മറക്കാനാവാത്ത ഓഗസ്റ്റ് 9 (Part 2)

>> Wednesday, August 11, 2010

പാർട്ട് 1 ഇവിടെ

പ്ലാസ്റ്റിക് സർജൻ ഡോ. ജേക്കബ് ആണ് കാര്യങ്ങൾ വിശദീകരിക്കുവാൻ ആരംഭിച്ചത്. ഒപ്പം ന്യൂറോ സർജൻ, ഓർത്തോപീഡിക് സർജന്മാർ എന്നിവരും ഉണ്ട്. അവർ ഷിജുവിന്റെ നിലവിലുള്ള സ്ഥിതി വിശദീകരിച്ചു.

നില വളരെ വഷളാണ്. ആദ്യത്തെ  നാല്‍പ്പത്തെട്ടു മണിക്കൂര്‍ എങ്കിലും കഴിഞ്ഞെങ്കില്‍ മാത്രമേ ആള്‍  stable ആയോ ഇല്ലയോ എന്ന് പറയുവാന്‍ ആവുകയുള്ളൂ. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ധാരാളം രക്തം നഷ്ടപ്പെട്ടുപോയിട്ടുണ്ട്. വളരെയേറേ രക്തം നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന ഷോക്കിലേക്ക് വീഴാൻ തുടങ്ങുന്ന ഒരു സ്റ്റേജിലാണ് ഈ ആശുപത്രിയിലേക്ക് എത്തിച്ചിരിക്കുന്നത്. ഉടൻ തന്നെ അതിന്റെ പ്രതിവിധികൾ ചെയ്ത് ഷോക്കിലേക്ക് പോകുന്നത് തടഞ്ഞിട്ടുണ്ട് പക്ഷേ അപകടനില ഇപ്പോഴും അതേപടി തുടരുന്നു. കാരണം ഒരിക്കല്‍ രക്തം തീരെ ഇല്ലാതെയായി ശരീരത്തിലെ ഓരോ ജീവചംക്രമണ വ്യവസ്ഥകളും (വൃക്ക, ദഹന, നാഡി, ശ്വസനം  തുടങ്ങിയവ) അകകടകരമായ ഒരു സ്ഥിതിയിലേക്ക് ആവാന്‍ തുടങ്ങി കഴിഞ്ഞാല്‍ അവയൊക്കെ തിരിച്ചു പഴയപടി ആവുന്ന / ആവാന്‍ ശരീരം പരിശ്രമിക്കുന്ന ഒരു സമയം ഉണ്ട്. മെഡിക്കല്‍ ഭാഷയില്‍ Reversal എന്നാണു ഈ സ്ഥിതിക്ക് പറയുന്ന പേര്. അതാണിപ്പോള്‍ നടക്കുന്നത്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരു ഞാണിന്മേല്‍ കളി! 

തുടയെല്ല് ഒടിഞ്ഞ് ഒരു കഷണം വെളിയിൽ പോയി, ആ മുനയിൽകൊണ്ട് ഒരു പ്രധാന ധമനി മുറിഞ്ഞിട്ടുണ്ട്. പക്ഷേ ഭാഗ്യവശാൽ ആ ഞരമ്പ് ഒരു സ്പാസം സംഭവിച്ച് സ്വയം ചുരുങ്ങുകയാണുണ്ടത്. അതിനാൽ രക്തം ഒഴുകിപ്പോകുന്നത് അല്പം കുറഞ്ഞവേഗതയിലായി. അതുകൊണ്ടാണ് ഇവിടെ എത്തുന്നതുവരെ പിടിച്ചുനിന്നത്. അടുത്ത എഴുപത്തിരണ്ടുമണിക്കൂർ നേരത്തേക്ക് ഒബ്സർവേഷനിൽ വയ്ക്കേണ്ടതായുണ്ട്. അപ്പോഴേക്കും ആൾ സ്റ്റേബിൾ ആവണം. അതുകഴിഞ്ഞിട്ടേ കാലിലെ സർജ്ജറിയും മറ്റും ചെയ്യാനാവൂ. ഇതിലും വലിയൊരു പ്രശനം മുമ്പിലുള്ളത് ഫാറ്റ് എംബോളിസം എന്ന സ്ഥിതിവിശേഷം സംഭവിക്കാനുള്ള സാധ്യതയാണ്. എല്ലൊടിയുകയും അതിന്റെ സമീപം തന്നെ ഒരു ഞരമ്പ് മുറിയുകയും ചെയ്താൽ ഇതിനുള്ള സാധ്യതയേറുമത്രെ. ഒരു ഫാറ്റ് കഷണം രക്തചംക്രമണ വ്യവസ്ഥയിൽ കടന്നുകൂടി ഹൃദയധമനികളിൽ ചെന്ന് അടയുന്ന സ്ഥിതിയാണിത്. രോഗി അതീവ ഗുരുതരാവസ്ഥയിലെത്തുന്ന ഈ സ്ഥിതിയുണ്ടായാൽ രക്ഷപെടുക വളരെ പ്രയാസകരം. (പ്രായമായ ആളുകൾ വീണ് എല്ലൊടിഞ്ഞ് മാംസം തുളച്ചു വെളിയിൽ വന്നാൽ ശ്രദ്ധിക്കുക. ഈ സ്ഥിതി ഉണ്ടാകുവാൻ വളരെ സാധ്യതയുണ്ട്) രക്ഷപെടാനോ ഇല്ലാതെയാവാനോ സാധ്യതയുണ്ട്. ഇനിയും ധാരാളം രക്തംനൽകേണ്ടിവരും.

കൂടാതെ ചെളിയിൽ വീണതിനാൽ ഇൻഫെക്ഷനുള്ള സാധ്യതകളും വളരെയേറെ.
ഇങ്ങനെ ആകപ്പാടെ പ്രതീക്ഷകൾ തീരെയില്ലാതാക്കുന്ന സ്ഥിതി. എങ്കിലും പ്രതീക്ഷകൾ കൈവിടാതെ എല്ലാവരും ഇരുന്നു. അന്നുരാത്രി ഉറങ്ങാതെ ഞങ്ങൾ ഐ.സി.യുവിന്റെ മുമ്പിൽത്തന്നെയിരുന്നു. ഡോക്ടർ ജഗനും രാ‍ത്രി വളരെ വൈകുംവരെ ഷിജുവിനോടൊപ്പമിരുന്ന് ഓരോകാര്യങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. ഓരോ പ്രാവശ്യം ഐ.സിയുവിന്റെ വാതിൽ തുറക്കുമ്പോഴും ആകാംഷ നിറഞ്ഞ നിമിഷങ്ങൾ. രോഗിയോടൊപ്പമുള്ള ആളുകൾക്കായി ഒരു മുറി തരാറുണ്ട്. അവിടെക്ക് ഒരോ ഫോൺ വരുമ്പൊഴും അതിലേറെ ആധി, നെഞ്ചിടിപ്പ്. എന്താവും കേള്‍ക്കാന്‍ പോകുന്ന വാര്‍ത്ത എന്ന പരിഭ്രമം തന്നെ. 

ഷിജുവിനെ സെഞ്ച്വറിയിൽ നിന്നു മാറ്റാനായി പലരും നിർദ്ദേശിച്ചുകൊണ്ടിരുന്നു. ഇതിനിടെ, മറ്റൊരു ഡോക്ടറുടെ സെക്കന്റ് ഒപ്പീനിയൻ കൂടി അറിഞാൽ നന്നായിരിക്കുമല്ലോ എന്നൊരു തീരുമാനം ഉണ്ടായി.   പിറ്റേന്നായപ്പോഴേക്കും ഷിജുവിന് ചെറിയതോതിൽ പനി ആരംഭിച്ചു. ഇൻഫക്ഷന്റെ ലക്ഷണങ്ങൾ. അതിനായുള്ള ആന്റിബയോട്ടിക് ട്രീറ്റ്മെന്റുകൾ. സന്ദർശകരുടെ വലിയ പ്രവാഹം നിയന്ത്രിക്കുവാൻ തന്നെ വളരെ പാട്. സെക്കന്റ് ഒപ്പീനിയൻ ചോദിക്കുവാനായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓർത്തോപീഡിക് വിഭാഗം തലവനെയാണ് കണ്ടത്. സെഞ്ച്വറിയിൽനിന്നുള്ള റിപ്പോർട്ടുകൾവായിച്ച അദ്ദേഹം അവർ ചെയ്തുകൊണ്ടിരിക്കുന്ന ചികിത്സാവിധികളിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഫാറ്റ് എംബോളിസംത്തിന്റെ സാധ്യതയുള്ളതിനാൽ അഞ്ചുദിവസം വരെ ഒരു കാരണവശാലും ഷിജുവിനെ അവിടുന്ന് മാറ്റുകയോ നീക്കുകയോ ചെയ്യുവാൻ ശ്രമിക്കരുതെന്നും അറിയിച്ചു.

ആധിനിറഞ്ഞ അഞ്ചുദിവസങ്ങൾ. പ്രാർത്ഥനകളും പ്രതീക്ഷകളും ആധികളും നിറഞ്ഞ അഞ്ചുദിവസങ്ങൾ. പ്രാർത്ഥനകളും മരുന്നുകളും ഒപ്പം പ്രവർത്തിച്ചു. അഞ്ചുദിവസങ്ങൾ വലിയ കുഴപ്പങ്ങൾ കൂടാതെ കടന്നുപോയി. പ്രതീക്ഷകൾ വർദ്ധിച്ചു. അതിനിടെ പപ്പയേയും അമ്മയേയും ആശുപത്രിവരെ ഒന്നുകൊണ്ടുവന്നു. അവരെ ഐ.സി.യുവിലുള്ള ഷിജുവിന്റെ ബെഡ്ഡിനടത്തുവരെ ഡോക്ടറുടെ അനുവാദത്തോടെ കൊണ്ടുപോയി. അവന്റെ മുമ്പിൽ വച്ച് വിങ്ങിപ്പൊട്ടുകയോ ഒന്നുമരുത് എന്ന് അമ്മയോട് പ്രത്യേകം പറഞ്ഞിരുന്നു.

ആറാം ദിവസമായപ്പോഴേക്കും സെഞ്ച്വറിയിലെ ഓർത്തോപീഡിക് വിഭാഗം തലവൻ ഡോ. സജി എത്തി. ഒരുകോൺഫറൻസിനായി അദ്ദേഹം ബോംബെയിൽ ആയിരുന്നു ഇതുവരെ. അതിനുശേഷം ഏറ്റവും അടുത്ത ദിവസംതന്നെ ഷിജുവിന്റെ കാലിലെ സർജറി നടത്തുവാൻ തീരുമാനിച്ചു. അതിനായുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടുകൊടുക്കുമ്പോൾ എന്റെ കൈ ചെറുതായി വിറച്ചുവോ? വിറച്ചു എന്നു തന്നെയാണു ഓർമ്മ. രാവിലെ പത്തുമണിയായപ്പോഴേക്ക് ഷിജുവിന്റെ പേരുവിളിച്ചു. തിയേറ്ററിലേക്ക് കയറ്റുന്നതിനു മുമ്പ് ഏറ്റവും അടുത്ത ആളുകളൊക്കെ വന്നു കാണുവാൻ പറഞ്ഞു. കിടക്കുന്ന കട്ടിലിൽ തന്നെയാണ് തിയേറ്ററിനുള്ളിലേക്ക് കൊണ്ടുപോകുന്നത് (അതിനുള്ള സംവിധാനങ്ങളോടുകൂടിയ ബെഡ്ഡുകൾ ആധുനിക ആശുപത്രികളിൽ ഉണ്ട്). സ്വന്തം കേസ് ഫയലും നെഞ്ചിലടുക്കിപ്പിടിച്ച്, ചുണ്ടിൽ ഒരു ചെറുചിരിയും കണ്ണുകളിൽ അതിനൊട്ടും യോജിക്കാത്ത ആംകാഷയുമായി ഷിജുവിനെ ഐ.സിയുവിൽ നിന്നും ഇറക്കി ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഓപ്പറേഷൻ ചെയ്യുന്ന ടീം ഡോ. സജിയുടെ നേതൃത്വത്തിൽ വാതിലിൽ എത്തി ഷിജുവിനെ ഉള്ളിലേക്ക് കൊണ്ടുപോയി. അവന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് “ഒന്നും പേടിക്കേണ്ട എല്ലാം നല്ലതായിത്തീരും“ എന്നും പറയുമ്പോൾ അവൻ ഒരു പുഞ്ചിരിയോടെ ചെറുതായി തലയാട്ടി. ഒരിക്കലും മറക്കാന്‍ ആവുന്നില്ല ആ രംഗം.

ആംകാഷ നിറഞ്ഞ നാലുമണിക്കൂറുകൾ. അതിനിടയിൽ ഷിജുവിന്റെ കാലിലെ മുറിവ് പൂർണ്ണമായും തുറന്ന് ചെളിയെല്ലാം നീക്കം ചെയ്തു. ഒടിഞ്ഞ എല്ലിലെ എക്സ്ടേണൽ ഫിക്സ്ചർ എന്ന ലോഹകവചത്തിൽ ബന്ധിച്ചു. എല്ലിലെക്ക് തുളഞ്ഞിറങ്ങുന്ന നട്ടുകളും അവയെ പുറമേ നിന്ന് ബന്ധിപ്പിക്കുന്ന രണ്ടുപ്രധാന കമ്പികളും.

ഓപ്പറേഷനു ശേഷം ഇതോടെ പ്രശ്നങ്ങളെല്ലാം തീർന്നില്ല എന്നും ഇൻഫെക്ഷൻ മാറുക എന്നതാണു ഇനി വളരെ പ്രധാനം എന്നും ഡോകടർ സജി വിശദീകരിച്ചു. ഷിജുവിന്റെ അപകടത്തിൽ‌പ്പെട്ട കാലിനു ഏകദേശം അഞ്ചു സെന്റീമീറ്റർ നീളക്കുറവുണ്ടാകും. ഇത് മാറ്റുവാനായി എന്തെങ്കിലുംചെയ്യാനാവുമോ എന്നു ഞങ്ങൾ ആരാഞ്ഞൂ. Bone lengthening എന്നൊരു ചികിത്സ നിലവിലുണ്ട്. നഷ്ടപ്പെട്ട എല്ലുകളെ വളർത്തിയെടുത്ത് നീളക്കുറവ് പരിഹരിക്കുന്ന രീതിയാണിത് എന്നും അതിനുള്ള സംവിധാനങ്ങൾ നോക്കാം എന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ ശരീരത്തിൽ, നഷ്ടപ്പെട്ടുപോയാലും സ്വയം വീണ്ടും വളരാൻ സാധിക്കുന്ന ഒരു ഭാഗമാണ് എല്ലുകൾ എന്നും, അവയെ നീട്ടിവളർത്തിയെടുക്കാമെന്നും കണ്ടുപിടിച്ചതും ഇപ്രകാരം എല്ലുകളെ വളർത്തിയെടുക്കാനുള്ള ടെക്നോളജി വികസിപ്പിച്ചെടുത്തതും റഷ്യൻ ഫിസിഷ്യനായ ഇലിസാറോവ് ആണു. ഇതിനായി നീട്ടിവളർത്തേണ്ട അസ്ഥിയുടെ മുറിവിനു ഇരുവശത്തും പ്രത്യേകരീതിയിലുള്ള പിന്നുകൾ ആരക്കാലുകൾ പോലെ ഉറപ്പിക്കുന്നു. എല്ലിനു ചുറ്റുമുള്ള ദശതുളച്ചു പുറത്തേക്കു നീളുന്ന ഈ പിന്നുകളെ പ്രത്യേകമായി രൂപകൽ‌പ്പന ചെയ്ത റിംഗുകളിൽ ഉറപ്പിക്കുന്നു. ചുരുക്കത്തിൽ തുടയെല്ലിനു ചുറ്റും ശരീരത്തിനു പുറത്തായി നാലു സ്റ്റീൽ വളയങ്ങളും ഈ വളയങ്ങളിൽ നിന്നു മുറിഞ്ഞ എല്ലിനു ചുറ്റുമായി പിടിപ്പിച്ചിരിക്കുന്ന നനാലു പിന്നുകളും. ഈ വളയങ്ങളിലെ നട്ടുകൾ മുറുക്കി ഒരു ദിവസം ഒരു മില്ലിമീറ്റർ എന്ന കണക്കിൽ എല്ലിന്റെ മധ്യഭാഗം ആദ്യം വളർത്തിയെടുക്കുന്നു – ഒരു പെൻസിൽ കനത്തിൽ. അതിനു ചുറ്റും കാത്സ്യം വന്നു നിറഞ്ഞ് ക്രമേണ എല്ലിനു ബലം വയ്ക്കുന്നു. ആകെ ഒരു വർഷത്തോളം നീളുന്ന ഈ ചികിത്സ വളരെയേറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതും, രോഗിക്ക് വളരെ വേദനാജനകവുമാണെന്നു പറയേണ്ടതില്ലല്ലോ. ഈ ചികിത്സ ഷിജുവിന്റെ കാര്യത്തിൽ നോക്കാം എന്നാണു ഡോ. സജി പറഞ്ഞത്.

പത്തു ദിവസം കഴിഞ്ഞപ്പോഴേക്കും ഷിജുവിനെ ഐ.സി.യു വിൽ നിന്നും ഒരു റൂമിലേക്ക് മാറ്റി. ഹോസ്പിറ്റലിന്റെ അഞ്ചാം നിലയിൽ, വെളിയിലെ ഗാർഡനും പച്ചപ്പുനിറഞ്ഞ മലനിലരകളും, ആശുപത്രിക്കു ചുറ്റുമുള്ള ഗ്രാമവും കാണാവുന്ന ഒരു വലിയ ജനലോടുകൂടിയ ഒരു മുറി. ആശ്വാസകരമായിരുന്നു ആ കാഴ്ചകളും അവിടുത്തെ ശുദ്ധവായുവും. പക്ഷേ സന്ദർശകരെ നിയന്ത്രിക്കണമെന്നും ഇല്ലെങ്കിൽ ഇൻഫെക്ഷനുണ്ടാകുന്ന സാധ്യത വളരെയധികമാണെന്നും ഡോക്ടർ പറഞ്ഞു. പക്ഷേ ഇത്തരമൊരു സാഹചര്യത്തിൽ നമ്മുടെ നാട്ടിലെ സന്ദർശകരായ ആളുകളുടെ പെരുമാറ്റം വളരെ നിരുത്തരാവദിത്തപരമാണ് പലപ്പോഴും. “ഞങ്ങളെന്താ അത്ര വൃത്തിയില്ലാത്തവരോ, ഞങ്ങൾ രോഗിയെ ഒന്നു കണ്ടെന്നു കരുതി എന്തുവരാനാണ്“ എന്ന രീതിയിലാണ് ചിലർ. “ഓ ഒരു കാലൊടിഞ്ഞെന്നുകരുതി ഇത്രയ്ക്ക് എന്തുവരാനാണെന്ന്“ മറ്റുചിലർ. കാലിനു നീളം കുറഞ്ഞാലുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ഷിജുവിനെത്തന്നെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നവർ.

എലിസാറോ ചികിത്സയുടെ സൌകര്യങ്ങളുള്ള കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളിലൊന്നാണ് എറണാകുളം നോർത്തിലുള്ള സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ. അവിടെ ഡോകടർ ചെറിയാൻ കോവൂരിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ ടീം ഇതിൽ വളരെ വിദഗ്ദ്ധരാണ് എന്ന് ചിലരിൽ നിന്നും അറിഞ്ഞു. മാത്രവുമല്ല അന്ന് കണ്ണൂരിൽ ബോംബേറിൽ പെട്ട് കാല്പാദം നഷ്ടപ്പെട്ട ഒരു കൊച്ചുകുട്ടിയുടെ പാദം തിരികെ വച്ചുപിടിപ്പിച്ച് വാർത്താമാധ്യമങ്ങളിലും ആയിടയ്ക്ക് ഈ ആശുപത്രിയെപ്പറ്റി വായിച്ചിരുന്നു . അവരുടെ വെബ്സൈറ്റ് പരിശോധിച്ചതിൽ നിന്നും ഈ ചികിത്സാവിധിയെപ്പറ്റി കാര്യങ്ങൾ മനസ്സിലായി.

നീണ്ട ഇരുപത്താറു ദിവസങ്ങൾക്കു ശേഷം ഷിജുവിനെ എറണാകുളത്തേക്ക് വിദഗ്ദ്ധചികിസ്തയ്ക്കായി കൊണ്ടുപോയി. ഷിജുവിനെ എല്ലാവരും ചെർന്ന് സെഞ്ച്വറി ഹോസ്പിറ്റലിൽ നിന്ന് യാത്രയാക്കി. അധികം കുലുക്കം ഉണ്ടാകാതെ സൂക്ഷിച്ചു ഉള്ളതിൽ നല്ല റോഡുകളിൽ കൂടിയായിരുന്നു ആ യാത്ര. എലിസാറോ ചികിത്സ അത്ര എളുപ്പമുള്ളതൊന്നുമില്ല. എല്ലിനെ നീട്ടേണ്ട ഭാഗത്തിനു മുകളിലും താഴെയുമായി നാലു സ്റ്റീൽ വളയങ്ങൾ ഉറപ്പിക്കുന്നു. അതിൽനിന്ന് ഉള്ളിലേക്ക് നീളുന്ന ആരക്കാലുകൾ പോലെയുള്ള കമ്പികൾ എല്ലിലെക്ക് ഉറപ്പിക്കുന്നു. ഇവയെ ഓരോദിവസം ഒരു മില്ലീമീറ്റർ എന്ന കണക്കിൽ അൻപതുദിവസത്തേക്ക് മുറുക്കുകയാണുവേണ്ടത്. ഇരുപത്തിനാലു മുറിവുകളും, അവയെ ഒരുദിവസം മൂന്നുപ്രാവശ്യം ഡ്രസു ചെയ്യണം. ഡ്രസു ചെയ്യലും മറ്റും രോഗി സ്വയം ചെയ്യുവാൻ പ്രാപ്തമാ‍ാകും. പക്ഷേ കട്ടിലിൽ നിന്നും ഒന്നു തിരിയുവാൻ പോലും പരസഹായം വേണം. കിടന്നു പുറം പൊട്ടാതെ നോക്കണം. ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ വേണം. അൺഗനെ എല്ല ചെറിയ രീതിയിൽ വളരുവാൻ തുടങ്ങും. പിന്നീട് അതിനു ബലം വരണം.

പറയുമ്പോൾ വളരെ എളുപ്പമെന്നു തോന്നുമെങ്കിലും ഒൻപതുമാസത്തോളം ഈ റിംഗുകളേയും വഹിച്ചുകൊണ്ട് ഷിജു കിടന്നു. ആരും തളർന്നുപോകുന്ന രീതിയിലുള്ള ദുരവസ്ഥകൾ, പ്രത്യേകിച്ചും ചെറുപ്പക്കാർ. എന്നിട്ടും അവൻ മാനസികമായി തളർന്നില്ല. എനിക്ക് വൈകല്യമില്ലാതെ നടക്കണം എന്ന ഉറച്ച ആഗ്രഹം ഷിജുവിന് എപ്പോഴുമുണ്ടായിരുന്നു. ആ മനസ്ഥൈര്യം ഒന്നുമാത്രമാണ് അവനെ വീണ്ടും നടക്കുവാൻ പ്രാപ്തനാക്കിയത്. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും റിംഗുകൾ മാറ്റി. പിന്നീട് ഒരു വർഷത്തോളം നീണ്ട ഫിസിയോ തെറാപ്പിയും, സപ്പോർട്ടോടു കൂടിയ നടത്തവും. എല്ലിനു കൃത്യമായി നീളം വർദ്ധിച്ചുവെങ്കിലും ശരീരഭാരം അല്പം കൂടിപ്പോയതിനാൽ തുടയെല്ല് അല്പം വളഞ്ഞുതന്നെയിരുന്നു എന്നതായിരുന്നു ആ ചികിത്സയുടെ അവസാന റിസൽട്ട്. എങ്കിലും ഷിജുവിനെ ആദ്യം അറ്റന്റ് ചെയ്ത ഡോ. ജഗൻ വർഷങ്ങൾക്കു ശേഷം എന്നോട് ഒരു കാര്യം പറഞ്ഞു – ആദ്യം ഷിജുവിനെ സെഞ്ച്വറി ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റിയിൽ എത്തിക്കുമ്പോൾ അവൻ രക്ഷപെടും എന്ന പ്രതീക്ഷ ഡോക്റ്റർക്ക് തീരെയില്ലായിരുന്നത്രേ. അത്രമേൽ മോശമായിരുന്നു അവന്റെ സ്ഥിതി. ആ സ്ഥിതിയിൽനിന്നും ജീവനോടെ ഇപ്പോഴും ഷിജു ഞങ്ങളോടൊപ്പമുള്ളതിനു ദൈവത്തിനു നന്ദി പറയുക, കാൽ അല്പം വളഞ്ഞ് പോയി എങ്കിലും മറ്റുകുഴപ്പങ്ങൾ ഒന്നുമില്ലാതെ രക്ഷപെട്ടല്ലോ എന്നാണു അദ്ദേഹം പറയാറ്.

ശരിയാണ്, ഒരു രോഗിയെ പ്രതീക്ഷ തീരെയില്ലാത്ത ഒരു സാഹചര്യത്തിൽ നിന്ന് വീണ്ടും ഒരു പുതുജീവനിലേക്ക് കൊണ്ടുവന്ന ഡോക്ടർ പറഞ്ഞതാണ് ശരി എന്ന് ഞങ്ങളെല്ലാവരും ഇന്നു മനസ്സിലാക്കുന്നു. ഷിജുവിനു നേരിട്ട അപകടത്തിനു ശേഷം ആറുവർഷങ്ങൾ കടന്നുപോകുമ്പോൾ ദൈവാനുഗ്രഹം എന്തെന്ന് അനുഭവിച്ചറിഞ്ഞ ആ ദിവസങ്ങളെ ഒരിക്കലും മറക്കാനാവില്ല .

വളരെ അന്വർത്ഥമായ ഒരു ഗാനം എപ്പോഴും ഞാൻ ഓർക്കാറുണ്ട്

“ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിൻ കാലങ്ങളിൽ
രക്ഷിക്കുന്ന സ്നേഹമോർത്താൽ
എത്ര സ്തുതിച്ചാലും മതിവരുമോ”



2007 ജൂൺ 30 ന് ഷിജുവിന്റെ വിവാഹം കഴിഞ്ഞു. ഇപ്പോൾ നാട്ടിൽ തന്നെ ഒരു ചെറിയ ജോലിയുമായി കഴിയുന്നു. ഷിജുവിനും ഒരു ബ്ലോഗ് ഉണ്ട്. അധികം പേർക്കും പരിചയമുണ്ടാവില്ല. ഈ ബൈക്ക് അപകടത്തിന്റെ ഒരു വിവരണം ഷിജുതന്നെ എഴുതിയിട്ടുണ്ട്. ഒരു അതിലേക്കുള്ള ലിങ്ക് ഇവിടെ.

ഷിജുവിനോടൊപ്പം അപകടത്തിൽ പെട്ട ബിനുവിനും ഏകദേശം സമാന പരിക്കുകളാണു ഉണ്ടായിരുന്നത്. അസ്ഥികൾക്ക് ഒടിവുകൾ വന്നു എന്നല്ലാതെ നീളം കുറഞ്ഞതുമറ്റുമില്ല എന്നുമാത്രം. ബിനു ഇപ്പോൾ വിദേശത്തു ജോലിചെയ്യുന്നു.

************

വർഷങ്ങൾക്കു ശേഷം വീണ്ടും ഇപ്പോൾ ഒരു അവധിക്കാലത്ത് നാട്ടിലെത്തി ഇവിടുത്തെ റോഡുകളിൽകൂടി ഡ്രൈവ് ചെയ്യുമ്പോൾജ് വളരെ ദുഃഖവും ഒപ്പം ഭയവും തോന്നുന്നു. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്നു പറഞ്ഞതുപോലെ സ്റ്റിയറിംഗ് പിടിക്കുന്നവനെല്ലാം ഡ്രൈവർ എന്ന നിലയിലേക്ക് കാര്യങ്ങൾ പോയിരിക്കുന്നു. യാതൊരു മാനദണ്ഡങ്ങളും ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനുമുമ്പ് അവശ്യം നൽകേണ്ട മാർഗ്ഗനിർദേശങ്ങളും ഇല്ലാതെ ഡ്രൈവിംഗ് ലൈസൻസ് കിട്ടി റോഡിലേക്ക് വാഹനങ്ങളുമായി ഇറങ്ങുന്നവർ. ട്രാഫിക് മര്യാദകളും, റോഡ് സേഫ്റ്റിയും, നിയമങ്ങളും ഞങ്ങൾക്ക് ബാധകമല്ല, അതൊക്കെ പോലീസിനു എന്ന മട്ടിൽ വാഹനങ്ങൾ ഓടിക്കുന്നവർ. ഇരുചക്രവാഹനങ്ങളിൽ യാതൊരു ഭയപ്പാടോ വീണ്ടുവിചാരമോ ഇല്ലാതെ സർക്കസ് അഭ്യാസങ്ങൾ കാണിക്കുന്ന യുവാക്കൾ. മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് ബൈക്ക് ഓടീക്കുന്നവർ. തോളിനും കാതിനുമിടയിൽ മൊബൈൽ തിരുകി തല ഒരുവശത്തേക്ക് ഒടിച്ചു വച്ച് ബൈക്ക് ഓടിക്കുന്നവർ. റോഡ് ഒരു റേസ് കോഴ്സ് ആണെന്ന മാതിരി മത്സര ഓട്ടം നടത്തുന്നവർ.

ഗൾഫിലെ റോഡുകളിൽ കർശനമായ ഗതാഗത നിയമങ്ങൾ അനുസരിച്ച് വാഹനങ്ങൾ ഓടിക്കുന്ന പരിചയത്തിൽ നിന്നു പറയട്ടെ, കേരളത്തിൽ വാഹനമോടിക്കുന്നവരിൽ ഭൂരിപക്ഷത്തിനും Defensive driving എന്താണെന്നു അറിയില്ല. സ്റ്റിയറിംഗ് പിടിച്ച് വണ്ടി കൊണ്ടുനടക്കാൻ അറിയാമെന്നല്ലാതെ റോഡ് സേഫ്റ്റി മാനദണ്ഡങ്ങളെപ്പറ്റി വലിയ പിടിപാടൊന്നുമില്ല. ഹസാർഡ് ലൈറ്റ് ഇട്ടാൽ സിഗ്നലിൽ നേരെ പോകണം എന്നും, സൈഡ് ഇന്റിക്കേറ്റർ ഇട്ടാൽ ആ സൈഡിൽ കൂടി ഓവർടേക്ക് ചെയ്തുപൊകാനുള്ള അടയാളമാണെന്നും തുടങ്ങി മറ്റെങ്ങുമില്ലാത്ത വിഢിത്തങ്ങൾ അനവധി. ക്ഷമയെന്നു പറഞ്ഞൊരു സാധനം പലർക്കുമില്ല. ഒന്നു തിരിയാൻ, പ്രധാന റോഡിലേക്ക് ഇറങ്ങാൻ ഒന്നു കാത്തുനിന്നാൽ അവരെ ആരും ഗൌനിക്കില്ല. ഇടിച്ചിറങ്ങുക തന്നെവേണം. കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നത് അക്ഷരാർത്ഥത്തിൽ നടപ്പാകുന്നു കേരളത്തിലെ റോഡുകളിൽ.

അതിലെല്ലാം അധികം അപകടമാംവിധം മദ്യപിച്ച് വാഹനമോടീക്കുന്നവർ ഏറിവരുന്നു ഇവിടെ. ഈയിടെ പേപ്പറുകളിൽ കാണുന്ന ഏറിയ ഇരുചക്രവാഹന അപകടങ്ങളിലും പെടുന്നവർ മദ്യപിച്ച് ഓടിച്ചതിനാൽ അപകടത്തിൽ പെട്ടു, അല്ലെങ്കിൽ അപകടം വരുത്തിവച്ചു എന്നാണു കാണുന്നത് - പ്രത്യേകിച്ചും സായഹ്നങ്ങളിൽ അപകടത്തിൽ പെടുന്ന ഏറിയ പങ്കും മദ്യത്തിന്റെ ഇരയോ, മദ്യം കഴിച്ചു വണ്ടി ഓടിച്ചവരുടെ ഇരയോ ആണ്. ഈ പോസ്റ്റിൽ വിവരിച്ച അപകടത്തിനിടയാക്കിയ എതിർവശത്തുനിന്നും റോഡും സൈഡും തെറ്റി വന്ന ബൈക്ക് യാത്രികനും നന്നായി മദ്യപിച്ചിരുന്നു എന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഏതായാലും കേരളത്തിൽ റോഡ് അപകടങ്ങൾ ദിവസേന കൂടിവരുന്നു. അജ്ഞതയും, അക്ഷമയും, വിവരക്കേടും ഒപ്പം ചേർന്ന് ഓരോ ദിവസവും പരലോകത്തെത്തിക്കുന്ന ആളുകളുടെ എണ്ണംകണ്ടാൽ മൂക്കത്ത് വിരൽ വച്ചു പോകുന്നു. ഒരു അപകടവും സ്വയം സംഭവിക്കുന്നതല്ല; അതിലുൾപ്പെടുന്നവർ വരുത്തിവയ്ക്കുന്നതാണ്. മദ്യപിച്ച് വാഹനമോടിക്കുന്നവർ സ്വയം നാശത്തിൽ ചാടുക മാത്രമല്ല റോഡിൽ കൂടി വാഹനങ്ങളിലോ അല്ലാതെയോ പോകുന്ന നിരപരാധികളേയും അവരുടെ കുടുംബത്തേയും ആപത്തിൽ ചാടിക്കുകയാണ് ചെയ്യുന്നത് പലപ്പോഴും തിരിച്ചെടുക്കാനാവാത്ത വിധത്തിൽ.

ഇതെല്ലാം കാണുമ്പോൾ ഈശ്വരോ രക്ഷതു എന്നു ധ്യാനിച്ചു കേരളത്തിൽ വാഹനം ഓടിക്കുവാനേ സാധിക്കുന്നുള്ളൂ.




Read more...

മറക്കാനാവാത്ത ഓഗസ്റ്റ് 9

>> Monday, August 9, 2010

ഒരു മനുഷ്യായുസ്സിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങൾ അപകടങ്ങൾ തുടങ്ങിയവ ഒരാളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കാറില്ലേ? നമ്മളതിനെ വിധിയെന്നും ദൈവനിശ്ചയമെന്നും മറ്റും പറഞ്ഞ് സമാധാനം കണ്ടെത്തുമ്പോൾ, അതനുഭവിക്കാനിടയായവർക്ക് അത് അങ്ങനെ നിസ്സാരമായി തള്ളാനാവില്ല. ഇത്തരം സന്നിഗ്ദ്ധാവസ്ഥകളിൽ മിക്കവയിലും അപകടത്തിൽ പെടുന്നവരുടെ തീരുമാനങ്ങളേക്കാൾ, അവരെ കൈകാര്യം ചെയ്യുന്നവരുടെ തീരുമാനങ്ങളാണ് പരിണിതഫലങ്ങൾ അനുകൂലമോ പ്രതികൂലമോ ആക്കുന്നത്. അത്തരമൊരു സംഭവമാണ് ഞാനിവിടെ പറയാൻ പോകുന്നത്, വെറുമൊരു കഥയല്ല; ഒട്ടും പ്രതീച്ചിരിക്കാതെ ജീവിതത്തിൽ എനിക്ക് ഉണ്ടായ ഒരു അനുഭവം. എപ്പോഴും ഓർത്തിരിക്കേണ്ട കുറേ പാഠങ്ങളും, അറിവുകളും, അതിലേറെ ആധിയും തന്ന ആ അനുഭവത്തിലെ ചില പാഠങ്ങൾ ഇവിടെ എഴുതിയിടട്ടെ. വായനക്കാർക്ക് ചിലർക്കെങ്കിലും പ്രയോജനപ്പെട്ടേക്കാം, ജീവിതത്തിൽ എപ്പോഴെങ്കിലും.

2004, ഓഗസ്റ്റ് 9

സൌദി അറേബ്യയിലെ ദമാമിൽ ഞാൻ ജോലിചെയ്യുന്ന കാലം. ആ വർഷത്തെ വാ‍ർഷികാവധിക്ക് ഞാൻ നാട്ടിലേക്ക് പോയത് അന്നാണ്. എന്നോടൊപ്പം ദമാമിൽത്തന്നെ ജോലിചെയ്യുന്ന എന്റെ രണ്ടാമത്തെ അനുജനും അതേ ഫ്ലൈറ്റിൽ ഉണ്ട്. അവന്റെ കല്യാണവും മിക്കവാറും ഉണ്ടാവും എന്നു തീരുമാനിച്ചിരുന്നു. രണ്ടു പേരും ഒരാഴ്ചയ്ക്കുള്ളിലെ രണ്ടു വ്യത്യസ്ത തീയതികളിൽ നാട്ടിൽ പോകാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റി യാത്ര ഒരേ ദിവസത്തേക്ക് മാറ്റിയതാണ്.

ഗൾഫിലെ സ്കൂളുകൾ ജൂൺ മാസം അവസാനം വേനലവധിക്കായി രണ്ടുമാസത്തേക്ക് അടയ്ക്കുമെന്നതിനാൽ ദീപയും കുട്ടികളും (എന്റെ കുടുംബം) ജൂൺ മാസത്തിൽതന്നെ നാട്ടിൽ പോയിരുന്നു. ഇളയവൻ മനുക്കുട്ടന് അന്ന് മൂന്നുമാസം പ്രായം. അനുജന്റെ കല്യാണവും കൂടാം, കുട്ടികൾക്ക് കുറേ ദിവസം നാട്ടിൽ നിൽക്കുകയും ചെയ്യാം, തിരികെവരുമ്പോൾ എല്ലാവരും കൂടി ഒന്നിച്ചുപോരുകയുമാവാം - ഇങ്ങനെ പലവിധ പ്ലാനും പദ്ധതികളുമായാണ് പോക്ക്. നമ്മുടെ പ്ലാനുകളൊക്കെ എപ്പോഴും നാം തീരുമാനിക്കുന്ന രീതിയിൽ നടക്കാറുണ്ടോ? ഈ കുറിപ്പിനവസാനം നിങ്ങൾക്ക് ഒന്നുകൂടി ഈ വരികൾ വിശകലനം ചെയ്തുനോക്കൂ, പ്ലാനുകളെവിടെ യാഥാർത്ഥ്യങ്ങളെവിടെ എന്ന്.

നെടുമ്പാശ്ശേരി എയർപോർട്ടിൽ ഞങ്ങൾ ഉച്ചയോടെ വന്നിറങ്ങുമ്പോൾ, സ്വീകരിക്കുവാനായി എന്റെ ഏറ്റവും ഇളയ അനുജൻ ഷിജുവും, അവന്റെ കൂട്ടുകാരൻ ബിനുവും കാത്തുനിൽക്കുന്നുണ്ടായിരുന്നു. ദമാമിൽ നിന്നെത്തിയ ഞങ്ങൾ രണ്ടുപേരുടെയും ലഗേജുകൾ ഒന്നിച്ച് ഞങ്ങളുടെ വീട്ടിലെ സാൻ‌ട്രോകാറിന്റെ ഇത്തിരിപ്പോന്ന ഡിക്കിയിൽ ഒതുങ്ങുകയില്ല എന്നതിനാൽ, വാടകയ്ക്കെടുത്ത ഒരു ക്വാളിസുമായിട്ടാണ് ഷിജുവും ബിനുവും വന്നിരിക്കുന്നത്.

ഷിജു അന്ന് മൂന്നുവർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സു പാസ്സായി, ദുബായിയിലെ ഒരു നല്ല ഹോട്ടലിൽ സെലക്ഷനും കിട്ടി, അതോടൊപ്പം തന്നെ നാട്ടിലെ എസ്.ഐ. ടെസ്റ്റിൽ മെറിറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു - ഏതുവേണം തെരെഞ്ഞെടുക്കാൻ എന്ന ചിന്തയിൽ ഇരിക്കുന്നു. അതേപ്പറ്റിയുള്ള ചർച്ചകളും, നാട്ടുവർത്തമാനങ്ങളും, അന്ന് കൈരളി ടി.വി യിൽ വളരെ ജനപ്രീതിയാർജ്ജിച്ചിരുന്ന, ജി.എസ്. പ്രദീപിന്റെ അശ്വമേഥം (reverse quiz) ഞങ്ങളുടെ അറിവിന്റെ പരിധിയിൽ നിന്നുകൊണ്ട് അവതരിപ്പിച്ചും വൈകിട്ട് ഏകദേശം അഞ്ചുമണിയോടെ ഞങ്ങൾ വീട്ടിലെത്തി.

വീട്ടിലെത്തി, എല്ലാവരേയും കണ്ടതിന്റെ സന്തോഷം. കൊണ്ടുവന്ന പെട്ടികളൊക്കെ ഷിജുവും ബിനുംവു കൂടി ഇറക്കിവച്ചു. അല്പസമയം എല്ലാവരുംകൂടി വർത്തമാനം പറഞ്ഞിരുന്നപ്പോഴേക്കും അമ്മ ചായയുമായെത്തി. ചായകുടിച്ചതിനു ശേഷം, വാടകയ്ക്കെടുത്ത വണ്ടി തിരികെകൊണ്ടുപോയി ഏൽ‌പ്പിക്കുവാനായി ഷിജുവും ബിനുവും കൂടി യാത്രയായി. ഞങ്ങളുടെ വീട്ടിൽനിന്നും എട്ടുകിലോമീറ്റർ അകലെയുള്ള അടൂർ എന്ന ടൌണിൽനിന്നാണ് ഈ വണ്ടി എടുത്തിരിക്കുന്നത്.

ഒരുമണിക്കൂറോളം അങ്ങനെ കടന്നുപോയി. സമയം ആറുമണികഴിഞ്ഞിരിക്കുന്നു. ഗ്രാമത്തിലെ വീടുകളിൽ മിക്കവയിലും സന്ധ്യാദീപം തെളിഞ്ഞു. ഇതിനിടെ ഞാൻ കുളിയൊക്കെ കഴിഞ്ഞ് ഫ്രഷ് ആയി. സൌദിയിൽനിന്നും ഞാൻ ആപ്രാവശ്യം ഒരു ചെറിയ ഹോംതിയറ്റർ സിസ്റ്റം കൊണ്ടുവന്നിരുന്നു. അതിന്റെ സ്പീക്കറുകൾ പായ്ക്കിൽനിന്നും വെളിയിലെടുത്ത് ഫിറ്റുചെയ്യുവാനാരംഭിച്ചു. ഇതിനിടെ കുറേ ഫോൺ കോളുകൾവരുന്നുണ്ട്. കുറെയൊക്കെ വീട്ടിലേക്കുതന്നെയുള്ളത്. ഞങ്ങൾ എത്തിയോ എന്നറിയുവാൻ, ചിലതൊക്കെ അയലത്താരെയെങ്കിലും വിളിക്കാനോ, അവരോടാരോട് എന്തെങ്കിലും സന്ദേശങ്ങൾ പറയുവാനോ ഒക്കെ ആയിരുന്നു. ഞാൻ നിൽക്കുന്നത് സ്വീകരണമുറിയിൽത്തന്നെ ആയിരുന്നതിനാൽ, അപ്പോൾ വന്നുകൊണ്ടിരുന്ന കോളുകളെല്ലാം ഞാൻ തന്നെയാണ് എടുത്തുകൊണ്ടിരുന്നത്.

ഞങ്ങളുടെ വീട്ടിൽ ഒരു ദിവസം വരുന്ന ഫോൺകോളുകൾ വളരെ അധികമാണെന്ന് ഒരു പരാതി പപ്പയും അമ്മയും എപ്പോഴും പറയുമായിരുന്നു; വരുന്നതിൽ അധികം ഫോൺകോളുകളും ഷിജുവിന് ആയിരിക്കുകയും ചെയ്യും. ഫോൺ വിളിയിൽ അവനും ഒട്ടു മോശമല്ല. ഇതുമൂലം ഒരു ലൈവ് ടെലഫോൺ ഡയറക്റ്ററി പോലെ ആരെ ഫോൺ ചെയ്യണമെങ്കിലും ‘ഷിജൂ, ഈ നമ്പർ ഒന്നു വിളിച്ചുതരൂ’ എന്ന് പറയുകയേ ഉള്ളൂ പപ്പായും അമ്മയും. അവർക്കു രണ്ടുപേർക്കും ഒരു നമ്പറും അറിയുകയുമില്ല. കാടുകയറുന്നില്ല. പറഞ്ഞുവന്നത് തുരുതുരാ വന്നുകോണ്ടിരുന്ന ഫോൺ കോളുകളെപ്പറ്റിയാണല്ലോ. ‘എന്തൊരു ശല്യം!‘ ഞാൻ പിറുപിറുത്തു.

ചെയ്തുകൊണ്ടിരിക്കുന്ന ജോലിക്ക് ഒരു ഈ ഫോൺകോളുകൾ തടസ്സമാവുന്നു എന്നുതോന്നിയതിനാൽ ഞാൻ ഫോണിന്റെ റിസീവർ എടുത്ത് താഴെവച്ചു! വീണ്ടും ഹോം തിയേറ്റർ സിസ്റ്റം ഫിറ്റുചെയ്യുന്നതു തുടർന്നു. ഒരു പത്തുമിനിറ്റ് അങ്ങനെ കടന്നുപോയിട്ടുണ്ടാവും; ഒരു ഉൾവിളിയാലെന്നപോലെ ഈ ഫോൺ ഇങ്ങനെ താഴെവച്ചിരിക്കുന്നത് ശരിയല്ലല്ലോ എന്നൊരു തോന്നൽ മനസ്സിൽ വളർന്നുകൊണ്ടിരുന്നു. ആരെങ്കിലും അത്യാവശ്യത്തിനു വിളിച്ചാലോ? മനസ്സുകൂടുതൽ നിർബന്ധിച്ചപ്പോൾ ഞാൻ റിസീവർ എടുത്ത് യഥാസ്ഥാനത്തുവച്ചു.

ഇങ്ങനെ നിങ്ങൾ എപ്പോഴെങ്കിലും ചെയ്യാറുണ്ടൊ? ഫോൺ ശല്യമായാൽ, വെളിയിൽ മഴക്കോളും മിന്നലും കണ്ടാൽ ഫോൺ ഡിസ്കണക്ടാക്കുമോ? ഒരിക്കലും അരുത് – കാരണം നിങ്ങൾ നിനച്ചിരിക്കാത്ത ഒരു ഫോൺകോൾ അക്കൂട്ടത്തിൽ വന്നേക്കാം.

ഒരു മിനിറ്റ് കടന്നുപോയിട്ടുണ്ടാവും ഫോൺ വീണ്ടും ശബ്ദിച്ചു. ഞാൻ ഫോണെടുത്തു. മറുതലയ്ക്കൽനിന്നും അപരിചിതമായ ഒരു ശബ്ദം. “ഷിജുവിന്റെ വീടല്ലേ..”? അതെ, ഞാൻ പറഞ്ഞു. “ഷിജുവിന്റെ ചേട്ടൻ അവിടെയുണ്ടോ, ആരാ സംസാരിക്കുന്നത്, ഷിബുവിനെ ഒന്നുകിട്ടുമോ“ . “ഞാൻ ഷിജുവിന്റെ ചേട്ടൻ ഷിബുവാണ്, നിങ്ങൾ ആരാണ്” ഞാൻ ചോദിച്ചു. “അത്, നിങ്ങടെ അനുജൻ ഷിജുവന്ന ബൈക്കിന് ഒരു ആക്സിഡന്റ് പറ്റി, നിങ്ങളാരെങ്കിലും എത്രയും പെട്ടന്ന് അടൂർ ഗവർമെന്റ് ആശുപത്രിവരെ ഒന്നു വരൂ” എന്റെ കാലിൽനിന്ന് ഒരു മിന്നൽ‌പ്പിണറും, തണുപ്പിന്റെ ഒരു തിരമാലയും തലയിലേക്ക് പാഞ്ഞു..

ശരി, ഉടനേ വരാം എന്നു മാത്രം പറഞ്ഞ് ഞാൻ ഫോൺ താഴെവച്ചു. അപ്പോഴേക്കും അടുത്ത ഫോൺ കോൾ എത്തി. കോളർ ഐഡിയിൽ ഷിജുവിന്റെ മൊബൈൽ നമ്പർ തെളിഞ്ഞു. പക്ഷേ മറുതലയ്ക്കൽ ഷിജുവല്ല. ആൾ സ്വയം പരിചയപ്പെടുത്തി. “അല്പം മുമ്പ് ഇവിടെ ഒരു ആക്സിഡന്റ് ഉണ്ടായി. രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതാണ്. അതിൽ ഉണ്ടായിരുന്ന ഒരാളുടെ കൈയ്യിൽ നിന്ന് തെറിച്ചു വീണതാണ് ഈ ഫോൺ. കിട്ടിയപാടെ അതിൽ കണ്ട സകല നമ്പറുകളിലേക്കും ഞാൻ വിളിക്കുകയാണ്“. ആക്സിഡന്റ് നടന്ന സ്ഥലവും, തൊട്ടടുത്തുതന്നെ അദ്ദേഹം ജോലിചെയ്യുന്ന വർക്ക് ഷോപ്പിന്റെ ലൊക്കേഷനും കൂട്ടത്തിൽ പറഞ്ഞു.

പെട്ടന്ന് സമനില വീണ്ടെടുത്ത് ഞാൻ ചോദിച്ചു, “സീരിയസായിട്ടെന്തെങ്കിലും…“? ബൈക്കിൽ നിന്നുവീണാൽ സാധാരണ തലയ്ക്കാണല്ലോ വലിയ പരിക്ക് ഉണ്ടാകാ‍റ്. അതാണ് ഞാൻ ഉദ്ദേശിച്ചത്. “ബൈക്ക് ആക്സിഡന്റാണ്. ആൾക്ക് ബോധമുണ്ടായിരുന്നു ഇവിടെനിന്നു കൊണ്ടുപോകുമ്പോൾ. സീരിയസായി എന്തെങ്കിലും ഉണ്ടായിട്ടാവുമല്ലോ നിങ്ങളാരെങ്കിലും പെട്ടന്ന് ആശുപത്രിയിൽ എത്തുവാൻ പറയുന്നത്…“ ഇത്രയും പറഞ്ഞ് അദ്ദേഹവും നിർത്തി.

ഇനി താമസിക്കാൻ സമയമില്ല. എന്റെ മനസ് ഓർമ്മിപ്പിച്ചു. ഒന്നോരണ്ടോ വർഷത്തിനുശേഷം മറുനാട്ടിൽ നിന്നും അവധിക്കു വീട്ടിലേക്ക് വന്നിട്ടുള്ളവർക്ക് അറിയാം, നാട്ടിലെ സാഹചര്യങ്ങളുമായി ഒന്നിണങ്ങുവാൻ രണ്ടുദിവസമെങ്കിലും വേണം. പെട്ടന്ന് നമുക്ക് ഒരോ കാര്യങ്ങളും എവിടെ എന്നു മനസ്സിൽ വരുകയില്ല.

ഇത്രയുമായപ്പോഴേക്കും പപ്പായും അമ്മയും എന്റെ അടുത്തേക്ക് വന്നു, എന്താണ് ഈ ഫോൺകോളുകൾ ഇങ്ങനെ വരുന്നത് എന്നറിയുവാനായി. എന്തുചെയ്യും, പറായാനൊക്കുമോ, പ്രായമായ അവർക്ക് താങ്ങാനാവാതെ വന്നാൽ…? “ഓ.. ഷിജു വന്നവഴിയിൽ ബൈക്കിൽ മറിഞ്ഞു ഒന്നു വീണു എന്ന് അവൻ വിളിച്ചു പറയുന്നു, അടൂർ വരെ ഒന്നു ചെല്ലാനാണ് ഫോൺ വിളിച്ചത്“ എന്നു മാത്രം ഞാൻ പറഞ്ഞു. അവിടം വരെ പോകുവാൻ ഒരു ടാക്സി വിളിക്കണമല്ലോ. അതിനായി ഒന്നര കിലോമീറ്റർ ദൂരെയുള്ള ഞങ്ങളുടെ കുടശ്ശനാട് ജംഗ്ഷനിലേക്ക് ഫോൺ ചെയ്യണം. വീട്ടിലെ ടെലിഫോൺ ഡയറക്ടറി തുടങ്ങിയവ എവിടെയാണെന്ന് എനിക്കറിയുകയുമില്ല. പപ്പായും അമ്മയും എല്ലാ ഫോൺ വിളികൾക്കും ഷിജുവിനെ ആശ്രയിക്കുന്നതിനാൽ അവർക്കും പെട്ടന്ന് ഒരു ഫോൺ നമ്പറും ഓർമ്മവരുന്നില്ല. എല്ലാവരും ഓർത്തിരിക്കേണ്ട ഒരു പാഠമാണിത്. അത്യാവശ്യ നമ്പറുകൾ വ്യക്തമായി എഴുതി വീട്ടിൽ മാതാപിതാക്കൾ തനിയെ താമസിക്കുകയാണെങ്കിൽ അവരെ ഏൽ‌പ്പിക്കണം. അത്യാവശ്യ ഫോൺ നമ്പറുകൾക്കായി എപ്പോഴും വീട്ടിലുള്ള മറ്റാൾക്കാരെ ആശ്രയിക്കുന്ന ശീലം അത്യാവശ്യ സന്ദർഭങ്ങളിൽ ദോഷമായി ഭവിച്ചേക്കാം.


അതിനിടെ വീട്ടിലെ കാറ് ഡ്രൈവ് ചെയ്തു പോകുവാൻ പപ്പാ പറയുന്നുണ്ട്. അത് വേണ്ട എന്നു തന്നെ ഞാൻ തീരുമാനിച്ചു. കാരണം, ഇത്തരം സാഹചര്യങ്ങളിൽ കാറ് പാർക്ക് ചെയ്യാനും, അതിനു സ്ഥലമന്വേഷിച്ചു നടക്കാനുംമൊന്നും നമുക്ക് സാധിച്ചെന്നു വരില്ല. മാത്രവുമല്ല, എനിക്കന്ന് ഗൾഫിൽ കാറില്ല, ഡ്രൈവ് ചെയ്തു പരിചയവുമില്ല. നാട്ടിൽ വരുമ്പോൾ മാത്രമാണ് വണ്ടിയോടിക്കുന്നത്. അങ്ങനെയുള്ള ഞാൻ കാറുമായി ആക്സിഡന്റ് കേസു നോക്കാൻ പോയാൽ എങ്ങനെയിരിക്കും. വേണ്ട എന്നുതന്നെ തീരുമാനിച്ചു. അപ്പോഴേക്കും ഞങ്ങളുടെ ഗ്രാമത്തിലെ ഒരു കടയുടെ നമ്പർ എവിടെനിന്നോ പപ്പാ തപ്പിപ്പിടിച്ച് കൊണ്ടുവന്നു. പരിചയക്കാരുടെ കടയാണ്. അവിടെ വിളിച്ച് ഒരു ടാക്സി വീട്ടിലേക്ക് പറഞ്ഞുവിടാൻ ആവശ്യപ്പെട്ടിട്ട് ഞാനും എന്നോടൊപ്പം സൌദിയിൽനിന്നു വന്ന അനുജൻ ഷിനുവും ആശുപത്രിയിലേക്ക് പോകുവാൻ ഒരുങ്ങി. ഒപ്പം ഞങ്ങളുടെ ഒരു ബന്ധുവായ സണ്ണിച്ചായനേയും കൂട്ടി. എന്റെ ഒരു കസിന്റെ മകൻ ജിജിൻ അപ്പോഴേക്ക് വീട്ടിൽ വന്നു. അവന്റെ മൊബൈൽ ഫോണും ഞാൻ വാങ്ങി കൈയ്യിൽ വച്ചു. വീട്ടിൽതന്നെയുണ്ടാവണം എന്ന് അവനെ പറഞ്ഞേൽ‌പ്പിച്ച് വന്ന ടാക്സി കാറിൽ ഞങ്ങൾ പുറപ്പെട്ടു.

അടൂർ ടൌണിൽ നിന്നും ഞങ്ങളുടെ സ്ഥലം വഴി കടന്നുപോകുന്ന കായംകുളം – പുനലൂർ റോഡിലെ ചേന്ദം‌പള്ളി എന്ന സ്ഥലത്താണ് അപകടം നടന്നിരിക്കുന്നത്. രണ്ടുബൈക്കുകൾ തമ്മിലാണ് കൂട്ടിയിടിച്ചിരിക്കുന്നത്. ഇത്രയും വിവരം മാത്രമേ ഞങ്ങൾക്കറിയൂ. രണ്ടുബൈക്ക് തമ്മിലായാതിനാൽ വലിയ ഗുരുതരമാവാ‍നിടയില്ലല്ലോ എന്നൊരു ചെറിയ സമാധാനം എനിക്കുണ്ട്. ചേന്നം‌പള്ളിയുടെ സമീപമെത്തിയപ്പോൾ തന്നെ റോഡിൽ ആളുകൾ കൂടിനിൽക്കുന്നതും, പോലീസ് ജിപ്പ് അവിടെ കിടക്കുന്നതും കണ്ടു. നമുക്ക് അവിടെ ഒന്നിറങ്ങാം, നമ്മൾ ആരെന്നു ആരോടും പറയേണ്ട, എന്താണു സംഭവം എന്നൊക്കെ ഒന്നറിഞ്ഞിട്ട് ആശുപത്രിയിലേക്ക് പോയാൽ മതി എന്നു സണ്ണിച്ചായൻ പറയുന്നുണ്ടായിരുന്നു. പക്ഷേ അതുഞാൻ സമ്മതിച്ചില്ല. കാരണം, അടൂർ ഗവർമെന്റ് ആശുപത്രിയിലേക്ക് വരുവാനാണല്ലോ വന്ന ഫോണുകളെല്ലാം പറഞ്ഞത്. അതിനാൽ ഇവിടെയിറങ്ങി സമയം കളയുന്നത് ശരിയല്ല എന്നായിരുന്നു എന്റെ അഭിപ്രായം.

ഞങ്ങളുടെ കാർ കടന്നുപോകുമ്പോൾ, അവിടെ കൂടിനിൽക്കുന്ന ആളുകൾക്കിടയിലൂടെ റോഡിന് ഇരുവശത്തുമായി രണ്ടുബൈക്കുകളും, അല്പം കൂടി മാറി മറ്റൊരു ബൈക്കും കിടക്കുന്നത് വലിയൊരു ഭയപ്പാടോടെ ഞാൻ കണ്ടു. സമീപത്ത് അപകടത്തിൽ പെട്ട ആരെങ്കിലും കിടക്കുന്നുണ്ടോ എന്നും ഞാൻ നോക്കി. ഇല്ല ആരുമില്ല. ദിവസേന പത്രങ്ങളിൽ കാണുന്ന ബൈക്ക് അപകടങ്ങളും അതിൽ‌പ്പെട്ട് മരിക്കുന്ന അനേകം യുവാക്കളും മനസ്സിലൂടെ മിന്നിമറഞ്ഞു. ഈശ്വരാ ഒന്നും സംഭവിക്കരുതേ. ഇത്തരം സാഹചര്യങ്ങളിലാണ് ഈശ്വരൻ എന്ന സാന്നിദ്ധ്യം വലിയൊരു ആശ്വാസമായി മനസ്സിൽ എത്തുക, അല്ലേ? അനുഭവച്ചറിയേണ്ട ഒന്നുതന്നെയാണത്.

അടൂർ ഗവർമെന്റ് ആശുപത്രിയുടെമുമ്പിൽ ഞങ്ങൾ എത്തി. സന്ധ്യയ്ക്ക് ഏഴുമണികഴിഞ്ഞിരിക്കുന്നു. കാഷ്വാലിറ്റിക്കു ചുറ്റും ഒരു വൻ ജനക്കൂട്ടം. വലിയൊരു അപകടം നടന്നതിന്റെ ബാക്കിപത്രം അറിയുവാനുള്ള ആകാംഷ അവരുടെ മുഖങ്ങളിൽ ദൃശ്യമായിരുന്നു. രണ്ട് ആം‌ബുലൻസുകൾ തയ്യാറാക്കി ആശുപത്രിക്ക് മുറ്റത്തുതന്നെ നിർത്തിയിരിക്കുന്നു. കാഷ്വാലിറ്റിക്ക് വെളിയിലായി രണ്ടു യുവാക്കൾ കൈയ്യിലും കാലിലും പറ്റിയ ചെറിയ മുറിവുകളിൽ പഞ്ഞിയും മരുന്നും ഒക്കെ വച്ച് ഇരിക്കുന്നു. ഷിജുവോ ബിനുവോ അക്കൂട്ടത്തിലില്ല.

എന്നോടൊപ്പം വന്ന ഷിനുവും സണ്ണിച്ചായനും പകച്ചു നിൽക്കുന്നു. എന്തും, ഞാൻ എടുത്തുപറയട്ടെ ഏതുവിധത്തിലാണ് ഞാനെന്റെ അനുജനെ കാണുവാൻ പോകുന്നതെന്ന ആകാംഷയുടെ മുൾമുനയിൽ നിന്നുകൊണ്ട്, എന്തുസാഹചര്യമാണെങ്കിലും അതു കാണുവാനായി മനസ്സിനെ പാകപ്പെടുത്തിക്കൊണ്ട് ഞാൻ കാഷ്വാലിറ്റി മുറിയ്ക്കുള്ളിലേക്ക് കയറി. ആ അവസരത്തിൽ എന്തൊക്കെ മനസ്സിലൂടെ പോയെന്നോ, എന്റെ മാനസികനില എങ്ങനെയായിരുന്നുവെന്നോ എഴുതിവയ്ക്കുവാനാവുന്നില്ല. യാന്ത്രികമായി എല്ലാം ചെയ്തു എന്നുമാത്രം അറിയാം.

ഒരു ടേബിളിൽ ഷിജുവിനെ കിടത്തിയിരിക്കുന്നു. ബോധമുണ്ട്. വായിലൂടെ നുരയും പതയും വരുന്നു. തലയിൽ വലിയ പരിക്കുകൾ കാണാനില്ല. ചെറിയ മുറിവുകളുണ്ട്. അരയ്ക്ക് താഴേക്ക് ചോരയിൽ പൊതിഞ്ഞിരിക്കുന്നു. ഇടതുകാലിൽ ഉണ്ടായിരിക്കുന്ന ഒരു വലിയ മുറിവിൽ നിന്ന് രക്തം ധാരയായി ഒഴുകുന്നുണ്ട്. അവിടെയും നിറയെ ചെളിതന്നെ. അതിനിടയിലൂടെ തുടയെല്ല് ഒടിഞ്ഞു പുറത്തേക്ക് തള്ളിനിൽക്കുന്നതുപോലെ കാണപ്പെടുന്നു. ബാന്റേജ് കെട്ടിയിരിക്കുന്നതിനാൽ വ്യക്തമല്ല. ചെളിക്കുണ്ടിൽ വീണതുപോലെ ദേഹം മുഴുവൻ ചെളിയാൽ നിറഞ്ഞിരിക്കുന്നു. അവൻ ഇട്ടിരിക്കുന്ന ഷർട്ട് അവർ മുറിച്ചുമാറ്റുന്നു. പാന്റ് അഴിച്ചുമാറ്റി അണ്ടർവെയർ മാത്രം ഇടുവിച്ച് ഒരു കൈലി പുതപ്പിച്ച് ഷിജുവിനെ കിടത്തിയിരിക്കുകയാണ്.

മനുഷ്യ ജീവിതത്തിലെ ഓരോ അവസ്ഥകൾ! ഒരു മണിക്കൂർ മുമ്പുവരെ കളിച്ചു ചിരിച്ച് ചുറുചുറുക്കോടെ ഓടിനടന്ന പയ്യനാണ്. ഇപ്പോൾ ഇതാ നിസ്സഹായനായി, ഗുരുതരാവസ്ഥയിൽ കിടക്കുന്നു!

അടുത്തുനിന്ന അറ്റന്ററെ ഞാൻ പരിചയപ്പെടുത്തി, ഇതെന്റെ അനുജനാണ്. അദ്ദേഹം പറഞ്ഞു, ഇത് എത്രയും പെട്ടന്ന് മെഡിക്കൽ കോളജിൽ എത്തിക്കേണ്ട കേസാണ്. ഡോക്ടർ ചീട്ട് എഴുതുന്നുണ്ട്. ആം‌ബുലൻസ് വെളിയിൽ ഉണ്ട്. എത്രയും വേഗം കൊണ്ടുപൊയ്ക്കൊള്ളുക. ഷിജുവിന്റെ ഒരു മാലയും മോതിരവും കൂട്ടത്തിൽ അദ്ദേഹം എന്നെ ഏൽ‌പ്പിച്ചു.

നമ്മുടെ സർക്കാരാശുപത്രികളിൽ എത്രവലിയ അപകടമാണെന്നു പറഞ്ഞാലും ഇത്രയുമൊക്കെ പ്രഥമശുശ്രൂ‍ഷ നൽകാനുള്ള സംവിധാനമേയുള്ളൂ. അതിനുശേഷം കിലോമീറ്ററുകൾ അകലെയുള്ള മെഡിക്കൽ കോളേജിൽ കൊണ്ടുപോകണം. അടൂരിൽനിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് 65 കിലോമീറ്റർ, തിരുവനന്തപുരത്തേക്കാണെങ്കിൽ നൂറുകിലോമീറ്റർ. ഇത്രയും ദൂരം നമ്മുടെ ചടാക്കു റോഡുകൾ വഴി ഓടി എത്താൻ മണിക്കൂറുകൾ വേണംതാനും. ആയുസറുതി എത്തിയിട്ടില്ലാത്തവരാണെങ്കിൽ മെഡിക്കൽ കോളജിൽ എത്തും. അല്ലാത്തവരാണെങ്കിൽ വഴിയിൽ വച്ചുതന്നെ പരലോകത്തെത്തും. ഒരു സ്റ്റാൻഡാർഡ് ക്വാളിറ്റി റോഡില്ലാത്തതിന്റെ ഗതികേട് എത്രവലുതാണ് നമ്മുടെ നാട്ടിൽ.


അതിനിടെ ഷിജുവിനോട് ബിനു എവിടെ എന്നു ഞാൻ അന്വേഷിച്ചു. അറിയില്ല എന്നായിരുന്നു മറുപടി. അപകടം നടന്നത് ഒരു ഗ്രാമപ്രദേശത്തായതിനാൽ ചുറ്റുവട്ടത്തുള്ളവരൊക്കെ ഓടി എത്തി ഈ പിള്ളേരെ ആ‍ദ്യം കണ്ട ആശുപത്രികളിൽ എത്തിച്ചിരിക്കുകയാണ്. ഭാഗ്യം! അവർ അത്രയെങ്കിലും ചെയ്തല്ലോ. പട്ടണങ്ങളിലാണെങ്കിലോ! ആരും തിരിഞ്ഞുനോക്കുക പോലുമില്ല. അതേ മുറിയിൽ മറ്റൊരു മേശയിൽ വേറൊരാൾ കിടക്കുന്നുണ്ടായിരുന്നു. അതാരാണെന്ന് ഞാൻ പോയിനോക്കി. പരിചയമില്ല. മുഖത്തിന്റെ ഒരു വശം മുഴുവൻ ചതഞ്ഞിരിക്കുന്നു. ബോധമില്ല. മൂക്കിലൂടെയും ചെവിയിലൂടെയും ചോര ചാടുന്നു. അനക്കമോ, ബോധമോ കണ്ടില്ല. ശ്വാസമുണ്ടെന്നു തോന്നി.

ഇതൊക്കെ നടക്കുന്നതിനിടയിൽ ഷിജു എന്നോട് പറഞ്ഞു, നമുക്ക് കോട്ടയം മെഡിക്കൽ കോളജിൽ വരെ പോകേണ്ട, അവിടം വരെ എത്താൻ ഒരു പാട് സമയമെടുക്കും, അതിനാൽ തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കൽ കോളജിൽ മതി എന്ന്. ശരിയാണ് പുഷ്പഗിരിമെഡിക്കൽ കോളജ് വരെയെത്തുവാൻ മുപ്പത്തഞ്ചുകിലോമീറ്ററോളം പോയാൽ മതി. മാത്രവുമല്ല, ആക്സിഡന്റ് കേസുകൾ കൈകാര്യം ചെയ്യുവാൻ വേണ്ട സംവിധാനങ്ങളും അവിടെയുണ്ട് എന്നെനിക്കറിയാമായിരുന്നു.എത്ര വേഗതയിൽ ഓടിയാലും ഒരു മണിക്കൂറെങ്കിലും എടുക്കും അവിടെയെത്താൻ; പക്ഷേ മറ്റു മാർഗ്ഗങ്ങളില്ല.

ഷിജുവിനെ ആം‌ബുലൻസിലേക്ക് കയറ്റി. കൂടെ ഞാനും സണ്ണിച്ചായനും. അടുത്ത സ്ട്രെച്ചറിൽ മറ്റേയാളെയും കൊണ്ടുവന്നു കയറ്റി. ഞാൻ ആദ്യമായാണ് ഒരു ആംബുലൻസിൽ കയറുന്നത്. അറ്റന്റർ വന്ന് ഒരു സലൈൻ കുപ്പിയും എന്റെ കൈയ്യിൽ തന്നു. അതിൽ നിന്നു പോകുന്ന കുഴൽ ഷിജുവിന്റെ കൈയ്യിലെ ഞരമ്പിലേക്ക് കയറുന്നു. അപ്പോഴും അവന്റെ കാലിൽ നിന്ന് രക്തം ധാരധാരയായി ഒഴുകുകയാണ്. അത് തീരുമ്പോൾ പറയണം എന്ന് ആംബുലൻസ് ഡ്രൈവർ എന്നെ ഓർമ്മിപ്പിച്ചു. ഇതെന്തൊരു ഫസ്റ്റ് എയിഡ് ആണാവോ! എന്തായാലും ബ്ലഡ് ഇഷ്ടം പോലെ നൽകേണ്ടതായി വരും, ഞാനുറപ്പിച്ചു. ഷിജുവിന്റെ ബ്ലഡ് ഗ്രൂപ്പ് A നെഗറ്റീവ് ആണ്. റെയർ ഗ്രൂപ്പ്. എനിക്കറിയാവുന്ന രണ്ട് A നെഗറ്റീവുകാർ ഞങ്ങളുടെ വീട്ടിൽ തന്നെയുണ്ട്. ഒന്ന് ഷിനു തന്നെ, രണ്ട്, എന്റെ ഭാര്യ ദീപ. അതിനാൽ, ഞങ്ങൾ വന്ന ടാക്സിയിൽ തന്നെ ഷിനുവിനെ ഞാൻ വീട്ടിലേക്ക് വിട്ടു, ദീപയേയും കൂട്ടി, ആവശ്യത്തിനു രൂപയും എടുത്തു പുഷ്പഗിരി മെഡിക്കൽ കോളേജിലേക്ക് വരുവാൻ ഏൽ‌പ്പിച്ചു.


ആംബുലൻസ് ലൈറ്റും സയറണും എല്ലാം ഓൺ ചെയ്ത് കോട്ടയം ലക്ഷ്യമാക്കി പായാൻ തുടങ്ങി. പക്ഷേ എന്തു ഫലം, ഓരോ നൂറുമീറ്ററിലും അഞ്ചും ആറും ഗട്ടറുകൾ. അവയിൽ പെട്ട് വണ്ടി ആടിയുലയുകയാണ്. കൂടെ ഷിജുവിന്റെ പരിക്കുപറ്റിയ കാലും. അവൻ വേദന കടിച്ചുപിടിച്ച് കരയുകയാണ്. സണ്ണീച്ചായൻ ചോരകണ്ട് മരവിച്ച് നിൽക്കുന്നു. ഒരു സഡൻ ബ്രെയ്ക്കിൽ പെട്ട് ഒരുതവണ ഷിജുവിന്റെ പുറത്തേക്ക് സണ്ണിച്ചായൻ വീഴുകയും ചെയ്തു. അടുത്ത സ്ട്രെച്ചറിൽ കിടക്കുന്നയാളെ ഞാൻ ഒന്നു ശ്രദ്ധിച്ചു, യാതൊരു അനക്കവുമില്ല. അയാളുടെ കൈയ്യിൽ കുത്തിവച്ചിരിക്കുന്ന സലൈൻ ഒട്ടും തന്നെ തീരുന്നുമില്ല! ശ്വാസവും രക്തയോട്ടവും നിന്നതായിരിക്കാം.

നിമിഷങ്ങൾ മനസ്സിൽ പെരുമ്പറകൊട്ടി ഒന്നൊന്നായി കടന്നുപോവുകയാണ്. ഇതിനിടെ ഞാൻ കൈയ്യിലിരുന്ന മൊബൈലിൽ നിന്ന് വീട്ടിലേക്ക് വിളിച്ചു. ഷിജുവിനെക്കൊണ്ടുതന്നെ അവരോട് ഒരു വാചകം പറയിപ്പിച്ചു. “കാലിൽ ഒടിവുണ്ട്. അതിനാൽ ഞങ്ങൾ പുഷ്പഗിരിയിലേക്ക് പോവുകയാണ്…… വലിയ കുഴപ്പമൊന്നുമില്ല“ എന്നു മാത്രം പറയുവാനാണ് ഞാൻ പറഞ്ഞത്. അപകടത്തിൽ പെട്ടയാൾ തന്നെ ഫോണിൽ സംസാരിച്ചാൽ വീട്ടിൽ ഇരിക്കുന്നവർക്ക് അല്പം ആധികുറയുമല്ലോ.

കുഴപ്പമൊന്നുമില്ല എന്ന് അവനെക്കൊണ്ടു പറയിച്ചെങ്കിലും വലിയ കുഴപ്പമാണ് മുൻപിൽ കിടക്കുന്നതെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. മനുഷ്യശരീരത്തിൽ എകദേശം അഞ്ചുലിറ്റർ രക്തമാണുള്ളതെന്നും, അത് നഷ്ടപ്പെട്ടാൽ ഷോക്ക് എന്ന അവസ്ഥയിലേക്കും, താമസിയാതെ മരണത്തിലേക്കുതന്നെയും ആൾ എത്തിപ്പെടുമെന്നും എവിടെയോ വായിച്ചത് ഞാൻ ഓർത്തു. ഷിജുവിന്റെ കാലിൽനിന്നും ഒഴുകിപ്പോകുന്ന രക്തത്തിന്റെ അളവ് കണ്ടാൽത്തന്നെ ഊഹിക്കാവുന്നതെയുള്ളൂ ഇനി അടുത്ത ഒരു മണിക്കൂർ വരെ അവൻ പിടിച്ചുനിൽക്കുകയില്ല എന്ന്.

എന്തു ചെയ്യും! ഞാൻ ദൈവത്തെ മനസ്സാൽ ധ്യാനിച്ചു. ഉള്ളിൽ നിറയുന്ന ആധി ഒട്ടും പുറത്തുകാണിക്കാതെ ഷിജുവിനോട് വർത്തമാനം പറഞ്ഞുകൊണ്ട് അവനെ ബോധത്തോടെ ഇരുത്തുവാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. എങ്ങനെയാണ് അപകടമുണ്ടായത് എന്ന് അവൻ ഇതിനിടെ വിവരിച്ചു. എതിരെ അതിവേഗതയിൽ നിയന്ത്രണം വിട്ടു വന്ന ഒരു ബൈക്കുകാരൻ റോഡിന്റെ റോംഗ് സൈഡിലേക്ക് വന്ന് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഒൻപതുകിലോമീറ്റർ പിന്നിട്ട് പന്തളത്തെത്തിയപ്പോഴേക്കും, ഷിജുവിന് വേദന സഹിക്കാൻ വയ്യാതെയായി. “എന്നെ എതെങ്കിലും ഒരാശുപത്രിയിൽ കയറ്റിയാൽ മതി, സഹിക്കാൻ വയ്യാ“ എന്ന് അവൻ പറയുന്നുണ്ടായിരുന്നു. പക്ഷേ ഇത്രയും സീരിയസ് ആക്സിഡന്റ് കേസുകൾ കൈകാര്യം ചെയ്യുവാൻ സൌകര്യമുള്ള ഒരു ആശുപത്രിയും ആ റൂട്ടിൽ ഇല്ല എന്നെനിക്കറിയാമായിരുന്നതുകൊണ്ട് ആബുലൻസ് നിർത്തി വിലപ്പെട്ട സമയം കളയുവാൻ ഞാൻ ആഗ്രഹിച്ചില്ല.

ആംബുലൻസ് കഴിയുന്നത്ര വേഗത്തിൽ പോകുന്നുണ്ട്. പക്ഷേ മുമ്പോട്ടുള്ള ദൂരം അങ്ങനെ കിടക്കുകയാണ്. ഇനിയും എത്രയോ സ്ഥലങ്ങൾ പിന്നിടുവാനുണ്ട്, കുളനട, ചെങ്ങന്നൂർ ടൌൺ അവിടുത്തെ തിരക്ക്, അതുകശിയുമ്പോൾ കല്ലിശ്ശേരി എന്ന സ്ഥലവും അവിടുത്തെ ഒരു വരി പാലവും…അതുകഴിഞ്ഞ് തിരുവല്ല. അവിടെയെങ്ങാനും റോഡിൽ പെട്ടുപോയാൽ? ഞാൻ കണക്കുകൂട്ടി, ഇനിയും ഒരു നാലപ്പതുമിനിറ്റെങ്കിലും എടുത്തേക്കും അതുവരെ…. ??? ദൈവം തുണ, അല്ലാതെന്തുചെയ്യാൻ?

യാദൃശ്ചികമായി, എന്റെ കൈയ്യിലിരിക്കുന്ന മൊബൈൽ ഫോണിൽ ഞാനൊന്നു നോക്കി. സെൽ വൺ എന്ന് എഴുതിയിരിക്കുന്നതിനു താഴെ സ്ഥലപ്പേരുകൾ തെളിയുന്നുണ്ട്. നാട്ടിലെ ഫോണിൽ ഇങ്ങനെയൊരു സൌകര്യം ഉണ്ടെന്നത് ഞാൻ ആദ്യമായി കാണുകയായിരുന്നു. മാന്തളിർ എന്ന സ്ഥലപ്പേരു കഴിഞ്ഞ് മുളക്കുഴ എന്നു തെളിഞ്ഞത് അപ്പോഴായിരുന്നു. മുളക്കുഴ എന്ന പേരു വായിച്ചതും, അതുവരെ എന്റെ മനസ്സിലില്ലാതിരുന്ന ഒരു ആശുപത്രി എന്റെ മനസ്സിലേക്കെത്തി! മുളക്കുഴ സെഞ്ച്വറി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ! ഏതാനും വർഷം മുമ്പ് ഗൾഫിലുള്ള പല ആളുകൾ ചേർന്ന് ഷെയർ എടുത്ത് നിർമ്മിച്ച ഒരു ഹോസിപിറ്റലാണ് ഇത്. ഒരു പ്രാവശ്യം ഇതിനുമുമ്പ് അമ്മയേയും കൊണ്ട് ഞാൻ അവിടെ പോയിരുന്നു. ആധുനിക സജ്ജീകരണങ്ങളൊക്കെ അവിടെയുണ്ട് എന്നു അന്നു മനസ്സിലായിരുന്നു. പക്ഷേ എന്തുകൊണ്ടോ ഞങ്ങളുടെ നാട്ടിലെ ആൾക്കാർ എന്തുകൊണ്ടോ വലിയ തൃപ്തിയില്ലാത്ത ഒരു ആശുപത്രി. ഗൾഫ് മോഡൽ സജ്ജീകരണങ്ങൾ പരിചയമില്ലാത്തതിനാലോ, ആശുപത്രി ചാർജ്ജുകൾ കൂടുതലായി തോന്നിയതിനാലോ ഒക്കെ ആവാം.

പൊതുജനാഭിപ്രായമൊന്നും നോക്കാനുള്ള സമയമല്ലല്ലോ ഇത്. ഷിജു ഒരു ഷോക്കിലേക്ക് പോകുന്നതിനു മുമ്പ് ഏറ്റവും എളുപ്പം എത്തിക്കാവുന്ന ഒരേഒരു ആശുപത്രി ഇതേയുള്ളൂ. അങ്ങോട്ടുകയറുകതന്നെ. ഞാൻ ഡ്രൈവറോട് വിവരം പറഞ്ഞു. അയാൾ വിസമ്മതിച്ചു. ഗവർമെന്റ് ആശുപത്രിയിലെ ഡോക്ടർ കോട്ടയം മെഡിക്കൽ കോളേജ് എന്നാണു എഴുതിയിരിക്കുന്നത്. അവിടെ മാത്രമേ രോഗിയെ ഇറക്കാൻ പറ്റൂ. ഞാൻ പറഞ്ഞു, ഈ കിടക്കുന്നത് എന്റെ അനുജനാണ്. അവന് എന്തു സംഭവിച്ചാലും ഞാൻ ഉത്തരവാദിത്തം ഏറ്റോളാം. നിങ്ങൾ ദയവായി ആളെ സെൻച്വറിയിൽ ഒന്നിറക്കിത്തന്നാൽ മതി. ഇതുകേട്ടപ്പോൾ അയാൾ സമ്മതിച്ചു. പക്ഷേ മറ്റേ ആളുടെ കൂടെ ആരും ഇല്ലാത്തതിനാൽ അയാളെ മെഡിക്കൽ കോളേജിൽ മാത്രമേ ഇറക്കുകയുള്ളൂ എന്നും അയാൾ ശഠിച്ചു. ആയിക്കോട്ടെ എന്നു ഞാനും പറഞ്ഞു.

അങ്ങനെ സെഞ്ച്വറി ഹോസ്പിറ്റലിലെ കാഷ്വാലിറ്റിയിലേക്ക് ഷിജുവിനെ ഇറക്കി. പിന്നീട് കാര്യങ്ങൾ വേഗം നീങ്ങി. കാഷ്വാലിറ്റിമുറിയിലേക്ക് നേഴ്സുമാർ ഓടുന്നു, പലകാര്യങ്ങൾ ചെയ്യുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്റ്റർ മറ്റു ഡോക്ടർമാരെ വിളിക്കുന്നു. അപ്പോഴേക്കും വീട്ടിലേക്ക് പോയ ടാക്സിയിൽ ഷിനു അവിടെ എത്തി. ഒപ്പം വീട്ടിലെ കാറിൽ തന്നെ ഒന്നു രണ്ടുപരിചയക്കാരും ബന്ധുക്കളും ദീപയുമൊക്കെ എത്തിച്ചേർന്നു. വന്ന നാട്ടുകാരൊക്കെ എന്നെ നോക്കി. ചിലരൊക്കെ ആധി പുറത്തുപറയുകയും ചെയ്തു. “അയ്യോ, ഇവിടെ കൊണ്ടുവന്നതു വലിയ മണ്ടത്തരമായിപ്പോയി. അതുവേണ്ടായിരുന്നു.. ഇനി എന്തൊക്കെയായിത്തീരുമോ“
മറ്റുചിലർ പറഞ്ഞു, “എന്തായാലും കൊണ്ടുവന്നു, ഇനി എത്രയും പെട്ടന്ന് ഇവിടുന്ന് മാറ്റാം“. ആരുപറഞ്ഞതും ഞാൻ കേൾക്കാൻ പോയില്ല. ഇവിടെ മതി എന്ന തീരുമാനത്തിൽ ഉറച്ചുനിന്നു.

അതിനിടെ ഒരു കുറിയ മനുഷ്യൻ ഞാനും ഷിനുവും നിൽക്കുന്നിടത്തേക്കു വന്നു, സ്വയം പരിചയപ്പെടുത്തി. “ഞാൻ ഡോ.ജഗൻ. ഓർത്തോപീഡിക് സർജനാണ്. ഷിജുവിനെ ഞാൻ ഇവിടെ അഡ്മിറ്റ് ചെയ്യുകയാണ്. പക്ഷേ he is in a very critical stage, we will try our level best. Rest is in the hands of God. Pray for him. എന്റെ കൈകളിൽ പിടിച്ചുകൊണ്ട് അദ്ദേഹം അതു പറയുമ്പോൾ എനിക്ക് ഒരേസമയം ആശ്വാസവും അതേസമയം വല്ലാത്ത ഒരു ഭയവും ഉണ്ടായി. ഇവിടെയും കൈകാര്യം ചെയ്യാനാവാത്ത കേസാണെന്നു പറഞ്ഞ് തള്ളിവിട്ടില്ലല്ലോ എന്നതായിരുന്നു ആശ്വാസകരമായ കാര്യം. പക്ഷേ അവൻ അതീവ ഗുരുതരാവസ്ഥയിലാണ് നിങ്ങൾ പ്രാർത്ഥിക്കൂ എന്നൊരു ഡോക്ടർ പറയുമ്പോൾ കാര്യങ്ങളുടെ കിടപ്പ് ഊഹിക്കാവുന്നതല്ലേയുള്ളൂ. ഞാൻ അതിനിടെ ഡോക്ടറോട് ഇത്രയും ചോദിച്ചു, ഡോക്ടർ ഈ അവസ്ഥയിൽനിന്ന് ഷിജുവിനെ രക്ഷിച്ചെടുക്കാനുള്ള സൌകര്യങ്ങളൊക്കെയും ഇവിടെ ഉണ്ടല്ലോ, അല്ലേ? അതിലൊട്ടും ഭയപ്പെടാനില്ലെന്നും, ന്യൂറോസർജൻ, പ്ലാസ്റ്റിക് സർജൻ എന്നിവരും ആ സമയത്ത് കാഷ്വാലിറ്റിയിൽ സഹായത്തിനായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ഒരു സാഹചര്യത്തിൽ, ഒരു ജൂനിയർ ഡോക്ടറുടെ ആത്മവിശ്വാസവും, ഒരു ചലഞ്ച് എറ്റെടുക്കാനുള്ള ധൈര്യവുമാണ് ഇങ്ങനെ ഗുരുതരാവസ്ഥയിലുള്ള ഒരു പേഷ്യന്റിനെ അഡ്മിറ്റ് ചെയ്യുവാനുള്ള തീരുമാനത്തിനു പിന്നിൽ കാണാനാവുക എന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ നാടാണ്. രോഗിക്കെന്തെങ്കിലും പറ്റിപ്പോയാൽ, എത്ര അത്യാസന്നനിലയിലാണെന്നു പറഞ്ഞാലും, അത് മനസ്സിലാക്കാതെ ആശുപത്രിയേയും ഡോക്ടറേയും കുറ്റം പറയുകയും പലവിധ പൊല്ലാപ്പുകളിലേക്കെത്തിക്കുകയും ചെയ്യുന്നതാണല്ലോ കണ്ടുവരാറ്.

അതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.നവീൻ വന്ന് ഒരു യൂണിറ്റ് ബ്ലഡ് അവിടെ ഉണ്ട് എന്നും, എത്രയും വേഗം കൂടുതൽ ബ്ലഡ് എത്തിക്കണമെന്നും പറഞ്ഞു. അപ്പോഴേക്കും നാട്ടിൽ മുഴുവൻ സംഭവം അറിഞ്ഞു. ഗ്രാമപ്രദേശമായതിനാൽ ഷിജുവിനേയും ബിനുവിനേയുമൊക്കെ ആൾക്കാർക്കെല്ലാം അറിയാം. ഷിജുവും ഷിനുവും മറ്റും ആ പ്രദേശത്തെ രക്തദാതാക്കളാണുതാനും. അങ്ങനെയൊരു നല്ലകാര്യം ഞങ്ങളുടെ നാട്ടിലെ ചെറുപ്പക്കാർ ചെയ്യുന്നുണ്ട്. അവരുടെയെല്ലാം ബ്ലഡ് ഗ്രൂപ്പുകളും പേരും ഫോണും എല്ലാം എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ പാകത്തിൽ തയ്യാറാക്കിയിട്ടുണ്ട്. പോരാത്തതിനു ആവശ്യമെങ്കിൽ സമീപപ്രദേശങ്ങളിലെ RSS, YMCA തുടങ്ങിയവയുമായി ബന്ധപ്പെട്ടും അവർ രക്തദാതാക്കളെ കണ്ടെത്തുമായിരുന്നു. ഇവിടെയും അതിനു മാറ്റമൊന്നും വന്നില്ല. രണ്ടുമണിക്കൂറിനുള്ളിൽ പത്തുപേർ രക്തം നൽകാനായി രാത്രിയിൽ തന്നെ എത്തി.

ഇതിനിടെ ഷിജുവിനെ പലവിധ ടെസ്റ്റുകൾക്കായി കൊണ്ടുപോകുന്നുണ്ട്. പലവിധ സ്കാനിംഗുകൾ, എക്സ് റേ, ഡോപ്ലർ ടെസ്റ്റ്. രണ്ടുമണിക്കൂറോളം കഴിഞ്ഞു. സർജിക്കൽ ഐ.സി.യുവിൽ ഷിജുവിനെ അഡ്മിറ്റ് ചെയ്യുകയാണെന്ന് അറിയിച്ചു. അവിടേക്ക് ആരെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ ചെല്ലുവാൻ ഡോക്ടർ പറഞ്ഞു. ഞാനവിടെ എത്തി. ഒരു പത്രസമ്മേളനം നടതുവാനിരിക്കുന്നതുപോലെ നാലു ഡോക്റ്റർമാർ ഇരിക്കുന്നു. ഉള്ളിൽ ഷിജു മയക്കത്തിൽ കിടക്കുന്നത് ഗ്ലാസ് ജനാലയിലൂടെ കാണാം. ഓക്സിജൻ മാസ്ക് , മറ്റു മോനിറ്ററിംഗ് ഉപകരണങ്ങൾ തുടങ്ങിയവ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്നു. അതിലെ ഗ്രാഫുകളൊക്കെ യാതൊരു ക്രമവുമില്ലാതെ ചാഞ്ചാടിക്കൊണ്ടിരിക്കുന്നത് കാണുന്നുണ്ട് – ആളുടെ നില ഒന്നും പറയാനാവാത്ത സ്ഥിതിയിലാണെന്ന് വ്യക്തം. മരണാസന്നരായി ശ്വാസം വലിച്ചു വിടുന്ന ആളുകളെപ്പോലെ വളരെ വിമ്മിഷ്ടത്തോടെ ശ്വാസം വലിച്ചു കൊണ്ട് ഷിജു കിടക്കുന്നു. ദൈവമേ, ഇതാണ് മണിക്കൂറുകള്‍ മുമ്പ് വരെ ഓടിച്ചാടി നടന്ന ഒരു യുവാവ്.... ഇപ്പോഴത്തെ അവസ്ഥയോ.. ഇത്രയും നൈമിഷികമാണ് നമ്മള്‍ എന്തൊക്കെയോ ആണെന്ന് അഹംകരിക്കുന്ന ഈ ജീവിതം..

ശേഷം കഥ അടുത്തപോസ്റ്റിൽ..... (പാർട്ട് 2)

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP