കിഴക്കിന്റെ വെനീസില്‍ - ഒന്ന്

>> Saturday, January 10, 2009

ആലപ്പുഴയെ കിഴക്കിന്റെ വെനീസ്‌ എന്ന് പണ്ടാരോ വിശേഷിപ്പിച്ചത്‌ അക്കാലത്തെ അതിന്റെ വാണിജ്യരംഗത്തെ സ്ഥാനം കൊണ്ടുമാത്രമാവില്ല, ഇറ്റലിയിലെ വെനീസ്‌ നഗരത്തെപ്പോലെ ജലാശയങ്ങളുടെ നഗരം എന്ന പ്രത്യേകതകൊണ്ടുകൂടിയാവണം. കുട്ടനാടും കേരളത്തിലെ ഉള്‍‌നാടന്‍ ജലാശയ ടൂറിസവും എല്ലാം എനിക്ക് ഈ അടുത്ത കാലം വരെ കേട്ടറിവുകള്‍ മാത്രമായിരുന്നു. എന്റെ സ്വദേശം പന്തളം, പത്തനംതിട്ട ജില്ല രൂപീകൃതമാകുന്നതിനു മുമ്പ്‌ ആലപ്പുഴജില്ലയുടെ ഒരു ഭാഗം തന്നെ ആയിരുന്നെങ്കിലും, ഇതിനു മുമ്പ്‌ പലതവണം കൊച്ചി എയര്‍പോര്‍ട്ടിലേക്ക് പോകുന്നവഴി ആലപ്പുഴ നഗരം വഴി യാത്രചെയ്തിട്ടുണ്ടെന്നല്ലാതെ ഒരിക്കല്‍പോലും ആലപ്പുഴയിലെ ഉള്‍നാടന്‍ ജലാശയങ്ങളിലൂടെ സഞ്ചരിക്കുവാനുള്ള ഭാഗ്യമുണ്ടായിട്ടില്ല.

കുറിപ്പ്: ഈ പേജില്‍ വീതിയുള്ള ചിത്രങ്ങള്‍ ഉള്ളതിനാല്‍ പേജ് ലോഡ് ചെയ്യുമ്പോള്‍ ചില വരികള്‍ മുറിഞ്ഞുപോകുന്നതായി കാണുകയുണ്ടായി. അങ്ങനെ സംഭവിക്കുന്നുവെങ്കില്‍ ഒരിക്കല്‍ കൂടി പേജ് റിഫ്രഷ് ചെയ്യുക. പേജ് മുഴുവനായി ലോഡ് ചെയ്യുന്നതുവരെ താഴേക്ക് സ്ക്രോള്‍ ചെയ്യാതെയിരിക്കുക.ഗള്‍ഫിലെ സ്കൂളുകളില്‍ മധ്യവേനലവധി ജൂലൈ ഓഗസ്റ്റ്‌ മാസങ്ങളിലായതിനാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആ ഒരു സീസണില്‍ മാത്രമേ നാട്ടില്‍ എത്തുവാന്‍ സാധിക്കാറുള്ളൂ. നാട്ടിലാണെങ്കില്‍ അപ്പോള്‍‍ സുന്ദരമായ മഴക്കാലവും. വീട്ടിലിരുന്നു മഴകാണുന്നത്‌ ഒരു രസമാണെങ്കിലും വിനോദയാത്രകള്‍ക്ക്‌ ഒട്ടും യോജിക്കത്ത ഒരു സമയം.

ഈ കഴിഞ്ഞ വര്‍ഷം (2008) ജനുവരിമാസത്തില്‍ മലയാളംബ്ലോഗിലെ പ്രമുഖ യാത്രാവിവരണ ബ്ലോഗര്‍മാരില്‍ ഒരാളായ കൊച്ചുത്രേസ്യ മൂന്നുഭാഗങ്ങളായി എഴുതിയ കുട്ടനാടന്‍ യാത്രാവിവരണ പോസ്റ്റുകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍തന്നെ തീരുമാനിച്ചതാണ്‌ മഴയാണെങ്കിലും വേണ്ടില്ല, ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ കുട്ടനാട്ടിലെ ഉള്‍നാടന്‍ ജലാശയങ്ങള്‍ വഴി ഒരു യാത്ര നടത്തിയിട്ടുതന്നെ കാര്യം എന്ന്. അങ്ങനെ 2008 ലെ മധ്യവേനല്‍ അവധി വന്നുചേര്‍ന്നു; കേരളത്തില്‍ ഇടമുറിയാതെ പെയ്ത ഇടവപ്പാതിയും. ഇപ്രാവശ്യം ഞങ്ങള്‍ അവധിക്കുനാട്ടില്‍ എത്തിയതിനുശേഷം ആദ്യം പോയ കട്ടപ്പനയാത്ര ഇതിനുമുമ്പ്‌ "സഹ്യന്റെ മടിയിലൂടെ ഒരു യാത്ര" എന്ന പേരില്‍ നാലുഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരുന്നല്ലോ. അതുകഴിഞ്ഞ്‌ തിരികെയെത്തിയപ്പോള്‍ തന്നെ ഒരു ആലപ്പുഴയാത്രയും ഉദ്ദേശിച്ചിരുന്നു.കട്ടപ്പനയ്ക്കു പുറപ്പെടുന്നതിനു മുമ്പേ കൊച്ചുത്രേസ്യക്ക്‌ ഒരു മെയില്‍ അയച്ചിട്ടാണ്‌ പോയത്‌, ഈ എഴുത്ത്‌ കിട്ടിയാലുടന്‍ ആലപ്പുഴയില്‍ നിന്നുള്ള ബോട്ട്‌ യാത്രയുടെ ഒരു സംക്ഷിപ്തം, എവിടെപോകണം, ബോട്ട്‌ എവിടുന്ന് കിട്ടും തുടങ്ങിയകാര്യങ്ങളൊക്കെ വിശദമായി ഒന്നറിയിക്കണേ എന്ന് കാണിച്ചുകൊണ്ട്‌. കട്ടപ്പനയില്‍ നിന്നും തിരികെയെത്തി ആഴ്ചയൊന്നു കഴിഞ്ഞിട്ടും കൊചുത്രേസ്യക്കൊച്ചിന്റെ മറുപടി വന്നില്ല. പിന്നെയുള്ള ബ്ലോഗര്‍മാരാരൊക്കെയാണ്‌ എന്നൊന്ന് മനസില്‍ സേര്‍ച്‌ ചെയ്തപ്പോള്‍ സതീശ്‌ മാക്കോത്ത്‌, അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും ആഷാഢം ബ്ലോഗിന്റെ ഉടമയുമായ ആഷാ സതീശ്‌ എന്നിവരുടെ പേരുകള്‍ മനസില്‍ തെളിഞ്ഞു. ഹൈദരാബാദിലെ അവരുടെ ഫോണ്‍ നമ്പര്‍ പരതി വിളിക്കാനായി തുടങ്ങുമ്പോഴേക്ക്‌ ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടു.

അങ്ങേത്തലയ്ക്കല്‍ പരിചയമില്ലാത്ത ഒരു പെണ്‍ശബ്ദം. പേരു പറഞ്ഞുപരിചയപ്പെടുത്തിയപ്പോള്‍ ആളെപ്പിടികിട്ടി. കൊച്ചുത്രേസ്യ! എന്തൊരായുസ്‌ ഈ കൊച്ചിന്‌ എന്നുവിചാരിച്ചു വര്‍ത്തമാനം തുടങ്ങി. മലബാര്‍ എക്സ്‌പ്രസ്‌ ബ്ലോഗിലെ പോസ്റ്റുകളുടെ സ്റ്റൈലില്‍ തന്നെ കൊച്ചുത്രേസ്യ ആലപ്പുഴ ബോട്ട്‌ യാത്രയുടെ വിവരണങ്ങളൊക്കെ തന്നു, അരമണിക്കൂര്‍ നേരം! അപ്പോഴേക്ക്‌ ഒരു ആലപ്പുഴയാത്ര നേരില്‍ നടത്തിയതുപോലെ തോന്നിച്ചു. ഏതായാലും ഫോണ്‍ നമ്പര്‍ കിട്ടിയ സ്ഥിതിക്ക്‌ ബ്ലോഗര്‍ ദമ്പതികളെക്കൂടെ ഒന്നു വിളിച്ചേക്കാം എന്നുകരുതി; അവര്‍ ആ നാട്ടുകാരും. ആലപ്പുഴപട്ടണത്തില്‍ എത്തിയതിനുശേഷം ആരോടെങ്കിലും വഴിചോദിച്ച്‌ "മാവിന്‍ചുവട്‌" എന്നു പറയുന്ന സ്ഥലത്തെത്തണം, അവിടെയാണ്‌ ഹൗസ്‌ബോട്ടുകളുടെ ആസ്ഥാനകേന്ദ്രം എന്ന് സതീശനും ആഷയും പറഞ്ഞുതന്നു.

അങ്ങനെ പോകേണ്ട സ്ഥലവും, എവിടെനിന്നു പുറപ്പെടണം എന്ന വിവരവും ഏകദേശം മനസ്സിലാക്കി യാത്രയ്ക്ക്‌ വേണ്ട തയ്യാറെടുപ്പുകള്‍ എടുത്തു. ഇതു കേട്ടാല്‍ അങ്ങു കാശിക്കു പോകുന്നതുപോലെ വളരെ ദൂരെ എവിടെയോ പോകണം എന്നൊന്നും വിചാരിക്കരുതേ. വീട്ടില്‍ നിന്നും ഏകദേശം അന്‍പതു കിലോമീറ്ററോളം റോഡുമാര്‍ഗം പോയാല്‍ ആലപ്പുഴയില്‍ എത്തും. എന്റെ അനുജന്‍ ഷിജുവിന്റെ വിവാഹം ജൂണില്‍ കഴിഞ്ഞത്‌ ഇതിനുമുമ്പൊരു പോസ്റ്റില്‍ പറഞ്ഞിരുന്നുവല്ലോ. വിവാഹം കഴിഞ്ഞ നവദമ്പതികള്‍ക്ക്‌ ഒരു ട്രീറ്റ്‌ ബന്ധുക്കളൊക്കെ കൊടുക്കുന്നപതിവുണ്ടല്ലോ, വിരുന്നുചോറ്‌ എന്നാണ്‌ ഇതിനു ഞങ്ങളുടെ നാട്ടില്‍ പറയുന്നത്‌. ദീപയുടെ (എന്റെ ഭാര്യ) വീട്ടില്‍ നിന്നും ഇവര്‍ക്ക്‌ കൊടുക്കുന്ന വിരുന്നുചോറ്‌ ഒരു വെറൈറ്റിക്കായി ഇപ്രാവശ്യം ഒരു കെട്ടുവള്ളത്തില്‍ തന്നെയാവാം എന്ന് ദീപയുടെ പപ്പായും ആങ്ങളയും കൂടെ തീരുമാനിക്കുകയും കൂടി ചെയ്തുകഴിഞ്ഞപ്പോള്‍ ആലപ്പുഴയാത്ര യാഥാര്‍ത്ഥ്യമാകാനുള്ള സാഹചര്യമൊരുങ്ങി. ഒരു വെടിക്കു രണ്ടുപക്ഷി എന്നുപറഞ്ഞതുപോലെ ഒരു ഹൗസ്ബോട്ട്‌ ആലപ്പുഴയില്‍ നിന്ന് ബുക്ക്‌ ചെയ്താല്‍ ഒരു പകല്‍ കുട്ടനാടു വഴി എല്ലാവരും കൂടെ ഒരു ജലയാത്രയുമാകും, അവര്‍ക്ക്‌ വിരുന്നും കൊടുക്കാം.

അങ്ങനെ മഴ ഒട്ടൊന്നു ശമിച്ചുനിന്ന ഒരു ദിവസം രാവിലെ ഞങ്ങള്‍ രണ്ടുകാറുകളിലായി ആലപ്പുഴയ്ക്ക്‌ തിരിച്ചു. ഞങ്ങള്‍ കുടുംബ സമേതം, ഷിജുവും ഭാര്യ ഷോബിയും, ദീപയുടെ പപ്പാ, അമ്മ, സഹോദരന്‍ ദീപു, ഇത്രയും പേരാണ്‌ യാത്രയ്ക്കൊരുങ്ങിയിരിക്കുന്നത്‌. ബോട്ട്‌, വെള്ളം എന്നൊക്കെ കേട്ടതിന്റെ ത്രില്ലില്‍ ഉണ്ണിമോളും മനുക്കുട്ടനും വലിയ ബഹങ്ങളങ്ങളും കുസൃതികളും ഒപ്പിക്കാതെ അടങ്ങിയിരുന്നു. രാവിലെ ഒന്‍പതു മണിയോടുകൂടി നാഷനല്‍ ഹൈവേ വഴി ആലപ്പുഴ ടൗണില്‍ എത്തി. “ആരോടും ചോദിക്കാതെതന്നെ മാവിന്‍ചുവട്‌ മുക്കില്‍ എത്താനുള്ള വഴി അറിയാം“ എന്ന് പറഞ്ഞാണ്‌ ഷിജു വീട്ടില്‍ നിന്ന് പുറപ്പെട്ടത്‌. പക്ഷേ അവിടെ മാവുകള്‍ പലതുകണ്ടെങ്കിലും അവയുടെ ചുവട്ടിലൊന്നും കായല്‍ കാണാഞ്ഞതിനാല്‍ ഇതൊന്നുമല്ല ആഷയും സതീശനും പറഞ്ഞ "മാവിന്‍ചുവട്‌" എന്ന് ഉറപ്പായിരുന്നു. ഒരു സൈക്കിള്‍ യാത്രക്കാരനോട്‌ വഴിചോദിച്ച്‌ ഞങ്ങള്‍ അവസാനം മാവിന്‍ചുവട്‌ എന്ന സ്ഥലത്തുവന്നു - ടൗണിന്‌ ഉള്ളില്‍ തന്നെ, അധികം ദൂരത്തിലൊന്നുമല്ല. അവിടെ സര്‍ക്കാര്‍ വക ഒരു ടൂറിസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കണ്ടു. അവിടുത്തെ ജീവനക്കാര്‍ ചില ചെറുബോട്ടുകള്‍ (കെട്ടുവള്ളങ്ങളല്ല) കാണിച്ചു തന്നു. അതൊന്നും വലിയ രസമായി തോന്നിയില്ല. യാത്രക്കാരെ തിരക്കി നടക്കുന്ന കെട്ടുവള്ള ഏജന്റുമാരെ അവിടെവച്ചാണ്‌ കണ്ടത്‌. ഇങ്ങനെയുള്ള ആള്‍ക്കാരെപ്പറ്റി ആഷയും സതീശനും നേരത്തെ പറഞ്ഞുതന്നിരുന്നു.

ഞങ്ങള്‍ അവിടെ പോയ ജൂലൈ - ഓഗസ്റ്റ്‌ മാസങ്ങളൊക്കെ കെട്ടുവള്ളങ്ങള്‍ക്ക്‌ ഓഫ്‌ സീസണ്‍ ആണ്‌. വിദേശ വിനോദസഞ്ചാരികള്‍ എത്താത്ത സമയം. ഭൂരിഭാഗം വള്ളങ്ങളും മാസങ്ങളോളം അറ്റകുറ്റപ്പണികള്‍ക്കായി ഈ സീസണില്‍ നിര്‍ത്തിയിടും. മാത്രവുമല്ല ഈ സീസണിലെ കാലാവസ്ഥയും അത്രനന്നല്ലല്ലോ. മഴവെള്ളം കയറികിടക്കുന്ന ജലാശയങ്ങള്‍, കാറ്റ്‌, മഴ, തെളിയാത്ത അന്തരീക്ഷം. അതുകൊണ്ട് ടൂറിസ്റ്റ് സീസണില്‍ 15000 - 20000 രൂപ ഒരു ദിവസത്തേക്ക്‌ വാടക വാങ്ങുന്ന കെട്ടുവള്ളങ്ങള്‍ ഈ സീസണില്‍ മൂവായിരത്തിനു നാലായിരത്തിനും ഒക്കെ ലഭിക്കും എന്ന് സതീശന്‍ പറഞ്ഞിരുന്നു. ഇതറിയാമായിരുന്നതിനാല്‍ ഒന്നു രണ്ട്‌ കെട്ടുവള്ള ഏജന്റുമാരുമായി വിലപേശലൊക്കെ നടത്തി നില്‍ക്കുമ്പോഴാണ്‌ സിബി എന്ന ചെറുപ്പക്കാരനെ കണ്ടത്‌. അദ്ദേഹത്തിനും രണ്ടുവള്ളങ്ങള്‍ ഉണ്ട്‌. അഞ്ചുമണിക്കൂര്‍ നേരത്തേക്ക്‌ ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും ഉള്‍പ്പടെ 3500 രൂപ റേറ്റ്‌ പറഞ്ഞുറപ്പിച്ചു (ഓഫ്‌ സീസണ്‍ ആയതിനാലാണേ!)ഞങ്ങള്‍ ഏഴുപേരും രണ്ടുകുട്ടികളും ഉള്‍പ്പടെയുള്ള യാത്രയ്ക്ക്‌ വളരെ ന്യായമായ ഒരു റേറ്റ്‌ ആണ്‌ 3500 രൂപ എന്നുതോന്നി.

പോകുന്ന റൂട്ടിനനുസരിച്ചും റേറ്റില്‍ വ്യത്യാസം വരും. ആലപ്പുഴനിന്ന് കുമരകത്തേക്കോ, പാതിരാമണല്‍ ദ്വീപിലേക്കോ ഒക്കെ യാത്രപോകാം. പാതിരാമണലിലേക്കും മറ്റും പോകുന്നത്‌ പ്രധാന കായല്‍ വഴി മാത്രമാണ്‌. പക്ഷേ ഞങ്ങളുടെ മനസില്‍ കുട്ടനാട്ടിലെ ഉള്‍നാടന്‍ ജലപാതകളിലൂടെ ഒരു യാത്രയായിരുന്നു ഉണ്ടായിരുന്നത്. ഇരുവശത്തും വയലുകളും, വീ‍ടുകളും അവിടുത്തെ ജനജീവിതവും ഒക്കെ കണ്ട് കായലിന്റെ കൈവഴികളിലൂടെയും ഇടത്തോടുകളിലൂടെയും ഒരു യാത്ര. അതിനാല്‍ ഒരു മീഡിയം സൈസ്‌ വള്ളം ഞങ്ങള്‍ യാത്രയ്ക്കായി എടുത്തു. വള്ളം ‘പാര്‍ക്ക്‌‘ ചെയ്തിരിക്കുന്നത്‌ ഒരല്‍പം ദൂരെയാണ്‌. ഞങ്ങള്‍ കാറില്‍ തന്നെ അവിടേക്ക്‌ പോയി. കാറുകള്‍ അവിടെയൊരു മരത്തണലില്‍ ഇട്ടിട്ട് ഞങ്ങള്‍ വള്ളത്തിനടുത്തേക്ക്‌ പോയി.

"സരോവരം" - അതായിരുന്നു ഞങ്ങളുടെ വള്ളത്തിന്റെ പേര്‌. ആലപ്പുഴയില്‍ "വല്ല പത്തിരുപത്തഞ്ച്‌ കെട്ടുവള്ളങ്ങളൊക്കെ കാണും" എന്നൊരു മുന്‍ധാരണയില്‍ അവിടെയെത്തിയ ഞാന്‍ മുമ്പില്‍ കണ്ട കാഴ്ചകള്‍ കണ്ട്‌ ശരിക്കും അമ്പരന്നു. പലവലിപ്പത്തിലുള്ള കെട്ടുവള്ളങ്ങള്‍ നിരനിരയായി ജലാശയത്തിന്റെ പലഭാഗങ്ങളിലായി നിര്‍ത്തിയിട്ടിരിക്കുന്നു.കുട്ടനാടു മേഖലയില്‍ മാത്രം ഏകദേശം അയ്യായിരത്തോളം കെട്ടുവള്ളങ്ങള്‍ ഇപ്പോള്‍ ടൂറിസവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്ന് സിബി പറഞ്ഞത് ശരിക്കും പുതിയൊരു അറിവായിരുന്നു. കായലില്‍ നിന്ന് ഉളിലേക്ക്‌ മാറിയുള്ള ഒരു കൈത്തോടിലായിരുന്നു ഞങ്ങളുടെ സരോവരം നിര്‍ത്തിയിട്ടിരിക്കുന്നത്‌. പഴയ ഒരു ഇരുമ്പു നടപ്പാലം കയറി ഇറങ്ങിവേണം കാറുകള്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന സ്ഥലത്തുനിന്നും വള്ളത്തിന്റെ അടുത്തേക്ക്‌ എത്തുവാന്‍. അവിടെനിന്ന് താഴത്തെകാഴ്ചകള്‍ കാണുവാന്‍ ഭംഗിയായിരുന്നു. സര്‍ക്കാര്‍ വക ഒരു പഴഞ്ചന്‍ സര്‍വ്വീസ്‌ ബോട്ട്‌, ഒരു വര്‍ക്‍ഷോപ്പ്‌, തുടങ്ങിയവയൊക്കെ ആ ഭാഗത്ത്‌ ഉണ്ടായിരുന്നു. വള്ളം നിര്‍ത്തിയിട്ടിരുന്ന വശത്തായി ഒരു ചെറിയ റോഡും. പാലത്തില്‍ നിന്ന് എടുത്ത ഒരു ഫോട്ടോ ഇതാ.

സരോവരം ഒരു മീഡിയം സൈസ്‌ ഹൗസ്‌ബോട്ടായിരുന്നു. ഒരു ബെഡ്‌ റൂം, അറ്റാച്ഡ്‌ ബാത്ത്‌റൂം, ഒരു ചെറിയ സിറ്റ്‌ഔട്ട്‌ പോലെ ഏഴെട്ടുപേര്‍കിരിക്കാവുന്ന കുഷ്യനോടുകൂടിയ ഇരിപ്പിടങ്ങള്‍, വള്ളത്തിന്റെ ഏറ്റവും പിന്നിലായി ഒരു ചെറിയ അടുക്കളയും. ഇത്രയും സൗകര്യങ്ങളായിരുന്നു അതിലുണ്ടായിരുന്നത്‌. അഞ്ചാറുമണിക്കൂര്‍ നീളുന്ന പകല്‍ യാത്രയ്ക്ക്‌ ഈ സൗകര്യങ്ങള്‍ ധാരാളം. എന്നാല്‍ ഒരു രാത്രിമുഴുവന്‍ വള്ളത്തില്‍ തങ്ങാനുള്ള പ്ലാനാണെങ്കില്‍ ഇതുപോരാ. മൂന്നും നാലും ബെഡ്‌റൂമുകളും, വിശാലമായ "വരാന്തകളും" എയര്‍കണ്ടീഷന്‍ വേണ്ടവര്‍ക്ക്‌ അതുള്‍പ്പടെയുള്ള മുറികളും ഒക്കെയുള്ള വള്ളങ്ങള്‍ ഇഷ്ടംപോലെ അവിടെ കണ്ടു. ഓരോരുത്തരുടേയും ബജറ്റിനിണങ്ങുന്നത്‌ തെരഞ്ഞെടുക്കാം.

മുന്‍കൂട്ടി ബുക്ക്‌ ചെയ്യാതെയുള്ള യാത്രയായതിനാല്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങുവാനായി അരമണിക്കൂര്‍ വേണം എന്ന് വള്ളജീവനക്കാര്‍ പറഞ്ഞു. അതിനുള്ളില്‍തന്നെ അവര്‍ പോയി അരി, കപ്പ, കരിമീന്‍, പചക്കറികള്‍ തുടങ്ങിയ സാധനങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി വന്നു. ആകാശം മൂടിക്കെട്ടി നില്‍ക്കുകയായിരുന്നെങ്കിലും മഴ ഉടനെ പെയ്യുമെന്നു തോന്നിയില്ല. ഭാഗ്യം.

ജിനില്‍, സജിമോന്‍ എന്നീ ചെറുപ്പക്കാരായിരുന്നു വള്ളത്തിന്റെ സാരഥികള്‍ കം കുക്കുകള്‍. സിബിയോട്‌ യാത്രപറഞ്ഞ്‌ ഞങ്ങള്‍ യാത്ര ആരംഭിച്ചു. സരോവരം കരയ്ക്കടുപ്പിച്ച്‌ നിര്‍ത്തിയിരുന്നത്‌ ഒരു ഇടത്തോട്ടിലായിരുന്നു എന്നു പറഞ്ഞല്ലോ. അവിടെനിന്ന് കായലിലേക്ക്‌ പോകുവാന്‍ പുറകോട്ട്‌ ഇറങ്ങേണ്ടതുണ്ടായിരുന്നു. വള്ളം പുറകോട്ടു പോകുവാന്‍ മോട്ടോര്‍ ഉപയോഗിച്ചു സാധിക്കില്ല. അതിന്‌ പരമ്പരാഗത മാര്‍ഗ്ഗങ്ങളായ വള്ളക്കോലുതന്നെ ശരണം. പത്തഞ്ഞൂറ്‌ മീറ്റര്‍ പിന്നിട്ട്‌ വള്ളം കായലിലെത്തി. എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.

കേരനിരകളാടുന്ന ആ ഹരിതചാരു തീരം ഒരു കവിതപോലെ കായല്‍പ്പരപ്പിന്റെ മനോഹാരിതയില്‍ ഞങ്ങളുടെ മുമ്പില്‍ അങ്ങനെ പരന്നുകിടക്കുന്നു. നമ്മുടെ കേരളനാട്‌ ഇത്ര മനോഹരിയോ.....!!! നേരില്‍ കണ്ടെങ്കില്‍ മാത്രമേ നമുക്കത്‌ മനസ്സിലാവുകയുള്ളൂ. ആ നാട്ടിലെ ജനങ്ങളുടെ ജിവിതവുമായി വെള്ളവും വള്ളവും ഒരുപോലെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് കായല്‍ പരപ്പിലൂടെ അല്‍പം പോകുമ്പോള്‍ തന്നെ മനസ്സിലാകും. കൊച്ചു കൊച്ചു കൊതുമ്പു വള്ളങ്ങളിലാണ്‌ പശുവിനു പുല്ലുചെത്തിക്കൊണ്ടുവരുന്നതും, കായലോരത്തെ വീടുകളുടെ മുമ്പിലൂടെ പച്ചക്കറി, പലചരക്കു സാധനങ്ങള്‍ തുടങ്ങിയവ കൊണ്ടുവരുന്നതും മറ്റും. കേരളത്തിലെ മറ്റു സ്ഥലങ്ങളില്‍, “ഞങ്ങളുടെ വീട്ടില്‍ കാറുണ്ട്, സ്കൂട്ടറുണ്ട്“ എന്നൊക്കെ പറയുന്നതുപോലെ ഈ നാട്ടില്‍ ഒരു കൊച്ചുവള്ളം എല്ലാ വീട്ടിലും ആവശ്യമാണെന്നു തോന്നിപ്പോയി!. ഒരു വല്യമ്മച്ചി അരിഞ്ഞപുല്ലുമായി ഒരു കൊച്ചുവള്ളവും തുഴഞ്ഞ്‌ പോകുന്ന കാഴ്ച ദേ നോക്കിയേ! കാലും നീട്ടി ബാലന്‍സില്‍ ഉള്ള ആ ഇരിപ്പുകണ്ടോ!.


ഇതുപോലെയുള്ള കൊച്ചുവള്ളക്കാഴ്ചകള്‍ നമുക്ക് ഇനിയും കാണാം.മുമ്പോട്ടു പോകുംതോറും കുട്ടനാടന്‍ ഗ്രാമഭംഗി ഒരു വെള്ളിത്തിരയിലെന്നപോലെ ഞങ്ങള്‍ക്കു മുമ്പില്‍ ചുരുള്‍ നിവര്‍ത്തി.ഇതുവരെ കണ്ടറിഞ്ഞിട്ടില്ലാത്ത തീര്‍ത്തും വ്യത്യസ്തമായ ഒരു കേരളീയ ഗ്രാമഭംഗിയുടെ ആ കാഴ്ചകളിലേക്ക്‌ അടുത്ത പോസ്റ്റില്‍ ...

കിഴക്കിന്റെ വെനീസില്‍ - ഭാഗം രണ്ട്

30 comments:

അപ്പു ആദ്യാക്ഷരി January 10, 2009 at 8:46 PM  

ആലപ്പുഴയില്‍ നിന്ന് ഒരു ബോട്ട് യാത്ര.

നിരക്ഷരൻ January 10, 2009 at 9:30 PM  

തേങ്ങാ എന്റെ വക.
(((((ഠേ))))))

കുറച്ച് നാളായി ഏതെങ്കിലും യാത്രാവിവരണത്തിന് തേങ്ങയടിച്ചിട്ട്.

മനോഹരമായ പടങ്ങളൊക്കെ കണ്ടപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ കെട്ടുവള്ളയാത്ര ഓര്‍മ്മവന്നു. ഒരിക്കല്‍ കൂടെ പോകണമെന്നുള്ള ആഗ്രഹവും പൊങ്ങിവന്നു. ഓഫ് സീസണ്‍ തന്നെയാണ് പോക്കറ്റിനും കാഴ്ച്ചകള്‍ക്കും നല്ലതെന്നാണ് എനിക്ക് തോന്നിയത്. 8 കൊല്ലം മുന്‍പ് 2000 രൂപയ്ക്കാണ് ഞാനാ യാത്ര നടത്തിയത്.

മഴക്കാലത്ത് ഒഎഉ കെട്ടുവള്ളയാത്ര നടത്തുന്നതിന്റെ സുഖം ഒന്ന് വേറെതന്നെയാണ്.

മനോഹരമായ പടങ്ങള്‍ക്കും ബാക്കിഭാഗങ്ങള്‍ക്കും വേണ്ടി കാത്തിരിക്കുന്നു.

Manikandan January 11, 2009 at 12:58 AM  

ആലപ്പുഴയുടെ കായൽഭംഗി ആസ്വദിച്ചുള്ളയാത്രയ്ക്ക് ഞാനും റെഡി. അടുത്ത പോസ്റ്റ് ഉടനെ പോരട്ടെ.

ആവനാഴി January 11, 2009 at 2:04 AM  

അപ്പൂ,

യാത്രാവിവരണം അതീവഹൃദ്യമായിരിക്കുന്നു. അവിടെ പോയ പ്രതീതി. സഞ്ചാരസാഹിത്യത്തിലും അപ്പു കസറും എന്നതില്‍ എനിക്കു യാതൊരു സംശയവുമില്ല. അടുത്ത ലക്കത്തിനുവേണ്ടി കാത്തിരിക്കുന്നു.

സസ്നേഹം
ആവനാഴി

ഹരീഷ് തൊടുപുഴ January 11, 2009 at 8:03 AM  

അപ്പുവേട്ടാ;

പോരട്ടേ, ഇനിയും പോരട്ടേ...
കാത്തിരിക്കുന്നൂ അടുത്ത ഭാഗത്തിനായി....

പിന്നെയ്; പേജ് റീഫ്രെഷ് ചെയ്താലും ചില ഭാഗങ്ങള്‍ തെളിഞ്ഞുകാണുന്നില്ലാട്ടോ, എന്താണാവോ എന്തോ?

ബിന്ദു കെ പി January 11, 2009 at 10:14 AM  

കുട്ടനാടൻ കാഴ്ചകൾ കാണാനുള്ള ഭാഗ്യം ഇതുവരെ എനിയ്ക്കും ഉണ്ടായില്ല. ഏതായാലും അപ്പുവിന്റെ വിവരണത്തിലൂടെ ആ യാത്രയ്ക്ക് ഞാനും തയ്യാറെടുക്കുകയാണ്..

Shaf January 11, 2009 at 12:08 PM  

അപ്പുവേട്ടാ...

മഴ നനഞ്ഞപോലെ ഒരു ഫീലിങ്..!!
പിന്നെ നല്ല വിവരണം കെട്ടോ...പിന്നെ കൂടുതല്‍ എഴിതുന്നില്ല..യാത്രയുടെ പടിപ്പുരയിലല്ലെ എത്തിയിട്ടുള്ളൂ...ഈ മണല്‍കാട്ടില്‍ യന്ത്രത്തെപോലെ ജീവിക്കുമ്പോഴും നാടിന്റെ മണവും കാറ്റും മനസ്സില്‍ സൂക്ഷിക്കുക മാത്രമല്ല ഞ്ഞങ്ങള്‍ക്കായ് കാഴ്ചൊരുക്കുകയും ചെയ്തതിനു നന്ദി...

:- എതാ ഫോണ്ട് ? നല്ല വായാനാ സുഖം.

Kaithamullu January 11, 2009 at 1:03 PM  

ഞങ്ങളും പോയിരുന്നു, മൂന്ന് കൊല്ലം മുന്‍പ് ഇത് പോലൊരു യാത്ര.
അന്ന് ‍ തോന്നിയതാ ഒരു യാത്രാവിവരണം എഴുതണമെന്ന്...
പക്ഷെ എത്ര നന്നായി : അപ്പൂന് ഒരു ചാന്‍സ് കിട്ടിയല്ലോ ഇപ്പോള്‍.
-മുഴുവന്‍ പോരട്ടേ, വേഗം!

Sathees Makkoth January 11, 2009 at 1:13 PM  

അപ്പു,
കെട്ടുവള്ളത്തീന്ന് ഇറങ്ങി ഒരു കൊതുമ്പ് വള്ളത്തിലിരുന്ന് തുഴയുന്നതിന്റെ രസമൊന്നോർത്തേ...
ഓളത്തിലുഞ്ഞാടുന്ന വള്ളത്തിന്റെഉലച്ചിലിനെ കുറിച്ചൊന്നോർത്തേ...
ഏതായാലും ഞാൻ കുറച്ച് നേരത്തേക്കെങ്കിലും അതൊക്കെ ഓർത്തു.
ബൈ ദ ബൈ ഷപ്പിലൊന്നും കേറീല്ലേ...ഛേ...കഷ്ടം.

സുല്‍ |Sul January 11, 2009 at 1:19 PM  

അപ്പുവിന്റെ യാത്രാ വിവരണത്തിന് ബൂലോഗ യാത്രികന്റെ വക തേങ്ങ. ഇനിയെന്തു വേണം. ആലപ്പുഴയൊഴുകുന്ന വഴികളുടെ കാണാത്ത തീരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

-സുല്‍

K.V Manikantan January 11, 2009 at 2:28 PM  

wonderful,

i also had one trip to kumarakam, insha alla, I will post it

plse continue....

Appu Adyakshari January 11, 2009 at 3:55 PM  

യാത്രാവിവരണ “തേങ്ങയ്ക്ക് നിരക്ഷരന് ഒരു നന്ദി. ശരിയാണ്, ഓഫ് സീസണ്‍ തന്നെയാണ് പോക്കറ്റിനു നല്ലത്. ഫോട്ടോഗ്രാഫിക്ക് പറ്റിയ സമയമല്ലെന്നേയുള്ളൂ. ആകെ ചെളിവെള്ളവും, അടച്ചുമൂടിയ അന്തരീക്ഷവും എല്ലാം കൂ‍ടി മറ്റൊരു മഴമൂഡ്. :-)

മണികണ്ഠന്‍, ആവനാഴിച്ചേട്ടന്‍ നന്ദി.
ഹരീക്ഷ്, പേജ് ലോഡ് പ്രശ്നം ഇപ്പോള്‍ പരിഹൃതമായല്ലോ അല്ലേ.

ബിന്ദു, ഷാഫ്, കൈതമുള്ള് നന്ദി. ശശിയേട്ടനു മടി തീരെയില്ലല്ലോ അല്ലേ :-)

സതീശാ, കൊച്ചു കൊതുമ്പുവള്ളത്തേലിരുന്ന് ആടുവാനുള്ള ധൈര്യമൊന്നും ഇല്ലേ.. :-)

സുല്ലിനും സങ്കുചിതനും നന്ദി, അഭിപ്രായണ്‍ഗള്‍ക്ക്

ചന്ദ്രകാന്തം January 11, 2009 at 4:36 PM  

"കറയറ്റോരാലസ്സല്‍ ഗ്രാമഭംഗീ"..
നിറയുന്നൂ ലിഖിതത്തില്‍ ചിത്രഭംഗീ..


-തുടര്‍ച്ച വേഗമായിയ്ക്കോട്ടെ...

ഷിജു January 11, 2009 at 10:01 PM  

കൊള്ളാമല്ലോ.......

സതീശേട്ടന്‍ പറഞ്ഞിടത്തും കയറി,അപ്പുച്ചേട്ടനല്ല, ഞാന്‍. അടിപൊളിയായിരുന്നു.
അതിന്റെ ഒരു ഫോട്ടോ ഉണ്ടാരുന്നു. സെന്‍സര്‍ബോര്‍ഡ് കട്ട് ചെയ്തതായിരിക്കും:-)


അപ്പൂവേട്ടാ ബാക്കികൂടി പോരട്ടെ...

കൊച്ചുത്രേസ്യ January 11, 2009 at 10:35 PM  

നല്ല പടംസ്‌...ചുമ്മാ കൊതിപ്പിക്കാനായിട്ട്‌.... ഇതൊക്കെ കണ്ട്‌ ഇനീം ആലപ്പുഴയിലേക്കു വിട്ടാലോ എന്നൊരുൾവിളി...

അലസ്സൻ January 12, 2009 at 6:25 AM  

അപ്പൂ!
വള്ളത്തിലെ ശാപ്പാട്‌, പിന്നെ.....എല്ലാം അങ്ങ്നെ ഇങ്ങ്‌ പോരട്ടെ.ഒടുവിലത്തെ ആ റിഫ്രെഷ്മെന്റിന്റെ കാര്യം കൂടി പറയുമല്ലോ? ഇപ്പോഴും വള്ളത്തിലിരിക്കുകയാണോ എന്നു തോന്നുന്നു, വിവരണം കേട്ടപ്പോൾ! ഷിജു എന്തിനാ ആ പറഞ്ഞ സ്ഥലത്ത്‌ കയറിയത്‌? അത്‌ വള്ളക്കാർ വാങ്ങി അകത്തു തരുമല്ലോ.

ശ്രീ January 12, 2009 at 9:18 AM  

നല്ല മനോഹരമായ വിവരണം, അപ്പുവേട്ടാ... കൊതിപ്പിയ്ക്കുന്ന ചിത്രങ്ങളും...

കുട്ടിച്ചാത്തന്‍ January 12, 2009 at 11:02 AM  

ചാത്തനേറ്: ചില കഥകളുണ്ട് പറഞ്ഞ് പറഞ്ഞ് മനുഷ്യനെ എവറസ്റ്റിന്റെ മോളില്‍ എത്തിക്കുന്ന ടൈപ്പ്, എന്നു വച്ചാല്‍ അവസാനമാകുമ്പോഴേക്കും അങ്ങേയറ്റം പിരി മുറുക്കും എന്നു സാരം. അവസാനത്തെ ആ വല്യമ്മച്ചിയുടെ പടം!! അതിനു മുന്‍പ് ഈ പോസ്റ്റില്‍ വേറേ ഒരു പടവും കണ്ടില്ല എന്ന് തോന്നിച്ചു കളഞ്ഞു.. ക്ലാസ്....

ഓടോ: വേറൊരു എവറസ്റ്റിന്റെ മോളില്‍ കുടിയിരുത്തിയ ത്രേസ്യാമ്മയെ താഴെയിറക്കാന്‍ വല്ല ഉദ്ദേശവുമുണ്ടോ?

Radheyan January 12, 2009 at 1:19 PM  

അപ്പു,പോകുന്നതിനു മുന്‍പ് പറഞ്ഞിരുന്നെങ്കില്‍ ആലപ്പുഴയില്‍ സകല സെറ്റപ്പും ഒരുക്കി തരുമായിരുന്നല്ലോ.

ബാക്കി കൂടി വായിക്കാന്‍ താല്‍പ്പര്യം.എന്നും കാണുന്ന കാഴ്ച്ചകളായിരുന്നുവെങ്കിലും വിനോദസഞ്ചാരിയുടെ കണ്ണില്‍ കൂടിയുള്ള കാഴ്ച്ച വേറെ തന്നെ.

Appu Adyakshari January 12, 2009 at 2:09 PM  

രാധേയന്‍! ഓ അക്കാര്യം ഞാന്‍ ഓര്‍ത്തില്ലാ, രാധേയന്റെ വീട് അവിടെയാണെന്ന് അറിയില്ലായിരുന്നു എന്നുപറയുന്നതാണ് ശരി. അടുത്തതവണ പോകുമ്പോഴാകട്ടെ, ഇപ്പോഴേ ബുക്ക്ക് ചെയ്തിരിക്ക്കുന്നു! നന്ദി.

ശ്രീ, ഷിജു, കൊച്ചുത്രേസ്യ, ചന്ദ്രകാന്ദം, ഷിഹാബ്, അലസന്‍, കുട്ടിച്ചാത്തന്‍ എല്ലാവര്‍ക്കും നന്ദി. താമസിയാതെ തന്നെ തുടരാം.

shajkumar January 12, 2009 at 8:25 PM  

പന്തളത്തു നിന്നും വെനിസിലേക്ക്‌ പന്തൊം കൊളുത്തി.. thanx for ur comment.

യാരിദ്‌|~|Yarid January 12, 2009 at 9:59 PM  

അപ്പു മാഷെ, ബാക്കികൂടെ എഴുതു ഉടനെ തന്നെ..:)

Typist | എഴുത്തുകാരി January 12, 2009 at 10:21 PM  

വിവരണവും പടങ്ങളുമൊക്കെ കാണുമ്പോള്‍, എനിക്കും ഒരു കൊതി ആലപ്പുഴയിലൊരു ബോട്ടുയാത്രക്കു്. നോക്കട്ടേ പറ്റുമോന്നു്.

Kiranz..!! January 13, 2009 at 8:40 AM  

ന്റെ ദൈവങ്കർത്താവേ എനിക്കാരേലും ഒരു ചെറ്യേ റീത്ത് സമർപ്പിക്കോ‍ാ...!(മിക്കവാറും കിട്ടും) പന്തളത്തുകാരൻ അപ്പുരാജനു അങ്ങോരുടെ അപ്പനപ്പൂപ്പന്മാർ നടന്നു പോയ ആലപ്പുഴക്ക് പൂവാൻ മലബാറുകാരിപ്പെങ്കൊച്ചിനെ വിളിച്ച് ചോദിക്കണം പോലും..കാലത്തിന്റെ ഒരൊന്നൊന്നരപ്പോക്കേ..!

ഓഫ് : പടങ്ങൾ കാ‍ണിച്ചു കൊതിപ്പിക്കാമെന്നു കരുതേണ്ട,അടുത്ത വെക്കേഷനെന്തായാലൂം ആലപ്പുഴക്കു വച്ച് പിടിക്കാം.കൊച്ചുവിന്റെ നമ്പർ എത്രാന്നാ പറഞ്ഞേ ? :)

Mohanam January 13, 2009 at 1:01 PM  

ബോട്ട് യാത്റാ വിവരണം  കൊള്ളാം ...
വേറൊരു യാത്രയുണ്ട് കൊല്ലത്തുനിന്നും ആലപ്പുഴക്ക് അതായത് രാവിലെ മുതല്‍ വൈകിട്ടുവരെ.. ഒന്നാലോചിച്ചു നോക്കിയേ....

BS Madai January 13, 2009 at 1:39 PM  

അപ്പൂ,
അപ്പൊ പറഞ്ഞപോലെ, ബാക്കി കാര്യങ്ങള്‍ വിശദമായി അടുത്ത പോസ്റ്റില്‍...
your posts r always very informative.

അഗ്രജന്‍ January 13, 2009 at 2:28 PM  

പോസ്റ്റ് അബടെ നിക്കട്ടെ...


അപ്പൂനും കെട്ട്യോള്ക്കും ന്റേം കുടുംബത്തിന്റേം വഹ വിവാഹവാറ്ഷീകാശംസകള്... :)

thoufi | തൗഫി January 14, 2009 at 5:21 PM  

വിവരണമിഷ്ടപ്പെട്ടു ;
പടങ്ങളതിലേറെ ഇഷ്ടമായി.

ഏറെക്കാലമായി മനസ്സിലുള്ളതാണ്,
കുടുംബസമേതം ഒരു കുട്ടനാടന്‍ യാത്ര.പക്ഷെ, എണ്ണിതിട്ടപ്പെടുത്തിയ ദിവസങ്ങളുമായി നാട്ടിലെത്തുന്ന നമുക്ക് എവിടെ ഇതിനൊക്കെ സമയം? ഏതായാലും അപ്പുവിന്റെ കൂടെ ഒരു ഹൌസ്ബോട്ട് യാത്ര ചെയ്ത പ്രതീതി കിട്ടി..നന്ദി

തുടരുക,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

-- മിന്നാമിനുങ്ങ്

OAB/ഒഎബി January 14, 2009 at 5:21 PM  

ഞാനൊരിക്കൽ ആലപ്പുഴ പട്ടണത്തിൽ (സെന്റ് ജോറ്ജ്ജ് കുട) വന്നിട്ടുണ്ട്. കൂടുതലൊന്നും കാണാൻ പറ്റിയില്ലെങ്കിലും കായലുകളുടെയും വള്ളങ്ങളുടെയും നാട് കണ്ടു. അന്നേ ആഗ്രഹിച്ചിരുന്നു വിശദമായ ഒരു കാഴ്ച. ഈ ഫോട്ടോകൾ കണ്ടപ്പോൾ അത് വീണ്ടും ഓറ്മ്മ വന്നു. പെമ്പ്രന്നോത്തിയും മക്കളും ഒരുക്കമാൺ. പക്ഷേ 10000- 20000 എന്നൊക്കെ കേക്കുമ്പൊ പേടി തോന്നുന്നു. ഏതായാലും അൺ സീസണിൽ നോക്കട്ടെ.
യാത്രാ വിവരണം നന്നായി.
ബാക്കിക്കായി കത്തിരിക്കുന്നു.

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP