ഏപ്രില്‍ ഒന്നിലെ പിറന്നാളുകാരന്‍
>> Tuesday, April 1, 2008
ഏപ്രില്‍ 1, 2004.
സൗദി അറേബ്യയിലെ ദമാമില്‍ ജോലിയും താമസവും തുടങ്ങിയിട്ട് പന്ത്രണ്ടാം വര്‍ഷം നടക്കുന്നു. ബാച്ചിയായി താമസിക്കുന്ന കാലത്ത് ഏപ്രില്‍ ഫൂളിന്റെ അന്ന് എന്തെങ്കിലുമൊക്കെ പണികള്‍ സഹമുറിയന്മാര്‍ ഒപ്പിക്കുകയും, പലപ്പോഴും അതിലൊക്കെ പെട്ടുപോവുകയും ചെയ്തിട്ടുണ്ടെങ്കിലും, കല്യാണം കഴിഞ്ഞ് കുടുംബമായി താമസം തുടങ്ങിയതിനു ശേഷം ഇത്തരം ഫൂളാവലുകളോ ഫൂളാക്കലുകളോ ഇല്ലാത്ത ആറാം വര്‍ഷം.
രാവിലെ ഏഴുമണിക്ക് ഓഫീസിലെത്തിയതാണ്. ഒന്‍പതുമണിയോളമായപ്പോള്‍ ദീപയുടെ (ഭാര്യ) ഫോണ്‍ വന്നു, നടുവിന് ഒരു വേദനയും എന്തൊക്കെയോ അസ്വസ്തതകളും തുടങ്ങിയിരിക്കുന്നു എന്നതായിരുന്നു സംഭാഷണത്തിന്റെ ചുരുക്കം. എനിക്ക് ഒരല്‍പ്പം ആധി തോന്നി. വെറുതെയല്ല, വിളിച്ചയാള്‍ ഒന്‍പതുമാസം ഗര്‍ഭിണി. രണ്ടാമത്തെ കുട്ടി. ഏപ്രില്‍ അഞ്ചിനാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. അല്‍പം നേരത്തേയായിക്കൂടാ എന്നില്ലല്ലോ. സ്വന്തമായി കാര്‍ ഇല്ലാത്തകാലം, കൂടെ ജോലിചെയ്യുന്ന ഒരാളെക്കൂട്ടി ഉടന്‍ വീട്ടിലെത്തി. സംഭവം സത്യം തന്നെ.
******************
ഉണ്ണിമോള്‍ ജനിച്ചത് നാട്ടില്‍വച്ചായിരുന്നു. അന്ന് എട്ടുമാസമായപ്പോഴേ സൗദിയില്‍ ഞങ്ങള്‍ കണ്ടുകൊണ്ടിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. ശാന്തിയുടെ "എല്ലാം നോര്‍മല്‍" എന്ന റിപ്പോര്‍ട്ടുമായി ഞങ്ങള്‍ നാട്ടില്‍ പോയി. അവിടെയെത്തി ഡോക്ടര്‍മാരെ കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ "ഫ്ലൂയിഡില്ല..അതില്ല...ഇതില്ല"എന്നൊക്കെയുള്ള പല്ലവികളും സെക്കന്റ് ഒപ്പീനിയന്‍ നോക്കുമ്പോള്‍ എല്ലാം ഓകെ യെന്നും കേട്ട് ആകെ കണ്‍ഫൂഷനായിരിക്കുന്നതിന്റെ അവസാനം ഒരു സിസേറിയനില്‍ത്തന്നെ സംഗതികള്‍ വന്നവസാനിച്ചു. ഓപ്പറേഷനെതുടര്‍ന്ന് ഒരാഴ്ചയോളം ഉള്ള കഠിന വേദനകളും, യാതനകളും, ചാക്കുതുന്നിക്കെട്ടും പോലെയുള്ള നാട്ടിലെ തുന്നിക്കെട്ടും ഒക്കെ ചേര്‍ത്തുവച്ചു നോക്കിയപ്പോഴെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു ഇനി അടുത്ത ഒരു കുട്ടിയുണ്ടായാല്‍, എന്തു വന്നാലും പ്രസവത്തിനായി നാട്ടില്‍ പോവുകയില്ല എന്ന്.
സൗദി അറേബ്യയില്‍ ധാരാളം നല്ല വേള്‍ഡ് ക്ലാസ് ആശുപത്രികള്‍ ഉള്ളപ്പോള്‍ എന്തിനു ഭയപ്പെടണം? അതായിരുന്നു ഞങ്ങളുടെ ചിന്ത. “മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ പോലെയല്ല സൗദി, പാര്‍ട്ട് ടെം ജോലിക്കാരെയൊന്നും കിട്ടുകയില്ല, നാട്ടില്‍ നിന്ന് ആരെയെങ്കിലും ഒരു സഹായത്തിന് തല്‍ക്കാലം കൊണ്ടുവരാനാണെങ്കിലും വിസിറ്റ് വിസ കിട്ടുകയില്ല, ഒരു എമര്‍ജന്‍സി എന്തെങ്കിലും വന്നാല്‍ എന്തു ചെയ്യും, രണ്ടാമത്തേതും സിസേറിയനാവുമ്പോള്‍ കുഞ്ഞിനേയും അമ്മയേയും നീ തനിയേ നോക്കാനൊക്കുമോ“ എന്നൊക്കെയുള്ള നൂറുകൂട്ടം ചോദ്യങ്ങളും ആവലാധികളും വീട്ടില്‍നിന്നും അമ്മയും പപ്പയും ഉന്നയിച്ചെങ്കിലും ഞങ്ങള്‍ പോവുന്നില്ല എന്ന തീരുമാനത്തില്‍ത്തന്നെ ഉറച്ചുനിന്നു. ഫാമിലി കൂട്ടുകാര്‍ അനവധിയുണ്ട്ങ്കിലും അവരാരും ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ സൌദിയില്‍ നിന്നിട്ടുമില്ല. ഗള്‍ഫിലെ ഒരു ആശുപത്രിയിലാവുമ്പോള്‍ എല്ലാക്കാര്യങ്ങളും ആശുപത്രി സ്റ്റാഫ് തന്നെ നോക്കിക്കൊള്ളും, നാട്ടിലെമാതിരി സംശയങ്ങള്‍ക്കോ ആധികള്‍ക്കോ ആവശ്യവുമില്ല എന്നായിരുന്നു ചിന്ത. മാത്രവുമല്ല, വീണ്ടും ഒരു സിസേറിയന്‍ തന്നെ വേണ്ടിവന്നാലും, ഇവിടുത്തെ രീതികള്‍ വ്യത്യസ്തമായതിനാല്‍ അത്രയും കുറച്ച് അനുഭവിച്ചാല്‍ മതിയല്ലോ എന്ന സമാധാനവും. അങ്ങനെയാണ് ഈ രണ്ടാം പ്രസവം ദമാമില്‍ത്തന്നെ ആയത്.
നില്‍ക്കാന്‍ തീരുമാനിച്ചുറച്ചിരുന്ന സ്ഥിതിക്ക്, വരാമാകുന്ന എല്ലാ സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും നേരിടുവാന്‍ മാനസികമായി ഞങ്ങള്‍ തയാറെടുത്തിരുന്നു. ദൈവകൃപയില്‍ ഉറച്ചുവിശ്വസിച്ചുകൊണ്ട് ധൈര്യമായിത്തന്നെ അവിടെ നിന്ന സന്ദര്‍ഭം.
****************
ദമാംമിലെ പ്രശസ്തമായ ആസ്റ്റൂണ്‍ ഹോസ്പിറ്റലിലായിരുന്നു ഞങ്ങള്‍ കണ്‍സള്‍ട്ടേഷന് പൊയ്ക്കൊണ്ടിരുന്നത്. ഡോ.സന എന്ന ഇറാക്കി ഡോക്ടര്‍. വളരെ സീനിയറായ അവര്‍ ഒരു അമ്മയുടെ സ്നേഹവാത്സല്യങ്ങളോടെ തന്റെയടുക്കല്‍ വരുന്ന ഗര്‍ഭിണികളെ (രോഗികള്‍ അല്ല, ഗര്‍ഭിണികള്‍ എന്നുതന്നെ പറയാനാണ് എനിക്കിഷ്ടം) സമീപിക്കുന്ന ഒരു വനിതയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ (എനിക്കു തോന്നുന്നു നാട്ടിലെ ചില ഹോസ്പിറ്റലുകളില്‍ ഒഴികെ എല്ലായിടത്തും) ഡോക്ടര്‍മാര്‍ പൊതുവെ രോഗികളുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും അവരോട് ചര്‍ച്ചചെയ്യുകയും മനസ്സിലാക്കി കൊടുക്കാറുമുണ്ടല്ലോ. ഈ ഡോക്ടറും അങ്ങനെതന്നെയായിരുന്നു.
*****************
ഞങ്ങള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി, ഡോക്ടറെ കണ്ടു. ദീപയെ ഡോക്ടര്‍ പരിശോധിച്ചു. ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി വയറ്റില്‍ ബല്‍റ്റുപോലെയൊരു സാധനം ഘടിപ്പിച്ച് ഒരു മെഷീനില്‍ അല്‍പ്പസമയം നിരീക്ഷണത്തിനു വിധേയയാക്കി. എന്നിട്ടുപറഞ്ഞു, പ്രസവവേദനയുടെ ആരംഭം തന്നെയാണ്, ഇപ്പോള്‍ വീട്ടില്‍ പോയിട്ട് വൈകിട്ട് അഞ്ചുമണിയോടെ എത്തിയാല്‍ മതി എന്നു പറഞ്ഞു. അത്യാവശ്യ സാധനങ്ങള്‍ വച്ച ബാഗും ഒക്കെയായാണ് ഞങ്ങള്‍ വന്നിരിക്കുന്നത്! നാട്ടിലെ രണ്ടുമൂന്നു ദിവസം മുമ്പേയുള്ള അഡ്മിറ്റാവലിന്റെ ഓര്‍മ്മകാരണം. ഇപ്പോഴിതാ തിരികെ വീട്ടില്‍ വിട്ടിരിക്കുന്നു.
വീണ്ടും വീട്ടിലെത്തി, സൗദി അറേബ്യയില്‍ സ്ത്രീകള്‍ ജോലിക്കു പോകുന്നതു - പ്രത്യേകിച്ച് ഫാമിലി വിസയില്‍ വന്നിരിക്കുന്നവര്‍ - വളരെ കുറവായതിനാല്‍ ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ ധാരാളം മലയാളി / തമിഴ് കുടുംബങ്ങള്‍ ഉണ്ടായിരുന്നു - പത്തുപതിനഞ്ചു ഫാമിലികള്‍. എല്ലാവരും ഏകദേശം ഒരേ ഏജ് ഗ്രൂപ്പില്‍ പെട്ടവര്‍. അതിനാല്‍ ദീപയ്ക്ക് സുഹൃത്തുക്കള്‍ ധാരാളം ഉണ്ടായിരുന്നു. സെയ്ഫു, മീന, ഉമ, സ്വാതി എന്നിവര്‍ ഞങ്ങളുടെ അതേ ഫ്ലോറില്‍ താമസിക്കുന്നവര്‍. അവരൊക്കെയെത്തി. തമാശകളും വര്‍ത്തമാനവും ഒക്കെയായി പ്രസവവേദന പുരോഗമിച്ചുകൊണ്ടേയിരുന്നു.
നാലുമണിയാളമായപ്പോഴേക്കും ഞങ്ങള്‍ വീണ്ടും ആശുപത്രിയിലേക്ക് പോയി. അപ്പോഴേക്കും ദീപയ്ക്ക് വേദന അസഹ്യമാവുന്നുണ്ടെന്ന് മുഖഭാവങ്ങളില്‍ നിന്നും എനിക്കു മനസ്സിലായി. മാത്രവുമല്ല, ഓരോ വേദനകള്‍ വരുമ്പോഴും എന്റെ കൈയ്യില്‍ പിടിച്ച് ഞെരിക്കുന്നതിനാല്‍ എന്റെ കൈയ്യിലെ മോതിരം വളഞ്ഞുപോയതും ഞാന്‍ ശ്രദ്ധിച്ചു. അഡ്മിറ്റ് ചെയ്തു. ഡോ.സന എത്തി, പരിശോധിച്ചു. അരമണിക്കൂറോളം കഴിഞ്ഞ ഡോക്ടര്‍ എന്നെ വിളിച്ചു പറഞ്ഞു, ഇനി കാത്തിരുന്നിട്ട് കാര്യമില്ല, നോര്‍മല്‍ ഡെലിവറി നടക്കില്ല, പ്രതീക്ഷിച്ചതുപോലെ സിസേറിയന്‍ തന്നെ വേണ്ടിവരും എന്ന്. ഒന്നും വിഷമിക്കേണ്ട എന്നും തിയേറ്ററിന്റെ മുമ്പിലുള്ള റിസപ്ഷനില്‍ ഇരുന്നോളൂ എന്നും എന്റെ തോളില്‍ തട്ടിക്കൊണ്ട് അവര്‍ പറഞ്ഞു.
നാട്ടിലുള്ള അമ്മ ആധിപിടിക്കാതിരിക്കാനായി, വേദനതുടണ്ടിയ വിവരമൊന്നും ആരോടും അതുവരെ ഞാന്‍ പറഞ്ഞിരുന്നില്ല. ഓപറേഷന്‍ തിയേറ്ററിന്റെ മുമ്പിലെ വിശാലമായ, ഒരു സ്റ്റാര്‍ ഹോട്ടലിന്റെ ലോബിയോട് ഉപമിക്കാവുന്ന ഹാളില്‍ ഞാന്‍ ഒരു സോഫയില്‍ ഇരുന്നു. ആശുപത്രിയുടെ മണമോ, ഭാവമോ, തിരക്കോ ഇല്ലാത്ത അവിടെ മൃദുലവും, ശാന്തവുമായ ഒരു സംഗീതം സ്പീക്കറുകളില്‍ക്കൂടി ഒഴുകുന്നുണ്ടായിരുന്നു. അപ്പോഴേക്കും സെയ്ഫുവും, ഭര്‍ത്താവ് റഷീദും എത്തി. അവരും എന്നോടൊപ്പം അവിടെ ഇരുന്നു. ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടീരിക്കുമ്പോള്‍, നാട്ടിലെ ഒരു ലേബര്‍ റൂമിന്റെ മുമ്പിലെ തിക്കും തിരക്കും ടെന്‍ഷനുകളും ഞാന്‍ ഓര്‍ക്കുകയായിരുന്നു. ഇവിടെ എല്ലാം ശാന്തം...വെള്ളത്തുണിയുമായി കുഞ്ഞിനെ ഏറ്റുവാങ്ങേണ്ട, രക്തം നല്‍കാനായി ആളെ റെഡിയാക്കി നിര്‍ത്തേണ്ട, റുമിലെത്തിയാല്‍ രോഗിയെ നമ്മള്‍ തന്നെ കട്ടിലിലാക്കേണ്ട, കഞ്ഞിയും പപ്പടവും അച്ച്ചാറും വീട്ടില്‍ നിന്നും കൊണ്ടുപോകേണ്ട.
അല്‍പസമയം കഴിഞ്ഞപ്പോള്‍ രണ്ടു നേഴ്സുമാര്‍ ഒരു കുഞ്ഞിനെ ബേബി സ്ട്രോളറീല്‍ കിടത്തിക്കൊണ്ട് ഞങ്ങളുടെ മുമ്പില്‍ക്കൂടെ കടന്നുപോയി. ആകാംഷകൊണ്ട് ഞങ്ങള്‍ ചോദിച്ചു, "സിസ്റ്റര്‍ ഇതാരുടെ കുഞ്ഞാണ്?" "ദീപയുടെ കുട്ടി" അവര്‍ മറുപടിപറഞ്ഞു... എനിക്കു സമാധാമായി. പ്രസവം കഴിഞ്ഞിരിക്കുന്നു. കുട്ടി സുഖമായിരിക്കുന്നു. ഞാനാണ് അവന്റെ അച്ഛന്‍ എന്നു പറഞ്ഞപ്പാള്‍ അവര്‍ കുട്ടിയെകാട്ടിത്തന്നു, അഭിനന്ദനങ്ങളും പറഞ്ഞു. ദീപയെവിടെ എന്നന്വേഷിച്ചപ്പോള്‍, കുഴപ്പങ്ങളൊന്നുമില്ല, ഇപ്പോള്‍ തന്നെ റിക്കവറി റൂമിലേക്ക് കൊണ്ടുവരുമെന്നും അവര്‍ അറിയിച്ചു. ആശുപത്രിയിലെ സ്പീക്കറുകളില്‍ക്കൂടി അപ്പോള്‍ മഗ്രിബ് നമസ്കാരം അറിയിക്കുന്ന ബാങ്ക് വിളി സുന്ദരമായ ഒരു ശബ്ദത്തിലും ഈണത്തിലും മുഴങ്ങുന്നുണ്ടായിരുന്നു.
കുട്ടിയെ ബേബികളെ സൂക്ഷിക്കുന്ന നേഴ്സറിയിലേക്ക് കൊണ്ടുപോയി. കൈയ്യില്‍ "ദീപയുടെ ബേബി" എന്നെഴുതിയ ഒരു ലേബലുമായി. അവിടത്തെ ഇളം ചൂടില്‍, പ്രത്യേകം പ്ര്യത്യേകം സ്ട്രോളറുകളില്‍ വെള്ളത്തുണികളീല്‍ പൊതിഞ്ഞുകെട്ടി സുഖമായി ഉറങ്ങുന്ന അനേകം കുഞ്ഞുങ്ങളില്‍ ഒരുവനായി ഞങ്ങളുടെ മനുക്കുട്ടന്‍! ഇവിടങ്ങളില്‍ നവജാത ശിശുക്കളെ കുട്ടികളുടെ നേഴ്സറിയിലാണ് സൂക്ഷിക്കുന്നത്, അമ്മയോടൊപ്പം റൂമിലല്ല. നമുക്ക് കാണണം എന്നുണ്ടെങ്കില്‍ ഫോണിലൂടെ ഒന്നറീയിച്ചാല്‍ അല്പസമയത്തേക്ക് അവര്‍ കുഞ്ഞിനെ റൂമിലേക്ക് എത്തിക്കും.
എല്ലാ സൗകര്യങ്ങളോടും കൂടിയ ആ ആശുപത്രിയില്‍ അഞ്ചുദിവസം മനുക്കുട്ടനും ദീപയും താമസിച്ചു. ആ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് മനസ്സിലായ ഒരു കാര്യമുണ്ട്, ഫിലിപ്പിനോ നേഴ്സുമാരുടെ സേവന സന്നദ്ധതയും, ജോലിയിലുള്ള അവരുടെ സമീപനവും. അത് എടുത്തുപറയേണ്ടതുതന്നെ. നമ്മുടെ നേഴ്സിംഗ് കുട്ടികള്‍ - ആണായാലും പെണ്ണായാലും - ഇവരില്‍നിന്നും ജോലി സംബന്ധമായ നല്ലകാര്യങ്ങള്‍ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.
*****************
വീണ്ടും ഒരു ഏപ്രില്‍ 1. അതെ, ഇന്ന് മനുവിന്റെ പിറന്നാളാണ്. അവന് ഇന്ന് നാലുവയസ് പൂര്‍ത്തിയാകുന്നു. 2004 ഏപ്രില്‍മാസം ഒന്നാം തീയതിയായിരുന്നു അവന്റെ ജനനം. ആശുപത്രിയില്‍ നിന്ന് അഞ്ചാം ദിവസം ഞങ്ങളുടെ ഫ്ലാറ്റിലേക്ക് വന്ന മനുക്കുട്ടന്‍, പിന്നീട് മിടുക്കനായും ഒരു വയസിനുശേഷം കുസൃതിക്കുട്ടനായും പെട്ടന്നു വളര്‍ന്നു. കുഞ്ഞിനെക്കിട്ടിയ നേര്‍പെങ്ങള്‍ ഉണ്ണിമോളുടെ സന്തോഷം, പതിയെപ്പതിയെ "അമ്മേ, ഈ ചെക്കന്‍ എന്നേ തലമുടിക്കു പിടിക്കുന്നു, ഇവന്‍ എന്റെ പെന്‍സില്‍ എടുത്ത് ഒടിച്ചു കളയുന്നു..." എന്നൊക്കെയുള്ള പരാതികളിലേക്ക് കടന്നിരിക്കുന്നു. വഴക്കും അടിപിടിയും ഒഴിഞ്ഞ നേരമില്ല. അടുക്കും ചിട്ടയുമായി ഇരിക്കുന്ന ഒരു സാധനങ്ങളും വീട്ടിലില്ല.
ഇപ്പോഴത്തെ മനുവിനെപ്പറ്റി പറയാന്‍ ഏറെയുണ്ട്, കുസൃതിക്ക് കൈയ്യുംകാലും വച്ചവന്‍, “നാലാം വയസ്സില്‍ നട്ടപ്രാന്ത്“ എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നവന്‍, സ്നേഹിച്ചു നക്കിക്കൊല്ലുന്നവന്‍, ഭിത്തിയില്‍ ഒന്നൊഴിയാതെ കുത്തിവരയ്ക്കുന്നവന്‍, ഭിത്തിവര കൂടിക്കൂടി കഴിഞ്ഞ വെക്കേഷന് നാട്ടില്‍ പോയി തിരികെ വരുന്നവഴി ഒന്നു കണ്ണുമയങ്ങിപ്പോയ നേരത്തിന് എമിറേറ്റ്സ് വിമാനത്തിന്റെ ഭിത്തികളില്‍ ബോള്‍ പേനയാല്‍ "ഹെലിക്കോപ്റ്റര്‍" വരച്ചവന്‍.
ദുബായിയേക്കാള്‍ നാടിനെ ഇഷ്ടപ്പെടുന്നവന്‍, പന്തുകളിയില്‍ തല്‍പ്പരനായ, ഒരൊറ്റ കിക്കിനാല്‍ അടുപ്പത്തിരിക്കുന്ന ഏതു പാത്രവും മറിച്ചിടുന്നവന്‍, ഫോട്ടോയ്ക്ക് പോസ് ചെയ്താല്‍ ഗോഷ്ടികള്‍ മാത്രം കാണിക്കുന്നവന്‍.

ഇവന്റെ കൈതൊട്ടാല്‍ സ്ക്രാച്ചായി കാണാന്‍ വയ്യാത്ത അവസ്ഥയിലെത്താത്ത സീ.ഡി. കള്‍ ഇല്ല.
നാട്ടിലെത്തിയാല്‍ വീടിനടുത്തുള്ള കൊച്ചു കൈത്തോട്ടീല്‍നിന്നു കയറാറില്ല മനു, വെള്ളത്തില്‍ കളിതന്നെ (ഇതെല്ലാ കുട്ടികളും ഇങ്ങനെതന്നെയല്ലേ!)
എപ്പോഴെങ്കിലും എനിക്ക് പഴയകാലത്തെ “എന്നെ“ കാണാന്‍ കൊതിയാവുമ്പോള്‍ ഞാന്‍ മനുവിനെ ഉടുപ്പില്ലാതെ ഒന്നിരുത്തും, ദേ ഇങ്ങനെ.
ഇതു മനുവിന്റെ നാട്ടിലെ കൂട്ടുകാരന്‍ - പാച്ചു.
കുസൃതികള്‍ കാട്ടി മനു വളരുമ്പോള്‍, അവന്റെ ഓരോ പിറന്നാളുകളും കടന്നുപോകുമ്പോള്‍, ഞാന്‍ അല്‍പ്പം പ്രയാസത്തോടെതന്നെ ഓര്‍ത്തുപോകുന്ന ഒരു കാര്യമുണ്ട്. ഈ കുട്ടിക്കളികളും കുസൃതികളും ഇനി എത്രനാള്‍! കുട്ടികള്‍ വേഗം വളരും, അവരുടെ കുട്ടിത്തം നഷ്ടമാകും. ലോകത്തിന്റെ പിടിയിലേക്ക് അവര്‍ അറിയാതെതന്നെ വീഴും. പക്ഷേ അപ്പോഴും ഓര്‍ക്കാന്‍ ഈ നല്ല നാളുകളുടെ ഓര്‍മ്മകള്‍ ബാക്കിയുണ്ടാവണം, അല്ലേ? അതിനായി ഈ നിമിഷങ്ങളെ ഞാന്‍ ഫോട്ടോയിലാക്കിയും വാക്കുകളിലാക്കിയും ഇവിടെ കുറിച്ചിടട്ടെ. കുട്ടികള്‍ കുസൃതിക്കുട്ടന്മാരായിത്തന്നെ വളരട്ടെ.
ഈ ജന്മദിവസത്തില്‍, മനുക്കുട്ടന് ആയുസും ആരോഗ്യവും ബുദ്ധിയും മറ്റുള്ളവരോട് കരുണയും സ്നേഹവും ഉണ്ടാകുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നു ആശംസിക്കുന്നു പ്രാര്‍ത്ഥിക്കുന്നു.
പിറന്നാളാശംസകളോടെ, മുത്തങ്ങളോടെ -
അപ്പ, അമ്മ, ഉണ്ണിച്ചേച്ചി.
