കുഞ്ഞിനെ എടുക്കുവാന്‍ മറന്ന അമ്മ
>> Tuesday, April 24, 2007
ബ്ലോഗര്‍ സുഹൃത്ത് ഇടിവാള്‍ ഈയാഴ്ച എഴുതിയ "മടക്കയാത്ര" എന്ന ചെറുകഥയില്‍ ഗള്‍ഫിലേക്ക് വിരുന്നുവന്ന മുത്തശ്ശിയുമായി രണ്ടുമാസമായിട്ടും ഇണങ്ങാത്ത കൊച്ചുമകളെപ്പറ്റി വിവരിക്കുന്നുണ്ട്. ഈ തലമുറയിലെ പല(പ്രവാസി)കുട്ടികളും എന്തേ ഇങ്ങനെ? ബന്ധങ്ങള്‍ അറിയാന്‍പാടില്ല്ലാത്ത കുട്ടികള്‍, മാതാപിതാക്കളോടുള്ളതിനേക്കാള്‍ കൂട്ടുകാരോട് വിധേയത്വം കാണിക്കുന്ന കുട്ടികള്‍, ടി.വി.യിലും ഇന്റെനെറ്റിലും, ഗെയിമുകളിലും അഡിക്റ്റായ കുട്ടികള്‍, പത്തുപന്ത്രണ്ടു വയസ്സാവുമ്പോഴേക്കും കുട്ടിത്തം തന്നെ നഷ്ടപ്പെട്ടുപോകുന്ന കുട്ടികളല്ലാത്ത കുട്ടികള്‍.
പണ്ട വായിച്ച ഒരു കഥയുണ്ട്. പ്രണയബദ്ധരായിരുന്ന ഒരു യുവതിയും യുവാവും വിവാഹം കഴിച്ചു. സന്തോഷകരമായ അനുഭവങ്ങള്‍ സമ്മാനിച്ച ജീവിതം പക്ഷെ അധികകാലം നീണ്ടുനിന്നില്ല. അവരുടെ സ്നേഹത്തിന്റെ ശേഷിപ്പായി ഒരു കൊച്ചു ജന്മത്തെ അവളുടെ ഗര്‍ഭപാത്രത്തില്‍ വളരാന്‍ വിട്ടിട്ട് അവന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയി. വളരെ ദുഃഖിതയും ഖിന്നയുമായിത്തീര്‍ന്ന ആ യുവതി യഥാകാലം ഒരു കുഞ്ഞിനെ പ്രസവിച്ചു. വരുമാനമാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാതിരുന്ന അവള് ഒരു വീട്ടില്‍ ജോലിചെയ്ത് കുഞ്ഞിനെ സംരക്ഷിച്ചുപോന്നു. തന്റെ ദുഃഖവും പ്രയാസങ്ങളും അവള് ഈശ്വരനില്‍ സമര്‍പ്പിച്ച് എന്നും പ്രാര്‍ഥിക്കുമായിരുന്നു. പക്ഷേ ഈശ്വരന് മൗനം തുടര്‍ന്നു.
ഇതുകണ്ട സങ്കടം തോന്നിയ ഒരു മാലാഖ ഈശ്വരനോട് ചോദിച്ചു, "അങ്ങെന്താണ് ഇങ്ങനെ മൗനം പാലിക്കുന്നത്. ആ വിധവയായ സ്ത്രീയ്ക്ക് കുഞ്ഞിനേയും വളര്‍ത്തി ശിഷ്ടകാലം കഴിയാനുള്ള ധനം അങ്ങേയ്ക്ക് നല്‍കിക്കൂടേ" എന്ന്. ഈശ്വരന് പ്രതിവചിച്ചു. "ശരി, നീ ആ സ്ത്രീയുടെ അടുത്തു ചെന്ന് നിനക്കു യുക്തമെന്നു തോന്നുന്നത് നല്കിക്കൊള്ളുക. പക്ഷേ സൂക്ഷിക്കണം, അവള് മനുഷ്യവര്‍ഗ്ഗത്തില്‍ പെട്ടവളാണ്".
മാലാഖയ്ക്ക് സന്തോഷമായി. മാലാഖ അവളുടെ അടുത്തെത്തിയിട്ട് പറഞ്ഞു, "നിന്റെ കഷ്ടപ്പാടുകളൊക്കെ മാറാന്‍ പോകുന്നു. ശിഷ്ടകാലം സന്തോഷത്തോടെ നിന്റെ കുഞ്ഞിനോടൊപ്പം കഴിയുവാനുള്ള ധനം നിനക്കു നല്കുവാന് ഈശ്വരന് അയച്ചതാണ് എന്നെ". മാലാഖ അവളെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്വര്‍ണ്ണനാണയങ്ങള്‍ കൂട്ടിയിട്ടിരുന്ന ഒരു മുറിയായിരുന്നു അത്. മാലാഖ അവളോടുപറഞ്ഞു. "അരമണിക്കൂര്‍ സമയം ഞാന്‍ നിനക്കു തരുന്നു. നിനക്ക് എടുക്കാവുന്നിടത്തോളം നാണയങ്ങള്‍ എടുത്തുകൊള്ളുക. പക്ഷേ ഓരോന്നായി മാത്രമേ എടുക്കാവൂ. അരമണിക്കൂര്‍ കഴിയുന്നതിനു മുമ്പ് നീ മുറിക്ക് പുറത്ത് ഇറങ്ങിക്കൊള്ളുകയും വേണം, അല്ലെങ്കില്‍ ഈ മുറിയുടെ വാതില്‍ അടയും, പിന്നീടൊരിക്കലും നിനക്ക് പുറത്തിറങ്ങാന്‍ കഴിയുകയുമില്ല" മുപ്പതു മിനിറ്റ് സൂചിപ്പിക്കുന്ന ഒരു ക്ലോക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട് മാലാഖ അപ്രത്യക്ഷമായി. തന്റെ കൊച്ചുകുഞ്ഞിനെ ഒരു വശത്തിരുത്തിയിട്ട് ആ അമ്മ തന്റെ സാരിത്തലപ്പില്‍ ഓരോരോ സ്വര്‍ണ്ണനാണയങ്ങളായി പെറുക്കിയെടുക്കാന്‍ ആരംഭിച്ചു.
സമയം കടന്നുപോയി. "മതി, നിനക്കും നിന്റെ കുഞ്ഞിനും ജീവിതകാലം മുഴുവന്‍ സുഭിക്ഷമായിക്കഴിയുവാനുള്ള വകയായി" എന്ന് അവളുടെ മനസ്സാക്ഷി ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ അവളില്‍ ഉറങ്ങിക്കിടന്നിരുന്ന അത്യാഗ്രഹം സടകുടഞ്ഞെഴുന്നേറ്റ് വീണ്ടും വീണ്ടും നാണയങ്ങള്‍ പെറുക്കുവാന്‍ അവളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. മുപ്പതു മിനിറ്റ് അവസാനിക്കുവാന്‍ രണ്ടുസെക്കന്റ് മാത്രം ബാക്കിയുള്ളപ്പോള്‍ അവള് ആ ഭാരമേറിയ സ്വര്‍ണ്ണക്കൂമ്പാരവും വഹിച്ചുകൊണ്ട് മുറിക്കുപുറത്തിറങ്ങി. വാതിലും അടഞ്ഞു. പക്ഷേ അവളുടെ കുഞ്ഞിനെ എടുക്കുവാന്‍ ആ തിരക്കിനിടയില്‍ അവള് മറന്നുപോയിരുന്നു......
ഇതുതന്നെയല്ലേ ഇടിവാളിന്റെ കഥാപാത്രമായ കുഞ്ഞിനും പറ്റിയത്? ആരാണിതിനുത്തരവാദികള്‍? കുഞ്ഞുങ്ങളോ, അതോ ജീവിത തിരക്കുകള്‍ക്കിടയില്‍ അവരെ എടുക്കുവാന്‍ മറന്നുപോകുന്ന നമ്മള് മാതാപിതക്കളോ? മേല്‍പ്പറഞ്ഞ കഥയിലെ നാണയങ്ങള്‍ പണത്തെ മാത്രമല്ല, നമ്മുടെ ഓരോ പ്രവൃത്തിയേയും ദൃശ്യവല്‍ക്കരിക്കുന്നു. കൊച്ചുകുട്ടികളുടെ മനസ്സ് ഒരു ബ്ലാങ്ക് പേപ്പറാണ് എന്നു പറയാറുണ്ടല്ലോ? അതില്‍ മതാപിതാക്കള്‍ ചെറുപ്രായത്തില്‍ത്തന്നെ കുറിച്ചിടുന്ന "പോസ്റ്റുകളും കമന്റുകളുമാണ്" അവരുടെ മനസ്സില്‍ പതിഞ്ഞ് വരുന്നത്. ഇതിന്റെ കൂടെ, "ചൊട്ടയിലെ ശീലം ചുടലവരെ" എന്ന പഴമൊഴിയും ചേര്‍ത്ത് വായിക്കുമ്പോള്‍ ചിത്രം കുറേക്കൂടി വ്യക്തം.
നാട്ടില്‍ വളരുന്ന കുട്ടികള്‍ക്ക് അവരുടെ വളര്‍ച്ചയില്‍ സ്വാഭാവികമായി പകര്‍ന്നുകിട്ടുന്ന അനുഭവങ്ങളിലൂടെ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യവും, സ്നേഹത്തിന്റെ ഊഷ്മളതയും മനസ്സിലാക്കുന്നു. പ്രവാസിയുടെ കുട്ടിയെ സംബന്ധിച്ചിടത്തോളം മാതാപിതാക്കള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ഒരു കടമയായി ഇത് മാറുന്നു.മുത്തഛന്, മുത്തശ്ശീ, മറ്റു ബന്ധുക്കള്‍ തുടങ്ങിയവരെപ്പറ്റിയുള്ള അറിവും, അവര്‍ എന്ന വ്യക്തി എന്താണെന്നും ചെറുപ്പത്തില്‍ത്തന്നെ കുഞ്ഞുങ്ങള്‍ക്ക് സ്വന്തം ജീവിതമാതൃകകളിലൂടെ, അവരുമായുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ കാണിച്ചു കൊടുക്കുവാന്‍ എത്ര മാതാപിതാക്കള്‍ക്ക് കഴിയുന്നുണ്ട്? സമൂഹ്യ ബോധത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കേണ്ടത് സ്വന്തം വീട്ടില്‍നിന്നു തന്നെയാണ്. വ്യക്തിബന്ധങ്ങളുടെ വില അറിയേണ്ടതും അവിടുന്നുതന്നെ. എത്ര തിരക്കു പിടിച്ച ജീവിതമായാലും, ഇതിനൊക്കെ നാം സമയം കണ്ടെത്തുന്നില്ലെങ്കില്‍ 'സ്വയംകൃതാനര്‍ത്ഥം' എന്നു ചിന്തിച്ച് നാളെ ആശ്വസിക്കുകയേ വഴിയുള്ളൂ.
ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം, കുടുംബങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരുമായുള്ള ഇടപഴകലിന്റെ സമയക്രമം തന്നെ തകര്‍ക്കുന്നു എന്നത് ഒരു സത്യമാണ്. അതിഥികള്‍ വീട്ടിലെത്തിയാല്‍പ്പോലും “നിര്‍ജ്ജീവങ്ങളായ കണ്ണുകള്‍“ ടി.വി.യിലുറപ്പിച്ച് ചുറ്റുപാടും യാതൊരു ശ്രദ്ധയുമില്ലാതെ മണിക്കൂറുകളോളം ഇരിക്കുന്ന കുട്ടികളേയും നമുക്ക് പരിചയമുണ്ടല്ലോ? കുട്ടികളുമായി സംസാരിക്കാന്‍ സമയം കണ്ടെത്തുക, നാടും വീടുമായി ബന്ധപ്പെട്ട കാര്യങ്ങളും, പഴയ അനുഭവങ്ങളും ഒഴിവുവേളകളില്‍ അവരുമായി പങ്കുവയ്ക്കുക, തുടങ്ങിയവയൊക്കെ പ്രവാസികള്‍ക്ക് ചെയ്യാന്‍ പറ്റും. മറ്റൊരു പ്രധാന സംഗതി, നാം ഏതു മതവിശ്വാസത്തില്‍പ്പെട്ടവരുമായിക്കോട്ടെ, നമ്മുടെ കുഞ്ഞുങ്ങളെ ആ മതത്തില്‍ അടിയുറച്ച വിശ്വാസികളായി വളര്‍ത്തിയെടുക്കുക എന്നതാണ്. എങ്കില്‍, അടുത്ത തലമുറയിലും നന്മയുണ്ടാവും. എല്ലാ മതങ്ങളും ആത്യന്തികമായി മനുഷ്യ നന്മയാണല്ലോ ലക്ഷ്യമാക്കുന്നത്.
ബ്ലോഗര്‍ പ്രിയംവദ, “സ്വപ്നങ്ങള്‍ കൈമോശം വന്നവര്‍“ എന്ന ലേഖനത്തില്‍ അഭിപ്രായപ്പെട്ടതുപോലെ, "എക്സ്പോര്‍ട്ട് ക്വാളിറ്റി" യുള്ള തലമുറയായി അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനു എല്ലാം വാരിക്കോരിനല്‍കുമ്പോഴും ജീവിതത്തിന്റെ മൂല്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ സമയമില്ലാതെ വരുന്ന "പാവം" നമ്മള്! ഇതു തുടരുന്ന കാലത്തോളം "മടക്കയാത്രകള്‍" തുടരും. ഇന്നു ഞാന്‍ നാളെ നീ എന്ന വ്യത്യാസം മാത്രം.

