Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം

>> Tuesday, January 19, 2010



2010 ജനുവരി 4

പതിവുപോലെ ജോലികഴിഞ്ഞ് വൈകിട്ട് നാലുമണിക്ക് ദുബായ് നഗരത്തിലെ ഷെയ്ഖ് സായിദ് ഹൈവേ വഴി കടന്നുപോകുമ്പോൾ തിരക്ക് പതിവിലും അല്പം കുറവായിത്തോന്നി. ആകാശം അത്ര തെളിഞ്ഞതായിരുന്നില്ല. തണുപ്പുകാലമായതിനാൽ അവിടവിടെയായി പഞ്ഞിക്കെട്ടുപോലെയുള്ള മേഘങ്ങൾ പറന്നുനടക്കുന്നുണ്ട്. ഗൾഫിലെ പട്ടണങ്ങളിൽ നിന്നുകൊണ്ടു നോക്കുമ്പോൾ മേഘങ്ങൾ നിൽക്കുന്ന തലം താഴേക്ക് വന്നുവോ എന്നു തോന്നാറുണ്ട്. അംബരചുംബികളായ കെട്ടിടങ്ങളാണ് ഇത്തരമൊരു തോന്നലിനു കാരണമായി ഭവിക്കാറുള്ളത്. ബുർജ് ദുബായ് എന്ന ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടത്തിന്റെ മുകളറ്റം ഒരു കൊച്ചു മേഘം മറച്ചിരുന്നു. ബുർജ് എന്ന അറബിവാക്കിന്റെ അർത്ഥം ടവർ എന്നാണ്. നിവർത്തി നിർത്തിയിരിക്കുന്ന ഭീമാകാരമായ ഒരു സൂചിപോലെ ഉയർന്നുയർന്നുപോയി സ്ട്രാറ്റസ് മേഘങ്ങളുടെ നിരപ്പിലേക്ക് അക്ഷരാർത്ഥത്തിൽ എത്തിയിരിക്കുന്നു ഇന്ന് ബുർജ് ദുബായ്.

800 മീറ്ററിലും മുകളിൽ എന്ന അസാമാന്യ ഉയരത്തിലേക്ക് എത്തിനിൽക്കുന്ന ആ എഞ്ചിനീയറിംഗ് അത്ഭുതത്തിന്റെ വളർച്ചയിലെ ഓരോ പടവും കഴിഞ്ഞ അഞ്ചുവർഷങ്ങളായി കണ്ടുവരുന്നതാണെങ്കിലും ഈ ദിവസത്തിൽ അതു കാണുമ്പോൾ ഒരു പ്രത്യേകതയുണ്ട്. ലോകാത്ഭുതങ്ങളിലൊന്ന് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഈ പടുകൂറ്റൻ സൌധത്തിന്റെ ഔദ്യോഗികമായ ഉത്ഘാടനം ഇന്നാണ് നടക്കുന്നത് - ജനുവരി 4, 2010. ദുബായ് നഗരം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രൌഢഗംഭീരവും മനോഹരവുമായ ഒരു ചടങ്ങാവും അതെന്നാണ് ദിവസങ്ങളായി റേഡിയോയിലൂടെയും, പത്രങ്ങളിലൂടെയും, എസ്.എം.എസ് കളിലൂടെയും ഉള്ള പരസ്യങ്ങളിൽ നിന്ന് മനസ്സിലാവുന്നത്.ഒപ്പം ദൃശ്യവിസ്മയങ്ങൾ തീർക്കുന്ന ഒരു വെടിക്കെട്ടും അതിനോടനുബന്ധിച്ചുണ്ടാവും എന്ന് വളരെ നേരത്തേതന്നെ അറിയുപ്പുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടത്തിൽ നിന്നുള്ള വെടിക്കെട്ടും അത്രത്തോളം ഉയരമുള്ളതായിരിക്കുമല്ലോ; അതിനായി നഗരവും നാട്ടുകാരും ഒരുങ്ങിക്കഴിഞ്ഞു. എല്ലാവരും അത് കാണാനുള്ള ആകാംഷയിലും ഉത്സാഹത്തിലുമാണ്. വീട്ടിലെത്തി കുടുംബത്തേയും കൂട്ടി സൌകര്യപ്രദമായ ഒരു സ്ഥലത്ത് നിന്ന് അസുലഭമായ ഈ ദൃശ്യങ്ങൾ ഒന്നുകാണുക, അതായിരിക്കണം അപ്പോൾ റോഡിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന ഓരോ യാത്രികന്റെയും മനസ്സിലുണ്ടായിരുന്ന ചിന്ത. ഞാനും അവരുടെയൊപ്പം കൂടി.

ലോകത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ എമ്മാർ (EMAAR) പ്രോപ്പർറ്റീസിന്റെ 20 ബില്യൺ ഡോളർ ചെലവു കണക്കാക്കുന്ന ഡൌൺ ടൌൺ ബുർജ് ദുബായ് എന്ന ഭീമൻ പ്രോജക്റ്റിന്റെ ഹൃദയഭാഗമാണ് 1.5 ബില്യൺ ഡോളർ ചെലവാക്കി നിർമ്മിച്ച ഈ ടവർ. ഇതിനു ചുറ്റുമായി രണ്ട് ചതുരശ്രകിലോമീറ്റർ ചുറ്റളവിലായി മുപ്പതിനായിരത്തോളം റസിഡൻഷ്യൽ ബിൽഡിംഗുകൾ, ഓഫീസ് സമുച്ചയങ്ങൾ, ദുബായ് മാൾ എന്ന പടുകൂറ്റൻ ഷോപ്പിംഗ് സെന്റർ, ദുബായ് തടാകം, ദുബായ് ഫൌണ്ടൻ, ഓൾഡ് ടൌൺ തുടങ്ങിയ പലവിധ നിർമ്മിതികൾ ഉൾക്കൊള്ളുന്ന സ്ഥലമാണ് ഡൌൺ ടൌൺ ബുർജ് ദുബായ്. ഈ ഒരു ഏരിയയെ പൊതുവായി ബിസിനസ് ബേ എന്നും വിളിക്കുന്നു. ദുബായ് സിറ്റിക്കുള്ളിൽ മറ്റൊരു സിറ്റി എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. ഇതിലേറെയും നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. താഴെയുള്ള ചിത്രത്തിൽ ഈ പ്രോജക്റ്റിന്റെ ഒരു ഏകദേശരൂപം കാണാവുന്നതാണ്.


Credits : Dubai Chronicle


ദുബായ് സിറ്റിപരിചയമില്ലാത്തവർക്കായി ഒരല്പം ഭൂമിശാസ്ത്രം കൂടി ഇവിടെ കുറിക്കട്ടെ. ദുബായിയിലെ പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡ് എന്ന ഹൈവേയുടെ ഒന്നാം ഇന്റർചെയ്ഞ്ചിനടുത്താണ് ഡൌൺ ടൌൺ ബുർജ്. അതിന്റെ മറുവശത്തുകൂടി മറ്റുരണ്ടു ഹൈവേകൾ കടന്നു പോകുന്നു. ബിസിനസ് ബേ ഹൈവേയും അൽ ഖൈൽ റോഡും. ഈ ഹൈവേകളെ എല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള ലിങ്ക് റോഡുകളും ഈ കെട്ടിട സമുച്ചയത്തിനു ചുറ്റുമായി ഉണ്ട്. ഈ ഭാഗങ്ങളിൽ എവിടെ നിന്നാലും ഈ കെട്ടിടത്തിന്റെ ഭംഗിയായ ഒരു കാഴ്ച ലഭിക്കുകയും ചെയ്യും.

രാത്രി എട്ടുമണിക്കാണ് ഉത്ഘാടനച്ചടങ്ങുകൾ ആരംഭിക്കുന്നത്. ലൈവ് ആയി ടി.വി യിൽ ചടങ്ങ് മുഴുവനും ലഭ്യമാണെങ്കിലും നേരിൽ അത് കാണുന്നതിന്റെ ഭംഗിയൊന്നുവേറെതന്നെയാണല്ലോ. അതിനാൽത്തന്നെ വാഹനങ്ങളുള്ളവരും ഇല്ലാത്തവരും നാലുമണിആയപ്പോൾ തന്നെ ബുർജ് ദുബായിയുടെ പരിസരത്തേക്ക് പോകുവാൻ തുടങ്ങിയിരുന്നു. പബ്ലിക് ട്രാൻസ്പോർട്ട് സൌകര്യങ്ങളായ ടാക്സി, ബസ്, മെട്രോ എല്ലാം ലഭ്യമായിരുന്നുവെങ്കിലും ഭൂരിഭാഗം പേരും സ്വന്തംവാഹനങ്ങളിൽ തന്നെ പോകുവാനാണ് താല്പര്യപ്പെടുക എന്നറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആറര മണിയായപ്പോഴേക്ക് ഞങ്ങളും വീട്ടിൽ നിന്ന് പുറപ്പെട്ടു. ശൈത്യകാലമായതിനാൽ സൂര്യാസ്തമയം നേരത്തെയാണ്, ഇരുട്ട് വീണുതുടങ്ങിയിരുന്നു. സുഹൃത്തുക്കളിൽ പലരും അതിലും മുമ്പു തന്നെ പുറപ്പെട്ടതായി അവരുടെ ഫോൺസന്ദേശങ്ങളിൽ നിന്ന് മനസ്സിലായിരുന്നു. ദുബായിലെ ഗർഹൂദ് പാലവും കടന്ന് അൽ ഐൻ ഹൈവേയിലേക്ക് കയറുമ്പോൾ തന്നെ വാഹനങ്ങൾ മെല്ലെപ്പോക്ക് തുടങ്ങി. അവിടെനിന്ന് ബിസിനസ് ബേ ഹൈവേയിലേക്ക് കടക്കുന്ന എക്സിറ്റിൽ എത്തിയപ്പോഴേക്ക് റോഡ് ഏകദേശം നിശ്ചലമായിക്കഴിഞ്ഞിരുന്നു. നോക്കെത്താ ദൂരത്തേക്ക് ഹൈവേയുടെ ഇരുവശവും വാഹനങ്ങൾ. ആയിരങ്ങളോ പതിനായിരങ്ങളോ അല്ല ഒരു പക്ഷേ ലക്ഷം തന്നെയുണ്ടാവും അവയെന്ന് ആ കിടപ്പുകണ്ടാലറിയാം! പലരും റോഡിന്റെ ഇരുവശങ്ങളിലേക്ക് വാഹനങ്ങൾ ഒതുക്കി അവിടെത്തന്നെ നിൽക്കുവാൻ തുടങ്ങിയിരുന്നു.

ദുബായ് നഗരത്തിൽ എവിടെനിന്നാലും ബുർജ് ദുബായ് കാണാൻ സാധിക്കുമെങ്കിലും ബിസിനസ് ബേയുടെ വശങ്ങളിൽ നിന്ന് അതിന് അഭിമുഖമായുള്ള ദൃശ്യം മനോഹരമായിരുന്നു. മറ്റു കെട്ടിടങ്ങളൊ തടസ്സങ്ങളോ ഇല്ലാത്ത ഒരു പനോരമിക് വ്യൂ. അൻപതും അറുപതും നിലകളുള്ള സമീപത്തെ അംബരചുംബികളെയൊക്കെ ഏറെ “കുഞ്ഞാക്കിക്കൊണ്ട്” ബുർജ് ദുബായ് അങ്ങനെ തലയുയർത്തി നിൽക്കുന്നത് ഒരു നിഴൽ‌പോലെ നേരിയ വെളിച്ചത്തിൽ കാണാമായിരുന്നു. ഉത്ഘാടനചടങ്ങുകൾ ആരംഭിക്കുമ്പോൾ മാത്രം പ്രവർത്തിപ്പിക്കുവാനായിരുന്നിരിക്കണം മറ്റു ലൈറ്റുകളൊന്നും ആ കെട്ടിടത്തിൽ നിന്ന് അപ്പോൾ ദൃശ്യമായിരുന്നില്ല. കാലാവസ്ഥാനിരീക്ഷണകേന്ദ്രം പ്രവചിച്ചിരുന്നതുപോലെ വളരെ തെളിഞ്ഞ ആകാശം. അതിൽ അവിടവിടെയായി ഏറ്റവും പ്രകാശമേറിയ നക്ഷത്രങ്ങൾ മാത്രം. ബാക്കിയുള്ള കോടാനുകോടി നക്ഷത്രങ്ങളും ഭൂമിയിലേക്ക് പൊഴിഞ്ഞുവീണുവോ എന്നു തോന്നിപ്പിക്കുമാറ് അനന്തവിസ്തൃതമായികിടക്കുന്ന നഗരം മുഴുവൻ അസംഖ്യം വൈദ്യുതദീപങ്ങൾ തീർത്ത ദീപാവലി. ശൈത്യകാലത്തിന്റെ സുഖശീതളിമയുള്ള നനുത്തകാറ്റ്. സുന്ദരമായിരുന്നു ആ രാത്രിയും ആ അന്തരീക്ഷവും.

സമയം കൃത്യം എട്ടുമണി. ഉത്ഘാടന ചടങ്ങുകൾ ആരംഭിച്ചു എന്ന് റേഡിയോയിലൂടെയുള്ള അറിയിപ്പുകളിൽ നിന്ന് മനസ്സിലായി. ആദ്യമായി ദുബായിയുടെ ചരിത്രവും ഈ സൌധത്തിന്റെ നിർമ്മാണവും സംബന്ധിച്ച ഒരു ചെറിയ ഡൊക്കുമെന്ററി ആയിരുന്നു പ്രദർശിപ്പിച്ചത്. ശേഷം ശബ്ദവും വെളിച്ചവും, ഫൌണ്ടനും എല്ലാം ഒത്തുചേർന്ന വിവിധ ഡിസ്പ്ലേകൾ.



ബുർജ് ദുബായ് യുടെ എല്ലാ വശങ്ങളിലുമായി ഉറപ്പിച്ചിരുന്ന അനവധി സ്ട്രോബ് ലൈറ്റുകൾ പല പാറ്റേണുകളിൽ മിന്നുവാൻ ആരംഭിച്ചു. കെട്ടിടത്തിന്റെ ഉയരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന സ്ക്രീൻ ഡിസ്പ്ലേ ആയിരുന്നു ആദ്യം ഒന്ന് രണ്ട് മൂന്ന് ഇങ്ങനെ മുമ്പോട്ട് നീങ്ങിയ മീറ്റർ കണക്കിനുള്ള ഉയരം പകുതിയോളം എത്തുമ്പോഴേക്കും ബുർജ് ദുബായിയുടെ ഇരുവശത്തും സ്ഥിതിചെയ്യുന്ന അൻപതു നിലകളോളം ഉയരമുള്ള രണ്ടു കെട്ടിടങ്ങളുടെ മുകളിൽ നിന്ന് ഒരു മിനി വെടിക്കെട്ട് ആരംഭിച്ചിരുന്നു. ഒപ്പം അനവധി സേർച്ച് ലൈറ്റുകളുടെ പ്രകാശവീചികൾ സൌധത്തിനു ചുറ്റും പ്രകാശവലയങ്ങൾ തീർത്തു. അവസാനം കെട്ടിടത്തിന്റെ യഥാർത്ഥ ഉയരം സ്ക്രീനിൽ തെളിഞ്ഞു. 828 മീറ്റർ - ഒരു കിലോമീറ്ററിന് വെറും 172 മീറ്റർ താഴെ!

ബുർജ് ദുബായിയുടെ മുമ്പിലുള്ള ദുബായ് ഫൌണ്ടൻ എന്ന മറ്റൊരത്ഭുതത്തിന്റെ പ്രകടനമായിരുന്നു അടുത്തത്. ഒപ്പം ബുർജ് ദുബായിയുടെ നിർമ്മാണഘട്ടങ്ങൾ വിവരിക്കുന്ന ഒരു ലൈറ്റ് ആന്റ് സൌണ്ട് ഷോയും. 150 മീറ്റർ ഉയരത്തിലെത്തുന്ന ഈ ഫൌണ്ടന്റെ വാട്ടർജെറ്റുകൾ സംഗീതത്തിനനുസരിച്ച് അക്ഷരാർത്ഥത്തിൽ ചാഞ്ചാടിയാടുവാൻ’ കഴിവുള്ളവയാണ്. 250 മീറ്റർ നീളത്തിലുള്ള ഈ ഫൌണ്ടൻ ഇത്തരത്തിലുള്ള ലോകത്തിലേക്കും ഏറ്റവും വലിയ മ്യൂസിക്കൽ ഫൌണ്ടൻ ആണ്. താഴെയുള്ള യു ട്യൂബ് വീഡിയോയിൽ ഈ ഫൌണ്ടന്റെ പ്രകടനം കാണാവുന്നതാണ്. അതിന്റെ അവസാനം ഒരു ലേസർ ഷോ ആയിരുന്നു. നീലവർണ്ണത്തിലുള്ള അസംഖ്യം ലേസർ ബീമുകൾ അന്തരീക്ഷത്തിലേക്കുയർന്ന് ബുർജ് ദുബായ്ക്ക് ചുറ്റും ഒരു മായാപ്രകാശവലയം തീർത്തത് കിലോമീറ്ററുകൾക്കപ്പുറം വരെ ദൃശ്യമായിരുന്നു. ബ്ലോഗർ പ്രശാന്ത് ഐരാണിക്കുളം എടുത്ത ഈ ഫോട്ടോഗ്രാഫ് ആ രംഗം ഭംഗിയായി പകർത്തിയിരിക്കുന്നു.





ബുർജ് ദുബായ് ഉത്ഘാടനം ചെയ്ത ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആരും പ്രതീക്ഷിക്കാതിരുന്ന മറ്റൊരു വിസ്മയമാണ് ഉത്ഘാടത്തിനിടെ പ്രഖ്യാപിച്ചത്. തന്റെ സ്വപ്നപദ്ധതികളൊക്കെയും വെറും സ്വപ്നങ്ങളായി മാത്രം സൂക്ഷിക്കാതെ, മനുഷ്യശേഷിയും, ലഭ്യമായ എല്ലാ സങ്കേതങ്ങളും ഉപയോഗിച്ച് യാഥാർത്ഥ്യങ്ങളാക്കിമാറ്റുന്നതിൽ പ്രത്യേക കഴിവും താല്പര്യവുമുള്ള ഈ മഹാനായ രാഷ്ട്രനേതാവ് തന്റെ ഉത്ഘാടന പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: “അചഞ്ചലമായ ഇശ്ചാശക്തിയും നിശ്ചയദാർഢ്യവും മാത്രം കൈമുതലാക്കിക്കൊണ്ടാണ് നാം ഈ അംബരചുംബി പടുത്തുയർത്തിയിരിക്കുന്നത്. ലോകത്തിലേക്കും ഔന്നത്യമേറിയ സ്ഥാ‍നം ഉന്നതരായ വ്യക്തികളുടെ പേരിനോടൊപ്പം ചേർത്താണ് സ്മരിക്കപ്പെടേണ്ടത്. അതിനാൽ, ഈ സൌധം ഇനിമുതൽ നമ്മുടെ പ്രസിഡന്റിനോടുള്ള ആദരസൂചകമായി “ബുർജ് ഖലീഫ“ എന്നാവും അറിയപ്പെടുക“.

തുടർന്ന് ദുബായ് ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര മനോഹരമായ വെടിക്കെട്ടിന്റെ മാസ്മരികലോകമാണ് പതിനായിരക്കണക്കിനു കാണികളുടേയും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ലൈവ് ടി.വിയിലൂടെ ഈ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിനാളുകളുടെയു മുന്നിലേക്ക് മിഴിതുറന്നത്. ഒരിക്കലും മറക്കാനാവാത്ത ഒരു ദൃശ്യവിരുന്നായിരുന്നു അതെന്നത് നിസ്സംശയമായ കാര്യമാണ്. നിലത്തുനിന്ന് ഒരുകിലോമീറ്റർ മുകളിലേക്ക് ഉയർന്നു പൊട്ടാൻ ശേഷിയുള്ള മത്താപ്പുകൾ നിലവിലില്ല എന്നറിയാമായിരുന്നിട്ടും ഇതെങ്ങനെയാണ് ഈ സൌധത്തിന്റെ ചുറ്റും വർണ്ണങ്ങൾ വിരിയിക്കുക എന്നത് അപ്പോൾ നേരിൽ കാണുന്നതുവരെ ഭാവനയിൽകാണാവുന്നതിനും അപ്പുറമായിരുന്നു.

അമേരിക്കയിൽനിന്നും യൂറോപ്പിൽ നിന്നും എത്തിയ ഫയർവർക്ക്സ് സംഘങ്ങളാണ് കമ്പ്യൂട്ടർ നിയന്ത്രിതമായ ഈ സംവിധാനങ്ങൾ ഉറപ്പിച്ചതും പിഴവൊട്ടുമില്ലാതെ അവതരിപ്പിച്ചതും. ഒരു വലിയ പൈൻ ട്രീയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ താഴെനിന്ന് മുകളറ്റം വരെ ഉയർന്ന മത്താപ്പുകളോടെയായിരുന്നു തുടക്കം. അതിനു മറുപടിയെന്നോണം അതിലും മനോഹരമായി അങ്ങ് 828 മീറ്റർ ഉയരത്തിൽ നിന്ന് ആരംഭിച്ച് താഴേക്ക് ഇറങ്ങിവന്ന മറ്റൊരു ദൃശ്യാനുഭവം. പലവിധത്തിൽ, പല വർണ്ണങ്ങളിൽ, പലരൂപത്തിൽ നടന്ന ആ മനോഹര ദൃശ്യങ്ങൾ വാക്കുകളിലൂടെ പറയുന്നതിനു പകരം ഷംസുക്കയുടേയും, കൈപ്പളിയുടെയും ക്യാമറകൾ പകർത്തിയത് താഴെ നൽകുന്നു.
ഫോട്ടോ : ഷംസുദ്ദീൻ മൂസ
ഫോട്ടോ : ഷംസുദ്ദീൻ മൂസ



ഒപ്പം യൂ-ട്യൂബിൽ ലഭ്യമായ അനേക വീഡിയോ ക്ലിപ്പുകളിൽ ഏറ്റവും നല്ലതെന്നു എനിക്ക് തോന്നിയ ഒരെണ്ണവും താഴെ നൽകുന്നു. ഈ വീഡിയോ 12 മിനിറ്റ് നീളമുള്ളതാണ്. അതിന്റെ ആദ്യഭാഗങ്ങളിൽ ഉത്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ലൈറ്റ് ആന്റ് സൌണ്ട് ഷോയും ദുബായ് ഫൌണ്ടന്റെ അതുല്യമായ നടനവും കാണാം. ഒൻപതാം മിനിറ്റുമുതലാണ് ശരിക്കുള്ള വെടിക്കെട്ട് ആരംഭിക്കുന്നത്. സമയമുള്ളവർ ഈ വീഡിയോ പൂർണ്ണമായും കാണുന്നത് ഒരു നഷ്ടമാവില്ല !

Excellent recording and presentation! Thanks to ITNNEWS.



=================


ബുർജ് ഖലീഫ :

ഇങ്ങനെയൊരു ടവറിന്റെ ആവശ്യമെന്താണ് ഇതൊരു പാഴ്ചെലവല്ലേ എന്നൊക്കെ വിമർശനങ്ങൾ ഉന്നയിക്കുന്നവരുണ്ടാകാം. അതിനെല്ലാം ഒറ്റ മറുപടിയേ ഉള്ളൂ. ബുർജ് ഖലീഫ എന്ന ലോകത്തിലേക്കും ഉയരമുള്ള ഈ കെട്ടിടം വെറുമൊരു ബിൽഡിംഗ് എന്നതിനേക്കാളുപരി, എല്ലാ യു.എ.ഇ പൌരന്മാർക്കുമാത്രമല്ല, മനുഷ്യരാശിക്കുതന്നെ അഭിമാനിക്കാവുന്ന ഒരു ഗ്ലോബൽ ഐക്കൺ ആണ് - അസാധ്യമെന്നു തോന്നിയേക്കാവുന്ന സ്വപ്നങ്ങൾ സഫലീകരിക്കുവാൻ മനുഷ്യർക്ക് കഴിയും എന്നതിന്റെ ഉദാഹരണങ്ങളിലൊന്ന്. കടമ്പകളേയും വെല്ലുവിളികളേയും ധൈര്യപൂർവ്വം ഏറ്റെടുത്ത് യാഥാർത്ഥ്യങ്ങളാക്കിമാറ്റുവാൻ മനുഷ്യനു കഴിയും എന്നതിന്റെയും കൂടി ദൃഷ്ടാന്തമാണത്. അതുകൂടാതെ, പെട്രോളിയം ഉലപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം തുലോം കുറവായ ദുബായ് നഗരത്തിന്റെ പുതിയ കാഴ്ചപ്പാടായ ടൂറിസം, സർവീസ് എന്നീ മേഖലകളിലൂന്നിയ ഒരു വികസനത്തിന് ഈ രീതിയിലുള്ള പ്രോജക്റ്റുകൾ അനിവാര്യവുമായിരുന്നു.

ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കിഡ്മോർ, ഓവിങ്സ് ആന്റ് മെറിൽ (Skidmore, Owings, and Merrill) എന്ന സ്ഥാപനമാണ് ഈ സൌധത്തിന്റെ എഞ്ചിനീയറിംഗും ആർക്കിടെക്ചറും ചെയ്തിരിക്കുന്നത്. ബിൽ ബേക്കർ എന്ന ചീഫ് സ്ട്രക്ച്വറൽ എഞ്ചിനീയറും, അഡ്രിയൻ സ്മിത്ത് എന്ന ചീഫ് ആർക്കിടെക്റ്റും ചേർന്നാണ് ഇതിന്റെ രൂപകൽ‌പ്പന നിർവ്വഹിച്ചത്. ദക്ഷിണകൊറിയൻ കമ്പനിയായ സാംസങ്ങ് C&T ആണ് നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രധാന കോൺ‌ട്രാക്റ്റർ. ലോകത്തിലെ മറ്റു രണ്ട് സുപ്രധാന അംബരചുംബികളായ തായ്പേയ് 101, മലേഷ്യയിലെ ട്വിൻ ടവറുകൾ എന്നിവ നിർമ്മിച്ച പരിചയമാണ് സാംസങ്ങിനെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്. അവരോടൊപ്പം Belgian group, BESIX, Arabtec തുടങ്ങിയ യൂ.എ.ഇ കമ്പനികളും നിർമ്മാണപ്രവർത്തനങ്ങളിൽ തുല്യ പങ്കു വഹിച്ചു. ഹൈദർ കൺസൾട്ടിംഗ് കമ്പനിയാണ് നിർമ്മാണത്തിലെ എഞ്ചിനീയറിംഗ് സൂപ്പർവൈസറായി നിയോഗിക്കപ്പെട്ടത്. 12000 ൽ അധികം നിർമ്മാണ തൊഴിലാളികൾ ഈ കെട്ടിടം യാഥാർത്ഥ്യമാക്കുന്നതിനു പിന്നിൽ അധ്വാ‍നിച്ചിട്ടുണ്ട് എന്നുകണക്കാക്കപ്പെടുന്നു. ഇതുകൂടാതെ അത്രതന്നെ എഞ്ചിനീയർമാർ, ടെക്നീഷ്യന്മാർ തുടങ്ങിയവർ ഇതിന്റെ വിവിധ എഞ്ചിനീയറിംഗ് ജോലികളിൽ പങ്കെടുത്തു.

2004 ജനുവരി മാസത്തിലാണ് ബുർജ് ഖലീഫയുടെ ഫൌണ്ടേഷൻ ജോലികൾ ആരംഭിച്ചത്. ഫൌണ്ടേഷൻ നിർമ്മാണത്തിനായി മാത്രം എട്ടുമാസങ്ങൾ വേണ്ടിവന്നു. 2004 സെപ്റ്റംബർ മാസത്തിൽ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി. റാഫ്റ്റ് ഫൌണ്ടേഷൻ രീതിയിലാണ് ഇതിന്റെ അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ഇതിനായി ആദ്യം സൈറ്റിലെ മേൽ മണ്ണ് അൻപതോ അറുപതോ മീറ്റർ ആഴത്തിൽ എടുത്തുമാറ്റി ഉറപ്പുള്ള ഒരു തലത്തിലേക്ക് എത്തുന്നു. അവിടെനിന്ന് താഴേക്ക് കോൺക്രീറ്റ് പൈലുകൾ ഇറക്കുന്നു.

സിലിണ്ടർ ആകൃതിയിലുള്ള കുഴികൾ കുഴിച്ച് അതിൽ കോൺക്രീറ്റും കമ്പിയും ചേർത്ത് തൂണുകൾ വാർത്താണ് പൈലുകൾ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള 192 പൈലുകളാണ് ബുർജ് ഖലീഫയുടെ ഫൌണ്ടേഷന്റെ അടിസ്ഥാനം. ഒന്നരമീറ്റർ വ്യാസവും 47 മീറ്റർ നീളവുമുള്ള ഈ പൈലുകൾ ഓരോന്നും വളരെ ഉറപ്പുള്ള മണ്ണിലേക്ക് ആഴ്ന്നിറങ്ങിയാണ് ഉറച്ചിരിക്കുന്നത്. ഈ പൈലുകൾക്ക് മുകളിലായി മുപ്പതു മീറ്ററോളം കനമുള്ള കോൺക്രീറ്റ് റീ‍ഇൻഫോഴ്സ്ഡ് സ്ലാബ്. 45000 ക്യുബിക് മീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചിരിക്കുന്ന ഫൌണ്ടേഷന്റെ ആകെ ഭാരം 1,10,000 ടൺ! ഫൌണ്ടേഷനു വേണ്ടി വളരെ കുറഞ്ഞ ജലാഗിരണശേഷിയുള്ളതും, അതേസമയം അതീവ സാന്ദ്രതയുള്ളതുമായ കോൺക്രീറ്റ് മിശ്രിതം പ്രത്യേകമായി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇതിനുമുകളിലാണ് ഈ അംബരചുംബി പടുത്തുയർത്തിയിരിക്കുന്നത്. റാഫ്റ്റ് (ചങ്ങാടം) രീതിയിലുള്ള ഫൌണ്ടേഷന്റെ പ്രത്യേകത, അത് ഒരു ചങ്ങാടം പോലെ ഒറ്റക്കെട്ടായി അതിനുമുകളിലുള്ള കെട്ടിടത്തെ താങ്ങി നിർത്തുന്നു എന്നതാണ്. കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 3,30,000 ക്യുബിക് മീറ്റർ കോൺക്രീറ്റും, 55,000 ടൺ സ്റ്റീൽ കമ്പിയും ഉപയോഗിച്ചു. അപ്പോൾ ഈ കെട്ടിടത്തിന്റെ ആകെ ഭാരം എത്രയുണെന്ന് ഒന്നാലോചിച്ചു നോക്കൂ!

2005 മാർച്ച് ആയപ്പോഴേക്കും കെട്ടിടം അതിന്റെ ആകൃതി കൈവരിച്ച് ഉയരുവാൻ തുടങ്ങിയിരുന്നു. ഇംഗീഷ് അക്ഷരമായ Y യുടെ ആകൃതിയിൽ മൂന്ന് ഇതളുകളോടുകൂടിയ ഒരു പൂവിന്റെ ആകൃതിയാണ് ഈ കെട്ടിടത്തിന്റെ തിരശ്ചീനഛേദതലത്തിനുള്ളത്. ഈ ആകൃതിയാണ് ഇത്രയധികം ഉയരത്തിലേക്ക് പോകുമ്പോഴും അതിന് ആവശ്യമായ സ്റ്റബിലിറ്റി നൽകുന്നത്. മരുഭൂമിയിൽ കാണപ്പെടുന്ന Hymenocallis എന്ന പൂവിന്റെ ആകൃതിയിൽനിന്നാണ് ഇതിന്റെ ആശയം ഉൾക്കൊണ്ടിട്ടുള്ളത്. ഈ പൂവിന്റെ രൂപമാണ് മുകളിൽ കണ്ട യു.ട്യൂബ് വീഡിയോയിൽ ആദ്യം കാണിക്കുന്ന ദൃശ്യം.

കെട്ടിടത്തിന്റെ മധ്യഭാഗം (core) ഫൌണ്ടേഷൻ മുതൽ ഏറ്റവും മുകളിലെ നിലവരെ നീളുന്ന, ആറുവശങ്ങളോടുകൂടിയ ഒരു ഭീമൻ hexagonal കുഴലാണ്. ഈ കുഴലിനു ചുറ്റുമായി നന്നാല് അടുക്കുകളായി ഉയരുന്ന രീതിയിൽ ആണ് കെട്ടിടത്തിന്റെ മറ്റു നിലകൾ പടുത്തുയർത്തിയിരിക്കുന്നത്. മുകളിലേക്ക് പോകുംതോറും ചില പ്രത്യേക ഉയരങ്ങളിൽ വച്ച് നന്നാല് അടുക്കുകളിൽ ഏറ്റവും പുറമേഉള്ളതിന്റെ ഉയരം ഘടികാരദിശയിൽ തിരിയുന്ന ഒരു സ്പൈറൽ രീതിയിൽ കൂടിക്കൂടി വരുന്നു. ഈ പോസ്റ്റിന്റെ ഏറ്റവും താഴെയുള്ള ചിത്രം ശ്രദ്ധിച്ചാൽ എങ്ങനെയാണ് ഈ പുറംചട്ടയുടെ വ്യാസം കുറഞ്ഞുകുറഞ്ഞു വരുന്നതെന്ന് മനസ്സിലാക്കാം. ഉയരത്തിന്റെ പകുതിക്കു താഴെ ഭാഗങ്ങളിൽ മുന്നും നാലും ബെഡ് റൂമുകളോടുകൂടിയ റസിഡൻഷ്യൽ ഫ്ലാറ്റുകൾ ഉൾപ്പെടുത്തുവാൻ ഈ ഡിസൈൻ മൂലമാണ് സാധിക്കുന്നത്. മുകളിലേക്ക് പോകുംതോറും ഓഫീസുകൾ, സ്വീറ്റുകൾ തുടങ്ങിയവയാണുള്ളത്. Central core നെ മൂന്നുവശങ്ങളിൽ നിന്ന് സപ്പോർട്ട് ചെയ്യുന്ന sheer wall buttresses താങ്ങി നിർത്തുന്നു. ഈ രീതിയിലുള്ള ഒരു എഞ്ചിനീയറീംഗ് രീതി തന്നെ ഇതിനായി പ്രത്യേകം വികസിപ്പിച്ചതാണ്. (ചിത്രം നോക്കുക).

കടപ്പാട് : വിക്കിപീഡിയ

പറയുമ്പോൾ പെട്ടന്നു പറഞ്ഞുകഴിഞ്ഞുവെങ്കിലും, കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള വിസ്താരം അത്ര ചെറുതൊന്നുമല്ല. വളരെ വലിയ ഒരു സ്ട്രക്ചറാണത്. തുടർന്നുള്ള നിർമ്മാണപ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ തന്നെ മുന്നോട്ടുപോയി. കെട്ടിടം മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുമ്പോൾ തന്നെ, ഇങ്ങുതാഴെ അതിന്റെ പുറംചട്ടയുടെ പണികൾ ആരംഭിച്ചിരുന്നു. 2006 മാർച്ച് മാസം ആയപ്പോഴേക്കും 50 നിലകൾ പിന്നിട്ടു. 2007 ഫെബ്രുവരിയിൽ നിലവിലുണ്ടായിരുന്ന ഏറ്റവും അധികം നിലകളോടുകൂടിയ സിയേഴ്സ് ടവറിന്റെ ഉയരവും കവിഞ്ഞിരുന്നു ബുർജ് ഖലീഫ. 2007 സെപ്റ്റംബർ ആയപ്പോഴേക്കും 150 നിലകളും പൂർത്തീകരിച്ചു. ഒരാഴ്ചയിൽ ഒരു നില എന്ന ആവറേജ് വേഗതയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം അപ്പോൾ പുരോഗമിച്ചുകൊണ്ടിരുന്നത് എന്നോർക്കുക!

ബുർജ് ഖലീഫ : 2007 ഓഗസ്റ്റിൽ എടുത്ത ചിത്രം

നിർമ്മാണ സൈറ്റിന്റെ മുമ്പിൽ ഒരു ബോർഡ് റോഡരുകിൽ അക്കാലത്ത് പതിച്ചിരുന്നു. ഓരോ നിലകൾ പൂർത്തികരിക്കുമ്പോഴും അതിൽ എഴുതിയിട്ടുണ്ടാവും “we have reached level .... " അന്നതു കാണുന്നത് ഒരു കൌതുകമായിരുന്നു. 2008 സെപ്റ്റംബർ ആയപ്പോഴേക്കും ലോകത്തിലേക്കും വലിയ മനുഷ്യനിർമ്മിത വസ്തുവായ പോളണ്ടിലെ വാഴ്സാ റേഡിയോ ടവറിനേക്കാളും ഉയരത്തിൽ (688 മീറ്ററിലും അധികം) എത്തിയിരുന്നു ഈ കെട്ടിടം. അതിനുശേഷം ഇതിന്റെ യഥാർത്ഥ ഉയരം ഉത്ഘാടനവേളയിൽ മാത്രമേ പ്രസിദ്ധമാക്കൂ എന്ന് എമ്മാറിന്റെ അറിയിപ്പും ഉണ്ടായി.

156 നില വരെ കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ബാക്കി നാലു നിലകളും അതിനുശേഷം മുകളിലേക്കുള്ള ഭാഗങ്ങളും സ്ട്രക്ചറൽ സ്റ്റീലിൽ ആണു നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ സ്പൈർ (ഏറ്റവും മുകളിലുള്ള ഭാഗം) മാത്രം 4000 ടണ്ണിലധികം ഭാരമുള്ള സ്റ്റീൽ സ്ട്രക്ചറാണ്. ഇതിൽ 46 സർവീസ് ലെവലുകൾ ഉണ്ട് - ഇവ ആൾതാമസത്തിനുള്ളതല്ല.

ഈ കെട്ടിടത്തിന്റെ പുറംചട്ട (Facade) 1,528,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്. അലുമിനം, സ്റ്റീൽ, ഗ്ലാസ് എന്നിവയാൽ നിർമ്മിച്ചിരിക്കുന്ന ഈ പുറംചട്ടയും ഒട്ടനവധി പ്രത്യേകതകളുള്ളതുതന്നെ. ദുബായിയിലെ അത്യുഷ്ണത്തിൽ കേടുപാടുകൾ കൂടാതെ വർഷങ്ങളോളം പിടിച്ചു നിൽക്കുവാൻ ശേഷിയുള്ള പൌഡർ കോട്ടിംഗുകൾ ഈ ഫ്രെയിമുകളിൽ പതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 24,348 പാനലുകളാണ് കെട്ടിടത്തിന്റെ പ്രധാനഭാഗങ്ങളെ പൊതിഞ്ഞിരിക്കുന്നത്. ഓരോ പാനലുകളുടെയും വലിപ്പം കേൾക്കണോ 6.4 മീറ്റർ ഉയരം, 1.2 മീറ്റർ വീതി, 750 കിലോ ഭാരം! ഈ ഗ്ലാസ് ഷീറ്റുകൾ എല്ലാം കൂടി നിരത്തിവച്ചാൽ 14 ഫുഡ്ബോൾ ഗ്രൌണ്ടുകൾ മറയ്ക്കാൻ മതിയാവുമത്രേ! ഇവകൂടാതെ 2000 ചെറുഗ്ലാസ് പാനലുകൾ കൂടി ചേരുന്നതാണ് കെട്ടിടത്തിന്റെ പുറംചട്ട. ചൈനയിൽനിന്നെത്തിയ മുന്നൂറോളം വിദഗ്ധരാണ് ഈ പാനലുകളെ യഥാസ്ഥാനങ്ങളിൽ ഉറപ്പിച്ചത്. ഇവയെ ഉറപ്പിക്കുവാനായി ഉപയോഗിച്ച ഗാസ്കറ്റുകളെല്ലാം കൂടി നിരത്തിവച്ചാൽ 2052 കിലോമീറ്റർ നീളം വരുമത്രേ! ഏകദേശം 900 ടൺ പെയിന്റും പൌഡർ കോട്ടിംഗും കെട്ടിടത്തിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

ഈ പുറംചട്ടയിൽ പറ്റിപ്പിടിക്കുന്ന പൊടി കഴുകിമാറ്റി, ഗ്ലാസ് പാനലുകൾ വൃത്തിയായി സൂക്ഷിക്കുവാനായി ഉള്ള സംവിധാനങ്ങളും ബുർജ് ഖലീഫയുടെ പുറംചട്ടയിൽ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. 40, 73, 190 എന്നി നിലകളിൽ ഒരു തിരശ്ചീന ട്രാക്ക് ഉറപ്പിച്ചിരിക്കുന്നു. ഇവയിൽ ഒന്നരടൺ ഭാരം വരുന്ന ഓരോ ബക്ക്റ്റ് മെഷീനുകൾ ഉറപ്പിച്ചിരിക്കുന്നു. ഈ മെഷീനുകൾ ജനാ‍ലകൾക്കുമുമ്പിൽ തിരശ്ചീനമായും ലംബമായും നീങ്ങി അവ വൃത്തിയാക്കും. 109 നു മുകളിലുള്ള നിലകൾ കഴുകിവൃത്തിയാക്കുന്നത് ധൈര്യശാലികളായ ജോലിക്കാർ, കേബിളുകളിൽ തൂങ്ങിയിറങ്ങുന്നതരത്തിലുള്ള ബക്കറ്റുകളിൽ ഇരുന്നുകൊണ്ടാണ്. ഏറ്റവും മുകളിലെ സ്പൈർ കുഴൽ മനുഷ്യ സഹായമില്ലാതെ സ്വയം കഴുകി വൃത്തിയാക്കുന്ന മറ്റൊരു സംവിധാനവും പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്. പുറംചട്ടയിലെ ഗ്ലാസ് പാനലുകൾ കഴുകുന്നതെങ്ങനെയെന്നു കാണേണ്ടേ? കാണേണ്ട കാഴ്ചതന്നെ! ഒരു ചെറിയ യു.ട്യൂബ് വീഡിയോ ഇതാ.



Thanks to : Bristolg

മുകളിലേക്ക് ഉയർന്നു പോകുന്ന ഒരു വിർച്വൽ സിറ്റി തന്നെയായാണ് ബുർജ് ഖലീഫ വിഭാവനം ചെയ്തിരിക്കുന്നത്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഷോപ്പിംഗ് സെന്ററുകൾ, ആയിരത്തോളം ലക്ഷ്വറി റസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾ, ഓഫീസുകൾ, റിക്രിയേഷൻ സൌകര്യങ്ങൾ, തുടങ്ങി ഒരു ആധുനിക നഗരത്തിൽ വേണ്ടതെല്ലാം ഈ പടുകൂറ്റൻ സൌധത്തിനുള്ളിൽ തന്നെ സജ്ജീകരിച്ചിരിക്കുന്നു. പ്രശസ്ത ഇറ്റാലിയൻ ഹോട്ടൽ ഗ്രൂപ്പായ അർമ്മാനി ആണ് ബുർജ് ഖലീഫയിലെ 6 സ്റ്റാർ ഹോട്ടൽ നടത്തുന്നത്. സൌധത്തിന്റെ കോൺകോഴ്സ് മുതൽ ആദ്യ എട്ടുനിലകളും 38, 39 നിലകളും ഈ ഹോട്ടലിനായി മാറ്റി വേർതിരിച്ചിരിക്കുന്നു. ഇതുകൂടാതെ 9 മുതൽ 16 വരെ നിലകളിൽ അർമാനി റസിഡൻഷ്യൽ ഫ്ലാറ്റുകളും ഉണ്ട്. ഇതും ഹോട്ടലിന്റെ തന്നെ ഫർണിഷ്ഡ് ഫ്ലാറ്റ് സേവനമാണ്.

19 മുതൽ 108 വരെ നിലകളിലായി 900 ലക്ഷ്വറി ഫ്ലാറ്റുകളാണ്. സ്റ്റുഡിയോ ഫ്ലാറ്റുകൾ മുതൽ ഒന്ന്, രണ്ട്, മൂന്ന്, നാല് ബെഡ് റൂം ഫ്ലാറ്റുകൾ വരെ ഇക്കൂട്ടത്തിൽ പെടും. 43, 76, 123 എന്നീ നിലകളിൽ ഓരോ സ്കൈ ലോബികൾ സജീകരിച്ചിരിക്കുന്നു. ഓരോ സ്കൈലോബിലും ഒരു ഇടത്താവളമാണ് എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ലോകോത്തര നിലവാരത്തിലുള്ള ജിംനേഷ്യം, ഇൻ‌ഡോർ / ഔട്ട് ഡോർ സ്വിമ്മിംഗ് പൂളുകൾ, മീറ്റിംഗ് / റിക്രിയേഷൻ ഹാളുകൾ, ലൈബ്രറി, ഒരു ചെറിയ ഷോപ്പിംഗ് സെന്റർ, മീറ്റിംഗ് പോയിന്റുകൾ എന്നിവയെല്ലാം ഇവയിൽ സജ്ജീകരിച്ചിരിക്കുന്നു.

58 ലിഫ്റ്റുകളുള്ള ഈ ടവറിലെ ഒരു ലിഫ്റ്റ് പോലും ഗ്രൌണ്ട് ഫ്ലോർ മുതൽ 160 മത്തെ നിലവരെ സഞ്ചരിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. എക്പ്രസ് ലിഫ്റ്റുകൾ സ്കൈലോബി കൾക്കിടയിലാണു സഞ്ചരിക്കുക. ഇതിനിടയിലുള്ള ഫ്ലോറുകളിലേക്ക് പോകേണ്ടവർ സ്കൈലോബിയിൽ നിന്ന് മറ്റൊരു ലോക്കൽ ലിഫ്റ്റിലേക്ക് മാറിക്കയറേണ്ടതുണ്ട്. ലിഫ്റ്റുകളുടെ മറ്റൊരു പ്രത്യേകത, ഏതു ഫ്ലോറിലേക്കാണ് പോകേണ്ടതെന്ന് ലിഫ്റ്റിൽ കയറുന്നതിനു മുമ്പ് തന്നെ ഒരു ടച്ച് സ്ക്രീൻ പാഡിൽ വിവരം നൽകണം എന്നതാണ്. ഈ ടച്ച് സ്ക്രീനുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടർ വിവിധ നിലകളിൽ കാത്തുനിൽക്കുന്ന യാത്രക്കാരുടെ ലക്ഷ്യസ്ഥാനങ്ങൾ അവലോകനം ചെയ്യുകയും, ഏറ്റവും കുറഞ്ഞ വെയിറ്റിംഗ് സമയം ലഭിക്കത്തക്ക വിധത്തിൽ വിവിധ ഫ്ലോറുകളിലുള്ളവരെ സ്വയമേവ വിവിധ ലിഫ്റ്റുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നരീതിയിലാണ് ലിഫ്റ്റുകളുടെ സംവിധാനം. പ്രധാന സർവ്വീസ് ലിഫ്റ്റ് കെട്ടിടത്തിന്റെ മധ്യഭാഗത്താണുള്ളത്. ആ ലിഫ്റ്റ് ഒറ്റയടിക്ക് 504 മീറ്റർ ഉയരം വരെ പോകാൻ തക്കവിധം നിർമ്മിച്ചിട്ടുള്ളതാണ്. കൂടാതെ ലിഫ്റ്റുകളോരോന്നും ഡബിൾ ഡക്കർ കാ‍ബുകളാണ് - ഓരോന്നിലും 14 യാത്രക്കാർ വരെ ഒരുമിച്ച് യാത്രചെയ്യാം. സെക്കന്റിൽ 10മീറ്റർ വേഗത്തിലാണ് പ്രധാന ലിഫുകളുടെ സഞ്ചാരം. പ്രശസ്തമായ ഓറ്റിസ് കമ്പനിയാണ് ബുർജ് ഖലീഫയിലെ എല്ലാ ലിഫ്റ്റുകളും നിർമ്മിച്ചിരിക്കുന്നത്.

“അറ്റ് ദി ടോപ്” എന്ന വിഗഹവീക്ഷണ തലം നിർമ്മിച്ചിരിക്കുന്നത് 124 മത്തെ നിലയിലാണ്. ഇവിടെ പൊതുജനങ്ങൾക്ക് ടിക്കറ്റോടുകൂടി പ്രവേശിക്കാം. നിലവിലെ തിരക്കുകണ്ടിട്ട് ഈയിടെയൊന്നും അവിടെ കയറാനൊക്കുന്ന ലക്ഷണമില്ല! എങ്കിലും ആ ലെവലിൽ നിന്നുകൊണ്ട് ഷംസുക്ക എടുത്ത ഒരു ഫോട്ടോ താഴെക്കൊടുക്കുന്നു. (ഷംസുക്ക ഒരു പ്രസ് ഫോട്ടോഗ്രാഫറാണ്)


പ്രസന്നമായ അന്തരീക്ഷമുള്ള ദിവസങ്ങളിൽ അവിടെനിന്നുള്ള കാഴ്ച അത്യന്തം മനോഹരമെന്ന് അനുഭവസ്ഥർ സംസാരിക്കുന്നു. ആധുനിക ബൈനോക്കുലർ സംവിധാനങ്ങളിലൂടെ വളരെ അകലെയുള്ള കാഴ്ചകൾ കാണാം. എന്നെങ്കിലും അവിടെ പോകുവാൻ സാധിക്കുമ്പോൾ അതേപ്പറ്റിയുള്ള വിവരണം ഈ ബ്ലോഗിൽ എഴുതുന്നതായിരിക്കും!
ബുർജ് ഖലീഫയുടെ മുകളറ്റം 95 കിലോമീറ്റർ അകലെ നിന്ന് കാണാം എന്നാണ് കണക്കാക്കിയിരിക്കുന്നത് (അന്തരീക്ഷം പ്രസന്നമാണെങ്കിൽ!). ഇത്രയധികം ഉയരമുള്ളതുകൊണ്ടാണ് അങ്ങനെ സാധിക്കുന്നത്. എങ്കിലും പൊടിക്കാറ്റ് നിറഞ്ഞ വേനൽക്കാല ദിവസങ്ങളിൽ അഞ്ചുകിലോമീറ്റർ അപ്പുറമുള്ള കാഴ്ചകൾ പോലും കാണാനാവില്ല ഇവിടെ എന്നതു വേറേകാര്യം!

പ്രത്യേക രീതിയിലുള്ള ഒരു ഇറിഗേഷൻ സിസ്റ്റമാണ് ബുർജ് ഖലീഫയുടെ ചുറ്റുപാടുമായി ഏക്കറുകളിൽ വ്യാപിച്ചുകിടക്കുന്ന പുൽത്തകിടിയേയും ഉദ്യാനത്തേയും പരിപാലിക്കുവാൻ ഉപയോഗിക്കുന്നത്. ഈ മരുഭൂമിയിലെ പച്ചപ്പിനെ പരിപാലിക്കുവാനായി ഉപ്പുവെള്ളം ഉപയോഗിക്കുവാൻ സാധിക്കില്ല എന്നറിയാമല്ലോ. റോഡ് സൈഡിലുള്ള പച്ചപ്പുകളെ നനയ്ക്കുന്നത് ശുദ്ധീകരിച്ച ഡ്രെയിനേജ് വെള്ളം കൊണ്ടാണ്. എന്നാൽ ഇവിടെ മറ്റൊരു സംവിധാനമാണ് ഉപയോഗിക്കുന്നത്. ഈ കെട്ടിടത്തിലെ എയർകണ്ടീഷനിംഗ് സിസ്റ്റത്തിൽ നിന്ന് ശേഖരിക്കുന്ന ഘനീഭവിച്ച (condensed) അന്തരീക്ഷ ബാഷ്പം ശേഖരിക്കുവാനായി പ്രത്യേക ടാങ്കുകൾ കെട്ടിടത്തിന്റെ അടിയിൽ നിർമ്മിച്ചിട്ടുണ്ട്. ഇത്രയും വലിയ കെട്ടിടത്തിനെ ശീതീകരിക്കുവാൻ വേണ്ട എയർ കണ്ടീഷനറിൽ നിന്ന് ലഭിക്കുന്ന വെള്ളം എത്രയാണെന്നറിയാമോ? പ്രതിവർഷം 56 ദശലക്ഷം ലിറ്റർ!

മറ്റുചില കൌതുകകരമായ വസ്തുതകൾ:
  • കെട്ടിടത്തിന്റെ നിർമ്മാണവേളയിൽ സേഫ്റ്റി സ്റ്റാൻഡേർഡുകൾ വളരെ കർശനമായി പാലിച്ചിരുന്നു. ഉയരങ്ങളിൽ ജോലി ചെയ്യാൻ ഭയമില്ല്ലാത്തവരും, മറ്റു രാജ്യങ്ങളിലെ ഭീമൻ ടവറുകളുടെ നിർമ്മാണത്തിൽ പരിചയമുള്ളവരുമായ ധൈര്യശാലികളായ ജോലിക്കാരാണ് ഇതിന്റെ നിർമ്മാണത്തിൽ പങ്കെടുത്തത്.
  • തൊഴിലാളികളെയും വഹിച്ചുകൊണ്ട് പോകാനുള്ള സർവ്വീസ് ലിഫ്റ്റ് ഏകദേശം പത്തുമിനിറ്റോളം എടുത്തിരുന്നു കെട്ടിടത്തിന്റെ മുകളറ്റം വരെ എത്തുവാൻ. നിർമ്മാണവേളയിൽ തന്നെ കെട്ടിടത്തിന്റെ പല ഇടനിലകളിൽ ക്യാന്റീനുകൾ, ടോയിലറ്റുകൾ തുടങ്ങിയവ ക്രമീകരിച്ചിരുന്നു; എപ്പോഴും ഈ ആവശ്യങ്ങൾക്കായി മുകളിലേക്കും താഴേക്കും പോയിവരുവാൻ സാധിക്കില്ലല്ലോ!
  • 2004 ൽ പണികൾ ആരംഭിക്കുമ്പോൾ നിശ്ചയിച്ചിരുന്നതിനേക്കാൽ ഇന്റീരിയർ ഫിനിഷിംഗിൽ അവസാനമായപ്പോഴേക്ക് മാറ്റങ്ങൾ വരുത്തിയിരുന്നു. അഞ്ചുവർഷം കൊണ്ട് ഇന്റീരിയർ മേഖലയിൽ വന്ന പുതിയ മാറ്റങ്ങളെയും സംവിധാനങ്ങളേയും പൂർണ്ണമായും ഇവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിർമ്മാണം പൂർത്തിയാക്കാൻ പ്രതീക്ഷിച്ചിരുന്നതിലും ഒരു വർഷത്തോളം വൈകിയാണ് ഉത്ഘാടനം നടന്നത്.
  • വെറും 2000 ൽ താഴെ ദിവസങ്ങൾ കൊണ്ടാണ് ഈ പടുകൂറ്റൻ സൌധം നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത് എന്നത് ദുബായിയുടെ മാത്രം പ്രത്യേകതയാവാം. ബുർജ് ഖലീഫ ഉൾപ്പെടുന്ന ഡൌൺ ടൌൺ ബുർജ് ഖലീഫ എന്ന വമ്പൻ പ്രോജക്റ്റിന്റെ മറ്റുഭാഗങ്ങളെല്ലാം ഇതോടൊപ്പം തന്നെ പുരോഗമിക്കുന്നുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മോൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ദുബായ് മോൾ, ഈ കെട്ടിടസമുച്ചയങ്ങൾക്ക് ചുറ്റുമായുള്ള ദുബായ് തടാകം, മ്യൂസിക്കൽ ഫൌണ്ടൻ, ഓൾഡ് ടൌൺ, മറ്റു റസിഡൻഷ്യൽ ഫ്ലാറ്റുകൾ തുടങ്ങിയ ഭാഗങ്ങളെല്ലാം ഇതിനോടകം പണിപൂർത്തീകരിച്ച് തുറന്നു കൊടുത്തു.

പ്രത്യേകതകൾ:

ദുബായിയിലെ മിക്കവാറും എല്ലാ വലിയ ഡെവലപ്മെന്റ് പ്രോജക്റ്റുകളിലും കാണാവുന്ന എഞ്ചിനീയറിംഗ് വെല്ലുവിളികൾ ഈ സൌധത്തിന്റെ നിർമ്മാണത്തിലും ഉണ്ടായിരുന്നു. 606 മീറ്റർ ഉയരത്തിലേക്ക് കോൺക്രീറ്റ് പമ്പു ചെയ്യുക,സ്പൈറിന്റെ ഭാഗമായ 350 ടണ്ണോളം ഭാരമുള്ള ഇരുമ്പു പൈപ്പ് ഈ കെട്ടിടത്തിന്റെ ഉള്ളിൽ വച്ചു തന്നെ ഉണ്ടാക്കി 200 മീറ്ററോളം ജായ്ക്ക് ഉപയോഗിച്ച് മുകളിലേക്ക് ഉയർത്തുക, ഇത്രയധികം ഭാരവും അതിന്റെ സമ്മർദ്ദവും താങ്ങാനാവുന്ന ഒരു കോൺക്രീറ്റ് മിശ്രിതം ഫൌണ്ടേഷനു വേണ്ടി കണ്ടുപിടിക്കുക, അതിന്റെ താപനില ശരിയായി നിയന്ത്രിച്ചുനിർത്തിക്കൊണ്ട് നിർമ്മാണവേളയിൽ കോൺക്രീറ്റ് കട്ടിയായിപ്പോകാതെ സൂക്ഷിക്കുക, ശക്തമായ കാറ്റിനെ അതിജീവിച്ച് സ്ഥിരതയോടെ നിൽക്കാനാവുന്ന ഡിസൈൻ കണ്ടുപിടിക്കുക, കെട്ടിടത്തിന്റെ പുറംചട്ടയായ 24348 അലുമിനം ഗ്ലാസ് പാനലുകൾ ഈ കെട്ടിടത്തിനു ചുറ്റും വിജയകരമായി ഉറപ്പിക്കുക തുടങ്ങി സിവിൽ എഞ്ചീനിയറിംഗിനു മുമ്പിലുള്ള വെല്ലുവിളികൾ അസംഖ്യമായിരുന്നു. ഇവയിൽ പലതും ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഈ വെല്ലുവിളികൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയതാണ് ഒരുപക്ഷേ ഈ സൌധത്തിന്റെ നിർമ്മാണത്തിലെ ഏറ്റവും അഭിമാനകരമായ കാര്യം. ബുർജ് ഖലീഫയുടെ നിർമ്മാണത്തെ സംബന്ധിച്ചിടത്തോളം അന്നേവരെ അസാധ്യമെന്നു തോന്നിയിരുന്ന ഓരോഎഞ്ചിനീയറിംഗ് സന്നിഗ്ദ്ധതകൾക്കും ഒരു പരിഹാരമായി പുതിയ പുതിയ ടെക്നോളജികൾ ആവിഷ്കരിക്കുകയും കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട് - അത് കോൺക്രീറ്റ് പമ്പിംഗ് ആയാലും ഒരു ലിഫ്റ്റോ, ഫസാഡിലെ ഗ്ലാസ് പാനലോ എന്തും ആയിക്കോട്ടെ അതിലെല്ലാം ഒരു പ്രത്യേകത നമുക്ക് കണ്ടെത്താനാവും!
ലോകത്തെ സുപ്രധാന അംബരചുംബികളും അവയുടെ ഉയരങ്ങളും ഒരു താരത‌മ്യം
കടപ്പാട്: വിക്കിപീഡിയ

ഉയരമേറിയ കെട്ടിടങ്ങളുടെ നിർമ്മാണ ചരിത്രം നോക്കിയാൽ അറിയാം, നിലവിലുണ്ടായിരുന്ന ഏറ്റവും ഉയരമേറിയ കെട്ടിടത്തേക്കാൾ ഏറിയാൽ അറുപതു മീറ്ററിനപ്പുറം ഉയരത്തിലേക്ക് പുതിയ കെട്ടിടം ഉയരുകയുണ്ടായിട്ടില്ല. എന്നാൽ ഇവിടെ നിലവിലെ ഏറ്റവും ഉയരമേറിയ സൌധമായ തായ്പേയ് 101 നേക്കാൾ മൂന്നൂറിലേറെ മീറ്റർ ഉയരക്കൂടുതലാണ് ബുർജ് ഖലീഫയ്ക്ക് ഉള്ളത്. ഈ എഞ്ചിനീയറീംഗ് അത്ഭുതത്തിന്റെ പേരിൽ ഇപ്പോൾ തന്നെ ലോക റിക്കോർഡുകൾ അനവധി. മനുഷ്യ നിർമ്മിതമായ ഏറ്റവും ഉയരം കൂടിയ നിർമ്മിതി (ഇതിൽ കെട്ടിടങ്ങളും ടി.വി / റേഡിയോ ടവറുകളും പെടുന്നു), ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം (160) ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക് (124 മത്തെ നിലയിൽ), ഏറ്റവും ഉയരമേറിയ അംബരചുംബികളിൽ റസിഡൻഷ്യൽ ഫ്ലാറ്റുകളും ഉൾപ്പെടുന്ന ലോകത്തെ ആദ്യ കെട്ടിട സമുച്ചയം, സെക്കന്റിൽ 18 മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ലിഫ്റ്റുകൾ, 500 മീറ്ററിലധികം ഉയരുന്ന ലിഫ്റ്റ്, അലുമിനം-ഗ്ലാസ് ഫസാഡ് (പുറംചട്ട) 500 മീറ്ററിലധികം ഉയരത്തിൽ ഉറപ്പിച്ചിട്ടുള്ള ഏറ്റവും ഉയരമേറിയ കെട്ടിടം, 76 മത്തെ നിലയിൽ സ്വിമ്മിംഗ് പൂൾ ഉള്ള ഏക കെട്ട തുടങ്ങി ബുർജ് ഖലീഫയുടെ പേരിൽ നിലവിലുള്ള റിക്കോർഡുകൾ ഒട്ടനവധിയാണ്. ഇവയൊക്കെ നാളെ മറ്റൊരു അംബരചുംബി ഭേദിച്ചേക്കും എന്നതിൽ സംശയമൊന്നുമില്ല, എങ്കിലും അതിന് കുറേ സമയം എടുക്കും. കാരണം ഒന്നുമാത്രം; സ്വപ്നങ്ങൾ കാണുവാനും പറയുവാനും പലർക്കും സാധിക്കും, പക്ഷേ അവ യാഥാർത്ഥ്യമാക്കുവാൻ ചുരുക്കം പേർക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നതാണു സത്യം.

ഫോട്ടോ : ഷംസുദ്ദീൻ മൂസ

ഈ ഭീമന്‍ സൌധത്തിന്റെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ എപ്പോഴും നമ്മുടെ കണ്ണുകള്‍ നമ്മളെ പറ്റിക്കും; ഇതിന്റെ ഉയരത്തെപ്പറ്റിയുള്ള യഥാര്‍ത്ഥ ചിത്രം നമുക്ക് ലഭിക്കുകയേ ഇല്ല! സമീപത്തുള്ള അൻപതും അറുപതും നിലകളുള്ള മറ്റുടവറുകളുടെ ഉയരത്തെപ്പറ്റിയുള്ള ഒരു ധാരണ മനസ്സിൽ ഇരിക്കുന്നതിനാലാവാമത്. എന്നാല്‍ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയരുന്നതോ ലാന്റുചെയ്യുന്നതോ ആയ ഒരു വിമാനത്തിലിരുന്നുകൊണ്ട് നോക്കുമ്പോള്‍ ശരിക്കും മനസ്സിലാകും, എത്ര ഉയരത്തിലാണ് ബുര്‍ജ് ഖലീഫയുടെ തലപ്പ് നില്‍ക്കുന്നതെന്ന്! ഭാവനയിൽ കാണാവുന്നതിലും വളരെ വളരെ ഉയരത്തിലാണത്. ദുബായിയുടെ വികസന സങ്കൽ‌പ്പങ്ങളുടെയും പ്രോജക്റ്റുകളെ യാഥാർത്ഥ്യമാക്കുന്നതിലുള്ള കഴിവിന്റെയും അടയാളമായി ദീർഘകാലം ബുർജ് ഖലീഫ തലയുയർത്തി നിൽക്കും എന്നതിൽ യാതൊരു സംശയവും ഇല്ല.

സംഗ്രഹം (Source : Wikipedia)
ബുർജ് ഖലീഫ


Burj Khalifa has been the world's tallest building since 2010.[I]
ആദ്യകാല നാമം
ബുർജ് ദുബായ്
പൊതുവിവരങ്ങൾ
തൊട്ടുപിന്നിൽ
Taipei 101
General information
സ്ഥലംദുബായ്, യു.എ.ഇ
Statusനിർമ്മാണം പൂർത്തിയായി
നിർമ്മാണം ആരംഭിച്ചത്
ജനുവരി 2004
നിർമ്മാണ കാലഘട്ടം
2004-2010
ഉത്ഘാടനം4 January 2010[1]
ഉപയോഗംറസിഡൻഷ്യൽ / കൊമേഴ്സ്യൽ
ഉയരം
തലപ്പുവരെ
828 m (2,717 ft)[2]
Technical details
നിലകൾ
160 വാസയോഗ്യമായ നിലകളും, 46 സർവ്വിസ് ലെവലുകളും, രണ്ട് ബെയ്സ്മെന്റ് പാർക്കിംഗ് നിലകളും
വിസ്തൃതി464,511 m2(5,000,000 sq ft)[3]
ചെലവ്
$1.5 billion [6]
Companies involved
ആർക്കിടെക്റ്റ്Skidmore, Owings and Merrill
സ്ട്രക്ചറൽ എഞ്ചിനീയർ
Bill Baker at SOM[8]
കോൺ‌ട്രാക്റ്റർSamsung C&T,Besix andArabtec
Supervision Consultant Engineer & Architect of Record Hyder Consulting
Construction Project Manager Turner Construction
Grocon[7]
Planning Bauer AG andMiddle East Foundations[7]
Lift contractor Otis[7]
VT consultant Lerch Bates[7]
ഡെവലപ്പർ
എമ്മാർ



====================
കൂടുതൽ വിവരങ്ങൾ:
====================

1. ബുർജ് ഖലീഫ - വെബ് സൈറ്റ്
2. ബുർജ് ഖലീഫ - വിക്കിപീഡിയ പേജ്
3. EMAAR Properties വെബ് സൈറ്റ്
4. ബിൽ ബേക്കർ - വിക്കിപീഡിയ പേജ്
5. ആഡ്രിയൻ സ്മിത് - വിക്കിപീഡിയ പേജ്




വിവരങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ, ഖലീജ് ടൈംസ്, ഗൾഫ് ന്യൂസ്

മോസില്ലയിലും, ഇന്റർനെറ്റ് എക്സ്പ്ലോററിലും ചിലചിത്രങ്ങൾ ഡിസ്പ്ലേചെയ്യുന്നില്ല എന്നതു ശ്രദ്ധിച്ചു. ഗൂഗിൾ ക്രോമിൽ പ്രശ്നമില്ലെന്നു തോന്നുന്നു.

Read more...

My City My Metro - ദുബായ് മെട്രോയില്‍ ഒരു യാത്ര

>> Sunday, September 27, 2009

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 9 ന് (09-09-09) പ്രവര്‍ത്തനം ആരംഭിച്ച ദുബായ് മെട്രൊ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തെപ്പറ്റി ‘അപ്പൂന്റെ ലോകം’ എന്ന എന്റെ ബ്ലോഗില്‍ എഴുതിയ 'ദുബായ് മെട്രോ ഭാവിയിലേക്ക്’ എന്ന ലേഖനത്തിലെ കമന്റുകളില്‍ വായനക്കാരിൽ ചിലർ ആവശ്യപ്പെട്ടിരുന്നതാണ് മെട്രോയിലെ ഒരു യാത്രയുടെ ചിത്രങ്ങളോടുകൂടിയ വിവരണംകൂടി ഒരു പോസ്റ്റായി ഇടണം എന്നത്. ചിത്രങ്ങള്‍ വലുതായി കാണിക്കുവാനുള്ള സൌകര്യം പരിഗണിച്ച് ഈ ബ്ലോഗില്‍ ഇത് ആദ്യലേഖനത്തിന്റെ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു.

Courtesy: Gulf News


ദുബായ് മെട്രോയുടെ നിര്‍മ്മാണം കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ദിവസേന കാണുന്നുണ്ടെങ്കിലും അതിന്റെ നിര്‍മ്മാണമേഖലയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലാതിരുന്നതിനാല്‍ മെട്രൊസ്റ്റേഷനുകളുടെ ഉള്‍വശത്തെ സൌകര്യങ്ങളും ട്രെയിനുകളുടെ ഉള്‍വശവും മറ്റും അപരിചിതമായ വസ്തുക്കളായിത്തന്നെയായിരുന്നു എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. മെട്രോയുടെ ഉത്ഘാടനത്തോടനുബന്ധിച്ചുണ്ടായിരുന്ന ജനത്തിരക്കും ആവേശവും ഒന്നുകുറഞ്ഞിട്ട് യാത്രയാവാം എന്നു കരുതി പത്തുദിവസത്തോളം കാത്തിരുന്നു. അങ്ങനെ ഈദിന്റെ അവധിദിനങ്ങളില്‍ ആദ്യത്തേതില്‍ ഞങ്ങള്‍ ദുബായ് മെട്രോയിലെ ആദ്യയാത്രയ്ക്കായി പുറപ്പെട്ടു. രാവിലെ ഒന്‍പതുമണി ആയതേ ഉള്ളതിനാല്‍ റോഡില്‍ വലിയ തിരക്കൊന്നും ഇല്ലായിരുന്നു; കുട്ടികള്‍ മെട്രോ ട്രെയിനില്‍ യാത്രചെയ്യാനുള്ള ആവേശത്തിലും.

ഇതൊരു ഉല്ലാസയാത്രമാത്രമായിരുന്നതിനാല്‍ മെട്രോയുടെ ടെര്‍മിനല്‍ സ്റ്റേഷനായ റഷീദിയ സ്റ്റേഷന്‍ മുതല്‍ 52 കിലോമീറ്റര്‍ അകലെയുള്ള നഖീല്‍ ഹാര്‍ബര്‍ സ്റ്റേഷന്‍ വരെ പോയി തിരികെവരുക എന്നതുമാത്രമായിരുന്നു പ്ലാന്‍. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ട്രെയിന്‍ 60 മിനുറ്റുകള്‍കൊണ്ട് ഈ യാത്രപൂര്‍ത്തീകരിക്കും. റഷീദിയ സ്റ്റേഷനോട് അനുബന്ധിച്ച് RTA പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത പത്തുനിലകളിലായി ക്രമീകരിച്ചിരിക്കുന്ന കാര്‍പാര്‍ക്കിംഗിലേക്ക് കടക്കുമ്പോള്‍ അവിടെ അത്രവലിയതിരക്കൊന്നും കണ്ടില്ല. മെട്രോസ്റ്റേഷനുകളുടെ ഡിസൈനുകളുമായി എല്ലാ അര്‍ത്ഥത്തിലും ചേര്‍ന്നു നില്‍ക്കുന്ന സൌകര്യങ്ങളോടു കൂടിയ ഈ പാര്‍ക്കിംഗ് കെട്ടിടവും കാഴ്ചക്ക് വളരെ മനോഹരം തന്നെ. ഗ്രൌണ്ട് ഫ്ലോര്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. സ്റ്റേഷന്റെ പരിസരപ്രദേശങ്ങളില്‍ നിന്നും യാത്രക്കാരെ സ്റ്റേഷനുകളിലേക്ക് എത്തിക്കുവാന്‍ ഉദ്ദേശിച്ചുള്ള 'F' നമ്പര്‍ സീരീസിലുള്ള ഫീഡര്‍ ബസുകള്‍ അവിടെയാണ് എത്തുന്നത്.

ഒന്നാം നിലമുതലുള്ള ലെവലുകള്‍ പബ്ലിക് കാര്‍പാര്‍ക്കിംഗിനു വേണ്ടിയുള്ളതാണ്. ബഹുനില കാര്‍പാര്‍ക്കിഗ് സൌകര്യം ദുബായിയില്‍ പുതുമയുള്ളതല്ലെങ്കിലും ഒരു പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനത്തോടനുബന്ധിച്ചുള്ള ഇത്തരം ഒരു കാര്‍പാര്‍ക്ക് ആദ്യത്തേതാണ്.

മെട്രോ ഉപയോക്താക്കള്‍ക്ക് കാര്‍പാര്‍ക്കിംഗ് നിലവില്‍ സൌജന്യമാണ്. ഞങ്ങളുടെ കാര്‍ സൌകര്യപ്രദമായ ഒരിടത്ത് പാര്‍ക്ക് ചെയ്തതിനു ശേഷം ഞങ്ങള്‍ സ്റ്റേഷന്റെ ഉള്ളിലേക്ക് പോയി. വിശാലവും മനോഹരവുമായ ഒരു ബ്രിഡ്ജ് -കോറിഡോര്‍ കാര്‍ പാര്‍ക്കിങ്ങിനെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു. അതിന്റെ ചിത്രമാണ് താഴെ.


അതുവഴി മുമ്പോട്ട് ചെല്ലുമ്പോള്‍ ടിക്കറ്റ് കൌണ്ടറുകള്‍ താഴത്തെ നിലയിലാണെന്നു കാണിക്കുന്ന ബോര്‍ഡ് കണ്ടു. താഴേക്കിറങ്ങുവാനായി എസ്കലേറ്റര്‍, ലിഫ്റ്റ് എന്നീ സൌകര്യങ്ങളോടൊപ്പം സ്റ്റെപ്പുകളും ഉണ്ട്. അവയിറങ്ങി താഴെയെത്തിയാല്‍ സ്റ്റേഷന്റെ വിശാലമായ ഗ്രൌണ്ട് ഫ്ലോറില്‍ എത്താം.


അവിടെ ടിക്കറ്റ് വെന്റിംഗ് മെഷീനുകളും, ടിക്കറ്റ് കൌണ്ടറുകളും ഉണ്ടായിരുന്നു. ടിക്കറ്റ് വെന്റിംഗ് മെഷീനുകള്‍ ഉപയോഗിച്ച് ടിക്കറ്റ് പ്രീപെയ്ഡ് കാര്‍ഡുകള്‍ റീ‍ചാര്‍ജ്ജ് ചെയ്യുവാനും പുതിയവ വാങ്ങുവാനും സാധിക്കും. തല്‍ക്കാലം അതുപയോഗിക്കേണ്ട എന്നു നിശ്ചയിച്ച് ടിക്കറ്റ് കൌണ്ടറീലെ അത്രനീണ്ടതല്ലാത്ത ക്യുവില്‍ കയറി എല്ലാവര്‍ക്കും വേണ്ട ടിക്കറ്റുകള്‍ (ഇത് ചുവപ്പ് NOL കാര്‍ഡുകള്‍ ആണ്) വാങ്ങി.

ദുബായ് മെട്രോയുടെ ഉത്ഘാടനത്തീയതിയും അനുബന്ധവിവരങ്ങളും കാണിക്കുന്ന ഒരു സ്മാരക ബിംബവും ഫലകവും അവിടെയുണ്ട്.


ടിക്കറ്റുകള്‍ വാങ്ങിക്കഴിഞ്ഞ അവ ‘സ്വൈപ്പ്’ ചെയ്യാനുള്ള ഗെയ്റ്റുകള്‍ വഴികടന്നുപോകണം. എങ്കിലേ ട്രെയിന്‍ വരുന്ന പ്ലാറ്റ്ഫോമില്‍ എത്താന്‍ സാധിക്കൂ. ഈ രീതിയിലുള്ള സ്വൈപ്പ് ഗെയ്റ്റുകള്‍ ജനങ്ങള്‍ക്ക് അത്രയധികം പരിചയമില്ലാത്തതിനാല്‍ സഹായത്തിനായി മെട്രോ ജീവനക്കാരും സെക്യൂരിറ്റി സ്റ്റാഫുകളും അവിടെയുണ്ട്. ഒരാളുടെ ടിക്കറ്റ് ഗെയ്റ്റിലെ ഇലക്ട്രോണിക് പാഡിൽ തൊട്ടാൽ ഗെയ്റ്റിലെ ചെറീയ വാതില്‍പാളി തുറക്കും. അതുവഴി ഉള്ളിലേക്ക് കടക്കാം.


വീണ്ടും ഒരു എസ്കലേറ്റര്‍ വഴി കയറി ഞങ്ങള്‍ പ്ലാറ്റ്ഫോമിലേക്ക് എത്തി. പ്ലാറ്റ്ഫോമും പൂര്‍ണ്ണമായി എയര്‍കണ്ടീഷന്‍ ചെയ്തതാണ്. ട്രെയിനിന്റെ വാതിലുകള്‍ വന്നു നില്‍ക്കുന്നതിന്റെ നേര്‍ക്കുനേര്‍ തുറക്കുന്ന മറ്റൊരു സെറ്റ് വാതിലുകള്‍ പ്ലാറ്റ്ഫോമിലും ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്നു. ട്രെയിൻ പ്ലാറ്റ് ഫോമില്‍ ഇല്ലാത്ത അവസരങ്ങളില്‍ ഈ വാതിലുകള്‍ അടഞ്ഞുകിടക്കും. ഈ സംവിധാനത്തിലൂടെയാണ് എയര്‍കണ്ടീഷനിംഗ് പ്ലാറ്റ്ഫോമിലും സജ്ജീകരിച്ചിരിക്കുന്നത്. വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് വഴികാട്ടിയായി ടാക്റ്റൈല്‍ വഴികാട്ടികളും സ്റ്റേഷനിലും പ്ലാറ്റിഫോമിലും ഉണ്ട്. താഴത്തെ ചിത്രത്തില്‍ തറയില്‍ നാലുവരികളിലായി ഉറപ്പിച്ചിരിക്കുന്ന ലോഹക്കഷണങ്ങള്‍ ഈ രീതിയിലുള്ള വഴികാട്ടിയാണ്.



അല്പസമയത്തിനുള്ളില്‍ ട്രെയിന്‍ വന്ന് പ്ലാറ്റ് ഫോമില്‍ നിന്നു. പ്ലാറ്റ് ഫോമിന്റെയും ട്രെയിനിന്റെയും വാതിലുകള്‍ ഒരുപോലെ തുറന്നു. ട്രെയിന്‍ വന്നുനില്‍ക്കുന്നതായുള്ള അറിയിപ്പ് സ്പീക്കറുകളിലൂടെ മുഴങ്ങി. വിശാലമായ വാതിലിലൂടെ ഞങ്ങള്‍ അകത്തേക്ക് കടന്നു. ഒറ്റനോട്ടത്തിൽ തന്നെ ‘ഇതൊരു വേൾഡ് ക്ലാസ് സംഭവം തന്നെ’ എന്നുതോന്നിപ്പിക്കുന്ന ബോഗികൾ!



ഓരോ ട്രെയിനിനും അഞ്ച് ബോഗികള്‍ വീതമാണുള്ളത്. വിശാലമായ ഈ ബോഗികള്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള വാതിലുകളും വിശാലമായവതന്നെ. അതിനാല്‍ ട്രെയിനിന്റെ ഉള്ളില്‍ ആയിരിക്കുമ്പോള്‍ ഒരൊറ്റ ബോഗിപോലെയേ നമുക്ക് തോന്നുകയുള്ളൂ. എല്ലാ ട്രെയിനുകളിലും ആദ്യത്തെ ബോഗി ഗോള്‍ഡ് ക്ലാസ് ആണ്. ജെബൽ അലിയിലേക്ക് പോകുന്ന ദിശയില്‍ ഗോള്‍ഡ് ക്ലാസ് എല്ലാ ട്രെയിനുകളുടേയും മുന്നറ്റത്തായിരിക്കുന്ന രീതിയിലാണ് അവ മീകരിച്ചിരിക്കുന്നത്. ഗോള്‍ഡ് ക്ലാസ് ബോഗിയുടെ പകുതി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായുള്ള റിസേര്‍വ്ഡ് ഭാഗമായും ക്രമീകരിച്ചിട്ടുണ്ട്. ബാക്കി നാലുബോഗികളും ജനറല്‍ ബോഗികളാണ്. അതില്‍ പിന്നറ്റത്തുള്ള ബോഗിയില്‍ ഞങ്ങള്‍ കയറി. അതിനൊരു കാരണം ഉണ്ടായിരുന്നു. പിന്നറ്റത്തുള്ള ബൊഗിക്കും ട്രാക്കിലേക്ക് തുറക്കുന്ന ഒരു വിന്റ് സ്ക്രീന്‍ ഉണ്ട്. മാത്രവുമല്ല തിരികെ പോരുമ്പോള്‍ ഈ ബോഗിയായിരിക്കുമല്ലോ മുമ്പില്‍ വരുന്നത്. അപ്പോള്‍ ഡ്രൈവറില്ലാത്ത ട്രെയിനിന്റെ മുന്നത്തുതന്നെയിരുന്ന് കാഴ്ചകള്‍ കാണുകയുമാവാം.. ദേ ഇതുപോലെ.


എയര്‍കണ്ടീഷന്‍ ചെയ്ത ബോഗികളുള്ള ട്രെയിനിന്റെ ഉള്‍വശം വളരെ മനോഹരം തന്നെ. നീലനിറത്തിന്റെ വിവിധ ഷെയ്ഡുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇന്റിരിയര്‍, അതിനു ചേരുന്ന സീറ്റുകള്‍. വിശാലമായ ജനാലകള്‍, ഇരിക്കുന്നവര്‍ക്ക് അസൌകര്യമില്ലാത്തവിധം നില്‍ക്കുവാനുള്ള രീതിയില്‍ ഉണ്ടാക്കിയിരിക്കുന്ന ഇരിപ്പിടങ്ങള്‍, ട്രെയിനിന്റെ യാത്രാവിവരങ്ങള്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യുന്ന വീഡിയോ സ്ക്രീനുകള്‍, അറിയിപ്പുകൾ നല്‍കാനുള്ള വ്യക്തമായ സൌണ്ട് സിസ്റ്റം (അറബിയിലും ഇംഗ്ലീഷിലും), എപ്പോഴും അതില്‍നിന്നുയരുന്ന നേര്‍ത്ത സംഗീതം - ജപ്പാന്‍ നിര്‍മ്മിതമായ ഈ ട്രെയിനുകളോരോന്നും സാങ്കേതിക വിദ്യയില്‍ മാതമല്ല, സൌകര്യങ്ങളിലും ലോകത്തര നിലവാരമുള്ളതുതന്നെയെന്ന കാര്യത്തില്‍ സംശയമില്ല. ട്രെയിനിനുള്ളില്‍ ഭക്ഷണപാനീയങ്ങള്‍ അനുവദിച്ചിട്ടില്ല. വൈഫൈ ഇന്റര്‍നെറ്റ് സൌകര്യം യാത്രയിലുടനീളം സൌജന്യമാണ്.



ട്രെയിനിന്റെ ഉള്ളിലെ സൌകര്യങ്ങള്‍ കാണുവാന്‍ നിശ്ചലചിത്രങ്ങളേക്കാള്‍ അനുയോജ്യമാണല്ലോ വീഡിയോ ചിത്രങ്ങള്‍. താഴെയുള്ള ചെറിയ വീഡിയോ (30 സെക്കന്റ്) കണ്ടുനോക്കൂ.. Thanks to lmre's Youtube video



നാലരമിനിറ്റു നീളുന്ന മറ്റൊരു വീഡിയോ കാണുവാൻ സമയവും ക്ഷമയും ഉള്ളവർക്കായി ഇതാ മറ്റൊരു നല്ല റിപ്പോർട്ട്. സ്പീക്കറുകൾ അല്ലെങ്കിൽ ഹെഡ് സെറ്റുകൾ ഓണാക്കി ഇതിലെ വിവരണം ഒപ്പം കേൾക്കൂ.



ട്രെയിനുള്ളിലെ സംവിധാനങ്ങള്‍ ആസ്വദിച്ചിരിക്കുന്നതിനിടയില്‍ ഡോറുകള്‍ അടയുന്നതിനായുള്ള അറിയിപ്പ് മുഴങ്ങി. താമസിയാതെ അനുഭവപ്പെട്ട ഒരു ചെറിയ കുലുക്കം ട്രെയിൻ യാത്രയുടെ ആരംഭം കുറിക്കുകയാണെന്നതിന്റെ അറിയിപ്പായിരുന്നു. ഇലക്ട്രിസിറ്റിയാല്‍ ഓടുന്ന ഈ ട്രെയിനില്‍ ശബ്ദം ഒട്ടുമില്ല എന്ന പ്രത്യേകതയുണ്ട്. ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന ഈ ട്രെയിനിന്റെ ഓട്ടം പൂര്‍ണ്ണമായും കമ്പ്യൂ‍ട്ടര്‍ നിയന്ത്രിതമാണ്. സ്പീഡ് ഏറിയും കുറഞ്ഞും വരും. മിനിമം സ്പീഡ് 40 മാക്സിമം 80 എന്നിങ്ങനെ ട്രാക്കിനനുസരിച്ച് ട്രെയിന്‍ സ്വയം സ്പീഡ് ക്രമീകരിച്ച് ഓടുന്നത് നമുക്ക് അനുഭവിച്ചറിയാം. എങ്ങനെ ഓടിയാലും യാത്രയ്ക്കെടുക്കുന്ന പരമാവധി സമയം ഒരു മണിക്കൂര്‍ മാത്രം.

ട്രെയിന്‍ കടന്നുപോകുന്ന റൂട്ട് ഓരോ വാതിലിനും മുകളില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. സ്റ്റേഷനുകളുടെ പേര് അടുത്തതായി നിര്‍ത്താന്‍ പോകുന്ന സ്റ്റേഷന്‍ ഏത് തുടങ്ങിയ വിവരങ്ങള്‍ ട്രെനിലിലെ അനൌണ്‍സ്മെന്റ് സംവിധാനം വഴിയും വിഷ്വൽ ഡിസ്പ്ലേവഴിയും അറിയാം.

Metro route map

വിശാലമായ ജനാലയിലൂടെയുള്ള കാഴ്ചകള്‍ വളരെ പുതുമയേറിയതായിരുന്നു. ഇത്രയും നാള്‍ റോഡിന്റെ ലെവലില്‍ കാറീലിരുന്നുകൊണ്ട് കണ്ടിരുന്ന സ്ഥലങ്ങള്‍ നല്ലവണ്ണം ഉയര്‍ന്ന എലിവേറ്റഡ് ട്രാക്കിലിരുന്നുകൊണ്ട് നോക്കുമ്പോള്‍ പുതിയ ഒരു വീക്ഷണകോണിലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.



റഷീദിയയില്‍ നിന്നു പുറപ്പെട്ടാല്‍ ആദ്യം എത്തുന്ന ലാന്റ് മാര്‍ക്കുകള്‍ ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ മൂന്നും ഒന്നും ടെര്‍മിനലുകളാണ്. അതിൽ ടെർമിൽനൽ 3 ലെ മെട്രോസ്റ്റേഷൻ ഇപ്പോൾ പ്രവർത്തനക്ഷമവുമാണ്. ടെർമിനൽ 1 ലെ സ്റ്റേഷന്റെ പണി ദൃതഗതിയിൽ പുരോഗമിക്കുന്നു.




അവിടെനിന്ന് മുമ്പോട്ട് പോകുമ്പോൾ ദേര സിറ്റിസെന്ററിനു തൊട്ടുമുമ്പായി മെട്രോ ലൈന്‍ എലിവേറ്റഡ് ട്രാക്കില്‍ നിന്ന് അണ്ടര്‍ഗ്രൌണ്ട് ടണലിലേക്ക് കടക്കുകയാണ്. തുടര്‍ന്നുള്ള അഞ്ചുകിലോമീറ്ററോളം ദൂരം തിരക്കേറിയ നഗരങ്ങളായ ദേരയുടെയും ബര്‍ദുബായിയുടെയും ദുബായ് നഗരത്തെ രണ്ടായി തിരിക്കുന്ന ജലപാതയായ ദുബായ് ക്രീക്കിന്റെയും അടിയിലൂടെ കടന്നുപോകുന്നു. യാത്രക്കാരില്‍ ഭൂരിഭാഗവും ഈയാത്ര മുഴുവന്‍ വീഡിയോ/ സ്റ്റില്‍ ക്യാമറകളില്‍ പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു.


അണ്ടര്‍ ഗ്രൌണ്ട് സ്റ്റേഷനുകളോരോന്നും വളരെ മനോഹരമാണ്. സിറ്റി സെന്റര്‍, അല്‍ റിഗ്ഗ, യൂണിയന്‍ സ്ക്വയര്‍, ബര്‍ജുമാന്‍ എന്നീ അണ്ടര്‍ഗ്രൌണ്ട് സ്റ്റേഷനുകളാണ് റെഡ് ലൈനില്‍ ഉള്ളത്. ഭൂമിക്കടിയില്‍ 18 മീറ്ററോളം ആഴത്തിലാണിവ നിര്‍മ്മിച്ചിരിക്കുന്നത്. ഇവയുടെ ഓരൊന്നിന്റെയും ഇന്റീരിയര്‍ വളരെ മനോഹരമായ രീതിയിലാണ് ചെയ്തിരിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടിരിക്കുന്നു. അറേബ്യൻ പാരമ്പര്യം വിളിച്ചോതുന്ന ഇന്റീരിയർ ആർട്ടുകൾ അവിടെ കണ്ടു. അവിടെയൊന്നും ഇറങ്ങികാണുവാനുള്ള സാവകാശം ഈ യാത്രയില്‍ ഇല്ലാതിരുന്നതിനാല്‍ അവയെക്കുറിച്ചുള്ള വിവരണം മറ്റൊരവസരത്തിലേക്ക് മാറ്റിവയ്ക്കുന്നു.


ഖാലിദ് ബിൻ വലീദ് (ബര്‍ജുമാന്‍) സ്റ്റേഷന്‍ കഴിഞ്ഞ് കരാമയിലെത്തുമ്പോഴേക്ക് വീണ്ടും ട്രെയിന്‍ ഭൂഗര്‍ഭതുരങ്കം വിട്ട് എലിവേറ്റഡ് ട്രാക്കിലേക്ക് എത്തുകയാണ്. ഇത്രയും ദൂരം വെറും അഞ്ചുമിനിറ്റിനുള്ളിൽ കടന്നുപോകുമ്പോഴാണ് മെട്രോയുടെ ഉപയോഗം നമുക്ക് മനസ്സിലാവുന്നത്. ദേരയിലെയും ബർദുബായിലെയും ട്രാഫിക് കുരുക്കുകളിൽ ഒരു കാറിൽ യാത്രചെയ്താൽ കുറഞ്ഞത് ഇരുപതുമിനിറ്റ്എടുക്കാവുന്ന യാത്രയാണിത്. ഇരുവശത്തുമുള്ള റെസിഡന്‍ഷ്യല്‍ ഏരിയകളും സബീല്‍ പാര്‍ക്കും മറ്റും ഉയര്‍ന്ന ഒരു ആംഗിളില്‍ നിന്ന് വളരെ വ്യത്യസ്തമായി തോന്നി.
ബര്‍ദുബായ് റോഡ്



സബീല്‍ പാര്‍ക്ക്
(പാര്‍ക്കിന്റെ ഇരുപതിലൊന്നുപോലും ഈ ഫോട്ടോയിലില്ല!)


അവിടം കടന്ന് മുമ്പോട്ട് പോകുമ്പോള്‍ ദുബായിലെ പ്രധാന വീഥിയായ ഷെയ്ഖ് സായിദ് റോഡിനു സമാന്തരമായി മെട്രോ ലൈന്‍ എത്തുന്നു. റോഡെന്നാണ് പേരെങ്കിലും ഓരോ വശത്തേക്കും ഏഴു ലൈന്‍ വീതമുള്ള ഹൈവേയാണിത്. ദുബായിയിലെ അംബരചുംബികളായ കെട്ടിടങ്ങളില്‍ പലതും ഈ ഹൈവേയുടെ ഇരുവശത്തുമായാണ് സ്ഥിതിചെയ്യുന്നത്.




ഈ ഭാഗത്തെത്തിയപ്പോഴേക്ക് മറ്റൊരു ട്രെയിന്‍ എതിര്‍വശത്തേക്ക് കടന്നുപോകുന്നകാഴ്ച ഭംഗിയായി കാണുവാന്‍ സാധിച്ചു.



ഷെയ്ഖ് സായിദ് റോഡിനു ഇരുവശവുമുള്ള കാഴ്ചകള്‍ ഇനി ഒരു സ്ലൈഡ് ഷോയായി കാണാം. അതതു ചിത്രത്തെപ്പറ്റിയുള്ള വിവരണം ക്യാപ്ഷനുകളായി നല്‍കിയിട്ടുണ്ട്. താഴെയുള്ള ചിത്രത്തിലെ പ്ലേ ബട്ടണ്‍ അമര്‍ത്തൂ.



അങ്ങനെ ഞങ്ങള്‍ ഒരു മണിക്കൂറീനുശേഷം റെഡ് ലൈനില്‍ നിലവിലെ അവസാന സ്റ്റോപ്പായ നഖീല്‍ ഹാര്‍ബര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. യാത്രക്കാരെല്ലാവരും പുറത്തിറങ്ങി. വീണ്ടും സ്റ്റേഷന്റെ താഴത്തെ നിലയില്‍ എത്തിയതിനു ശേഷം വേണം മറുവശത്തെ പ്ലാറ്റ് ഫോമില്‍ എത്തുവാന്‍.




വീണ്ടും ഒരുമണിക്കൂർ യാത്രയ്ക്കുശേഷം ഞങ്ങൾ തിരികെ റഷീദിയ സ്റ്റേഷനിൽ എത്തി. ആദ്യയാത്രയുടെ അനുഭവങ്ങൾ ഏറെ കൌതുകത്തോടെ കണ്ടുകൊണ്ടിരിക്കുമ്പോഴും ഒരു കാര്യം വ്യക്തമായിരുന്നു. ദുബായ് സിറ്റി കൈവരിച്ചിട്ടുള്ള നേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയിലൊന്ന് എന്ന് നിസ്സംശയം പറയാവുന്ന ഒന്നാണ് ദുബായ് മെട്രോ. കാറുകൾ മാത്രം ഉപയോഗിച്ച് ശീലിച്ച ഒരു ജനതയെ പബ്ലിക് ട്രാൻസ്പോർട്ട് സൌകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുവാനായി മാനസികമായി തയ്യാറാക്കുന്ന പ്രക്രിയയ്ക്ക് ഇനിയും സമയമെടുത്തേക്കാം. എങ്കിലും ഏതു പ്രോജക്റ്റ് ചെയ്യുമ്പോഴും അതിനെപ്പറ്റിയുള്ള പരമാവധി ബോധവൽക്കരണം ജനങ്ങളിലെത്തിക്കാൻ ശ്രദ്ധിക്കുന്ന അധികൃതർ ഇക്കാര്യത്തിലും വിജയിക്കും എന്നാണെന്റെ പ്രതീക്ഷ.

'City that cares' എന്നാണ് ദുബായ് നഗരത്തെപ്പറ്റി പറയുന്നത്. മെട്രോപദ്ധതിയെപ്പറ്റി RTA ഏകദേശം ഒരുവർഷം മുമ്പ് ആരംഭിച്ച കാമ്പെയിന്റെ ആപ്തവാക്യമായിരുന്നു 'My City My Metro' എന്നത്. ദുബായ് നഗരത്തിലെ ഓരോ അന്തേവാസിക്കും, സ്വദേശിയോ വിദേശിയോ ആകട്ടെ, ‘ഇതെന്റെ നഗരം ഇത് എന്റെ മെട്രോ’ എന്ന ഒരു ഫീൽ നൽകുവാൻ ഈ മെട്രോട്രെയിന് സാധിച്ചിട്ടുണ്ട് എന്ന് മെട്രോയിൽ യാത്രചെയ്യുന്ന ഓരോ യാത്രക്കാരന്റെയും മുഖങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.



=============
വാൽക്കഷ്ണം
=============

1997 ൽ നടത്തിയ ഒരു പഠനത്തിൽ ഉരുത്തിരിഞ്ഞുവന്ന ആശയമാണ് മെട്രോ റെയിൽ പദ്ധതി. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആരംഭത്തിലെ ദുബായിയും ഇന്നത്തെ ദുബായിയും തമ്മിലുള്ള വ്യത്യാസം ഈ ഫോട്ടോയിൽ കാണാം! ദീർഘവീക്ഷണം എന്നാലെന്താണ് എന്നതിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണം.

Read more...

മൂന്നു കുരങ്ങന്മാര്‍ പറഞ്ഞത്‌

>> Monday, April 30, 2007


കൊല്ലം ജില്ലയിലെ പ്രമുഖ പട്ടണങ്ങളില്‍ ഒന്നാണ്‌ പുനലൂര്‍. പുനലൂര്‍ പേപ്പര്‍ മില്ലും, പ്ലൈവുഡ്‌ ഫാക്ടറിയും പുനലൂര്‍ തൂക്കുപാലവും വളരെ പ്രശസ്തമാണല്ലോ? കല്ലടയാറിന്റെ സാമീപ്യവും, കിഴക്കന്‍ മലകളില്‍ യഥേഷ്ടം ലഭിച്ചിരുന്ന ഈറയും, തടിവ്യവസായത്തിന്‌ ആവശ്യമായ കാട്ടുമരങ്ങളും ഒക്കെയാവാം, ബ്രിട്ടീഷുകാരെ ഈ പ്രദേശത്തേക്ക്‌ ആകര്‍ഷിച്ചത്‌. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദങ്ങള്‍ മുതല്‍തന്നെ പുനലൂര്‍, കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ വികസിതമായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ തുടങ്ങി എണ്‍പതുകളുടെ തുടക്കം വരെ, അവരുടെ ജോലിയുടെ ഭാഗമായി എന്റെ മാതാപിതാക്കള്‍ പുനലൂരിലായിരുന്നു താമസിച്ചിരുന്നത്‌.

പുനലൂര്‍ ടൗണില്‍ നിന്നും രണ്ടുകിലോമീറ്ററോളം പടിഞ്ഞാറ്‌ മാറി, പേപ്പര്‍ മില്ലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും, ജോലിക്കാരുടെ ക്വാട്ടേഴ്സുകളും ഒക്കെ സ്ഥിതിചെയ്തിരുന്ന ഒരു പ്രദേശത്തായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്ന വാടക വീട്‌. റോഡില്‍ നിന്നും അല്‍പം മാറി, ഒരു വയലിന്റെ വശത്ത്‌ നിന്നിരുന്ന, രണ്ടുമുറിയും ഒരു വരാന്തയും ഉള്ള ഓലമേഞ്ഞ, വൈദ്യുതി എത്തിയിട്ടില്ലാത്ത ആ വീട്ടിലായിരുന്നു എന്റെ കുട്ടിക്കാലം. സമീപത്തു തന്നെയുള്ള ഒരു സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരായിരുന്നു എന്റെ അച്ഛനമ്മമാര്‍.

അന്നൊക്കെ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനും മറ്റുമായി, പുനലൂര്‍ ടൗണിലേക്ക്‌ പോകേണ്ടതുണ്ടായിരുന്നു. അവധി ദിനങ്ങളാണെങ്കില്‍ ടൗണിലേക്ക്‌ പോകുന്നത്‌ കുറച്ചുകൂടി നേരത്തേയായിരിക്കും, സന്ധ്യമയങ്ങുന്നതിനു മുമ്പ്‌, വീട്ടില്‍ തിരിച്ചെത്താവുന്ന തരത്തില്‍. ചിലപ്പോഴൊക്കെ അപ്പ ഞങ്ങള്‍ കുട്ടികളേയും കൂട്ടും, നഗരക്കാഴ്ചകള്‍ കാണാന്‍. ടൗണിലേക്ക്‌ പോകുന്ന വഴിയില്‍ "റിച്ചീസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌" എന്ന പേരിലുള്ള ഒരു ഹിന്ദി ഭാഷാപഠനകേന്ദ്രം ഉണ്ടായിരുന്നു. ഈ സ്ഥാപനത്തെ ഇന്നും ഞാന്‍ ഓര്‍ത്തിരിക്കാന്‍ ഒരു കാരണമുണ്ട്‌ - അതിന്റെ മതിലില്‍ ഉറപ്പിച്ചിരുന്ന മൂന്നു കുരങ്ങന്മാരുടെ പ്രതിമകള്‍ അന്നെനിക്ക്‌ വളരെ കൗതുകകരമായി തോന്നിയിരുന്നു. ഒരാള്‍ കണ്ണുപൊത്തിയിരിക്കുന്നു, അടുത്തയാള്‍ ചെവിപൊത്തിപ്പിടിച്ചിരിക്കുന്നു, മൂന്നാമത്തെയാള്‍ വായ പൊത്തിപ്പിടിച്ചിരിക്കുന്നു. കടുംകാവിനിറത്തിലുള്ള തൂണുകള്‍ക്കു മുകളില്‍, വെള്ളിനിറത്തില്‍ ഉണ്ടാക്കി ഉറപ്പിച്ചിരുന്ന ആ കുരങ്ങന്മാരുടെ പ്രതിമകള്‍ ടൗണിലേക്ക്‌ പോകുന്നവഴിയില്‍ എന്നും ഒരു വിസ്മയക്കാഴ്ചയായിരുന്നു.

ഈ കുരങ്ങന്മാര്‍ നമ്മോട്‌ എന്താണ്‌ പറയുന്നതെന്ന് അറിയാമോ എന്ന് എന്റെ അമ്മ ഒരിക്കല്‍ ചോദിച്ചു. "ഇല്ല" എന്ന എന്റെ മറുപടികേട്ട്‌ അമ്മ പറഞ്ഞു,

ഒന്നാമന്‍ പറയുന്നത്‌ "കുഞ്ഞേ, കുഞ്ഞേ, കാണണ്ടാത്തതു കാണേണ്ടാ... "
രണ്ടാമന്‍ പറയുന്നു "കുഞ്ഞേ കുഞ്ഞേ, കേള്‍ക്കണ്ടാത്തതു കേള്‍ക്കണ്ടാ..."
മൂന്നാമന്‍ പറയുന്നു "കുഞ്ഞേ, കുഞ്ഞേ, ചൊല്ലരുതാത്തതു ചൊല്ലണ്ടാ....."

ചെറുപ്പകാലത്ത്‌ ഇതിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും പിടികിട്ടിയില്ല എങ്കിലും, അറിവായപ്പോള്‍ അതിന്റെ വ്യാപ്തി മനസ്സിലായി. എത്ര അര്‍ത്ഥവത്തായ പഴമൊഴി! തിന്മയായ എന്തില്‍നിന്നും നോക്കിലും, വാക്കിലും, കേള്‍വിയിലും ഒഴിഞ്ഞിരിക്കുമെങ്കില്‍ സകല തിന്മകളില്‍ നിന്നും നാം മോചിതരായിരിക്കുമെന്ന മഹത്തായ ചിന്തയാണ്‌ ഈ മൂന്നു കുരങ്ങന്മാര്‍ പറഞ്ഞുതരുന്നതെന്ന അറിവ്‌ എനിക്ക്‌ അവരോടുള്ള സ്നേഹം വര്‍ദ്ധിപ്പിച്ചു.
ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ച, പറഞ്ഞുതന്ന ഈ ചിന്തകള്‍ എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്‌. ടി.വി.യും ഇന്റര്‍നെറ്റും തുടങ്ങി പലമാധ്യമങ്ങളും വളരെ പ്രചാരത്തിലുള്ള ഈ കാലഘട്ടത്തില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക്‌ അവരുടെ മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കേണ്ട പാഠവും ഇതുതന്നെ. ഗുണവും ദോഷവും വേര്‍തിരിച്ചറിഞ്ഞ്‌ വളരുവാന്‍ അവരെ പ്രാപ്തരാക്കുക. "കാഴ്ച" എന്നത്‌ ദൃശ്യമാധ്യമങ്ങളില്‍മാത്രം ഒതുങ്ങുന്നില്ല. നിലവാരമില്ലാത്തതും, യാതൊരുവിധ പാഠങ്ങളും നല്‍കാനില്ലാത്തതുമായ സീരിയലുകളും, സിനിമകളും കാണുവാന്‍ കുട്ടികളെ നിര്‍വിഘ്നം അനുവദിക്കാതെ, പ്രയോജനമുള്ള, നല്ല ഡോക്യുമെന്ററികള്‍, നല്ല കഥകള്‍, നോവലുകള്‍, ലേഖനങ്ങള്‍ (അത്‌ പുസ്തകമോ ഇന്റര്‍നെറ്റോ എന്തുമാകാം) തുടങ്ങിയവയൊക്കെ അവര്‍ക്കു നല്‍കുക. ഉപദേശം മാത്രം നല്‍കാതെ, നമ്മുടെ പ്രവര്‍ത്തിയിലൂടെയും അവര്‍ക്കത്‌ മനസ്സിലാവണം. മൂന്നുനാലു വയസ്സായ കൊച്ചുകുട്ടികള്‍, അവരുടെ ലോകത്താണെന്നു നമുക്ക്‌ തോന്നുന്നുണ്ടെങ്കിലും, അവര്‍ വളരെ വേഗം നമ്മില്‍ നിന്ന് പലകാര്യങ്ങളും ഗ്രഹിക്കുകയാണെന്നത്‌ പലര്‍ക്കും അറിയാത്ത സംഗതിയാണ്‌. ചെറുപ്പത്തില്‍ വീട്ടില്‍നിന്നു ശീലിക്കുന്ന നല്ല ഗുണങ്ങള്‍ കൗമാരത്തിലും യൗവ്വനത്തിലും നഷ്ടപ്പെട്ടുപോകാതെ ജീവിതാന്ത്യത്തോളം നിലനില്‍ക്കും എന്നത്‌ ഒരു യാഥാര്‍ഥ്യമത്രേ.

രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഒരവധിക്കാലത്ത്‌ അച്ഛനമ്മമാരേയുംകൂട്ടി പുനലൂരിലെ പഴയ വാസസ്ഥലവും, അന്നത്തെ അയല്‍ക്കാരെയുമൊക്കെ ഒന്നു കാണുവാന്‍ ഞങ്ങള്‍ പോയിരുന്നു. ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ വളരെ മാറ്റങ്ങള്‍ വരുത്തിയിരുന്നു ആ പ്രദേശങ്ങള്‍ക്ക്‌. പഴയ റിച്ചീസിനുമുന്‍പില്‍ക്കൂടി കാര്‍ പോകുമ്പോള്‍ ഞാന്‍ കുരങ്ങമ്മാരെപ്പറ്റി ഓര്‍ത്തു. അപ്പ അമ്മയോടു പറയുന്നതു കേട്ടു, "പണ്ട്‌ ഇതുവഴി എത്ര നടന്നതാ..." എന്ന്. ശരിയാണ്‌. വൈകുന്നേരങ്ങളില്‍ ടൗണിലേക്ക്‌ പോകുന്ന അപ്പ, ഒരു സഞ്ചിയില്‍ വീട്ടിലേക്കുള്ള സാധനങ്ങളും കൈയ്യിലേന്തി, എട്ടുമണിയോളമാവുമ്പോഴേക്ക്‌ തിരിച്ചെത്തും. റോഡില്‍നിന്ന് വയല്‍വരമ്പുവഴി ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയിലെ കൂരിരുട്ടില്‍ ഒരു മിന്നിക്കുന്ന ടോര്‍ച്ചോ, അല്ലെങ്കില്‍ ഒരു പേപ്പറില്‍ ചുരുട്ടി കത്തിച്ച മെഴുകുതിരിവെട്ടമോ കാണുമ്പോള്‍ അത്‌ അപ്പയാണോ എന്നു നോക്കി ഞങ്ങള്‍ നില്‍ക്കുമായിരുന്നു. അച്ഛനുള്ള വീട്‌ എത്ര സുരക്ഷിതമാണ്‌...അല്ലേ?

അവരുടെ പരിമിതമായ ചുറ്റുപാടുകളില്‍ ഒതുങ്ങിനിന്നുകൊണ്ട്‌ മക്കളെ നല്ല രീതിയില്‍ രൂപപ്പെടുത്തിയെടുത്തതിന്റെ സുകൃതമാണല്ലോ ഞങ്ങള്‍ ഇന്നനുഭവിക്കുന്നതെന്ന് ഹൃദയംനിറയുന്ന സന്തോഷത്തോടെ ഞാനപ്പോള്‍ ഓര്‍ത്തു.

****************** ***************

വാല്‍ക്കഷണം: മൂന്നുകുരങ്ങന്മാരുടെ "See no evil, hear no evil, speak no evil" എന്ന പഴമൊഴിക്ക്‌ എട്ടാം നൂറ്റാണ്ടാളം പഴക്കമുണ്ടത്രേ. ഇന്‍ഡ്യയില്‍നിന്ന് ജപ്പാനിലെത്തിയ ബുദ്ധമത സന്യാസിമാരാണിത്‌ ജപ്പാനില്‍ പ്രചരിപ്പിച്ചതെന്നു കരുതപ്പെടുന്നു. ജപ്പാനിലെ ടൊഷോഗു ആരാധനാലയത്തിന്റെ ഒരു വാതില്‍പ്പടിമേല്‍ കൊത്തിവച്ചിരിക്കുന്ന മൂന്നു കുരങ്ങന്മാരുടെ രൂപങ്ങള്‍ പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ്‌. വിവരങ്ങള്‍ക്കു കടപ്പാട്‌, വിക്കിപീഡിയയ്ക്ക്‌.

Read more...

കുഞ്ഞിനെ എടുക്കുവാന്‍ മറന്ന അമ്മ

>> Tuesday, April 24, 2007

ബ്ലോഗര്‍ സുഹൃത്ത്‌ ഇടിവാള്‍ ഈയാഴ്ച എഴുതിയ "മടക്കയാത്ര" എന്ന ചെറുകഥയില്‍ ഗള്‍ഫിലേക്ക്‌ വിരുന്നുവന്ന മുത്തശ്ശിയുമായി രണ്ടുമാസമായിട്ടും ഇണങ്ങാത്ത കൊച്ചുമകളെപ്പറ്റി വിവരിക്കുന്നുണ്ട്‌. ഈ തലമുറയിലെ പല(പ്രവാസി)കുട്ടികളും എന്തേ ഇങ്ങനെ? ബന്ധങ്ങള്‍ അറിയാന്‍പാടില്ല്ലാത്ത കുട്ടികള്‍, മാതാപിതാക്കളോടുള്ളതിനേക്കാള്‍ കൂട്ടുകാരോട്‌ വിധേയത്വം കാണിക്കുന്ന കുട്ടികള്‍, ടി.വി.യിലും ഇന്റെനെറ്റിലും, ഗെയിമുകളിലും അഡിക്റ്റായ കുട്ടികള്‍, പത്തുപന്ത്രണ്ടു വയസ്സാവുമ്പോഴേക്കും കുട്ടിത്തം തന്നെ നഷ്ടപ്പെട്ടുപോകുന്ന കുട്ടികളല്ലാത്ത കുട്ടികള്‍.


പണ്ട വായിച്ച ഒരു കഥയുണ്ട്‌. പ്രണയബദ്ധരായിരുന്ന ഒരു യുവതിയും യുവാവും വിവാഹം കഴിച്ചു. സന്തോഷകരമായ അനുഭവങ്ങള്‍ സമ്മാനിച്ച ജീവിതം പക്ഷെ അധികകാലം നീണ്ടുനിന്നില്ല. അവരുടെ സ്നേഹത്തിന്റെ ശേഷിപ്പായി ഒരു കൊച്ചു ജന്മത്തെ അവളുടെ ഗര്‍ഭപാത്രത്തില്‍ വളരാന്‍ വിട്ടിട്ട്‌ അവന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയി. വളരെ ദുഃഖിതയും ഖിന്നയുമായിത്തീര്‍ന്ന ആ യുവതി യഥാകാലം ഒരു കുഞ്ഞിനെ പ്രസവിച്ചു. വരുമാനമാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാതിരുന്ന അവള്‍ ഒരു വീട്ടില്‍ ജോലിചെയ്ത്‌ കുഞ്ഞിനെ സംരക്ഷിച്ചുപോന്നു. തന്റെ ദുഃഖവും പ്രയാസങ്ങളും അവള്‍ ഈശ്വരനില്‍ സമര്‍പ്പിച്ച്‌ എന്നും പ്രാര്‍ഥിക്കുമായിരുന്നു. പക്ഷേ ഈശ്വരന്‍ മൗനം തുടര്‍ന്നു.


ഇതുകണ്ട സങ്കടം തോന്നിയ ഒരു മാലാഖ ഈശ്വരനോട്‌ ചോദിച്ചു, "അങ്ങെന്താണ്‌ ഇങ്ങനെ മൗനം പാലിക്കുന്നത്‌. ആ വിധവയായ സ്ത്രീയ്ക്ക്‌ കുഞ്ഞിനേയും വളര്‍ത്തി ശിഷ്ടകാലം കഴിയാനുള്ള ധനം അങ്ങേയ്ക്ക്‌ നല്‍കിക്കൂടേ" എന്ന്. ഈശ്വരന്‍ പ്രതിവചിച്ചു. "ശരി, നീ ആ സ്ത്രീയുടെ അടുത്തു ചെന്ന് നിനക്കു യുക്തമെന്നു തോന്നുന്നത്‌ നല്‍കിക്കൊള്ളുക. പക്ഷേ സൂക്ഷിക്കണം, അവള്‍ മനുഷ്യവര്‍ഗ്ഗത്തില്‍ പെട്ടവളാണ്‌".


മാലാഖയ്ക്ക്‌ സന്തോഷമായി. മാലാഖ അവളുടെ അടുത്തെത്തിയിട്ട്‌ പറഞ്ഞു, "നിന്റെ കഷ്ടപ്പാടുകളൊക്കെ മാറാന്‍ പോകുന്നു. ശിഷ്ടകാലം സന്തോഷത്തോടെ നിന്റെ കുഞ്ഞിനോടൊപ്പം കഴിയുവാനുള്ള ധനം നിനക്കു നല്‍കുവാന്‍ ഈശ്വരന്‍ അയച്ചതാണ്‌ എന്നെ". മാലാഖ അവളെ ഒരു മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. സ്വര്‍ണ്ണനാണയങ്ങള്‍ കൂട്ടിയിട്ടിരുന്ന ഒരു മുറിയായിരുന്നു അത്‌. മാലാഖ അവളോടുപറഞ്ഞു. "അരമണിക്കൂര്‍ സമയം ഞാന്‍ നിനക്കു തരുന്നു. നിനക്ക്‌ എടുക്കാവുന്നിടത്തോളം നാണയങ്ങള്‍ എടുത്തുകൊള്ളുക. പക്ഷേ ഓരോന്നായി മാത്രമേ എടുക്കാവൂ. അരമണിക്കൂര്‍ കഴിയുന്നതിനു മുമ്പ്‌ നീ മുറിക്ക്‌ പുറത്ത്‌ ഇറങ്ങിക്കൊള്ളുകയും വേണം, അല്ലെങ്കില്‍ ഈ മുറിയുടെ വാതില്‍ അടയും, പിന്നീടൊരിക്കലും നിനക്ക്‌ പുറത്തിറങ്ങാന്‍ കഴിയുകയുമില്ല" മുപ്പതു മിനിറ്റ്‌ സൂചിപ്പിക്കുന്ന ഒരു ക്ലോക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്തിട്ട്‌ മാലാഖ അപ്രത്യക്ഷമായി. തന്റെ കൊച്ചുകുഞ്ഞിനെ ഒരു വശത്തിരുത്തിയിട്ട്‌ ആ അമ്മ തന്റെ സാരിത്തലപ്പില്‍ ഓരോരോ സ്വര്‍ണ്ണനാണയങ്ങളായി പെറുക്കിയെടുക്കാന്‍ ആരംഭിച്ചു.


സമയം കടന്നുപോയി. "മതി, നിനക്കും നിന്റെ കുഞ്ഞിനും ജീവിതകാലം മുഴുവന്‍ സുഭിക്ഷമായിക്കഴിയുവാനുള്ള വകയായി" എന്ന് അവളുടെ മനസ്സാക്ഷി ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ അവളില്‍ ഉറങ്ങിക്കിടന്നിരുന്ന അത്യാഗ്രഹം സടകുടഞ്ഞെഴുന്നേറ്റ്‌ വീണ്ടും വീണ്ടും നാണയങ്ങള്‍ പെറുക്കുവാന്‍ അവളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. മുപ്പതു മിനിറ്റ്‌ അവസാനിക്കുവാന്‍ രണ്ടുസെക്കന്റ്‌ മാത്രം ബാക്കിയുള്ളപ്പോള്‍ അവള്‍ ആ ഭാരമേറിയ സ്വര്‍ണ്ണക്കൂമ്പാരവും വഹിച്ചുകൊണ്ട്‌ മുറിക്കുപുറത്തിറങ്ങി. വാതിലും അടഞ്ഞു. പക്ഷേ അവളുടെ കുഞ്ഞിനെ എടുക്കുവാന്‍ ആ തിരക്കിനിടയില്‍ അവള്‍ മറന്നുപോയിരുന്നു......


ഇതുതന്നെയല്ലേ ഇടിവാളിന്റെ കഥാപാത്രമായ കുഞ്ഞിനും പറ്റിയത്‌? ആരാണിതിനുത്തരവാദികള്‍? കുഞ്ഞുങ്ങളോ, അതോ ജീവിത തിരക്കുകള്‍ക്കിടയില്‍ അവരെ എടുക്കുവാന്‍ മറന്നുപോകുന്ന നമ്മള്‍ മാതാപിതക്കളോ? മേല്‍പ്പറഞ്ഞ കഥയിലെ നാണയങ്ങള്‍ പണത്തെ മാത്രമല്ല, നമ്മുടെ ഓരോ പ്രവൃത്തിയേയും ദൃശ്യവല്‍ക്കരിക്കുന്നു. കൊച്ചുകുട്ടികളുടെ മനസ്സ്‌ ഒരു ബ്ലാങ്ക്‌ പേപ്പറാണ്‌ എന്നു പറയാറുണ്ടല്ലോ? അതില്‍ മതാപിതാക്കള്‍ ചെറുപ്രായത്തില്‍ത്തന്നെ കുറിച്ചിടുന്ന "പോസ്റ്റുകളും കമന്റുകളുമാണ്‌" അവരുടെ മനസ്സില്‍ പതിഞ്ഞ്‌ വരുന്നത്‌. ഇതിന്റെ കൂടെ, "ചൊട്ടയിലെ ശീലം ചുടലവരെ" എന്ന പഴമൊഴിയും ചേര്‍ത്ത്‌ വായിക്കുമ്പോള്‍ ചിത്രം കുറേക്കൂടി വ്യക്തം.


നാട്ടില്‍ വളരുന്ന കുട്ടികള്‍ക്ക്‌ അവരുടെ വളര്‍ച്ചയില്‍ സ്വാഭാവികമായി പകര്‍ന്നുകിട്ടുന്ന അനുഭവങ്ങളിലൂടെ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യവും, സ്നേഹത്തിന്റെ ഊഷ്മളതയും മനസ്സിലാക്കുന്നു. പ്രവാസിയുടെ കുട്ടിയെ സംബന്ധിച്ചിടത്തോളം മാതാപിതാക്കള്‍ അവര്‍ക്ക്‌ പറഞ്ഞുകൊടുക്കേണ്ട ഒരു കടമയായി ഇത്‌ മാറുന്നു.മുത്തഛന്‍, മുത്തശ്ശീ, മറ്റു ബന്ധുക്കള്‍ തുടങ്ങിയവരെപ്പറ്റിയുള്ള അറിവും, അവര്‍ എന്ന വ്യക്തി എന്താണെന്നും ചെറുപ്പത്തില്‍ത്തന്നെ കുഞ്ഞുങ്ങള്‍ക്ക്‌ സ്വന്തം ജീവിതമാതൃകകളിലൂടെ, അവരുമായുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ കാണിച്ചു കൊടുക്കുവാന്‍ എത്ര മാതാപിതാക്കള്‍ക്ക്‌ കഴിയുന്നുണ്ട്‌? സമൂഹ്യ ബോധത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കേണ്ടത്‌ സ്വന്തം വീട്ടില്‍നിന്നു തന്നെയാണ്‌. വ്യക്തിബന്ധങ്ങളുടെ വില അറിയേണ്ടതും അവിടുന്നുതന്നെ. എത്ര തിരക്കു പിടിച്ച ജീവിതമായാലും, ഇതിനൊക്കെ നാം സമയം കണ്ടെത്തുന്നില്ലെങ്കില്‍ 'സ്വയംകൃതാനര്‍ത്ഥം' എന്നു ചിന്തിച്ച്‌ നാളെ ആശ്വസിക്കുകയേ വഴിയുള്ളൂ.


ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം, കുടുംബങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരുമായുള്ള ഇടപഴകലിന്റെ സമയക്രമം തന്നെ തകര്‍ക്കുന്നു എന്നത്‌ ഒരു സത്യമാണ്‌. അതിഥികള്‍ വീട്ടിലെത്തിയാല്‍പ്പോലും “നിര്‍ജ്ജീവങ്ങളായ കണ്ണുകള്‍“ ടി.വി.യിലുറപ്പിച്ച് ചുറ്റുപാടും യാതൊരു ശ്രദ്ധയുമില്ലാതെ മണിക്കൂറുകളോളം ഇരിക്കുന്ന കുട്ടികളേയും നമുക്ക് പരിചയമുണ്ടല്ലോ? കുട്ടികളുമായി സംസാരിക്കാന്‍ സമയം കണ്ടെത്തുക, നാടും വീടുമായി ബന്ധപ്പെട്ട കാര്യങ്ങളും, പഴയ അനുഭവങ്ങളും ഒഴിവുവേളകളില്‍ അവരുമായി പങ്കുവയ്ക്കുക, തുടങ്ങിയവയൊക്കെ പ്രവാസികള്‍ക്ക്‌ ചെയ്യാന്‍ പറ്റും. മറ്റൊരു പ്രധാന സംഗതി, നാം ഏതു മതവിശ്വാസത്തില്‍പ്പെട്ടവരുമായിക്കോട്ടെ, നമ്മുടെ കുഞ്ഞുങ്ങളെ ആ മതത്തില്‍ അടിയുറച്ച വിശ്വാസികളായി വളര്‍ത്തിയെടുക്കുക എന്നതാണ്‌. എങ്കില്‍, അടുത്ത തലമുറയിലും നന്മയുണ്ടാവും. എല്ലാ മതങ്ങളും ആത്യന്തികമായി മനുഷ്യ നന്മയാണല്ലോ ലക്ഷ്യമാക്കുന്നത്‌.


ബ്ലോഗര്‍ പ്രിയംവദ, സ്വപ്നങ്ങള്‍ കൈമോശം വന്നവര്‍“ എന്ന ലേഖനത്തില്‍ അഭിപ്രായപ്പെട്ടതുപോലെ, "എക്സ്‌പോര്‍ട്ട്‌ ക്വാളിറ്റി" യുള്ള തലമുറയായി അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനു എല്ലാം വാരിക്കോരിനല്‍കുമ്പോഴും ജീവിതത്തിന്റെ മൂല്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ സമയമില്ലാതെ വരുന്ന "പാവം" നമ്മള്‍! ഇതു തുടരുന്ന കാലത്തോളം "മടക്കയാത്രകള്‍" തുടരും. ഇന്നു ഞാന്‍ നാളെ നീ എന്ന വ്യത്യാസം മാത്രം.

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP