സഹ്യന്റെ മടിയിലൂടെ ഒരു യാത്ര - ഒന്ന്

>> Wednesday, July 23, 2008

ബ്ലോഗിലെ യാത്രാവിവരണ പുലികളായ ശ്രീസോബിൻ, കൊച്ചുത്രേസ്യ, നിരക്ഷരൻ തുടങ്ങിയവരുടെ രചനകൾ വായിച്ചിട്ടുണ്ടെന്നല്ലാതെ യാത്രാവിവരണം എഴുതുന്നതിൽ എനിക്ക് പരിചയമേതുമില്ല എന്ന് വായനക്കാരിൽ പലർക്കും അറിയാവുന്ന കാര്യമാണല്ലോ! കൂടുതൽ പ്രതീക്ഷിച്ച് നിരാശരാകരുതേ എന്നൊരു മുൻ‌കൂർ ജാമ്യം എടുക്കുന്നു എന്നു സാരം.


ഇതൊരു യാത്രാവിവരണമാണൊ എന്നു ചോദിച്ചാൽ ആണ്. എന്നാൽ ഇതൊരു വീട്ടിലേക്കുള്ള യാത്രയാണ്. അതിനാൽ ഈ വിവരണത്തിന് ഒരു ലക്ഷ്യസ്ഥാനമായി ഒരു ടൂറിസ്റ്റ് സ്പോട്ടോ മറ്റോ പറയുവാനായി ഇല്ല. വഴിയിൽ കണ്ട കാഴ്ചകൾ, ഈ റൂട്ടിൽ യാത്രചെയ്തിട്ടില്ലാത്തവർക്കായി പങ്കുവയ്ക്കുക എന്നതു മാത്രമാണ് ഇവിടെ ഉദ്ദേശം. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫോട്ടോകളൊന്നും തന്നെ നന്നായിട്ടുണ്ട് എന്ന് എനിക്ക് അഭിപ്രായമില്ല. മിക്കവയും ഓടുന്ന കാറിൽ ഇരുന്നെടുത്തതും, പെയ്യുന്ന മഴയ്ക്കിടയിൽ ക്യാമറ നനയ്ക്കാതെ എടുത്തതും മറ്റുമാണ്. അതിനാൽ ചിലരെങ്കിലും പ്രതീക്ഷിച്ചേക്കാവുന്ന ഗുണമേന്മ ഈ ഫോട്ടോകളിൽ കണ്ടു എന്നു വരില്ല എന്നു കൂടി ആദ്യമേ പറയട്ടെ. എങ്കിലും ഈ പോസ്റ്റിനോടൊപ്പമുള്ള ചിത്രങ്ങളോരോന്നും വലുതാക്കികാണുവാൻ തക്ക വലിപ്പത്തിലാണ് നൽകിയിരിക്കുന്നത്. വലുതാക്കി നോക്കിയാൽ കൂടുതൽ Details കാണാവുന്നതാണ്.


ഞങ്ങൾ കുട്ടികളായിരുന്നകാലത്തുതന്നെ സ്കുൾ അവധിയായാൽ അടുത്ത ബന്ധുവീടുകളിലെല്ലാം സന്ദർശനത്തിനു പോകുന്ന പതിവുണ്ടായിരുന്നു ഞങ്ങളുടെ വീട്ടിൽ. അതിൽ ഏറ്റവും ദൂരെയുള്ള രണ്ടു വീടുകളായിരുന്നു അമ്മയുടെ രണ്ടു ചേച്ചിമാരുടെ വീടുകൾ. ഒന്ന് പാലക്കാട്ടും, ഒന്ന് ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് ചെറിയതോവാള എന്ന സ്ഥലത്തും. ഈ രണ്ടു സ്ഥലങ്ങളിലേക്കുള്ള യാത്രകളായിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ടവ.


ഇതിൽത്തന്നെ തോവാളയാത്രയായിരുന്നു കൂടുതൽ പരിചയം. കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് ഞങ്ങളുടെ നാടായ പന്തളം ഉൾപ്പെടുന്നപ്രദേശം “ഇടനാടാണ്”. ഇടുക്കി ജില്ലയുടെ ഭാഗങ്ങൾ “മലനാടും” (high-range). പത്തുമുപ്പതുകൊല്ലം മുമ്പ്, മലകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു കയറ്റങ്ങളും ഇറക്കങ്ങളും ഹെയർപിൻ വളവുകളുമൊക്കെയായി കാടിന്റെയും തെയില തോട്ടങ്ങളുടെയും ഇടയിലൂടെ കടന്നുപോകുന്ന കോട്ടയം കുമളി റൂട്ടിലെ യാത്ര രസാവഹവും, അതേസമയം അല്പം ഭയാനകവുമായിരുന്നു.


