ഏപ്രില്‍ ഒന്നിലെ പിറന്നാളുകാരന്‍

>> Tuesday, April 1, 2008

ഏപ്രില്‍ 1, 2004.

സൗദി അറേബ്യയിലെ ദമാമില്‍ ജോലിയും താമസവും തുടങ്ങിയിട്ട്‌ പന്ത്രണ്ടാം വര്‍ഷം നടക്കുന്നു. ബാച്ചിയായി താമസിക്കുന്ന കാലത്ത്‌ ഏപ്രില്‍ ഫൂളിന്റെ അന്ന് എന്തെങ്കിലുമൊക്കെ പണികള്‍ സഹമുറിയന്മാര്‍ ഒപ്പിക്കുകയും, പലപ്പോഴും അതിലൊക്കെ പെട്ടുപോവുകയും ചെയ്തിട്ടുണ്ടെങ്കിലും, കല്യാണം കഴിഞ്ഞ്‌ കുടുംബമായി താമസം തുടങ്ങിയതിനു ശേഷം ഇത്തരം ഫൂളാവലുകളോ ഫൂളാക്കലുകളോ ഇല്ലാത്ത ആറാം വര്‍ഷം.

രാവിലെ ഏഴുമണിക്ക്‌ ഓഫീസിലെത്തിയതാണ്‌. ഒന്‍പതുമണിയോളമായപ്പോള്‍ ദീപയുടെ (ഭാര്യ) ഫോണ്‍ വന്നു, നടുവിന്‌ ഒരു വേദനയും എന്തൊക്കെയോ അസ്വസ്തതകളും തുടങ്ങിയിരിക്കുന്നു എന്നതായിരുന്നു സംഭാഷണത്തിന്റെ ചുരുക്കം. എനിക്ക്‌ ഒരല്‍പ്പം ആധി തോന്നി. വെറുതെയല്ല, വിളിച്ചയാള്‍ ഒന്‍പതുമാസം ഗര്‍ഭിണി. രണ്ടാമത്തെ കുട്ടി. ഏപ്രില്‍ അഞ്ചിനാണ്‌ ഡേറ്റ്‌ പറഞ്ഞിരിക്കുന്നത്‌. അല്‍പം നേരത്തേയായിക്കൂടാ എന്നില്ലല്ലോ. സ്വന്തമായി കാര്‍ ഇല്ലാത്തകാലം, കൂടെ ജോലിചെയ്യുന്ന ഒരാളെക്കൂട്ടി ഉടന്‍ വീട്ടിലെത്തി. സംഭവം സത്യം തന്നെ.

******************

ഉണ്ണിമോള്‍ ജനിച്ചത്‌ നാട്ടില്‍വച്ചായിരുന്നു. അന്ന് എട്ടുമാസമായപ്പോഴേ സൗദിയില്‍ ഞങ്ങള്‍ കണ്ടുകൊണ്ടിരുന്ന ഗൈനക്കോളജിസ്റ്റ്‌ ഡോ. ശാന്തിയുടെ "എല്ലാം നോര്‍മല്‍" എന്ന റിപ്പോര്‍ട്ടുമായി ഞങ്ങള്‍ നാട്ടില്‍ പോയി. അവിടെയെത്തി ഡോക്ടര്‍മാരെ കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ "ഫ്ലൂയിഡില്ല..അതില്ല...ഇതില്ല"എന്നൊക്കെയുള്ള പല്ലവികളും സെക്കന്റ്‌ ഒപ്പീനിയന്‍ നോക്കുമ്പോള്‍ എല്ലാം ഓകെ യെന്നും കേട്ട്‌ ആകെ കണ്‍ഫൂഷനായിരിക്കുന്നതിന്റെ അവസാനം ഒരു സിസേറിയനില്‍ത്തന്നെ സംഗതികള്‍ വന്നവസാനിച്ചു. ഓപ്പറേഷനെതുടര്‍ന്ന് ഒരാഴ്ചയോളം ഉള്ള കഠിന വേദനകളും, യാതനകളും, ചാക്കുതുന്നിക്കെട്ടും പോലെയുള്ള നാട്ടിലെ തുന്നിക്കെട്ടും ഒക്കെ ചേര്‍ത്തുവച്ചു നോക്കിയപ്പോഴെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു ഇനി അടുത്ത ഒരു കുട്ടിയുണ്ടായാല്‍, എന്തു വന്നാലും പ്രസവത്തിനായി നാട്ടില്‍ പോവുകയില്ല എന്ന്.

സൗദി അറേബ്യയില്‍ ധാരാളം നല്ല വേള്‍ഡ്‌ ക്ലാസ്‌ ആശുപത്രികള്‍ ഉള്ളപ്പോള്‍ എന്തിനു ഭയപ്പെടണം? അതായിരുന്നു ഞങ്ങളുടെ ചിന്ത. “മറ്റു ഗള്‍ഫ്‌ രാജ്യങ്ങള്‍ പോലെയല്ല സൗദി, പാര്‍ട്ട്‌ ടെം ജോലിക്കാരെയൊന്നും കിട്ടുകയില്ല, നാട്ടില്‍ നിന്ന് ആരെയെങ്കിലും ഒരു സഹായത്തിന്‌ തല്‍ക്കാലം കൊണ്ടുവരാനാണെങ്കിലും വിസിറ്റ്‌ വിസ കിട്ടുകയില്ല, ഒരു എമര്‍ജന്‍സി എന്തെങ്കിലും വന്നാല്‍ എന്തു ചെയ്യും, രണ്ടാമത്തേതും സിസേറിയനാവുമ്പോള്‍ കുഞ്ഞിനേയും അമ്മയേയും നീ തനിയേ നോക്കാനൊക്കുമോ“ എന്നൊക്കെയുള്ള നൂറുകൂട്ടം ചോദ്യങ്ങളും ആവലാധികളും വീട്ടില്‍നിന്നും അമ്മയും പപ്പയും ഉന്നയിച്ചെങ്കിലും ഞങ്ങള്‍ പോവുന്നില്ല എന്ന തീരുമാനത്തില്‍ത്തന്നെ ഉറച്ചുനിന്നു. ഫാമിലി കൂട്ടുകാര്‍ അനവധിയുണ്ട്ങ്കിലും അവരാരും ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ സൌദിയില്‍ നിന്നിട്ടുമില്ല. ഗള്‍ഫിലെ ഒരു ആശുപത്രിയിലാവുമ്പോള്‍ എല്ലാക്കാര്യങ്ങളും ആശുപത്രി സ്റ്റാഫ് തന്നെ നോക്കിക്കൊള്ളും, നാട്ടിലെമാതിരി സംശയങ്ങള്‍ക്കോ ആധികള്‍ക്കോ ആവശ്യവുമില്ല എന്നായിരുന്നു ചിന്ത. മാത്രവുമല്ല, വീണ്ടും ഒരു സിസേറിയന്‍ തന്നെ വേണ്ടിവന്നാലും, ഇവിടുത്തെ രീതികള്‍ വ്യത്യസ്തമായതിനാല്‍ അത്രയും കുറച്ച്‌ അനുഭവിച്ചാല്‍ മതിയല്ലോ എന്ന സമാധാനവും. അങ്ങനെയാണ്‌ ഈ രണ്ടാം പ്രസവം ദമാമില്‍ത്തന്നെ ആയത്‌.

നില്‍ക്കാന്‍ തീരുമാനിച്ചുറച്ചിരുന്ന സ്ഥിതിക്ക്, വരാമാകുന്ന എല്ലാ സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും നേരിടുവാന്‍ മാനസികമായി ഞങ്ങള്‍ തയാറെടുത്തിരുന്നു. ദൈവകൃപയില്‍ ഉറച്ചുവിശ്വസിച്ചുകൊണ്ട് ധൈര്യമാ‍യിത്തന്നെ അവിടെ നിന്ന സന്ദര്‍ഭം.

****************

ദമാംമിലെ പ്രശസ്തമായ ആസ്റ്റൂണ്‍ ഹോസ്പിറ്റലിലായിരുന്നു ഞങ്ങള്‍ കണ്‍സള്‍ട്ടേഷന്‌ പൊയ്ക്കൊണ്ടിരുന്നത്‌. ഡോ.സന എന്ന ഇറാക്കി ഡോക്ടര്‍. വളരെ സീനിയറായ അവര്‍ ഒരു അമ്മയുടെ സ്നേഹവാത്സല്യങ്ങളോടെ തന്റെയടുക്കല്‍ വരുന്ന ഗര്‍ഭിണികളെ (രോഗികള്‍ അല്ല, ഗര്‍ഭിണികള്‍ എന്നുതന്നെ പറയാനാണ് എനിക്കിഷ്ടം) സമീപിക്കുന്ന ഒരു വനിതയായിരുന്നു. ഗള്‍ഫ്‌ രാജ്യങ്ങളിലെ (എനിക്കു തോന്നുന്നു നാട്ടിലെ ചില ഹോസ്പിറ്റലുകളില്‍ ഒഴികെ എല്ലായിടത്തും) ഡോക്ടര്‍മാര്‍ പൊതുവെ രോഗികളുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും അവരോട്‌ ചര്‍ച്ചചെയ്യുകയും മനസ്സിലാക്കി കൊടുക്കാറുമുണ്ടല്ലോ. ഈ ഡോക്ടറും അങ്ങനെതന്നെയായിരുന്നു.

*****************

ഞങ്ങള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി, ഡോക്ടറെ കണ്ടു. ദീപയെ ഡോക്ടര്‍ പരിശോധിച്ചു. ലേബര്‍ റൂമിലേക്ക്‌ കൊണ്ടുപോയി വയറ്റില്‍ ബല്‍റ്റുപോലെയൊരു സാധനം ഘടിപ്പിച്ച്‌ ഒരു മെഷീനില്‍ അല്‍പ്പസമയം നിരീക്ഷണത്തിനു വിധേയയാക്കി. എന്നിട്ടുപറഞ്ഞു, പ്രസവവേദനയുടെ ആരംഭം തന്നെയാണ്‌, ഇപ്പോള്‍ വീട്ടില്‍ പോയിട്ട്‌ വൈകിട്ട്‌ അഞ്ചുമണിയോടെ എത്തിയാല്‍ മതി എന്നു പറഞ്ഞു. അത്യാവശ്യ സാധനങ്ങള്‍ വച്ച ബാഗും ഒക്കെയായാണ്‌ ഞങ്ങള്‍ വന്നിരിക്കുന്നത്‌! നാട്ടിലെ രണ്ടുമൂന്നു ദിവസം മുമ്പേയുള്ള അഡ്മിറ്റാവലിന്റെ ഓര്‍മ്മകാരണം. ഇപ്പോഴിതാ തിരികെ വീട്ടില്‍ വിട്ടിരിക്കുന്നു.

വീണ്ടും വീട്ടിലെത്തി, സൗദി അറേബ്യയില്‍ സ്ത്രീകള്‍ ജോലിക്കു പോകുന്നതു - പ്രത്യേകിച്ച്‌ ഫാമിലി വിസയില്‍ വന്നിരിക്കുന്നവര്‍ - വളരെ കുറവായതിനാല്‍ ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ ധാരാളം മലയാളി / തമിഴ്‌ കുടുംബങ്ങള്‍ ഉണ്ടായിരുന്നു - പത്തുപതിനഞ്ചു ഫാമിലികള്‍. എല്ലാവരും ഏകദേശം ഒരേ ഏജ്‌ ഗ്രൂപ്പില്‍ പെട്ടവര്‍. അതിനാല്‍ ദീപയ്ക്ക്‌ സുഹൃത്തുക്കള്‍ ധാരാളം ഉണ്ടായിരുന്നു. സെയ്ഫു, മീന, ഉമ, സ്വാതി എന്നിവര്‍ ഞങ്ങളുടെ അതേ ഫ്ലോറില്‍ താമസിക്കുന്നവര്‍. അവരൊക്കെയെത്തി. തമാശകളും വര്‍ത്തമാനവും ഒക്കെയായി പ്രസവവേദന പുരോഗമിച്ചുകൊണ്ടേയിരുന്നു.

നാലുമണിയാളമായപ്പോഴേക്കും ഞങ്ങള്‍ വീണ്ടും ആശുപത്രിയിലേക്ക്‌ പോയി. അപ്പോഴേക്കും ദീപയ്ക്ക്‌ വേദന അസഹ്യമാവുന്നുണ്ടെന്ന് മുഖഭാവങ്ങളില്‍ നിന്നും എനിക്കു മനസ്സിലായി. മാത്രവുമല്ല, ഓരോ വേദനകള്‍ വരുമ്പോഴും എന്റെ കൈയ്യില്‍ പിടിച്ച്‌ ഞെരിക്കുന്നതിനാല്‍ എന്റെ കൈയ്യിലെ മോതിരം വളഞ്ഞുപോയതും ഞാന്‍ ശ്രദ്ധിച്ചു. അഡ്മിറ്റ്‌ ചെയ്തു. ഡോ.സന എത്തി, പരിശോധിച്ചു. അരമണിക്കൂറോളം കഴിഞ്ഞ ഡോക്ടര്‍ എന്നെ വിളിച്ചു പറഞ്ഞു, ഇനി കാത്തിരുന്നിട്ട് കാര്യമില്ല, നോര്‍മല്‍ ഡെലിവറി നടക്കില്ല, പ്രതീക്ഷിച്ചതുപോലെ സിസേറിയന്‍ തന്നെ വേണ്ടിവരും എന്ന്. ഒന്നും വിഷമിക്കേണ്ട എന്നും തിയേറ്ററിന്റെ മുമ്പിലുള്ള റിസപ്ഷനില്‍ ഇരുന്നോളൂ എന്നും എന്റെ തോളില്‍ തട്ടിക്കൊണ്ട്‌ അവര്‍ പറഞ്ഞു.

നാട്ടിലുള്ള അമ്മ ആധിപിടിക്കാതിരിക്കാനായി, വേദനതുടണ്ടിയ വിവരമൊന്നും ആരോടും അതുവരെ ഞാന്‍ പറഞ്ഞിരുന്നില്ല. ഓപറേഷന്‍ തിയേറ്ററിന്റെ മുമ്പിലെ വിശാലമായ, ഒരു സ്റ്റാര്‍ ഹോട്ടലിന്റെ ലോബിയോട്‌ ഉപമിക്കാവുന്ന ഹാളില്‍ ഞാന്‍ ഒരു സോഫയില്‍ ഇരുന്നു. ആശുപത്രിയുടെ മണമോ, ഭാവമോ, തിരക്കോ ഇല്ലാത്ത അവിടെ മൃദുലവും, ശാന്തവുമായ ഒരു സംഗീതം സ്പീക്കറുകളില്‍ക്കൂടി ഒഴുകുന്നുണ്ടായിരുന്നു. അപ്പോഴേക്കും സെയ്ഫുവും, ഭര്‍ത്താവ്‌ റഷീദും എത്തി. അവരും എന്നോടൊപ്പം അവിടെ ഇരുന്നു. ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടീരിക്കുമ്പോള്‍, നാട്ടിലെ ഒരു ലേബര്‍ റൂമിന്റെ മുമ്പിലെ തിക്കും തിരക്കും ടെന്‍ഷനുകളും ഞാന്‍ ഓര്‍ക്കുകയായിരുന്നു. ഇവിടെ എല്ലാം ശാന്തം...വെള്ളത്തുണിയുമായി കുഞ്ഞിനെ ഏറ്റുവാങ്ങേണ്ട, രക്തം നല്‍കാനായി ആളെ റെഡിയാക്കി നിര്‍ത്തേണ്ട, റുമിലെത്തിയാല്‍ രോഗിയെ നമ്മള്‍ തന്നെ കട്ടിലിലാക്കേണ്ട, കഞ്ഞിയും പപ്പടവും അച്ച്ചാറും വീട്ടില്‍ നിന്നും കൊണ്ടുപോകേണ്ട.

അല്‍പസമയം കഴിഞ്ഞപ്പോള്‍ രണ്ടു നേഴ്സുമാര്‍ ഒരു കുഞ്ഞിനെ ബേബി സ്ട്രോളറീല്‍ കിടത്തിക്കൊണ്ട്‌ ഞങ്ങളുടെ മുമ്പില്‍ക്കൂടെ കടന്നുപോയി. ആകാംഷകൊണ്ട്‌ ഞങ്ങള്‍ ചോദിച്ചു, "സിസ്റ്റര്‍ ഇതാരുടെ കുഞ്ഞാണ്‌?" "ദീപയുടെ കുട്ടി" അവര്‍ മറുപടിപറഞ്ഞു... എനിക്കു സമാധാമായി. പ്രസവം കഴിഞ്ഞിരിക്കുന്നു. കുട്ടി സുഖമായിരിക്കുന്നു. ഞാനാണ്‌ അവന്റെ അച്ഛന്‍ എന്നു പറഞ്ഞപ്പാള്‍ അവര്‍ കുട്ടിയെകാട്ടിത്തന്നു, അഭിനന്ദനങ്ങളും പറഞ്ഞു. ദീപയെവിടെ എന്നന്വേഷിച്ചപ്പോള്‍, കുഴപ്പങ്ങളൊന്നുമില്ല, ഇപ്പോള്‍ തന്നെ റിക്കവറി റൂമിലേക്ക് കൊണ്ടുവരുമെന്നും അവര്‍ അറിയിച്ചു. ആശുപത്രിയിലെ സ്പീക്കറുകളില്‍ക്കൂടി അപ്പോള്‍ മഗ്രിബ്‌ നമസ്കാരം അറിയിക്കുന്ന ബാങ്ക്‌ വിളി സുന്ദരമായ ഒരു ശബ്ദത്തിലും ഈണത്തിലും മുഴങ്ങുന്നുണ്ടായിരുന്നു.
കുട്ടിയെ ബേബികളെ സൂക്ഷിക്കുന്ന നേഴ്സറിയിലേക്ക്‌ കൊണ്ടുപോയി. കൈയ്യില്‍ "ദീപയുടെ ബേബി" എന്നെഴുതിയ ഒരു ലേബലുമായി. അവിടത്തെ ഇളം ചൂടില്‍, പ്രത്യേകം പ്ര്യത്യേകം സ്ട്രോളറുകളില്‍ വെള്ളത്തുണികളീല്‍ പൊതിഞ്ഞുകെട്ടി സുഖമായി ഉറങ്ങുന്ന അനേകം കുഞ്ഞുങ്ങളില്‍ ഒരുവനായി ഞങ്ങളുടെ മനുക്കുട്ടന്‍! ഇവിടങ്ങളില്‍ നവജാത ശിശുക്കളെ കുട്ടികളുടെ നേഴ്സറിയിലാണ് സൂക്ഷിക്കുന്നത്, അമ്മയോടൊപ്പം റൂമിലല്ല. നമുക്ക് കാണണം എന്നുണ്ടെങ്കില്‍ ഫോണിലൂടെ ഒന്നറീയിച്ചാല്‍ അല്പസമയത്തേക്ക് അവര്‍ കുഞ്ഞിനെ റൂമിലേക്ക് എത്തിക്കും.

എല്ലാ സൗകര്യങ്ങളോടും കൂടിയ ആ ആശുപത്രിയില്‍ അഞ്ചുദിവസം മനുക്കുട്ടനും ദീപയും താമസിച്ചു. ആ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക്‌ മനസ്സിലായ ഒരു കാര്യമുണ്ട്‌, ഫിലിപ്പിനോ നേഴ്സുമാരുടെ സേവന സന്നദ്ധതയും, ജോലിയിലുള്ള അവരുടെ സമീപനവും. അത് എടുത്തുപറയേണ്ടതുതന്നെ. നമ്മുടെ നേഴ്സിംഗ്‌ കുട്ടികള്‍ - ആണായാലും പെണ്ണായാലും - ഇവരില്‍നിന്നും ജോലി സംബന്ധമായ നല്ലകാര്യങ്ങള്‍ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.

*****************


വീണ്ടും ഒരു ഏപ്രില്‍ 1. അതെ, ഇന്ന് മനുവിന്റെ പിറന്നാളാണ്‌. അവന്‌ ഇന്ന് നാലുവയസ്‌ പൂര്‍ത്തിയാകുന്നു. 2004 ഏപ്രില്‍മാസം ഒന്നാം തീയതിയായിരുന്നു അവന്റെ ജനനം. ആശുപത്രിയില്‍ നിന്ന് അഞ്ചാം ദിവസം ഞങ്ങളുടെ ഫ്ലാറ്റിലേക്ക്‌ വന്ന മനുക്കുട്ടന്‍, പിന്നീട്‌ മിടുക്കനായും ഒരു വയസിനുശേഷം കുസൃതിക്കുട്ടനായും പെട്ടന്നു വളര്‍ന്നു. കുഞ്ഞിനെക്കിട്ടിയ നേര്‍പെങ്ങള്‍ ഉണ്ണിമോളുടെ സന്തോഷം, പതിയെപ്പതിയെ "അമ്മേ, ഈ ചെക്കന്‍ എന്നേ തലമുടിക്കു പിടിക്കുന്നു, ഇവന്‍ എന്റെ പെന്‍സില്‍ എടുത്ത്‌ ഒടിച്ചു കളയുന്നു..." എന്നൊക്കെയുള്ള പരാതികളിലേക്ക്‌ കടന്നിരിക്കുന്നു. വഴക്കും അടിപിടിയും ഒഴിഞ്ഞ നേരമില്ല. അടുക്കും ചിട്ടയുമായി ഇരിക്കുന്ന ഒരു സാധനങ്ങളും വീട്ടിലില്ല.ഇപ്പോഴത്തെ മനുവിനെപ്പറ്റി പറയാന്‍ ഏറെയുണ്ട്‌, കുസൃതിക്ക്‌ കൈയ്യുംകാലും വച്ചവന്‍, “നാലാം വയസ്സില്‍ നട്ടപ്രാന്ത്“ എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നവന്‍, സ്നേഹിച്ചു നക്കിക്കൊല്ലുന്നവന്‍, ഭിത്തിയില്‍ ഒന്നൊഴിയാതെ കുത്തിവരയ്ക്കുന്നവന്‍, ഭിത്തിവര കൂടിക്കൂടി കഴിഞ്ഞ വെക്കേഷന്‌ നാട്ടില്‍ പോയി തിരികെ വരുന്നവഴി ഒന്നു കണ്ണുമയങ്ങിപ്പോയ നേരത്തിന്‌ എമിറേറ്റ്സ് വിമാനത്തിന്റെ ഭിത്തികളില്‍ ബോള്‍ പേനയാല്‍ "ഹെലിക്കോപ്റ്റര്‍" വരച്ചവന്‍.ദുബായിയേക്കാള്‍ നാടിനെ ഇഷ്ടപ്പെടുന്നവന്‍, പന്തുകളിയില്‍ തല്‍പ്പരനായ, ഒരൊറ്റ കിക്കിനാല്‍ അടുപ്പത്തിരിക്കുന്ന ഏതു പാത്രവും മറിച്ചിടുന്നവന്‍, ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്താല്‍ ഗോഷ്ടികള്‍ മാത്രം കാണിക്കുന്നവന്‍.

ഇവന്റെ കൈതൊട്ടാല്‍ സ്ക്രാച്ചായി കാണാന്‍ വയ്യാത്ത അവസ്ഥയിലെത്താത്ത സീ.ഡി. കള്‍ ഇല്ല.നാട്ടിലെത്തിയാല്‍ വീടിനടുത്തുള്ള കൊച്ചു കൈത്തോട്ടീല്‍നിന്നു കയറാറില്ല മനു, വെള്ളത്തില്‍ കളിതന്നെ (ഇതെല്ലാ കുട്ടികളും ഇങ്ങനെതന്നെയല്ലേ!)
എപ്പോഴെങ്കിലും എനിക്ക്‌ പഴയകാലത്തെ “എന്നെ“ കാണാന്‍ കൊതിയാവുമ്പോള്‍ ഞാന്‍ മനുവിനെ ഉടുപ്പില്ലാതെ ഒന്നിരുത്തും, ദേ ഇങ്ങനെ.ഇതു മനുവിന്റെ നാട്ടിലെ കൂട്ടുകാരന്‍ - പാച്ചു.


കുസൃതികള്‍ കാട്ടി മനു വളരുമ്പോള്‍, അവന്റെ ഓരോ പിറന്നാളുകളും കടന്നുപോകുമ്പോള്‍, ഞാന്‍ അല്‍പ്പം പ്രയാസത്തോടെതന്നെ ഓര്‍ത്തുപോകുന്ന ഒരു കാര്യമുണ്ട്. ഈ കുട്ടിക്കളികളും കുസൃതികളും ഇനി എത്രനാള്‍! കുട്ടികള്‍ വേഗം വളരും, അവരുടെ കുട്ടിത്തം നഷ്ടമാകും. ലോകത്തിന്റെ പിടിയിലേക്ക് അവര്‍ അറിയാതെതന്നെ വീഴും. പക്ഷേ അപ്പോഴും ഓര്‍ക്കാന്‍ ഈ നല്ല നാളുകളുടെ ഓര്‍മ്മകള്‍ ബാക്കിയുണ്ടാവണം, അല്ലേ? അതിനായി ഈ നിമിഷങ്ങളെ ഞാന്‍ ഫോട്ടോയിലാക്കിയും വാക്കുകളിലാക്കിയും ഇവിടെ കുറിച്ചിടട്ടെ. കുട്ടികള്‍ കുസൃതിക്കുട്ടന്മാരായിത്തന്നെ വളരട്ടെ.

ഈ ജന്മദിവസത്തില്‍, മനുക്കുട്ടന് ആയുസും ആരോഗ്യവും ബുദ്ധിയും മറ്റുള്ളവരോട് കരുണയും സ്നേഹവും ഉണ്ടാകുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നു ആശംസിക്കുന്നു പ്രാര്‍ത്ഥിക്കുന്നു.

പിറന്നാളാശംസകളോടെ, മുത്തങ്ങളോടെ -

അപ്പ, അമ്മ, ഉണ്ണിച്ചേച്ചി.

42 comments:

അപ്പു ആദ്യാക്ഷരി April 1, 2008 at 1:14 PM  

മനുക്കുട്ടന് പിറന്നാളാശംസകള്‍!

തമനു April 1, 2008 at 1:28 PM  

അപ്പൂ ...

മനുവിന് പിറന്നാളാശംസകള്‍..

വിവരണങ്ങളും ഫോട്ടോകളും എല്ലാം ഒന്നിനൊന്ന് മെച്ചം. ആ ഉടുപ്പിടാത്ത ഫോട്ടോ ഞാനെടുക്കുന്നു. അപ്പു പറഞ്ഞതു പോലെ വല്ലപ്പോഴും ആ പഴയ നമ്മളെ ഒന്നു കാണാന്‍ . (ആ നിക്കറിന് ബട്ടണ്‍സില്ലാരുന്നേ 100% കറക്റ്റ് ആയിരുന്നേനേം :)

മനുവിന് ഒരുമ്മ, സുന്ദരി ഉണ്ണിമോള്‍ക്കും.

un April 1, 2008 at 1:33 PM  

മനുവിന് എന്റെ വകയും പിറന്നാളാശംസകള്‍! കൂടുതല്‍ വികൃതിയായി വളരട്ടേ! :)

Rasheed Chalil April 1, 2008 at 1:42 PM  

മനുവിന് പിറന്നാള്‍ ആശംസകള്‍... മിടുക്കനായി വളരട്ടേ...

മറ്റൊരാള്‍ | GG April 1, 2008 at 2:10 PM  

പറഞ്ഞപ്പം ഞാന്‍ ആദ്യം വിചാരിച്ചു ഏപ്രില്‍‌ഫൂള്‍‌ ആയിരിക്കും എന്ന്!!

ആല്‍‌വിന് മറ്റൊരാളിന്റെ വക പിറന്നാളാശംസകള്‍!

സുല്‍ |Sul April 1, 2008 at 2:13 PM  

മനുകുട്ടാ,
പിറന്നാള്‍ ആശംസകള്‍!!!

അനു, അമി, ഹസി, സുല്‍

ആഷ | Asha April 1, 2008 at 2:49 PM  

അപ്പുവേ, ഈ പോസ്റ്റ് വായിച്ചപ്പോ മനസ്സിനു നല്ല സന്തോഷം. മനു പിറന്നതു മുതല്‍ ഇങ്ങോട്ടു വായിച്ചതു തൊട്ട് എന്റെ മുഖത്തിന്ന് പുഞ്ചിരി മായുന്നില്ല :)
എന്നാലും വിമാനത്തിനകത്ത് ഹെലിക്കോപ്പര്‍ വരച്ചു കളഞ്ഞല്ലോ മിടുക്കാ :))

മനുകുട്ടന് എന്റെയും സതീശന്റെയും ആയിരമായിരം പിറന്നാളാശംസകളും ചക്കരമുത്തവും. കഴിഞ്ഞ വര്‍ഷത്തെ പോലെ ഉണ്ണിമോള്‍ക്കും പകുതി കൊടുക്കണേ :)

മനുവിന്റെയും ഉണ്ണിമോളുടേയും അപ്പയുടെയും അമ്മയുടെയും സന്തോഷത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ സന്തോഷം. പായസം പാഴ്സല്‍ പോരട്ടേ ഇങ്ങട്ട്.

Sharu (Ansha Muneer) April 1, 2008 at 3:25 PM  

മനുക്കുട്ടന് ഒരായിരം പിറന്നാള്‍ ആശംസകള്‍. അതിന്റെ കൂടെ ഇതെഴുതിയ മനുക്കുട്ടന്റെ അച്ഛന് ഹൃദ്യമായ എഴുത്തിന് അഭിനന്ദനങ്ങളും.

ആയുരാരോഗ്യത്തോടെ നല്ല മനസ്സോടെ മിടുക്കനായി മനുക്കുട്ടന്‍ വളരട്ടെ. അതിനായി ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. :)

യാരിദ്‌|~|Yarid April 1, 2008 at 3:55 PM  

മനുവിന് എന്റെയും പിറന്നാളാശംസകള്‍...പക്ഷെ ട്രീറ്റ് ചെയ്യണം മനുക്കൂട്ടാ ;)

പൊറാടത്ത് April 1, 2008 at 4:02 PM  

പിറന്നാളാശംസകള്‍ മനൂ...

കാവലാന്‍ April 1, 2008 at 4:32 PM  

പിറന്നാളാശംസകള്‍.

ഹരിത് April 1, 2008 at 4:39 PM  

മനുവിനു പിറന്നാളാശംസകള്‍. വിവരണം വളരെ ഹൃദ്യം.

G.MANU April 1, 2008 at 5:13 PM  

കുട്ടാ കുട്ടാ മനുക്കുട്ടാ
കുട്ട നിറച്ചും സ്നേഹം ദാ
മൊട്ടുവിരിച്ചാ ചുണ്ടത്തു
മുത്തണിപുഞ്ചിരിയിമ്മിണി താ

ആശംസകള്‍ മനുക്കുട്ടാ

വേറൊരു മനുക്കുട്ടന്‍

[ nardnahc hsemus ] April 1, 2008 at 5:16 PM  

ഇപ്പോഴത്തെ മനുവിനെപ്പറ്റി പറയാന്‍ ഏറെയുണ്ട്‌, കുസൃതിക്ക്‌ കൈയ്യുംകാലും വച്ചവന്‍, “നാലാം വയസ്സില്‍ നട്ടപ്രാന്ത്“ എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നവന്‍, സ്നേഹിച്ചു നക്കിക്കൊല്ലുന്നവന്‍, ബ്ലാ ബ്ലാ ബ്ലാ...

അവിടെവരെ എത്തിയപ്പോള്‍ മനസ്സിലുയര്‍ന്ന കമന്റ് ദേ ഇങ്ങനെ ആയിരുന്നു “പിന്നെ മത്ത കുത്ത്യാ കുമ്പളം മൊളക്യോ? തന്റെയല്ലേഡോ വിത്ത്..” :)

പക്ഷെ, അവസാനത്തെ ആ പാരഗ്രാഫ് വായിച്ചപ്പോള്‍ എല്ലാം തിരിച്ചെടുക്കുന്നു.. ആ പറഞ്ഞതാ സത്യം..

മനുക്കുട്ടന് പിറന്നാളാശംസകള്‍... (വേറെ ഒരു ദെവസോം കിട്ടീല്ല ല്ലേ..? )

:)

nedfrine | നെഡ്ഫ്രിന്‍ April 1, 2008 at 5:52 PM  

മനുക്കുട്ടന് പിറന്നാളാശംസകള്‍ :)

ഫോട്ടോഗ്രാഫര്‍::FG April 1, 2008 at 6:02 PM  

അതേ അപ്പൂ ചിലതൊക്കെ സസ്പെന്‍സിലിടുന്നതാണ് നല്ലത്:)
മനൂന്റെ ഫോട്ടോ ഒത്തിരി ഇഷ്ടമായി,
അതുപോലെ ഉണ്ണിചേച്ചീടേം!
അപ്പുപോലീസ് മുറയിലൊന്നും അവരെ വളര്‍ത്തിന്നല്ലല്ലൊ എന്നത് തന്നെ സന്തോഷം.
ആഷ എഴുതിയത് പോലെ പായസം എനിക്കും വേണം,അഡ്രസ്സ് അറിയാമോ?
ഇല്ലെങ്കില്‍ റെഡിയാക്കി വെച്ചോളൂ
വന്ന് വാങ്ങിച്ചോളാം
പിറന്നാള് കാരന് ഒത്തിരി ആശംസകളും ചക്കരയുമ്മകളും.
എഫ് ജിയും കുടുംബവും!(മൊത്തം 4 പേര്‍)

പ്രിയ April 1, 2008 at 6:14 PM  

:) മനുകുട്ടന് ഒരായിരം പിറന്നാള് ആശംസകള്...

nandakumar April 1, 2008 at 6:44 PM  

വൈകിപ്പോയ ഒരു പിറന്നാളാശംസ മനുവിനു കൊടുക്കണേ...
മകനെക്കുറിച്ചു ഒരച്ഛന്റെ പിറന്നാള്‍ക്കുറിപ്പുകള്‍ ഹൃദ്യം..മനോഹരം.. ചിത്രങ്ങളും നന്നായി. നമ്മുടെ കുട്ടിക്കാ‍ലങ്ങളില്‍ നമുക്ക് നഷ്ടപ്പെട്ടത് നമ്മുടെ കുട്ടികള്‍ക്കെങ്കിലും കൊടുക്കണം.
ചിത്രങ്ങളിലേക്കാളും ഏനിക്കേറെ ഇഷ്ടമായത് കലര്‍പ്പില്ലാത്ത ആ വിവരണമാണ്. ജീവിതത്തിന്റെ നേര്‍ചിത്രങ്ങള്‍ പോലെ..
ജീവിതഗന്ധിയായ ഒരു പോസ്റ്റിനു നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ April 1, 2008 at 7:17 PM  

മനുക്കുട്ടന് പിറന്നാളാശംസകള്‍!!!

കുസൃതിയോടെത്തന്നെ അവന്‍ വളരട്ടെ, ഇതൊക്കെ ക്ഷണികമല്ലേ.

അപര്‍ണ്ണ April 1, 2008 at 7:28 PM  

Many Many Happy Returns of the Day to Manukkuttan!

Vanaja April 1, 2008 at 7:52 PM  

മനുവിന്‍ ഒരുപാട് പിറന്നാളാശംസകള്‍..
കുട്ടികളായാല്‍ കുസൃതി വേണം. അല്ലേലവര്‍ കുട്ടികളാണോ?

സൗദി അറേബ്യയില്‍ ധാരാളം നല്ല വേള്‍ഡ്‌ ക്ലാസ്‌ ആശുപത്രികള്‍ ഉള്ളപ്പോള്‍ എന്തിനു ഭയപ്പെടണം?

അങ്ങനെയാണോ? ഇവിടെ ജീവനില്‍ കൊതിയുള്ള കൊണ്ട് ആശുപത്രിയില്‍ പോവാറില്ല.

ശ്രീവല്ലഭന്‍. April 1, 2008 at 10:47 PM  

മനുക്കുട്ടന് പിറന്നാളാശംസകള്‍!

മിടുക്കന്‍. പിള്ളാരായാല്‍ ഇങ്ങനെ വേണം. ഏപ്രില്‍ ഫൂള്‍ ആണെന്നൊന്നും നോക്കരുത്. :-)

അപ്പു ആദ്യാക്ഷരി April 2, 2008 at 9:28 AM  

ഞങ്ങളുടെ മനുക്കുട്ടന് പിറന്നാളാ‍ശംസകള്‍ നേരാനെത്തിയ തമനു, പേരയ്ക്ക, ഇത്തിരി, മറ്റൊരാള്‍, സുല്ല്, ആഷ, വഴിപോക്കന്‍, ഷാരു, റിയാദ്, കാവലാന്‍, പൊറാടത്ത്, ഹരിത്, ജി.മനു, സുമേഷ്,നെഡ്‌ഫ്രിന്‍, ഫോട്ടോഗ്രാഫര്‍, പ്രിയ, നന്ദകുമാര്‍, പ്രിയ ഉണ്ണിക്കൃഷ്ണന്‍, അപര്‍ണ്ണ, വനജ, ശ്രീവല്ലഭന്‍... എല്ലാവര്‍ക്കും നന്ദി. മോന്റെ ഓരോ ഉമ്മകളും അവന്‍ തന്നിരിക്കുന്നു എല്ലാവര്‍ക്കും.

ചന്ദ്രകാന്തം April 2, 2008 at 9:42 AM  

ഇവിടെ നാലുചുമരുകള്‍‌ക്കുള്ളില്‍ ഒതുങ്ങുന്ന ബാല്യം. നാട്ടില്‍ ചെലവഴിച്ച ദിവസങ്ങളിലെ ഓരോ നിമിഷവും അയവിറക്കി ആസ്വദിയ്ക്കുന്ന മക്കളെക്കാണുമ്പോള്‍ സങ്കടം തോന്നും എന്നും.
മനുക്കുട്ടന്റെ ജനനം മുതലുള്ള സംഭവങ്ങള്‍........ വായിച്ചപ്പോള്‍, പോയ കാലങ്ങളിലൂടെ ഒന്നുകൂടി നടന്നപോലെ.
വിമാനത്തില്‍ ഹെലികോപ്റ്റര്‍ വരച്ച മിടുക്കാ.......
ഈശ്വരന്‍ എല്ലാ സൗഭാഗ്യങ്ങളും തന്ന്‌ അനുഗ്രഹിയ്ക്കട്ടെ..!!!

Manoj | മനോജ്‌ April 2, 2008 at 9:52 AM  

അപ്പൂ‍സേ- വിവരണവും ചിത്രങ്ങളും ഹൃദയത്തില്‍ തട്ടുന്നത്...

മനുക്കുട്ടന്‍ മറ്റൊരു മനുക്കുട്ടന്റെ പിറന്നാളാശംസകള്‍!!
കുട്ടന്റെ ചേച്ചിക്കും അമ്മയ്ക്കും അച്ഛനും ഞങ്ങളുടെ പ്രത്യേകം അന്വേഷണങ്ങള്‍...

---ശിവക്കുട്ടന്‍, രേണുവമ്മ പിന്നെ ഞാനും...

ശ്രീലാല്‍ April 2, 2008 at 10:40 AM  

മനുക്കുട്ടാ....... ഐ ലവ്‌ യൂ ... പിറന്നാള്‍ ആഘോഷിച്ചോ ? അപ്പ എന്താ സമ്മാനം തന്നത്‌ ? അതോ "മോനേ, ദാ ഈ പോസ്റ്റാ പിറന്നാള്‍ സമ്മാനം" എന്ന് പറഞ്ഞ്‌ മുങ്ങിയോ ? വിടേണ്ട കെട്ടോ, ചുവരില്‍ കുത്തി വരയാനും കുസൃതികാട്ടാനും ഒറ്റക്കിക്കിനു പാത്രങ്ങള്‍ അട്ടി മറിക്കാനും കിട്ടിയ സമയം പാഴാക്കരുത്‌.... അങ്ങ്‌ട്‌ തകര്‍ക്കെടാ മോനൂ. :) ആ രണ്ടാമത്തെ ഫോട്ടോയില്‍ മനു സൂപ്പറാണെട്ടോ.. :)

ദാ, ഒരു മുത്തം കൂടി.. :)

അപ്പൂസ്‌.. :)

അതുല്യ April 2, 2008 at 11:22 AM  

അയ്യത്തടാ! എന്തോരം പടാ എന്റെ മക്കളേ! അപ്പുവേ കുട്ട്യോള്‍ക്കെല്ലാം മുളകും കടുകും ഉഴിഞിടുട്ടോ. കണ്ണ് കിട്ടിയട്ടുണ്ടാവും ഞങ്ങളെല്ലാരുടെം.

ശ്രീ April 2, 2008 at 11:33 AM  

അപ്പുവേട്ടനോടല്ല... മനുക്കുട്ടനോടാ...
“മനുക്കുട്ടാ... സോറി. നാട്ടിലായിരുന്നതു കൊണ്ടാണ് ആശംസകള്‍ തരാന്‍ വൈകിയത് ,കേട്ടോ. എന്തായാലും എന്റെ വക കുറച്ചു വൈകിയെങ്കിലും നാലാം പിറന്നാള്‍ ആശംസകള്‍!”
ഒപ്പം അപ്പുവേട്ടനും ദീപേച്ചിയ്ക്കും ഉണ്ണിമോള്‍ക്കും ഓരോ ‘ഹായ്’
:)

മുസ്തഫ|musthapha April 2, 2008 at 12:16 PM  

ഒരീസം വൈകിയെങ്കിലും, മനുക്കുട്ടന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍!

സ്നേഹത്തോടെ,

അഗ്രജനങ്കിള്‍
മുനീറാന്‍റി
പാച്ചു

അപ്പു, മനുവിന്‍റെ പിറന്നാള്‍ കുറിപ്പ് നന്നായി എഴുതിയിരിക്കുന്നു... അഭിനന്ദനങ്ങള്‍.

Shaf April 2, 2008 at 12:34 PM  

മനുവിന് പിറന്നാളാശംസകള്‍..

വിവരണങ്ങളും ഫോട്ടോകളും എല്ലാം ഒന്നിനൊന്ന് മെച്ചം

SunilKumar Elamkulam Muthukurussi April 2, 2008 at 12:41 PM  

അപ്പുവേ, മനുവിനെ കുറിച്ചുള്ള വിവരണം, എനിക്കെന്റെ മകന്‍ അപ്പുവിന്റെ ജനനം ഓര്‍ക്കാന്‍ ഇടയാക്കി. അപ്പു ജനിച്ചത് ജിദ്ദ ബദ്രുദ്ദീന്‍ പോളിക്ലിനിക്കില്‍! നോര്‍മ്മല്‍ ഡെലിവെറി. രാവിലെ ഡെലിവെറി കഴിഞ് വൈകുന്നേരം വീട്ടില്‍ എത്തി.
ജനംദിന്‍‌‌ ആശംസകള്‍ മനുവിന്.
-സു-

Rare Rose April 2, 2008 at 1:51 PM  

ഇത്തിരി വൈകിയാണേലും മനുക്കുട്ടനു എന്റെ വകേം ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍..ഓരോ പിറന്നാളിലും കൂടുതല്‍ കുസൃതികുടുക്കയായി ,മിടുക്കനായി വളരട്ടെ....:-)

സഞ്ചാരി @ സഞ്ചാരി April 2, 2008 at 2:59 PM  

ടാഗോറാണെന്നു തോന്നുന്നു, ഭുമിയില്‍ പിറന്നു വീഴുന്ന ഓരോ കുഞ്ഞൂം ദൈവം മനുഷ്യനെകൊണ്ട് മടുത്തിട്ടില്ല്ല എന്നതിന്റെ തെളിവാണെന്ന് പറഞ്ഞത്. ഭൂലോക വിഡ്ഡിദിനത്തില്‍ സ്വയം വിഡ്ഡിയാക്കാനും മറ്റുള്ളവരെ വിഡ്ഡികളാക്കാനും തത്രപെടുന്ന മനുഷ്യന്റെ മുന്‍പില്‍ ആരേയും വിഡ്ഡിയാക്കാതെ ജിവന്റെ കരുണവര്‍ഷിക്കുന്ന ദൈവത്തെ മനുക്കുട്ടന്റെ ജന്മദിനത്തെയോര്‍ത്ത് സ്തുതിക്കുന്നു. ഒപ്പം ദൈവികദാനമായ ആ ജീവതത്തിന് സ്വാഗതമരുളിയ ദീപചേച്ചിയേയും അപ്പുവേട്ടനേയും.

കുട്ടിച്ചാത്തന്‍ April 2, 2008 at 4:31 PM  

മനുക്കുട്ടന് ഇത്തിരി വൈകിയ പിറന്നാളാശംസകള്‍....

ആവനാഴി April 2, 2008 at 5:50 PM  

മനുക്കുട്ടനു പിറന്നാളാശംസകള്‍!
മനുക്കുട്ടന്റെ അഛന്‍ മനുക്കുട്ടന്റെ ജന്മത്തെക്കുറിച്ചു ബാല്യകാലലീലല്കളെക്കുറിച്ച്, എല്ലാം, വളരെ ഭംഗിയായി എഴുതിയിരിക്കുന്നു.

അപ്പു പറഞ്ഞത് വളരെ ശരിയാണു. നാട്ടിലാണെങ്കില്‍‌ നല്ല സേവനം കിട്ടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണു. മൂല്യങ്ങള്‍ ശോഷിച്ചുകൊണ്ടിരിക്കുനു അവിടെ.

പീനെ ഉപയോഗിച്ച സിറിഞ്ചുകള്‍ കഴുകിത്തുടച്ചു വീണ്ടും പ്രത്യക്ഷപ്പെടും എന്നു കേട്ടിട്ടുണ്ട്. അതുകൊണ്ട് നാട്ടില്‍ ആശുപത്രിയില് പോകാനിടയാകല്ലേ എന്നാണു പ്രാര്‍ത്ഥന.

സസ്നേഹം
ആവനാഴി‍

കുഞ്ഞന്‍ April 2, 2008 at 6:31 PM  

മനുകുട്ടാ

കുഞ്ഞനമ്മാവന്റെ പിറന്നാളാശംസകള്‍...!

ഇത്തിരി വൈകിപ്പോയ് ആയതിനാല്‍ പലിശ സഹിതം എനിക്കു പായസം തരണോട്ടൊ..

ഉണ്ണിമോള്‍ക്കും അഛനുമമ്മയ്ക്കും ആശംസകള്‍..

ഗുപ്തന്‍ April 2, 2008 at 6:41 PM  

മനുവിനു പിറന്നാള്‍ ആശംസകള്‍!

നല്ല കുറിപ്പ് അപ്പുവേട്ടാ

ഹരിയണ്ണന്‍@Hariyannan April 2, 2008 at 8:32 PM  

മനുവിന് പിറന്നാള്‍ ആശംസകള്‍!

അപ്പൂ ആരോ പറഞ്ഞു ഇന്നലെ ‘ത’മനുവിന്റെ പിറന്നാളായിരുന്നെന്ന്! :)
ഓരോ അസൂയക്കാരേ..

ദിലീപ് വിശ്വനാഥ് April 2, 2008 at 11:45 PM  

മനുവിനു പിറന്നാള്‍ ആശംസകള്‍!

പൈങ്ങോടന്‍ April 3, 2008 at 12:48 AM  

മനുക്കുട്ടാ...ഇന്നലെ പായസം കുടിച്ചോ? കേക്കു തിന്നോ? മിടുക്കനാവും ട്ടോ..

ഉഷശ്രീ (കിലുക്കാംപെട്ടി) April 5, 2008 at 12:01 PM  

കുട്ടികള്‍ കുസൃതിക്കുട്ടന്മാരായിത്തന്നെ വളരട്ടെ.

ഈ ജന്മദിവസത്തില്‍, മനുക്കുട്ടന് ആയുസും ആരോഗ്യവും ബുദ്ധിയും മറ്റുള്ളവരോട് കരുണയും സ്നേഹവും ഉണ്ടാകുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നു ആശംസിക്കുന്നു പ്രാര്‍ത്ഥിക്കുന്നു.
അപ്പൂന്റെ മോന്‍ ഫ്ലൈറ്റില്‍ ഹെലികോപ്റ്റര്‍ വരച്ചില്ലങ്കിലെ അതിശയിക്കാനുള്ളു.

ബ്ലൊഗ്ഗേര്‍സ് മീറ്റിന്റെ അവതരണം കലക്കി ട്ടോ അപ്പുവേ.ആ ക്യാമറക്കു മുന്നില്‍ ഒന്നു പോസ് ചെയ്യാന്‍ കിട്ടിയ അവസരം നഷ്ടമായതിന്റെ സങ്കടം... പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല.....

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP