വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന ജന്മങ്ങള്‍
>> Wednesday, September 12, 2007
കഴിഞ്ഞയാഴ്ച്ചത്തെ പത്രങ്ങളില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പതിനൊന്നാം വാര്‍ഡില്‍ ഒരു അമ്മ, പൊക്കിള്‍കൊടിപോലും മുറിയാത്ത തന്റെ പിഞ്ചു കുഞ്ഞിനെ, ആശുപത്രിയില്‍ വന്ന മറ്റൊരു സ്ത്രീയുടെ കൈയ്യിലേല്‍പ്പിച്ചിട്ട് സ്ഥലം വിട്ടു എന്നതായിരുന്നു ആ വാര്‍ത്ത.
കുഞ്ഞിനേയുംകൊണ്ട് ഒറ്റയ്ക്ക് ആശുപത്രിയില്‍ വന്നതാണെന്നും, മൂത്രമൊഴിക്കാന്‍ പോയിട്ട് തിരികെ വരുന്നതുവരെ കുഞ്ഞിനെ ഒന്നു പിടിക്കാമോ എന്നുമുള്ള കളവുപറഞ്ഞിട്ടായിരുന്നത്രെ ആ അമ്മ കുഞ്ഞിനെ മറ്റേ സ്ത്രീയുടെ കൈയ്യിലേല്‍പ്പിച്ചത്. മണിക്കൂറൊന്നായിട്ടും അമ്മയെ കാണാതെ, കുഞ്ഞിനെ കൈപ്പറ്റിയ സ്ത്രീ ആശുപത്രി അധികൃതരെ വിവരമറിയിച്ചു, അവര്‍ പോലീസിനേയും. പത്രവാര്‍ത്തകളറിഞ്ഞ് കുഞ്ഞുങ്ങളില്ലാത്തവരും, സന്നദ്ധസംഘടനകളും മുന്നോട്ടു വന്നു, കുഞ്ഞിനെ ഏറ്റെടുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട്. അവസാനം ഇന്നലെ കോടതി ഇടപെട്ട് സര്‍ക്കാരിന്റെ ശിശുക്ഷേമ ഭവനിലെ അന്‍പത്തിനാലാമത്തെ അംഗമായി അവന്‍ കോടതിവരാന്തയിറങ്ങി, ഒരു വനിതാപോലീസ് കോണ്‍സ്റ്റബിളിന്റെ കൈയ്യില്‍ ഒന്നുമറിയാതെ വിരലുംനുണഞ്ഞ് ഉറങ്ങിക്കൊണ്ട്.
*********** ************ *************
കഴിഞ്ഞ അവധിക്കാലത്ത് കേരളത്തിലെ ഒരു സ്വകാര്യ അനാഥശാല സന്ദര്‍ശിക്കുവാനിടയായി. സേവന സന്നദ്ധരായ ഇരുപതോളം പേര്‍ ചേര്‍ന്ന്, ഒന്നു രണ്ടു സിസ്റ്റര്‍മാരുടെ സഹായത്തിലും മേല്‍നോട്ടത്തിലും, അശരണരായ വൃദ്ധര്‍ക്കും, അനാഥരായ കുട്ടികള്‍ക്കും വേണ്ടി നടത്തുന്ന ഒരു ചെറിയ സ്ഥാപനം. സ്നേഹഭവന്‍. അവിടെ വച്ചാണ് ഒരുവയസ്സുകാരി മരിയയെ കണ്ടത്. ജിജ്ഞാസ നിറഞ്ഞ കുഞ്ഞിക്കണ്ണുകളും, സദാ പുഞ്ചിരിക്കുന്ന മുഖവും ഉള്ള ഒരു മാലാഖക്കുഞ്ഞ്. ജനിച്ചപ്പോള്‍ മുതല്‍ മരിയയുടെ വീട് ഈ സ്നേഹഭവനാണ്.
അമ്മ വഴിയുലുപേക്ഷിച്ചുപോയ ഒരു അനാഥയല്ല അവള്‍. അവളുടെ അമ്മ റീന(ശരിയായ പേരല്ല) അവളോടൊപ്പം ഉണ്ട്, അതേ സ്ഥാപനത്തില്‍. സ്ഥാപനത്തിന്റെ നടത്തിപ്പുകാരില്‍ ഒരാളും എന്റെ ബന്ധുവുമായ ഒരു ചേച്ചിയോട് ചോദിച്ചാണ് മരിയയുടെ കഥ ഞാന്‍ അറിഞ്ഞത്.
റീനയുടെ സ്വദേശം, അവിടെനിന്നും കുറേ ദൂരെയാണ്. പ്ലസ് റ്റൂവിന് പഠിക്കുമ്പോഴാണ് അവളുടെ നാട്ടുകാരനായ ഒരു യുവാവ് അവളോട് പ്രണയാഭ്യര്‍ത്ഥനയുമായി വന്നത്. കൌമാരചാപല്യങ്ങള്‍ക്ക് പ്രണയാഭ്യര്‍ത്ഥനയുടെ വരുംവരായ്കകള്‍ അറിയണമെന്നില്ലല്ലോ. ഇവിടേയും അതുതനെ സംഭവിച്ചു. പ്രണയം അതിരുവിട്ടപ്പോള്‍ റീന ഗര്‍ഭിണിയായി. കാമുകന്‍ കൈയ്യൊഴിഞ്ഞു. അവളത് എല്ലാവരില്‍നിന്നും ഒളിച്ചുവച്ചു, അവളുടെ അമ്മയില്‍നിന്നുവരെ. പക്ഷേ എത്രനാള്‍ ഒരു ഗര്‍ഭം ഒളിച്ചുവയക്കാന്‍ പറ്റും? അഞ്ചാറുമാസം കഴിഞ്ഞപ്പോഴേക്ക് അമ്മ വിവരം അറിഞ്ഞു. നാടും നാട്ടാരും അറിയുന്നതിനുമുമ്പേ, അവര്‍ റീനയെ മറ്റെവിടെയോ അയച്ചു പഠിപ്പിക്കാനെന്ന വ്യാജേന, വീട്ടില്‍ നിന്നു മാറ്റി. പ്രസവം അടുക്കാറായപ്പോഴേക്ക് സ്നേഹഭവനിലെത്തിച്ചു. സമയമായപ്പോള്‍ അവള്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു.
പ്രസവം കഴിഞ്ഞയുടനെ റീനയുടെ അമ്മയെത്തി, കുട്ടിയെ കാണാനല്ല, മകളെ കൂട്ടിക്കൊണ്ടുപോകാന്‍. റീനയ്ക്ക് ആദ്യം സമ്മതമായിരുന്നു. പക്ഷേ സ്ഥാപനത്തിലെ സിസ്റ്റര്‍മാരും, നടത്തിപ്പുകാരും അവളെ ഉപദേശിച്ചു, കുഞ്ഞിനെ അനാഥയായി വിട്ടേച്ച് പോകരുതേയെന്ന്. അമ്മയ്ക്ക് തീരെ സമ്മതമല്ലായിരുന്നെങ്കിലും മനസ്സില്ലാമനസ്സോടെ റീന സമ്മതിച്ചു. എങ്കിലും പോകുമ്പോള്‍ ഒരു ഉപദേശം അമ്മ മകള്‍ക്കുനല്‍കാന്‍ മറന്നില്ല. “കുഞ്ഞിനെ മുലയൂട്ടരുത്, ഒന്നു രണ്ടുവര്‍ഷം കഴിഞ്ഞ് നീ വീട്ടിലേക്ക് പോരുക, മറ്റൊരു വിവാഹം അമ്മ നടത്തിത്തരും. ഈ പ്രസവക്കഥ ആരും അറിയുകപോലുമില്ല”
ശരിയായിരിക്കാം, മുലയൂട്ടാതെ സ്തനസൌന്ദര്യം നിലനിര്‍ത്തി, ആരെയും ഒന്നും അറിയിക്കാതെ “കന്യകയായി” റീനയ്ക്ക് ഒരു വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമായിരിക്കാം. പക്ഷേ ഒന്നുമറിയാത്ത ഈ പിഞ്ചുകുഞ്ഞ്? ഉത്തരമില്ല.
********** ************* *************
ദൃശ്യമാധ്യമങ്ങളിലൂടെയും, സമൂഹത്തില്‍ ആകപ്പടെ മാറിയ സാഹചര്യങ്ങളിലൂടെയും കൌമാരക്കാരിലെ ലൈഗികാവബോധം വളരെ വര്‍ദ്ധിച്ചിരിക്കുന്നു ഈ കാലഘട്ടത്തില്‍ - പലതും നിറംപിടിപ്പിച്ച അറിവുകളാണെങ്കില്‍ത്തന്നെയും. അത്യന്താധുനിക സാഹിത്യവും ലൈകികതയുടെ ചുവടുപിടിച്ചുതന്നെ പോക്ക്. വിവാഹപൂര്‍വ്വിക ലൈംഗികത ഒരു ഫാഷനായും, “അതില്‍ വലിയ കുഴപ്പമില്ല” എന്ന മട്ടിലും കാണുന്ന ഇന്നത്തെ പുതുതലമുറയോട് ഉപദേശങ്ങള്‍ പറയുന്നതില്‍ വലിയ അര്‍ത്ഥമില്ല. പക്ഷേ അവര്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നെങ്കില്‍ - തങ്ങളുടെ ലീലാവിലാസങ്ങള്‍ക്കിടയില്‍ അറിയാതെപോലും മറ്റൊരു ജീവന്‍ ഉരുവാകാനിടയാവാതിരിക്കട്ടെ.
അല്ലെങ്കില്‍ തങ്ങളുടെ കുറ്റംകൊണ്ട് പിറന്നതല്ലാത്ത, പെറ്റമ്മയ്ക്കു പോലും വേണ്ടാതെ വഴിയിലുപേക്ഷിക്കപ്പെടുന്നവരുടെ എണ്ണം ഇനിയും ഇനിയും കൂടിയേക്കാം. അല്ലെങ്കിലും പെണ്‍വാണിഭവും, ബോംബു സ്ഫോടനവും, തട്ടിക്കൊണ്ടുപോകലും എല്ലാം ഒരു വാര്‍ത്തയേ അല്ലാത്ത ഇക്കാലത്ത് ഇങ്ങനെ കുറെ ജന്മങ്ങള്‍ ജനിച്ചാലും ആര്‍ക്കു ചേതം... ? നിസംഗതയോടെ നമ്മള്‍ മലയാളികള്‍ പറയും “ഇതൊന്നും നമ്മുടെ വീട്ടില്‍ നടക്കുന്നില്ല്ലല്ലോ, പിന്നെയെന്താ...”
1047