ഒരുവശത്ത് ചെങ്കുത്തായ മലകൾ, മറുവശത്ത് അത്യഗാധമായ കൊക്കകൾ. ഇതിനിടയിലൂടെ ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഒരു വീതി കുറഞ്ഞ റോഡും. ഇതുവഴി വല്ലപ്പോഴുമൊക്കെ ഭാരവും വലിച്ച് കിതപ്പോടെ മന്ദം മന്ദം കടന്നു പോകുന്ന ബസുകളും ലോറികളും. മഴക്കാലമായാൽ എപ്പോൾ വേണമെങ്കിലും മണ്ണിടിച്ചിലോ, ഉരുൾപൊട്ടലോ ഉണ്ടാകാം. വീതികുറഞ്ഞഭാഗത്തെങ്ങാനും എതിരേ വരുന്ന രണ്ടു വാഹനങ്ങൾ പെട്ടുപോയാൽ സൈഡുകൊടുക്കുവാനായി വരുന്ന പൊല്ലാപ്പുകൾ! അന്നത്തെ ഡ്രൈവർമാരെയൊക്കെ സമ്മതിക്കണം, ഈ ഇടുങ്ങിയ റോഡിൽ സൈഡുകൊടുക്കാനായി അവർ വാഹനങ്ങളുമായി എന്തൊക്കെ അഭ്യാസങ്ങൾ കാണിച്ചിരിക്കുന്നു. പത്തുമുപ്പതു കൊല്ലം മുമ്പ് ഈ പ്രദേശത്തുകൂടിയുള്ള യാത്രാനുഭവങ്ങൾ ഇങ്ങനെയൊക്കെയായിരുന്നു. താഴെയുള്ള ചിത്രം ഒന്നു വലുതാക്കി നോക്കൂ. ചിത്രത്തിന്റെ വലതേ അറ്റത്തായി മലമടക്കുകൾക്കിടയിലൂടെ കടന്നുപോകുന്ന റോഡ് കാണാം.


ഇന്ന് സ്ഥിതിമാറി. കോട്ടയം കുമളി റോഡ് സ്റ്റേറ്റ് ഹൈവേയായി. വീതികൂട്ടി ഇരുവരി പാതയാക്കി. വശങ്ങളിലെല്ലാം പിച്ചിംഗുകൾ നിർമ്മിക്കപ്പെട്ടു. കൊടും വളവുകളൊക്കെ ഏറെക്കുറെ നിവർത്തി. ലെവലിംഗ് മെഷീനുപയോഗിച്ച് നിരപ്പാക്കി ടാറിംഗും പൂർത്തിയാക്കിയതോടുകൂടി ഈ മലമ്പാതയിലൂടെയുള്ള യാത്ര ഇന്ന് വളരെ പുരോഗമിച്ചു. വേഗതയേറിയ വാഹനങ്ങൾ എത്തി. മിനിറ്റുകൾ മാത്രം ഇടവിട്ട് താഴ്വാരങ്ങളിലേയും, മറ്റു ജില്ലകളിലേയും പ്രധാന നഗരങ്ങളിലേക്ക് ബസ് സർവ്വീസുകൾ ആരംഭിച്ചു. ആ മേഖലയിലുള്ള മൂന്നാറും, തേക്കടിയും, രാമക്കൽ മേടും, നെടുംങ്കണ്ടവും ഒക്കെ ടൂറിസ്റ്റ് സ്പോട്ടുകളായി മാറി.

ഞാൻ ഗൾഫിൽ ജോലിക്കു പോയശേഷവും മിക്കവാറും വർഷങ്ങളിൽ അവധിക്കുവരുമ്പോഴെല്ലാം ഈ തോവാളയാത്ര മുടങ്ങാതെ പോയിരുന്നു. ഇതിനു പിന്നിൽ രണ്ടുമൂന്ന് ഉദ്ദേശങ്ങൾ ഉണ്ട് എന്നു പറയാം. വലിയമ്മയുടെ വീടും ഞങ്ങളുടെ വീടുമായി നല്ല അടുത്ത ബന്ധമാണുള്ളത്. അതിനാൽത്തന്നെ കൂടെക്കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ളയാത്രകൾ സാധാരണം.രണ്ടാമത്, ഞങ്ങളുടെ നാട്ടിലെല്ലാം ഉള്ള പറമ്പുകൾ മുഴുവൻ മറ്റുമരങ്ങൾ മുറിച്ചുമാറ്റി പകരം റബ്ബർ വച്ചുപിടിപ്പിച്ച് പ്രകൃതിയുടെ ഭംഗി എന്നേ കളഞ്ഞുകുളിച്ചു. പാടങ്ങൾ മുഴുവൻ അതിനും മുമ്പേ അകാലചരമമടഞ്ഞു. ഫലമോ, ഉഷ്ണം, കൊതുക്, കരിഞ്ചെള്ള് തുടങ്ങി സകലമാന അസ്വസ്ഥതകളും അനുഭവിക്കാമെന്ന നില. അടച്ചുമൂടിയ കോൺക്രീറ്റ് വീടുകൾക്കുള്ളിൽനിന്ന് പ്രകൃതിയുടെ സൌന്ദര്യത്തിലെക്കൊരു യാത്ര - അതാണ് ഹൈറേഞ്ച് യാത്ര തരുന്ന സുഖം. ഉയർന്ന ഭൂപ്രദേശങ്ങളിൽ ഊഷ്മാവുകുറവാണല്ലോ, തന്മൂലം വായുവിൽ നീരാവിയുടെ അളവും കുറവായിരിക്കും. അതിനാൽ വിയർത്തൊഴുകുകയില്ല, സുഖസുന്ദരമായ എയർകണ്ടീഷൻ ചെയ്തതുപോലെയുള്ള കാലാവസ്ഥ.


ഈ വർഷവും അങ്ങോട്ടൊരു യാത്ര ആദ്യമേ ഞങ്ങളുടെ വെക്കേഷൻ പ്ലാനുകളിൽ ഉണ്ടായിരുന്നതാണ്. കഴിഞ്ഞ ആഴ്ചയാണ് അതിനുള്ള അവസരം ഒത്തുവന്നത്. ഞാനും, ദീപയും, ഉണ്ണിമോളും, മനുക്കുട്ടനും യാത്രയ്ക്കുറെഡിയായപ്പോഴാണ് അനുജൻ ഷിജുവും ഭാര്യ ഷോബിയും ഒപ്പം വരുന്നുണ്ട് എന്നു പറഞ്ഞത്. നവദമ്പതികൾ തനിയേ കറങ്ങി മടുത്തിട്ടോ എന്തോ ഞങ്ങളോടൊപ്പം പോരാൻ തീരുമാനിച്ചത്. കമ്പനിക്ക് ആളുണ്ടല്ലോ എന്ന സന്തോഷത്തിൽ അവരെയും കൂട്ടി. രണ്ടുദിവസത്തേക്കു വേണ്ട വസ്ത്രങ്ങളും മറ്റും ഒരു പെട്ടിയിലാക്കി ഞങ്ങളുടെ സാൻ‌ട്രോ കാറിൽ ഒൻപതരയോടെ വീട്ടിൽ നിന്നും യാത്രതിരിച്ചു. വഴിയിൽ അത്യാവശ്യത്തിനു കഴിക്കുവാനായി കുറേ ഇഡലികളും ചമ്മന്തിയും വെള്ളവും അമ്മ പാഴ്സലാക്കിത്തന്നിരുന്നു. ‘ഇഡലി മറന്നാലും ക്യാമറ മറക്കല്ലേ’ എന്ന് ദീപ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു ‌‌(അല്പം കളിയാക്കൽ ആ ആധിക്കുപിന്നിൽ ഉണ്ടായിരുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല!)


കോട്ടയം കുമിളി റോഡ് എന്ന മലമ്പാത, സഹ്യപർവ്വതത്തിലേക്ക് കയറാൻ തുടങ്ങുന്നത് മുണ്ടക്കയം എന്ന ചെറിയ പട്ടണത്തിൽനിന്നാണ്. ഇവിടേക്ക് എത്തുവാനായി സമീപ ജില്ലകളായ കോട്ടയത്തുനിന്നും പത്തനം തിട്ടയിൽനിന്നും നിരവധി റോഡുകൾ ഉണ്ട്.

ഇവയിൽ പലതും ശബരിമലയിലേക്കുള്ള പ്രാ‍ധാനപാതകളിൽ പെടുന്നതിനാൽ എല്ലാവർഷങ്ങളിലും മെയിന്റനൻസ് നടത്തി ഭംഗിയായി ഇട്ടിരിക്കുന്നവയാണ്. ഞങ്ങളുടെ നാടായ പന്തളത്തുനിന്നും ഇവിടേക്ക് എത്തുവാനുള്ള റൂട്ട് പന്തളം, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം എന്നീ ചെറിയ പട്ടണങ്ങളിൽ കൂടി കടന്നു പോകുന്നതാണ്.


പത്തനംതിട്ടയും, സമീപപ്രദേശങ്ങളായ റാന്നിയും കോന്നിയുമെല്ലാം മലകളാൽ നിറഞ്ഞ നാടുകൾതന്നെ. ഇത് റാന്നി ടൌൺ.

കേരള നഗരങ്ങളുടെ തനതായതിക്കുംതിരക്കുമെല്ലാമുള്ള ഒരു സ്ഥലമാണ് റാന്നിയും. ഇവിടെ പമ്പാനദിക്കു കുറുകെ ഒരു പാലമുണ്ട്. കുറച്ചു വർഷങ്ങൾക്കുമുമ്പ് ഒരു വർഷകാലത്ത് ഒരു പെരുമരം ആറ്റിലൂടെ ഒഴുകിവന്ന് പഴയപാലത്തിന്റെ തൂണുകളിലൊന്നിൽ ഇടിക്കുകയും, പാലം ഒടിഞ്ഞ് നദിയിലേക്ക് വീഴുകയുമുണ്ടായി. ഭാഗ്യവശാൽ വലിയ അപകടമൊന്നും അന്നുണ്ടായില്ല. ആ പാലത്തിന്റെ സമീപം പുതിയതായി പണിതിരിക്കുന്ന പാലത്തിലൂടെയാണ് ഇപ്പോൾ യാത്ര. ഇതു റാന്നിപുതിയപാലത്തിൽ നിന്നും എടുത്ത പമ്പാനദിയുടെ ചിത്രമാണ്.

ഒടിഞ്ഞുവീണ പഴയപാലത്തിന്റെ അവശിഷ്ടങ്ങൾ താഴെയുള്ള ചിത്രത്തിൽ കാണാം.


റാന്നിയിൽനിന്ന് എരുമേലിയിലേക്ക് പോകുന്ന റോഡ് ടൌണിൽനിന്നും ഏതാനും കിലോമീറ്റർ കടന്നുപോയിക്കഴിഞ്ഞാൽ സർക്കാർവക തേക്കിൻ തോട്ടത്തിലേക്കാണ് കടക്കുന്നത്. അതിനുശേഷം കുറേ ദൂരം ഇരുവശത്തും കാടുകളും ഉണ്ട്. എന്റെ ചെറുപ്പകാലത്ത് ഇതുവഴി ബസിൽ പോയിട്ടുള്ളപ്പോൾ കാട്ടുപന്നികൾ ഈ കാട്ടിൽക്കൂടി ഓടിനടക്കുന്നത് കണ്ടിട്ടുണ്ട്. ഇപ്പോൾ പന്നിപോയിട്ട് ഒരു അണ്ണാനെപ്പോലും കാണാൻ കിട്ടുകയില്ല. ഈ റോഡിൽ നിന്നുള്ള ചില ദൃശ്യങ്ങൾ ഇനിയുള്ള ചിത്രങ്ങളിൽ കൊടുക്കുന്നു.

ശബരിമലയിലേക്കുള്ള പല പ്രധാന പാതകളും പുറപ്പെടുന്നതും ഈ റോഡു വഴിതന്നെ. മണ്ഡല തീർത്ഥാടനക്കാലത്ത് ഈ റോഡ് വളരെ സജീവമാണ്. മറ്റുസ്ഥലങ്ങളിൽനിന്നു വരുന്ന ശബരിമല തീർത്ഥാടകർ ഈ പാതയ്ക്കിരുവശവും വിശ്രമിക്കുകയും, ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ചെയ്യുന്നത് പതിവുകാഴ്ചയാണ്. കാടിന്റെ നിശബ്ദതയും, തണലും, ഈ പ്രദേശത്തിന് ഒരു പ്രത്യേക ഭംഗിതന്നെ നൽകുന്നു.

അവിടെനിന്ന് അൽ‌പ്പദുരം കൂടി പിന്നിടുമ്പോൾ എരുമേലിയിൽ എത്തും. ശബരിമല ധർമ്മശാസ്താവിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു സ്ഥലമാണ് എരുമേലി. ഇവിടെയാണ് ശ്രീഅയ്യപ്പന്റെ ഉറ്റ സുഹൃത്തായിരുന്ന വാവരുടെ പള്ളിയുള്ളത്. റോഡിന്റെ ഇരുവശങ്ങളിലായി വാവരുടെ പള്ളിയും (മോസ്കും), അയ്യപ്പക്ഷേത്രവും സ്ഥിതിചെയ്യുന്നു.


ശബരിമല തീർത്ഥാടനകാലത്ത് പേട്ടതുള്ളാനെത്തുന്ന അയ്യപ്പഭക്തരെക്കൊണ്ട് ഈ ടൌണും പരിസരങ്ങളും നിറഞ്ഞിരിക്കും. ഒരു നീണ്ട തടി (കമുക്) പലർ ചേർന്ന് വഹിച്ചുകൊണ്ട് “സ്വാമി തിന്തകത്തോം, അയ്യപ്പൻ തിന്തകത്തോം” എന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആഹ്ലാദാരവങ്ങളോടെ ഈ മോസ്കിൽ നിന്നും പുറപ്പെട്ട് അമ്പലത്തിലേക്ക് പോകുന്ന നേർച്ചയാണ് പേട്ടതുള്ളൽ. തുള്ളുന്നവരുടെ കൈയ്യിൽ കമുങ്ങിൻ പൂക്കുലയും ചെറിയമരച്ചില്ലകളും കാണും. ഇവിടെനിന്ന് കാൽനടയായി ശബരിമലയിലേക്ക് പോകുന്ന ഭക്തരേയും കാണാം.


തമിഴ്നാട്ടുകാരുടെ പേട്ടതുള്ളലാണ് കാണേണ്ടത്. ദേഹമാസകലം ചായപ്പൊടിവിതറി ഒരു മിനിഹോളിതന്നെഅവർ പേട്ടതുള്ളനിടെ കാഴ്ചവയ്ക്കും. ഒരു പക്ഷേ ഇന്ത്യയിൽത്തന്നെ ഒരു മുസ്ലിം പള്ളിയിൽനിന്ന് ആരംഭിക്കുന്ന ഒരു ഹൈന്ദവ ആഘോഷം ഇവിടെമാത്രമേ ഉണ്ടാവൂ എന്നു തോന്നുന്നു. അയ്യപ്പന്മാർക്ക് വിരിവയ്ക്കുവാനും വിശ്രമിക്കുവാനുമുള്ള വിശാലമായ ഒരു മൈതാനം തന്നെ എരുമേലിയിൽ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.

എരുമേലി ടൌണിൽനിന്ന് മുണ്ടക്കയത്തേക്കുള്ള റോഡ് ഏകദേശം എട്ടുകിലോമീറ്റർ ദൂരമുള്ളതാണ്. റോഡിന്റെ ഇരുവശവും കൃഷി സ്ഥലങ്ങളാണ്. വലിയ രണ്ടു മലകൾ നിറയെ കൈത കൃഷി ചെയ്തിരിക്കുന്നത് കൌതുകകരമായ ഒരു കാഴ്ചയായിരുന്നു.

വലിയ ഒന്നു രണ്ടു വളവുകളും, കയറ്റങ്ങളും ഒക്കെ കഴിഞ്ഞ് എത്തിയത് വിശാലമായ ഒരു റബ്ബർ എസ്റ്റേറ്റിലാണ്. സ്വാഭാവികരീതിയിൽത്തന്നെയുള്ള ലാന്റ്‌സ്കേപ്പും, അതിനിടയിലൂടെ കടന്നുപോകുന്ന റോഡും, അതിലെ ഒന്നുരണ്ടു വളവുകളുമെല്ലാം ഈ പ്രദേശത്തിനൊരു പ്രത്യേക മനോഹാരിത നൽകുന്നു.

ഇതു മുണ്ടക്കയം പട്ടണത്തിന്റെ ഒരു ഭാഗം. മണിമലയാറും, അതിന്റെ കരയിൽ ഒരു ചെറിയ ടൌണും. ഇവിടം കഴിഞ്ഞാൽ പിന്നെ സഹ്യപർവ്വതത്തിലേക്കുള്ള കയറ്റം ആരംഭിക്കുകയാണ്.


മലനാടിനേയും ഇടനാടിനേയും ബന്ധിപ്പിക്കുന്ന നഗരം എന്നനിലയിൽ ഇതിനു ഈ റൂട്ടിൽ പ്രത്യേക പ്രാധാന്യവും ഉണ്ട്. കയറ്റം കയറാൻ തയ്യാറെടുക്കുന്ന ബസുകളും, ഇറക്കം ഇറങ്ങി നാട്ടിലേക്ക് വരുന്ന ബസുകളും ഇവിടുത്തെ ബസ് സ്റ്റാന്റിൽ പത്തുപതിനഞ്ച് മിനിറ്റ് വിശ്രമിച്ച് യാത്രക്കാർക്ക് ലഘുഭക്ഷണവും ചായയും ഒക്കെ കഴിക്കുവാനുള്ള സൌകര്യം ചെയ്യാറുണ്ട്. അതോടോപ്പം ബസ്സ്റ്റാന്റിലെ വിൽ‌പ്പനക്കാരും തകൃതിയായി രംഗത്തുണ്ടാവും. നാരങ്ങ വെള്ളം മുതൽ, കപ്പലണ്ടി, കടല, പഴങ്ങൾ, യൂക്കാലി, മരുന്നുകൾ, പുസ്തകങ്ങൾ വരെ ഇക്കൂട്ടർ ബസിനുള്ളിൽ എത്തിക്കും. ബസ് സ്റ്റാന്റിനോട് ചേർന്നു തന്നെ പതിറ്റാണ്ടുകളായി വാവലുകളുടെ ആസ്ഥാനമായ മൂന്നു വയസ്സൻ മരങ്ങളും കാണാം. അവയിൽ നിറയെ തലകീഴായി കിടക്കുന്ന വാ‍വലുകളും എനിക്ക് ഓർമ്മവച്ച നാൾ മുതലുള്ള കാഴ്ചകളാണ്.


മുണ്ടക്കയം ടൌൺ പിന്നിട്ട് ഞങ്ങൾ മുന്നോട്ട് നീങ്ങി. സഹ്യനിലേക്ക് കയറാനുള്ള ആദ്യമലയുടെ ചുവട്ടിൽ റോഡ് എത്തിയിരിക്കുന്നു. ഇവിടം മുതൽ, കുട്ടിക്കാനം എന്ന ഹിൽ‌സ്റ്റേഷൻ വരെ ഇരുപത്തിയാറു കിലോമീറ്റർ നീളുന്ന ഒരു കയറ്റമാണ്. ഒറ്റയടിക്ക് കയറാനുള്ള കയറ്റമല്ല. പല മലമടക്കുകളെ ചുറ്റി അവയുടെ വശങ്ങളിലൂടെ ഒരു സ്പ്രിംഗിന്റെ ആകൃതിയിൽ കയറിക്കയറിപ്പോകുന്ന ഒരു നീണ്ട റോഡ്. ഇങ്ങനെ കയറിപ്പോകുന്നകൂട്ടത്തിൽ ആദ്യം ഇടതുവശത്തു കൊക്കയും വലതുവശത്ത് കുത്തനെയുള്ള മലയും ആണെങ്കിൽ, അടുത്ത മലയിൽ എത്തുമ്പോൾ ഇത് വശംതിരിയും. റോഡ് നന്നായി ടാർ ചെയ്തിരിക്കുന്നു. വളവുകളും തിരിവുകളും അറിയിക്കുന്ന ബോർഡുകളും, അപകട മേഖലകളെപ്പറ്റി മുന്നറിയിപ്പു തരുന്ന ബോർഡുകളും റോഡിൽ ഉടനീളം ഉണ്ട്.

മലകയറ്റം ആരംഭിച്ച് അൽ‌പ്പം കഴിയുന്നതോടെ കാലാവസ്ഥയിൽ വരുന്ന വ്യതിയാനം നമുക്ക് അനുഭവിച്ച് അറിയാവുന്നതാണ്. താഴ്വാരങ്ങളിലെ ഉഷ്ണം നിറഞ്ഞ കാറ്റിൽ നിന്നും മേഘങ്ങളുടെ നിരപ്പിലേക്ക് സാവധാനത്തിൽ ഉയർന്നുയർന്നു പോകുന്ന ഈ യാത്ര വളരെ രസകരമാണ്. അതിന്റെ കൂടുതൽ ചിത്രങ്ങളും വിവരണങ്ങളും അടുത്ത പോസ്റ്റിൽ.

32 comments:

അപ്പു ആദ്യാക്ഷരി July 23, 2008 at 10:14 AM  

സഹ്യനിലൂടെ - ഒരു യാത്രാവിവരണം

Sharu (Ansha Muneer) July 23, 2008 at 10:23 AM  

ഈ യാത്രാവിവരണത്തിന് എന്താ ഒരു കുഴപ്പം? നല്ല ചിത്രങ്ങളും. ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു :)

Manoj | മനോജ്‌ July 23, 2008 at 10:27 AM  

നന്നായിട്ടുണ്ട് :)

ശ്രീ July 23, 2008 at 10:31 AM  

അപ്പുവേട്ടാ...

കിടിലന്‍ യാത്രാവിവരണം. നല്ല മനോഹരമായ ചിത്രങ്ങള്‍... എനിയ്ക്കും വളരെ ഇഷ്ടമാണ് ഇടുക്കി ജില്ലയിലൂടെയുള്ള യാത്രകള്‍. ആ വഴിയ്ക്കൊക്കെ ഒന്നു കൂടി പോകാന്‍ തോന്നുന്നു.

എന്തായാലും യാത്ര അടിപൊളി ആയല്ലേ?

പോസ്റ്റിന്റെ തുടക്കത്തില്‍ (നിരക്ഷരന്‍ ചേട്ടനേയും കൊച്ചു ത്രേസ്യയേയും കളിയാക്കാനായി) എന്റെ പേരു ചേര്‍ത്തതില്‍ മാത്രം ഞാന്‍ പ്രതിഷേധിയ്ക്കുന്നു.

സുല്‍ |Sul July 23, 2008 at 11:02 AM  

അപ്പുവേ നന്നായിരിക്കുന്നു. ഇനിയും പോരട്ടെ.
-സുല്‍

മറ്റൊരാള്‍ | GG July 23, 2008 at 11:07 AM  

‘ഇഡലി മറന്നാലും ക്യാമറ മറക്കല്ലേ’ എന്ന് ദീപ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു ‌‌(അല്പം കളിയാക്കൽ ആ ആധിക്കുപിന്നിൽ ഉണ്ടായിരുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല!)

ഹാവൂ! ഒടുവില്‍ സഹധര്‍മ്മണിയും ‘ഫോട്ടോമാനിയ‘ തിരിച്ചറിഞ്ഞിരിക്കുന്നു.

ശാലിനി July 23, 2008 at 12:20 PM  

Appu, please continue.. I am also travelling with you thru this post.

Good photos and narations!

ഷിജു July 23, 2008 at 12:44 PM  

മഴയത്തൂടെ ഉള്ള ഈ യാത്ര ഒരിക്കൽ കൂടി ഓറ്മ്മയിൽ ജീവനുള്ളതാക്കി തന്നതിനു വളരെ നന്ദി..........
അനുജൻ ഷിജു....

ശെഫി July 23, 2008 at 1:26 PM  

നല്ല ചിത്രങൾ

Rasheed Chalil July 23, 2008 at 1:27 PM  

ശ്രീസോബിൻ, കൊച്ചുത്രേസ്യ, നിരക്ഷരൻ... ഇത് നാലമത്തെ പുലി. :)

ബയാന്‍ July 23, 2008 at 1:59 PM  

യൂറോപ്പില്‍ എത്തിയ ഒരു പ്രതീതി, ...:) അപ്പൂ...

ഉഷശ്രീ (കിലുക്കാംപെട്ടി) July 23, 2008 at 4:11 PM  

ശ്ശെ! നല്ല രസമായിട്ടു വായിച്ചു വരുകയായിരുന്നു.50ഡിഗ്രി ചൂടില്‍ ഇരുന്നു ഇതു വായിക്കയും കാണുകയും ഒക്കെ ചെയ്തു തണുത്തു കുളിര്‍ത്തു .
നല്ല അവതരണം അപ്പുവേ, വേഗം ബാക്കി പോരട്ടെ

ആവനാഴി July 23, 2008 at 4:12 PM  

അപ്പൂ,
യാത്രാവിവരണം വായിച്ചു. നന്നായിരിക്കുന്നു.

ഓരു വലിയ മരം ഒഴുകി വന്നു ഇടിച്ചതുകൊണ്ടാണു പാലം പൊളിഞ്ഞത് എന്നതു ഇപ്പോഴാണു അറിഞ്ഞത്. പ്രസന്നയുടെ വീട് റാന്നിക്കടുത്താണു. ഞാന്‍ കഴിഞ്ഞ ഡിസംബറില്‍ അവിടെ പോയപ്പോള്‍ റാന്നിയിലും പോയിരുന്നു. അന്നു ആ പഴയ പൊളിഞ്ഞ പാലം കാണുകയും ചെയ്തു.

കട്ടപ്പനയിലും ഞങ്ങള്‍ പോവുകയുണ്ടായി. മൂത്ത പെങ്ങളുടെ മകന്‍ കല്യാണം കഴിച്ചത് കട്ടപ്പനക്കടുത്തുള്ള കാഞ്ചിയാറീല്‍ നിന്നാണ്.

അപ്പു പറഞ്ഞതു പോലെ സുഖകരമായ കാലാവസ്ഥയാണവിടെ.മനോഹരമായ വനപ്രദേശങ്ങള്‍.

അടുത്തതിനു വേണ്ടി കാത്തിരിക്കുന്നു.

സസ്നേഹം
ആവനാഴി.

Kaithamullu July 23, 2008 at 4:18 PM  

നല്ല ചിത്രങ്ങള്‍,
രസകരമായ വിവരണം.
-ശങ്കയെന്തിന്?
ബാക്കി കൂടെ പോന്നോട്ടെ!

കുറ്റ്യാടിക്കാരന്‍|Suhair July 23, 2008 at 4:33 PM  

നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന യാത്രാവിവരണം...

ശ്രീലാല്‍ July 23, 2008 at 5:37 PM  

ഒരു സുഖമുണ്ട് യാത്രായുടെ വിശേഷങ്ങള്‍ ഇങ്ങനെ വായിച്ചിരിക്കാന്‍.. ചിത്രങ്ങളൊക്കെ കണ്ട് ഒപ്പം കൂടാന്‍. അടുത്ത ലക്കം പോരട്ടെ..

ങാ..ക്യാമറയെങ്ങാന്‍ മറന്നാല്‍ കാ‍ണായിരുന്നു...

ദിലീപ് വിശ്വനാഥ് July 23, 2008 at 7:57 PM  

ഒരു നല്ല യാത്ര ചെയ്തു വന്ന സുഖമുണ്ട് ഇതൊന്നു വായിച്ചു തീര്‍ന്നപ്പോള്‍.

Ranjith chemmad / ചെമ്മാടൻ July 23, 2008 at 8:07 PM  

ഇടുക്കി ജില്ലയിലൂടെയുള്ള യാത്രകള്‍!!!!!!!
യാത്രാവിവരണം വായിച്ചു.
നന്നായിരിക്കുന്നു.

കൊച്ചുത്രേസ്യ July 23, 2008 at 8:23 PM  

ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാനായിട്ട്‌..... ആ അവസാനത്തെ ഫോട്ടോ കണ്ടിട്ട്‌ അണ്‍സഹിക്കബിള്‍ അസൂയ..

പൈങ്ങോടന്‍ July 23, 2008 at 10:43 PM  

നല്ല വിവരണവും ചിത്രങ്ങളും

Unknown July 24, 2008 at 12:52 AM  

ഞാന്‍ കുട്ടിക്കാനത്ത് നാട്ടിലുള്ളപ്പോള്‍ മിക്കവാറും വരാറുണ്ട്.കുമളി കുട്ടിക്കാനം റൂട്ടിലെ യാത്ര എന്താ രസം
എന്തായാലും അപ്പുവേട്ടാ
യാത്ര വിവരണം വായിച്ചിട്ട്
ഉടനെ നാട്ടില്‍ പോകാന്‍ തോന്നുന്നു.

ഹരിയണ്ണന്‍@Hariyannan July 24, 2008 at 3:56 AM  

അപ്പൂ..

അങ്ങനെ നാടൊക്കെ എനിക്ക് ഓസിനൊന്ന് കാണാന്‍ പറ്റി!
നന്ദി! നല്ല വിവരണം!
ഫോട്ടോയുടെ കാര്യം പറയണ്ട!
(എന്ത് ഫോട്ടോ ഇല്ലേ?-മിമിക്രിക്കാരന്‍!)

ഓ.ടോ.
ആ മനൂനെ നീ ഇതില്‍ ഏതുകാട്ടിലാ കൊണ്ടുക്കളഞ്ഞത്?! ങേ??! :)

siva // ശിവ July 24, 2008 at 9:26 PM  

ഞാന്‍ ഇന്നാ ഇതു കാണുന്നതെ...സോറി...

നല്ല ചിത്രവും വിവരണവും...നന്ദി...ഒരു യാത്ര ചെയ്തതു പോലെ...

സസ്നേഹം,

ശിവ.

sv July 29, 2008 at 8:27 PM  

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു..


( ഞാനും ഒരു റാന്നിക്കാരനാണു കേട്ടോ..)

അപ്പു ആദ്യാക്ഷരി August 2, 2008 at 6:45 PM  

ഈ പോസ്റ്റിന്റെ രണ്ടാം ഭാഗം ഇവിടെ

ശ്രീ ഇടശ്ശേരി. September 9, 2008 at 1:59 AM  

അപ്പൂ,
ഹൊ..എന്തൊരു ഭംഗിയാ നമ്മുടെ നാടിനു!!!..യാത്രാ വിവരണം നന്നായീട്ടുണ്ട്.
:)

നിരക്ഷരൻ September 15, 2008 at 2:33 PM  

അപ്പു മാഷേ.....

ഞാനിത് കാണാന്‍ വൈകിപ്പോയി. എങ്കില്‍പ്പിന്നെ ഒന്നേന്ന് വായിക്കാമെന്ന് വിചാരിച്ചു. വായിച്ചു.

ഇനി അഭിപ്രായങ്ങള്‍ പറയട്ടേ ?

1.ആ മുഖവുരയും മുന്‍‌കൂര്‍ ജാമ്യവും ഒന്നും ആവശ്യമില്ലായിരുന്നു. ആദ്യത്തെ രണ്ട് പാരഗ്രാഫില്ലാതെയും ഈ വിവരണത്തിന്റെ ആസ്വാദ്യതയ്ക്ക് ഒരു കുറവും തോന്നുന്നില്ല.

2.ടൂറിസ്റ്റ് കേന്ദ്രത്തിലേക്കൊന്നുമല്ലെങ്കിലും, ബന്ധുക്കളുടെ വീട്ടിലേക്കുള്ള യാത്രയും ഒരു യാത്രതന്നെയാണ്. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുമ്പോഴും നാം കടന്നുപോകുന്നത് ഈ വഴികളിലൂടെത്തയാണ്. അതുകൊണ്ട് നാടും നാട്ടുവഴികളുമൊക്കെ കാട്ടിത്തന്നുകൊണ്ടുള്ള ഈ യാത്ര ഒന്നൊന്നര യാത്ര തന്നെ. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ ഇങ്ങനെ കാടും മേടും കാട്ടാറുമൊക്കെ കണ്ട് നടക്കുന്നതിന്റെ ഒരു സുഖം ഈ വിവരണം തരുന്നുണ്ട്.

3.പിന്നെ ഞാനീ അടുത്ത് പഠിച്ച ഒരു യാത്രാവിവരണപാഠം പങ്കുവെയ്ക്കട്ടെ. അതെത്ര ശരിയാണെന്ന് എനിക്കറിയില്ല. പക്ഷെ ഞാനത് വിലമതിക്കുന്നു. ഫോട്ടോകള്‍ ഇട്ടിട്ട് വിവരിക്കുന്ന സമയത്ത് അത് പൂര്‍ണ്ണമായും ഫോട്ടോയെ അശ്രയിച്ച് നില്‍ക്കരുത്. പോസ്റ്റില്‍ നിന്ന് പെട്ടെന്ന് ഫോട്ടോകള്‍ എടുത്ത് മാറ്റിയാലും അത് പോസ്റ്റിനെ ബാധിക്കാത്ത തരത്തിലായിരിക്കണം വിവരണം. അത്യാവശ്യം വരികളിലൂടെയും കാര്യങ്ങള്‍ പറഞ്ഞിരിക്കണം എന്ന് ചുരുക്കം. വരികള്‍ വായിച്ച് കഴിഞ്ഞ ഒരാള്‍ക്ക് പടം കൂടെ കണ്ട് കഴിയുമ്പോള്‍ എല്ലാം കൂടുതല്‍ വ്യക്തമാകുന്ന തരത്തില്‍ ആയിരിക്കണം പറഞ്ഞ് പോകേണ്ടത് എന്ന് ഭാഷ്യം. ഇതൊന്നും ഞാന്‍ പറയുന്നതല്ല കേട്ടോ. യാത്രാവിവരണപോസ്റ്റുകള്‍ ഇടാന്‍ തുടങ്ങിയതിന് ശേഷം, എനിക്ക് കിട്ടിയ/ഞാന്‍ പഠിച്ച പാഠങ്ങളാണ്.

പിന്നെയും എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു,പക്ഷെ മറന്നു. അടുത്ത പോസ്റ്റ്ലേക്ക് പോകുന്നു. അവിടെ വെച്ച് ഓര്‍മ്മവന്നാല്‍ അവിടെ പറയാം. എന്തായാലും ഈ വഴികള്‍ കാണിച്ച് തന്നതിന് സഹ്യന്റെ മടിയിലൂടെ കൊണ്ടുപോയതിന്/കൊണ്ടുപോകുന്നതിന് പെരുത്ത് നന്ദി. എനിക്കും പോകണം ഈ വഴിയൊക്കെ. പോകും ഞാന്‍...ഈ പ്രവാസം ഒന്ന് അവസാനിച്ചോട്ടേ...

പിന്നൊരു കാര്യം...മുകളില്‍ രണ്ട് പുലികളുടെ കൂട്ടത്തില്‍ എന്റെ പേര് കൂടെ എഴുതിവെച്ചിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ഞാനെന്നും എലി. എലിമാത്രമായിരിക്കാന്‍ ആഗ്രഹിക്കുന്നവന്‍.....:)

-നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പോഴും)

അപ്പു ആദ്യാക്ഷരി September 15, 2008 at 2:47 PM  

തലനിറയെ അക്ഷരമുള്ള നിരക്ഷരാ.... ഈ കമന്റിനു നന്ദി. ഈ പാഠങ്ങള്‍ അടുത്തപോസ്റ്റില്‍ തന്നെ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ... :-) നന്ദി.

ALEX July 8, 2009 at 4:08 PM  

hai I am Alex.
sorry to say that i don't know how to type in malayalam. I read this Travelogue. i like it very much.
i want say all of you that i would like to travel through out south kerala.is any one like to join with me, please contact me.

ALEX PAUL THARAPPEL
09496345028
alexpaultharappel@gmail.com

VeeKay September 6, 2011 at 11:17 PM  

വളരെ നന്നായിരിക്കുന്നു. പാഞ്ചാലി മേട് ഒന്ന് കാണണം അടുത്ത പ്രാവശ്യം..

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP