമാണ്.വേണോ വേണ്ടയോ എന്ന് ശങ്കിച്ചിരുന്ന ഞാൻ അറിയാതെ ആ ആവേശക്കടലിലേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു.

നിരക്ഷരനേയും പിരിക്കുട്ടിയേയും ലതിച്ചേച്ചിയേയും മാത്രമേ ഇതിനുമുൻപ് കണ്ടിട്ടുള്ളൂ എങ്കിലും അദ്യകാഴ്ചയിൽതന്നെ മറ്റു പല മുഖങ്ങളേയും തിരിച്ചറിയാൻ സാധിച്ചു. (സങ്കല്‍പ്പത്തിലുണ്ടായിരുന്ന പല രൂപങ്ങളും മാറിമറിഞ്ഞു എന്നത് മറ്റൊരു രസകരമായ വസ്തുത) :)
തിരിച്ചറിഞ്ഞുകഴിഞ്ഞപ്പോഴോ, ചിരപരിചിതരെപ്പോലെയുള്ള സംസാരവും പെരുമാറ്റവും! ഇത്തരമൊരു അനുഭവം ബൂലോകത്തിൽ നിന്നല്ലാതെ മറ്റെവിടെ നിന്നാണ് ലഭിക്കുക?

ഔപചാരികതയുടെ കെട്ടുപാടുകളൊന്നുമില്ലാതെ,
എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളേപ്പോലെ ചിലവിട്ട ആ ഏതാനും മണിക്കൂറുകൾ പകർന്നുനൽകിയ ഉന്മേഷത്തോടെ ചെറായിയിൽ നിന്നു മടങ്ങുമ്പോൾ, ജീവിതം ജീവിയ്ക്കേണ്ടതെങ്ങനെ എന്നതിന്റെ നേർക്കാഴ്ച്ചയായ മണിസാറിനേയും കുടുംബത്തേയും മനസ്സിൽ കൂടെ കൂട്ടുമ്പോൾ, ഞാൻ ഓർത്തു: ഇതിൽ പങ്കെടുക്കാതിരുന്നെങ്കിൽ അത് തീർച്ചയായും ഒരു നഷ്ടമായേനേ എന്ന്.... ആരുടെയും പേരെടുത്തു പറയുന്നില്ല, എല്ലാ സുഹൃത്തുക്കൾക്കും ഒരുപാടൊരുപാട് നന്ദി...ആ നല്ല നിമിഷങ്ങൾക്ക്...

Cartoonist July 30, 2009 at 7:03 AM  

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693

അതുല്യ July 30, 2009 at 7:59 AM  

പ്രിയപെട്ട എല്ലാര്‍ക്കും

വളരെ പ്രിയപെട്ട ഒരു ബന്ധു വല്ലാത്ത ഒരു സ്ഥിതിയില്‍ ആസ്പത്രിയിലെ ന്യൂറോ ഐ സി യൂ വില്‍ ആയത് കാരണം വീട്ടിലുള്ളവര്‍ മുഴുവനും അവിടെ തന്നെ കഴിച്ചു കൂട്ടുകയാണു പ്രാര്‍ഥനയോടെ.. അത് കാരണം നാളുകള്‍ പോയതോ മീറ്റോ ഒന്നും ഓഅര്‍ത്ത് വയ്കാനോ ഒരാളെ വിളിയ്ക്കാനോ കഴിഞില്ല. മെയിലില്‍ കണ്ട ലിങ്കില്‍ നോക്കിയപ്പോഴാണു മീറ്റ് എന്ന് ഓഅര്‍ട്ഠ് പോയത് തന്നെ. എല്ലാം നല്ലവണ്ണം നടന്നു എന്ന് അറിഞതില്‍ ഒരുപാട് സന്തോഷമുണ്ട്. ആരെങ്കിലും എല്ലാ മീറ്റിന്റെ ലിങ്കുകളും ഒന്ന് മെയില്‍ അയയ്ച്ചാല്‍ നന്നായിരുന്നു.

മീറ്റ് ഇത്രെം വന്‍ വിജയമാക്കിയതിന്റെ പിന്നിലുണ്ടായിരുന്ന എല്ലാര്‍ക്കും ഒരു ലാല്‍ സലാം.

അതുല്യ

Shaf July 30, 2009 at 8:13 AM  

നല്ലൊരു റിപ്പോര്‍ട്ടിംഗ്.
nandi..

ജോ l JOE July 30, 2009 at 8:18 AM  

Visit here for all meet related posts & Video


http://joekj.blogspot.com/2009/07/blog-post_29.html

Unknown July 30, 2009 at 11:11 AM  

അപ്പുവേട്ടാ, തിരുവന്തോരത്തുന്നിന്ന് വന്നവരുടെ കൂട്ടത്തില്‍പോലും എന്നെ ഉള്‍പ്പെടുത്താത്തത് എന്ത് ഗൂഡാലോചനയാണ്, പിന്നെ ക്ഷമിക്കണമെന്നു പറഞ്ഞതു കൊണ്ട് വെറുതെ വിടുന്നു. :)

വിവരണം നന്നായി.

Unknown July 30, 2009 at 11:14 AM  

പട്ടം പറത്തി അത് തെങ്ങില്‍ കുരുങ്ങിയപ്പോ കരയുന്ന ചേട്ടന്റെ പടം ഞാന്‍ ഇടുന്നുണ്ട് :)

മധുര പ്രതികാരമായി, എന്നോടു കളിച്ചാല്‍ ദിങ്ങിനിരിയ്ക്കും

ചിന്തകന്‍ July 30, 2009 at 1:05 PM  

ഫോട്ടോയും വീവരണങ്ങളും നന്നായിട്ടുണ്ട്.

അഭിനന്ദനങ്ങള്‍.

Prasanna Raghavan July 30, 2009 at 8:08 PM  

അപ്പു

ഈ ആദി മദ്ധ്യാന്തവര്‍ണന എന്നു പറ യുമ്പോലെ ഉണ്ട്, അപുവിന്റെ വിവരണം.

ഒന്നും കാണാത്തവന് എല്ലാം കണ്ടു എന്ന അനുഭവമുണ്ടാക്കുക, അതാണ്സത്യമായും ഉണ്ടായത്.

തൊടുപുഴ മീറ്റില്‍ തുടങ്ങി ചേറായി മീറ്റില്‍ വരെ എത്തിയതും അതിനിടയിലുണ്ടായ മാന്‍ മേഡ് പ്രതിസന്ധികളും വായിക്കുന്നുണ്ടായിരുന്നു.

പ്രതിസന്ധികളോടെ ഭാരവാഹികള്‍ അനുവര്‍ത്തിച്ച് വേറിട്ട നയത്തെ ശ്ലാഖിക്കുന്നു.

പരസ്പരം അസഭ്യം പറയുക മലയാളം ബ്ലോഗേഴ്സിന്റെ ഒരു സ്ഥിര ശൈലിയാണോ എന്നു തോന്നലിന് ചെറായി ബ്ലോഗു മീറ്റ് ഒരു വഴിത്തിരിവ് ആകുന്നു എന്നു തോന്നുന്നു.

അത്യന്തം ശ്രമകരമായ ഈ സംരഭത്തിന്റെ സംഘാടകര്‍ക്കു നന്ദി മാത്രം പറഞ്ഞാല്‍ പോര,ബ്ലോഗ് ഒരു കൂട്ടായ്മയാണ്‍് എന്നു പറഞ്ഞിരുന്നതിന് ഒരു യഥര്‍ഥ മാനം ഒരുക്കീയവര്‍ ബ്ലോഗിനൊരു പുതിയ ചരിത്രം കൂടി എഴുതിയവരാണ്‍്. കൂടുതലൊന്നും എഴുതാന്‍ കഴിയുന്നില്ല.

ഹരീഷ്, ലതി, സുഭാഷ്, അനില്‍, നാട്ടുകരന്‍, ജോ, നിരക്ഷരന്‍ തുടങ്ങി (ആരുടെയെങ്കിലും പേരു വിട്ടുപോയെങ്കില്‍ കൂട്ടിച്ചേര്‍ത്തു വായിക്കണേ എന്നപേക്ഷിക്കുന്നു) ഇതിന്റെ മുന്നണി പടയാളികര്‍ക്കും പിന്നണിയില്‍ പ്രവര്‍ത്തിച്ച് അപ്പുവിനേ പോലെയുള്ളവര്‍ക്കും കലവറയില്ലാത്ത അഭിനന്ദനങ്ങള്‍.

ഇനി എന്നാണ്‍് മീറ്റ്, ഡിസംബറില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ തീര്‍ശ്ചയായും ഉണ്ടാകും.

ഒരോഫ്

അപ്പു, എന്റെ WP ബ്ലോഗില്‍ നിന്ന് ഈ പോസ്റ്റിലേക്ക് കമന്റിടാന്‍ കഴിയുന്നില്ലല്ലോ.
http://indiablooming.com/

എന്നാല്‍ ചിലരുടെ പോസ്റ്റുകളില്‍ ഇടാം.
എന്താണ്‍് പ്രശ്നമെന്നാല്‍ അറിയിക്കുമല്ലോ. എന്റെ മെയിലിലോ അപ്പുവിന്റെ സൌകര്യം പോലെ അറിയിക്കുമല്ലോ

സസ്നേഹം
പ്രസന്ന

nandakumar July 30, 2009 at 8:51 PM  

അപ്പൂ
ഞാന്‍ അഭിനന്ദനം പറഞ്ഞില്ലായിരുന്നോ? വായിച്ചെങ്കിലും കമന്റാന്‍ മറന്നോ എന്ന് ഓര്‍മ്മയില്ലാത്തതു പോലെ...:)

നല്ല സമഗ്ര വിവരണം

nandakumar July 30, 2009 at 8:51 PM  
This comment has been removed by the author.
നരിക്കുന്നൻ July 30, 2009 at 10:05 PM  

അപ്പു കണ്ട ചേറായി മീറ്റിന്റെ വിശദമായ വിവരണത്തിലൂടെ ഞാനും അവിടെ ഉണ്ടായിരുന്നു എന്നെ തോന്നി. എല്ലാവരെയും പരിചയപ്പെട്ടെന്ന് തോന്നി. ഒരു വൻ സൌഹൃദസംഗമത്തിന്റെ അനിവാര്യമായ വിജയം.

ഈ വിശദമായ പോസ്റ്റിന് നന്ദി.

മുസാഫിര്‍ August 2, 2009 at 6:51 PM  

സമഗ്രമായ ഒരു എഴുത്ത്.പലപ്പോഴും കമന്റുകളിലൂടേയും ചാറ്റുകളിലൂടെയും മാത്രം പരിചയപ്പെട്ടിട്ടുള്ളവർ തമ്മിൽ കാണുമ്പോൾ അപരിചിതത്വത്തിന്റെ വരമ്പുകൾ പെട്ടെന്ന് ഇല്ലാതാവുന്നതും പെട്ടെന്ന് സൌഹ്റുദങ്ങൾ ഉടലെടുക്കുന്നതും മുൻപത്തെ മീറ്റുകളിൽ കണ്ടിട്ടുള്ളതു കൊണ്ട് എഴുത്തിലൂടെ കണ്ണോടിക്കുമ്പോൾ എല്ലാം മനക്കണ്ണീൽ കാണാൻ പറ്റുന്നുണ്ട്.നന്ദി അപ്പു.

നിരക്ഷരൻ August 23, 2009 at 10:02 PM  

ചെറിയ നരയുള്ള മീശയുമായി നിരക്ഷരന്‍ വന്ന് കൈ പിടിച്ച് ഞെരിച്ചു എന്നൊക്കെ എഴുതിയതുകാരണം ഇനി ഈ ബ്ലോഗില്‍ വരനോ വേണ്ടയോ എന്ന് ഞാന്‍ കാര്യായിട്ട് ആലോചിച്ചുകൊണ്ടിരിക്കുവാ... :)

Muralee Mukundan , ബിലാത്തിപട്ടണം July 26, 2010 at 7:29 PM  

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP