ഹർത്താലയത്തിലൊരു ഹർത്താഘോഷം

>> Thursday, July 3, 2008

രണ്ടുദിവസം മുമ്പ് വൈകുന്നേരം ടി.വി കണ്ടുകൊണ്ടിരുന്ന കുട്ടികളുടെ ആഹ്ലാദാരവങ്ങൾ കേട്ടുകൊണ്ടാണ് ഞാൻ ഹാളിലേക്ക് ചെന്നത്. ടി.വി യിൽ ഫ്ലാഷ് ന്യൂസ് - മറ്റന്നാൾ ഹർത്താൽ ! എന്തൊരുസന്തോഷം, നിനച്ചിരിക്കാതെ ഒരു അവധി. ക്ലാസില്ല, നോട്ടുകൾ എഴുതേണ്ട, ടീച്ചറുടെ കണ്ണുരുട്ടൽ കാണേണ്ട. ആകെ സന്തോഷം.വി.എച്.പി. ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോടനുബന്ധിച്ചുള്ള ഹർത്താലാഘോഷത്തിനായി കേരളജനത തയ്യാറെടുക്കുകയാണ്.

കുറേ നാളുകൾക്കു ശേഷമാണ് കേരളത്തിന്റെ ഈ ദേശീയോത്സവത്തിൽ പങ്കെടുക്കുവാൻ ഒരു അവസരം കൈവന്നത്. അതും, മഴ അശേഷമില്ലാത്ത ഒരു ഇടവപ്പാതിക്കാലത്ത്. ഇതിനായി ആളുകൾ തയ്യാറെടുക്കുന്നതു കാണുവാനായി ഇന്നലെ ഉച്ചതിരിഞ്ഞ് വെറുതേ ടൌണിലൊക്കെ ഒന്നു കറങ്ങി. എല്ലായിടത്തും ആളുകൾ ഹർത്താലിനായി തയ്യാറെടുക്കുന്നു, വരാമാകുന്ന ബുദ്ധിമുട്ടുകളൊക്കെ പരമാവധി ഒഴിവാക്കി എങ്ങനെ ഈ ദിനം ആഘോഷിക്കാം എന്ന് ജനങ്ങൾ അനുഭവങ്ങളിലൂടെ മനസ്സിലാക്കിയിരിക്കുന്നു.


പലചരക്കു കടകളിലും, പച്ചക്കറി മാർക്കറ്റിലും പതിവിലും അധികം തിരക്കുതന്നെ. മത്സ്യത്തിനും, മാംസത്തിനും അല്പം വിലയും കൂടുതലായിരുന്നു. അതിൽ കുറ്റം പറയാനൊക്കുമോ, ഡിമാന്റനുസരിച്ച് വിലയിലും മാറ്റങ്ങൾ വരും. മിക്ക കോഴിവിൽ‌പ്പനശാലകളിലും ഉച്ചയോടെതന്നെ ബ്രോയിലർ കോഴികൾ സോൾഡ് ഔട്ട് - കിലോയ്ക്ക് 60 രൂപ. മിനിഞ്ഞാന്നു വരെ 55 ആയിരുന്നത്രേ. നാടൻ കോഴി വേണമെങ്കിൽ തരാമെന്നും കിലോയ്ക്ക് 95 രൂപ വേണം എന്നും കച്ചവടക്കാരൻ ആവശ്യപ്പെട്ടപ്പോൾ കൊടുക്കാതിരിക്കാൻ ആവില്ലായിരുന്നു.


മീൻ ചന്തയിലും ഇതേ തിരക്കുതന്നെ. ചെറുതായാലും വലുതായാലും മീനിനു ക്ഷാമം. നല്ല വിലയും. ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലറ്റുകളിൽ ഓണത്തേയും, ക്രിസ്തുമസിനേയും, ന്യൂ ഇയറിനേയും വെല്ലുന്ന ക്യൂവും തിരക്കും. സിനിമകളുടെ സി.ഡി കൾ വാടകയ്ക്കു കിട്ടുന്ന കടകളിലും തിരക്കായിരുന്നു - അതും ഏറ്റവും പുതിയ സിനിമകളുടെ പൈറേറ്റഡ് സി.ഡി കൾക്കായി. ടി.വി. ചാനലുകൾ ഹർത്താൽ ദിനപരിപാടികൾ പ്രത്യേകമായി അവതരിപ്പിച്ചിരുന്നെങ്കിൽ ജനങ്ങളുടെ ഈ ബുദ്ധിമുട്ട് ഒഴിവായേനെ.


ഇന്നു പകൽ സമയത്ത് പോകേണ്ട ട്രെയിനുകളിൽ യാത്രചെയ്യേണ്ട യാത്രക്കാരെല്ലാവരും പുലർച്ചയ്ക്കുമുമ്പുതന്നെ റെയിൽ‌വേ സ്റ്റേഷനുകളിൽ ഹാജർ. അവധിക്കാലത്തെ ഓരോ മണിക്കൂറുകളും വിലപ്പെട്ടതെന്ന് എണ്ണി ഭാര്യയേയും കുട്ടികളേയും കാണാനെത്തിയ ഗൾഫുകാരനും നിനച്ചിരിക്കാതെ എത്തിയ ഹർത്താലിനെ ശപിച്ചുകൊണ്ട് നേരത്തെ യാത്രയായി. കാലം മാറുന്നതിനനുസരിച്ച് പായയും തലയിണയും വിൽക്കുന്ന കച്ചവടക്കാരും, ഉത്സവസ്ഥലങ്ങളിലെപ്പോലെ താൽക്കാലിക ലഘുഭക്ഷണശാലകളും, മൊബൈൽ കക്കുസുകളും, മൊബൈൽ ബെഡ്‌റൂമുകളും റെയിൽ‌വേ സ്റ്റേഷനുകളിലും എയർപോർട്ടിന്റെ പരിസരങ്ങളിലും ഹർത്താൽ ദിനങ്ങളിൽ ആരംഭിക്കുന്നതിനെപ്പറ്റി ബിസിനസിൽ താല്പര്യമുള്ളവർക്ക് ആലോചിക്കാവുന്നതാണ് എന്നു തോന്നുന്നു.


അനുജന്റെ വിവാഹം കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. വധൂഗൃഹത്തിൽനിന്നും നവദമ്പതികളെ നാലാം ദിവസം വരന്റെ വീട്ടിലേക്ക് കൊണ്ടുവന്നാക്കുക എന്നൊരു ചടങ്ങ് ഞങ്ങളുടെ നാട്ടിൽ ഉണ്ട്. കാലം മാറുന്നതിനനുസരിച്ച് കോലവും മാറണമല്ലോ. നാലാം ദിവസമായ ഇന്ന് ഹർത്താലായതിനാൽ അവർ ഇന്നലെ വൈകിട്ടേ ഇങ്ങുപോന്നു - ആരും കൊണ്ടാക്കാതെതന്നെ. ഹർത്താൽ മൂലം ഇങ്ങനെ പുരോഗമനാശങ്ങളും നാട്ടിൽ പ്രാവർത്തികമാകുന്നത് നല്ലകാര്യം തന്നെ.


ജൂലൈ 3, വ്യാഴാഴ്ച:

ഹർത്താൽ ദിനം വന്നെത്തിയിരിക്കുന്നു. നാട്ടിലെല്ലാം ഒരു ആലസ്യം. ഇന്നലെ രാത്രി വളരെ വൈകിയാണ് എല്ലാവരും ഉറക്കമായത്, അതിനാൽ ഇന്ന് വൈകിയാണ് ഉറക്കമുണർന്നതും. റോഡുകളൊക്കെ ശൂന്യം. പത്രക്കാരൻ പതിവുപോലെ വന്നു - ഭാഗ്യം. ഹർത്താൽ പ്രമാണിച്ച് ജനങ്ങൾക്ക് പോലീസ് എല്ലാവിധ സംരക്ഷണവും നൽകുമെന്ന് ഡി.ജി.പി പറഞ്ഞിരിക്കുന്നു. 100 എന്ന പോലീസ് സ്റ്റേഷൻ നമ്പറിനോടൊപ്പം ഡി.ജി.പി യുടെ മൊബൈൽ നമ്പറും പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്, സഹായമാവശ്യമുള്ളവർക്ക് വിളിക്കുവാനായി.


വിവാഹ പാർട്ടികളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പോലിസ് അകമ്പടി അവിടെയും കണ്ടു. താമസിയാതെ അലങ്കരിച്ച പോലീസ് ജീപ്പിൽ വധൂവരന്മാർ വിഹാഹവേദിയിലേക്ക് യാത്രചെയ്യുന്നതും കണ്ടുവെന്നു വരാം. ജില്ലതിരിച്ചുള്ള ഹർത്താലുകൾക്കാണ് ഇപ്പോൾ ഡിമാന്റത്രേ. കൊടുങ്ങല്ലൂരിൽ ഇന്ന് ഡബിൾ ഹർത്താൽ എന്ന പ്രത്യേകതയും ഉണ്ട്. കേരളത്തിലെ ഒരു താലൂക്കിലെങ്കിലും ഹർത്താലില്ലാത്ത ഒരു ആഴ്ച ഇല്ല എന്ന നിലതന്നെയാണിപ്പോൾ.

കേരളത്തിനു പുറത്ത് ജോലിചെയ്യുന്ന നമുക്കൊക്കെ ഈ ഹർത്താൽ ഒരു ശല്യവും, ദേശീയ നഷ്ടവും ആയി തോന്നാമെങ്കിലും ഇവിടെ താമസിക്കുന്നവർക്ക് ഇത് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്ന് എനിക്ക് ഇപ്പോൾ മനസ്സിലാകുന്നു. ഈ രിതി ഇനി ഒരിക്കലും മാറുവാൻ സാധ്യതയും കാണുന്നില്ല. അല്ലെങ്കിലും ചുളുവിൽ കിട്ടുന്ന ഒരു അവധിയും ആഘോഷവുമായി കേരള ജനത ഇതിനെ സ്വീകരിക്കുന്നിടത്തോളം കാലം ഏതു പാർട്ടിയും സംഘടനയും അഹ്വാനം ചെയ്യുന്ന ഹർത്താലും “പൂർണ്ണ വിജയമായി” ജനങ്ങൾ മാറ്റിക്കൊള്ളും.

17 comments:

അപ്പു ആദ്യാക്ഷരി July 3, 2008 at 11:50 AM  

കുറേനാളിനു ശേഷം അവധിക്ക് നാട്ടിലെത്തിയപ്പോൾ ഹർത്താലോഘോഷത്തിൽ പങ്കെടുക്കാൻ അവസരം കിട്ടി.

ശ്രീ July 3, 2008 at 12:06 PM  

എന്തായാലും അവധിയ്ക്ക് നാട്ടിലെത്തിയിട്ട് നമ്മുടെ നാടിന്റെ സ്വന്തം ദേശീയോത്സവങ്ങളിലൊന്നും പങ്കെടുക്കാനായില്ല എന്ന വിഷമം ഉണ്ടാകരുതല്ലോ.

എന്റെ വക “ഹര്‍ത്താലാശംസകള്‍”

:)

Shaf July 3, 2008 at 12:25 PM  

കുറിപ്പെന്തായാലും നന്നായി..
ഒരു മാസത്തെ അവധിക്കെത്തിയാല്‍ ഒരു മൂന്ന് ഹര്‍ത്താലെങ്കിലും പ്രതീക്ഷിക്കാം അല്ലെ...?
പിന്നെ അപ്പുവേട്ടന്റെ ലിങ്ക് കണ്ടപ്പോള്‍ ഹര്‍ത്താല്‍ പടമാകുമെന്നാ ആദ്യം കരുതിയത്..പ്രതീക്ഷ വിട്ടിട്ടില്ല..
കാമറ കയ്യിലുണ്ടല്ലോ അല്ലെ....?:)

സുല്‍ |Sul July 3, 2008 at 12:37 PM  

ഹര്‍ത്താലാഘോഷം ആര്‍മ്മാദിച്ചു തീര്‍ക്കുന്ന അപ്പുവിനും കുടുംബത്തിനും ആശംസകള്‍!!! :)

-സുല്‍

തമനു July 3, 2008 at 12:52 PM  

ഏതോ ഒരു സിനിമേല്‍ മുകേഷ് പറേന്ന പോലെ ..

“സന്തോഷിച്ചാട്ട് സന്തോഷിച്ചാട്ട്”

:)

ആഷ | Asha July 3, 2008 at 2:26 PM  

ഹ ഹ
ഹാപ്പി ഹര്‍ത്താല്‍ റ്റു യു അന്റ് ഫാമിലി അപ്പൂ.

വി. കെ ആദര്‍ശ് July 3, 2008 at 9:32 PM  

ടി വി ചാനല്‍ ഒക്കെ ഇനി ചില ഹര്‍ത്താല്‍ ദിന പരിപാടികളും കൊണ്ട് വന്നെക്കാം. കൂടുതല്‍ കാഴ്ചക്കാര്‍ ഉറപ്പല്ലേ, ഒണത്തിനു പോലും കുറെ പേര്‍ നഗരം കാണാനിറങ്ങും ഇവിടെ അതിനും സ്കോപ്പില്ലല്ലൊ. അപ്പൊള്‍ റ്റി വി യില്‍ പരസ്യം കോടുത്താല്‍ എല്ലാ മലയാളികളും കാണും. പിന്നെ വരുമാനം കൂടാനായി ചാനലുകളും ഹര്‍ത്താല്‍ വരാന്‍ പ്രാര്‍ത്ഥിക്കും, വാര്‍ത്താ ചാനലുകള്‍ എരി തീയില്‍ എണ്ണ കോരിയോഴിക്കും. ഒരു ഹര്‍ത്താലിന്റെ നേട്ടം നോക്കണെ.

അഞ്ചല്‍ക്കാരന്‍ July 4, 2008 at 3:48 AM  

ഒരായിരം ഹര്‍ത്താല്‍ ദിനാശംസകള്‍..

siva // ശിവ July 4, 2008 at 6:37 AM  

ഹര്‍ത്താല്‍ ആശംസകള്‍...വല്ലപ്പോഴുമൊക്കെ ഒരു ഹര്‍ത്താല്‍ വേണം...ആഘോഷിക്കാന്‍...

സസ്നേഹം,

ശിവ

ശ്രീലാല്‍ July 4, 2008 at 2:30 PM  

അപ്പൂസേ....ഹര്‍ത്താലയം കലക്കി.. :)

ഈ ഹര്‍ത്താലിന്റെ ദിവസം ചിലര്‍ ഓഫീസില്‍ പോകാന്‍ ആവേശം കാണിക്കും - ഇതിനെ ഹര്‍ത്താവേശം എന്ന് വിളിക്കും. എന്നിട്ട് ഓഫീസില്‍ പോകുന്ന വഴി ഹര്‍ത്താലനുകൂലികളുടെ ഏറ് കിട്ടും. അപ്പോള്‍ ഉയരുന്ന ആര്‍ത്തനാദമാണ് ഹാര്‍ത്തനാദം. ഏറ് കൊണ്ട് തലയില്‍നിന്ന് ചോര വന്നാല്‍ ഒരു തരം മോഹാലസ്യം വരും അതിനെ ഹര്‍ത്താലസ്യം എന്ന് വിളിക്കും. തിരിച്ച് വീട്ടിലെത്തിയാല്‍ പിന്നെ ഹര്‍ത്താലിന്റെ അന്ന് ഒന്നും കിട്ടാത്തതിനെപ്പറ്റി പ്രാരാബ്ധം പറയുന്നതിനെ ഹര്‍ത്താബ്ധം എന്നും പറയാം.

അങ്ങനെ ഓര്‍ത്തുവെക്കാന്‍ ഒരുപാട് നല്ല നിമിഷങ്ങളുമായി ഒരു ഹര്‍ത്താല്‍ ദിനം കൂടി വിടവാങ്ങി. വൈകിയാണെങ്കിലും ഈ ഹര്‍ത്താലിന്റെ മണവും മധുരും ഓര്‍മ്മകളില്‍ എന്നും നില്‍ക്കട്ടെ എന്ന് ആശസിക്കുന്നു.

അപ്പുവേട്ടനും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഹര്‍ത്താലാശംസകള്‍ !!

“വര്‍ഷമിനിയും വരും,ഓണം വരും വിഷുവരും
ഹര്‍ത്താലെന്നും വരും അപ്പൊഴാരെന്തുമെന്തെന്നുമാര്‍ക്കറിയാം
പക്ഷേ ഒന്നറിയാം, അന്നും പാലും പത്രവുമാശുപത്രിയും ഒഴിവുണ്ടാവില്ലയെന്ന്..”

കുറ്റ്യാടിക്കാരന്‍|Suhair July 4, 2008 at 6:11 PM  

ക്ലീഷെ’ എന്ന് പറഞ്ഞുകളയരുത് പ്ലീസ്...

പ്രവാസി ഏറ്റവുമധികം മിസ്സ് ചെയ്യുന്നത് ഇത് തന്നെ, ഹര്‍ത്താല്‍...

ഗള്‍ഫില്‍ നിന്ന് തിരിച്ച് കോഴിക്കോട് ആദ്യമായി വിമാനമിറങ്ങിയപ്പോള്‍, ഹൌ, എന്തൊരു സന്തോഷം, ഒരു ഹര്‍ത്താല്‍ ഉണ്ടായിരുന്നു. വീട്ടിലേക്ക് കുറച്ചു ദൂരം പോലീസ് അകമ്പടിയോടെ പോകാനുള്ള ഭാഗ്യമുണ്ടായി.

അടുത്ത വെക്കേഷന്‍ 15 ദിവസം മാത്രമായിട്ടും ഒരു ഹര്‍ത്താല്‍ കിട്ടി.

ഇനിയത്തെ പ്രാവശ്യവും ഇതുപോലെ ഹര്‍ത്താല്‍ കിട്ടണേ എന്ന പ്രാര്‍ത്ഥന മാത്രം

Unknown July 4, 2008 at 7:46 PM  

എത്ര നാളായി ഒരു ഹര്‍ത്താലു കണ്ടിട്ട്.നാട്ടിലാണെല്‍ പണിയില്ലാതെ രണ്ടിസം
വീട്ടില്‍ ഇരിക്കാമായിരുന്നു.
ഈ ദുബായില്‍ ഒരു ഹര്‍ത്താലു പോലുമില്ല.
ഒരു കണ്ണൂരുകാരന്‍ പറഞ്ഞതു പോലെ
പണ്ടൊക്കെ ഹര്‍ത്താല്‍ എന്നു കേള്‍ക്കുമ്പോള്‍
വെറുപ്പായിരുന്നു.ഇപ്പോ അത് ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.

മഴത്തുള്ളി July 4, 2008 at 9:56 PM  

അപ്പുമാഷേ, എന്റെ വകയും ഒരു ഹര്‍ത്താലാശംസ ഇരിക്കട്ടെ. മറ്റെവിടെ ഹര്‍ത്താല്‍ വിജയിച്ചില്ലേലും കേരളത്തില്‍ അത് 100% വിജയമായിരിക്കും. എന്തായാലും പെട്ടെന്നുള്ള ഈ ഹര്‍ത്താല്‍ മൂലം പലരും കോട്ടയത്തും കൊച്ചിയിലുമൊക്കെ ദീപികയിലും മനോരമയിലുമെല്ലാം ആണ് കിടക്കുന്നതെന്ന് കേട്ടിട്ടുണ്ട്. (ബസ്സ് സ്റ്റാന്‍ഡില്‍ ഈ പേപ്പറുകള്‍ വിരിച്ച്).

എന്തായാലും നാട്ടിലെത്തിയതല്ലേ, ഈ ആഘോഷങ്ങള്‍ എല്ലാം ആസ്വദിക്കൂ. കുട്ടികള്‍ക്കും ഇതെല്ലാം ഒരു പുതിയ വാര്‍ത്തയായിരിക്കും. എല്ലാം അവര്‍ കണ്ടു പഠിക്കട്ടെ.

മറ്റൊരാള്‍ | GG July 6, 2008 at 1:22 PM  

അനുജനും അനുജത്തിക്കും മംഗളാശംസകള്‍!

മാഹിഷ്മതി September 11, 2008 at 2:31 PM  

ഇപ്പോള്‍ കഴിഞ്ഞ പൊതു പണിമുടക്കിന്റെ ബുദ്ധിമുട്ട് കണ്ട് വല്ലാതെ കരഞ്ഞുപോയി ......കൊറച്ചു കൂടി സീരിയസായി ഒരു ചിന്ത ഈ കാര്യത്തില്‍ എടുക്കേണ്ട സമയം എന്നേ കഴിഞ്ഞു

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP