ഓണവിളക്കിന്റെ പ്രഭയില്‍ ഒരോണ സന്ധ്യ
>> Sunday, August 26, 2007
ഓണത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക പൂക്കളം തന്നെ.
ഓണ സദ്യ, വള്ളം കളി, പൂവിളി, പുലികളി തുടങ്ങിയ ഇമേജുകളും ഓണവുമായി ബന്ധപ്പെട്ട് നമ്മുടെ മനസ്സില്‍ എത്താറുണ്ട്.
എന്നാല്‍ പുതിയ തലമുറയ്ക്ക് അത്ര പരിചയമുണ്ടാവാനിടയില്ലാത്ത ഒരു ഓണ പ്രതീകമാണ് ഓണദീപം.
കേരളത്തിന്റെ പല പ്രദേശങ്ങളിലും ഇന്നും പ്രചാരത്തിലുള്ള ഒരു ചടങ്ങാണ് ഉത്രാട സന്ധ്യയില്‍ (തിരുവോണത്തിന്റെ തലേന്ന്)
വീടുകളില്‍ ഓണവിളക്ക് തെളിയിക്കുക എന്നത് (ഞങ്ങളുടെ ഗ്രാമത്തിലും ഉണ്ട്). ഓണം ഏറെ വാണിജ്യവത്കരിക്കപ്പെട്ടിരിക്കുന്ന ഇന്നും ഓണദീപം അതിന്റെ പാരമ്പര്യത്തെളിമയോടെ തെളിഞ്ഞുനില്‍ക്കുന്നു.
ഓണമെത്തുന്നതിന്റെ മുന്നോടിയായി വീടിന്റെ മുറ്റത്തും, വീട്ടിലേക്ക് കടന്നു വരുന്ന വഴിയിലുമുള്ള പുല്ല് ചെത്തി വെടിപ്പാക്കുന്ന രീതി ഉണ്ട്. ജാതി മത ഭേദമെന്യേ എല്ലാ വീടുകളിലും ഇന്നും ഇത് ചെയ്യുന്നു. ഓണത്തെ എതിരേല്‍ക്കാനാണിത്.

ഉത്രാട സന്ധ്യയില്‍ വീട്ടിലേക്ക് കടന്നുവരുന്ന നടവഴിയുടെ തുടക്കത്തില്‍ ഒരു വാഴപ്പിണ്ടി നാട്ടുന്നു.അതില്‍ ഈര്‍ക്കിലി വളച്ചത് വച്ച്, അതില്‍ മണ്‍ചെരാതുകളില്‍ എണ്ണയൊഴിച്ച് തിരിതെളിയിച്ചാണ് ഓണദീപം ഒരുക്കുന്നത്. മണ്‍ചെരാതുകളുടെ വരവിനുമുമ്പ് മരോട്ടിക്കായായിരുന്നു ദീപം തെളിയിക്കാന്‍ ഉപയോഗിച്ചിരുന്നത്.
ഇതിന്റെ തുടര്‍ച്ചയായി നടവഴിയിലും വീടിന്റെ ഉമ്മറത്തും ചെറിയ ദീപങ്ങള്‍ വയ്ക്കും. സന്ധ്യയായി ഇരുട്ടുപരക്കുന്നതോടെ ഗ്രാമത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓണദീപങ്ങളുംടെ ഇത്തിരിവെട്ടം നിറയുകയായി. നാടുകാണാനെത്തുന്ന മാവേലിമന്നനെ വരവേല്‍ക്കാന്‍ പൊന്‍പ്രഭചൊരിഞ്ഞൂ നിരനിരയായി വീടുകള്‍ക്കുമുമ്പില്‍ നില്‍ക്കുന്ന ഓണവിളക്കുകള്‍ മനസ്സിനും കണ്ണിനും ഉന്മേഷമേകുന്ന കാഴ്ചയാണ്.

ബ്ലോഗിലെ എല്ലാ പ്രിയകൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.