മൂന്നു കുരങ്ങന്മാര്‍ പറഞ്ഞത്
>> Monday, April 30, 2007
കൊല്ലം ജില്ലയിലെ പ്രമുഖ പട്ടണങ്ങളില്‍ ഒന്നാണ് പുനലൂര്‍. പുനലൂര്‍ പേപ്പര്‍ മില്ലും, പ്ലൈവുഡ് ഫാക്ടറിയും പുനലൂര്‍ തൂക്കുപാലവും വളരെ പ്രശസ്തമാണല്ലോ? കല്ലടയാറിന്റെ സാമീപ്യവും, കിഴക്കന്‍ മലകളില്‍ യഥേഷ്ടം ലഭിച്ചിരുന്ന ഈറയും, തടിവ്യവസായത്തിന് ആവശ്യമായ കാട്ടുമരങ്ങളും ഒക്കെയാവാം, ബ്രിട്ടീഷുകാരെ ഈ പ്രദേശത്തേക്ക് ആകര്‍ഷിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദങ്ങള്‍ മുതല്‍തന്നെ പുനലൂര്‍, കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വികസിതമായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ തുടങ്ങി എണ്‍പതുകളുടെ തുടക്കം വരെ, അവരുടെ ജോലിയുടെ ഭാഗമായി എന്റെ മാതാപിതാക്കള്‍ പുനലൂരിലായിരുന്നു താമസിച്ചിരുന്നത്.
പുനലൂര്‍ ടൗണില്‍ നിന്നും രണ്ടുകിലോമീറ്ററോളം പടിഞ്ഞാറ് മാറി, പേപ്പര്‍ മില്ലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും, ജോലിക്കാരുടെ ക്വാട്ടേഴ്സുകളും ഒക്കെ സ്ഥിതിചെയ്തിരുന്ന ഒരു പ്രദേശത്തായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്ന വാടക വീട്. റോഡില്‍ നിന്നും അല്‍പം മാറി, ഒരു വയലിന്റെ വശത്ത് നിന്നിരുന്ന, രണ്ടുമുറിയും ഒരു വരാന്തയും ഉള്ള ഓലമേഞ്ഞ, വൈദ്യുതി എത്തിയിട്ടില്ലാത്ത ആ വീട്ടിലായിരുന്നു എന്റെ കുട്ടിക്കാലം. സമീപത്തു തന്നെയുള്ള ഒരു സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരായിരുന്നു എന്റെ അച്ഛനമ്മമാര്‍.
അന്നൊക്കെ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനും മറ്റുമായി, പുനലൂര്‍ ടൗണിലേക്ക് പോകേണ്ടതുണ്ടായിരുന്നു. അവധി ദിനങ്ങളാണെങ്കില്‍ ടൗണിലേക്ക് പോകുന്നത് കുറച്ചുകൂടി നേരത്തേയായിരിക്കും, സന്ധ്യമയങ്ങുന്നതിനു മുമ്പ്, വീട്ടില്‍ തിരിച്ചെത്താവുന്ന തരത്തില്‍. ചിലപ്പോഴൊക്കെ അപ്പ ഞങ്ങള്‍ കുട്ടികളേയും കൂട്ടും, നഗരക്കാഴ്ചകള്‍ കാണാന്‍. ടൗണിലേക്ക് പോകുന്ന വഴിയില്‍ "റിച്ചീസ് ഇന്‍സ്റ്റിറ്റ്യൂട്ട്" എന്ന പേരിലുള്ള ഒരു ഹിന്ദി ഭാഷാപഠനകേന്ദ്രം ഉണ്ടായിരുന്നു. ഈ സ്ഥാപനത്തെ ഇന്നും ഞാന്‍ ഓര്‍ത്തിരിക്കാന്‍ ഒരു കാരണമുണ്ട് - അതിന്റെ മതിലില്‍ ഉറപ്പിച്ചിരുന്ന മൂന്നു കുരങ്ങന്മാരുടെ പ്രതിമകള്‍ അന്നെനിക്ക് വളരെ കൗതുകകരമായി തോന്നിയിരുന്നു. ഒരാള്‍ കണ്ണുപൊത്തിയിരിക്കുന്നു, അടുത്തയാള്‍ ചെവിപൊത്തിപ്പിടിച്ചിരിക്കുന്നു, മൂന്നാമത്തെയാള്‍ വായ പൊത്തിപ്പിടിച്ചിരിക്കുന്നു. കടുംകാവിനിറത്തിലുള്ള തൂണുകള്‍ക്കു മുകളില്‍, വെള്ളിനിറത്തില്‍ ഉണ്ടാക്കി ഉറപ്പിച്ചിരുന്ന ആ കുരങ്ങന്മാരുടെ പ്രതിമകള്‍ ടൗണിലേക്ക് പോകുന്നവഴിയില്‍ എന്നും ഒരു വിസ്മയക്കാഴ്ചയായിരുന്നു.
ഈ കുരങ്ങന്മാര്‍ നമ്മോട് എന്താണ് പറയുന്നതെന്ന് അറിയാമോ എന്ന് എന്റെ അമ്മ ഒരിക്കല്‍ ചോദിച്ചു. "ഇല്ല" എന്ന എന്റെ മറുപടികേട്ട് അമ്മ പറഞ്ഞു,
ഒന്നാമന്‍ പറയുന്നത് "കുഞ്ഞേ, കുഞ്ഞേ, കാണണ്ടാത്തതു കാണേണ്ടാ... "
രണ്ടാമന്‍ പറയുന്നു "കുഞ്ഞേ കുഞ്ഞേ, കേള്‍ക്കണ്ടാത്തതു കേള്‍ക്കണ്ടാ..."
മൂന്നാമന്‍ പറയുന്നു "കുഞ്ഞേ, കുഞ്ഞേ, ചൊല്ലരുതാത്തതു ചൊല്ലണ്ടാ....."
ചെറുപ്പകാലത്ത് ഇതിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും പിടികിട്ടിയില്ല എങ്കിലും, അറിവായപ്പോള്‍ അതിന്റെ വ്യാപ്തി മനസ്സിലായി. എത്ര അര്‍ത്ഥവത്തായ പഴമൊഴി! തിന്മയായ എന്തില്‍നിന്നും നോക്കിലും, വാക്കിലും, കേള്‍വിയിലും ഒഴിഞ്ഞിരിക്കുമെങ്കില്‍ സകല തിന്മകളില്‍ നിന്നും നാം മോചിതരായിരിക്കുമെന്ന മഹത്തായ ചിന്തയാണ് ഈ മൂന്നു കുരങ്ങന്മാര്‍ പറഞ്ഞുതരുന്നതെന്ന അറിവ് എനിക്ക് അവരോടുള്ള സ്നേഹം വര്‍ദ്ധിപ്പിച്ചു.

രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരവധിക്കാലത്ത് അച്ഛനമ്മമാരേയുംകൂട്ടി പുനലൂരിലെ പഴയ വാസസ്ഥലവും, അന്നത്തെ അയല്‍ക്കാരെയുമൊക്കെ ഒന്നു കാണുവാന്‍ ഞങ്ങള്‍ പോയിരുന്നു. ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ വളരെ മാറ്റങ്ങള്‍ വരുത്തിയിരുന്നു ആ പ്രദേശങ്ങള്‍ക്ക്. പഴയ റിച്ചീസിനുമുന്‍പില്‍ക്കൂടി കാര്‍ പോകുമ്പോള്‍ ഞാന്‍ കുരങ്ങമ്മാരെപ്പറ്റി ഓര്‍ത്തു. അപ്പ അമ്മയോടു പറയുന്നതു കേട്ടു, "പണ്ട് ഇതുവഴി എത്ര നടന്നതാ..." എന്ന്. ശരിയാണ്. വൈകുന്നേരങ്ങളില്‍ ടൗണിലേക്ക് പോകുന്ന അപ്പ, ഒരു സഞ്ചിയില്‍ വീട്ടിലേക്കുള്ള സാധനങ്ങളും കൈയ്യിലേന്തി, എട്ടുമണിയോളമാവുമ്പോഴേക്ക് തിരിച്ചെത്തും. റോഡില്‍നിന്ന് വയല്‍വരമ്പുവഴി ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയിലെ കൂരിരുട്ടില്‍ ഒരു മിന്നിക്കുന്ന ടോര്‍ച്ചോ, അല്ലെങ്കില്‍ ഒരു പേപ്പറില്‍ ചുരുട്ടി കത്തിച്ച മെഴുകുതിരിവെട്ടമോ കാണുമ്പോള്‍ അത് അപ്പയാണോ എന്നു നോക്കി ഞങ്ങള്‍ നില്‍ക്കുമായിരുന്നു. അച്ഛനുള്ള വീട് എത്ര സുരക്ഷിതമാണ്...അല്ലേ?
അവരുടെ പരിമിതമായ ചുറ്റുപാടുകളില്‍ ഒതുങ്ങിനിന്നുകൊണ്ട് മക്കളെ നല്ല രീതിയില്‍ രൂപപ്പെടുത്തിയെടുത്തതിന്റെ സുകൃതമാണല്ലോ ഞങ്ങള്‍ ഇന്നനുഭവിക്കുന്നതെന്ന് ഹൃദയംനിറയുന്ന സന്തോഷത്തോടെ ഞാനപ്പോള്‍ ഓര്‍ത്തു.
****************** ***************
വാല്‍ക്കഷണം: മൂന്നുകുരങ്ങന്മാരുടെ "See no evil, hear no evil, speak no evil" എന്ന പഴമൊഴിക്ക് എട്ടാം നൂറ്റാണ്ടാളം പഴക്കമുണ്ടത്രേ. ഇന്‍ഡ്യയില്‍നിന്ന് ജപ്പാനിലെത്തിയ ബുദ്ധമത സന്യാസിമാരാണിത് ജപ്പാനില്‍ പ്രചരിപ്പിച്ചതെന്നു കരുതപ്പെടുന്നു. ജപ്പാനിലെ ടൊഷോഗു ആരാധനാലയത്തിന്റെ ഒരു വാതില്‍പ്പടിമേല്‍ കൊത്തിവച്ചിരിക്കുന്ന മൂന്നു കുരങ്ങന്മാരുടെ രൂപങ്ങള്‍ പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. വിവരങ്ങള്‍ക്കു കടപ്പാട്, വിക്കിപീഡിയയ്ക്ക്.