മരിക്കുന്ന വയലുകളും കുറേ ഭക്ഷ്യ ചിന്തകളും

>> Monday, April 28, 2008

ഞാന്‍ ഏഴാംക്ലാസില്‍ എത്തുന്നതുവരെ എന്റെ അച്ഛനമ്മമാര്‍ക്ക് കൊല്ലം ജില്ലയിലെ പുനലൂര്‍ എന്ന സ്ഥലത്തായിരുന്നു ജോലി; വീട്ടില്‍നിന്ന് മുപ്പത്തഞ്ചുകിലോമീറ്ററോളം ദൂരെ. അതിനാല്‍ താമസവും അവിടെത്തന്നെയായിരുന്നു. രണ്ടുപേരും ഒരേ സ്കൂളില്‍ ടീച്ചര്‍മാര്‍. അന്നൊക്കെ ഓണം, ക്രിസ്തുമസ്, വേനല്‍‌അവധി തുടങ്ങിയ എല്ലാ അവധിക്കാലങ്ങളിലും മുടങ്ങാതെ എല്ലാവര്‍ഷവും അന്ന് ആലപ്പുഴ ജില്ലയിലായിരുന്ന കുടശ്ശനാട് എന്ന ഞങ്ങളുടെ ഗ്രാമത്തിലുള്ള പപ്പയുടെ കുടുംബവീട്ടില്‍ ഞങ്ങളെല്ലാവരുംകൂടി എത്തുമായിരുന്നു. അവധികഴിയാറാകുമ്പോഴെ പിന്നെ തിരിച്ചുപോവുകയുള്ളൂ.

വല്യപ്പച്ചന്‍ നല്ലൊരു കര്‍ഷകനായിരുന്നു, കഠിനാധ്വാനിയും. ചെറിയ ഒരു മലയുടെ വശത്തായുള്ള താഴ്വാരത്തില്‍, നല്ല വീതിയില്‍ ചെങ്കുത്തല്ലാതെ കിടക്കുന്ന രണ്ടേക്കറോളം വരുന്ന കൃഷിഭൂമി. പലതരം മാവുകളും, ആഞ്ഞിലിയും, പറങ്കിമാവുകളും, പ്ലാവുകളും അതിരിടുന്ന ആ പറമ്പില്‍ നിറയെ പലതരം കൃഷികളുണ്ടായിരുന്നു. മരച്ചീനി, കാച്ചില്‍, ചേന, കൂര്‍ക്ക എന്നു വിളിക്കുന്ന ചീമക്കിഴങ്ങ്, മധുരക്കിഴങ്ങ്, തുടങ്ങിയ പലതരം വിളകള്‍. ഈ പറമ്പ് അവസാനിക്കുന്നത് ഒരു വയലിന്റെ കരയ്ക്കായിരുന്നു. മഴക്കാലത്ത് മലവെള്ളംകുത്തിയൊഴുകി വയലിന്റെ ഒരു ഭാഗം നികന്നുണ്ടായ ഒരു ചെറിയ തറയില്‍നിറയെ ഇഞ്ചി, പയറ്, കൂര്‍ക്ക, മുളക്, പാവല്‍, പടവലം തുടങ്ങിയ കൃഷികള്‍ വേറെയും.ഇതൊക്കെയും വല്യപ്പച്ചനും, വല്യമ്മച്ചിയും കൂടിയായിരുന്നു നോക്കിനടത്തിയിരുന്നതും, അതില്‍ ജോലിചെയ്തിരുന്നതും എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ സത്യത്തില്‍ അതിശയം തോന്നുന്നു! അതുകൊണ്ടുതന്നെയാവണം അവര്‍ രണ്ടുപേരും 94 വയസ്സുവരെ പറയത്തക്ക അസുഖങ്ങളൊന്നുമില്ലാതെ ജീവനോടിരുന്നതും. ഇവിടെ ഫ്ലാറ്റിലെ ജീവിതത്തില്‍ ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്രയോ നിസ്സാര ജോലികളാണുള്ളത്. എന്നിട്ടും ഇന്ന് എന്തൊക്കെ പാടുകള്‍, അസുഖങ്ങള്‍!

പറമ്പിന്റെ വടക്കുഭാഗത്തായി ഒരു ചെറിയ വയലും, പടിഞ്ഞാറുഭാഗത്തെ അതിരിനോടുചേര്‍ന്ന് ഗ്രാമത്തിലുടനീളം പരന്നുകിടക്കുന്ന നെടുവന്‍വയല്‍ എന്ന വന്‍പാടശേഖര വുമാണുണ്ടായിരുന്നത്.

വയലിനോടു ചേര്‍ന്നായിരുന്നു ഓലമേഞ്ഞ കൊച്ചുവീട് നിന്നിരുന്നത്. ഉയര്‍ന്നതറയും, അതിന്റെ നടുക്കായി ഒരു കൊച്ചുമുറിയും, L ആകൃതിയില്‍ ഒരു തിണ്ണയും (വരാന്ത) കുനിഞ്ഞു കയറിയില്ലെങ്കില്‍ തലമുട്ടാന്‍ പാകത്തിന് ഉയരത്തിലുള്ള ചരിഞ്ഞ മേല്‍ക്കൂരയും, പത്തായം വയ്ക്കാനൊരു ചായ്പ്പും, ഈറകൊണ്ടുണ്ടാക്കിയ ചെറ്റയാല്‍ മറച്ചിരുന്ന ഒരു വരാന്തയും ഉണ്ടായിരുന്ന ഓലമേഞ്ഞ ഒരു പഴയ ഗ്രാമീണ വീട്. മുറ്റത്തൊരു കിണറും, കുറച്ചപ്പുറത്തായി ഒരു കാലിത്തൊഴുത്തും. മുറ്റത്തുനിന്ന് വരമ്പത്തേക്കിറങ്ങുന്ന ചെറിയ വഴിയുടെ ഇരുവശത്തും നന്ത്യാര്‍വട്ടവും, കോഴിവാലന്‍ ചെടിയും, ചെമ്പരുത്തിയും.


പാടത്തില്‍നിന്നു സദാ വീശിയടിക്കുന്ന കുളിര്‍കാറ്റ് കടുത്തവേനലില്‍ പോലും ഈ വീട്ടിലും പരിസരങ്ങളിലും കുളിര്‍മ്മനല്‍കിയിരുന്നു. മോഷ്ടാക്കളെയോ അതിക്രമക്കാരെയോ ഒന്നും പേടിക്കാതെ പ്രകൃതി ഒരുക്കിയ ആ സ്വച്ഛസുന്ദരമായ കലാവസ്ഥയില്‍, ചെറ്റകൊണ്ടുമാത്രം അടച്ച ആ വീടിന്റെ വരാന്തയില്‍ ഞങ്ങള്‍ സ്വസ്ഥമായി ഉറങ്ങിയിരുന്നത്, ഇപ്പോള്‍ അവധിക്ക് നാട്ടിലെത്തുമ്പോള്‍ എല്ലാ ജനലുകളും അടച്ചിട്ട വാര്‍ത്ത വീടിന്റെ ചുമരുകള്‍ക്കുള്ളില്‍കിടന്ന് വിയര്‍ത്തൊഴുകി വീര്‍പ്പുമുട്ടുമ്പോള്‍ ചിലപ്പോഴൊക്കെ ഓര്‍മ്മയിലെത്താറുണ്ട്. അതൊക്കെ ഒരു കാലം!

വേനലവധിക്കു ഞങ്ങള്‍ വരു‍മ്പോഴായിരുന്നു നല്ല രസം. പറമ്പില്‍ നിറയെ മാങ്ങകള്‍. മൂവാണ്ടന്‍‍, കര്‍പ്പൂരന്‍, കിളിച്ചുണ്ടന്‍ തുടങ്ങി നാട്ടുമാങ്ങവരെ പച്ചയ്ക്ക് പറിച്ചെടുത്ത് കല്ലിലിടിച്ചുപൊട്ടിച്ച് ഉപ്പും മുളകും കൂട്ടിയോ, അല്ലാതെയോ തിന്നാം. നീളമുള്ള ഒരു തോട്ടിയെടുത്ത് ഒരു മാവിന്‍ കൊമ്പില്‍ ഉടക്കി ഒന്നു വലിച്ചു കുലുക്കിയാല്‍ പഴുത്തമാങ്ങകളെല്ലാം ഇങ്ങുപോരും. ചക്കപ്പഴങ്ങള്‍ കൂഴയും വരിക്കയും തേര്‍വരിക്കയുമൊക്കെയായി വേറേ. ആഞ്ഞിലിച്ചക്കയും, പറങ്കിമാവിന്റെ പഴവും അധികം കഴിക്കാറില്ലെങ്കിലും വ്യത്യസ്ത രുചികളുള്ളതുതന്നെ.


പറമ്പുകള്‍ കൂടാതെ വീടിന്റെ വടക്കുവശത്തെ മൂന്നു വയലുകളും,‍ നെടുവന്‍വയലിലെ ചെറിയ മുന്നുനാലു കണ്ടങ്ങളും വല്യപ്പച്ചന് സ്വന്തമായി ഉണ്ടായിരുന്നു. വയലുകളിലൊക്കെ അന്നത്തെ കാലത്ത് ഇരുപ്പൂ കൃഷി സംബ്രദായമാണ് നിലവിലുണ്ടായിരുന്നത്. ജൂണ്‍‌മാസം മധ്യത്തോടെ വിതച്ച്, സെപ്റ്റംബര്‍ ആദ്യം കൊയ്ത്തിനു പാകത്തിലെത്തുന്ന ആദ്യപൂവും, ഒക്ടോബര്‍ മാസത്തിലെ തുലാമഴയുടെ അവസാനത്തോടെ വിതച്ച്, ജനുവരിമാസം അവസാനമാകുമ്പോഴേക്ക് കൊയ്യാന്‍ പാകത്തിലെത്തുന്ന രണ്ടാംവിളവും.

ഓണാവധിക്ക് ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്കും ഒന്നാം വിളയെടുപ്പിനുള്ള സമയമായിട്ടുണ്ടാവും. ബസ്സിറങ്ങി, രണ്ടുകിലോമീറ്ററോളം പാടവരമ്പത്തുടെ നടന്നുവേണം വീട്ടിലെത്തുവാന്‍. നെടുവന്‍വയലിലെ മുഴുവന്‍ പാടങ്ങളും വിളഞ്ഞ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള നെല്‍ക്കതിരുകളാല്‍ നിറഞ്ഞിരിക്കുകയാവും അപ്പോള്‍. കൊയ്ത്തുകാലത്തോടനുബന്ധിച്ച് വീടിനോടു ചേര്‍ന്നുള്ള പറമ്പിന്റെ ഒരു ഭാഗത്ത് “കളീത്തറ‘ ഒരുക്കിയിരിക്കും. കൊയ്തുകൊണ്ടുവരുന്ന കറ്റകള്‍ വയ്ക്കാനും, അതു മെതിക്കാനും ഉണക്കാനും ഒക്കെയായി തയ്യാറാക്കുന്ന, ചെറിയ അതിര്‍വരമ്പുകളോടുകൂടിയ ചതുരാകൃതിയിലുള്ള വിശാലമായ ഒരു നിലമാണ് കളീത്തറ.


നിരപ്പാക്കിയ നിലം ഇടികട്ടകൊണ്ട് ഇടിച്ചുറപ്പിച്ച്, അതിനുമീതേ നനുത്ത പശമണ്ണുപാകി, നിലം‌തല്ലി കൊണ്ട് അടിച്ചച്ചടിച്ച് നല്ല നിരപ്പും മിനുസവുമുള്ളതാക്കും. അതിനുശേഷം ചാണകം മെഴുകി ഉണക്കി ഈ തറ വൃത്തിയാക്കും. ഇതില്‍ നെല്ലുകൈകാര്യം ചെയ്യുമ്പോള്‍ പായവേണ്ടിവരുന്നില്ല എന്നതായിരുന്നു ഒരു സൌകര്യം. മാത്രവുമല്ല തറയില്‍നിന്ന് നെല്ല് പുറത്തേക്ക് തെറിച്ചുപോവുകയോ, പുറത്തുനിന്ന് കല്ലും മണ്ണും കൂട്ടിയിട്ട നെല്ലിലേക്ക് വീഴുകയോ ചെയ്യുകയില്ല. സിമിന്റിട്ട മുറ്റങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്ക് ഈ കളീത്തറയില്‍ ഇരിക്കാനും കളിക്കാനുമൊക്കെ ഒരു പ്രത്യേക സന്തോഷമായിരുന്നു.


കളീത്തറയില്‍ പായയും നിവര്‍ത്തിയിട്ട് രാത്രികാലങ്ങളില്‍ ഇരിക്കാനെന്തുരസമാണെന്നോ! ഒരറ്റത്ത് ഒരു മണ്ണെണ്ണ വിളക്ക് മുനിഞ്ഞുകത്തുന്നുണ്ടാവും. ഗ്രാമത്തിന്റെ നിശ്ശബ്ദത, ചീവീടുകളുടെ ശബ്ദം, കാറ്റിന്റെ ചെറിയ മര്‍മരം. ആകാശത്ത് ഒരായിരം രത്നക്കല്ലുകള്‍ വാരിവിതറിയതുപോലെ നക്ഷത്രങ്ങള്‍. അതിന്റെ അരണ്ടവെളിച്ചത്തില്‍ വീട്ടിലെല്ലാവരും ഒന്നിച്ചിരുന്ന് വര്‍ത്തമാനം പറയും, കുട്ടികള്‍ കളിക്കും. പരസ്പരം കാണുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യാനായി ടി.വിയോ മെഗാസീരിയലുകളോ, റിയാലിറ്റി ഷോകളോ അന്നില്ലല്ലോ!


നെല്‍കൃഷിയുടെ ചിട്ടവട്ടങ്ങള്‍ വലരെ നീണ്ടതെങ്കിലും കൗതുകകരമായിരുന്നു. ഏപ്രില്‍ മാസത്തിലെ നല്ല വേനലില്‍പാടങ്ങള്‍ ഉണങ്ങി ചെളിയെല്ലാം ഏറെക്കുറെ ഉറച്ചിരിക്കുന്ന സമയത്ത്‌ നിലം ആദ്യം ഒരു പ്രാവശ്യം ഉഴുതുമറിക്കും. ഈരണ്ടു കാളകളേയോ പോത്തുകളെയോ ഒരു നുകത്തിന്‍ കീഴിലാക്കി, അതില്‍ കലപ്പകെട്ടി, പാളത്തൊപ്പിയും വച്ച്‌, കൈയ്യിലൊരു വടിയും, ഇടയ്ക്കിടെയുണ്ടാക്കുന്ന "ട്രീക്ക്‌".. ശബ്ദവുമൊക്കെയായി പൂട്ടുകാര്‍ നിലമുഴുന്നതുകാണാന്‍ ഒരു ശേലുതന്നെ.


പാടത്തിന്റെ അരികില്‍നിന്നാരംഭിക്കുന്ന ഒരു ദീര്‍ഘചതുരത്തില്‍നിന്നാണ്‌ ഉഴുതുടങ്ങുക. ഓരോ വട്ടം കറങ്ങിവരുമ്പോഴും ഈ ചതുരം പാടത്തിനകത്തേക്ക്‌ ചുരുങ്ങിച്ചുരുങ്ങീ അവസാനം അതിന്റെ നടുക്കെത്തി അവസാനിക്കും. ഉഴുതുമറിയുന്ന മണ്ണില്‍നിന്ന് മീനുകളേയും, കീടങ്ങളെയും കൊത്തിപ്പെറുക്കുവാനായി കൊക്കുകള്‍ പൂട്ടുകാളകളുടെ പിന്നാലെ എപ്പോഴും ഉണ്ടാവും.


അന്നൊക്കെ കാലാവസ്ഥയുടെ താളത്തിന്‌ ഇന്നത്തേപ്പൊലെ പിശകുകള്‍ സംഭവിച്ചിട്ടില്ലാത്തതിനാല്‍ കൃത്യമായി മെയ്‌ മാസത്തില്‍ വേനല്‍ മഴ കിട്ടിയിരുന്നു. മഴ കഴിയുന്നതോടെ ഉണങ്ങിക്കിടന്ന മണ്ണിന്‌ പുതുജീവന്‍ ലഭിക്കുകയായി. തോടുകളും, പാടങ്ങളും വീണ്ടും സജീവമാകുന്നു. പാടം വീണ്ടും ഒരിക്കല്‍ക്കൂടി ഉഴുതു തയ്യാര്‍ചെയ്യും. കന്നുകളെ ഇറക്കാന്‍ പറ്റാത്തത്ര ചെളിയുള്ള പാടങ്ങളാണെങ്കില്‍ പണിക്കാര്‍ തൂമ്പകൊണ്ട്‌ കിളച്ചായിരിക്കും പാടം ഒരുക്കുക എന്ന വ്യത്യാസമേയുള്ളൂ. അതൊടൊപ്പം തന്നെ അരികിലെ വരമ്പുകള്‍ ചെളിതേച്ചുപിടിപ്പിച്ച് ബലപ്പെടുത്തുകയും ചെയ്യും.

അതിനുശേഷം നിലം നിരപ്പാക്കാനുള്ള "മരമടി" എന്ന ജോലിയാണ് ചെയ്യാനുള്ളത്. പരന്ന ഒരു പലകക്കഷണം നുകത്തില്‍ കെട്ടി അതില്‍ പൂട്ടുകാരന്‍ തന്നെയോ അല്ലെങ്കില്‍ ബാലന്‍സില്‍ അതിലിരിക്കാന്‍ പരിശീലനമുള്ള കുട്ടികളാരെങ്കിലുമോ ഇരുന്ന് അത്‌ നിരപ്പാക്കിയ ചെളിയിലൂടെ വലിച്ചുകൊണ്ടുപോയാണ്‌ നിലം നിരപ്പാക്കുന്നത്‌. കുഴഞ്ഞചെളിയിലൂടെ ഈ പലകയും വലിച്ച് അതിവേഗത്തില്‍ കാളകള്‍ കടന്നുപോകുന്ന ഭാഗം നന്നായി നിരപ്പാകും. വളങ്ങള്‍ ഇടുന്നുണ്ടെങ്കില്‍ അതും ഇതോടൊപ്പം ചെയ്യും.


ഇതിനു ദിവസങ്ങള്‍ക്കുമുമ്പുതന്നെ വിത്ത്‌ ഒരുക്കും. ഒരുവര്‍ഷത്തെ കൊയ്ത്തില്‍, ഏറ്റവും നല്ല വിളവും ആരോഗ്യവുമുള്ള നെല്ല്‌വിത്തുകളാവും ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ടാവുക. അത്‌ നല്ലവണ്ണം ഉണക്കി പത്തായത്തിന്റെ ഒരു അറയില്‍ വേറെ സൂക്ഷിച്ചുണ്ടാകും. ഒരു കീടനാശിനിയുടെയും സഹായമില്ലാതെ ഇത്തരം അറകളിലെ നെല്ല് കേടുകൂടാതെ മാസങ്ങളോളം ഇരുന്നിരുന്നു.

നെല്‍വിത്ത്‌ ഒരു വലിയ പാത്രത്തില്‍ ഒരു ദിവസം മുഴുവന്‍ വെള്ളത്തിലിട്ടുവയ്ക്കും. അതു കുതിര്‍ന്ന് വീര്‍ക്കുവാന്‍ വേണ്ടിയാണിത്‌. അതോടെ പ്രകൃതി അതിനുള്ളില്‍ ഉറക്കിയിട്ടിരുന്ന കുരുന്നു നെല്‍ച്ചെടി ഉണരും. വെള്ളം മുഴുവന്‍ വാര്‍ന്നുകളഞ്ഞിട്ട്‌ ഈ കുതിര്‍ന്ന നെല്ല്, വട്ടയിലകള്‍ നിരത്തിയ ഒരു കുട്ടയില്‍ പകര്‍ന്ന് വയ്ക്കും. കുട്ടയുടെ മുകളറ്റവും ഇലകളാല്‍ മറച്ച്‌, അതിനുമുകളില്‍ ഒരു ഭാരവും കയറ്റിവച്ച്‌ മൂന്നുദിവസം വയ്ക്കണം. ഇരുപത്തിനാലു മണിക്കൂര്‍ കൂടുമ്പോള്‍ ഇങ്ങനെ വച്ചിരിക്കുന്ന വിത്തുകളെ നനച്ചുകൊടുക്കണം. കൂമ്പാരമായി തറയില്‍കൂട്ടി, അല്‍പ്പാപ്പം വെള്ളം തളിച്ച്‌ കൈകൊണ്ട്‌ ഇളക്കിയാണ്‌ നനയ്ക്കുക. അതിനുശേഷം വീണ്ടും കുട്ടയിലേക്ക്‌. മുന്നുദിവസത്തോളം ഇതു തുടരുമ്പോഴേക്ക്‌ മുളപൊട്ടി വേര്‌ ഇറങ്ങിയിരിക്കും.

അടുത്തപടി വിതയാണ്‌. മരമടിച്ച്‌ ഒരുക്കിയിട്ടിരിക്കുന്ന പാടത്തില്‍ വിത്ത്‌ ഒരു ചെറിയ കുട്ടയിലാക്കി ഒരു കൈകൊണ്ട്‌ പിടിച്ച്‌, മറുകൈകൊണ്ട്‌ ഒരു പ്രത്യേക രീതിയില്‍ വിതക്കാരന്‍ വിത്തുകള്‍ ചുറ്റിനും വിതറിക്കൊണ്ട്‌ മുമ്പോട്ട്‌ നീങ്ങും. ചെളിയിലേക്ക്‌ വീഴുന്ന വിത്തുകള്‍, അതിനുമേലെയുള്ള നേരിയ ഒരു പാളി വെള്ളത്താല്‍ സംരക്ഷിതമായിരിക്കും. ഇതിന്റെ മറ്റൊരു വകഭേദമാണ്‌ ഞാറുപാകി കിളിപ്പിച്ച്‌, ഇരുപതിരുപത്തഞ്ചു ദിവസങ്ങള്‍ക്കുശേഷം അവ പറിച്ചെടുത്ത്‌ വയലുകളില്‍ നടുന്നത്‌. ജൂണിലെ ചാറ്റമഴയില്‍ തലവഴിയിട്ട്‌ ദേഹംമുഴുവന്‍ മൂടുന്ന ഒരു പ്ലാസ്റ്റിക്‌ ഷീറ്റുമായി വയലില്‍ നിരന്നുനിന്നു ഞാറുനടുന്ന തൊഴിലാളികള്‍ പണ്ടൊക്കെ ഒരു സാധാരണകാഴ്ചയായിരുന്നു.

ഏകദേശം മൂന്നുമാസങ്ങള്‍ കഴിയുന്നതോടെ നെല്‍ച്ചെടികള്‍ മൂപ്പെത്തും,അതോടെ കതിരുകള്‍ വരവായി. ഇളം നെന്മണികള്‍ക്കുള്ളില്‍ പാല്‍ രൂപത്തിലാണ്‌ ആദ്യം അരിമണികള്‍ ഉണ്ടാവുന്നത്‌. വെളുത്തപാല്‍ തന്നെ. അത്‌ ഊറ്റിക്കുടിക്കാനെത്തുന്ന ചാഴി എന്നൊരു കീടം വലിയ ശല്യക്കാരനായി ഈ സമയത്ത്‌ എത്തുമായിരുന്നു. നെല്‍ക്കതിരുകള്‍ അറുത്തുകൊണ്ടുപോയി തിന്നാനെത്തുന്ന പച്ചത്തത്തകളും അവയെ ഭപ്പെടുത്താന്‍ കെട്ടുന്ന കൊടികളും ഒക്കെ ആ സമയത്ത്‌ പാടങ്ങളില്‍ കാണാറാകും. കാണെക്കാണെ പാടം പച്ചഉടുപ്പൂരിമാറ്റി സ്വര്‍ണ്ണക്കമ്പളം എടുത്തണിയുന്നു. വീണ്ടും ഒരു കൊയ്ത്തുകാലം സമാഗതമാവുന്നു.


കൊയ്യാനുള്ള ദിവസമായാല്‍ കൊയ്ത്തുകാരെത്തും. നാരായണിയമ്മച്ചി എന്നു ഞങ്ങള്‍ വിളിച്ചിരുന്ന നാരായണിപ്പണിക്കത്തിക്കായിരുന്നു കൊയ്ത്തുകാരെ വിളിക്കാനുള്ള ചുമതല. അതോടൊപ്പം പിള്ളേച്ചനും ഭാര്യ സുകുമാരിച്ചേയിയും, കുഞ്ഞൂഞ്ഞൂം ഭാര്യ കൊച്ചുപെണ്ണും. ലച്ചിമി എന്ന് ഞങ്ങളെല്ലാരും വിളിക്കുന്ന ലക്ഷ്മിയും, ചക്കിക്കുറത്തി, കോതക്കുറത്തി തുടങ്ങി കൊയ്യാനുള്ള ആള്‍ക്കാരെയൊക്കെ അവര്‍തന്നെ രണ്ടുമൂന്നു ദിവസം മുമ്പേതന്നെ ഇടപാടുചെയ്തുകൊള്ളും.

ഇതുകൂടാതെ കൊയ്ത്തുനടക്കുന്ന പാടങ്ങളില്‍ ആള്‍ക്കാര്‍ വേറേയും എത്തുമായിരുന്നു, കൊയ്യാനും കച്ചിഅറുക്കാനും ഒക്കെയായിട്ട്. കൊയ്ത്തു കഴിഞ്ഞപാടങ്ങളില്‍ താറാവുകൂട്ടങ്ങളുമായി താറാവുകൃഷിക്കാരും എത്തും. താറാവുകള്‍ക്ക് നല്ല തീറ്റയാണ് ഈ പാടങ്ങളില്‍നിന്ന് ലഭിക്കുക. വരിവരിയായി മുമ്പേപോകുന്ന താറാവിന്റെ പിന്നാലെ ഒരു ജാഥാപോലെ പോകുന്ന താറാവുകൂട്ടം എന്തുകൌതുകമാണ്! ഉച്ചയായാല്‍ താറാവുകള്‍ ഒരു ഉറക്കം നിര്‍ബന്ധമാണ്. ചിറകിനടിയില്‍ തലപൂഴ്ത്തിയാണ് ഉറക്കം. ഉണര്‍ന്നുകഴിഞ്ഞാല്‍ പിന്നെയും തീറ്റതേടിപ്പോകും. വൈകുന്നേരമായാല്‍ അടുത്തുള്ള പറമ്പിലെവിടെയെങ്കിലും വട്ടത്തില്‍ ഒരു വല അടിച്ച് താറാവുകളെ അതിനുള്ളിലാക്കി കാവല്‍ക്കാരും അവിടെത്തന്നെ തങ്ങും.

പിള്ളേച്ചനായിരുന്നു പാടത്തിന്റെ ഒരറ്റത്തുനിന്ന് കൊയ്ത്ത് ആരംഭിച്ചിരുന്നത്. നെല്‍‌ച്ചെടി ചെളിനിരപ്പിനു മുകളില്‍ വച്ച് മുറിച്ച് കറ്റകളായി കെട്ടിയടുക്കണം. നാരായണിപ്പണിക്കത്തിയുടെ കൊയ്ത്തുവേഗതയോടൊപ്പമെത്താന്‍ മറ്റാര്‍ക്കും കഴിഞ്ഞിരുന്നില്ല. അപാര സ്പീഡുതന്നെ.

ഉച്ചയ്ക്ക് കപ്പ വേവേച്ചതും, ഒന്നുരണ്ടു കറികളും കൂട്ടി ഒരൂണും, നെല്ലുമെതിച്ച് കഴിയുമ്പോള്‍ ആറിന് ഒന്ന് എന്ന അളവിലുള്ള പതവും (നെല്ലുതന്നെ) - ഇങ്ങനെയായിരുന്നു കൊയ്ത്തുകാരുടെ കൂലി. പാടത്തുനിന്ന് കറ്റകള്‍ ചുമടായി വീട്ടിലെത്തിക്കാന്‍ ആണുങ്ങള്‍ ഒന്നുരണ്ടുപേരെ അന്നത്തെക്ക് ദിവസക്കൂലിക്ക് ചുമതലപ്പെടുത്തിയിട്ടുണ്ടായിരിക്കും. തലച്ചുമടായി കൊണ്ടുവരുന്ന കറ്റകള്‍ കളീത്തറയിലേക്ക് കൊണ്ടുവന്നിറക്കും. കൊയ്ത്തുകാര്‍ ഓരോരുത്തരായി വന്ന് അവരവരുടെ കറ്റകള്‍ ഓരോ കൂനകളായി അടുക്കിവയ്ക്കും.

മെതിയും, പതമൊരുക്കലും, കാറ്റില്‍ പാറ്റി പതിരുതിരിക്കലും, പതമളക്കലും എല്ലാം മുറപോലെ അതുകഴിഞ്ഞുവരുന്ന ദിവസങ്ങളില്‍ നടക്കും. ജോലികള്‍ തീര്‍ക്കാനായി രാത്രി ഏറെവൈകുന്നതുവരെയും പണിക്കാര്‍ അധ്വാനിച്ചിരുന്നു. നന്നായി പണിയെടുത്തവരുടെ നെല്ല് അളവിനായി കൂട്ടിയിടുമ്പോള്‍ “പൊലിക്കും” എന്നൊരു വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. കൂനയായി ഇടുന്ന നെല്ല് അല്‍പ്പാല്‍പ്പമായി പെരുകി അളവുകൂടുമത്രെ! അതിനുശേഷം കൂലിയായി കിട്ടിയ പതവും ചാക്കിലാക്കി സന്തോഷത്തോടെ ഒരു ചൂട്ടും കത്തിച്ച് കൂട്ടത്തോടെ അവരുടെ വീട്ടിലേക്ക് ഒരു പോക്കാണ്.







എനിക്കേറ്റവും ഇഷ്ടമുള്ള ഒരു പരിപാടിയായിരുന്നു കച്ചിയുണക്കല്‍. മെതിച്ചു കഴിഞ്ഞ കറ്റകള്‍ കെട്ടഴിച്ച് വെയിലില്‍ ഉണങ്ങാനിടും. ഒന്നുണങ്ങിക്കഴിഞ്ഞാല്‍ അതിന്റെ ഭാരംകുറയും. ചേറിന്റെ ചൂരും, വൈക്കോലിന്റെ സ്വതസിദ്ധമായ മണവും ഇപ്പോഴും മനസ്സിലുണ്ട്. സന്ധ്യയായാല്‍ നിരത്തിയിട്ടിരിക്കുന്ന വൈക്കോല്‍ കൂനകളായി കൂട്ടണം. ഒരു നീളമുള്ള കമ്പുപയോഗിച്ചാണ് ഈ കൂനകൂട്ടല്‍. അതിനിടെ അതില്‍കയറിച്ചാടി മെത്തപ്പുറത്തു തുള്ളുന്നതുപോലെ തുള്ളാന്‍ അതിലേറേ രസമായിരുന്നു, ദേഹം മുഴുവന്‍ ചൊറിയുമായിരുന്നെങ്കിലും. അപൂര്‍വ്വമായി മഴയെത്തിയാലും അകത്തെ വൈക്കോലുകള്‍ നനയാതെ ഇരുന്നുകൊള്ളും. മഴമാറി വെയില്‍ തെളിയുമ്പോള്‍ വീണ്ടും ഉണക്കും.


==================

വര്‍ഷങ്ങള്‍ കടന്നുപോയി ..................

വല്യപ്പച്ചന്റെ കാലശേഷവും പപ്പാ നെല്‍കൃഷി ഉപേക്ഷിച്ചില്ല. ഞങ്ങള്‍ക്കു സ്വന്തമായി ഒരു വീടും പറമ്പും വാങ്ങിയപ്പോഴും അത് ഈ വയലുകള്‍ക്ക് പരിസരത്തുതന്നെയായിരുന്നു. പക്ഷേ അല്പം മാറി, റോഡിനോട് ചേര്‍ന്ന്. അതിനുശേഷം കൊയ്ത്തിനും മെതിക്കും ഒക്കെ കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടായി. കാലാവസ്ഥ താളംതെറ്റാന്‍ തുടങ്ങി. പലപ്പോഴും ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ മെതിച്ചനെല്ല് മുറികള്‍ക്കുള്ളില്‍ത്തന്നെ നിരത്തി ഉണക്കേണ്ട ഗതികേടുവന്നു. അമിതമഴയില്‍ വെള്ളംതോരാതെ കിടന്ന വൈക്കോല്‍ കൂനകള്‍ എനിക്ക് ശല്യമായിതോന്നിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു - അതൊക്കെ കാണാന്‍ ഇപ്പോള്‍ ആഗ്രഹമുണ്ട് എന്നത് വേറേകാര്യം.

1991 ല്‍ ഞാന്‍ ഗള്‍ഫില്‍ എത്തിയതിനു ശേഷം ആദ്യത്തെ വെക്കേഷന്‍ ഓണത്തോടടുപ്പിച്ചായിരുന്നു. കൊയ്ത്തിനു തയ്യാറായി പാടങ്ങളും നാടും നില്‍ക്കുന്നു. ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങളൊന്നും വലിയ പിടിയില്ലാതിരുന്ന കാലം. വീട്ടിലെ പാടങ്ങളില്‍ കൊയ്ത്തുനടക്കുന്ന ദിവസം ഞാന്‍ ആദ്യമായി വാങ്ങിയ ഫിലിംക്യാമറയുമായി പാടത്തേക്കിറങ്ങി, വിളഞ്ഞ നെല്‍ക്കതിരിന്റെയും, കൊയ്ത്തിന്റെയും ഒക്കെ ദൃശ്യങ്ങള്‍ തോന്നിയതുപോലെ ക്ലിക്ക് ചെയ്ത് ഫിലിമിലാക്കി. അന്നെടുത്ത ചില ചിത്രങ്ങളെ സ്കാന്‍ ചെയ്തെടുത്താണ് ഈ പോസ്റ്റിനോടൊപ്പമുള്ള ചിത്രങ്ങള്‍. ഗുണനിലവാരം വളരെ കുറവെങ്കിലും ഒരു ഓര്‍മ്മയ്ക്കായി അവ ഇവിടെ കിടക്കട്ടെ.

അന്ന് എന്റെ പപ്പ പറഞ്ഞ ഒരു വാചകം ഓര്‍ക്കുന്നു “ഫോട്ടോയൊക്കെ എടുത്തുവച്ചോ, ഇനി ഏറെനാള്‍ കഴിയുന്നതിനു മുമ്പുതന്നെ ഇതൊക്കെ ഇല്ലാതാവും. അപ്പോള്‍ ഫോട്ടോയെങ്കിലും കാണാം“ എന്ന്.

വര്‍ഷങ്ങള്‍ അധികമൊന്നും വേണ്ടിവന്നില്ല ആ പറച്ചില്‍ സത്യമായിവരാന്‍ എന്ന് ഇന്ന് തിരിച്ചറിയുന്നു. അന്നത്തെ പണിക്കാരൊക്കെ പ്രായമായി, കൊയ്യാനും മെതിക്കാനും ആളില്ലാതായി. അവരുടെ പുതുതലമുറയിലെ യുവാക്കളും യുവതികളും മറ്റു തൊഴിലുകള്‍ തേടിപ്പോയി. ഒപ്പം കൃഷിക്കാരുടെ എണ്ണവും കുറഞ്ഞു. നെല്‍കൃഷി ആദായകരമല്ലാതായി. പണിക്ക് ആളെയും കിട്ടാതായപ്പോഴേക്കും, സ്വന്തം പാടത്തിലുണ്ടായ ചെമ്പാവരിച്ചോറ് മാത്രം തിന്നിരുന്നവരും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വെള്ളയരിച്ചോറിലേക്ക് മാറി. ഇന്ന് നെടുവന്‍വയലിന്റെ ഭൂരിഭാഗവും‍ തരിശായി കിടക്കുന്നു! കുറേ വയലുകള്‍ പാത്തിവെട്ടിക്കോരി വാഴകൃഷിക്കും, വെറ്റകൃഷിയ്ക്കും മറ്റുമായി ഉപയോഗിക്കുന്നു. നെല്‍കൃഷി കാണാനേയില്ല. ഞങ്ങളുടെ വയലുകളിലും സ്ഥിതി മറിച്ചല്ല.


കേരളത്തില്‍ ഇപ്പോള്‍ പിടിമുറുക്കിയിരിക്കുന്ന അരിക്ഷാമം കാണുമ്പോള്‍, അരിക്കായി നേതാക്കള്‍ ഡെല്‍ഹിയ്ക്ക് നെട്ടോട്ടമോടുമ്പോള്‍, മനസ്സില്‍ ഉയര്‍ന്നുവരുന്ന ഒരു ചിന്തയുണ്ട്. കേരളം ഇനി ഒരിക്കല്‍കൂടി പഴയ കൃഷിരീതികളിലേക്ക് തിരികെപ്പോകുമോ? നിലവിലുള്ള സ്ഥിതിയില്‍ അതിനുള്ള സാധ്യത വളരെകുറവാണ് എന്ന് തോന്നുന്നു. ഇവിടെ നെല്ല് വിളയിക്കാന്‍ വയലേലകള്‍ ഇല്ലാഞ്ഞിട്ടല്ലല്ലോ നമുക്ക് ഭക്ഷണക്ഷാമം അനുഭവപ്പെടുന്നത്. ആലപ്പുഴയിലെ പാടശേഖരങ്ങളില്‍ കൊയ്ത്ത് യന്ത്രങ്ങള്‍ക്കെതിരേ ചിലര്‍ സമരം ചെയ്യുന്നു എന്ന വാര്‍ത്തകേട്ടപ്പോള്‍ സത്യത്തില്‍ സങ്കടംതോന്നി. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി കാട്ടിക്കൂട്ടുന്ന ഇത്തരം കാര്യങ്ങള്‍ സ്വന്തമായി കൃഷിതുടരുന്നവരെക്കൂടി മടുപ്പിക്കാനേ ഉതകൂ എന്ന് ഇവര്‍ തിരിച്ചറിയുന്നില്ലല്ലോ, ഉപദേശിക്കേണ്ട നേതൃത്വങ്ങള്‍ ഒന്നും ഉരിയാടുന്നുമില്ല.


കേരളത്തിനും ഇന്ത്യയ്ക്കും മറ്റൊരു കാര്‍ഷികവിപ്ലവം അത്യാവശ്യമാണെന്നു തോന്നുന്നു. ഗര്‍വര്‍മെന്റെ തലത്തില്‍ത്തന്നെ ഇതിനായി പദ്ധതികള്‍ രൂപീകരിച്ച് മരിച്ച നെല്‍പ്പാടങ്ങളെ പുനരുജ്ജീവിപ്പിക്കേണ്ട കാലം അതിക്രമിച്ചു എന്നതിന് സംശയമേതുമില്ല. കര്‍ഷകര്‍ മാത്രം വിചാരിച്ചാല്‍ ഇതിനൊരു പരിഹാരമാവില്ല, പാടങ്ങളില്‍, കൃഷിയിടങ്ങളില്‍ പണിക്കാരും ആധുനിക ഉപകരണങ്ങളും വരേണ്ടിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മറ്റുപലകാര്യങ്ങളിലുമെന്നപോലെ വൈകി ബുദ്ധിയുദിക്കുമ്പോഴേക്കും ഇവിടുത്തെ പാടങ്ങള്‍വല്ലതും ബാക്കികാണുമോ? പൈസ എത്രകൊടുത്താലും അരികിട്ടാനില്ല എന്നൊരു അവസ്ഥ കേരളത്തില്‍ ഉണ്ടാവുമോ? ഉണ്ടാവാതിരിക്കട്ടെ!


കഴിഞ്ഞ അവധിക്കാലത്ത് പാലക്കാട്ടെ പാടശേഖരങ്ങളിലൂടെ നെല്‍കൃഷിയുടെ ഫോട്ടോകള്‍ ക്യാമറയിലാ‍ക്കി നടക്കുമ്പോള്‍ അവിടെ പണിചെയ്തിരുന്ന സ്ത്രീകള്‍ പറഞ്ഞ ഒരുവാചകം മനസ്സില്‍ മായാതെ കിടക്കുന്നു. “ഞങ്ങള്‍ടെയൊക്കെ കാലശേഷം ഇവിടെ ഇതൊന്നും ഉണ്ടാവില്ല കുഞ്ഞേ, ഇപ്പോ ഈ പ്പണിക്കാളില്ല ” എന്ന്. അവരുടെ വാക്കുകള്‍ സത്യമാവാതിരിക്കട്ടെ എന്നു പ്രത്യാശിക്കാം.


================

എന്റെ സ്വപ്നം ...

ഒരുനാള്‍ നാട്ടില്‍ താമസമാവുമ്പോള്‍, എന്റെ സ്വന്തം വയലില്‍ കൃഷിയിറക്കി അതിലുണ്ടായ നെല്ല് പുഴുങ്ങിക്കുത്തി ആ അരികൊണ്ടുണ്ടാക്കിയ ഒരു ഊണ് കഴിക്കണം. സാധിക്കുമോ ? സാധിക്കും, പരിശ്രമിച്ചാല്‍ .....

Read more...

ഞങ്ങടെ ഉണ്ണി, മനുക്കുട്ടന്റെ ചേച്ചി

>> Thursday, April 10, 2008

ഇന്ന് ഉണ്ണിമോള്‍ക്ക് ഒന്‍പതുവയസ് തികയുന്നു.


1999 ഏപ്രില്‍ 10 നായിരുന്നു ഉണ്ണി വന്നത്, ഞങ്ങളുടെ വീട്ടിലെ പുതിയ അംഗമായി.
കൊള്ളിയാനും, ഇടിയും, കാറ്റും, തിമിര്‍ത്തുപെയ്ത വേനല്‍ മഴയും ഉണ്ടായിരുന്ന മറ്റൊരു ഏപ്രില്‍ പത്തിന്. മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ള അന്തരിച്ച ദിവസം.


ഞങ്ങള്‍ മൂന്നാണ്‍മക്കളായിരുന്നു എന്റെ മാതാപിതാക്കള്‍ക്ക്. വീട്ടിലേക്കൊരു ചെറുമകളെത്തിയപ്പോള്‍ എന്തൊരാനന്ദമായിരുന്നു അവര്‍ക്ക്! ആദ്യത്തെ കുഞ്ഞുങ്ങള്‍ എല്ലാമാതാപിതാക്കളുടെയും പ്രത്യേക പ്രതീക്ഷയാണല്ലോ? അതുപോലെയായിരുന്നു ഞങ്ങള്‍ക്കും ഉണ്ണിയുടെ കാര്യത്തില്‍. കൈവളരുന്നോ, കാല്‍‌വളരുന്നോ, പിച്ചവയ്ക്കുന്നൊ..എന്തൊക്കെ ആധികള്‍! അവരുടെ വളര്‍ച്ചയുടെ ഓരോ പടവുകളും എന്നും ഓര്‍ത്തുവയ്ക്കാനാവുന്ന മായാത്ത ചിത്രങ്ങളും.


ആദ്യത്തെ പ്രസവം ഒരു സുഖപ്രസവമാവും എന്നു പ്രതീക്ഷിച്ചിരുന്ന ഞങ്ങളുടെ പ്രതിക്ഷകളൊക്കെ ആകെത്തെറ്റിച്ചായിരുന്നു ഒരു സിസേറിയനിലൂടെ അവളെ പുറത്തെടുത്തത്. അമ്മയ്ക്ക് അത് ഒരുപാടു വേദനകള്‍ നല്‍കിയെങ്കിലും, ആപത്തൊന്നുമില്ലാതെ കുഞ്ഞ് എത്തി. വട്ടമുഖവും, ഉരുണ്ടതലയും, നല്ല മുടിയും, ആകാംഷയുള്ളകണ്ണുകളുമായി ഒരു കുഞ്ഞ്. അന്നുതൊട്ടിന്നുവരെ നിറങ്ങളും പ്രകാശവും ശ്രദ്ധയും എപ്പോഴും അവള്‍ ആഗ്രഹിച്ചു.

ഉണ്ണിമോള്‍ കുഞ്ഞായിരിക്കുമ്പോഴേയുള്ള ഒരു സ്വഭാവം എനിക്ക് ഏറ്റവും കൌതുകകരമായി തോന്നിയിട്ടുണ്ട്. ഒരു കടയില്‍ അവള്‍ക്കു ഇഷ്ടപ്പെട്ട എന്തെങ്കിലും ഒരു സാധനം കണ്ടുവെന്നിരിക്കട്ടെ. അപ്പോള്‍ അവള്‍ രഹസ്യമായി എന്റെ ചെവിയില്‍ ചോദിക്കും “അപ്പാ, അപ്പേടെ പോക്കറ്റില്‍ എത്ര പൈസയുണ്ട്? ഞാനിത് എടുത്തോട്ടേ? അതുംകൂടെ വാങ്ങാനുള്ള പൈസ ഉണ്ടോ“ എന്ന്! മൂത്തകുട്ടിയായതിനാല്‍ സ്വാഭാവികമായുണ്ടാകുന്ന ഒരു കരുതലാവാം അത്. എന്നാല്‍ മനുക്കുട്ടനോ..... :-) ഞാനൊന്നും എഴുതുന്നില്ല!

















ഒരുവയസുകാരി





















രണ്ടുവയസ്സുകാരി



















മൂന്നുവയസ്സുകാരി


ദമാമിലെ ഞങ്ങളുടെ ഫ്ലാറ്റിന്റെ വിശാലമായ മുറികളില്‍ അവള്‍ ഓടിക്കളിച്ചു വളര്‍ന്നു. അവള്‍ക്ക് അഞ്ചുവയസാ‍യപ്പോഴേക്കും മനുക്കുട്ടനെത്തി. കഴിഞ്ഞയാഴ്ച്ച സ്കൂള്‍ തുറന്നപ്പോള്‍ അവള്‍ക്കെന്തു സന്തോഷമായിരുന്നെന്നോ, മനുക്കുട്ടനും എല്‍.കെ.ജിയിലേക്ക് പോകാന്‍ തുടങ്ങിയിരിക്കുന്നു, അവളോടൊപ്പം ഒരേ ബസില്‍ ഒരേ സ്കൂളില്‍.
















ചേച്ചിയും കുഞ്ഞനിയനും


















പുറകിലേക്കു നോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു, ഒന്‍പതുവര്‍ഷങ്ങള്‍ എത്രപെട്ടന്ന് കടന്നുപോയി! നമ്മള്‍ നോക്കിയിരിക്കെ കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാകുന്നു, പറക്കമുറ്റുന്നു..ശേഷം...!

ഇതൊക്കെത്തന്നെയല്ലേ ഈ മനുഷ്യ ജന്മത്തിലെ ഓരോ വേഷങ്ങള്‍. ബാല്യകാലം, യൌവ്വനം, കുടുംബം, കുട്ടികള്‍, അവരുടെ വിദ്യാഭ്യാസം, അവരുടെ വളര്‍ച്ചയുടെ പടവുകള്‍, അതിനുശേഷം അവര്‍ സ്വയം പറക്കാറാവുന്നു. ഈ അവസരത്തില്‍ ഞങ്ങളും തിരിച്ചറിയുന്നു നമ്മുടെ മാതാപിതാക്കളുടെ വികാരവിചാരങ്ങള്‍. നമ്മളെത്രവളര്‍ന്നാലും നമ്മളെന്നും അവര്‍ക്ക് കുഞ്ഞുങ്ങള്‍തന്നെയല്ലേ.



ബ്ലോഗിലെ നമ്മുടെ പ്രിയകവയത്രി ചന്ദ്രകാന്തം ഉണ്ണിമോള്‍ക്കായി ഇന്ന് എഴുതിയ വരികളില്‍ പറയുംപോലെ

പുലരിയ്ക്കു കുങ്കുമം തൊട്ടപോലെ, കുഞ്ഞു-
മലരിന്റെ മകരന്ദമെന്നപോലെ..
ശംഖുപുഷ്പത്തിന്റെ മിഴികളില്‍ വിടരുന്ന
ശാന്തമാമാകാശ നീല പോലെ..
അന്തിമാനത്തിന്റെ മുറ്റത്തു കത്തിച്ച
നിലവിളക്കിന്‍ ദിവ്യ ശോഭ പോലെ..
നന്മയില്‍ വേരൂന്നി വളരുവാന്‍,കരുണതന്‍-
ദീപനാളങ്ങള്‍ തെളിയ്ക്കുവാന്‍, ജീവിത-
വീഥിയില്‍ വിജയത്തിലെത്തുവാനാകട്ടെ,
കനിയട്ടെയീശ്വരന്‍ നിന്നിലെന്നും..



ഉണ്ണീമോളുടെ ഈ ഒന്‍പതാം പിറന്നാള്‍ദിവസം അവള്‍ക്ക് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു.


ഉണ്ണിമോള്‍ക്ക് സ്നേഹപൂര്‍വ്വം
അപ്പ, അമ്മ, മനുക്കുട്ടന്‍

Read more...

ഏപ്രില്‍ ഒന്നിലെ പിറന്നാളുകാരന്‍

>> Tuesday, April 1, 2008

ഏപ്രില്‍ 1, 2004.

സൗദി അറേബ്യയിലെ ദമാമില്‍ ജോലിയും താമസവും തുടങ്ങിയിട്ട്‌ പന്ത്രണ്ടാം വര്‍ഷം നടക്കുന്നു. ബാച്ചിയായി താമസിക്കുന്ന കാലത്ത്‌ ഏപ്രില്‍ ഫൂളിന്റെ അന്ന് എന്തെങ്കിലുമൊക്കെ പണികള്‍ സഹമുറിയന്മാര്‍ ഒപ്പിക്കുകയും, പലപ്പോഴും അതിലൊക്കെ പെട്ടുപോവുകയും ചെയ്തിട്ടുണ്ടെങ്കിലും, കല്യാണം കഴിഞ്ഞ്‌ കുടുംബമായി താമസം തുടങ്ങിയതിനു ശേഷം ഇത്തരം ഫൂളാവലുകളോ ഫൂളാക്കലുകളോ ഇല്ലാത്ത ആറാം വര്‍ഷം.

രാവിലെ ഏഴുമണിക്ക്‌ ഓഫീസിലെത്തിയതാണ്‌. ഒന്‍പതുമണിയോളമായപ്പോള്‍ ദീപയുടെ (ഭാര്യ) ഫോണ്‍ വന്നു, നടുവിന്‌ ഒരു വേദനയും എന്തൊക്കെയോ അസ്വസ്തതകളും തുടങ്ങിയിരിക്കുന്നു എന്നതായിരുന്നു സംഭാഷണത്തിന്റെ ചുരുക്കം. എനിക്ക്‌ ഒരല്‍പ്പം ആധി തോന്നി. വെറുതെയല്ല, വിളിച്ചയാള്‍ ഒന്‍പതുമാസം ഗര്‍ഭിണി. രണ്ടാമത്തെ കുട്ടി. ഏപ്രില്‍ അഞ്ചിനാണ്‌ ഡേറ്റ്‌ പറഞ്ഞിരിക്കുന്നത്‌. അല്‍പം നേരത്തേയായിക്കൂടാ എന്നില്ലല്ലോ. സ്വന്തമായി കാര്‍ ഇല്ലാത്തകാലം, കൂടെ ജോലിചെയ്യുന്ന ഒരാളെക്കൂട്ടി ഉടന്‍ വീട്ടിലെത്തി. സംഭവം സത്യം തന്നെ.

******************

ഉണ്ണിമോള്‍ ജനിച്ചത്‌ നാട്ടില്‍വച്ചായിരുന്നു. അന്ന് എട്ടുമാസമായപ്പോഴേ സൗദിയില്‍ ഞങ്ങള്‍ കണ്ടുകൊണ്ടിരുന്ന ഗൈനക്കോളജിസ്റ്റ്‌ ഡോ. ശാന്തിയുടെ "എല്ലാം നോര്‍മല്‍" എന്ന റിപ്പോര്‍ട്ടുമായി ഞങ്ങള്‍ നാട്ടില്‍ പോയി. അവിടെയെത്തി ഡോക്ടര്‍മാരെ കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ "ഫ്ലൂയിഡില്ല..അതില്ല...ഇതില്ല"എന്നൊക്കെയുള്ള പല്ലവികളും സെക്കന്റ്‌ ഒപ്പീനിയന്‍ നോക്കുമ്പോള്‍ എല്ലാം ഓകെ യെന്നും കേട്ട്‌ ആകെ കണ്‍ഫൂഷനായിരിക്കുന്നതിന്റെ അവസാനം ഒരു സിസേറിയനില്‍ത്തന്നെ സംഗതികള്‍ വന്നവസാനിച്ചു. ഓപ്പറേഷനെതുടര്‍ന്ന് ഒരാഴ്ചയോളം ഉള്ള കഠിന വേദനകളും, യാതനകളും, ചാക്കുതുന്നിക്കെട്ടും പോലെയുള്ള നാട്ടിലെ തുന്നിക്കെട്ടും ഒക്കെ ചേര്‍ത്തുവച്ചു നോക്കിയപ്പോഴെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു ഇനി അടുത്ത ഒരു കുട്ടിയുണ്ടായാല്‍, എന്തു വന്നാലും പ്രസവത്തിനായി നാട്ടില്‍ പോവുകയില്ല എന്ന്.

സൗദി അറേബ്യയില്‍ ധാരാളം നല്ല വേള്‍ഡ്‌ ക്ലാസ്‌ ആശുപത്രികള്‍ ഉള്ളപ്പോള്‍ എന്തിനു ഭയപ്പെടണം? അതായിരുന്നു ഞങ്ങളുടെ ചിന്ത. “മറ്റു ഗള്‍ഫ്‌ രാജ്യങ്ങള്‍ പോലെയല്ല സൗദി, പാര്‍ട്ട്‌ ടെം ജോലിക്കാരെയൊന്നും കിട്ടുകയില്ല, നാട്ടില്‍ നിന്ന് ആരെയെങ്കിലും ഒരു സഹായത്തിന്‌ തല്‍ക്കാലം കൊണ്ടുവരാനാണെങ്കിലും വിസിറ്റ്‌ വിസ കിട്ടുകയില്ല, ഒരു എമര്‍ജന്‍സി എന്തെങ്കിലും വന്നാല്‍ എന്തു ചെയ്യും, രണ്ടാമത്തേതും സിസേറിയനാവുമ്പോള്‍ കുഞ്ഞിനേയും അമ്മയേയും നീ തനിയേ നോക്കാനൊക്കുമോ“ എന്നൊക്കെയുള്ള നൂറുകൂട്ടം ചോദ്യങ്ങളും ആവലാധികളും വീട്ടില്‍നിന്നും അമ്മയും പപ്പയും ഉന്നയിച്ചെങ്കിലും ഞങ്ങള്‍ പോവുന്നില്ല എന്ന തീരുമാനത്തില്‍ത്തന്നെ ഉറച്ചുനിന്നു. ഫാമിലി കൂട്ടുകാര്‍ അനവധിയുണ്ട്ങ്കിലും അവരാരും ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ സൌദിയില്‍ നിന്നിട്ടുമില്ല. ഗള്‍ഫിലെ ഒരു ആശുപത്രിയിലാവുമ്പോള്‍ എല്ലാക്കാര്യങ്ങളും ആശുപത്രി സ്റ്റാഫ് തന്നെ നോക്കിക്കൊള്ളും, നാട്ടിലെമാതിരി സംശയങ്ങള്‍ക്കോ ആധികള്‍ക്കോ ആവശ്യവുമില്ല എന്നായിരുന്നു ചിന്ത. മാത്രവുമല്ല, വീണ്ടും ഒരു സിസേറിയന്‍ തന്നെ വേണ്ടിവന്നാലും, ഇവിടുത്തെ രീതികള്‍ വ്യത്യസ്തമായതിനാല്‍ അത്രയും കുറച്ച്‌ അനുഭവിച്ചാല്‍ മതിയല്ലോ എന്ന സമാധാനവും. അങ്ങനെയാണ്‌ ഈ രണ്ടാം പ്രസവം ദമാമില്‍ത്തന്നെ ആയത്‌.

നില്‍ക്കാന്‍ തീരുമാനിച്ചുറച്ചിരുന്ന സ്ഥിതിക്ക്, വരാമാകുന്ന എല്ലാ സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും നേരിടുവാന്‍ മാനസികമായി ഞങ്ങള്‍ തയാറെടുത്തിരുന്നു. ദൈവകൃപയില്‍ ഉറച്ചുവിശ്വസിച്ചുകൊണ്ട് ധൈര്യമാ‍യിത്തന്നെ അവിടെ നിന്ന സന്ദര്‍ഭം.

****************

ദമാംമിലെ പ്രശസ്തമായ ആസ്റ്റൂണ്‍ ഹോസ്പിറ്റലിലായിരുന്നു ഞങ്ങള്‍ കണ്‍സള്‍ട്ടേഷന്‌ പൊയ്ക്കൊണ്ടിരുന്നത്‌. ഡോ.സന എന്ന ഇറാക്കി ഡോക്ടര്‍. വളരെ സീനിയറായ അവര്‍ ഒരു അമ്മയുടെ സ്നേഹവാത്സല്യങ്ങളോടെ തന്റെയടുക്കല്‍ വരുന്ന ഗര്‍ഭിണികളെ (രോഗികള്‍ അല്ല, ഗര്‍ഭിണികള്‍ എന്നുതന്നെ പറയാനാണ് എനിക്കിഷ്ടം) സമീപിക്കുന്ന ഒരു വനിതയായിരുന്നു. ഗള്‍ഫ്‌ രാജ്യങ്ങളിലെ (എനിക്കു തോന്നുന്നു നാട്ടിലെ ചില ഹോസ്പിറ്റലുകളില്‍ ഒഴികെ എല്ലായിടത്തും) ഡോക്ടര്‍മാര്‍ പൊതുവെ രോഗികളുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും അവരോട്‌ ചര്‍ച്ചചെയ്യുകയും മനസ്സിലാക്കി കൊടുക്കാറുമുണ്ടല്ലോ. ഈ ഡോക്ടറും അങ്ങനെതന്നെയായിരുന്നു.

*****************

ഞങ്ങള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി, ഡോക്ടറെ കണ്ടു. ദീപയെ ഡോക്ടര്‍ പരിശോധിച്ചു. ലേബര്‍ റൂമിലേക്ക്‌ കൊണ്ടുപോയി വയറ്റില്‍ ബല്‍റ്റുപോലെയൊരു സാധനം ഘടിപ്പിച്ച്‌ ഒരു മെഷീനില്‍ അല്‍പ്പസമയം നിരീക്ഷണത്തിനു വിധേയയാക്കി. എന്നിട്ടുപറഞ്ഞു, പ്രസവവേദനയുടെ ആരംഭം തന്നെയാണ്‌, ഇപ്പോള്‍ വീട്ടില്‍ പോയിട്ട്‌ വൈകിട്ട്‌ അഞ്ചുമണിയോടെ എത്തിയാല്‍ മതി എന്നു പറഞ്ഞു. അത്യാവശ്യ സാധനങ്ങള്‍ വച്ച ബാഗും ഒക്കെയായാണ്‌ ഞങ്ങള്‍ വന്നിരിക്കുന്നത്‌! നാട്ടിലെ രണ്ടുമൂന്നു ദിവസം മുമ്പേയുള്ള അഡ്മിറ്റാവലിന്റെ ഓര്‍മ്മകാരണം. ഇപ്പോഴിതാ തിരികെ വീട്ടില്‍ വിട്ടിരിക്കുന്നു.

വീണ്ടും വീട്ടിലെത്തി, സൗദി അറേബ്യയില്‍ സ്ത്രീകള്‍ ജോലിക്കു പോകുന്നതു - പ്രത്യേകിച്ച്‌ ഫാമിലി വിസയില്‍ വന്നിരിക്കുന്നവര്‍ - വളരെ കുറവായതിനാല്‍ ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ ധാരാളം മലയാളി / തമിഴ്‌ കുടുംബങ്ങള്‍ ഉണ്ടായിരുന്നു - പത്തുപതിനഞ്ചു ഫാമിലികള്‍. എല്ലാവരും ഏകദേശം ഒരേ ഏജ്‌ ഗ്രൂപ്പില്‍ പെട്ടവര്‍. അതിനാല്‍ ദീപയ്ക്ക്‌ സുഹൃത്തുക്കള്‍ ധാരാളം ഉണ്ടായിരുന്നു. സെയ്ഫു, മീന, ഉമ, സ്വാതി എന്നിവര്‍ ഞങ്ങളുടെ അതേ ഫ്ലോറില്‍ താമസിക്കുന്നവര്‍. അവരൊക്കെയെത്തി. തമാശകളും വര്‍ത്തമാനവും ഒക്കെയായി പ്രസവവേദന പുരോഗമിച്ചുകൊണ്ടേയിരുന്നു.

നാലുമണിയാളമായപ്പോഴേക്കും ഞങ്ങള്‍ വീണ്ടും ആശുപത്രിയിലേക്ക്‌ പോയി. അപ്പോഴേക്കും ദീപയ്ക്ക്‌ വേദന അസഹ്യമാവുന്നുണ്ടെന്ന് മുഖഭാവങ്ങളില്‍ നിന്നും എനിക്കു മനസ്സിലായി. മാത്രവുമല്ല, ഓരോ വേദനകള്‍ വരുമ്പോഴും എന്റെ കൈയ്യില്‍ പിടിച്ച്‌ ഞെരിക്കുന്നതിനാല്‍ എന്റെ കൈയ്യിലെ മോതിരം വളഞ്ഞുപോയതും ഞാന്‍ ശ്രദ്ധിച്ചു. അഡ്മിറ്റ്‌ ചെയ്തു. ഡോ.സന എത്തി, പരിശോധിച്ചു. അരമണിക്കൂറോളം കഴിഞ്ഞ ഡോക്ടര്‍ എന്നെ വിളിച്ചു പറഞ്ഞു, ഇനി കാത്തിരുന്നിട്ട് കാര്യമില്ല, നോര്‍മല്‍ ഡെലിവറി നടക്കില്ല, പ്രതീക്ഷിച്ചതുപോലെ സിസേറിയന്‍ തന്നെ വേണ്ടിവരും എന്ന്. ഒന്നും വിഷമിക്കേണ്ട എന്നും തിയേറ്ററിന്റെ മുമ്പിലുള്ള റിസപ്ഷനില്‍ ഇരുന്നോളൂ എന്നും എന്റെ തോളില്‍ തട്ടിക്കൊണ്ട്‌ അവര്‍ പറഞ്ഞു.

നാട്ടിലുള്ള അമ്മ ആധിപിടിക്കാതിരിക്കാനായി, വേദനതുടണ്ടിയ വിവരമൊന്നും ആരോടും അതുവരെ ഞാന്‍ പറഞ്ഞിരുന്നില്ല. ഓപറേഷന്‍ തിയേറ്ററിന്റെ മുമ്പിലെ വിശാലമായ, ഒരു സ്റ്റാര്‍ ഹോട്ടലിന്റെ ലോബിയോട്‌ ഉപമിക്കാവുന്ന ഹാളില്‍ ഞാന്‍ ഒരു സോഫയില്‍ ഇരുന്നു. ആശുപത്രിയുടെ മണമോ, ഭാവമോ, തിരക്കോ ഇല്ലാത്ത അവിടെ മൃദുലവും, ശാന്തവുമായ ഒരു സംഗീതം സ്പീക്കറുകളില്‍ക്കൂടി ഒഴുകുന്നുണ്ടായിരുന്നു. അപ്പോഴേക്കും സെയ്ഫുവും, ഭര്‍ത്താവ്‌ റഷീദും എത്തി. അവരും എന്നോടൊപ്പം അവിടെ ഇരുന്നു. ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടീരിക്കുമ്പോള്‍, നാട്ടിലെ ഒരു ലേബര്‍ റൂമിന്റെ മുമ്പിലെ തിക്കും തിരക്കും ടെന്‍ഷനുകളും ഞാന്‍ ഓര്‍ക്കുകയായിരുന്നു. ഇവിടെ എല്ലാം ശാന്തം...വെള്ളത്തുണിയുമായി കുഞ്ഞിനെ ഏറ്റുവാങ്ങേണ്ട, രക്തം നല്‍കാനായി ആളെ റെഡിയാക്കി നിര്‍ത്തേണ്ട, റുമിലെത്തിയാല്‍ രോഗിയെ നമ്മള്‍ തന്നെ കട്ടിലിലാക്കേണ്ട, കഞ്ഞിയും പപ്പടവും അച്ച്ചാറും വീട്ടില്‍ നിന്നും കൊണ്ടുപോകേണ്ട.

അല്‍പസമയം കഴിഞ്ഞപ്പോള്‍ രണ്ടു നേഴ്സുമാര്‍ ഒരു കുഞ്ഞിനെ ബേബി സ്ട്രോളറീല്‍ കിടത്തിക്കൊണ്ട്‌ ഞങ്ങളുടെ മുമ്പില്‍ക്കൂടെ കടന്നുപോയി. ആകാംഷകൊണ്ട്‌ ഞങ്ങള്‍ ചോദിച്ചു, "സിസ്റ്റര്‍ ഇതാരുടെ കുഞ്ഞാണ്‌?" "ദീപയുടെ കുട്ടി" അവര്‍ മറുപടിപറഞ്ഞു... എനിക്കു സമാധാമായി. പ്രസവം കഴിഞ്ഞിരിക്കുന്നു. കുട്ടി സുഖമായിരിക്കുന്നു. ഞാനാണ്‌ അവന്റെ അച്ഛന്‍ എന്നു പറഞ്ഞപ്പാള്‍ അവര്‍ കുട്ടിയെകാട്ടിത്തന്നു, അഭിനന്ദനങ്ങളും പറഞ്ഞു. ദീപയെവിടെ എന്നന്വേഷിച്ചപ്പോള്‍, കുഴപ്പങ്ങളൊന്നുമില്ല, ഇപ്പോള്‍ തന്നെ റിക്കവറി റൂമിലേക്ക് കൊണ്ടുവരുമെന്നും അവര്‍ അറിയിച്ചു. ആശുപത്രിയിലെ സ്പീക്കറുകളില്‍ക്കൂടി അപ്പോള്‍ മഗ്രിബ്‌ നമസ്കാരം അറിയിക്കുന്ന ബാങ്ക്‌ വിളി സുന്ദരമായ ഒരു ശബ്ദത്തിലും ഈണത്തിലും മുഴങ്ങുന്നുണ്ടായിരുന്നു.




കുട്ടിയെ ബേബികളെ സൂക്ഷിക്കുന്ന നേഴ്സറിയിലേക്ക്‌ കൊണ്ടുപോയി. കൈയ്യില്‍ "ദീപയുടെ ബേബി" എന്നെഴുതിയ ഒരു ലേബലുമായി. അവിടത്തെ ഇളം ചൂടില്‍, പ്രത്യേകം പ്ര്യത്യേകം സ്ട്രോളറുകളില്‍ വെള്ളത്തുണികളീല്‍ പൊതിഞ്ഞുകെട്ടി സുഖമായി ഉറങ്ങുന്ന അനേകം കുഞ്ഞുങ്ങളില്‍ ഒരുവനായി ഞങ്ങളുടെ മനുക്കുട്ടന്‍! ഇവിടങ്ങളില്‍ നവജാത ശിശുക്കളെ കുട്ടികളുടെ നേഴ്സറിയിലാണ് സൂക്ഷിക്കുന്നത്, അമ്മയോടൊപ്പം റൂമിലല്ല. നമുക്ക് കാണണം എന്നുണ്ടെങ്കില്‍ ഫോണിലൂടെ ഒന്നറീയിച്ചാല്‍ അല്പസമയത്തേക്ക് അവര്‍ കുഞ്ഞിനെ റൂമിലേക്ക് എത്തിക്കും.

എല്ലാ സൗകര്യങ്ങളോടും കൂടിയ ആ ആശുപത്രിയില്‍ അഞ്ചുദിവസം മനുക്കുട്ടനും ദീപയും താമസിച്ചു. ആ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക്‌ മനസ്സിലായ ഒരു കാര്യമുണ്ട്‌, ഫിലിപ്പിനോ നേഴ്സുമാരുടെ സേവന സന്നദ്ധതയും, ജോലിയിലുള്ള അവരുടെ സമീപനവും. അത് എടുത്തുപറയേണ്ടതുതന്നെ. നമ്മുടെ നേഴ്സിംഗ്‌ കുട്ടികള്‍ - ആണായാലും പെണ്ണായാലും - ഇവരില്‍നിന്നും ജോലി സംബന്ധമായ നല്ലകാര്യങ്ങള്‍ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.

*****************


വീണ്ടും ഒരു ഏപ്രില്‍ 1. അതെ, ഇന്ന് മനുവിന്റെ പിറന്നാളാണ്‌. അവന്‌ ഇന്ന് നാലുവയസ്‌ പൂര്‍ത്തിയാകുന്നു. 2004 ഏപ്രില്‍മാസം ഒന്നാം തീയതിയായിരുന്നു അവന്റെ ജനനം. ആശുപത്രിയില്‍ നിന്ന് അഞ്ചാം ദിവസം ഞങ്ങളുടെ ഫ്ലാറ്റിലേക്ക്‌ വന്ന മനുക്കുട്ടന്‍, പിന്നീട്‌ മിടുക്കനായും ഒരു വയസിനുശേഷം കുസൃതിക്കുട്ടനായും പെട്ടന്നു വളര്‍ന്നു. കുഞ്ഞിനെക്കിട്ടിയ നേര്‍പെങ്ങള്‍ ഉണ്ണിമോളുടെ സന്തോഷം, പതിയെപ്പതിയെ "അമ്മേ, ഈ ചെക്കന്‍ എന്നേ തലമുടിക്കു പിടിക്കുന്നു, ഇവന്‍ എന്റെ പെന്‍സില്‍ എടുത്ത്‌ ഒടിച്ചു കളയുന്നു..." എന്നൊക്കെയുള്ള പരാതികളിലേക്ക്‌ കടന്നിരിക്കുന്നു. വഴക്കും അടിപിടിയും ഒഴിഞ്ഞ നേരമില്ല. അടുക്കും ചിട്ടയുമായി ഇരിക്കുന്ന ഒരു സാധനങ്ങളും വീട്ടിലില്ല.



ഇപ്പോഴത്തെ മനുവിനെപ്പറ്റി പറയാന്‍ ഏറെയുണ്ട്‌, കുസൃതിക്ക്‌ കൈയ്യുംകാലും വച്ചവന്‍, “നാലാം വയസ്സില്‍ നട്ടപ്രാന്ത്“ എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നവന്‍, സ്നേഹിച്ചു നക്കിക്കൊല്ലുന്നവന്‍, ഭിത്തിയില്‍ ഒന്നൊഴിയാതെ കുത്തിവരയ്ക്കുന്നവന്‍, ഭിത്തിവര കൂടിക്കൂടി കഴിഞ്ഞ വെക്കേഷന്‌ നാട്ടില്‍ പോയി തിരികെ വരുന്നവഴി ഒന്നു കണ്ണുമയങ്ങിപ്പോയ നേരത്തിന്‌ എമിറേറ്റ്സ് വിമാനത്തിന്റെ ഭിത്തികളില്‍ ബോള്‍ പേനയാല്‍ "ഹെലിക്കോപ്റ്റര്‍" വരച്ചവന്‍.



ദുബായിയേക്കാള്‍ നാടിനെ ഇഷ്ടപ്പെടുന്നവന്‍, പന്തുകളിയില്‍ തല്‍പ്പരനായ, ഒരൊറ്റ കിക്കിനാല്‍ അടുപ്പത്തിരിക്കുന്ന ഏതു പാത്രവും മറിച്ചിടുന്നവന്‍, ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്താല്‍ ഗോഷ്ടികള്‍ മാത്രം കാണിക്കുന്നവന്‍.





ഇവന്റെ കൈതൊട്ടാല്‍ സ്ക്രാച്ചായി കാണാന്‍ വയ്യാത്ത അവസ്ഥയിലെത്താത്ത സീ.ഡി. കള്‍ ഇല്ല.



നാട്ടിലെത്തിയാല്‍ വീടിനടുത്തുള്ള കൊച്ചു കൈത്തോട്ടീല്‍നിന്നു കയറാറില്ല മനു, വെള്ളത്തില്‍ കളിതന്നെ (ഇതെല്ലാ കുട്ടികളും ഇങ്ങനെതന്നെയല്ലേ!)




എപ്പോഴെങ്കിലും എനിക്ക്‌ പഴയകാലത്തെ “എന്നെ“ കാണാന്‍ കൊതിയാവുമ്പോള്‍ ഞാന്‍ മനുവിനെ ഉടുപ്പില്ലാതെ ഒന്നിരുത്തും, ദേ ഇങ്ങനെ.



ഇതു മനുവിന്റെ നാട്ടിലെ കൂട്ടുകാരന്‍ - പാച്ചു.


കുസൃതികള്‍ കാട്ടി മനു വളരുമ്പോള്‍, അവന്റെ ഓരോ പിറന്നാളുകളും കടന്നുപോകുമ്പോള്‍, ഞാന്‍ അല്‍പ്പം പ്രയാസത്തോടെതന്നെ ഓര്‍ത്തുപോകുന്ന ഒരു കാര്യമുണ്ട്. ഈ കുട്ടിക്കളികളും കുസൃതികളും ഇനി എത്രനാള്‍! കുട്ടികള്‍ വേഗം വളരും, അവരുടെ കുട്ടിത്തം നഷ്ടമാകും. ലോകത്തിന്റെ പിടിയിലേക്ക് അവര്‍ അറിയാതെതന്നെ വീഴും. പക്ഷേ അപ്പോഴും ഓര്‍ക്കാന്‍ ഈ നല്ല നാളുകളുടെ ഓര്‍മ്മകള്‍ ബാക്കിയുണ്ടാവണം, അല്ലേ? അതിനായി ഈ നിമിഷങ്ങളെ ഞാന്‍ ഫോട്ടോയിലാക്കിയും വാക്കുകളിലാക്കിയും ഇവിടെ കുറിച്ചിടട്ടെ. കുട്ടികള്‍ കുസൃതിക്കുട്ടന്മാരായിത്തന്നെ വളരട്ടെ.

ഈ ജന്മദിവസത്തില്‍, മനുക്കുട്ടന് ആയുസും ആരോഗ്യവും ബുദ്ധിയും മറ്റുള്ളവരോട് കരുണയും സ്നേഹവും ഉണ്ടാകുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നു ആശംസിക്കുന്നു പ്രാര്‍ത്ഥിക്കുന്നു.

പിറന്നാളാശംസകളോടെ, മുത്തങ്ങളോടെ -

അപ്പ, അമ്മ, ഉണ്ണിച്ചേച്ചി.

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP