ചെറായി മീറ്റ് : അതിരുകളില്ലാ സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ച

>> Monday, July 27, 2009

2009 ജൂലൈ 26 ഞായറാഴ്ച:

ഈ ഓര്‍മ്മച്ചെപ്പില്‍ എന്നും സൂക്ഷിച്ചുവയ്ക്കാന്‍ ഒരുപിടി നല്ല നിമിഷങ്ങളും സൌഹൃദങ്ങളും സമ്മാനിച്ച ചെറായി ബ്ലോഗ് സുഹൃദ്സംഗമം നടന്ന ദിവസം. ചെറായി മീറ്റിന്റെ സ്വാഗതബാനറില്‍ പറഞ്ഞിരുന്ന അടിക്കുറിപ്പ് “അതിരുകളില്ലാ സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ച” അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്നു തെളിയിച്ചു ഈ സൌഹൃദസംഗമം‍.



ബ്ലോഗിലൂടെ പരിചയപ്പെട്ടവര്‍ മാത്രമല്ല, കമന്റുകളിലൂടെ അതിഭയങ്കരമായ തല്ലുകൂടിയവരും, പോസ്റ്റുകളിലൂടെ പരസ്പര യുദ്ധങ്ങള്‍ തന്നെ നടത്തിയവരും, വേദനാജനകമായ രീതിയില്‍ പോസ്റ്റുകളുടെ പരിണിതിയിലെത്തിപ്പെട്ടവരും തമ്മില്‍ കൈകൊടുത്തു കെട്ടിപ്പിടിച്ച് വളരെ തുറന്ന മനസ്സോടെ സംസാരിച്ച് സൌഹൃദം പുതുക്കി തിരിച്ചു പോകുന്ന കാഴ്ചകള്‍ ഈ സൌഹൃദസംഗമത്തില്‍ വച്ച് കാണുവാന്‍ സാധിച്ചു. അതുതന്നെയാണ് ഈ മീറ്റിന്റെ ഏറ്റവും വലിയ വിജയമായി ഞാന്‍ കാണുന്നത്.



പങ്കെടുത്ത 77 ബ്ലോഗര്‍മാരുടെ പേരുകളും ചിത്രങ്ങളും താഴെയുള്ള സ്ലൈഡ് ഷോയില്‍ ഉണ്ട്. പ്ലേ ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ലൈഡ് ഷോ കാണാവുന്നതാണ്. ഫോട്ടോഗ്രാഫര്‍ : ഹരീഷ് തൊടുപുഴ




എല്ലാ മീറ്റുകളിലും കാണാറുള്ളതുപോലെ വാക്കുകളിലും പ്രൊഫൈല്‍ ചിത്രങ്ങളിലും കാണുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ മുഖങ്ങള്‍ ഇവിടെയും ധാരാളം ഉണ്ടായിരുന്നു. എഴുത്തില്‍ ഘനമേറിയവരെങ്കിലും നേരില്‍ പഞ്ചപാവങ്ങള്‍, ‘തലക്കനം’ കാരണം നമ്മളെ നോക്കുമോ എന്നു ശങ്കിച്ച് അവിടെയെത്തിയപ്പോള്‍ ഒട്ടും കനമില്ലാതെ നിറഞ്ഞ ചിരിയുമായി സ്വീകരിച്ചവര്‍, ആജാനുബാഹുക്കള്‍, പ്രതീക്ഷിച്ചതിലും കുള്ളന്മാര്‍, എല്ലാ കണ്‍ഫ്യൂഷനുകളും മിനുട്ടുകള്‍ക്കുള്ളില്‍ അവസാനിച്ചു. എല്ലാവരും ദീര്‍ഘകാലമായി പരിചമുള്ളവരെപ്പോലെ അടുത്തിടപഴകുവാന്‍ കാലതമാമസമേതും ഉണ്ടായില്ല.


***************

രാവിലെ അഞ്ചുമണിക്കാണ് വീട്ടില്‍ നിന്നും കുടുംബസമേതം ചെറായിക്ക് തിരിച്ചത്. ഒപ്പം അനുജന്‍ ഷിജുവും (സ്നേഹതീരം ബ്ലോഗ്). തലേന്നു തന്നെ പോകുവാനായിരുന്നു നേരത്തേയുള്ള പ്ലാനെങ്കിലും ചില പ്രത്യേക കാരണങ്ങളാല്‍ അത് നടന്നില്ല. അല്ലെങ്കിലും ഗള്‍ഫില്‍ നിന്നും അവധി തീരുമാനിച്ച് നാട്ടിലെത്തുമ്പോള്‍ പ്ലാനുകള്‍ പലതും കൊണ്ടാവും വരുന്നതെങ്കിലും, നാട്ടിലെത്തിക്കഴിഞ്ഞാല്‍ അതൊക്കെ തെറ്റാറാണ് പതിവ്. ഇത്തവണയും അതിനു മാറ്റമൊന്നുമുണ്ടായില്ല.

നേരത്തെ ചോദിച്ചറിഞ്ഞൂവച്ചിരുന്ന വഴികളിലൂടെ സഞ്ചരിച്ച് ഒന്‍പതുമണിയോടുകൂടീ ഞങ്ങള്‍ ചെറായിയിലെത്തി. മീറ്റു നടക്കുന്ന സ്ഥലത്തേക്കു തിരിയേണ്ട സ്ഥലമായ രക്തേശ്വരി ക്ഷേത്രവഴി മുതല്‍ തന്നെ ബ്ലോഗ് സംഗമം എന്നെഴുതിയ ചെറിയ ബാനറുകള്‍ പോസ്റ്റുകളില്‍ പതിപ്പിച്ചിരുന്നതിനാല്‍ ഉള്‍വഴികളൊന്നും തെറ്റിയില്ല. ഇരുവശത്തും പരന്നുകിടക്കുന്ന ജലാശയങ്ങള്‍ക്കു നടുവിലൂ‍ടെ അങ്ങകലെയുള്ള ഒരു ചെറുതുരുത്തിലേക്ക് പോകുന്ന റോഡില്‍ ഒരു രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചു കശിഞ്ഞപ്പോള്‍ വീണ്ടും മീറ്റിന്റെ ബോര്‍ഡ് കണ്ടു. നീണ്ട തെങ്ങുകള്‍ അതിരിടുന്ന ഒരു ചെറിയ റോഡ്. ഏറെ ദൂരെയല്ലാതെ അമരാവതി റിസോര്‍ട്ട്. റോഡിന്റെ ഇരുവശവുമായാണ് റിസോര്‍ട്ടും അതിനോട് ചേര്‍ന്ന പന്തലും ഉള്ളത്. പന്തലിന്റെ സൈഡിലായി വിശാലമായ ചെറായി ബീച്ചും, റിസോര്‍ട്ടിന്റെ സൈഡിലായി കായലും. കായലില്‍ നിരനിരയായി ചീനവലകള്‍ സ്ഥാപിച്ചിട്ടുണ്ട്. മനോഹരമായ പ്രദേശം തന്നെ ചെറായി, സംശയമില്ല.



റിസോര്‍ട്ടിന്റെ മുറ്റത്ത് പരിചയമുള്ളവരാരെങ്കിലും ഉണ്ടാവുമോ എന്നു ശങ്കിച്ചാണ് കാര്‍ ഉള്ളിലേക്ക് കടത്തിയത്. സംഘാടകരെ എല്ലാവരേയും മെയിലില്‍ കൂടെയുള്ള പരിചയമേയുള്ളൂ; ഫോണില്‍ കൂടി ശബ്ദവും. ചെറിയ നരയുള്ള മീശയും ചിരിക്കുന്ന മുഖവുമായി നില്‍ക്കുന്ന ജുബ്ബാക്കാരനെ തിരിച്ചറിയാന്‍ ഒട്ടും പ്രയാസമില്ലായിരുന്നു - നിരക്ഷരന്‍. നിരക്ഷരന്‍ വന്നു കൈയ്യില്‍ പിടിച്ചപ്പോഴേക്ക് മറുകൈയ്യില്‍ മറ്റൊരു ബലിഷ്ഠകരം പിടിമുറുക്കി. അതാരാണെന്നു നോക്കിയപ്പോള്‍ കറുത്ത കണ്ണടധരിച്ച ഒരു ആജാനുബാഹു. കലാഭവന്‍ മണിയുടെ ആകാരവടിവ്. സംശയച്ചില്ല - ഇതു ഹരീഷ് തൊടുപുഴതന്നെ. സ്വാതന്ത്ര്യത്തോടെ കണ്ണട ഊരിമാറ്റി ഉറപ്പുവരുത്തി. അപ്പോഴേക്കും പരിചയമുള്ള ഒരു ദുബായ് മുഖം റിസോര്‍ട്ടിന്റെ മുകള്‍ നിലയില്‍നിന്ന് ചാടിയിറങ്ങിവന്നു, പകല്‍ക്കിനാവന്‍. അദ്ദേഹത്തിനു പുറകില്‍ നിന്ന് വെള്ളമുണ്ടും വെള്ളയുടുപ്പും ധരിച്ചയാള്‍ അരുണ്‍ കായംകുളം ആണോ എന്ന് ആദ്യം ഞാന്‍ ശങ്കിച്ചു. അപ്പോള്‍ അദ്ദേഹം തന്നെ പരിചയപ്പെടുത്തി - ഞാനൊരു പാവപ്പെട്ടവനാണേ എന്ന്.

അപ്പോഴേക്കും ലതിച്ചേച്ചി ഓടിയെത്തി. ബ്ലോഗ് മീറ്റ് നടക്കുന്ന വീട്ടിലെ വീട്ടമ്മയെപ്പോലെ ആഥിത്യമര്യാദകള്‍ എല്ലാവരോടും ഒരുപോലെ കാണിച്ച ചേച്ചി, ഞങ്ങള്‍ക്ക് ഒരു റും കാണിച്ചു തന്നു. അവിടെക്ക് കുടുംബത്തെ കൊണ്ടുപോയി ഇരുത്തി. കുട്ടികളെ രണ്ടുപേരെയും ഒന്നു ഫ്രഷാക്കി കൊണ്ടുവരാനായി ദീപ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. തിരികെ റിസോര്‍ട്ടിന്റെ മുറ്റത്തെത്തിയപ്പോഴേക്ക് പ്രൊഫൈല്‍വഴി പരിചയമുള്ള ഒരുപാട് മുഖങ്ങളെകണ്ടു. ജി.മനു,വാഴക്കോടന്‍, അനില്‍@ബ്ലോഗ്, പോങ്ങുമ്മൂടന്‍, നന്ദകുമാര്‍, മുരളി, ധനേഷ്, ഡോക്റ്റര്‍ കുട്ടിയും ഡോക്ടര്‍ നാസ്, സമാന്തരന്‍, ബഹറിനിലെ സജി തുടങ്ങിയവര്‍. അരീക്കോടന്‍ മാഷിനെമാത്രം കണ്ടപ്പോഴേ മനസ്സിലായില്ല.

(ഫോട്ടോ: മണികണ്ഠന്‍)

“മാഷേ” എന്നൊരു വിളി കേട്ടാണ് റിസോര്‍ട്ടിന്റെ മുകളിലെ നിലയിലേക്ക് നോക്കിയത്. പടിയിറങ്ങീ നിറഞ്ഞ ചിരിയുമായി വരുന്ന പയ്യനാരാവും എന്നു മനസ്സിലൊന്നു സ്കാന്‍ ചെയ്തുനോക്കി. തെറ്റിയില്ല ശ്രീലാല്‍ എന്ന സീര്‍ക്കാല്‍ തന്നെ. അപ്പോഴാണ് ഒരു ചുള്ളിക്കമ്പിന്റെയറ്റത്ത് താടിവച്ചപോലെ വണ്ണമുള്ള ഒരാള്‍ വളരെ ധൃതിയില്‍ അതിലേ ഓടീപ്പോകുന്നതുകണ്ടത്. ഒന്നും സംശയിക്കാതെ ഒരു പേരങ്ങുവിളിച്ചു “മുള്ളുക്കാരാ.. ഒന്നു നില്‍ക്കണേ” എന്ന്.. തെറ്റിയില്ല. അദ്ദേഹം ഓടി അടുത്തെത്തി “മനസ്സിലായില്ല കേട്ടോ, എന്നെ കണ്ടീട്ടുണ്ടോ” എന്നൊരു ചോദ്യം!! പേരും നാളുമൊക്കെ പറഞ്ഞപ്പോള്‍ പുള്ളിക്കൊരു ചമ്മല്‍.

അപ്പോഴേക്കും കുട്ടികള്‍ ഡ്രസ്സ് മാറ്റി വന്നു. എല്ലാവരേയും കൂട്ടി മീറ്റ് ഹാളിന്റെ മുറ്റത്തെക്ക് പോയി. ദൂരെയൊന്നുമല്ല. റിസോര്‍ട്ടിന്റെ ഗെയിറ്റ് കടന്ന് റോഡിന്റെ എതിര്‍വശത്തേക്ക് പോയാല്‍ മാത്രം മതി. അവിടെ മുണ്ടും വെള്ളഷര്‍ട്ടുമായി ഒരു പരിചിതമുഖം നില്‍ക്കുന്നതുകണ്ടു. നമ്മൂടെ തറവാടിക്ക. അമ്മായി വന്നില്ലേ എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു ആംഗ്യമായിരുന്നു. അങ്ങോട്ടു നോക്കിയപ്പോള്‍ അവിടെനില്‍ക്കുന്നു വല്യമ്മായി. അതിനടുത്തായിട്ടായിരുന്നു റെജിസ്ട്രേഷന്‍ കൌണ്ടര്‍. അവിടെ ഇരിക്കുന്നവരില്‍ മൂന്നു മുഖങ്ങള്‍ പരിചയമുള്ളതായിരുന്നു. ബിന്ദു കെ.പി, എഴുത്തുകാരിച്ചേച്ചി, മണികണ്ഠന്‍ എന്നിവര്‍. നാലാമത്തെ മുഖത്തെ ബിന്ദു പരിചയപ്പെടുത്തി - പിരിക്കുട്ടി എന്ന കുട്ടി.


മീറ്റിന്റെ റജിസ്ട്രേഷന്‍ ഫോം വളരെ മുമ്പുതന്നെ ഞങ്ങള്‍ സംഘാടകര്‍ (ക്ഷമിക്കുക വോളന്റിയേഴ്സ് !) തയ്യാറാക്കിയ ഫോര്‍മാറ്റിലായിരുന്നു. റജിസ്ട്രേഷനോടൊപ്പം തന്നെ മീറ്റിന്റെ ചെലവിലേക്ക് ആളൊന്നുക്ക് കണക്കാക്കിയിരുന്ന 250 രൂപയും കളക്റ്റു ചെയ്തു. മുറ്റത്തിന്റെ മറ്റൊരു വശത്തായി കിഡ്സ് കോര്‍ണര്‍, മറ്റൊരു മൂലയ്ക്ക് മെഡിക്കല്‍ സെക്ഷന്‍ (ഫസ്റ്റ് എയിഡ് ആവശ്യമായി വന്നാല്‍ അതിനായി തയ്യാറാക്കിയതായിരുന്നു അത്). ഡോക്റ്റര്‍മാര്‍ രണ്ടു പേര്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ തന്നെ ഉണ്ടായിരുന്നു താനും. കിച്ചുച്ചേച്ചിയും, ഷംസുക്കയും, വാവയും, വാവയുടെ ചേട്ടനും അപ്പോഴേക്ക് എത്തിച്ചേര്‍ന്നു. അരുണ്‍ കായംകുളം കുടുംബസമേതമാണ് എത്തിയത്.

ഈ രംഗങ്ങളൊക്കെ വീഡിയോയില്‍ പകര്‍ത്തിക്കൊണ്ട് ഒരു പ്രൊഫഷനല്‍ വീഡിയോഗ്രാഫര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് നടക്കുന്ന, വളരെ സീരിയസായി കാര്യങ്ങളെ സമീപിച്ചു കൊണ്ടിരുന്നയാള്‍ എന്റെയടുത്തേക്ക് പരിചയപ്പെടാനെത്തി. മനസ്സിലെ പ്രൊഫൈല്‍ ചിത്രങ്ങളിലൂടെ ഒരിക്കല്‍ കൂടീ ഒന്നോടിയപ്പോള്‍ പെട്ടന്ന് ആളെപിടികിട്ടി. ജോ എന്ന ജോഹര്‍. മീറ്റിന്റെ പ്രധാന സന്നദ്ധപ്രവര്‍ത്തകരില്‍ ഒരാള്‍.

കുറച്ചുപേരൊക്കെ ബീച്ചിലേക്ക് ഇറങ്ങിനിന്നു. കടലമ്മ കള്ളിയെന്നെഴുതി, തിരകള്‍ വന്നു മായിക്കുന്നതു നോക്കി നിന്നു. പലരും പരിചയപ്പെടലിന്റെ തിരക്കുകളില്‍. കൈയ്യില്‍ ഒരുകെട്ട് പേപ്പറുമായി ഗെയ്റ്റ് കടന്ന് ഉള്ളിലേക്ക് വന്ന തടിയനെ തിരിച്ചറിയാന്‍ ആര്‍ക്കും ഒരു പ്രയാസവുമുണ്ടായില്ല. കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്ണന്‍. അദ്ദേഹത്തിനു വേണ്ടി കൊണ്ടുവന്നിരുന്ന പേനകളും പേപ്പറുകളും കൈയ്യോടെ ഏല്‍പ്പിച്ചു. ഗിന്നസ് ബുക്കില്‍ വരെ കയറ്റാമായിരുന്ന ഒരു റിക്കോര്‍ഡ് സ്ഥാപിക്കാനായിരുന്നു അദ്ദേഹത്തിന്റെ പുറപ്പാടെന്ന് ഞാന്‍ നേരത്തേ ഊഹിച്ചിരുന്നു. മീറ്റില്‍ വന്ന സകലരുടെയും കാരിക്കേച്ചര്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ വരയ്ക്കുക!

ബ്ലോഗ് സംഗമത്തില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെട്ടവര്‍ വീണ്ടും വന്നുകൊണ്ടേയിരുന്നു. ബസില്‍ വരുന്നവര്‍ക്കായി സംഘാടകര്‍ ഒരുക്കിയിരുന്ന ‘ട്രിപ്പടി’ വാഹനങ്ങള്‍ ഓരൊ തവണ പോയി വരുമ്പോഴും പുതിയപുതിയ പരിചയക്കാരെത്തി. യാരിദും കൂട്ടരും ഈണം സി.ഡിയുടെയും ബുക് റിപ്പബ്ലിക്കിന്റെ പ്രസിദ്ധീകരണങ്ങളുടെയും കെട്ടുമായാണെത്തിയത്. ആകാശവാണി തൃശൂര്‍ നിലയത്തിലെ പ്രൊഗ്രാം എക്സിക്യൂട്ടിവ് ഡി. പ്രദീപ് കുമാര്‍ (ബ്ലോഗറാണ് അദ്ദേഹവും), മിന്നാമ്മിനുങ്ങും കുടുംബവും, ഫോട്ടൊഗ്രാഫി ബ്ലോഗുകളിലൂടെ പരിചിതരായ നൊമാദും, വേണുവും, വിനയനും, ജുനൈദും, ഹന്‍‌ലല്ലത്ത്, ചേര്‍ത്തല IHRDE കോളജിലെ പ്രിന്‍സിപ്പല്‍ ശ്രീ മണിയും കുടുബവും, ബാബുരാജ്, ഡോ. ജയന്‍ ഏവൂര്‍, ശ്രീ ശ്രേയസ്, ബിലാത്തിപ്പട്ടണക്കാരന്‍ തുടങ്ങിയവര്‍ എത്തി. കൂട്ടത്തില്‍ തോന്ന്യാസി എന്ന നന്നേ കൊച്ചു പയ്യന്‍ (നീളം കൊണ്ടും അദ്ദേഹം ഒരു കുട്ടിതന്നെ) അദ്ദേഹത്തോളം പോന്ന ചാണക്യന്‍, ചര്‍വ്വാകന്‍ തുടങ്ങിയവരും എത്തി. ചാണക്യനെക്കണ്ട് ഞാന്‍ ശരിക്കും ഞെട്ടി. ഒരു പഞ്ചപാവത്താന്‍!

ഇതില്‍ വ്യത്യസ്തനായ ഒരു മനുഷ്യനായി തോന്നിയത് മണിസാര്‍ തന്നെയായിരുന്നു. കാരണം സെറിബ്രല്‍ പാര്‍സി എന്ന അസുഖം ബാധിച്ച് വീല്‍ച്ചെയറില്‍ ആയിപ്പോയ പതിനെട്ടുവയസായിട്ടും അഞ്ചോ ആറോ വയസിന്റെ മാത്രം മാനസിക വളര്‍ച്ചയുള്ള സ്വന്തം മകളേയും കൂട്ടിയായിരുന്നു. ഗ്രീഷ്മ എന്നാണ് അവളുടെ പേര്. മീറ്റിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ ഓരോരുത്തര്‍ പരിചയപ്പെടുത്തിയപ്പോഴും കൈകൊട്ടിയും പൊട്ടിച്ചിരിച്ചും ആസ്വദിച്ചു ആ കുട്ടി.

കൃത്യം പത്തരമണിക്കുതന്നെ ലതിച്ചേച്ചി മൈക്ക് കൈയ്യിലെടുത്തു. എല്ലാവര്‍ക്കും സ്വാഗതമോതി, ഹാളിലേക്ക് കടന്നിരിക്കുവാന്‍ സ്നേഹപൂര്‍വ്വം ക്ഷണിച്ചു. ഔദ്യോഗിക പരിപാടിയൊന്നുമല്ലാഞ്ഞതിനാല്‍ സ്റ്റേജും മറ്റും ഉണ്ടായിരുന്നില്ല. അര്‍ദ്ധവൃത്താകൃതിയില്‍ കസേരകള്‍ ക്രമീകരിച്ചിരുന്നു. എല്ലാവര്‍ക്കും വേണ്ടി ഒരു ലഘു ചായസല്‍ക്കാരമായിരുന്നു ആദ്യം. ഒപ്പം ഓരോ ‘കടി’ ക്കായി ലതിച്ചേച്ചിയുണ്ടാക്കിയ കുമ്പിളപ്പം. ഇതില്‍ സ്പെഷ്യലായി നിറച്ചിരുന്നത് ചക്കപ്പഴമായിരുന്നു എന്നതായിരുന്നു പ്രത്യേകത. ഒപ്പം ചക്കപ്പഴ സീസണ്‍ കഴിഞ്ഞ നാട്ടിലെത്തിയ പ്രവാസികള്‍ക്കായി നല്ല തേനൂറും വരിക്കച്ചക്കച്ചുളകള്‍ ഒരു വലിയ പാത്രം നിറയെ. ചായകുടിച്ചുകൊണ്ടുതന്നെ ഞങ്ങള്‍ ഹാളില്‍ ക്രമീകരിച്ചിരുന്ന കസേരകളില്‍ ഇരുപ്പുറപ്പിച്ചു.

റേഡിയോ മാംഗോയിലേക്ക് ഇന്ന് ജോലിയില്‍ പ്രവേശിക്കുന്ന ജി.മനുവായിരുന്നു ആദ്യം സംസാരിച്ചത്. പുതിയ കാലഘട്ടത്തില്‍ നെറ്റ് വഴി വളര്‍ന്നുവരുന്ന സൌഹൃദങ്ങളെപ്പറ്റിയും, അത്തരം സൌഹൃദങ്ങളെ ഒരു വിര്‍ച്ച്വല്‍ ലോകത്തുനിന്ന് യാഥാര്‍ത്ഥ്യലോകത്തിലേക്ക് കൊണ്ടുവരുന്ന ഈ രീതിയിലുള്ള സൌഹൃദസംഗമങ്ങളെയും പറ്റി മനു ചുരുക്കമായി വിവരിച്ചു. തുടര്‍ന്ന് വന്നവരെല്ലാവരും അവരവരെ സ്വയം പരിചയപ്പെടുത്തി. പേര്, ബ്ലോഗിന്റെ പേര്, ബ്ലോഗര്‍ ഐഡി തുടങ്ങിയകാര്യങ്ങള്‍ യാതൊരു ഒളിച്ചുവയ്ക്കലുകളുമില്ലാതെ എല്ലാവരും പരിചയപ്പെടുത്തുകയുണ്ടായി. ഈ പരിചയപ്പെടുത്തലുകള്‍ നടക്കുമ്പോഴും ആളുകള്‍ എത്തിക്കൊണ്ടെയിരുന്നു. മലയാളം വിക്കിപീഡിയയുടെ സജീവ സാന്നിദ്ധ്യമായ ഷിജു അലക്സ്, ഇന്ന് മലയാളം എഴുതുവാനായി നാം ഉപയോഗിക്കുന്ന വരമൊഴിയുടെ സൃഷ്ടാവ് സിബു സി.ജെ, അങ്കിള്‍ (കുടുംബസമേതം) കേരളഫാര്‍മര്‍ എന്ന ചന്ദ്രേട്ടന്‍, വെള്ളായണി വിജയേട്ടന്‍, തേങ്ങമൊയലാളി ‘സുല്ല്’, കൊട്ടോട്ടികാരന്‍, അപ്പൂട്ടന്‍ തുടങ്ങിയവര്‍ അപ്പോഴേക്കും എത്തി. അതിനിടെ “അപ്പൂ” എന്നവിളിയോടെ എന്നെ പരിചയപ്പെടാനായി ഒരു അമ്മയും കുഞ്ഞും എത്തി. ആളെ ഗസ് ചെയ്യുന്നതിനു മുമ്പു തന്നെ പേര് പറഞ്ഞു. സെറീന - ഫോട്ടോഗ്രാഫറും കവയത്രിയുമായ സെറീനതന്നെ.




പരിചയപ്പെടുത്തലുകള്‍ പൂര്‍ത്തിയായപ്പോഴേക്കും ഒന്നൊന്നര മണിക്കൂറിലധികമായി. ആകെ എഴുപത്തിരണ്ടു ബ്ലോഗര്‍മാരും അവരോടൊപ്പം വന്നവരും കൂടി 118 ആളുകള്‍ ഉണ്ടായിരുന്നു എന്നായിരുന്നു കണക്ക്. ഏറ്റവും അവസാനം പരിചയപ്പെടുത്തിയത്, ചിത്രകാരന്‍ ആയിരുന്നു. കണ്ണൂരില്‍ നിന്നും എത്തിയതിനാല്‍ അദ്ദേഹം താമസിച്ചാണ് എത്തിച്ചേര്‍ന്നതെന്നുമാത്രം. മീറ്റില്‍ എത്തിച്ചേര്‍ന്ന എല്ലാവരുടെയും പേരുകള്‍ ഞാനിവിടെ എഴുതിയിട്ടില്ല. പെട്ടന്ന് ഓര്‍മ്മയില്‍ വന്ന മുഖങ്ങളെ എഴുതിയെന്നേയുള്ളൂ. വിശദമായി ഹരീഷോ സംഘാടകരില്‍ ആരെങ്കിലുമോ ആ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. ഞാനിവിടെ പേരു പരാമര്‍ശിക്കാത്തവര്‍ ക്ഷമിക്കുക, മനപ്പൂര്‍വ്വമല്ല.

അതിനുശേഷം ബ്ലൊഗിലെ പ്രഥമ സംഗീത ആല്‍ബമായ “ഈണം” ത്തിന്റെ ഓഡീയോ സി.ഡി. പ്രകാശനമായിരുന്നു നടന്നത്. ജി.മനു സിഡിയുടെ ഒരു ലഘു ചരിത്രം വിവരിച്ചു. ഈ മീറ്റിന്റെ രക്ഷാധികാരിയും ചെറായിയിലെ പൌരപ്രമുഖരില്‍ ഒരാളും, ലതിച്ചേച്ചിയുടെ ഭര്‍ത്താവുമാ‍യ സുഭാഷേട്ടനു സി.ഡി. യുടെ ഒരു കോപ്പി നല്‍കിക്കൊണ്ടായിരുന്നു പ്രകാശനം നടത്തിയത്. ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടു പ്രസിദ്ധീകരണങ്ങളുടെ വില്‍പ്പന കൌണ്ടറുകളും ഹാളിന്റെ ഒരു ഭാഗത്തായി തുറന്നു.

തുടര്‍ന്ന് സജീവേട്ടന്റെ മാരത്തോണ്‍ വരയാണ് നടന്നത്. ഈ 118 ആളുകള്‍ ഒന്നോരണ്ടോ ആളെ ഒഴികെ ബാക്കി സകല ആളുകളുടെയും കാരിക്കേച്ചറുകള്‍ അദ്ദേഹം വെവ്വേറേ പേപ്പറുകള്‍ വരയ്ക്കുവാന്‍ തുടങ്ങി. ആദ്യമായി ഒരു ഡെമോ എന്ന നിലയില്‍ വലിയൊരു ചാര്‍ട്ട് പേപ്പറില്‍ ജി. മനുവിനെ വരച്ചുകൊണ്ടായിരുന്നു തുടക്കം. സ്വന്തം കാരിക്കേച്ചറുകള്‍ വരപ്പിക്കുവാന്‍ മീറ്റില്‍ പങ്കെടുത്തവര്‍ ക്യൂവായി നില്‍പ്പായി! അതോടൊപ്പം തന്നെ കുട്ടികളുടെ കോര്‍ണറില്‍ അവര്‍ക്കായി ബലൂണുകളും പീപ്പികളും വിതരണം ചെയ്യുകയുണ്ടായി. ദുബായിയില്‍ നിന്നും കൊണ്ടുവന്ന പമ്പുപയോഗിച്ച് വീര്‍പ്പിച്ചു കെട്ടി വിതരണം ചെയ്യുമ്പോള്‍ ദുബായിയില്‍ ഞങ്ങള്‍ക്കിതാണു ജോലി എന്ന് കിച്ചുച്ചേച്ചി തമാശയായി പറയുന്നുണ്ടായിരുന്നു. നീളന്‍ ബലൂണുകളോടൊപ്പം വലിയ ബലൂണുകളും ധാരാളം ഉണ്ടായിരുന്നു. അവ വീര്‍പ്പിക്കുവാന്‍ കിച്ചുച്ചേച്ചിയും കൊട്ടോട്ടിക്കാരനു മത്സരമായിരുന്നു. മണല്‍ തരികള്‍കൊണ്ടതുകൊണ്ടാണോ എന്നറിയില്ല തുരുതുരാ പൊട്ടിയ വലിയ ബലൂണുകള്‍ മീറ്റിനു മുമ്പേ പ്രവചിക്കപ്പെട്ട ചാവേറാക്രമണത്തെ അനുസ്മരിപ്പിച്ചു.

മീറ്റില്‍വച്ച ഒരു മാജിക് ഷോ മുന്‍‌കൂട്ടി പ്ലാന്‍ ചെയ്തിട്ടില്ലായിരുന്നുവെങ്കിലും, മീറ്റില്‍ പങ്കെടുക്കാനെത്തിയ ബിലാത്തിപ്പട്ടണം ബ്ലോഗര്‍ ഇംഗ്ലണ്ടില്‍ സായിപ്പുമാരെ മാജിക് പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനാണെന്ന അറിവ് കിട്ടിയപ്പോള്‍ തന്നെ ഒന്നു രണ്ടു ചെറിയ വിദ്യകള്‍ കാണിക്കുവാന്‍ അദ്ദേഹത്തോട് ഞങ്ങള്‍ ആവശ്യപ്പെട്ടു. കോയിന്‍ ഉപയോഗിച്ചുള്ള ഒന്നു രണ്ടു വിദ്യകളും, കെട്ടിയ കയറില്‍ നിന്ന് ഊരിപ്പോരുന്ന വിദ്യയും മാജിക് ഉപകരണങ്ങളുടെ സഹായമൊന്നുമില്ലാതെ കൈയ്യടക്കത്തില്‍ അദ്ദേഹം അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. കുട്ടികള്‍ക്കും അത് ഒരു നല്ല എന്റര്‍ടെയ്നര്‍ ആയിരുന്നു എന്നതില്‍ സംശയമില്ല.

അപ്പോഴേക്കും ഊണിനുസമയമായി. റിസോര്‍ട്ടിനുള്ളിലെ ലഞ്ച് ഹാളില്‍ ബുഫേ ഒരുക്കിയിരുന്നു. കപ്പവേവിച്ചത്, മീന്‍ കറി, ചിക്കന്‍ മസാല, കരിമീന്‍ പൊരിച്ചത്, കൊഞ്ച് വട, ഹോം മെയ്ഡ് അച്ചാറുകള്‍, പപ്പടം, തോരന്‍, തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. നല്ല രുചികരമായ ഊണായിരുന്നു എന്നത് പ്രത്യേകം പറയേണ്ടകാര്യമാണ് ! കിച്ചുച്ചേച്ചി, ലതിച്ചേച്ചി തുടങ്ങിയവര്‍ വിളമ്പാനും കൂടി.

ഊണുകഴിഞ്ഞ് ഹാളിലേക്ക് തിരികെയെത്തിയപ്പോഴേക്കും ചെറായി ബീച്ച് സന്ദര്‍ശകരെക്കൊണ്ട് സജീവമാകുവാന്‍ തുടങ്ങിയിരുന്നു. പട്ടം വില്‍ക്കുന്ന ഒരു കുട്ടി അവിടെയെത്തി. ബ്ലോഗ് മീറ്റിനെത്തിയ പലരും പട്ടം വാങ്ങുവാനും പറപ്പിക്കുവാനും വളരെ ഉത്സാഹം കാണിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് വന്ന ചെറിയ കലാപരിപാടികളില്‍ വാഴക്കോടന്റെ മിമിക്രി, ലതിച്ചേച്ചിയുടെ കവിത, വിനയന്റെ കവിത, കുട്ടികള്‍ അവതരിപ്പിച്ച ഒന്നുരണ്ടു പാട്ടുകള്‍ തുടങ്ങിയവയായിരുന്നു പ്രധാനം.

മീറ്റില്‍ സംബന്ധിച്ച എല്ലാവരും ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന ചടങ്ങാണ് പിന്നീട് നടന്നത്. വലിയൊരു ഗ്രൂപ്പ് ഫോട്ടോ.. ഈ പോസ്റ്റിന്റെ ഏറ്റവും മുകളില്‍ അതുണ്ട്. ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം. തുടര്‍ന്ന് ചായ, ബോണ്ട എന്നിവയോടൊപ്പം നന്ദി പ്രകാശിപ്പിക്കുവാനും, ഒരു വാക്ക് സംസാരിക്കുവാനും താല്പര്യമുള്ളവര്‍ക്കുമായി പത്തുമിനിറ്റ്. അതിനുശേഷം, നല്ലൊരു ദിവസത്തിന്റെ ഓര്‍മ്മകളുമായി വന്നവരെല്ലാവരും പിരിഞ്ഞു.

***************

ജൂണ്‍ മാസം ആദ്യം, നാട്ടില്‍ എല്ലാവരും വെക്കേഷനു പോകുമ്പോള്‍ ഒരു മീറ്റ് സംഘടിപ്പിച്ചാലോ എന്ന് ഒരു ആഗ്രഹം എന്റെ മനസ്സില്‍ തോന്നിയപ്പോള്‍ ആദ്യം ഞാനത് ചോദിച്ചത് കിച്ചുച്ചേച്ചിയോടായിരുന്നു. “അപ്പു ഒരു പോസ്റ്റിലൂടെ ഇങ്ങനെയൊരു അഭിപ്രായം ചോദിക്കൂ” എന്ന് ആദ്യം ഉപദേശിച്ചത് കിച്ചുച്ചേച്ചിതന്നെ. തുടര്‍ന്ന് ദുബായ് ബൂലോഗക്ലബ്ബിന്റെ ബ്ലോഗില്‍ ഒരു പോസ്റ്റിലൂടെ ഞാന്‍ ആ ആഗ്രഹം പ്രകടിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത്ഭുതാവഹമായ ഒരു പ്രതികരണമാണ് സഹൃദയരായ ബൂ‍ലോഗരില്‍ നിന്നും ഉണ്ടായത്. നൂറ്റിയന്‍പതിനു മേല്‍ കമന്റുകളിള്‍ ലഭിച്ച ആ പോസ്റ്റില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയത്തില്‍ നിന്നാണ് ഈ ചെറായി മീറ്റിന്റെ തുടക്കം.

വിദേശത്തിരുന്നുകൊണ്ട് ഇങ്ങനെ ഒരു വിപുലമായ മീറ്റ് നാട്ടില്‍ ഓര്‍ഗനൈസ് ചെയ്യുവാന്‍ അസാധ്യമായിരുന്ന അവസരത്തിലാണ് നാട്ടിലുള്ള ഹരീഷ് തൊടുപുഴ അതിനുള്ള സന്മനസ് അറിയിച്ചത്. അദ്ദേഹത്തോടൊപ്പം അനില്‍@ബോഗ്, ലതിച്ചേച്ചി, മണികണ്ഠന്‍, നാ‍ട്ടുകാരന്‍, നിരക്ഷരന്‍, ജോഹര്‍ എന്നിവര്‍ ഒത്തുചേര്‍ന്നപ്പോള്‍ മീറ്റിന്റെ സംഘാടനം വളരെ എളുപ്പമായി തീരുന്നു എന്നതാണ് സത്യം. ഇതില്‍ ഞാനും നിരക്ഷരനും ഒഴികെ ബാക്കിയെല്ലാവരും നാട്ടിലുള്ളവര്‍. ഞങ്ങളെല്ലാവരും ഗ്രൂപ്പ് മെയിലുകളിലൂടെ ഓരോ ദിവസവും ഈ മീറ്റിനുവേണ്ട ഒരുക്കങ്ങള്‍ വളരെ വിശദമായി ചര്‍ച്ച ചെയ്യുകയും വേണ്ട തയ്യാറെടുപ്പുകള്‍ ഒന്നരമാസത്തോളം നടത്തുകയും ചെയ്തിട്ടുണ്ട് - അതെല്ലാം ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ചില്ലെങ്കിലും.

ഇങ്ങനെയൊരു മീറ്റിനെപ്പറ്റി ആലോചന തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ഇതിനെതിരായും, പരിഹസിച്ചുകൊണ്ടും, കുത്തിത്തിരുപ്പുകള്‍ ഉണ്ടാക്കാനായും പലരും ശ്രമിച്ചിട്ടുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ഇതൊരു “അലമ്പായി അവസാനിക്കുമോ” എന്ന് ചിലപ്പോഴൊക്കെ ഞാനും സംശയിച്ചിരുന്നു. കേരളത്തില്‍ വച്ച് ഒരു മീറ്റ് നടത്തുവാന്‍ ഇത്രയൊക്കെ പങ്കപ്പാടുകളോ എന്ന് സംശയിച്ചിട്ടുമുണ്ട്. ആ അവസരങ്ങളിലൊക്കെയും യാതൊരു പ്രശ്നവുമില്ലെന്നും, ഓലപാമ്പുകളെകണ്ട് സംഘാടകര്‍ മറുപടി പറയുവാന്‍ പോകേണ്ട ആവശ്യമില്ലെന്നും ഈ സുഹൃത്തുക്കള്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം എന്തുകൊണ്ടും അവസരോചിതമായി എന്ന് ഇപ്പോള്‍ ശരിക്കും മനസ്സിലാകുന്നു. മൌനം വിദ്വാനു ഭൂഷണം! എങ്കില്‍ക്കൂടി, ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെയും, ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെയും ഗൌരവപൂര്‍വ്വം കണക്കിലെടുക്കുകയും, അതിനാവശ്യമായ Precautionary measures എടുക്കുകയും ചെയ്തിരുന്നു.


സാഹചര്യങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ച ഒരു മീറ്റായിരുന്നു ഇതെന്ന് നിസ്സംശയം പറയാം. അതിനായി വളരെയധികം ഉത്സാഹിച്ച അനില്‍ മാഷിനും, ഹരീഷിനും, ജോയ്ക്കും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തട്ടെ. ലതിച്ചേച്ചിയും, സുഭാഷേട്ടനും, മണികണ്ഠനും തങ്ങളുടെ നാട്ടില്‍ വച്ച് നടത്തപ്പെട്ട ഈ മീറ്റിനെ സ്വന്തം വീട്ടില്‍ വച്ച് നടത്തപ്പെടുന്ന ഒരു പരിപാടിപോലെ കണ്ട് വളരെ ശ്രദ്ധ ഈ മീറ്റിനു നല്‍കിയിരുന്നു. അവരോടും ഉള്ള നന്ദി വാക്കുകള്‍ക്കപ്പുറമാണ്.

ഈ മീറ്റിനുവേണ്ടി ഒഫീഷ്യല്‍ പബ്ലിക് റിലേഷന്‍സ് ചെയ്തത് ജോ ആണ് . ബാനറുകളും ഫ്ലക്സുകളും പ്രിന്റ് ചെയ്തതും, വീഡിയോ റിക്കോര്‍ഡിംഗ് ചെയ്തതും, റജിസ്ട്രേഷന്‍ ഫോമുകള്‍ മറ്റു ബോര്‍ഡുകള്‍ തുടങ്ങിയവ പ്രിന്റ് ചെയ്തതും, പത്രങ്ങള്‍ക്കായുള്ള ചെറിയ അറിയിപ്പ് കൊടുത്തതും ജോ ആയിരുന്നു - പരസ്പരാലോചനക്കു ശേഷം തന്നെ. പ്രിന്റിംഗ്, ഫ്ലക്സ്, കോമണ്‍ റൂമുകള്‍, വീഡിയോ തുടങ്ങിയവയുടെ ചെലവുകള്‍ സ്പോണ്‍സര്‍ ചെയ്തത് നിരക്ഷരനും ജോയും ആയിരുന്നു.

“മീറ്റ് മീറ്റ്” എന്നു പറയാനും അങ്ങനെ ഒരാശയം മുമ്പോട്ട് വയ്ക്കുമ്പോള്‍ അതിനെ പരിഹസിക്കാനും, വിമര്‍ശിക്കാനും, അതിനു പാരയായി തീരുന്ന രീതിയില്‍ പോസ്റ്റുകളും കമന്റുകളും എഴുതി ബൂലോകര്‍ക്കിടയില്‍ തെറ്റിദ്ധാരണകളുണ്ടാക്കുവാനും വളരെ എളുപ്പമാണ് - പ്രത്യേകിച്ചും ബ്ലോഗര്‍ ഐ.ഡി എന്ന പദവി ഉപയോഗിച്ചുകൊണ്ട്. പക്ഷേ അതിലപ്പുറമായി ഒരു മീറ്റ് യാഥാര്‍ത്ഥ്യമാക്കുവാനും വിജയകരമായി ഇത്രയധികം പേരെ സംഘടിപ്പിച്ചുകൊണ്ടു നടത്തുവാനും വേണ്ട ആര്‍ജ്ജവത്വമാണ് സംഘാടകരായ നിങ്ങള്‍ കാണിച്ചത്. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ നിങ്ങള്‍ക്കോരോരുത്തര്‍ക്കും നേരുന്നു.

ഇരുനൂറ്റന്‍പതു രൂപ എന്നത് വളരെ കൂടുതലാണെന്നും അത് താങ്ങാനാകാത്ത ബ്ലോഗര്‍മാരെന്തുചെയ്യുമൊന്നുമൊക്കെ യുള്ള സംശയങ്ങള്‍ ചിലരൊക്കെ ആദ്യകാലത്ത് ഉയര്‍ത്തിയിരുന്നു. ഇന്നലത്തെ മീറ്റ് കാണുമ്പോള്‍ വാഴക്കോടന്‍ പറഞ്ഞ ഒരു വസ്തുത വളരെ സത്യമെന്നു മനസ്സിലാവുന്നു. ഇരുനൂറ്റമ്പതല്ല, ഇരുപത്തയ്യായിരമായാലും ഇതുവഴി ലഭിക്കുന്ന സൌഹൃദം എത്രയോ വിലമതിക്കാനാവാത്തതാണ്. ഈ ചിലവിനേക്കാള്‍ എത്രയോ അധികം വിലമതിക്കത്തക്കതാണ് അവിടെ വന്നുചേരുവാന്‍ ഉത്സാഹിച്ച ഓരോരുത്തരും എടുത്ത efforts ! ഹന്‍ലല്ലത്ത് എന്ന യുവാവ്, മാനന്തവാടിയിലെ പാവപ്പെട്ടവരെ സഹായിക്കുവാനായി ഒരു ചെറിയ സഹായം ചോദിച്ചുകൊണ്ട് ഒരു രസീത് ബുക്കുമായാണ് ചെറായിയിലേക്ക് വന്നത്. അദ്ദേഹം കാണിച്ച ആ ഉത്സാഹത്തിനു മറുപടിയെന്നോണം ഈ മീറ്റില്‍ പങ്കെടുത്ത ഒരുപാടാളുകള്‍ ചേര്‍ന്ന് നല്ലൊരുതുക അദ്ദേഹത്തിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചു എന്നറ്റ് ഈ മീറ്റിന്റെ സൌഹൃദപരമായ മുഖത്തിനപ്പുറം തിളക്കത്തോടെ നില്‍ക്കുന്നു. സംഘാടകരെപ്പോലെതന്നെ അഭിനന്ദനമര്‍ഹിക്കുന്നു അവിടെ വന്നുചേര്‍ന്ന ഓരോരുത്തരും.

ചെറായി മീറ്റില്‍ പങ്കെടുത്ത സദസ് നമ്മുടെ സാമൂഹത്തിന്റെ ഒരു പരിച്ഛേദമായിരുന്നു. ജോലിക്കാര്‍, വിദ്യാര്‍ദ്ധികള്‍, ടെക്നിക്കല്‍ വിദഗദ്ധര്‍, എഞ്ചിനീയര്‍മാര്‍, ഡോക്റ്റര്‍‍മാര്‍, അദ്ധ്യാപകര്‍, കുടുംബിനികള്‍, ബിസിനസുകാര്‍....അങ്ങനെ നാനാതുറകളില്‍ നിന്നും വന്നവര്‍. ഇങ്ങനെ ഒരു വലിയ ജനവിഭാഗത്തെ സംഘടിപ്പിച്ചുകൊണ്ട് നടത്തപ്പെട്ട ഈ മീറ്റ് ഇനിയുമിനിയും വരുവാനുള്ള അനവധി സൌഹൃദസംഗമങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗദീ‍പമാകട്ടെ എന്നാശംസിക്കുന്നു.






ചിത്രങ്ങള്‍:

ഈ മീറ്റില്‍ ഞാന്‍ ഒരു ഈവന്റ് ഫോട്ടോഗ്രാഫിക്കായി തുനിഞ്ഞില്ല എന്നതാണ് സത്യം. ക്യാമറ ഒരിടത്തു വച്ച് പരമാവധിസമയം അവിടെ വന്നവരെ പരിചയപ്പെടുവാനും സംസാരിക്കുവാനും കണ്ടെത്തണം എന്ന് ആദ്യമേ തീരുമാനിച്ചാണ് അങ്ങോട്ട് പോയത്. ഇവിടെ കൊടുക്കുന്ന ഫോട്ടോകള്‍ കൈയ്യില്‍കിട്ടിയവരുടെയൊപ്പം നിന്ന് വിനയനെക്കൊണ്ട് എന്റെ ക്യാമറയില്‍ എടുപ്പിച്ചതാണ്. അതിനാല്‍ മിക്കവാറും ഫോട്ടോകളില്‍ ഞാനും ഉണ്ട്! പിക്കാസ വെബ് ആല്‍ബത്തിലേക്കുള്ള ലിങ്ക് ഇവിടെ .

മറ്റൊരു മുന്‍‌കൂര്‍ ജാമ്യം : മീറ്റില്‍ പങ്കെടുത്ത എല്ലാവരുടെയും ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ ഇല്ല. വിശദമായി ഹരീഷ് തൊടുപുഴ അവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക് ഇവിടെ.

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP