കുട്ടിക്കാനം, ഏലപ്പാറ വഴി: സഹ്യനിലൂടെ - ഭാഗം 4

>> Wednesday, October 15, 2008

ഈ പോസ്റ്റിന്റെ മൂന്നാംഭാഗം ഇവിടെ.


പാഞ്ചാലിമേടിനോട് യാത്രപറഞ്ഞ് വീണ്ടും ഞങ്ങള്‍ തിരികെ മുറിഞ്ഞപുഴ ജംഗ്‌ഷനില്‍ എത്തി, കോട്ടയം കുമിളി റോഡില്‍ പ്രവേശിച്ച് ഞങ്ങളുടെ യാത്ര തുടര്‍ന്നു. ഇനിയുള്ള പ്രധാന സ്ഥലം കുട്ടിക്കാനം എന്ന ഹില്‍ സ്റ്റേഷനാണ്. ഈ റൂട്ടിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. അവിടെയെത്താന്‍ ഇനിയും പത്തുകിലോമീറ്ററോളം പോകേണ്ടതുണ്ട്. അവിടെവരെ കയറ്റം തന്നെ. ചാറ്റല്‍മഴ വന്നും പോയിയും നില്‍ക്കുന്നു.

മലയിലേക്ക് കയറുന്ന റോഡ് വളരെ നീളമുള്ള, പലതട്ടുകളായ Z അക്ഷരങ്ങളുടെ ആകൃതിയിലാണ് മുകളിലേക്ക് കയറിപ്പോകുന്നത്. നമുക്ക് കയറിച്ചെല്ലുവാനുള്ള റോഡ് ഉയരത്തില്‍ കാണാം; അതുവഴി കുഞ്ഞു തീപ്പെട്ടികള്‍ പോലെ വാഹനങ്ങള്‍ പോകുന്നതും. ഈ കയറ്റത്തിനിടയില്‍ ഹെയര്‍പിന്‍ വളവുകളും വന്നെത്തും. ഇങ്ങനെയുള്ള റോഡുകളിലെ ഒരു അലിഘിത ട്രാഫിക് നിയമമാണ് കയറ്റം കയറി വരുന്ന വണ്ടികള്‍ക്ക് വീതികുറഞ്ഞ വശങ്ങളില്‍ പ്രിഫറന്‍സ് കൊടുക്കുക എന്നത്. അതായത്, ഇറക്കം ഇറങ്ങി വരുന്ന ഒരു വാഹനം ഒരു വീതികുറഞ്ഞ ഭാഗത്ത് എത്തുമ്പോള്‍ എതിരേ കയറ്റം കയറി മറ്റൊരു വാഹനം വരുന്നുണ്ടെങ്കില്‍ അതിന് നിര്‍ത്താതെതന്നെ കയറിപ്പോകുവാന്‍ സൈഡ് കൊടുക്കണം. അതുപോലെ ഹെയര്‍പിന്‍ വളവുകളില്‍ വച്ച് എതിരേ വരുന്ന വലിയവാഹനം (ബസ്, ലോറി) “വീശിയെടുക്കണമെങ്കില്‍” എതിരേ വരുന്ന ചെറിയ വാഹനത്തെ റോംഗ് സൈഡില്‍ (ഇടതു) കൂടി കടത്തിവിടുന്നതും പതിവാണ്.

മലയുടെ മുകളിലെത്തിയാല്‍ നമ്മള്‍ കയറിവന്ന റോഡ് താഴെക്കാണാവുന്നതാണ്. ഇങ്ങനെ കുറേ കയറിക്കഴിയുമ്പോള്‍ റോഡ് ഒരു മലയില്‍നിന്നും അതിനടുത്ത മലയിലേക്ക് പ്രവേശിക്കും. അപ്പോള്‍ മറ്റൊരു രീതിയിലാണ് റോഡ് കടന്നുപോവുക; ആദ്യത്തെ മലയില്‍ നമ്മുടെ ഇടതുവശത്താണ് അഗാധമായ കൊക്കകള്‍ ഉള്ളതെങ്കില്‍, അടുത്ത മലയിലേക്ക് പ്രവേശിക്കുന്നതോടെ അത് നമ്മുടെ വലതുവശത്തായി കാണാം.

താ‍മസിയാതെ ഞങ്ങള്‍ വളഞ്ഞകാനം എന്ന സ്ഥലത്ത് എത്തി. അവിടെ റോഡരികിലായി വളരെപണ്ടെയുള്ള ഒരു വെള്ളച്ചാട്ടമുണ്ട്. മഴക്കാലത്തുമാത്രമല്ല, എല്ലാ സീസണിലും ഇവിടെ വെള്ളവും ഉണ്ടാവാറുണ്ട്. ഏകദേശം മുപ്പതുമീറ്ററോളം ഉയരെയുള്ള മലയില്‍നിന്നും പാറക്കെട്ടിനിടയിലൂടെ വെള്ളം താഴേക്ക് പതിക്കുകയാണ്. അതിരപ്പള്ളിയുടെ അത്രയുമൊന്നും ഊക്കോടെ വീഴാന്‍‌തക്ക അളവില്‍ വെള്ളമില്ല കേട്ടോ. എങ്കിലും മഴസീസണയാല്‍ ചുറ്റിനും സാമാന്യം നല്ല അളവില്‍ തൂവാനം തെറിപ്പിക്കാന്‍ ശേഷിയുള്ള വെള്ളച്ചാട്ടമാണ്. ഇതിന്റെ ഇരമ്പം ദൂരെനിന്നേ കേള്‍ക്കാം. ഫോട്ടോയില്‍ ചെറുതായികാണപ്പെടുന്നെങ്കിലും വെള്ളച്ചാട്ടത്തിന്റെ അടിവാരത്തിലെത്തിയെങ്കിലേ അതിന്റെ ശക്തി മനസ്സിലാവൂ!

ഇവിടെയും വാഹനങ്ങള്‍ തണുപ്പിക്കുവാനുള്ള സംവിധാനമുണ്ട്. അതിനോടൊപ്പം, കുറേ ചായക്കടകളും മറ്റും. ഈ വെള്ളം താഴേക്കു പതിച്ച് ഒഴുകിപ്പോകുവാനായി ഒരു കലുങ്കും (ചെറിയ പാലം) നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ നല്ലൊരു കുളിവേണം എന്നുള്ളവര്‍ക്ക് അതിനുള്ള സൌകര്യവും ഉണ്ട് - വേറൊന്നുമല്ല, വെള്ളച്ചാട്ടത്തിന്റെ അടിയില്‍ നില്‍ക്കുവാന്‍ ഒരു സിമന്റ് പ്ലാറ്റ്ഫോം. ക്യാമറയിലെ ലെന്‍സ് സൂം ചെയ്ത് ഈ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മുകളറ്റത്തേക്ക് ഒന്നുനോക്കി. പാറകളില്‍ തട്ടിത്തെറിച്ച് വെള്ളം മുത്തുമണികള്‍ പോലെ പതിക്കുന്നത് നല്ലൊരു കാഴ്ചതന്നെ. എങ്കിലും കാറ്റില്‍ അവിടെമാകെ പരക്കുന്ന തൂവാനം ക്യാമറയ്ക്ക് അത്രനല്ലതല്ലാത്തതിനാല്‍ വേഗം തന്നെ അത് അടച്ചു.


വളഞ്ഞകാനം കഴിഞ്ഞ് മുമ്പോട്ട് പോകുമ്പോള്‍ വീണ്ടും പല താഴ്വാരങ്ങളിലും ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും, അവിടെ കുളിക്കാനിറങ്ങിയിരിക്കുന്ന നാട്ടുകാരായ ടൂറിസ്റ്റുകളെയും കണ്ടു. അടുത്ത ഒരു മലകൂടി കയറിക്കഴിഞ്ഞപ്പോഴേക്കും റോഡരികില്‍ കുട്ടിക്കാനം എത്തി എന്ന ബോര്‍ഡ് കണ്ടു. കുട്ടിക്കാനത്തിനടുത്തായി ഒരു തെയിലത്തോട്ടം വക റിസോര്‍ട്ട് ഉണ്ട്. പാറകളാല്‍ നിര്‍മ്മിച്ചിരിക്കുന്ന അതിന്റെ ഭിത്തിയും, ഗേറ്റും, അതിനടുത്തുതന്നെയുള്ള ഒരു കെട്ടിടവും നല്ല ഭംഗിയാണ് കാണാന്‍.

കുട്ടിക്കാനത്തുനിന്നും റോഡ് രണ്ടായി തിരിയുകയാണ്, ഒരു Y പോലെ. ഇടത്തേക്കു പോയാല്‍ ഏലപ്പാറ വഴി കട്ടപ്പനയ്ക്കും (40കിലോമീറ്റര്‍), വലത്തേക്ക് പോയാല്‍ പീരുമേട് വഴി കുമിളി (തേക്കടി) യിലേക്കും (36 കിലോമീറ്റര്‍) പോകാം.


കുട്ടിക്കാനം എന്ന സ്ഥലം ഈ റൂട്ടിലെ ഏറ്റവും ഉയര്‍ന്ന ഹില്‍‌സ്റ്റേഷനാണെന്നു പറഞ്ഞുവല്ലോ. അതിനാല്‍ത്തന്നെ എല്ലാ സീസണിലും ഇവിടെ തണുപ്പുണ്ട്. മഴക്കാലമായാല്‍ പറയാനുമില്ല. സ്വെറ്ററും മഫ്ലറും ഒക്കെ അണിഞ്ഞനാട്ടുകാരെ പെട്ടന്ന് ഇവിടെ കണ്ടുമുട്ടുമ്പോള്‍ അങ്ങുതാഴെ മലയടിവാര‍ത്തുനിന്നും ഉഷ്ണിച്ചു കയറിവന്ന നമ്മള്‍ക്കുതന്നെ തണുപ്പുതോന്നിപ്പോകും!

പീരുമേട് താലൂക്കില്‍ പെട്ട സ്ഥലമാണ് കുട്ടിക്കാനം. നല്ല കാലാവസ്ഥയുള്ള സ്ഥലമായതിനാലാണോ എന്നറിയില്ല കുറേ എഡ്യൂക്കേഷനല്‍ ഇന്‍സ്റ്റിട്യൂട്ടുകള്‍ ഈ ഭാഗത്ത് ഉണ്ട്. അവയില്‍ കട്ടപ്പന റോഡു സൈഡില്‍ തന്നെയുള്ള ഒരു സ്ഥാപനമാണ് മരിയന്‍ കോളജ്.

കുട്ടിക്കാനം കഴിഞ്ഞാല്‍ പിന്നെ കയറ്റം അവസാനിച്ച് ഇറക്കം തുടങ്ങുകയായി. ഇവിടുന്നങ്ങോട്ടുള്ള മലനിരകള്‍ മുഴുവന്‍ തേയിലതോട്ടങ്ങളാണ്. ടാറ്റാ ടീ, ചിനാര്‍ എസ്റ്റേറ്റ് തുടങ്ങി പ്രമുഖ ചായനിര്‍മ്മാതാക്കളുടെയെല്ലാം ടീ എസ്റ്റേറ്റുകള്‍ റോഡിനിരുഭാഗത്തുമായി കാണാം.


നിരനിരയായി വെട്ടിനിര്‍ത്തിയിരിക്കുന്ന തേയിലതോട്ടങ്ങള്‍ കാണ്ണാനെന്തുഭംഗിയാണ് ! അവയുടെ കടും‌പച്ച നിറവും, മടക്കുകളായി നില്‍ക്കുന്ന ലാന്റ്സ്കേപ്പിന്റെ ഭംഗിയും ചേരുമ്പോള്‍ പ്രകൃതിയുടെ ഭംഗി നന്നായി നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നു. അവയ്ക്കിടയിലായി തണല്‍ മരങ്ങളും, മരങ്ങളെ തഴുകി കടന്നുപോകുന്ന മഞ്ഞും, നടക്കാനുള്ള വഴികളും, അവയില്‍നിന്ന് കൊളുന്ത് നുള്ളുന്ന തൊഴിലാളികളും, മലമടക്കുകള്‍ക്കിടയിലായി കാണുന്ന അവരുടെ പാര്‍പ്പിടങ്ങളും, എല്ലാം നയനാനന്ദകരം തന്നെ. എവിടേക്ക് നോക്കി ക്ലിക്ക് ചെയ്താലും അതെല്ലാം നല്ല ഭംഗിയുള്ള ചിത്രങ്ങള്‍ തരും, ഉറപ്പ്. ഒരുപാട് ചിത്രങ്ങള്‍ എടുത്തവയില്‍ നിന്നും എനിക്കേറ്റവും ഇഷ്ടമായവ താഴെക്കൊടുക്കുന്നു; (അവയില്‍ ക്ലിക്ക് ചെയ്ത് വലുതായി തന്നെ കാണൂ).










അങ്ങനെ കുറെ ദൂരം തെയില തോട്ടങ്ങളില്‍ കൂടി സഞ്ചരിച്ചുകഴിയുമ്പോള്‍ അങ്ങു ദൂരെയായി ഏലപ്പാറ എന്ന ചെറിയ ടൌണ്‍ കാണാം. നല്ലൊരു കാഴ്ചയാണിത്. മലനാടിനും ഇടനാടിനും ഇടയിലുള്ള മറ്റൊരു കൊച്ചുപട്ടണം. തെയിലതോട്ടം തൊഴിലാള്‍കളായ തമിഴ്നാട്ടുകാര്‍ ഇവിടെ താമസിക്കുന്നതിനാലാവാം ചില ബോര്‍ഡുകളും, ഇലക്ഷന്‍ സമയത്താണെങ്കില്‍ ബാനറുകളും തമിഴില്‍ ഇവിടെ കാണാവുന്നതാണ്.

ഈ ഫോട്ടോ എടുത്തിരിക്കുന്ന സ്ഥലത്തുനിന്ന് മുന്നുനാലു കിലോമീറ്റര്‍ പിന്നിടുമ്പോഴേക്ക് ഏലപ്പാറടൌണില്‍ എത്താം. ഇതുവഴി കടന്നു പോകുന്ന ബസുകളെല്ലാം പത്തുമിനിട്ട് ഇവിടെ നിര്‍ത്തി യാത്രക്കാര്‍ക്ക് ചായകുടിക്കാനും, ഉച്ചസമയമാണെങ്കില്‍ ഭക്ഷണം കഴിക്കാനുമൊക്കെയുള്ള സൌകര്യം ചെയ്യാറുണ്ട്. ഇത് ഏലപ്പാറ ടൌണ്‍. മഴയായതിനാലാണോ എന്തോ അധികം തിരക്ക് ഉണ്ടായിരുന്നില്ല ഞങ്ങള്‍ അതുവഴി കടന്നുപോകുമ്പോള്‍.

ഏലപ്പാറ ടൌണ്‍ കഴിഞ്ഞാലുടന്‍ വീണ്ടും ഒരു മലകയറ്റമാണ് - ചെങ്കുത്തായ മലകളല്ല എന്നേയുള്ളൂ. ഇരുവശത്തും തെയിലത്തോട്ടങ്ങള്‍. ഈ തോട്ടങ്ങളെ യാത്രക്കാര്‍ക്ക് ഏറ്റവും അടുത്ത് കാണുവാന്‍ സാധിക്കുന്നതും ഈ ഭാഗത്തുതന്നെ. ടൌണിന് തൊട്ടുതന്നെ കിഴക്കുഭാഗത്തായി താഴ്വാരത്തില്‍ ഒരു പുഴയും, അതില്‍ നല്ല ഭംഗിയുള്ള ഒരു വെള്ളച്ചാട്ടവുമുണ്ട്. റോഡില്‍ നിന്ന് അതിനടുത്തേക്ക് പോകുവാന്‍ സാധിക്കില്ല. എങ്കിലും അവിടെനിന്ന് ഒരു ഫോട്ടോ ഞാന്‍ എടുത്തു.





അതിനടുത്ത വളവില്‍ നിന്നാല്‍ തേയിലത്തോട്ടം തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ കാണാം. മൂടല്‍ മഞ്ഞിന്റെ വെണ്മയും, അതിനിടയിലൂടെ അരിച്ചു വരുന്ന പച്ചനിറവും, ചെരിഞ്ഞ മേല്‍കൂരകളുള്ള ആ ചെറിയ വീടുകളും എല്ലാം കൂടി ഒരു വലിയ ക്യാന്‍‌വാസില്‍ വരച്ചിട്ടിരിക്കുന്ന ഒരു മനോഹരചിത്രം പോലെ തോന്നിച്ചു. പല സിനിമകളിലും നാം ഇവ കണ്ടിട്ടുള്ളതുമാണല്ലോ.








പെട്ടന്ന് മഴവീണതിനാല്‍ അധികസമയം അവിടെ നില്‍ക്കാന്‍ സാധിച്ചില്ല. ഞങ്ങള്‍ കാറില്‍ കയറി വീണ്ടും യാത്രതുടര്‍ന്നു.ഒന്നു രണ്ടു കിലോമീറ്റര്‍ പോയിക്കഴിഞ്ഞപ്പോഴേക്കും വീണ്ടും മഴ ശമിച്ചു. വെയില്‍ തെളിഞ്ഞു. റോഡിനു സമീപത്തായിത്തന്നെ കുറേ തൊഴിലാളികള്‍ തേയിലകൊളുന്ത് നുള്ളുന്നത് കണ്ടു. നുള്ളുക എന്നെഴുതിയെങ്കിലും കൈകൊണ്ട് നുള്ളുകയല്ല ചെയ്യുന്നതെന്ന് അടുത്തെത്തിയപ്പോള്‍ മനസ്സിലായി. ചെടികള്‍ വെട്ടിയൊരുക്കാനുപയോഗിക്കുന്ന രീതിയിലുള്ള ഒരു വലിയ കത്രികയുടെ മുന്‍ഭാഗത്ത് ഒരു നെറ്റ് ഉറപ്പിച്ചിരിക്കുകയാണ്. (ഇതിന്റെ വിവരണം ഇവിടെ)അതിലേക്കാണ് തളിരിലകള്‍ വന്നു വീഴുന്നത്. ഫോട്ടോയെടുക്കുന്നതു കണ്ടപ്പോള്‍ ഇവര്‍ക്ക് വലിയ നാണം വന്നു (എന്തിനാണോ ആവോ!)

ഇങ്ങനെ നുള്ളിയെടുക്കുന്ന തെയില തളിരില കുറേ ദിവസങ്ങള്‍ നീളുന്ന ഫെര്‍മന്റേഷനും മറ്റു പ്രോസസുകള്‍ക്കും ശേഷമാണ് നമുക്ക് പായ്ക്കറ്റില്‍ ലഭിക്കുന്ന തേയിലയായി മാറുന്നത്,

.

അല്പദൂരംകൂടി പിന്നിട്ടാല്‍ പള്ളിക്കുന്ന് എന്ന സ്ഥലമായി. പള്ളിക്കുന്നില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സ്ഥലമുണ്ട്. പഴയ ഒരു ആംഗ്ലിക്കന്‍ ചര്‍ച്ച്. ആ പള്ളിയെപ്പറ്റിയും, അവിടുത്തെ പഴയ സെമിത്തേരിയെപ്പറ്റിയും, അവിടെയുള്ള ഒരു കുഞ്ഞിന്റെ കല്ലറയെപ്പറ്റിയും ഈ ബ്ലോഗില്‍ ഇതിനു മുമ്പ് ഞാന്‍ എഴുതിയിരുന്നു. ലിങ്ക് ഇവിടെ.

ഇത്രയും ദൂരം നിര്‍ത്തി നിര്‍ത്തി കാറോടിച്ചതിനാലാവും, ഷിജു ക്ഷീണിച്ചു. ഇനി കാറോടിക്കാം എന്നു ഞാനും ഏറ്റു. സമയം നാലര മണി! ബാക്കിയുള്ള ഇരുപത്തഞ്ചുകിലോമീറ്ററോളം ദൂരം വലിയ നയനമോഹന കാഴ്ചകളൊന്നുമില്ലതാനും! ഞാന്‍ കാറോടിക്കല്‍ തുടങ്ങിയതും, പത്തുമിനിറ്റിനുള്ളില്‍ കാറിലിരുന്ന എല്ലാവരും ഉറങ്ങി! മനുവും ഉറക്കം പിടിച്ചിരിക്കുന്നു. ഒരു പാട്ടും കേട്ട്, ദുബായിലെ ട്രാഫിക്കില്‍ നിന്നൊരു മോചനമായല്ലോ, ഇവിടെ ട്രാഫിക്കേ ഇല്ലല്ലോ എന്ന ആശ്വാസത്തില്‍ ഞാന്‍ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു. കയറ്റങ്ങളും ഇറക്കങ്ങളും പിന്നിട്ട് കട്ടപ്പനടൌണും കടന്ന് തോവാളയിലുള്ള വീട്ടില്‍ എത്തിയപ്പോള്‍ സമയം സന്ധ്യയോടടുത്തിരുന്നു. കാര്‍ പാര്‍ക്ക് ചെയ്യുമ്പോഴേക്ക് വലിയമ്മയും,വല്യപ്പനും, മക്കളും, അവരുടെ മക്കളും, ഭാര്യമാരും എല്ലാരും ഓടി എത്തി. “രാവിലെ ഒന്‍പതുമണിക്കു വീട്ടില്‍നിന്നിറങ്ങിയ നിങ്ങള് ഇതുവരെ എവിടാരുന്നെടേ..” എന്ന കട്ടപ്പന ആക്സന്റ് ചോദ്യത്തിനുത്തരം അവിടുത്തെ മൂത്തചേട്ടന്‍ തന്നെ പറഞ്ഞു. “അതു ചോദിക്കാനുണ്ടോ? അവന്റെ കൈയ്യില്‍ ക്യാമറയിരിക്കുന്നതു കണ്ടില്ലേ“ എന്ന്!!

(അവസാനിച്ചു)

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP