കിഴക്കിന്റെ വെനീസില്‍ - രണ്ട്
>> Saturday, January 17, 2009
“വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയ്യില്‍ മെല്ലെ
കോരിയെടുക്കാന്‍ വാ............. “
ഈ പാട്ടുകേള്‍ക്കുമ്പോഴും, അതിന്റെ ദൃശ്യചിത്രീകരണം ടി.വിയില്‍ കാണുമ്പോഴും നാം അറിയാതെ ഒരു കായല്‍ പരപ്പിലേക്ക് എത്തിപ്പോകാറില്ലേ? ഈ പാട്ടില്‍ പറയുന്ന പുന്നമടക്കായലിലാണ് നമ്മള്‍ ഇപ്പോളുള്ളത്.
കേരളത്തിലെ എന്നല്ല, ഇന്ത്യയിലെതന്നെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലിന്റെ തെക്കേയറ്റത്തെ ശാഖയാണ് പുന്നമടക്കായല്‍ എന്നറിയപ്പെടുന്ന ജലാശയം. എല്ലാവര്‍ഷവും ആഗസ്റ്റ് മാസത്തില്‍ നടക്കാറുള്ള പ്രശസ്തമായ നെഹ്രുട്രോഫി വള്ളംകളിയും ഇവിടെവച്ചാണ് നടത്തപ്പെടുന്നത്. ഞങ്ങള്‍ പുറപ്പെട്ട സ്ഥലത്തുനിന്ന് അല്‍പം മുമ്പോട്ട് നീങ്ങിയപ്പോള്‍ തന്നെ നെഹ്രുട്രോഫി വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റിലുള്ള പവലിയന്‍ കാണാറായി. കായലിന്റെ നടുവില്‍ തന്നെയുള്ള ഒരു ചെറിയ തുരുത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
പുന്നമടക്കായല്‍ നീണ്ടുപരന്നുകിടക്കുന്ന കായല്‍പ്പരപ്പൊന്നുമല്ല. ഭൂപടം നോക്കിയാല്‍ (ലിങ്ക്) അറിയാം, ഇംഗ്ലീഷ് അഷരം L ന്റെ ആകൃതിയില്‍, ഏകദേശം മൂന്നുനാലുകിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ഒരു ജലാശയമാണ് ഇത്. ഇതിന്റെ വടക്കേ അറ്റത്തുനിന്ന് ഒന്നരകിലോമീറ്ററോളം നീളത്തില്‍ പുന്നമടക്കായലിനെ വേമ്പനാട്ടുകായലുമായി ബന്ധിപ്പിക്കുന്ന വീതികുറഞ്ഞ ഒരു ഭാഗം ഉണ്ട്. ഇതുവഴി കടന്നുപോകുമ്പോള്‍ ഒരു നദിയിലൂടെ പോകുന്നതുപോലെയേ നമുക്ക് തോന്നുകയുള്ളൂ. ഇരുകരയിലുമുള്ള കാഴ്ചകള്‍ അടുത്തുകാണാം. മഴക്കാലമായതിനാല്‍ കെട്ടുവള്ളങ്ങള്‍ നിരനിരയായി കായലിന്റെ ഇരുകരകളിലും അടുപ്പിച്ച് കെട്ടിയിട്ടിട്ടുണ്ടായിരുന്നു. ചിലവയിലൊക്കെ ജോലിക്കാര്‍ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നുമുണ്ട്.
ഏതെല്ലാം കെട്ടിലും മട്ടിലും ചമയങ്ങളിലുമുള്ള വള്ളങ്ങളാണ് അവിടെയുള്ളതെന്നോ! ഒറ്റമുറി കൊച്ച് വീട് വള്ളങ്ങള്‍, മൂന്നും നാലും അറകളുള്ള തറവാട്ട് വള്ളങ്ങള്‍, ഔന്ന്യത്യമുള്ള മേല്‍ക്കൂരകളും കൊത്തുപണികളോടു കൂടിയ പൂമുഖങ്ങളുള്ളവര്‍, ഇരുന്നും കിടന്നും കാഴ്ചകള്‍ കണ്ട് രസിക്കാന്‍ വിശാലമായ മട്ടുപ്പാവുകളുമായി ചിലര്‍, വശങ്ങളിലേക്ക് ഇറങ്ങിനില്‍ക്കുന്ന വളച്ചുകെട്ടുകളും എടുപ്പുകളുമായി പ്രൌഢിയോടെ മറ്റ് ചിലര്‍, കല്യാണമോ സമ്മേളനമോ നടത്തുവാന്‍ ഞാന്‍ പോരേ എന്ന് ചോദിച്ച് കൊണ്ട് ചില ഭീമന്മാര്‍, തട്ടുകളിട്ട മേല്‍പ്പുരയോടുകൂടിയ പൌരാണികര്‍ ചിലര്‍....കാണേണ്ട കാഴ്ചതന്നെ!!
ഒരു കെട്ടുവള്ളം നിര്‍മ്മിച്ചെടുക്കാന്‍ പത്തുലക്ഷത്തോളം രൂപ ചെലവാകുമത്രേ. ഈ വള്ളങ്ങളത്രയും ഒരുമിച്ചു കണ്ടപ്പോള്‍ എനിക്ക് ഒരു സംശയം ഉണ്ടായി. ഇവയില്‍ നിന്നൊക്കെയും പുറന്തള്ളുന്ന മാലിന്യങ്ങള്‍, പ്രത്യേകിച്ച് ഇവയിലെ ശൗച്യാലയങ്ങളില്‍ നിന്ന് തള്ളപ്പെടുന്ന വസ്തുക്കള്‍ എല്ലാം നേരെ കായലിലേക്കാണോ പോകുന്നത് എന്ന്. അല്ല എന്നു ജിനില്‍ പറഞ്ഞു. എല്ലാ വള്ളങ്ങളുടെയും അടിയില്‍ ഒന്നോ അതിലധികമോ ബയോടാങ്കുകള്‍ എന്നൊരു സംവിധാനം ഉണ്ട്. മാലിന്യങ്ങള്‍ അതിലേക്കാണ് പോവുക. അവിടെകിടന്ന് ജൈവമാറ്റങ്ങള്‍ സംഭവിച്ചതിനുശേഷം അവയെ നീക്കം ചെയ്യുകയാണു ചെയ്യുന്നതത്രേ. വള്ള നിര്‍മ്മാണത്തിനു ചെലവാകുന്ന തുകയില്‍ ഒന്നൊന്നര ലക്ഷം രൂപ ഈ ടാങ്കിനു മാത്രമായി ഉള്ളതാണ്. നമ്മുടെ കേരളത്തിലും പരിസ്ഥിതിയെപ്പറ്റി ഇത്രയൊക്കെ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നുകേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി.
കായലിന്റെ ഇരുവശങ്ങളിലുമായി വീടുകളുള്ളവര്‍, ഹോംസ്റ്റേ ഇഷ്ടപ്പെടുന്ന ടൂറിസ്റ്റുകളെ ഉദ്ദേശിച്ച് നിര്‍മ്മിച്ചിരിക്കുന്ന ചെറിയ കോട്ടേജുകളും വീടുകളോട് ചേര്‍ന്ന ഇരുകരകളിലും കണ്ടു. അതുപോലെയുള്ള രണ്ട് കോട്ടേജുകളുടെ ചിത്രങ്ങള്‍ ഇതാ. ഓലകൊണ്ടു നിര്‍മ്മിച്ചതിന്റെ ഭംഗി ഒന്നു വേറെതന്നെ, അല്ലേ!
അങ്ങനെ കാഴ്ചകളും കണ്ട്മുമ്പോട്ട് നീങ്ങവേ, വെള്ളത്തില്‍ തൊടണം എന്നുപറഞ്ഞ് മനുക്കുട്ടന്‍ വഴക്കുതുടങ്ങി. അവന് നിര്‍ബന്ധം തുടങ്ങുവാന്‍ പ്രത്യേകിച്ച് കാരണം ഉണ്ടാവും. വിശന്നാലും നിറഞ്ഞാലും ഉറക്കംവന്നാലും, ശൂ..ശൂ മുട്ടിയാലും എല്ലാം അതൊരു നിര്‍ബന്ധമായേ പുറത്തുവരൂ. അവനെ സ്നേഹപൂര്‍വ്വം അടക്കിനിര്‍ത്തുവാന്‍ അവന്റെ വല്യപ്പനെപ്പോലെ മിടുക്കും ക്ഷമയും ഉള്ളവര്‍ മറ്റാരുമില്ലാത്തതിനാല്‍ ആ ജോലി പുള്ളിതന്നെ ഏറ്റെടുത്തു. കായലില്‍ മുതലയുണ്ടെന്നുപറഞ്ഞ ഒരു കൊച്ചു കള്ളത്തില്‍ വിശ്വസിച്ച് ഏതായാലും ആശാന്‍ ആ ആഗ്രഹം ഉപേക്ഷിച്ചു.
യാത്ര പുറപ്പെട്ടിടത്തുനിന്നും ഏകദേശം മുപ്പതുമിനിറ്റോളം സഞ്ചരിച്ചു കഴിഞ്ഞപ്പോഴേക്ക് ഞങ്ങളുടെ വള്ളം വേമ്പനാട്ടുകായലില്‍ പ്രവേശിച്ചു. അതാണു കാണേണ്ട കായല്‍! ഇന്ത്യയിലെ ഏറ്റവും വലിയ തടാകം. ഏറ്റവും വീതിയേറിയ ഭാഗത്ത് 14 കിലോമീറ്റര്‍ വീതിയുള്ള ഈ കാലയലിന്റെ നീളം 96 കിലോമീറ്ററാണ്.1514 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീര്‍ണ്ണം. കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകള്‍ അതിരുകളായുള്ള ഈ കായല്‍ കൊച്ചി അഴിമുഖത്ത് വച്ച് അറബിക്കടലിലേക്ക് തുറക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ആറു നദികള്‍ - അച്ചന്‍കോവില്‍, മീനച്ചില്‍, മണിമല, മൂവാറ്റുപുഴ, പമ്പ, പെരിയാര്‍ - വേമ്പനാട്ടുകായലിലേക്കാണ് വന്നുചേരുന്നത്.
മഴക്കാലമായതിനാല്‍ അത്ര ശാന്തമായൊന്നുമായിരുന്നില്ല വേമ്പനാട്ടുകായലിന്റെ കിടപ്പ്. നല്ല ഓളങ്ങളും, ആറു നദികളും കൂടി ഒഴുക്കിക്കൊണ്ടുവന്ന ചെളിനിറഞ്ഞ മഴവെള്ളവും എല്ലാം കൂടി ചേര്‍ന്ന് രൗദ്രമല്ലേങ്കിലും ഒരു ദേഷ്യക്കാരിയുടെ ഭാവം. തെളിഞ്ഞ ആകാശമല്ലാത്തതിനാല്‍ അങ്ങു ചക്രവാളം വരെ കാണാനും സാധിക്കുന്നുണ്ടായിരുന്നില്ല. ഒരു മാതിരി മഞ്ഞുമൂടിയപോലെ. എങ്കിലും ഈ ഇളകിയാടുന്ന വെള്ളത്തിലും, അന്നാട്ടുകാരായ ആളുകള്‍ കൊതുമ്പുവള്ളവും തുഴഞ്ഞുകൊണ്ട് “ഇതൊക്കെ ഞങ്ങളെന്നും കാണുന്നതല്ലേ“ എന്ന മട്ടില്‍ പോകുന്നുണ്ടായിരുന്നു.
റോഡുസൈഡില്‍ കാണുന്നതുപോലെ ബോട്ട് സര്‍വ്വീസ് ഉള്ള ജലപാതകളിലും ട്രാഫിക് ബോര്‍ഡുകള്‍ ഉണ്ടെന്ന് എനിക്കു മനസ്സിലായത് പുന്നമടയില്‍നിന്ന് വേമ്പനാട്ടുകായലിലേക്ക് ഇറങ്ങുന്ന മൂലയില്‍ വച്ചാണ്. പാതിരാമണല്‍ നേരെ 11 കിലോമീറ്റര്‍, കോട്ടയം വലത്തേക്ക് 19 കിലോമീറ്റര്‍, കൊച്ചി നേരെ 61 കിലോമീറ്റര്‍ എന്നീവിവരങ്ങള്‍ കാണിക്കുന്ന ഒരു ബോര്‍ഡ് കായലോരത്ത് കാണുന്നു! പാതിരാമണല്‍ എന്ന ചെറുദ്വീപിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്നവര്‍, കുമരകത്തുനിന്ന് അവിടേക്ക് പോകുന്നതാണ് എളുപ്പം. നാലുകിലോമീറ്റര്‍ മാത്രം ദൂരമേ അവിടെനിന്ന് പാതിരാമണലിലേക്കുള്ളൂ. മുഹമ്മയില്‍ നിന്നാണെങ്കില്‍ ഒന്നരകിലോമീറ്ററും. ആലപ്പുഴനിന്ന് അഞ്ചോ ആറോ മണിക്കൂര്‍ ബോട്ട് യാത്രയ്ക്കൊരുങ്ങുന്നവര്‍ പാതിരാമണലിലേക്ക് പോകാനൊരുങ്ങിയാല്‍ സമയനഷ്ടം മാത്രം ഫലം. കാരണം ആലപ്പുഴനിന്ന് അവിടെയെത്താന്‍ ഒന്നേമുക്കാല്‍ മണിക്കൂറോളം ഈ വിശാലമായ കായല്‍ പരപ്പിലൂടെ യാത്രചെയ്യണം. കരക്കാഴ്ചകള്‍ ഒന്നും കാണാനുമാവില്ല. എന്നാല്‍ ഒരു ദിവസത്തേക്ക് കെട്ടുവള്ളം വാടകയ്ക്കെടുക്കുന്നവര്‍ക്ക് അവിടെ ഒന്നു പോയി വരാവുന്നതാണ്. പാതിരാമണലില്‍ ആള്‍താമസമൊന്നുമില്ല, സഞ്ചാരികളായെത്തുന്ന പക്ഷികള്‍ മാത്രമേ അവിടെയുള്ളൂ.
വേമ്പനാട്ടുകായലിലൂടെ ഒന്നുരണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞിട്ടാണ് ഞങ്ങള്‍ ഉള്‍നാടന്‍ പാതകളിലേക്ക് പോയത്. അതിനിടെ ജിനില്‍ അസിസ്റ്റന്റായ സജിമോനെ വള്ളത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചിട്ട് അടുക്കളയിലേക്ക് പോയി. വള്ളത്തിന്റെ നിയന്ത്രണം കൂടുതല്‍ ശ്രദ്ധയോടെ ചെയ്യേണ്ട ഉള്‍നാടന്‍ പാതകളിലെല്ലാം ജിനില്‍ തന്നെയായിരുന്നു വള്ളം നിയന്ത്രിച്ചത്. വള്ളം വേമ്പനാട്ടുകായല്‍ പരപ്പിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നതിനിടയില്‍ നിങ്ങള്‍ക്ക് ഈ വള്ളത്തിന്റെ ഉള്‍വശമൊക്കെ ഒന്നു കാട്ടിത്തരാം.നമ്മള്‍ ഇപ്പോഴിരിക്കുന്ന മുന്‍വശത്തുനിന്ന് പിറകുവശത്തായുള്ള അടുക്കളയിലെത്താനുള്ള ചെറിയ ഇടനാഴിയാണിത്. ഫോട്ടോയില്‍ ചെറുതായി കാണുന്നുവെങ്കിലും നിവര്‍ന്നുനടക്കാം. തലമുട്ടുകയുമൊന്നുമില്ല.
താഴെക്കാണുന്നതാണ് അടുക്കള. ജിനിലും സജിമോനും പാചകത്തിന്റെ തിരക്കിലാണ്. ഗ്യാസ് സ്റ്റൗവ്വും, കുടിവെള്ളവും, പാചകത്തിനുള്ള പാത്രങ്ങളും എല്ലാം ഇവിടെയാണുള്ളത്. വള്ളത്തിലേക്ക് വേണ്ട ഇലക്ട്രിസിറ്റിയുണ്ടാക്കാനുള്ള ജനറേറ്റര്‍ സംവിധാനവും ഇവിടെതന്നെ.
ഇത് കിടപ്പുമുറി. സരോവരം ഒരു മീഡിയം സൈസ് വള്ളമായതിനാല്‍ ഒരു കിടപ്പുമുറി മാത്രമേ ഇതിനുള്ളൂ എന്ന നേരത്തെ പറഞ്ഞിരുന്നല്ലോ. അതിനുള്ളിലായി കാണുന്ന ചെറിയവാതില്‍ അറ്റാച്ഡ് ബാത് റൂം ആണ്. നല്ല വൃത്തിയുള്ള ഒരു കൊച്ചു ബാത്‌റൂം യൂറോപ്യന്‍ ക്ലോസറ്റ് എന്നിവയൊക്കെ അതിലുണ്ട്. കട്ടിലിനുമുകളില്‍ കൊതുകുവല കണ്ടതിനാല്‍, രാത്രിയായാല്‍ കൊതുകുകളുടെ ശല്യം ഉണ്ടാവും എന്നൂഹിക്കാം. കട്ടിലിനു വലതുവശത്തുകാണുന്ന ചെറിയ ജനാല തുറന്നാല്‍ കായല്‍ പരപ്പില്‍ നിന്ന് വരുന്ന കുളിര്‍മ്മയുള്ള കാറ്റുമേറ്റ് സുഖമായങ്ങനെ കിടക്കാം...എന്തിനാണ് ഇതിനിടയില്‍ എ.സി.. അല്ലേ!!
അതിനിടെ കായലോരത്ത് മൂന്നുചേട്ടന്മാര്‍ നിന്ന് മീന്‍വല പരിശോധിക്കുന്നതുകണ്ടു. കൊതുമ്പുവള്ളത്തില്‍ വലവീശാന്‍ പോയിട്ട് തിരികെയെത്തി അന്നുകിട്ടിയ മീനുകള്‍ ഒരു കുട്ടയിലേക്ക് മാറ്റുകയാണ്. ചെറിയ തെങ്ങുങ്ങളും വാഴകളും നില്‍ക്കുന്ന ഒരു വലിയ ബണ്ട് അവര്‍ നില്‍ക്കുന്ന വരമ്പിനുമപ്പുറത്തുള്ള നെല്‍പ്പാടങ്ങളെ കായലില്‍നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നു.
വേമ്പനാട്ടുകായലിന്റെ പരപ്പും ഭംഗിയും ആസ്വദിച്ച്, വര്‍ത്തമാനവും പറഞ്ഞുകൊണ്ട് സജിമോന്‍ വള്ളത്തിന്റെ ചുക്കാനും പിടിച്ച് ഒരേയിരുപ്പാണ്. ഞങ്ങള്‍ പ്രകൃതിഭംഗികാണുന്ന തിരക്കിലും. അതിനിടെ ജിനില്‍ അടുക്കളയില്‍ നിന്ന് ഓടിപ്പാഞ്ഞുവന്നിട്ട്, "എതെങ്ങോട്ടാടെ സജിമോനേ വള്ളവും കൊണ്ട്പോകുന്നത്.. വള്ളം തിരിക്കടേ..."എന്നുപറയുന്നതുകേട്ടു..
റൂട്ട് പരിചയം കുറഞ്ഞ സജിമോന്‍ വര്‍ത്തമാനത്തിനിടെ ഞങ്ങള്‍ക്ക് പോകുവാനായി ജിനില്‍ പ്ലാന്‍ ചെയ്തിരുന്ന ഭാഗവും കഴിഞ്ഞ് കുറേ കടന്നുപോയതാണ് കാരണം. പാചകത്തിനിടെ എപ്പോഴോ വെളിയിലേക്ക് നോക്കിയപ്പോഴാണ് ജിനിലിന് സംഗതി മനസ്സിലായത് എന്നുമാത്രം! റിവേഴ്സ് ചെയ്യാന്‍ പറ്റാത്തതിനാല്‍ ഒരു വലിയ യൂടേണ്‍ അടിച്ച് ഞങ്ങള്‍ തിരികെ വന്ന് നിശ്ചയിച്ചിരുന്ന ഉള്‍നാടന്‍ പാതയിലേക്ക് പ്രവേശിച്ചു.
അവിടം കടന്നു മുമ്പോട്ടുപോകുമ്പോഴാണ് കുട്ടനാടന്‍ ഗ്രാമഭംഗിനമുക്ക് ശരിക്കും മനസ്സിലാവുന്നത്. വെള്ളത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന നീളന്‍ തെങ്ങുകള്‍, ജലപ്പരപ്പിനു മുകളിലേക്ക് തങ്ങളുടെ ശിഖരങ്ങള്‍ പടര്‍ത്തി തണല്‍വിരിക്കുന്ന മാവുകള്‍, അവയ്ക്ക് ചുവട്ടില്‍ നിന്ന്, കായലോരത്തുള്ള വീടുകളിലേക്ക് കയറിപ്പോകുവാനുള്ള ചെറിയ കല്‍പ്പടവുകള്‍, പടവുകള്‍ക്കു സമീപം നിര്‍ത്തിയിട്ടിരിക്കുന്ന കൊതുമ്പുവള്ളങ്ങള്‍, വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും കുറേ നീര്‍ക്കാക്കകള്‍, അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരിക്കുന്ന വലുതും ചെറുതുമായ വള്ളങ്ങള്‍ ...... എത്രസുന്ദരമാണ് നമ്മുടെ നാടിന്റെ ഭംഗി.
കിഴക്കിന്റെ വെനീസ് എന്ന പേര് ആലപ്പുഴയ്ക്ക് നല്‍കപ്പെടുവാന്‍ ഇടയാക്കിയത് ഇവിടെയുള്ള ജലാശയങ്ങളുടെ ശൃംഖലയാണെന്ന് കഴിഞ്ഞപോസ്റ്റില്‍ പറഞ്ഞിരുന്നവല്ലോ. പ്രകൃത്യാഉള്ളകായലും കൈവഴികളും നദീമുഖങ്ങളും, നിര്‍മ്മിച്ചെടുത്തകനാലുകളും ബണ്ടുകളും എല്ലാം ചേര്‍ന്നതാണ് കുട്ടനാടന്‍ ജലാശയശൃംഖല. ഇവിടുത്ത നെല്‍കൃഷിക്കുവേണ്ടിയാണ് പ്രധാനമായും ബണ്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കായലിലെ ജലനിരപ്പിനും താഴെയാണ് നെല്‍വയലുകളുടെ തലം. നീണ്ടുപരന്നുകിടക്കുന്ന പാടശേഖരങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്ന ഒട്ടനവധി ജലാശയങ്ങളിലെ ഏതാനും ചിലഭാഗങ്ങളില്‍ കൂടെയാണ് ഇനിയുള്ള യാത്ര.
ഈ ഒരു പോസ്റ്റില്‍ ഈ യാത്രപറഞ്ഞവസാനിപ്പിക്കാം എന്നു കരുതിയിരുന്നതാണ്. പക്ഷേ ഇനിയും യാത്ര ഒരുപാട് ബാക്കി കിടക്കുന്നു! അതിനാല്‍ അവയൊക്കെ അടുത്തഭാഗത്തേക്ക് മാറ്റിവച്ചുകൊണ്ട് തല്‍കാലം നിര്‍ത്തട്ടെ.
കിഴക്കിന്റെ വെനീസില്‍ - മൂന്ന്
ഈ യാത്രാവിവരണം വായിച്ച് രോമാഞ്ചം കൊണ്ട് ഒരച്ചായന്‍ പാടിയ പാട്ടിതാ